Skip to content

സ്നേഹബന്ധനം – 2

snehabandanm

ചോദിച്ചതിന് മറുപടി കൊടുക്കാതെ മീന നിലത്തു ഷീറ്റ് വിരിച്ചു കിടന്നു……… തന്നെ കാത്തിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമാണെന്നോർത്തു…………

നിന്റെ ഹരിയേട്ടൻ നിന്നെ വിളിക്കാറില്ലേ മീനമ്മേ……. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ പതിയെ ചോദിച്ചു……

എങ്ങനെ വിളിക്കും…… നിങ്ങൾ പേടിപ്പിച്ചു നിർത്തിയേക്കുവല്ലേ…….. ഹരിയെന്ന പേര് കേട്ടപ്പോൾ സങ്കടം കുന്നുകൂടി…..

അതേടി……. അങ്ങനിപ്പോൾ എന്റെ ഭാര്യയെ പഴയ കാമുകൻ വിളിക്കണ്ട…… വിളിച്ചു വിളിച്ചു നിനക്ക് അവന്റെ കൂടെ ജീവിക്കണമെന്നും തോന്നിയാലോ…….അയാൾ പുച്ഛത്തോടെ ചോദിച്ചു…….

അങ്ങനെ ജീവിക്കാതിരിക്കാനല്ലേ എന്റെ കഴുത്തിൽ നിങ്ങളീ കുരുക്ക് മുറുക്കിയിട്ടിരിക്കുന്നത്…….. അതും ചേച്ചി മരിച്ചു രണ്ടു വർഷം തികയും മുൻപ്….. തുമ്പിയെ നോക്കാനെന്ന പേരും പറഞ്ഞു……… അവളുടെ ശബ്ദം ഇടറി…….

എനിക്ക് പണ്ടു മുതലേ മായയേക്കാൾ നിന്നെയാണ് ഇഷ്ടം മീനമ്മാ…. അതു മാറില്ല…..

ഛീ……. നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ…… ചേച്ചിക്ക് നിങ്ങളെന്നു വച്ചാൽ ജീവനായിരുന്നില്ലേ… എന്തിനാ ആ പാവത്തിനെ ആക്‌സിഡന്റ് എന്ന പേരിൽ ഇല്ലാതാക്കിയത്…… എനിക്കറിയാം…… കൊന്നതാ നിങ്ങൾ എന്റെ ചേച്ചിയെ……. അനിയത്തിയുടെ സ്ഥാനത്തു കാണണ്ട എന്നെ സ്വന്തമാക്കാൻ….. കൂടെ എന്റെ സ്വത്തും….. അവൾ പറഞ്ഞിട്ട് അണച്ചു……

ആഹാ….. മിടുക്കി..എല്ലാം നീ മനസ്സിലാക്കിയോ മീനമ്മാ….. എനിക്കു നിന്നെ അനിയത്തിയായി ഒരിക്കലും കാണാൻ കഴിയില്ല…… ഭാര്യയായിട്ടു തന്നെ വേണം…. ഞാൻ ആഗ്രഹിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല….. എല്ലാം നടത്തിയാണ് ശീലം……. അയാൾ വാശിയോടെ അവളെ നോക്കി പറഞ്ഞു……..

അറിയാം…… എല്ലാമറിയാം…… പക്ഷേ…. മുകളിലിരുന്ന് എല്ലാം ഒരാൾ കാണുന്നുണ്ട്……  എന്നെങ്കിലും നിങ്ങളെയും കടപുഴകി വീഴ്ത്തും…….. അതിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്….. കാണും ഞാൻ നോക്കിക്കോ…….

നിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല പെണ്ണേ……. നീയെന്റെ കൂടെത്തന്നെ ജീവിക്കും…. നീയെനിക്കെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്……. അയാൾ ചിരിച്ചു…

അവൾ തിരിഞ്ഞു കിടന്നു…… നാളെ സ്വന്തം വീട്ടിലേക്കു പോകുവാണ്…… പിറകിലേക്ക് ഓർക്കുമ്പോൾ കണ്ണു നനയാതെ ഓർക്കാൻ  ഒരോർമ്മ പോലുമില്ല…… കുറച്ചു വയസ്സു വരെ സന്തോഷം മാത്രമായിരുന്നു….. ഇയാൾ വീട്ടിലേക്കു വരും വരെ……

ഞാനും മായേച്ചിയും ഹരിയേട്ടനും ഒരുമിച്ച് കളിച്ചു വളർന്നവരാണ്…… അമ്മാവന്റെ മോനാണ് ഹരിയേട്ടൻ……. മായേച്ചിയും ഹരിയേട്ടനുമായിട്ട് അധികം വയസ്സിനു വിത്യാസമില്ലാത്തതിനാൽ ഹരിയേട്ടന് എന്നെ പറഞ്ഞു വച്ചിരുന്നു അമ്മയും അച്ഛനും…..

പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മായേച്ചിക്ക് ഒരാലോചന വന്നത്…… അച്ഛൻ നേരിട്ട് കൊണ്ടുവന്നതാണ്…… അച്ഛന്റെ കൂട്ടുകാരന്റെ മോനാണ്……. അമ്മ നേരത്തെ മരിച്ചു പോയി……. ഈയിടെ അച്ഛനും……. കൂട്ടുകാരൻ മരിച്ചപ്പോൾ അച്ഛന് വലിയ സങ്കടമായിരുന്നു…… മകൻ തനിച്ചായല്ലോന്നോർത്തു….. കാരണം…. കൂട്ടുകാരന്റെ കല്യാണം നടത്തിക്കൊടുത്തത് അച്ഛനായിരുന്നു….. ലവ് മാര്യേജ്…… അതോടെ ബന്ധങ്ങൾ അറ്റു…… ആരുമില്ലാതായി……. അച്ഛനാണ് എല്ലാ സഹായവും ചെയ്തു കൊടുത്തത്……..

ഞങ്ങൾക്ക് രണ്ടു ഷോപ്പ് ഉണ്ട്….. ടൗണിൽ ആണ്….. നന്നായി പൊയ്ക്കൊണ്ടിരുന്നു….. അച്ഛന് രണ്ടും കൂടി നോക്കി നടത്താൻ ബുദ്ധിമുട്ടാണ്……. ആരെയെങ്കിലും വിശ്വസിച്ചു ഏൽപ്പിക്കാനും പറ്റില്ല…….. അതുകൊണ്ടുതന്നെ കൂട്ടുകാരന്റെ മോനെ ഒരു ഷോപ്പ് ഏൽപ്പിച്ചു……  അയാളുടെ നോട്ടം കൊണ്ടും ഭാഗ്യം കൊണ്ടും നല്ല ലാഭം കിട്ടാൻ തുടങ്ങി…… അച്ഛന് ഒന്നുകൂടി ഇഷ്ടം കൂടി……. ആ സ്നേഹം പ്രകടിപ്പിച്ചത് മായേച്ചിയെ അയാളെക്കൊണ്ട് കല്യാണം കഴിപ്പിച്ചായിരുന്നു……. അച്ഛന് രണ്ടായിരുന്നു ഉദ്ദേശം…….. മകളും മരുമകനും കൂടെ ഉണ്ടാവും…… പിന്നെ വിശ്വസിച്ചു എല്ലാം ഏല്പിക്കാൻ ഒരാൾ…… ചേച്ചിക്കും പൂർണ്ണ സമ്മതമായിരുന്നു…… കാണാൻ സുമുഖൻ…. വിദ്യാഭ്യാസം ഉണ്ട്…… നല്ല സ്വഭാവം….. ഇതിൽ കൂടുതൽ എന്താ വേണ്ടത്……

അവർ രണ്ടാളും നല്ല സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത്….. ചിരിയും കളിയുമായി……. തുമ്പിയെ ഗർഭിണി ആയിരിക്കുമ്പോൾ മുതലാണ് അയാൾക്ക്‌ മാറ്റം വന്നു തുടങ്ങിയത്……. എന്റെ മേൽ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതു പോലെ….. ആദ്യമൊക്കെ അതൊരു സഹോദര സ്നേഹം ആയിട്ടു കൂട്ടി……. പക്ഷേ പോകെപ്പോകെ അതു എന്റെ സ്വകാര്യ ജീവിതത്തിലേക്കും ആയി……. ഞാനും ഹരിയേട്ടനും സംസാരിക്കാൻ പാടില്ല……. കാണാൻ പാടില്ല…… ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ….. എന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തരുതെന്ന് ഞാനും മുഖത്തു നോക്കി പറഞ്ഞു……. നീ വലിയ പെണ്ണായി….. പേരുദോഷം കേൾപ്പിക്കരുതെന്നായിരുന്നു അയാൾ പറഞ്ഞത്……. കൂടുതലും വിഷമിപ്പിച്ചത് അച്ഛൻ അയാളുടെ കൂടെ നിന്ന് അതെല്ലാം സപ്പോർട്ട് ചെയ്യുന്നതു കണ്ടിട്ടായിരുന്നു…….. അച്ഛൻ എന്തോ ഭയക്കുന്ന പോലെ തോന്നുന്നു…….

ഹരിയേട്ടൻ വീട്ടിലേക്ക് വരുമ്പോൾ ചതുർഥി കാണുംപോലെ ആയിരുന്നു അയാൾക്ക്…… എങ്കിലും തുമ്പി ഉണ്ടായപ്പോൾ ഒക്കെ ഹരി വീട്ടുകാരുടെ കൂടെ വന്നു…… ഒരുപാട് അവഗണന ആയപ്പോൾ ഹരിയേട്ടൻ വീട്ടിലേക്കു വരവു കുറച്ചു….. വെളിയിൽ വെച്ചു മാത്രമായി കൂടിക്കാഴ്ചകൾ……

അമ്മയുടെ എന്തോ ഒരു നേർച്ച നടത്താനായിരുന്നു ചേച്ചിയും അമ്മയും തുമ്പിയും കൂടെ ചേട്ടനും കുറച്ചു ദൂരെയുള്ള അമ്പലത്തിലേക്ക് അതിരാവിലെ പോയത്…… ചേട്ടനാണ് കാറോടിച്ചിരുന്നത്…… വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു പാലത്തിൽ നിന്നും താഴേക്കു വീണെന്നാണ് അറിഞ്ഞത്….. അടിയൊഴുക്കുള്ള സ്ഥലമായതുകൊണ്ട് ആരെയും കിട്ടിയില്ലെന്നാണ് അറിഞ്ഞത്…. അതിന്റെ കൂടെ നിർത്താതെ പെയ്യുന്ന മഴയും…… അച്ഛനും ഹരിയേട്ടനും അങ്ങോട്ടേക്ക് പോയി……  ചേട്ടനും തുമ്പിയും ഹോസ്പിറ്റലിൽ ഉണ്ടെന്നറിഞ്ഞു…….. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടെ ശരീരം കിട്ടി……. ചേച്ചിയെ കണ്ടുപിടിക്കാൻ സാധിച്ചില്ല…… ആകെ മരവിച്ച അവസ്ഥ……. ഇന്നലെ വരെ കളിച്ചു ചിരിച്ചു കൂടെ ഉണ്ടായിരുന്നവർ ആണ്…… മീന കരഞ്ഞു തളർന്നിരുന്നു……  ചേട്ടനെയും തുമ്പിയെയും കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല…… തുമ്പിയെ കെട്ടിപ്പിടിച്ചു കുറേനേരം കരഞ്ഞു…… രണ്ടാൾക്കും വലിയ പരുക്കുകൾ ഒന്നുമില്ല…….

തുമ്പി മാത്രമായി മീനയുടെ ലോകം……. ചേട്ടൻ വീണ്ടും ഷോപ്പിൽ പോയിത്തുടങ്ങി…….. ഹരിയേട്ടൻ ഇടയ്ക്കു വരും…… അതു മാത്രമാണ് ഒരാശ്വാസം…… ഹരിയേട്ടൻ വന്നാൽ എന്നെയും തുമ്പിയെയും കൊണ്ടു ആ തൊടി മുഴുവൻ നടക്കും…… ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കും……. തിരിച്ചു വീട്ടിലേക്കു വന്ന സമയം ഒരിക്കൽ അയാളുടെ മുന്നിൽ പെട്ടു….. ഹരിയേട്ടന്റെ കയ്യിൽ നിന്നും തുമ്പിയെ തട്ടിപ്പറിച്ചെടുത്തു……. എന്നെയും ഹരിയേട്ടനെയും സൂക്ഷിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി…….

ഹരിയേട്ടൻ പോയിക്കഴിഞ്ഞപ്പോൾ തുമ്പിയെ എടുക്കാൻ അയാളുടെ മുറിയിലേക്ക് പോയി……  അവളെ എടുക്കാൻ തുടങ്ങിയതും അയാൾ പറഞ്ഞു……… വേണ്ട…… അവളെ തൊട്ടുപോകരുത്……. വല്ലവനും എടുത്തു കൊഞ്ചിക്കാനല്ല ഞാൻ എന്റെ മോളെ വളർത്തുന്നത്…… നിനക്ക് നോക്കാൻ പറ്റില്ലെങ്കിൽ പറയാം……. മേലാൽ അവന്റെ കയ്യിൽ എന്റെ കുഞ്ഞിനെ കണ്ടാൽ അവനാവില്ല നിനക്കായിരിക്കും ഞാൻ അതിനുള്ള മറുപടി തരിക….. ഓർത്തോ…..

ദേഷ്യം കൊണ്ടു വിറക്കുവാണ് അയാൾ……. മീനയ്ക്ക് പേടിയും ദേഷ്യവും തോന്നി അയാളോട്……. അച്ഛനോട് പറഞ്ഞപ്പോൾ അയാളുടെ ഭാഗത്താണ് നിന്നത്…… ആരെക്കാളും തുമ്പിയുടെ മേലുള്ള അവകാശംഅയാൾക്കാണെന്നു……. അവന്റെ ഇഷ്ടത്തിന് തുമ്പിയെ വളർത്തിയാൽ മതിയെന്ന്……. അല്ലെങ്കിൽ തുമ്പിയെയും കൂട്ടി അയാൾ പോയാലോന്നു…….

തുമ്പിയെ കാണാതെ ഇരിക്കാൻ മീനക്കാവില്ല….  അതോർത്തു മാത്രം ഹരിയേട്ടനോട് വരണ്ടാന്നു പറയേണ്ടി വന്നു….. അച്ഛനാണ് ആദ്യം എന്നോട് ചോദിച്ചത് തുമ്പിയെ സ്വന്തം ആക്കിക്കൂടെ ന്ന്……. മനസ്സിലായില്ല എന്നുള്ള രീതിയിൽ നോക്കിയപ്പോൾ അച്ഛൻ തല താഴ്ത്തി പറഞ്ഞു……. അയാൾ തുമ്പിയെ കൊണ്ടുപോകുകയാണെന്ന്…… അയാൾ ഇവിടെ നിന്നാൽ തന്റെ കല്യാണം നടക്കില്ലെന്ന്…… അല്ലെങ്കിലും ഇനി എന്തിന്റെ പേരിലാണ് അയാളിവിടെ നിൽക്കുന്നതെന്ന്…..

അച്ഛാ…… ഹരിയേട്ടന് തുമ്പി യും അയാളും എന്റെ ആരാണെന്നു അറിയാം…… പിന്നെന്താ….

നിനക്കറിയില്ലേ ഹരിയെ ദേവന് ഇഷ്ടമില്ല…… അപ്പോൾപിന്നെ നിങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞാൽ അവനിവിടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ……. എത്രയും പെട്ടെന്നു തുമ്പിയുമായ് പോകും…..

ഞാൻ സമ്മതിക്കില്ല……. തുമ്പിയെ ഞാൻ ആർക്കും കൊടുക്കില്ല……. മീന കരയാൻ തുടങ്ങി……..

അതിനുള്ള പോംവഴി ആണ് അച്ഛൻ പറഞ്ഞത്…….. മോൾ ദേവനുമായിട്ടുള്ള വിവാഹത്തിന് സമ്മതിക്കണം……

അച്ഛൻ ഇതെന്താ പറയുന്നത്…… ഹരിയേട്ടനെ അല്ലാതെ വേറൊരാളെ ചിന്തിച്ചിട്ടു പോലുമില്ല ഞാൻ……. ആരെയാ അച്ഛന് പേടിക്കുന്നത്…..

പേടിയോ….. എന്തിന്….. നിനക്ക് ആരെ വേണമെന്ന് നീയാ തീരുമാനിക്കേണ്ടത് മീനു…. ഹരിയാണോ അതോ തുമ്പിയാണോ ന്ന്…..

അച്ഛൻ ഹരിയേട്ടനോട് സംസാരിച്ചെന്നു തോന്നുന്നു…… എന്നെ കാണാൻ വന്നിരുന്നു…… കല്യാണത്തിന് സമ്മതിക്കണം ന്നു പറയാൻ…..

ഒന്നാമതു എനിക്കു സ്ഥിര ജോലിയൊന്നും ശരിയായിട്ടില്ല….. എത്ര നാൾ കാത്തിരിക്കും നീ…. ഇറങ്ങി വരാൻ പോലും പറയാനാവില്ല…. നിനക്ക് വരാനാവില്ലെന്നും അറിയാം…. തുമ്പിയെ വിട്ടു…… അതുമാത്രമല്ല….. തുമ്പിയെ അയാളെ ഏൽപ്പിക്കരുത് മീനു….. എനിക്കു നല്ല സംശയമുണ്ട്…..മായക്കും  നിന്റെ അമ്മക്കും സംഭവിച്ചത് അറിഞ്ഞോണ്ടുള്ള ഒരു ആക്‌സിഡന്റ് അല്ലെന്നു…… അയാൾ ഇല്ലാതാക്കിയതാവില്ലേ…..

ഹരിയേട്ടൻ എന്തൊക്കെയാ പറയുന്നത്…… അറിഞ്ഞോണ്ട് ഇല്ലാതാക്കുകയോ…….

അല്ലെങ്കിൽ എങ്ങനെയാ മീനു അയാൾക്കു മാത്രം ഒന്നും സംഭവിക്കാഞ്ഞത്…. നീ സൂക്ഷിക്കണം മീനു……. അങ്ങനെയാണെങ്കിൽ അടുത്തത് നീയും നിന്റെ അച്ഛനുമാവും….. ചിലപ്പോൾ തുമ്പിയും…..

എന്തിനു വേണ്ടിയാ ഹരിയേട്ടാ ഇങ്ങനെ ഒക്കെ….

ചിലപ്പോൾ എല്ലാം കൈപ്പിടിയിൽ ഒതുക്കാനാവും….. മായയുടെ എല്ലാം അയാൾക്കു കിട്ടിയില്ലേ…..

ഇത്രക്കൊക്കെ ദുഷ്ടനാവാൻ ഒരാൾക്കു പറ്റുമോ…… ചേച്ചിയെ എന്തിഷ്ടമായിരുന്നു അയാൾക്ക്…..

അതൊക്കെ അഭിനയം ആയിക്കൂടെ മീനു….

ഇനിയെന്താ ചെയ്യുക ഞാൻ….

എന്തായാലും നീ കല്യാണത്തിന് സമ്മതിക്കു……. അല്ലെങ്കിൽ അയാൾ എന്താ ചെയ്യുക എന്ന് പറയാൻ പറ്റില്ല……. എന്തായാലും ഉടനെ ഒന്നും നിന്നെ അയാൾ ഒന്നും ചെയ്യില്ല…….. ആർക്കെങ്കിലും ഒരാൾക്ക് സംശയം തോന്നിയാൽ മതി അവൻ അഴിയെണ്ണാൻ…….

എനിക്ക് പറ്റില്ല ഹരിയേട്ടാ…… വേറൊരാളുടെ താലിക്ക്  തലകുനിക്കാൻ…….എല്ലാവർക്കും എത്ര എളുപ്പത്തിൽ പറയാൻ പറ്റുന്നു ഇങ്ങനൊക്കെ……

എനിക്കൊരു ജോലി കിട്ടും വരെ പിടിച്ചുനിൽക്കു മീനു…… എന്തായാലും തുമ്പിയെ വിട്ടുകൊടുക്കരുത്…… ഞാൻ വരും എത്രയും പെട്ടെന്ന്…….. അതുവരെ ഒന്ന് സമാധാനിക്കു…. പിന്നെ ഞാൻ ഈ പറഞ്ഞതൊന്നും വേറെ ആരും അറിയരുത്…….. നിന്റെ അച്ഛൻ  പോലും…… അയാൾ പറയുന്നതേ പുള്ളിയും  വിശ്വസിക്കു………..

വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് മീനയ്ക്ക് സമ്മതിക്കേണ്ടിവന്നു…….. വലിയ ആർഭാടം ഒന്നുമില്ലാതെ അമ്പലത്തിൽ വച്ച് താലി കെട്ടി……… ഒരാളെ മനസ്സിൽ വെച്ചുകൊണ്ട് വേറൊരാളുടെ താലി കഴുത്തിൽ ഇട്ടു നടക്കുക…….. ശരിക്കും ചത്തു ജീവിക്കും പോലെ………. മാറി നിന്ന് എല്ലാം കാണുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി………. സ്വന്തം ഗതികേട് ഓർത്തു സ്വയം ശപിച്ചു………

താലി കഴുത്തിൽ ഇട്ടു എന്ന ഒരു ബന്ധം അല്ലാതെ വേറെ ഒരു ബന്ധവും അയാളുമായി ഇതുവരെ ഉണ്ടായിട്ടില്ല……….. ആദ്യരാത്രി പോലും തുമ്പി മോളുമായി വേറൊരു റൂമിലാണ് കിടന്നത്……….. അയാളുടെ അടുത്ത് ഇടപഴകാനോ മിണ്ടാനോ  പോയില്ല……..

അച്ഛനോടും അയാളോടും കൈ നീട്ടാൻ  മടിയായതുകൊണ്ട് അച്ഛൻ നോക്കിനടത്തുന്ന ഷോപ്പിൽ പോയിരിക്കാൻ തുടങ്ങി….. അച്ഛനോടും ദേഷ്യമായിരുന്നു…. എല്ലാം അറിഞ്ഞിരുന്നിട്ടും ഇങ്ങനെ ഒക്കെ തന്നെ കഷ്ടപ്പെടുത്തുന്നതിന്……. അയാളുടെ വാക്കുകൾ കേൾക്കുന്നതിന്…… അയാളെ സപ്പോർട്ട് ചെയ്യുന്നതിന്……. ഹരിയേട്ടനെ പൂർണ്ണമായും അവഗണിക്കുന്നതിന്……

തുമ്പിയെ നോക്കാൻ ഒരു ചേച്ചിയെ ഏർപ്പാടാക്കി…….

വൈകുന്നേരം വീട്ടിൽ വന്നപ്പോൾ കണ്ടത് ഹരിയേട്ടന്റെ കോളറിനു പിടിച്ചു നിൽക്കുന്ന അയാളെയാണ്….. കയ്യിൽ തുമ്പിയും…..

ഇതെന്താ നിങ്ങളീ കാണിക്കുന്നത്…… വിട് ഹരിയേട്ടനെ വിടാൻ…… പ്രാന്ത് പിടിച്ചോ നിങ്ങൾക്ക്……

അതേ പ്രാന്തു പിടിച്ചു….. ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇവനിവിടെ വരാൻ പാടില്ലെന്ന്…. അങ്ങനെ ഇനിയുമുണ്ടായാൽ നീ തുമ്പിയെ കാണില്ല….. ഓർത്തോ….. അയാൾ മീനയോടായി പറഞ്ഞു…..

അയാൾ ഒന്നുകൂടി ഹരിയേട്ടനിൽ പിടി മുറുക്കി ……. ഇനി നിന്നെ ഇവിടെ കണ്ടാൽ…..   അത്രയും പറഞ്ഞു ഹരിയെ പിടിച്ചു തള്ളിയിട്ട് തുമ്പിയെയും കൊണ്ട്  അകത്തേക്ക് പോയി……

എന്താ ഹരിയേട്ടാ……. എന്താ ഉണ്ടായേ…..

ഞാൻ നിന്റെ അച്ഛനെ കാണാൻ വന്നതാ മീനു….. തുമ്പിയെ കണ്ടപ്പോൾ ഒന്നെടുത്തു….. അതിനാ അയാൾ……. ഞാനൊന്നു തുമ്പിയെ എടുത്താലെന്താ……..മീനു….. നിന്നെയും തുമ്പിയെയും ഓർത്ത് എനിക്ക് വിഷമമുണ്ട്….. പക്ഷേ ഒന്നും ചെയ്യാനും പറ്റുന്നില്ല………. വളരെ സൂക്ഷിക്കണം നീ….

ഹരിയേട്ടൻ പോയിക്കഴിഞ്ഞും ഒരുപാട് ആലോചിച്ചു അയാളുടെ ഉദ്ദേശം എന്താവുമെന്നോർത്തു……. എന്തിനാ അയാൾ എല്ലാവരോടും ഇങ്ങനെ പെരുമാറുന്നത്…. ഓർത്തിട്ടു ഒരു പിടിയുമില്ല…….. ചില നേരത്ത് മുറിയിൽ വട്ടു പിടിച്ചതുപോലെ നടക്കുന്നത് കാണാം……. ചിലപ്പോൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരിക്കും…… അയാളുടെ മനസ്സിലെന്താണെന്ന് ഒരു പിടിയും ഇല്ല…….

രാത്രിയിൽ തുമ്പിയെയും ചേർത്തുപിടിച്ചു കിടക്കുമ്പോൾ അടുത്ത് ആരോ ഉള്ളതുപോലെ തോന്നി……. കണ്ണു തുറന്നപ്പോൾ കണ്ടത് അയാൾ തുമ്പിയെ എടുക്കാൻ ശ്രമിക്കുന്നതാണ്…. ചാടിയെഴുന്നേറ്റു…..

എന്താ…. നിങ്ങളെന്താ ഇവിടെ….. മീന ചോദിച്ചതിന് മറുപടി പറയാതെ അയാൾ വീണ്ടും തുമ്പിയെ പതിയെ എടുക്കാൻ നോക്കി….

പെട്ടെന്ന് ഹരിയേട്ടൻ പറഞ്ഞതാണ് മനസ്സിലേക്ക് വന്നത്…..

അയാളുടെ കൈ തട്ടി മാറ്റി തുമ്പിയെ ഒന്നുകൂടി ചേർത്തു പിടിച്ചു …… അയാൾക്ക് ദേഷ്യം വന്നിട്ടു മീനയുടെ കൈകൾ ശക്തിയിൽ എടുത്തു മാറ്റി തുമ്പിയെ ബലമായി എടുക്കാൻ ശ്രമിച്ചു….. തുമ്പി കരയാൻ തുടങ്ങി…… അയാളുടെ കൈകൾ ഒന്നയഞ്ഞു…..മീനു തുമ്പിയെ എടുത്തു ചേർത്ത് പിടിച്ചു…… പതിയെ തട്ടി…..അവൾ കണ്ണടക്കുംവരെ രണ്ടാളും മിണ്ടാതെ നിന്നു……. അവളെ വീണ്ടും ബെഡിലേക്ക് കിടത്തി…… 

മീന തുമ്പി ഇന്ന് എന്റെകൂടെ കിടന്നോളും….. അയാൾ പറഞ്ഞു…..

ഇല്ല…. ഇന്നെന്നല്ല ഒരിക്കലും അവളെ നിങ്ങളുടെ കൂടെ കിടത്തില്ല……..

അതു നീയല്ല തീരുമാനിക്കുന്നത്….. അവളെന്റെ കുഞ്ഞാണ്…….

എന്തിനാ…. ഇനി ഇവളെയും കൂടി കൊല്ലാനാണോ………അതിനാണോ ഈ രാത്രിയിൽ പമ്മിപ്പമ്മി വന്നത്….. ഇറങ്ങിപ്പോ ഇവിടുന്ന് അല്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും……

ശ്ശ്……. മിണ്ടരുത്….. അയാൾ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ചു…….

നീയാരോടാ ഈ കിടന്നു ചാടുന്നത്…… വിളിക്കെടീ നിന്റെ അച്ഛനെയോ നാട്ടുകാരെയോ അതോ നിന്റെ മറ്റവനെയോ…. ആരെയാന്നു വച്ചാൽ വിളിക്ക്…… ഞാൻ എന്റെ രഹസ്യക്കാരിയുടെ മുറിയിലല്ല ഉള്ളത്….. എന്റെ ഭാര്യയുടെ മുറിയിലാണ്……. പിന്നെ….. ആരെ… എപ്പോൾ… എങ്ങനെ കൊല്ലണമെന്ന് എനിക്കറിയാം….. നീയെന്നെ പഠിപ്പിക്കണ്ട….. കേട്ടല്ലോ……

നിങ്ങളോട് പോകാനാ പറഞ്ഞത്…… മീന വെളിയിലേക്ക് കൈ ചൂണ്ടി…….

അയാൾ മീനയുടെ കയ്യിൽ പിടിച്ചു പിറകിലേക്ക് തിരിച്ചു വെച്ചു…… 

വന്നാൽ പോകാനും അറിയാം…… നീയെനിക്കു വഴി കാണിച്ചു തരേണ്ട….. കൂടുതൽ കിടന്നു ചാടിയാൽ ഇന്ന് നിന്റെ കൂടെ ഇവിടെ കിടക്കും ഞാൻ……കാണണോ……  അതും പറഞ്ഞു മീനയുടെ കൈവിട്ടു പിറകിലേക്ക് തള്ളി……

മീന അടുത്തുള്ള മേശമേൽ തട്ടി നിന്നു കൈ തിരുമ്മിക്കൊണ്ടിരുന്നു……. അയാൾ അവളെയും തുമ്പിയെയും മാറി മാറി നോക്കിയിട്ട് ഇറങ്ങിപ്പോയി…….

അയാൾ തുമ്പിയെ എന്തെങ്കിലും ചെയ്താലൊന്നു പേടിച്ചു ഷോപ്പിൽ പോകാതെയായി……. പകലും രാത്രിയിലും തുമ്പിക്ക് കാവലായി ഇരുന്നു………. പേടി കാരണം ഒന്നിനും പറ്റില്ലാന്ന് മനസ്സിലായി….. കതകിനു കുറ്റി ഇട്ടു കിടന്നു ഒരിക്കൽ……. പിറ്റേന്ന് ഇടാൻ കുറ്റി ഉണ്ടായിരുന്നില്ല…… പല രാത്രികളിലും അയാളുടെ ഗന്ധവും സാമീപ്യവും അറിഞ്ഞു ഞെട്ടി ഉണരാൻ തുടങ്ങി……. ഇനിയും ഇവിടെ തനിക്ക് സുരക്ഷിതമായി നിൽക്കാൻ പറ്റില്ലെന്ന് മീനക്ക് മനസ്സിലായി……… ആരുമില്ല ഒരു രക്ഷയ്ക്ക്……….. ഒച്ച കേട്ടാൽ പോലും അച്ഛൻ എണീറ്റ് വരുമെന്ന് തോന്നുന്നില്ല……….. അന്ന് ഇറങ്ങിയതാണ് വീട്ടിൽനിന്ന്………. പലയിടത്തും പോയി കൂട്ടുകാരുടെ വീട്ടിൽ……. ബന്ധുവീട്ടിൽ…….. അയാളുടെ സാമീപ്യം അറിയുമ്പോൾ അവിടം വിടും…. അവസാനം ഇവിടെയും എത്തി ഇനിയും ഓടാൻ വയ്യ………മടുത്തു…..

തുടരും……

a…m……yyyyy…..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!