Skip to content

സ്നേഹബന്ധനം – 1

snehabandanm

4 മണിയുടെ അലാറം അടിച്ചു…… അപ്പോഴേക്കും ചാടിയെഴുന്നേറ്റു മീന…… തുമ്പിയുടെ പുതപ്പു ഒന്നുകൂടി പുതപ്പിച്ചിട്ട് എണീറ്റു………. ഫ്രിഡ്ജിൽ നിന്നും പാലിന്റെ പാത്രം എടുത്തു…….. സിങ്കിലേക്കു നോക്കിയതും തല കറങ്ങുംപോലെ തോന്നി……  ഉള്ള പാത്രം മുഴുവനും ഉണ്ട് കഴുകാൻ….. ഇന്നലെ കഴുകാൻ മടിച്ചു ഇട്ടതാ…..

പാൽ തിളക്കാൻ വച്ചിട്ട് പതിയെ പാത്രം കഴുകാൻ തുടങ്ങി……. അതിനിടയിൽ ജനലിൽ വച്ചിരിക്കുന്ന ടൈം പീസ് ഓടുന്നുണ്ടോ…. കറക്റ്റ് ടൈം ആണോന്നു നോക്കാനും മറന്നില്ല……….

5 മണിയാകുമ്പോളെങ്കിലും തുമ്പിയെ വിളിച്ചാലേ 6 മണി ആകുമ്പോൾ എണീക്കും……. ഓരോന്നാലോചിച്ചു പാത്രം കഴുകുമ്പോളേക്കും പാൽ തിളച്ചു പൊങ്ങിയിരുന്നു…… ഓടി വന്നു ഗ്യാസ് ഓഫ്‌ ചെയ്യുമ്പോളേക്കും പോകാനുള്ള പാൽ പോയിരുന്നു…….. പണ്ടാരം….. സമയം ഇല്ലാത്ത സമയത്താണ്….. ഇനി ഇതും തുടക്കണം…… പാത്രം അവിടിട്ടിട്ട് പാൽ തുടക്കാൻ പോയി……

അതു ചെയ്യുമ്പോളും കണ്ണ് സമയം നോക്കാൻ പോയിരുന്നു……… ഓടിപ്പോയി ഒന്നു ഫ്രഷ് ആയി വന്നപ്പോളേക്കും അഞ്ചു മണി…….. തുമ്പിയെ തലോടി ഉമ്മ

വെച്ചു……. അവൾ പതിയെ കണ്ണു തുറന്നു……. എന്റെ മുഖം കണ്ടിട്ട് അവൾ ഒരു ചിരി ചിരിച്ചു….. ഞാൻ  അറിഞ്ഞു മനസ്സിലെ പേടിയും വിഷമങ്ങളും എല്ലാം മാഞ്ഞു മറയുന്നത്….. അവളെയും എടുത്തു ബാത്‌റൂമിൽ പോയി……. കുറച്ചു  മാസങ്ങൾ കൂടി കഴിഞ്ഞാൽ  മൂന്നു വയസ്സു തികയുവാണ് കള്ളിക്ക്……

എല്ലാം കഴിഞ്ഞു കിച്ചണിൽ ടേബിളിൽ കൊണ്ടിരുത്തി അവളെ…….. പാലെടുത്തു ആറാൻ വെച്ചു…… അവൾക്കു മാത്രമായി ഒരു കുഞ്ഞു ഗ്ലാസ്സുണ്ട്….. അതിൽ കുറച്ചു കുറച്ചായി ഒഴിച്ചു കൊടുത്തു…… കുടിക്കുമ്പോൾ പകുതിയും ഒലിച്ചു താഴേക്കു വീഴുന്നുണ്ട്…… അവൾ തന്നെ അത് ഉടുപ്പെടുത്തു തുടച്ചു…… എന്നിട്ട് എന്നെ ഒളികണ്ണിട്ടു നോക്കും…… ചിരി വന്നെങ്കിലും കണ്ടില്ലന്നു നടിച്ചു……

ഉപ്പുമാവ് ഉണ്ടാക്കി…… റൈസ് കുക്കറിൽ അരി കഴുകി യിട്ടു….. രണ്ടാൾക്കും ചോറു കൊണ്ടുപോകണം…… ഇന്നലെ അരിഞ്ഞു വച്ച ബീൻസ് എടുത്തു മെഴുക്കുവരട്ടി വെച്ചു….. തുമ്പിയെയും കൂട്ടി കുളിക്കാൻ ഓടി……ഒരുമിച്ചു കുളിച്ചിറങ്ങണം…….. അവളെ തനിച്ചാക്കി പോകാൻ അത്ര ധൈര്യം ഇല്ല…… . എന്റെ വെപ്രാളം കണ്ടിട്ട് അവൾക്കു ചിരിയാ…. എനിക്കല്ലേ അറിയൂ…..

എല്ലാം കഴിഞ്ഞു ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും എട്ടു മണിയായി…… തുമ്പിക്കും വാരിക്കൊടുത്തു ഞാനും കഴിച്ചു വീടു പൂട്ടി ഇറങ്ങി…..

അടുത്താണ് സ്കൂൾ…… നടന്നു പോകാനുള്ള ദൂരമേയുള്ളൂ….. പതിയെ തുമ്പിയുടെ കയ്യും പിടിച്ചങ്ങു നടക്കും…… അവളുടെ കുഞ്ഞുവായിലെ കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനം കേട്ട്…… ഇടയിൽ മീന അവൾക്കു ചെറിയ റൈമ്സ് പാടിക്കൊടുക്കും….. അവൾ അത് കയ്യും തലയും ആട്ടി ഏറ്റുപാടും……… സ്കൂളെത്തി…..

ഒരു ചെറിയ സ്കൂൾ ആണ്…. അവിടെ മീന കമ്പ്യൂട്ടർ ക്ലാസ്സ്‌ ആണ് എടുക്കുന്നത്….. പിന്നെ ടീച്ചേർസ് വരാത്ത സബ്ജെക്ടിന് പോയി ക്ലാസും എടുക്കാറുണ്ട്…… സ്കൂളിനോട് ചേർന്നുള്ള നഴ്സറി യിലാണ് തുമ്പി…… ബുക്സ് എന്താന്നു പോലും അറിയില്ല അവൾക്കു…… എന്നാലും തന്റെ അടുത്തുണ്ടല്ലോന്നുള്ള ആശ്വാസം…. അവളുടെ പ്രധാന പണി കൊണ്ടുവരുന്ന ബിസ്‌ക്കറ് മുഴുവൻ തിന്നുക…. പിന്നെ ഉറക്കം വരുമ്പോൾ ഉറങ്ങുക…… അവൾക്കു ഉമ്മ

കൊടുത്തു….. ഇനി അവളുടെ ഊഴമാണ്….. എന്റെ മുഖത്തു പിടിച്ചു കവിളിലും നെറ്റിയിലും എല്ലാം ഉമ്മ

തരുവാണ്…… കാണുന്നവർക്ക്  തോന്നും ആദ്യമായിട്ടാ ഞങ്ങൾ തമ്മിൽ കാണുന്നതെന്ന്……

മ്മ്….. മതി… മതി……. മീന തുമ്പിയെ അവിടുത്തെ ചേച്ചിയെ ഏൽപ്പിച്ചു…… സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി……ഇവിടെ കൂടുതലും പാവപ്പെട്ട കുട്ടികളാണ് പഠിക്കുന്നത്…… പണമുള്ളവർ കുറച്ചു ദൂരെ ടൗണിലെ സ്കൂളിൽ  പോയി പഠിക്കും……

ഉച്ചക്ക് ചോറുണ്ടിട്ട് പാത്രം കഴുകിക്കൊണ്ടിരിക്കുബോളാണ് മതിലിനു വെളിയിൽ ഒരാൾ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്……. ആ കറുത്ത കാർ കണ്ടപ്പോഴേ ആളെ മനസ്സിലായി…. അയാളുടെ കണ്ണുകൾ തന്റെ മേലെയാണ്……

മീന ഓടി സ്റ്റാഫ്‌റൂമിൽ കയറി…… അവളുടെ സീറ്റിൽ പോയിരുന്ന് അണച്ചു….. അവളുടെ വെപ്രാളം കണ്ടു ഗീത ടീച്ചർ അടുത്തുവന്നു…..

എന്താ മീന….. എന്തിനാ നീയിങ്ങനെ അണക്കുന്നത്…. ഇന്നാ വെള്ളം കുടിക്ക്…. അതു വാങ്ങി മീന കുടിച്ചു…..

അയാൾ…… അയാളിവിടെയും വന്നു ഗീത….

ഈശ്വരാ…. ഗീത മീനയുടെ അരികിൽ വന്നിരുന്നു….. അവളുടെ വിറയ്ക്കുന്ന കൈകളിൽ പിടിച്ചു….

അയാൾ നിന്നെ കണ്ടോ….

കണ്ടു…… എന്നെത്തന്നെ നോക്കി നിൽക്കുവായിരുന്നു….

ഇനിയെന്തു ചെയ്യും മീന…..

അറിയില്ല….. എന്തു ചെയ്യണമെന്ന്…. ഇനി വയ്യ…. ഓടി ഓടി മടുത്തു…. എവിടെപോയി ഒളിച്ചാലും അയാൾ കണ്ടു പിടിക്കും….

അപ്പോൾ അയാളുടെ കൂടെ നീ പോകുമെന്നാണോ പറയുന്നത്….

ഇല്ല ഗീത….. എനിക്ക് ജീവിക്കണം……. തുമ്പിക്ക് ഇനി ഞാൻ മാത്രമേ ഉള്ളൂ…… അയാളുടെ കൂടെ പോയാൽ കൊല്ലും എന്നെ അയാൾ……. അമ്മയെയും ചേച്ചിയെയും കൊന്നതുപോലെ……..

നിന്റെ അച്ഛൻ അയാളുടെ കൂടെയല്ലേ……..

അതെ….. അച്ഛനെ അയാൾ മയക്കി വെച്ചിരിക്കുവാ…… അയാളെ ഭയങ്കര വിശ്വാസമാണ് അച്ഛന്……….  അയാൾ പറയുന്നതേ കേൾക്കു…….. അതുകൊണ്ടല്ലേ ഞാനിങ്ങനെ ഓടേണ്ടി വന്നത്…… എനിക്ക് ആരും ഇല്ലാതാക്കിയത് അയാൾ ഒറ്റ ഒരുത്തനാ……..

ഇനി എന്ത് ചെയ്യും നീ……..  ഗീത അവളുടെ തോളിൽ പിടിച്ചു……….

അറിയില്ല……. ഇനി എന്ത് വന്നാലും ഫേസ് ചെയ്യുക…… അല്ലാതെന്താ….. മീന മുഖം അമർത്തി തുടച്ചു മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ ബുക്ക് എടുത്ത് ക്ലാസിലേക്ക് പോയി……..

വൈകുന്നേരം  വീട്ടിലേക്ക് നടക്കും വഴി മീന അറിഞ്ഞു……  തന്നെ ആ കറുത്ത  കാർ  പിൻതുടരുന്നുണ്ടെന്ന്……. കാലുകൾ തളരും പോലെ തോന്നി…… തുമ്പിയുടെ കൈയിൽ നിന്നും പിടി വിട്ടു അവളെ വാരിയെടുത്ത് സ്പീഡിൽ നടന്നു………. വീട് തുറന്ന് അകത്തു കയറിയതും വാതിൽ കൊട്ടിയടച്ചു………

എപ്പോൾ വേണമെങ്കിലും അയാൾ തന്റെ മുന്നിൽ വരാം……… ഒന്നും ചെയ്യാൻ ഒരു ഉത്സാഹം ഇല്ലാത്തത് പോലെ……… തുമ്പിയെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു…….  വൈകുന്നേരം ആയപ്പോൾ ആരോ വാതിലിൽ മുട്ടി…….. കൂട്ട് കിടക്കാൻ വന്ന വല്യമ്മ ആയിരിക്കും …….. വീടിന്റെ ഓണറിന്റെ ഒരു അകന്ന ബന്ധു  ആണ്…….. മാസാവസാനം എന്തെങ്കിലും കൊടുത്താൽ മതി……

കതക് തുറന്നപ്പോഴേ കണ്ടത് മുറ്റത്ത് കിടക്കുന്ന ആ കറുത്ത കാറാണ്……… അവൾ ആകെ വിയർത്തു…… പെട്ടെന്ന് മുന്നിലേക്ക് അയാൾ വന്നു നിന്നു….. കീ വിരലിൽ ഇട്ടു കറക്കുന്നുണ്ട്…….. മീന രണ്ടടി പിറകിലേക്ക് മാറി………..

ഇപ്പോഴും ഞാൻ ജയിച്ചു മീനമ്മ……… ഞാൻ നിന്നെ കണ്ടുപിടിച്ചു…… അതും പറഞ്ഞ് അയാൾ അകത്തേക്ക് കടന്നുവന്നു…… അയാൾ അകത്തേക്ക് വരുന്നതിനനുസരിച്ച് മീന പിറകോട്ട് മാറി കൊണ്ടിരുന്നു……..

തുമ്പിയെ കണ്ടതും അയാൾ അകത്തേക്ക് കയറി അവളെ കൈകളിലെടുത്ത് പൊക്കി…….. അച്ഛയുടെ തുമ്പി മോളേ………. തുമ്പിയുടെ കവിളിൽ ഒരു ഉമ്മ

കൊടുത്തു…….. മീശ കുത്തിയതിനാലാവണം  തുമ്പി കവിളിൽ കൈവെച്ച് വിതുമ്പി……….

ഓഹോ…… സോറി…. സോറി….. അച്ഛ വേദനിപ്പിച്ചോ തുമ്പിയെ……

അവളെയും കൂട്ടി കാറിനരുകിലേക്കു പോയി….. ഒരു  പാക്കറ്റ് കൊടുത്തു……. അവൾക്കുള്ള കൈക്കൂലി കിട്ടിയപ്പോൾ മര്യാദരാമി ആയി…. തിരിച്ചു കട്ടിലിൽ കൊണ്ടിരുത്തി……… തുമ്പി പാക്കറ്റ് പൊട്ടിക്കുന്ന തിരക്കിലാണ്…..

ഇതാരാ മോളേ……. കൂട്ടുകിടക്കാൻ വന്ന വല്യമ്മയാണ്……..

ഇത്….. എന്റെ…… മീന ഉത്തരം പറയാനാവാതെ വിഷമിച്ചു…….

ഹാ…… ഞാൻ ആരാണെന്നു പറ മീനമ്മ…… അയാൾ പറഞ്ഞു……….

ഇതെന്റെ ഭർത്താവാണ് അമ്മേ…… മീന തല കുനിച്ചു പറഞ്ഞു……

അപ്പോൾ മോൾക്കിന്ന് എന്റെ കൂട്ടു വേണ്ടല്ലോ….. മോനിവിടെ ഉണ്ടാവില്ലേ….. അമ്മ അയാളെ നോക്കി ചോദിച്ചു……

അമ്മ പൊയ്ക്കോളൂ….. ഞാനിവിടെ ഉണ്ടാവും ഇവൾക്ക് കൂട്ടായിട്ട്……. മീനയുടെ അടുത്തേക്ക് നീങ്ങിനിന്നു പറഞ്ഞു…….

അവർ പോയെന്നുറപ്പായപ്പോൾ മീന അയാളിൽ നിന്നും മാറി നിന്നു കൈകൂപ്പി പറഞ്ഞു…..

എനിക്കിനിയും ഓടാൻ വയ്യ…… തുമ്പിയുള്ളതുകൊണ്ടാണ് ഇല്ലെങ്കിൽ പണ്ടേക്കു പണ്ടേ ഞാനെന്റെ ജീവൻ അവസാനിപ്പിച്ചേനെ……… ഞങ്ങളെ ജീവിക്കാൻ വിടു…….. എനിക്കുള്ള സ്വത്തെല്ലാം  ഞാൻ നിങ്ങൾക്ക് തരാമെന്നു പറഞ്ഞതല്ലേ ഞാൻ ……. വെറുതെ വിടു ഞങ്ങളെ……

അതെങ്ങനെ ശരിയാകും മീനമ്മേ…… ഭാര്യ ജീവിക്കേണ്ടത് ഭർത്താവിന്റെ കൂടെയല്ലേ……

നിങ്ങൾ എന്റെ ഭർത്താവല്ല……… അങ്ങനൊരു ബന്ധം ഉണ്ടാക്കാൻ നോക്കണ്ട……

അങ്ങനൊരു ബന്ധം വേണ്ടെങ്കിൽ പിന്നെന്തിനാ നീ ഞാൻ കെട്ടിയ താലി കഴുത്തിലിട്ടു നടക്കുന്നത്……. പൊട്ടിച്ചു കളഞ്ഞുകൂടേ……

ഇതെനിക്ക് വേണം….. ഈ സമൂഹത്തിൽ ജീവിക്കാൻ….. അല്ലാതെ നിങ്ങളോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല…….. എനിക്കു നിങ്ങളുമായിട്ട് ഒരു ബന്ധവും വേണ്ട……. ഞാനത് ആഗ്രഹിക്കുന്നില്ല…….

എങ്കിൽ നീ പ്രസവിക്കാത്ത എന്റെ കുഞ്ഞിനെ എന്തിനു കൂടെ കൊണ്ടുനടക്കുന്നു…… അത് ഏതു ബന്ധത്തിന്റെ പേരിലാണ്……

മീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… കൂട്ടി വച്ചിരുന്ന ധൈര്യം എല്ലാം ചോർന്നു പോകുംപോലെ…….. ഒന്നും പറയാൻ വയ്യാതായി……. തുമ്പി തന്റെ ബലഹീനതയാണ്……… അവൾ ഭിത്തിയിൽ ചാരി നിന്നു കരഞ്ഞു………

ഒരുപാടങ്ങു കരയണ്ട നീ….. കുറച്ചു ബാക്കി വച്ചേക്കു…… ആവശ്യം വരും……. പിന്നൊരു കാര്യം……. നാളെ ഒരു പകൽ തരും നിനക്ക് ഞാൻ……തീർക്കാനുള്ളത് തീർത്തിട്ട് നാളെ വൈകിട്ട് നമ്മൾ ഇവിടം വിടും…….. വീട്ടിലേക്കു….

ഞാൻ വരില്ല….. ഒരിക്കലും വരില്ല….. മീന പറഞ്ഞു….

നീ വരും…… വന്നില്ലെങ്കിൽ കൊണ്ടുപോകാൻ എനിക്കറിയാം……. അല്ലേ തുമ്പിമോളെ……. അയാൾ അവളുടെ കവിളിൽ നുള്ളി പറഞ്ഞു……

മീനയുടെ മനസ്സിൽ പേടി തോന്നിത്തുടങ്ങി……. അയാൾ പറയുന്നത് അനുസരിച്ചില്ലേൽ എന്തും ചെയ്യാൻ മടിക്കില്ല അയാൾ……. സ്വന്തം കാര്യമോർത്തു പേടിയില്ല…… പക്ഷേ തുമ്പി…….

അപ്പോഴെങ്ങനാ……. നാളെ പോകുവല്ലേ…….

മീന തലയാട്ടി……. തനിക്കിനി പിടിച്ചുനിൽക്കാൻ പറ്റില്ല ന്നു മനസ്സിലായി…….

അതാണ്…… അതാണ് മീന ജയദേവ്……. അപ്പോൾ കരയുന്നതു നിർത്തി അടുക്കളയിലേക്കു ചെല്ല്…… എനിക്കു നന്നായി വിശക്കുന്നു…….. ഇന്ന് നമുക്ക് മൂന്നുപേർക്കും ഒരുമിച്ചിരുന്നു കഴിക്കണം…… ഇനിയതിനു പറ്റിയില്ലെങ്കിലോ….. അല്ലേ പ്രിയതമേ…….. മീനയുടെ താടി ചൂണ്ടുവിരൽ കൊണ്ടുപൊക്കി അയാൾ പറഞ്ഞു…….

അവൾ ഒന്നും മിണ്ടാതെ കിച്ചണിലേക്ക് പോയി…….. കയ്യും കാലും തളരുന്നതുപോലെ…….. എന്തൊക്കെയോ കാട്ടിക്കൂട്ടി……… ഇടയ്ക്കിടയ്ക്ക് തുമ്പിയെ പോയി നോക്കി……… അയാളുമായിട്ട് ഇരുന്നു  കളിക്കുകയാണ്……..അവളുടെ ചിരി കാണുമ്പോൾ പേടി തോന്നുന്നു……… അവൾ വളരെ ഹാപ്പിയാണ്…….

ഭക്ഷണം എടുത്തു വെച്ചിട്ട് മീന പോയി തുമ്പിയെ എടുത്തു……….

കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്……. അയാളോട് പറഞ്ഞു………

അയാൾക്ക് വിളമ്പിക്കൊടുത്തു…….അയാൾ  അവളുടെ കൈ പിടിച്ച് അടുത്തിരുത്തി……. തുമ്പിയെ  ടേബിളിനു മുകളിൽ  എടുത്തുഇരുത്തി……… കുറച്ചു ചോറ് എടുത്ത് അയാൾ തുമ്പിയുടെ വായിൽ വച്ചു കൊടുത്തു………….

പേടിക്കണ്ട…… ഞാൻ വിഷം  ഒന്നും ചേർത്തിട്ടില്ല………. മീന പറഞ്ഞു…..

അയാൾ പൊട്ടിച്ചിരിച്ചു………. നിനക്ക് അങ്ങനെ ഒന്നും ചെയ്യാനാവില്ല ന്ന് എനിക്കറിയാം മീനമ്മാ……..

അതെ…… ആവില്ല……… ഇപ്പോൾ എനിക്ക് വേണ്ടപ്പെട്ടവരുടെ എല്ലാം  ജീവൻ നിങ്ങളുടെ കയ്യിലല്ലേ………..

അയാൾ വീണ്ടും ചിരിച്ചു………. അധികം ഒന്നും കഴിക്കാതെ എഴുന്നേറ്റ് കഴുകി………. തുമ്പി അയാളുടെ നേരെ കൈകൾ നീട്ടി……..

ഇവിടിരിക്കു തുമ്പി….. അമ്മ ചോറ് വാരി തരാം………

അവൾ തലയാട്ടി വേണ്ടന്ന് കാണിച്ചു……. വീണ്ടും അയാൾക്ക് നേരെ കൈകൾ നീട്ടി…….. അവളെ കോരിയെടുത്ത് അയാൾ വെളിയിലേക്ക് പോയി………… ചോറ് എടുത്ത് മീന പിറകെയും……..

ഒന്നും കഴിക്കാതെ കിടന്നാൽ തുമ്പി പാതിരാത്രിയിൽ എണീക്കും……… പിന്നെ അവൾക്ക് തോന്നുന്നത് ഞാൻ ഉണ്ടാക്കി കൊടുക്കേണ്ടിവരും………. അത് കിട്ടിയില്ലെങ്കിൽ കരയും…….  കിട്ടും വരെ…….

ഉരുള ഉരുട്ടി അവൾക്ക് വായിൽ വെച്ചുകൊടുത്തു……. അയാളുടെ കണ്ണുകൾ തന്നെ മുഖത്ത് മാത്രമാണെന്ന് അവളറിഞ്ഞു………. കിടക്കാൻനേരം തുമ്പി അയാളുടെ നെഞ്ചിൽ കയറി കിടന്നു………. അവളെ തട്ടി ഉറക്കി ബെഡിലേക്കു കിടത്തി…….

മീന പറഞ്ഞു……. അവളെ ഞാൻ എന്റെ കൂടെ കിടത്തിക്കൊള്ളാം…….

വേണ്ട……. എന്റെ കുഞ്ഞ് എന്റെ കൂടെ കിടന്നോളും……… ഭാര്യക്കും വേണമെങ്കിൽ ആവാം……..

അതിനു മറുപടി കൊടുക്കാതെ മീന നിലത്തു ഷീറ്റ് വിരിച്ചു കിടന്നു……… തന്നെ കാത്തിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമാണെന്നോർത്തു…………

തുടരും………

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!