Skip to content

ഫാദർ യോഹന്നാൻ – 5

father yohanan

കയ്യോങ്ങി നിന്നിരുന്ന മൺവെട്ടിയിൽ നിന്ന് പിടിവിട്ട് …‌ അമർഷം പൂണ്ട മുഖവുമായി അനിതയുടെ മുന്നിൽ ചെന്ന് കൈവിരൽ മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..

നിൻറെ കണ്ണുകളിൽ  കാണുന്ന ഈ ആത്മവിശ്വാസം ഉണ്ടല്ലോ…….. അത് കെട്ടടങ്ങുന്നത് വരെ മാത്രമേ നിനക്ക് ആയുസ്സുള്ള.

എനിക്കറിയാം പടർന്നുപന്തലിച്ചു കയറുന്ന കാട്ടുവള്ളിയെ പോലെയാണ് നീ….. എത്ര തവണ വെട്ടി വീഴ്ത്തിയാലും വീണ്ടും വീണ്ടും പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കും..

അങ്ങനെയുള്ളവരുടെ വേരുകളാണ് ഞാൻ വെട്ടിയെടുക്കുക.

യോഹന്നാൻറെ വാക്കുകളെ നിസ്സാര വത്കരിക്കരിച്ചുകൊണ്ട് അനിത ഒന്ന് ചിരിച്ചു..

അറിയാം എടി… ശ്വാസം മുട്ടി പിടയുമ്പോഴും നീ ഭയപ്പെടില്ലെന്നറിയാം.

നാളെ സൂര്യനുദിച്ച് നിൻറെ നിഴൽ, നിന്റെ കാൽകീഴിൽ ഒളിക്കുന്ന സമയംവരെ മാത്രമേ നിനക്ക് ആയുസ്സ്..

യോഹന്നാൻ തിരികെ നടന്ന് തീപ്പന്തം കയ്യിലേന്തി തീയണക്കാൻ നേരം‌….

കയ്യടിച്ച് ശബ്ദമുണ്ടാക്കി അനിത വിളിച്ചുപറഞ്ഞു..

“യോഹന്നാൻ…. എന്റെ നിഴൽ…. എന്റെ കാൽക്കീഴിൽ ഒളിക്കണമെങ്കിൽ…. സൂര്യൻ എനിക്ക് നേരെ മുകളിൽ ഉദിക്കണം….

അതിനുമുൻപ് നിന്റെ കൈകാലുകൾ ബന്ധിച്ച് നിനക്കു പിന്നിൽ ഒളിച്ചിരിക്കുന്ന നിന്റെ കൂട്ടാളിയുണ്ടല്ലോ…?.. അവന്  മുന്നിൽ… നിന്നെ വലിച്ചിഴച്ചുകൊണ്ടുപോയി ഇട്ടുകൊടുക്കും.. എന്നിട്ട് …. ഇതാ…. ഇപ്പോൾ ഇവിടെ നിൽക്കുന്നതുപോലെ നെഞ്ചുംവിരിച്ച് ചങ്കൂറ്റത്തോടെ തന്നെ ഞാൻ നിൻറെ മുന്നിൽ നിൽക്കും.”

വലിയ ശബ്ദത്തിൽ അട്ടഹസിച്ചുകൊണ്ട് യോഹന്നാൻ തീയണച്ചു.

ഒരടി പുറകോട്ട് പോകാതെ കയ്യുംകെട്ടി അനിത ചങ്കൂറ്റത്തോടെ അവിടെത്തന്നെ നിന്നു.

***************

    ഇടവേള

***************

സമയം 05:30..

പരമാവധി സാധനങ്ങളും ശേഖരിച്ച്… ജോണും കൂട്ടരും  മടങ്ങിയെത്തി….

മങ്ങിയ വെളിച്ചത്തിലും സെമിത്തേരിയിൽ നിൽക്കുന്ന അനിതയെ അവർ കണ്ടു..

അനന്തൻ പെട്ടെന്ന് അടുത്തേക്ക് ചെന്ന് ചോദിച്ചു.

എന്താ മാഡം ഇവിടെ നിൽക്കുന്നത്…?

ഞാനൊരു കല്ലറ തിരയുകയായിരുന്നു..?

അനിതയുടെ ആ മറുപടി കേൾക്കേണ്ട താമസം ഫിലിപ്പോസ് ഓടി അടുത്തുചെന്നു.

അനന്താ ആരാ ഇയാൾ.

അനന്തൻ നടന്നതെല്ലാം അനിതയോട് പറഞ്ഞു

ആരുടെ കല്ലറയാ അറിയേണ്ടത് സാറേ?

ഫിലിപ്പോസിന്റെ സംസാരം കേട്ട് അനന്തന് ചിരിവന്നു.

സാറെ.. എന്നല്ല .. മാഡം എന്നു വിളിക്ക്…

അനന്തൻ ഫിലിപ്പോസിന്റെ വാക്കുകൾ തിരുത്തുന്നതിനിടയിൽ

അനന്തനോട് മാറി നിൽക്കാൻ പറഞ്ഞ് ഫിലിപ്പോസിനെ അടുത്തേക്ക് വിളിച്ച് തോളിൽ കൈ വെച്ച് അനിത സെമിത്തേരിയിലൂടെ മുന്നോട്ടു നടന്നു.

ആരുടെ, കല്ലറയാണ്  അറിയേണ്ടത് സാറേ… സോറി മാഡം..

ഫിലിപ്പോസെ.. പുത്തൻവീട്ടിൽ ത്രേസ്യാമ്മയുടെ കല്ലറ…

അനിത അതു പറഞ്ഞതും ഫിലിപ്പോസ് ഒന്ന് വിരണ്ടു..

മാഡം.. യോഹന്നാൻ അച്ഛൻറെ രഹസ്യ മുറിയൊക്കെ ചർച്ചിന് അകത്തുണ്ട്… നമുക്ക് പിള്ളേരെയും കൂട്ടി, ചർച്ചിനകത്തു കയറിയാലോ?.

അത് ഞാൻ ഫിലിപ്പോസ് നോട് ചോദിച്ചോ..

ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാൽ പോരെ ഫിലിപ്പോസെ….

ഫിലിപ്പോസ് ഒന്നു വെപ്രാളപ്പെട്ടു…. അതിനുശേഷം മനോഹരമായി അലങ്കരിച്ച ഒരു കല്ലറ  അനിതയുടെ മുന്നിൽ ചൂണ്ടി കാണിച്ചു കൊടുത്ത് പറഞ്ഞു.

ദേ… ആ… കെട്ടിപ്പൊക്കിയ  കല്ലറയ…

ജോൺ,അനന്താ രണ്ടുപേരും ചെന്ന് ആ.. കല്ലറ തുറക്കാനുള്ള ഏർപ്പാട് ഉണ്ടാക്ക്.

അയ്യോ… ആ കല്ലറ തൊടല്ലേ…

സെബാസ്റ്റ്യൻ സാറ് അറിഞ്ഞാൽ ആരെയും വെച്ചേക്കില്ല.. കളക്ടർ സാറിൻറെ അമ്മയുടെ കല്ലറയാണത്..

ജോൺ അനന്താ രണ്ടുപേരും ഞാൻ പറഞ്ഞത് കേട്ടില്ലന്നുണ്ടോ?..

കേട്ടു മാഡം… പക്ഷേ ഇതൊക്കെ നിയമ വിരുദ്ധമല്ലെ?..

ജോണിന്റെ മറുപടികേട്ട് വലിയ ശബ്ദത്തിൽ അലറിക്കൊണ്ട് അനിത പറഞ്ഞു.

കല്ലറ തകർത്ത്.. അതിനകത്ത്  ഒളിപ്പിച്ച റേഡിയോ പുറത്തെടുക്കാനുള്ള അധികാരം എൻറെ കൈവശം ഉണ്ടെങ്കിൽ…

ഈ… ഇൻവെസ്റ്റിഗേഷൻ കഴിയുന്നതുവരെ എന്തും ചെയ്യാനുള്ള അധികാരം എനിക്കുണ്ട്..

സോറി മേഡം.

അനന്തനും ജോണും ചേർന്ന് കല്ലറ ഇളക്കി മണൽ നീക്കി തുടങ്ങി.

സൂര്യന്റെ ഉദിച്ചു തുടങ്ങിയിരിക്കുന്നു. കല്ലറയിൽ മുഴുവൻ വെളിച്ചം വന്നു തുടങ്ങി

അനന്തനും ജോണും..  മണ്ണു നീക്കുന്നത് നോക്കിക്കൊണ്ടിരുന്ന നമിത പെട്ടെന്ന് അവരെ തടഞ്ഞു.

ഒരു മിനിറ്റ് ജോൺ ഒരു മിനിറ്റ്.

നമിതയുടെ ആ.. വാക്ക് കെട്ട് അനിതയും കല്ലറയുടെ അടുത്തേക്ക് ചെന്നു.

എന്താ നമിതാ?

മാഡം എനിക്കൊരു സംശയമുണ്ട്

എന്താണെന്ന് പറയു.?

ക്രിസ്തീയ രീതിയിലല്ല ഈ കല്ലറയിലുള്ള ബോഡി അടക്കം ചെയ്തതെന്ന് തോന്നുന്നു.

ഇത്രനേരം കുഴിച്ചിട്ടും ശവപ്പെട്ടി പോയിട്ട് അതിൻറെ അവശിഷ്ടം പോലും കാണാനില്ല.

അതിനർത്ഥം..?

ഒന്നുകിൽ ഇതിനകത്ത് ബോഡി ഉണ്ടാകില്ല.

അല്ലെങ്കിൽ നേരിട്ട് മണ്ണിൽ തന്നെ കുഴിച്ചിട്ടിട്ടുണ്ടാവണം

ഫിലിപ്പോസെ.. ത്രേസ്യാമ്മയുടെ ബോഡി അടക്കം ചെയ്യുമ്പോൾ താൻ ഇവിടെ ഉണ്ടായിരുന്നില്ലേ?..

ഉണ്ടായിരുന്നു …മാഡം

നല്ല വിലകൂടിയ ഒന്നാന്തരം പെട്ടി.. ഞാനാണ് സംഘടിപ്പിച്ച് കൊടുത്തത്.. അതൊക്കെ മണ്ണിൽ ദഹിച്ചു പോയി കാണും.

വിവരക്കേട് പറയാതെ ഡോ..

നമിത… ഇനി എന്താണ് ചെയ്യേണ്ടത്?.

മാഡം ഇനി വളരെ സൂക്ഷിച്ചു മാത്രമേ മണൽ നീക്കാൻ പാടുള്ളൂ. ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ.?

അനിതയുടെ അനുവാദത്തോടുകൂടി നമിതയും കുഴിയിൽ ഇറങ്ങി. വളരെ സൂക്ഷിച്ച് അവർ മണൽ നീക്കി തുടങ്ങി.

അവസാനം അതിനകത്ത് ഒരു അസ്ഥികൂടം കണ്ടെത്തി.

നമിതാ.. ഈ സ്കെൽട്ടൻ, ആണിൻറെ ആണോ പെണ്ണിൻറെ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുമോ?

തീർച്ചയായും സാധിക്കും മാഡം…. താടിയെല്ലും അരക്കെട്ടിന്റെ ഭാഗവും കണ്ടിട്ട് ഇതൊരു പുരുഷൻറെ സ്കെൽട്ടൻ ആണ്.

പിന്നെ ഒരു കാര്യം കൂടി… മാഡം ഈ അസ്ഥികൂടം ചെരിഞ്ഞു വീണ് കിടക്കുന്നത് കണ്ടോ?

ഒരു പക്ഷെ മുകളിൽ നിന്ന് ആരോ വലിച്ചിഴച്ചു കൊണ്ടു വന്നിട്ടതായിരിക്കും.

ഫിലിപ്പോസെ അച്ഛൻ മരിച്ചിട്ട് ഇപ്പോൾ എത്ര വർഷമായി?.

മൂന്നുവർഷമായി മാഡം.

നമിത സ്കെൽട്ടൻ കണ്ടിട്ട് എത്ര വർഷം പഴക്കമുണ്ടെന്നാണ് തൊനുന്നത്.

അത് ഫോറൻസിക് പരിശോധനയിലൂടെ മാത്രമെ കൃത്യമായി പറയാൻ സാധിക്കുള്ളൂ.

ഒരു ശരീരം സ്കെൽട്ടൻ ആകുന്നത് മണ്ണിൻറെ ഘടനയും താപനിലയും അനുസരിച്ചാണ് മൂന്നാഴ്ച മുതൽ ചിലപ്പോൾ വർഷങ്ങളോളം എടുക്കും. ഇത് മണ്ണിൽ നേരിട്ട് കുഴിച്ചിട്ട ഒന്ന് കൂടി ആയതുകൊണ്ട് ഗസ്സ് ചെയ്യാൻ സാധിക്കില്ല.

ഫിലിപ്പോസെ അച്ഛന് എത്ര ഉയരമുണ്ടായിരുന്നു?

ജോണിനെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഏകദേശം ആ സാറിന്റെ ഉയരമുണ്ടെന്ന് ഫിലിപ്പോസ് മറുപടി പറഞ്ഞു.

മാഡം ഞാൻ 6.1 ഫീറ്റ് ഉണ്ട്.

നമിത ഈ സ്കെൽട്ടന്റെ ശരാശരി ഉയരം പറഞ്ഞുതരാമോ?

തുടയെല്ലിന്റെ അളവ് നോക്കി മൊത്തം ശരീരത്തിൻറെ  ഉയരം കണ്ടുപിടിക്കാൻ സാധിക്കും. ഒരു മിനിറ്റ് മാഡം ഞാനൊന്നു നോക്കട്ടെ.

അതിനിടയിൽ അനിത ഫിലിപ്പോസ്നോട് ചില കാര്യങ്ങൾ തിരക്കി.

ഫിലിപ്പോസെ… അച്ഛനെ ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ കുഴിച്ച് മൂടിയതാണെന്ന് ആരാണ് പറഞ്ഞത്. അല്ലെങ്കിൽ കണ്ടത്?

മഹേഷാണ് മാഡം. അവനാണ് എല്ലാരോടും പറഞ്ഞത്. അതൊരു നൊസ്സ് പയ്യനാണ്.

എന്നിട്ട് അന്നത്തെ അന്വേഷണത്തിൽ അച്ഛൻറെ ശരീരത്തിനു വേണ്ടി ഇവിടുത്തെ കുഴിമാടം ഒന്നും തോണ്ടി നോക്കിയില്ലേ?

നോക്കിയിരുന്നു മാഡം. സംശയമുള്ള കുറച്ചു കുഴിമാടങ്ങളൊക്കെ കുഴിച്ച് നോക്കിയിരുന്നു.

ത്രേസ്യാമ്മയുടെയൊ..?

അതിന് അച്ഛൻ മരിച്ചിട്ട് ഒന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ത്രേസ്യ മരിച്ചത്.

അപ്പോൾ അച്ഛൻ മരിച്ചിട്ടും ചർച്ച് ഉപയോഗിച്ചിരുന്നു അല്ലേ..?

അതെ…കളക്ടർ സാർ നമ്മുടെ ഇടവകയിൽ തന്നെയല്ലേ..

വിശ്വാസികളുടെ പ്രയാസം കണക്കിലെടുത്ത് അച്ഛനെ കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ. കർമ്മങ്ങളും മറ്റും നടത്താൻ പുതിയ അച്ഛനെ നിർത്തിയിരുന്നു.

പിന്നെയാ ഇവിടെ യോഹന്നാൻ അച്ഛൻറെ ആത്മാവിന്റെ ശല്യം തുടങ്ങിയത്.

…………

അപ്പോഴേക്കും അസ്ഥികൂടത്തിന്റെ ഉയരം കാൽക്കുലേറ്റ് ചെയ്ത് നമിത പറഞ്ഞു.

മാഡം.. ഏകദേശം ആറടിയോളം ഉയരം ഉള്ള പുരുഷൻറെ അസ്ഥികൂടം തന്നെയാണിത്..

ഫിലിപ്പോസെ ത്രേസ്യാമ്മയുടെ കല്ലറയിൽ യോഹന്നാൻറെ ശരീരം എങ്ങനെ വന്നു?…

അയ്യോ എനിക്കറിയില്ല മാഡം.. ഞാൻ ഒരു പാവമാണ്..

അങ്ങനെ ആയിരിക്കട്ടെ… അതും പറഞ്ഞ് ഫിലിപ്പോസിൻറെ തോളിൽ തട്ടി അനിത ചർച്ചിന്റെ മുന്നിൽ പോയി നിന്നു.

പിന്നാലെ മറ്റുള്ളവരും എത്തി.

മാഡം എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്.

എന്താ ജോണേ?

ഇവിടെ സിസിടിവി സ്ഥാപിച്ചത് കളക്ടർ മുൻകൈയെടുത്തിട്ടല്ലെ. അതിൽ കൃത്രിമം കാണിച്ചത് കളക്ടറുടെ അറിവോടെ ആയിരിക്കുമോ?.

അതുമാത്രമല്ല… ത്രേസ്യാമ്മയുടെ കല്ലറയിൽ നിന്ന് പുരുഷൻറെ അസ്ഥികൂടം കിട്ടുകയും ചെയ്തു.

ജോണെ എന്നെ ഈ അന്വേഷണ ചുമതല ഏൽപ്പിച്ചതും അതേ കളക്ടർ ഇടപെട്ടിട്ടാണ്.

ഒരാളിലേക്ക് സംശയം ഊന്നി അന്വേഷണം ഒതുങ്ങുമ്പോളാണ് പല കേസുകളും എവിടെയുമെത്താതെ അവസാനിക്കുന്നത്.

ജോണിനെ പോലെരാൾക്ക് കളക്ടറെ സംശയിക്കാം.. പക്ഷേ ഞാൻ കേരള പോലീസാണ്.

ചതുരംഗത്തിൽ ശത്രു ഒരു കരു നമുക്കെതിരെ നീക്കുമ്പോൾ നമ്മൾ പോലീസുകാർ അവനെതിരെ മനസ്സിൽ മൂന്ന് കരുക്കൾ നീക്കി കഴിഞ്ഞിട്ടുണ്ടാവും.

സോറി മാഡം … ഇനി എന്താണ് ചെയ്യേണ്ടത് .?

ജോണിൻറെ ആ ചോദ്യത്തിന് വളരെ സാവകാശം അനിത മറുപടി പറഞ്ഞു  ചർച്ചിന് അകത്ത് കയറുന്ന കാര്യം നോക്കാം..

ഒരുമണിക്കൂറോളം പ്രയത്നിച്ച് ചർച്ചിനകം അവർ അണുവിമുക്തമാക്കി.

അകത്തു കടന്നതും ഫിലിപ്പോസ്നോട് ചോദിച്ചു

അച്ഛന്റെ  രഹസ്യമുറി എവിടെയാണ്…

വാ…മാഡം ഞാൻ…കാണിച്ചുതരാം…

ചർച്ചിനകത്തെ ഒരു മൂലയിൽ കുറേ ചാക്കുകൾ കൂട്ടിയിരുന്നു.

ഫിലിപ്പോസ് അതെല്ലാംനീക്കിയപ്പോൾ താഴേക്കിറങ്ങി പോകാനുള്ള ഒരു വാതിൽ കണ്ടു. അതു തുറന്നു കൊടുത്ത് ഫിലിപ്പോസ് പറഞ്ഞു.

മാഡം ഈ പടിയിറങ്ങി കീഴെ പോയാൽ അച്ഛൻറെ രഹസ്യമുറി എത്തും .

പടിയിറങ്ങി വളരെ ഇടുങ്ങിയ വഴിയിലൂടെ അവർ കുറേ ദൂരം നടന്നു.

നടന്നു ചെല്ലുന്തോറും അവിടെ ഭയാനകമായി ഇരുട്ടു വ്യാപിച്ചു തുടങ്ങി.

കയ്യിലുണ്ടായിരുന്ന ടോർച്ച് തെളിച്ച് അനിത മുന്നിൽ തന്നെ നടന്നു.

ഒടുവിൽ അവർ ഒരു വാതിലിനു മുന്നിൽ എത്തി.

ജോൺ ഈ വാതിൽ ലോക്കാണ്..

തുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.

നോക്കട്ടെ മാഡം.

അനിത അല്പം മാറി കൊടുത്തു.. ജോൺ വാതിലിന്റെ ചുറ്റോടും നോക്കിയപ്പോൾ വാതിലിന് ചെറിയൊരു വിടവ് കണ്ടു

വിടവിലൂടെ ടോർച്ചിന്റെ വെളിച്ചം അകത്ത് തെളിച്ച് നോക്കിയ ജോൺ ആകെ അമ്പരന്നു..

മാഡം ഇതിനകത്ത് കമ്പ്യൂട്ടറും സാമഗ്രികളും ഒക്കെ ഉണ്ട്.

ഒരു പക്ഷേ ഇവിടുത്തെ ക്യാമറകളും റേഡിയോ സിഗ്നലുകളും എല്ലാം നിയന്ത്രിക്കുന്നത് ഇതിനകത്തു നിന്നായിരിക്കും.

വളരെ പ്രയാസപ്പെട്ട് അവർ വാതിൽ ചവിട്ടി തുറന്നു. അവിടെയെങ്ങും വല്ലാത്ത ദുർഗന്ധം പരന്നു തുടങ്ങി.

അകത്തുകടന്നതും അവരാകെ അസ്വസ്ഥരായി.

കസേരയിൽ ഇരുത്തി ചങ്ങലയിൽ ബന്ധിപ്പിച്ച നിലയിൽ രണ്ട് മൃതദേഹങ്ങൾ.

അവ ഏകദേശം അഴുകി അടഞ്ഞിരുന്നു.

ക്യാമറ നിയന്ത്രിക്കാനും റേഡിയോ സിഗ്നലുകൾ നൽകാനുമൊക്കെ ഉള്ള സംവിധാനങ്ങൾ അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.

ചില ലൈനുകൾ പരിശോധിച്ചശേഷം അനന്തൻ അസ്വസ്ഥതയോടെ പറഞ്ഞു. മാഡം ഇതിനകത്ത് വൈദ്യുതി പോലുമില്ല. കമ്പ്യൂട്ടറും സിസ്റ്റവും ഒക്കെ നിലച്ചിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു..

പിന്നെ എങ്ങനെയാണ് നമ്മുടെ ക്യാമറകൾ നിയന്ത്രിച്ചതും റേഡിയോ സിഗ്നലുകൾ പ്രവർത്തിച്ചതും…

തുടരും….

രചന: തൻസീർ ഹാഷിം.

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!