Skip to content

സൗപ്തികപർവ്വം – 1

സൗപ്തികപർവ്വം

സന്ധ്യയ്ക്ക്  വിളക്ക് കൊളുത്തി കൈകൂപ്പി  മീനാക്ഷി പ്രാർത്ഥിച്ചു.

“ന്റെ കൃഷ്ണാ… രണ്ടും കല്പിച്ച് ഞാൻ നാളെ  പോവാട്ടോ… കൂടെ തന്നെ ഉണ്ടാവണം…. അവരൊക്കെ വല്യ ആളുകളാ… പിഴവൊന്നും വരുത്താതെ കാത്തോളണേ…”

അവൾ കണ്ണുകൾ പാതി തുറന്ന് മുന്നിലെ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിലേക്ക് നോക്കി..

“എന്താ ഒരു കള്ളച്ചിരി..? എനിക്ക് പണി തരാനുള്ള പരിപാടിയാണോ? കൂടെയുണ്ടെന്ന വിശ്വാസത്തിലാ  ഞാൻ… പറ്റിക്കരുത്…”

ഒന്നുകൂടി പ്രാർത്ഥിച്ച് അവൾ പുറത്തിറങ്ങി അടുക്കളയിലേക്ക് നടന്നു… ഭാനുമതി  ചപ്പാത്തിക്ക് മാവ് കുഴയ്ക്കുകയാണ്… ഹരിദാസ് കസേരയിൽ ഇരുന്ന് പച്ചക്കറി നുറുക്കുന്നു…

“അച്ഛൻ മാറിക്കേ… ഞാൻ ചെയ്തോളാം..”

“വേണ്ടമോളെ,.. കഴിയാറായി… ”  അയാൾ മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി..

“നിനക്ക് നല്ല ടെൻഷൻ ഉണ്ടല്ലേ? “

“ഉവ്വ്… ബേബി സാറിന്റെ കീഴിൽ ജോലി ചെയ്തത് പോലെ ആകുമോ എന്നറിയില്ല അച്ഛാ…. നല്ല പേടിയുണ്ട്….”

“നീ അതൊന്നും നോക്കണ്ട… നിന്റെ ജോലി സത്യസന്ധമായും, ആത്മാർഥമായും ചെയ്യുക… ഇനി പറ്റില്ല എന്ന് തോന്നിയാൽ ഒഴിവാക്കി വന്നേക്ക്.. നമുക്ക് വേറെ വല്ല പണിയും നോക്കാം…”

അവൾ തലയാട്ടികൊണ്ട് അമ്മയുടെ നേരെ തിരിഞ്ഞു…

“അമ്മയ്ക്ക് ഒന്നും പറയാനില്ലേ?”

“ചപ്പാത്തിക്ക് ഉപ്പ് കൂടുതലായോ എന്നൊരു സംശയം…”    ഭാനുമതി  കുഴച്ചു വച്ച മാവിൽ നിന്ന് ഒരു നുള്ള്, നാവിൽ വച്ചുകൊണ്ട് പറഞ്ഞു…

“അച്ഛാ ദേ കണ്ടോ?,.. സീരിയസ് ആയി അഭിപ്രായം ചോദിച്ചപ്പോൾ ഒരുമാതിരി കളിയാക്കുന്നു… ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തൂടെ?”

മീനാക്ഷി പരിഭവിച്ചു…

“ഞാനെന്താടീ പറയേണ്ടത്? നിന്നെ കെട്ടിച്ചു വിടണം എന്നാ ആഗ്രഹം… പക്ഷേ അച്ഛനും മോൾക്കും ആ വിചാരമില്ല.. ജോലി മതിയാക്കിയപ്പോൾ ഞാൻ പറഞ്ഞതാ ആ എഞ്ചിനീയറുടെ ആലോചന ഉറപ്പിക്കാന്ന്… കേട്ടില്ല.. ഇനി നിങ്ങള് രണ്ടും തന്നെ തീരുമാനിച്ചോ…”

“കെട്ടാൻ സമയമാകുമ്പോൾ ഞാനങ്ങോട്ടു പറഞ്ഞോളാം… ഇപ്പൊ ഇതിനു വല്ലതും മറുപടി താ..”

“നിന്റെ അച്ഛൻ പറഞ്ഞത് തന്നെ,.. പറ്റില്ല എന്ന് തോന്നിയാൽ കളഞ്ഞിട്ട് വാ.. ഇവിടെ കഞ്ഞികുടിച്ചു പോകാനുള്ള വകയൊക്കെ ഉണ്ട്…”

“എന്നിട്ട് വേഗം എന്നെ കെട്ടിക്കാനല്ലേ? പൂതി കൊള്ളാം…”

മുറിയിൽ നിന്ന് ഫോൺ അടിക്കുന്നത് കേട്ട് അവൾ അങ്ങോട്ട് നടന്നു… ജിൻസിയാണ്..

“ചേച്ചീ, പറഞ്ഞോ..”

“മീനൂ,… രാവിലെ ലേറ്റ് ആകരുത് കേട്ടോ,..  നേരത്തെ ഇറങ്ങിയാലും പ്രശ്നമില്ല.. സാർ ഭയങ്കര സ്ട്രിക്ട് ആണെന്നാ കേട്ടത്…”

“എനിക്ക് ഇപ്പോഴേ വിറയ്ക്കുന്നു ചേച്ചീ… വരണോന്ന് ആലോചിക്കുവാ..”

“അങ്ങനെ പേടിക്കണ്ട… ഒരാഴ്ചയ്ക്കുള്ളിൽ അവരെയൊക്കെ നമുക്ക് മനസ്സിലാക്കാലോ… അതുവരെ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ടാകും…”

“ഉം..”

“എന്നാൽ നീ വച്ചോ… എനിക്ക് കുറേ പണിയുണ്ട്…”

ഫോണും കയ്യിൽ പിടിച്ച് മീനാക്ഷി  കട്ടിലിൽ ഇരുന്നു… വിബ്ജിയോർ അഡ്വർടൈസിങ്  ഏജൻസിയിലായിരുന്നു മൂന്നു വർഷമായി  അവൾ ജോലി ചെയ്തുകൊണ്ടിരുന്നത്.. അതിന്റെ ഓണർ  ബേബി ജോൺ സ്റ്റാഫുകളോട് കുടുംബാംഗങ്ങളെ പോലെ പെരുമാറുന്ന മനുഷ്യനായിരുന്നു… അകൗണ്ടിങ് സെക്ഷനിൽ ആണ് ജോലി എങ്കിലും എല്ലാ ഡിപ്പാർട്മെന്റ്മെന്റിലും മീനാക്ഷിയുടെ മേൽനോട്ടം ഉണ്ടാവണമെന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു .. സന്തോഷത്തോടെയും സമാധാനത്തോടെയും  ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കവേ  ബേബിജോണിന്റെ ഒരേയൊരു മകൾ  ആക്സിഡന്റിൽ മരിച്ചു… അതോടെ മാനസികമായി തകർന്ന അദ്ദേഹം  ഏജൻസിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാതെയായി… വർക്കുകളൊക്കെ മറ്റുള്ളവർ ഏറ്റെടുത്തു…. ഒടുവിൽ സാമ്പത്തികമായ പ്രശ്നങ്ങൾ കൂടി വന്നതോടെ  ആ ഏജൻസി അടച്ചിട്ടിട്ട് ബേബിജോൺ നീലഗിരിയിൽ ഉള്ള സഹോദരിയുടെ അടുത്തേക്ക് താമസം മാറി….

  മറ്റൊരു ജോലിക്ക് മീനാക്ഷി ശ്രമിക്കുന്നുണ്ടായിരുന്നു.. ഒന്നും ശരിയായില്ല… ദീർഘകാലം പ്രവാസിയായിരുന്ന അച്ഛൻ ഹരിദാസിന്  ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്… അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റുമായി ഉണ്ടാക്കിയ കടബാധ്യതകളോർത്ത് ടെൻഷനടിക്കുമ്പോഴാണ്  കൂടെ ജോലി ചെയ്ത ജിൻസി വിളിച്ചത്…. ബേബിജോണിന്റെ സ്ഥാപനം സീത ഗ്രൂപ്പ് ഏറ്റെടുത്തു… അവർക്ക് എക്സ്പീരിയൻസ്ഡ് ആയ രണ്ട് സ്റ്റാഫിനെ വേണം…ജിൻസിയെയും മീനാക്ഷിയെയും നിർദേശിച്ചത് ബേബിജോൺ തന്നെയാണത്രേ….ജോലി കിട്ടിയ സന്തോഷത്തോടൊപ്പം  നല്ല പേടിയും മീനാക്ഷിക്ക് തോന്നി,.. ദേവരാജൻ മുതലാളിയുടെ   സീത ഗ്രൂപ്പ്  പേരുകേട്ട ബിസിനസ്‌ സാമ്രാജ്യം തന്നെയാണ്… പ്രൈവറ്റ് ബസുകൾ, ഫിനാൻസ്, അങ്ങനെ പല മേഖലയിലും അവർ പ്രശസ്തരാണ്… അതാണ്‌ ഭയത്തിന് കാരണവും,… വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ അവൾ ബേബിജോണിന്റെ കൂടെയായിരുന്നു ജോലി തുടങ്ങിയത്… മറ്റാരുമായും ഇടപഴകി ശീലമില്ല… ഇത്രയും വലിയൊരു ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുക എന്നോർക്കുമ്പോൾ തന്നെ ഒരുൾക്കിടിലം.. ചെറിയ കാര്യങ്ങളിൽ തന്നെ മനസ്സ് ആസ്വസ്ഥമാകുന്ന പ്രശ്നം അവൾക്കുണ്ട്….

രാത്രി കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല..

“കൃഷ്ണാ… ഞാനെന്താ വേണ്ടത്? നല്ലോരു ചാൻസ് തന്നെയാ… സാലറിയും കൂടുതൽ കിട്ടുമെന്ന് ചേച്ചി പറഞ്ഞു.. പണ്ട് എന്തെങ്കിലും തെറ്റ്‌ പറ്റിയാൽ ബേബിസാർ ”  ഇറ്റ്സ് ഓക്കേ മോളേ, അടുത്ത തവണ ശ്രദ്ധിച്ചാൽ മതി” എന്നും പറഞ്ഞ് ആശ്വസിപ്പിക്കും… അന്നൊക്കെ അവിടം  സ്വന്തം വീട് പോലെയാ തോന്നിയത്… ഇപ്പൊ ഇവരുടെ കൂടെ ഞാനെങ്ങനെയാ?. നീയെനിക്ക് ഒരു വഴി കാണിച്ചു താ.. “

തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ നേരം വെളുപ്പിച്ചു…

**************

സീതാലയം…

കൊട്ടാരസദൃശ്യമായ  ഒരു വീടാണത്… ബാൽക്കണിയിലെ ചെയറിൽ  തന്റെ ലാപ്ടോപ്പിൽ കണ്ണുംനട്ടിരിക്കുകയാണ് യദുകൃഷ്ണൻ .. സീതാലക്ഷ്മി ഒരു കപ്പ്‌ കോഫിയുമായി അങ്ങോട്ട് വന്നു…

“ഗുഡ്മോർണിംഗ് കണ്ണാ…”

“മോർണിംഗ് അമ്മാ..” അവൻ പുഞ്ചിരിച്ചു…

“നിനക്കിന്നു പോകണ്ടേ?”

“വേണം… ഞാൻ പുതിയ സ്റ്റാഫിന്റെ ഡീറ്റെയിൽസ് നോക്കുകയായിരുന്നു…”

“ശ്രദ്ധിക്കണം… നിന്റെ നിർബന്ധം കൊണ്ട് മാത്രമാ  ഞാൻ അച്ഛനെ സമ്മതിപ്പിച്ചത്.. എന്തേലും പിഴവുകൾ പറ്റിയാൽ നിന്നെയല്ല, എന്നെയാ കൊല്ലുക..”

“ആര്…? അച്ഛനോ?.. ഒന്ന് പോ അമ്മാ… ദേവരാജൻ മുതലാളി  സീതലക്ഷ്മിയെ വാക്ക് കൊണ്ട് പോലും നോവിക്കില്ല എന്ന് ലോകത്ത് എല്ലാർക്കും അറിയാം… പിന്നെ, ഇത് എന്റെയൊരു സ്വപ്നമാണ്… സ്വന്തമായി ഒരു ബിസിനസ്… അതെന്തു വിലകൊടുത്തും ഞാൻ  നല്ലരീതിയിൽ നടത്തും… കാര്യം, എനിക്കത്ര പരിചയമില്ലാത്ത ഫീൽഡ് ആണ്.. എന്നാലും സാരമില്ല… നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് അച്ഛന്റെ മുന്നിൽ പോകില്ല… പോരേ?”

“എന്നാൽ നിനക്ക് കൊള്ളാം… കോഫി കുടിച്ചിട്ട് വേഗം പോയി റെഡിയാവ്…”

“ശിവ  എഴുന്നേറ്റില്ലേ? “

“ഞാൻ രണ്ടു പ്രാവശ്യം വിളിച്ചതാ, മൂടിപ്പുതച്ചു കിടക്കുന്നു….”

“ഞാൻ വിളിച്ചോളാം..” അവൻ കപ്പ് അമ്മയ്ക്ക് കൊടുത്ത് അകത്തേക്ക് നടന്നു..

ദേവരാജന്റെയും  സീതലക്ഷ്മിയുടെയും മക്കളാണ് യദുകൃഷ്ണനും  ശിവാനിയും.. രണ്ടുപേരുടെയും പഠനമൊക്കെ ഊട്ടിയിലെ ബോർഡിങ്‌സ്കൂളിലായിരുന്നു… തുടർ വിദ്യാഭ്യാസം നോർത്ത് ഇന്ത്യയിലും… കണിശ്ശക്കാരനായ പിതാവാണ് ദേവരാജൻ.. യദുവിനെ  തന്റെ ഫിനാൻസ് കമ്പനിയുടെ തലപ്പത്ത് ഇരുത്താനായിരുന്നു അദ്ദേഹത്തിന് താല്പര്യം.. പക്ഷേ അവനു അച്ഛന്റെ നിഴലിൽ നിന്നു മാറി നിൽക്കാനും… അങ്ങനെയാണ്  അടച്ചിട്ട  അഡ്വർടൈസിങ്  എജൻസി ഏറ്റെടുക്കാൻ തീരുമാനിച്ചത്… ആദ്യം ശക്തമായി എതിർത്തെങ്കിലും സീതലക്ഷ്മിയുടെ നിർബന്ധത്തിന് വഴങ്ങി ദേവരാജൻ സമ്മതിക്കുകയായിരുന്നു….

യദുകൃഷ്ണൻ  ശിവാനിയുടെ മുറിയിലേക്ക് കടന്നു… അവൾ നല്ല ഉറക്കത്തിലാണ്… ബെഡിൽ നിന്ന് റിമോട്ട് എടുത്ത് ഏസിയുടെ തണുപ്പ് കുറച്ചു…. തലയ്ക്കരികിൽ മൊബൈൽ ഉണ്ട്…. പുതപ്പ് മെല്ലെ നീക്കിയപ്പോൾ അവൾ ഒന്ന് ഞരങ്ങിക്കൊണ്ട് ഇടതു വശത്തേക്ക് തിരിഞ്ഞു കിടന്നു… അവൻ മേശപ്പുറത്തെ ബോട്ടിലിൽ നിന്ന് കുറച്ചു വെള്ളം കൈക്കുമ്പിളിൽ ഒഴിച്ച് അവളുടെ മുഖത്തേക്ക് ശക്തിയിൽ തളിച്ചു….. ശിവാനി ഞെട്ടലോടെ ചാടിയെണീറ്റ് ചുറ്റും നോക്കി….. കാര്യം മനസ്സിലാവാൻ അവൾ രണ്ടു മിനിട്ട് എടുത്തു…. പിന്നെ അവന്റെ കൈ പിടിച്ച് ആഞ്ഞു കടിച്ചു…

“ആ…. വിടെടീ പട്ടീ… വേദനിക്കുന്നു…”

“നല്ലൊരു സ്വപ്നം കണ്ടോണ്ടിരുന്നതാ… കാലമാടൻ നശിപ്പിച്ചു… കൊല്ലും ഞാൻ..”

അവൾ യദുവിനെ കട്ടിലിലേക്ക് വലിച്ചിട്ട് അവന്റെ മുകളിൽ കയറിയിരുന്നു ഇക്കിളിയാക്കാൻ തുടങ്ങി… അവൻ എത്ര പരിശ്രമിച്ചിട്ടും എഴുന്നേൽക്കാൻ പറ്റിയില്ല…

“അമ്മേ, ഓടിവായോ,… ഈ രാക്ഷസി എന്നെ കൊല്ലുന്നേ….”

അവൻ വിളിച്ചു കൂവി…അതു കണ്ടുകൊണ്ടാണ് സീതാലക്ഷ്മി അങ്ങോട്ട് വന്നത്… അവർ ശിവാനിയുടെ ചെവിയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…

“കെട്ടിക്കാൻ പ്രായമായിട്ടും നിനക്ക് പിള്ളേര്കളി മാറിയില്ലെടീ? “

“ഞാനല്ല, ഈ  ചേട്ടനാ  മുഖത്തു വെള്ളമൊഴിച്ചത്…”

“നന്നായിപ്പോയി… ഉച്ചവരെ കിടന്നുറങ്ങിയിട്ടല്ലേ?”

“അല്ലേലും അമ്മ ചേട്ടന്റെ സൈഡാ..” അവൾ ചുണ്ടുകൾ കൂർപ്പിച്ചു…

“ഞാനാരുടെയും സൈഡല്ല…രണ്ടും പോയി കുളിച്ചിട്ട് താഴേക്ക്  വാ.. ഇല്ലേൽ എന്റെ കൈയിൽ നിന്നു വാങ്ങിക്കും…”

ശിവാനി ബാത്‌റൂമിന്റെ മുന്നിലെത്തി തിരിഞ്ഞു നിന്ന് യദുവിനെ കൊഞ്ഞനം കാട്ടി.., അവൻ അടിക്കാൻ ഓങ്ങിയതും അവൾ അകത്തു കയറി കതകടച്ചു…യദു ചിരിയോടെ അമ്മയുടെ തോളിൽ കയ്യിട്ടു പുറത്തേക്ക് നടന്നു…

ബ്രേക്ഫാസ്റ്റ് കഴിച്ച്  അവൻ തന്റെ ലാപ്ടോപ്പ് ബാഗുമെടുത്ത് പൂമുഖത്തേക്ക് ഇറങ്ങിയപ്പോൾ മുറ്റത്തു വെള്ളക്കളർ ബി എം ഡ ബ്ലിയു കാർ വന്നു നിന്നു… അതിൽ നിന്ന് ദേവരാജൻ ഇറങ്ങി…..

“നീ ഇനിയും പോയില്ലേ?”

“ഇറങ്ങുകയായിരുന്നു…”

“ഉം… പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ? ഇത്  നിന്റെ മാത്രം തീരുമാനമാ… സീത ഗ്രൂപ്പിന്റെ പേര് കളയരുത്…”

കനത്ത സ്വരത്തിൽ ദേവരാജൻ പറഞ്ഞു..

“ഞാൻ ശ്രദ്ധിച്ചോളാം…”

അയാൾ അകത്തേക്ക് കയറിപ്പോയി… ഡ്രൈവിംഗ് സീറ്റിൽ നിന്നും  സത്യപാലൻ  പുറത്തിറങ്ങി യദുവിനോട്‌ ചിരിച്ചു..

“എന്തേലും സഹായമാവശ്യമുണ്ടെൽ എന്നെ വിളിച്ചോ..”

“വേണ്ടപ്പോൾ അറിയിച്ചോളാം….” അനിഷ്ടത്തോടെ പറഞ്ഞിട്ട് യദുകൃഷ്ണൻ തന്റെ കാറിൽ കയറി… സത്യപാലനെ ചെറുപ്പം മുതൽ  അവന് ഇഷ്ടമല്ലായിരുന്നു…അയാളുടെ ആ തടിച്ച ശരീരവും കുറുകിയ കഴുത്തും  സിഗരറ്റ് കറ പിടിച്ച ചുണ്ടുകളും പല്ലുകളുമൊക്കെ കാണുമ്പോൾ പണ്ട് ഭയമായിരുന്നു…. എവിടെങ്കിലും അഴുക്ക് കണ്ടാൽ  വീട്ടുജോലിക്കാരെ ചീത്ത പറയുന്ന അച്ഛൻ, ഇയാൾ വീട്ടുമുറ്റത്തും ഗാർഡനിലും മുറുക്കി തുപ്പിയാൽ പോലും ഒന്നും മിണ്ടാത്തത് എന്താണെന്ന് അത്ഭുതപ്പെട്ടിരുന്നു… ഇയാൾ ശരിക്കും അച്ഛന്റെ ആരാണെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്…പാലക്കാട് ആണ് സ്ഥലം എന്ന് മാത്രമറിയാം.. അച്ഛന്റെ നിഴൽപോലെ എന്നും സത്യപാലൻ ഉണ്ടാകും…. ആ വീട്ടിൽ, അച്ഛന്റെ ഓഫിസ് റൂമിൽ അനുവാദം കൂടാതെ കയറി ചെല്ലാനുള്ള അധികാരം അമ്മയ്ക്കും, പിന്നെ സത്യപാലനും മാത്രമാണ്…

“സത്യൻ കൂടെയില്ലായിരുന്നെങ്കിൽ ഇന്നീ കാണുന്നതൊന്നും എനിക്ക് ഉണ്ടാവില്ലായിരുന്നു..”  എന്നൊരിക്കൽ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു..ശിവാനിക്ക് ഇന്നും സത്യപാലനെ ഭയമാണ്….കുറേ ദൂരെ അച്ഛന് ഒരു റബർ തോട്ടമുണ്ട്… അതിനു നടുക്കുള്ള വീട്ടിലാണ് അയാൾ താമസം.. എന്നും രാവിലെ പഴയൊരു ജീപ്പ് ഓടിച്ച് വീട്ടിലേക്ക് വരും.. പിന്നെ അതവിടെ ഇട്ട് അച്ഛന്റെ കൂടെ പോകും….പലിശക്ക് പണം കൊടുത്തുകൊണ്ടായിരുന്നു അച്ഛന്റെ ബിസിനസുകളുടെ തുടക്കം… പിന്നെ അതൊരു ഫിനാൻസ് കമ്പനി ആയി… അന്ന് തൊട്ടേ തുടങ്ങിയ ബന്ധമായിരിക്കണം സത്യപാലനുമായി…യദുകൃഷ്ണൻ സമയം നോക്കി… ഒൻപതര കഴിഞ്ഞു….അവൻ കാറിന്റെ വേഗം കൂട്ടി….

************

“മീനാക്ഷി, അല്ലേ? ”  രാജ്‌കുമാർ അവളെ നോക്കി ചോദിച്ചു… അവളുടെ സർട്ടിഫിക്കറ്റുകളിലൂടെ കണ്ണോടിക്കുകയായിരുന്നു അയാൾ…

“അതേ സാർ…”

“ഞങ്ങൾ മിസ്റ്റർ ബേബിയോട് അന്വേഷിച്ചിരുന്നു… പുള്ളി പറയുന്നത്  മീനാക്ഷിയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല് എന്നാ..”

അയാൾ ചെറു ചിരിയോടെ പറഞ്ഞു… നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാളാണ് രാജ്‌കുമാർ ….

“അങ്ങനൊന്നുമില്ല സർ… എന്നെ കൊണ്ടു കഴിയുന്ന ജോലി ചെയ്യുന്നു.. അത്രമാത്രം..”

“യെസ്.. ഞങ്ങൾക്കും അതാണ് വേണ്ടത്.. പഴയ കസ്റ്റമേഴ്‌സിനെ തിരിച്ചു കൊണ്ടുവരാൻ  മീനാക്ഷിക്ക് സാധിക്കും…”

“ശ്രമിക്കാം സർ…”

“ശ്രമിച്ചാൽ പോരാ… നടത്തണം…ഇപ്പോഴത്തെ അവസ്ഥ മീനാക്ഷിക്ക് അറിയാല്ലോ… കോംപറ്റീഷൻ കൂടുതലാ…. ഈ സ്ഥാപനം പണ്ട് ഉണ്ടായിരുന്നതിലും കൂടുതൽ മെച്ചപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തം മീനാക്ഷിക്കും ജിൻസിക്കും തരുന്നു… അതിന്റെ ഗുണം നിങ്ങൾക്കുമുണ്ടാകും…യദുകൃഷ്ണൻ സാർ വന്നാൽ നിങ്ങളോട് നേരിട്ട് സംസാരിക്കും…”

അവൾ തലയാട്ടി…

“ശരി.. മീനാക്ഷി കേബിനിലേക്ക് പോയ്ക്കോളൂ..”

അവൾ പുറത്തിറങ്ങി… ജിൻസി അവിടെ നില്കുന്നുണ്ടായിരുന്നു…നാല് പുരുഷന്മാരും  ഒരു പെൺകുട്ടിയും അവരവരുടെ ചെയറിൽ ഇരിക്കുന്നുണ്ട്… എല്ലാം പുതുമുഖങ്ങൾ…

“എന്ത് പറഞ്ഞെടീ?”

“ചേച്ചിയോട് പറഞ്ഞതൊക്കെ തന്നെ..”

“ബോസ്സ് വന്നിട്ടുണ്ട്..”

“എവിടെ? ” അവൾ ചുറ്റും നോക്കി..

വലതു വശത്തെ മുറിക്കു നേരെ ജിൻസി കണ്ണു കാണിച്ചു… കണ്ണാടി ഭിത്തിക്ക് അപ്പുറം ഒരാൾ പുറം തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുന്നുണ്ട്…

“ചേച്ചി സംസാരിച്ചോ?”

“ഇല്ല… ഒരു ഗുഡ്മോർണിംഗ് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി… ഗൗരവക്കാരനാണെന്ന് തോന്നുന്നു…”

രാജ്‌കുമാർ പുറത്തേക്ക് ഇറങ്ങി വന്നു..

“മീനാക്ഷീ… ഐശ്വര്യമായി  ആദ്യത്തെ ജോലി ചെയ്തോ…. അലിഫ്  ടെക്സ്റ്റെയിൽസ് അറിയാമോ..?”

“കേട്ടിട്ടുണ്ട് സർ…”

“അവർക്കൊരു ആഡ് ചെയ്യാൻ താല്പര്യമുണ്ട്… താനും ജിൻസിയും പോയി സംസാരിക്ക്… പന്ത്രണ്ട് മണിക്ക് ഒരു അപ്പോയിന്മെന്റ് കിട്ടിയിട്ടുണ്ട്… അവിടെ പോയി നൗഷാദിനെ കാണണമെന്ന് പറഞ്ഞാൽ മതി….ഓക്കേ ആയാൽ  അടുത്ത പരിപാടി നോക്കാം… അപ്പോഴേക്കും ബാക്കി സ്റ്റാഫുകളും കൂടി വരും… ഈ ബിൽഡിങ്ങിന്റെ മുകളിലത്തെ നില കൂടി നമ്മൾ എടുത്തു.. മീഡിയ പ്ലാനിങ്, ആർട്ട്‌ ആൻഡ് വിഷ്വലൈസേഷൻ ഒക്കെ ഇനി അവിടെയായിരിക്കും…”

സിസ്റ്റത്തിന് മുന്നിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി എഴുന്നേറ്റു…

“ഇതെങ്ങനെ ശരിയാവും സാറേ? ഈ കുട്ടി ഫിനാൻസ് ഡിപ്പാർട്മെന്റ് അല്ലേ? ക്ലയന്റ് മീറ്റിംഗിന് ഞാൻ പോകാം…”

“സമീറാ… ഇത് യദുകൃഷ്ണൻ സാറിന്റെ തീരുമാനമാ… പിന്നെ, ഇവര് രണ്ടും എല്ലാ ഡിപ്പാർട്മെന്റിലും ഇടപെടും… ആ സ്വാതന്ത്ര്യം ഇവർക്ക് കൊടുത്തിട്ടുണ്ട്… നീ  പുതിയ വെബ്സെറ്റിന്റെ പണി തീർക്കാൻ നോക്ക്…”

ആ പെൺകുട്ടി അരിശത്തോടെ  പോയി ഇരുന്നു..

“അത് കാര്യമാക്കണ്ട.. വേറൊരു  കമ്പനിയിൽ നിന്ന് ഞാൻ പൊക്കി കൊണ്ടു വന്നതാ.. കുറച്ച് ഈഗോ ഉള്ള കൂട്ടത്തിലാണെന്ന് അറിയാം… ഡോണ്ട് കെയർ…നിങ്ങള് പോയി വാ… എന്നിട്ട് സാറിനെ പരിചയപ്പെടാം…മൂപ്പര് ഇപ്പൊ കുറച്ചു തിരക്കിലാ…”

രാജ്‌കുമാർ അവളുടെ തോളിൽ തട്ടിയിട്ട് അകത്തേക്ക് കയറിപ്പോയി..

“ആ പെണ്ണ് നമുക്ക് പാരയാകുമെന്ന് തോന്നുന്നല്ലോ ചേച്ചീ…”

യാത്രക്കിടെ മീനാക്ഷി  ജിൻസിയോട് പറഞ്ഞു..

“കുറച്ചു ദിവസം കൂടെ കഴിയട്ടെടീ… അവളെയൊക്കെ നമുക്ക് വരച്ച വരയിൽ നിർത്താം… നീ സമാധാനപ്പെട്..”

“എന്നാലും എനിക്ക് പുതിയ ബോസിനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ..”

“എന്റെ മോളേ, ഒരു ചുള്ളൻ ചെക്കനാ…. എന്തൊരു ഗ്ലാമർ… സ്വഭാവം കൂടി നന്നായാൽ മതിയാരുന്നു…”

ജിൻസി സ്കൂട്ടിയുടെ വേഗം വർധിപ്പിച്ചു…

********

ഗുണ്ടൽപേട്ട് – കർണാടക

ഹൈവെയിൽ നിന്ന് നാല് കിലോമീറ്റർ മാറി  ചെണ്ടുമല്ലികപൂക്കൾ നിറഞ്ഞു നിൽക്കുന്ന വിശാലമായ  പാടം… അതിന്റെ കരയിലെ രണ്ടു നിലവീട്… സമയം രാത്രി  9 മണി.. ബാത്‌റൂമിൽ നിന്ന്  തൗഫീഖ് അലി ഇറങ്ങി വന്നു.. ടവൽ കൊണ്ട് മുഖം തുടച്ച്, കട്ടിലിൽ ചാരിയിരിക്കുന്ന യുവതിയെ നോക്കി ചിരിച്ചു…

“നിനക്ക് ഇന്ന്  തന്നെ പോകണോ?”

അവൾ എഴുന്നേറ്റ് വന്ന് അയാളുടെ നെഞ്ചിലെ നരച്ച രോമങ്ങളിലൂടെ വിരലോടിച്ചു…

“യെസ്….. നാളെ വൈകിട്ടെങ്കിലും നാട്ടിലെത്തണം… ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുമെന്ന് പറഞ്ഞാ  ബാംഗ്ലൂരിൽ നിന്ന് ഇങ്ങോട്ട് ചാടിയത്… അവിടെ റിലേറ്റീവ്സ് ഒക്കെ ഉള്ളതാ… എന്തേലും സംശയം തോന്നിയാൽ  തീർന്നു…. “

കാമാസക്തിയോടെ അയാൾ അവളെ നെഞ്ചോട് ചേർത്തു ഞെരിച്ചു…

“എനിക്ക് മതിയായില്ല..”

“വിട് ഡോക്ടറേ… ഇനിയും വരാല്ലോ…”

അയാൾ  മേശപ്പുറത്തു നിന്നും സ്യൂട്ട്കേസ് തുറന്ന് ഒരു നോട്ട്കെട്ട് എടുത്ത് അവൾക്ക് നേരെ നീട്ടി…

“ഞാൻ ഓഫർ ചെയ്തതിലും അധികമുണ്ട്… നീ താഴേക്ക് പൊയ്ക്കോ.. അവിടെ ഡ്രൈവർ ഉണ്ട്… കണ്ണൂർ വരെ അവൻ കൊണ്ടു വിടും,.. അവിടുന്ന് കൊച്ചിയിലേക്ക് ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്… എത്തിയിട്ട് വിളിക്കണം…”

ആ പെൺകുട്ടി അയാളുടെ കവിളിൽ ഉമ്മ

വച്ച് പുറത്തേക്ക് നടന്നു… അയാൾ ഫോണെടുത്തു ഡ്രൈവറെ വിളിച്ചു..

“രാജൂ.. ആ കൊച്ചിനെ കണ്ണൂരിറക്കിയേക്ക്.. ബസ് കേറും വരെ നീ അവിടെ ഉണ്ടാകണം.. അതും കഴിഞ്ഞ് ഞാൻ തന്ന അഡ്രസ്സിൽ പൊയ്ക്കോ… അവര് കുറച്ചു കാശ് തരും.. അതും വാങ്ങി തിരിച്ചു വന്നാൽ മതി…”

റഫീഖ് ഫോൺ വച്ച്  മദ്യക്കുപ്പി തുറന്ന് ഗ്ലാസിൽ ഒഴിച്ച് ചുണ്ടോട് ചേർത്തു….മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്നു റഫീഖ് അലി.. റിട്ടയർ ആയതിനു ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് തിരിഞ്ഞു… ഈ വീടും സ്ഥലവും അയാളുടേതാണ്…. ഭാര്യ, മക്കളുടെ കൂടെ അമേരിക്കയിൽ…മദ്യവും , സുന്ദരികളായ ചെറുപ്പക്കാരികളുമാണ്  ദൗർബല്യം… താഴെ കാർ സ്റ്റാർട്ട്‌ ആകുന്നതും ദൂരേക്കു പോകുന്നതും റഫീഖ് അറിഞ്ഞു.. അയാൾ കട്ടിലിലേക്ക് ചാഞ്ഞു…..

രാത്രി ഒന്നരമണി…. എന്തോ ശബ്ദം കേട്ട് അയാൾ കണ്ണുകൾ തുറന്നു… ചുറ്റും ഇരുട്ടാണ്.. ജനാലയുടെ കർട്ടൻ ആരാണടച്ചത്? അയാൾ എഴുന്നേൽക്കാൻ നോക്കി.. പറ്റിയില്ല…കൈകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിരിക്കുകയാണ്,. അയാൾ ഉറക്കെ അലറി.. ആ മുറിയിൽ നിന്ന് ശബ്ദം പുറത്തു പോകില്ല എന്നത് അപ്പോഴാണ് റഫീഖിനു ഓർമ്മ വന്നത്… പെട്ടെന്ന് ടേബിൾ ലാമ്പ് ഓണായി… അയാൾ ഞെട്ടി വിറച്ചു പോയി… മുന്നിൽ ഒരു ഒരാൾ… കറുത്ത ജീൻസും ഷർട്ടുമാണ് വേഷം.. തലയിലൊരു ക്യാപ്… മുഖത്ത് സ്കെൽട്ടൻ മാസ്ക്ക്..

“ഹൂ ആർ യൂ? വാട്ട്‌ യൂ വാണ്ട്‌…?”  റഫീഖ് ചോദിച്ചു… അയാൾ ഒന്നും മിണ്ടുന്നില്ല…

“പ്ലീസ്… ലീവ് മീ.. യൂ കാൻ ടേക്ക് മണി ഫ്രം ദാറ്റ്‌ ബാഗ്…”

അയാൾ പതിയെ കട്ടിലിൽ വന്നിരുന്നു.. ഗ്ലൗസിട്ട കൈയാൽ  റഫീഖിന്റെ മുഖത്തു തലോടി…

“പണത്തിനു വേണ്ടിയല്ല റഫീഖേ ഞാനിവിടെ ഇത്രയും കഷ്ടപ്പെട്ട് വന്നത്..”

അപ്പോഴാണ് റഫീഖ് ശരിക്കും ഞെട്ടിയത്.. മലയാളി.. അതും തന്നെകുറിച്ച് അറിയുന്ന ഒരാൾ.. ആരായിരിക്കും? അതു മാത്രമല്ല എങ്ങനെ വീടിനകത്തു കയറി? രണ്ടു താക്കോലാണുള്ളത്… ഡ്രൈവർ രാജു പോകുമ്പോൾ താഴെ എല്ലാ വാതിലുകളും പൂട്ടും… പിന്നെ ഒന്നുള്ളത് ഇവിടെ തന്റെ കൈയിലാണ്. അത്രയും അടച്ചുറപ്പുള്ള വീട്ടിനുള്ളിൽ ഇയാൾ എങ്ങനെ പ്രവേശിച്ചു.?

“ഞാൻ ആരാണ്? എങ്ങനെ അകത്തു കയറി എന്നായിരിക്കും റഫീഖ് ചിന്തിക്കുന്നത്.. അല്ലേ?”

മനസ്സ് വായിച്ചപോലെ അയാൾ ചോദിച്ചു..

“ഞാൻ മരണമാണ് റഫീഖേ…. ഏത് സുരക്ഷിത സങ്കേതത്തിൽ ഒളിച്ചാലും സമയമാകുമ്പോൾ ഞാൻ കടന്നു വരും.. ആർക്കും തടയാനാവില്ല..”

“പ്ലീസ്.. എന്നെ ഒന്നും ചെയ്യരുത്.. നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം..”

റഫീഖ് കെഞ്ചി… അയാളുടെ പതിഞ്ഞ ശബ്ദത്തിലുള്ള ചിരി ആ മുറിയിൽ മുഴങ്ങി..

“എനിക്ക് വേണ്ടത് ഞാൻ എടുക്കും… ആരുടേയും സമ്മതമില്ലാതെ..”

അയാൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും  ഒരു ചെറിയ കത്തി വലിച്ചെടുത്തു… റഫീഖിന്റെ ശ്വാസം നിലച്ചു പോയി…

“എന്നെ കൊല്ലരുത്…”

“അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?”

രക്ഷപ്പെടാൻ വഴിയൊന്നുമില്ല എന്ന സത്യത്തോട് റഫീഖ് പൊരുത്തപ്പെട്ടു…

“ആരാണ് നിങ്ങളെ അയച്ചത്? മരിക്കാൻ മാത്രം ഞാനെന്തു തെറ്റ്‌ ചെയ്തു..”

“അതൊരു നല്ല ചോദ്യമാണ്… എന്നെ ആരും അയച്ചതല്ല… ഞാൻ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുന്നതുമല്ല… പിന്നെ ചെയ്ത തെറ്റ്‌ അറിയണോ? ഞാൻ ചെവിയിൽ പറയാം… നിന്റെ കുറ്റം, ഇവിടുത്തെ ചുവരുകൾ പോലും കേൾക്കരുത്…”

അയാൾ  റഫീഖിന്റെ കാതിലേക്ക് മുഖം അടുപ്പിച്ച് എന്തൊക്കെയോ മന്ത്രിച്ചു.. അത് കേട്ടപ്പോൾ റഫീഖിന്റെ മുഖം വിളറി വെളുത്തു.. തൊണ്ട വരണ്ടു…

“ഞാൻ… അത്…അന്നെനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല …”

“വേണ്ട.. ഏറ്റു പറച്ചിലിന് സമയമില്ല.. നീയൊരു മെസ്സേജ് മാത്രമാണ് ഡോക്ടറേ.. മറ്റുള്ളവർക്കുള്ള ഒരു മെസ്സേജ്… ഒരു യുദ്ധകാഹളം…. പക്ഷേ യുദ്ധം കാണാൻ നീ ഉണ്ടാവില്ല… നിന്നെ ആദ്യം കൊണ്ടുപോകണം എന്ന് കരുതിയതല്ല.. പക്ഷേ എന്ത് ചെയ്യാം… എന്റെ പ്ലാനുകൾ അങ്ങനെയാ… സെക്കന്റുകൾ വച്ചു മാറും..”

“എന്നോട് ക്ഷമിച്ചൂടെ…? ഞാനെവിടെ വേണമെങ്കിലും സത്യം തുറന്നു പറയാം..”

“വൈകിപ്പോയി…”

അയാൾ ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുത്തു… എന്നിട്ട് റഫീഖിന്റെ വലതു കൈ പിടിച്ചു…

“ഇവിടെങ്ങാണ്ട് അല്ലേ റേഡിയൽ ആർട്ടറി? അത് മുറിച്ചാൽ രക്തം പെട്ടെന്ന് ഒഴുകി തീരുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്… തെറ്റാണെങ്കിൽ ക്ഷമിക്കണം…”

പച്ചമാംസത്തിൽ ആഴമുള്ള മുറിവ് ഉണ്ടാക്കി കത്തി പാഞ്ഞു… റഫീഖ് ഉറക്കെ കരഞ്ഞപ്പോൾ അയാൾ  ബെഡ്ഷീറ്റ് വായിൽ കുത്തികയറ്റി….

“ആരെങ്കിലും കേൾക്കുമെന്ന് പേടിച്ചിട്ടല്ല… എനിക്ക് ഉറക്കെയുള്ള ശബ്ദം ഇഷ്ടമല്ല…”

ഇടതു കയ്യിലെ ഞരമ്പുകളും അറ്റു.. ചോര വീണ് ബെഡ് കുതിർന്നു തുടങ്ങി… നിറഞ്ഞൊഴുകുന്ന മിഴികളാൽ യാചന പോലെ റഫീഖ് ആ മനുഷ്യനെ നോക്കി… ഒരു കൂസലുമില്ലാതെ അയാൾ കത്തിയുടെ മൂർച്ച പരിശോധിച്ചു… പിന്നെ റഫീഖിന്റെ വലതു കാൽ പിടിച്ചുയർത്തി….പാദത്തിന് പിറകിൽ അമർത്തി വരഞ്ഞു… ഇടതു കാലിലും ആവർത്തിച്ചു… പിന്നെ കസേരയിൽ വന്നിരുന്നു …

“സമാധാനമായി മരിച്ചോ… ഞാനിവിടെ തന്നെയുണ്ട്… നിന്റെ ശ്വാസം നിലച്ചിട്ടേ പോകൂ…. ഹാപ്പി ജേർണി…”

കത്തി അവിടുണ്ടായിരുന്ന ടവലിൽ തുടച്ച് അതിന്റെ ഉറയിൽ ഇട്ട ശേഷം  അയാൾ കസേരയിൽ ചാരിയിരുന്നു…

കോടികളുടെ ആസ്തിയും ഉന്നതരുമായുള്ള ബന്ധങ്ങളുമുണ്ടായിട്ടും ഒരു കത്തിമുനയിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയില്ലല്ലോ എന്ന ചിന്തയാണ് റഫീഖിന്റെ മനസിലേക്ക് അവസാനമായി വന്നത്….. ക്ലോക്കിലെ സൂചി ചലിക്കുന്ന ശബ്ദം മാത്രം…. ഹൃദയത്തുടിപ്പുകൾ നേർത്തു വരുന്നു…. ഒന്നുകൂടി പിടഞ്ഞ് ഡോക്ടർ റഫീഖ് അലിയുടെ ശരീരം നിശ്ചലമായി… കസേരയിൽ ഇരുന്നയാൾ മെല്ലെ എഴുന്നേറ്റു… മരണം ഉറപ്പാക്കിയ ശേഷം പുറത്തേക്ക് നടന്നു…

“ഇതൊരു തുടക്കം മാത്രമാണ്…” അയാൾ പിറുപിറുത്തു..തണുത്ത കാറ്റിലുലയുന്ന പൂച്ചെടികൾക്കിടയിലൂടെ അയാൾ അതിവേഗം നടന്ന് ഇരുട്ടിൽ അലിഞ്ഞു ചേർന്നു…

(തുടരും )

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!