മീനാക്ഷിയുടെ വീടിന് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം..സമയം സന്ധ്യയാകുന്നു ..വഴിപാട് കൗണ്ടറിൽ മീനാക്ഷിയുടെ കൂടെ യദുകൃഷ്ണനും ശിവാനിയും പോയി.
“മീനൂ.. ഇതാരാ…?” കൗണ്ടറിൽ ഇരുന്നയാൾ ചോദിച്ചു…
“എന്റെ ബോസാ രാജുവേട്ടാ..” അവൾ ചിരിയോടെ പറഞ്ഞു..
“പുഷ്പാഞ്ജലി കഴിപ്പിക്കണം..”
“നിന്റെ പേരിൽ തന്നെയാണോ മോളേ?”
“അല്ല.. ശിവാനി തിരുവാതിര നക്ഷത്രം.. യദുകൃഷ്ണൻ ഉത്രം നക്ഷത്രം.. അഭിമന്യു വിശാഖം നക്ഷത്രം…”
യദു അവളുടെ മുഖത്തേക്ക് നോക്കി,. അവിടെ പ്രത്യേകിച്ച് ഒരു ഭാവവും കണ്ടില്ല.. കാശും കൊടുത്ത് അവർ അകത്തേക്ക് നടന്നു.. ജീവിതത്തിലാദ്യമായി ആർക്കു വേണ്ടിയാ പ്രാർത്ഥിക്കേണ്ടത് എന്നറിയാതെ കുഴങ്ങിയപ്പോൾ മാത്രം മീനാക്ഷിക്ക് കരച്ചിൽ വന്നു.. ശിവാനിയും അതെ അവസ്ഥയിൽ ആയിരുന്നു… ഈ സമയത്ത് അവർ അമ്പലത്തിൽ വന്നതിന് ഒരു കാരണം ഉണ്ട്… അഭിമന്യുവിനെ കാണാൻ..!! അവനോട് സംസാരിക്കാൻ യദുവും ശിവാനിയുമെല്ലാം ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല..പഴയ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.. മീനാക്ഷിയുടെ ഫോണിൽ പണ്ട് ഏതോ ആവശ്യത്തിന് അവൻ നൽകിയ മെയിൽ ഐഡി കിടപ്പുണ്ടായിരുന്നു.. ഒന്ന് കാണണം എന്ന് പറഞ്ഞ് അവൾ അതിലൊരു മെസ്സേജ് അയച്ചു.. ക്ഷേത്രത്തിലേക്ക് വരാമെന്ന അവന്റെ റിപ്ലൈ കിട്ടിയ ഉടനെ അവളത് ശിവാനിയെ വിളിച്ചറിയിച്ചു.. അങ്ങനെ വന്നതാണ് അവർ,…
ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങിയപ്പോൾ മീനാക്ഷി ഫോണെടുത്ത് നോക്കി.. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് മെസ്സേജ്..’ഞാൻ പുറകു വശത്ത് ഉണ്ട്.. ‘
“അഭി വന്നു.” അവൾ ആഹ്ലാദത്തോടെ യദുവിനോട് പറഞ്ഞു..
അമ്പലത്തിനു പുറകിലെ അരയാലിൻ ചുവട്ടിൽ ബൈക്കിൽ ചാരി അഭിമന്യു നിൽപുണ്ടായിരുന്നു… ഒരു കുടുംബമായി കഴിഞ്ഞിരുന്നവർ ഇന്ന് തികച്ചും അന്യരെ പോലെ നില്കുന്നത് കണ്ടപ്പോൾ മീനാക്ഷിക്ക് വല്ലാത്ത വേദന തോന്നി… എന്ത് സംസാരിച്ചു തുടങ്ങും എന്ന് ആർക്കും അറിയില്ല…
“ശരിക്കും സിനിമയിലൊക്കെ കാണുന്നത് പോലെ തന്നെ… അല്ലേ യദുവേട്ടാ…?”
അഭിമന്യു ചോദിച്ചു.
“നായകനും കുടുംബവും വില്ലനെ കാണാൻ ആഗ്രഹിച്ചു വന്നിരിക്കുന്നു..”
“നീ വില്ലൻ ആണോ അഭീ?”
“തീർച്ചയായും..നിങ്ങളുടെ കൂടെ നിന്ന് ചതിച്ചവനല്ലേ ഞാൻ..? അപ്പോൾ വില്ലനും ഞാൻ തന്നെ.”
“അഭീ… അമ്മ പറഞ്ഞിട്ടാണ് നിന്നെ കാണാൻ ഞങ്ങൾ വന്നത്.. അമ്മയ്ക്ക് നേരിട്ട് വരാനുള്ള ആരോഗ്യമില്ല..”
അഭിമന്യു മിണ്ടാതെ അവനെ നോക്കി..
“ശരിയും തെറ്റുമൊന്നും തരം തിരിച്ചു കാണിക്കാൻ എനിക്ക് ആവില്ല.. നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി നീ നടത്തുന്ന പോരാട്ടത്തെ തടയാനും എനിക്ക് കഴിയില്ല… എന്റെ അച്ഛൻ നീചൻ തന്നെയാ.. സമ്മതിച്ചു.. പക്ഷേ അമ്മയ്ക്ക് വേണ്ടി ഒരേയൊരു കാര്യം ഞാൻ ആവശ്യപ്പെടുകയാ… എന്റെ അച്ഛന്റെ ജീവൻ.. അദ്ദേഹത്തിന് എതിരെ നിയമത്തിന്റെ വഴിയിൽ പോരാടാൻ ഞാനും നിന്റെ കൂടെ നിൽക്കാം.. പരമാവധി ശിക്ഷ കിട്ടിക്കോട്ടെ..കൊല്ലുക എന്ന തീരുമാനത്തിൽ നിന്നും നിനക്ക് പിന്മാറിക്കൂടെ?”
“ഒരു കത്തി അയാളുടെ പള്ളയ്ക്ക് കേറ്റാൻ എനിക്ക് അധിക സമയമൊന്നും വേണ്ട.. എന്നിട്ടും ഇത്രയും വർഷങ്ങൾ ഞാൻ കാത്തിരുന്നത് എന്തിനാണെന്നറിയോ? നഷ്ടങ്ങൾ ഒരു മനുഷ്യനെ എങ്ങനൊക്കെ തകർക്കും എന്ന് അയാൾക്ക് കാണിച്ചു കൊടുക്കണം.. സ്വന്തം സാമ്രാജ്യം തകർന്നു വീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കുന്ന ദേവരാജൻ മുതലാളിയെ എനിക്ക് കാണണം.. അതിന് ശേഷം അന്തിമ വിധി… വധ ശിക്ഷ… അതിൽ കുറഞ്ഞതൊന്നും അയാൾ അർഹിക്കുന്നില്ല..”
“നീ എന്തു വേണമെങ്കിലും നശിപ്പിച്ചോ…എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും ജന്മം തന്ന ആളായിപ്പോയില്ലേ? അതുകൊണ്ടാ യാചിക്കാൻ വന്നത്.. എന്റെ വാക്കുകൾ നീ തള്ളിക്കളയില്ല എന്നൊരു പ്രതീക്ഷ..”
“അത് തെറ്റാണ്…”
“ഇതാണോ നിന്റെ അവസാനവാക്ക്?”
“അതെ..”
“ശരി… എങ്കിൽ എന്റെ അച്ഛനെ രക്ഷിക്കാൻ ഞാൻ സർവ്വ ശക്തിയും എടുത്ത് ശ്രമിക്കും.. അമ്മയ്ക്ക് വേണ്ടി..”
“തോറ്റു പോകും യദുവേട്ടാ…”
“സാരമില്ല. അനിയനോട് അല്ലേ…? പൊരുതി തോൽക്കുന്നതിൽ സന്തോഷമേ ഉള്ളൂ “
അഭിമന്യു കൈകൾ മാറിൽ കെട്ടി നിന്നു..
“യദുവേട്ടനോട് സ്നേഹവും ബഹുമാനവും മാത്രമാ എനിക്ക് .. അതുകൊണ്ട് ഒന്നൂടെ പറയുകയാ, എനിക്കും ദേവരാജനും ഇടയിൽ നിങ്ങളാരും വരരുത്… ലക്ഷ്യം നേടാൻ തടസ്സമായതെന്തും ഞാൻ നശിപ്പിക്കും..”
ശിവാനി നിറകണ്ണുകളോടെ അവൾ രണ്ടുപേരെയും മാറിമാറി നോക്കി… താൻ ആരുടെ പക്ഷത്തു ചേരും ? പ്രാണന് തുല്യം സ്നേഹിച്ച പുരുഷന്റെയോ?, അതോ സ്വന്തം കുടുംബത്തിന്റെയോ? അവൾക്ക് അറിയില്ലായിരുന്നു..മീനാക്ഷി ഇതിലൊന്നും പങ്കെടുക്കാതെ മൗനമായി നിൽക്കുകയാണ്..
“അഭീ നിനക്കു വേണമെങ്കിൽ ഇപ്പൊൾ ഇവിടെ വച്ച് എന്നെയും എന്റെ അനിയത്തിയെയും കൊല്ലാം.. നേരെ തറവാട്ടിൽ പോയാൽ അവിടെ അമ്മ ഉണ്ട്… അമ്മയെയും കൊന്ന ശേഷം അച്ഛന്റെ അടുത്തേക്ക് പോയാൽ മതി…”
അവനൊന്നു പുഞ്ചിരിച്ചു..
“ആ ഉദ്ദേശം എനിക്ക് ഉണ്ടായിരുന്നു എങ്കിൽ പിന്നെന്തിനാ മുരുകന്റെ കുത്തേറ്റു റോഡരികിൽ കിടന്ന യദുവേട്ടനെ ആശുപത്രിയിൽ എത്തിച്ചത്?”
ഇത്തവണ അവർ മൂന്ന് പേരും ഞെട്ടി…
“വിശ്വസിക്കാൻ പാടാണ് അല്ലേ? അതാണ് സത്യം… സണ്ണി നിങ്ങളുടെ നേരെ വരും എന്നൊരു സൂചന കിട്ടിയത് കൊണ്ട് എന്റെ ആളുകൾ യദുവേട്ടനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.. അന്ന് അവർ വന്ന വണ്ടി പോലീസ് ചെക്കിങ്ങിൽ കുടുങ്ങി.. അതാണ് എത്താൻ വൈകിയത്.. അവർ വന്നപ്പോൾ ഏട്ടൻ ബോധമില്ലാതെ കിടക്കുകയായിരുന്നു… പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു…”
അഭിമന്യു എല്ലാവരെയും ഒന്ന് നോക്കി..
“പിന്മാറാൻ പറ്റാത്ത യുദ്ധമാണിത്… ഞാൻ മരിക്കാൻ പ്രാർത്ഥിച്ചോ.. എന്നാൽ നിങ്ങളുടെ നഷ്ടങ്ങൾ കുറയും..”
അവൻ ബൈക്കിൽ കയറി…
“നിനക്ക് എന്നോട് ഒന്നും പറയാനില്ലേ അഭീ ?” ശിവാനി ചോദിച്ചു..
“എന്തു പറയാൻ?”
“അന്ന് അവരെന്നെ കൊല്ലാൻ നോക്കിയപ്പോൾ നീ എന്തിനാടാ രക്ഷിച്ചത്? ചത്തോട്ടെ എന്ന് കരുതിക്കൂടായിരുന്നോ? ഇതിലും നല്ലത് മരിക്കുന്നതാ..”
അവൾ പരിസരം മറന്ന് കരഞ്ഞു തുടങ്ങി.
“മാപ്പ്… എല്ലാവരോടും. ” അത്രമാത്രം പറഞ്ഞിട്ട് അവൻ ബൈക്ക് മുന്നോട്ടെടുത്തു…പൊടി പറത്തികൊണ്ട് അത് ദൂരേക്ക് മറയുന്നതും നോക്കി അവർ നിന്നു…
“പോകാം…?” മീനാക്ഷി യദുവിനോട് പറഞ്ഞു…
“ഞാനൊന്ന് ചോദിച്ചോട്ടെ മീനൂ?”
“എന്താ?”
“നീ ശരിക്കും ആർക്കു വേണ്ടിയാ പ്രാർത്ഥിച്ചത്?”
“ശിവാനിക്കും യദുവേട്ടനും നിങ്ങളുടെ അമ്മയ്ക്കും വേണ്ടി.”
“കാരണം?..”
” ഈ യുദ്ധത്തിൽ അഭി ജയിക്കും… അതെനിക്ക് ഉറപ്പാണ്.. അവൻ ജയിക്കുക എന്നതിനർത്ഥം നിങ്ങളുടെ അച്ഛൻ ഇല്ലാതാവുക എന്നതല്ലേ..? ആ അവസ്ഥ താങ്ങാനുള്ള ശക്തി നിങ്ങൾക്ക് കിട്ടണേ എന്നാ ഞാൻ പ്രാർത്ഥിച്ചത്. “
യദുകൃഷ്ണന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു..
“അമിതമായ ആത്മവിശ്വാസം… അത് ആപത്താണ് മീനൂ… ഞാൻ കഴിവ് കെട്ടവൻ അല്ല… തുനിഞ്ഞിറങ്ങിയാൽ അഭിമന്യുവിന് അച്ഛന്റെ നിഴലിനെ പോലും തൊടാൻ പറ്റില്ല.”
“കണ്ണേട്ടൻ മറന്നുപോയ ഒരു കാര്യമുണ്ട്.. അവൻ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനാ.. അങ്ങനെ ഒരാളെ തോല്പിക്കാൻ ബുദ്ധിമുട്ടാണ്.. “
അവൾ ശിവാനിയെ ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു..
ഇരുൾ വീണു തുടങ്ങിയ പാതയിലൂടെ അഭിമന്യുവിന്റെ ബൈക്ക് ഓടുകയായിരുന്നു… പെട്ടെന്ന് അവൻ ബ്രേക്ക് പിടിച്ചു…. സ്റ്റാൻഡിൽ നിർത്തിയിട്ട് താഴെയിറങ്ങി ചുറ്റും നോക്കി..റോഡിനു ഇരുവശവും വലിയ മരങ്ങളാണ്…ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന കാട്ടു ചെടികളും…
“അതേയ്… ഇങ്ങോട്ട് ഇറങ്ങിപ്പോരേ… സംഭവം ചീറ്റി…”
അവൻ വിളിച്ചു പറഞ്ഞു.. കുറച്ചു സമയത്തിന് ശേഷം കരിയിലകൾ ഞെരിയുന്ന ശബ്ദം കേട്ടു.. ആയുധധാരികളായ അഞ്ചു പേർ മരങ്ങൾക് പിന്നിൽ നിന്നും റോഡിലേക്ക് ഇറങ്ങി..
“നിങ്ങള് മണ്ടന്മാരാണൊടെ? റോഡിനു കുറുകെ കമ്പി കെട്ടിയത് സൂപ്പർ ഐഡിയ തന്നാ.. ബൈക്കിൽ വരുന്നവന്റെ കഴുത്തറ്റു പോകും.. പക്ഷേ കെട്ടുന്ന കമ്പി വാങ്ങുമ്പോൾ ശ്രദ്ധിക്കണ്ടേ..? ഹെഡ്ലൈറ്റ് അടിച്ചപ്പോൾ അത് തിളങ്ങുന്നുണ്ടായിരുന്നു… ഞാൻ ദൂരെ നിന്ന് കണ്ടു..”
അവർ പരസ്പരം നോക്കി..
“അയച്ചത് ദേവരാജനോ അതോ സത്യപാലനോ?”
“ആരായാലും എന്താ? നിന്നെ തീർക്കാനാ വന്നത്. “
“എന്നാപ്പിന്നെ വൈകിക്കണ്ട… വന്നോളൂ..എനിക്ക് മരിക്കാൻ കൊതിയാവുണൂ..”
അവൻ ഷർട്ടിന്റെ കൈകൾ മടക്കി വച്ചു. ആദ്യം പാഞ്ഞെത്തിയ ആളുടെ നാഭിക്കാണ് തൊഴി കിട്ടിയത്.. മറ്റുള്ളവർ അനങ്ങുന്നതിനു മുൻപ് അവൻ മുന്നോട്ട് കുതിച്ചു… ഏറ്റവും പുറകിൽ നിൽക്കുന്ന ആളെ പിടിച്ച് ഒന്ന് വട്ടം കറക്കി… പിന്നെ അയാളുടെ പിൻ കഴുത്തിൽ പിടി മുറുക്കി അവനെ വീഴ്ത്താൻ വേണ്ടി റോഡിന് കുറുകെ കെട്ടിയ കമ്പിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരച്ചു…. കഴുത്ത് മുറിഞ്ഞു ചോര നിലത്തേക്ക് തുള്ളികളായി വീണു.. അയാളെ നിലത്തേക്കിട്ട് അവൻ മറ്റുള്ളവരുടെ നേരെ തിരിഞ്ഞു.. പൊരുതുന്നതിനിടയിൽ ഇടത്തെ തോളിനും മുതുകിലും അവന് വെട്ട് കൊണ്ടു,. മുഖത്ത് ഒരു ഇടിയും.
അഭിമന്യു തളർന്നു എന്ന അവരുടെ വ്യാമോഹത്തിന് നിമിഷ നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ… വീണ്ടും വെട്ടാനാഞ്ഞ ഒരുത്തന്റെ കൈപിടിച്ച് ഒന്ന് തിരിച്ചു.. അതോടെ അയാളുടെ കൈയിലെ മടവാൾ അഭിമന്യുവിന്റെ കയ്യിലെത്തി…പിന്നെ അവിടെ അലർച്ചകളും വാൾ വീശുന്നതിന്റെ സീൽകാരവും മുഴങ്ങി..രണ്ട് മിനിട്ട് നീണ്ട പ്രതിരോധത്തിനു ശേഷം ആക്രമിക്കാൻ വന്നവരെല്ലാം നിലം പതിച്ചു… അതിൽ ഒരാളുടെ മുഖം അവൻ വാള് കൊണ്ട് ഉയർത്തി…
” എനിക്ക് പഴയ പോലെ മൈലേജ് ഇല്ല ചേട്ടാ… കണ്ടില്ലേ കിതക്കുന്നത്…? എന്നെകൊണ്ട് കൂടുതൽ ജോലി ചെയ്യിക്കരുത്… ഒറ്റ ചോദ്യം… ഉത്തരം തെറ്റിയാൽ ചേട്ടന്റെ തല ആ കാട്ടിൽ കിടക്കും…”
അയാൾ വേദന കൊണ്ട് ഞരങ്ങി…
“ആരാണ് വിട്ടത്..?”
“ജോസ്..” മരണഭയത്തോടെ മറുപടി കിട്ടി..
“വണ്ടി എവിടാ?”
“താഴെ …”
“അതുവരെ നടന്നു പോകാനുള്ള ആരോഗ്യം ഉണ്ടോ?”
അയാൾ തലയാട്ടി..
“ശരി… ഒരാളുടെ കൈ മുട്ടിനു താഴെ പോയിട്ടുണ്ട്… ഒരുത്തന്റെ വയറു കീറിപ്പോയി.. പിന്നൊരുത്തനെ കഴുത്തു നല്ലരീതിയിൽ മുറിഞ്ഞു ചോര പോയ്കൊണ്ടിരിക്കുവാ.. മറ്റേ ആൾക്ക് തലയ്ക്കടി ഏറ്റിട്ടുണ്ട്.. പിന്നെ ചേട്ടന്റെ രണ്ടു വിരൽ പോയിട്ടുണ്ട്.. കാൽമുട്ടിന് താഴെ സാമാന്യം ആഴത്തിൽ വെട്ട്… ഇത്രയുമാ നാശനഷ്ടം… ഞാൻ ഇച്ചിരി കൂടി മിനക്കെട്ടിരുന്നെങ്കിൽ അഞ്ചു പേരെയും പെട്ടീൽ അടക്കാമായിരുന്നു.. ചെയ്യാത്തത് വേറൊന്നും കൊണ്ടല്ല., ഇപ്പൊ മൂഡില്ല.. അതോണ്ട് ഇവന്മാരെയൊക്കെ പെറുക്കി എടുത്ത് വേഗം സ്ഥലം വിട്ടോ… പെട്ടെന്ന് നല്ലൊരു ഡോക്ടറേ കണ്ടാൽ ആ കഴുത്ത് മുറിഞ്ഞവൻ രക്ഷപെടും…”
അഭിമന്യു വാൾ അയാളുടെ ദേഹത്തേക്ക് ഇട്ടു..
“ഒരുത്തനെ കൊല്ലാൻ വരുന്നതിന് മുൻപ് ആരാ എന്താ എന്നൊക്കെ കൃത്യമായി പഠിക്കണം.. ഇല്ലെങ്കിൽ ഇതു പോലെ ഇറച്ചിയിൽ മണ്ണ് പറ്റും… ചേട്ടൻ എണീറ്റ് പോയി ഈ കുറുകെ കെട്ടിയ കമ്പി അഴിച്ചു മാറ്റ്… “
അവൻ ബൈക്കിൽ കേറി ഇരുന്നു… അയാൾ മുടന്തികൊണ്ട് പോയി പണിപ്പെട്ട് കമ്പി അഴിച്ചു…
“പിന്നെ എവിടെ വച്ചെങ്കിലും കാണാം.. ജോസിനോട് അന്വേഷണം പറയണേ… “
വന്യമായ ഒരു ചിരിയോടെ അവൻ ബൈക്ക് മുന്നോട്ട് എടുത്തു..
*********
“ഞാൻ പറയാനുള്ളതെല്ലാം പറഞ്ഞു.. കൂടുതൽ ചോദിക്കണമെങ്കിൽ ആദ്യം എനിക്കെന്റെ വക്കീലിനോട് സംസാരിക്കണം.”
ദേവരാജൻ കൂസലില്ലാതെ പറഞ്ഞു.. കമ്മീഷണർ ഓഫിസിൽ ആയിരുന്നു അയാൾ… ഷബ്‌ന ഹമീദ് ഇമ ചിമ്മാതെ അയാളെ തന്നെ നോക്കി… പിന്നൊന്നു പുഞ്ചിരിച്ചു..
“അങ്ങനെ പറയല്ലേ സാറേ… ഞാൻ ഇത്രേം മാന്യമായിട്ടല്ലേ ചോദിക്കുന്നെ..? അപ്പൊ കുറച്ചു മര്യാദ കാണിച്ചൂടെ?”
“മര്യാദയ്ക്ക് തന്നാ പറഞ്ഞത്… എനിക്ക് ചത്തു പോയ രാഖി എന്ന പെങ്കൊച്ചിനെ അറിയില്ല… റബർ തോട്ടം എന്റേത് തന്നെയാ.. പക്ഷേ ഞാനങ്ങോട്ടു പോകാറില്ല.. അതിനൊക്കെ ശമ്പളം കൊടുത്ത് ആളെ നിർത്തിയിട്ടുണ്ട്.. അവിടുത്തെ ചതുപ്പിൽ ശവം എങ്ങനെ വന്നു എന്നെനിക്ക് അറിയില്ല…. നിങ്ങളുടെ വീട്ടു പറമ്പിൽ ഇതുപോലെ ആരെങ്കിലും കൊണ്ടിട്ടാൽ നിങ്ങള് കൊലപാതകി ആകുമോ?”
“രാഖിയുടെ അച്ഛൻ പറഞ്ഞത് നിങ്ങളുടെ വലം കൈ ആയ സത്യപാലനും ജോസുമാണ് എല്ലാത്തിന്റെയും പിറകിൽ എന്നാണല്ലോ?”
“ആരോപണം ആർക്കും ഉന്നയിക്കാം… തെളിവ് വേണം…”
“ഈ സത്യപാലൻ അല്ലെ അവിടെ താമസിച്ചു കൊണ്ടിരുന്നത്?”
“അതെ..”
“അയാളിപ്പോ എവിടെയാ?”
“അറിയില്ല.”
“ജോസോ?”
“ഹാ… എനിക്കറിയില്ല എന്നല്ലേ മലയാളത്തിൽ പറഞ്ഞത്? അതു കണ്ടുപിടിക്കാനാ നിങ്ങൾ മാസമാസം ശമ്പളം എണ്ണി വാങ്ങുന്നത്… കഴിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം..കഴിവുള്ള ആണുങ്ങൾ ജോലി ചെയ്യട്ടെ..”
ഷബ്‌ന ചാടിയെണീറ്റ് അയാളുടെ അടുത്ത് വന്ന് കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ച് ചുവരിൽ ചാർത്തി നിർത്തി,..
“കുറച്ച് രാഷ്ട്രീയക്കാരും പിന്നെ നിന്റെ എച്ചിൽ നക്കുന്ന ചില പോലീസുകാരും കൂടെയുണ്ട് എന്ന് കരുതി എന്റെ മുന്നിൽ ഷോ ഇറക്കല്ലേ…. കുറേ നേരമായി ഞാൻ ക്ഷമിക്കുന്നു..നീ വക്കീലിനെയും കാണില്ല, ഒരു മറ്റേ മോനെയും കാണില്ല.. ചവിട്ടി കൊന്നിട്ട് ഹാർട്ട് അറ്റാക്ക് ആണെന്ന് വരുത്തി തീർക്കും ഞാൻ…”
അവളുടെ അലർച്ച ആ റൂമിൽ മുഴങ്ങി..
“നിന്നെ ഇങ്ങോട്ട് കൊണ്ടു വന്ന നിമിഷം തൊട്ട് ഫോൺ വിളിയാ… പഞ്ചായത്ത് മെമ്പർ തൊട്ടു മിനിസ്റ്ററുടെ ഓഫീസിൽ നിന്ന് വരെ… അതൊക്കെ തരണം ചെയ്ത് ഒന്നര മണിക്കൂറായി നിന്നോട് ഓരോന്ന് ചോദിക്കുന്നു.. അപ്പൊ നിനക്ക് അഹങ്കാരം… എടാ പുല്ലേ… എനിക്ക് ഈ തൊപ്പി പോയാൽ ഒരു കോപ്പുമില്ല.. എന്റെ വാപ്പ ഹമീദിന് തലശ്ശേരി ടൗണിൽ മലഞ്ചരക്ക് വ്യാപാരമാ പണി.. ഞാനവിടെ കണക്കെഴുതാൻ ഇരുന്നോളും…ഇനി നിനക്കു വേണ്ടി വരുന്ന ഓരോ ഫോൺ കാളിനും നിന്റെ ഓരോ എല്ല് ഒടിയും…”
അപമാനം കൊണ്ട് ദേവരാജന്റെ ശിരസ് താഴ്ന്നു… ജീവിതത്തിൽ ആദ്യമയാണ് ഒരു പോലീസ് ഓഫിസർ ഇങ്ങനെ പെരുമാറുന്നത്…
“ഇങ്ങോട്ട് നോക്കെടാ..” ഷബ്‌ന ശബ്ദമുയർത്തി..
“ഇവിടെ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല എന്ന് കരുതരുത്.. താരാപുരത്തെ നിന്റെ ഹോട്ടൽ ബിസിനസ് തൊട്ട് വാസവന്റെ കൊലപാതകം വരെ എല്ലാം ചികഞ്ഞു നോക്കിയിട്ട് തന്നെയാ ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്..നിന്റെ തലയെടുക്കാൻ ഒരുത്തൻ അവതരിച്ചിട്ടില്ലേ അഭിമന്യു?.. അവന്റെ വേരുകൾ വരെ ഞാൻ കണ്ടു പിടിച്ചു… ദേവരാജാ.. നീയോ നിന്റെ ശിങ്കിടികളോ ജീവനോടെയിരിക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല… ഒരുപാട് പേരെ കണ്ണീർ കുടിപ്പിച്ച നീയൊക്കെ ചത്തു തുലയുന്നതാ നല്ലത്.. പക്ഷേ അത് എന്റെ അധികാര പരിധിയിൽ വരുന്നിടത്തു വച്ചു വേണ്ട… “
ഷബ്‌ന മേശ ചാരി നിന്നു..
“പോരാഞ്ഞിട്ട് തന്നോട് എനിക്ക് മറ്റൊരു സെന്റിമെന്റ്സ് കൂടെയുണ്ട്.. എന്റെ കസിൻ ബ്രദറും തന്റെ മോൻ യദുവും കൂട്ടുകാരാണ്.. അവൻ പറഞ്ഞു തന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്നൊന്ന് ഊരി കൊടുക്കണമെന്ന്.. ഞാനങ്ങനെ ആർക്കു വേണ്ടിയും ഉപകാരം ചെയ്യാറില്ല. എന്നാലും ആദ്യമായി ഒരാൾ ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ നോ പറയാൻ തോന്നിയില്ല… അതു കൊണ്ട് മര്യാദയ്ക്ക് ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ തനിക്കു കുറഞ്ഞ ശിക്ഷ വാങ്ങി തരാൻ ശ്രമിക്കാം… “
ദേവരാജന് എന്തു പറയണം എന്നറിയില്ലായിരുന്നു..
“സത്യപാലൻ അല്ലേ രാഖിയെ കൊന്നത്?”
“അത്… അറിയില്ല..”
“ശരി… വേണ്ട.. ഞാൻ കണ്ടുപിടിച്ചോളാം.. അവന്മാരിപ്പോ എവിടെയാ?”
“അറിയില്ല.. “
“നമ്പറിറക്കല്ലേ മൊതലാളീ..”
“സത്യമായും അറിയില്ല..”
അവൾ ദേവരാജനെ അടിമുടി നോക്കി..
“താനിപ്പോ പൊയ്ക്കോ.. ഞാൻ ഇനിയും വിളിപ്പിക്കും… ഈ സിറ്റിക്ക് ഉള്ളിൽ തന്നെ ഉണ്ടായിക്കോളണം.. അതിബുദ്ധി കാണിക്കാൻ നിന്നാൽ താൻ വിവരമറിയും..”
ദേവരാജൻ നിശബ്ദനായി തലകുനിച്ചു കൊണ്ട് പുറത്തേക്ക് നടന്നു…
ഷബ്‌ന ഫോണെടുത്ത് സി ഐ ദിനേശ് കുമാറിനെ വിളിച്ചു..
“അഭിമന്യുവിനെ ലൊക്കേറ്റ് ചെയ്തോ ദിനേശേ?”
“ഇല്ല മാഡം… ഇന്നലെ ദേവരാജന്റെ മക്കളുമായി അവൻ സംസാരിച്ചിരുന്നു എന്നാ അറിഞ്ഞത്..”
“അതു കൊള്ളാലോ.. ഒരു സിനിമയ്ക്കുള്ള സ്കോപ് ഉണ്ട്…. ഞാനാ ദേവരാജനെ വിട്ടു. പക്ഷേ നമ്മുടെ നിരീക്ഷണത്തിൽ തന്നെ ആയിരിക്കണം..”
“വേണ്ടായിരുന്നു മാഡം.. അയാൾ പക്കാ ക്രിമിനലാ… എന്തേലും തെളിവ് ബാക്കിയുണ്ടെങ്കിൽ നശിപ്പിക്കും..”
“അയാളെ കസ്റ്റഡിയിൽ വയ്ക്കാൻ മാത്രം നമ്മുടെ പക്കൽ ഒന്നുമില്ലെടോ… സ്ഥലം മാത്രമേ അങ്ങേരുടേത് ഉള്ളൂ.. അതിന്റെ കൺട്രോൾ സത്യപാലന്റെ കയ്യിലായിരുന്നു.. പോരാഞ്ഞിട്ട് സീതാ ഫിനാൻസിൽ നിന്നല്ല കേശവൻ കാശ് വാങ്ങിയത്… അത് സത്യപാലന്റെ ഇല്ലീഗൽ ബിസിനസ് ആണ്,.. അതിന്റെ തലപ്പത്ത് ദേവരാജൻ ആണെന്ന് തെളിയിക്കാനും പറ്റുന്നില്ല.. “
“വേറെ ഏതെങ്കിലും കേസിൽ അകത്താക്കിയാലോ മാഡം?”
“പറ്റില്ല… എനിക്ക് മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട്.. തത്കാലം അയാൾ പുറത്ത് നിൽക്കട്ടെ… സത്യപാലനെ പൊക്കാൻ നോക്കാം…”
അവൾ ഫോൺ വച്ചു…
**********
വൃദ്ധസദനത്തിൽ രാഖിയുടെ ഫോട്ടോ നോക്കി നിറമിഴികളോടെ കൈകൂപ്പി നില്കുകയായിരുന്നു കേശവൻ.. ദുർഗ്ഗ അയാളുടെ ചുമലിൽ കൈ വച്ചു..
“എന്റെ കുട്ടിയെ ഞാൻ ഒരുപാട് ശപിച്ചു പോയല്ലോ മോളേ… എന്നെ ചതിച്ചിട്ട് പോയവൾ ഗതിപിടിക്കല്ലേ ദൈവമേ എന്ന് പ്രാർത്ഥിക്കുമ്പോൾ അവൾക്ക് ഈ ഗതി വന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല… പാവം എന്റെ കുട്ടി… മരിക്കുമ്പോഴും അച്ഛാ എന്ന് വിളിച്ചിട്ടുണ്ടാകും…”
അയാൾ നിലത്ത് വീണു പൊട്ടിക്കരഞ്ഞു..
“ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് എന്താ ഇങ്ങനെ സംഭവിക്കുന്നത്? ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം കൊണ്ടല്ലേ അവർ ഇത്രയും ക്രൂരത ചെയ്യുന്നെ?എന്റെ സ്വത്ത് പോയതിൽ സങ്കടമില്ല… പക്ഷേ കടിച്ചു കീറി മതിയായ ശേഷം ഇച്ചിരി ജീവനെങ്കിലും ബാക്കി വച്ച് അവളെ എനിക്ക് തന്നൂടായിരുന്നോ…? എന്തൊക്കെ ആശകളായിരുന്നു എനിക്കും എന്റെ കുഞ്ഞിനും??. ജോലിയൊക്കെ കിട്ടിയ ശേഷം നല്ലൊരു ചെറുക്കന് കതിർമണ്ഡപത്തിൽ വച്ച് കൈ പിടിച്ചു കൊടുക്കുന്നത് സ്വപ്നം കണ്ട എന്റെ മുന്നിൽ ഏതാനും അസ്ഥികഷണങ്ങൾ മാത്രമല്ലേ കിട്ടിയത്…. എന്തിനാണ് ദൈവമേ എന്നെ മാത്രം ഇവിടെ വിട്ടത്? എന്നെയും കൂടെ അങ്ങോട്ട് കൊണ്ടു പോ..”
കേശവൻ തല നിലത്തേക്ക് ആഞ്ഞിടിച്ചു.. ദുർഗ്ഗ ഓടി വന്ന് അയാളെ തടഞ്ഞു..
“വിട് മോളേ… എന്റെ കുഞ്ഞിനോട് നീതി കാണിക്കാത്ത ഈ ലോകത്ത് എനിക്കിനി ജീവിക്കണ്ട..”
“രാഖിക്ക് നീതി കിട്ടും…” ഉറച്ച ഒരു ശബ്ദം കേട്ട് അയാൾ കണ്ണീരോടെ വാതിൽക്കലേക്ക് നോക്കി… അഭിമന്യു.. അവൻ പതിയെ വന്ന് അവർക്കരികിൽ ഇരുന്നു..
“അവളുടെ ജീവൻ തിരിച്ചു നൽകാൻ എനിക്ക് കഴിയില്ല കേശവേട്ടാ… പക്ഷേ ലഭിക്കാതെ പോയ നീതി ഞാൻ പിടിച്ചു വാങ്ങും.. അവളുടെ ദേഹത്ത് കൈ വച്ച ഒരുത്തനെ പോലും വെറുതെ വിടില്ല..ഇതെന്റെ വാക്കാ… രാഖിക്ക് വേണ്ടി മാത്രമല്ല.. അവളെ പോലെ ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്.. എല്ലാവർക്കും വേണ്ടി ഞാനത് ചെയ്യും… അനുഗ്രഹിക്കണം…”
കേശവൻ ശ്രമപ്പെട്ട് എഴുന്നേറ്റ് ഇരുന്നു.. പിന്നെ കണ്ണുകൾ തുടച്ച് വലതു കൈ അഭിമന്യുവിന്റെ തലയിൽ വച്ചു…
“പോയി വാ മോനേ.. എനിക്ക് വയസായി.. ഒന്നിനും കൊള്ളതായി… അല്ലെങ്കിൽ ഞാനും വന്നേനെ… നീ ജയിക്കണം… ലോകം മുഴുവൻ നന്നാക്കാൻ നിന്നെ കൊണ്ട് കഴിയില്ലായിരിക്കും… പക്ഷേ ഈ മൃഗങ്ങൾ നശിച്ചാൽ ഒരാളെങ്കിലും ഇനി ഇത് ആവർത്തിക്കാൻ ഭയക്കും… എന്റെ മോൾക്ക് സംഭവിച്ചത് വേറെ ആർക്കും വരാതിരിക്കട്ടെ…. ഞാൻ പ്രാർത്ഥിക്കാം.. നിനക്ക് വേണ്ടി..”
അഭിമന്യു പുറത്തേക്ക് നടന്നു.. സ്വാമിനാഥൻ കയ്യിൽ ഫോണും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു…
“ആരാ സ്വാമിയേട്ടാ…”
“കതിരേശനാ…ജോസിന്റെ താവളം കണ്ടെത്തിയെന്ന്..”
സ്വാമിനാഥന്റെ ഭാര്യയുടെ അനിയനാണ് കതിരേശൻ… ഒന്നും പ്രതീക്ഷിക്കാതെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അഭിമന്യുവിന്റെ ചാവേർപടയിൽ വന്നു ചേർന്നയാൾ…അവൻ ഫോൺ വാങ്ങി കാതിൽ വച്ചു..
“അണ്ണാ, എന്ത ഇടം?”..
“സണ്ണിയുടെ ലവ്വർ ഷീബ ഇല്ലയാ, അവളുടെ വീട്…. അതുക്ക് ഉള്ളെ താൻ ഇരുക്ക്…”
“സത്യപാലനോ?”
“തെരിയാത്… തേടിക്കിട്ടിരുക്ക്… കണ്ടിപ്പാ കിടച്ചിടും..”
“ഞാൻ ഇപ്പൊ വരാം. “
“സരി തമ്പീ…”
ഫോൺ സ്വാമിനാഥന് കൊടുത്ത് അഭിമന്യു പുഞ്ചിരിച്ചു..
“സത്യപാലന്റെ ബുദ്ധി കൊള്ളാം…. ഷീബയുടെ അടച്ചിട്ട വീട്ടിൽ ജോസിന് സുഖവാസം… ആർക്കും സംശയം തോന്നില്ല…”
“എന്നാലും അവനെ കിട്ടിയില്ലല്ലോ മോനേ..?” സ്വാമിനാഥൻ നിരാശയോടെ പറഞ്ഞു.
“സത്യപാലൻ പുറത്ത് വരും.. എനിക്ക് വേണ്ടിയല്ല.. ദേവരാജൻ മുതലാളിക്ക് വേണ്ടി..”
“മനസിലായില്ല..”
“കമ്മീഷണർ ഷബ്‌ന ഹമീദ് ഒരു ഓഫർ വച്ചിട്ടുണ്ട് ദേവരാജന്റെ മുന്നിൽ.. എല്ലാം ഏറ്റ് പറഞ്ഞാൽ ശിക്ഷ കുറച്ചു കൊടുക്കാമെന്ന്.. ഞാൻ ഇതറിഞ്ഞത് പോലെ സത്യപാലനും അറിഞ്ഞിട്ടുണ്ടാകും.. സ്വാഭാവികമായും എന്താ ചെയ്യുക? ദേവരാജനെ ഇല്ലാതാക്കാൻ ശ്രമിക്കും..മുട്ടനാടുകൾ തമ്മിലടിക്കട്ടെ ചോര കുടിക്കാൻ ഈ ചെന്നായ റെഡിയാ…”
അഭിമന്യുവിന്റെ കണ്ണുകളിൽ പകയുടെ തീ ജ്വാലകൾ എരിഞ്ഞു…
“കളി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് സ്വാമിയേട്ടാ… ഇനി നമുക്ക് വിശ്രമമില്ല…”
അങ്ങോട്ട് വീശിയടിച്ച കാറ്റിനു മരണത്തിന്റെ തണുപ്പായിരുന്നു…..
(തുടരും )..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission