Skip to content

സൗപ്തികപർവ്വം – 29 (അവസാനഭാഗം)

സൗപ്തികപർവ്വം

സാമാന്യം വലിപ്പമുള്ള, ചെങ്കല്ല് കൊണ്ട് ചുമരും  ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ട് മേൽക്കൂരയും തീർത്ത  ഒരു കെട്ടിടമായിരുന്നു അത്..ഒരു മെഴുകുതിരികഷ്ണം  മങ്ങിയ വെളിച്ചം പരത്തുന്നു…സ്വാമിനാഥൻ , ഏല്പിച്ച ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് അഭിമന്യുവിന് മനസിലായി… സത്യപാലന്റെ കാൽ മുട്ടുകൾക്കു താഴെ  കമ്പിവടി പതിച്ച അടയാളം തെളിഞ്ഞു കാണാം.. വായിൽ പഴന്തുണി കുത്തിത്തിരുകി വച്ചിട്ടുണ്ട്… പിടികൊടുക്കാതിരിക്കാനുള്ള അയാളുടെ അവസാന ശ്രമത്തിനിടെ സ്വാമിനാഥന്റെ ഇടത്തെ കൈപ്പത്തിയിൽ കുത്തേറ്റിട്ടുണ്ട്… അവരുടെ അനുയായികൾ ആ  ഷെഡിന്റെ പുറത്തും  കവുങ്ങിൻ തോട്ടത്തിലും നിരീക്ഷണം നടത്തുന്നു… ഒരു കുന്നിൻചെരിവ് ആണത്.. ഒരു വശം മുഴുവൻ കവുങ്ങിൻ തോട്ടം.. പിന്നെ ഷെഡ്… അതിന് താഴെ  വെള്ളം കുത്തിയൊഴുകുന്ന ചെറിയ  തോട്.. അതിന്റെ അപ്പുറം റബ്ബർ തോട്ടം.. അതിന്റെയും അപ്പുറത്താണ് റോഡ്…

അഭിമന്യു  സത്യപാലന്റെ അടുത്ത്, തറയിലിരുന്ന് വായിലെ തുണി  മാറ്റി…

“കുറേ ഓടി.. അല്ലേ? ഇനിയും നിന്നെ കഷ്ടപ്പെടുത്താതിരിക്കാനാ  കാലൊടിച്ചത് . നിന്റെ പിറകെയോടി ഞാനും  തളർന്നു.”

“നീ ജയിച്ചെന്നു കരുതല്ലേ  ചെക്കാ… സത്യപാലൻ ഇനിയും ചത്തിട്ടില്ല..”

മുഖം ചെരിച്ച്, ഉമിനീരും ചോരയും പുറത്തേക്ക് തുപ്പിക്കൊണ്ട് സത്യപാലൻ പറഞ്ഞു..

“എന്റെ പ്ലാനുകൾ  ബാക്കിയാണ്..”

“അറിയാം… ജോസ് എവിടെയാണെന്ന് കണ്ടുപിടിക്കുക.. പിന്നെ മീനാക്ഷിയെ  പിടിച്ച് മുന്നിൽ നിർത്തി, എന്നോട് യുദ്ധം ചെയ്യുക.. അല്ലേ,?”

അഭിമന്യു പുഞ്ചിരിച്ചു…

“പക്ഷേ അതും പാളിപ്പോയി.. മീനാക്ഷിയുടെ വീട്ടിലേക്ക് നീ അയച്ചവന്മാരെ  ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്… പിന്നെ ജോസ്… അവനെ ഞാൻ തീർത്തു… എങ്ങനെയാണോ ഞാൻ ആഗ്രഹിച്ചത്, അതുപോലെ തന്നെ…”

അതോടെ സത്യപാലന്റെ മുഖഭാവം മാറി..അതുവരെ കണക്കുകൂട്ടിയതെല്ലാം  തെറ്റി എന്നയാൾക്ക് മനസിലായി…സ്വാമിനാഥൻ  ഒരു പഴയ  സ്റ്റൂളിന്റെ മുകളിൽ  നിന്നു കൊണ്ട് മേൽക്കൂരയിലെ ഇരുമ്പ് പൈപ്പിൽ ഒരു കയർ കുരുക്കി… പിന്നെ സത്യപാലനെ  പിടിച്ചുയർത്തി അയാളുടെ കൈകൾ  മുകളിലേക്കാക്കി ആ കയറിൽ  മുറുക്കി കെട്ടി.. വീണ്ടും വായിൽ തുണി തിരുകി… രണ്ട് കാലുകളിലെയും എല്ലുകൾ ഒടിഞ്ഞതിനാൽ  അവ നിലത്തൂന്നുമ്പോൾ കഠിനമായ വേദന അനുഭവപ്പെട്ട് അയാൾ  അമറുന്നത് പോലൊരു ശബ്ദം ഉണ്ടാക്കി… പിന്നെ, കാലുകളിൽ ബലം കൊടുക്കാതെ, കൈകളിൽ തൂങ്ങി നിന്നു..

“സമയപരിമിതി കൊണ്ട്, കാര്യങ്ങൾ ചുരുക്കി പറയാം…” അഭിമന്യു  സ്റ്റീലിന്റെ ചെറിയ കത്തി കയ്യിലെടുത്തു കൊണ്ട് അയാളെ നോക്കി..

“ഇന്ന് വരെ , എന്റെ ജീവിതത്തിൽ  സ്നേഹം തന്നത്  രക്തബന്ധം ഉള്ളവരായിരുന്നില്ല… തികച്ചും  അന്യനായ  എന്നെ അവരൊക്കെ തള്ളക്കോഴി കുഞ്ഞിനെ നോക്കുന്നത് പോലാ  സംരക്ഷിച്ചത്….അതും , തിരിച്ചൊന്നും പ്രതീക്ഷിക്കാതെ…. മരണം വരെ കൂടെയുണ്ടാവണം എന്ന് ഞാനാശിച്ച എല്ലാവരെയും നീ  കൊന്നു… അവരെന്തു തെറ്റാ നിന്നോട് ചെയ്തത്? ആൺകുട്ടികളെ മയക്കുമരുന്നിനടിമപ്പെടുത്തുന്നതും, പെൺകുട്ടികളെ മാംസകച്ചവടത്തിന് ഉപയോഗിക്കുന്നതും  തടഞ്ഞതോ? മനസാക്ഷിയുള്ള ഏതൊരാളും ചെയ്യുന്നതല്ലേ അവരും  ചെയ്തുള്ളൂ? അതിന് കൊല്ലണമായിരുന്നോ?”…

അവൻ കൈയെത്തിച്ച് അയാളുടെ വലത് തള്ളവിരൽ പിടിച്ചു… പിന്നെ  ചൂണ്ടുവിരലിനും തള്ളവിരലിനും നടുവിലുള്ള മാംസത്തിൽ കത്തി വച്ച് അങ്ങോട്ടുമിങ്ങോട്ടും ആഞ്ഞു വലിച്ചു… പിന്നെ ആ വിരൽ പുറകിലോട്ട് ഒടിച്ചു… സത്യപാലൻ  അലറി…ശരീരം ഉലച്ചു കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല…ഒടിഞ്ഞു തൂങ്ങിയ തള്ളവിരലിന്റെ എല്ല് വെളിയിൽ കാണാമായിരുന്നു… രക്തം കൈയിലൂടെ ഒഴുകി അയാളുടെ ദേഹത്ത് പരന്നു..

“നല്ല ബോഡിയാണല്ലോടാ നിനക്ക്? ”  അയാളുടെ  ബലിഷ്ഠമായ നെഞ്ചിലേക്ക് നോക്കിക്കൊണ്ട് അഭിമന്യു പറഞ്ഞു.. അടുത്തതായി അറുത്തുമാറ്റപ്പെട്ടത് രണ്ടു മുലക്കണ്ണുകളും ആയിരുന്നു…സത്യപാലന്റെ കണ്ണുനീർ ഒലിച്ചിറങ്ങുന്നത് സന്തോഷത്തോടെയാണ് ദുർഗ്ഗയും സ്വാമിനാഥനും നോക്കി നിന്നത്.. കത്തി, ദുർഗ്ഗയുടെ കയ്യിൽ കൊടുത്തിട്ട്  അവൻ  ചെറിയ ചുറ്റിക എടുത്തു.. പിന്നെ അയാളുടെ കവിളിൽ കുത്തിപ്പിടിച്ചു…

“നിന്റെയീ വൃത്തികെട്ട പല്ലുകൾ കൊണ്ടല്ലെടാ നായിന്റെ മോനേ, എന്റെ ചേച്ചിയുടെ ദേഹം കടിച്ചു പറിച്ചത്?”..

അവൻ  ചുറ്റിക കൊണ്ട് അയാളുടെ മേൽ ചുണ്ടിൽ ആഞ്ഞിടിച്ചു…. പിന്നെ കീഴ്ച്ചുണ്ടിലും… രണ്ടു തവണ വീതം  മാറിമാറി  അടിച്ച ശേഷം അയാളുടെ  വായിലെ തുണി  വലിച്ചെടുത്തപ്പോൾ മുൻനിരയിലെ പല്ലുകളെല്ലാം  അതിന്റെ കൂടെ പുറത്തേക്ക് വന്നു..

“നിന്നെ ഞാൻ വിടില്ലെടാ…”   ചതഞ്ഞ ചുണ്ടുകൾക്കിടയിലൂടെ  അയാളുടെ വാക്കുകൾ  അവ്യക്തമായി കേട്ടു..അതോടെ അഭിമന്യുവിന്റെ നിയന്ത്രണം വിട്ടു… കാൽമുട്ടുകൾ , കൈമുട്ട്, ചുമൽ, കവിളിൽ.. തുടങ്ങി എല്ലായിടത്തും ചുറ്റിക പതിച്ചു… തളർന്നപ്പോൾ അവൻ  നിലത്തേക്കിരുന്ന് ദുർഗ്ഗയെ നോക്കി… അവൾ  രണ്ടു കൈകളിലും  ഗ്ലൗസ് ഇട്ടു മുന്നോട്ട് വന്ന് കത്തി അയാളുടെ ശരീരത്തിലൂടെ ഓടിച്ചു… അവളോട് ചെയ്തത് പോലെ തന്നെ…. പിന്നെ കത്തി അരക്കെട്ടിലെത്തി…

“ഇനി ചെയ്യാൻ പോകുന്നത്,  രാഖിക്ക് വേണ്ടി..നീയൊക്കെ പിച്ചി ചീന്തിയ സകല പെൺകുട്ടികൾക്കും വേണ്ടി…”

അവൾ അയാളുടെ  മുണ്ട് വലിച്ചു പറിച്ചു… പിന്നെ അടിവസ്ത്രവും…സത്യപാലന്റെ  ദേഹം വിറച്ചു തുടങ്ങി…അവൾ  വലതു കയ്യിലേക്ക് ശക്തി ആവാഹിച്ചു… ഒരലർച്ച അവിടെ മുഴങ്ങി…. അയാളുടെ  ജനനേന്ദ്രിയം നിലത്തേക്ക് അറ്റു വീണു…. പ്രാണവേദനയാൽ അയാൾ പുളഞ്ഞു….

“കൊല്ലെടീ…. എന്നെയൊന്നു കൊല്ല്…” അബോധാവസ്ഥയിൽ എന്ന പോലെ സത്യപാലൻ  പറഞ്ഞു..

“ഇത് എന്നെക്കൊണ്ട് പറയിക്കും എന്നല്ലേ നീ പ്രതിജ്ഞയെടുത്തത് സത്യപാലാ..”

അഭിമന്യു ഒരു സിഗരറ്റ് ചുണ്ടിൽ വച്ച്  മെഴുകുതിരിയിൽ  നിന്ന് തീ പകർന്നു..

“നീ പേടിക്കണ്ട… ദേവരാജനെയും  ഞാൻ നിന്റെ അടുത്തേക്ക് അയക്കും.. അവിടുന്ന് നിങ്ങളുടെ കണക്ക് തീർത്തോ…”

അവൻ ചുറ്റിക അയാളുടെ  തലയ്ക്കു നേരെ ഓങ്ങി… പെട്ടെന്ന് കതിരേശൻ  അങ്ങോട്ട്‌ ഓടിവന്നു…

“പോലീസ്…” അയാൾ പറഞ്ഞു… തുറന്നു കിടക്കുന്ന വാതിലിലൂടെ  സേർച്ച്‌ ലൈറ്റുകളുടെ വെളിച്ചം അടുത്തേക്ക് വരുന്നത് അവർ  കണ്ടു.. അഭിമന്യു  കതിരേശനെ  നോക്കി…

“അണ്ണാ… നീങ്കയാരെയും പോലീസിന് കിടയ്ക്കകൂടാത്… പോയിട്..”

“ഇല്ല തമ്പീ…നാങ്കളും കൂടെയിരുപ്പോം..”

“അരുത്… ഞങ്ങളുടെ യാത്ര ഇവിടെ തീർന്നു… ഇനി എങ്ങോട്ടുമില്ല… പക്ഷേ നിങ്ങൾ പോകണം..ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടി ജീവിച്ചില്ലേ… മതി.. ഇനിയുള്ളകാലം  ചോരയുടെ മണമില്ലാതെ നിങ്ങളെല്ലാം സമാധാനത്തോടെ ഉറങ്ങണം..”

അയാൾ മടിച്ചു നിന്നു…

“പോകാൻ..” അവന്റെ സ്വരം കനത്തു..സ്വാമിനാഥനും  നിർബന്ധിച്ചപ്പോൾ കതിരേശനും ആളുകളും  പിൻഭാഗത്തൂടെ  ഇരുളിൽ മറഞ്ഞു.

“ഡോണ്ട് മൂവ്…” പിസ്റ്റൽ ചൂണ്ടിക്കൊണ്ട് കമ്മീഷണർ  ഷബ്‌ന ഹമീദ്  മുറ്റത്തേക്ക് ചാടിക്കയറി.. പിന്നാലെ ആയുധധാരികളായ പോലീസുകാരും…

“സാധാരണ  സിനിമയിലൊക്കെ എല്ലാം കഴിഞ്ഞിട്ടാണ് പോലീസ് എത്താറ്.. “

അഭിമന്യു  നേർത്ത ചിരിയോടെ പറഞ്ഞു.. പിന്നെ വാതിലിനു നേരെ മുന്നിൽ കൈ കെട്ടി നിന്നു.. അവന്റെ ഇരുവശങ്ങളിലുമായി  ദുർഗ്ഗയും സ്വാമിനാഥനും….

“അഭിമന്യൂ…മതി… ഇനിയൊരു ജീവൻ കൂടി എടുക്കാൻ നിന്നെ ഞാൻ വിടില്ല.. അതിന് ശ്രമിച്ചാൽ നിന്റെ കൂടെയുള്ളവരെ ഞാൻ ഷൂട്ട് ചെയ്യും.. നഷ്ടങ്ങളുടെ വില അറിയാവുന്നവനല്ലേ നീ? സോ പ്ലീസ്… എന്നെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും ചെയ്യരുത്…”

അവന്റെ ചിരി മാഞ്ഞു…

“സത്യപാലൻ ചത്തിട്ടില്ല… ചോര വാർന്നു കൊണ്ടിരിക്കുകയാ… അവന്റെ മരണം എനിക്ക് കാണണം.. പിന്നെ ദേവരാജന്റെയും… എന്നിട്ട് മാത്രമേ ഇതൊക്കെ നിർത്തൂ..”

“നോ…എനിക്ക് ഒരേ കാര്യം ഒരുപാട് തവണ സംസാരിക്കുന്നത് ഇഷ്ടമല്ല…ഈ തോക്ക് ഞാൻ പള്ളിപ്പെരുന്നാളിന് വാങ്ങിയതുമല്ല… വെടി വയ്ക്കുമെന്ന് പറഞ്ഞാൽ  ഞാൻ ചെയ്തിരിക്കും…”

അവൾ ജാഫറിനെ നോക്കി..

“നല്ല രസമുണ്ടല്ലേ?”

“എന്താ മാഡം?” അയാൾക്ക് മനസിലായില്ല..

“ഞാൻ വായിലെ വെള്ളം വറ്റിക്കുന്നത് നോക്കി നിൽക്കാൻ നല്ല രസമുണ്ടോ?  മൂന്നെണ്ണത്തിനേം വിലങ്ങു വയ്ക്കാൻ ഇനി  തന്നോട് പ്രത്യേകം പറയണമായിരിക്കും..”

“അത്..”

“ഇവരെ ലോക്ക് ചെയ്ത്, അയാൾക്ക് ജീവനുണ്ടെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കെടോ….”

അവൾ ശബ്ദമുയർത്തി…. പിന്നെ അഭിമന്യുവിനെ നോക്കി…

“നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. പ്രതികാരത്തിനു നടക്കുമ്പോൾ അവരുടെ സങ്കടം കൂടി ഓർക്കണം… ഈ നാറിയെയൊക്കെ കൊന്നിട്ട് ജയിലിൽ തീരാനുള്ളതല്ല  നിന്റെ ജീവിതം… ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്ന് പറയുവാ .. എല്ലാം അവസാനിപ്പിക്ക്….”

സ്വാമിനാഥൻ വളരെ പതിയെ  പിന്നോട്ട് ചുവട് വയ്ക്കുന്നത് ആരും ശ്രദ്ധിച്ചില്ല… എല്ലാ കണ്ണുകളും അഭിമന്യുവിൽ ആയിരുന്നു… പെട്ടെന്ന് അയാൾ ഒറ്റ കുതിപ്പിന് ഷെഡിനകത്ത് കയറി വാതിൽ വലിച്ചടച്ചു… അഭിമന്യു പോലും അത് പ്രതീക്ഷിച്ചിരുന്നില്ല…

“ഷിറ്റ്…”  ഷബ്‌ന  മുന്നോട്ട് ഓടി വന്ന് ഡോറിൽ ആഞ്ഞിടിച്ചു…പഴയ മരം കൊണ്ട് പണിതതാണെങ്കിലും അതിന് നല്ല ഉറപ്പുണ്ടായിരുന്നു…

“അഭീ.. അദ്ദേഹത്തെ തടയ്,… ഇല്ലെങ്കിൽ എനിക്ക് എനിക്ക് പോലും നിങ്ങളെ ആരെയും രക്ഷിക്കാൻ പറ്റി എന്ന് വരില്ല..”

അഭിമന്യു കതകിൽ തട്ടാൻ തുടങ്ങുമ്പോഴേക്കും അകത്ത് നിന്ന് പിടച്ചിലും മുരൾച്ചയും  കേട്ടു.. ഷബ്‌നയും  ജാഫറും  ചേർന്ന് കതക് ചവിട്ടി തുറക്കാനുള്ള ശ്രമം തുടങ്ങി..പക്ഷേ അകത്തുണ്ടായിരുന്ന പഴയ മേശയും  മറ്റ് സാധനങ്ങളും  സ്വാമിനാഥൻ  കുറുകെ വലിച്ചിട്ടതിനാൽ അതെളുപ്പമായിരുന്നില്ല… കഷ്ടപ്പെട്ട് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ അവർ മുന്നിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി… സത്യപാലന്റെ അറുത്തെടുത്ത തല  ഇടതു കയ്യിൽ പിടിച്ച് കിതയ്ക്കുന്ന സ്വാമിനാഥൻ…ജാഫറും മറ്റ്  വേറെ രണ്ടു പോലീസുകാരും  ഓക്കാനിച്ചു..

സത്യപാലന്റെ ശരീരത്തിന്റെ പിടച്ചിൽ അവസാനിച്ചിരുന്നില്ല…. ചുടുരക്തത്തിന്റെ രൂക്ഷഗന്ധം  അവിടെ നിറഞ്ഞു…

നേരം പുലരാറായി… വിവരമറിഞ്ഞ് നാട്ടുകാർ അങ്ങോട്ട് എത്താൻ തുടങ്ങി.. അപ്പോഴേക്കും കൈവിലങ്ങുകൾ അണിയിച്ച് മൂന്ന് പേരെയും റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കരികെ കൊണ്ടുപോയിരുന്നു…അഭിമന്യു  വേദനയോടെ സ്വാമിനാഥനെ നോക്കി..

“എന്തിനായിരുന്നു സ്വാമിയേട്ടാ…?”  ഇടറിയ സ്വരത്തിൽ അവൻ ചോദിച്ചു..

“നിനക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ മോനെ ഞാൻ? ആ  മാഡം പറഞ്ഞത് പോലെ, ഇനി നിന്റെ ജീവിതം നശിപ്പിക്കരുത്… ദേവരാജനെ വിട്ടേക്ക്.. മരണത്തെക്കാൾ വലിയ ശിക്ഷയാ  സ്നേഹിക്കുന്നവർ നഷ്ടപ്പെടുന്നത്… അതവന് കിട്ടി…. ഇപ്പൊ അയാൾ വെറുമൊരു ശവമാ… ഇനി നീയും ദുർഗ്ഗമോളും സന്തോഷമായി  ജീവിക്കണം… സത്യപാലനെ കൊന്നത് ഞാനാണ്.. കോടതിയിൽ ഞാനത് പറയും… അതിൽ ഇടപെടരുത്… തിരുത്തരുത്.. അച്ഛന്റെ സ്ഥാനത്തു നിന്നാ പറയുന്നേ…”

പോലീസുകാർ അയാളെ തനിച്ച് ഒരു ജീപ്പിലേക്ക് മാറ്റി.. ഷബ്ന ഹമീദ്  അഭിമന്യുവിന്റെ അടുത്ത് ചെന്നു..

“നീയെത്ര ഭാഗ്യവാനാണെന്ന് മനസ്സിലായോ? അച്ഛന്റെ തലയെടുക്കാൻ വന്നതാണെന്നറിഞ്ഞിട്ടും നിന്നെ സ്നേഹിക്കുന്ന ദേവരാജന്റെ മക്കൾ, പിന്നെ അയാളുടെ ഭാര്യ… കൂടെ നിന്ന് വഞ്ചിച്ചിട്ടും ഇപ്പോഴും നിനക്കു വേണ്ടി പ്രാർത്ഥിക്കുന്ന മീനാക്ഷി, അവളുടെ മാതാ പിതാക്കൾ… ഇപ്പൊ ഇതാ.. നിന്റെ ലക്ഷ്യം പൂർത്തീകരിച്ച ഇയാളും… ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബലം  സ്നേഹിക്കാൻ ആളുകൾ ഉള്ളതാണ്..”

“അതു തന്നെയാണ് മാഡം, ഒരാളുടെ ബലഹീനതയും… എന്നെ സ്നേഹിച്ചവരൊക്കെ അവസാനം വേദനിച്ചിട്ടേ ഉള്ളൂ.”

അഭിമന്യുവിനെയും ദുർഗ്ഗയെയും കയറ്റിയ ജീപ്പും മുന്നോട്ട് നീങ്ങിയപ്പോൾ ഷബ്ന ദീർഘമായി ഒന്ന് നിശ്വസിച്ചു.. ജാഫർ  അടുത്തേക്ക് വന്നു..

“അങ്ങനെ അതവസാനിച്ചു.. അല്ലേ മാഡം..?”

“ഇല്ലെടോ… ആർക്കാ ഇവിടെ നീതി ലഭിച്ചത്? തെറ്റ്‌ ചെയ്തവരെ  നമ്മുടെ നിയമം ശിക്ഷിച്ചിരുന്നെങ്കിൽ ഈ മൂന്ന് പേരുടെ ജീവിതം ഇങ്ങനെ ആകുമായിരുന്നോ?..”

“അതും ശരിയാ.. ഇനി എത്രവർഷം ഇവർ ജയിലിൽ കിടക്കും.അതാലോചിക്കുമ്പോൾ  ഒരു വിഷമം.”

ഷബ്‌ന ഒന്ന് ചിരിച്ചു.

“താൻ അതൊന്നും ആലോചിക്കണ്ട… ഇവരുടെ ജാതകം എഴുതാൻ പോകുന്നത് ഞാനാ… കമ്മീഷണർ  ഷബ്‌ന ഹമീദ് ഐ പി എസ്… പ്രതിയുടെ പ്രായം.. കുറ്റം ചെയ്യാനുണ്ടായ സാഹചര്യം.. പിന്നെ ചത്തവൻ പുണ്യാത്മാവ് ഒന്നുമല്ലല്ലോ…? എല്ലാം കൂട്ടിചേർത്ത് ഞാനൊരു കാച്ചു കാച്ചും.. സ്വാമിനാഥന് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമേ കിട്ടൂ…. ഇത്രേം വർഷം ഓടിയതല്ലേ, കുറച്ച് നാൾ ജയിലിൽ വിശ്രമിക്കട്ടെ.. അവിടെ പരമ സുഖമാടോ..പെൺപിള്ളേരെ റേപ്പ് ചെയ്ത് ക്രൂരമായി കൊന്നവനൊക്കെ അവിടെ സുഖവാസമാ.. അപ്പൊ ഒരു നല്ലകാര്യം ചെയ്ത ഇവരും സുഖിക്കട്ടേന്ന്…. പിന്നെ അഭിമന്യുവും ദുർഗ്ഗയും…അവരും കുറച്ചു നാൾ അകത്തു കിടക്കുന്നതാ നല്ലത്..ദേവരാജനോടുള്ള ദേഷ്യം ചിലപ്പോൾ തണുത്താലോ…. നോക്കാം…”

അവൾ കാറിലേക്ക് കയറി….

************

മൂന്ന് വർഷങ്ങൾക്ക് ശേഷം .താരാപുരം…

തിരക്ക് പിടിച്ച ഫുട്പാത്തിന്റെ ഓരത്ത് ജടപിടിച്ച മുടിയും താടിയും  മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു ഒറ്റക്കാലൻ ഇരിപ്പുണ്ടായിരുന്നു…

“എടോ… തന്നോട് പറഞ്ഞതല്ലേ ഇവിടെ കണ്ടു പോകരുതെന്ന്?”

അയാൾ ഇരുന്നതിന് നേരെ മുന്പിലെ ഹോട്ടലിൽ നിന്നും ഒരാൾ ഇറങ്ങി വന്നു ദേഷ്യപ്പെട്ടു…പക്ഷേ അയാൾ കേട്ട ഭാവം  നടിച്ചില്ല…ദേഹത്തെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളിൽ  ചൊറിഞ്ഞു കൊണ്ട് അയാൾ എന്തൊക്കെയോ പിറുപിറുത്തു..

“തന്റെ നാറ്റം കൊണ്ട് ഹോട്ടലിൽ ഒരാളും കേറുന്നില്ല… എണീറ്റ് പോണുണ്ടോ അതോ  ഞാൻ ചൂടുവെള്ളം കോരി ഒഴിക്കണോ?”

“എന്താ വാസുവേട്ടാ  പ്രശ്നം?”.. വേറൊരാൾ അങ്ങോട്ട് വന്നു ചോദിച്ചു.

“കണ്ടില്ലേ? ഇത് തന്നെ പ്രശ്നം… ഇയാളെക്കൊണ്ട് വലിയ ശല്യമാടാ… പാവം തോന്നി ഒരു ദിവസം ഭക്ഷണം കൊടുത്തു.. ഇപ്പൊ രാവിലെ തൊട്ട് രാത്രി വരെ ഇവിടിങ്ങനെ ഇരിക്കും..നാറിയിട്ട് വയ്യ…”

അയാൾ എഴുന്നേറ്റു തല ചൊറിഞ്ഞു കൊണ്ട് രണ്ടു പേരെയും നോക്കി… പിന്നെ റോഡിലേക്ക് ഇറങ്ങി വടിയും കുത്തി നടന്നു..

“പോട്ടെ വാസുവേട്ടാ… മാനസിക നില തെറ്റിയ ആളല്ലേ…”

“കിഷോറേ… നീയിവിടെ പുതിയതായത് കൊണ്ടാ..ആ പോയ മൊതല് ആരാന്നറിയോ… ഭൂലോക ചെറ്റയാ… ആയകാലത്ത് അങ്ങേര് നടത്താത്ത ഉടായിപ്പുകളില്ല… കോടീശ്വരൻ ആയിരുന്നു.. ഒടുവിൽ കർമ്മഫലം തിരിച്ചടിച്ചു… കൂടെയുണ്ടായവർ തന്നെ ഇയാളേം കുടുംബത്തേം കൊല്ലാൻ നോക്കി.. മോള് കുറേ നാൾ സീരിയസ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു.. അതോടെ ഭാര്യ  താലി പൊട്ടിച്ച് ഇയാളുടെ മുഖത്തെറിഞ്ഞു.. പോരാത്തതിന് കുറേ പോലീസ് കേസും…അവസാനം ആത്മഹത്യ ചെയ്യാൻ നോക്കിയതാ… കാല് പോയി… തലയുടെ പിരിയും ഇളകി… ഇപ്പൊ മുഴുവട്ടായി നടക്കുന്നു..നീ കേട്ടിട്ടില്ലേ, മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാനെന്ന്? അതു തന്നെ സംഭവം… വാ.. ഒരു ചായ കുടിച്ചോണ്ട് വിശദമായി പറഞ്ഞു തരാം…”

അവർ ഹോട്ടലിനകത്തേക്ക് കയറിയപ്പോൾ ആ ഭ്രാന്തൻ റോഡിന്റെ ഇപ്പുറത്തു നിന്ന് വഴിപോക്കരോട് കയർക്കുകയായിരുന്നു..

“എന്നോട് കളിക്കല്ലേ.. ദേവരാജൻ മുതലാളിയോട് കളിക്കാൻ ഒരുത്തനും വളർന്നിട്ടില്ല.. സത്യൻ വരട്ടെ…. എന്നിട്ട് വേണം  നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻ….”

അയാൾ പോക്കറ്റിൽ നിന്നും കുറേ കീറ കടലാസുകൾ വലിച്ചെടുത്തു..

“ഇതാടാ… നിന്റെയൊക്കെ കുടുംബം വിലയ്ക്ക് വാങ്ങാനുള്ള കാശ് ഇപ്പഴും എന്റെ കൈയിലുണ്ട്.. സീതാഗ്രൂപ്പ് ഇനിയും വളരും…. ദേവരാജനും സത്യപാലനും  ചേർന്ന് ഇനിയും വളർത്തും….”

ആൾക്കാരിൽ ചിലർ പരിഹാസത്തോടെയും  ചിലർ സഹതാപത്തോടെയും അയാളെ നോക്കി കടന്നു പോയി…

“ദേവരാജൻ മുതലാളി ആരുടേയും മുന്നിൽ തലകുനിക്കില്ല.. ആർക്കും തോൽപിക്കാനും പറ്റില്ല…” അയാൾ  നഗരത്തിലെ മാലിന്യങ്ങൾ കൂട്ടിയിടുന്ന ഭാഗത്തേക്ക് ഞൊണ്ടിക്കൊണ്ട് പതിയെ നടന്നു…..

***********

നാളുകൾ പിന്നെയും കടന്നുപോയി..

കൊല്ലൂർ.. മൂകാംബിക ക്ഷേത്രം.. കുറച്ചു മാറിയുള്ള സൗപർണ്ണികയുടെ തീരത്തെ മണ്ഡപത്തിൽ  മുന്നിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അഭിമന്യു… ഒരു ഭാര്യയും ഭർത്താവും  കുട്ടിയും മീനുകൾക്ക് തീറ്റ കൊടുക്കുന്നുണ്ട്.. അവ കൂട്ടമായി പുളയുന്നത് കാണാൻ നല്ല ഭംഗി…. തണുത്ത കാറ്റും നിശബ്ദമായ അന്തരീക്ഷവും… തൊട്ടടുത്ത് ആരോ വന്നിരിക്കുന്നത് അറിഞ്ഞ് അവൻ നോക്കി… വിശ്വസിക്കാനായില്ല…. യദുകൃഷ്ണൻ…..

“എന്തൊക്കെയുണ്ട് അഭീ…? സുഖമാണോ?”

അവനൊന്നും മിണ്ടിയില്ല..

“തീരെ പ്രതീക്ഷിച്ചില്ല… അല്ലേ?”

“ഇല്ല…”

“അറിയാം… ഞങ്ങളെ കാണാതിരിക്കാൻ വേണ്ടിയല്ലേ നീ ഒളിച്ചോടിയത്… പക്ഷേ ഞങ്ങൾക്ക് അങ്ങനെ വിടാൻ പറ്റില്ലല്ലോ… അന്വേഷിച്ചു കൊണ്ടിരുന്നു…”

“ഞാനിവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു.?”

“സ്വാമിയേട്ടനെ കാണാൻ പോയിരുന്നു, ജയിലിൽ.. അടുത്ത മാസം ഇറങ്ങുമെന്നും ദുർഗ്ഗയുടെയും നിന്റെയും കൂടെ  മൈസൂരിൽ താമസിക്കാനാ പരിപാടി എന്നും പറഞ്ഞു.. അതിനിടെൽ മൂപ്പരുടെ വായിൽ നിന്ന് അറിയാതെ വീണതാ  മാധവേട്ടന്റെയും വൈശാലിചേച്ചിയുടെയും വിവാഹവാർഷികത്തിന് നീ മൂകാംബികയിൽ വരുമെന്ന്…”

ഒന്നും മിണ്ടാതെ അഭിമന്യു  പുഴയിലേക്ക് നോക്കിയിരുന്നു.

“അഭീ… ഇത്രയും കാലത്തിനിടെ ഒരിക്കൽ പോലും നിനക്കു ഞങ്ങളെ കാണണമെന്ന് തോന്നിയിട്ടില്ലേ?”

“തോന്നിയിരുന്നു.. പക്ഷേ അർഹത ഇല്ലെന്ന് മനസ്സ് പറഞ്ഞു… നിങ്ങളൊക്കെ നല്ല മനുഷ്യരാ യദുവേട്ടാ… സ്നേഹിക്കാൻ മാത്രം അറിയുന്ന നല്ല മനുഷ്യർ .. എന്റെ പ്രതികാരത്തിന് വേണ്ടി നിങ്ങളെ ഉപയോഗിച്ചത് തെറ്റു തന്നെയാ… അതുകൊണ്ട് തന്നെ  മുന്നിൽ വന്നു നില്കാൻ യോഗ്യത ഇല്ലെന്ന് തോന്നി… ജയിലിൽ നിന്നിറങ്ങി ശിവയെ കാണാൻ പോയിരുന്നു… ദൂരെ നിന്ന് ഒരു നോക്ക് കണ്ടു …”

യദു അവന്റെ ചുമലിലൂടെ കയ്യിട്ടു…

“നീ  വാ… കുറേ പറയാനുണ്ട്…”  അവനെ എഴുന്നേൽപ്പിച്ച് നേരെ പാർക്കിങ്ങിലേക്ക് നടന്നു… അവർ അടുത്തെത്തിയപ്പോൾ ട്രാവലർ വാനിന്റെ ഡോർ തുറന്ന് ആദ്യം പുറത്തിറങ്ങിയത് സീതാലക്ഷ്മി ആയിരുന്നു.. അവർ പുഞ്ചിരിയോടെ അവന്റെ അടുത്തെത്തി കവിളിൽ തഴുകി..

“എവിടെയൊക്കെ തിരഞ്ഞു എന്റെ കുട്ടിയെ.. എന്തിനാ ഞങ്ങളെ ഇങ്ങനെ സങ്കടപ്പെടുത്തിയത്?”

അവൻ കുനിഞ്ഞ് അവരുടെ കാലിൽ  തൊട്ടു… സീതലക്ഷ്‌മി അത് പ്രതീക്ഷിച്ചിരുന്നില്ല… അവർ പരിഭ്രമത്തോടെ അവനെ  പിടിച്ചെഴുന്നേൽപ്പിച്ചു.

“എന്താ നീയീ കാട്ടണേ?”

“ക്ഷമിക്കണമെന്ന് പറയാൻ പോലും എനിക്ക് യോഗ്യത ഇല്ല..”

“തെറ്റും ശരിയുമൊന്നും ഈ അമ്മയ്ക്ക് അറിയില്ല മോനെ… പക്ഷേ എന്റെ മക്കളെ പോലെ തന്നെയാ നിന്നെയും സ്നേഹിച്ചത്.. അതുകൊണ്ട് ദേഷ്യം തോന്നിയിട്ടില്ല.. നിന്നെ കണ്ടുകിട്ടാൻ വേണ്ടി എവിടെയൊക്കെ നേർച്ച നേർന്നു എന്നറിയോ? ഇപ്പൊ സമാധാനമായി … ഇനി നിന്നെ എങ്ങോട്ടും വിടില്ല…”

അവർ അവനെ നെഞ്ചോട് ചേർത്തു…. പിന്നെ ഇറങ്ങി വന്നത് ഹരിദാസും  ഭാനുമതിയുമായിരുന്നു….അയാൾ  ചേർത്തു പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു.. പക്ഷേ ഭാനുമതി ദേഷ്യത്തോടെ അവന്റെ കയ്യിലും തോളിലുമൊക്കെ അടിച്ചു…

” എന്നും ഒരാൾക്കുള്ള ഭക്ഷണം ഉണ്ടാക്കി ഞാൻ കാത്തിരിക്കും.. വിശക്കുന്നു അമ്മേ  കഴിക്കാൻ എന്തേലും ഉണ്ടോന്ന് ചോദിച്ചോണ്ട് നീ കേറി വരണേ എന്ന് കൊതിക്കും… പക്ഷേ എനിക്ക് ഉള്ള സ്നേഹമൊന്നും നിനക്കു ഇങ്ങോട്ടില്ല.. ദുഷ്ടനാ  നീ .. പൊയ്ക്കോ.. നിന്നെ കാണണ്ട… “

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. അഭിമന്യു അവരെ കെട്ടിപ്പിച്ച് കവിളിൽ ഉമ്മ

വച്ചു…

“മാപ്പ്…..”

അവർ അവന്റെ കണ്ണുകൾ നോക്കി..

“ഇനി ഞങ്ങളെ വിട്ട് പോകുമോ?”

അവൻ ഇല്ലെന്നു തലയാട്ടി.

“വാ  തുറന്നു പറയെടാ…”

“പോവില്ല…”

“ചെറുക്കന്റെ കോലം  നോക്ക്.. മുടിയും താടിയുമൊക്കെ വളർത്തി… ഇതൊക്കെ ഇന്ന് തന്നെ വെട്ടിക്കളഞ്ഞോണം..”

“എന്റെ ഭാനുമതീ… ഏറ്റു… മീനു എവിടെ..?”

കയ്യിൽ ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് മീനാക്ഷി അങ്ങോട്ട് വരുന്നത് അമ്പരപ്പോടെ അവൻ നോക്കി നിന്നു..

“കൊച്ചിനെ പിടിക്കെടാ…” അവൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.. പഴയത് പോലെ തന്നെ, ഒരു ചോദ്യങ്ങളും ഇല്ലാത്ത, അവനെ ഒന്നിനും നിർബന്ധിക്കാത്ത  സഹോദരതുല്യമായ  സ്നേഹം…… അവൻ ശ്രദ്ധപൂർവ്വം കുഞ്ഞിനെ എടുത്തു… സുന്ദരിയായ പെൺകുഞ്ഞ്… യാതൊരു അപരിചിത്വവും കാട്ടാതെ  ആ കുഞ്ഞ് അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു..

“ആഹാ. അച്ഛന്റേം അമ്മയുടെയും കല്യാണത്തിനു പോലും വരാത്ത  മാമനോട് അവൾക്ക് ദേഷ്യമൊന്നുമില്ല… കണ്ടില്ലേ യദുവേട്ടാ…?”

മീനാക്ഷി പറഞ്ഞു…

“ഇവൾക്ക് പേരിട്ടോ?”  അഭിമന്യു മടിയോടെ ചോദിച്ചു..

“ഉവ്‌… വൈശാലി…”  യദുകൃഷ്ണൻ പറഞ്ഞത്  ഞെട്ടലോടെയാണ് അവൻ കേട്ടത്… തുളുമ്പാൻ തുടങ്ങുന്ന മിഴികൾ  അവരിൽ നിന്ന് മറച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല…

“ഞാൻ പറഞ്ഞില്ലേ അഭീ.. നിന്നെ കുറേ അന്വേഷിച്ചു… പക്ഷേ ഫലമുണ്ടായില്ല… ഓരോ മംഗളകർമ്മങ്ങൾ നടക്കുമ്പോഴും  നിന്നെ ഞങ്ങൾ ഒരുപാട് മിസ്സ്‌ ചെയ്തെടാ…”

അവൻ  തലകുനിച്ചു…

“നീ കുഞ്ഞിനെ ഇങ്ങ് താ… എന്നിട്ട് വാനിനകത്തു കേറ്.. നിന്നെ ഒന്ന് കണ്ടുകിട്ടാൻ വേണ്ടി ഇത്രയും വര്ഷങ്ങളായി  വ്രതം നോറ്റ് കാത്തിരിക്കുന്ന ഒരുത്തി അവിടെയുണ്ട്… യദുകൃഷ്ണൻ കുഞ്ഞിനെ വാങ്ങി… അഭിമന്യു വാനിനുള്ളിൽ കയറി… ഏറ്റവും പുറകിലെ സീറ്റിൽ കണ്ണുമടച്ച് ശിവാനി ഇരിപ്പുണ്ടായിരുന്നു… അവൻ പതിയെ അരികിൽ ചെന്നിരുന്നു…

“അജ്ഞാതവാസം അവസാനിച്ചോ?” കണ്ണുകൾ തുറക്കാതെ തന്നെ അവൾ  ചോദിച്ചു….

“പിടിക്കപ്പെട്ടു..”

“ഉം… പ്രതികാരങ്ങളൊക്കെ നടപ്പിലാക്കിയില്ലേ.?.. ശത്രു സൈന്യം നശിച്ചു… എന്റെ അച്ഛൻ ഭ്രാന്തു പിടിച്ച് എങ്ങോ അലയുന്നു… നീ കൊന്നാലും, അതെന്തിനാണെന്ന് പോലും അറിയില്ല…”

അവൻ അവളുടെ കയ്യിൽ പിടിച്ചു…

“എന്നോട് ക്ഷമിച്ചൂടെ?”

“ഇല്ല.. എന്റെ മനസ്സ് കാണാതെ  ഓടിപ്പോയവനല്ലേ…? ഒരിക്കലും ക്ഷമിക്കില്ല.. “

“കുറ്റബോധം കൊണ്ടാ ശിവാ..”

“നിനക്കെപ്പോഴും നിന്റെ വികാരങ്ങളെ കുറിച്ചേ ചിന്തയുള്ളൂ.. നിന്റെ പക, നിന്റെ ദേഷ്യം… നിന്റെ സങ്കടങ്ങൾ.. ബാക്കിയുള്ളവരെ കുറിച്ച് ഇന്നേ വരെ ഓർത്തോ? ഒന്നല്ല, രണ്ടു കുടുംബങ്ങളാ  നിനക്കു വേണ്ടി കാത്തിരുന്നത്.. “

“ഇപ്പോഴും നീയെന്നെ സ്നേഹിക്കുന്നുണ്ടോ ശിവാ..?”

“ഇല്ല..”

“സത്യമായിട്ടും?”

“അതേടാ… നീ വില്ലനല്ലേ? നായികയ്ക്ക് വില്ലനോട് സ്നേഹം തോന്നില്ല..”

“ഉറപ്പാണോ?”

“അതേ…”

അഭിമന്യു അവളെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… അവൾ കുതറി.. നഖങ്ങൾ അവന്റെ മുഖത്തു പോറലുണ്ടാക്കി.. പക്ഷേ അവൻ വിട്ടില്ല… ചോരയുടെ രുചി രണ്ടുപേരും അറിഞ്ഞു… അവൻ  പിറകോട്ടു നീങ്ങി…

“പട്ടി… കടിച്ചു പറിച്ചു…” അവൾ ചുണ്ട് മലർത്തി നോക്കി..

“അപ്പോ ഇതോ?” അവൻ  മുഖത്തെ നഖക്ഷതങ്ങൾ തൊട്ട് കാണിച്ചു..

“പിശാശ് ഇപ്പഴും നഖം വെട്ടാറില്ല അല്ലേ?”

“നന്നായിപ്പോയി. നിന്നോട് ഇതൊന്നും ചെയ്‌താൽ പോരാ ..”

ശിവാനി അവന്റെ മടിയിലേക്ക് ചാഞ്ഞു..

“ഇനി ഇട്ടിട്ട് പോകുമോടാ നീ?”

“നിന്റെ കയ്യിലിരിപ്പ് പോലെ.”

“എന്നാൽ തേടി വന്ന് കൊല്ലും ഞാൻ…”

അവൻ കുനിഞ്ഞ് അവളുടെ കവിളിൽ  അധരങ്ങൾ അമർത്തിയതും  മീനാക്ഷി അങ്ങോട്ട്‌ കയറി വന്നതും ഒരുമിച്ചായിരുന്നു…

“ഇനിയെല്ലാം പെണ്ണിന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ട് മതി .. പറയാൻ മറന്നു.. ദുർഗ്ഗയെ വിളിച്ച് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട്…ഒരു പ്രപ്പോസൽ… യദുവേട്ടന്റെ ഫ്രണ്ട് ആണ്…കാര്യങ്ങളൊക്കെ അറിയാം.. പുള്ളിക്ക് നല്ല താല്പര്യം ഉണ്ട്…മാധവേട്ടന്റെയും വൈശാലിചേച്ചിയുടെയും സ്ഥാനത്തു നിന്ന് നമ്മൾക്കെല്ലാവര്ക്കും ചേർന്ന് അത് നടത്തിക്കൊടുക്കണം…”

അഭിമന്യുവിന് വാക്കുകളൊന്നും കിട്ടിയില്ല… എല്ലാവരും കയറിയ ശേഷം ആ വണ്ടി മൂകാംബികയുടെ നടയിലേക്ക് യാത്രയായി… ഒരു പുതിയ ജീവിതത്തിന്റെ തുടക്കം…..

**********

രാമേശ്വരം തമിഴ്നാട്..

കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളിൽ നോക്കി നില്കുകയായിരുന്നു ഷീബ…. അവളുടെ അച്ഛൻ ഫ്രാൻസിസ് അടുത്തെത്തി.

“മോളേ… എട്ട് മണിക്കാണ് ട്രെയിൻ… ഒന്നൂടെ ഒന്നാലോചിച്ചിട്ട് പോരേ?”

“ഇല്ല അപ്പച്ചാ… ഇനിയൊന്നും ആലോചിക്കാനില്ല.. മറ്റുള്ളവർക്ക് എത്ര ദുഷ്ടനും കൊള്ളരുതാത്തവനും ആയിരുന്നാലും എന്നെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.. എനിക്ക് വേണ്ടതൊക്കെ ചെയ്തിട്ടുണ്ട്…അവസാന പോരാട്ടത്തിന് ഇറങ്ങുന്നതിനു മുൻപും എന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിരുന്നു…. ഇത്രയും ക്രൂരമായി അദ്ദേഹത്തെ കൊന്നവർ ഇന്ന് സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞാനെങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും?.. സത്യപാലന് വേണ്ടി ഞാൻ പ്രതികാരം ചെയ്യും… ഓരോരുത്തരെയും ഞാൻ നശിപ്പിക്കും… തീർച്ച….”

തിരമാലകൾ കരിങ്കൽക്കെട്ടിൽ അലർച്ചയോടെ വന്നു പതിച്ചു…

പകയുടെ കനലുകൾ  കെടുന്നില്ല… ലോകാവസാനം വരെ  അത് കൈമാറിക്കൊണ്ടിരിക്കും… ഷീബ എന്നൊരു സാധാരണക്കാരി പെൺകുട്ടിയുടെ പ്രതികാരം എങ്ങനെ ആയിരിക്കും? അവൾ അതിൽ  വിജയിക്കുമോ? അതോ  എല്ലാവരുടെയും സ്നേഹത്തിന്റെ കുളിർമഴയിൽ  അവളുടെ മനസ്സിലെ തീ അണയുമോ? അറിയില്ല… എല്ലാം കാലത്തിനു വിട്ടു കൊടുത്തുകൊണ്ട് കാത്തിരിക്കാം…

അവസാനിച്ചു

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

4.5/5 - (20 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “സൗപ്തികപർവ്വം – 29 (അവസാനഭാഗം)”

  1. ഒരു രക്ഷയും ഇല്ല. അടിപൊളി story. ഇന്നലെയാണ് കണ്ടത്. ഒറ്റയിരുപ്പിന് മുഴുവനും വായിച്ചു. ശെരിക്കും ഒരു film കണ്ടിറങ്ങിയ feeling. ഇപ്പോൾ ഒരു പുതിയ novel തുടങ്ങിയിട്ടില്ലേ.. അതിനു എല്ലാ ആശംസകളും നേരുന്നു.. ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ… God bless you❤️❤️

  2. Ithrayum vekam avasanikumennu pratheekshichilla. Ottum lag illathe thanne valare super aayi katha munpotu kondoyi. Iniyum iniyum koree nalla srushtikal iyaalil ninum pratheekshikunnu. Ithuvare vayichathil ninnum entho oru prathyekatha indu. First thudarkathayum njan vayichirunnu. 2 um sooopr.

Leave a Reply

Don`t copy text!