കുരിശു നീട്ടി പിടിച്ചു കൊണ്ടു നിൽക്കുന്നവനെ ടോമിച്ചൻ സൂക്ഷിച്ചു നോക്കി.
“ഈ വെള്ള പിശാചുകൾ ഒക്കെ ഏതാ ആന്റണിച്ച “
ടോമിച്ചൻ തലതിരിച്ചു ആന്റണിയെ നോക്കി.
“ആ കുരിശും പിടിച്ചു കൊണ്ടു നിൽക്കുന്നവനാ ടോമിച്ചാ സജോ പാസ്റ്റർ. തങ്കൻ പാസ്റ്ററിന്റെ വലം കൈ.കൂടെ ഉള്ളവർ അവന്റെ പ്രാർത്ഥനക്കു ബാധകേറി തുള്ളുന്നവരുമായിരിക്കും.എന്തായാലും ബൈബിൾ പിടിക്കുന്ന കൈകളിലാ കോടാലിയും വടിവാളും ഇരിക്കുന്നത്. ഇതിൽ നിന്നു തന്നെ ഇവന്മാർ ഗജഫ്രോട് ആണെന്ന് മനസ്സിലായില്ലേ. വീടുകളിൽ തലയ്ക്കു വെളിവില്ലാതെ, തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറി ഇരിക്കുന്ന സ്ത്രികളെ പറ്റിക്കുക, വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചു മട്ടനും ചിക്കനും പോർക്കും അടിച്ച് കേറ്റി നടക്കുക എന്നതാണ് ഇവന്മാരുടെ പ്രധാനലക്ഷ്യം.ഇറച്ചിയും മീനും കൂട്ടി ഒരു ദിവസം തിന്നാൻ കിട്ടിയില്ലെങ്കിൽ ഇവന്മാർ കർത്താവ് തമ്പുരാനെ വരെ പിടിച്ചു തിന്നു കളയും, അത് കൊണ്ടു കർത്താവിനു പോലും പേടിയാ ഇവന്മാരെ “
ആന്റണി അവരെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.
“ഓഹോ, ഇവന്മാർ ഇപ്പോ നമ്മടെ വണ്ടിയുടെ മുൻപിൽ കേറി നിൽക്കുന്നതിന്റെ ഉദ്ദേശം എന്താ.നമ്മൾ പ്രാർത്ഥനക്കു പോകാത്തത് കൊണ്ടു പിടിച്ചുകൊണ്ടു പോകുവാൻ വന്നതാണോ.”
ഡേവിഡ് ടോമിച്ചനെ നോക്കി.
അപ്പോഴേക്കും ജീപ്പിനു മുൻപിൽ മഴയത്തു കുരിശും പിടിച്ചു നിന്നവൻ മുൻപോട്ടു വന്നു.
“മക്കളെ വണ്ടിയിൽ നിന്നും പുറത്തോട്ടിറങ്ങി വാടാ അതിനകത്തു തന്നെ ഇരിക്കാതെ. ഒന്ന് പരിചയപ്പെട്ടിട്ടു പോകാം “
ക്ലീൻ ഷേവ് ചെയ്ത അയാൾ ജീപ്പിന് നേരെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ടു അട്ടഹസിച്ചു.
“അവന്മാർ രണ്ടും കൽപ്പിച്ചാ. ആ തങ്കൻ പാസ്റ്റർ പറഞ്ഞു വിട്ടതായിരിക്കും. ഇവനെ പിടിച്ചാൽ ആ തങ്കൻ എവിടെ ഉണ്ടെന്ന് ചിലപ്പോ അറിയാൻ പറ്റും “
ആന്റണി ടോമിച്ചനോട് പറഞ്ഞു.
“എന്നാൽ ഒരു കാര്യം ചെയ്യ്,അവന്മാർ നമ്മളെ ക്ഷണിച്ചതല്ലേ. ചെന്നു ഒപ്പീസ് ചൊല്ലിയിട്ട് പോകാം. അവന്മാർക്ക് ഒരു സമാധാനവും നമുക്ക് കുറച്ച് സന്തോഷവും കിട്ടും. വണ്ടിയെൽ കിടക്കുന്ന ജാക്കി ലീവറും കമ്പിവടിയും എടുത്തോണ്ടിറങ്ങിക്കോ?”
പറഞ്ഞിട്ട് ടോമിച്ചൻ ജീപ്പിൽ നിന്നും പുറത്തെ മഴയത്തേക്ക് ഇറങ്ങി.ജീപ്പിന്റെ പുറകിൽ നിന്നും ആന്റണിയും പുറത്തേക്കിറങ്ങി സീറ്റിന്റെ അടിയിൽ കിടന്ന കമ്പി വടി വലിച്ചെടുത്തു ടോമിച്ചന്റെ അടുത്തേക്ക് ചെന്നു. ഡേവിഡ് ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജാക്കി ലിവർ എടുത്തു കയ്യിൽ പിടിച്ചു.
ടോമിച്ചൻ മുൻപിൽ നിൽക്കുന്ന സജോ പാസ്റ്ററെ നോക്കി.
“എന്താ പാസ്റ്ററെ പ്രശ്നം. ഞങ്ങളെ പ്രാർത്ഥനക്കു കൊണ്ടുപോകാൻ വന്നതാണോ? ആണെങ്കിൽ ഒരു കുഴപ്പമുണ്ട്.ഞങ്ങക്കാർക്കും പ്രാർത്ഥനക്കു വരുന്ന സ്ത്രികളുടെ ഭൂമിശാസ്ത്രവും ഭൗതികശാസ്ത്രവും ഒന്നും പ്രവചിക്കാനുള്ള കഴിവില്ല. മാത്രമല്ല ഇവരുടെ ഓക്കെ വീടെവിടെ, വീടിനെത്ര മുറിയുണ്ട്, അതിനകത്തു എത്ര കസേരയുണ്ട്, വീട്ടിൽ എത്രപേരുണ്ട്, അവരുടെ പേരും നാളുമടക്കമുള്ള ജാതകം,ഇതൊന്നും കണ്ണടച്ചു ദീർഘാദൃഷ്ടിയിൽ പറയാനുള്ള കഴിവ് ഒട്ടുമില്ല. പിന്നെ ഈ പാവങ്ങളെ ഈ രാത്രിയിൽ വെള്ളവസ്ത്രങ്ങളും ഇട്ടു പ്രേതങ്ങളെ പോലെ വന്നു തടഞ്ഞു നിർത്തി പേടിപ്പിച്ചിട്ടു വല്ല കാര്യവും ഉണ്ടോ ഉവ്വേ. അതുകൊണ്ട് വണ്ടി മാറ്റിയാൽ ഞങ്ങൾക്കങ്ങു പോകാമായിരുന്നു.”
ടോമിച്ചൻ തലയിലൂടെ മുഖത്തേക്ക് ഒഴുകി ഇറങ്ങുന്ന മഴവെള്ളം കൈകൊണ്ടു തുടച്ചു കളഞ്ഞു കൊണ്ടു പറഞ്ഞു.
“അങ്ങനെ അങ്ങ് പോയാലോ ടോമിച്ചാ, ഞങ്ങള് നടത്തികൊണ്ടിരുന്ന മാർഗ്ഗവിരുന്നു നീ അലങ്കോലമാക്കി. ഇപ്പൊ ഞങ്ങൾക്ക് ജീവിക്കാൻ വേറെ മാർഗമില്ലാതെ നടക്കുവാ..സ്യുട്ടും കോട്ടും ഇട്ടോണ്ട് നടന്നു സുഖിച്ചിട്ടു പെട്ടന്ന് കൂലിപ്പണിക്ക് പോകാൻ പറഞ്ഞാൽ പറ്റുമോ. അപ്പോ ഞങ്ങളെ പെരുവഴിയിലാക്കാൻ നോക്കിയ നിന്നെ അങ്ങനെ അങ്ങ് വെറുതെ വിടാൻ പറ്റുമോ? അല്ലേടാ മക്കളെ “
പുറകിൽ നിൽക്കുന്നവരെ നോക്കി ചിരിച്ചു കൊണ്ടു ടോമിച്ചനെ നോക്കി.
“അപ്പോ അതാണ് കാര്യം “പറഞ്ഞിട്ട് ടോമിച്ചൻ കൈകൾ തമ്മിൽ കൂട്ടി തിരുമി.
“അതായത് നിനക്കൊക്കെ ഇപ്പോൾ പാവപെട്ട വിശ്വാസികളെ പറ്റിച്ചു തിന്നു സുഖിക്കാൻ പറ്റുന്നില്ല അല്ലെ. ഇറച്ചിയും മീനും കൂട്ടി അണ്ണാക്കിലോട്ട് തള്ളി കേറ്റാൻ പറ്റുന്നില്ല അല്ലേ പാസ്റ്ററെ.. അതിന്റെ ചൊരുക്ക് ഇങ്ങോട്ട് തീർക്കാൻ വന്നതാണോ ഈ മീശ വടിച്ചു പെൺവേഷം കെട്ടി നടക്കുന്നവന്മാരെയും കൊണ്ടു. ഇങ്ങോട്ട് വന്നത് നന്നായി. അല്ലെങ്കിൽ അങ്ങോട്ട് വരേണ്ടി വന്നേനെ “
ടോമിച്ചൻ പറഞ്ഞു തീർന്നതും സജോയുടെ പുറകിൽ നിന്ന ഒരുത്തൻ വടിവാളുമായി ടോമിച്ചന് നേരെ പാഞ്ഞു വന്നു. വീശിയ വടിവാളിൽ നിന്നും ടോമിച്ചൻ ഒഴിഞ്ഞു മാറിയതും പുറകിൽ നിന്ന ആന്റണി കമ്പി വടിക്ക് വടിവാള് വീശികേറിവന്നവന്റെ മുഖമടച്ചു ആഞ്ഞൊരടി!!ആ ഒരടിക്കു തന്നെ അവൻ നിലത്തേക്കിരുന്നു പോയി. അവന്റെ തല പൊട്ടി ചോര മഴത്തുള്ളികൾക്കൊപ്പം റോഡിലേക്ക് ഒഴുകി.സജോ പാസ്റ്റർ ടോമിച്ചന് നേരെ ഇടുപ്പിൽ നിന്നും കത്തിയും ഊരി കൊണ്ടു തിരിഞ്ഞു. അപ്പോഴേക്കും സജോയുടെ മൂക്കിന് ടോമിച്ചന്റെ ഇടി വീണു. ഇടികൊണ്ട് താഴേക്കു നിലവിളിച്ചു കൊണ്ടു കുനിഞ്ഞു പോയ സജോയുടെ മുതുകിൽ ടോമിച്ചൻ കൈമുട്ടു മടക്കി ഇടിച്ചു, കഴുത്തിൽ പിടിച്ചു കറക്കി തിരിച്ചു നാഭിക്കു ചവുട്ടി നിലതിരുത്തി മുഖം പിടിച്ചു ടാറിട്ട റോഡിൽ ഉരച്ചു. മുഖത്തെ തൊലി അടർന്നു പോയ പാസ്റ്റർ അലറി കരഞ്ഞു. ആ സമയം സജോയുടെ കൂടെ വന്ന പാസ്റ്റർമാരുമായി ആന്റണിയും ഡേവിഡും പൊരിഞ്ഞ അടിയിലായിരുന്നു.ആന്റണി ഒരു പാസ്റ്ററെ കമ്പിവടിക്ക് അടിച്ച് മടക്കി കുത്തിപ്പൊക്കി എടുത്തെറിഞ്ഞു. അയാൾ അവർ വന്ന വാനിന്റെ മുൻപിലെ കണ്ണാടി തകർത്തു ഉള്ളിലേക്ക് തലകുത്തി വീണു. ഡേവിഡും മറ്റൊരു പാസ്റ്ററും തമ്മിൽനടന്ന പൊരിഞ്ഞ സംഘട്ടനത്തിനോടുവിൽ ജാക്കിലിവറിനടിച്ചു ഡേവിഡ് അവനെ നിലത്തിട്ടു.
“ഡേവിടേ ഇവനെ ഒന്ന് നോക്കിക്കോ “
നിലത്തു കിടക്കുന്ന സജോ പാസ്റ്ററെ ചൂണ്ടി ഡേവിഡിനോട് പറഞ്ഞിട്ട് ടോമിച്ചൻ ആന്റണിയുടെ അടുത്തേക്ക് പാഞ്ഞു. രണ്ട് പാസ്റ്റർ മാർ ആന്റണിയെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. മൂന്നാമതൊരുവൻ ഉയർത്തി പിടിച്ച കത്തിയുമായി ആന്റണിയെ കുത്താൻ തുടങ്ങിയതും അവന്റെ താടിയെല്ല് തകർത്തു കൊണ്ടു കമ്പിവടിക്ക് ടോമിച്ചന്റെ അടി വീണതും ഒരുപോലെ ആയിരുന്നു. അതേ നിമിഷം തന്നെ പിടിച്ചിരുന്ന ഒരുത്തന്റെ മുഖത്തു ആന്റണി തലക്കിടിച്ചു. ആന്റണിയുടെ മറുഭാഗത്തു നിന്നവൻ ടോമിച്ചന്റെ ചവിട്ടേറ്റു മുൻപോട്ടു തെറിച്ചു ചെളിവെള്ളത്തിൽ വീണു. തലയിൽ ഇടിയേറ്റ് മരച്ചു നിന്ന പാസ്റ്ററിന്റെ അടിവയറ് നോക്കി ആന്റണി മുട്ടുകാൽ മടക്കി ഒരിടി!!
“അമ്മേ “അവന്റെ തൊണ്ടയിൽ നിന്നും ഒരാർത്തനാദം പുറത്തേക്കു തെറിച്ചു.
“ദേഹമനങ്ങാതെ സ്ത്രോത്രം പറഞ്ഞു ആളുകളെ പറ്റിച്ചു തിന്നു ചീർത്ത നിന്റെ ഈ പ്ലിന്തം തടിയുമായി ഞങ്ങക്കിട്ട് പണിയാൻ വരുന്നോടാ %₹#മോനെ..”
പറഞ്ഞിട്ടു താഴേക്കു കുനിഞ്ഞിരുന്ന അവനെ പൊക്കി എടുത്തു വാനിലേക്ക് ചാരി.വായുവിൽ കുതിച്ചു പൊങ്ങി ടോമിച്ചനെ ചവൂട്ടിയ ഒരു പാസ്റ്ററിന്റെ കാലിൽ പിടിച്ചു ടോമിച്ചൻ വായുവിൽ വച്ചു കറക്കി അയാളെ വാനിൽ ആഞ്ഞടിച്ചു. അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു.അവന്റെ കാലിൽ നിന്നും പിടിവിട്ടു ടോമിച്ചൻ കാലുമടക്കി ഒരു തൊഴിയും കൊടുത്തു.തൊഴിയേറ്റ് തെറിച്ചു പോയ അയാൾ വാനിന്റെ ഹെഡ്ലൈറ്റ് തകർത്തു കൊണ്ടു മഴവെള്ളത്തിലേക്കു വീണു ഞരങ്ങി.
“ആന്റണിച്ച, ഇനി ഏതവനെങ്കിലും ബാക്കി ഉണ്ടോ? കൂദാശ കൊടുത്തു വിടാൻ.”ചോദിച്ചിട്ട് ടോമിച്ചൻ ചുറ്റും നോക്കി. വാഹനങ്ങളിൽ വഴിയിൽ കൂടി പോയവർ വാഹനങ്ങൾ നിർത്തി നോക്കുനുണ്ട്.
“വന്നവന്മാരെല്ലാം നിലംപരിശായി. അവന്റെയൊക്കെ മറ്റവടത്തെ കൈകൊട്ടി പ്രാർത്ഥനയും വെട്ടി വീഴുങ്ങലും.”
ആന്റണി പറഞ്ഞിട്ട് തലയിൽ കെട്ടിയിരുന്ന തുണി അഴിച്ചു പിഴിഞ്ഞ് മുഖം തുടച്ചു.
ടോമിച്ചൻ,ഡേവിഡ് ജീപ്പിൽ ചാരി നിർത്തിയിരുന്ന സജോ പാസ്റ്ററിന്റെ അടുത്തേക്ക് ചെന്നു.കൂടെ ആന്റണിയും.
“പുല ₹#@മോനെ വഴിയിൽ തടഞ്ഞു നിർത്തി പ്രാർത്ഥന വിരുന്നു നടത്തുന്നോടാ.”
പറഞ്ഞു കൊണ്ടു ടോമിച്ചൻ കാലുപൊക്കി സജോ പാസ്റ്ററിന്റെ നെഞ്ചത്ത് ഒരു ചവിട്ട്. കാല് അവന്റെ നെഞ്ചത്ത് വച്ചുകൊണ്ട് ടോമിച്ചൻ മുഖത്തേക്ക് നോക്കി. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അവന്റെ കണ്ണുകളിൽ ഭയം തേരട്ടപോലെ ഇഴയുന്നത് ടോമിച്ചൻ കണ്ടു.
“ആര് പറഞ്ഞിട്ടാടാ ഞങ്ങളെ തല്ലാൻ വന്നത്. പറഞ്ഞില്ലെങ്കിൽ നിന്റെ കൊരവള്ളി ഇന്ന് ഞാൻ പൊട്ടിക്കും “
ടോമിച്ചൻ മുരണ്ടു.
ചോരഒലിച്ചിറങ്ങുന്ന മുഖത്തോടെ സജോ ദയനീയമായി ടോമിച്ചനെ നോക്കി.
“തങ്കൻ പാസ്റ്റർ പറഞ്ഞിട്ട. നിങ്ങളെ തീർത്തുകളയാൻ വിളിച്ചു പറഞ്ഞു. കാശെറിഞ്ഞു കേസ് വന്നാൽ ഒതുക്കിക്കൊള്ളാം എന്ന് ഉറപ്പും തന്നു “
പറഞ്ഞതും സജോയുടെ മുഖം കുഴഞ്ഞു താഴേക്കു കുനിഞ്ഞു.
“എവിടുന്നാടാ ആ തങ്കൻ മോൻ നിന്നെ വിളിച്ചത്? എടുക്കടാ അയാൾ വിളിച്ച ഫോൺ നമ്പർ “
സജോയുടെ മുടിക്ക് കുത്തി പിടിച്ചു തല ഉയർത്തി ആന്റണി അലറി.
“എനിക്കറിയത്തില്ല. നെറ്റ് കാൾ ആണ് വിളിച്ചിരിക്കുന്നത്.എന്നെ ഒന്നും ചെയ്യരുത്. ചത്തുപോകും “
സജോ അടഞ്ഞു പോകുന്ന കണ്ണുകൾ ആയസപ്പെട്ടു തുറന്നു ആന്റണിയെ നോക്കി.
“എവിടെ ആടാ അവൻ ഒളിഞ്ഞിരിക്കുന്നത്. അവന്റെ അടുത്ത ഉടായിപ്പ് പ്രാർത്ഥന എവിടെയ.”
ടോമിച്ചൻ അവന്റെ നെഞ്ചത്ത് വച്ച കാൽ എടുത്തു.
“ഒന്നും പറഞ്ഞില്ല ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാം എന്ന് പറഞ്ഞു. ചിലപ്പോൾ ഇസ്രയേലിലേക്ക് പോകും എന്നും പറഞ്ഞു.ഇതിൽ കൂടുതൽ ഒന്നും അറിയത്തില്ല “
ആന്റണി മുടിയിൽ നിന്നും പിടി വിട്ടതും സജോ കുഴഞ്ഞു റോഡിലേക്ക് വീണു.
“ആന്റണിച്ച, ഇവന്മാരെ നാരായണൻ സാറിന് കൊടുത്തേക്കാം. ഒരു രാത്രി കൊണ്ടു അയാൾക്ക് ഒരു പ്രൊമോഷൻ കിട്ടാൻ സാധ്യത ഉണ്ട്. രാജേഷിനെയും വിളിച്ചേക്കു. ഇവന്മാരെ നിരത്തി നിർത്തി ഒരു ഫോട്ടോ കൂടി ചാനലിലേക്ക് കൊടുത്തേക്കാൻ പറ “
ടോമിച്ചൻ പറഞ്ഞതും ആന്റണി ഫോൺ വിളിച്ചു എ എസ് ഐ നാരായണനെയും രാജേഷിനെയും വിളിച്ചു അറിയിച്ചു. അരമണിക്കൂറിനുള്ളിൽ പോലിസ് എത്തി സജോ അടക്കമുള്ള പാസ്റ്റർമാരെ കസ്റ്റഡിയിൽ എടുത്തു. രാജേഷും എത്തി അതിന്റെ വീഡിയോ പകർത്തി.
“നാരായണൻ സാറെ, ഒരു രാത്രി കൊണ്ടാ ഹുസൈൻ കൊലപാതകത്തിൽ പങ്കുള്ള ഇവന്മാരെയെല്ലാം നിങ്ങൾ കസ്റ്റഡിയിൽ എടുത്തത്..എന്റെ അഭിനന്ദനങ്ങൾ
. ഹുസൈൻ കേസും തെളിയാതെ കിടക്കുന്ന കേസുകളും കുറച്ച് ഇവന്മാരുടെ തലയിലോട്ടു കെട്ടി വയ്ക്ക്. തിന്നു കൊഴുത്തിരിക്കുന്ന ഇവന്മാരുടെ ദേഹത്തുനിന്ന് കുറച്ച് കൊഴപ്പ് അലിഞ്ഞു പോകട്ടെ “
ടോമിച്ചൻ ചിരിച്ചു കൊണ്ടു എ എസ് ഐ നാരായണനോട് പറഞ്ഞു.
“ടോമിച്ചൻ, നീ എന്നെ ഉടനെ ഒരു എസ് ഐ എങ്കിലും ആക്കുമോ? അങ്ങനെ ആയിട്ടു വേണം എനിക്ക് റിട്ടർമെന്റ്ആകാൻ “
പറഞ്ഞിട്ട് നാരായണൻ ജീപ്പിൽ കയറി.
“നമുക്ക് നോക്കാം സാറെ. ഭാഗ്യമുണ്ടെങ്കിൽ ഈ കേസ് കഴിയുമ്പോൾ സാറ് എസ് ഐ ആണ്. ഉറപ്പിച്ചോ “
ടോമിച്ചന്റെ വാക്ക് കേട്ടു നാരായണൻ ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു.പോലിസ് ജീപ്പ് മുൻപോട്ടു പോയി.
“എനിക്കിനി പോകാമല്ലോ? വേറെ എന്തെങ്കിലും ഉണ്ടോ “?
ചാനെലുകാരൻ രാജേഷ് ടോമിച്ചനെ നോക്കി.
“ഇന്നത്തെ തീർന്നു. രണ്ട് ദിവസമായി വാർത്ത ഉണ്ടാക്കി തരുന്നതിനു ഞങ്ങൾക്ക് ചെലവ് ചെയ്യണം കേട്ടോ രാജേഷേ “
ഡേവിഡ് തമാശയായി പറഞ്ഞു.
“അതിനെന്താ, രണ്ട് ദിവസമായി ചാനലിനു നല്ല റേറ്റിംഗ് ആ. ചെലവ് എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി.പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ തന്നെ വിളിച്ചു പറഞ്ഞേക്കണം.മറന്നേക്കരുത് “
രാജേഷ് ബൈക്കിൽ കയറി പോയി.
“ടോമിച്ചാ കേറ് പോയേക്കാം.”
പറഞ്ഞിട്ട് കയ്യിലിരുന്ന കമ്പിവടി എടുത്തു ജീപ്പിന്റെ പുറകിൽ ഇട്ടു കയറി. കയ്യിലിരുന്ന തോർത്തുകൊണ്ട് ദേഹത്തെ വെള്ളം തുടച്ചു കളഞ്ഞു.
ടോമിച്ചൻ തലയിലെ വെള്ളം തട്ടികളഞ്ഞു ജീപ്പിൽ കയറിയപ്പോൾ ഡേവിഡ് ജീപ്പ് സ്റ്റാർട്ട് ചെയ്തിരുന്നു.
രഹസ്യസങ്കേതത്തിൽ കൊണ്ടു ചെന്നു ജീപ്പ് നിർത്തി ടോമിച്ചൻ ഇറങ്ങി ഒരു ബീഡിക്കു തീ കൊളുത്തി.
“ആ തങ്കൻ പാസ്റ്ററെ കുറിച്ച് എന്തെങ്കിലും അറിവ് കിട്ടുമെന്ന പ്രതിക്ഷ ആയിരുന്നു പോയപ്പോൾ. ഇപ്പൊ അതും പോയി. ആ കള്ളപ്പാസ്റ്ററെ കിട്ടിയാലേ ഇതിനൊരു പരിഹാരം കണ്ടെത്താൻ പറ്റൂ. ഒളിച്ചിരിക്കുന്നവൻ പുറത്ത് വരൂ “
ടോമിച്ചൻ പുക ഊതിവിട്ടുകൊണ്ട് ഡേവിഡിനെയും ആന്റണിയെയും നോക്കി.
“നീ പേടിക്കണ്ട ടോമിച്ചാ. ഒളിച്ചിരുന്ന് പണിയാൻ നോക്കുന്ന അവനേതു പുല്ലനാണെങ്കിലും നമ്മൾ അവരെ പൊക്കിയിരിക്കും. നീ ധൈര്യമായിരുന്നോ “
ആന്റണി തോളിൽ കിടന്ന തോർത്തെടുത്തു പിഴിഞ്ഞ് വെള്ളം കളഞ്ഞിട്ടു കുടഞ്ഞു ദേഹത്തിട്ടു.
“എന്ന നിങ്ങള് വിട്ടോ സമയം ഒരുമണി ആയി. ഒന്ന് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു നേരം അങ്ങ് വെളുക്കും.”
ആന്റണി ടോമിച്ഛനോടും ഡേവിഡിനോടും ആയി പറഞ്ഞു.
“ആന്റണിച്ച നാളെ ഒരു പത്തുമണി ആകുമ്പോൾ ഒരുങ്ങി നിന്നോ. എന്റെ വീട്ടിലേക്കു വരണം. ഒരത്യാവശ്യമുണ്ട് “
ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണി ചോദ്യഭാവത്തിൽ ആന്റണിയെ നോക്കി.
“എന്താ ടോമിച്ചാ എന്തെങ്കിലും പ്രശ്നം ഉണ്ടോ “
ആന്റണിയുടെ ആശങ്ക നിറഞ്ഞ ചോദ്യം കേട്ടു ടോമിച്ചൻ ഇല്ലെന്ന് തല കുലുക്കി.
“പ്രശ്നം ഒന്നുമില്ല, ആന്റണിച്ചന്റെ സങ്കടം മാറ്റാൻ ഒരു കൂടികഴ്ച. അതൊരു….”
അത്രയും പറഞ്ഞിട്ട് ഡേവിഡിനെ നോക്കി.
“അതിന് എന്താ പറയുന്നത് ഡേവിടേ “
ചോദ്യരൂപേണ ടോമിച്ചൻ ഡേവിഡിനെ നോക്കി.
“സസ്പ്രൈസ് ” ഡേവിഡ് പറഞ്ഞു.
“ങ്ങാ ആന്റണിച്ച, അതൊരു സസ്പ്രൈസ് ആയിക്കോട്ടെ. നിങ്ങള് വാ. എന്നും കുന്നും സങ്കടപ്പെട്ടും പരാതി പറഞ്ഞും ജീവിക്കാമെന്നു നമ്മളാർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ? ഇല്ലല്ലോ? പ്രശ്നങ്ങൾക്കിടയിലും നമുക്ക് സന്തോഷിക്കേണ്ട ആന്റണിച്ച, അല്ലെ ഡേവിടേ. അപ്പോ പറഞ്ഞപോലെ നാളെ. ഞങ്ങൾ പോയേക്കുവാ “
പറഞ്ഞിട്ട് ഡേവിഡ്മായി പോയി ടോമിച്ചൻ ജീപ്പിൽ കയറി.
ജീപ്പ് കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നിട്ട് ആന്റണി കെട്ടിടത്തിനുള്ളിലേക്ക് കയറി കതകടച്ചു.
“ഡേവിടേ, നാളെ മുതൽ ആന്റണിച്ചനെ നീ വേറൊരു രീതിയിൽ കാണേണ്ടി വരും. പണ്ടൊരു വാടകഗുണ്ടാ ആയിരുന്നു. അതിലിപ്പോൾ കുറ്റബോധത്താൽ നീറുന്ന മനസ്സുമായി ഒരു പാവം മനുഷ്യനായി, എനിക്ക് വേണ്ടി ചാകാൻ പോലും തയ്യറായി നടക്കുകയാണയാൾ. അയാളുടെ ചിന്തയിലിപ്പോൾ ഭാര്യയും മക്കളും അവരുമൊത്തുള്ള ജീവിതവുമേ ഉള്ളു.അതുകൊണ്ട് ഇനിയങ്ങോട്ട് അവർക്കൊരു താങ്ങും തണലുമായി നീയും ഉണ്ടാകണം. ഇനി ഒരു സങ്കടകടലിൽ അവരാരും കൈകലിട്ടടിക്കരുത്.”
പോകുന്നവഴിക്കു ജീപ്പൊടിച്ചു കൊണ്ടിരിക്കുന്ന ഡേവിഡിനോട് ടോമിച്ചൻ പറഞ്ഞു.
“ഇല്ല, അറിയാവല്ലോ, എനിക്കാകെ ഉള്ളത് ഒരമ്മയാ,അമ്മാവന്റെ വീട്ടില ഇപ്പൊ നിൽക്കുന്നത്. ടോമിച്ചന്റെ കൂടെ വന്നപ്പോഴാ എനിക്കും ഒരു കുടുംബമായി ജീവിക്കണം എന്നൊരാശ ഉണ്ടായത്.നിങ്ങടെ കഥയും പ്രണയവും അതുകഴിഞ്ഞുള്ള ജീവിതവും ഓക്കെ കേട്ടും കണ്ടും അറിഞ്ഞപ്പോൾ നല്ലൊരു പെൺകുട്ടിയെ കെട്ടി, അമ്മച്ചിയെ വിളിച്ചുകൊണ്ടു വന്നു ഒരു കുടുംബം ഉണ്ടാക്കണം എന്ന് അതിയായ ആശ ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോള ആന്റണിച്ചന്റെ കുടുംബത്തെ പരിചയപ്പെടാൻ പറ്റിയതും ലിജിയെ കണ്ടപ്പോൾ എന്റെ ജീവിതത്തിൽ കൂട്ടായി ഇവൾ മതി എന്ന തോന്നൽ ഉണ്ടായതും.”
പറഞ്ഞു കൊണ്ടു ഡേവിഡ് എതിരെ വന്ന വാഹനത്തിന് ലൈറ്റ് ഡിം അടിച്ച് കൊടുത്തു.
“ങ്ങാ എല്ലാം നീ ആഗ്രഹിക്കുന്നത് പോലെ നടക്കും. ലിജിക്ക് ഇഷ്ടക്കുറവൊന്നും ഇല്ലല്ലോ അല്ലെ. വെറുതെ ജെസ്സിയെ കൊണ്ടു ചോദിപ്പിച്ചേക്കാം. ഒരുറപ്പിന്, പെണ്ണുങ്ങളല്ലേ, അവരുടെ മനസ്സുവായിക്കാൻ ആർക്കും പെട്ടന്ന് കഴിയതില്ല. പൂർണ്ണമായും മനസ്സിലാക്കാനും. കാരണം പെണ്ണിന്റെ മനസ്സ് നിഗൂഢതകൾ നിറഞ്ഞ ഒരു കാട് പോലെയാണ്. അവിടെ എന്തൊക്കെയുണ്ട്, എന്തൊക്കെയില്ല എന്നൊന്നും ഉറപ്പിക്കാൻ നമുക്കാകത്തില്ല “
ടോമിച്ചൻ പറഞ്ഞപ്പോൾ ഡേവിഡ് ടോമിച്ചനെ നോക്കി.
“ടോമിച്ചൻ ലോറിഡ്രൈവർ ആയിരുന്നോ അതോ വല്ല സാഹിത്യകാരനും ആയിരുന്നോ? സത്യം അറിയാൻ വേണ്ടി ചോദിച്ചതാ “
ഡേവിഡിന്റെ ചോദ്യത്തിന് ഉത്തരം ഒരു ചിരിയിലൊതുക്കി ടോമിച്ചൻ.
വീടിന് മുൻപിൽ ജീപ്പ് നിർത്തി ഇറങ്ങുമ്പോൾ ടോമിച്ചൻ ഡേവിഡിനെ നോക്കി.
“രാവിലെ അടിവാരത്തു പോയി അവരെ കൂട്ടികൊണ്ട് വാ. അപ്പോഴേക്കും അന്റണിച്ചനെ ഞാൻ കൊണ്ടുവരാം “
ഡേവിഡ് തലയാട്ടി കൊണ്ടു ജീപ്പുമായി മുൻപോട്ടു പോയി.
അപ്പോഴേക്കും ജീപ്പിന്റെ ഒച്ചകേട്ടു വന്നു ജെസ്സി വാതിൽ തുറന്നു.
“നീ ഇതുവരെ ഉറങ്ങിയില്ലായിരുന്നോ “?
ടോമിച്ചൻ അമ്പരപ്പോടെ ജെസ്സിയെ നോക്കി.
“ഭർത്താവ് രാത്രിയിൽ നാടുചുറ്റാൻ പോകുമ്പോൾ ഭാര്യ സമാധാനത്തോടെ എങ്ങനെ ഉറങ്ങും “
നേരിയ ഉറക്കച്ചടവോടെ ജെസ്സി കോട്ടുവാ ഇട്ടുകൊണ്ട് ചോദിച്ചു.
“നന്നായി ഉറങ്ങാത്തതിന്റെ എന്തോ കുഴപ്പമുണ്ട് നിനക്ക്. വാ പോയികിടന്നു ഉറങ്ങാം.”
ടോമിച്ചൻ മുകളിലേക്കു നടന്നു.
“നിങ്ങള് ചെളിവെള്ളത്തിൽ ചാടികളിക്കാൻ പോയതായിരുന്നോ, ദേഹത്ത് മുഴുവൻ ചെളി ആണല്ലോ “?
കതകടച്ചു കുറ്റി ഇട്ടിട്ടു ജെസ്സി പുറകെ ചെന്നു ചോദിച്ചു.
“അതേ, പോയ വഴിക്കു റോഡിനു നടുവിൽ ഒരു തോടുപോലത്തെ കുഴി ഉണ്ടായിരുന്നു. അതിനകത്തു പുല്ലനും കുറുവയും കാരിയും എല്ലാം ചാടി കളിക്കുന്നത് കണ്ടപ്പോൾ പിടിക്കാൻ തോന്നി. എന്താ നിനക്കും പോണോ “?
ടോമിച്ചൻ തിരിഞ്ഞു ജെസ്സിയെ നോക്കി.
“നിങ്ങള് പോയി കുളിച്ചിട്ടു വാ മനുഷ്യ, എനിക്കൊന്നു കിടന്നുറങ്ങണം, നേരം വെളുക്കാൻ ഇനി അധികം സമയമില്ല “
പറഞ്ഞിട്ട് അഴിഞ്ഞു വീണ മുടി എടുത്തു ചുറ്റികെട്ടി വച്ചു ബെഡിൽ ഇരുന്നു.
ടോമിച്ചൻ പെട്ടന്ന് കുളികഴിഞ്ഞു വന്നു നനഞ്ഞ തോർത്ത് കസേരയിൽ വിരിച്ചിട്ടു കണ്ണാടിയുടെ മുൻപിൽ പോയി തലമുടി ചീകിവച്ചു.
“പാതിരാത്രി തലമുടിയും ചീകി സുന്ദരനായി ആരെ കാണാൻ പോകുവാ. ഉറങ്ങാൻ പോകുന്നതിനാണോ ഈ ഒരുക്കം “
ജെസ്സി ടോമിച്ചനെ അത്ഭുതത്തോടെ നോക്കി. പിന്നെ കുറച്ച് സെന്റും എടുത്തു ദേഹത്തടിച്ചു. പിന്നെ ജെസ്സിയെ ഒളിക്കണ്ണിട്ടു നോക്കി.
“നിങ്ങടെ പ്ലാൻ എന്താ? ഉറങ്ങാനോ അതോ എന്നെ ഉറക്കാതിരിക്കാനോ “
ജെസ്സി ചോദിച്ചു കൊണ്ടിരിക്കുമ്പോൾ ടോമിച്ചൻ അടുത്ത് ചെന്നിരുന്നു.
“ഞാൻ നിന്നോട് ഒരു കഥ പറയാം. നാളെ അതിന്റെ ബാക്കി നടക്കാനുള്ളത് കൊണ്ടു അഞ്ചു മിനിറ്റിനുള്ളിൽ പറഞ്ഞു തീർത്തേക്കാം.
“ങ്ങാ പറ, ഇന്നത്തെ ഉറക്കം പോയി, കഥ എങ്കിൽ കഥ. പറഞ്ഞോ “
ജെസ്സി ടോമിച്ചന്റെ ദേഹത്തേക്ക് ചേർന്നിരുന്നു. ഒരു കൈകൊണ്ടു ടോമിച്ചൻ ജെസ്സിയെ കെട്ടിപിടിച്ചു കൊണ്ടു ജയിലിൽ വച്ചു ആന്റണിയെ കണ്ടതുമുതൽ ഇതുവരെ യുള്ള കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജെസ്സി ടോമിച്ചനെ നോക്കി.
“ആ ആന്റണിച്ചന്റെ കുടുംബത്തെ നിങ്ങക്കൊന്നു സഹായിച്ചാലെന്താ? അവർക്കു ഒരുമിച്ചു ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം. ആ പെൺകുട്ടികൾക്ക് നല്ലൊരു ജീവിതവും. അവർക്കൊക്കെ എന്തൊക്കെ ആഗ്രഹങ്ങൾ കാണും. ആരോടും പറയാതെ നിസഹായാവസ്ഥയിൽ മനസ്സിൽ ഇട്ടു കൊണ്ടു നടക്കുന്ന ആഗ്രഹങ്ങൾ. ഞാനൊരു പെണ്ണല്ലേ? അപ്പോൾ സാധാരണ ഒരു പെണ്ണിന്റെ മാനസിക വിചാരങ്ങൾ എനിക്കും അറിയാം. എനിക്ക് ആ അമ്മയെയും മക്കളെയും കാണാൻ കൊതി തോന്നുന്നുണ്ട്. നാളെ തന്നെ ഡേവിഡിനോട് കൊണ്ടുവരാൻ പറ.”
ജെസ്സി പറഞ്ഞപ്പോൾ ടോമിച്ചൻ അവളുടെ കവിളുകളിൽ തലോടി.
“നിന്റെ മനസ്സുപോലെ ആയിരുന്നു എല്ലാ പെണ്ണുങ്ങൾക്കും എങ്കിൽ ഈ ലോകം ഇത്ര ഭംഗി ഉള്ളതായേനെ “
ടോമിച്ചൻ പറഞ്ഞപ്പോൾ ജെസ്സി തലയുയർത്തി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.
“മതി പുകഴ്ത്തിയത്, ബാക്കി നാളെ, അല്ലെങ്കിൽ സ്റ്റോക്ക് തീർന്നുപോകും “
ജെസ്സി പറഞ്ഞു കൊണ്ടു ചിരിച്ചിട്ടു ബെഡിന്റെ സൈഡിൽ കിടന്നു.
“ശരി, കിടന്നേക്കാം.നീയിങ്ങനെ കിടന്നാൽ ഞാനെവിടെ കിടക്കും. അങ്ങോട്ട് നീങ്ങി കിടക്കടി. അല്ലെങ്കിൽ വേണ്ട.”
പറഞ്ഞിട്ട് ജെസ്സിയെ കൈക്കുപിടിച്ചു പൊക്കി കെട്ടിപിടിച്ചു ബെഡിലേക്ക് മറിഞ്ഞു.
രാവിലെ തന്നെ ഡേവിഡ് അടിവാരത്തിനു പുറപ്പെട്ടു. അടിവാരത്തു ആന്റണിയുടെ വീട്ടിൽ ചെല്ലുമ്പോൾ ലില്ലിക്കുട്ടിയും, ലിജിയും ലിഷയും ഒരുങ്ങി നിൽക്കുകയായിരുന്നു.
“പോയേക്കാം. ടോമിച്ചനും കുടുംബവും നിങ്ങളെയും കൊണ്ടു ചെല്ലുന്നതു നോക്കിയിരിക്കുവാ.”
ഡേവിഡ് ലില്ലിക്കുട്ടിയോട് പറഞ്ഞു.
ലിഷ ആദ്യമായാണ് നല്ലൊരു കാറിൽ കയറുന്നതു. അതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ട്. അവൾ ഡേവിഡിന്റെ കൂടെ മുൻവശത്താണ് ഇരുന്നത്. മറ്റുള്ളവർ പുറകിലും.
ഒൻപതര ആയപ്പോൾ ടോമിച്ചന്റെ വീടിന് മുൻപിൽ എത്തി. കാറിൽ നിന്നും ഇറങ്ങിയ ലിഷ വീടിന്റെ വലുപ്പം കണ്ടു കണ്ണുമിഴിച്ചു നിന്നു.
“അമ്മച്ചി….ചേച്ചി.. എന്ത് വലിയ വീടാ. അതും എന്ത് ഭംഗിയാ “
ലിഷ ലില്ലിക്കുട്ടിയോടും ലിജിയോടുമായി പറഞ്ഞു.
“ഒന്ന് മിണ്ടാതിരിക്കെടി.ആരേലും കേൾക്കും “
ലില്ലിക്കുട്ടി ലിഷയുടെ തലക്കിട്ടു ചെറുതായി ഒരു തട്ട് കൊടുത്തു.
“ങ്ങാ ഇവിടെ നിൽക്കുവാണോ? കയറി വാ ” വീട്ടിൽ നിന്നും ഇറങ്ങി വന്ന ശോശാമ്മയും ജെസ്സിയും കൂടി മടിച്ചു നിൽക്കുന്ന ലില്ലിക്കുട്ടിയുടെയും മക്കളുടെയും അടുത്തേക്ക് വന്നു അകത്തേക്ക് കൂട്ടികൊണ്ട് പോയി. കാർ പാർക്കു ചെയ്തു ഡേവിഡ് ഇറങ്ങി വീട്ടിനുള്ളിലേക്ക് ചെന്നു. ശോശാമ്മ ലില്ലിക്കുട്ടിയുമായി അടുക്കളയിലേക്ക് പോയി. ജെസ്സി ലിജിയെയും ലിഷയെയും കൊണ്ടു മുകളിലെ മുറിയിലേക്കും പോയി.
“ഇരിക്ക് സോഫയിൽ…”
മടിച്ചു നിൽക്കുന്ന ലിജിയോടും ലിഷയോടും ജെസ്സി പറഞ്ഞു.മടിച്ചു മടിച്ചു അവർ സോഫയിൽ ഇരുന്നു.
“എന്താ.. ഇവിടെ വരാൻ മടിയായിരുന്നോ ലിജിക്കും ലിഷക്കും. ഒരു വീർപ്പുമുട്ടൽ പോലെ “
ജെസ്സി ലിജിയെ നോക്കി.
“അല്ല ചേച്ചി, ഞങ്ങൾ ആദ്യമായിട്ടാ ഇത്രയും വലിയൊരു വീട്ടിൽ പോകുന്നത്. ഇതുപോലുള്ള ഒരു സോഫയിൽ ഇരിക്കുന്നത്. അതിന്റെ ഒരു പേടിയാ “
ലിഷ ജെസ്സിയോട് പറഞ്ഞു.
“ഓഹോ, എന്നാൽ ഇന്നിവിടെ നിന്നു പോകുമ്പോൾ ഈ പേടിയൊക്കെ മാറണം. എന്നിട്ട് സമയം കിട്ടുമ്പോൾ എല്ലാം ഇങ്ങോട്ട് പോരണം.. പറഞ്ഞത് കേട്ടോ രണ്ടുപേരും. ഞങ്ങൾ ഒരു ചെറിയ വീട്ടില കഴിഞ്ഞു വന്നത്. ഇങ്ങോട്ട് വന്നിട്ട് കുറച്ച് നാളെ ആയുള്ളൂ”
ജെസ്സി പറഞ്ഞിട്ട് ലിജിയുടെ മുഖത്തേക്ക് നോക്കി. അവിടെ ഒരു ദുഖപുത്രിയുടെ മുഖം ആയിരുന്നു.
“ലിജി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഡേവിഡ് വന്നു എല്ലാ കാര്യവും പറഞ്ഞു. നിങ്ങള് തമ്മിൽ നല്ല ചേർച്ചയാ കേട്ടോ.നമുക്കിത്തങ്ങു നടത്തണം. അപ്പോ ഈ ദുഃഖഭാവം ഒക്കെ അങ്ങ് മാറിക്കൊള്ളും “
ജെസ്സി ലിജിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“എനിക്ക് വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല ജെസ്സിയേച്ചി. ഇത്രയും കാലം കണ്ണീർപ്പുഴയിലൂടെ ഉള്ള നീന്തൽ ആയിരുന്നു. ഇതുവരെ കരക്കെത്താൻ കഴിഞ്ഞിട്ടില്ല.അപ്പച്ചൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആയിരുന്നു. വല്ലപ്പോഴും എന്തെങ്കിലും കൊണ്ടു തന്നെങ്കിലായി. മിക്കപ്പോഴും മുഴു പട്ടണി ആയിരുന്നു. ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ ആരോട് പറയാൻ. ഒരു ജോലി അന്വേഷിച്ചു പോകാം എന്ന് വച്ചാൽ ആരെ വിശ്വസിച്ചു പോകും. ആകെ ഉള്ളത് മാനമാ. അതും കൂടി പോയാൽ പിന്നെ ജീവിതം അവസാനിപ്പിക്കാനേ പറ്റൂ. ഇവളെ ഓർത്ത ഞാനും അമ്മയും ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എല്ലാം ഞങ്ങടെ വിധിയാണ് ചേച്ചി. ഒന്നും നോക്കിയില്ലെങ്കിലും പേരിനു ഒരപ്പൻ ഉണ്ടെന്നെങ്കിലും പറയാമായിരുന്നു കുറച്ചുനാൾ മുൻപുവരെ. ഇപ്പൊ അതും ഇല്ലല്ലോ. ആ ഞാൻ മനസ്സിൽ ഒരുപാടു മോഹങ്ങളും സ്വപ്നങ്ങളും കുത്തിനിറച്ചു നടന്നിട്ട് കാര്യമുണ്ടോ? അതിലും നല്ലത് ഒന്നുമില്ലാതെ ലക്ഷ്യബോധമില്ലാതെ ഇങ്ങനെ നടക്കുന്നതാ.എവിടെയെങ്കിലും ഇടിച്ചു തകരുന്നത് വരെ ഇങ്ങനെ അങ്ങ് പോകും “
ലിജി പറഞ്ഞുകൊണ്ട് കൈവിരലിൽ ഞൊട്ട വിട്ടുകൊണ്ടിരുന്നു.
“നിങ്ങടെ അപ്പച്ചൻ മടങ്ങി വരുകയും നിങ്ങളെ പൊന്നുപോലെ നോക്കുകയും ചെയ്യുകയാണെങ്കിൽ എങ്ങനെ ഇരിക്കും “
ജെസ്സി ലിജിയെ നോക്കി.
“അതൊക്കെ വെറും വ്യാമോഹമല്ലേ ചേച്ചി. ഒരിക്കലും നടക്കാത്ത ആഗ്രഹം. മരിച്ചു പോയവർ എങ്ങനെ തിരിച്ചു വന്നു ഞങ്ങളെ നോക്കാനാ “
ലിജി വിഷാദത്തോടെ ജെസ്സിയെ നോക്കി.
“മോളു വിഷമിക്കാതെ. എല്ലാം നന്നായിട്ടു വരും. ഈ ജെസ്സിയേച്ചി അല്ലെ പറയുന്നത്. ഇനിമുതൽ ഞങ്ങളെല്ലാവരും കാണും നിങ്ങടെ കൂടെ. പോരെ. ഒന്നുകൊണ്ടും സങ്കടപെടണ്ട.വാ നമുക്കിനി താഴേക്കു ചെല്ലാം “
ജെസ്സി എഴുനേറ്റു കൊണ്ടു പറഞ്ഞു.
“ജെസ്സിയെച്ചിയെ കണ്ടാൽ സിനിമാനടികളെ പോലെ സുന്ദരിയാ കേട്ടോ “ജെസ്സിയുടെ പുറകെ നടന്നു കൊണ്ടു ലിഷ പറഞ്ഞു.
അതുകേട്ടു ജെസ്സി ലിഷയെ നോക്കി ചിരിച്ചു കൊണ്ടു കവിളിൽ തലോടി.
“മോളെ കണ്ടാൽ ഒരു കൊച്ചു മാലാഖയെ പോലെയാ.”
ജെസ്സി പറഞ്ഞു കൊണ്ടു ലിഷയുടെ കൈപിടിച്ച് സ്റ്റൈർകേസ് ഇറങ്ങി. അപ്പോഴേക്കും പുറത്ത് നിന്നും ടോമിച്ചൻ ഹാളിലേക്ക് കയറി വന്നു.പുറകെ പ്രാകൃത വേഷത്തിൽ ഒരാളും. അയാൾ ജിഷയെയും ലിജിയെയും സൂക്ഷിച്ചു നോക്കി.ടോമിച്ചന്റെ കൂടെ അങ്ങനെ ഒരാളെ വീടിനുള്ളിൽ കണ്ടു ലിജിയും ലിഷയും അമ്പരന്നു. അവർ പരസ്പരം നോക്കുന്നത് ജെസ്സി ശ്രെദ്ധിച്ചു. അപ്പോഴേക്കും ശോശാമ്മയും പുറകെ ലില്ലിക്കുട്ടിയും ഹാളിലേക്ക് വന്നു. ഡേവിഡും പുറത്ത് നിന്നും കയറി വന്നു.
“അപ്പോ നമ്മളിവിടെ ഇപ്പോൾ കൂടിയത് എന്തിനാണെന്ന് അറിയാമോ?”
ചോദിച്ചിട്ട് ടോമിച്ചൻ ലില്ലിക്കുട്ടിയെയും ലിജിയെയും ലിഷയെയും മാറി മാറി നോക്കി. അവർ ഒന്നും മനസ്സിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു.
“നിങ്ങൾ നഷ്ടപെട്ടന്ന് കരുതുന്നതിനെ നിങ്ങൾക്ക് തരുവാനും, പിന്നെ ഒരു വിവാഹാലോചനക്കും വേണ്ടി.”
പറഞ്ഞിട്ട് ലില്ലിക്കുട്ടിയെ ടോമിച്ചൻ അടുത്തേക്ക് വിളിച്ചു. ആ മുഖത്തു ഒരു ജന്മത്തിന്റെ ദുഃഖം മുഴുവൻ ഘനീഭവിച്ചു കിടക്കുന്നത് ടോമിച്ചൻ കണ്ടു.
“ലില്ലിചേട്ടത്തി , ഈ നിൽക്കുന്ന ആളെ ഇതിനു മുൻപ് എവിടെ എങ്കിലും കണ്ടിട്ടുണ്ടോ? സൂക്ഷിച്ചു നോക്കിക്കേ. അടുത്ത് ചെന്നു.”
ടോമിച്ചൻ പറഞ്ഞത് കേട്ടു ലില്ലികുട്ടി പ്രാകൃത വേഷധാരിയായ ആളെ സൂക്ഷിച്ചു നോക്കി. പിന്നെ കുറച്ച് കൂടി അടുത്ത് ചെന്നു. അപ്പോൾ ആന്റണി ചിതറി കിടന്ന മുടി ഒതുക്കി വച്ചു ലില്ലിക്കുട്ടിയുടെ മുഖത്തേക്ക് നോക്കി.
“ലില്ലിക്കുട്ടി ഇതു ഞാനാടി, നിന്റെ കെട്ടിയോൻ ആന്റണി “
അതുകേട്ടു ലില്ലിക്കുട്ടി അമ്പരന്നു വിശ്വാസം വരാത്തപോലെ വീണ്ടും വീണ്ടും നോക്കി.
പതുക്കെ അമ്പരപ്പ് മാറി അവിടെ സങ്കടം ഇരച്ചു കയറി, പിന്നെ അത് സന്തോഷത്തിനു വഴിമാറി.അവരുടെ ചുണ്ടുകൾ വിറച്ചു, കണ്ണുകൾ നിറഞ്ഞൊഴുകി.
“ഇതു ഞാനാടി, ആന്റണി “
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു ലില്ലിക്കുട്ടിയെ കെട്ടി പിടിച്ചു.ലില്ലിക്കുട്ടിയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. ഇതുവരെ നെഞ്ചിൽ കൊണ്ടുനടന്ന വേദനകൾ കണ്ണിലൂടെ കണ്ണീരായി ഒഴുകി ഇറങ്ങി ആന്റണിയുടെ നെഞ്ചിനെ നനച്ചു. അപ്പോഴും ലിജിക്കും ലിഷക്കും കേട്ടത്, കണ്മുൻപിൽ കാണുന്നത്, സത്യമോ എന്നറിയാതെ ജെസ്സിയെ നോക്കുകയായിരുന്നു.
“സത്യമാണ്.നിങ്ങടെ അപ്പച്ചൻ മരിച്ചിട്ടില്ല. ഇതു നിങ്ങടെ പഴയ ആ ആളല്ല. ഭാര്യയോട് മക്കളോടും ഒപ്പം ഒരു കുടുംബമായി കഴിയാൻ ആഗ്രഹിക്കുന്ന, നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച പോലുള്ള ഒരപ്പച്ചൻ.”
ജെസ്സി പറഞ്ഞത് കേട്ടു ഒരു പൊട്ടി കരച്ചിലോടെ ലിജിയും ലിഷയും ജെസ്സിയെ കെട്ടി പിടിച്ചു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission