Skip to content

കാവൽ – 22

kaaval

“ടോമിച്ചാ, നമ്മൾ എങ്ങോട്ടാ ഇത്രയും ദൃതി പിടിച്ചു പോകുന്നത്. എന്താ കാര്യം “

വേഗത്തിൽ പോയികൊണ്ടിരിക്കുന്ന ജീപ്പിൽ ഇരുന്നു ആന്റണി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി.

“ആന്റണിച്ച, പാലായിൽ നിന്നും തൊടുപുഴക്കു പോകുന്ന വഴിക്കു കൊല്ലപ്പള്ളിയിൽ നിന്നും ഉള്ളിലേക്ക് കയറി ഒരു വീട്ടിൽ പാസ്റ്റർ തങ്കൻ ഉണ്ടെന്നുള്ള രഹസ്യവിവരം കിട്ടിയിട്ടുണ്ട്.അയാൾ ഇസ്രയേലിൽ ആണെന്ന് കൂടെയുള്ളവരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ഒളിച്ചു താമസിക്കുകയാണവിടെ. പോലിസ് മണത്തറിഞ്ഞു വരുന്നതിനു മുൻപ് അവനെ പൊക്കിയാലേ അവന്റെ പിന്നിലുള്ള, നമ്മളെ ലക്ഷ്യം വച്ചു ഒളിച്ചിരുന്ന് കളിക്കുന്നവൻ ആരാണെന്നു അറിയാൻ പറ്റത്തൊള്ളൂ. അല്ലെങ്കിൽ പട്ടി ഓടുന്നപോലെ നമ്മള് ഓടിക്കൊണ്ടിരിക്കും. അവൻ മറഞ്ഞിരുന്നു നമുക്കിട്ടു പണിതോണ്ടുമിരിക്കും.”

ടോമിച്ചൻ പറഞ്ഞു കൊണ്ടു ആക്സിലേറ്ററിൽ അമർത്തി ചവിട്ടി..

“അതും ശരിയാ, ഇപ്പോൾ ഒരു ഇരയും വേട്ടക്കാരനും തമ്മിലുള്ള കളിയാ നടന്നുകൊണ്ടിരിക്കുന്നത്. അതിനുടനെ ഒരവസാനം വേണമെങ്കിൽ അവനാരാണ് എന്ന് കണ്ടെത്തിയെ തീരു. തങ്കനെ കയ്യിൽ കിട്ടിയാൽ ചവുട്ടി എല്ലൊടിച്ചിട്ടായാലും അവന്റെ വായിൽ നിന്നുതന്നെ അറിഞ്ഞിട്ടേ തിരിച്ചു വരാത്തൊള്ളൂ.”

പറഞ്ഞു കൊണ്ടിരിക്കുന്ന നേരത്തു ജീപ്പ് ഒരു മെഡിക്കൽ ഷോപ്പിന്റെ മുൻപിൽ നിന്നു.

“മെഡിക്കൽ ഷോപ്പിൽ എന്താ കാര്യം. നിനക്ക് മരുന്ന് വല്ലതും മേടിക്കാനുണ്ടോ?”

ആന്റണി പുറത്തെക്കിറങ്ങി നിന്നുകൊണ്ട് ടോമിച്ചനെ നോക്കി.അതിന് മറുപടി പറയാതെ ടോമിച്ചൻ മെഡിക്കൽ ഷോപ്പിലേക്കു ചെന്നു രണ്ടു ചെറിയ പ്ലാസ്റ്റിക് കവറുമായി തിരിച്ചു വന്നു.

“ഇതെന്താ “?

ആന്റണി കവറെടുത്തു തിരിച്ചും മറിച്ചും നോക്കി കൊണ്ടു ജീപ്പിനുള്ളിൽ കയറി ഇരുന്നു.

“ഇതൊരു കയ്യിലിടുന്ന ഗ്ലൗസ് ആണ്. ഇപ്പോൾ എന്ത്‌ ചെയ്താലും കണ്ടു പിടിക്കുന്നത് കൈവിരൽ അടയാളം വച്ചാണല്ലോ. അതുകൊണ്ട് ഒരു മുൻകരുതൽ “

ടോമിച്ചൻ ചിരിച്ചു കൊണ്ടു ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു.

“നമ്മളെന്താ അവനെ തട്ടാൻ പോകുവാണോ.”

ചോദിച്ചു കൊണ്ടു ആന്റണി ഒരു ബീഡിക്കു തീ കൊളുത്തി .അത് കേട്ടു ടോമിച്ചൻ ചിരിച്ചിട്ട്  ജീപ്പ് മുൻപോട്ടെടുത്തു.

ജീപ്പ് ഈരാറ്റുപേട്ടയിൽ നിന്നും പാലാ ഭാഗത്തേക്ക്‌ തിരിഞ്ഞു ഓടി കൊണ്ടിരുന്നു.

അതേ സമയം കൊല്ലപ്പള്ളിയിൽ നിന്നും തിരിഞ്ഞു അകത്തേക്ക് പോകുന്ന വഴിയേ ഒരു ഹോണ്ട സിറ്റി കാർ  പാഞ്ഞു പോയികൊണ്ടിരുന്നു. ഒരു കിലോമീറ്റർ കഴിഞ്ഞു വിജനമായ പ്രേദേശത്തുനിന്നും ഉള്ളിലേക്ക് കിടക്കുന്ന ഇടുങ്ങിയ വഴിയിലേക്ക് തിരിഞ്ഞു കാർ മുൻപോട്ടു പോയി ഒറ്റപെട്ട ഒരു പഴയ കെട്ടിടത്തിനു മുൻപിലായി നിന്നു. അതിൽ നിന്നും സി ഐ ഫിലിപ്പോസ് ഇറങ്ങി ചുറ്റും നോക്കി പരിസരം വീക്ഷിച്ച ശേഷം കെട്ടിടത്തിനു നേർക്കു നടന്നു. മുൻവാതിൽക്കലെത്തി കതകിൽ തട്ടി. അൽപ്പ  സമയത്തിനുള്ളിൽ കതകു കുറച്ചു തുറന്നു തങ്കൻ പാസ്റ്റർ പുറത്തേക്കു തലയിട്ട് നോക്കി. പുറത്ത് സി ഐ ഫിലിപ്പോസിനെ കണ്ടു വാതിൽ പൂർണ്ണമായും തുറന്നു.

“സാർ ഇങ്ങോട്ട് വരുന്നത് ആരും കണ്ടിട്ടില്ലല്ലോ? അല്ലെ?”

തങ്കൻ പാസ്റ്റർ ഫിലിപ്പോസിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.

“ഇല്ല, അതിന് ഈ  പ്രേദേശത്തു മനുഷ്യവാസം ഉണ്ടോ? തനിക്കു ഇവിടെ ഒറ്റയ്ക്ക് കഴിയാൻ പേടിയൊന്നുമില്ലേ പാസ്റ്ററെ.ദൈവത്തെ വിറ്റു കാശക്കാൻ നോക്കുന്ന തനിക്കെവിടെ പേടി അല്ലെടോ. ഈ പകൽ സമയത്തും ഇവിടെ മുഴുവൻ ഇരുട്ടാണല്ലോ. ഇതെന്താ വല്ല പ്രേതഭവനം വല്ലതുമാണോ “

ഫിലിപ്പോസ് ചോദിച്ചുകൊണ്ട് അകത്തേക്ക് കയറിയതും തങ്കൻ കതക് ചേർത്തടച്ചു കുറ്റിയിട്ടു.

“ഫിലിപ്പോസ് സാറെ, പോലീസിനെ ഭയന്ന്  ഒളിച്ചു നടന്നു മടുത്തു.കൊലക്കുറ്റമാ. എന്നെ പൊക്കിയാൽ ഞാനുള്ള കാര്യങ്ങൾ തുറന്നു പറയും. എനിക്കിങ്ങനെ  താമസിക്കാൻ വയ്യ “

തങ്കൻ പാസ്റ്റർ മേശയുടെ അടുത്തേക്ക് ചെന്നു,പുറത്തിരുന്ന മോർഫസിന്റെ പൊട്ടിച്ച കുപ്പിയിൽ നിന്നും മദ്യം ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് പറഞ്ഞു.അത് കേട്ടു ഫിലിപ്പോസിന്റെ കണ്ണുകൾ വന്യമായി തിളങ്ങി.

“കർത്താവിനെ ചതിച്ചിട്ടായാലും ദിവസവും അടിച്ച് പൊളിച്ചു തിന്നു സുഖിച്ചു ജീവിച്ചു കൊണ്ടിരുന്നവനാ.ഇപ്പോൾ ഈ ഗതിയായി. അവസാനം നമ്മളെകൊണ്ട് ചെയ്യിക്കുന്നവൻ രക്ഷപെടും. നമ്മൾ മുടിഞ്ഞു നാശമാകും.അങ്ങനെ എങ്കിൽ അയാളുടെ പേരും വെളിപ്പെടുത്തിയെ ഞാൻ പോകൂ “

ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്കു അകത്താക്കി കൊണ്ടു തങ്കൻ പാസ്റ്റർ പറഞ്ഞു.

“സാറ് ഒരെണ്ണം അടിക്ക്, എന്തെങ്കിലും രക്ഷപെടാനുള്ള മാർഗം തെളിയട്ടെ “

തങ്കൻ  ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ചു ഫിലിപ്പോസിനു നേരെ നീട്ടി.

“പാസ്റ്ററെ താൻ കുടിച്ചോ, എനിക്ക് ഈ അവസ്ഥയിൽ കുടിച്ചാൽ തൊണ്ടയിൽ നിന്നും ഇറങ്ങത്തില്ല. എനിക്കിനി ആറുമാസം കൂടി കഴിഞ്ഞാൽ പെൻഷൻ ആകും. റിട്ടയർ ആകുന്നതിനു മുൻപ് തൊപ്പി പോകാതെ നോക്കണ്ടേ “

ഫിലിപ്പോസ് മുറിക്കകത്തുകൂടി കണ്ണോടിച്ചു കൊണ്ടു പറഞ്ഞു.തങ്കൻ പാസ്റ്റർ ഫിറ്റായി എന്ന് മനസ്സിലായതും ഫിലിപ്പോസ് അയാളുടെ അടുത്തേക്ക് പോയി മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“പാസ്റ്ററെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം. നിങ്ങളുടെ പിന്നിൽ നിന്നു കളിക്കുന്ന ആളാരാ “?

ഫിലിപ്പോസിന്റെ ചോദ്യം കേട്ടപ്പോൾ പാസ്റ്ററിന്റെ കണ്ണുകൾ കുറുകി ചെറുതായി.

“ഓഹോ, ഞാൻ കുടിച്ചു ഫിറ്റായി ഇരുന്നു എല്ലാം കാര്യങ്ങളും സാറിന്റെ മുൻപിൽ വിളമ്പി വയ്ക്കും എന്ന് വിചാരിച്ചോ? ഇല്ല സാറെ, അവസാനം വരെ എന്റെ ജീവൻ നിലനിർത്താൻ അത് രഹസ്യമായി തന്നെ ഇരിക്കണം. ഇല്ലങ്കിൽ ഞാൻ രാജ്യം വിടേണ്ടി വരും. എന്നെ കൊന്നുകളയും.”

തങ്കൻ പാസ്റ്റർ  മൺകലത്തിൽ വച്ചിരുന്ന വെള്ളം ഗ്ലാസ്സുകൊണ്ട് മുക്കിയെടുത്തു  കുടിച്ചു കൊണ്ടു പറഞ്ഞു.

“അപ്പൊ, അതാരാണെന്നു എന്നോട് പറയില്ല അല്ലെ? വേണ്ട, പക്ഷെ നടേശൻ പിടിക്കപ്പെട്ട സ്ഥിതിക്കു പിന്നെ ഹുസൈന്റെ കൊലപാതകത്തിൽ പങ്കുള്ളത് നമുക്ക് രണ്ടുപേർക്കുമാണ്.നടേശാന്റെ വീട്ടിൽ വച്ചു നടന്ന കൊലപാതകം ആയതുകൊണ്ടും, ഡെഡ്ബോഡി അവിടെ നിന്നും കണ്ടെടുത്തത് കൊണ്ടും അയാൾ എന്റെ പേര് പറഞ്ഞാൽ പോലും അതൊന്നും സ്ട്രോങ്ങ്‌  തെളിവേ ആകുന്നില്ല. പക്ഷെ നമ്മൾ രണ്ടുപേരിൽ ആരെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും നമ്മുടെ പേര് പറഞ്ഞാൽ, ആ വീട്ടിൽ എന്റെ  സാന്നിത്യം ഉണ്ടായിരുന്നു എന്ന് പാസ്റ്ററിന്റെ വായിൽ നിന്നും വീണുപോയാൽ  എന്റെ തൊപ്പി പോകും,ജയിലഴി എണ്ണേണ്ടി വരും. ശരി അല്ലെ തങ്കൻ പാസ്റ്ററെ “

ഫിലിപ്പോസിന്റെ മുഖഭാവം പതിയെ മാറി വരുന്നത് തങ്കൻ ശ്രെദ്ധിച്ചു.

“സാറ് എന്താ ഉദ്ദേശിക്കുന്നത് “

സംശയത്തോടെ പാസ്റ്റർ ഫിലിപ്പോസിനെ നോക്കി.

“നമ്മൾ പരസ്പരം  പാരയാകുമെന്ന്. എനിക്കിതിൽ നിന്നും രക്ഷപെടണമെങ്കിൽ പാസ്റ്ററെ താൻ പിടിക്കപ്പെടരുത്. ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഉള്ളു പാസ്റ്ററെ “

സി ഐ ഫിലിപ്പോസ് പറഞ്ഞു. അയാളുടെ മുഖത്തു വിവിധഭാവങ്ങൾ ഒരു നിമിഷം കൊണ്ടു മിന്നിമറിഞ്ഞു.

“സാറ് എന്താ പറഞ്ഞു വരുന്നത് “?

ഫിലിപ്പോസിന്റെ സംസാരത്തിൽ പതുങ്ങി ഇരിക്കുന്ന അപകടം  തിരിച്ചറിഞ്ഞ തങ്കൻ പാസ്റ്റർക്കു   കുടിച്ച മദ്യത്തിന്റെ ലഹരി ആവിയായി പോകുന്ന പോലെ തോന്നി.

ഫിലിപ്പോസ് കസേരയിൽ ഇരിക്കുന്ന തങ്കനെ നോക്കി ക്രൂരമായി ചിരിച്ചു.

“പാസ്റ്ററെ,താൻ കർത്താവിനു പ്രിയപെട്ടവനല്ലേ. ഏത് രോഗവും പ്രാർത്ഥിച്ചു മാറ്റുന്ന ദൈവത്തിന്റെ വരം കിട്ടിയ ആൾ.അതുകൊണ്ട് പാസ്റ്ററ് കർത്താവിൽ നിദ്ര പ്രാപിച്ചാൽ നിങ്ങൾക്ക് കർത്താവിനെ കാണുകയും ചെയ്യാം, എനിക്ക് ഈ കേസിൽ നിന്നും എന്നെന്നേക്കുമായി രക്ഷപ്പെടുകയും ചെയ്യാം. എന്തു പറയുന്നു “

തങ്കൻ പാസ്റ്ററെ നോക്കി കൊണ്ടു ഫിലിപ്പോസ് പാന്റിന്റെ പോക്കറ്റിൽ നിന്നും റിവോൾവർ വലിച്ചെടുത്തു അതിന്റെ കുഴലിനകത്തേക്ക് ഒന്ന് ഊതി.

ചാടി എഴുന്നേറ്റ തങ്കൻ റിവോൾവർ തന്റെ നേരെ ചൂണ്ടാൻ തുടങ്ങിയ ഫിലിപ്പോസിനെ ആഞ്ഞൊരു ചവിട്ട് .!! അപ്രതീക്ഷിതമായ ചവിട്ടിൽ ഫിലിപ്പോസ് തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു താഴെ വീണു. റിവോൾവർ ഫിലിപ്പോസിന്റെ കയ്യിൽ നിന്നും തറയിൽ   വീണു.

“ഇതായിരുന്നോടാ പുല്ലേ നിന്റെ മനസ്സിലിരിപ്പ്. നിന്നെ വിളിച്ചു വരുത്തി ഒപ്പീസ് ചൊല്ലി കുഴിച്ചു മൂടാനായിരുന്നെടാ സാറെ എന്റെയും പ്ലാൻ. അപ്പോ നീ അങ്ങ് തോക്കിൽ കേറി വെടിവയ്ക്കാമെന്നു കരുതി അല്ലേടാ കഴുവേ%@*&മോനെ. കർത്താവിനെ പഴിചാരി ആളുകളെ പറ്റിക്കാൻ മാത്രമല്ലടാ, തെളിവില്ലാതെ കൊന്നു കുഴിച്ചു മൂടാനും എനിക്കറിയാം. അങ്ങനെ എനിക്കെതിരെ വന്നവരെ ഒരു തെളിവും വയ്ക്കാതെ കുഴിച്ചു മൂടിയിട്ടും ഉണ്ട് ഈ തങ്കൻ “

തങ്കൻ പാസ്റ്റർ അലറിക്കൊണ്ട് താഴെ വീണുകിടക്കുന്ന ഫിലിപ്പോസിനു നേർക്കു പാഞ്ഞടുത്തു. അതേ നിമിഷം ഫിലിപ്പോസ് കാലുയർത്തി തങ്കന്റെ നെഞ്ചത്ത് തന്നെ ഒരു ചവിട്ട്. തങ്കൻ പാസ്റ്റർ തെറിച്ചു മേശയിൽ ചെന്നിടിച്ചു മേശയും കൊണ്ടു നിലത്തേക്ക് മറിഞ്ഞു. മേശയുടെ പുറത്തിരുന്ന ബ്രാണ്ടി കുപ്പിയും വെള്ളം നിറച്ചു വച്ചിരുന്ന കൂജയും നിലത്തു വീണു പൊട്ടി ചിതറി.

പെട്ടന്ന് അകത്തെ മുറിക്കുള്ളിൽ നിന്നും വെള്ളസാരി ഉടുത്ത ഒരു സ്ത്രി ഓടി വന്നു തങ്കനെ പിടിച്ചേൽപ്പിക്കാൻ നോക്കി.

“ഓഹോ, അപ്പോ നീ ഇവളെയും കൊണ്ടു വന്നു ഇവിടെ ഇരുന്നു കുടിയും ബാധ ഇറക്കലുമായിരുന്നു പരിപാടി അല്ലെ “

ചാടി എഴുന്നേറ്റ ഫിലിപ്പോസ് ചോദിച്ചു കൊണ്ടു റിവോൾവറിന് വേണ്ടി മുറിയിൽ ആകെ പരതി. അത് കണ്ടതും തങ്കൻ പാസ്റ്റർ അരയിൽ നിന്നും ഒരു കത്തി വലിച്ചൂരി എടുത്തു റിവോൾവറിന് നേരെ നീങ്ങിയ ഫിലിപ്പോസിന്റെ കാലിൽ കുത്തി. കുത്ത് കൊണ്ട ഫിലിപ്പോസ് നിലവിളിച്ചു കൊണ്ടു വെട്ടി തിരിഞ്ഞു മറു കാലുകൊണ്ട് തങ്കന്റെ മുഖമടച്ചു തൊഴിച്ചു. നിലത്തൂടെ നിരങ്ങി പോയ തങ്കൻ പാസ്റ്റർ ഭിത്തിയിൽ പോയി തലയിടിച്ചു നിന്നു. അതുകണ്ടു പേടിച്ച് പിന്നോട്ട് മാറിയ ആ യുവതി മുറിയുടെ മൂലയിൽ കിടക്കുന്ന റിവോൾവറിന് നേരെ ഓടി. ഫിലിപ്പോസ് കൈ നീട്ടി  അവളുടെ സാരി തുമ്പിൽ പിടിച്ചു പുറകോട്ടു വലിച്ചു. ബാലൻസ് തെറ്റി ഫിലിപ്പോസിന്റെ ദേഹത്തേക്ക് മറിഞ്ഞ അവളെ ഫിലിപ്പോസ് പൊക്കി എടുത്തു മുറിയിൽ കിടന്ന കാട്ടിലിലേക്കെറിഞ്ഞു.

പാഞ്ഞു ചെന്നു റിവോൾവർ കയ്യിലെടുത്തു തിരിഞ്ഞതും തങ്കൻ പാസ്റ്ററിന്റെ കത്തി കൊണ്ടുള്ള കുത്ത് ഫിലിപ്പോസിന്റെ വയറുതുളച്ചു കയറി പോയതും ഒരു പോലെ ആയിരുന്നു.ഫിലിപ്പോസിന്റെ നിലവിളി മുറിക്കുള്ളിൽ മുഴങ്ങി.

“നീ കർത്താവിന്റെ അടുത്തേക്ക് പൊക്കോ ഫിലിപ്പൊസേ. അവിടെ പോയിരുന്നു രണ്ടു സുവിശേഷവും പറഞ്ഞു, കൊന്തയും ചൊല്ലി നല്ലവനായി ഇരുന്നോ. എനിക്ക് കർത്താവിനെകാളും ഇഷ്ടം ചെകുത്താനെയാ. എനിക്ക് ഈ ലോകത്തു സുഖിക്കണമെടാ. കൂടെ നിന്ന ഒരുത്തനെ നീയും നടേശനും കൂടി ഒരു ദയദാക്ഷിണ്യവും ഇല്ലാതെ കൊന്നപ്പോൾ ഞാൻ മനസ്സിൽ കുറിച്ചതാ, നീയൊക്കെ തരം കിട്ടിയാൽ എന്നെയും അതുപോലെ കശാപ്പ് ചെയ്യാൻ മടിക്കതില്ലെന്നുള്ളത്.അതുകൊണ്ട് നോക്കിയും കണ്ടും ഞാനും നിന്നു “

തങ്കൻ ക്രൂരമായി ചിരിച്ചു കൊണ്ടു ഫിലിപ്പോസിന്റെ വയറ്റിൽ പിടി വരെ തുളച്ചു കയറി ഇരിക്കുന്ന കത്തി വലിച്ചൂരി വീണ്ടും കുത്തി പുറകിലേക്ക് തള്ളി. ഫിലിപ്പോസ് പുറകിലേക്ക് മറിഞ്ഞു വീണു.ചോര തറയിൽ പരന്നൊഴുകി.കയ്യിലിരുന്ന ചോരപുരണ്ട  കത്തിയുമായി പാസ്റ്റർ തിരിഞ്ഞു കട്ടിലിൽ നിന്നും എഴുനേറ്റു വരുന്ന യുവതിയുടെ അടുത്തേക്ക് ചെന്നു.

“മേഴ്‌സി, ഇവനെ ഞാൻ കൊല്ലുന്നതു കണ്ട ഏക ദൃക്‌സാക്ഷി നീ മാത്രമാ. ഇത്രയും കാലം ഞാൻ ചെയ്ത തട്ടിപ്പിനും  വെട്ടിപ്പിനും എനിക്ക് കൂട്ട് നിന്നു. എന്നെ ശരീരം കൊണ്ടും മനസ്സുകൊണ്ടും സന്തോഷിപ്പിച്ചു. പക്ഷെ ഒരു  പെണ്ണിന് അധികകാലം രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ല എന്ന ലോകസത്യം നമ്മൾ അംഗീകരിക്കേണ്ടേ. അപ്പോൾ ഇതിൽ നിന്നും ഞാൻ തെളിവില്ലാതെ രക്ഷപെടണമെങ്കിൽ നീ മരിക്കണം.”

അതുകേട്ടു പേടിച്ച് വിറച്ചു എഴുന്നേറ്റ മേഴ്‌സി ഭയം നിറഞ്ഞ കണ്ണുകളോടെ തങ്കനെ നോക്കി.

“എന്നെ കൊല്ലരുത് പാസ്റ്റർ. ഞാൻ ആരോടും ഒന്നും പറയില്ല. എനിക്ക് രണ്ടു മക്കളുണ്ട്, ഭർത്താവുണ്ട്. അവരോടൊപ്പം ഞാൻ എവിടെയെങ്കിലും പോയി ജീവിച്ചോളാം. പാസ്റ്ററിന്റെ നോട്ടമെത്തുന്ന ഒരിടത്തുപോലും ഞാൻ വരത്തില്ല. എന്നെ കൊല്ലരുത് “

അവൾ കൈകൂപ്പി യാചിച്ചു കൊണ്ടു കരഞ്ഞു.

“മേഴ്‌സി, പെണ്ണും, മണ്ണും എപ്പോൾ വേണമെങ്കിലും ചതിക്കാം. ഒരു മുന്നറിയിപ്പുമില്ലാതെ. അതുകൊണ്ട് പെണ്ണിനോടും മണ്ണിനോടും ഇടപെടുമ്പോൾ പത്തുവട്ടം ചിന്തിക്കണം. അല്ലെങ്കിൽ കഴുത്തിൽ ഇരിക്കുന്ന തലയുടെ സ്ഥാനം മാറുന്നത് എപ്പോൾ ആണെന്ന് പറയാൻ പറ്റത്തില്ലന്നെ. നീ എന്നോട് ക്ഷമിക്ക്. “

തങ്കൻ മേഴ്സിയെ തന്റെ ദേഹത്തേക്ക് വലിച്ചടിപ്പിച്ചു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

“ഇത് നിനക്കുള്ള എന്റെ അന്ത്യചുംബനം ആകുന്നു. ഈ ഉള്ളവനോട് നീ ക്ഷമിക്കുക.കാരണം ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പിന്നെ എന്തു പ്രയോജനം.ഹല്ലേലുയ, സ്ത്രോത്രം “

ഭയവും സങ്കടവും കൊണ്ടു നിറഞൊഴുകുന്ന  മേഴ്‌സിയുടെ കണ്ണുകളിലേക്ക് നോക്കി പാസ്റ്റർ തങ്കൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി,  കയ്യിലിരുന്ന കത്തി മേഴ്‌സിയുടെ വയറിലേക്ക് കുത്തി കയറ്റി ഒരു തിരി തിരിച്ചു. നിലവിളിക്കാൻ തുടങ്ങിയ അവളുടെ ചുണ്ടുകളിൽ കടിച്ചു പിടിച്ചു കൊണ്ടു തങ്കൻ പാസ്റ്റർ കത്തി വലിച്ചൂരി വീണ്ടും വീണ്ടും കുത്തി  തന്റെ ദേഹത്തേക്ക് അമർത്തി പിടിച്ചു കൊണ്ടിരുന്നു. പിടച്ചിൽ നിന്നതും തങ്കൻ മേഴ്‌സിയെ നിലത്തേക്ക് മറച്ചിട്ടു.കയ്യിലിരുന്ന കത്തി മേഴ്‌സിയുടെ കയ്യിൽ പിടിപ്പിച്ചിട്ടു പാസ്റ്റർ ടോയ്‌ലെറ്റിലേക്കു കയറി ദേഹത്തെ ചോര കഴുകി കളഞ്ഞു തിരിച്ചിറങ്ങി വന്നു.ചോരപുരണ്ട വസ്ത്രങ്ങൾ മാറ്റി വേറെ ഡ്രെസ്സ് ധരിച്ചു.അവിടവിടെ ചിതറികിടന്ന തന്റെ വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും  പെറുക്കി ബാഗിൽ നിറച്ചു.

“മേഴ്‌സി, ക്ഷമിക്ക്, വേറെ വഴി ഇല്ലാഞ്ഞിട്ട.”

തറയിൽ ചോരയിൽ കുളിച്ചു ചലനമറ്റുകിടക്കുന്ന മേഴ്‌സിയെ നോക്കി പറഞ്ഞിട്ട് തങ്കൻ തിരഞ്ഞു ഫിലിപ്പോസ് കിടക്കുന്നിടത്തേക്ക് തിരിഞ്ഞു .

“ഫിലിപ്പൊസേ, നീ കളിയെറക്കിയത് എനിക്കെതിരായി പോയി. അതാ ഇങ്ങനെ കിടക്കേണ്ടി വന്നത്. കേട്ടോടാ  പരനാ &%@. പോട്ടെടാ “

തങ്കൻ പാസ്റ്റർ ബാഗുമെടുത്തു കൊണ്ടു വാതിലിനു നേരെ നടന്നു. വാതിൽ തുറക്കാൻ കൊളുത്തിൽ കൈ വച്ചതും അയാളുടെ പുറം തുളച്ചു കൊണ്ടു വെടിയുണ്ട കടന്നുപോയതും ഒരേ നിമിഷത്തിൽ ആയിരുന്നു. തങ്കൻ നെഞ്ച് പൊത്തി പിടിച്ചു കൊണ്ടു നിലവിളിയോടെ തിരിഞ്ഞു. മുറിയുടെ മൂലയിൽ ഫിലിപ്പോസ് റിവോൾവർ ചൂണ്ടി കൊണ്ടു ഇരിക്കുകയാണ്.

“ഫിലി.. പ്പോ.. സിനെ തട്ടി..യേച്ചു  പോയി അങ്ങ് സുഖിക്ക.. മെന്ന് കരുതിയോടാ ബാസ്റ്റാർഡ്. ഞാൻ ചത്തിട്ടു നീ അങ്ങനെ ഒലത്തണ്ടെടാ “

ഫിലിപ്പോസിന്റെ കയ്യിലിരുന്ന റിവോൾവ്റിൽ നിന്നും വെടിയുണ്ട വീണ്ടും വീണ്ടും തങ്കൻ പാസ്റ്ററിന്റെ ദേഹം തുളച്ചു കടന്നുപോയികൊണ്ടിരുന്നു . വായുവിൽ ഒന്ന് വട്ടം വരച്ചു തങ്കൻ പാസ്റ്റർ  നിലത്തേക്ക് വീണു.ഒന്ന് പിടഞ്ഞു നിച്ചലമായി.

ചോരയൊലിക്കുന്ന ദേഹത്തോടെ ഫിലിപ്പോസ് ഭിത്തിയിൽ പിടിച്ചു എഴുനേൽക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു.

ജീപ്പ് അധികമാരും ശ്രെദ്ധിക്കാത്ത സ്ഥലത്തു ഒതുക്കി നിർത്തി ടോമിച്ചനും ആന്റണിയും ഇറങ്ങി ഇടുങ്ങിയ വഴിയിലൂടെ നടന്നു കുറച്ച് നടന്നപ്പോൾ അവർ കണ്ടു. ഒരു ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടം!

“അതാണോ ടോമിച്ച പാസ്റ്ററുടെ സുഖവാസകേന്ദ്രം “

ആന്റണി ടോമിച്ചനെ നോക്കി. ടോമിച്ചൻ ചുറ്റുപാടും ഒന്ന് ശ്രെധിച്ചിട്ടു  ആന്റണിയെ നോക്കി.

“നമുക്ക് തന്ന വിവരം വച്ചു ഇത് തന്നെ ആകാനാണ് സാധ്യത, വേറെ ഇവിടെ കെട്ടിടങ്ങൾ ഒന്നുമില്ലല്ലോ “

ടോമിച്ചൻ പറഞ്ഞു കൊണ്ടു മുൻപോട്ടു നടക്കുമ്പോൾ കണ്ടു ആ കെട്ടിടത്തിനു മുൻപിൽ ഒരു കാർ കിടക്കുന്നു!

“ആന്റണിച്ച അവിടെ ഒരു കാർ കിടപ്പുണ്ടല്ലോ. പാസ്റ്ററിന്റെ ആണോ അതോ….?”

ടോമിച്ചൻ സംശയത്തോടെ ആന്റണിയോട് ചോദിച്ചു.

ആന്റണിയും കണ്ടു. കാർ..കിടക്കുന്നത് ..

കാറിന്റെ അടുത്തെത്തിയപ്പോൾ ആന്റണി കാറിന് ചുറ്റും നടന്നു നോക്കി.

“ടോമിച്ചാ, ഇതാ സി ഐ ഫിലിപ്പോസിന്റെ കാറാണെന്ന തോന്നുന്നത്. അയാൾക്ക്‌ ഇതുപോലൊരു കാർ ഉണ്ട് “

ആന്റണി പറയുന്നത് കേട്ടു ടോമിച്ചൻ കെട്ടിടത്തിന്റെ ജനാലക്കലേക്കു നടന്നു. ചെറുതായി തുറന്നു കിടന്ന ജനൽ പാളിയുടെ ഇടയിലൂടെ അകത്തേക്ക് നോക്കി. ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയ ടോമിച്ചൻ നോട്ടം പിൻവലിച്ചു ആന്റണിയുടെ അടുത്തേക്ക് ചെന്നു.

“ആന്റണിച്ച, ആ പാസ്റ്ററും ഫിലിപ്പോസും ഒരു സ്ത്രിയും അകത്തുണ്ട്. പക്ഷെ അവരെല്ലാം ചോരയൊലിച്ചു നിലത്തു കിടക്കുകയാണ്. അകത്ത് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.”

ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണിയും പോയി ജനാല വഴി അകത്തേക്ക് നോക്കിയിട്ടു പെട്ടന്ന് തിരിച്ചു വന്നു.

“ടോമിച്ചാ, അകത്ത് എന്തൊക്കെയോ നടന്നിട്ടുണ്ട്. എത്രയും പെട്ടന്ന് ഇവിടെനിന്നും സ്ഥലം കാലിയാക്കണം. അകത്ത് പാസ്റ്ററും ഫിലിപ്പോസും തമ്മിൽ എന്തോ കയ്യാങ്കളി നടന്നിട്ടുണ്ട്. ആ സ്ത്രിയുടെ വേഷം കണ്ടിട്ട് തങ്കൻ പാസ്റ്ററിന്റെ പ്രാർത്ഥനയിൽ സ്ഥിരം ബാധകേറി തുള്ളുന്ന ആരോ ആണെന്ന് വേണം കരുതാൻ. എന്തായാലും നമ്മൾ ഇങ്ങോട്ട് വന്നിട്ടുമില്ല, നമുക്കൊന്നും അറിയത്തുമില്ല.”

ടോമിച്ചനെയും കൂട്ടി ആന്റണി വേഗത്തിൽ ചുറ്റും നോക്കികൊണ്ട്‌ തിരിഞ്ഞു നടന്നു. അവർ ജീപ്പിനടുത്തെത്തി തിരിഞ്ഞു നോക്കി.

“ആന്റണിച്ച, ഇതാരുടെയോ ട്രാപ് ആയിരുന്നോ എന്നൊരു സംശയം. നമ്മളെ കുടുക്കാൻ.”

പറഞ്ഞു കൊണ്ടു ടോമിച്ചൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു വഴിയിലേക്കിറക്കിയതും അകലെ ആ കെട്ടിടം ഒരു വലിയ ശബ്ദത്തോടെ പൊട്ടി തെറിക്കുകയും തീ ആളികത്തുകയും ചെയ്തു.

“ടോമിച്ചാ, ജീപ്പ് ചവിട്ടി വിട്ടോ “

ആന്റിണി അലറി.ടോമിച്ചന്റെ കാൽ ആക്സിലേറ്ററിൽ അമർന്നു.

ജീപ്പ് കുട്ടിക്കാനത്തേക്ക് പാഞ്ഞു.

കെട്ടിടത്തിനു കുറച്ചകലെ ഇരുളിൽ ഒരു മനുഷ്യരൂപം ചലിച്ചു.

ഫോണെടുത്തു ആരോടോ സംസാരിച്ച ശേഷം അയാൾ മരങ്ങൾക്കും കാട്ടു ചെടികൾക്കും ഇടയിലൂടെയുള്ള നടവഴിയിലൂടെ നടന്നു മറഞ്ഞു.

********************************************

കോരിച്ചൊരിയുന്ന മഴയത്തേക്ക് നോക്കി ലിജി  വരാന്തയിൽ നിൽക്കുമ്പോൾ ആണ് ടോമിച്ചന്റെ ജീപ്പ് വന്നു മുറ്റത്തു നിന്നത്.ലിജി പെട്ടന്ന് അകത്തേക്ക് കയറി പോയി. ആന്റണിയും ടോമിച്ചനും ജീപ്പിൽ നിന്നുമിറങ്ങി മഴയത്തൂടെ ഓടി വന്നു വരാന്തയിൽ കയറി.ആന്റണി അകത്തേക്ക് കയറി ലില്ലിക്കുട്ടിയുടെ കയ്യിൽ നിന്നും ഒരു തോർത്ത്‌ മേടിച്ചു അടുക്കള വഴി പുറത്തിറങ്ങി നിന്നു തല തുവർത്തി.

അപ്പോഴേക്കും അകത്ത് നിന്നും ജെസ്സി ഇറങ്ങി വന്നു.

“ഇതെങ്ങോട്ടാ ഇത്രയും വേഗത്തിൽ പോയത്.ഞാനോർത്തു പോക്ക് കണ്ടപ്പോൾ ഏതോ മലമറിക്കാൻ പോയതാണെന്ന്. നിങ്ങക്ക് ഈ ഓട്ടവും പാച്ചിലും നിർത്താറായില്ലേ. ഒരപ്പൻ ആകാൻ പോകുവാ, അതോർത്തോ.നിങ്ങള്  ഇങ്ങു നീങ്ങി നിൽക്ക്, തല തൂവർത്തട്ടെ”

ജെസ്സി ചിരിച്ചോണ്ട് കയ്യിലിരുന്ന ടൌൽ കൊണ്ടു ടോമിച്ചന്റെ  നനഞ്ഞ മുടിയിലെ വെള്ളം തുവർത്തി കൊടുത്തു.

“ജെസ്സി, എടി ബോധമില്ലാത്തവളെ, ഞാൻ ഓടി പാഞ്ഞു നടക്കുന്നത് നമ്മുടെ കുടുംബത്തിന് വേണ്ടിയാ, ഉള്ള സന്തോഷം നഷ്ടപെടാതിരിക്കാൻ വേണ്ടിയാ. എന്റെ സമാധാനമോ സന്തോഷമോ ഒന്നും എനിക്ക് പ്രശ്നമല്ല. നീയും നമ്മുടെ അമ്മയും ഒരു ബുദ്ധിമുട്ടോ പ്രെയാസങ്ങളോ  ഇല്ലാതെ കഴിയണം. അത്രയേ ഉള്ളു. പിന്നെ ഈ ഓട്ടവും ചാട്ടവും ഒന്നും ടോമിച്ചന് പുത്തരി അല്ല. അതില്ലെങ്കിൽ ചിലപ്പോൾ ഞാൻ കാണത്തില്ല “

ടോമിച്ചൻ പറഞ്ഞപ്പോൾ ജെസ്സി ടോമിച്ചന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“നീ എന്താ പന്തം കണ്ട പെരുചാഴിയെ പോലെ നോക്കുന്നത് “?

ടോമിച്ചൻ മുടി കൈകൊണ്ടു മാടി വച്ചു കൊണ്ടു ചോദിച്ചു.

“നിങ്ങക്ക് എന്തു പറ്റി? എന്തെങ്കിലും വിഷമമുണ്ടോ. സങ്കടമുണ്ടോ? എങ്കിൽ എന്നോട് പറ.”

ജെസ്സി ടോമിച്ചന്റെ കയ്യിൽ പിടിച്ചു.

“വിഷമമോ? എന്തു വിഷമം, നിനക്ക് വെറുതെ തോന്നുന്നതാ “

ടോമിച്ചൻ അലസമായി പറഞ്ഞിട്ട് ചിരിച്ചു.

“ഒന്നുമില്ലേ, നമ്മളൊരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഒരുപാടു നാളായില്ലേ. അപ്പോ നിങ്ങടെ മുഖത്തു വരുന്ന ഏതു മാറ്റവും എനിക്ക് മനസ്സിലാകും “

ജെസ്സി മുഖം വീർപ്പിച്ചു പിണക്കം ഭാവിച്ചു കൊണ്ടു പറഞ്ഞു.

“ഒന്നുമില്ലടി, ”  പറഞ്ഞിട്ട് ജെസ്സിയുടെ കഴുത്തിലോടെ ടോമിച്ചൻ കൈച്ചുറ്റി ചേർത്തു പിടിച്ചു.

“നിനക്ക് വെറുതെ തോന്നുന്നതാ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിന്നോട് പറയത്തില്ലേ.നീ ഇപ്പോൾ മറ്റുള്ള കാര്യങ്ങളൊന്നും നോക്കണ്ട. വയറ്റിൽ വളരുന്ന നമ്മുടെ കുഞ്ഞിനെ കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. ബാക്കി എന്തു കാര്യവും ഞാൻ നോക്കിക്കൊള്ളാം “

സങ്കടത്തോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ജെസ്സിയുടെ കവിളിൽ മെല്ലെ തലോടികൊണ്ട് ടോമിച്ചൻ പറഞ്ഞു.

അപ്പോഴേക്കും ആന്റണിയും ലിഷയും വരാന്തയിലേക്ക് ഇറങ്ങി വന്നു.

അതുകണ്ടു ജെസ്സി ടോമിച്ചന്റെ അടുത്ത് നിന്നും കുറച്ച് മാറി നിന്നു.

“ടോമിച്ചാ, കാലാവർഷം തുടങ്ങിയെന്ന തോന്നുന്നത്. മഴയുടെ രീതി കണ്ടിട്ട് ഒരാഴ്ചത്തേക്ക് നീണ്ടു നിൽക്കുമെന്ന് തോന്നുന്നു. റേഡിയോയിലും പറയുന്നത് കേട്ടു “

ആന്റണി പറഞ്ഞു കൊണ്ടു വരാന്തയിൽ കിടന്ന തടി ബെഞ്ചിൽ ഇരുന്നു കയ്യിലെ ഗ്ലാസിൽ ഉള്ള ചൂട് പറക്കുന്ന ചായ ഊതി കുടിച്ചു.

“ഇനിയെങ്കിലും നല്ലതുപോലെ മഴ പെയ്തില്ലങ്കിൽ മണ്ണിലെ വെള്ളം മുഴുവൻ വറ്റി പോകും. കുടിവെള്ളം കിട്ടാതെ ആളുകള് വലയും “

ടോമിച്ചനും ബെഞ്ചിന്റെ ഒരു സൈഡിൽ ഇരുന്നു.

ലിഷ ജെസ്സിയുടെ കൈയിൽ പിടിച്ചു നിൽക്കുകയാണ്.ജെസ്സി വന്നത് മുതൽ ലിഷ അവളുടെ കൂടെ ഉണ്ട്. കുറച്ച് മുൻപ് ജെസ്സി ലിജിയെയും ലിഷയെയും കൂട്ടി കുട്ടിക്കാനത്തു കൊണ്ടുപോയി വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങളും അരിയും മറ്റും വാങ്ങി കൊണ്ടു വന്നിരുന്നു.

“ജെസ്സി ചേച്ചി, അമ്മച്ചി വിളിക്കുന്നു “

ലിജി വന്നു ജെസ്സിയോട് പറഞ്ഞു.

ജെസ്സി ലിഷയുമായി അടുക്കളയിലേക്ക് പോയി.

“ഡേവിഡ് എന്തിയെ മോളേ, അവനെവിടെ പോയി “

ആന്റണി ലിജിയെ നോക്കി.

“പുറത്ത് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പോയതാ. പെട്ടന്ന് വരുമെന്ന് പറഞ്ഞിട്ട പോയത് “

ലിജി ആന്റണിയോട് പറഞ്ഞു.

ആന്റണിയും ടോമിച്ചനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഡേവിഡ് കാറിൽ വന്നിറങ്ങി.കുറച്ച് പ്ലാസ്റ്റിക്‌ കവറുകളുമായി വീട്ടിലേക്കു വന്നു.

“നീയിതെവിടെ പോയിരിക്കുവായിരുന്നു,”

ടോമിച്ചൻ ചോദ്യഭാവത്തിൽ ഡേവിഡിനെ നോക്കി.

“ഇവർക്ക് കുറച്ച് ഡ്രെസ്സ് വാങ്ങിക്കാൻ പോയതാ, അവിടുന്ന് കൊണ്ടുവന്നതെല്ലാം ഇനി ഉണക്കി ശരിയാക്കി എടുക്കണ്ടേ.”

പറഞ്ഞു കൊണ്ടു ഡേവിഡ് കയ്യിലിരുന്ന പ്ലാസ്റ്റിക് കവറുകൾ ലിജിയുടെ കയ്യിൽ കൊടുത്തു.

“എന്തിനാ മോനെ ഇപ്പൊ ഈ ഡ്രെസ്സൊക്കെ മേടിച്ചു പൈസ കളഞ്ഞത്. തത്കാലത്തിനുള്ളത് ഇവിടെ ഉണ്ടായിരുന്നല്ലോ “

ലില്ലിക്കുട്ടി ഇറങ്ങി വന്നു ഡേവിഡിനോട് ചോദിച്ചു.

“ഇതൊക്കെ ഒരു സന്തോഷത്തിന്റെ പേരിൽ ചെയ്‌യുന്നതല്ലേ അമ്മച്ചി. ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല “

ഡേവിഡ് പറഞ്ഞു കൊണ്ടു നിൽക്കുമ്പോൾ ലില്ലിക്കുട്ടി വന്നു കാപ്പി തയ്യാറായി എന്ന് പറഞ്ഞിട്ട് പോയി.

ഭക്ഷണം കഴിഞ്ഞു കുറച്ച് നേരം കൂടി സംസാരിച്ചിരുന്ന ശേഷം ടോമിച്ചനും ശോശാമ്മയും ജെസ്സിയും യാത്ര പറഞ്ഞിറങ്ങി.പിറ്റേന്ന് ഇലക്ഷനിൽ എൺപത്തഞ്ചു ശതമാനം വോട്ട് രേഖപ്പെടുത്തി.ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.  ഫ്രഡ്‌ഡി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും എന്നുറപ്പിച്ചു മലയോര കോൺഗ്രസ്സ്.ഡി സി സി പ്രസിഡണ്ട്‌ ചെറിയാൻ ജോഷി നേതാക്കന്മാരുടെ യോഗം കൂടി ഭാവി പരിപാടികൾ ചർച്ച ചെയ്തു. വോട്ടെണ്ണൽ കഴിഞ്ഞു വിജയം പ്രഖ്യപിച്ചാൽ, കോണ്ഗ്രസ് അധികാരത്തിൽ വന്നാൽ മലയോരകോണ്ഗ്രസ്സ് ആവശ്യപ്പെടേണ്ട സ്ഥാനമാനങ്ങളെ കുറിച്ചും വിശദമായൊരു തീരുമാനത്തിൽ എത്തി.

വോട്ടെണ്ണൽ ദിവസം ഒറ്റപെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ  സമാധാനപരമായിരുന്നു. രാവിലെ മുതൽ ഫ്രഡ്‌ഡിക്കൊപ്പം ടോമിച്ചനും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ ഫലം വന്നു. മലയോരകോൺഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായി എഴുപതയ്യായിരം  വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫ്രഡ്‌ഡി വിജയിച്ചു. വിജയം പ്രഖ്യപിച്ചതും ജീപ്പിലിരുന്ന ടോമിച്ചനടുത്തേക്ക് ഫ്രഡ്‌ഡി ഓടി വന്നു കെട്ടി പിടിച്ചു.

“ടോമിച്ചാ, നിങ്ങളൊരുത്തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാ എതിരാളിയെ ഒന്നുമില്ലാതാക്കി കളഞ്ഞത്. ഇപ്പൊ ഞാൻ എം ൽ എ ആയി. ഒരു മന്ത്രി സ്ഥാനം പ്രതീക്ഷിക്കാം. ടോമിച്ചൻ എന്തു വേണം എന്ന് പറഞ്ഞാൽ മതി. ഞാൻ കൂടെ ഉണ്ടാകും.”

ടോമിച്ചൻ ജീപ്പിൽ നിന്നും പുറത്തെക്കിറങ്ങി.

“നീ അങ്ങ് നന്നായി ഭരിച്ചാൽ മതി.നിനക്ക് ജയിക്കാനുള്ള തലേവര ഉണ്ടായിരുന്നിരിക്കും. അത് കൊണ്ടു നീ ജയിച്ചു. പിന്നെ ചില അവസരങ്ങൾ വന്നു കിട്ടി. നല്ല രീതിയിൽ മുന്നോട്ടു പോകുക. ആഘോഷങ്ങൾക്ക് നിൽക്കുന്നില്ല. എനിക്ക് പെട്ടന്ന് പോകണം. അപ്പോ പ്രവർത്തകരുടെയും  നേതാക്കന്മാരുടെയും ആഘോഷങ്ങൾ നടക്കട്ടെ. അപ്പോ കാണാം “

ടോമിച്ചൻ ജീപ്പിൽ കേറി കുട്ടിക്കാനത്തിന് തിരിച്ചു. സന്ധ്യമയങ്ങിയത് കൊണ്ടു പ്രകൃതിയിൽ നേരത്ത ഇരുൾ വീണരുന്നു. കൂടെ മഴമഞ്ഞും.ഹെഡ്ലൈറ്റ് ഇട്ട്, ഫോഗ് ലാമ്പും തെളിച്ചു ടോമിച്ചൻ ജീപ്പിന്റെ വേഗം കൂട്ടി.ഉപ്പുതറ അടുക്കാറായപ്പോൾ  വഴി വക്കിൽ നിർത്തിയിട്ടിരുന്ന ഒരു ടിപ്പർലോറി  സ്റ്റാർട്ടായി വഴിയിലേക്ക് കയറി ടോമിച്ചന്റെ ജീപ്പിന്റെ പുറകെ നീങ്ങി.

                                         ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കാവൽ – 22”

Leave a Reply

Don`t copy text!