Skip to content

സൗപ്തികപർവ്വം – 28

സൗപ്തികപർവ്വം

“ജാഫറേ.. തന്നോട് ഞാൻ പറഞ്ഞതല്ലേടോ… അയാളെ വിടരുത്  പുറകെ പോണം എന്ന്?”

കമ്മീഷണർ  ഷബ്‌ന ഹമീദ് ഒച്ചയെടുത്തു..

“ഒരു ജോലി ഏൽപ്പിച്ചാൽ മര്യാദയ്ക്ക് ചെയ്യാൻ പറ്റില്ല… താനൊക്കെ കോപ്പിയടിച്ച് പോലീസിൽ ചേർന്നതാണോ.?”

ജാഫർ  നിന്നു വിയർത്തു..

“സത്യപാലനെ കിട്ടിയില്ല, ജോസിനെ കിട്ടിയില്ല, ഒരു വൃദ്ധനെ ഫോളോ ചെയ്യാൻ പറഞ്ഞിട്ട് അതിനും പറ്റിയില്ല…”

“മാഡം… ഞാൻ  പോയതാ… പെട്ടെന്ന് ഒരു ട്രാഫിക് ബ്ലോക്ക്…. അതിൽ കുരുങ്ങിപ്പോയി..”

“ആ റോഡിന്റെ അപ്പുറത്താ ഗവണ്മെന്റ് എൽ പി സ്കൂൾ… താൻ അവിടുത്തെ പിള്ളേരോട് പോയി പറ… വിശ്വസിക്കും..ദേവരാജൻ എവിടെടോ?”

“വീട്ടിൽ തന്നെയുണ്ട് മാഡം..മുറ്റത്തു നിറയെ അയാളുടെ ആളുകളാ… അവിടെ രണ്ട് പോലീസുകാരെ നിർത്തിയിട്ടുണ്ട്… ദേവരാജൻ പുറത്തേക്ക് പോയാലോ, സത്യപാലൻ അങ്ങോട്ട് വന്നാലോ അപ്പൊ വിവരം എനിക്ക് കിട്ടും..”

“മറ്റേ പെണ്ണില്ലേ ഷീബ,? അവളെക്കുറിച്ച് എന്തെങ്കിലും?”

“പാലക്കാട് നിന്നും മലപ്പുറത്തേക്ക് മാറി.. അവിടെ പോലീസ് എത്തിയപ്പോഴേക്കും മുങ്ങിയിരുന്നു… അന്വേഷിക്കുന്നുണ്ട് മാഡം…”

“അവളെ പിടിച്ചാൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല…”

“എല്ലാ ജില്ലയിലേക്കും മെസ്സേജ് പാസ്സ് ചെയ്തിട്ടുണ്ട്…”

“ടൗണിലെ സകല  കാമറകളും ചെക്ക് ചെയ്യണം…ഇനിയൊരു കൊലപാതകം, അത് നടക്കരുത്…  ദേവരാജൻ മൊഴി തരാമെന്ന് സമ്മതിച്ചിട്ടുണ്ട്… അയാളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം ആണ്…”

“യെസ് മാഡം..വേണ്ട ഏർപ്പാടുകൾ എല്ലാം ചെയ്യാം.”

“പറഞ്ഞാൽ പോരാ.. ചെയ്തിരിക്കണം.. ഇന്നു വരെ  നേരിട്ടതൊക്കെ സാധാരണ ക്രിമിനൽസിനെ ആണ്… പക്ഷേ ഇവിടെ അങ്ങനെയല്ല..പ്രതികാരത്തിനു വേണ്ടി മാത്രം പതിനഞ്ചു വർഷത്തോളം കാത്തിരുന്നവരാ  അഭിമന്യുവും സംഘവും.. കൊല്ലുക എന്നതിൽ കവിഞ്ഞു ഒരു ലക്ഷ്യവും അവർക്കില്ല.. വാസവനെ കൊന്നത് അവർ തന്നെയാണ്.. പക്ഷേ തെളിവ് ഇല്ല… എല്ലാം പക്കാ…. ജോസിനെ കാണാനുമില്ല… മിക്കവാറും തീർത്തിരിക്കും.. അതിനും തെളിവ് ഇല്ല.. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാനും പറ്റില്ല…സണ്ണിയെ ജീവച്ഛവം ആക്കി കിടത്തിയതും ഇവനാ… പക്ഷേ ആ കഴുതയ്ക്ക് പരാതി ഇല്ല പോലും… ഇരുട്ടിൽ ആരോ ആക്രമിച്ചതാണെന്നാ പറയുന്നേ..”

അവൾ  ജാഫറിനെ  നോക്കി..

“ഇവിടുത്തെ ഫോഴ്‌സിനെ മുഴുവൻ നോക്കുകുത്തികൾ ആക്കി ഇവന്മാരു നടത്തുന്ന ചോരക്കളിക്ക് ഫുൾ സ്റ്റോപ്പ്‌ ഇടണം… അല്ലെങ്കിൽ നാളെ  അതിർത്തി തർക്കത്തിനും  കുടുംബ പ്രശ്നങ്ങൾക്കും വരെ  കൊലപാതകങ്ങൾ  നടക്കും …. താൻ പൊയ്ക്കോ… എന്നിട്ട് ഏല്പിച്ച പണി  ഇനിയെങ്കിലും ഭംഗിയായി ചെയ്യ്..”

അയാൾ  സല്യൂട്ട് അടിച്ചു പുറത്തേക്ക് പോയി.

************

സീതാലയം…

ഇവിടെ വന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞു  എന്ന് യദു ഓർത്തു..അച്ഛൻ ഇതുവരെയും ഒന്നും സംസാരിച്ചിട്ടില്ല…സിഗരറ്റ് വലിച്ചൂതുകയാണ്… മദ്യത്തിന്റെ രൂക്ഷ ഗന്ധം വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു.ശിവാനി  സോഫയിൽ ഇരുന്ന് ഫോൺ നോക്കുയാണ്.. വരേണ്ടയിരുന്നില്ല എന്ന് അവന് തോന്നി…

“ഞങ്ങൾ ഇറങ്ങുകയാ…” അവൻ പറഞ്ഞു..ഒരു മൂളൽ മാത്രം മറുപടി…അതോടെ  യദുവിന്റെ അഭിമാനം വ്രണപ്പെട്ടു… തങ്ങൾ  വന്നതിൽ കുറച്ചു പോലും സന്തോഷം കാണിക്കാത്ത, ഇത്രയും നാൾ  സുഖദുഃഖങ്ങളിൽ പങ്കാളി ആയിരുന്ന ഭാര്യയെക്കുറിച്ച് ഒരു വാക്കുപോലും ചോദിക്കാത്ത അയാളോട് അവന് വെറുപ്പ് തോന്നി..

“ശിവാ… പോകാം…ഇവിടെ നമുക്ക് ആരുമില്ല..”

അവൾ എഴുന്നേറ്റു…

“വന്നതിൽ സന്തോഷം… ഒരു ചായ പോലും ഇട്ടു തരാൻ ഇവിടെ ആരുമില്ല.. ഭക്ഷണം പുറത്തു നിന്ന് വാങ്ങാറാ പതിവ്… നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ ഓർഡർ ചെയ്യാം..”

“വേണ്ട.. നന്ദി… പിന്നെ ആരുമില്ലാതാക്കിയത് അവനവൻ തന്നെയാല്ലേ?.. “

“അതേടാ… ഞാൻ തന്നെയാ.. എന്നിട്ടും ഒരുത്തന്റെയും കാല് പിടിക്കാൻ നിന്നിട്ടില്ല.. ഇതൊക്കെ ഇരുട്ടി വെളുക്കുമ്പോഴേക്കും മാറി മറിയും… ദേവരാജൻ ഉയർത്തെണീറ്റ് വരുന്നത് നീയൊക്കെ കാണും…”

യദുകൃഷ്ണൻ  സഹതാപത്തോടെ  അയാളെ  നോക്കി..

“നിങ്ങൾ ഒരിക്കലും നന്നാവില്ല.. ഇനിയൊന്നും പറയുന്നുമില്ല… അമ്മ ആവശ്യപ്പെട്ടത് കൊണ്ടു മാത്രമാ ഇങ്ങോട്ട് വന്നേ… പിന്നെ ഇവളും… അച്ഛനെ കാണണമെന്ന് വാശി പിടിച്ചു.. സുഖമാണോ  മോളേ എന്നൊരു വാക്ക് നിങ്ങൾ ചോദിച്ചോ? തൃപ്തിയായി… “

അവൻ ശിവാനിയുടെ  കൈ പിടിച്ചു തിരിഞ്ഞു നടന്നു.. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു.. ചുരുട്ട് കടിച്ചു പിടിച്ചു കൊണ്ട് സത്യപാലനും  പിന്നാലെ ആറേഴു പേരും അകത്തേക്ക് വന്നു..

“കുടുംബസംഗമം  കഴിഞ്ഞോ? ”  വല്ലാത്തൊരു ചിരിയോടെ അയാൾ  ചോദിച്ചു…

“വരാൻ ഇച്ചിരി വൈകി.. കുഞ്ഞിരാമൻ വൈദ്യനെ കാണാൻ പോയതാ… നീ ഒന്ന് തലോടിയാരുന്നല്ലോ.. അതിന്റെ ക്ഷീണം മാറ്റാൻ കഷായം വല്ലതും കിട്ടുമോന്നറിയാൻ… പക്ഷേ മൂപ്പര് പറഞ്ഞു  ശരീരത്തിന്റെ ക്ഷതം  മാറ്റിത്തരാം, മനസിന്റേത് മാറണമെങ്കിൽ കിട്ടിയത് തിരിച്ചു കൊടുക്കണമെന്ന്..”

സത്യപാലന്റെ  ചിരി  മാഞ്ഞു പകരം രൗദ്രത  നിറഞ്ഞു… ഒറ്റ ചവിട്ടായിരുന്നു… യദു സോഫയിലേക്ക് തെറിച്ചു വീണു… ശിവാനി  നിലവിളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി…

“സത്യാ..” ദേവരാജൻ അലറി.. അയാളെ  രണ്ടുപേർ പിന്നോട്ട് തള്ളികൊണ്ടു പോയി ചുമരിൽ ബലമായി പിടിച്ചു വച്ചു.. ശിവാനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് സത്യപാലൻ ഒന്ന് വട്ടം കറക്കി  പിന്നെ അവളുടെ കരണത്ത് ആഞ്ഞടിച്ചു…യദു കൃഷ്ണൻ ചാടിയെണീറ്റ്  തിരിച്ചടിച്ചു… അധിക നേരം പിടിച്ചു നിൽക്കാൻ അവന് കഴിഞ്ഞില്ല…ഗുണ്ടകൾ അവന്റെ കൈകൾ പിറകിലേക്ക് അമർത്തി..സത്യപാലൻ  നിലത്തു വീണു പോയ ചുരുട്ട് എടുത്ത് പൊടി തട്ടിക്കളഞ്ഞ് വീണ്ടും വായിൽ വച്ചു കത്തിച്ചു…

“സത്യാ… എന്റെ പിള്ളേരെ വിടാൻ..”  ദേവരാജൻ കുതറാൻ ശ്രമിച്ചു… പക്ഷേ സത്യപാലൻ അത് ശ്രദ്ധിച്ചില്ല… പുകച്ചുരുളുകൾ യദുവിന്റെ മുഖത്തേക്ക് ഊതി  വിട്ടു…

“സ്കൂളിൽ പഠിക്കുന്ന സമയത്ത്  ടീച്ചർ എന്നെയൊന്നു തല്ലി… ചെയ്ത കുറ്റം പെൺകുട്ടികളുടെ ബാത്‌റൂമിൽ കയറി നോക്കി എന്നതാ… ഒരു പതിമൂന്ന് കാരന്റെ ജിഞ്ജാസ മാത്രമായിരുന്നു അത്… വിളിച്ച് അടുത്തിരുത്തി കാര്യങ്ങൾ പറഞ്ഞു തന്നിരുന്നെങ്കിൽ ഞാൻ മനസിലാക്കിയേനെ… പക്ഷേ തല്ലി… അതും   പരസ്യമായി… വീട്ടിൽ വന്നപ്പോൾ അവിടുന്നും അടി…ദേഷ്യം  വന്നു..അന്ന് രാത്രി ടീച്ചറുടെ  വീട്ടിൽ ചെന്ന് അവരുടെ  അടിവയറ്റിൽ ഒരു കൊച്ചു പിച്ചാത്തി കയറ്റിയിട്ട് പാലക്കാട് നിന്നും കള്ളവണ്ടി കയറി… ഒരുപാട് അലഞ്ഞു,… പട്ടിണി കിടന്നു…. വിശപ്പ് മാറ്റാൻ പോക്കറ്റടിച്ചു… പിടിക്കപ്പെട്ട് നാട്ടുകാരുടെ കൈത്തരിപ്പ് മാറും വരെ തല്ലും കിട്ടി.. അങ്ങനെ നടക്കുമ്പോഴാ  നിന്റെ തന്ത, ഈ  നിൽക്കുന്ന ദേവരാജനെ  പരിചയപ്പെടുന്നത്. പതിനേഴാം വയസിൽ…. ഇയാളും അന്ന് എന്നെപ്പോലെ തന്നെ മേൽവിലാസമില്ലാത്ത  ഒരുത്തനായിരുന്നു.. മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ ഒരു ചായയ്ക്കുള്ള കാശ് ഉണ്ടായിരുന്നത് കൊണ്ടാ, ഇയാളെ ഞാൻ ആദ്യമായി  മുതലാളി എന്ന് വിളിച്ചത്..”

സത്യപാലൻ എഴുന്നേറ്റ് നിറച്ചു വച്ചിരുന്ന മദ്യഗ്ലാസ് എടുത്ത് കുടിച്ചു… വീണ്ടും യദുവിന്റെ മുന്നിൽ വന്നിരുന്നു…

“വിശാലമായ  നഗരത്തിലൂടെ ഞങ്ങൾ ഒരുമിച്ച് അലഞ്ഞു നടന്നു.. തെരുവ് വേശ്യകളും പിച്ചക്കാരും ഉറങ്ങുന്ന ഒരു പാലത്തിന്റെ കീഴെയായിരുന്നു ഞങ്ങളുടെ താമസം…മോഷ്ടിക്കാൻ ശ്രമിച്ചതിന് ഒരിക്കൽ പോലീസ് അടിച്ചു പൊട്ടിച്ച പാട് ഇപ്പഴും ഇയാളുടെ  കാലിൽ ഉണ്ടാകും… അന്ന് ഞങ്ങളെ പരിഹസിക്കുകയും ആട്ടിയൊടിക്കുകയും ചെയ്ത ആൾക്കൂട്ടത്തെ നോക്കി ഇയാള് എന്നോട് ഒരാഗ്രഹം പറഞ്ഞു..’ഒരു നാളെങ്കിലും രാജാവിനെ പോലെ ജീവിക്കണമെന്ന് ‘.. ഞാൻ കൂടെയുണ്ടാകുമെന്ന് വാക്കും കൊടുത്തു… അധ്വാനിച്ച് പടിപടിയായി മുന്നേറുക സിനിമയിൽ മാത്രമേ നടക്കൂ എന്നറിയാവുന്നത് കൊണ്ട് എളുപ്പ വഴി  ചിന്തിച്ചു.. ഗുജറാത്തുകാരൻ ഒരു സേട്ടു…പലിശക്ക് പണം കൊടുപ്പായിരുന്നു പുള്ളീടെ പണി… ഞങ്ങൾ അയാളുടെ കൂടെ ചേർന്നു… രണ്ടര വർഷം കഷ്ടപ്പെട്ടും ഒന്നുമായില്ല.. അവസാനം  അയാളെയും  ഭാര്യയെയും എട്ടു വയസുകാരൻ മോനെയും ഒരു കാർ ആക്സിഡന്റിൽ തീർത്തത്  ഞാനാ… ഈ  നിൽക്കുന്ന നിന്റെ തന്തയ്ക്ക് വേണ്ടി… പിന്നെ ദേവരാജൻ ബ്ലേഡ് ദേവനായി… കച്ചവടക്കാർക്കും കൂലിപ്പണിക്കാർക്കുമൊക്കെ പലിശയ്ക്ക് കൊടുത്തു… ആ  സമയത്ത്  ഞങ്ങളുടെ കൂടെ ചേർന്നവരാ  ജോസും വാസവനും… ഞങ്ങള് വളർത്തിയ ഇയാളെ  ഞങ്ങള് മുതലാളി എന്ന് വിളിച്ചു…. കൂടുതൽ ഉയരങ്ങളിലെത്തണമെന്ന് പറഞ്ഞപ്പോൾ അതിനുള്ള വഴികൾ തേടി… അങ്ങനാ  താരാപുരത്ത് എത്തിയത്…. “

അയാൾ പിന്നോട്ട് ചാഞ്ഞിരുന്നു…

“ചുരുക്കം പറഞ്ഞാൽ  സത്യപാലൻ കൊടുത്ത വരമാ  ദേവരാജൻ മുതലാളിയുടെ ജീവിതം… ഇയാളുടെ സ്ഥാനത്തു എനിക്ക് വരാൻ എളുപ്പമായിരുന്നു.. പക്ഷേ വിശന്നപ്പോൾ  ഇയാള് കഴിക്കാതെ   ആകെയുണ്ടായിരുന്ന പൈസക്ക് എനിക്ക് ചായയും ബണ്ണും വാങ്ങി തന്ന കടപ്പാടിന് ഞാനെന്റെ ജീവിതം തന്നെ അടിയറവ് വച്ചു… നീയും  നിന്റെയീ അനിയത്തിയും തള്ളയും  ഇത്ര വളർന്നതിൽ ഒരു പങ്ക് എനിക്കുമുണ്ടെടാ.. ഞാൻ  കൊണ്ടും കൊടുത്തും കൊന്നും ഉണ്ടാക്കിയ കാശിലാ നിന്റെ തന്ത  നിങ്ങളെയൊക്കെ വളർത്തിയത്… തലപോകുമെന്ന പല ഘട്ടങ്ങളിലും  ഇങ്ങേരെ രക്ഷിച്ചത് ഞാനാ .. എന്നിട്ട് ഇപ്പൊ  ആ  എന്നെ പോലീസിന് ഒറ്റുകൊടുത്ത് തടി തപ്പാൻ നോക്കുകയാ ഇയാൾ.. നീ പറ.. എന്റെ സ്ഥാനത്തു നീ ആയിരുന്നെങ്കിൽ എന്തു ചെയ്യും?”

യദു  ഒന്ന് ശരീരം അയച്ചു പിന്നെ ശക്തിയായി  പിടഞ്ഞു.. അതോടെ അവൻ സ്വതന്ത്രനായി…ഒറ്റ ചാട്ടത്തിന് അവൻ  സത്യപാലനെയും  കൊണ്ട് നിലത്തു വീണു .. അയാളുടെ  മുഖത്ത് ആഞ്ഞിടിച്ചു..പക്ഷേ അടുത്ത ഇടി സത്യപാലൻ  തടഞ്ഞു . അവനെ വലിച്ചു മാറ്റി കഴുത്ത്  ഇടത് കൈമുട്ടിനു അകത്താക്കി ഞെരിച്ചു… ശിവാനി കരഞ്ഞു കൊണ്ട് മുന്നോട്ട് ആയാൻ ശ്രമിച്ചെങ്കിലും സത്യപാലന്റെ ആളുകൾ  അവളെ പിടിച്ചു വച്ചു… ദേവരാജൻ നിസ്സഹായനായിരുന്നു… അനങ്ങാൻ പോലും പറ്റുന്നില്ല…

“വല്ലാണ്ടങ്ങ് ഹീറോയിസം കളിക്കല്ലേടാ  ചെക്കാ…”

സത്യപാലൻ  മുരണ്ടു..

“ഒരുകാലത്ത് ഞാൻ എന്താവശ്യപ്പെട്ടാലും  നിന്റെ തന്ത  തരുമായിരുന്നു… നിന്റെ തള്ള  സീതാലക്ഷ്മി ഇല്ലേ? അവളുടെ കൂടെ  കിടക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ   അതിനും സമ്മതിച്ചേനെ … കാരണം ഇയാള് പണത്തിനെയും പദവിയെയും മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.. ഇപ്പോഴും, ഞാൻ എല്ലാ കുറ്റവും ഏറ്റ് ജയിലിൽ പോകാമെന്നു പറഞ്ഞാൽ  നിന്റെ അനിയത്തിയെ  വരെ അയാൾ  എന്റെ കട്ടിലിൽ എത്തിക്കും… അതാണ് ദേവരാജൻ…”

“എടാ  നായേ..” ദേവരാജന്റെ ശബ്ദം ഉയർന്നു…

“കാര്യമല്ലെടോ ഞാൻ പറഞ്ഞത്?.. എനിക്ക് വേണ്ടി ഞാനിന്നു വരെ  ഒന്നും ആവശ്യപ്പെട്ടില്ല.. താൻ അറിഞ്ഞു ചെയ്യണമായിരുന്നു . പക്ഷേ അതുമുണ്ടായില്ല . എന്റെ അനിയൻ രഘുവിന്  ഒരു നല്ല ലൈഫ് ഉണ്ടാക്കി കൊടുക്കാൻ താൻ വിചാരിച്ചാൽ നടക്കുമായിരുന്നു…. ചെയ്തില്ല.. അവസാനം അവൻ കഞ്ചാവ് ബിസിനസ് തുടങ്ങി . അതിന് പോലും താൻ കുറ്റം പറഞ്ഞു… ബസിൽ  നിന്ന് വാസവന്റെ കഞ്ചാവ് പോലീസ് പൊക്കിയപ്പോൾ താനെങ്ങനാ പ്രതികരിച്ചത് എന്നോർമ്മയുണ്ടോ? തന്റെ വളർച്ചയ്ക്ക് വേണ്ടി അവരും കഷ്ടപ്പെട്ടത് മറന്നില്ലെടോ നന്ദിയില്ലാത്തവനേ…”

സത്യപാലൻ  കൈ ഒന്നുകൂടി മുറുക്കി.. യദുവിന് ശ്വാസം മുട്ടി..

“ഞാൻ തന്റെ മോനെ കൊല്ലും… തന്റെ മോളെ കണ്മുന്നിൽ ഇട്ടു റേപ്പ് ചെയ്യും… എന്നിട്ട് തന്നെയും കൊല്ലും.. ഈ വീടിനു തീയിടും… അതിന് വേണ്ടി മാത്രം വന്നതാ  ഇങ്ങോട്ട്. “

അയാൾ യദുവിന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു..

“അച്ഛനെ രക്ഷിക്കാൻ തോന്നുണ്ടോ പട്ടിക്കുഞ്ഞെ നിനക്ക്?”

“ഞാൻ അച്ഛനെ രക്ഷിക്കാനാ  ഓടി നടക്കുന്നത് എന്ന് നിന്നോട് ആരാ പറഞ്ഞത്..?”

അവൻ  വേദനയിലും  ചിരിച്ചു..

“അഭിമന്യു… ജീവിതം നീതിപുലർത്തിയിട്ടില്ലാത്ത അവനു വേണ്ടിയാ സത്യപാലാ  ഞാൻ കഷ്ടപ്പെടുന്നത്… നിന്നെയും എന്റെ അച്ഛനെയും കൊന്നിട്ട് ജയിലിൽ  അവസാനിക്കാനുള്ളതല്ല  അവന്റെ ഭാവി.. അത് പറഞ്ഞാൽ  അവൻ കേൾക്കില്ല.. അതാണ് അച്ഛനെ രക്ഷിക്കാൻ ഞാൻ മുന്നിലുണ്ടാവും എന്ന് പറഞ്ഞത്.. എന്നോടുള്ള സ്നേഹം കൊണ്ട് അവൻ ഇതൊക്കെ അവസാനിപ്പിക്കുമെന്ന് കരുതി.. പക്ഷേ ഇപ്പൊ മനസിലായി.. അഭിമന്യു ആണ് ശരി… ചെകുത്താന്മാരുടെ ലോകത്ത് അവരുടെ തന്നെ  യുദ്ധമുറകളേ വിജയിക്കൂ..”

സത്യപാലൻ  അവന്റെ പിടി വിട്ടു…

“ഇതാണെനിക്ക് മനസിലാവാത്തത്…!!ഒരു ബന്ധവും ഇല്ലാത്ത അവനെ  സ്വാമിനാഥൻ ഏറ്റെടുക്കുന്നു.. പിന്നെ വൈശാലിയും മാധവനും.. പതിനഞ്ചാം വയസിൽ  ഏതോ പെണ്ണിന് വേണ്ടി അവൻ  കൊലപാതകി ആകുന്നു… റഫീഖ് അലി, വാസവൻ, ഇവരെയൊക്കെ കൊന്നത് ആർക്കോ വേണ്ടി..!!! ഇപ്പൊ നീയും കുടുംബവും  ചാകാൻ പോകുന്നതും  നിങ്ങളുടെ ആരുമല്ലാത്ത അവന് വേണ്ടി!!! എന്താടാ ഇതിന്റെയൊക്കെ പുറകിൽ?”

യദുകൃഷ്ണൻ മുഖത്തെ  ചോര  തുടച്ചു കളഞ്ഞു..

“കാരണം  ഒന്നേയുള്ളൂ… സ്നേഹം… അത് നിനക്കു മനസിലാവില്ല.. ഈ  നിൽക്കുന്ന ഞങ്ങളുടെ അച്ഛനും മനസിലാവില്ല. അതറിഞ്ഞെങ്കിൽ നിങ്ങളൊന്നും ഇത്രയും അധഃപതിക്കില്ലായിരുന്നു… ഒരു നേരത്തെ ഭക്ഷണം വാങ്ങി തന്നതിന്  ദേവരാജൻ മുതലാളിക്ക് വേണ്ടി എന്തും ചെയ്യാൻ നീ തയ്യാറായില്ലേ.. അപ്പോൾ ഒരു മനുഷ്യായുസ്സ് മുഴുവനും ഉള്ള സ്നേഹം കുറച്ചു നാൾ കൊണ്ട് നൽകിയ  മാധവേട്ടനും വൈശാലിച്ചേച്ചിക്കും വേണ്ടി അവൻ എന്തൊക്കെ ചെയ്യും എന്ന് ഊഹിച്ചു നോക്ക്.. “

സത്യപാലൻ  ഒന്നാലോചിച്ചു.. പിന്നെ യദുവിനെ  നോക്കി തലകുലുക്കി..

“ശരിയാ… അവൻ  എന്തു വേണമെങ്കിലും ചെയ്യും.. പക്ഷേ അത് ഞാനും അവനും തമ്മിൽ  തീർത്തോളാം.. ഇത് നിന്റെ തന്തയും  ഞാനും തമ്മിലുള്ളതാ… ഒറ്റുകാർക്ക് മരണത്തിൽ കുറഞ്ഞ ശിക്ഷ ഇല്ല എന്ന് എന്നെ പഠിപ്പിച്ചത് ദേവരാജൻ മുതലാളിയാ… അതോണ്ട് നമ്മളിങ്ങനെ സംവാദം നടത്തിയിട്ട് കാര്യമില്ലല്ലോ… ആദ്യം നീ ചാവ്… എന്റെ ആവശ്യം കഴിഞ്ഞ് നിന്റെ പെങ്ങളെയും കൊല്ലാം… അതിന് ശേഷം നിന്റെ തന്തേം  തള്ളേം… പിന്നെ എന്താ നിന്റെ കാമുകിയുടെ പേര്? ആ  മീനാക്ഷി.. അവളെ കൊല്ലില്ല കേട്ടോ… അത് ഇവന്മാർക്ക് ഉള്ളതാ… എനിക്ക് വേണ്ടി കുറേ കഷ്ടപ്പെടുന്നില്ലേ, ശമ്പളം മാത്രം കൊടുത്താൽ പോരല്ലോ, ഇടയ്ക്ക് ബോണസും നൽകണം..”

യദു  സർവ്വ ശക്തിയും  സംഭരിച്ച് അയാളെ ആഞ്ഞടിച്ചു… ശരീരം  വേദനിച്ചപ്പോൾ  സത്യപാലന്റെ കോപം  വർദ്ധിച്ചു.. അയാൾ  അവന്റെ തല  ഭിത്തിയിൽ ചേർത്തിടിച്ചു… ചുമരിൽ  ചോര പടർന്നു..ഉറക്കെ കരഞ്ഞ  ശിവാനിയുടെ വായ ഒരാൾ പൊത്തിപ്പിടിച്ചു..

“കൂടെ  നടന്നതും  നീയേ  ചാപ്പാ.. കൊണ്ടു പോയി കൊല്ലിച്ചതും നീയേ  ചാപ്പാ…”

ഒരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞു.. നിറഞ്ഞ പുഞ്ചിരിയോടെ അഭിമന്യു..

“വടക്കൻ പാട്ടാ… ജന്മദേശം വയനാട് ആണല്ലോ..”

അവൻ  കയ്യിലെ ഇരുമ്പ് പൈപ്പ് ഒന്നു തലോടിക്കൊണ്ട് പറഞ്ഞു..

“മുൻവശത്തെ വാതിൽ തുറക്കാൻ നോക്കി.. നടന്നില്ല.. അതോണ്ട് പിന്നിലത്തേത് പൊളിച്ചു… ക്ഷമിക്കണം.. സത്യപാലൻ സാറിനോട് നന്ദി പറയുകയാ  കേട്ടോ… ഗേറ്റിന് പുറത്ത് ഉണ്ടായിരുന്ന രണ്ട് പോലീസുകാരെ  നിങ്ങള് തല്ലി ബോധം കെടുത്തി ഓടയിൽ ഇട്ടത് കൊണ്ട് എനിക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നില്ല.. പിന്നെ മുറ്റത്തു നിന്ന നിങ്ങളുടെ ആളുകൾക്ക് ചെറിയൊരു  വിരുന്ന് കൊടുത്ത് ഔട്ട്‌ ഹൗസിൽ കിടത്തിയിട്ടുണ്ട്..”

“കൊല്ലെടാ അവനെ..”  സത്യപാലൻ  ഗർജ്ജനം  സീതാലയത്തെ പിടിച്ചു കുലുക്കി.. ഗുണ്ടകൾ  മുന്നോട്ട് കുതിച്ചു.. അഭിമന്യു  പൈപ്പിൽ പിടി മുറുക്കി.. അവന്റെ മുഖത്ത് പൈശാചികമായ ഒരു ചിരി  വിരിഞ്ഞു… ആദ്യം അടുത്തെത്തിയാളുടെ തലയിലാണ് അടി കൊണ്ടത്.. പൈപ്പ് ചുഴറ്റികൊണ്ട് അഭിമന്യു  ചുവടുകൾ  വച്ചു… ദേവരാജനെയും ശിവാനിയെയും നിലത്തേക്കിട്ട് ഓടി വന്നവരും  അവന്റെ അടിയേറ്റ്  വീണു… ഒരു ദാക്ഷിണ്യവുമില്ലാത്ത ആക്രമണമായിരുന്നു അഭിമന്യുവിന്റേത്. ഓരോരാളുടെയും തല ലക്ഷ്യമാക്കി മാത്രം പൈപ്പ് വായുവിലൂടെ  പാഞ്ഞു.. സ്വാമിനാഥനും  നാല് പേരും കൂടി അങ്ങോട്ടെത്തി…സീതാലയം യുദ്ധക്കളമായി മാറി… സത്യപാലനും  അഭിമന്യുവും  നേർക്കുനേർ…. ശിവാനി  ഭീതിയോടെ നോക്കി കാണുകയായിരുന്നു ആ രംഗം…

“അവസാനം നമ്മൾ ഇവിടം വരെ എത്തി അല്ലേടാ?”

സത്യപാലൻ   കൊടുവാൾ  വലം കൈയിൽ പിടിച്ചു കൊണ്ട് തയ്യാറായി  നിന്നു..

“അതേ.. ഊണിലും ഉറക്കത്തിലും ഞാൻ സ്വപ്നം കണ്ട  ദിവസം.. ഇനി നീയില്ല സത്യപാലാ..”

രണ്ടുപേരും ഒരേ സമയം മുന്നോട്ട് കുതിച്ചു.. കൈക്കരുത്തിൽ സത്യപാലനും , വേഗതയിൽ  അഭിമന്യുവും  ഒരുപടി മുകളിലായിരുന്നു.. അയാളുടെ  വെട്ടിൽ നിന്നും ഒഴിഞ്ഞു മാറി അവൻ  ഇരുമ്പ് പൈപ്പ് കൊണ്ട് കാൽമുട്ടിൽ വീശിയടിച്ചു… അടുത്ത അടി മുഖത്ത്, മൂക്കിന് കുറുകെ… ഒരു നിമിഷം സത്യപാലൻ പതറി.. പിന്നെ വർദ്ധിച്ച വീര്യത്തോടെ തിരിച്ചടിച്ചു.. അഭിമന്യുവിന്റെ ശരീരത്തിൽ നിരവധി  മുറിവുകൾ ഉണ്ടായി… അവനതൊന്നും  ശ്രദ്ധിച്ചതേ ഇല്ല.. ആയുധങ്ങൾ  നഷ്ടപ്പെട്ടപ്പോൾ കൈകൾ കൊണ്ടായി പോരാട്ടം.. കൊണ്ടും കൊടുത്തും അതങ്ങനെ  നീണ്ടു പോയി.. സ്വാമിനാഥൻ  ലക്ഷ്യം വച്ചത് ദേവരാജനെ ആയിരുന്നു..തടയാൻ ശ്രമിച്ച യദുകൃഷ്ണനെ  തട്ടിയെറിഞ്ഞു അയാൾ ദേവരാജനെ  അടിച്ചു വീഴ്ത്തി….. വിജയം അഭിമന്യുവിനും സംഘത്തിനും ആണെന്ന് ഉറപ്പിച്ച നിമിഷം… പെട്ടെന്ന് സത്യപാലൻ  അരയിൽ നിന്നും ഒരു കത്തി വലിച്ചെടുത്തു.. അയാളുടെ  തൊഴികൊണ്ട് പിന്നോട്ട് വേച്ചു പോയ അഭിമന്യു  ചുവടുറപ്പിക്കും മുൻപേ അവന്റെ വയറു  ലക്ഷ്യമാക്കി അയാൾ  കുത്തി… പക്ഷേ… ആരും പ്രതീക്ഷിക്കാതെ  ശിവാനി അവന്റെ ദേഹത്തേക്ക് വീണു… കത്തി അവളുടെ ശരീരത്തിൽ  തുളഞ്ഞു കയറി..

“മോളേ…” യദു കൃഷ്ണൻ  അലറി.. പിന്നെ  കിട്ടിയ വാളുമെടുത്തു സത്യപാലന്റെ  നേർക്ക് പറന്നു… അയാളുടെ  വലതു കൈക്കാണ് വെട്ടു കൊണ്ടത്… അവൻ വീണ്ടും വാള് വീശി.. ഇത്തവണ  ഇടത് ഷോൾഡറിൽ  ആഴത്തിലൊരു  മുറിവുണ്ടായി… സ്വാമിനാഥനും തന്റെ  നേരെ തിരിയുന്നത് കണ്ടപ്പോൾ അയാൾ  പിടഞ്ഞെണീറ്റു… കത്തി വീശി കൊണ്ട് മുന്നോട്ട് ഓടി… വഴിയിൽ നിന്ന രണ്ട് പേർക്ക് കുത്തേറ്റു… മുയൽ ചാടുന്നത് പോലെ അയാൾ  പുറത്തേക്ക് ഓടുന്നത് അഭിമന്യു കണ്ടു…

“സ്വാമിയേട്ടാ… വിടരുതവനെ…”   സ്വാമിനാഥനും  കൂട്ടാളികളും കയ്യിൽ കിട്ടിയ ആയുധങ്ങളുമായി  പിന്നാലെ പാഞ്ഞു…അഭിമന്യു  ശിവാനിയെ നേരെ നിർത്തി… പുറകിൽ അരക്കെട്ടിന്റെ തൊട്ട് മുകളിലായി ആണ് കുത്തേറ്റത്.രക്തം ഒഴുകിയിറങ്ങുന്നുണ്ട്…

ദേവരാജൻ വേഗം അടുത്ത് വന്ന് അവളെ പിടിക്കാനാഞ്ഞു…

“തൊട്ടുപോകരുതവളെ…” യദുകൃഷ്ണൻ പറഞ്ഞു.. പിന്നെ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു കസേരയിലേക്ക് ഇട്ടു..

“തനിക്ക് തൃപ്തിയായോടോ? സ്വന്തം മോളുടെ ചോര കണ്ടപ്പോൾ തന്റെ മനസ്സ് നിറഞ്ഞോ? തന്നെ തല്ലിക്കൊല്ലണം എന്നുണ്ട്.. പക്ഷേ ജനിപ്പിച്ചവനായിപ്പോയില്ലേ… എന്തിനാ ഇങ്ങനെ ജീവിക്കുന്നത്? പോയി ചത്തൂടെ  മൃഗമേ..?”  അവൻ തള്ളിയപ്പോൾ ദേവരാജനും കസേരയും പിറകോട്ടു മലർന്നു വീണു..

“ശിവാ…” അഭിമന്യു അവളുടെ കവിളിൽ പിടിച്ചു കുലുക്കി..അവൾ കണ്ണുകൾ പാതി തുറന്ന് അവനെയൊന്നു നോക്കി…

“അഭീ… നിനക്കൊന്നും പറ്റിയില്ലല്ലോ?”  അവളുടെ  തളർന്ന ചോദ്യം കേട്ടപ്പോൾ അവനു ഹൃദയം മുറിയുന്നത് പോലെ തോന്നി…ഷർട്ട് വലിച്ചു കീറി അവൻ  ശിവാനിയുടെ മുറിവിൽ കെട്ടി.. പിന്നെ ഇരുകൈകളാലും അവളെ കോരിയെടുത്തു പുറത്തേക്ക് ഓടി.. പിന്നാലെ യദുവും… കയ്യിൽ ചോരപുരണ്ട ക്രിക്കറ്റ് ബാറ്റുമായി ദുർഗ്ഗ അവിടെ നിൽപുണ്ടായിരുന്നു…

“മിഴിച്ചു നില്കാതെ വണ്ടിയെടുക്കെടീ..” അഭിമന്യുവിന്റെ ശബ്ദം കരച്ചിൽ പോലെയാണ് പുറത്തു വന്നത്.. ദുർഗ്ഗ പെട്ടെന്ന് തന്നെ   അവർ വന്ന പഴയ സ്കോർപിയോ സ്റ്റാർട്ട്‌ ചെയ്തു.. അവരെയും  കൊണ്ട്,ഗേറ്റിന്റെ ഒരു പാളി ഇടിച്ചു തകർത്ത് ആ  സ്കോർപിയോ പുറത്തേക്ക് ചീറിപ്പാഞ്ഞു..

അഭിമന്യുവിന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ്  ശിവാനി… അവൻ അവളെ വിളിച്ചു കൊണ്ടിരുന്നു.. മുറിവിൽ വച്ചു കെട്ടിയ തുണിയുടെ പുറത്തേക്ക് രക്തം വരുന്നത് കണ്ടപ്പോൾ യദു  തന്റെ ഷർട്ടും വലിച്ചൂരി അവിടെ മുറുക്കി കെട്ടി…

“അഭീ…. എത്ര പെട്ടെന്നാ നമ്മൾ അകന്നത് അല്ലേ? ”  വേദന കടിച്ചമർത്തിക്കൊണ്ട് ശിവാനി  പറഞ്ഞു…

“നിന്നെ വെറുക്കാൻ പറ്റുന്നില്ലെടാ…. എന്നും കാത്തിരിക്കും, എല്ലാം അവസാനിപ്പിച്ച് നീ  എന്റെയടുത്തോട്ട് വരുമെന്ന്  പ്രതീക്ഷിക്കും…. പക്ഷേ, എല്ലാം വെറുതെയായി… എന്റെ അച്ഛൻ ചെയ്ത തെറ്റിന് എന്നെയെന്തിനാ നീ  ശിക്ഷിച്ചത്..?”

അവൾ ശ്വാസം വലിച്ചു വിട്ടു….

“എന്നാലും നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാ… നിന്റെ കഥകളൊക്കെ അറിഞ്ഞപ്പോ അത് കൂടിക്കൂടി വന്നു… എന്നും അടുത്ത് തന്നെയിരുന്നു നിനക്ക് നഷ്ടമായ സ്നേഹം തരണമെന്നൊക്കെ ആഗ്രഹിച്ചതാ… പക്ഷേ ദേ… എന്റെ അവസ്ഥ കണ്ടില്ലേ…? ഞാൻ മരിച്ചാൽ  ദയവു ചെയ്ത് നീ ഇതൊക്കെ നിർത്തണം.. യദുവേട്ടന് വേണ്ടി, മീനുചേച്ചിക്ക് വേണ്ടി… “

“നിനക്കൊന്നും സംഭവിക്കില്ലെടീ… ഞാനതിന് വിടില്ല..”

അഭിമന്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി . അവൻ ശിവാനിയുടെ നെറുകയിൽ ചുംബിച്ചു..

“അഭീ… “

“എന്താടീ..?”

“പഴയത് പോലെ ഒന്ന് വിളിക്കെടാ..”

“എങ്ങനെ..?”

“നീ ദേഷ്യം വരുമ്പോ വിളിക്കാറില്ലേ.. അങ്ങനെ..”

“എനിക്ക് ദേഷ്യം വരുന്നില്ലല്ലോ. “

“ഞാൻ വരുത്താം..”

ശിവാനി അവന്റെ കയ്യിലെ മുറിവിൽ നഖം അമർത്തി.

“ആ… പിശാശേ… വേദനിക്കുന്നു..”

അവൾ  അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വച്ചപ്പോൾ യദു  കരച്ചിൽ  നിയന്ത്രിക്കാൻ പാടുപെട്ടു.. വണ്ടി ഹോസ്പിറ്റലിന്റെ മുന്നിലെത്തിയപ്പോഴേക്കും ശിവാനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു..അറ്റൻഡർമാർ ഓടിയെത്തി… നിമിഷങ്ങൾക്കുള്ളിൽ അവളെ അകത്തു പ്രവേശിപ്പിച്ചു…

“എന്റെ അനിയത്തിയുടെ ജീവൻ പോയാൽ ഇതിനൊക്കെ അറുതി വരുമായിരിക്കും അല്ലേ”

യദുവിന്റെ ചോദ്യം കേട്ട് ഞെട്ടലോടെ  അഭിമന്യു  മുഖമുയർത്തി..

അവൻ എന്തോ പറയാൻ ഭാവിച്ചപ്പോഴേക്കും കൈയിൽ ഫോണുമായി  ദുർഗ്ഗ ഓടി വന്നു…

“സ്വാമിയേട്ടനാണ്..”  അവൻ അത് വാങ്ങി കാതിൽ  വച്ചു…

“മോനേ… അവനെ കിട്ടിയെടാ…” സ്വാമിനാഥന്റെ ആഹ്ലാദം  നിറഞ്ഞ സ്വരം  കേട്ടു…

“എവിടാ ഉള്ളത് സ്വാമിയേട്ടാ?”

“ദേവരാജന്റെ  കവുങ്ങിൻതോട്ടത്തിലെ ഷെഡ് ഇല്ലേ? അവിടെ…”

“എന്താ അവന്റെ പ്രതികരണം?”

“അടങ്ങുന്ന ലക്ഷണമില്ല..”

“ഒരു കാര്യം ചെയ്യ്… രണ്ട് കാലുകളും  മുട്ടിനു താഴെ  ഒടിച്ചേക്ക്…. അവൻ ഇനി എങ്ങോട്ടും രക്ഷപ്പെടരുത്…ഞാൻ അങ്ങോട്ട് വരികയാണ്..”

ഫോൺ ദുർഗ്ഗയ്ക്ക് തിരിച്ചു കൊടുത്തുകൊണ്ട് അഭിമന്യു  യദുവിനെ നോക്കി..

“ഞാൻ പോകുവാ യദുവേട്ടാ… ഇനി ചിലപ്പോൾ തമ്മിൽ  കണ്ടെന്നു വരില്ല…  നിങ്ങളെയൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്… അവളെ പ്രത്യേകിച്ചും….. അവളോട് കാണിച്ച പ്രണയം അഭിനയമായിരുന്നില്ല….നൂറു ശതമാനം ആത്മാർത്ഥമായിട്ടായിരുന്നു.. പക്ഷേ, എന്നെപ്പോലൊരുത്തൻ അവളെ  അർഹിക്കുന്നില്ല….”

മറുപടിക്ക് കാത്തു നില്കാതെ  അവൻ പുറത്തേക് നടന്നു… കൂടെ  ദുർഗ്ഗയും…സത്യപാലന്റെ  വിചാരണയും  ശിക്ഷാവിധിയും  നടപ്പിലാക്കാനുള്ള യാത്ര.. അതേ സമയം   സത്യപാലനെ  അഭിമന്യുവിന്റെ ആളുകൾ പിടിച്ചു എന്ന വിവരം കമ്മീഷണർ  ഷബ്‌ന ഹമീദിനു കിട്ടിയിരുന്നു… സർവ്വ സന്നാഹങ്ങളുമായി  വലിയൊരു  സംഘം പോലീസ് അവരെ അന്വേഷിച്ചുള്ള യാത്ര  തുടങ്ങിക്കഴിഞ്ഞു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

2.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!