Skip to content

ഫാദർ യോഹന്നാൻ – 8 (അവസാന ഭാഗം)

father yohanan

പോലീസുകാർ ആകെ പരിഭ്രാന്തിയിലായി.

അവർ ചർച്ചിന്റെ പരിസരവും സെമിത്തേരിയും ടോർച്ച് തെളിച്ചു നോക്കുന്നുണ്ടായിരുന്നു.

അനിതയും റഹ്മാനും റൂം 2ലെ ഇൻവെർട്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഒരു പോലീസുകാരൻ ടോർച്ച് തെളിച്ചു നോക്കുന്നതിനിടയിൽ സെമിത്തേരിയിലെ ഒരു കല്ലറയുടെ അടുത്ത് ആളനക്കം ഉള്ളതായി തോന്നി.

ആരെടാ എന്നു നിലവിളിച്ചുകൊണ്ട് അയാൾ കല്ലറയുടെ അരികിലേക്ക് ഓടി.

മൺവെട്ടി കൊണ്ട് ആഞ്ഞടിക്കുന്ന ശബ്ദം കേട്ടാണ് മറ്റു പോലീസുകാരും അങ്ങോട്ട് നോക്കുന്നത്.

അപ്പോഴേക്കും ഓടിച്ചെന്ന പോലീസുകാരന് മൺവെട്ടി കൊണ്ടുള്ള അടികിട്ടി, തറയിൽ വീണു പിടയുന്നു ഉണ്ടായിരുന്നു.

മറ്റു പോലീസുകാർ അവിടേക്ക് ഓടിച്ചെല്ലുന്നതിനിടയിൽ ഏറ്റവും പിറകിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരന്റെ കഴുത്തിൽ  ചങ്ങലകൊണ്ട് കുരുക്കു വീണു.

അയാൾ അടുത്തുള്ള ആളെ പിടിക്കാൻ ശ്രമിച്ചെങ്കിലും അതിശക്തമായുള്ള വലിയിൽ, തെറിച്ച് പിറകിൽ ഉണ്ടായിരുന്ന കല്ലറയിൽ തല ഇടിച്ച് രക്തം വാർന്ന് പിടയാൻ ആരംഭിച്ചു.

പരിഭ്രാന്തരായി പോലീസുകാർ തലങ്ങുംവിലങ്ങും ഓടുന്നുണ്ടായിരുന്നു.

യോഹന്നാൻ മറഞ്ഞുനിന്ന് ഓരോരുത്തരെയായി മൺവെട്ടി കൊണ്ട് ഇടിച്ചു വീഴ്ത്താൻ ആരംഭിച്ചു.

ഒച്ചയും ബഹളവും കേട്ട് അനിതയും റഹ്മാനും റിവോൾവറും ആയി പുറത്തേക്കിറങ്ങി.

ടോർച്ച് തെളിച്ച് നോക്കിയ അവർ കണ്ടത്,

ഒരു കല്ലറയുടെ മുകളിൽ നിന്ന് യോഹന്നാൻ നീളമുള്ള ചങ്ങല വട്ടം കറക്കുന്നതാണ്. പരിഭ്രാന്തരായി ഓടുന്ന പോലീസുകാരുടെ ദേഹത്ത് ചങ്ങല കൊള്ളുകയും തെറിച്ചു വീഴുകയും ചെയ്യുന്നു.

അനിത ഓടിച്ചെന്ന് യോഹന്നാന് നേരെ വെടിയുതിർത്തു.

അപ്പോഴേക്കും ചങ്ങലയുടെ പിടുത്തം കയ്യിൽനിന്നും അയാൾ വിട്ടുകളഞ്ഞു.

അത് കറങ്ങിത്തിരിഞ്ഞ് അനിതയുടെ ദേഹത്ത് വന്നിടിച്ചു.

അനിത തറയിൽ വീണെങ്കിലും

വീണ്ടും എഴുന്നേറ്റ് യോഹന്നാൻ നേരെ വെടിയുതിർത്തു.

കല്ലറയുടെ മുകളിൽ നിന്ന് ഒരു പോലീസുന്റെ ദേഹത്ത് ചാടിവീണ് കഴുത്തിൽ കടിച്ചു.

നിമിഷനേരംകൊണ്ട് ആയാൾ ഓടി  മറ്റൊരു പോലീസുകാരന്റെ ദേഹത്ത് ചാടിക്കയറി അക്രമിക്കാൻ ആരംഭിച്ചു.

കയ്യിലുണ്ടായിരുന്ന കൂർത്ത മരത്തടി കൊണ്ട് അതിവേഗം കുത്തി മുറിവേൽപ്പിക്കുന്നുമുണ്ടായിരുന്നു.

പലയിടങ്ങളിലായി പോലീസുകാർ ചിതറി ഓടാൻ ആരംഭിച്ചു.

അനിത നിലവിളിച്ചു പറയുന്നുണ്ടായിരുന്നു.

ആരും പരിഭ്രാന്തരാകരുത്..

അത് അവനെ കൂടുതൽ അക്രമകാരി ആക്കും.

ദയവായി എല്ലാവരും ഒരുമിച്ചു നിൽക്ക്.

പല പോലീസുകാരുടെയും കയ്യിലുണ്ടായിരുന്ന ടോർച്ച് നഷ്ടപ്പെട്ടിരുന്നു.

യോഹന്നാൻറെ അട്ടഹാസവും പോലീസുകാരുടെ നിലവിളിയും അവിടെ മുഴങ്ങിക്കൊണ്ടിരുന്നു…

യോഹന്നാനെ പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയൊക്കെ നിഷ്പ്രയാസം ഇടിച്ചു തെറിപ്പിക്കുന്നു ഉണ്ടായിരുന്നു.

അനിതയും റഹ്മാനും കളത്തിലിറങ്ങി.

പരിക്കുപറ്റിയ ചില പോലീസുകാരെ ജീപ്പിൽ കയറ്റി വിട്ടു.

യോഹന്നാനെ കീഴ്പ്പെടുത്താൻ സാധിക്കില്ല എന്ന് മനസ്സിലാക്കി പോലീസുകാർ അടുത്തുള്ള കാട്ടിലേക്ക്  ഓടിപ്പോകാൻ ആരംഭിച്ചു. അവർക്കു പിന്നാലെ ഒരു ഭ്രാന്തനെപ്പോലെ യോഹന്നാനും ഓടി.

ബാക്കിയുണ്ടായിരുന്നു കുറച്ച് പോലീസുകാരെ ചർച്ചിന് അകത്ത് കയറ്റി.

ഒരാളും പുറത്തിറങ്ങരുത്.

നിങ്ങളൊക്കെ എവിടുത്തെ പോലീസുകാരാണ്.

അത്.. മാഡം.

ഷട്ടപ്പ്…

ദേഷ്യം സഹിക്കവയ്യാതെ  അനിത ചർച്ചിന്റെ  ഭിത്തിയിൽ ആഞ്ഞടിച്ചു.

റഹ്മാനെ നീ റെഡിയാണോ.. ഇവരെയും കൊണ്ട്  ഇറങ്ങിയാൽ നടക്കില്ല..

പോലീസുകാരാണ് പോലും .. ഇവന്മാർക്കൊന്നും നേരാംവണ്ണം ഉള്ള ട്രെയിനിങ് പോലും കൊടുത്തിട്ടില്ല.. ചുമ്മാ ശമ്പളവും വാങ്ങി..  ച്ചെ….

പോലീസുകാരെ അകത്താക്കി അനിത ചർച്ചിന്റെ വാതിലടച്ചു..

റഹ്മാനെ നിനക്ക് പേടിയുണ്ടോ?.

മാഡം.. എന്തിനും ഞാൻ കൂടെയുണ്ട്.

ഭയന്നു  ജീവിക്കുന്നതിലും  അന്തസ്സ്. പൊരുതി മരിക്കുന്നതിലാണ്.

വാ…..

ഓടിപ്പോയ പോലീസുകാരെ കണ്ടത്തണം..

എന്തും സംഭവിക്കാം..‌ ബി കെയർഫുൾ…

സെമിത്തേരിയുടെ ചുറ്റുമുള്ള കാട്ടിൽ അനിതയും റഹ്മാനും ടോർച്ചുമായി തിരച്ചിൽ ആരംഭിച്ചു.

ദൂരെ നിന്നും ചില നിലവിളി ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.

കൊഴിഞ്ഞുവീണ ഇലകളിലും  വഴികളിലും മരങ്ങളിലും എല്ലാം അങ്ങിങ്ങായി രക്തം കിടപ്പുണ്ട്..

പോലീസ് യൂണിഫോമിന്റെ ഭാഗങ്ങളും പൊട്ടിയ ടോർച്ചും ഷൂസും അങ്ങിങ്ങായി ചിതറി കിടപ്പുണ്ട്.

മുന്നോട്ടു നീങ്ങും തോറും അവരുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.

കൊന്ന് വികൃതമാക്കിയ പോലീസുകാരുടെ മൃതദേഹങ്ങൾ കണ്ടുതുടങ്ങി.

മാഡം….

അവൻ ഒരാളെയും വെറുതെ വിടില്ല.

അറിയാം… അവനെ കൺമുന്നിൽ കിട്ടിയാൽ കൊന്നുകളയണം …

കീഴ്പ്പെടുത്താനൊ ജീവനോടെ പിടിക്കാനൊ നമുക്കാവില്ല.

കാരണം അവൻ ഉപബോധമനസ്സിന് അടിമപ്പെട്ട് ഏറ്റവും അപകടകരമായ  അവസ്ഥയിൽ നിൽക്കുകയാണ്.

ഓരോ ചുവടും അനിതയും റഹ്മാനും ഭയത്തോടെ മാത്രമാണ് മുന്നോട്ടുവച്ചത്.

ഏതു നിമിഷവും ഏതു ഭാഗത്തുനിന്നും യോഹന്നാന്റെ അറ്റാക്കിങ് പ്രതീക്ഷിക്കാം.

പെട്ടെന്ന് ബഹളവും നിലവിളിയും ഒക്കെ നിലച്ചു..

ഓരോ അടി മുന്നോട്ടു വയ്ക്കുമ്പോഴും അവർ ചുറ്റിനും ടോർച്ച് തെളിച്ചു നോക്കി.

ചെറിയ കരിയിലയുടെ ശബ്ദം പോലും അവരെ അലോസരപ്പെടുത്തി.

മേഘാവൃതമായ ആ രാത്രിയിൽ കാട്ടിൽ എങ്ങും ഭയാനകമായ ഇരുട്ടായിരുന്നു.

ടോർച്ചിന്റെ വെളിച്ചം പോലും പര്യാപ്തമല്ലെന്ന് അവർക്ക് തോന്നി..

മാഡം ശബ്ദം ഒന്നും കേൾക്കുന്നില്ല

അവൻ എല്ലാവരെയും തീർത്തു കാണും.

സംസാരിച്ചുകൊണ്ടിരുന്ന റഹ്മാനെ അനിത തടഞ്ഞു

റഹ്മാൻ നീ ശബ്ദം ഉണ്ടാക്കരുത്…

ശ്വസിക്കുന്നത് പോലും സൂക്ഷിച്ചു വേണം .. ചെറിയ ശബ്ദങ്ങൾ പോലും നമ്മെ അപകടത്തിൽ എത്തിക്കും..

നേർത്ത  കാൽനടയുടെ ശബ്ദം  കേട്ട ഉടൻ അനിത നിശബ്ദത പാലിക്കാൻ റഹ്മാനെ നോക്കി ആംഗ്യം കാണിച്ചു…

മൺവെട്ടി തറയിൽ ഉരസുന്ന ശബ്ദവും അവർക്ക് കേൾക്കാമായിരുന്നു.

അവരിരുവരും ഒരു നിമിഷം നിന്നു …

ചുറ്റിലും ടോർച്ച് തെളിച്ചു നോക്കി…

റഹ്മാൻ ശരിക്കും ഭയന്നു തുടങ്ങിയിരുന്നു

അവൻ അനിതയൊട്  കൂടുതൽ ചേർന്നു നിന്നു..

പെട്ടെന്ന് എവിടെനിന്ന് എന്നറിയാത്ത ഒരു അട്ടഹാസം കേട്ടു…

അവർ ചുറ്റിലും ടോർച്ച് തെളിച്ചു നോക്കുന്നുണ്ട് എങ്കിലും ആരെയും കണ്ടില്ല..

“ഹ ഹ ഹ…. നിന്റെ നിഴൽ….

നിൻറെ കാൽക്കീഴിൽ ഒളിക്കുന്ന സമയം… ഹ ഹ ഹ

ആ വാചകം കേട്ടയുടൻ അനിത റഹ്മാൻ നോട് പറഞ്ഞു.

റഹ്മാൻ നീ ഭയപ്പെടരുത്.. അവൻ ഈ ചുറ്റുവട്ടത്ത് തന്നെയുണ്ട്…

നമ്മളിലെ ഭയമാണ് അവൻറെ ആയുധം..

“നിൻറെ ഓരോ വേരുകളും ഞാൻ അറുത്തു കഴിഞ്ഞു.

ഇനി നിൻറെ നിഴലാണ്…. അവൻ മരണഭയം കൊണ്ട് നിന്റെ കാൽകീഴിൽ ഒളിച്ചു നിൽക്കുന്നത് നീ അറിഞ്ഞില്ലേ. ഹ … ഹ… ഹ…”

ശബ്ദം കേൾക്കുന്നത് എവിടെ നിന്നാണെന്ന്  മനസ്സിലാക്കാതെ വന്നപ്പോൾ റഹ്മാൻ വെപ്രാളപ്പെട്ട്  ചുറ്റിലും വെടിയുതിർത്തുതുടങ്ങി..

ഒടുവിൽ അനിത തടഞ്ഞു..

റഹ്മാൻ പ്ലീസ്….

നീ ഭയപ്പെടരുത്…

എവിടെ…. എന്റെ കൈകാലുകൾ ബന്ധിച്ച് ആർക്കൊ മുന്നിൽ കൊണ്ടുപോയി ഇട്ടുകൊടുക്കും എന്ന് പറഞ്ഞില്ലേ…? എവിടെ…?

യോഹന്നാൻ… ഒളിച്ചിരുന്നു പോരാടുന്നത് ഭീരുക്കളാണ്..

ഹ ഹ ഹ….. ആയുധം എടുക്കുന്നതും ഭീരുക്കളാണ്…

റഹ്മാനേ.. കയ്യിൽ റിവോൾവർ ഉള്ളപ്പോൾ അവൻ മുന്നിൽ വരില്ല.

എത്ര മണിക്കൂറുകൾ വേണമെങ്കിലും മറഞ്ഞിരുന്നു അവസരം കിട്ടുമ്പോൾ നമ്മളെ കൊല്ലും.

മാഡം.. റിവോൾവർ ഒഴിവാക്കരുത്..

റഹ്മാന്റെ കയ്യിലുള്ള റിവോൾവർ പിടിച്ചുവാങ്ങി…  കയ്യിലുണ്ടായിരുന്ന റിവോൾവറും ചേർത്ത്.. കാട്ടിൽ വലിച്ചെറിഞ്ഞു…

റിവോൾവർ ഒഴിവാക്കിയ ഉടൻ

വലതു ഭാഗത്തു നിന്നും ചെടികൾ അനങ്ങി തുടങ്ങി…

അനിത ടോർച്ച് അങ്ങോട്ട് തെളിച്ചു..

ചെടികൾ നീക്കി…

രക്തം പുരണ്ട കൈകൾ ആദ്യം വെളിയിൽ കണ്ടു.

പിന്നെ രക്തത്തിൽ മുങ്ങിയ ലോഹയും ധരിച്ച് മൺവെട്ടിയും കയ്യിലേന്തി യോഹന്നാൻ വെളിയിൽ വന്നു…

പക്ഷേ അനിത വിചാരിച്ചതിലും അതിവേഗത്തിൽ  അവർക്കുമുന്നിൽ പാഞ്ഞടുത്തു..

മൺവെട്ടി കൊണ്ട്  റഹ്മാന്റെ തലയിൽ‌ ആഞ്ഞടിച്ച് വീണ്ടും കാട്ടിലേക്ക് മറഞ്ഞു..

ഇടികൊണ്ട് റഹ്മാൻ തറയിൽ വീണു…

അനിത എടുത്തു ഉയർത്താൻ ശ്രമിക്കവെ യോഹന്നാൻ അലമുറയിട്ട് ചാടിവന്ന് അനിതയെ ചവിട്ടി തെറിപ്പിച്ചു..

അനിത എഴുന്നേറ്റെങ്കിലും യോഹന്നാൻ വീണ്ടും കാട്ടിലേക്കും മറഞ്ഞിരുന്നു..

തറയിൽ വീണ് പിടയുകയായിരുന്ന റഹ്മാന്റെ അരികിലേക്ക് ചെല്ലാൻ ശ്രമിക്കവെ.

കാട്ടിനുള്ളിൽ നിന്നും  ചാടി വന്ന് റഹ്മാന്റെ കഴുത്തിൽ മുറിവേൽപ്പിച്ച് മൺവെട്ടി അനിതയുടെ ദേഹത്ത് വീശി..

ആയുധമില്ലാതെ യോഹന്നാനെ നേരിടുന്നത് അപകടമാണ് എന്ന് മനസ്സിലാക്കി അനിത റിവോൾവർ കളഞ്ഞ ഇടത്തെക്ക് വെപ്രാളപ്പെട്ട് ഓടി ചെന്നു..

ആ അവസരത്തിൽ  റഹ്മാന് മേലെ ചാടി വീണ് മൂർച്ചയുള്ള തടിക്കഷ്ണം കൊണ്ട് ശരീരം കുത്തി കീറാൻ തുടങ്ങി…

അനിത റിവോൾവർ തിരഞ്ഞു എങ്കിലും.. കിട്ടിയില്ല…

റഹ്മാന്റെ ശ്വാസം നിലച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം  വീണ്ടും കാട്ടിലേക്ക് മറഞ്ഞു…

തറയിൽ മുട്ടിലിഴഞ്ഞ് റിവോൾവർ തിരഞ്ഞു കൊണ്ടിരുന്ന അനിതയുടെ മുന്നിൽ ആരോ നിൽക്കുന്നതായി കണ്ടു…

മുകളിലേക്ക് നോക്കിയതും

കയ്യിലുണ്ടായിരുന്ന മൺവെട്ടി കൊണ്ട് അനിതയുടെ തലയിൽ ആഞ്ഞടിച്ചു…

ഇടി കൊണ്ട ഉടനെ തളർന്നുവീണു…

മുടി ചുരുട്ടിപ്പിടിച്ച് വലിച്ചിഴച്ച് കല്ലറയുടെ അരികിലേക്ക് കൊണ്ടുപോയി…

അപ്പോഴാണ് ചർച്ചിനകത്ത് നിന്നും ശബ്ദം കേൾക്കുന്നത്..

മാഡം വാതിൽ തുറക്കുമോ…

അനിതയെ കല്ലറയുടെ മുകളിൽ ഉപേക്ഷിച്ച്..

ചർച്ചിനു മുന്നിൽ ചെന്ന് ഡോർ ചവിട്ടി തുറന്നു…

ചെറുത്തു നിൽക്കുന്നതിനുമുമ്പ് തന്നെ കയ്യിലുണ്ടായിരുന്ന മൺവെട്ടി വീശിവീശി ചർച്ചിനകത്ത് ഉണ്ടായിരുന്ന പോലീസുകാരെ അടിച്ചു വീഴ്ത്താൻ തുടങ്ങി.

പിടിക്കാൻ ശ്രമിച്ചവരെ മൂർച്ചയുള്ള മരത്തടി കൊണ്ട് കുത്തി വീഴ്ത്തി.

തോക്കുപയോഗിച്ച് വെടിവെക്കാൻ ശ്രമിച്ചെങ്കിലും. അതിവേഗത്തിൽ ചാടി അയാളെ കീഴ്പ്പെടുത്തി തല തല്ലി പൊളിച്ചു.

ഒരാളെ പോലും ബാക്കി വയ്ക്കാതെ യോഹന്നാൻ അവിടെ താണ്ഡവമാടി…

അവസാന പൊലീസുകാരന്റെയും ശ്വാസം നിലച്ചപ്പോൾ.

കറുത്ത കോട്ട് ധരിച്ച ഒരാൾ കൈകൾ കൊട്ടി ചർച്ചിനകത്തേക്ക് കടന്നു വന്നു.

പാപികളുടെ കാൽപെരുമാറ്റം

ദേവലോകത്തെ അസ്വസ്ഥമാകും ….

പാപങ്ങൾ ചെയ്യുന്നവനെ ദൈവം കഠിനമായി ശിക്ഷിക്കും.

പാപികളെ ശിക്ഷിക്കാൻ ദൈവം നിയോഗിച്ചത് നിന്നെയാണ് യോഹന്നാൻ….

ചില വചനങ്ങൾ ഉച്ചരിച്ചുകൊണ്ട് അയാൾ യോഹന്നാൻറെ അരികിലേക്ക് നടന്നു..

അതുവരെ പ്രകോപിതനായിരുന്ന യോഹന്നാൻ. പേടിച്ചുവിറച്ച്  അയാളുടെ കാൽക്കൽ വീണ് പൊട്ടിക്കരയാൻ ആരംഭിച്ചു..

ഇവനെ പിടിച്ച് ജനറേറ്റർ റൂമിലെ സെല്ലിനകത്ത് പൂട്ടിയിട്..

പിന്നെ അവളെയും ജനറേറ്റർ റൂമിൽ കൊണ്ടുവാ…

കൂടെയുണ്ടായിരുന്ന രണ്ടു പേർ  യോഹന്നാനെ ജനറേറ്റർ റൂമിലെ സെല്ലിൽ അടച്ചു.

അനിതയെ അവിടെ കൊണ്ടുപോയി കസേരയിലിരുത്തി ദേഹമാസകലം കയറുകൊണ്ട് വരിഞ്ഞു കെട്ടി…

മണിക്കൂറുകൾക്കുശേഷം അനിത മെല്ലെ കണ്ണു തുറന്നു. മങ്ങിയ കാഴ്ചയിൽ തൻറെ മുന്നിൽ ആരോ നിൽക്കുന്നതായി കണ്ടു.

ഉണർന്നുവോ മിസ് അനിതാ വിശ്വനാഥൻ…

കസേരയിൽ കെട്ടിയിരുന്ന കൈ അനിത ബലമായി ഊരാൻ ശ്രമിച്ചു.

ഹ.. ഹ.. കാട്ടുപോത്തിനെ മെരുക്കി കെട്ടുന്ന കയറാണ് അതൊക്കെ വലിച്ചു പൊട്ടിക്കനുള്ള കരുത്ത് ഉണ്ടോ..തനിക്ക്..?

ആരാടോ താൻ…?

അനിത ശരീരം മുഴുവനും ഇളക്കി ദേഷ്യത്തോടെ അയാളോട് ചോദിച്ചു…

വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് അടുത്തുള്ള ടേബിളിൽ ഉരസി തീ അണച്ചതിനുശേഷം.. അനിതയെ കെട്ടിയ കസേരയിൽ ചവിട്ടി നിന്നുകൊണ്ട് പറഞ്ഞു..

ഒരു പാവം ഡോക്ടർ ആണെ..

വീട്ടിൽ വിളിച്ച് അന്വേഷിച്ചിരുന്നു എന്ന് പറഞ്ഞു..

ഒന്നു നേരിൽ കാണാൻ വന്നതാ..

നീ റെജിയാണോ…?

കണ്ടുപിടിച്ചു കളഞ്ഞു…

ചിരിക്കുകയായിരുന്ന റെജിയൊട് അനിത ചോദിച്ചു…  നീ എന്തിനാ എന്നെ കൊല്ലാതെ ബാക്കി വച്ചത്..

അനിതയുടെ കസേര പിടിച്ചുകുലുക്കിയതിനുശേഷം റെജി പറഞ്ഞു.. നിൻറെ ശത്രുവിന്…….. നിന്നോട് ചിലത് പറയാനുണ്ട്..

ആർക്ക്..?

ധൃതി കാണിക്കല്ലേ….വന്നോളും…

അതിനുമുമ്പ് എൻറെ റോൾ അറിയണ്ടേ…

കസേരയുടെ ചുറ്റും വട്ടം കറങ്ങി കൊണ്ട്  റെജി തുടർന്നു പറഞ്ഞു..

മഹേഷ് ഫിലിപ്പോസ് മാഡം നിങ്ങളെ ഒന്ന് കാണട്ടെ.. ഇങ്ങ് വാ

മുറിയിലെ ഇരുട്ടിൽ മറഞ്ഞു നിന്നിരുന്ന മഹേഷും ഫിലിപ്പോസും റെജിയുടെ പിറകിൽ വന്നു നിന്നു.

അനിത ആകെ ഞെട്ടിത്തരിച്ചു…

ഞെട്ടാൻ വരട്ടെ മാഡം.. യോഹന്നാൻ അച്ഛനെ കൊന്ന് ത്രേസ്യാമ്മയുടെ കല്ലറയിൽ കൊണ്ടിട്ടത് ഇവന്മാരാാ…

അതും ഞാൻ പറഞ്ഞിട്ട്…

അതിൽ എനിക്ക് എന്താ ലാഭം എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ…?

ഉണ്ട്… കൊടിയ പക…

20 വർഷങ്ങൾക്കു മുൻപ്.. ഈ നാട്ടിലെ ഏറ്റവും പ്രമാണി ആയിരുന്നു.. എൻറെ അപ്പൻ മാത്യു..

ഇന്നീ കിടക്കുന്ന പള്ളിയും സെമിത്തേരിയും ഈ ചുറ്റുവട്ടത്തുള്ള എല്ലാം  അപ്പന്റെ പേരിലുള്ള വസ്തുവകകൾ ആതിരുന്നു.

അമ്മ മരിച്ചിട്ടും ഒരു ബുദ്ധിമുട്ടും അറിയാത്ത ആഡംബരജീവിതം ആയിരുന്നു എന്റെത്. വാഹനവും പരിചാരകരും എന്നുവേണ്ട…

ആഗ്രഹിച്ചതെല്ലാം എൻറെ കാൽക്കീഴിൽ ഉണ്ടായിരുന്നു.

അവിടെയാണ് വില്ലനായ സെബാസ്റ്റ്യൻ എൻറെ അപ്പന്റെ കൂടെ കൂട്ടുന്നത്.

ആളെ മനസ്സിലായൊ..? നമ്മുടെ ഇന്നത്തെ കളക്ടർ…..

അയാൾ അപ്പനിൽ ആത്മീയ ചിന്തകൾ കുത്തിനിറച്ച്.

ഭൗതിക സുഖങ്ങൾ വെടിഞ്ഞ‌ തികഞ്ഞ ആത്മീയ പുരുഷനാക്കി മാറ്റി..

പണവും സമ്പാദ്യവും എല്ലാം ദൈവത്തിനു വേണ്ടി ചിലവഴിച്ചു തുടങ്ങി.

പള്ളിയും സെമിത്തേരിയും പണിതു നൽകി.

എല്ലാ സ്വത്തുക്കളും പള്ളിക്കായി സമർപ്പിച്ചു.

ശക്തനായ ഒരു പുരോഹിതനേയും ഇവിടെ കൊണ്ടു വന്നു.

യോഹന്നാൻ.. അയാൾ ജീവിതം തന്നെ ജനങ്ങൾക്കായി സമർപ്പിച്ച ആളായിരുന്നു.

അന്നെനിക്ക് 16 വയസ്സ്…

അതുവരെ ആഡംബര ജീവിതം നയിച്ചിരുന്ന ഞാൻ പള്ളിയുടെ ഔദാര്യത്തിൽ പഠിച്ചു വളരുന്ന അനാഥരുടെ കൂട്ടമായി മാറി.

മതവും ജാതിയും നോക്കാതെ യോഹന്നാൻ പള്ളിയുടെ സമ്പാദ്യത്തിൽനിന്ന് നാട്ടുകാരെ അകമഴിഞ്ഞു സേവിച്ചു..

കൈകൂപ്പി വന്നവരെ മടക്കി അയച്ചില്ല. വീട്,ഭക്ഷണം,ജോലി, എല്ലാം നൽകി.

എനിക്കു മാത്രം അവകാശപ്പെട്ട എൻറെ അപ്പൻറെ കാശ്  കണ്ടവർക്കൊക്കെ വീതിച്ചു കൊടുക്കുന്നത് കണ്ടപ്പോ പകയായിരുന്നു.. ഉള്ളിൽ…എല്ലാവരോടും…

ആ പക മെല്ലെ ദൈവത്തോടുള്ള വെറുപ്പായി..

ആരും കാണാതെ രാത്രികളിൽ പള്ളിയുടെ കുരിശ് തകർത്തെറിയും.

സെമിത്തേരിയിലെ കല്ലക്കളിലെ കുരിശുകളുടെ ആയുസ്സും ദിവസങ്ങൾ മാത്രമായിരുന്നു.

പലതവണ പള്ളിയുടെ കുരിശ് മാറ്റി പണിതു.

അതൊക്കെ രാത്രിയുടെ മറവിൽ ഞാൻ തകർക്കുക തന്നെ ചെയ്തു.

മെല്ലെ മെല്ലെ ജനങ്ങളിൽ അത് ഭീതി ഉണ്ടാക്കി തുടങ്ങി. അങ്ങനെ കുരിശില്ലാ പള്ളി എന്ന പേരും കിട്ടി.

അവരുടെ ഭയം കാണുന്നത് എനിക്ക് വലിയ ഹരമായിമാറി.

അതാണ് സൈക്കോളജി പഠിക്കാൻ എനിക്കുണ്ടായ പ്രചോദനം.

വർഷങ്ങൾ ഞാനെൻറെ പക ഉള്ളിലൊതുക്കി.

പണവും സമ്പാദ്യവും സ്വയം ഉണ്ടായപ്പോൾ.

എൻറെ കൂടെ അനാഥാലയത്തിൽ വളർന്ന മഹേഷിനെ ഞാൻ കൂട്ടുപിടിച്ചു.

പണം കൊടുത്താൽ എന്തും ചെയ്യുന്ന കപ്യാര് ഫിലിപ്പോസിനേയും കയ്യിലെടുത്തു.

ആദ്യം എന്റെ അപ്പനെ തന്നെ സ്വർഗ്ഗത്തിൽ അയച്ചു..

പിന്നെ യോഹന്നാൻ അച്ഛനെയും.

പിന്നെയുള്ള ശത്രു സബാസ്റ്റ്യൻ ആയിരുന്നു.

അപ്പോഴേക്കും അയാൾ വളർന്ന് കളക്ടറുടെ കസേരയിൽ എത്തിയിരുന്നു.

അയാളെ ഒതുക്കാൻ ഞാൻ വിചാരിച്ചാൽ സാധിക്കില്ല എന്ന് മനസ്സിലായി.

ശക്തനായ ഒരു കൂട്ടാളിയെ എനിക്കു വേണം. അതിനുള്ള അന്വേഷണത്തിനൊടുവിൽ ഞാൻ ഒരാളെ കണ്ടെത്തി.

നിനക്ക് അയാളെ… കാണേണ്ടേ..?

സാറെ….

അനിത നോക്കിനിൽക്കെ അയാൾ ഇരുട്ടിൽ നിന്നും കറുത്ത കോട്ടും ധരിച്ച് പുറത്തേക്ക് വന്നു..

അയാളെ കണ്ടതും അനിതി ഒന്നു ഞെട്ടി..

വിശ്വനാഥൻ….

ഹ. ഹ.. ഹ.. എന്താ മോളെ ഞെട്ടിപ്പോയൊ..

ഇവനൊരു പകയുടെ കണക്ക് പറഞ്ഞില്ലേ..

എനിക്കും ചിലത് പറയാനുണ്ട്.

അത് അറിഞ്ഞതിനുശേഷം.. മോൾക്ക് സ്വർഗ്ഗത്തിലേക്ക് പോകാം.

അനിത കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു ..‌ ഓടിച്ചെന്ന് വിശ്വനാഥൻ കസേര ചവിട്ടി താഴെയിട്ടു.

വീണുകിടന്ന അനിതയുടെ കഴുത്തിൽ കാലുകൊണ്ട് ഞെരിച്ചു.

ശ്വാസം കിട്ടാതെ പിടയാൻ ആരംഭിച്ചപ്പോ കാൽ പതിയെ എടുത്തു.

അടങ്ങ്… അടങ്ങ്… തള്ളേയെ പോലെ തന്നെയാണ് നീയൂം..

നിനക്ക് അറിയാത്ത ഒരു ചരിത്രം പറഞ്ഞു തരാം

ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ടായിരുന്നു നിൻറെ അമ്മ ഭാഗ്യലക്ഷ്മിക്ക്.

വെറും ഹെഡ്കോൺസ്റ്റബിളായിരുന്ന എനിക്ക് ഐജി പൊസിഷനിൽ ഇരിക്കുന്ന നിൻറെ അമ്മയോട് ഒരു പ്രണയം.

പക്ഷേ നിൻറെ അമ്മ വിവാഹിതയായിരുന്നു.

അഡ്വക്കേറ്റ് ബാലചന്ദ്രൻ അതായിരുന്നു നിൻറെ അച്ഛൻ.

ഒരു ചെറിയ ആക്സിഡൻറിൽ ഞാൻ അയാളെ തീർത്തു.

സഹതാപം പിടിച്ചു പറ്റി പിടിച്ചുപറ്റി.. അവസാനം നിൻറെ അമ്മയുടെ മനസ്സിൽ ചേക്കേറി…

ഞാൻ വിവാഹം കഴിക്കുമ്പോൾ നിനക്ക് രണ്ട് വയസ്സ്. ചരിത്രമൊന്നും മകളെ അറിയിക്കരുത് എന്നും എനിക്ക് മകളെപ്പോലെ വളർത്തണമെന്നും ഒക്കെ പറഞ്ഞു സിമ്പതി ഉണ്ടാക്കി.

ഭാര്യയുടെ പദവി ദുർവിനിയോഗം ചെയ്തും വ്യാജരേഖകൾ ഉണ്ടാക്കിയും പോലീസിലും ഞാൻ സ്ഥാനക്കയറ്റം ഉണ്ടാക്കി കൊണ്ടേയിരുന്നു..

മെല്ലെ മെല്ലെ എൻറെ എല്ലാ കൊള്ളരുതായ്മകളും അവൾ മനസ്സിലാക്കി തുടങ്ങിയിരുന്നു.

സ്വത്തുക്കളൊക്കെ നിന്റെ പേരിൽ അമ്മ ഭദ്രമാക്കി.

കുറേക്കാലം പട്ടിയെപ്പോലെ അവൾക്ക് പിന്നിൽ നടന്നു . അവസാനം ആയിരുന്നു ഞാൻ കാര്യങ്ങൾ അറിയുന്നത്.

എല്ലാം അറിയുമ്പോഴേക്കും നീ വളർന്നു എനിക്കു മുകളിൽ ഐപിഎസ് റാങ്കുകാരിയായി എന്നെക്കൊണ്ട് സെല്യൂട്ട് അടിപ്പിച്ചു.

പകയാടി തള്ളയോടും മോളോടും.. നിൻറെ അമ്മ മരണപ്പെട്ടതിനു‌ പിന്നിലും എൻറെ കരങ്ങൾ ഉണ്ട്.

അവൾ എല്ലാം നിന്നെ അറിയിക്കാൻ ഇരിക്കുകയായിരുന്നു. വിടുമോ ഞാൻ.. അവളെ അങ്ങ് തീർത്തു കളഞ്ഞു.

പിന്നെ നിന്നെ തീർക്കാൻ ഒരു അവസരം നോക്കി നിൽക്കുകയായിരുന്നു.

തള്ളയുടെയും മകളുടെയും കയ്യിൽനിന്നും ഒന്നും കിട്ടില്ല എന്നു മനസ്സിലാക്കിയപ്പോൾ റെജിയുടെ കൂടെ ചേർന്ന്  ഈ സെമിത്തേരിയിൽ പല ഉന്നതർക്കും വേണ്ടി മൃതദേഹങ്ങൾ മറവുചെയ്തു നൽകി.

അതിലൂടെ കോടികൾ ഉണ്ടാക്കി..

ഇവർക്കിടയിൽ ഞാൻ വരുമ്പോൾ

മഹേഷിനെ യോഹന്നാനാക്കി ആൾക്കാരെ പേടിപ്പിച്ചു കളിക്കുകയായിരുന്നു ഈ റെജി..

എൻറെ കുരുട്ടുബുദ്ധി കൂടിച്ചേർന്നപ്പോൾ ഞങ്ങൾ കൂടുതൽ കരുത്തരായി.

നിൻറെ ഇൻവെസ്റ്റിഗേഷൻ ടീമിൽ മഹേഷിനെ ജോണായി കയറ്റാൻ കരുക്കൾ നീക്കിയത് ഞാനാണ്..

കാലത്ത് ഫോൺ വിളിച്ചു കിട്ടാതായപ്പോൾ വേവലാതിപ്പെട്ടു പോലീസുകാരെയും കൂട്ടി വന്നതല്ല. എനിക്കും റെജിക്കും മഹേഷിനെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ എല്ലാം തീർത്തു കാണും എന്നുകരുതി നിൻറെയൊക്കെ ശവം എടുക്കാൻ വന്നതാ…

പക്ഷേ നിൻറെ അപാരമായ ബുദ്ധിക്ക് മുന്നിൽ… ഞങ്ങൾ തോറ്റു പോയി.

ആ സെല്ലിൽ കിടക്കുന്നത് ആരാണെന്നറിയാമോ..?

യോഹന്നാൻ അച്ഛൻറെ ഒരേയൊരു സഹോദരൻ മാർക്കോസ്…

ഇരട്ടകളാണ്….

ഒരാൾ ദൈവത്തിൻറെ മാർഗ്ഗം സ്വീകരിച്ചു പോയപ്പോൾ. മറ്റേയാൾ കള്ളും കഞ്ചാവുമായി നടന്നു.

ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയതാണ് അവനെ.

ഒരു മനശാസ്ത്രജ്ഞന് രോഗിയെ ചികിത്സിച്ച് ഭേദമാക്കാൻ മാത്രമല്ല.

ഒരാളുടെ ഉപബോധമനസ്സിൽ വിഷം കുത്തിനിറച്ച് ഒരു സൈക്കോ ആക്കി മാറ്റാനും സാധിക്കും.

അങ്ങനെ ഞങ്ങൾ മാർക്കോസിനെ യോഹന്നാൻ ആയി മാറ്റിയെടുത്തു.

സെബാസ്റ്റ്യനെ തീർക്കാനായിരുന്നു അടുത്ത പ്ലാൻ. പക്ഷേ കോടികൾ സമ്പാദിക്കുന്ന ഈ അവസരം വിട്ട് സെബാസ്റ്റ്യന് പിന്നാലെ പോകുന്നത് മണ്ടത്തരമാണ് മനസ്സിലാക്കി.

എന്നെങ്കിലും ഒരു ദിവസം ഇതൊക്കെ പിടിക്കപ്പെടുമെന്ന് അറിയാം. പിടിക്കപ്പെട്ടാൽ തന്നെ എല്ലാ തെളിവുകളും സെബാസ്റ്റ്യന് എതിരായിരിക്കും. അതിലൂടെ മനോഹരമായി റെജിയുടെ പക തീർക്കാൻ  ഞാൻ പറഞ്ഞു കൊടുത്ത കുബുദ്ധിയാണ് ഇതൊക്കെ…

ഫിലിപ്പോസെ മാർക്കോസിനെ അങ്ങ് തുറന്നുവിട്..

ഫിലിപ്പോസ് ഓടിച്ചെന്നു ജനറേറ്റർ റൂമിനകത്തെ സെല്ലിലെ വാതിൽ തുറന്നു..

മാർക്കോസ് നല്ല ഉറക്കമാണ്.

അനിതയെ ജനറേറ്റർ റൂമിൽ തനിച്ചാക്കി മറ്റുള്ളവരെല്ലാം പുറത്തിറങ്ങി തുടങ്ങി.

അവസാനം ഇറങ്ങുകയായിരുന്നു ഫിലിപ്പോസിന് അനിതയെ ഒന്ന് പറഞ്ഞു പേടിപ്പിക്കണം എന്ന് തോന്നി.

മറ്റുള്ളവർ സംസാരിച്ചുകൊണ്ടിരിക്കെ ഓടി അനിതയുടെ അരികിൽ ചെന്നു.

മാർക്കോസ് ഇപ്പം എഴുന്നേൽക്കും.

എത്രയെത്ര ആൾക്കാരെ ജീവനോടെയും അല്ലാതെയും അവൻ കുടിച്ചു മൂടീട്ടുണ്ടെന്ന് അറിയാമൊ..

വിശ്വനാഥൻ സാറും റെജിസാറും ആൾക്കാരെ ഇതിനുള്ളിൽ കൊണ്ടിട്ടു കൊടുത്താൽ മതി..

ജീവനോടെയാണെങ്കിലും ഇനി ശവം ആണെങ്കിലും അവൻ കുഴിച്ചിട്ടോളും.

കാത്തിരുന്നോ..

ഫിലിപ്പോസെ ഡോർ അടക്കുന്നില്ലേ പോയിട്ട് പണിയുണ്ട്..

ജനറേറ്റർ റും അടച്ച് എല്ലാവരും വാഹനത്തിൽ മടങ്ങിപ്പോയി.

മാർക്കോസ് അനിതയെ ജീവനോടെ പുറത്തു വിടില്ല എന്ന് എല്ലാവർക്കും അത്രയും ഉറപ്പാണ്..

ഫിലിപ്പോസിന്റെ വാക്കുകളിൽ നിന്നും അനിത ചിലതു മനസ്സിലാക്കി.

മണിക്കൂറുകൾക്കുശേഷം മാർക്കോസ് എഴുന്നേറ്റ് പുറത്തു വന്നു.

അനിത കസേരയിൽ തന്നെ നിശ്ചലമായി കിടന്നു.

മരിച്ചുപോയ ബോഡി ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് കസേരയിൽ നിന്നും കെട്ടഴിച്ച് അനിതയെ തോളിലിട്ട് മൺവെട്ടിയും ആയി മാർക്കോസ് സെമിത്തേരിയിലേക്ക് നടന്നു.

ഒരു കല്ലറയുടെ മുകളിൽ അനിതയെ കിടത്തിയശേഷം മാർക്കോസ് കുഴി വെട്ടാൻ ആരംഭിച്ചു.

മൺവെട്ടി മുകളിൽവെച്ച്…

കുഴിക്കുള്ളിൽ നിന്നും മണൽ എടുക്കുന്ന സമയം.

അനിത മൺ വെട്ടിയെടുത്ത് മാർക്കോസിന്റെ തലയിൽ അടിച്ചു..

തല പൊട്ടി രക്തം വന്നെങ്കിലും ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മാർക്കോസ് അനിതയെ നോക്കി.

തുടരെത്തുടരെ അടിക്കാൻ നേരം വലിയ ശബ്ദമുണ്ടാക്കി അനിതയുടെ കയ്യിൽ നിന്നും മൺവെട്ടി പിടിച്ചു വലിച്ചെടുത്തു.

അവിടെ നിൽക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി അനിത ഓടാൻ ആരംഭിച്ചു. റിവോൾവർ ഉപേക്ഷിച്ച സ്ഥലം ലക്ഷ്യമാക്കി വളരെ വേഗത്തിൽ ഓടി.

പിന്നാലെ അതിവേഗത്തിൽ മാർക്കോസും ഓടുന്നുണ്ടായിരുന്നു.

ഒടുവിൽ റഹ്മാന്റെ മൃതദേഹത്തിൽ തട്ടി അനിത തറയിൽ വീണൂ. ഓടിയടുത്ത മാർക്കോസ് മൺവെട്ടി കൊണ്ട് അനിതയെ ആഞ്ഞു വെട്ടാൻ തുടങ്ങി.

കൈയ്യിലും കാലിലും നല്ലപോലെ വെട്ടേറ്റു. ഒരുവിധം ഇഴഞ്ഞ് അടുത്തുള്ള കുറ്റിക്കാട്ടിനകത്ത് കയറി.

പിന്നാലെ ഓടിയ മാർക്കൊസ് ഒരു നിമിഷം നിന്നു.

കുറ്റിക്കാട്ടിൽ നിന്നും റിവോൾവറും ആയി അനിത പുറത്തേക്കു വന്നു.

മാർക്കോസിന്റെ തലയിൽ തന്നെ ഉന്നംവെച്ച് വെടിയുതിർത്തു..

വെടിയേറ്റ തൽക്ഷണം മാർക്കോസ് അവിടെ പിടഞ്ഞുവീണു..

രക്തം ഒരുപാട് നഷ്ടപ്പെട്ട അനിത തളർന്നു പോയിരുന്നു.

ഒരുവിധം നീങ്ങി നിരങ്ങി..

ചർച്ചിന്റെ അരികിലെത്തി..

കണ്ണുമൂടി പോകുന്നുണ്ടെങ്കിലും അവൾ നിന്നില്ല.  മണിക്കൂറുകളോളം റോഡിലൂടെ മുന്നോട്ടു  നീങ്ങി നിരങ്ങി..

ഒടുവിൽ അനിത തളർന്നു വീണു.

മേൽകുന്ന് നിന്നും ഏരിയ 26 വഴി  ചുഴലിവരെ പോകേണ്ട ഒരു എമർജൻസി വാഹനത്തിൽ വന്നവർ റോഡിൽ കിടക്കുന്ന അനിതയെ കാണാനിടയായി.

അവർ അതിവേഗം അനിതയെ ആശുപത്രിയിലെത്തിച്ചു.

2016 ജൂൺ 1

രാവിലെ 11 മണിക്കാണ് അനിത കണ്ണുതുറന്നത്.

അരികിൽ അനന്തനും നമിതയും ഉണ്ടായിരുന്നു.

ടെലിവിഷൻ ചാനലിൽ വിശ്വനാഥനെയും റെജിയെയും പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്.

അനന്താ ക്യാമറയിൽ എല്ലാം പതിഞ്ഞിട്ടുണ്ട് അല്ലേ..

അനന്തൻ അനിതയുടെ കൈ മുറുകെ പിടിച്ചു പറഞ്ഞു..

മുഴുവനായും ഉണ്ട് മാഡം.

തെളിവിനായി എല്ലാവരുടെയും വസ്ത്രത്തിൽ അനന്തൻ  ഒരു ഹിഡൻ ക്യാമറ വച്ചിരുന്നു.

അനിതയെ ആൾക്കാർ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ അനന്തൻ അനിതയുടെ ക്യാമറ പരിശോധിച്ചു.

ആ വീഡിയോ മുഴുവനും അധികാരികളെ ഏൽപ്പിക്കുകയും ചെയ്തു.

മാസങ്ങൾ ഏറെ കടന്നു പോയി.. റഹ്മാൻറെ കുടുംബത്തിനെ സന്ദർശിച്ചശേഷം വീൽചെയറിൽനിന്ന് വാഹനത്തിൽ കയറുകയായിരുന്നു അനിത അനന്തനോട് പറഞ്ഞു..

അനന്താ.. ഒരുതവണകൂടി എന്നെ ആ ചർച്ചിനടുത്ത് കൊണ്ടു പോകുമോ?.

എന്തിനാ മാഡം..

ഒരു ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയിട്ടില്ല..

അവർ വീണ്ടും ഏരിയ 26 ലേക്ക് യാത്ര തിരിച്ചു.

അവിടെ എത്തുമ്പോഴേക്കും ഏകദേശം ഇരുട്ടായിരുന്നു..

വീൽചെയറിൽ അനിതയെയും തള്ളിക്കൊണ്ട് അനന്തൻ ചർച്ച് ലക്ഷ്യമാക്കി നടന്നു..

ചർച്ചിനകത്തുനിന്നും പ്രാർത്ഥനയുടെ അലയടികൾ കേൾക്കുന്നുണ്ടായിരുന്നു അവർ ചർച്ചിന്റെ വാതിലിനരികിൽ എത്തിയതും വലിയ ശബ്ദത്തോടെ വാതിൽ തുറന്നു.

അനിത കൈയിലുണ്ടായിരുന്ന ടോർച്ച് ചർച്ചിനകത്ത് തെളിച്ചതും.

അതുവരെ അലയടിച്ചു കൊണ്ടിരുന്ന പ്രാർത്ഥനയുടെ ശബ്ദം നിലച്ചു….

“ഫാദർ യോഹന്നാൻ എന്ന കഥ ഇവിടെ അവസാനിച്ചു”

രചന: തൻസീർ ഹാഷിം..

 

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!