Skip to content

സ്നേഹബന്ധനം – 6

snehabandanm

ഇപ്പോൾ അലാറം വക്കേണ്ടതില്ല തനിക്ക് ….. അല്ലാതെ തന്നെ രാവിലെ എഴുന്നേൽക്കും… അതിനു ഉറങ്ങിയിട്ടു വേണ്ടേ…..മീനു ഓർത്തു…….

മായേച്ചിയെ ഉണർത്താതെ തുമ്പിയെ നോക്കാൻ പോയി…… രണ്ടുപേരും നല്ല ഉറക്കം….. കാലും കയ്യും എല്ലാം അയാളുടെ മേൽ ആണുള്ളത്…… നെറ്റിയിൽ തൊട്ടു നോക്കി….. ചൂട് ഉണ്ട്… എന്നാലും ഇന്നലത്തേതിലും കുറവുണ്ട്…… അവളുടെ കുഞ്ഞിക്കൈ എടുത്തു ഒരുമ്മ കൊടുത്തു…..

ഇങ്ങോട്ടും ആവാം ഇടയ്ക്കൊക്കെ ….. അയാൾ കൈ നീട്ടി….

ഒന്നു മുറിയിലേക്ക് പോകുവോ…… ഇതെന്റെ റൂമാണ്….. എനിക്ക് കുറച്ചു പണിയുണ്ട്….. മീന പറഞ്ഞു……

നിന്റെ റൂം ആയിരിക്കാം…. പക്ഷേ ഇതിനകത്തുള്ളത് എല്ലാം എന്റെ സ്വത്താണ്….. ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും….. എനിക്ക് ഇനിയും ഉറങ്ങണം…… എന്റെ കുഞ്ഞ് എണീക്കും വരെ….. ദേ… ഇങ്ങനെ കെട്ടിപ്പിടിച്ചു……….തുമ്പിയെ ചേർത്തു പിടിച്ചു പറഞ്ഞു……

എന്തു വേണമെങ്കിലും ചെയ്‌തോ…….. മീന ദേഷ്യത്തിൽ തിരിഞ്ഞു നടന്നു ……

അച്ഛാ…… തുമ്പിയെ ഒന്നു ഡോക്ടറെ കാണിക്കണം…… ഇടവിട്ട് പനിക്കുന്നുണ്ട്….. ഇനി രാത്രിയിൽ എങ്ങാനും കൂടിയാലോ…….

നീ ദേവനോട് പറഞ്ഞില്ലേ മീനു…. അവൻ കൊണ്ടുപോകുമല്ലോ ഹോസ്പിറ്റലിൽ….

അതിനും ഞാൻ അയാളെ ആശ്രയിക്കണോ ദൈവമേ……. വേണ്ട…… ഞാൻ തനിയെ കൊണ്ടുപോയ്ക്കോളാം…..

ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി വന്നപ്പോളേക്കും കാർ സ്റ്റാർട്ട്‌ ചെയ്തു നിൽപ്പുണ്ടായിരുന്നു അയാൾ….. കയറേണ്ടി വന്നു…… തുമ്പി മിണ്ടാതെ മീനുവിന്റെ നെഞ്ചിൽ ചേർന്ന് ഇരിക്കുവാണ്…… അയാൾ ഇടയ്ക്കു എന്തേലും ചോദിച്ചാൽ മാത്രം അവൾ മറുപടി ഒരു മൂളലിൽ ഒതുക്കും…. വയ്യാഞ്ഞിട്ടാവും പാവം…… അയാളുടെ കൈ എപ്പോഴും അവളുടെ കവിളിൽ തഴുകിക്കൊണ്ടിരുന്നു…… അവൾ സ്നേഹത്തോടെ ഒരു നോട്ടം കൊടുക്കും….അയാൾ കണ്ണടച്ചു കാണിക്കും…… അവൾ ചിരിക്കും….. അവളുടെ ചിരി കാണാൻ വീണ്ടും അയാൾ കണ്ണടച്ചു കാണിക്കും…… രണ്ടിന്റെയും സ്നേഹം കണ്ടിട്ട് കുശുമ്പു കൊണ്ടാ….. അയാളോട് ദേഷ്യത്തിൽ പറഞ്ഞു…. ഒന്നു നേരെ നോക്കി വണ്ടിയോടിക്കുവോ……

അപ്പോഴാണെന്നു തോന്നുന്നു ഞാൻ അവിടെ ഇരിക്കുന്നത് രണ്ടും കണ്ടത്…. രണ്ടിന്റെയും ചിരി നിന്നു…ഹാവൂ… എന്തോ ഒരു സമാധാനം കിട്ടിയതു പോലെ തോന്നി മീനയ്ക്ക് ….

ആളുകൾ കുറച്ചുണ്ട് ഡോക്ടറെ കാണാൻ…… കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും…… അയാളും കൂടെയിരുന്നു ഒരു കാൾ വരും വരെ……

എനിക്കു ഒന്ന് ഷോപ്പിൽ പോകണം…. ഒരു അത്യാവശ്യമുണ്ട്…….. ഇറങ്ങുമ്പോൾ ഒരു ടാക്സി വിളിച്ചു പൊക്കോ…….. തുമ്പിയെ തൊട്ടു നോക്കി മീനയോട് പറഞ്ഞിട്ട് ധൃതിയിൽ നടന്നു ……

ഉറക്കം വരുന്നുണ്ട് തുമ്പിക്ക്….. അവളെ എടുത്തു തോളത്തിട്ടു നടന്നു…… ടോക്കൺ നമ്പർ ആവാൻ ഇനിയുമുണ്ട് രണ്ടുമൂന്നു പേർ കൂടെ…..

മീനു……..

വിളി കേട്ടു തിരിഞ്ഞപ്പോൾ ഹരിയേട്ടൻ നിൽക്കുന്നു പിറകിൽ…..

നീയെന്താ ഇവിടെ…… എന്തുപറ്റി……

തുമ്പിക്ക് പനിയാ ഹരിയേട്ടാ….. അവളെ കാണിക്കാൻ വന്നതാ…… എന്താ ഇവിടെ….

എന്റെ കൂട്ടുകാരൻ ഇവിടെ അഡ്മിറ്റ്‌ ആണ്….. ഒന്നു കണ്ടിട്ട് പോകും വഴിയാണ്…..ചുറ്റുമൊന്ന് നോക്കിയിട്ട് തുമ്പിയെ എടുത്തു തോളത്തു കിടത്തി ഹരിയേട്ടൻ പറഞ്ഞു……

മീന കൈ കുടഞ്ഞു…… ഇന്നലെ കയറിയതാ തോളത്തു…… നിലത്തു നിന്നിട്ടില്ല ഇതുവരെ….

ഇനിയും സമയമെടുക്കുമോ ഡോക്ടറെ കാണാൻ…..

…. രണ്ടു പേർ കൂടി കഴിയണം….. ഹരിയേട്ടന് തിടുക്കം ഉണ്ടോ പോകാൻ…… അത്യാവശ്യമായി ഒന്നു കാണണമെന്ന് വിചാരിച്ചിരുന്നു……

ഇല്ല….. പോയിട്ടു വല്യ അത്യാവശ്യം ഇല്ല…. എന്താ കാര്യം മീനു……

ഹരിയേട്ടാ….മായേച്ചി നിർബന്ധം പിടിക്കാൻ തുടങ്ങിയിരിക്കുന്നു…. ഞാനും ഹരിയേട്ടനും തമ്മിലുള്ള വിവാഹത്തിന്…… എന്തൊക്കെയോ സംശയം ഉള്ള പോലെ……. മായേച്ചിയുടെ മുന്നിൽ ചെന്നു നിൽക്കുമ്പോൾ ചങ്കിടിക്കുവാ ശരിക്കും…… ടെൻഷൻ അടിച്ചു ഞാൻ ഇല്ലാണ്ടാവും ഹരിയേട്ടാ…..ഇപ്പോൾ മനസ്സും കൈവിട്ടു തുടങ്ങി…… എന്നെ എങ്ങനെയെങ്കിലും ഒന്നു രക്ഷിക്കാൻ പറ്റുവോ ഹരിയേട്ടാ …. കണ്ണു നിറച്ചു മുഖത്തേക്ക് നോക്കി മീന ചോദിച്ചപ്പോൾ ഹരിയുടെ കണ്ണും നിറഞ്ഞു…..

ഒരു നേഴ്സ് വന്നു തുമ്പിയുടെ പേര് വിളിച്ചു…. എന്റെ കൂടെ ഹരിയേട്ടനും കയറി ഡോക്ടറുടെ റൂമിൽ…… അവളെ പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ ഉറക്കത്തിനു ഭംഗം വന്നതുകൊണ്ട് അവൾ ചിണുങ്ങാൻ തുടങ്ങി……. ഹരിയേട്ടൻ വന്നു  കയ്യിലെ കീയിൽ കിടന്നിരുന്ന ഡോൾ കാണിച്ച് സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്…….

ആഹാ…… അമ്മയെക്കാൾ ടെൻഷൻ ആണല്ലോ അച്ഛന്……. അച്ഛൻ  മോളാണോ…… തുമ്പിയെ നോക്കി ചിരിയോടെ ഡോക്ടർ ചോദിച്ചു…..

ഞാൻ ചമ്മലോടെ ഹരിയേട്ടനെ മുഖത്തേക്ക് നോക്കി…….. അവിടെയും അതെ അവസ്ഥ….. മരുന്നു വാങ്ങിയതും ബിൽ പേ  ചെയ്തതും ഹരിയേട്ടനാണ്……… വേണ്ട…. എന്ന് പറഞ്ഞിട്ടും കേട്ടില്ല…….

ഇതൊക്കെ ചെയ്യാനുള്ള സാലറി ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട് മീനു ……….. ഒരു വിധം ഞാൻ കരകയറി വരുന്നു…….

എല്ലാം ശരിയാകും ഹരിയേട്ടാ…. തുടക്കത്തിൽ അങ്ങനെയൊക്കെ ഉണ്ടാവും……….

ഞാൻ കൊണ്ടുവിടട്ടെ മീനു….. ഇനി ഒരുപാട് നിൽക്കണ്ട…… ഹരി അവളുടെ മറുപടിക്കായി കാത്തു….

മ്മ്…… ശരി…..

ഹരിയുടെ കൂടെ ബൈക്കിൽ കയറി തുമ്പിയെ ചേർത്ത് പിടിച്ചു….. സാരിത്തുമ്പെടുത്തു തുമ്പിയെ മൂടി……

പോകാം…… ഹരി ചോദിച്ചു….

മ്മ്….. പോകാം…….

വളരെ പതിയെയാണ് ഹരി വണ്ടിയോടിച്ചത്….. ഇടയ്ക്കു സംസാരിക്കുന്നുണ്ട്……. അന്നങ്ങിനെ ഒരാക്സിഡന്റ് നടന്നില്ലായിരുന്നുവെങ്കിൽ ഈ യാത്ര സത്യമായേനെ…… മീന ഓർത്തു …… ജയദേവിനെ പറ്റി ഓർത്തപ്പോൾ കണ്ണു നിറഞ്ഞു വന്നു….. മുൻപിൽ ഒരു കാർ കുറുകെ വന്നു നിന്നു….. ഹരിയേട്ടൻ ചാടി ബ്രേക്ക്‌ പിടിച്ചു….. പെട്ടെന്നു മുന്നോട്ടാഞ്ഞ മീനയെ ഹരി പിറകിലേക്ക് കൈ നീട്ടി വീഴാതെ പിടിച്ചു…..

അയാളാണ്.. കണ്ണു രണ്ടും ദേഷ്യത്തിൽ ചുവന്നിരിക്കുന്നു…..മുന്നിലെ ഡോർ തുറന്നു പിടിച്ചു എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്…… കൂടെ ഹരിയേട്ടനെയും……

ഹരിയേട്ടനോട് കണ്ണുകൊണ്ടു യാത്ര പറഞ്ഞു പോയി കാറിൽ കയറി…… എന്നോടുള്ള ദേഷ്യം മുഴുവനും ആ കാറിനോട് കാണിക്കുന്നുണ്ട് അയാൾ…… തുമ്പിയെ ചേർത്തു പിടിച്ചു ഞാൻ….. വീട്ടിലെത്തിയതും ദേഷ്യത്തിൽ ഡോർ അടച്ചിട്ടു അയാൾ അകത്തേക്കു പോയി…..

പതിയെ തുമ്പിയെ എടുത്തു മുറിയിലേക്ക് പോയി……. കതകടക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു……. അയാൾ തന്റെ കയ്യിലിരുന്ന് ഉറങ്ങുന്ന തുമ്പിയെ എടുത്തു ബെഡിൽ കിടത്തി…… എന്റെ നേർക്കു നടന്നു വന്നു…….

ഞാനൊന്നു മാറാൻ കാത്തിരുന്നു അല്ലേ കാമുകനെ വിളിക്കാൻ….. എന്നിട്ട് എന്നെ കൊല്ലാനാണോ അതോ രണ്ടും കൂടി ഒളിച്ചോടാനാണോ പ്ലാൻ ഇട്ടിരിക്കുന്നത് …… എന്തായി തീരുമാനം….

അതിനു നിങ്ങളെപ്പോലെ ദുഷ്ടനാണ്  ഹരിയേട്ടൻ എന്നു വിചാരിച്ചോ….. കൊല്ലാനും തിന്നാനുമൊന്നും ഹരിയേട്ടനെക്കൊണ്ട് ആവില്ല……

ആയിക്കോട്ടെ…… ഞാൻ ദുഷ്ടനാ….. നല്ല ഒന്നാം ക്ലാസ്സ്‌ ക്രൂരൻ….. കഴിഞ്ഞ ദിവസമേ ഞാൻ പറഞ്ഞതാണ് നിന്നോട് അവനെ കാണാനോ സംസാരിക്കാനോ പോകരുതെന്ന്… എത്ര പ്രാവിശ്യം പറയണം ഒരേ കാര്യം…. അതു തെറ്റിച്ചാൽ ശിക്ഷ കഠിനമാവുമെന്നു ഞാൻ പറഞ്ഞതുമാണ്…… അപ്പോൾ ആ തെറ്റിനുള്ള ശിക്ഷ വേണ്ടേ…. അയാൾ ഒരു തലയിണ എടുത്തു തുമ്പിയുടെ നേർക്ക് അടുത്തു…..

മീനുവിന് പേടി തോന്നി….. ഓടി അയാൾക്ക് മുന്നിൽ വന്നുനിന്നു…..

തുമ്പിയെ ഒന്നും ചെയ്യരുത്…..

അയാൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ആ തലയിണ തുമ്പിയുടെ സൈഡിൽ ചേർത്തു വെച്ചു……….

ആശ്വസിച്ചു നിന്ന മീനയെ തോളിൽ പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി……

നീയെന്താ എന്നെപ്പറ്റി വിചാരിച്ചു വച്ചിരിക്കുന്നത്…… എന്റെ തുമ്പിയെ ഞാൻ എന്തു ചെയ്യുമെന്നാണ് നീ പറയുന്നത് …… കുറച്ചു നാളായി എന്റെ അടുത്തു നിന്നും തുമ്പിയെ നീ മനഃപൂർവം മാറ്റുന്നു….. കാര്യം എന്താ…. പറ…

മറുപടി പറയാൻ ആവാതെ മീനു കണ്ണടച്ചു പിടിച്ചു…… അയാളെ തള്ളി മാറ്റാൻ ശ്രമിച്ചു….. അയാൾ ഒന്നുകൂടി ചേർന്നു നിന്നു…..

മീനമ്മാ…… ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്……. മുൻപേ ചിലരൊക്കെ എന്റെ നെഞ്ചിൽ ഒരാണി കുത്തിയിറക്കിയിട്ടുണ്ട്….. നീയത് വീണ്ടും വീണ്ടും ആഴത്തിൽ അടിച്ചിറക്കുവാണ്…… ഞാനും ഒരു മനുഷ്യനാണ്….. എനിക്കും വേദനിക്കും….. പ്രത്യേകിച്ച് നിന്റെ കൈ കൊണ്ടാവുമ്പോൾ….. അയാൾ പറഞ്ഞു……

കുറച്ചു നേരത്തെ മൗനത്തിനു ശേഷം മീന തല കുനിച്ചു പറഞ്ഞു……… ഞാൻ വിളിച്ചു വരുത്തിയതല്ല ഹരിയേട്ടനെ…… ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു……ഞാൻ പറയുന്നത്  സത്യമാണ്……

എനിക്ക് വിശ്വാസമാണ് എന്റെ മീനമ്മയെ…….  പക്ഷേ ഇനി ഇത് ആവർത്തിക്കരുത്……..  നീയവനെ ഒന്നു നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല മീനമ്മാ….

അയാളുടെ നിറഞ്ഞ കണ്ണുകളിലേക്ക് മാറി മാറി നോക്കി മീനു….. അയാൾ മീനയുടെ മുഖം കയ്യിലെടുത്തു …..നെറ്റിയിൽ ചുണ്ടമർത്തി നിന്നു കുറച്ചു നേരം ……പിന്നെ രണ്ടു കവിളിലും മാറി മാറി വേദനിപ്പിക്കാതെ …. മീനക്ക് ശരീരം തളരും പോലെ തോന്നി……. വീഴുമെന്നായപ്പോൾ അയാളുടെ രണ്ടു കയ്യിലും കയറിപ്പിടിച്ചു……….. കണ്ണുനീരിന്റെ രുചി അറിഞ്ഞിട്ടാവണം അയാൾ മീനയെ നോക്കി  …..

ഞാൻ ചെയ്യുന്നത് തെറ്റല്ല…… എനിക്ക് അവകാശപ്പെട്ടതിനോടാണ് ഞാനീ സ്വാതന്ത്ര്യം കാണിക്കുന്നത്……. നിന്റെ മനസിലുള്ള ജയദേവൻ അല്ല ശരിക്കുള്ള ജയദേവ്…… മനസ്സിലാക്കാൻ നീ ശ്രമിക്കുന്നില്ല… അതാണ് സത്യം…… കരയണ്ട…..നീ കരയുന്നത് എനിക്കിഷ്ടമല്ല മീനമ്മാ……. അന്നും ഇന്നും…….സാവധാനം കണ്ണുനീർ തുടച്ചു കൊടുത്തു……. അവളിൽ നിന്നും മാറി മുറിക്കു വെളിയിലേക്കു നടന്നു…..

അവൾ താഴേക്ക് ഊർന്നിരുന്നു…… മുട്ടിലേക്ക് മുഖം ചേർത്തു വച്ചു……. കണ്ണുനീർ തോരും വരെ…….. എഴുന്നേറ്റപ്പോൾ തല വെട്ടിപ്പൊളിക്കും പോലെ….. കണ്ണിനു വല്ലാത്ത ഭാരം…… കരഞ്ഞിട്ടാവുമെന്നു വിചാരിച്ചു……

മായേച്ചിയുടെ മുറിയിൽ പോയിരുന്നു…….

നിനക്കെന്തുപറ്റി മീനു…… മുഖമൊക്കെയെന്താ വല്ലാതെ……

ഒന്നുമില്ല ചേച്ചി……. മായയുടെ മടിയിലേക്ക് തല വെച്ചു……. മായ മീനുവിന്റെ മുടിയിൽ തലോടി….. മുഖത്തു കൈ ചേർത്തു വെച്ചു പറഞ്ഞു……

നല്ല ചൂടുണ്ടല്ലോ മീനു……. തുമ്പിയുടെ പനി നിനക്കും കിട്ടിയോ…… ദേ… ദേവേട്ടാ…. മീനുവിനും പനി പിടിച്ചു കേട്ടോ …..

ദേവൻ എന്ന പേരു കേട്ടതും മീനു മായയുടെ മടിയിലേക്ക് മുഖം മറച്ചു പിടിച്ചു …..

പനിയുടെ മരുന്നു കൊടുക്കണേ ദേവേട്ടാ…. അവൾ കഴിച്ചിട്ടേ അടുത്തു നിന്നും മാറാവു….. നാവിനടിയിൽ വച്ചിട്ട് തുപ്പിക്കളയുന്നവളാ……. കള്ളിയാ.. മായയുടെ പതിഞ്ഞ ചിരി കേട്ടു…..

തുമ്പിയുടെ ബഹളം കേട്ടപ്പോൾ മീന എഴുന്നേറ്റു ആരെയും നോക്കാതെ മുറിയിലേക്ക് പോയി….. അവളെയും കൂട്ടി അടുക്കളയിൽ നിന്നപ്പോഴാണ് അയാൾ വന്നത്……. കയ്യിൽ ടാബ്ലറ്റ് ഉണ്ടായിരുന്നു കൂടെ ഒരു ഗ്ലാസ്‌ വെള്ളവും…… വാങ്ങാതെ മടിച്ചു നിന്നപ്പോൾ കൂടുതൽ അടുത്തേക്ക് വന്നു…. മീന അതു വാങ്ങി …….. തുമ്പിയെ അയാൾ എടുത്തു……

പേടിച്ചു പനി പിടിച്ചതാണോ മീനമ്മാ…… അയാൾ ചിരിച്ചു ചോദിച്ചു……

പേടിയോ…. എന്തിനു……. നിങ്ങളെ കാണുന്നത് പോലും എനിക്കു വെറുപ്പാണ്…..മനസ്സിന് ഇഷ്ടമില്ലാത്തത് നടക്കുമ്പോൾ ശരീരം പ്രതികരിക്കും….. അത്രേ ഉള്ളൂ…….. മീന ദേഷ്യത്തിൽ പറഞ്ഞു..,

ഇതു തന്നെയല്ലേ ഞാനും ചെയ്തുള്ളൂ മീനമ്മാ…… എന്റെ മനസ്സിന് ഇഷ്ടമില്ലാത്തത് കാണേണ്ടി വന്നപ്പോൾ ഞാൻ ശരീരം കൊണ്ടു പ്രതികരിച്ചു….. അതിലെന്താ തെറ്റ്‌….. എന്നോടുള്ള ദേഷ്യത്തിൽ ഇനിയും നീ തെറ്റുകൾ ചെയ്യണം….. എന്നാലല്ലേ എനിക്കു ശിക്ഷയും തരാൻ പറ്റു…… പോയി കിടന്നുറങ്ങിക്കോ….. ഞാൻ തുമ്പിയെ അച്ഛനെ ഏൽപ്പിച്ചോളാം….. പേടിക്കണ്ട……

മീന അയാളിൽ നിന്നും പെട്ടെന്ന് നടന്നു നീങ്ങി…. തർക്കിക്കാൻ വയ്യ…. നല്ല തലവേദന…..

ചേച്ചി പതിയെപ്പതിയെ കാലുകൾ നിലത്തു കുത്താൻ തുടങ്ങി…… ഞാനും അയാളും കയ്യിൽ പിടിച്ചു പതിയെ നടത്താൻ ശ്രമിക്കും …. കുറച്ചു നടന്നു കഴിയുമ്പോൾ തളരും…… അയാളുടെ നെഞ്ചിലേക്ക് തല ചേർക്കും…… അതു കാണുമ്പോൾ എന്തോപോലെയാണ് …… സങ്കടം വരും……. അത് ചേച്ചിയെ ഓർത്തു മാത്രമാണ്….. അങ്ങനെ ചേച്ചി അയാളിലേക്ക് ചായുമ്പോൾ എന്റെ നേർക്ക് നോക്കില്ല അയാൾ….. ദൂരേക്ക് നോക്കി നില്കും….. പഠിച്ച കള്ളനാണ് അയാൾ….. ചേച്ചിക്ക് കുറച്ചു കാലുറച്ചപ്പോൾ ഞാൻ സ്വയം ഒഴിഞ്ഞു മാറി….. ഇപ്പോൾ അയാളാണ് ചേച്ചിയെ നടത്തുന്നത്……

അയാൾക്ക് ചേച്ചിയെ ഇഷ്ടമാണോ….. അല്ലെങ്കിൽ സുഖമാകാൻ വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നത് എന്തിനാ….. പിന്നെ തന്നോടെന്തിനാ  ഇങ്ങനെ പെരുമാറുന്നത്….. അയാളുടെ മനസ്സിലിരിപ്പ് മനസ്സിലാകുന്നതേയില്ല…… എന്തായാലും കുറച്ചു ദിവസങ്ങൾക്കു ശേഷം ചേച്ചി തനിയെ നടക്കാറാവും….. അതുവരെയെ ഈ ഒളിച്ചു കളി ഉള്ളൂ…..അവസാനിപ്പിക്കണം എല്ലാം….

തുമ്പിയുടെ ചിരി കേട്ടിട്ട് എന്താണെന്ന് നോക്കാൻ വന്നതാണ് റൂമിൽ …… അയാൾ അവളെ പൊക്കി പിടിച്ചു കറക്കും….. അവൾ പൊട്ടിപ്പൊട്ടി ചിരിച്ചിട്ട് ….. ഇനീം ന്നു പറയും….. വീണ്ടും അയാൾ അങ്ങനെ ചെയ്യും…….. എന്നെ കണ്ടതും…. അവൾ കൈചൂണ്ടി പറഞ്ഞു…. ഇനി അമ്മേനെ…..

അയാൾ അവളെ ബെഡിൽ ഇരുത്തി…. മീന തിരിഞ്ഞു ഓടാൻ പോയതും അയാൾ വട്ടം പിടിച്ചു എടുത്തു കറക്കിയതും ഒരുമിച്ചായിരുന്നു…. തല കറങ്ങുന്നു…. നിർത്താൻ പറഞ്ഞിട്ടും അയാൾ കേട്ടില്ല….. തുമ്പി കൈകൊട്ടി ചിരിക്കുന്നുണ്ട്…. അയാൾ താഴെ നിർത്തി….. ചുറ്റിനും കറങ്ങുന്നു…… താഴെ വീഴാതിരിക്കാൻ അയാളെ മുറുക്കെ പിടിച്ചു….. തല തോളിലേക്ക് ചായ്ച്ചു….. വീഴാതിരിക്കാൻ ദേവൻ അവളെ ചേർത്തു പിടിച്ചു….ഒരുവിധം തല ഒന്നു നേരെയായപ്പോൾ അയാളെ തള്ളി മാറ്റി മാറിനിന്നു….. അയാളെയൊന്നു സൂക്ഷിച്ചു നോക്കി..ദേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല….. ദേഷ്യപ്പെട്ടാൽ ഇതിലും വലുത് ചെയ്യും…… തന്നെ നോക്കി ചിരിക്കുവാണ് ദുഷ്ടൻ…..

മതിയോ അച്ഛേടെ തുമ്പിക്ക്……സന്തോഷായോ…..അയാൾ തുമ്പിയോടായി ചോദിച്ചു…..

അവൾ ഹാപ്പി ആണ്….. പ്രതിഫലം ആയിട്ട് അയാൾക്ക് നിറയെ ഉമ്മയൊക്കെ കൊടുക്കുന്നുണ്ട്…. ഊട്ടി വിടുന്നത് ഞാനും കൂറ് അയാളോടും….. നീയിനി വാടി കുട്ടിക്കൊരങ്ങേ….

അവൾ പറയുന്നതെന്തും അയാൾ കേൾക്കും………നടത്തിയും കൊടുക്കും……. എത്ര ബുദ്ധിമുട്ട് ഉള്ളതാണെങ്കിൽ പോലും…..അത് ഇവിടെ വന്നു കുറച്ചു ദിവസം കൊണ്ടെനിക്ക് മനസ്സിലായി……. .

ഇനിയും ആ  കുരിപ് എന്തെങ്കിലും പറഞ്ഞാലൊന്നു പേടിച്ചു ചേച്ചിയുടെ മുറിയിലേക്ക് പോയി……. ചേച്ചിയുടെ കണ്ണെല്ലാം കലങ്ങിയിരിക്കുന്നു…..

എന്താ ചേച്ചി….. എന്തിനാ കരയുന്നത്….

ഒന്നും മിണ്ടിയില്ല…. കണ്ണുമാത്രം നിറഞ്ഞൊഴുകുന്നു…..

കാര്യം പറ ചേച്ചി….. എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ….. അതോ…… എന്താ വേണ്ടതെന്നു പറയു…. എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ…..

കുറച്ചു നേരം മായ മിണ്ടാതെ ഇരുന്നിട്ട് മീനയോട് പറഞ്ഞു….

ഞാനെന്തു പറഞ്ഞാലും നീ അനുസരിക്കില്ലേ മീനു….

അതെന്തു ചോദ്യമാ മായേച്ചി…. ഉറപ്പായിട്ടും അനുസരിക്കും….. കാര്യം പറ….

എനിക്കു എന്റെ താലി തിരിച്ചു വേണം… എന്റെ ദേവേട്ടനെ തിരിച്ചു വേണം…

മീന ഒന്നു ഞെട്ടി…. ഇനി ചേച്ചി എല്ലാം അറിഞ്ഞിരിക്കുമോ…..

ഞാൻ കണ്ടു മീനു…. നിങ്ങൾ രണ്ടാളും റൂമിൽ…

മീനയ്ക്ക് എന്താ ചെയ്യണ്ടതെന്ന് അറിയാതെ ഇരുന്നു…..

നിന്റെ കല്യാണ കാര്യം പറയുമ്പോൾ ദേവേട്ടൻ എന്തിനാണ് തടസ്സം പറയുന്നതെന്ന് ഇപ്പോഴാ മനസ്സിലായത്……… എനിക്ക് എന്റെ ദേവേട്ടനെ  തിരികെ എന്റെതാക്കാൻ കഴിയും…….. ഇപ്പോൾ കണ്ടത് മറക്കാനും………..പക്ഷേ നീ………

ഞാൻ എന്താ ചേച്ചി ചെയ്യേണ്ടത്…… പറഞ്ഞോളൂ……. ഞാൻ ചേട്ടനെ ആ ഒരു കണ്ണിൽ കണ്ടിട്ടില്ല……. ചേച്ചിയെ  മറന്ന് ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല……. ചേച്ചി പറയുന്നത് എന്തും അനുസരിക്കാൻ തയ്യാറാണ് ഞാൻ……..പറഞ്ഞോളൂ….

എനിക്കറിയാം മീനു നിന്നെ……… ഒരു നിമിഷം ദേവേട്ടന്  തോന്നിയ ഒരു തെറ്റായിട്ട് എനിക്കിത്  കാണാൻ പറ്റും…… ക്ഷമിക്കാനും…… കാരണം ഞാൻ ഒരുപാട് സ്നേഹിച്ചു പോയി…… എനിക്ക് വേണം ഏട്ടനും ഞാനും തുമ്പിയുമായുള്ള ജീവിതം……..

അത് നടക്കും ചേച്ചി….. അത് മാത്രമേ നടക്കു…… ഞാൻ ഉറപ്പുതരുന്നു……മീനു മായയുടെ കയ്യെടുത്തു പിടിച്ചു…

എങ്കിൽ എത്രയും പെട്ടെന്ന് ഹരിയുമായിട്ടുള്ള വിവാഹത്തിന് നീ തയ്യാറാവണം……….

ഒന്നുമാലോചിക്കാതെ മീന പറഞ്ഞു…… ഞാൻ തയ്യാറാണ്……

എനിക്ക് ഹരിയെ ഒന്നു കാണണം…….. നീയൊന്നു പറയുമോ ഇവിടെ വരെ ഒന്നു വരാൻ…….

മ്മ്…… ഞാൻ കൊണ്ടുവരാം…..

നിനക്ക് ദേഷ്യം ഒന്നും തോന്നരുത് എന്നോട്….. എത്രയൊക്കെ ചെയ്താലും സ്വന്തം ഭർത്താവിനെ  ഒരു ഭാര്യക്കും സ്നേഹിക്കാതിരിക്കാൻ ആവില്ല……. നിനക്കത് ഒരു താലി കഴുത്തിൽ വീഴുമ്പോൾ മനസ്സിലാകും…….മീന സങ്കടത്തിൽ മായയെ ഒന്നു നോക്കി….

നിന്നെ ഇവിടുന്ന് ഓടിച്ചു വിടുവാണെന്ന് വിചാരിക്കരുത് മീനു……..  ഇത്രയും നാൾ ഞാൻ ദേവേട്ടനുമായി അകന്നുനിന്നു…… ഇനിയും ആ സ്നേഹം കാണാതിരിക്കാനാവില്ല എനിക്ക് ……. എനിക്കൊന്നു സുഖപ്പെടാൻ  വേണ്ടി ദേവേട്ടൻ കിടന്നു പാടുപെടുന്നത് നീയും കാണുന്നില്ലേ…….

മ്മ്….

എങ്കിൽ പോയി ഹരിയോട് എത്രയും പെട്ടെന്നു എന്നെ വന്നു കാണാൻ പറയു……

മീന എല്ലാം കേട്ടു തലയാട്ടി….. മുറിക്കു പുറത്തിറങ്ങി…… പുറത്തു അയാൾ എല്ലാം കേട്ടു നിൽപ്പുണ്ട്….. മീനയെ സൂക്ഷിച്ചു നോക്കി……. നടക്കില്ല എന്നുള്ള രീതിയിൽ തല ചലിപ്പിച്ചു……… എന്തോ ഒരു ക്രൂരഭാവം….. അയാൾ എന്തോ പറയാൻ ഉദ്ദേശിക്കുന്നുണ്ട്….. പക്ഷേ.. ഒന്നും മിണ്ടാതെ വെളിയിലേക്ക് പോകുകയാണ് ചെയ്തത്…… ആ സമയം കൊണ്ട് മീനു ഹരിയെ വിളിച്ച് കാര്യം പറഞ്ഞു……. നാളെ വരാം എന്ന് പറയുകയും ചെയ്തു……. എങ്കിലും വലിയൊരു സത്യം മായേച്ചി അറിയാതെ ഇപ്പോഴും മറഞ്ഞു കിടക്കുകയാണ്…… ഞാൻ അയാളുടെ ഭാര്യ ആണെന്നുള്ള സത്യം………

a…m…y…

തുടരും…….

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!