Skip to content

കാവൽ – 25

kaaval

രാവിലെ സമയം 7.38

വെള്ളിലാങ്കണ്ടം ബ്രിഡ്ജിനു സമീപം ഒരു ബുള്ളറ്റ് ചീറി പാഞ്ഞു വന്നു നിന്നു. അതിൽ ഇരുന്ന കോട്ടിട്ടു തൊപ്പി വച്ച ആൾ ചുറ്റും ഒന്ന് നിരീക്ഷിച്ച ശേഷം പോക്കറ്റിൽ നിന്നും ഒരു വിൽസിന്റെ പാക്കറ്റ് എടുത്തു പൊട്ടിച്ചു ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു ലൈറ്റ്ർ തെളിച്ചു കത്തിച്ചു  ആഞ്ഞു വലിച്ചു മൂക്കിലൂടെ ചുരുളുകളായി പുക പുറത്തേക്കു വിട്ടു. വസൂരി വന്നു മുഖം മുഴുവൻ കുഴിഞ്ഞ പാടുകളോടെ വികൃതമായ അയാളെ ഒറ്റനോട്ടത്തിൽ കണ്ടാൽ ആർക്കും പേടി തോന്നുമായിരുന്നു. അത്രക്കും ക്രൂരവും ഭയാനകവും ആയിരുന്നു.ബുള്ളറ്റിൽ നിന്നുമിറങ്ങി ബ്രിഡ്ജിന്റെ തൂണിൽ പിടിച്ചു താഴേക്കു നോക്കി നിന്നു. അൽപ്പസമയത്തിനുള്ളിൽ ഒരു കറുത്ത സ്കോർപിയോ ബുള്ളറ്റിനടുത്തു വന്നു നിന്നു.അയാൾ സ്കോർപിയോയുടെ അടുത്തേക്ക് ചെന്നു.

സ്കോർപിയോയുടെ കറുത്ത ഗ്ലാസ്സ് കുറച്ച് താഴ്ത്തി ഒരു കൈ പുറത്തേക്കു വന്നു. കയ്യിൽ ഒരു കെട്ടു അഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു. പുറത്തുനിന്ന ആൾ ആ പണം മേടിച്ചു കോട്ടിന്റെ പോക്കറ്റിൽ വച്ചു.

“രണ്ട് പേരെയും തീർത്തല്ലോ അല്ലെ.നീ അവിടെ ചെന്നെന്നു ഒരു തെളിവുകളൊന്നും ഉണ്ടാകരുത്.സിസിടീവി ഒന്നുമില്ല അവിടെ. പിന്നെ ഇന്ന് ശവം കണ്ടെടുത്താൽ അന്വേഷണം ഉണ്ടാകുമല്ലോ. അപ്പോൾ അവിടെ രാത്രിയിൽ ചെന്ന ടോമിച്ചനിലേക്ക് കേസ്‌ നീളണം . ഇതാണ് പ്ലാൻ. മാത്രമല്ല ടോമിച്ചൻ  മരിച്ച സൈമനെയും ഭാര്യയെയും അവരുടെ ഗസ്റ്റ് ഹൌസിൽ പോയി ആക്രമിച്ച സംഭവവും ഉണ്ടല്ലോ?രണ്ടും കൂടി കൂട്ടിച്ചേർക്കുമ്പോൾ അവന്റെ തലയിൽ കേറിക്കോളും കേസ്‌.ശരി നിന്റെ ജോലി കഴിഞ്ഞു. ആവശ്യം വന്നാൽ അറിയിക്കാം “

സ്കോർപിയോയിൽ ഇരുന്ന ആൾ കനത്ത ശബ്ദത്തിൽ പറഞ്ഞു.

“ശരി, ഞാനിപ്പോൾ തന്നെ തിരിച്ചു പോകും. പിന്നെ ഇങ്ങോട്ടേക്കില്ല “

കോട്ടിട്ടയാൾ പറഞ്ഞിട്ട് പോയി ബുള്ളറ്റിൽ കയറി ബ്രിഡ്ജിലൂടെ മറു ഭാഗത്തേക്ക് ഓടിച്ചു പോയി.കുറച്ചു താഴ്ത്തി വച്ച വിൻഡോഗ്ലാസ്സ് മുകളിലേക്കു പൊങ്ങി. റിവേഴ്സിൽ കുറച്ച് പുറകിലേക്ക് പോയി സ്കോർപിയോ അവിടെ നിന്നും വെട്ടി തിരിഞ്ഞു വന്ന വഴി പാഞ്ഞു പോയി.

കോട്ടയം സബ് ജയിൽ..

രാവിലെ എട്ടുമണി!

“സാറെ പതിനാലാം സെല്ലിലെ സൈമൺ  സാർ ഇതുവരെ മടങ്ങി വന്നിട്ടില്ല. സാദാരണ പോയാൽ ആറുമണി ആകുമ്പോൾ മടങ്ങി വരാറുണ്ട്.എട്ടുമണി ആയി, ഇതുവരെ എത്തിയിട്ടില്ല “

പോലീസുകാരൻ സുഗുണൻ  പതിനാലാം നമ്പർ സെല്ലിൽ പോയി നോക്കിയിട്ട് ഇടനാഴിയിലൂടെ ഓടി ജയിൽ സുപ്രണ്ടിന്റെ മുറിയിലെത്തി പറഞ്ഞു.

“ങേ, അയാളിതുവരെ വന്നില്ലേ? താൻ ശരിക്കും നോക്കിയോ സെല്ലിൽ “

ജയിൽ സുപ്രണ്ട് ഗംഗാധരകൈമൾ ചോദിച്ചു കൊണ്ടു ചാടി എഴുനേറ്റു.

“നോക്കി സാർ, സെല്ലിനുള്ളിൽ ഇല്ല “

കോൺസ്റ്റബിൾ സുഗുണൻ പറഞ്ഞു.

“താൻ പുറത്തുള്ള ടോയ്‌ലെറ്റിലോ, ആ കുളിക്കുന്ന സ്ഥലത്തൊ അയാളുണ്ടോന്നു ഒന്നുകൂടി നോക്കിക്കേ.വന്നിട്ടില്ലെങ്കിൽ പണി പന്ത്രണ്ടിന്റെയാ വരാൻ പോകുന്നത്.”

വെപ്രാളംപെട്ടുകൊണ്ട് ഗംഗാദരകൈമൾ മുറിയുടെ പുറത്തെക്കിറങ്ങി. കൂടെ സുഗുണനും.

ടോയ്ലറ്റുകളിലും ജയിൽ പുള്ളികൾ കുളിക്കുന്ന സ്ഥലത്തും അന്വേഷിച്ചു എങ്കിലും  സൈമണിന്റെ പൊടി പോലും   കണ്ടെത്താൻ പറ്റിയില്ല.

“ഇനി എന്തു ചെയ്യും സുഗുണ, നമ്മുടെ പണി പോകാതെ നോക്കണ്ടേ. മുകളിലുള്ളവന്മാർക്ക് വിളിച്ചു ആഞാപിച്ചാൽ മതി. ഇത് പോലെ പണി വരുമ്പോൾ തട്ടുകിട്ടുന്നത് നമ്മുക്കിട്ടും.”

സുപ്രണ്ട് ഗംഗധരൻ സുഗുണനെ നോക്കി.

“സാറെ, ഇനിയും നോക്കിയിരുന്നാൽ കുഴപ്പമാകും. നമുക്ക് സൈമൺ രാത്രിയിൽ ജയിൽ ചാടി എന്നൊരു വാർത്ത അടിച്ച് വിടാം.അങ്ങനെ നമ്മൾ പറഞ്ഞില്ലങ്കിൽ സൈമണിനു പുറത്ത് വച്ചു എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അയാൾ ജയിലിൽ നിന്നും എങ്ങനെ പുറത്ത് പോയി എന്ന ചോദ്യത്തിന് നമ്മൾ ഉത്തരം കൊടുക്കേണ്ടി വരും. ഇനി താമസിക്കേണ്ട. അന്നൗൺസ് ചെയ്തോ. ഇതേ നമുക്ക് രക്ഷപെടാൻ മാർഗ്ഗമുള്ളൂ.അയാള് രാഷ്ട്രീയക്കാരനാ. പ്രശ്നം ഗുരുതരമാകും “

കോൺസ്റ്റബിൾ സുഗുണൻ മുന്നറിയിപ്പ് കൊടുത്തു.

“അത് ശരിയാണല്ലോ? എന്ന വേഗം  മുകളിലേക്കും ജയിലിനുള്ളിലും അറിയിപ്പ് കൊടുക്കാം “

സുപ്രണ്ട് ഗംഗധാരകൈമൾ  ഓഫീസിലേക്ക് നടന്നു.

നിമിഷങ്ങൾക്കുള്ളിൽ ജയിലിനുള്ളിൽ എല്ലാവരും വിവരമറിഞ്ഞു. മേലുദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിച്ച ശേഷം പുറത്തേക്കിറങ്ങി മറ്റു പോലീസുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളുടെ ഗൗരവം ബോധ്യപെടുത്തി കൊടുത്തു.

“പതിനാലാം നമ്പർ സെല്ലിൽ നിന്നും എങ്ങനെ ഒരാൾക്ക് കണ്ണുവെട്ടിച്ചു പുറത്തിറങ്ങാം, അതുപോലെ ജയിലിനു വെളിയിലെത്താം എന്ന് നോക്കിയിട്ട് അതുപോലെ ചെയ്തു വയ്ക്ക്. വരുന്നവർ നോക്കുമ്പോൾ നമ്മുടെ കണ്ണുവെട്ടിച്ചു കടന്നു കളഞ്ഞതാണെന്നു  ബോധ്യപ്പെടണം.”

സുപ്രണ്ട് ചുറ്റും നിന്നവർക്ക് നിർദേശം നൽകി.ഒരു മണിക്കൂറിനുള്ളിൽ മേലുദ്യോഗസ്ഥർ ജെയിലിനുള്ളിൽ എത്തി തെളിവെടുപ്പ് നടത്തി.കുറച്ച് സമയത്തിനുള്ളിൽ ഗംഗധാരകൈമൾ കൊടുത്ത വിവരമനുസരിച്ചു ടി വി വാർത്ത ചാനലുകളിലൂടെ സൈമൺ ജയിൽ ചാടിയ വാർത്ത വരുവാൻ തുടങ്ങി.പ്രധാന പോലിസ് സ്റ്റേഷനിലേക്ക് വിവരം കൊടുത്തു. ഉടൻ തന്നെ സൈമണിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം വ്യാപിപ്പിച്ചു.ജയിച്ചു  ഭരണം ഏറ്റെടുക്കാൻ പോകുന്ന വലതു കക്ഷികൾക്കെതിരെ സൈമണിന്റെ പാർട്ടിക്കാർ രൂക്ഷമായ പ്രതികരണം ഉന്നയിച്ചു. സൈമണിന്റെ നിരോധനത്തിന് പിന്നിൽ മലയോരകോൺഗ്രസ്സ് ഉൾപ്പെടുന്ന ഭരണപക്ഷക്കാർ ആണെന്ന് ആരോപണം ഉയർന്നു.

ടി വി യിലൂടെ ഈ വാർത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു ടോമിച്ചൻ അപ്പോൾ. സൈമണിന്റെ വീട്ടിലും, പെരുവന്തനതുള്ള ഗസ്റ്റ്‌ ഹൗസിലും  പോലീസ് എത്തി പരിശോധിക്കുന്ന ദൃശ്യത്തിലേക്കു ടോമിച്ചൻ ശ്രെദ്ധയോടെ നോക്കിയിരുന്നു. പത്ര -ദൃശ്യ മാധ്യമചാനലുകളുടെ പ്രതിനിധികളും ഗസ്റ്റ്‌ ഹൗസിനു പരിസരത്തുണ്ട്. കുറച്ച് നേരത്തെ പരിശോധനക്ക് ശേഷം പോലിസ് ഉദ്യോഗസ്ഥർ നിരാശരായി തിരിച്ചു പോയപ്പോൾ ടോമിച്ചൻ ഒരു ദീർഘനിശ്യാസത്തോടെ സോഫയിൽ ചാരി കിടന്നു.

“ഇന്നെന്താ പുറത്തേക്കൊന്നും പോകുന്നില്ലേ. എന്തു പറ്റി, അടങ്ങി ഒതുങ്ങി ഇരിക്കാമെന്നു കരുതിയത് “

ജെസ്സി ചോദിച്ചു കൊണ്ടു വന്നു ടോമിച്ചന്റെ അടുത്തിരുന്നു ടി വി യിലെ വാർത്തയിലേക്ക് നോക്കി.

“ഇയാളല്ലേ ആന്റണിച്ചായന്റെ മകളെ രാത്രിയിൽ തട്ടിക്കൊണ്ടു പോയയാൾ. ഫ്രഡ്‌ഡിക്കെതിരെ മത്സരിക്കാൻ നിന്നയാൾ. ഇയാൾ ജയിലും ചാടിയോ “

വാർത്തയിലേക്ക് നോക്കികൊണ്ട്‌ ജെസ്സി ചോദിച്ചു.

“ങും അതേ.. നീ ഇതുപോലത്തെ വാർത്തയും കണ്ടോണ്ടിരിക്കാതെ വല്ല കോമഡി പരിപാടിയൊക്കെ ഇട്ടു കാണ്. അല്ലാതെ കണ്ട ജയിൽ ചാട്ടവും കൊലപാതകവും, ഇടിയും തൊഴിയും, വിരഹവും കണ്ടു മനസ്സ് കലക്കണ്ട. വയറ്റിൽ കിടക്കുന്ന കൊച്ചു സന്തോഷത്തോടെ ഇരിക്കണം.”

ടോമിച്ചൻ വാർത്ത കാണുന്നതിൽ നിന്നും ജെസ്സിയെ നിരുത്സാഹപ്പെടുത്തി.

“അത് കൊള്ളാം, ഇത് തുറന്നു വച്ചു നോക്കികൊണ്ടിരുന്നത് കൊണ്ടല്ലേ ഞാനും നോക്കിയത്. ജനിക്കാൻ പോകുന്ന കൊച്ചിന്റെ അപ്പനും ഇതെല്ലാം ബാധകമാണ്. ഇടിയിലും തൊഴിയിലും നിങ്ങളും പുറകോട്ടൊന്നുമല്ലല്ലോ. നിങ്ങളും ഇനി മുതൽ കോമഡിയും പ്രേമവും പ്രണയവും ഒക്കെ കണ്ടാൽ മതി “

പറഞ്ഞിട്ട് ജെസ്സി ടോമിച്ചന്റെ കയ്യിലിരുന്ന റിമോട്ട് കൺട്രോൾ മേടിച്ചു ടി വി ചാനൽ മാറ്റി ഒരു കോമഡി സിനിമ ഇട്ടു.ടോമിച്ചന്റെ മടിയിൽ കിടന്നു ജെസ്സി സിനിമ കണ്ടോണ്ടിരിക്കുമ്പോൾ ആണ് പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്‌ദം കേട്ടത്.

ജെസ്സി എഴുന്നേറ്റപ്പോൾ ടോമിച്ചൻ  വാതിക്കലേക്കു ചെന്നു.വാതിൽ തുറന്നപ്പോൾ മുൻപിൽ സ്റ്റാലിനും മെറിനും ആണ്.

“നിങ്ങളെന്താ മുന്നറിയിപ്പൊന്നും ഇല്ലാതെ. എന്തു പറ്റി ഇതിലെയൊക്കെ ഒന്ന് വരാമെന്നു കരുതിയത് “

ടോമിച്ചൻ ചിരിച്ചു കൊണ്ടു ചോദിച്ചു അവരെ അകത്തേക്ക് ക്ഷണിച്ചു.

മെറിൻ ചെന്നു ജെസ്സിയുടെ കയ്യിൽ പിടിച്ചു. ജെസ്സി മെറിനെ നോക്കി. അവൾക്കിതു ഏഴാമത്തെ മാസമാണ്. അതിന്റെതായ ക്ഷീണം കാണുന്നുണ്ട്.ആദ്യത്തേതായതു കൊണ്ടുള്ള പരിഭ്രാമവും മുഖത്തുണ്ട്.

“ജെസ്സിയേച്ചി, സുഖമാണോ? ഒരാഴ്ചയായി ഇങ്ങോട്ട് വരണമെന്ന് വിചാരിക്കുന്നു. പക്ഷെ ഇച്ചായന് തിരക്കോട് തിരക്ക്. അതുകൊണ്ടാ വരാൻ താമസിച്ചത് “

ക്ഷമാപണരൂപേണ മെറിൻ ജെസ്സിയോട് പറഞ്ഞു.

“നിനക്കെങ്ങനെ ഉണ്ട്. മുഖത്തൊക്കെ ഭയങ്കര ക്ഷീണം ആണല്ലോ. നല്ല വിളർച്ചയും ഉണ്ട് “

ജെസ്സി മെറിന്റെ കവിളിൽ തഴുകി.

“ആദ്യത്തേത് അല്ലെ ചേച്ചി. അതിന്റെ അറിവില്ലായ്മയും പേടിയും ഉണ്ട്. അവിടെ സെർവന്റ് അല്ലാതെ വേറെ ആരുമില്ലല്ലോ.മാസം ഏഴായില്ലേ. ഇനി വീട്ടിൽ ചെന്നു നിൽക്കാൻ  മമ്മി വിളിച്ചു പറഞ്ഞു.എന്നെ വീട്ടിൽ ആക്കിയിട്ടു ഇച്ചായന് ഇന്നുതന്നെ തിരിച്ചു പോകണം എന്നാണ് പറയുന്നത്‌ “

മെറിൻ പറഞ്ഞു.

“അത് നന്നായി. ഈ സമയത്തു കൂടെ ആരെങ്കിലും കാണണം. നിന്റെ മമ്മയുടെ അടുത്ത് നിൽക്കുന്നതാണ് ഏറ്റവും നല്ലത് “

മെറിനെയും കൊണ്ടു ജെസ്സി അടുക്കളയിലേക്ക് നടന്നു.

“എനിക്കും എപ്പോഴും തളർച്ചെയും ക്ഷീണവും ഒക്കെയാ. എന്തു പറഞ്ഞാലും ടോമിച്ചൻ ചെയ്തു തരും.”

ജെസ്സി ചിരിച്ചു കൊണ്ടു മെറിനോട് പറഞ്ഞിട്ട് അടുക്കളയിലുള്ള ഒരു കസേരയിൽ അവളെ ഇരുത്തി.

“ങ്ങാ, മോളെപ്പോഴാ വന്നത്, ഞാൻ ഒന്ന് കിടന്നു മയങ്ങി പോയി. ഭയങ്കര മുട്ട് വേദന “

വാതിൽക്കലേക്കു വന്ന ശോശാമ്മ മെറിനോട് ചോദിച്ചു.

“ഇപ്പൊ വന്നതേ ഉള്ളു അമ്മച്ചി.”

മെറിൻ പറഞ്ഞു കൊണ്ടു ചെന്നു ശോശാമ്മയുടെ കയ്യിൽ പിടിച്ചു.

“മോളാകെ ക്ഷീണിച്ചു പോയല്ലോ. വീട്ടിൽ ഒറ്റക്കല്ലേ, അതുകൊണ്ടാ.ഈ സമയത്തു  പെണ്ണുങ്ങളെ  നിർബന്ധിച്ചു കഴിപ്പിച്ചാലേ കഴിക്കൂ.”

ശോശാമ്മ മെറിനെയും കൂട്ടി അടുത്ത് കിടന്ന ബെഞ്ചിൽ ഇരുന്നു.

“എങ്ങനെയുണ്ട് ബിസിനസ്‌ ഒക്കെ “

ടോമിച്ചൻ സ്റ്റാലിനെ നോക്കി.

“എക്സ്പോർട്ടിങ് കുഴപ്പമില്ല, ഇവിടുത്തെ സെയിൽസ് കുറവാ. കോംപറ്റീഷൻ കൂടി വരികയല്ലേ”

സ്റ്റാലിൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജെസ്സി ചായയുമായി വന്നു ടോമിച്ചനും സ്റ്റാലിനും നൽകി.

“സ്റ്റാലിനിച്ചായൻ മെറിനെ വീട്ടിലാക്കാൻ തീരുമാനിച്ചത് നന്നായി.വീട്ടിലാകുമ്പോൾ മോളിയാന്റി ഉണ്ടല്ലോ. അതവൾക്ക് ഒരാശ്വാസമാകും “

ജെസ്സി സ്റ്റാലിനോട് പറഞ്ഞു.

“ഇപ്പൊ എഴുമാസം ആയില്ലേ, ഇനി അവിടെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ലല്ലോ. പകല് ഞാൻ വീട്ടിലുമില്ല. അവൾക്കും വീട്ടിൽ പോയി നിൽക്കണം എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി”

സ്റ്റാലിൻ ചായകുടിച്ചു കൊണ്ടു ജെസ്സിയെ നോക്കി.

അപ്പോഴേക്കും ശോശാമ്മയും മെറിനും അങ്ങോട്ട്‌ വന്നു. അവർ എല്ലാവരും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു ബീഡി വലിക്കുവാൻ ടോമിച്ചൻ പുറത്തെക്കു നടന്നു.

മുറ്റത്തു നിന്നു ബീഡിക്കു തീ കൊളുത്തി വലിക്കുവാൻ തുടങ്ങുമ്പോൾ ആണ് ആന്റണി ഗേറ്റ് കടന്നു വരുന്നത് കണ്ടത്.

“ടോമിച്ചാ, വിവരങ്ങൾ അറിയാത്തതു കൊണ്ടു ഒരു സമാധാനവും ഇല്ല. എന്തായി കാര്യങ്ങൾ “

ആന്റണി ആശങ്കയോടെ ടോമിച്ചനെ നോക്കി. അവർ ഗേറ്റ് കടന്നു വഴിയിലേക്ക് ഇറങ്ങി.

” സൈമൺ ജയിൽ ചാടിയതായിട്ടാണ് ചാനലിൽ വാർത്ത  വരുന്നത്. ഭാര്യയെയും കൂട്ടി തമിഴ്‌നാട്ടിനു കടന്നിരിക്കാനാണ് സാധ്യത എന്നൊക്കെയാ ഫ്ലാഷ് ന്യൂസ്‌. ജയിൽ അധികൃതർ പണി പോകാതിരിക്കാൻ അടിച്ചിറക്കിയ കഥയ ഇത്. അവർക്കു രക്ഷപെടാൻ. അത് നമ്മുക്കും തുണയായി. “

ടോമിച്ചൻ ആന്റണിയോട് അടക്കിയ സ്വരത്തിൽ പറഞ്ഞു.

“ആ ലാസറും ഷാജിയും പണിയുമോ നമുക്കിട്ട്. കള്ളന്മാര, വിശ്വസിക്കാൻ കൊള്ളുമോ “?

ടോമിച്ചൻ ചോദ്യരൂപേണ ആന്റണിയെ നോക്കി.

“ആ ടോമിച്ചാ, ഞാൻ മറന്നു പോയി. ഇന്നലെ അവന്മാരെ നോക്കി ഗസ്റ്റ്‌ ഹൌസിൽ ചെന്നപ്പോൾ മുറിയിൽ ശവങ്ങൾ പൊതിഞ്ഞു കെട്ടി ചോര കഴുകി കളയുകയായിരുന്നല്ലോ.ഞാൻ അതിന്റെ വീഡിയോ മൊബൈലിൽ എടുത്തിട്ടുണ്ട്. പെട്ടന്ന് തോന്നിയ ഐഡിയ ആയിരുന്നു അത്. നാളെ നമുക്കിട്ട് പണിയാൻ വന്നാൽ ആ വീഡിയോ മതി അവന്മാരെ കഴുവേറ്റാൻ”

ആന്റണി പറഞ്ഞത് കേട്ട് ടോമിച്ചൻ അമ്പരപ്പോടെ നോക്കി.

“നിങ്ങള് ആളുകൊള്ളാമല്ലോ ആന്റണിച്ച. അത് മതി. ആ ഒറ്റ തെളിവ് മതി അവന്മാരാണ് കൊന്നതെന്നു വരുത്തി തീർക്കാൻ.”

ടോമിച്ചന്റെ മുഖത്തു സന്തോഷം പ്രകടമായി.

“എന്നാലും സൂക്ഷിക്കണം ടോമിച്ചാ. നിനക്കൊരു കൊച്ചു ജനിക്കാൻ പോകുവാ. കഴിഞ്ഞു പോയ കാലം പോലെയല്ല. ഇപ്പോൾ നിനക്ക് ഒരു കുടുംബമുണ്ട്. ഒരപ്പനും ആകാൻ പോകുന്നു. അതോർമ്മവേണം എപ്പോഴും. “

ആന്റണി ടോമിച്ചനോട് മുന്നറിയിപ്പെന്നോണം പറഞ്ഞു.

“അതൊക്കെ എനിക്കോർമ്മ ഉണ്ട് ആന്റണിച്ച. പക്ഷെ മറഞ്ഞിരുന്നു ഒരുത്തൻ പണിതോണ്ടിരിക്കുമ്പോൾ അടങ്ങി ഒതുങ്ങി ഇരിക്കുവാൻ പറ്റുമോ. അങ്ങനെ ഒതുങ്ങിയാൽ അവൻ പിന്നെ തകർക്കാൻ നോക്കും. എത്രയും പെട്ടന്ന് ആ കഴുവേ&%@@യെ കണ്ടെത്തിയാലേ സമാധാനത്തോടെ മുൻപോട്ടു പോകുവാൻ പറ്റത്തൊള്ളൂ. എത്ര ആലോചിച്ചിട്ടും ആരാണെന്നു എനിക്ക് മനസ്സിലാകുന്നില്ല ആന്റണിച്ച. ആകെ അറിയാവുന്നതു ആ പന്ന തങ്കൻ പാസ്റ്റർക്കു ആയിരുന്നു. അയാള് തമ്മിൽ തല്ലി ചാകുകയും ചെയ്തു. ചെല്ലുന്നിടത്തെല്ലാം പണിയാ കിട്ടുന്നത്, അതിൽ നിന്നുമൊക്കെ രക്ഷപ്പെടുന്നത് വീട്ടിലുള്ളവരുടെ പ്രാർത്ഥന കൊണ്ടു മാത്രമാ.”

ടോമിച്ചൻ കയ്യിൽ എരിഞ്ഞു കൊണ്ടിരുന്ന ബീഡി രണ്ട് മൂന്ന് തവണ ആഞ്ഞു വലിച്ചു കുറ്റി ദൂരേക്ക് എറിഞ്ഞു.

“നീ സമാധാനപ്പെട്, എത്രനാൾ ഒരാൾക്ക് ഒളിച്ചിരുന്ന് പണിയാൻ പറ്റും. മാത്രമല്ല അവൻ ഒരുത്തനല്ല ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലോ, എനിക്ക് തോന്നുന്നത് അങ്ങനെ ആണ്.എന്തായാലും എന്തിനും ഏതിനും ഞാനുണ്ടാകും നിന്റെ കൂടെ. പിന്നെ ഇന്ന് ലില്ലിക്കുട്ടിയും ലിജിയും ഡേവിഡിന്റെ കൂടെ അടിവാരത്തിന് പോയിരിക്കുവാ. സാമൂവൽ അച്ചനെ കാണാൻ. കല്യാണത്തിന്റെ കാര്യം പറയാൻ. ഒരെണ്ണത്തിനെയെങ്കിലും ആരുടെയെങ്കിലും കൈയിൽ പിടിച്ചു കൊടുത്താൽ അത്രയും ആശ്വാസം.നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉള്ള കാര്യം ഓർക്കുമ്പോഴാ “

ആന്റണി മതിലിൽ ചാരി നിന്നു.

“നിങ്ങളൊന്നും ഇപ്പോഴൊന്നും ചാകത്തില്ല ആന്റണിച്ച, അതോർത്തു ടെൻഷൻ കേറ്റണ്ട. ആദ്യം ലിജിയുടെ കല്യാണം എത്രയും പെട്ടന്ന് നടത്താം. എന്നിട്ടാകാം ബാക്കി. ഒരു കാര്യം ഉറപ്പിക്കാം. ടോമിച്ചൻ ജീവനോടെ ഉണ്ടെങ്കിൽ എന്റെ കൊച്ചുപിറന്നു വീഴുന്നതിനു മുൻപ് ഒളിച്ചിരുന്ന് കളിക്കുന്നവരുടെ കളി ഞാൻ അവസാനിപ്പിച്ചിരിക്കും.”

ടോമിച്ചൻ ആന്റണിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“ടോമിച്ചാ,ഞാൻ നിന്നോട് ചില കാര്യങ്ങൾ പറയാം. നീ തേടുന്ന ആൾ നിന്റെ കൂടെത്തന്നെ ഉണ്ട്, എന്ന് വച്ചാൽ അതാരാണെന്നു നിനക്കിന്നു ഇരുത്തി ചിന്തിച്ചാൽ കിട്ടും എന്ന് തന്നെയാണ് തോന്നുന്നത്. അതിന് കഴിഞ്ഞ കാലങ്ങളിലേക്ക് മനസുകൊണ്ട് ഒന്ന് തിരിച്ചു സഞ്ചരിക്കണം. നിന്റെ കഴിഞ്ഞ കാലങ്ങൾ എനിക്ക് കൃത്യമായി അറിയത്തില്ല. ജെസ്സിയെ കണ്ടു മുട്ടുന്നതിനും അതിന് ശേഷവും ഉള്ള സംഭവങ്ങളിലേക്ക് വേണം കടന്നു ചെല്ലാൻ. നിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ആരൊക്കെ, അതല്ലങ്കിൽ മാറ്റാർക്കെങ്കിലും നിന്നോട് പക തോന്നേണ്ട എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ. ഇതൊക്കെ സമാധാനമായിരുന്നു ചിന്തിക്കണം.അപ്പോ നിന്റെ മുൻപിൽ തെളിഞ്ഞു വരാം ആ ശത്രു. ഇനി ആരും നിന്റെ ഓർമ്മയിൽ വന്നില്ലെങ്കിൽ പുറത്തുള്ള മാറ്റാരോ ആണെന്ന് അനുമാനിക്കാം.”

ആന്റണി ടോമിച്ചന്റെ തോളിൽ തട്ടി.

“നോക്കാം ആന്റണിച്ച, മനസ്സിലിട്ടു ഓരോരുത്തരെയും ഒന്നളന്നു നോക്കാം. ഇനി എന്റെ സമാധാനം കെടുത്താൻ അധികം കാലം ആരായാലും ഞാൻ അനുവദിക്കത്തില്ല..”

ടോമിച്ചൻ ആലോചനയോടെ പറഞ്ഞു.

“നീ ശരിക്കും ആലോചിച്ചോ. അപ്പോ കുറച്ച് പേർ സംശയത്തിന്റെ നിഴലിൽ വരും. അവരെ നിരത്തി വച്ചു അവരിൽ നിന്നും തിരഞ്ഞെടുക്കാം നിന്റെ ശത്രുക്കളെ. അപ്പോ ഞാൻ പോയേക്കുവാ. കാര്യങ്ങൾ എന്തായെന്നു അറിഞ്ഞിട്ടു പോയാൽ മനസമാധാനത്തോടെ വീട്ടിൽ  ഇരിക്കാം.ലിഷ മോള് തനിച്ച അവിടെ. അതുകൊണ്ട് പെട്ടന്ന് ചെല്ലണം “

ആന്റണിച്ചൻ ടോമിച്ചനോട് പറഞ്ഞിട്ട് മെയിൻ റോഡിലേക്ക് നടക്കാൻ തുടങ്ങി.

“ആന്റണിച്ച.. അവിടെ നിന്നേ “

ടോമിച്ചൻ പുറകിൽ നിന്നും വിളിച്ചപ്പോൾ ആന്റണി തിരിഞ്ഞു നോക്കി.

“കാശിന്റെ കാര്യമോ, കല്യാണത്തിന്റെ കാര്യമോ ഓർത്തു വിഷമിക്കണ്ട. അതൊക്കെ വേണ്ടപോലെ നല്ല രീതിയിൽ ഞാൻ നോക്കിക്കൊള്ളാം. നിങ്ങള് അപ്പന്റെ സ്ഥാനത്തു അങ്ങ് നിന്നു കൊടുത്താൽ മതി.”

ടോമിച്ചൻ പറഞ്ഞത് കേട്ടു ആന്റണി ഒരു   നിമിഷം നോക്കി നിന്നു. പിന്നെ ടോമിച്ചന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് മെല്ലെ നടന്നു. നിറഞ്ഞു വന്ന കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയിട്ടും അയാൾ കയ്യുയർത്തി തുടച്ചില്ല. ഗേറ്റു കടന്നു അകത്തേക്ക് പോകുന്ന ടോമിച്ചനെ ഒന്നുകൂടി തിരിഞ്ഞു നോക്കി ആന്റണി നടന്നു.

വൈകിട്ട് നാലുമണി ആയപ്പോൾ ഡേവിഡിന്റെ കാർ വന്നു വീടിന് മുൻപിൽ നിന്നു. അപ്പോൾ ആന്റണി ചായകുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.കാറിൽ നിന്നും ലില്ലിക്കുട്ടിയും ലിജിയും പുറത്തെക്കിറങ്ങി വന്നു. ഡേവിഡ് കാർ തിരിച്ചിടാൻ റിവേഴ്‌സ് എടുത്തു തിരിച്ചിടുവാനായി പോയി.

“സാമൂവൽ അച്ചനെ കണ്ടോ പോയിട്ട്. കല്യാണകാര്യം പറഞ്ഞപ്പോ അച്ചൻ എന്തു പറഞ്ഞു “

ആന്റണി ലില്ലിക്കുട്ടിയോട് ചോദിച്ചു

“ഇവളുടെ കല്യാണം കാര്യം പറഞ്ഞപ്പോൾ അച്ചന് ഭയങ്കര സന്തോഷം. നേരത്തെ തൊട്ട് സാമൂവൽ അച്ചന് ഇവളോട് ഒരു പ്രേത്യേക വാത്സല്യം ആയിരുന്നല്ലോ.ഡേവിഡിനെയും ലിജിയെയും ചേർത്തു നിർത്തി തലയിൽ പിടിച്ചു പ്രാർത്ഥിച്ചു ഭക്ഷണവും തന്ന വിട്ടത്. അടുത്തമാസം ആദ്യ ആഴ്ച എന്നെങ്കിലും നോക്കാനാണ് പറഞ്ഞിരിക്കുന്നത്.”

ലില്ലികുട്ടി സന്തോഷത്തോടെ ആന്റണിയോട് പറഞ്ഞു.

“നിങ്ങടെ കാര്യം പറഞ്ഞു, നിങ്ങള് അപകടത്തിൽ മരിച്ചു പോയെന്നാണ് അച്ചനും വിശ്വസിച്ചിരിക്കുന്നത്. അത് പറഞ്ഞു കുറച്ച് വിഷമത്തോടെ അച്ചൻ സംസാരിച്ചു. സത്യം അച്ചനോട് പറയാൻ പറ്റുമോ.”

ലില്ലിക്കുട്ടി സാരിയുടെ തുമ്പ് ഉപയോഗിച്ച് മുഖം തുടച്ചു.

“അത് നന്നായി, എനിക്ക് പേടി ഉണ്ടായിരുന്നു നിങ്ങളെന്തെങ്കിലും വിളിച്ചു പറയുമോ എന്ന്. രഹസ്യങ്ങൾ രഹസ്യങ്ങളായി തന്നെ മനസ്സിൽ വച്ചോണം. ഞാനെന്നും മരിച്ചവനായി കഴിഞ്ഞാലും പിള്ളേരുടെ കാര്യം നന്നായി നടക്കണം. ദൂരെ നിന്നായാലും ഞാൻ നോക്കി കണ്ടോള്ളാം “

ആന്റണി ചായ ഗ്ലാസ്സ് ലില്ലിക്കുട്ടിയുടെ കയ്യിൽ കൊടുത്തു.

“ചേച്ചി, ചായ എടുക്കട്ടെ. പോയകാര്യമെല്ലാം ശരിയായോ “

മുറിക്കുള്ളിൽ ഡ്രെസ്സ് മാറിക്കൊണ്ടിരുന്ന ലിജിയുടെ അടുത്തേക്ക് ലിഷ ചെന്നു.

“അച്ചനോട് കാര്യങ്ങളൊക്കെ സംസാരിച്ചു മോളെ,ഇനി ഡേറ്റ് തീരുമാനിച്ചാൽ മതി “

ലിജി ലിഷയോടു പറഞ്ഞു.

“അപ്പോ ചേച്ചിക്ക് സന്തോഷം ആയി അല്ലെ.ങും ..ഞാൻ പോയി ചായ എടുത്തു വയ്ക്കാം “

ലിഷ അടുക്കളയിലേക്ക് പോയി.

“ചോറും കറിയും വച്ചോടി മോളേ “

ലില്ലിക്കുട്ടി അടുക്കളയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

“വച്ചു അമ്മച്ചി, ഇനിയൊന്നും വയ്ക്കണ്ട. ഞാനെല്ലാം ചെയ്തിട്ടുണ്ട് “

ലിജി പറഞ്ഞിട്ട് വെള്ളമെടുക്കാൻ കുടവുമായി കിണറിനടുത്തേക്ക് പോയി.

ലിജി അടുക്കളയിൽ കയറി ചായയുമായി വരാന്തയിലേക്ക് ചെല്ലുമ്പോൾ ഡേവിസ് അന്റണിയുമായിരുന്നു സംസാരിക്കുകയായിരുന്നു.

“മോളേ, ഡേവിഡ് ഇന്ന് നാട്ടിലേക്കു പോകാൻ പോകുവാ, അമ്മയെ കൊണ്ടു വരാൻ. മൂന്നാല് ദിവസം കഴിഞ്ഞേ തിരിച്ചു വരുകയുള്ളു എന്ന് “

ആന്റണി ലിജിയോട് പറഞ്ഞു.

“എന്നോട് പറഞ്ഞിരുന്നു പപ്പാ.”

ലിജി ആന്റണിയെ നോക്കി.

ലിജി കൊടുത്ത ചായ കുടിച്ചിട്ട് ഡേവിഡ് പോകാൻ ഇറങ്ങി.

“ഞാൻ ഇറങ്ങുവാ, ടോമിച്ചനോട് പോയി പറഞ്ഞിട്ട് രാത്രിയിൽ തന്നെ തിരിക്കണം.പുലർച്ചെ വീട്ടിലെത്താം.രണ്ടുമൂന്നുദിവസം നാട്ടിലൊക്കെ ഒന്ന് കറങ്ങിയിട്ടു വേണം വരാൻ. പോയിട്ട് ഒരുപാട് നാളായില്ലേ.”

ഡേവിഡ് ലിജിയോടും അന്റണിയോടുമായി പറഞ്ഞിട്ട് പറഞ്ഞിട്ട് കാറിനടുത്തേക്ക് നടന്നു.

ഔട്ട്‌ ഹൌസിൽ എത്തി കാർ നിർത്തി ഇറങ്ങിയപ്പോൾ ടോമിച്ചൻ അങ്ങോട്ട്‌ വന്നു.

“നീ ഇന്നല്ലേ നാട്ടിൽ പോകുവാണെന്നു പറഞ്ഞത്. എപ്പോഴാ തിരിക്കുന്നത്.”?

ടോമിച്ചൻ ഡേവിഡിനോട് ചോദിച്ചു.

“ഞാൻ അങ്ങോട്ട്‌ വരാനിരിക്കുകയായിരുന്നു.രാത്രിയിൽ പുറപ്പെടണം. പിന്നെ ഇന്ന് അടിവാരത്തു പള്ളിയിൽ പോയിരുന്നു. കല്യാണകാര്യം സംസാരിക്കാൻ “

ഡേവിഡ് ടോമിച്ചനോട് പറഞ്ഞു.

“ങ്ങാ.. ആന്റണിച്ചൻ പറഞ്ഞിരുന്നു. പിന്നെ നീ പോയി പെട്ടന്ന് അമ്മച്ചിയേയും കൂട്ടി വാ. കല്യാണതിന്റെ കാര്യങ്ങൾ ഒക്കെ ചെയ്യണ്ടേ. എല്ലാം വേഗത്തിൽ നടക്കട്ടെ..അപ്പോൾ യാത്ര പറയാൻ നിൽക്കണ്ട. പെട്ടന്ന് തിരിച്ചോ, വേണ്ട കാശ് എത്രയാണെങ്കിൽ എടുത്തോണം.”

ടോമിച്ചൻ തിരിഞ്ഞു നടന്നു.

രാത്രി ഒൻപതു മണി ആയപ്പോൾ ഡേവിഡ് യാത്ര തിരിച്ചു.വാഗമൺ വഴി ഈരാറ്റുപേട്ടയിൽ എത്തി പാലാ ഭാഗത്തേക്ക്‌ കാർ ഓടിക്കൊണ്ടിരുന്നു.ഭരണങ്ങണം കഴിഞ്ഞു കുറച്ച് മുൻപോട്ടു പോയതും പുറകിലൂടെ ഓവർടേക്ക് ചെയ്തു കയറി വന്ന മറ്റൊരു കാർ ഡേവിഡിന്റെ കാറിനു മുൻപിലൂടെ വേഗം കുറച്ച് ഓടി  കൊണ്ടിരുന്നു.നിരന്തരം ഹോൺ മുഴക്കിയിട്ടും മുന്പിലോടുന്ന കാറിന്റെ വേഗതയിൽ മാറ്റമൊന്നുമുണ്ടായില്ല. കുറച്ച് മുൻപോട്ടു പോയി കാർ പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു. ഡേവിഡും കാർ നിർത്തി. മുന്പിലെ കാറിന്റെ ഡോർ തുറന്നു നാലഞ്ചു പേർ ചാടിയിറങ്ങി ഡേവിഡിന്റെ കാറിനടുത്തേക്ക് നടന്നടുത്തു.!!!!

                           (തുടരും )

(അടുത്ത  അഞ്ചു ഭാഗത്തോടെ കാവൽ പൂർണ്ണമാകുന്നു )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!