Skip to content

കാവൽ – 18

kaaval

ജെസ്സി ലിജിയെയും ലിഷയെയും ചേർത്തു പിടിച്ചു. വർഷങ്ങളായി ആരോടും പറയാതെ ഉള്ളിലടക്കിവച്ച ദുഖവും നിരാശയും വേദനയും ഒറ്റപെടലുമെല്ലാം ഒരു നിമിഷം കൊണ്ടു ഘനീഭവിച്ച മേഘം പോലെ പെയ്തൊഴിയുകയാണെന്നു ജെസ്സിക്ക് തോന്നി. അത് ഒരു ആശ്വാസമാകുമവർക്ക് എന്ന് തോന്നിയത് കൊണ്ടു ഒന്നും മിണ്ടാതെ അവരുടെ ശിരസ്സിൽ തഴുകി കൊണ്ടു കുറച്ച് നിമിഷം  നിന്നു ജെസ്സി. അപ്പോഴേക്കും ശോശാമ്മ അങ്ങോട്ട്‌ ചെന്നു.

“മക്കളെ, കരയാതെ, മരിച്ചു പോയി എന്നോർത്തിരുന്ന നിങ്ങടെ അപ്പച്ചനെ കിട്ടിയില്ലേ? ഇനിമുതൽ ഞങ്ങളെല്ലാവരും ഉണ്ടാകും കൂടെ. എന്താവശ്യത്തിനും എപ്പോ വിളിച്ചാലും ഞങ്ങള് ഓടി വരും.. ഒന്നും ഓർത്തു വിഷമിക്കണ്ട. കഴിഞ്ഞത് കഴിഞ്ഞു. രണ്ട് പേരും കരച്ചില് നിർത്തി പോയി മുഖം കഴുക്. ചെല്ല് “

ശോശാമ്മ പറഞ്ഞത് കേട്ടു ലിജി ജെസ്സിയുടെ മേലുള്ള പിടുത്തം വിട്ടു മാറി കണ്ണുകൾ തുടച്ചു വാഷ് ബേസിന്റെ അടുത്തേക്ക് പോയി. ലിഷയുടെ മുഖം പിടിച്ചുയർത്തി ജെസ്സി തന്റെ ഷോൾ കൊണ്ടു അവളുടെ നിറഞ്ഞു തൂവികൊണ്ടിരുന്ന കണ്ണുകൾ തുടച്ചു നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു.

“സുന്ദരികുട്ടികൾ ഇങ്ങനെ കരയാൻ പാടില്ല. കേട്ടോ.ഈ ഭംഗിയൊക്കെ കണ്ണീരിൽ അങ്ങൊലിച്ചു പോകും. പറഞ്ഞേക്കാം. വാ നമുക്ക് പോയി ഒന്ന് ഫ്രഷ് ആയി വരാം “

ജെസ്സി ലിഷയെയും കൊണ്ടു മുകളിലേക്കു പോയി.

“ങേ ഇതെന്താ  കണ്ണീർപ്പൂക്കൾ സീരിയലോ. ലില്ലിചേടത്തി….അമ്മച്ചിയുടെ കൂടെ ആ അടുക്കളേലോട്ടു കയറി കഴിക്കാനൊക്കെ എന്തെങ്കിലും എടുത്തോണ്ട് വാ.ഭക്ഷണം കഴിഞ്ഞിട്ട് വേണം കൂലംകലുഷിതമായി കുറച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ “

ടോമിച്ചൻ ആന്റണിയെ കെട്ടിപിടിച്ചു കരയുന്ന ലില്ലിക്കുട്ടിയെ നോക്കി പറഞ്ഞു.

“ലില്ലിക്കുട്ടി, കരച്ചില് നിർത്ത്. നിന്റെ സങ്കടങ്ങളൊക്കെ എനിക്കറിയാം. നിന്നെയോ, നമ്മുടെ പെണ്മക്കളെയോ ഒരപ്പന്റെ സ്ഥാനത്തു നിന്നു ഇതുവരെ ഞാൻ നോക്കിയിട്ടില്ല. ഒരുത്തരവാദിത്തവും ഏറ്റെടുത്തു ചെയ്തിട്ടില്ല. എന്നിട്ടും അവരെ നീ കാക്കക്കും പരുന്തിനും കൊടുക്കാതെ സംരെക്ഷിച്ചു വളർത്തി. ഇത്രയും കാലം ഞാൻ ഏതോ സാത്താന്റെ പിടിയിൽ ആയിരുന്നു ലില്ലി. എന്റെ കണ്ണുതുറക്കാൻ, നേർ വഴി കാണിക്കാൻ ദേ ഈ നിൽക്കുന്ന ടോമിച്ചൻ വരേണ്ടി വന്നു.നിങ്ങളെ കാണാനുള്ള കൊതികൊണ്ടാടി, തെറ്റുകൾ ഏറ്റുപറഞ്ഞു നിന്നെയും എന്റെ മകളെയും ചേർത്തു പിടിച്ചു, ഒരപ്പന്റെ, ഒരു കെട്യോന്റെ എല്ലാ കടമകളും ചെയ്തു തരണമെന്ന ആഗ്രഹം കൂടിയപ്പോഴാ ഞാൻ ജയില് ചാടിയത്.ഇനി ചാകുന്നോടം വരെ എനിക്ക് നിന്നെ  സ്നേഹിക്കണം, എന്റെ മക്കളെ സ്നേഹിക്കണം,പൊന്നുപോലെ നോക്കി എന്റെ മക്കൾക്ക്‌ ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കണം.പള്ളി കാട്ടിലേക്കു എടുക്കുന്നത് വരെ ഈ ആന്റണിയുടെ ജീവിതം അതിന് വേണ്ടിട്ട് മാത്രമായിരിക്കും. ഉറപ്പാ.”

ലില്ലിക്കുട്ടിയെ മാറിൽ നിന്നും അടർത്തി മാറ്റി ആന്റണി ലിജിയുടെ അടുത്തേക്ക് ചെന്നു.

“മോളേ,”ആന്റണിയുടെ വിളികേട്ട് പുറത്തേക്കു നോക്കി നിന്ന ലിജി തിരിഞ്ഞു നോക്കി. ദൈന്യത നിറഞ്ഞ അവളുടെ മുഖത്തു നിസഹായാവസ്ഥയുടെ, വിവിധ ഭാവങ്ങൾ മിന്നിമറയുനുണ്ടെന്നു ആന്റണിക്ക് തോന്നി.

“മക്കളെ, ഈ നിൽക്കുന്നത് തന്നിഷ്ടക്കാരനും, കുടുംബം നോക്കാത്തവനും, വാടകഗുണ്ടയുമായ ആന്റണി അല്ല. ചെയ്ത തെറ്റുകളോർത്തു മനസ്സ് തകർന്ന് പോയ ഒരു ആന്റണിയാ,”

അപ്പോഴേക്കും ലിഷ ജെസ്സിയുടെ കൂടെ താഴെക്കിറങ്ങി വന്നു.ലിഷ ആന്റണിയുടെ അടുത്തേക്ക് വന്നു മുഖത്തേക്ക് നോക്കി

“അപ്പച്ചാ,  ഞങ്ങളെ ഇനി വിട്ടിട്ടു പോകരുത്. ഞങ്ങള് ആരുമില്ലാത്തവരായി പോകും.പേടിച്ചിട്ടു ഞങ്ങക്ക് പുറത്തിറങ്ങാൻ പോലും പറ്റത്തില്ലായിരുന്നു.ഇനി ഞങ്ങളെ തനിച്ചാക്കി പോകല്ലേ അപ്പച്ചാ,എനിക്കും ചേച്ചിക്കും അമ്മച്ചിക്കും അപ്പച്ചനല്ലാതെ ആരാ ഉള്ളത്.”

ആന്റണിയുടെ കയ്യിൽ പിടിച്ചു ലിഷ തേങ്ങി കരഞ്ഞു.

“കരയാതെടാ മക്കളെ, അപ്പച്ചൻ ഇനി നിങ്ങളെ വിട്ടു എങ്ങും പോകത്തില്ല. ഒരുത്തരും  ഒരു നോട്ടം കൊണ്ടു പോലും വേദനിപ്പിക്കത്തില്ല. ഈ ഞാനതിനു സമ്മതിക്കത്തില്ല.”

ലിഷയെ ചേർത്തു പിടിച്ചു കൊണ്ടു ആന്റണി ലിജിയെ നോക്കി.അവളുടെ ശിരസ്സിലൂടെ മെല്ലെ തലോടി.

ശോശാമ്മ ലില്ലിക്കുട്ടിയെയും കൂട്ടി അടുക്കളയിലേക്ക് പോയി.

“ആന്റണിച്ച, ഇവരെയും കൂട്ടി പോയിരുന്നു ഭക്ഷണം കഴിക്ക്.ഇപ്പൊ എല്ലാം പറഞ്ഞു തീർത്താൽ പിന്നെ പറയാൻ എന്തെങ്കിലും വേണ്ടേ. അതുകൊണ്ട് പറയാനുള്ളത് കുറച്ച് ബാക്കി വച്ചേക്ക് “

ജെസ്സി ലിജിയെയും ലിഷയെയും വിളിച്ചു കൊണ്ടുപോയി ഊണുമേശയുടെ അടുത്തിരുത്തി. അപ്പോഴേക്കും ടോമിച്ചനും ഡേവിഡും ആന്റണിയും കൈകഴുകി വന്നിരുന്നു.

ജെസ്സി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ലിജി കയ്യിൽ പിടിച്ചു.

“ഞാനും വരാം ചേച്ചി,ഭക്ഷണം  എടുത്തുകൊണ്ടുവരാൻ “

അതുകേട്ടു ജെസ്സി ചിരിച്ചു.

“ഇന്നുവേണ്ട. ഇപ്പൊ ഇവിടെ ഇരുന്നു സന്തോഷമായി അങ്ങ് കഴിച്ചാൽ മതി. അതിഥി ദേവോ ഭവ എന്നല്ലേ. ഞാൻ പോയി കൊണ്ടുവരാം “

ജെസ്സി അടുക്കളയിലേക്ക് ചെന്നു.

ശോശാമ്മയും ലില്ലിക്കുട്ടിയും ജെസ്സിയും കൂടി ഭക്ഷണമെല്ലാം എടുത്തുകൊണ്ടു വന്നു മേശമേൽ നിരത്തി.

“ഇനി ലില്ലിയമ്മച്ചിയും ഇവരുടെ കൂടെ അവിടെ ഇരിക്ക്. ഞാനും അമ്മച്ചിയും കൂടി വിളമ്പി തന്നോളാം.”

ജെസ്സി ലില്ലിക്കുട്ടിയെയും കൂടി നിർബന്ധിച്ചു ആന്റണിയുടെ അടുത്ത് കിടന്ന കസേരയിൽ ഇരുത്തി. ശോശാമ്മയും ജെസ്സിയും കൂടി എല്ലാവർക്കും ഭക്ഷണം വിളമ്പി.

“വയറു നിറച്ചു കഴിച്ചിട്ടേ അവിടെ നിന്നും രണ്ട് പേരും  എഴുനേൽക്കാവൂ. കേട്ടല്ലോ”

ജെസ്സി ലിജിയോടും ലിഷയോടുമായി പറഞ്ഞു. രണ്ടുപേരും അതുകേട്ടു ചിരിച്ചു.

ഭക്ഷണത്തിനു ശേഷം എല്ലാവരും ഹാളിൽ വന്നു.

“അപ്പോ ആന്റണിച്ച, നമ്മളിവിടെ ഇപ്പൊ ഈ കൂടിയിരിക്കുന്നതിനു ഒരു പ്രധാന കാര്യമുണ്ട്. ആന്റണിച്ചനും ലില്ലിചേടത്തിക്കും സന്തോഷം തരുന്നൊരു കാര്യമാണ്. തീരുമാനിക്കേണ്ടത് നിങ്ങളാണ്. അപ്പോ പറഞ്ഞു വന്നത് ലിജിയുടെ കല്യാണകാര്യം ആണ് “

ടോമിച്ചൻ പറയുന്നത് കേട്ടു ലിജി ഡേവിഡിനെ നോക്കി. ഡേവിഡ് ലിജിയെ ഇപ്പൊ ശരിയാകും എന്ന മട്ടിൽ കണ്ണിറുക്കി കാണിച്ചു. അവൾ നാണത്തോടെ നോട്ടം മാറ്റി.

ആന്റണി അമ്പരന്നു ടോമിച്ചനെ നോക്കി, പിന്നെ  ലില്ലിക്കുട്ടിയെയും.

“ടോമിച്ചാ, എന്റെ മോളുടെ കല്യാണകാര്യമാണോ പറയുന്നത് “

ആന്റണി വിശ്വാസം വരാത്തപോലെ ടോമിച്ചനോട് ചോദിച്ചു.

“പിന്നെ വഴിയേ പോകുന്ന ആരെയെങ്കിലും നമുക്ക് പിടിച്ചു കെട്ടിക്കാൻ പറ്റുമോ “

ടോമിച്ചൻ ചിരിച്ചു കൊണ്ടു ഡേവിഡിനെ നോക്കി.

“ടോമിച്ചാ, അപ്പോ ചെറുക്കനെ കണ്ടുപിടിക്കണ്ടേ, മോൾക്ക്‌ ഇഷ്ടപ്പെടണ്ടേ “

ആന്റണി സംശയം പ്രകടിപ്പിച്ചു.

“അതൊക്കെ ലിജി എപ്പോഴേ കണ്ടുപിടിച്ചു കഴിഞ്ഞു ആന്റണിച്ച. ലില്ലി ചേടത്തി അറിഞ്ഞായിരുന്നോ ഇത് “

ടോമിച്ചൻ ചോദിച്ചു കൊണ്ടു ലില്ലിക്കുട്ടിയെ നോക്കി.

“ഇല്ലാ.. ഞാനൊന്നും അറിഞ്ഞിട്ടില്ല… നേരാണോ മോളേ ഇത് “

ലില്ലികുട്ടി ലിജിയെ നോക്കി. അവൾ നോട്ടം മാറ്റി പുറത്തേക്കു നോക്കി നിന്നു.

“എങ്കിൽ കേട്ടോ ആന്റണിച്ച. ചെറുക്കനും പെണ്ണിനും ഇഷ്ടമാണ്. ഇനി കാർന്നോൻമാരുടെ അനുവാദം ആണ് വേണ്ടത്. ചെറുക്കൻ ഈ നിൽക്കുന്ന ഡേവിഡ് ആണ്.”

ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണിയും ലില്ലിക്കുട്ടിയും അത്ഭുതത്തോടെ ഡേവിഡിനെ നോക്കി.

“എനിക്ക് ലിജിയെ ഇഷ്ടമാണ്. ലിജിക്ക് എന്നെയും. എന്നെക്കുറിച്ചുള്ള എല്ലാ കാര്യവും ലിജിയോട് പറഞ്ഞിട്ടുണ്ട്. ഇഷ്ടമാണെങ്കിൽ എനിക്ക് കെട്ടിച്ചു തരണം. ഞാൻ നോക്കിക്കൊള്ളാം നല്ലതുപോലെ, സങ്കടപെടുത്താതെ..”

ഡേവിഡ് പറഞ്ഞത് കേട്ടു ആന്റണിയും  ലില്ലിക്കുട്ടിയും പരസ്പരം മുഖത്തോടെ മുഖം നോക്കി.

“ടോമിച്ചാ, ഇത് ഞങ്ങക്ക് വിശ്വസിക്കാമോ?ഡേവിഡിനെ പോലെ ഒരാളെ എന്റെ മോൾക്ക്‌ കിട്ടുക എന്ന് പറഞ്ഞാൽ അവളുടെ ഭാഗ്യമല്ലോ.”

പിന്നെ ഡേവിഡിനെ നോക്കിയിട്ട് ആന്റണി എഴുനേറ്റു ചെന്നു തോളിൽ കൈവച്ചു.

“ഈ ആന്റണിക്ക് സന്തോഷം ആയി. നീ ഒരു പുണ്യപ്രവർത്തിയ ചെയ്യുന്നത്.കർത്താവ് നിന്നെ കാക്കും. പിന്നെ ആന്റണിയുടെ കയ്യിൽ പെട്ടന്ന് തരാൻ ഒന്നുമില്ല. കുറച്ച് സമയം കിട്ടുകയാണെങ്കിൽ ഞാൻ കുറച്ചെങ്കിലും പൊന്നും പണവും ഉണ്ടാക്കി തരാം. വെറും കയ്യോടെ അവളെ നിന്നെ ഏൽപ്പിക്കുന്നത് എങ്ങനാ. അതുകൊണ്ടാ. പിന്നെ അവളെ വേദനിപ്പിക്കരുത്. ഒരായുസ്സിൽ മുഴുവൻ കുടിച്ചു തീർക്കേണ്ട കണ്ണുനീർ എന്റെ മോളു ഇതിനോടകം കുടിച്ചു തീർത്തിട്ടുണ്ട്. ഇനി വീണ്ടും കരയാൻ അവൾക്കു കണ്ണീരു കാണത്തില്ല. എന്റെ മക്കള് ഇനി കരയരുത് അവരുടെ ജീവിതത്തിൽ. അതെന്റെ ഒരാഗ്രഹമ.”

ആന്റണി ഡേവിഡിന്റെ മുഖത്തേക്ക് നോക്കി.

“എനിക്കും പൊന്നും പണവും ഒന്നും വേണ്ട. ലിജിയെ തന്നാൽ മതി. ബാക്കിയൊക്കെ ഞാൻ ഉണ്ടാക്കി എടുത്തോളാം. എനിക്ക് മറ്റെന്തിനെക്കാളും വലുത് ഇപ്പോൾ ലിജിയ “

ഡേവിഡ് പറഞ്ഞപ്പോൾ ആന്റണിയുടെ മുഖത്തു സന്തോഷം മിന്നിമറഞ്ഞു.

“സന്തോഷം ആയി, ഈ ആന്റണിക്ക് “

നിറഞ്ഞു വന്ന കണ്ണു തുടച്ചു ആന്റണി ടോമിച്ചന്റെ അടുത്തേക്ക് ചെന്നു.

“നിന്റെ മുൻപിൽ പകരം തരാൻ ഈ ആന്റണിക്ക് ഈ ജീവനെ ബാക്കി ഉള്ളു. അത് നിനക്കുള്ളതാ. നീ ചാകാൻ പറഞ്ഞാൽ ചാകും, കൊല്ലാൻ പറഞ്ഞാൽ കൊല്ലും. കാരണം നീ ഉള്ളപ്പോൾ എന്റെ മക്കളോ ലില്ലികുട്യോ പട്ടണികിടക്കത്തില്ല, അതുറപ്പാ “

ടോമിച്ചന്റെ അടുത്തിരുന്നു ആന്റണി.

“കുറച്ച് മുൻപല്ലേ ലില്ലിചേടത്തിക്കു വാക്ക് കൊടുത്തത്, ജീവനുള്ളയിടത്തോളം ചേടത്തിടെ കൂടെ കാണുമെന്നു, മക്കളെ പൊന്നുപോലെ നോക്കുമെന്ന്. അതെല്ലാം മറന്നു പോയോ? ഇപ്പൊ ഇവിടെ ആരെയും തല്ലുകയും വേണ്ട കൊല്ലുകയും വേണ്ട. നിങ്ങളൊരുമിച്ചു സന്തോഷമായിട്ടു ജീവിക്കുന്നത് എനിക്ക് കാണണം. അതാണ് എല്ലാത്തിനും പകരമായി ആന്റണിച്ചൻ എനിക്ക് തരേണ്ടത്. മനസ്സിലായോ “?

ടോമിച്ചൻ ആന്റണിയുടെ തോളിൽ തട്ടി.

ലിഷ പതിയെ ലിജിയുടെ അടുത്തെത്തി.

“കൊച്ചു കള്ളി, കണ്ണടച്ചു പൂച്ച പാലുകുടിക്കുകയായിരുന്നു ഇത്രയും നാൾ അല്ലെ. പക്ഷെ എനിക്കറിയാമായിരുന്നു നിങ്ങള് തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് “

ലിഷ ഒരു കള്ളച്ചിരിയോടെ ലിജിയോട് പറഞ്ഞു.ലിജി അവളെ തന്നോട് ചേർത്തു പിടിച്ചു.

“മിണ്ടാതെ ഇരിക്ക് ആരെങ്കിലും കേൾക്കും “

ലിജി പതിയെ ലിഷയോടു പറഞ്ഞു.

“എന്താ രണ്ടുപേരും കൂടി ഒരു സ്വകാര്യം പറച്ചിൽ, എനിക്കും കേൾക്കാൻ പറ്റുന്നതാണോ “?

ജെസ്സി അവരുടെ അടുത്തേക്ക് ചെന്നു.

“ഒന്നുമില്ല ജെസിയേച്ചി, ഇവള് ഓരോ തമാശ പറയുന്നതാ “

ലിജി തെല്ലു സങ്കോചത്തോടെ പറഞ്ഞു.

“ങും, എനിക്ക് മനസ്സിലായി. എന്താ പറഞ്ഞതെന്ന്. ഞാനും ഇതുപോലുള്ള അവസ്ഥയിലൂടെയാ വന്നത്. അത് വച്ചു നോക്കുമ്പോൾ മോളൊക്കെ ഭാഗ്യവതിയ, ഇടി, തൊഴി, വെട്ട്, കുത്ത്, ടോമിച്ചന്റെ പുറകെ നടന്നുള്ള എന്റെ ലൈനടി, ഇതൊക്കെ ആയിരുന്നു ഞങ്ങടെ തുടക്കം. എന്നാലും ഓർക്കുമ്പോൾ അതൊരു സുഖമുള്ള അനുഭവമാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം “

ജെസ്സി പറഞ്ഞിട്ട് ലിജിയെ നോക്കി.

“ഡേവി പറഞ്ഞിട്ടുണ്ട് ആ കഥകൾ, പറയുമ്പോൾ കേൾക്കാൻ തന്നെ എന്ത്‌ രസമാണ്. അപ്പോൾ ആ കഥയിലെ നായകനും നായികയും  എത്രത്തോളം ആസ്വധിച്ചിട്ടുണ്ടാകും, അനുഭവിച്ചിട്ടുണ്ടാകും. അത് കേൾക്കുമ്പോൾ നമുക്കും പ്രണയിക്കാൻ തോന്നും. ടോമിച്ചായനും ജസ്സിയെച്ചിയും ആണ് എന്റെ റോൾ മോഡൽ.”

ലിജി ജെസ്സിയോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.

“ജെസ്സിയെച്ചിയെ ആർക്കാ ഇഷ്ടപെടാത്തത്.മനസ്സ് മുഴുവൻ കടലോളം സ്നേഹം അല്ലെ, ഞങ്ങള് ഇവിടെ വന്നത് മുതൽ കാണുന്നതല്ലേ അത്. സ്വത്തും പണവും ഉണ്ടെന്ന യാതൊരു ഭാവവും ഇല്ല.സ്വൊന്തം പോലെയല്ലേ ഞങ്ങളെ ചേർത്തു പിടിച്ചത്. ഇങ്ങോട്ട് പോരുമ്പോൾ ഇത്രയും പണമുള്ള വീട്ടിൽ വരുമ്പോൾ ഞങ്ങളെ എങ്ങനെ കാണും എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷെ ജെസ്സിയെച്ചിയുടെയും ശോശാമ്മച്ചിയുടെയും സ്നേഹം കണ്ടപ്പോൾ സത്യത്തിൽ അത്ഭുതപെട്ടുപോയി “

ലിജി പറഞ്ഞത് കേട്ടു ജെസ്സി അവളുടെ മുഖം തന്റെ കൈകുമ്പിളിൽ ചേർത്തു പിടിച്ചു.

“ഇപ്പൊ ആ പേടിയൊക്കെ മാറിയില്ലേ. പിന്നെ ഞാൻ നിങ്ങളെ ചേർത്തു പിടിച്ചത് സ്വൊന്തം പോലെ അല്ല. എന്റെ സ്വന്തമായിട്ട, കൂടെപ്പിറപ്പുകളായിട്ട്. മനസ്സിലായോ രണ്ടുപേർക്കും. ഇനി എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചോണം. കേട്ടല്ലോ. രണ്ടുപേരും എന്റെ കൂടെ വാ “?

പറഞ്ഞിട്ട് ജെസ്സി മുകളിലേക്കു കയറി. പുറകെ ലിജിയും ലിഷയും.

“ടോമിച്ചാ, എന്റെ മക്കൾക്ക്‌ ജെസ്സികൊച്ചിനെ മതിയെന്ന് തോന്നുന്നു. എപ്പോഴും കൂടെ തന്നെ ആണല്ലോ. എന്റെ മക്കളുടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുകയാ. പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാ.”

ആന്റണിച്ചൻ പറഞ്ഞത് കേട്ടു ടോമിച്ചൻ ചിരിച്ചു.

“ഏതു സങ്കടത്തിൽ ഇരിക്കുന്നവരെ സന്തോഷവതിയാക്കുവാൻ ജെസ്സി മിടുക്കിയ.”

ടോമിച്ചൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“പിന്നെ ആന്റണിച്ച, കല്യാണകാര്യം നീട്ടികൊണ്ട് പോകണ്ട, എത്രയും പെട്ടന്ന് നടത്തിയേക്കാം. ഡേവിഡിനും എത്രയും പെട്ടന്ന് നടത്തുന്നതിൽ താത്പര്യം ആണ്.”

ടോമിച്ചൻ പറഞ്ഞിട്ട് മറുപടിക്കായി ആന്റണിയുടെയും ലില്ലിക്കുട്ടിയുടെയും മുഖത്തേക്ക് നോക്കി.

“അല്ല ടോമിച്ചാ, വെറുതെ പെണ്ണിനെ എങ്ങനാ ഇറക്കി വിടുന്നത്.എന്തെങ്കിലും കഴുത്തിലും കത്തിലും ഇട്ടു കൊടുക്കണ്ടേ. ഡേവിഡ് ഒന്നും വേണ്ടാന്ന് പറഞ്ഞു എങ്കിലും വെറുതെ വിടുന്നത് ശരിയല്ലല്ലോ. അവളുടെ മനസ്സിൽ അതൊരു വിഷമമായി കിടക്കും. എനിക്കൊരു കുറച്ച് സമയം തന്നാൽ മതി. എങ്ങനെയും ഞാൻ ഉണ്ടാക്കിക്കോളാം. ടോമിച്ചൻ അത് ഡേവിഡിനോട് ഒന്ന് പറ “

ആന്റണി തന്റെ അവസ്ഥ ടോമിച്ചനെ ബോധ്യപെടുത്തി.

“അതിന് അവളെ വെറും കയ്യോടെ ഇറക്കി വിടും എന്നാരു പറഞ്ഞു. അതൊക്കെ എനിക്ക് വിട്ടേക്ക്. നിങ്ങൾക്ക് സമ്മതമാണല്ലോ. അത്രയും അറിഞ്ഞാൽ മതി “

ടോമിച്ചൻ പറഞ്ഞപ്പോൾ ആന്റണി ലില്ലിക്കുട്ടിയെ നോക്കി.

ലില്ലികുട്ടി ടോമിച്ചനെ നന്ദിയോടെ നോക്കി.

ആ സമയത്തു ലിജിയുടെയും ലിഷയുടെയും മുൻപിൽ പുതിയ ഡ്രെസ്സുകളടങ്ങിയ ലെതർ ബാഗ് എടുത്തു വച്ചു.

“ഇതിനകത്ത് മുഴുവൻ നിങ്ങക്കുള്ള ഡ്രെസ്സുകള. ഇന്ന് രാവിലെ വരുത്തിച്ചതാ.പിന്നെ രണ്ടുപേർക്കും ഉള്ള മാലയും കമ്മലും ഉണ്ട്.പിന്നെ അതിനകത്തു രണ്ട് മൊബൈൽ ഫോണും ഉണ്ട്. നിങ്ങൾക്ക് രണ്ട് പേർക്കും ഉപയോഗിക്കാനാ. സൂക്ഷിച്ചുപയോഗിച്ചോണം. നാളെമുതൽ ഇ ഡ്രെസ്സുകളും  ആഭരണങ്ങളും  ഓക്കെ ഇട്ടു സന്തോഷത്തോടെ നടക്കണം രണ്ട് പേരും.പിന്നെ ലിജി….നിന്റെ കല്യാണം ഉറപ്പിച്ചിരിക്കുവാ, ഇനി ഇ ദുഖ പുത്രിയുടെ ഭാവം ഉപേക്ഷിക്കണം. എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോണം. മടിക്കേണ്ട.”

ജെസ്സി പറഞ്ഞിട്ട് ബാഗ് എടുത്തു ലിജിയുടെ കയ്യിൽ കൊടുത്തു.

“ഞാനെന്തായാലും വിളിക്കും കേട്ടോ ജെസ്സിയേച്ചി. എനിക്കത്ര ഇഷ്ടമാ ചേച്ചിയെ “

ലിഷ ജെസ്സിയെ പറ്റിച്ചേർന്നു നിന്നു.

“മോളു എപ്പോൾ വേണമെങ്കിലും വിളിച്ചോ, അതിനാണ് രണ്ട് മൊബൈൽ ഫോൺ അതിൽ വച്ചിരിക്കുന്നത്. ചേച്ചിക്ക് സന്തോഷമേ ഉള്ളു. എനിക്ക് രണ്ട് അനിയത്തിമാരെ കിട്ടിയ സന്തോഷത്തിലാ ഞാൻ.”

ജെസ്സി അവരെയും കൂട്ടി താഴേക്കു പോയി. ഹാളിൽ ചെല്ലുമ്പോൾ ലില്ലിക്കുട്ടി പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഡേവിഡ് അവരെ കൊണ്ടുവിടാൻ കാറു തിരിച്ചിട്ടു.

“ങ്ങാ പിന്നെ നിങ്ങടെ അപ്പച്ചന് ഇപ്പോൾ നിങ്ങടെ കൂടെ വരാൻ പറ്റത്തില്ല. അറിയാവല്ലോ. ലോകത്തിനു മുൻപിൽ നിങ്ങടെ അപ്പച്ചനെ ഞാൻ കൊന്നു. കേസുകളിൽ നിന്നും രക്ഷപ്പെടുത്താൻ. താമസിക്കാതെ അടിവാരത്തു നിന്നും താമസം മാറ്റിയിട്ടു വേണം ആന്റണിച്ചനെ നിങ്ങടെ കൂടെ വിടാൻ. അതുകൊണ്ട് ഈ കാര്യം വളരെ രഹസ്യം ആയിരിക്കണം. അത് പ്രേത്യേകം ശ്രെദ്ധിച്ചോണം “

ടോമിച്ചൻ എല്ലാവർക്കും ഒരു മുന്നറിയിപ്പെന്നോണം പറഞ്ഞു.

ലില്ലിക്കുട്ടിയും ലിജിയും ലിഷയും ആന്റണിയോടും ടോമിച്ഛനോടും ജെസ്സിയോടും ശോശാമ്മയോടും യാത്ര പറഞ്ഞിറങ്ങി. കാർ അകന്നു പോകുന്നത് ആന്റണി നോക്കി നിന്നു.

*****************************************

നിയമസഭ ഇലക്ഷന് ഇനി ഒരാഴ്ച മാത്രമാണുള്ളത്.ടോമിച്ചനും വക്കച്ചൻ മുതലാളിയും, റോണിയും സെലിനും, സ്റ്റാലിനുമെല്ലാം ഫ്രഡ്‌ഡിയുടെ കൂടെ ഇലക്ഷൻ പ്രചാരണത്തിനുണ്ട്.എതിർസ്ഥാനാർഥി ഈ തവണ ചുങ്കിപ്പാറ സൈമൺ ആണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റുപോയത് കൊണ്ടു മണ്ഡലം മാറി നിൽക്കുകയാണ്. സൈമൺ പരിചയസമ്പന്നനും രാഷ്ട്രീയ കളികൾ ശരിക്കും അറിയാവുന്നവനാണ്. ജയിക്കാൻ ഏതു കളികൾ കളിക്കാനും മടിയില്ലാത്തവൻ. കള്ളിന് കള്ള്, പെണ്ണിന് പെണ്ണ്, കാശിനു കാശ്, എന്ത്‌ ചെയ്തും ഇലക്ഷനിൽ ജയിക്കുക എന്നത് മാത്രമാണ് സൈമണിന്റെ ഉദ്ദേശം. എന്നാൽ ഫ്രഡ്‌ഡി എലെക്ഷനിൽ പുതുമുഖം ആണ്.രാഷ്ട്രീയത്തിൽ പിച്ചവച്ചു തുടങ്ങുന്നയാൾ. പ്രചാരണത്തിന് ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് സ്ഥാനാർഥികൾ തമ്മിലുള്ള അന്തരം എത്ര വലുതാണ് എന്ന് മനസ്സിലായത്. പ്രചാരണത്തിൽ ചുങ്കിപ്പാറ സൈമൺ ഒരു പടി മുൻപിലാണ്.പാർട്ടിക്കാരുടെ ഫുൾ സപ്പോർട്ട് സൈമണുണ്ട്. എന്നാൽ മലയോര കോൺഗ്രസ്സിലെ പടല പിണക്കങ്ങളും നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പ്‌ പോരും ഫ്രഡിക്കു വിനയാകുന്നുണ്ട്. അത് ഫ്രഡ്‌ഡിയുടെ വിജയത്തെ ബാധിക്കും.

ടോമിച്ചനും വക്കച്ചനും ഉപ്പുതറ കാർലോസും കൂടി നേതാക്കന്മാരെയും മതപുരോഹിതരെയും കണ്ടു രഹസ്യചർച്ചകൾ നടത്തി.ഗ്രൂപ്പ്‌ പോര് ശക്തമായതും പാർട്ടിയുടെ പിളർപ്പും ഒരു തലവേദനയായി തന്നെ നിലനിൽക്കുന്നുണ്ട്.

“കാർലോസച്ചായോ, വെറുതെ പുണ്യാളന്മാർ ആയി നമ്മൾ നടന്നാൽ ജയിക്കുന്നകാര്യം സംശയമാ. കുറച്ചു കാശും ചാരായവും ഇറക്കിയാൽ പോലും ഈ ഉണ്ണാക്കന്മാർ ചേരിതിരിഞ്ഞു നിന്നുള്ള പണിയാണ് പ്രശ്നം ആകുന്നത്. അത്‌കൊണ്ട് ഇനി ഒരാഴ്ചയെ നമ്മുടെ മുൻപിൽ ഉള്ളു. ഇപ്പോഴത്തെ ട്രെൻഡ് വച്ചു സൈമൺ ജയിക്കും. അതുകൊണ്ട് കളം അറിഞ്ഞു കളിക്കണം. സൈമണിന്റെ വീക്നെസ് അറിഞ്ഞു വേണം ചരടുവലി നടത്താൻ. അല്ലെങ്കിൽ പണി പാളും. സ്ത്രികളുടെ വോട്ടുകൾ പെട്ടിയിൽ വീണാലെ ഫ്രഡ്‌ഡി ജയിക്കൂ.കള്ളും ചാരായവും കുടിച്ചു കാശും മേടിച്ചു അപ്പുറത്ത് പോയി സൈമണിനു കുത്തും.രാഷ്ട്രീയത്തിൽ നേരും നെറിയും ഇല്ലല്ലോ? അതുകൊണ്ട് ഈ രാത്രി എന്താ വേണ്ടതെന്നു ശരിക്കും ആലോചിച്ചോ. ഫ്രഡ്‌ഡി നീ കേട്ടല്ലോ, തലപ്പുകച്ചു ആലോചിച്ചോ, അപ്പോ ഞാനെറങ്ങിയേക്കുവാ, ഞാൻ ചെന്നിട്ടെ ജെസ്സി കിടക്കത്തൊള്ളൂ. എന്ന പോട്ടെ.”

ടോമിച്ചൻ പോയിക്കഴിഞ്ഞപ്പോൾ വക്കച്ചൻ കാർലോസിനെ നോക്കി.

“കാർലോസെ,ടോമിച്ചൻ പറഞ്ഞത് കേട്ടല്ലോ? നമുക്ക് സമയം കളയാനില്ല.”

വക്കച്ചൻ പറഞ്ഞിട്ട് ഫ്രഡ്‌ഡിയെ നോക്കി.

“വക്കച്ചയാ, സൈമണെ പൂട്ടാൻ ഒറ്റ വഴിയേ ഉള്ളു.ഒന്നും നടന്നില്ലെങ്കിൽ  അതിട്ടവനെ പൂട്ടാം. പക്ഷെ…”

ഫ്രഡ്‌ഡി പറഞ്ഞപ്പോൾ കാർലോസ് അവനെ നോക്കി.

“എന്ത്‌ വഴി, നേരും നെറിയുമുള്ള വഴികൾ മാത്രം മതി. തോറ്റാൽ അങ്ങ് തോൽക്കും അത്രതന്നെ. വഴി കണ്ടുപിടിച്ചു പെരുവഴി ആകരുത്. പറഞ്ഞേക്കാം. നേരായ മാർഗ്ഗത്തിലൂടെ എന്ത്‌ ചെയ്യാം എന്ന് നോക്ക് “

കാർലോസ് മുൻപിലിരുന്ന ഗ്ലാസ്സിലെ വിസ്കി എടുത്തു വായിക്കുള്ളിലേക്ക് കമഴ്ത്തി.

“പപ്പാ, കുറച്ചേ വെള്ളമൊഴിച്ചു വലിച്ചു കേറ്റ്, ഇല്ലെങ്കിൽ അകത്തുള്ളത് മൊത്തം കരിഞ്ഞു രാവിലെ രണ്ടിനിരിക്കുമ്പോൾ ഇറങ്ങി വരും.”

ഫ്രഡ്‌ഡി പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി.

“വക്കച്ച, റോണിയും സെലിനും പുറത്തേക്കു പോയിട്ട് ഇതുവരെ എത്തിയില്ലല്ലോ “?

കാർലോസ് ഒരു ലാർജുകൂടി ഒഴിച്ചിട്ടു വക്കച്ചനെ നോക്കി.

“അവർക്കു പർച്ചേസ് വല്ലതും കാണും. അതുകൊണ്ടാ താമസിക്കുന്നത് “

അപ്പോഴേക്കും എൽസമ്മ ബീഫ് വരട്ടിയതും സലാടും കൊണ്ടു വച്ചിട്ട് ഭക്ഷണം റെഡിയായി എന്ന് പറഞ്ഞിട്ട് പോയി.

********************************************

ടോമിച്ചൻ പോയി ജീപ്പ് നിർത്തി ഇറങ്ങി കാളിങ് ബെൽ അടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ശോശാമ്മ വന്നു വാതിൽ തുറന്നു. സാദാരണ ജീപ്പിന്റെ ശബ്‌ദം കേൾക്കുമ്പോഴേ ജെസ്സി ഓടിവന്നു വാതിൽ തുറക്കുന്നതാണ്.

“ജെസ്സി എന്തിയെ അമ്മച്ചി …. അല്ലെങ്കിൽ വന്നു വാതില് തുറക്കുന്നതാണല്ലോ “?

ടോമിച്ചൻ ചോദ്യഭാവത്തിൽ ശോശാമ്മയെ നോക്കി.

“അവൾക്കു വൈകുന്നേരം ആയപ്പോൾ ഭയങ്കര ച്ഛർദി. നാലഞ്ചു പ്രാവശ്യം ച്ഛർദിച്ചു. പോയി കിടക്കാൻ പറഞ്ഞിട്ട് മുകളിൽ പോയി കിടക്കുവാ. ഉച്ചക്ക് ഒന്നും കഴിച്ചില്ല, ചായകുടിച്ചത് അപ്പോ തന്നെ ച്ഛർദിച്ചു കളഞ്ഞു.നീ അങ്ങോട്ട്‌ ചെല്ല് “

ശോശാമ്മ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. ടോമിച്ചൻ ബെഡ്‌റൂമിൽ ചെല്ലുമ്പോൾ ജെസ്സി കിടന്നു മയങ്ങുകയാണ്.

ടോമിച്ചൻ അടുത്തിരുന്നു ജെസ്സിയെ തട്ടി വിളിച്ചു.

“ങ്ങാ വന്നോ, ഞാൻ ഒന്ന് മയങ്ങി പോയി, ഭയങ്കര ക്ഷീണം “

ജെസ്സി ബെഡിൽ എഴുനേറ്റിരുന്നു അഴിഞ്ഞുപോയ മുടി മാടി കെട്ടി.

“നിനക്കെന്തു പറ്റി, അമ്മച്ചി പറഞ്ഞു നിനക്ക് ച്ഛർദി ആയിരുന്നെന്നു. വാ ആശുപത്രിയിൽ പോകാം “

ടോമിച്ചൻ ജെസ്സിയുടെ കയ്യിൽ പിടിച്ചു.

“ഈ രാത്രിയിൽ എങ്ങും പോകുന്നില്ല. അതിന് മാത്രം ഒന്നുമില്ല. സമാധാനമായിട്ട് ഇവിടെ ഇരിക്ക്. പറയാം “

ജെസ്സി ടോമിച്ചനെ പിടിച്ചു അടുത്തിരുത്തി.ടോമിച്ചന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.

“ങേ… ച്ഛർദിച്ചു തളർന്നു കിടന്നിട്ടു എന്നെ നോക്കി ചിരിക്കുന്നോ. നിനക്കെന്തു പറ്റി”

ടോമിച്ചൻ അമ്പരപ്പോടെ നോക്കി.

“എന്റെ ച്ഛർദിക്കും തളർച്ചക്കും കാരണം നിങ്ങൾ ഒറ്റയൊരുത്തനാ. അതുകൊണ്ടാ നോക്കി ചിരിച്ചത് “

ജെസ്സി താഴേക്കു നോക്കിയിരുന്നു പറഞ്ഞു.

“ഞാനോ, ഞാൻ പറഞ്ഞോ നിന്നോട് ച്ഛർദിക്കാൻ. അതോ ഞാൻ നിന്റെ വായിക്കകത്തു കയ്യിട്ടു ച്ചര്ധിപ്പിച്ചോ”

ടോമിച്ചൻ ജെസ്സിയുടെ മുഖം പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി.

“ഞാനെന്തു ചെയ്‌തെന്ന നീ പറയുന്നത്”

ടോമിച്ചന്റെ ചോദ്യം കേട്ടു ജെസ്സി പൊട്ടി ചിരിച്ചു.

“ന്റെ ടോമിച്ചാ, എന്താ ചെയ്തെന്നു ചോദിച്ചാൽ ഞാൻ പറയത്തില്ല. പക്ഷെ ച്ഛർദിച്ചത് എന്ത്‌ കൊണ്ടാണെന്നു പറയാം. വേണോ “?

ചോദ്യഭാവത്തിൽ ജെസ്സി ടോമിച്ചനെ നോക്കി.

“പറ, നിനക്കെന്താ പറ്റിയത്? ടെൻഷൻ കേറ്റാതെ കാര്യം പറയെടി “

ടോമിച്ചൻ ജെസ്സിയുടെ കണ്ണിലേക്കു നോക്കി. പതിവില്ലാത്ത ഒരു നാണം കണ്ണുകളിൽ തിരതല്ലുന്നതു ടോമിച്ചൻ കണ്ടു.

“എന്ന.. പറയാൻ പോകുവാ… നമ്മുടെ ഇടയിലേക്ക് ഒരാളുകൂടി വരാൻ പോകുന്നു”

ജെസ്സി പറഞ്ഞിട്ട് ചിരിച്ചു.

“നമ്മുടെ ഇടയിലേക്ക് ഒരാളോ? അതാര്? ഞാനറിയാത്ത ഒരാള് “?

ടോമിച്ചൻ സംശയത്തോടെ ജെസ്സിയെ നോക്കി. അത് കണ്ടു ജെസ്സി ടോമിച്ചന്റെ ചെവിക്കു പിടിച്ചു.

“ന്റെ മണ്ടൻ ടോമിച്ചാ, നിങ്ങളറിഞ്ഞോണ്ട് തന്നെയാ ആള് വരുന്നത്. നിങ്ങളുടെ അനുവാദത്തോടെ…. നിങ്ങളൊരു അപ്പനാക്കാൻ പോകുന്നു എന്ന്. ഞാൻ പ്രെഗ്നന്റ് ആണെന്ന്.”

ജെസ്സി പറഞ്ഞതും ടോമിച്ചൻ ചാടി എഴുനേറ്റു.

“നീ പറഞ്ഞത് സത്യമാണോ? ഉറപ്പിച്ചോ”?

ടോമിച്ചൻ ജെസ്സിയെ സൂക്ഷിച്ചു നോക്കി. ഉറപ്പിച്ചെന്നു ജെസ്സി തലകുലുക്കിയതും ടോമിച്ചൻ ജെസ്സിയെ ബെഡിൽ നിന്നും വാരിയെടുത്തു വട്ടം കറക്കി. ജെസ്സിയുടെ നെറുകയിൽ ഉമ്മ

വച്ചു.

                                ( തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാവൽ – 18”

Leave a Reply

Don`t copy text!