“ടോമിച്ചാ, നമ്മളവിടെ സൈമൺ സാറിന്റെ ഗസ്റ്റ് ഹൌസിൽ ചെന്നതറിഞ്ഞു ആരോ നമ്മുക്കിട്ടു പണി തരാൻ നോക്കിയതാ. ഇതിനു പിന്നിലുള്ളവർക്ക് ഒന്നെങ്കിൽ ഞങ്ങളോടോ, സൈമൺ സാറിനോടോ മുൻവൈരാഗ്യം വലതും ഉണ്ടായിരിക്കണം, അതുമല്ലെങ്കിൽ അവർക്കു ടോമിച്ചനോട് പക ഉണ്ടായിരിക്കും. രണ്ടായാലും സൈമൺ സാറിനെയും കുടുംബത്തെയും കൊന്നു നമ്മളെ കുടുക്കാനാ നോക്കിയിരിക്കുന്നത്. നേരം പുലരുന്നത് വരെ സമയമുണ്ട്. അതിനുള്ളിൽ എന്താണെങ്കിലും ചെയ്തേ പറ്റൂ.പുലർന്നാൽ അയാളെ ജയിലിൽ കാണാതാകുമ്പോൾ അന്വേഷണം ഉണ്ടാകും. അന്വേഷണത്തിൽ ഗസ്റ്റ് ഹൌസിൽ നിന്നും അവരുടെ ശവങ്ങൾ കണ്ടെത്തും. അതിനെ ചുറ്റിപറ്റി അന്വേഷിച്ചു കഷ്ടകാലത്തിനു നമ്മുടെ അടുത്ത് വന്നാൽ പിന്നെ നമ്മുടെ കാര്യം കട്ടപ്പൊക ആകും.”
ചീങ്കണ്ണി ലാസർ ആശങ്കയോടെ പറഞ്ഞു.
“കൊലയാളി ആരാണെന്നു ഒരു സൂചനപോലും കിട്ടിയില്ലേ. രൂപവും ചലനവും ഒക്കെ വച്ചു പരിചയമുള്ള ആരോടെങ്കിലും സാമ്യം തോന്നിയോ “?
ടോമിച്ചൻ ലാസറെയും ഷാജിയെയും മാറി മാറി നോക്കി.
“ഇല്ല ടോമിച്ചൻ, പക്ഷെ പിടിവലിക്കിടയിൽ അവന്റെ ഷർട്ടിന്റെ തുണി കുറച്ച് കീറിപോയിട്ടുണ്ട്. അതിന്റെ ഒരു കഷ്ണം ഷാജിയുടെ കയ്യിലുണ്ട് “
ലാസർ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പോക്കറ്റിൽ നിന്നും ഷാജി ആ തുണി കഷ്ണം എടുത്തു ടോമിച്ചന് നേരെ നീട്ടി. ടോമിച്ചൻ അത് മേടിച്ചു തിരിച്ചും മറിച്ചും നോക്കിയിട്ട് അവരെ നോക്കി ചിരിച്ചു.
“ഇതു ആർതർ കോനയുടെ ഷെർലോക്ക് ഹോംസ് കഥ അല്ല. തുണി കഷ്ണത്തിൽ നിന്നും കൊലയാളിയെ കണ്ടു പിടിക്കാൻ. ഇതു പോലുള്ള അതേ വസ്ത്രങ്ങൾ ഈ ഇടുക്കിയിൽ തന്നെ ആയിരക്കണക്കിന് കാണും. “
ടോമിച്ചൻ ഒരു ബീഡി എടുത്തു കത്തിച്ചു.
ഓരോ ബീഡി എടുത്തു ലാസറിനും ഷാജിക്കും കൊടുത്തു. അവർ അത് കത്തിച്ചു വലിച്ചു.
“ടോമിച്ചാ ശവമെടുത്തു മുല്ലപ്പെരിയാറിൽ കല്ലുകെട്ടി താഴ്ത്തിയാലോ? നല്ല ചുഴി ഉള്ളയിടത്തു കൊണ്ടിട്ടാൽ മതി. ഞങ്ങള് ചെയ്തോളാം. എന്തു വന്നാലും ടോമിച്ചൻ കൂടെ കാണണം. കൂലിതല്ലും മോഷണവും തട്ടിപ്പുമൊക്കെ ആയി ജീവിച്ചവരാ.ഞങ്ങളിന്നുവരെ ആരെയും കൊന്നിട്ടില്ല. അതുകൊണ്ടാ ഞങ്ങൾക്ക് പേടി. മാത്രമല്ല നമ്മളകത്തു പോകാൻ നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല. മാത്രമല്ല നമ്മള് പുറത്തുണ്ടെങ്കിലേ യഥാർത്ഥ കൊലയാളിയെ പിടിക്കാൻ പറ്റൂ.ആ കഴുവേ*&%@മോനെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ. ഞങ്ങൾ ചിലപ്പോ ആദ്യമായി കൊല്ലാൻ പോകുന്നത് അവനെ ആയിരിക്കും..”
പറഞ്ഞു കൊണ്ടു ലാസർ പല്ലുഞ്ഞെരിച്ചു.
“ലാസരാശാൻ പറഞ്ഞതാ നല്ലത്. മുല്ലപ്പേരിയാറിൽ താഴ്ത്താം. അതവിടെ കിടന്നാൽ പൊലീസന്വേഷണവും കോടതിയും ഒക്കെ ആയി നമ്മടെ സമാധാനം കളയും “
ഷാജി ലാസറെ ന്യായീകരിച്ചു.
“എങ്കിൽ പെട്ടന്ന് ചെയ്യണം.പോകുമ്പോൾ കയ്യിൽ ഗ്ലൗസ് ഇട്ടോണം. രണ്ടുപേരും. അല്ലെങ്കിൽ കൈവിരൽ അടയാളം വച്ചു പൊക്കും പോലീസ്. നിങ്ങടെ രണ്ടുപേരുടെയും കാലുകൾ പ്ലാസ്റ്റിക് കവറിട്ടു പൊതിഞ്ഞോണം. അല്ലെങ്കിൽ കാലിന്റെ പാട് നോക്കി പോലീസുകാര് പുറകെ വരും. കുറച്ച് സ്പിരിറ്റ് എടുത്തു രണ്ടുപേരും ദേഹത്ത് നന്നായി തേച്ചോണം. നമ്മുടെ ശരീരത്തിന്റെ സ്വഭാവിക മണം വരാതിരിക്കാനാ.പോലീസ് നായകൾ മനുഷ്യരെ പോലെ നന്ദികെട്ട വർഗ്ഗങ്ങൾ അല്ല. അവര് യജമാനന്മാരോട് കൂറുപുലർത്താൻ നോക്കും. തലയും മുഖവും മൂടി കെട്ടിക്കോണം.പിന്നെ അവിടെ ചെന്നു മുറിക്കുള്ളിലെ ചോരമുഴുവൻ കളയണം. എന്നിട്ടേ ശവം അവിടെ നിന്നും മാറ്റാവൂ. ശവം രണ്ടും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുക്കണം. ചോര താഴെ വീഴാതെ. എന്നിട്ട് മുറി സ്പിരിറ്റ് ഒഴിച്ചു കഴുകണം.പട്ടി മണം പിടിച്ചാൽ കിട്ടാതെ ഇരിക്കാനാ.കൊലപാതകം നടന്ന മുറിക്കുള്ളിൽ ചോരയുടെ ഒരു തൊള്ളി പോലും കാണരുത്.മുറി അരിച്ചു പെറുക്കി ഒരു തുള്ളിപോലും ചോര അവിടെ എങ്ങും ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടേ പോകാവൂ. വീടും പരിസരത്തുമൊക്കെ കുറച്ച് സ്പിരിറ്റ് തളിച്ചു, സ്പ്രെയും അടിച്ചേക്ക്. എന്തെങ്കിലും വന്നാൽ പിന്നെ നോക്കാം.”
ടോമിച്ചൻ പറഞ്ഞു നിർത്തിയിട്ടു കത്തിച്ചു വച്ചിരുന്ന ബീഡി ആഞ്ഞു വലിച്ചു കുറ്റി നിലത്തിട്ടു ചവിട്ടി കെടുത്തി.
“പിന്നെ അവിടെ cctv ഉണ്ടോ എന്ന് പ്രേത്യേകം നോക്കണം. അത് കുഴപ്പമാ. ഉണ്ടെങ്കിൽ കണക്ഷനും ഊരി എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തോണം.കക്കാൻ ഇറങ്ങിയാൽ നിൽക്കാനും പഠിക്കണം. “
ടോമിച്ചൻ പറയുന്നത് കേട്ടു ലാസറും ഷാജിയും അത്ഭുതത്തോടെ ടോമിച്ചനെ നോക്കി.
“ടോമിച്ചൻ വല്ല ക്രിമിനലും ആയിരുന്നോ കഴിഞ്ഞ ജന്മത്തിൽ. എത്രയുമധികം മുൻകരുതലോടെ പ്ലാൻ ചെയ്യാൻ “
ലാസറിന്റെ ചോദ്യം കേട്ടു ടോമിച്ചൻ ഒന്ന് ചിരിച്ചു.
“ടോമിച്ചാ, ഞങ്ങക്ക് കുറച്ച് പൈസ തരണം. ഇതെല്ലാം ചെയ്തിട്ട് തമിഴ്‌നാട്ടിലേക്കു ഞങ്ങള് മുങ്ങും. പിന്നെ ഇങ്ങോട്ടില്ല. കുറച്ച് ദിവസം പിടിച്ചു നിൽക്കണം, ഒരു പണി കണ്ടെത്തുന്നത് വരെ “
ലാസർ ടോമിച്ചനെ നോക്കി തലചൊറിഞ്ഞു കൊണ്ടു പറഞ്ഞു.
“അതൊക്കെ തരാം. ഒരു തെളിവും വയ്ക്കാതെ ചെയ്തിട്ട് വേണം പോകാൻ. നിൽക്ക്. ഇപ്പൊ വരാം “
ടോമിച്ചൻ പറഞ്ഞിട്ട് വീട്ടിലേക്കു പോയി. തിരിച്ചു വരുമ്പോൾ ഒരു ജാറിനുള്ളിൽ സ്പിരിറ്റും, വലിയൊരു കവറിൽ വലിയ പ്ലാസിക് ഷീറ്റുകളും, ഗൗസും, ഒരു സ്പ്രേയും ഉണ്ടായിരുന്നു.
“എന്നാ ഇവിടെ വച്ചു തന്നെ കയ്യിൽ രണ്ടുപേരും ഗ്ലൗസ് ഇട്ടോ, കാലും പ്ലാസിക് കൂട് കൊണ്ടു പൊതിഞ്ഞോ. പിന്നെ മറന്നുപോയാൽ പ്രശ്നം ആകും “
ടോമിച്ചൻ പറഞ്ഞത് പോലെ തന്നെ ലാസറും ഷാജിയും അനുസരിച്ചു. മുഖം കണ്ണുകൾ പുറത്ത് കാണാവുന്ന രീതിയിൽ രണ്ടുപേരും തുണികൊണ്ട് മൂടികെട്ടി.
ടോമിച്ചൻ ഒരു കുറച്ച് നോട്ടുകൾ എടുത്തു അവർക്കു കൊടുത്തു.
“കാര്യങ്ങൾ ചെയ്തിട്ട് നിങ്ങൾ തമിഴ്‌നാട്ടിലേക്കു നേരം വെളുക്കുന്നതിനു മുൻപ് പൊക്കോണം. ശവങ്ങൾ പൊങ്ങി വരാത്ത രീതിയിൽ നല്ല കനമുള്ള പരന്ന കരികല്ല് വച്ചു ചുറ്റി കെട്ടിക്കോണം. എന്നിട്ടേ വെള്ളത്തിൽ താഴ്ത്താവൂ.ഒരിക്കലും പൊങ്ങരുത്. അല്ലെങ്കിൽ പോലീസുകാർ പേ പിടിച്ച പട്ടിയെപ്പോലെ നമ്മുടെ പുറകെ വരും. അത് സംഭവിക്കാതെ ഇരിക്കാനാണ് “
ടോമിച്ചൻ അവർക്കു മുന്നറിയിപ്പ് കൊടുത്തു.
“അതൊക്കെ ഞങ്ങള് ചെയ്തോളാം.ഒടേതമ്പുരാൻ നേരിട്ടിറങ്ങി വന്നാലും ഇതാരും കണ്ടു പിടിക്കാതില്ല”
ടോമിച്ചൻ കിടുത്ത നോട്ടുകൾ വാങ്ങി പോക്കറ്റിൽ തിരുകി ലാസർ ഉറപ്പ് കൊടുത്തു.
“ഒരു തെളിവും ബാക്കി വയ്ക്കാതെ ചെയ്യണം എന്ന് പറഞ്ഞത്, ഇതു കേസങ്ങാനും ആയാൽ ആദ്യം ഉത്തരം പറയേണ്ടത് ജയിൽ അധികൃതരാണ്. ജയിലിൽ കിടക്കുന്ന സൈമൺ എങ്ങനെ ഗസ്റ്റ് ഹൌസിൽ എത്തി എന്ന ചോദ്യമായിരിക്കും ആദ്യം ഉയരുക.രാവിലെ സൈമൺ ജയിലിൽ തിരിച്ചെത്തിയിട്ടില്ലെന്നു മനസ്സിലാക്കിയാൽ ഉടനെ ജയിലിൽ സൂപ്രണ്ട് സൈമൺ രാത്രിയിൽ ജയിൽ ചാടിയതായി സ്റ്റേറ്റ്മെന്റ് ഇറക്കും. ഇല്ലങ്കിൽ അവരുടെ തൊപ്പി പോകും.അത്‌കൊണ്ട് തന്നെ തെളിവൊന്നും കിട്ടാത്തിടത്തോളം ഇതൊരു ജയിൽ ചാട്ടമായി കരുതിക്കോളും. ജയിൽ ചാടിയ സൈമൺ ഭാര്യയെയും കൂട്ടി നാടുവിട്ടു. ഇതായിരിക്കണം എല്ലാവരും അറിയാൻ പോകുന്ന വാർത്ത. അപ്പോൾ മറഞ്ഞിരുന്നു പണിയുന്നവൻ ഒന്നമ്പരക്കും. അവൻ കൊന്നുകളഞ്ഞ ഇവരുടെ ശവങ്ങൾ എവിടെ പോയി എന്നൊരു ചോദ്യം അവന്റെ മനസ്സിൽ നിലനിൽക്കും. അവന്റെ സ്വസ്ഥത പോകും “
ടോമിച്ചൻ പറഞ്ഞത് കേട്ടപ്പോൾ ലാസർ അതിനോട് അനുകൂലിച്ചു.
“അത് ശരിയാ ടോമിച്ചാ, അങ്ങനെ ഒരു സാധ്യത ഉണ്ട്. ശവങ്ങൾ കണ്ടു കിട്ടാത്തിടത്തോളം നമുക്കൊന്നും പേടിക്കാനില്ല. ടോമിച്ചൻ പോയി കിടന്നോ. ഇതു ഞങ്ങള് നോക്കിക്കൊള്ളാം.ശത്രുവിന്റെ ശത്രു മിത്രം എന്നൊരു വായ്മൊഴി ഉണ്ട്. നമ്മുടെ കാര്യത്തിൽ അത് സത്യമായി. സമയം കളയാനില്ല. എത്രയും പെട്ടന്ന് ജോലി കഴിച്ചു സ്ഥലം വിടണം “
ലാസർ പറഞ്ഞിട്ട് പോക്കറ്റിൽ നിന്നും ഒരു ഫോൺ നമ്പർ എഴുതിയ പേപ്പർ കഷ്ണം എടുത്തു ടോമിച്ചന് നേരെ നീട്ടി.
“ഇതു മധുരയിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ നമ്പരാ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി “
ലാസർ കന്നാസ്സിൽ ഇരുന്ന സ്പിരിറ്റ് എടുത്തു ഷാജിയോടൊപ്പം നടക്കാൻ തുടങ്ങിയിട്ട് തിരിഞ്ഞു ടോമിച്ചനെ നോക്കി
“ടോമിച്ചാ, നമുക്കിട്ടു പണിതവനെ കണ്ടു പിടിക്കണം. അവനെ വെറുതെ വിടരുത്.ഇതവന്റെ അവസാനത്തെ പണി ആയിരിക്കണം. ഞങ്ങളും അന്വേഷിക്കാം “
പറഞ്ഞിട്ട് ലാസർ ഇരുട്ടിലേക്കു നടന്നു.
ഗേറ്റ് അടച്ചു ടോമിച്ചൻ തിരിഞ്ഞു വീട്ടിലേക്കു കയറി.ഹാളിൽ വന്നു സോഫയിൽ ഇരുന്നു.
ലാസറും ഷാജിയും വെറും കൂലിതല്ലുകാർ ആണ്. അവരെ കണ്ണടച്ചു വിശ്വസിക്കുവാൻ പറ്റുമോ?ഇവനൊക്കെ തനിക്കിട്ട് പണി തരുകയില്ലെന്നു ആരറിഞ്ഞു.
ടോമിച്ചൻ ഫോണെടുത്തു ആന്റണിയെ വിളിച്ചു.രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു കഴിഞ്ഞപ്പോൾ ആണ് ഫോണെടുത്തത്.
“ങ്ങാ ടോമിച്ചാ നീയെന്താ ഈ സമയത്തു പതിവില്ലാതെ. എന്തെങ്കിലും പ്രശ്നം ഉണ്ടോ “
അങ്ങേ തലക്കൽ ആന്റണിയുടെ പരിഭ്രമം പൂണ്ട ശബ്‌ദം.
ടോമിച്ചൻ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു.
“എടാ അവാന്മാരെ വിശ്വസിക്കാൻ കൊള്ളുമോ. കള്ളന്മാര. നീ വഴിലോട്ട് വാ. അവന്മാർ പറഞ്ഞതുപോലെ ഒക്കെ ചെയ്യുന്നുണ്ടോ എന്ന് രഹസ്യമായി ഒന്ന് നിരീക്ഷിക്കുന്നത് നല്ലതാ. പെട്ടന്ന് വാ “
ടോമിച്ചൻ ഫോൺ കട്ട് ചെയ്തു വേഗം വാതിലടച്ചു ഇറങ്ങി ജീപ്പിൽ കയറി പുറത്തേക്കു പോയി. പെരുവന്തനത്തേക്ക് പോകുന്ന വഴിയിൽ ആന്റണി തലയിൽ ഒരു തോർത്ത് കൊണ്ടു മൂടി കെട്ടി നിൽപ്പുണ്ടായിരുന്നു.
ടോമിച്ചൻ ജീപ്പ് ആന്റണിയുടെ അടുത്ത് കൊണ്ടുപോയി നിർത്തി.
“ആന്റണിച്ച, കയ്യൊന്നു മുറിഞ്ഞിരിക്കുവാ. ജീപ്പോടിച്ചോ “
പറഞ്ഞിട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും നീങ്ങി ഇരുന്നു.
ആന്റണി ജീപ്പ് മുൻപോട്ടെടുത്തു.
വഴിയിലൂടെ ഒറ്റയായിട്ടും കൂട്ടമായിട്ടും ചരക്കു ലോറികളും കാറുകളും മറ്റു വാഹനങ്ങളും പോകുന്നുണ്ട്. നല്ല തണുത്ത കാറ്റു വീശുന്നുണ്ട്. അത് ജീപ്പിനുള്ളിലൂടെ കടന്നു വന്നു ടോമിച്ചനെയും ആന്റണിയെയും തഴുകി കടന്നു പോയി കൊണ്ടിരുന്നു. ടോമിച്ചൻ തോളിൽ ഇട്ടിരുന്ന തോർത്തെടുത്തു ചെവി അടച്ചു തലയിൽ കെട്ടി.
“ഇത് ഏതു നാറിയ നിന്നെ ഇങ്ങനെ പിന്തുടർന്നു ഉപദ്രവിച്ചു സ്വസ്ഥത കെടുത്തുന്നത്. അതും രണ്ടുപേരെ കുത്തികീറി കൊന്നുകളയുക എന്ന് പറഞ്ഞാൽ അവൻ അത്രയും അപകടകാരി ആണെന്നാണ്.അവനെ കയ്യിൽ കിട്ടിയാൽ അവന്റെ ഓരോ ഭാഗവും വലിച്ചു പറിച്ചു മാറ്റി മാറ്റി വയ്ക്കണം. പൊലയാ *&%#@മോൻ.”
അമർഷത്തോടെ പറഞ്ഞു കൊണ്ടു ആന്റണി ജീപ്പിന്റെ വേഗത വർധിപ്പിച്ചു.
“ആന്റണിച്ച, സ്ഥലം ആയി.മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കിടക്കുന്ന വീതികുറഞ്ഞ വഴിയിലൂടെ കേറി ചെല്ലുന്നതാ സംഭവസ്ഥലം “
പെരുവന്താനം അടുക്കുന്നതിനു മുൻപായി സൈമണിന്റെ ഗസ്റ്റ് ഹൗസിലേക്കു തിരിയുന്ന വഴിയുടെ ഭാഗമെത്തിയപ്പോൾ ടോമിച്ചൻ ആന്റണിയോട് പറഞ്ഞു.
ആന്റണി ജീപ്പിന്റെ വേഗം കുറച്ച് മുൻപോട്ടു നീക്കി പെട്ടന്ന് ആരു നോക്കിയാലും ശ്രെദ്ധിക്കാത്ത പാകത്തിൽ ജീപ്പ് ഒതുക്കിയിട്ടു.
ടോമിചാ നീ ഇവിടെ ഇരിക്ക്. ഞാൻ പോയി അവന്മാർ അവിടെ ചെന്നിട്ടുണ്ടോ എന്നൊന്ന് നോക്കിയിട്ട് വരാം “
ആന്റണി ജീപ്പിൽ നിന്നുമിറങ്ങി. രണ്ടു പ്ലാസ്റ്റിക് കൂട് എടുത്തു കാൽപാദങ്ങൾ പൊതിഞ്ഞു കെട്ടി.
“നേരെ ഉള്ള വഴിക്കു പോകുന്നില്ല. ഈ കാപ്പി ചെടികളുടെ ഇടയിലൂടെ പോകാം. അതാ നല്ലത്.”
ആന്റണി ചെറിയ കയ്യാല ചാടി കാപ്പിതോട്ടത്തിലേക്കു ഇറങ്ങി ഇരുട്ടിനെ മറപറ്റി നടന്നു. ഗസ്റ്റ് ഹൗസിനു പിന്നിലെത്തിയ ആന്റണി ഒന്ന് ഞെട്ടി.
ഇരുട്ടിൽ ഒരു മനുഷ്യരൂപം നിൽക്കുന്നു. ആ രൂപത്തിൽ നിന്നും പുക ഉയരുന്നുണ്ട്. അടുത്ത് നിന്ന തേക്കിൻമരത്തിനു പിന്നിൽ ഒളിച്ചു നിന്ന് ആന്റണി ആ രൂപത്തെ സസൂഷമം വീക്ഷിച്ചു.. നിമിഷങ്ങൾക്കുള്ളിൽ ആ രൂപം തിരിഞ്ഞു കെട്ടിടത്തിനു പുറകിലേക്ക് നടന്നു അകത്തേക്ക് കയറി. അപ്പോഴാണ് ആന്റണിക്ക് മനസ്സിലായത് അത് അവിടെ വന്നവന്മാരിൽ ആരോ ബീഡിയും വലിച്ചു മൂത്രമൊഴിച്ചു കൊണ്ടു നിന്നതാണെന്ന്.
ആന്റണി കെട്ടിടത്തിന്റെ മറവിലൂടെ പതുക്കെ മുൻപോട്ടു നീങ്ങി.
അകത്ത് നിന്നും ചെറിയ പ്രകാശം പുറത്തേക്കു വീണു കിടപ്പുണ്ട്. ചെറുതായി തുറന്നു കിടക്കുന്ന ജനൽ പാളിയുടെ ഇടയിലൂടെ ആന്റണി അകത്തേക്ക് നോക്കി.
മുറിയിൽ പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞു നീളത്തിൽ ഉള്ള രണ്ടു സാധനങ്ങൾ സോഫയിൽ ഇരിപ്പുണ്ട്. അത് ശവങ്ങൾ പൊതിഞ്ഞു വച്ചിരിക്കുന്നതാണെന്നു മനസ്സിലായി. രണ്ടുപേർ തറയിൽ വീണു കിടന്നിരുന്ന ചോര കഴുകി തുടച്ചു കളയുകയാണ്.ആന്റണി കണ്ണുകൾ കൊണ്ടു മുറിയാകെ ഒന്ന് നോക്കി. ഭിത്തിയിലോ മറ്റൊ ചോരപ്പാടുകൾ ഉണ്ടോ എന്നറിയാൻ. എന്നാൽ എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല. ശബ്‌ദം ഉണ്ടാകാതെ മുൻഭാഗത്തു എത്തി.ചെറിയ നിലാവ് വീണുകിടക്കുന്ന മുറ്റം വരെ ടാറിട്ട റോഡ് വന്നു നിൽക്കുന്നു.ടാറിട്ട ആ റോഡിൽ ഒരു ഒമിനി വാനും പോർച്ചിൽ ഒരു കാറും കിടപ്പുണ്ട്. സൈമണിന്റെ കാർ ആകാം.ചുറ്റുപാടും ഒന്നുകൂടി നോക്കിയിട്ട് ആന്റണി കാപ്പി തോട്ടത്തിനുള്ളിലേക്ക് കയറി ജീപ്പ് കിടക്കുന്നിടത്തേക്ക് മരങ്ങളുടെ ഇടയിലൂടെ നടന്നു.
ജീപ്പിന്റെ അടുത്തെത്തി ഡ്രൈവിംഗ് സീറ്റിൽ കേറി.
“ടോമിച്ചാ, അവന്മാര് കാര്യങ്ങള് വെടിപ്പായിട്ടു ചെയ്യുന്നുണ്ട്. ശവങ്ങൾ പൊതിഞ്ഞു കെട്ടി വച്ചിരിക്കുവാ. മുറി കഴുകി തീരാറായി. പൊതുവെ നോക്കുമ്പോൾ പന്തികേട് ഒന്നുമില്ല. മെയിൻ റോഡിൽ നിന്നും കെട്ടിടത്തിന്റെ പോർച്ചു വരെ വഴി ടാറിട്ടതല്ലേ. അപ്പോ പിന്നെ വന്നുപോകുന്ന വണ്ടികളുടെ ടയർ പാട് നോക്കി കണ്ടുപിടിക്കാനൊന്നും പോകുന്നില്ല. കെട്ടിടം ചുറ്റി നടനൊന്നു നോക്കി. സിസിടീവി ഒന്നും കാണുന്നില്ല. സൈമണിന്റെ രഹസ്യകച്ചവട സ്ഥലം അല്ലെ. അപ്പോ അതൊന്നും കാണത്തില്ല. നമുക്കിതിനെ കുറിച്ച് അറിയാത്തുമില്ല, നമ്മളിങ്ങോട്ട് വന്നിട്ടുമില്ല. മനസ്സിൽ പോലും ഈ സംഭവത്തെ കുറിച്ച് ഒരു ചിന്ത പോലും വന്നേക്കരുത്. മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലേ. ചിലപ്പോ മനസ്സിലുള്ളത് മുഖം വിളിച്ചു പറയും. അത് കാണുമ്പോൾ ആളുകൾക്ക് സംശയം തോന്നും.”
അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഒമിനി വാൻ ഗസ്റ്റ് ഹൗസിന്റെ വഴിയിലൂടെ വന്നു മെയിൻ റോഡിലേക്ക് കയറി. പെട്ടന്ന് ഒമിനി വാനിന്റെ മുകൾ ഭാഗത്തു ഒരു ചുവന്ന ലൈറ്റ് തെളിഞ്ഞു. ആംബുലൻസിന്റെ ശബ്ദവും ഇട്ടു ഒമിനി ചപ്പാത്ത് ഭാഗത്തേക്ക് പാഞ്ഞു പോയി.
“ആന്റണിച്ച, അവന്മാരാ അത്.ഒമിനി വാൻ ആംബുലൻസ് ആക്കിയ കൊണ്ടു പോകുന്നത്. ചെക്കിങ് ഒഴിവാക്കാൻ. കാഞ്ഞബുദ്ധിയാ.വാ നമുക്കും ഈ പ്രേദേശത്തു നിന്നും വിട്ടേക്കാം.”
ആന്റണി വണ്ടി തിരിച്ചു.
“വരുന്നത് വരുന്നിടത്തു വച്ചു കാണാം. ആന്റണിച്ചൻ വണ്ടി ചവുട്ടി വിട്ടോ. പോയി കിടന്നുറങ്ങാം “
പറഞ്ഞിട്ട് ടോമിച്ചൻ ജീപ്പിൽ ചാരി കിടന്നു.
ആന്റണിയെ വീടിനടുതിറക്കി ടോമിച്ചൻ ജീപ്പുമായി പോയി.മുറ്റത്തു ജീപ്പ് നിർത്തി ഇറങ്ങി വീടിനുള്ളിൽ കടന്നു വാതിലടച്ചു. ബെഡ്‌റൂമിൽ എത്തിയപ്പോൾ ജെസ്സി ഉറങ്ങാതെ കിടക്കുകയായിരുന്നു.
“ന്റെ മനുഷ്യ നിങ്ങക്ക് ഉറക്കമൊന്നുമില്ലേ. മൂങ്ങയെ പോലെ രാത്രിയിൽ ഇറങ്ങി നടക്കാതെ. എനിക്ക് ഒറ്റയ്ക്ക് കിടന്നിട്ടു പേടി വരുന്നു. ഇടക്കിടെ ദുസ്വപ്നം കണ്ടു ഞെട്ടി ഉണരുകയാ. ആരോ കൊല്ലാൻ വരുന്നത് പോലെ “
ജെസ്സി പരിഭവത്തോടെ പറഞ്ഞു.
“നീ കർത്താവിനു നിരക്കായ്ക എന്തെങ്കിലും ചെയ്തു കാണും. അത് കൊണ്ടാ.ഞാനൊന്നു ദേഹം കഴുകിയിട്ടു വരട്ടെ. ഭയങ്കര വിയർപ്പാ “
ടോമിച്ചൻ തോർത്തുമെടുത്തു ടോയ്‌ലെറ്റിലേക്കു പോയി.
ടോമിച്ചൻ ഇറങ്ങി വരുമ്പോൾ ജെസ്സി കഴുത്തിൽ കിടന്ന കൊന്തയിൽ പിടിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
“രാത്രിയിൽ പോലും കർത്താവിനു സമാധാനം കൊടുക്കരുത് കേട്ടോടി.നിന്നെ പോലുള്ള കുറെ പെണ്ണുങ്ങൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇങ്ങനെ ശല്യപെടുത്തി കൊണ്ടിരുന്നാൽ കർത്താവ് എങ്ങെനെ ഉറങ്ങുമെടി ജെസ്സി. കർത്താവിനും ഒരു വിശ്രമം വേണ്ടേ. പാവം കർത്താവ് “
ടോമിച്ചൻ ബെഡിൽ ഇരുന്നുകൊണ്ട് ജെസ്സിയെ നോക്കി.
“ഇന്ന് നീയൊന്നു ക്ഷമിക്ക്, എനിക്കത്യാവശ്യമായി കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.അതുകൊണ്ടാ താമസിച്ചത്. നാളെ മുതൽ നേരത്തെ എത്തികൊള്ളാം പോരെ. ഇപ്പൊ നമുക്ക് കിടന്നുറങ്ങാം. മണി രണ്ട് ആയി “
ടോമിച്ചൻ ജെസ്സിയെ ചേർത്തു പിടിച്ചു കൊണ്ടു ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു.
രാവിലെ ലിജി മുറ്റമടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഡേവിഡിന്റെ കാർ വന്നു നിന്നത്.അവനെ കണ്ടു ലിജി മുറ്റമടിക്കുന്നത് നിർത്തി ഡേവിഡിന്റെ അടുത്തേക്ക് ചെന്നു.
“എന്താ ഇത്ര രാവിലെ ഒരു വരവ് “
ലിജി ചിരിച്ചു കൊണ്ടു ചോദിച്ചു.
“വെറുതെ, കെട്ടാൻ പോകുന്ന പെണ്ണിനെ ഒന്ന് കാണണം എന്ന് തോന്നി. വന്നു. രാവിലെ ലിജിയുടെ അപ്പച്ചൻ വരാൻ പറഞ്ഞിരുന്നു. എന്തോ സംസാരിക്കാൻ ഉണ്ടെന്ന് “
ഡേവിഡ് പറഞ്ഞു കൊണ്ടു വരാന്തയിലെ ബെഞ്ചിൽ ഇരുന്നു.. പല്ല് തേച്ചു കൊണ്ടു ആന്റണി വന്നു.
“ഡേവിഡ് വന്നായിരുന്നോ?മോളേ ഡേവിഡിന് ഒരു ചായ എടുത്തു കൊടുക്ക്, “
ലിജിയോട് പറഞ്ഞിട്ട് ആന്റണി ഡേവിഡിന്റെ അടുത്തിരുന്നു.
“ഡേവിടേ,വിവാഹത്തിന്റെ കാര്യം സംസാരിക്കാനാ വരാൻ പറഞ്ഞത്. അടിവാരത്തെ പള്ളിയാണല്ലോ ഞങ്ങടെ ഇടവക. അച്ചനെ ഇന്നൊന്നു പോയി കാണണം. എനിക്ക് പോകാൻ പറ്റത്തില്ലല്ലോ. മരിച്ചു പോയവനല്ലേ ഞാൻ. അതുകൊണ്ട് ലില്ലിക്കുട്ടിയെയും ലിജിയെയും പറഞ്ഞു വിടാമെന്ന് കരുതി.”
ആന്റണി തോർത്തെടുത്തു മുഖം തുടച്ചു കൊണ്ടു ഡേവിഡിനെ നോക്കി.
“അത് നന്നായി, അമ്മച്ചിയേയും ലിജിയെയും ഞാൻ കൊണ്ടു പൊക്കോളാം. കാറുണ്ടല്ലോ.”
ഡേവിഡ് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ലിജി ആന്റണിക്കും ഡേവിഡിനും ചായയും കൊണ്ടു വന്നു.
“കർക്കിടമാസം കല്യാണത്തിന് കൊള്ളത്തില്ല. അതുകൊണ്ട് ഈ മാസം മിഥുനമാസത്തിൽ തന്നെ നടത്തണം. അതിനുള്ള കാര്യങ്ങളൊക്കെ ടോമിച്ചനുമായി ആലോചിച്ചു ചെയ്യണം. ഡേവിഡിന് അമ്മയുണ്ടന്നല്ലേ പറഞ്ഞത്. അപ്പോ ഉടനെ തന്നെ നാട്ടിൽ പോയി അമ്മയെയും കൂട്ടി നിങ്ങടെ ഇടവകയിൽ പോയി സംസാരിച്ചു, ഇങ്ങോട്ട് കൂട്ടികൊണ്ട് വാ. ഞങ്ങൾക്കും അമ്മച്ചിയെ ഒന്ന് കാണാമല്ലോ “
ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ ആന്റണി ഡേവിഡിനോട് പറഞ്ഞു.
“നാളെയോ മറ്റെന്നാളോ ഞാൻ നാട്ടിലേക്കു ഒന്ന് പോയാലോ എന്നാലോചിക്കുന്നുണ്ട്. അമ്മച്ചിയെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരണം “
ഡേവിഡ് ചായ ഗ്ലാസ്സ് ലിജിയെ ഏൽപ്പിച്ചു കൊണ്ടു പറഞ്ഞു.
“മോളേ, പോയൊരുങ്ങിക്കോ അടിവാരത്തിന് പോകാൻ. അമ്മച്ചിയോടും ഒരുങ്ങാൻ പറ. നിങ്ങക്ക് ഡേവിഡിന്റെ കൂടെ പോകാം. അതാകുമ്പോൾ ബസ് മാറി കേറി ബുദ്ധിമുട്ടണ്ടല്ലോ. ചെല്ല് “
ചായകുടിച്ചു ഗ്ലാസ്സ് ലിജിയുടെ കയ്യിൽ കൊടുത്തു അകത്തേക്ക് പറഞ്ഞു വിട്ടു.
അടുക്കളയുടെ പുറത്ത് മുറ്റത്തു നിന്ന് കഴുകിയ വസ്ത്രങ്ങൾ അഴയിൽ വിരിച്ചിടുകയായിരുന്ന ലിഷയുടെ അടുത്തേക്ക് ലിജി ചെന്നു.
“മോളേ, ഞാനും അമ്മച്ചിയും കൂടി അടിവാരം വരെ പോകുവാ. പള്ളിയിൽ പോയി അച്ചനെ കാണാൻ. കല്യാണത്തിന്റെ കാര്യം സംസാരിക്കാൻ. പപ്പക്ക് സമയത്തിന് ഭക്ഷണം എടുത്തു കൊടുക്കണം. പോയിട്ട് പെട്ടന്ന് വരാം”
ലിജി പതിവിലും സന്തോഷവതി ആണെന്ന് ലിഷക്ക് തോന്നി. ചേച്ചിയുടെ സന്തോഷത്തോടെ ഉള്ള മുഖം കണ്ടിട്ട് ഒരുപാടു നാളായല്ലോ എന്നോർത്ത് ലിഷ തലയാട്ടി.എന്നിട്ട് മെല്ലെ ലിജിയുടെ അടുത്തേക്ക് ചെന്നു.
“ചേച്ചിക്ക് ഡേവി ചേട്ടനെ കല്യാണം കഴിക്കാൻ ദൃതി ആയി അല്ലെ. അത് കഴിഞ്ഞാൽ നമുക്ക് ഇതുപോലെ കഴിയാൻ പറ്റത്തില്ലല്ലോ എന്നോർക്കുമ്പോഴാ എന്റെ സങ്കടം.പിന്നെ ചേച്ചിയുടെ സ്നേഹം കിട്ടുകയില്ലല്ലോ എന്ന സങ്കടം. ദാരിദ്ര്യം ആയിരുന്നെങ്കിലും നമ്മുടെ ഇടയിൽ ഭയങ്കര ഇഷ്ടം അല്ലായിരുന്നോ ചേച്ചി. ഡേവി ചേട്ടനെയും കെട്ടി പോകുമ്പോൾ പിന്നെ എനിക്കാരാ കൂട്ട്, ഞാൻ സങ്കടം വന്നു പറയുമ്പോൾ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ എന്റെ ചേച്ചി ഇവിടെ ഉണ്ടാവുകയില്ലല്ലോ എന്നോർക്കുമ്പോൾ ചങ്കിലൊരു പിടച്ചിൽ.”
ലിഷ കരഞ്ഞുകൊണ്ട് ലിജിയെ കെട്ടി പിടിച്ചു.
“അയ്യേ മോളെന്തിനാ കരയുന്നത്. ഞാനിവിടെ അടുത്തല്ലേ പോകുന്നത്. മോൾക്ക് എപ്പോൾ വേണമെങ്കിലും വരാവുന്ന ദൂരത്തേക്ക്. പിന്നെ മോളെന്തിനാ സങ്കടപെടുന്നത്. മോള് വിളിക്കുമ്പോൾ എപ്പോ വേണമെങ്കിലും ചേച്ചി ഓടി വരില്ലേ.ചേച്ചിയുടെ മരണം വരെ ഈ സ്നേഹം എന്നുമുണ്ടാകും. മോളതോർത്തു വിഷമിക്കരുത്. കേട്ടല്ലോ”
ലിഷയുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കവിളിൽ ഒരുമ്മ കൊടുത്തു ലിജി.
അപ്പോഴേക്കും ലില്ലിക്കുട്ടി പോകുവാൻ തയ്യാറായി വന്നു.
” ഇവളെന്താ നിന്നോട് പറയുന്നത്? ചേച്ചിയും അനിയത്തിയും കൂടി എന്തു കൊനഷ്ട് ഒപ്പിക്കുവാ “
ലില്ലിക്കുട്ടി ലിജിയെയും ലിഷയെയും മാറി മാറി നോക്കി.
“ഒന്നുമില്ലമ്മേ. അവള് വെറുതെ ഓരോ കാര്യങ്ങള് പറഞ്ഞതാ. നമുക്ക് പോയിട്ട് പെട്ടന്ന് വരാം “
ലിജി പറഞ്ഞു കൊണ്ടു ലിഷയെ തുണി അഴയിൽ വിരിക്കാൻ സഹായിച്ചു.
“കിടന്നുറങ്ങാതെ ഇരുന്നു പഠിച്ചോണം. കേട്ടോടി. പിന്നെ തോരൻ വയ്ക്കാനുള്ളത് വെള്ളത്തിൽ ഇട്ടിട്ടുണ്ട്. അതരിഞ്ഞു തോരൻ വയ്ക്കണം. പെണ്ണുങ്ങളെ കെട്ടിച്ചു വിടുന്നതിനു മുൻപ് വീട്ടുപണികൾ പഠിപ്പിച്ചില്ലെങ്കിൽ തള്ളമാർക്ക പഴി. രണ്ട് മൂന്നു വർഷം കഴിയുമ്പോൾ നിന്നെയും കെട്ടിച്ചു വിടാനുള്ളതാ. ഓർത്തോ “
ലില്ലികുട്ടി ലിഷയോടു പറഞ്ഞിട്ട് ലിജിയെയും കൂട്ടി മുറ്റത്തേക്ക് നടന്നു.
ആന്റണിയോട് യാത്ര പറഞ്ഞിട്ട് ഡേവിഡ് കാറിൽ കയറി. പുറകു വശത്തെ ഡോർ തുറന്നു ലില്ലിക്കുട്ടിയും ലിജിയും.
****——***********——-*********——–******
ടോമിച്ചൻ എഴുനേറ്റു വരുമ്പോൾ ജെസ്സി ആയാസപെട്ടു മുറ്റമടിക്കുകയായിരുന്നു.
“പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും. ഈ ഡയലോഗ് കേട്ടിട്ടുണ്ടോ നീ “
ടോമിച്ചൻ ജെസ്സിയുടെ അടുത്ത് ചെന്നു ചോദിച്ചു.
ചൂലുമായി നിവർന്നു നിന്നു ജെസ്സി ടോമിച്ചനെ നോക്കി ചിരിച്ചു.
“സത്യം.. എന്നെ കുറച്ചു സഹായിച്ചു താ. അമ്മച്ചിക്ക് മുട്ട് വേദന ആയത് കൊണ്ടു കുനിഞ്ഞു നിന്നു മുറ്റമടിക്കാൻ പറ്റത്തില്ല. പാവം. അമ്മച്ചിയെ നല്ലൊരു ഡോക്ടറെ കൊണ്ടു കാണിക്കണം.പിന്നെയെ ഞാൻ ദുർബലയ, ഇപ്പൊ ഗർഭിണിയും. അതുകൊണ്ട് കുറച്ച് മുറ്റമടിച്ചു താ. ഭർത്താവിന് എന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുവാൻ കിട്ടിയ അവസരമാ. കൈവിട്ടു കളയരുത്. ഇന്ന ചൂല് പിടി “
ജെസ്സി ബലമായി ചൂല് ടോമിച്ചന്റെ കയ്യിൽ കൊടുത്തു.
“ആണുങ്ങൾ മുറ്റമടിച്ചു എന്ന് വച്ചു ആകാശം ഇടിഞ്ഞൊന്നും വീഴത്തില്ല. എന്നെ നോക്കി നിന്നാൽ മുറ്റമടി നടക്കില്ല.സ്നേഹം പ്രകടിപ്പിക്ക് “
ജെസ്സി ടോമിച്ചനെ നോക്കി കണ്ണിറുക്കി കൊണ്ടു പറഞ്ഞു.
“നീയൊക്കെ മണിക്കൂർ കൊണ്ടു ചെയ്യുന്നത് ഞാൻ പത്തു മിനിറ്റ് കൊണ്ടു കാണിച്ചു തരാം. നീ അവിടെ ഇരുന്നു നോക്കിക്കോ “
ടോമിച്ചൻ മുറ്റമടി തുടങ്ങി. ജെസ്സി ചെറു ചിരിയോടെ അത് നോക്കി നിന്നു
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Jagadeesh Pk Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission