ടോമിച്ചൻ ലില്ലിക്കുട്ടിയുടെ കയ്യിൽ നിന്നും ഒരു പായ മേടിച്ചു വരാന്തയിൽ ഇട്ടു.
“ടോമിച്ചാ, ഡേവിടേ,അകത്ത് കേറി ഉള്ള സ്ഥലത്തു കിടക്ക്. പുറത്ത് നല്ല മഞ്ഞുണ്ട്. പോരാത്തതിനുതണുപ്പും.”
ലില്ലിക്കുട്ടി നിർബന്ധിച്ചു എങ്കിലും ടോമിച്ചൻ വിരിച്ചിട്ട പായമേൽ ഇരുന്നു .
“ലില്ലി ചേടത്തി പോയി മക്കളുടെ കൂടെ കിടന്നു സുഖമായി ഉറങ്ങ്. എനിക്കിതൊക്കെ നല്ല ശീലമാ. ഇവിടെ ഇങ്ങനെ ഒരു പായ വിരിച്ചു നിവർന്നു കിടക്കുമ്പോൾ ഉണ്ടാകുന്ന ആത്മസന്തോഷം പട്ടുമെത്തയിൽ കിടന്നാൽ കിട്ടത്തില്ല. ഡേവിഡ് ജീപ്പിൽ കിടന്നോളും. ചേടത്തി പൊയ്ക്കോ “
ടോമിച്ചൻ സങ്കടപെട്ട് നിൽക്കുന്ന ലില്ലിക്കുട്ടിയെ പറഞ്ഞു വീട്ടിനുള്ളിലേക്ക് വിട്ടു.
“ഡേവിടേ, ജീപ്പിൽ പോയി കിടന്നു ഒന്ന് നടുവ് നിവർത്തിക്കോ, ബോധം കെട്ടൊന്നും ഉറങ്ങിയേക്കരുത്. ഒരു ശ്രെദ്ധ വേണം. മൂർഖനെയാ നോവിച്ചു വീട്ടിരിക്കുന്നത്. സൈമണിന്റെ ഉപ്പും ചോറും തിന്നു ജീവിക്കുന്ന കുറച്ചാളുകൾ എങ്കിലും ഇവിടെയൊക്കെ കാണും. ഒന്ന് സൂക്ഷിച്ചോണം “
ടോമിച്ചൻ പറഞ്ഞത് കേട്ട് ഡേവിഡ് എഴുനേറ്റു ജീപ്പിനരുകിലേക്ക് പോയി. ടോമിച്ചൻ പായിൽ ഇരുന്നു ഒരു ബീഡിക്കു തീ കൊളുത്തി വലിച്ചു പുക പുറത്തേക്കു വിട്ടു, ആ പുകച്ചുരുളുകളിലേക്ക് നോക്കിയിരുന്നു. ആകാശത്തു കാർമേഘങ്ങൾക്കിടയിൽ അമ്പിളികല ഇടക്കിടെ എത്തി നോക്കുനുണ്ട്. ചിലപ്പോൾ ഒരു മഴക്കുള്ള സാധ്യത ഉണ്ട്.ചെറിയ തണുത്ത കാറ്റും വീശുന്നുണ്ട്.
ബീഡി വലിച്ചു തീർത്തു കുറ്റി ദൂരേക്ക് എറിഞ്ഞു കളഞ്ഞു ടോമിച്ചൻ പായിലേക്ക് നിവർന്നു കിടന്നു.ഓരോന്നും ഓർത്തു കിടന്നു പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.
എന്തോ ശബ്‌ദം കേട്ടു കണ്ണു തുറക്കുമ്പോൾ കാണുന്നത് വീടിന്റെ മുകൾഭാഗം കത്തുന്നതാണ്. ആദ്യം സ്വപ്നം ആണെന്ന് കരുതി എങ്കിലും കണ്ണുതിരുമ്മിയടച്ചു ഒന്ന് കൂടി നോക്കിയപ്പോൾ കണ്ടു. വീടിന്റെ മേൽകൂര കത്തുന്നു.ചാടി എഴുന്നേറ്റതും ഒരാൾ മുറ്റത്തുകൂടി ഓടി തേയിലചെടികൾക്കിടയിലേക്ക് പോകുന്നതു ടോമിച്ചൻ കണ്ടു.!വീടിന് ചുറ്റും തീ പടർന്നിട്ടുണ്ട്. വായുവിൽ പെട്രോളിന്റെ മണം!
ലില്ലിക്കുട്ടിയും പെണ്മക്കളും വീടിനുള്ളിൽ ഉണ്ടെല്ലോ എന്നോർത്തതും ടോമിച്ചൻ വാതിലിനടുത്തേക്ക് ചെന്നു.
“ലില്ലി ചേടത്തി… ചേടത്തി….പെട്ടന്ന് പുറത്തേക്കു വാ .”
ടോമിച്ചൻ കതകിൽ തട്ടി വിളിച്ചു.
ഒരു നിമിഷം നിന്നിട്ട് ടോമിച്ചൻ കതകിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു. കതകു പൊളിഞ്ഞു വീണു. വീണുകിടന്ന കതകിനു പുറത്ത് കൂടി ടോമിച്ചൻ അകത്തേക്ക് കയറുമ്പോൾ ലില്ലികുട്ടിയും ലിജിയും ലിഷയും അലറികരഞ്ഞു കൊണ്ടു മുറിയിൽ നിന്നും പുറത്തേക്കു വരുകയായിരുന്നു.
“ആരോ വീടിന് തീ വച്ചതാണ്. പെട്ടന്ന് പുറത്തേക്കിറങ്.മേൽക്കൂരയും അടുക്കളയുടെ ഭാഗവും നന്നായി കത്തുകയ.”
ടോമിച്ചൻ അവരെ മൂന്നു പേരെയും മുറ്റത്തേക്കിറക്കിയശേഷം വീട്ടിനുള്ളിൽ നിന്നും എടുക്കാവുന്ന പാത്രങ്ങളും തുണികളും, മറ്റു സാധനങ്ങളൊക്കെ പെറുക്കി മുറ്റത്തേക്കിട്ടു. മേൽക്കൂരയുടെ കുറച്ച് ഭാഗം താഴേക്കു വീഴാൻ തുടങ്ങിയതും ടോമിച്ചൻ തീയിക്കുള്ളിൽ നിന്നും ചാടി മുറ്റത്തേക്കിറങ്ങി. അന്തരീക്ഷത്തിൽ പെട്രോളിന്റെ മണം പരന്നിരുന്നു. ചെറുതായി വീശുന്ന കാറ്റിൽ കൂടുതൽ ആർത്തിയോടെ തീ നാളങ്ങൾ വീടിനെ വിഴുങ്ങിക്കൊണ്ടിരുന്നു.
ആ സമയത്തു ജീപ്പിനടുത്തു ഡേവിഡ് മറ്റൊരാളുമായി പിടിവലിയിൽ ആയിരുന്നു. അത് കണ്ടു ടോമിച്ചൻ അങ്ങോട്ടേക്ക് ഓടി.. പക്ഷെ അടുത്തെത്തുന്നതിനു മുൻപ് ആക്രമിക്കാൻ വന്നവന്റെ ചവിട്ടേറ്റു ഡേവിഡ് തെറിച്ചു ടോമിച്ചന്റെ ദേഹത്തുവന്നിടിച്ചു രണ്ടു പേരും മുറ്റത്തേക്ക് വീണു.
ടോമിച്ചൻ ചാടി എഴുനേറ്റു ജീപ്പിന്റെ നേരെ പാഞ്ഞു ചെന്നു. അവിടെ ചുറ്റുപാടും നോക്കിയെങ്കിലും ആരെയും കണ്ടില്ല. ജീപ്പിൽ നിന്നും ടോർച് എടുത്തു ചുറ്റും തെളിച്ചു നോക്കി കുറച്ച് മുൻപോട്ടു പോയി. ആരെയും കണ്ടെത്താൻ സാധിക്കാതെ തിരിച്ചു വന്നു.അപ്പോൾ ജീപ്പിൽ ചാരി നിന്നു കിതക്കുകയായിരുന്നു ഡേവിഡ്.
“നിനക്കൊന്നും പറ്റിയില്ലല്ലോ അല്ലെ “
ടോമിച്ചൻ ഡേവിഡിനെ നോക്കി.
“ഇല്ല, അവൻ ജീപ്പ് കത്തിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു. ഒന്നുരണ്ടു പേര് ഉണ്ടായിരുന്നു.ജസ്റ്റ് കയ്യിൽ നിന്നും മിസ്സായി പോയി.”
ഡേവിഡ് ആത്മരോക്ഷത്തോടെ പറഞ്ഞു.
“എല്ലാം പോയല്ലോടി മക്കളെ, ആരാ ഈ ദ്രോഹം നമ്മളോട് ചെയ്തത്. ആർക്കും ഒരു തെറ്റും ചെയ്യാത്ത നമ്മളോട് ആർക്കാ ഇത്ര പക..ആകെ ഉണ്ടായിരുന്ന കിടപ്പാടം പോയല്ലോ. ഈ പ്രായപൂർത്തിയായ പിള്ളേരെയും കൊണ്ടു ഞാനെവിടെ പോകും ന്റെ കർത്താവെ….”
ലില്ലിക്കുട്ടി കത്തുന്ന വീട്ടിലേക്കു നോക്കി അലമുറയിട്ട് കരഞ്ഞു. എല്ലാം തകർന്നവളെ പോലെ നിറകണ്ണുകളോടെ നിൽക്കുന്ന ലിജിയെ കെട്ടിപിടിച്ചു നിൽക്കുകയാണ് ലിഷ.
“ചേടത്തി ഇങ്ങനെ കരയാതെ. എന്തെങ്കിലും വഴി ഉണ്ടാക്കാം. ഇങ്ങനെ കരഞ്ഞാൽ ഈ പെൺപിള്ളേരെ ആര് ആശ്വസിപ്പിക്കും.”
ടോമിച്ചൻ ലില്ലിക്കുട്ടിയെ സമാധാനിപ്പിച്ചു.
ആളികത്തികൊണ്ടിരുന്ന വീടിന്റെ ഒരു ഭാഗം പൊട്ടിത്തെറിയോടെ നിലത്തേക്ക് വീണു.ടോമിച്ചൻ ലില്ലിക്കുട്ടിയെ പിടിച്ചു മാറ്റിയത് കൊണ്ടു കത്തി തെറിച്ചു വന്ന വീടിന്റെ ഒരു ഭാഗം ദേഹത്ത് വീഴാതെ രക്ഷപെട്ടു.
ഡേവിഡ് ലിജിയെയും ലിഷയെയും കൊണ്ടുപോയി ജീപ്പിൽ കയറ്റിയിരുത്തിയിട്ടു ടോമിച്ചന്റെ അടുത്തേക്ക് വന്നു.
“സൈമണിന്റെ ആരെങ്കിലും ആണോ ഇത് ചെയ്തത്. അതോ മന്ത്രി വർഗീസിന്റെ ആളുകളോ?”
ഡേവിഡ് ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.
“അറിയത്തില്ല. പക്ഷെ ലക്ഷ്യം വച്ചത് എന്നെയാ, കൊല്ലാനല്ല. ഇഞ്ചിഞ്ചായി തീർക്കാൻ. അല്ലെങ്കിൽ പെട്രോൾ ഒഴിച്ചു എന്നെയും കത്തിച്ചേനെ. അതോ അത് ചെയ്യാനായി വന്നപ്പോൾ ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് കൊണ്ടു പോയതാണോ എന്നും സംശയിക്കണം “
ടോമിച്ചൻ ആലോചനയോടെ പറഞ്ഞു.
“ങും, ഇതിങ്ങനെ തുടർന്നാൽ മനുഷ്യന്റെ സ്വസ്ഥത പോകുമല്ലോ? ഇതാരൊക്കെ ആണ് ഇതിന്റെ പിന്നിലെന്നു അറിഞ്ഞില്ലെങ്കിൽ ഇനിയും പണി കിട്ടിക്കൊണ്ടിരിക്കും “
കത്തുന്ന തീ നാളങ്ങളുടെ വെളിച്ചത്തിൽ ഡേവിഡിന്റെ മുഖത്തു സമ്മിശ്രഭാവങ്ങൾ മിന്നിമറിയുന്നത് ടോമിച്ചൻ കണ്ടില്ല.
“നോക്കാം… എവിടം വരെ പോകുമെന്ന്.ആരായാലും ഞാൻ കളിക്കാൻ ഇറങ്ങുമ്പോഴേക്കും അവന്മാരുടെ ഒടുക്കത്തെ കളിക്ക് മരണമണി മുഴങ്ങിയിരിക്കും.”
ടോമിച്ചൻ പറഞ്ഞു കൊണ്ടു നിൽക്കുമ്പോൾ താഴെ നിന്നും മുകളിൽ നിന്നുമൊക്കെ ആളുകൾ വീട് കാത്തുന്നത് കണ്ടു അങ്ങോട്ടേക്ക് ഓടി വന്നു കൊണ്ടിരുന്നു. തീ കെടുത്താൻ അവരോരു ശ്രെമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.
“ഇതെങ്ങനെയാ വീടിന് തീ പിടിച്ചത് “?
ഡേവിഡിനോട് മുകളിഭാഗത്തു താമസിക്കുന്ന കൊച്ചുപാപ്പി ചേട്ടൻ സംശയത്തോടെ ചോദിച്ചു.
“ആരോ തീ വച്ചതാ. പിടിക്കാൻ പറ്റിയില്ല. പെട്രോൾ ഒഴിച്ച തീ കൊളുത്തിയത്. അതുകൊണ്ട് തീ കെടുത്തുക അത്ര എളുപ്പമല്ല “
ജീപ്പിൽ ചാരി നിന്നുകൊണ്ട് ഡേവിഡ് പറഞ്ഞു.ഓടികൂടിയ ആളുകൾ അവരുടെ മനോനില അനുസരിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
മുതിർന്ന ചില സ്ത്രികൾ ലില്ലിക്കുട്ടിയെയും മക്കളെയും ആശ്വസിപ്പിക്കാനും നോക്കി കൊണ്ടിരുന്നു.
കുറച്ച് നേരം ചുറ്റിപറ്റി നിന്നശേഷം ലില്ലിക്കുട്ടിയുടെയും മക്കളുടെയും അവസ്ഥയെ പറ്റി സഹതപിച്ചുകൊണ്ട് ആളുകൾ പിരിഞ്ഞു പോയി.
“ചേടത്തി എഴുനേറ്റു പോയി ജീപ്പിൽ കേറി ഇരിക്ക്. ഈ മഞ്ഞുംകൊണ്ട് ഇവിടെ ഇങ്ങനെ ഇരിക്കാതെ, നേരം പുലരട്ടെ, നമുക്കൊരു വഴി കണ്ടു പിടിക്കാം, കത്തിച്ചതാരായാലും അവരെ ഈ ടോമിച്ചൻ വെറുതെ വിടത്തില്ല. വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത അവന്മാർ വേണ്ടാത്തിടത്തു വച്ചിരിക്കുന്നത്.”
കത്തിയമരുന്ന വീട്ടിലേക്കു നോക്കി കണ്ണീർ വാർത്തു തലയ്ക്കു കൈകൊടുത്തു മുറ്റത്തു നിൽക്കുന്ന ലില്ലിക്കുട്ടിയെ പറഞ്ഞു ജീപ്പിനടുത്തേക്ക് വിട്ടു.
“ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശം. ഇവിടെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലല്ലോ “
ഡേവിഡ് ടോമിച്ചനെ നോക്കി.
“തത്കാലം കുട്ടിക്കാനത്തെ എന്റെ പഴയ വീട്ടിൽ ഇവരെ താമസിപ്പിക്കാം. അതാകുമ്പോൾ ആന്റണിച്ഛനും അമ്മച്ചിക്കും, ജെസ്സിക്കും, നമുക്കുമെല്ലാം എപ്പോൾ വേണമെങ്കിലും പോയന്വേഷിക്കാൻ പറ്റും. ഇവരെ ഇനി ഈ കരയിൽ നിർത്തുന്നത് അപകടമാണ്. കുട്ടിക്കാനത്തിനു തന്നെ പോയേക്കാം.അതാണ് നല്ലത്. നിന്റെ അഭിപ്രായം എന്താ “?
ടോമിച്ചൻ പറഞ്ഞിട്ട് ഡേവിഡിന്റെ മുഖത്തേക്ക് നോക്കി.
“ടോമിച്ചൻ പറഞ്ഞതാണ് ഏറ്റവും നല്ല മാർഗം.നമ്മുടെ കണ്മുൻപിൽ ഉണ്ടാകുമല്ലോ എപ്പോഴും “
ഡേവിഡ് ടോമിച്ചനെ അനുകൂലിച്ചു.
ടോമിച്ചനും ഡേവിഡും കൂടി വീടിനുള്ളിൽ നിന്നും മുറ്റത്തേക്ക് പെറുക്കിയിട്ട തുണികളും പാത്രങ്ങളും മറ്റും അവിടെ കിടന്ന പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിടുവാൻ തുടങ്ങിയപ്പോൾ ലിജി ഇറങ്ങി വന്നു.
“ഞങ്ങക്ക് അത്യാവശ്യമുള്ള കുറച്ച് തുണി എടുക്കണം ഇതിൽ നിന്ന്. ഞങ്ങളുടെ അടുത്ത് വേറെ ഇല്ല “
ലിജി പറഞ്ഞത് കേട്ടു ഡേവിഡ് പ്ലാസ്റ്റിക് ഷീറ്റ് എടുത്തു മാറ്റി.
“ഒരു ദിവസത്തേക്കുള്ളത് എടുത്താൽ മതി. ഇന്ന് ലോറി കൊണ്ടുവന്നു ഇതെല്ലാം കയറ്റി കൊണ്ടു പോകാം “
ടോമിച്ചൻ ലിജിയോട് പറഞ്ഞു.
“ഞങ്ങളെ പപ്പയുടെ അടുത്തേക്ക് കൊണ്ടുപോകാമോ? ഒരപ്പന്റെ സംരക്ഷണം ഞങ്ങൾക്ക് വേണം. അല്ലാതെ ഞങ്ങൾ ഈ മൂന്നു പെണ്ണുങ്ങൾ എന്ത് ചെയ്യാനാ. ഉപദ്രവിക്കാൻ ഇവിടെ ആയിരം പേരുണ്ട്. സാഹയിക്കാൻ ഒറ്റയൊരെണ്ണം ഇവിടെങ്ങും ഇല്ല “
ലിജി തുണികൾ പെറുക്കി എടുത്തു കൊണ്ടു പറഞ്ഞു.
“നിങ്ങളെ ഇപ്പൊ കുട്ടിക്കാനത്തേക്ക് കൊണ്ടു പോകുവാ, എന്റെ പഴയ ഒരു വീടുണ്ട്. തത്കാലത്തേക്ക് അവിടെ താമസിക്ക്, ആന്റണിച്ഛനും നിങ്ങടെ കൂടെ വരും. ബാക്കി വഴിയേ ആലോചിക്കാം “
ലിജിയോട് പറഞ്ഞിട്ട് ടോമിച്ചൻ ബാക്കി ഉണ്ടായിരുന്ന തുണികളും വീട്ടുസാധനങ്ങളും പ്ലാസ്റ്റിക് ഷീറ്റ്കൊണ്ട് മൂടിയിട്ടു.
അപ്പോഴേക്കും ഡേവിഡ് പോയി ജീപ്പ് സ്റ്റാർട്ട് ചെയ്തു തിരിച്ചിട്ടു.
ടോമിച്ചൻ ആന്റണിയെ ഫോൺ വിളിച്ചു പഴയ വീട്ടിലേക്കു വരുവാൻ പറഞ്ഞിട്ട് ജീപ്പിൽ കയറി. അപ്പോഴേക്കും വീടിന്റെ മേൽക്കൂര പൂർണ്ണമായും കത്തിയമർന്നിരുന്നു. അവയിൽ നിന്നും കറുത്ത പുക മുകളിലേക്കു ഉയർന്നു പോയി കൊണ്ടിരുന്നു.മുൻപോട്ടു പോകുന്ന ജീപ്പിലിരുന്നു ലില്ലിക്കുട്ടിയും മക്കളും കത്തി ചാരമായികൊണ്ടിരിക്കുന്ന വീട്ടിലേക്കു നോക്കിയിരുന്നു. ഇത്രയും കാലം ജീവിതത്തിന്റെ സുഖദുഖ സമ്മിശ്രങ്ങളിലൂടെ കടന്നു പോയത് ഈ വീട്ടിലും പരിസരങ്ങളിലുമാണ്. അതിപ്പോൾ തങ്ങൾക്കു അന്യമായി കൊണ്ടിരിക്കുന്നു.ആരുടെയോ വാശിയിലും പകയിലും എറിഞ്ഞൊടുങ്ങി കൊണ്ടിരിക്കുന്നു.ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ?
മൂവരുടെയും മനസ്സിൽ ആ ചോദ്യം ഉയർന്നതും അവർ പരസ്പരം നോക്കി.പുലർകാല രാവിന്റെ നേർത്ത മൂടൽ മഞ്ഞു വീണ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ടു ജീപ്പ് അവരെയും കൊണ്ടു ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിന് പോകുന്ന വഴിയിലേക്ക് തിരിഞ്ഞു.
************——*************——–**********
ടീവി ഓണാക്കി വാർത്ത ചാനലിട്ടു വാർത്ത നോക്കികൊണ്ടിരുന്ന ഫ്രഡ്‌ഡി ചുങ്കപ്പാറ സൈമണിനേയും, ഭാര്യ ഗ്രേസിയെയും,വ്യവസായ മന്ത്രി വർഗീസ് കുര്യനെയും പെൺവാണിഭത്തിന് അറസ്റ്റ് ചെയ്തു എന്ന വാർത്ത കണ്ടു വർധിച്ച സന്തോഷത്തോടെ ചാടി എഴുനേറ്റു.
“ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ചുങ്കിപ്പാറ സൈമൺ തന്റെ ഭാര്യ ഗ്രേസിയെ രഹസ്യ സാങ്കേതത്തിൽ വച്ചു വ്യെവസായ മന്ത്രി വര്ഗീസ് കുര്യന് കാഴ്ച വച്ചിരിക്കുന്നു. ജയം ഉറപ്പാക്കിയിരിക്കുന്ന സൈമൺ മന്ത്രി സഭയിൽ ഒരു മന്ത്രി സ്ഥാനം നേടിയെടുക്കാനാണ് ഭാര്യയെ വ്യവസായ മന്ത്രിക്ക് കാഴ്ചവച്ചത്.രാഷ്ട്രീയ ജീർണ്ണതയുടെ മറ്റൊരു മുഖമാണ് കേരളസമൂഹം ഇവിടെ കാണുന്നത് “
വാർത്തയിലേക്ക് നോക്കിയിട്ട് ഫ്രഡ്‌ഡി ഫോണെടുത്തു ടോമിച്ചന്റെ നമ്പറിൽ വിളിച്ചു.
“ന്റെ ടോമിച്ചാ. ഇതൊക്കെ എങ്ങനെ സംഭവിച്ചു. സൈമൺ ഇതുപോലത്തെ തന്തയില്ല തരം കാണിക്കുന്നവൻ ആയിരുന്നോ? ചിന്തിക്കാൻ പോലും കഴിയുന്നില്ല.എത്ര വൃത്തികെട്ടവൻ ആയാലും സ്വൊന്തം ഭാര്യയെ കൂട്ടികൊടുക്കുക എന്നുവച്ചാൽ അവന്റെ മനസ്ഥിതി എന്താകും. ഇവനൊക്കെ ജയിച്ചാൽ ഇവിടുത്തെ പെണ്ണുങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നേനെ. ഹോ ഭയങ്കരം. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്ന് കേട്ടിട്ടേ ഉള്ളു. അത് സംഭവിച്ചു. അപ്പോ നമ്മുടെ വിജയം അങ്ങ് ഉറപ്പിക്കാം അല്ലെ ടോമിച്ചാ “
ഫ്രഡ്‌ഡി വർധിച്ച സന്തോഷത്തോടെ ചോദിച്ചു.
“നീ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി പേരിനൊരു ഇലക്ഷൻ അത്രയേ ഉള്ളു. രണ്ടു ദിവസം കൊണ്ടു ഇനി സ്ഥാനാർഥിയെ മാറ്റുവാൻ സാധിക്കുമോ. നിന്റെ ഭൂരിപക്ഷം എത്ര കൂടും എന്ന് മാത്രമേ ഇനി അറിയേണ്ടത്തൊള്ളൂ “
ടോമിച്ചന്റെ വാക്കുകൾ കേട്ടപ്പോൾ ഫ്രഡ്‌ഡിയുടെ ശരീരത്തിൽ ഒരു കോരിത്തരിപ്പ് ഉണ്ടായി.
“എന്റെ ടോമിച്ചാ, ഞാൻ എം ൽ എ അയാൽ അതിന്റെ ഫുൾ ക്രെഡിറ്റ് ടോമിച്ചനുള്ളതാ. എങ്ങനെ കണ്ടു പിടിച്ചു ടോമിച്ചൻ രാത്രിയിൽ ഇതുപോലത്തെ ഒരു പണി സൈമണിന്റെ രഹസ്യസാങ്കേതത്തിൽ നടക്കുന്നുണ്ടെന്നു. ഞങ്ങടെ അവിടെയുള്ള പ്രവർത്തകക്ക് പോലും ടോമിച്ചൻ പറഞ്ഞപ്പോഴാ അതിനെ കുറിച്ച് മനസ്സിലായത് “
ഫ്രഡി ടി വി യിലെ വാർത്ത ശ്രെദ്ദിച്ചു കൊണ്ടു പറഞ്ഞു.
“ഇവിടെ ടി വി യിൽ വാർത്ത പൊടി പൊടിക്കുവാ. ഇടക്ക് രാഷ്ട്രീയചർച്ചകളും നടക്കുന്നുണ്ട്. ഇത്ര പെട്ടന്ന് വിജയത്തിലേക്കെത്തുമെന്നു സ്വൊപ്നതിൽ പോലും ചിന്തിച്ചിട്ടില്ല. എന്ത് സഹായം വേണമെങ്കിലും വിളിച്ചോണം. ടോമിച്ചാ ഈ സഹായം ചത്താൽ പോലും മറക്കത്തില്ല ഞാൻ.”
സന്തോഷാദിക്യത്താൽ ഫ്രഡ്‌ഡി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കാർലോസ് അങ്ങോട്ട് വന്നു സോഫയിൽ ഇരുന്നു. തലേന്നത്തെ മദ്യസേവയുടെ ഹാങ്ങോവർ വിട്ടുമാറിയിട്ടില്ലായിരുന്നു കാർലോസിനിപ്പോഴും.
“എന്താടാ, നീ ആരെയാ ഈ വെളുപ്പാൻ കാലത്തു വിചാരിച്ചു അട്ടഹസിക്കുന്നത് “
കണ്ണുകൾ പ്രയാസപ്പെട്ടു തുറന്നു കാർലോസ് ഫ്രഡ്‌ഡിയെ നോക്കി.
“ടോമിച്ചാനോടാ സംസാരിക്കുന്നത്. പപ്പാ ആ ടി വി യിലെ വാർത്തയിലേക്ക് സൂക്ഷിച്ചു നോക്കിക്കേ “
ടി വി യിലേക്ക് നോക്കിയിരുന്ന കാർലോസിന്റെ മുഖം സന്തോഷത്താൽ വിടർന്നു.
“, കലക്കിയല്ലോടാ ഫ്രഡ്‌ഡി, നിന്റെ വിജയം ഉറപ്പിച്ചോ.സ്വൊന്തം ഭാര്യക്ക് പണി കൊടുക്കുന്ന ഈ തെണ്ടിയെ വെട്ടിനുറുക്കുകയാ വേണ്ടത്. പന്ന പൊല&*%*@മോൻ “
കാർലോസ് പല്ല് ഞെരിച്ചു
“അയാളെ അഭിനന്ദനങ്ങൾ
അറിയിക്കു പപ്പാ, നമ്മുടെ വിജയം ഉറപ്പാക്കി തന്നതിന്. ടോമിച്ചന ഇവന്റെ രഹസ്യകച്ചവടം പൊക്കിയത്. ടോമിച്ചനെ വിളിച്ചു നന്ദി അറിയിച്ചിട്ടുണ്ട് “
ഫ്രഡ്‌ഡി ഫോൺ ഓഫാക്കി സോഫയിൽ വന്നിരുന്നു വാർത്ത കാണുന്നത് തുടർന്നു.
അപ്പോഴേക്കും കാർലോസിനു വക്കച്ചന്റെ ഫോൺ വന്നു. പുറകെ റോണിയും സെലിനും ഫ്രഡ്‌ഡിയെ വിളിച്ചു കാര്യങ്ങൾ തിരക്കി.
എൽസമ്മ ചായയുമായി വന്നു ഫ്രഡ്‌ടിക്കും കാർലോസിനും കൊടുത്തു. അപ്പോഴേക്കും പുറത്ത് പത്രക്കാരന്റെ സൈക്കിളിന്റെ ബെൽ മുഴങ്ങി.കാർലോസ് എഴുനേറ്റു പുറത്തേക്കു ചെന്നു പത്രം എടുത്തു കൊണ്ടു വന്നു.
“പാത്രത്തിന്റെ ഫസ്റ്റ് പേജിൽ തന്നെ വെണ്ടയ്ക്ക അക്ഷരത്തിൽ ഉണ്ട് വാർത്ത “
കാർലോസ് പാത്രത്തിന്റെ ഫ്രണ്ട് പേജ് എടുത്തു ഫ്രഡിക്കു നേരെ നീട്ടി. ഏഴുമണി ആയപ്പോൾ പ്രവർത്തകൾ എത്തി തുടങ്ങി. ഇന്ന് വൈകുന്നേരം കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം..എട്ടുമണിക്ക് ഫ്രഡ്‌ഡിയും കാർലോസും പ്രവർത്തകർക്കൊപ്പം പുറത്തേക്കു പോയി.
₹₹₹₹₹₹₹₹%%%%%%%₹₹₹₹₹₹₹₹₹%%%%%%%
ലില്ലിക്കുട്ടിയെയും മക്കളെയും ടോമിച്ചൻ കുട്ടിക്കാനത്തെ തന്റെ പഴയ വീട്ടിൽ ആക്കിയിട്ടു ആന്റണിയെയും കൂട്ടി ലോറിയുമെടുത്തു വീട്ടു സാധനങ്ങൾ എടുക്കാൻ അടിവാരത്തിന് തിരിച്ചു.കത്തി ചാമ്പലായി കിടക്കുന്ന വീടിനു മുൻപിൽ ലോറി നിർത്തി ടോമിച്ചനും ആന്റണിയും ഇറങ്ങി.
കത്തിപ്പോയ വീട് നോക്കി ആന്റണി നിന്നു.
“എന്റ മകളെ തട്ടിക്കൊണ്ടു പോയവനെ എനിക്കൊന്നു കാണണം ടോമിച്ചാ. എന്റെ മകളുടെ ദേഹത്ത് പിടിച്ചവന്റെ ഒരു കയ്യും കാലും എങ്കിലും എനിക്ക് വേണം. അവനേതു വലിയവനായാലും. അതൊരു അപ്പന്റെ കടമയാണ്. അതെനിക്ക് ചെയ്യണം പിന്നെ വീട് കത്തിച്ചവനും അവന്റെ ആളുകൾ തന്നെ ആയിരിക്കും. ഉറപ്പാ.”
ആന്റണി പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു.
“അതൊക്കെ ആലോചിക്കാം. ഇപ്പോൾ ഒന്നിനും പോകണ്ട. ഈ ഇലക്ഷൻ ഒന്ന് കഴിയട്ടെ. എടുത്തു ചാടി ആപത്തിൽ പോയി തല വച്ചു കൊടുക്കണ്ട. ഏതു മാളത്തിൽ കേറി ഒളിച്ചിരുന്നാലും പുകച്ചു പുറത്ത് ചാടിക്കാൻ എനിക്കറിയാം.ഫ്രഡ്‌ഡി എം ൽ എ ആയി കഴിഞ്ഞാൽ പിന്നെ കുറച്ച് രാഷ്ട്രീയ സപ്പോർട്ടും നമുക്ക് കിട്ടും.എന്തെങ്കിലും ചെയ്തു വീണ്ടും ജയിലിൽ കേറാൻ പറ്റത്തില്ല. ഞാൻ മാത്രമല്ല നിങ്ങളും “
ടോമിച്ചനും ആന്റണിയും മുറ്റത്തു മൂടി ഇട്ടിരുന്ന തുണികളും മറ്റു സാധനങ്ങളുമെല്ലാം ലോറിയിൽ കയറ്റിയിട്ടു.
“ആന്റണിച്ച തത്കാലം നമ്മളിവിടം വിടുന്നു. നിങ്ങളും ഇങ്ങോട്ട് അധികം വരണ്ട. ആരെങ്കിലും തിരിച്ചറിഞ്ഞാൽ പണി പാലും വെള്ളത്തിൽ കിട്ടും.”
ടോമിച്ചനും ആന്റണിയും ലോറിയിൽ കയറി.
കുട്ടിക്കാനത്തെ ടോമിച്ചന്റെ പഴയ വീടിന്റെ മുൻപിൽ ലോറി എത്തുമ്പോൾ അവിടെ ജെസ്സിയും ശോശാമ്മയും ഉണ്ടായിരുന്നു. ടോമിച്ചൻ വിളിച്ചു പറഞ്ഞതനുസരിച്ചു ലില്ലിക്കുട്ടിയെയും മക്കളെയും സഹായിക്കാനെത്തിയതാണ്. എല്ലാവരും കൂടി ലോറിയിൽ നിന്നു സാധനങ്ങൾ എല്ലാം ഇറക്കി വച്ചു. പിന്നെ അതെല്ലാം വീടിനുള്ളിലേക്കും എടുത്തു കൊണ്ടുപോയി.
അടുക്കള ഭാഗത്തു വിഷണ്ണയായി നിന്ന ലില്ലിക്കുട്ടിയുടെ അടുത്തേക്ക് ശോശാമ്മ ചെന്നു.
“ലില്ലികുട്ടി എന്താ സങ്കടപെട്ട് നിൽക്കുന്നത്. കത്തിപ്പോയ വീടിന് പകരം നമുക്കൊരെണ്ണം ടോമിച്ചനോട് പറഞ്ഞിട്ട് ഉണ്ടാക്കാം. അതോർത്തു നീ വിഷമിക്കണ്ട. ഇതു നിങ്ങടെ സ്വൊന്തം വീടായി കരുതിക്കോ. എപ്പോൾ വേണമെങ്കിലും ഓടി വരാവുന്ന ദൂരത്തു ഞങ്ങളും ഉണ്ടല്ലോ. ഇവിടെ ആരും പ്രശ്നത്തിന് വരത്തില്ല. ഞങ്ങടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവിച്ചു തീർത്ത വീടാ ഇത്. വലിയ വീട് ഉണ്ടാക്കിയെങ്കിലും ടോമിച്ചനും ജെസ്സിക്കും അവിടുത്തെ വീടിനെക്കാളും ഇഷ്ടം ഈ വീടാ. ഇനി ആന്റണിയും നീയും മക്കളും സന്തോഷത്തോടെ കഴിയണം ഇവിടെ. നിങ്ങടെ ജീവിതത്തിലും ഉയർച്ചയും സന്തോഷവും ഇവിടെനിന്നു തുടങ്ങും. എനിക്കുറപ്പുണ്ട് “
ശോശാമ്മ ലില്ലിക്കുട്ടിയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കളഞ്ഞിട്ടു പറഞ്ഞു.
അപ്പോഴേക്കും ജെസ്സി ലിജിയെയും കൂട്ടികൊണ്ട് അങ്ങോട്ട് വന്നു.
“എന്താ അമ്മച്ചി ഇവിടെ ഒരു സ്വകാര്യ പറച്ചിൽ “
ജെസ്സി ചിരിച്ചു കൊണ്ടു ലില്ലിക്കുട്ടിയെയും ശോശാമ്മച്ചിയേയും നോക്കി.
“ഞാൻ നമ്മുടെ കഴിഞ്ഞ കാലങ്ങളെ കുറച്ചു പറയുകയായിരുന്നു. ഇവർക്കും നല്ലൊരു കാലം ഇവിടെ നിന്നും ഉണ്ടാകും എന്ന് പറയുകയായിരുന്നു.”
ശോശാമ്മ ജെസ്സിയോട് പറഞ്ഞു.
“ഇപ്പൊ സങ്കടമൊക്കെ മാറ്റി വച്ചു നമുക്കൊരു ചായ ഉണ്ടാക്കി കുടിക്കാം. ലിജി ആ ചായപാത്രം എടുത്തു കഴുകി എടുക്ക്, ഞാൻ അപ്പോഴേക്കും കുറച്ച് നല്ല വെള്ളം കിണറ്റിൽ നിന്നും കോരികൊണ്ടു വരാം “
ജെസ്സി ഒരു കുടവുമെടുത്തു കിണറ്റുകരയിലേക്ക് ചെല്ലുമ്പോൾ ടോമിച്ചൻ കിണറ്റിൽ നിന്നും വെള്ളം കോരി കയ്യും കാലും മുഖവും കഴുകി കൊണ്ടിരിക്കുകയായിരുന്നു.
“ഇന്ന ഈ കുടത്തിലോട്ടും കുറച്ച് വെള്ളം കോരി താ. ഗർഭിണി ആയതിൽ പിന്നെ എനിക്ക് ജോലി ചെയ്യാൻ ഭയങ്കര മടിയ.”
ജെസ്സി ടോമിച്ചനോട് പറഞ്ഞിട്ട് കിണറിന്റെ മതിലിൽ ചാരി നിന്നു.
“പണ്ടേ ദുർബല, ഇപ്പൊ ഗർഭിണിയും “അങ്ങനെ ഒരു നാട്ടു വർത്തമാനം ഉണ്ട്. അതുപോലെ ആണോ നീയും. ഗർഭത്തിന്റെ പേരും പറഞ്ഞു ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കാനായിരിക്കും ഉദ്ദേശം അല്ലെ. എടി പണ്ടത്തെ പെണ്ണുങ്ങൾ പ്രസവത്തിനു തലേ ദിവസം വരെ ഓടി നടന്നു പണി ചെയ്യും. അതുകൊണ്ട് എന്താ അവരുടെയൊക്കെ സുഖപ്രസവം ആയിരുന്നു. ഇന്നുള്ളവളുമാര് മെയ്യനങ്ങാതെ നെയ്യ് മുറ്റിയവരെ പോലെ ഒരു ജോലിയും ചെയ്യാതെ അനങ്ങാതെ ഇരിക്കും. അതുകൊണ്ടാ എട്ടാം മാസത്തിൽ കൊണ്ടുപോയി വയറു കീറിയ കൊച്ചുങ്ങളെ എടുക്കുന്നത്. അനങ്ങാതെ ഇരുന്നാൽ അങ്ങനെ ഓക്കെ ഉണ്ടാകും. അതുകൊണ്ട് ഓടി നടന്നു പണി ചെയ്തോണം. സുഖപ്രസവം ആയിരിക്കണം. അതിന് വേണ്ടിയാ” ടോമിച്ചൻ പറഞ്ഞു കൊണ്ടു കുടത്തിൽ വെള്ളം കോരി നിറച്ചു.
“ഞാൻ നിങ്ങളെക്കൊണ്ട് വെള്ളം കോരിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാ.”
ജെസ്സി പറഞ്ഞിട്ട് അടുക്കള ഭാഗത്തേക്ക് നടന്നു.
“നീ വെള്ളകുടം എടുത്തോണ്ട് പോകുന്നില്ലേ “
ജെസ്സി കുടമെടുക്കാതെ പോകുന്നത് കണ്ടു ടോമിച്ചൻ ചോദിച്ചു
“വെള്ളം കോരി നിറച്ചതല്ലേ. ആ കുടം ഒന്നെടുത്തു അടുക്കളയിലേക്കു വച്ചേക്ക്.ഒരു സഹായം ‘”
ജെസ്സി തിരിഞ്ഞു നിന്ന് ടോമിച്ചനെ നോക്കി ചിരിച്ചു.ടോമിച്ചൻ ദേഷ്യത്തിൽ അവളെ ഒന്ന് നോക്കിയിട്ട് വെള്ളകുടം എടുത്തു കൊണ്ടുപോയി അടുക്കളയിൽ വച്ചു.
“നീ എന്നെ കൊണ്ടു വെള്ളം കോരിപ്പിക്കാൻ വെറുതെ പറഞ്ഞതാനെന്നു ഇപ്പോൾ പറഞ്ഞു നാക്കു വായിലേക്കിട്ടതെ ഉള്ളു. എന്നിട്ട് കുടവും വെള്ളവും എന്നോട് എടുത്തോളാൻ. നീ ആള് കൊള്ളാമല്ലോ “
ടോമിച്ചൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി ജസ്സിയെ നോക്കി.
“ഞാൻ കൊള്ളാമെന്നു തോന്നിയത് കൊണ്ടല്ലേ നിങ്ങള് എന്നെ കെട്ടിയതു. പിന്നെ ഭാര്യ ഗർഭിണി അയാൽ ഭർത്താവ് എല്ലകാര്യത്തിലും സഹായിക്കണം. ഇടിയും തൊഴിയുമായി ആളുകളിച്ചു നടക്കുന്നതല്ല ഭർത്താവിന്റെ ജോലി, എന്തായാലും ഇത്രയും പറഞ്ഞതല്ലേ, ഈ വിറക് കൂടി ഒന്ന് കീറിയിട്ടു കൊടുക്ക്. അവർക്കു ഇവിടെ കത്തിക്കാൻ വേറെ വിറകൊന്നുമില്ല. ഭാര്യ പറഞ്ഞാൽ അനുസരിക്കുമോ എന്ന് നോക്കട്ടെ, ഇങ്ങനെയൊക്കെയാ ഭർത്താവ് സ്നേഹം പ്രകടിപ്പിക്കേണ്ടത് “
ജെസ്സി അടുക്കളയുടെ മൂലയ്ക്ക് ചാരി വച്ചിരുന്ന കോടാലി എടുത്തു കൊണ്ടുവന്നു ടോമിച്ചന്റെ നേർക്കു നീട്ടി കൊണ്ടു പറഞ്ഞു.
“ഒരു കാര്യം ചെയ്യ്, ആ ചൂലും കൂടി എടുത്തു കൊണ്ടുവാ. ഞാൻ മുറ്റവും പരിസരവും കൂടി അടിച്ച് വൃത്തിയാക്കി ഇടാം “
കോടാലി ജെസ്സിയുടെ കയ്യിൽ നിന്നും മേടിച്ചു കൊണ്ടു ടോമിച്ചൻ രൂക്ഷമായി പറഞ്ഞു.
“അത് പെണ്ണുങ്ങൾ ചെയ്തോളും. ഇനി എന്നോടൊള്ള സ്നേഹം കൂടി ചെയ്യാനാണ് ഉദ്ദേശം എങ്കിൽ ചൂല് കൊണ്ടു തരാം. വേണോ “?
ജെസ്സി ഒരു കള്ളച്ചിരിയോടെ ടോമിച്ചനെ നോക്കി.
“നിന്നോടൊരു ചായ ഉണ്ടാക്കി തരാൻ പറഞ്ഞിട്ട് ഒരു മണിക്കൂർ ആയല്ലോ. പോയി ചായയിട്ടു കൊണ്ടു വാടി, ശൃംഗരിച്ചോണ്ട് നിൽക്കാതെ “
ടോമിച്ചൻ ദേഷ്യം ഭാവിച്ചു പറഞ്ഞിട്ട് കോടാലിയും എടുത്തു വിറകിനടുത്തേക്ക് പോയി.
ജെസ്സി ചിരിച്ചു കൊണ്ടു അടുക്കളയുടെ ഉള്ളിലേക്ക് ചെന്നു.
ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ടോമിച്ചന് ഫ്രഡ്‌ഡിയുടെ കാൾ വരുന്നത്.
“ടോമിച്ചാ, ഇന്ന് വൈകുന്നേരത്തെ പരിപാടിക്ക് വരത്തില്ലേ.ഗംഭീരം ആക്കണം. പിന്നെ കുറച്ചാളുകളെ പേർസണലായിട്ടു പോയി കണ്ടു നമ്മുടെ വോട്ടുകൾ ഒന്നുറപ്പിക്കുകയും ചെയ്യണം. രാഷ്ട്രീയക്കാരല്ലേ, ഒന്നിനെയും നമ്പാൻ കൊള്ളില്ല. മാത്രമല്ല ഇതുപോലെ ഒരവസരം ഇനി കിട്ടിയെന്നു വരത്തില്ല “
ഫ്രഡ്‌ഡി പതിവിൽ കവിഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു.
“ഫ്രഡ്‌ഡി, ഇനി പേടിക്കാനൊന്നുമില്ല, പിന്നെ പള്ളിയെയും പട്ടക്കാരെയും, അതുപോലെയുള്ള സമുദായ നേതാക്കന്മാരെയും ഞാൻ ഇന്നും നാളെയുമായി ഫോണിൽ വിളിച്ചു കാര്യങ്ങൾ ഒന്നുകൂടി ഒറപ്പിച്ചേക്കാം. കൊട്ടിക്കലാശം നിങ്ങള് അങ്ങ് പൊടി പൊടിച്ചോ, ഞാൻ ടി വി യിൽ കണ്ടോള്ളാം.ഇലക്ഷന്റെ അന്ന് രാവിലെ എത്തിയേക്കാം “
ടോമിച്ചൻ ഫോണിലൂടെ ഫ്രഡ്‌ഡിയോട് പറഞ്ഞു.
“എന്ന അങ്ങനെ ആയിക്കോട്ടെ.ഞങ്ങള് ടൗണിലോട്ടു പോകുവാ. കൂടെ നിന്നോണം എന്തിനും. ഞാൻ എം ൽ എ അയാൽ അതിന്റെ ക്രെഡിറ്റ് ടോമിച്ചനുള്ളതാ.എല്ലാ വാർത്ത ചാനലിലും സൈമണിനെ പൊക്കിയ വാർത്ത പൊടിപൊടിച്ചു കൊണ്ടിരിക്കുവാ. അവന്റെ കുറച്ച് പ്രവർത്തകർ ചതിയാണെന്നും പറഞ്ഞു പ്രസ്താവന ഏറക്കുന്നുണ്ട്. അതൊന്നും അത്ര വിലപോകുന്നില്ല.”
ഫ്രഡ്‌ഡി പറഞ്ഞിട്ട് ഫോൺ വച്ചു.
“ആദ്യമായിട്ടാ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു എതിർസ്ഥാനാർഥി ഇലക്ഷന്റെ സമയത്തു ജയിലിൽ കിടക്കുന്നത്. അതും ഭാര്യയും മകനും അടക്കം വ്യെഭിചാരകുറ്റത്തിന്. അതെന്തയാലും ഫ്രഡിക്കു ഗുണം ചെയ്തു.”
ടോമിച്ചൻ വരാന്തയിൽ ഇരുന്നുകൊണ്ട് ആന്റണിയോടും ഡേവിഡിനോടുമായി പറഞ്ഞു.
“എന്റെ മകളോട് കാണിച്ച ചെറ്റത്തരത്തിനു കർത്താവ് കൊടുത്ത ഒടുക്കത്തെ ഒരു പണി. പുറത്തിറങ്ങുമ്പോൾ എനിക്കും ഒന്ന് കാണണം ആ കഴുവേ %*&&@മോനെ “
ആന്റണി കയ്യിലിരുന്ന ചായ കുടിച്ചു കൊണ്ടു പറഞ്ഞു.
“നിങ്ങളിനി അതിന്റെ പേരിൽ വീണ്ടും ജയിലിൽ പോകാൻ നോക്കാതെ എന്നെയും ഈ പെങ്കൊച്ചുംങ്ങളെയും കുറിച്ചോർത്തു മര്യാദക്ക് കഴിയാൻ നോക്ക്. അവൻ ചെയ്ത പാപത്തിന്റെ ഫലം കർത്താവ് കൊടുത്തില്ലേ. ജീവിതത്തിൽ അവനിനി ആൾക്കാരുടെ മുൻപിൽ തലയുയർത്തി നിൽക്കാൻ പറ്റുമോ “
അങ്ങോട്ട് വന്ന ലില്ലികുട്ടി ആന്റോണിയോടായി പറഞ്ഞു.
“ചേട്ടത്തി പറഞ്ഞത് ആണ് അതിന്റെ ശരി. ഇപ്പൊ ഒന്നിനും പോകണ്ട. പിന്നെ ഇവരുടെ കല്യാണം എത്രയും പെട്ടന്ന് അങ്ങ് നടത്തിയേക്കാം. ഇനി വച്ചു താമസിക്കുന്നതിനു അർത്ഥമില്ല.”
ടോമിച്ചൻ ഡേവിഡിനെ നോക്കികൊണ്ട് ആന്റണിയോട് പറഞ്ഞു.അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ടോമിച്ചന്റെ ഫോണിലേക്കു ഒരു കാൾ വന്നു.അങ്ങേതലക്കൽ ഉള്ള ആൾ പറഞ്ഞ കാര്യം കേട്ടു ടോമിച്ചൻ ചാടി എഴുനേറ്റു.ഫോൺ കട്ടാക്കി ആന്റണിയെ നോക്കി.
“ആന്റണിച്ച നമുക്കൊരു സ്ഥലം വരെ പോകണം. ഡേവിടേ നീ ഇവരുടെ അടുത്ത് കാണണം. ഞങ്ങൾ വൈകുന്നേരമേ വരത്തൊള്ളൂ “
പറഞ്ഞിട്ട് ടോമിച്ചൻ ജീപ്പിൽ കയറി സ്റ്റാർട്ടാക്കി. ആന്റണിയും ചെന്നു ജീപ്പിൽ കയറി
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission