Skip to content

സ്നേഹബന്ധനം – 7

snehabandanm

തന്നെ അയാൾ കല്യാണം കഴിച്ചുവെന്നുള്ളത് മായേച്ചി അറിയാതിരിക്കാൻ ഞാൻ എന്തും ചെയ്യും….. പോകെപ്പോകെ അറിഞ്ഞാലും കുഴപ്പമില്ല….. കൂടെ ആശ്വസിപ്പിക്കാൻ ആളുണ്ടാവുമല്ലോ…മീനു ഓർത്തു സമാധാനിച്ചു…..

രാത്രിയിൽ അയാൾ ഒരുപാട് താമസിച്ചാണ് വന്നത്….. വാതിൽ തുറന്നു കൊടുത്തപ്പോൾ കുറച്ചു നേരം എന്റെ മുഖത്തു നോക്കി നിന്നു…… ഈ നോട്ടം മാത്രം സഹിക്കാൻ പറ്റില്ല….. കണ്ണുകൾ കൊണ്ട് ഒരുപാട് സംസാരിക്കാറുണ്ട് അയാൾ……..

നിന്നു ബുദ്ധിമുട്ടണ്ട….. മീനമ്മ പോയിക്കിടന്നോളു….. ഉടനെ ഒരു കല്യാണം കഴിക്കണ്ടതല്ലേ….. നിന്നു ക്ഷീണിക്കണ്ട…..മീനയുടെ നിൽപ്പ് കണ്ടപ്പോൾ ദേവൻ പറഞ്ഞു…….

മീന ഒന്നും പറയാതെ മുറിയിലേക്ക് പോയി…. എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടാക്കാൻ പിറകെ വരുമെന്ന് വിചാരിച്ചു….. അതുണ്ടായില്ല…. അല്ലെങ്കിലും എന്തിനു ഞാൻ അങ്ങനെ ചിന്തിക്കണം….. അയാൾ ആരാ തന്റെ…..തുമ്പിയെ ചേർത്തു പിടിച്ചു കണ്ണടച്ച് കിടന്നു ……

രാവിലെ തുമ്പിയെ കുളിപ്പിച്ചു…. ചുണ്ട് തണുത്തിട്ടു കിടുകിടാന്ന്‌ അടിക്കുന്നുണ്ട്….. ടവലിൽ പൊതിഞ്ഞെടുത്തു അവളെ…… അമ്പലത്തിൽ പോയി രണ്ടാളും….. എല്ലാം നേരെയാക്കിത്തരേണമേയെന്നു ദേവിയോട് പ്രാർത്ഥിച്ചു….. ദേവിയുടെ കഴുത്തിൽ കിടക്കുന്ന താലി കണ്ടപ്പോൾ അറിയാതെ സ്വന്തം മാലയിൽ പിടിച്ചു പോയി….. ഈ നടയിൽ നിന്നാണ് അയാൾ ഇതു എന്റെ കഴുത്തിൽ കെട്ടിയത്….. ഇതിപ്പോൾ ശരിക്കും ഒരു ബന്ധനം തന്നെയാണ്….. മുൻപെല്ലാം അങ്ങനെ തോന്നിയപ്പോഴും ഇത് ഊരിവെക്കാനോ പൊട്ടിച്ചെറിയാനോ തോന്നിയിട്ടില്ല….. അപ്പോഴൊക്കെ ഈ താലിയിൽ തന്റെ ജീവനും കൂടി ബന്ധിച്ചിട്ടുണ്ടെന്നു തോന്നാറുണ്ട്…..

ചേച്ചിക്ക് അർഹതപ്പെട്ടത് ഞാൻ തിരിച്ചു നൽകാൻ പോകുവാണ് അമ്മേ…. ക്ഷമിക്കണം…… എനിക്കിങ്ങനെ ചിന്തിക്കാനേ പറ്റു….. ഇതിന്റെ അവകാശി ഞാനല്ല…..ചെയ്യുന്നത് തെറ്റാണെങ്കിൽ പൊറുക്കണം…കണ്ണു നിറഞ്ഞൊഴുകുന്നത് എന്തിനാന്നു മാത്രം മീനയ്ക്ക് അറിയില്ലായിരുന്നു…… തുമ്പിയെയും കൊണ്ടു തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അവൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്…. മീന മൂളിക്കേൾക്കുന്നുണ്ട്…. മനസ്സിവിടെയെങ്ങും അല്ല…..

മുറ്റത്തു നിന്നും അകത്തേക്ക് കാലെടുത്തു വച്ചതും അകത്തു നിന്ന് വലിയ ശബ്ദം കേൾക്കുന്നു….. എന്തൊക്കെയോ തട്ടിമറിയുന്നു…… ചേച്ചിയുടെ മുറിയിൽ നിന്നാണ്….. തുമ്പിയെയും എടുത്തു ഓടിപ്പോയി നോക്കിയപ്പോൾ കണ്ടത് ഹരിയേട്ടനെ തലങ്ങും വിലങ്ങും അടിക്കുന്ന അയാളെയാണ്…..ഹരി അയാളുടെ അടി തടുക്കാനാവാതെ നിൽപ്പുണ്ട്…..ചേച്ചി താഴെ വീണു കിടപ്പുണ്ട്….. മീന തുമ്പിയെ വിട്ടു മായയുടെ അടുത്തേക്ക് പോയി…. ചേച്ചീന്നു വിളിച്ചു മായയുടെ തലയെടുത്തു മടിയിലേക്ക് വെച്ചു…….ഞരങ്ങുന്നുണ്ട് ……  ബോധം പോയതാ ന്നു തോന്നുന്നു…… മീനയ്ക്ക് ശ്വാസം നേരെ വീണു….. മായയെ താഴെ കിടത്തി അയാളുടെ അടുത്തേക്ക് ചെന്നു…… അയാളുടെ കൈകൾ ഹരിയേട്ടന്റെ കഴുത്തിലാണ് ഭിത്തിയിൽ ചേർത്ത്…….

വിട്……. എന്തായീ കാണിക്കുന്നേ…. അയാളുടെ കൈകൾ ഹരിയുടെ കഴുത്തിൽ നിന്നും വിടുവിക്കാൻ ആവുന്നത് ശ്രമിച്ചു…… സാധിക്കുന്നില്ല…… വീണ്ടും ശക്തിയിൽ അയാളുടെ കയ്യിൽ പിടിച്ചു…….. അയാൾക്ക് അസാമാന്യ ശക്തി ആണെന്ന് തോന്നിപ്പോയി………..

മാറി നിക്ക്….. ഞാനിന്ന് ഇവനെ കൊല്ലും…… അയാളുടെ കണ്ണിൽ തീയാണ്……. മീനയെ അയാൾ ഒരു കൈ കൊണ്ടു തട്ടിമാറ്റി…ടേബിളിൽ ഇടിച്ചു മീന നിന്നു….. ഹരിയുടെ കണ്ണെല്ലാം തുറിച്ചു വന്നു…അയാൾ ഹരിയേട്ടനെ കൊല്ലും…… ഹരിയേട്ടന്റെ കയ്യെല്ലാം തളർന്നു തൂങ്ങി…… എന്നിട്ടും അയാൾ പിടി വിട്ടില്ല….. മീനയ്ക്ക് ഹരിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല….. സമനില തെറ്റിയതുപോലെ  കൈയിൽ  തടഞ്ഞത് എടുത്തു  അയാളുടെ ശരീരത്തിലേക്ക് കുത്തിയിറക്കി……

മീനയ്ക്ക് സ്വന്തം ശരീരത്തിൽ കൂടി എന്തോ ഒന്ന് പാഞ്ഞുപോയതുപോലെ തോന്നി…. കയ്യിൽ നനവ് തോന്നി…… നോക്കിയപ്പോൾ ചോര….. അവൾ കൈ ആഞ്ഞുവലിച്ചു…… കുറച്ചു നേരത്തേക്ക് അവൾക്കൊന്നും മനസ്സിലായില്ല…… അയാൾ വയറു പൊത്തിപ്പിടിച്ചിരിക്കുന്നു…… അയാൾ മീനക്കരികിലേക്ക് കൈനീട്ടി വന്നു…….. അരികിൽ എത്തുന്നതിനു മുൻപേ അയാൾ ബെഡിലേക്ക് വീണിരുന്നു…….. ഹരിയേട്ടൻ ഊർന്ന് താഴേക്കു വീണിരുന്നു….. ആരെ താങ്ങണം എന്നറിയാതെ നിന്നു മീന……

മീന ഹരിയുടെ അരികിൽ വന്നു…. ഉറക്കെ വിളിച്ചു……മുഖത്ത് തട്ടി നോക്കി..അനക്കമില്ല….. അയാൾ ഇതെല്ലാം നോക്കി കിടപ്പുണ്ട്…… തുമ്പി കട്ടിലിൽ വലിഞ്ഞുകയറി അയാളെ വിളിക്കുന്നുണ്ട്….. വേദനിച്ചിട്ടാണെന്നു തോന്നുന്നു അയാളുടെ രണ്ടു കണ്ണും നിറഞ്ഞൊഴുകുന്നുണ്ട്….. തുമ്പി വലിയ വായിൽ കരയാൻ തുടങ്ങി…… അയാളുടെ കണ്ണുകൾ തന്റെ മേലെയാണ്….. ഒരു കൈ കൊണ്ട് തുമ്പിയെ പിടിച്ചിട്ടുണ്ട്….. ഹരിയേട്ടനെയാണ് താങ്ങിയതെങ്കിലും കണ്ണും മനസ്സും അയാളുടെ അടുത്താണ്……

മീന ഉറക്കെ ഉറക്കെ അച്ഛനെ വിളിച്ചു…. അച്ഛൻ തിടുക്കത്തിൽ ഓടി വന്നു…..  എല്ലാം കണ്ടു അന്തം വിട്ടു നിൽപ്പുണ്ട്……. മോനെ… ദേവാ…. ഇതെന്താ….. എന്തുപറ്റി……. അയാളുടെ അടുത്തേക്കാണ് അച്ഛൻ ആദ്യം പോയത്….

അച്ഛൻ ആരെയോ വിളിക്കുന്നുണ്ട്….. വണ്ടി വന്നു നിന്നതും അയാളെ  താങ്ങിപ്പിടിച്ചു കൊണ്ടുപോയതും ഹരിയേട്ടനെ കൊണ്ടുപോയതും എല്ലാം അച്ഛനും ഡ്രൈവറും ചേർന്നാണ്….. ആ സമയത്താണ് ചേച്ചിയെ നോക്കുന്ന സ്ത്രീ വന്നത്…. തുമ്പിയെയും ചേച്ചിയെയും അവരെ ഏല്പിച്ചിട്ട് മീനയും വണ്ടിയിൽ കയറി……. അച്ഛൻ ഹരിയേട്ടനെ വീഴാതെ ചുറ്റിപ്പിടിച്ചിട്ടുണ്ട്…. അയാൾ സീറ്റിലേക്ക് ചാരി ഇരുപ്പുണ്ട്….. വയറിൽ അമർത്തി പിടിച്ചിട്ടുണ്ട്..അയാളുടെ അടുത്ത് പോയിരുന്നു മീന…. ഇടക്കിടക്ക് മീനയുടെ തോളിൽ മുഖം അമർത്തി….. നല്ല വേദന വരുമ്പോൾ….. പിന്നെ ബോധം വരും പോലെ എടുത്തു മാറ്റും…. വേദന കാരണം അയാൾക്ക് അതിനും സാധിക്കാതായി….. ആരോ ഉള്ളിലിരുന്നു പറഞ്ഞതു പോലെ അവൾ അയാളെ പിടിച്ചു മടിയിലേക്ക് കിടത്തി…… അയാൾ അവളെ ഒന്നു നോക്കി…… ആ മുറിവിൽ സാരിത്തുമ്പു കൊണ്ടു അമർത്തി പിടിച്ചു….. അവളുടെ കൈ അയാൾ തട്ടിമാറ്റി…….. എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്…… പക്ഷേ സാധിക്കുന്നില്ല…… തന്റെ ശരീരത്തിൽ നിറയെ രക്തമാണ്….. അയാളുടെ ചോര…. മീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… നെഞ്ചിൽ എന്തോ ഒന്ന് പൊള്ളുന്നത് പോലെ…… അവളുടെ കണ്ണുനീർ തുള്ളിതുള്ളിയായി അയാളുടെ മുഖത്തു വീണുകൊണ്ടിരുന്നു……

ഹരിയേട്ടനെ ആ അവസ്ഥയിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല….. എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അയാൾ ഹരിയെ കൊല്ലുമെന്ന് തോന്നി….. ആരെയും ഇതുവരെ മനസ്സുകൊണ്ട് പോലും ദ്രോഹിച്ചിട്ടില്ല……. എന്നിട്ടാണ് ഇന്ന് ഒരാളുടെ ശരീരത്തിൽ കത്തി കുത്തിയിറക്കിയത്…… അതും സ്വന്തം ഭർത്താവിന്റെ…….. ഇന്നലെ മായേച്ചിക്ക് ഫ്രൂട്ട്സ്  മുറിക്കാൻ താനാണ് അതു റൂമിൽ കൊണ്ടു കൊടുത്തത്….. ഇതിനായിരുന്നോ ഈശ്വരാ ഞാനത്…….. മീനയ്ക്ക് ഓർത്തപ്പോൾ അവളോട്‌ തന്നെ ദേഷ്യം തോന്നിപ്പോയി….. അയാളുടെ മുഖത്തു നോക്കാനുള്ള ശക്തി ഇല്ല……

അയാളെ ചേർത്തുപിടിച്ചു…… തുമ്പിയെ പിടിക്കും പോലെ…… മടിയിൽ മുഖം ഇട്ട് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുകയാണ് വേദനയാൽ…….. ആമുഖം എടുത്ത് നെഞ്ചിൽ ചേർത്തുപിടിച്ചു മീന…….. അയാൾ മാറാൻ ശ്രമിക്കുന്നുണ്ട്…….. മീന പിടിവിട്ടില്ല…… അയാളുടെ ശക്തി കുറഞ്ഞു വരുന്ന പോലെ തോന്നി……..മീനക്ക് മനസ്സിൽ  ഭയം എന്ന വികാരം നിറഞ്ഞുകഴിഞ്ഞു…… അയാൾ ഇടയ്ക്കിടയ്ക്ക് കണ്ണു വലിച്ചു തുറന്നു മീനയെ  നോക്കുന്നുണ്ട്……. ഉള്ള ശക്തിയിൽ അയാൾ അവളുടെ കൈ മുറിവിൽ നിന്നും വിടുവിച്ചു…….. അവളോടുള്ള വെറുപ്പ് മീനയ്ക്ക് അയാളുടെ മുഖത്ത് നിന്ന് കാണാൻ പറ്റി……… അവളുടെ മടിയിൽ നിന്നും ഒരുവിധം അയാൾ എണീറ്റു…….. മുന്നിലെ സീറ്റിൽ തല ചേർത്തു വെച്ചു……. മീനയ്ക്ക് അയാളുടെ അവഗണന സഹിക്കാൻ പറ്റിയില്ല…..അതിലുപരി ഒരാളെ തന്റെ കയ്യാലേ വേദനിപ്പിക്കേണ്ടി വന്നല്ലോ എന്നോർത്തും പൊട്ടിക്കരഞ്ഞു പോയി….. സ്വയം നിയന്ത്രിക്കാൻ പോലുമാവാതെ മീന മുഖം പൊത്തി……അവളുടെ കരച്ചിൽ കേട്ടെങ്കിലും അവളെയൊന്നു നോക്കാൻ തോന്നിയില്ല അയാൾക്കും…..

ഹോസ്പിറ്റലിൽ ഹരിയേട്ടനെ ഐസിയുവിലേക്ക് കൊണ്ടുപോകുമ്പോഴും……… അയാളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയപ്പോഴും കാലുകൾ ചലിച്ചത് അയാൾക്ക് പിന്നാലെയാണ്………. അയാളെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി ഡോറടയും വരെ അയാളുടെ കണ്ണുകൾ മീനയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് ആയിരുന്നു…….

അച്ഛനോട് ഡോക്ടർ എന്തൊക്കെയോ ചോദിക്കുന്നതും പറയുന്നതും കണ്ടു….. അച്ഛൻ എന്നെയൊന്നു നോക്കിയിട്ട് നടന്നു പോയി….. ഹരിയേട്ടനെ നോക്കാനാവും…….

താലിയിൽ മുറുക്കിപ്പിടിച്ചു പ്രാർത്ഥിച്ചു….. ഒന്നും വരുത്തരുതേ അമ്മേ….. അറിയാതെ ചെയ്ത തെറ്റാണ്……. എന്റെ ജീവനെടുത്തോ….. പകരം ആ ജീവനിങ്ങ് തരണേ…… കാലുകൾ അങ്ങോട്ടോ ഇങ്ങോട്ടോ ആനക്കാനാവാതെ ഒരേ നിൽപ്പു നിന്നു മീന അയാളുടെ ജീവനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടു…..

കുറച്ചു മണിക്കൂറിനു ശേഷം ഡോക്ടർ വെളിയിലേക്ക് വന്നു…… അച്ഛനെ നോക്കി പറഞ്ഞു…… മുറിവ് ആഴത്തിൽ തന്നെയുണ്ട്…. പക്ഷേ പേടിക്കാനൊന്നുമില്ല…..കുറച്ചു  സ്റ്റിച് ഉണ്ട് ഉള്ളിലും വെളിയിലും…… നിങ്ങളുടെ അപേക്ഷ ഞാൻ തള്ളിക്കളയുന്നില്ല….. സഹോദരങ്ങൾ തമ്മിലുള്ള വഴക്കായതുകൊണ്ടും മുറിവ് അത്ര ഡേഞ്ചർ അല്ലാത്തതുകൊണ്ടും ഞാൻ പോലീസിനെ അറിയിക്കുന്നില്ല….. നന്നായി കെയർ ചെയ്യണം….. ഇൻഫെക്ഷൻ ആവാതെ നോക്കണം….. ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടക്കണം ….. നാളെ റൂമിലേക്കു മാറ്റമൊന്ന് നോക്കാം….

മീനയ്ക്ക് വീണ്ടും ജീവൻ തിരിച്ചു കിട്ടിയതുപോലെ തോന്നി….. അച്ഛന്റെ മൊബൈൽ വാങ്ങി വീട്ടിലേക്കു വിളിച്ചു…… ചേച്ചി ഉണർന്നെന്നും  തുമ്പി യുമായി അടുത്തു തന്നെ  ഇരിപ്പുണ്ട് എന്നും പറഞ്ഞു…… ഒന്നും മിണ്ടുന്നില്ല…… ഒന്നും കഴിച്ചുമില്ല…. നടന്നതൊന്നും ചേച്ചിയോട് പറയരുതെന്ന് അവരോടു പറഞ്ഞേൽപ്പിച്ചു….. അച്ഛൻ മൊബൈൽ വാങ്ങി അവരോടു എന്തൊക്കെയോ പറയുന്നതു കേട്ടു…… കുറച്ചു കഴിഞ്ഞു ആ ഡ്രൈവർ ചേട്ടൻ ഒരു കവർ അച്ഛനെ ഏൽപ്പിച്ചു പോയി…..

വാ….. എന്നെ വിളിച്ചു മുൻപിൽ നടന്നു…. ഒരു പാവയെപ്പോലെ ഞാൻ പിറകെയും…… റൂമിലേക്കാണ് പോയത്…… ആ കവർ ചൂണ്ടിയിട്ട് പറഞ്ഞു……

പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറ്റി വാ…. നിറയെ ചോരയാണ്….

അപ്പോഴാണ് അവൾ സ്വയം ശരീരത്തിലേക്ക് നോക്കിയത്…… അയാളുടെ ചോര കയ്യിലും കഴുത്തിലും സാരിയിലും ……. അവൾ ഡ്രസ്സ് എടുത്തു കുളിക്കാൻ പോയി…… പൈപ്പ് തുറന്നു വെച്ചു……. ആ സാരി എടുത്ത് മുഖംപൊത്തി ഉറക്കെ കരഞ്ഞു…….. മനസ്സ് ശാന്തമായപ്പോൾ കരച്ചിൽ നിർത്തി കുളിച്ചു ഇറങ്ങി……… തന്നെ റൂമിൽ നിർത്തിയിട്ട് അച്ഛൻ വീട്ടിലേക്ക് പോയി…… ഉടനെ വരാം…. എന്ന് പറഞ്ഞു….. അറിയാം എന്തിനാണെന്ന്….. മായേച്ചിയെ നോക്കാനാണ്……. പാവം… നിറയെ ദുരിതങ്ങൾ മാത്രമാണ് കൂട്ട്…അച്ഛൻ പോകുന്നതും നോക്കി നിന്ന മീനു ഓർത്തു…..

വിശപ്പും ഉറക്കവും ഇല്ലാതെ അയാൾക്കു വേണ്ടി മീന കാത്തിരുന്നു….. പിറ്റേന്നാണ് അയാളെ റൂമിലേക്ക് മാറ്റിയത് നല്ല വേദനയാണെന്ന് ആ മുഖത്തു നിന്നും അറിയാൻ പറ്റുന്നുണ്ട്……. ഒന്നു  കൈ അനക്കിയാൽ  പോലും മുഖം ചുളുങ്ങുന്നുണ്ട്……  ആ നേഴ്സ് എന്നോട് എന്തൊക്കെയോ പറഞ്ഞു തരുന്നുണ്ട്…… എന്റെ നോട്ടം അയാളുടെ മുഖത്തേക്ക് മാത്രമാണ്…….. ഇല്ല… അയാൾ തന്നെ നോക്കുന്നില്ല……. മീനയ്ക്ക് മനസ്സിനുള്ളിൽ എന്തോ വേദന പോലെ തോന്നി……..

മാപ്പുപറയണം……. ആസമയം അറിയാതെ ചെയ്തു പോയതാണെന്ന് പറഞ്ഞു കാലിൽ വീഴണം……. ആരും റൂമിൽ ഇല്ലാതിരുന്ന സമയം അയാൾ തന്നെ അടുത്തേക്ക് വിളിച്ചു……

മീന…….

അവൾ അത്‍ഭുതത്തോടെ അയാളെ നോക്കി….. ഇതുവരെ മീനമ്മാ ന്നു മാത്രമേ വിളിച്ചിട്ടുള്ളു…… ഇത് ആദ്യമായാണ് ഇങ്ങനെ…… അവൾ അടുത്തേക്ക് ചെന്നു….. മുഖത്തു നോക്കാതെ താഴേക്കു നോക്കി നിന്നു…..

ഞാൻ…. മനഃപൂർവം അല്ല…….

കേൾക്കാൻ താല്പര്യം ഇല്ലാത്ത രീതിയിൽ അയാൾ കൈകൊണ്ടു തടഞ്ഞു……

മായയ്ക്ക് എങ്ങനുണ്ട് ഇപ്പോൾ …..

ചത്തിട്ടില്ല…..കൊല്ലാൻ നോക്കിയിട്ട് ഇപ്പോൾ എങ്ങനെയുണ്ടെന്നോ……  മീന ദേഷ്യത്തിൽ ചോദിച്ചു……

ആരാ കൊല്ലാൻ നോക്കിയത്

….. ഞാനോ….. മീന  കണ്ടോ ഞാൻ മായയെ കൊല്ലാൻ ശ്രമിക്കുന്നത്……

പെട്ടെന്നു തന്നെ ദേവൻ മിണ്ടാതെ ഇരുന്നു….. വേദന എടുക്കുന്നുണ്ട് അതാണ്……

പിന്നെങ്ങനെയാ മായേച്ചി നിലത്ത് വീണു കിടന്നത്…….

അതിന് ഞാൻ മാത്രമായിരുന്നില്ലല്ലോ ആ റൂമിൽ ഉണ്ടായിരുന്നത്…… ആണോ……

ആരുടെ കാര്യമാണ് നിങ്ങൾ ഈ പറയുന്നത്…… ഹരിയേട്ടൻ ആണോ…….. ഹരിയേട്ടൻ എന്തിന്  ഇങ്ങനെ ചെയ്യണം…… അങ്ങനെ ചെയ്യാനൊന്നുമാവില്ല ഹരിയേട്ടന് ഒരിക്കലും…….

അവളെ അയാൾ ഒന്നു നോക്കി….. കുറച്ചു നേരം കണ്ണടച്ച് കിടന്നു……

ഞാൻ പറയുന്നത് കേൾക്കാൻ പറ്റുമെങ്കിൽ കേൾക്കുക….. എനിക്ക് കുറച്ചേ സംസാരിക്കാൻ പറ്റു……… നല്ല വേദനയുണ്ട്….. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് കരുതിയതല്ല…… എങ്കിലും എന്റെ അവസാനം മീനയുടെ മടിയിൽ ആവരുതെന്ന് ഞാൻ ഇന്നലെ ആഗ്രഹിച്ചിരുന്നു……

അവളെ  ആ വാക്കുകൾ ശരിക്കും വേദനിപ്പിച്ചു……. എന്തോ പെട്ടെന്നു കണ്ണു നിറഞ്ഞു….. അയാൾ വെറുക്കാൻ തുടങ്ങിയിരിക്കുന്നു തന്നെ…… അയാളുടെ സ്നേഹവും തനിക്ക് വേദനയാണ്…. വെറുപ്പും വേദനയാണ്….

മീനയ്ക്ക് ചുറ്റും എന്താ നടക്കുന്നതെന്ന് മീന അറിഞ്ഞിരിക്കണം….. വേറാരും അത് പറയില്ല…. ആർക്കുമാവില്ല അതൊന്ന് മീനയോട് പറയാൻ…. ഇപ്പോഴാണ് പറ്റിയ സമയം എന്നു എനിക്ക് തോന്നുന്നു….. ഇത്രയും നാൾ വേദനിപ്പിക്കാൻ മനസ്സു തോന്നിയില്ല…..അതാണ്‌ ഞാൻ പറയാതിരുന്നത് പക്ഷേ  ഇനി ആർക്കു വേണ്ടിയാണെന്ന് തോന്നി… അതാ…..

മീന ഒന്നും മനസ്സിലാവാത്തത് പോലെ അയാളെ നോക്കി……..

മീന…. മായ നിന്റെ സ്വന്തം ചേച്ചിയല്ല….. മായയുടെ അച്ഛനും അമ്മയും നിന്റെ സ്വന്തവുമല്ല…..

എന്തൊക്കെയാ നിങ്ങളീ പറയുന്നത്….. മീന ദേഷ്യത്തിൽ മുന്നോട്ട് വന്നിട്ട് ചോദിച്ചു…..

അതേ….. സത്യമാണ്….. മായയുടെ അച്ഛന്റെ അനിയന്റെ മോളാണ് നീ….. നിന്റെ അച്ഛനും അമ്മയും തുമ്പിയുടെ പ്രായത്തിൽ നിന്നെ വിട്ടു പോയതാണ്….. സ്വയം ഇല്ലാതായതാണ് …..വിശ്വസ്തർ ചതിച്ചപ്പോൾ.. കടം കയറി എല്ലാം നശിക്കുമെന്നായപ്പോൾ……

തനിച്ചായ നിന്നെ ഏറ്റെടുത്തതും.. ചതിച്ചവർക്കെതിരെ കേസ് കൊടുത്തു എല്ലാം തിരിച്ചു പിടിച്ചതും മായയുടെ അച്ഛൻ ആണ് ……

മ്മ്….. ഞാനിതെല്ലാം വിശ്വസിക്കണമെന്നാണോ പറഞ്ഞു വരുന്നത്……. കേട്ടിട്ടു കൂടിയില്ലാത്ത കാര്യങ്ങളാണ്……. ഇതെല്ലാം അടുത്ത അടവാണ് നിങ്ങളുടെ…… പണത്തിനു വേണ്ടി നിങ്ങൾ എന്തും ചെയ്യും…. ആരെ കൊല്ലാനും മടിക്കില്ല…….. ദുഷ്ടനാ…… അവളുടെ ശബ്ദം വിറച്ചു…….

ഞാനെന്തിനാ മീനയോട് അടവെടുക്കുന്നത്…..അതിന്റെ ആവശ്യമെന്താ എനിക്ക്……പിന്നെ മറ്റുള്ളവരെ കൊന്നു പണമുണ്ടാക്കേണ്ട ഗതികേട് ഇന്നേ വരെ ദേവന് ഉണ്ടായിട്ടില്ല…….  എനിക്ക് സ്വന്തമായി ആവശ്യത്തിന് സമ്പത്തുണ്ട് മീന…. ഒരുപക്ഷേ നിന്റെതിനേക്കാൾ കൂടുതൽ….എന്റെ അപ്പാ അധ്വാനിച്ചു സമ്പാദിച്ചത്……എന്റെ  മണ്ണും വീടും ഇന്നും അവിടുണ്ട്….. കൂടെ അനാഥമായ രണ്ടു അസ്ഥിത്തറയും …….. അതെല്ലാം ഇട്ടെറിഞ്ഞു പുതിയ ബന്ധം തേടിയിറങ്ങിയതിനുള്ള ശിക്ഷയാണ് ഇന്നിവിടെ ഇങ്ങനെ കിടക്കേണ്ടി വന്നത്…… ആരുമില്ലാതെ……. അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടാക്കിത്തന്നത് നന്ദി ….

മീന തല കുനിച്ചു….. ഇത് തന്നെ കൊള്ളിച്ചു പറഞ്ഞതാണ്……. നന്നായിട്ടു കൊള്ളുകയും ചെയ്തു……

പിന്നെ എന്തിനാ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്തത്……. അമ്മയെ കൊന്നത്…… മായേച്ചിയേയും  കൊല്ലാൻ നോക്കിയത്…… ഇപ്പോൾ ഹരിയേട്ടനെയും……. മീന ദയനീയമായി ചോദിച്ചു…….

ആര് ഞാനോ…. അത് മീന സ്വയം ചിന്തിച്ചു കൂട്ടിയതാണ്…..ആദ്യം കണ്ണു കൊണ്ടുള്ള ചിന്ത നിർത്തൂ മീന …….. കാർ ആക്സിഡന്റ് ആയത് സത്യമാണ്…… പക്ഷേ അങ്ങനെയൊരു ആക്‌സിഡന്റ് ആയിരുന്നില്ല അവർ ഉദ്ദേശിച്ചത്…….. ദൈവം മുന്നേ കണക്കു കൂട്ടി വച്ചിരുന്നു പലതും….. അന്ന് വെള്ളത്തിൽ വീണപ്പോൾ മറ്റാരേക്കാളും കൂടുതൽ ഞാൻ തുമ്പിയെ സ്നേഹിച്ചതിനാൽ ആവും അവളെ മാത്രമേ ഞാൻ കണ്ടുള്ളൂ….. രക്ഷിച്ചതും അവളെ മാത്രമാണ്……

അവരോ…… ആര്……മീനയുടെ നെറ്റി ചുളിഞ്ഞു….

നിന്റെ അമ്മയും അമ്മാവനും പിന്നെ……..

കള്ളം പറയുമ്പോൾ മനുഷ്യൻ വിശ്വസിക്കുന്ന രീതിയിൽ പറയൂ…..

എടുത്തു ചാടാതെ മുഴുവൻ കേൾക്കു മീന….ദേവൻ ദേഷ്യപ്പെട്ടു…

അയാൾ ഒന്നനങ്ങി കിടന്നു….. നല്ല വേദനയുണ്ട്….. മുഖമെല്ലാം വലിഞ്ഞു മുറുകി…..കണ്ണിൽ നിന്നും വെള്ളം ചാടി…….. . ഒന്നു ശ്വാസം വിട്ടു…..

മീനയ്ക്ക് എന്തോ പോലെ തോന്നി….. അത് കണ്ടുനിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….. കണ്ണുനീർ തുടച്ചു കൊടുക്കാൻ തോന്നി…. പിന്നെ വേണ്ടാന്നു വെച്ചു…….. പക്ഷേ അറിയണം എനിക്ക് എല്ലാം…… ചുറ്റിനും നടക്കുന്നതെന്തെന്ന്……. എന്തിനാ ഹരിയേട്ടനെ ഇങ്ങനെ ആക്കിയതെന്നു…..

മീനയുടെ സ്വത്തെല്ലാം തിരികെ നിന്നെ ഏൽപ്പിക്കാൻ  തീരുമാനിച്ചു മായയുടെ അച്ഛൻ…… ഉള്ളതിന്റെ മുക്കാൽ ഭാഗം നിന്റെയാണ്….. അപ്പോൾ മുതലാണ് നിന്റെ അമ്മയുടെ സ്വഭാവം മാറിത്തുടങ്ങിയത്…. നിനക്കു പ്രായപൂർത്തി ആയതിനു ശേഷമല്ലേ ഹരിയുമായി കല്യാണം നേരത്തെ ഉറപ്പിച്ചു വച്ചതാണെന്നു എല്ലാവരോടും  പറഞ്ഞത്….. അതിനു മുൻപ് അങ്ങനെ ഒരു സംസാരം നീ കേട്ടിട്ടുണ്ടോ ആരെങ്കിലും പറഞ്ഞ്……..ഇല്ല…. കളവായിരുന്നു എല്ലാം …. അങ്ങനെയൊന്നും ആരും പറഞ്ഞുറപ്പിച്ചിട്ടിരുന്നില്ല….. നിന്റെ അമ്മയുടെയും അമ്മാവന്റെയും ബുദ്ധിയായിരുന്നു ഇതിന്റെ പിറകിൽ……  എന്നെക്കൊണ്ട് മായയെ കെട്ടിച്ചത് നിന്റെ അച്ഛനാണ്…നല്ല മനസ്സോടെ……… പക്ഷേ അതിനു ചരടുവലി നടത്തിയത് അവരും….. അച്ഛൻ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല……

എനിക്കൊന്നും മനസ്സിലാവുന്നില്ല……എന്തിനു അങ്ങനെ ചെയ്യണം……ആർക്കു വേണ്ടി……   നിങ്ങളെ വിശ്വസിക്കാൻ  പറ്റില്ല……

എന്നെ വിശ്വസിക്കാൻ ഞാൻ പറഞ്ഞില്ല….. അല്ലെങ്കിലും അങ്ങനെയൊന്നു നിനക്കു എന്നോട് തോന്നിയിട്ടുണ്ടോ ഇതുവരെ…… വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ  അതൊക്കെ മീനയുടെ ഇഷ്ടം…… എനിക്ക് പറയാനുള്ളത് ഞാൻ പറയും….

പിന്നെ നീ പറയും പോലെ ഞാൻ മായയെയും മീനയെയും ഒരുമിച്ചു കൂടെ കൂട്ടിയിട്ടില്ല…… മായയെ ഞാൻ മനസ്സുകൊണ്ട് ഉപേക്ഷിച്ചിട്ട് നാളേറെയായി….. അതിനു ശേഷമാണ് ഞാൻ എന്റെ ജീവിതത്തിലേക്ക് നിന്നെ കൂട്ടിയത് ….

കൊള്ളാം….ഭാര്യ വയ്യാതാവും വരെയേ ഉള്ളോ നിങ്ങളുടെ സ്നേഹം…… നാളെ എനിക്കും വയ്യാതായാൽ ഇതാവില്ലേ സ്ഥിതി…. മീന ചോദിച്ചു ….

ഇനി എനിക്കും നിനക്കുമിടയിൽ നാളെ എന്നൊന്നില്ല മീന …..അവസാനിച്ചു എല്ലാം…. ഇന്നലെ കൊണ്ട്…….

മീന ഒന്നു ഞെട്ടി നോക്കി അയാളെ….

പിന്നെ മായ..,.. അവൾ എനിക്ക് പേരിനു മാത്രമായിരുന്നു ഭാര്യ…… കല്യാണം കഴിഞ്ഞ നാളുകളിൽ എന്നോട് പറഞ്ഞിരുന്നു ഒരു ബന്ധത്തെപ്പറ്റി…… അതൊരു പഴയ കഥ ആവുമെന്ന് ഞാൻ കരുതി…… സമയം കൊടുത്തു മറക്കാൻ…… പഴയത് മറക്കാൻ ശ്രമിക്കും പോലെ അവളും എന്റെ കൂടെ നിന്നു……..പിന്നീട് ഞാൻ അവളെ പൂർണമായും വിശ്വസിച്ചു……. അല്ലെങ്കിൽ അവളെ മാത്രം ആയിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്……….. ആരുമില്ലാത്ത എനിക്ക് അമ്മയും അച്ഛനും കൂട്ടുകാരിയും എല്ലാം ആകും എന്ന് വിശ്വസിച്ചു……..സ്നേഹത്തിന്റെ പൂർണ്ണത രണ്ടു ശരീരം തമ്മിൽ ചേരുന്നത് മാത്രമല്ലല്ലോ……. ഞാൻ കാത്തിരുന്നു….അവളുടെ സ്നേഹം എന്നെങ്കിലും എന്റേത് മാത്രമാകുമെന്നു വിശ്വസിച്ചു……..പക്ഷേ അവൾ എന്നെ വിദഗ്ധമായി പറ്റിച്ചു……… പുറമേ സ്നേഹിച്ചു അകമേ ദ്രോഹം ചെയ്യുവായിരുന്നു അവൾ എന്ന് വൈകിയാണെങ്കിലും മനസ്സിലായി…..

ഒരിക്കൽ രാത്രിയിൽ ആരോടോ അവൾ ഫോണിൽ സംസാരിക്കുന്നത് കേട്ടു…… അവൾ പ്രെഗ്നന്റ് ആണത്രേ….. ഉടനെ  കാണാമെന്നുള്ള ഉറപ്പിൽ രണ്ടാളും സംസാരം അവസാനിപ്പിച്ചു…….  അതാരാണെന്നുള്ള ആകാംക്ഷ എനിക്കുമുണ്ടായി….. അതുകൊണ്ട് ഒന്നുംതന്നെ ചോദിച്ചില്ല അവളോട്‌…… സ്വയം മണ്ടനായി എന്നറിഞ്ഞിട്ടും കൂടി…..

നിങ്ങളുടെ ഭാഗം ക്ലിയർ ആക്കാൻ വേണ്ടിയാണെങ്കിൽ കൂടി ഇങ്ങനെയൊന്നും പറയരുത്…… ഞാൻ കണ്ടിട്ടുള്ളതല്ലേ നിങ്ങൾ തമ്മിലുള്ള സ്നേഹം…… എന്നെ വിഡ്ഢിയാക്കണ്ട നിങ്ങൾ…….. അതു പറയുമ്പോൾ മീനയുടെ കണ്ണു നിറഞ്ഞൊഴുകി…..

വിഡ്ഢി ഞാനാണ് മീന…… അവൾ ഗർഭിണിയാണെന്നും ക്ഷമിക്കണമെന്നും എന്നോട് ഏറ്റു പറഞ്ഞപ്പോൾ എനിക്കുണ്ടായ വിഷമം എത്രത്തോളം ആണെന്ന് നിനക്കറിയാമോ……. ആഗ്രഹത്തോടെ വിരൽ തുമ്പിൽ പോലും സ്പർശിച്ചിട്ടില്ല ഞാൻ മായയേ……. എന്നിട്ടും വല്ലവന്റെയും കുഞ്ഞിന്റെ തന്തയായി ഞാൻ…….ആരാണെന്നു മാത്രം അവൾ മറച്ചുവച്ചു….. മായ അവനെ കാണാൻ ഉറപ്പിച്ച ദിവസം ഷോപ്പിൽ  പോകാതെ അവളെ ഫോളോ ചെയ്തു……. അവളെ തേടി വന്നവൻ ആരാണെന്ന് നിനക്ക് അറിയണ്ടേ…….. മായയുടെ കാമുകൻ…… തുമ്പിയുടെ അച്ഛൻ……. അതു നിന്റെ ഹരിയേട്ടൻ ആയിരുന്നു…………

ദേ..നിങ്ങൾ ഹോസ്പിറ്റലിൽ ആണെന്നോ  വയ്യാതെ കിടക്കുകയാണെന്നോ  ഞാൻ നോക്കില്ല……. പറയുമ്പോൾ കുറിച്ച് വിശ്വസിക്കുന്ന തരത്തിൽ പറയൂ……. ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല അവരെ രണ്ടാളെയും…..ഹരിയേട്ടൻ  ഒരിക്കലും എന്നെ ചതിക്കില്ല……..

മായയ്ക്ക് എന്നെയും ചതിക്കാൻ ആവില്ല എന്ന് വിശ്വസിച്ചിരുന്നവനാണ് ഞാനും…. അതുപോലെ…… അല്ലേ…..അയാൾ തിരിച്ചു ചോദിച്ചു…..

മായയോട് ചോദിച്ചിട്ട് ഹരിയുടെ പേര് പറയാൻ അവൾ തയ്യാറായില്ല…… എന്തൊക്കെയോ മറയ്ക്കുന്നുണ്ട് അവൾ….. ഇവർ തമ്മിൽ ഇങ്ങനൊരു ബന്ധം ഉണ്ടെങ്കിൽ പിന്നെ നിന്നെയും എന്നെയും ഇതിനിടയിൽ എന്തിനു കൊണ്ടുവന്നു….. ഹരിയുമായ് നിന്റെ കല്യാണം നടത്താൻ തിടുക്കം കാണിക്കുന്നത് എന്തിനാ….. എന്താ ഇവർ ഉദ്ദേശിക്കുന്നത്…… ഈ സംശയം എല്ലാം തീർക്കാൻ ഞാൻ മായയോട് ക്ഷമിച്ചു സ്നേഹിക്കും പോലെ കൂടെ നിന്നു….. കുഞ്ഞ് എന്റേതല്ലെന്ന് അവൾക്കും എനിക്കും അറിയാം……. എങ്കിലും  അവളോട് പൊറുത്തു  കൂടെ ഉണ്ടായിരുന്നു…..

നീ ഹരിയെ സ്നേഹിച്ചിരുന്നപ്പോഴും ഹരി നിന്നെ സ്നേഹിക്കുന്നുണ്ട്ന്ന് നീ വിശ്വസിച്ചിരുന്നപ്പോഴും അവർ തമ്മിൽ പരസ്പരം സ്നേഹിക്കാൻ മത്സരിക്കുകയായിരുന്നു……. ഹരി വീട്ടിൽ വന്നിരുന്നത് നിന്നെ കാണാൻ ആയിരുന്നില്ല മീനാ…… അത് തുമ്പിയേയും മായയെയും  കാണാൻ ആയിരുന്നു…….. അതാണ് നീ അവനുമായി അടുക്കുന്നതിന് ഞാൻ ഇത്ര ദേഷ്യം കാണിച്ചിരുന്നത്…….എനിക്ക് പറ്റിയ ചതി നിനക്ക് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു…..,.അല്ലാതെ അന്നൊന്നും  എനിക്ക് നിന്നോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല…….. സത്യം അറിഞ്ഞു കഴിഞ്ഞു അച്ഛനോട് എല്ലാം പറഞ്ഞു തിരിച്ചു പോകണമെന്ന് വിചാരിച്ചിരുന്നവനാണ് ഞാൻ………

സ്വന്തം ഭാര്യക്ക്  വേറൊരുത്തനിൽ  ഉണ്ടായ കുഞ്ഞിനെ സ്നേഹിച്ചു……  ഇന്നും ജീവനെപ്പോലെ സ്നേഹിക്കുന്നു……. എനിക്ക് തുമ്പിയെ വെറുക്കാൻ കഴിയാത്തത് സ്വന്തമായി ആരുമില്ല എന്നുള്ള തോന്നൽ ഉള്ളതിനാലാവും….. പക്ഷേ ഇതെല്ലാം അവർ എന്തിന് ചെയ്യുന്നുവെന്ന് മാത്രം അറിയില്ലായിരുന്നു…… ആ ആക്സിഡന്റ് കഴിയുംവരെ………….

മായയെ ഞാൻ അന്വേഷിക്കില്ല എന്നു നീ വിചാരിച്ചോ……. അവളെ ദൂരെയുള്ള ഹോസ്പിറ്റലിൽ ആക്കിയത് ഞാനാണ്…. ജീവിതത്തിലേക്ക് തിരിച്ചു വരുവോ ഇല്ലയോ എന്നറിഞ്ഞിട്ടു എല്ലാവരെയും അറിയിക്കാമെന്ന് വിചാരിച്ചു……. മായ മരിച്ചു പോയി എന്നത് അങ്ങനെ ഇരിക്കട്ടെന്ന് തോന്നി…. പക്ഷേ അച്ഛനോട് മാത്രം ഞാൻ എല്ലാം പറഞ്ഞിരുന്നു…… ഹോസ്പിറ്റലിൽ നിന്നും മായക്ക്  ബോധം വന്നു എന്നുള്ള ഫോൺ വന്നപ്പോൾ അങ്ങോട്ടേക്ക് ഓടുകയായിരുന്നു ഞാൻ……. അവസാന നിമിഷം മരണം മുന്നിൽ കണ്ടതുപോലെ മായ പാതി ബോധത്തിൽ എന്നോട് എല്ലാം ഏറ്റു പറഞ്ഞു…….മാപ്പു ചോദിച്ചു………  എന്റെ സംശയത്തിനുള്ള മറുപടിയും തന്നു……..

തുടരും…….

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!