നേരം ഇരുട്ടി തുടങ്ങിയത് കൊണ്ടു ജീപ്പ് നല്ല വേഗത്തിലാണ് ടോമിച്ചൻ ഓടിച്ചു കൊണ്ടിരുന്നത്. ചെറിയ ചാറ്റൽ മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസിൽ മഴത്തുള്ളികൾ വീണു കൊണ്ടിരുന്നു. എതിർ വശത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം ചില്ലിൽ പതിച്ചു റോഡിലേക്കുള്ള കാഴ്ച മങ്ങുന്നത് കൊണ്ടു ടോമിച്ചന്റെ ശ്രെദ്ധ മുഴുവൻ ഡ്രൈവിങ്ങിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പുറകിലൂടെ ജീപ്പിനെ പിന്തുടരുന്ന ടിപ്പർ ലോറിയെ ടോമിച്ചൻ കണ്ടില്ല.
പുറകിലൂടെ പാഞ്ഞു വന്ന ടിപ്പർ ജീപ്പിന്റെ പുറകിൽ വന്നിടിച്ചു. അപ്രതീക്ഷിതമായി ഉള്ള ഇടിയിൽ ടോമിച്ചന്റെ കയ്യിൽ നിന്നും ജീപ്പിന്റെ നിയത്രണം നഷ്ടപ്പെട്ടു, എങ്കിലും പെട്ടന്ന് തന്നെ ജീപ്പിന്റെ നിയത്രണം വീണ്ടെടുത്തു ടോമിച്ചൻ തല പുറത്തേക്കിട്ട് പുറകിലേക്ക് നോക്കി.
വീണ്ടും ടിപ്പർ ജീപ്പിനു നേരെ വരുകയാണെന്നു തിരിച്ചറിഞ്ഞ ടോമിച്ചൻ ജീപ്പിന്റെ വേഗം കൂട്ടി. ആരോ കരുതികൂട്ടി തന്നെ അപകടപെടുത്താൻ വരുകയാണെന്നു ടോമിച്ചന് മനസ്സിലായി. ജീപ്പിന്റെ വേഗം കൂട്ടുന്നതനുസരിച്ചു പുറകിലൂടെ പാഞ്ഞു വരുന്ന ലോറിയുടെ വേഗവും വർധിച്ചു കൊണ്ടിരുന്നു.st. ജോസഫ് ചർച്ചും ആലടിയും പിന്നിട്ടു ചപ്പാത്ത് ബ്രിഡ്ജ് എത്തിയതും പുറകിൽ പാഞ്ഞു വന്നുകൊണ്ടിരുന്ന ലോറി കാണാതായി.ടോമിച്ചൻ റിയാർവ്യൂ മിററിലേക്ക് സൂക്ഷിച്ചു നോക്കി. മിററിൽഅകലെ നിന്നും ഒരു കാർ വരുന്ന വെളിച്ചം മാത്രമാണ് ദൃശ്യമായത് .ടോമിച്ചൻ ജീപ്പിന്റെ വേഗം കുറച്ച് സൈഡിലൊതുക്കി കാർ കയറ്റി വിട്ടു.കാറിനുള്ളിൽ ഇരുന്നുകൊണ്ട് ഒരാൾ ജീപ്പിനുള്ളിലേക്ക് തുറിച്ചു നോക്കുന്നത് ടോമിച്ചൻ അറിഞ്ഞില്ല. കരിന്തരുവി കഴിഞ്ഞു ആനൻ തമ്പി ഹിൽ പ്രേദേശത്തു എത്തിയതും ടോമിച്ചൻ ജീപ്പ് വഴിയിൽ നിന്നും താഴെക്കിറക്കി ഒതുക്കി നിർത്തി പുറത്തിറങ്ങി. പുറകിലേക്ക് നോക്കികൊണ്ട് ഒരു ബീഡിക്കു തീ കൊളുത്തി. വലിച്ചു പുക മുകളിലേക്കു ഊതി വിട്ടുകൊണ്ട് നിൽക്കുമ്പോൾ കണ്ടു അകലെ വളവ് തിരഞ്ഞു വരുന്ന ഒരു ലോറിയുടെ ഹെഡ് ലൈറ്റ് പ്രെകാശം.ലോറി കുറച്ച് കൂടി അടുത്തെത്തിയപ്പോൾ തന്നെ പിന്തുടർന്നു വന്ന ലോറിയണതെന്നു ടോമിച്ചന് ഉറപ്പായി. ജീപ്പിൽ നിന്നും ജാക്കി ലിവർ വലിച്ചെടുത്തു ടോമിച്ചൻ തയ്യാറായി നിന്നു. പാഞ്ഞു വരുന്ന ലോറിഏകദേശം അടുത്തെത്തിയതും ലോറിയുടെ ഫ്രണ്ടു ഗ്ലാസ്സിലേക്ക് ടോമിച്ചൻ ജാക്കി ലിവർ കറക്കി എറിഞ്ഞു. ലോറിയുടെ ഫ്രണ്ടു ഗ്ലാസ്സ് തകർത്തു കൊണ്ടു ജാക്കിലിവർ ക്യാബിനുള്ളിലേക്ക് വീണു. ലോറി നിയത്രണം വിട്ടു പാളി പാഞ്ഞു ചെന്നു വലിയ ശബ്ദത്തോടെ വഴിയുടെ സൈഡിൽ നിന്ന കാറ്റാടി മരത്തിൽ ബൊണറ്റിടിച്ചു കയറി നിന്നു . ഒരു ഹെഡ്ലൈറ്റ് പൊട്ടിചിതറി!! മറു സൈഡിലെ ഹെഡ്ലൈറ്റ് തെളിഞ്ഞു നിന്നു..ലോറിയുടെ ക്യാബിനിലെ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ റോഡിലേക്ക് ചാടി. നിലത്തേക്ക് ബാലൻസ് തെറ്റി വീണുപോയ അയാൾ ചാടി എഴുനേറ്റു ഓടാൻ തുടങ്ങിയതും പുറകിൽ നിന്നും ഒരു ചവിട്ട് കിട്ടി തെറിച്ചു ലോറിയിൽ ഇടിച്ചു അലർച്ചയോടെ നിലത്തേക്ക് വീണു.പാഞ്ഞടുത്ത ടോമിച്ചൻ അവന്റെ മുടിയിൽ കുത്തുപിടിച്ചു മുകളിലേക്കു പൊക്കി ലോറിയിലേക്ക് ചാരി.ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ആ മുഖം ടോമിച്ചൻ കണ്ടു.
ചീങ്കണ്ണി ലാസർ!
“നീയോ, കഴുവേറി, എന്നെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ നോക്കുന്നോടാ തന്തയില്ലാത്തവനെ.”
പറഞ്ഞതും മുട്ടുകാൽ വച്ചു ലാസറിന്റെ നാഭി നോക്കി ഒരിടി!!!
ലാസർ നിലവിളിയോടെ താഴേക്കു കുനിഞ്ഞു,തലക്കൊണ്ട് ടോമിച്ചനെ ഇടിച്ചു പുറകോട്ടു തള്ളി.പെട്ടന്ന് ലോറിയുടെ പുറകിൽ നിന്നും മറ്റൊരാൾ കൂടി വഴിയിലേക്ക് ചാടി!
“എടാ ഷാജി, ഇവനെ ജീവനോടെ പോകാൻ അനുവദിക്കരുത്. ഇവന്റെ അന്ത്യം ഇവിടെ വച്ചായിരിക്കണം “
ലാസർ ടോമിച്ചന് നേരെ കൈ ചൂണ്ടി കൊണ്ടു അലറി. തുടർന്നു അരയിൽ നിന്നും ഒരു കത്തി വലിച്ചൂരി എടുത്തു.കത്തിയുമായി ടോമിച്ചന് നേരെ പാഞ്ഞു.ലാസറിന്റെ കുത്ത് ടോമിച്ചൻ കൈകൊണ്ടു തടുത്തു എങ്കിലും കയ്യിൽ കൊണ്ടു തെന്നി ജീപ്പിന്റെ പുറകിലെ ഡോറിന്റെ ഇടയിലേക്ക് കയറി പോയി. കത്തി വലിച്ചൂരി എടുക്കാൻ ശ്രെമിച്ച ലാസറിന്റെ താടിയെല്ല് തകരുന്ന പാകത്തിൽ ടോമിച്ചൻ കൈചുരുട്ടി ഇടിച്ചു. കത്തിയുടെ പിടിയിൽ നിന്നും പിടിവിട്ടു നിലവിളിച്ചു കൊണ്ടു പുറകോട്ടു മറിഞ്ഞ ചീങ്കണ്ണി ലാസറെ നെഞ്ചിലിടിച്ചു കറക്കി കാലിൽ ചവുട്ടി നിലത്തിരുത്തി. അതേ സമയം കുതിച്ചുയർന്നു തൊഴിച്ച ഷാജിയുടെ കാലിൽ പിടിച്ചു. തലതിരിഞ്ഞു വന്ന ഷാജിയുടെ ആറാംവരിയിൽ ടോമിച്ചൻ കൈ മുട്ടുകൊണ്ട് ഇടിച്ചു ജീപ്പിനുള്ളിലേക്കിട്ടു.നിലത്തിരുന്ന ലാസറെ വലിച്ചു പൊക്കി ജീപ്പിന്റെ സൈഡിലേക്ക് ചാരി കത്തി എടുത്തു കഴുത്തിലേക്കു വച്ചു.
“പറയെടാ, ആരു പറഞ്ഞിട്ട നീ എന്നെ കൊല്ലാൻ വന്നത്. പറഞ്ഞില്ലെങ്കിൽ പുന്നാരമോനെ നിന്നെ ഇവിടെയിട്ടു തീർക്കും ഞാൻ. ഞായറാഴ്ച പൊത്തിറച്ചിയുടെ കൂടെ തൂക്കും നിന്നെ.”
പറഞ്ഞു കൊണ്ടു കത്തിക്കു ലാസറിന്റെ കയ്യിലൂടെ പൂളി വിട്ടു.
“.. കൊ.. ല്ലരുത്…എന്നെ.. ഒന്നും ചെയ്യരുത്..ഞാൻ പറയാം “
രക്ഷപെടാൻ വേറെ വഴിയില്ലെന്നു മനസ്സിലാക്കിയ ലാസർ കെഞ്ചി.
“എന്നാൽ പറയെടാ പുല്ലാ. പറയാൻ പറ്റാത്ത വിധം നിന്റെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുകയാണോ.”
ടോമിച്ചൻ മുരണ്ടു കൊണ്ടു അവന്റെ കയ്യിൽ കത്തികൊണ്ട് വരഞ്ഞു വിട്ടു. ലാസർ വേദനകൊണ്ട് പുളഞ്ഞു.
അതേ സമയം ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഷാജിയെ കണ്ടു ടോമിച്ചൻ തുറന്നു കിടന്ന ഡോർ ചവിട്ടി അടച്ചു. ഡോർ വന്നു മുഖത്തിടിച്ചു ഷാജി അലർച്ചയോടെ ജീപ്പിന്റെ ഉള്ളിലേക്ക് തന്നെ വീണു. അവന്റെ കൈ വിരൽ ഡോറിനിടയിൽ പോയി ചതഞ്ചരഞ്ഞു. കൈ വിരൽ തിരിച്ചെടുക്കാനാവാതെ വേദനകൊണ്ട് ഷാജി അലറി കരഞ്ഞു കൊണ്ടു പിടഞ്ഞു.
“ടോമിച്ചാ, ഒന്നും ചെയ്യരുത്, ഞങ്ങളെ പറഞ്ഞു വിട്ടത് ചുങ്കിപ്പാറ സൈമൺ ആണ്. കൊന്നുകളഞ്ഞേക്കാനാ പറഞ്ഞിരുന്നത്.അയാൾ രാത്രിയിൽ പുറത്തിറങ്ങും. പകൽ ജയിലിൽ പോയി കിടക്കും. പോലീസുകാരും രാഷ്ട്രീയകാരിൽ ചിലരും അയാളുടെ കയ്യിലാണ്. എതിർത്താൽ കൊന്നുകളയും. പ്രതിപക്ഷവും ഭരണപക്ഷവും രാത്രിയായാൽ ഒന്നാ. പുറത്ത് കാണുന്ന എതിർപ്പൊക്കെ ജനങ്ങളെ പറ്റിക്കാനുള്ള സൂത്രങ്ങളാ.എന്നെ ഒന്നും ചെയ്യരുത്.”
വേദന കടിച്ചമർത്തി നിസഹായാവസ്തയോടെ ലാസർ കിതച്ചു.
“കാശ് തരാമെന്നു പറഞ്ഞാൽ നീ ആരെ വേണമെങ്കിലും കൊല്ലുമോ? എടാ കൊല്ലുമോന്നു “
കഴുത്തൊടിഞ്ഞ കോഴിയെ പോലെ നിന്ന ലാസറിന്റെ തടിക്കു പിടിച്ചുയർത്തി ടോമിച്ചൻ.
“എങ്കിൽ ഞാൻ കാശ് തരാം. വാ ആദ്യം സൈമണെ പൂളിക്കൊ.ആരെ കൊന്നലും നിനക്ക് കാശ് കിട്ടിയാൽ പോരെ. എവിടെ ഉണ്ടെടാ ഇപ്പോൾ സൈമൺ “
ടോമിച്ചൻ പറഞ്ഞത് കേട്ടു ലാസറിന്റെ കണ്ണുകളിൽ ഭയം ഉരുണ്ടു കൂടി.
“പറഞ്ഞത് കേട്ടില്ലെങ്കിൽ നീയിവിടെ വച്ചു എന്റെ കയ്യ് കൊണ്ടു ചാകും “
അരയിൽ കെട്ടിയിരുന്ന തോർത്തഴിച്ചെടുത്തു ലാസറിന്റെ കൈകൾ കൂട്ടി കെട്ടി.
“പെരുവന്താനതുള്ള ഗസ്റ്റ് ഹൌസിൽ ഉണ്ട്. സൈമണും ഭാര്യ ഗ്രേസിയും “
ലാസർ ദയനീയമായി ടോമിച്ചനെ നോക്കി.
“കേറടാ പുല്ലേ ജീപ്പിന്റെ അകത്ത്.”
ടോമിച്ചൻ ലാസറിന്റെ കഴുത്തിൽ പിടിച്ചു ഡോർ തുറന്നു ഉള്ളിലേക്ക് തള്ളി. ഡോർ തുറന്ന സമയത്തു ചതഞ്ഞരഞ്ഞ കൈവിരൽ ഷാജി വലിച്ചെടുത്തു.
ഡോർ വലിച്ചടച്ചിട്ടു ടോമിച്ചൻ അവരെ നോക്കി. ഷാജി വേദനകൊണ്ട് ഞെളിപിരി കൊള്ളുകയാണ്.
“ജീപ്പിന്റെ അകത്തിരുന്നു എനിക്കിട്ടു ഏമാത്തി കളയാമെന്ന് വിചാരം ഉണ്ടെങ്കിൽ അതങ്ങു കോത്താഴത്തു വച്ചോണം. ഇല്ലെങ്കിൽ രണ്ടിനെയും ജീപ്പ്ക്കേറ്റി അരച്ചു കളയും ഞാൻ “
ടോമിച്ചൻ താക്കിതിന്റെ സ്വരത്തിൽ പറഞ്ഞിട്ട് ജീപ്പിൽ കേറി സ്റ്റാർട് ചെയ്‌തു.പിന്നെ അകത്തെ കണ്ണാടി അഡ്ജസ്റ് ചെയ്തു,പുറകിൽ ഇരിക്കുന്നവരെ കാണാവുന്ന രീതിയിൽ.പുറകിലിരിക്കുന്ന ലാസറിന്റെയും ഷാജിയുടെയും ഓരോ ചലനങ്ങളും കണ്ണാടിയിലൂടെ നിരീക്ഷിച്ചു കൊണ്ടു ടോമിച്ചൻ പെരുവന്തനത്തേക്ക് ജീപ്പ് ഓടിച്ചു. പെരുവന്താനം ടൌൺ അടുക്കാറായപ്പോൾ ലാസർ പറഞ്ഞ വഴിയിലേക്ക് തിരിഞ്ഞു തേയിലചെടികൾക്കിടയിലൂടെയുള്ള ജീപ്പ് സഞ്ചരിച്ചു കരിങ്കല്ലുകൊണ്ട് ഭിത്തികൾ നിർമ്മിച്ചിരിക്കുന്ന ഒരു പഴയ കെട്ടിടത്തിനു മുൻപിൽ നിന്നു. വീടിനുള്ളിൽ ലൈറ്റ് കിടപ്പുണ്ട്.ടോമിച്ചൻ ജീപ്പിൽ നിന്നുമിറങ്ങി പുറകിലെത്തി ഡോർ തുറന്നു ലാസറിനെയും ഷാജിയെയും വലിച്ചു പുറത്തേക്കിറക്കി. രണ്ടു പേർക്കും നേരെ നിൽക്കുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.
“പറഞ്ഞത് കേട്ടല്ലോ രണ്ടുപേരും. തന്തക്കുപിറക്കായ്ക കാണിച്ചാൽ ഇവിടെ ഇട്ടു കത്തിക്കും ഞാൻ., പോയി അയാളെ വിളിക്ക് “
ടോമിച്ചൻ പതിഞ്ഞ സ്വരത്തിൽ നിർദേശിച്ചു.
ലാസറും ഷാജിയും ആയാസപ്പെട്ടു വേച്ചു വേച്ചു നടന്നു കെട്ടിടത്തിന്റെ മുൻവാതിലിലെത്തി. ലാസർ കോളിങ് ബെല്ലിൽ വിരലമർത്തി. ടോമിച്ചൻ ഭിത്തിയുടെ മറവു പറ്റി നിന്നു.
കുറച്ച് നിമിഷത്തിനുള്ളിൽ വാതിൽ തുറക്കപ്പെട്ടു. സൈമൺ വരാന്തയിലേക്കിറങ്ങി വന്നു. ചോരയൊലിപ്പിച്ചു നിൽക്കുന്ന ലാസറെയും ഷാജിയെയും കണ്ടു അയാൾ ഒന്ന് ശങ്കിച്ചു.
“ഇതെന്ത് പറ്റിയതാടാ..ദേഹം മുഴുവൻ ചോരയാണല്ലോ? ങേ..പോയ കാര്യം എന്തായി. ആ കഴുവേർടാ മോനെ തട്ടിയോ. ശവം കൊണ്ടുവന്നിട്ടുണ്ടോ “?
സൈമൺ ആകാംഷയോടെ വരാന്തയുടെ അറ്റത്തേക്ക് നീങ്ങി നിന്നു മുറ്റത്തേക്ക് നോക്കി. അവിടെ ഒരു ജീപ്പ് കിടക്കുന്നത് കണ്ടു സൈമൺന്റെ നെറ്റി ചുളിഞ്ഞു. അയാൾ തിരഞ്ഞു ലാസറെ നോക്കി.
“ആരുടെയാടാ ആ ജീപ്പ്, ടോമിച്ചന്റെ ശവം എവിടെ, വണ്ടിയിലുണ്ടോ. അത് കൺകുളിർക്കേ കണ്ടിട്ട് വേണം ഈ രാത്രിയിൽ എനിക്കുറങ്ങാൻ “
സൈമൺ പറഞ്ഞു നിർത്തിയതും ഇരുട്ടിൽ നിന്നും ടോമിച്ചൻ മുൻപിലേക്കു വന്നതും ഒരു പോലെ ആയിരുന്നു.
“സൈമൺ സാറെ, സാറിന്റെ ആഗ്രഹം പോലെ ദേ ടോമിച്ചൻ വന്നു മുൻപിൽ നിൽക്കുന്നു. ശവമായിട്ടല്ല, ജീവനോടെ.കൺകുളിർക്കേ കണ്ടോ.ഇനി അതിന്റെ പേരിൽ സാറിന്റെ മനസുഖം കുറയണ്ട “
ടോമിച്ചനെ കണ്ടു സൈമണിന്റെ മുഖം വിളറി.
“ഇവനെ കൊന്നോണ്ട് വരാൻ പറഞ്ഞപ്പോ നീയൊക്കെ ജീവനോടെ ആണോടാ പട്ടികളെ കൊണ്ടുവന്നത്.”
കത്തുന്ന കണ്ണുകളോടെ സൈമൺ തലതിരിച്ചു ലാസറെയും ഷാജിയെയും നോക്കി. അവർ തലകുനിച്ചു നിന്നു.
“അധികം കിടന്നമറാതെ സൈമൺ സാറെ. ബ്ലഡ് പ്രഷർ കൂടും.തലച്ചോറിലോട്ടുള്ള രക്തയോട്ടം വർധിച്ചു ഞരമ്പ് പൊട്ടി കർത്താവിൽ നിദ്ര പ്രാപിക്കും “
ടോമിച്ചൻ കയ്യിലെ കത്തികൊണ്ടു ഉണ്ടായ മുറിവ് തോർത്തുകൊണ്ട് ചുറ്റികെട്ടി.
“എന്തിനാടാ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. നിനക്കെന്താ ഇവിടെ കാര്യം “
സൈമൺ ടോമിച്ചന് നേരെ കയർത്തു.
“സൈമൺ സാറെന്താ ഇവിടെ ഇപ്പോൾ. ജയിലിൽ കിടക്കുന്ന ആൾ എങ്ങനെ ഇവിടെ വന്നു.അതൊന്നന്വേഷിക്കാനാണ് ഞാൻ വന്നത്.”
ടോമിച്ചൻ പറഞ്ഞു കൊണ്ടു നിൽക്കുമ്പോൾ വാതിൽക്കൽ ഗ്രേസി വന്നു എത്തി നോക്കി. ടോമിച്ചനെ കണ്ടതും അവർ പെട്ടന്ന് ചീറിക്കൊണ്ട് വരാന്തയിലേക്ക് വന്നു.
“എടാ… നീയും നിന്റെ കൂടെയുള്ളവനും കൂടി എന്നോട് ചെയ്ത ചതി എന്താണെന്നറിയാമോടാ. പട്ടി നിന്നെ വെറുതെ വിടില്ല. സൈമണിച്ചായാ ഇവനെ ഇവിടെ നിന്നും ജീവനോടെ പോകാൻ അനുവദിക്കരുത് “
ഗ്രേസി കലിതുള്ളി കൊണ്ടു സൈമണോട് പറഞ്ഞു.
“ഓഹോ അപ്പോ നിനക്കൊക്കെ സംഭവിക്കുമ്പോൾ അത് വലിയ കാര്യമാ, പാവപെട്ട ഒരുത്തന്റെ പ്രായപൂർത്തിയായ മകളെ തട്ടിക്കൊണ്ടു പോയി അപ്പൂപ്പന്റെ പ്രായമുള്ള മന്ത്രിക്ക് കാഴ്ചവച്ചു സ്ഥാനമാനങ്ങൾ നേടാൻ നോക്കിയപ്പോൾ എവിടെ പോയി നിന്റെയൊക്കെ സദാചാരബോധം. സ്വൊന്തം അനുഭവത്തിൽ വന്നപ്പോൾ കിടന്നു തുള്ളുന്നോ.നീയൊക്കെ തട്ടിക്കൊണ്ടു പോയപ്പോൾ ആ പെണ്ണിന്റെ മാനസികാവസ്ഥ മറ്റൊരു പെണ്ണായ നിനക്ക് മനസ്സിലാക്കാൻ പറ്റിയോ. എന്നിട്ട് ചന്ദ്രഹാസം ഇളക്കുന്നോ.കാമപ്രാന്ത് കേറി സമനില തെറ്റിനിൽക്കുന്ന ഒരുത്തന്റെ കയ്യിൽ ഒരു പെണ്ണ് അകപ്പെട്ടുപോയാൽ എങ്ങനെ ഇരിക്കുമെന്ന് മനസ്സിലായല്ലോ. പിന്നെ പെണ്ണ് പെണ്ണായും ആണുങ്ങൾ ആണുങ്ങളയും ജീവിക്കണം.അത് അങ്ങോട്ടും ഇങ്ങോട്ടും മാറിപോയാൽ പിന്നെ ആണും പെണ്ണും കെട്ടതായി പോകും. “
കലിതുള്ളി നിൽക്കുന്ന ഗ്രേസിയോട് പറഞ്ഞിട്ട് ടോമിച്ചൻ സൈമണെ നോക്കി.
“ടോമിച്ചാ നീ തെറ്റ്ദ്ധരിച്ചിരിക്കുവാ. ആ പെങ്കൊച്ചിനെ തട്ടിക്കൊണ്ടു വന്നത് ഞാനല്ല. എന്റെ ഗസ്റ്റ് ഹൌസിൽ എത്തിച്ചു കഴിഞ്ഞുള്ള കാര്യത്തിലെ എനിക്ക് പങ്കൊള്ളു.അതിന് ശേഷം നടന്ന കാര്യത്തിൽ ഞാൻ തെറ്റുകാരനാ. രാഷ്ട്രീയം, അധികാരം ഇതെല്ലാം മനുഷ്യനെ മത്തു പിടിപ്പിക്കുന്ന ലഹരികളാ.. അതിന്റെ സുഖം ഒരിക്കൽ അനുഭവിച്ചാൽ പിന്നെ വിട്ടുകളയില്ല. ഞാനും അങ്ങനെ ആയി പോയി. അതിന്റെ പേരിൽ എന്നെ ഇനിയും ഉപദ്രെവിക്കരുത്. കൂടെ നിന്ന പാർട്ടിക്കാര് പോലും തള്ളി പറഞ്ഞിരിക്കുവാ. ഇതുപോലെയുള്ള അനുഭവങ്ങൾ വരുമ്പോഴേ മനുഷ്യരെ മനസിലാക്കാൻ പറ്റൂ. നീ ദയവു ചെയ്തു ഞാനിവിടെ ഉള്ള കാര്യം ആരോടും പറയരുത്. നിന്റെ കാലുപിടിക്കാം “
സൈമൺ ദയനീയമായി ടോമിച്ചനെ നോക്കി.
“ഇച്ചായ, ഈ നാ &*%യെ വെറുതെ വിടാൻ പോകുകയാണോ. നിങ്ങൾക്കിതെന്തു പറ്റി. നിങ്ങടെ സ്വൊന്തം ഭാര്യക്കിട്ട അവൻ പണി
തന്നത്. ഓർത്തോ “
കലിയടങ്ങാതെ ഗ്രേസി സൈമണിനു നേരെ ഒച്ചവച്ചു.
“ഒന്ന് മിണ്ടാതെയിരിക്കെടി ശവമേ എന്നെ കൊലക്കു കൊടുക്കാതെ. മന്ത്രി കഴുവേ*&%@യുടെ കൂടെ കിടന്നു നിന്റെ സ്വബോധവും പോയോ. എന്ന് നിന്റെ വാക്ക് കേൾക്കാൻ തുടങ്ങിയോ അന്ന് തുടങ്ങി എന്റെ കഷ്ടകാലം.”
സൈമൺ ഗ്രേസിക്കൂ നേരെ കൈ ചൂണ്ടി ആക്രോശിച്ചു.
“അപ്പോ സാറിന് ബുദ്ധിയുണ്ട്. ഈ പെണ്ണുങ്ങൾ എവിടെയെല്ലാം തന്റേടം കാണിച്ചു ആണുങ്ങളുടെ ചെവി തിന്നുന്നുവോ അവിടെയെല്ലാം നാശമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് പെണ്ണുമ്പിള്ളയെ മര്യാദക്ക് നിർത്തിക്കോണം. അല്ലെങ്കിൽ എത്രയും പെട്ടന്ന് അവർ വിധവയായി പോകും “
ടോമിച്ചൻ ലാസറെയും ഷാജിയെയും നോക്കിയിട്ട് തുടർന്നു
“സൈമൺ സാറല്ല ആന്റണിയുടെ മകൾ ലിജിയെ തട്ടിക്കൊണ്ടു പോയതല്ലെങ്കിൽ പിന്നെ ആരാ?എന്തായാലും തട്ടിക്കൊണ്ടു നിങ്ങളുടെ ഗസ്റ്റ് ഹൌസിലേക്ക് അല്ലെ കൊണ്ടു വന്നത്. അതും ഒരു കറുത്ത കാറിൽ. അപ്പോൾ അതാരായിരുന്നു? പിന്നെ ഞാനാണ് അവിടെ നിന്നും ആ പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്നു നിങ്ങൾക്ക് എങ്ങനെ മനസ്സിലായി. ഇതിനൊക്കെയുള്ള ഉത്തരം സൈമൺ സാറ് നല്ല മണി മണി പോലെ പറഞ്ഞാൽ ഞാൻ എന്റെ പാട് നോക്കി പോയേക്കാം. ഇല്ലെങ്കിൽ ടോമിച്ചന്റെ തനി കൊണം കാണും. നേരത്തെ പറഞ്ഞില്ലാന്നു വേണ്ട. പുറകിൽ നിൽക്കുന്ന സാറിന്റെ വാലാട്ടിപ്പട്ടികൾ അനങ്ങതില്ല എനിക്കെതിരെ. അതുകൊണ്ട് കുരുട്ടു ബുദ്ധി ഒന്നുമെടുക്കാതെ കാര്യത്തിലോട്ടു വാ. പറ ആരായിരുന്നു അത്?”
അതുകേട്ടു സൈമൺ ഗ്രേസിയെ നോക്കി.പിന്നെ ടോമിച്ചന്റെ നേർക്കു നോട്ടം തിരിച്ചു.
“ടോമിച്ചാ, തട്ടിക്കൊണ്ടു വന്നത് ആ പാസ്റ്റർ ആയിരുന്നു. തങ്കൻ പാസ്റ്റർ. അയാളുടെ കൂടി ഒരു സ്ത്രിയും ഉണ്ടായിരുന്നു. ഞങ്ങളോട് വിലപേശി രണ്ടുലക്ഷം രൂപയും മേടിച്ചാണ് അവർ പെണ്ണിനെ കൈമാറിയത്. ഇതവരുടെ സ്ഥിരം പരിപാടി ആണ്. പ്രാർത്ഥനയുടെ മറവിൽ പെൺകച്ചവടം. വേറെ ആരെങ്കിലും ഉണ്ടോ എന്നും അറിയില്ല. പാസ്റ്റർ ആണ് ടോമിച്ഛനാണ് ഗസ്റ്റ് ഹൌസിൽ വന്നു പെൺകുട്ടിയെ കടത്തി കൊണ്ടു പോയതെന്ന് എന്നോട് പറഞ്ഞത്. കൊള്ളരുതായ്മക്ക് കൂട്ട് നിന്ന് എന്റെ രാഷ്ട്രീയഭാവിയും പോയി, ഇപ്പൊ ജയിലിലും ആയി. സ്വൊന്തം ഭാര്യ ഉടുതുണി പോലുമില്ലാതെ വല്ലവന്റെയും കൂടി കിടക്കുന്നതും കാണേണ്ടി വന്നു. ടോമിച്ചാ ഞാൻ പറഞ്ഞത് സത്യമാണ്. എന്നെ ഒറ്റികൊടുക്കരുത് നീ “
സൈമൺ പറഞ്ഞത് കേട്ടു ഗ്രേസി തലകുനിച്ചു നിന്നു. ടോമിച്ചൻ അത് ശ്രെദ്ധിക്കാതെ സൈമണിനെ നോക്കി.
“ശരി, താൻ പറഞ്ഞത് ഞാൻ വിശ്വസിച്ചു.പക്ഷെ ടോമിച്ചന്റെ അടുത്ത് വിശ്വാസവഞ്ചന കാണിച്ചാൽ സൈമൺ സാറെ, സ്പിരിറ്റ് തന്റെ അണ്ണാക്കിലേക്കൊഴിച്ചു തന്നു വായിക്കുള്ളിൽ തീകൊളുത്തും ഞാൻ.പന്നി..
പടക്കം കടിച്ചാൽ എങ്ങനെ ഇരിക്കും. അതുപോലെ ആകും തന്റെ അവസ്ഥ.പിന്നെ തന്നെ ഒറ്റികൊടുക്കാനോ, ഉപദ്രെവിക്കാനോ എനിക്കുദേശമില്ല.നേരവും ഇല്ല. തനിക്കു തന്റെ വഴി, എനിക്ക് എന്റെ വഴി. എന്റെ വഴിയിൽ കേറി തടസ്സം ഉണ്ടാക്കാൻ നിൽക്കരുത് എന്ന് മാത്രം. മദം പൊട്ടി പാഞ്ഞുവരുന്ന ആനയുടെ മുൻപിൽ മസിലുരുട്ടി കാണിക്കുന്നപോലെ ആകും അത്.”
ടോമിച്ചൻ ജീപ്പിനടുത്തേക്ക് നടക്കാൻ തുടങ്ങിയിട്ട് തിരിഞ്ഞു സൈമണിനെ നോക്കി.
“സാറിന് പാസ്റ്ററെ കൊണ്ടത് ചെയ്യിപ്പിച്ചത് ആരാണെന്നു അറിയത്തില്ല അല്ലെ “
സംശയത്തോടെ ടോമിച്ചൻ സൈമണോടു ചോദിച്ചു.
“ഇല്ല ടോമിച്ചാ. കർത്താവാണേൽ സത്യം. അതാരാണെന്നു ആ പാസ്റ്റർ എന്നോട് പറഞ്ഞിട്ടില്ല “
സൈമൺ നിഷേധാർത്ഥത്തിൽ തലയാട്ടി.
“ങും.”ഒന്ന് മൂളിയിട്ടു ടോമിച്ചൻ പോയി ജീപ്പിൽ കയറി.
“ഇനി നമ്മൾ തമ്മിൽ കാണേണ്ട ഒരു സാഹചര്യം ഉണ്ടാക്കരുത്.ഉണ്ടായാൽ അത് സൈമൺ സാറിന് നല്ലതായിരിക്കില്ല.പിന്നെ ലാസറെ നിന്റെ ഒരു കുത്ത് എന്റെ കയ്യിൽ കൊണ്ടു. കുറച്ച് ചോരപ്പോയി. അതും ടോമിച്ചൻ മറക്കുവാ. വീണ്ടും അതെന്നെ ഓർമിപ്പിക്കാൻ വരരുത് “
ജീപ്പ് സ്റ്റാർട്ടാക്കി അവിടെ ഇട്ടു തിരിച്ചു മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങി.
“ആരുടെ പിണ്ഡം വയ്ക്കാൻ നോക്കി നിൽക്കുകയാടാ നീയൊക്കെ. പൊക്കോണം എന്റെ കൈമുൻപിൽ നിന്നും. തിന്നുമുടിപ്പിക്കാൻ മാത്രം ജീവിക്കുന്ന ശവങ്ങൾ. പ്ഭു…”
ലാസറിന്റെയും ഷാജിയുടെയും നേരെ നോക്കി ആക്രോശിച്ചിട്ടു സൈമൺ അകത്തേക്കു കയറി പോയി. പുറകെ ഗ്രേസിയും.
“എന്നാലും നിങ്ങൾ അവനെ വെറുതെ വിട്ടത് ശരിയായില്ല. ഇവിടെ തന്നെ കുഴിച്ചു മൂടണമായിരുന്നു.'”
പുറകെ ചെന്നു ഗ്രേസി സൈമനോട് തന്റെ നീരസം പ്രകടമാക്കി.
” ഓഹോ, എന്നിട്ട് വേണം ഞാൻ ഇരട്ട ജീവപര്യന്തത്തിന് അകത്ത് പോകാൻ അല്ലെ. നിന്റെ തലയണമന്ത്രം കേട്ടാ ഈ ഗതി ആയത്. നിന്നെ ആരുടെയെങ്കിലും മുൻപിൽ കൊണ്ടുപോകാൻ പറ്റുമോ. ങേ, കിളവൻ മന്ത്രി കടിച്ചു തുപ്പിയ ചണ്ടി ആയിട്ട ആളുകൾ കാണുന്നത്. മന്ത്രിയുടെ കൂടെ പിറന്ന പടി കിടക്കുന്ന വീഡിയോയും ഫോട്ടോയും ഇപ്പോഴും ഇന്റർനെറ്റ് വഴി നല്ല മൈലേജിൽ ഓടി കൊണ്ടിരിക്കുവാ. അപ്പോഴാ അവള് അടുത്തവനെ തട്ടാൻ കെട്യോനെ ഉപദേശിക്കുന്നത്. പെൺബുദ്ധി പിൻബുദ്ധി ആണെന്ന് കാരണവന്മാർ പറഞ്ഞിട്ടുള്ളത് എത്ര ശരിയ. എല്ലാം വിറ്റുപെറുക്കി ഇവിടെ നിന്നും നാട് വിടുന്നത് വരെ അടങ്ങി ഒതുങ്ങി വീട്ടിനുള്ളിൽ ഇരുന്നോണം.കളിയെറക്കിയാൽ ഇരട്ടകുഴൽ നോക്കെടുത്തു നിന്റെ നെഞ്ചത്ത് വച്ചു പൊട്ടിക്കും ഞാൻ “
കലിതുള്ളി കൊണ്ടു സൈമൺ ബെഡ്റൂമിലേക്ക് പോയി.
മുറിയിലേക്ക് പോകുന്ന സൈമണെ തുറിച്ചു നോക്കി നിന്ന ശേഷം ഗ്രേസി മുൻവാതിൽ അടക്കുവാൻ തുടങ്ങുമ്പോഴാണ് പെട്ടന്നൊരാൾ മുറ്റത്തുനിന്നും ഗ്രേസിയുടെ മുൻപിലേക്കു പാഞ്ഞു വന്നത്. നിലവിളിക്കുവാൻ തുടങ്ങിയ ഗ്രേസിയുടെ വായ കറുത്ത ഗ്ലൗസ് ഇട്ട കൈകൊണ്ടു പൊത്തിപിടിച്ചു അയാൾ മുറിക്കുള്ളിലേക്ക് കയറി.വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു. കോട്ടിനുള്ളിൽ നിന്നും ഒരു വടിവാൾ വലിച്ചെടുത്തു ഗ്രേസിയെയും കൊണ്ടു സൈമൺ കിടക്കുന്ന ബെഡ്റൂമിലേക്ക് നടന്നു.
കുട്ടിക്കാനത്തേക്ക് ജീപ്പോടിക്കുമ്പോൾ ഇടതു കയ്യിലെ മുറിവിൽ നിന്നും വാർന്നോഴുകിയ ചോര ചുറ്റികെട്ടിയിരുന്ന തോർത്തിൽ പടർന്നിരുന്നു. മുറിവിന്റെ ഭാഗത്തു നല്ല വേദനയും തോന്നി ടോമിച്ചന്. എങ്കിലും അത് വകവയ്ക്കാതെ ജീപ്പിന്റെ വേഗം കൂട്ടി.വീടിന്റെ മുൻപിൽ കൊണ്ടു ജീപ്പ് നിർത്തി ഇറങ്ങി വരുമ്പോൾ മുറ്റത്തു ഡേവിഡ് നിൽപ്പുണ്ടായിരുന്നു.
“ഇതെവിടെ പോയതായിരുന്നു ഒന്നും പറയാതെ. അമ്മച്ചിയും ജെസ്സിയും വിഷമിച്ചിരിക്കുകയായിരുന്നു.”
പറഞ്ഞു കൊണ്ടു ഡേവിഡ് ജീപ്പിനടുത്തേക്ക് വന്നു. അപ്പോഴാണ് ജീപ്പിന്റെ പിൻഭാഗം ചളുങ്ങി ഇരിക്കുന്നത് ശ്രെദ്ധയിൽ പെട്ടത്.
“ജീപ്പിന്റെ പുറകുവശം മുഴുവൻ ചളുങ്ങി ഇരിക്കുകയാണല്ലോ. ഇതെന്ത് പറ്റി “
ആകാംഷയോടെ ഡേവിഡ് ടോമിച്ചനെ നോക്കി.
“ങ്ങാ അതോ, ജീപ്പ് പുറകോട്ടെടുത്തപ്പോൾ പോയി ഇടിച്ചതാ. കയ്യും കുറച്ച് മുറിഞ്ഞു. സാരമില്ല. ജീപ്പ് രാവിലെ വർഷോപ്പിൽ കേറ്റണം. ചളുക്കൊക്കെ ഒന്ന് നിവർത്തി എടുക്കണം.”
ടോമിച്ചൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വാതിൽ തുറന്നു ജെസ്സി ഇറങ്ങി വന്നു.
“നി ഇതുവരെ ഉറങ്ങിയില്ലേ..?പാതിരാത്രി ആയിട്ടും. ങേ. പഴയപോലെ നീ ഒറ്റക്കല്ല. അതോർമ്മ വേണം “
ടോമിച്ചൻ കയ്യിലെ മുറിവ് മറച്ചു വച്ചുകൊണ്ട് ജെസ്സിയോട് പറഞ്ഞു.
“അത് തന്നെയാ എനിക്കും പറയാനുള്ളത്. ഈ സമയത്തു ഭർത്താവിന്റെ സാമീപ്യം ആണ് വേണ്ടത്. അപ്പോ നേരത്തും കാലത്തും വീട്ടിൽ വരണം. കെട്യോൾടെ കൂടി ഇരുന്നു ഇഷ്ടനിഷ്ടങ്ങൾ ചോദിച്ചറിയണം. ടെൻഷൻ ഉള്ള സമയത്തു സ്നേഹത്തോടെ ചേർത്തു പിടിച്ചു ആശ്വാസിപ്പിച്ചു ഒരു ധൈര്യം തരണം. അങ്ങനെയൊക്കെയാ സ്നേഹമുള്ള ഭർത്താവ് “
ജെസ്സി വാതിലിൽ ചാരി നിന്നുകൊണ്ട് പരിഭവത്തോടെ പറഞ്ഞു.
“നീ പറഞ്ഞു വരുന്നത് ഞാൻ സ്നേഹമില്ലാത്ത ഭർത്താവ് ആണെന്നാണോ.”
ടോമിച്ചൻ ജെസ്സിയെ നോക്കി ചിരിച്ചു.
“ആണോ? എങ്കിൽ ദിവസവും എന്റെ കൂടെ കുറച്ച് സമയം ചിലവഴിക്കണം.പിന്നെ….?”
ജെസ്സി ബാക്കി പറയാതെ ചിരിച്ചു.
“എന്തോന്നാ പിന്നെ….? ങേ…”
ടോമിച്ചൻ ജെസ്സിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
“സെർവന്റ് ഒരാഴ്ച ലീവ് ആണ്. അവരുടെ മകന്റെ വീട്ടിൽ പോയി. അമ്മച്ചി ജോലി ചെയ്തു മടുക്കുവാ. എനിക്ക് ഭയങ്കര ക്ഷീണവും. അതുകൊണ്ട് നാളെ തൊട്ട് കുറച്ചു ജോലി വീട്ടിൽ കൂടി ചെയ്യണം. സ്നേഹമുള്ള ഭർത്താവ് ഭാര്യമാർ എന്തു പറഞ്ഞാലും കേൾക്കുമെന്ന.”
ജെസ്സി ടോമിച്ചനോട് പറഞ്ഞിട്ട് ഒളിക്കണ്ണിട്ടു നോക്കി.
“വീട്ടിലെ എന്തു ജോലി “
ടോമിച്ചൻ അമ്പരപ്പോടെ ചോദിച്ചു.
“രാവിലെ എഴുനേറ്റു മുറ്റമടിക്കണം. വീടും പരിസരവും വൃത്തിയായി കിടക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷമാ, പിന്നെ വീടൊക്കെ തുടച്ചു വൃത്തി ആക്കണം, അടുക്കളയിൽ കേറി ഭക്ഷണം വയ്ക്കാൻ അമ്മച്ചിയെ സഹായിക്കണം, പിന്നെ എന്റെ കുറച്ച് ഡ്രെസ്സുകളും കഴുകി തരണം. ഇത്രയേ ഉള്ളു.ചെയ്യുവോ “
ജെസ്സി ടോമിച്ചന്റെ അടുത്ത് ചെന്നു മീശയിൽ പിടിച്ചു വലിച്ചു.
“ഇത്രയും ജോലിയെ ഉള്ളോ. ഈ ജോലിയൊക്കെ ചെയ്തു കഴിഞ്ഞാലും പിന്നെയും സമയം കിടപ്പുണ്ട്. ഒരു കാര്യം ചെയ്യ്, നിന്നെ കുളിപ്പിച്ച് കൂടി തരട്ടെ. അപ്പോ ജോലി പൂർത്തിയാകും “
ടോമിച്ചൻ പരിഹാസവത്തിൽ ജെസ്സിയോട് ചോദിച്ചു.
“അത് വേണ്ട, ആ ഒരു ജോലി ഞാൻ തന്നെ ചെയ്തോളാം. എല്ലാജോലിയും എന്റെ സ്നേഹനിധിയായ ഭർത്താവിനെ കൊണ്ടു ചെയ്യിപ്പിച്ചു ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ, അതുകൊണ്ടാ “
ടോമിച്ചന്റെ കയ്യിൽ പിടിച്ചു ജെസ്സി അകത്തേക്ക് നടന്നു.
“എനിക്കൊരു ബുദ്ധിമുട്ടും ഇല്ലെടി, നാളെ മുതൽ ഞാൻ ഇവിടുത്തെ ജോലികൾ മുഴുവൻ ചെയ്തോളാം. മാസമാസം ശമ്പളം കൃത്യമായി അഞ്ചു പൈസ കുറയാതെ കിട്ടിയിരിക്കണം “
പറഞ്ഞു കൊണ്ടു ഹാളിലേക്ക് കയറിയപ്പോൾ ശോശാമ്മ അങ്ങോട്ട് വന്നു.
“എവിടെ ആയിരുന്നെടാ ടോമിച്ചാ ഈ പാതിരാ വരെ. ഇവള് വയ്യാതെ ഇരിക്കുവാണെന്നു നിനക്കറിയത്തില്ലേ “
ശോശാമ്മ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
“ഞാൻ അത്യാവശ്യമായി കട്ടപ്പന വരെ പോയതായിരുന്നു അമ്മച്ചി. ഫ്രഡ്‌ഡി എലെക്ഷനിൽ ജയിച്ച ദിവസം അല്ലായിരുന്നോ ഇന്ന്. അവിടെ വക്കച്ചായനും വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു.”
ടോമിച്ചൻ ശോശാമ്മയോട് പറഞ്ഞു.
“ജെസ്സി നീ ഉറക്കമിളക്കാതെ പോയി കിടന്നു ഉറങ്ങ്. ഈ സമയത്തു നന്നായി ഉറങ്ങണം. അല്ലെങ്കിൽ ക്ഷീണം ഉണ്ടാകും “
ശോശാമ്മ ജെസ്സിയോട് പറഞ്ഞു.
അതുകേട്ടു ജെസ്സി ടോമിച്ചനെ ഒന്ന് നോക്കിയിട്ട് മുകളിലേക്കു കയറി പോയി.
“എടാ, ആഹാരം എടുത്തു മേശയിൽ വച്ചേക്കാം. കുളി കഴിഞ്ഞു വന്നു എടുത്തു വയറു നിറച്ചിട്ടു പോയി കിടക്ക്. വാതത്തിന്റെയാ, കാൽ മുട്ടിനൊക്കെ ഭയങ്കര വേദന, തീർത്തും വയ്യടാ, വയസ്സായി വരുവല്ലേ. ഞാൻ പോയി കിടക്കാൻ പോകുവാ “
ശോശാമ്മ സോഫയിൽ നിന്നും എഴുനേറ്റു അടുക്കളഭാഗത്തേക്ക് ആയാസപെട്ടു പോകുന്നത് നോക്കി നിന്ന് ടോമിച്ചൻ. മനസ്സിൽ അമ്മയെന്ന ആ വ്യെക്തിയോടുള്ള സ്നേഹം ഉള്ളിൽ കടലായി ഇരമ്പുന്നത് ടോമിച്ചൻ അറിഞ്ഞു.
കുളി കഴിഞ്ഞു വന്നു ഭക്ഷണം കഴിച്ചു വരാന്തയിൽ ഇറങ്ങിയിരുന്നു ഒരു ബീഡി വലിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഗേറ്റിൽ നിന്നും സെക്യൂരിറ്റി ടോമിച്ചന്റെ അടുത്തേക്ക് വന്നത്.
“ഗേറ്റിൽ രണ്ടുപേർ വന്നു നിൽക്കുന്നു. പോകാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല. കാണണം എന്ന് നിർബന്ധം പിടിച്ചു നിൽക്കുവാ “
സെക്യൂരിറ്റി പറഞ്ഞത് കേട്ടു ടോമിച്ചൻ എഴുനേറ്റു മുറ്റത്തേക്കിറങ്ങി സംശയത്തോടെ ഗേറ്റിലേക്ക് നോക്കി.
പിന്നെ അങ്ങോട്ട് നടന്നു.
ഗേറ്റിലെ ലൈറ്റിന്റെ വെളിച്ചത്തിൽ പുറത്ത് നിൽക്കുന്ന ആളുകളെ കണ്ടു ടോമിച്ചന്റെ നെറ്റി ചുളിഞ്ഞു.
വിയർപ്പിൽ കുളിച്ചു ഭയചകിത്തരായി ചീങ്കണ്ണി ലാസറും ഷാജിയും.
“നിന്നോടൊന്നും എന്റെ മുൻപിൽ കണ്ട് പോകരുതെന്ന് പറഞ്ഞതല്ലേ ഞാൻ. അടുത്ത കൊട്ടേഷനും ആയി വന്നിരിക്കുവാണോ എന്നെ തട്ടാൻ “
ടോമിച്ചൻ അവരെ രൂക്ഷമായി നോക്കി.
“അല്ല ടോമിച്ചാ, ഒരത്യാവശ്യകാര്യം പറയാനാ. അതിനുവേണ്ടിയാ ഈ പാതിരാത്രി തന്നെ വന്നത്. ഇല്ലെങ്കിൽ നമ്മളെല്ലാം കൂടുങ്ങും “
ലാസർ ശബ്‌ദം താഴ്ത്തി പറഞ്ഞു.
സെക്യൂരിറ്റികാരൻ പുറത്ത് നിൽക്കുന്നവരെ ഒന്ന് നോക്കിയിട്ട് റൂമിലേക്ക് പോയി.
“കുടുങ്ങും എന്നോ, എന്തിന്? എന്തു കാര്യം പറയാനാ വന്നത് “
ടോമിച്ചൻ അവരെ അർത്ഥഗർഭമായി നോക്കി.
“ടോമിച്ചാ, സൈമൺ സാറിനെയും കെട്യോളെയും ഒരുത്തൻ മുറിയിലിട്ട് വടിവാളിനു വെട്ടി കൊന്നു. ആളെ ഞങ്ങള് കണ്ടു. പക്ഷെ പിടിക്കാൻ പറ്റിയില്ല. മുഖം മൂടി ധരിച്ചിരുന്നത് കൊണ്ടു ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വടിവാളുമായി ഞങ്ങടെ നേരെ വന്നു. ഒരു വിധമാ ജീവനും കൊണ്ടു അവന്റെ പിടിയിൽ നിന്നും രക്ഷപെട്ടത്. രാത്രിയിൽ നമ്മൾ അവിടെ ഉണ്ടായിരുന്നു എന്ന് നാളെ പോലീസുകാര് അറിഞ്ഞാൽ കൊലക്കുറ്റം നമ്മടെ തലയിൽ കേറും. ജയിലഴിക്കുള്ളിൽ ആകും. ഞങ്ങൾക്ക് ആലോചിച്ചിട്ട് ഒരു വഴിയും കിട്ടാത്തത് കൊണ്ടാ ടോമിച്ചന്റെ അടുത്തേക്ക് വന്നത്.”
ഷാജി ടോമിച്ചനോട് പറഞ്ഞിട്ട് മുഖത്തെ വിയർപ്പു തുള്ളികൾ തുടച്ചു.
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission