Skip to content

കാവൽ – 19

kaaval

രാവിലെ ഹാളിലെ സോഫയിൽ ചായകുടിച്ചു കൊണ്ടു പത്രം വായിക്കുകയായിരുന്ന ടോമിച്ചന്റെ അടുത്തേക്ക് ശോശാമ്മ ചെന്നു.

“എടാ ടോമിച്ചാ, ഇനി എവിടെ പോയാലും രാത്രി ആകുന്നതിനു മുൻപ് വീട്ടിൽ വരണം. ഈ സമയത്തൊക്കെ ഏറ്റവും കൂടുതൽ ജെസ്സിക്ക് വേണ്ടത് ഭർത്താവിന്റെ സാമീപ്യം ആണ്.അതൊക്കെ മനസ്സിലാക്കി നിന്റെ സ്വഭാവമൊക്കെ മാറ്റി നല്ല സ്നേഹത്തോടെ പെരുമാറണം. അവളുടെ മനസ്സ് എത്രത്തോളം സന്തോഷിക്കുന്നുവോ അത്രത്തോളം അത് കുഞ്ഞിന്റെ വളർച്ചയെയും സ്വഭാവത്തെയും സ്വാധീനിക്കും.”

ശോശാമ്മ പറഞ്ഞത് കേട്ടു ടോമിച്ചൻ പത്രത്തിൽ നിന്നും കണ്ണെടുത്തു തലയുയർത്തി നോക്കി.

“ഇനി കുറച്ച് നാളത്തേക്ക് അധികം ദൂരേക്കൊന്നും പോകുന്നില്ല. ഇവിടെ തന്നെ കാണും “

ടോമിച്ചൻ കയ്യിലിരുന്ന ചായഗ്ലാസ് ടീപ്പോയിൽ വച്ചിട്ട് പറഞ്ഞു.

“കർത്താവിന്റെ അനുഗ്രഹം എപ്പോഴും അവൾക്കും ആ കുഞ്ഞിനും ഉണ്ടായിരിക്കണം. അതുകൊണ്ട് രാവിലെ അവളെയും കൂട്ടി നീ ആ പള്ളി വരെ പോ. എന്നിട്ട് അച്ചനോട്  ജെസ്സിയുടെ തലയിൽ പിടിപ്പിച്ചു ഒന്നും പ്രാർത്ഥിക്കാൻ പറയ്‌.എല്ലാ ദോക്ഷങ്ങളും മാറട്ടെ “

ശോശാമ്മ ടോമിച്ചൻ ചായകുടിച്ചിട്ടു ടീപ്പൊയിൽ വച്ചിരുന്ന ഗ്ലാസ്‌ എടുത്തു കൊണ്ടു പറഞ്ഞു.

“പോകാം. പിന്നെ രാത്രി മുഴുവൻ ഛർദി ആയിരുന്നു അവൾ.ക്ഷീണമാണെന്നും പറഞ്ഞു കിടപ്പാ.ഹോസ്പിറ്റലിൽ കൊണ്ടുപോകണ്ടേ “

ടോമിച്ചൻ ചോദ്യഭാവത്തിൽ ശോശാമ്മയെ നോക്കി.

“ഛർദ്ദി ഈ സമയത്തുള്ളതാ. എങ്കിലും നല്ലൊരു ഗൈനെക്ഗോളജിസ്റ്റിനെ കൊണ്ടു പോയി കാണിച്ചു ചെക്കപ്പ് ചെയ്യണം . പള്ളിയിൽപോയിട്ട് ആ വഴി നേരെ ആശുപത്രിയിലേക്ക് പൊക്കോ. ഇവിടെയെങ്ങും കാണിക്കണ്ട. St ജോൺസിലേക്ക് പൊക്കോ. അതാ നല്ലത് “

പറഞ്ഞിട്ട് ശോശാമ്മ അടുക്കളയിലേക്ക് നടന്നു.

ടോമിച്ചൻ ചെല്ലുമ്പോൾ ജെസ്സി വാഷ്ബേസിനിൽ മുഖം കഴുകി കൊണ്ടു നിൽക്കുകയായിരുന്നു.ടോമിച്ചൻ അടുത്തേക്ക് ചെന്നു.

“അമ്മച്ചി പറഞ്ഞു, രാവിലെ നിന്നെയും കൂട്ടി അച്ചന്റെ അടുത്ത് പോയി പ്രാർത്ഥിച്ചിട്ടു ആശുപത്രിയിൽ പോയി ചെക്കപ്പ് നടത്താൻ.”

ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജെസ്സി വീണ്ടും വാഷ്ബാസിനിൽ ഛർദിക്കുവാൻ തുടങ്ങി.

“നിന്റെ അവസ്ഥ കാണുമ്പോൾ എനിക്കും മനസ്സിനൊരു വല്ലായ്മ. ഇനി താമസിക്കേണ്ട. ഹോസ്പിറ്റലിൽ പോയേക്കാം. ഒരുങ്ങിക്കോ “

ടോമിച്ചൻ  

ജെസ്സിയുടെ പുറത്ത് തടവികൊടുത്തു കൊണ്ടു പറഞ്ഞു.

“നിങ്ങളൊറ്റയൊരുത്തന എന്നെ ഈ അവസ്ഥയിൽ ആക്കിയത്. എന്റെ അവസ്ഥ കണ്ടില്ലേ. ഇന്നലെ തൊട്ട് തുടങ്ങിയതാ. ഇനി ഛർദിച്ചു കളയാൻ വയറ്റിൽ കുടലുമാത്രമേ ഉള്ളു.”

ജെസ്സി കൃത്രിമ ഗൗരവം ഭാവിച്ചു ഒളിക്കണ്ണിട്ടു ടോമിച്ചനെ നോക്കി കൊണ്ടു പറഞ്ഞു.

“ഇങ്ങനെയൊക്കെ ആണെന്ന് എനിക്കറിയാമായിരുന്നോ? പിന്നെ നിന്റെ ഗർഭം ഏറ്റെടുക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഏറ്റെടുത്തു നിന്നെ ഈ ബുദ്ധിമുട്ടിൽ നിന്നും രക്ഷപ്പെടുത്തിയേനെ “

ടോമിച്ചൻ വിഷമത്തോടെ പറഞ്ഞത് കേട്ടു ജെസ്സി ചിരിച്ചു.

“അങ്ങനെയാ, ഭാര്യ ഗർഭിണി അയാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ഞാൻ മാത്രമല്ല എല്ലാ സ്ത്രികൾക്കും ഇങ്ങനെ തന്നെയാ. അതുകൊണ്ട് ഇതോർത്തു മനസ്സ് വിഷമിക്കണ്ട.ഗർഭം ധരിക്കുക, പ്രസവിക്കുക ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ. അത് കൊണ്ടു നിങ്ങള് അത് ഏറ്റെടുക്കാൻ ഒന്നും പോകണ്ട കേട്ടോ “

ജെസ്സി പറഞ്ഞിട്ട് ടോമിച്ചന്റെ ദേഹത്തേക്ക് ചാരി കെട്ടിപിടിച്ചു നിന്നു.

“നല്ല ക്ഷീണമാ,കുറച്ച് നേരം നിങ്ങള് എന്നെ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്ക്. അപ്പോ ഒരാശ്വാസം കിട്ടും “

ടോമിച്ചൻ ജെസ്സിയെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നിന്നു.കുറച്ച് നേരം നിന്ന ശേഷം ജെസ്സി തലഉയർത്തി ടോമിച്ചന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ പെട്ടന്ന് ഒരുങ്ങാം.”

ജെസ്സി ഇട്ടുകൊണ്ടുപോകുവാനുള്ള ഡ്രെസ്സുകളുമായി ബാത്‌റൂമിലേക്ക് പോയി.

ടോമിച്ചൻ ഡ്രെസ്സ് മാറി ഹാളിലേക്ക് ചെന്നപ്പോൾ ശോശാമ്മ, കഴിച്ചിട്ട് പോകാനുള്ള ഭക്ഷണം മേശപ്പുറത്തു തയ്യാറാക്കി വച്ചിരുന്നു.ജെസ്സി ഒരുങ്ങി വന്നു. ഒരു ഗ്ലാസ്‌ ചായയും ഒരു ദോശയും  കഴിച്ചു. ടോമിച്ചനും ശോശാമ്മയും നിർബന്ധിച്ചു കഴിപ്പിക്കാൻ നോക്കിയെങ്കിലും ജെസ്സി വേണ്ടന്നു പറഞ്ഞു പോയി കൈകഴുകി വന്നു.

“അമ്മച്ചി, പോയിട്ട് പെട്ടന്ന് വരാം. അധികം പുറത്തോട്ടൊന്നും ഇറങ്ങണ്ട.”

ജെസ്സി ശോശാമ്മയോട് പറഞ്ഞിട്ട് ടോമിച്ചന്റെ കൂടെ പുറത്തേക്കു നടന്നു.നേരെ പള്ളിയിൽ പോയി അച്ചനെ കണ്ടു പ്രാർത്ഥിച്ചു, അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു.

St ജോൺസ് ഹോസ്പിറ്റലിൽ എത്തി ഗൈനക്കോളജിസ്റ്റിനെ കണ്ടു ചെക്കപ്പ് നടത്തി, മറ്റു ടെസ്റ്റുകളും കഴിഞ്ഞു, മെഡിസിനും വാങ്ങി, അവിടെ നിന്നും മടങ്ങുമ്പോൾ രണ്ടര കഴിഞ്ഞിരുന്നു.

“ഈ സമയത്തു പെണ്ണുങ്ങൾക്ക് മസാലദോശയും, പച്ചമാങ്ങയും, പോലുള്ള സാധനങ്ങൾ കഴിക്കാൻ കൊതിതോന്നും എന്ന് കേട്ടിട്ടുണ്ട്. നിനക്കതൊന്നും ഇല്ലേ “?

ടോമിച്ചൻ ജീപ്പൊടിച്ചു കൊണ്ടു ജെസ്സിയെ നോക്കി.

“എനിക്കൊരു മസാലദോശ തിന്നാലോ എന്നൊരു തോന്നൽ. അതും ആര്യാസ് ഭവനിൽ നിന്നും.”

ജെസ്സി ചിരിച്ചു കൊണ്ടു പറഞ്ഞു.

“നിനക്ക് ഒരു മസാലദോശ അല്ല,ആ ഹോട്ടൽ തന്നെ മേടിച്ചു തരണമെങ്കിൽ തരും “

ടോമിച്ചൻ ജീപ്പിന്റെ ഗിയർ മാറ്റി ആക്സിലേറ്റർ കൂട്ടി കൊടുത്തു കൊണ്ടു  ജെസ്സിയെ നോക്കി.ആര്യസിൽ നിന്നും മസാലദോശ മേടിച്ചു കൊടുത്തു,  ജെസ്സിയുമായി ജീപ്പ് പാർക്കു ചെയ്തിരിക്കുന്നിടത്തേക്ക് ചെല്ലുമ്പോൾ ആണ് ടോമിച്ചൻ അത് കണ്ടത്.

ജീപ്പിന്റെ ബോണറ്റിലും സൈഡിലും എന്തോ വച്ചു പോറൽ ഉണ്ടാക്കിയിരിക്കുന്നു. ടോമിച്ചൻ ചുറ്റും നോക്കി. കുറച്ച് വാഹനങ്ങൾ പാർക്കും ചെയ്തിരിക്കുന്നു, കുറച്ചാളുകൾ അങ്ങിങ്ങായി നിന്നു സംസാരിക്കുന്നു. ജെസ്സിയെ ജീപ്പിൽ കയറ്റിയിരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് വന്ന ടോമിച്ചൻ കണ്ടു. സീറ്റും കീറി വച്ചിരിക്കുന്നു!!ഏതോ മൂർച്ചയുള്ള ആയുധം വച്ചു വരഞ്ഞു വിട്ടിരിക്കുകയാണ്..

“ഇതെങ്ങനെയാ ഈ സീറ്റ്‌ കീറി പോയത്. ഇങ്ങോട്ട് വന്നപ്പോൾ ഇല്ലായിരുന്നല്ലോ “

ജെസ്സി സംശയത്തോടെ ചോദിച്ചു കൊണ്ടു ടോമിച്ചനെ നോക്കി.

“ഏതെങ്കിലും വികൃതി പിള്ളേരുടെ പണി ആയിരിക്കും. കാര്യമാക്കണ്ട “

ജെസ്സിയോട് നിസാരമട്ടിൽ പറഞ്ഞിട്ട് ടോമിച്ചൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു.

മുൻപോട്ടു ജീപ്പ്പെടുത്തു കുറച്ച് ദൂരം ചെന്നപ്പോൾ ആണ് റിയർവ്യൂ മിററിൽ ടോമിച്ചൻ കണ്ടത്. കുറച്ച് അകലെ ഒരാൾ നോക്കി നിൽക്കുന്നത്.!!തലയിൽ ഒരു തൊപ്പി വച്ചിരിക്കുന്നതിനാൽ മുഖം വ്യെക്തമല്ല. അയാൾ കയ്യുയർത്തി കാണിക്കുന്നു. ജീപ്പ് സൈഡ് ഒതുക്കി നിർത്തി. ടോമിച്ചൻ ഇറങ്ങി പുറകോട്ടു നോക്കി. അപ്പോൾ അവിടെ കുറച്ച് പേര് നിന്നു സംസാരിക്കുന്നതു കണ്ടു. എന്നാൽ ആ കൈവീശി കാണിച്ചു കൊണ്ടു നിന്ന ആളിനെ കാണാനില്ല!!

ടോമിച്ചൻ തിരിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

“എന്ത്‌ പറ്റി, എന്താ വണ്ടി നിർത്തി ഇറങ്ങി നോക്കിയത് “

ജെസ്സി ആശങ്കയോടെ ടോമിച്ചനെ നോക്കി.

“അതൊന്നുമില്ല. ജീപ്പിന്റെ ബാക്ക് ടയറിനു കുറച്ച് കാറ്റു കുറവുപോലെ. അതുകൊണ്ട് ഒന്നും നോക്കിയതാ. കുഴപ്പമില്ല. പോകാം “

ഉപ്പുതറകഴിഞ്ഞു ഒരു വളവ് തിരിഞ്ഞു കൊണ്ടിരിക്കുമ്പോൾ എതിരെ ഒരു ലോറി പാഞ്ഞു വന്നു. പെട്ടന്ന് ജീപ്പ് വെട്ടിച്ചു ഇടവഴി പോലുള്ള ഭാഗത്തേക്ക്‌ കയറ്റിയത് കൊണ്ടു ഇടിച്ചു ഇടിച്ചില്ല എന്ന പോലെ ലോറി പാഞ്ഞു പോയി നിന്നു.ടോമിച്ചന് അപകടം മണത്തു.കുറച്ച് മുൻപ് തന്നെ കൈവീശി കാണിച്ചവനും, ഇപ്പോൾ തന്റെ ജീപ്പിൽ ഇടിക്കാൻ വന്ന ലോറിയും തമ്മിൽ ഒരു ബന്ധമില്ലേ എന്നൊരു തോന്നൽ!!

ടോമിച്ചൻ ജീപ്പ് റിവേഴ്‌സ് എടുത്തു മുൻപോട്ടു പോയി.

ടോമിച്ചൻ ജെസ്സിയെ നോക്കി.

ലോറി ഇടിക്കാൻ വന്നതുകണ്ടു പേടിച്ചിരിക്കുകയാണ്.

“നീ പേടിച്ച് പോയോ. വഴിയിൽ ഇതൊക്കെ സ്വഭാവികമാ. ലോറിയുടെ നിയത്രണം പോയതാണെന്നു തോന്നുന്നു. വേഗം പോകാം “

ടോമിച്ചൻ ജീപ്പിനു വേഗത കൂട്ടി.കുറച്ച് മുൻപോട്ടോടിയപ്പോൾ ജീപ്പിന്റെ റിയർവ്യൂ മിററിൽ കുറച്ചകലെ നിന്നും ഒരു  ലോറി വരുന്നത് കണ്ടു. ടോമിച്ചൻ സൂക്ഷിച്ചു നോക്കി. താങ്കളെ ഇപ്പോൾ ഇടിക്കാൻ വന്ന ലോറി ആണ് പിന്തുടർന്നു  വരുന്നതെന്ന സത്യം ടോമിച്ചന് മനസ്സിലായി. ടോമിച്ചൻ ജെസ്സിയെ നോക്കി. അവൾ സീറ്റിൽ ചാരി ഇരുന്നു മുൻപോട്ടു നോക്കി ഇരിക്കുകയാണ്.അവളറിഞ്ഞാൽ പേടിക്കും, അവളെ ഇതറിയിക്കരുത്.

ടോമിച്ചന്റെ കാൽ ആക്സിലേറ്ററിൽ കൂടുതൽ അമർന്നു. ജീപ്പ് വളരെ വേഗതയിൽ കുതിച്ചു പാഞ്ഞു.

പെട്ടന്ന് വേഗത കൂടിയതും ജെസ്സി ടോമിച്ചനെ നോക്കി.

“ഇതെന്തിനാ ഇത്രയും വേഗത്തിൽ പോകുന്നത്. പേടി ആകുമല്ലോ “

ജെസ്സിയുടെ ചോദ്യത്തിന് ടോമിച്ചൻ ചിരിച്ചു.

“വേഗത്തിൽ ഓടിച്ചാലേ ഒരു രസമുള്ളൂ. പിന്നെ ഞാനല്ലേ നിന്റെ കൂടെ. പിന്നെ നീ എന്തിനാ പേടിക്കുന്നത്. ഇതു ആദ്യമൊന്നുമല്ലല്ലോ സ്പീഡിൽ പോകുന്നത്. നീ അനങ്ങാതെ അവിടെ ഇരുന്നോ “

ജെസ്സിക്ക് ധൈര്യം പകർന്നു ടോമിച്ചൻ ജീപ്പിന്റെ ഗിയർ മാറ്റി ആക്സിലേറ്റർ കൂട്ടി കൊണ്ടിരുന്നു.ഇടക്ക് ഫോണെടുത്തു ആന്റണിയെ വിളിച്ചു. ജെസ്സിക്ക് മനസ്സിലാകാത്ത രീതിയിൽ തമിഴിൽ കാര്യങ്ങൾ പറഞ്ഞു.

വീടിന്റെ മുൻപിലെത്തി ജെസ്സിയെ ഇറക്കി ടോമിച്ചൻ ജീപ്പ് തിരിച്ചു.

“നിങ്ങളിനി എങ്ങോട്ട് പോകുവാ, ങേ. ഇപ്പൊ വന്നു കേറിയതല്ലേ ഉള്ളു “

ജെസ്സി ടോമിച്ചനോട് ചോദിച്ചു.

“ഞാനിപ്പോൾ വരാം. ആന്റണിച്ഛനോട് ഒരത്യാവശ്യകാര്യം നേരിട്ടു പറയാനുണ്ട്. നീ പോയി വിശ്രെമിക്ക്. അപ്പോഴേക്കും ഞാൻ വരാം.”

പറഞ്ഞിട്ട് ടോമിച്ചൻ ജീപ്പുമായി പുറത്തേക്കു പോയി.

“അവൻ ഇത്രയും വെപ്രാളപ്പെട്ടു എവിടെ പോയതാ മോളേ “

ശോശാമ്മ ജെസ്സിയുടെ അടുത്തേക്ക് വന്നു.

“അറിയത്തില്ല അമ്മച്ചി. അത്യാവശ്യമുണ്ടെന്നും ഇപ്പൊ വരാമെന്നും പറഞ്ഞു പോയതാ. “

ഗേറ്റിലേക്ക് നോക്കിയിട്ട് ജെസ്സി ബെഡ്റൂമിലേക്ക് നടന്നു.

ഫാമിലേക്ക് തിരിയുന്നിടത്തു ടോമിച്ചൻ എത്തിയപ്പോൾ ആന്റണി എത്തിയിരുന്നു.ആന്റണി ജീപ്പിൽ കയറി കട്ടപ്പന റൂട്ടിലേക്കു വിട്ടു.രണ്ട് കിലോമീറ്റർ മുൻപോട്ടു പോയതും വഴിയരുകിൽ ആ ലോറി നിർത്തിയിട്ടിരിക്കുന്നത് ടോമിച്ചൻ കണ്ടു.

“ആന്റണിച്ച, അതാണ് ലോറി “

അതിനടുത്തു കൊണ്ടു നിർത്തിയിട്ടു ടോമിച്ചൻ ഇറങ്ങി. കൂടെ ആന്റണിയും.

ആന്റണി ചെന്നു ലോറിയുടെ ക്യാബിനിൽ ചെന്നു നോക്കി.അതിനുള്ളിൽ ആരുമില്ല!!

അപ്പോഴേക്കും ടോമിച്ചൻ ലോറിയുടെ ചുറ്റും നടന്നു നോക്കിയിട്ട് ആന്റണിയുടെ അടുത്തെത്തി.

“ആരെയും കാണുന്നില്ലല്ലോ ആന്റണിച്ച. ആ പന്ന പൊല&%@മോൻ എവിടെ പോയി.”

ടോമിച്ചൻ ആന്റണിയോട് പറഞ്ഞിട്ട് കുറച്ചാകലെ കണ്ട പലചരക്കു കടയിലേക്ക് ചെന്നു.കടക്കാരനോട് അന്വേഷിച്ചെങ്കിലും അയാളിൽ നിന്നും ഒന്നും കിട്ടിയില്ല. ടോമിച്ചൻ തിരിച്ചു ലോറിയുടെ അടുത്ത് വന്നു ആന്റണിയെ നോക്കുമ്പോൾ ലോറികടിയിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത്.

“ഇതിനടിയിൽ എങ്ങാനും ആരെങ്കിലും  ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കിയതാ “

ആന്റണി എഴുനേറ്റു തോർത്ത്‌ കൊണ്ടു ദേഹത്ത് പറ്റിയ പൊടിയും ചെളിയും തട്ടികളഞ്ഞു.

കുറച്ച് നേരം കൂടി അവർ ലോറിക്ക് സമീപം ചുറ്റി പറ്റി നിന്നശേഷം ജീപ്പിൽ കയറി തിരിച്ചു മുൻപോട്ടെടുത്തു പോയതും പെട്ടന്ന് ആന്റണി ജീപ്പ് നിർത്തുവാൻ പറഞ്ഞു.

“എന്താ ആന്റണിച്ച “

ടോമിച്ചൻ ആന്റണിയെ നോക്കി.

“ലോറിയിൽ ആരോ വന്നു കയറിയപോലെ. കണ്ണാടിയിൽ കണ്ടു “

ആന്റണി പുറത്തേക്കിറങ്ങി. അതേ നിമിഷം ലോറി സ്റ്റാർട്ടായി മുൻപോട്ടു നീങ്ങി.

“ടോമിച്ചാ ജീപ്പ് തിരിച്ചോ. അവനെ വിടരുത് “

ഉച്ചത്തിൽ പറഞ്ഞു കൊണ്ടു ആന്റണി ചാടി ജീപ്പിൽ കയറി. ടോമിച്ചൻ ജീപ്പ് അവിടെയിട്ടു തിരിച്ചു ലോറിക്ക് പുറകെ പാഞ്ഞു. പുറകെ ജീപ്പ് വരുന്നത് കണ്ട് ലോറിയുടെ വേഗം കൂടി.അതനുസരിച്ചു ജീപ്പിന്റെ വേഗവും കൂടി കൊണ്ടിരുന്നു. ഒരു വളവിൽ എത്തിയതും എതിരെ കോട്ടയത്ത്‌ പോകുന്ന ഒരു കെ എസ് ആർ ടി സി ബസ് വന്നത് അമിത വേഗതയിൽ ആയിരുന്ന ലോറി നിയത്രണം വിട്ടു   അടുത്ത് നിന്ന ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്തു വഴിയുടെ ആ ഭാഗത്തുള്ള താഴ്ചയിലേക്ക് ചെരിഞ്ഞു , രണ്ട് മൂന്നു മലക്കം മറിഞ്ഞു താഴെ പോയി ഇടിച്ചു നിന്നു. ടോമിച്ചൻ ജീപ്പ് നിർത്തി. ബസ് നിർത്തി അതിലുള്ള യാത്രക്കാരും ഡ്രൈവരും കണ്ടക്ടരും ഇറങ്ങി ലോറി വീണു കിടക്കുന്ന താഴ്ചയിലേക്ക് നോക്കി നിന്നു.

“ലോറി തകർന്നു പോയി. അതിലുള്ളയാൾ രക്ഷപെടാനുള്ള ഒരു ചാൻസും ഇല്ല “

ഡ്രൈവർ കൂടി നിന്നവരോടായി പറയുന്നത് ടോമിച്ചൻ കേട്ടു.

“അവൻ ചാകേണ്ടവൻ ആണ്. അതുകൊണ്ട് അവൻ ചത്തു. നമുക്ക് സ്ഥലം വിട്ടേക്കാം. ആർക്കെങ്കിലും സംശയം തോന്നുന്നതിനു മുൻപ് “

ആന്റണി ടോമിച്ചനോട് പറഞ്ഞിട്ട് ഒരു ബീഡി കത്തിച്ചു ചുണ്ടിൽ വച്ചു.

ടോമിച്ചൻ ജീപ്പ് തിരിച്ചു കുട്ടിക്കാനത്തേക്ക് വിട്ടു.

“ടോമിച്ചാ, അവനൊരുത്തൻ ചത്തെന്നു കരുതി ഇതിനെ നിസാരമായി കാണണ്ട. ഇതിനു പിന്നിൽ ആരൊക്കെയോ ഉണ്ട്. അതാരൊക്കെ എന്ന് കണ്ടു പിടിക്കുന്നത് വരെ നമ്മള് സൂക്ഷിക്കണം.ഗർഭിണി ആയ ജെസ്സി കൊച്ചിനെയും കൊണ്ടു വരുന്ന വഴി കൂടെ ഒരു പെണ്ണുണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ കൊല്ലാൻ വന്നവനാ അവൻ. അപ്പോ പിന്നെ അവൻ ജീവിച്ചിരിക്കരുത് എന്ന് എനിക്കും നിർബന്ധം ഉണ്ടായിരുന്നു “

ആന്റണി പറഞ്ഞത് പൂർണ്ണമായും മനസ്സിലാകാതെ ടോമിച്ചൻ ആന്റണിയെ നോക്കി.

“നിനക്ക് മനസ്സിലായില്ല അല്ലെ, അവനെ വെറുതെ വിട്ടാൽ നാളെയും നിനക്കെതിരെ കൊട്ടേഷനും കൊണ്ടു വരും. അതുകൊണ്ട് അവൻ രക്ഷപെടാതെ ഇരിക്കാൻ ഞാൻ ആ ലോറിയുടെ ബ്രേക്ക്‌ അങ്ങ് ഊരി വിട്ടു. അതുകൊണ്ടാ വളവിൽ ലോറി ചവിട്ടിയിട്ടു അവന് കിട്ടാത്തത് “

ആന്റണി പറഞ്ഞത് കേട്ടു ടോമിച്ചൻ അമ്പരന്നു നോക്കി.

“ആന്റണിച്ച, നിങ്ങള് യഥാർത്ഥത്തിൽ ഇവിടെയെങ്ങും ജീവിക്കേണ്ട ആളല്ല. വല്ല കൊള്ളത്തലവനും ആകേണ്ടവനാ “

ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണി ഒന്നു ചിരിച്ചു.

“ടോമിച്ചാ,ഞാനൊരിക്കൽ പറഞ്ഞത് നീ മറന്നുപോയോ. ഞാൻ നിന്റെ രക്ഷക്ക് വേണ്ടി എന്തും ചെയ്യും. നിനക്കെതിരെ ആര് വന്നാലും കൊല്ലാനും ചാകാനും നിന്റെ കൂടെ ഇ ആന്റണി ഉണ്ടാകും. അത് ഞാൻ വെറുതെ പറഞ്ഞതല്ല. മനസ്സിൽ തട്ടി പറഞ്ഞതാ. നിന്നോടും നിന്റെ കുടുംബത്തോടും എനിക്ക് ഇ ജന്മത്തിൽ തീർത്ത തീരാത്ത കടപ്പാടുണ്ട്.”

ആന്റണി വലിച്ചു കൊണ്ടിരുന്ന ബീഡിയിൽ നിന്നും മറ്റൊരു ബീഡി കത്തിച്ചു ടോമിച്ചന് കൊടുത്തു.

*******************************************

പള്ളിയിൽ നിന്നുമിറങ്ങി ലിജി വീട്ടിലേക്കു നടക്കുമ്പോൾ ആണ് പുറകിൽ ഒരു ബൈക്കിന്റെ ഹോൺ മുഴങ്ങിയത്. തിരിഞ്ഞു നോക്കുന്നതിന് മുൻപ് ബൈക്ക് അടുത്ത് വന്നു നിന്നു

“പേടിച്ച് പോയോ “

ഡേവിഡ് ചിരിച്ചു കൊണ്ടു ലിജിയെ നോക്കി.

“പിന്നെ പേടിക്കാതെ,എന്റെ നല്ല ജീവൻ പോയി. ഇന്നെന്താ ബൈക്കിൽ ഒരു യാത്ര “

ലിജി ഡേവിഡിനെ നോക്കി.

“അതൊരു ചെയ്ഞ്ചു ആയിക്കോട്ടെ എന്ന് കരുതി. കാറിൽ പോകുന്നതും ബൈക്കിൽ പോകുന്നതും രണ്ടും രണ്ടനുഭവമാ.”

ഡേവിഡ് പറഞ്ഞു.

“കാശുള്ളവർക്ക് അങ്ങനെ പലതും തോന്നും. ഞങ്ങളെ പോലുള്ളവർക്ക് ഇങ്ങനെ നടന്നു പോകുന്നതാ നല്ല അനുഭവം.”

ലിജി ഡേവിഡിനെ നോക്കി.

“ശരി, കെട്ടാൻ പോകുന്ന പെണ്ണിനെ ബൈക്കിന്റെ പുറകിൽ ഇരുത്തി ചുറ്റിയടിക്കുക എന്നത് ഏതൊരാണിന്റെയും ആഗ്രഹമാണ്. എന്തായാലും ഇങ്ങോട്ട് കേറ്. ഞാൻ അടിവാരം ടൌൺ വരെ ഒരുമിച്ചു പോകാം. ഇനി ആളുകൾ കണ്ടാലും കുഴപ്പമില്ലല്ലോ.”

ഡേവിഡ് പറഞ്ഞത് കേട്ടു ഒന്നു മടിച്ചു നിന്നിട്ട് ലിജി ബൈക്കിന്റെ പുറകിൽ കയറി.

“ഞാനാദ്യമായിട്ട ബൈക്കിൽ കയറുന്നതു. പതുക്കെ പോണം. അല്ലെങ്കിൽ ഞാൻ വഴിയിൽ കിടക്കും “

ലിജി ഡേവിഡിന്റെ തോളിൽ അമർത്തി പിടിച്ചു കൊണ്ടു പറഞ്ഞു.

“ഇങ്ങനെ തോളിൽ പിടിച്ചിരുന്നാൽ ചിലപ്പോൾ മറിഞ്ഞു വീഴും. ചേർന്നിരുന്നു ഒരു കൈകൊണ്ടു എന്നെ ചുറ്റിപ്പിടിച്ചിരിക്ക്. ഞാനിപ്പോൾ അന്യനൊന്നും അല്ലല്ലോ. ആണോ “?

ഡേവിഡ് ചോദിച്ചു കൊണ്ടു ബൈക്കിന്റെ സ്പീഡ് കുറച്ചു.

“എന്നാലും അങ്ങനെ ഒക്കെ ഇരിക്കണമെങ്കിൽ കല്യാണം കഴിഞ്ഞിട്ട് മതി. അതാണ് അതിന്റെ ശരി “

ലിജി ഒരു കൈകൊണ്ടു ബൈക്കിലെ ലേഡീസ് ഹാൻഡിലിലും പിടിച്ചു.

“ശരി, അങ്ങനെയെങ്കിൽ വേണ്ട. ഞാൻ നിർബന്ധിക്കുന്നില്ല പോരെ.”

ടൌൺ എത്തിയതും മഴ പെയ്യുവാൻ തുടങ്ങി. അടുത്ത് കണ്ട അടച്ചിട്ടിരുന്ന കടയുടെ വരാന്തയിൽ കയറി അവർ നിന്നു.

“ചോദിച്ചില്ലല്ലോ? എവിടെ പോയതാ “

ഡേവിഡ് ലിജിയെ നോക്കി.

“പള്ളിയിൽ വരെ പോയതാ.അൽത്താരയുടെ മുൻപിൽ മുട്ടുകുത്തി നിന്നു ഇനിയുള്ള ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണമെന്ന് അപേക്ഷിച്ചു. ഇനിയൊരു പരീക്ഷണം താങ്ങാൻ പറ്റത്തില്ലെന്നു കർത്താവിനോട് പറഞ്ഞു. കഴിഞ്ഞതൊക്കെ ഓർത്തപ്പോൾ ഒന്നു കരഞ്ഞു. ഒരു പെണ്ണ് വന്നു മനസ്സ് നൊന്തു കരഞ്ഞു അവളുടെ സങ്കടം പറയുമ്പോൾ കർത്താവ് കേട്ടില്ലെന്നു നടിക്കുമോ? ഇല്ലെന്നാണ് എന്റെ വിശ്വാസം.”

ലിജി പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

“ഈ നേർത്ത മൂടൽമഞ്ഞിൽ പെയ്തിറങ്ങുന്ന മഴത്തുള്ളികളും അവയെ തലോടുന്ന സ്നേഹത്തിന്റെ നേർത്ത കുളിരും മനസ്സിന്റെ മടിത്തട്ടിലുറങ്ങുന്ന പ്രണയഭാവത്തെ തൊട്ടുണർത്തുന്നുവോ എന്നൊരു സംശയം “

ലിജി മഴതുള്ളികളെ കൈ നീട്ടി കൈകുമ്പിളിൽ ഏറ്റു വാങ്ങി കൊണ്ടു ഡേവിഡിനെ നോക്കി.ഡേവിഡ് നനഞ്ഞ മുടിയിലെ വെള്ളം കൈകൊണ്ടു തട്ടി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

“കയ്യിൽ തൂവാല ഇല്ലേ തല തുടക്കാൻ “

ലിജി ഡേവിഡിനെ നോക്കി.

“നമ്മളൊന്നും സ്ത്രികളെ പോലെ തൂവാലയും കൊണ്ടു നടക്കാറില്ല.,”

ഡേവിഡ് ചിരിച്ചു കൊണ്ടു പറഞ്ഞിട്ട് ലിജിയെ നോക്കി.

“ഒരു കാര്യം ചെയ്യ്. ഈ സാരിയുടെ തുമ്പെടുത്തു തല തൂവർത്ത്. ഇല്ലങ്കിൽ നാളെ വല്ല പനിയും പിടിച്ചു കിടക്കേണ്ടി വരും. ഇപ്പൊ പനിയുടെ സമയമാ “

ലിജി പറഞ്ഞു കൊണ്ടു ഡേവിഡിന്റെ അടുത്തേക്ക് ചെന്നു പുറകിലേക്ക് കിടന്ന സാരിയുടെ തുമ്പ് എടുത്തു നീട്ടി.

“എന്തായാലും പറഞ്ഞതല്ലേ. ചെയ്തേക്കാം. പക്ഷെ ഈ സാരി കൊണ്ടു തല തുവർത്താനൊന്നും എനിക്കറിയത്തില്ല. അറിയാമെങ്കിൽ ഒന്നും ചെയ്തു തരുകയാണെങ്കിൽ നന്നായിരുന്നു “

ഡേവിഡ്  ഒരു കള്ളച്ചിരിയോടെ ലിജിയെ നോക്കി.

“അസുഖം എന്താണെന്നു എനിക്ക് മനസ്സിലായി. കെട്ടാൻ പോകുന്ന ആളല്ലേ.പറഞ്ഞിട്ട് ചെയ്തില്ലെന്നു വേണ്ട”

ലിജി സാരിയുടെ തുമ്പുപയോഗിച്ച് ഡേവിഡിന്റെ തല തുവർത്തി കൊടുത്തു.

“ലിജി,ആദ്യമായി കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്, കെട്ടാൻപോകുന്നവന് ചെയ്തു കൊടുത്ത സഹായം. ഇതു എന്നും നമ്മുടെ ജീവിതത്തിൽ ഓർത്തിരിക്കും.ഒരുപാടു നന്മയുള്ള മനസ്സാണ് കർത്താവ് ലിജിക്ക്, എന്റെ ഭാവി വധുവിനു തന്നിരിക്കുന്നത്. അതിൽ ഞാൻ അഭിമാനിക്കുന്നു. അഹങ്കരിക്കുന്നു.”

ഡേവിഡ് ലിജിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“മതി പുകഴ്ത്തിയത്. കല്യാണത്തിന് മുൻപ് ഇങ്ങനത്തെ പുകഴ്തൽ സർവ്വസാധാരണമാണ് എല്ലാ കാമുകകാമുകി മാരുടെ ഇടയിലും. പക്ഷെ ഇതൊക്കെ കല്യാണം കഴിഞ്ഞും ഉണ്ടോ എന്നതിലാണ് ജീവിതത്തിന്റെ കെട്ടുറപ്പ്. കേട്ടോ. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലുള്ളതാണ് യാഥാർഥ്യം എന്ന സത്യം. പലപ്പോഴും ആളുകൾ ഒന്നെങ്കിൽ വിശ്വാസം, അല്ലെങ്കിൽ അവിശ്വാസം, ഇതിൽ ഒന്നിൽ കടിച്ചുതൂങ്ങി കിടക്കുന്നവരാണ്. അതുകൊണ്ട് യാഥാർഥ്യം കാണുവാൻ അവർക്കു സാധിക്കുന്നില്ല. അതുകൊണ്ടാണ് ബന്ധങ്ങൾക്ക് ഇപ്പോൾ ഒരു കെട്ടുറപ്പില്ലാത്തത്. ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ “

ലിജി പറയുന്നത് സകൂതത്തോടെ ഡേവിഡ് നോക്കി നിന്നു.

“മനസ്സിലായി. നമുക്കെന്തായാലും യഥാർഥ്യത്തെ ഉൾക്കൊണ്ട്‌ ജീവിക്കാം. പോരെ. പറയുന്നത് പോലെ അങ്ങ് ചെയ്തേക്കാം…”

ഡേവിഡ് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഫോൺ വന്നു.വിളിച്ചയാളോട് സംസാരിച്ചിട്ട് ഫോൺ വച്ചു ലിജിയെ നോക്കി.

“മഴ കഴിഞ്ഞു. നമുക്ക് പോയാലോ. അത്യാവശ്യമായി ഒരാളെ കാണാനുണ്ട് “

ഡേവിഡ് കടയുടെ വരാന്തയിൽ നിന്നും പുറത്തേക്കു ഇറങ്ങി നിന്നു നോക്കി.

“പോകാൻ തൃതി ഉണ്ടെങ്കിൽ പൊയ്ക്കോ. എനിക്ക് ഇവിടെ ഒരു തയ്യൽ കടയിൽ കയറാനുണ്ട്. കുറച്ച് സമയമെടുക്കും “

ലിജി പറഞ്ഞത് കേട്ടു ഡേവിഡ് യാത്ര പറഞ്ഞു ബൈക്കിൽ കയറി.

“അത്യാവശ്യമാണ് അതുകൊണ്ടാ,അല്ലെങ്കിൽ വീട്ടിലേക്കു വന്നേനെ .”

ഡേവിഡ് ലിജിയെ നോക്കി യാത്ര പറഞ്ഞു പോയി.

രാത്രി മുറ്റത്തു ടോമിച്ചനും ഡേവിഡും ആന്റണിയും കൂടി ഇരുന്നു ചീട്ടുകളിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇടക്ക് ഇലക്ഷനെ കുറിച്ചും ഫ്രഡ്‌ഡിയുടെ വിജയസാധ്യതയെ കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വരാന്തയിൽ നിന്നും ജെസ്സി വിളിക്കുന്നത്‌ കേട്ടു ടോമിച്ചൻ എഴുനേറ്റു അങ്ങോട്ട്‌ ചെന്നു.

“എന്ത്‌ പറ്റി, എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് “

ടോമിച്ചൻ ജെസ്സിയെ നോക്കി.

“ഇപ്പൊ ആന്റണിച്ചന്റെ വീട്ടിൽ നിന്നും ലിഷ വിളിച്ചു. പള്ളിയിൽ പോയ ജെസ്സി ഇതുവരെ വീട്ടിൽ എത്തിയിട്ടില്ലെന്നു. അവര് ഭയങ്കര കരച്ചിലാണ് “

ജെസ്സി പറഞ്ഞത് കേട്ടു ടോമിച്ചൻ തിരിഞ്ഞു ആന്റണി ഇരിക്കുന്ന ഭാഗത്തേക്ക്‌ പോയി.

“ഉച്ചകഴിഞ്ഞപ്പോൾ പോയതാ. സന്ധ്യയായിട്ടും എത്താതിരുന്നപ്പോൾ മുതൽ ഇങ്ങോട്ട് വിളിക്കുന്നതാ. ഇപ്പോഴാണ് കിട്ടിയത്. അവർക്കു അങ്ങനെ ബന്ധുക്കൾ ഒന്നുമില്ലല്ലോ. ലിജിയാണെങ്കിൽ അങ്ങനെ ഒരുവടതും പോകുന്നതുമല്ല. എനിക്കെന്തോ വല്ലാത്ത പേടി തോന്നുന്നു. കല്യാണം പറഞ്ഞുവച്ച പെണ്ണാ. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെന്നു  കരുതി  ആരെങ്കിലും കരുതി കൂട്ടി ഉപദ്രെവിക്കാൻ ചെയ്തത് വല്ലതുമാണോ എന്നാ “

ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“അതൊരു പാവം പെണ്ണാ, എവിടെ ആണെങ്കിലും കണ്ടു പിടിക്കണം നിങ്ങള്.”

ജെസ്സിയുടെ മുഖത്തു സങ്കടം നിറഞ്ഞു.

“നീ അമ്മച്ചിയോടൊന്നും പറയണ്ട. ഞാൻ ആലോചിച്ചിട്ട് ചെയ്തോളാം. നീ അകത്ത് പൊക്കോ. വീട് അടച്ചിട്ടോ. ഞാൻ വിളിക്കാതെ പുറത്തിറങ്ങിയേക്കരുത് “

ടോമിച്ചൻ ആന്റണിയുടെയും ഡേവിഡിന്റെയും അടുത്തേക്ക് ചെന്നു

“ആന്റണിച്ച, ഇവിടെ കാണണം. ഞാൻ വരുന്നത് വരെ. വീട്ടിൽ പെണ്ണുങ്ങള് മാത്രമേ ഉള്ളു. ചിലപ്പോൾ വരാൻ താമസിക്കും “

ടോമിച്ചൻ ആന്റണിയോട് പറഞ്ഞിട്ട് ഡേവിഡിനെ നോക്കി.

“ഡേവിടേ.. ജീപ്പ്പെടുത്തോ, നമുക്ക് ഒരു സ്ഥലം വരെ പോണം ഇപ്പോൾ “

ഡേവിഡ് ജീപ്പെടുക്കാൻ പോയതും ആന്റണി ടോമിച്ചനെ നോക്കി.

“എന്താടാ ടോമിച്ചാ പ്രശ്നം, ഞാനും വരട്ടെ, “

ആന്റണി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.

“ആന്റണിച്ചൻ ഇവിടെ കണ്ടാൽ മതി. കാര്യമൊക്കെ വന്നിട്ട് പറയാം “

ടോമിച്ചൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഡേവിഡ് ജീപ്പ്പുമായെത്തി.

“ടോമിച്ചാ.. സൂക്ഷിച്ചേ പോകാവൂ. എല്ലായിടത്തും ശ്രെദ്ധ ഉണ്ടാകണം “

ആന്റണിയെ നോക്കി തലകുലുക്കി ടോമിച്ചൻ ജീപ്പിൽ കയറി. ഗേറ്റ് കടന്നതും

ടോമിച്ചൻ ഡേവിഡിനെ നോക്കി.

“അടിവാരത്തിനു വിട്ടോ. പെട്ടന്ന് എത്തണം അവിടെ “

കാര്യം മനസ്സിലായില്ലെങ്കിലും ഡേവിഡിന്റെ കാൽ ആക്സിലറ്ററിൽ അമർന്നു. ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ ഇരുളിനെ കീറിമുറിച്ചു കൊണ്ടു അടിവാരം ലക്ഷ്യമാക്കി ജീപ്പ് പാഞ്ഞു.

                      ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!