Skip to content

സൗപ്തികപർവ്വം – 10

സൗപ്തികപർവ്വം

സീതാലയത്തിന്റെ മതിലിനോട് ചേർന്ന ഔട്ട്‌ ഹൗസിലായിരുന്നു അഭിമന്യു.. ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയപ്പോൾ യദുവും സീതാലക്ഷ്മിയും  നിർബന്ധിച്ച് അവനെ അങ്ങോട്ട്‌ കൊണ്ടുവന്നതാണ്.. എല്ലാം പൂർണമായി മാറുന്നത് വരെ  അവിടെ താമസിച്ചാൽ മതിയെന്ന് അവർ  ശഠിച്ചു.. അവനു വേറെ വഴിയുണ്ടായിരുന്നല്ല.. യദു ഒരിക്കൽ അവനെയും കൂട്ടി പോയി അത്യാവശ്യം വേണ്ട ഡ്രസ്സുകളൊക്കെ ക്വാർട്ടേഴ്സിൽ നിന്നും എടുത്തു…

അഭിമന്യു മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.. കാലിൽ  വേദനയുണ്ട്… ചില്ലുകൾ തറഞ്ഞു കയറിയപ്പോൾ ഉണ്ടായ മുറിവുകളിൽ നീറ്റലും അനുഭവപ്പെടുന്നു… വേറെ കാര്യമായ കുഴപ്പമൊന്നുമില്ല… ഗേറ്റിന് വെളിയിൽ നിർത്തിയിട്ട ജീപ്പിൽ നിന്നു ആരൊക്കെയോ തന്നെ  നോക്കുന്നത് അവൻ കണ്ടു.. ദേവരാജന്റെ ആളുകളാണ്.. ആക്സിഡന്റ്, കൊലപാതകശ്രമം ആണെന്നറിഞ്ഞപ്പോൾ മുതൽ കാവലിനു  പത്തോളം പേരുണ്ട്.. യദുവും ശിവാനിയും ഓഫീസിൽ പോകുമ്പോഴും വരുമ്പോഴും  ഒരു നിശ്ചിത അകലം വിട്ട്  അംഗരക്ഷകർ  പിൻ തുടരും.. അഭിമന്യുവിനെ ദേവരാജൻ ശ്രദ്ധിക്കാറേയില്ല… ഒന്ന് തുറിച്ചു നോക്കി കടന്നുപോകും…

“എടോ… ഇതാ ബ്രേക്ക്ഫാസ്റ്റ്…” ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. കൈയിൽ ഒരു ട്രേയുമായി ശിവാനി. സാധാരണ ജോലിക്കാരിയാണ് ഭക്ഷണം കൊണ്ടുവരാറുള്ളത്..

“അവിടെ വച്ചേക്ക്.”

അവൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞു..

അവൾ അകത്തേക്കു കയറി  മേശപ്പുറത്തു ട്രേ വച്ചു.. കട്ടിലിനോട് ചേർന്ന കസേരയിൽ  അവന്റെ അണ്ടർവെയർ  കിടക്കുന്നത് കണ്ടപ്പോൾ അവൾക്ക് നല്ല ദേഷ്യം വന്നു..

“ഇതൊക്കെ ഇവിടാണോ ഇടുന്നെ?”

“അതിനെന്താ പ്രശ്നം?”

“കുളിമുറിയിൽ വിരിച്ചിടണം… അല്ലെങ്കിൽ ഡ്രസ്സ്‌ ഉണക്കാൻ ഒരു ഷെഡ് പുറത്തുണ്ടല്ലോ.. “

“ഞാനിപ്പോ കുളിച്ചിറങ്ങിയതേ ഉള്ളൂ..ഓർമയില്ലാതെ അവിടെ വച്ചു.. മാപ്പ്… ഇത്രക്ക് ചൂടാവാൻ  ഇത് ആറ്റം ബോംബ് ഒന്നുമല്ലല്ലോ?  ജെട്ടിയല്ലേ? മാഡം ഇതൊന്നും ഉപയോഗിക്കാറില്ലേ?”

ശിവാനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി..

“വൃത്തികെട്ടവൻ…” അവൾ പിറുപിറുത്തു..

“എന്തേലും പറയാനുണ്ടെങ്കിൽ  ഉറക്കെ പറ..”

അവൾക്ക്  എന്തൊക്കെയോ പറയണമെന്നുണ്ട്… പക്ഷേ അമ്മയ്ക്കും ഏട്ടനും അഭിമന്യുവിനെ ജീവനാണെന്നറിയാം.. അതുകൊണ്ട് ഒരു വഴക്കുണ്ടായാൽ അവർ  അവന്റെ ഭാഗത്തെ നിൽക്കൂ.. ആ ധൈര്യമാണ് അവന്..

അഭിമന്യു  കസേരയിൽ കിടന്ന തന്റെ അടിവസ്ത്രം ഇരുകൈകളാലും  കുട്ടികളെ എടുക്കുന്നത് പോലെ എടുത്തു..

“വാടാ  മുത്തേ… വേറെവിടെങ്കിലും പോയി വിശ്രമിക്കാം.. നിന്നെ കണ്ടിട്ട് മാഡത്തിന്റെ കൺട്രോൾ പോകുന്നു എന്നാ പരാതി..”

ശിവാനി ദഹിപ്പിക്കുന്നത് പോലെ ഒന്നവനെ നോക്കി പുറത്തേക്കിറങ്ങി.. യദുകൃഷ്ണൻ  ഓഫീസിൽ പോകാൻ റെഡിയാകുമ്പോഴാണ് കനത്ത മുഖവുമായി ശിവാനി റൂമിലേക്ക് കയറിയത്..

“എന്താടീ… കടന്നൽ കുത്തിയോ?”

“ഇല്ല ചെകുത്താൻ കുത്തി.. “

“ങേ…?”

“അവനെ  സ്ഥിരമായി ഇവിടെ താമസിപ്പിക്കാനാണോ ഏട്ടന്റെ പ്ലാൻ?”

“അതെ.. നീയല്ലേ പണ്ട് പറഞ്ഞത്  നമ്മുടെ കൂടെ  ഈ  വീട്ടിൽ താമസിക്കാൻ  തയ്യാറുള്ള ഒരു പയ്യനെ മതി  കല്യാണം കഴിക്കാനെന്ന്?.. ഇവൻ പറ്റിയ ആളാ..”

“ഏട്ടാ, സീരിയസ് ആയി ചോദിക്കുമ്പോൾ മനുഷ്യനെ കളിയാക്കരുത്..”

“ശിവാ… നിന്റെ പ്രശ്നം എന്താ?.. അവന് ഇവിടെ നിൽക്കാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. ഞാനും അമ്മയും ഒരുപാട് നിർബന്ധിച്ചിട്ടാ  സമ്മതിച്ചേ.. ഏതോ നാട്ടിൽ നിന്നും ജീവിക്കാൻ വേണ്ടി  ഇവിടെ വന്നതാ അവൻ.. ഒരപകടം പറ്റി… അതും നമുക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ..അപ്പൊ തീർച്ചയായും  നമുക്കൊരു കടമയുണ്ട്… മാത്രമല്ല  അമ്മയ്ക്ക് അവനെ ഒത്തിരി ഇഷ്ടമായി… ഇനി നിനക്കു വല്ല പരാതിയും ഉണ്ടെങ്കിൽ അമ്മയോട് പറഞ്ഞോ….”

“ഞാൻ പറഞ്ഞതാ..”

“എന്നിട്ട്?”

“ഈ കാര്യം മിണ്ടിപ്പോയാൽ ചട്ടുകം പഴുപ്പിച്ചു  എന്റെ ഡിക്കിയിൽ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി..”

“അക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ… വിട്ടേക്ക്… എല്ലാം ഭേദമാകും വരെ  അഭി ഇവിടെ കാണും ..നീയായിട്ട് ഒരു പ്രശ്നം ഉണ്ടാക്കാതിരുന്നാൽ മതി..”

അവൻ ലാപ് ടോപ് എടുത്ത് ബാഗിലിട്ട് അവളെ നോക്കി..

“ഞാൻ ഓഫിസിലേക്ക് പോകുവാ… നീ അമ്മയുടെ അടുത്ത് തന്നെ ഉണ്ടാകണം.. അഭിക്ക് സമയത്തു ഫുഡ് എത്തിക്കാൻ മറന്നേക്കരുത്..”

അവൾ മറുപടി പറയാതെ മുഖം വീർപ്പിച്ചു നിന്നു.. യദു അവളുടെ അടുത്ത് ചെന്ന് താടിയിൽ പിടിച്ചുയർത്തി..

“നീ അവന്റെ പിന്നാലെ വഴക്കിടാൻ നടക്കാതെ  വെറുതെയിരിക്കുമ്പോൾ എങ്ങനെ ബിസിനസ് മെച്ചപ്പെടുത്താം എന്ന് ആലോചിക്ക്….”

അവൻ വെളിയിലേക്ക് പോയപ്പോൾ ശിവാനി കുറച്ചു നേരം  ചിന്തയിൽ  മുഴുകി . പിന്നെ അമ്മയുടെ അടുത്തേക്ക് നടന്നു..

*********

പലിശ പിരിവും കഴിഞ്ഞ് ആ കാശ് ജോസിനെ ഏൽപ്പിക്കാൻ വന്നതായിരുന്നു  മധുവും സന്തോഷും… ജോസിന്റെ  ഫ്ലാറ്റിൽ സെറ്റിയിൽ ഇരിക്കുന്ന മനുഷ്യനെ  സന്തോഷ്‌ അടിമുടി നോക്കി.. നാല്പത്തിയഞ്ചിനു മുകളിൽ പ്രായം കാണും.. കാവി ലുങ്കിയും കറുപ്പ് ഷർട്ടും ആണ് വേഷം… വസൂരിക്കലകൾ നിറഞ്ഞ മുഖം. ചുവപ്പു രാശി പടർന്ന കണ്ണുകൾ..റെസ്‌ലിംഗ് താരം അണ്ടർ ടേക്കറുടെ രൂപവുമായി എവിടൊക്കെയോ സാമ്യം ഉള്ളത് പോലെ സന്തോഷിനു തോന്നി.അയാൾ അവരെ നോക്കിയത് പോലുമില്ല… ജോസ് കയ്യിലൊരു താക്കോലുമായി വന്നു.

“മധൂ…പോസ്റ്റോഫീസിന്റെ അടുത്തുള്ള മുതലാളിയുടെ വീട് അറിയാമോ നിനക്ക്?”

“അറിയാം… ഏതോ ഡോക്ടർക്ക് വാടകയ്ക്ക് കൊടുത്ത വീടല്ലേ?”

“അത് തന്നെ..ഇപ്പൊ ഒഴിഞ്ഞു കിടക്കുകയാ… നാളെ വൈകിട്ട് ആകുമ്പോഴേക്ക് അതൊന്ന് വൃത്തിയാക്കി വയ്ക്കണം…. അവിടടുത്തു തന്നെ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കിക്കോ..”

ജോസ് താക്കോൽ അവനു കൊടുത്തു…

“പിന്നെ ചുറ്റുപാടും ഒരു കണ്ണു വേണം..പരിചയമില്ലാത്ത ആരെങ്കിലും ചുറ്റി കറങ്ങുന്നുണ്ടോ എന്നൊന്ന് അന്വേഷിക്കണം…”

“അതൊക്കെ ഞാൻ നോക്കിക്കോളാം..”

“എന്നാൽ നിങ്ങള് വിട്ടോ..”

റോഡിലെത്തിയപ്പോൾ ആകാംക്ഷ സഹിക്കാനാവാതെ  സന്തോഷ്‌ ചോദിച്ചു

“ആരാ അളിയാ  അത്?”

“ഏത്..?”

“അവിടൊരു ഗോറില്ല ഇരിപ്പുണ്ടായിരുന്നില്ലേ,? അത് തന്നെ..”

“അതാണ്‌  വാസവൻ..”

“സത്യപാലനെ പോലെ തന്നെയാണോ?”

“ഏയ് അല്ല… സത്യപാലൻ എന്തെങ്കിലും ചെയ്യും മുൻപ് ഒന്ന് ചിന്തിക്കുകയെങ്കിലും ചെയ്യും.. ഇയാൾക്ക് അങ്ങനൊരു ശീലമില്ല.. ദേവരാജൻ മുതലാളിയും  സത്യപാലനും പറഞ്ഞാൽ ആരെ വേണമെങ്കിലും കൊല്ലും.. അത് സ്വന്തം അച്ഛനായാൽ പോലും… ഒരു സൈക്കോ… സത്യപാലന്റെ അനിയനെ കൊന്നതും  മുതലാളിയുടെ ഭാര്യയെ കൊല്ലാൻ നോക്കിയതുമെല്ലാം അളിയൻ അറിഞ്ഞില്ലേ… അതിന്റെ പുറകിലുള്ളവന്മാരെ തീർത്തിട്ടേ ഇയാൾ ഇനി പോകൂ.. അതുവരെ താമസിക്കാനാ  ആ വീട് വൃത്തിയാക്കാൻ പറഞ്ഞത്..”

സന്തോഷ്‌ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

“ഇതുപോലെ വേറെയും ആളുകളുണ്ടോ?”

“എന്റെ അറിവിൽ ഇതെ ഉള്ളൂ…”

ബൈക്ക് മധുവിന്റെ വീടിന് മുൻപിലെത്തി…

“ഞാൻ രാവിലെ വരണോ?”

സന്തോഷ്‌ ചോദിച്ചു.

“വേണ്ട… നേരെ പോസ്റ്റൊഫീസിന്റെ അടുത്ത് എത്തിയാൽ മതി.”

“ഉം.. എന്നാൽ ഞാൻ പോകുവാ..”

“അളിയൻ  കേറുന്നില്ലേ.?”

“ഇല്ല… ഞാൻ ചെല്ലുന്നത് വരെ പിള്ളേര് ഉറങ്ങാതെ  നോക്കിയിരിക്കും..

സന്തോഷ്‌ ബൈക്ക് റോഡിലേക്ക് തിരിച്ചു.മധുവിന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ അപ്പുറമാണ് സന്തോഷിന്റെ  വീട്…ഒരു ചെറിയ കുന്ന് കയറാനുണ്ട്… മുകളിൽ എത്തിയപ്പോൾ റോഡിന്റെ ഒത്ത നടുക്ക് ഒരാൾ പുറം തിരിഞ്ഞു നടക്കുന്നത് സന്തോഷ്‌ കണ്ടു.. വെള്ള മുണ്ടും ഷർട്ടുമാണ് വേഷം… സന്തോഷ് ഹോണടിച്ചു.. അയാൾ മാറുന്നില്ല.. പതിയെ  നടക്കുകയാണ്… അവനു ദേഷ്യം വന്നു.. വെട്ടിച്ചു പോകാമെന്നു കരുതിയപ്പോൾ  ഇടതു വശത്തെ പാറക്കെട്ടിന്റെ അടുത്തു നിന്നും വേറെ രണ്ടു പേർ കൂടി  റോഡിലേക്ക് ഇറങ്ങി അയാളുടെ  കൂടെ  നടക്കാൻ  തുടങ്ങി… അതോടെ സന്തോഷിന്റെ ഉള്ളിൽ ഒരു ഭയം പൊട്ടി മുളച്ചു… അവിടെങ്ങും ഒരു വീടോ  കടയോ  ഒന്നുമില്ല… സ്ട്രീറ്റ്ലൈറ്റിന്റെ നേരിയ വെളിച്ചം മാത്രം… പിന്നിൽ ഒരു വാഹനത്തിന്റെ ഇരമ്പം കേട്ടപ്പോൾ അവനു സമാധാനമായി….

പക്ഷേ അത് തന്റെ പിറകിൽ  നിന്നു എന്നറിഞ്ഞതോടെ  പേടി വർദ്ധിച്ചു… അവൻ തിരിഞ്ഞു നോക്കി… ഒരു കറുത്ത റേഞ്ച് റോവർ…. റോഡിന്റെ മധ്യത്തിൽ നിൽക്കുകയാണ്… അതിൽ  നിന്നും ഒരു യുവതി ഇറങ്ങി… ബ്ലാക്ക് ജീൻസും ബോഡി ഫിറ്റ്‌  ടീ ഷർട്ടും… അരണ്ട വെളിച്ചത്തിലും ആ മുഖത്തിന്റെ സൗന്ദര്യം അവനു കാണാൻ പറ്റി..അവൾ പതിയെ അവന്റെയരികിൽ എത്തി..

“സന്തോഷേ…. ഞങ്ങൾക്ക് സമയം തീരെയില്ല… നിനക്കും ഇല്ലെന്നറിയാം… ചില കാര്യങ്ങൾ ചോദിക്കാനാ  ഈ പാതിരാത്രിക്ക് വന്നത്..”

മധുരമായ സ്വരത്തിൽ അവൾ സംസാരിച്ചു തുടങ്ങി.. നേരത്തെ റോഡിലൂടെ നടന്ന മൂന്ന് പേരും അങ്ങോട്ട് വന്നു.. ഒരാൾ ബൈക്കിന്റെ ചാവി ഊരിയെടുത്തു.

“നിങ്ങളൊക്കെ ആരാ..? എന്താ അറിയേണ്ടത്?”

അവൻ ഭീതിയോടെ ചോദിച്ചു..

“ജോസിന്റെ ഫ്ലാറ്റിൽ നീയും അളിയനും പോയപ്പോൾ അവിടെ വേറാരാ ഉണ്ടായിരുന്നത്?”

സന്തോഷ്‌ അമ്പരന്നു… ഇവരിതൊക്കെ എങ്ങനെ അറിഞ്ഞു..?

“പറയൂ… സമയം കുറവാണ്..”

“അതൊക്കെ ഞാൻ എന്തിന് നിങ്ങളോട് പറയണം…? ദേ… ഞാൻ സീതാഗ്രൂപ്പിലെ ജോലിക്കാരനാ…അതോർമ്മ വേണം..”

അവൻ പറഞ്ഞു  തീർന്നതും  വെള്ള ഷർട്ടിട്ടയാൾ ഒരു സ്റ്റീൽ കത്തി അവന്റെ കഴുത്തിൽ  വച്ചു… അതിന്റെ വായ്ത്തലയ്ക്ക് ബ്ലേഡിനേക്കാൾ മൂർച്ചയുണ്ടെന്ന് അവനറിഞ്ഞു…

“ചോദിച്ചതിന് മാത്രം ഉത്തരം മതി… ഞാനിതൊന്ന്  അമർത്തി വലിച്ചാൽ നിന്റെ തല  റോഡിൽ കിടക്കും..”

അയാൾ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു..

“സ്വാമിയേട്ടാ.. വേണ്ട… “

ആ പെൺകുട്ടി കൈ ഉയർത്തി തടഞ്ഞു.

“ഞങ്ങളെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. നിന്റെ മുതലാളിമാരേക്കാൾ വളരെ മോശക്കാരാ  ഞങ്ങൾ… സോ പ്ലീസ്… ഉത്തരങ്ങൾ  വേഗത്തിലായാൽ  പെട്ടെന്ന് നമുക്ക് പിരിയാം…. “

“വാസവൻ  എന്നയാളാ..”  രണ്ടു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം സന്തോഷ്‌ പറഞ്ഞു…

“അവരുടെ പ്ലാൻ എന്താണെന്നു അറിയുമോ?”

“അതൊന്നും അറിയില്ല.മുതലാളിയുടെ കുടുംബത്തെ ആക്രമിച്ചവരെ കണ്ടുപിടിക്കാൻ ആണെന്നാ കേട്ടത്..”

“ശരി… അവസാന  ചോദ്യം… സന്തോഷിനു  കേശവേട്ടനെ അറിയാമോ?”

“ഏത്..?”

“നിന്റെ കമ്പനിയിൽ നിന്ന് പലിശയ്ക്ക് കടമെടുത്ത് അവസാനം കിടപ്പാടം പോയി തെരുവിലായ  കേശവേട്ടൻ..”

മനസ്സിൽ  ജോസിന്റെ കാലിൽ വീണു കരയുന്ന വൃദ്ധന്റെ രൂപം തെളിഞ്ഞതോടെ  അവൻ തലയാട്ടി…

“അദ്ദേഹത്തിന്റെ മകൾ രാഖിക്ക് എന്താണ് സംഭവിച്ചത്?”

സന്തോഷിന്റെ ഞെട്ടൽ പൂർണമായി.. ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു പോയാൽ തന്നെയും കുടുംബത്തെയും അവർ നശിപ്പിക്കും എന്ന മധുവിന്റെ മുന്നറിയിപ്പ് അവനോർത്തു…

“എനിക്കറിയില്ല…”  അവൻ പറഞ്ഞു..

“ആ കൊച്ച് കാശും കൊണ്ട് ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്നേ എനിക്കറിയൂ..”

യുവതിയുടെ മുഖത്തെ പുച്ഛ ഭാവത്തിൽ നിന്നും താൻ പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ല എന്ന് അവനു മനസിലായി.

“ഞങ്ങൾ കണ്ടെത്തിയ കാര്യം പറയാം.. ആ കുട്ടിക്ക് അങ്ങനൊരു കാമുകൻ ഉണ്ടായിരുന്നില്ല.. അച്ഛന് ഒരു നല്ല ജീവിതം കൊടുക്കണം  എന്ന സ്വപ്നം മാത്രം കണ്ട് ജീവിച്ചിരുന്ന ഒരു പാവമായിരുന്നു അത്.. പക്ഷേ എന്തോ സംഭവിച്ചിട്ടുണ്ട്.. അതറിയാൻ  ജോസിനെയോ നിന്റെ അളിയൻ മധുവിനെയോ പൊക്കിയാൽ മതി. പക്ഷേ സമയമായിട്ടില്ല… നിന്നോട് ചോദിക്കാൻ കാരണമുണ്ട്.. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ  പ്രസംഗിച്ചു നടന്ന ഒരു രാഷ്ട്രീയ ഭൂതകാലം  നിനക്കു ഉണ്ടായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞു.. കുടുംബം പോറ്റാൻ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഈ ജോലി ചെയ്യുന്നതെന്നും..”

അവളൊന്ന് നിർത്തി… സന്തോഷ് മിണ്ടാതെ കേട്ടിരിക്കുകയാണ്..

“നീതിക്ക് വേണ്ടി പോരാടിയ ആ പഴയ  സന്തോഷിനോടാ  ചോദിക്കുന്നത്… രാഖിക്ക് എന്താണ് പറ്റിയത്?അവൾ ജീവനോടെയുണ്ടോ?”

അവൻ തലകുനിച്ചു  നിന്നു…

“ശരി പറയാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.. നിര്ബന്ധിക്കില്ല… സന്തോഷിനു രണ്ടു പെണ്മക്കൾ അല്ലേ?  പത്തും പന്ത്രണ്ടും വയസുള്ള  രണ്ടു മിടുക്കികൾ…?”

ശ്വാസം നിലച്ചപോലെ അവൻ  ആ  യുവതിയെ  നോക്കി..

” രാഖിയുടെ സ്ഥാനത്ത് ഒരു നിമിഷം അവരെയൊന്ന് സങ്കല്പിച്ചു നോക്ക്… ഞങ്ങൾ പോകുകയാ… ബൈ.. “

അവൾ  തിരിഞ്ഞു വണ്ടിക്ക് നേരെ നടന്നു..

“ആ കൊച്ച് ജീവനോടെയില്ല..” സന്തോഷ്‌ തലയുയർത്താതെ തന്നെ പറഞ്ഞു..

“എന്താ?” അവൾ  ചോദിച്ചു..

“എല്ലാരും കൂടെ കൊന്നു കളഞ്ഞു  എന്നാ അളിയൻ പറഞ്ഞത്.. ബോഡി ചതുപ്പിൽ താഴ്ത്തി.. കൂടുതലൊന്നും അറിയില്ല.. എന്റെ വായിൽ നിന്നും ഇത് പുറത്തു പോയാൽ  കുടുംബത്തിലെ എല്ലാരേയും കൊല്ലും എന്നും പറഞ്ഞു… ഞാനെന്തു  ചെയ്യാനാ? ജീവിക്കാൻ വേറെ ജോലിയൊന്നും കിട്ടിയില്ല.. ആവശ്യം കഴിഞ്ഞപ്പോൾ  ആർക്കു വേണ്ടിയാണോ കൊടി പിടിച്ചത്, അവരും  ഉപേക്ഷിച്ചു.. അതോണ്ടാ ഈ  പണിക്ക് ഇറങ്ങിയത്… ഇഷ്ടമുണ്ടായിട്ടല്ല..”

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ പതിയെ വന്ന് അവന്റെ ചുമലിൽ കൈ വച്ചു..

“സാരമില്ല… നീ അവരുടെ കൂടെ തന്നെ  ജോലി ചെയ്തോ.. പക്ഷേ എന്നെ സഹായിക്കാമോ?”

“ഞാൻ എന്തു ചെയ്യാനാ?”

“അതൊക്കെ വഴിയേ പറയാം… ചുമ്മാതെ വേണ്ട… അവര് തരുന്നതിലും അധികം കാഷ് തരാം..”

“പൈസയൊന്നും  വേണ്ട.. എന്റെ കുടുംബത്തിന് ആപത്തു വരാതെ നോക്കാൻ പറ്റുമോ?”

“തീർച്ചയായും.. അത്യാവശ്യ ഘട്ടങ്ങളിൽ  ചില വിവരങ്ങൾ എന്നെ അറിയിക്കുക മാത്രമാണ്  സന്തോഷിന്റെ ജോലി..”

അവന്റെ പോക്കറ്റിൽ കയ്യിട്ട് ഫോണെടുത്തു  അവൾ ഒരു നമ്പർ ഡയൽ ചെയ്തു..

“ഇതാണ് എന്റെ നമ്പർ.. ഞാൻ വിളിച്ചോളാം… മധുവോ വേറാരെങ്കിലുമോ കൂടെ ഉണ്ടെങ്കിൽ സംസാരിക്കണ്ട..”

“നിങ്ങളാരാ… എന്താണ് നിങ്ങളുടെ പേര്?”

“അതൊക്കെ വഴിയേ അറിഞ്ഞോളും…”

അവൾ  നടക്കാൻ തുടങ്ങി, എന്തോ ഓർത്തത് പോലെ തിരിഞ്ഞു നിന്നു..

“ഒരു കാര്യം കൂടി… ഇത് ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധമല്ല.. അസുരന്മാർ തമ്മിലുള്ളതാണ്… അതുകൊണ്ടുതന്നെ ഞങ്ങളുടെ കൂടെ  നിന്ന് ചതിച്ചാൽ  മരണത്തിൽ കുറഞ്ഞൊരു ശിക്ഷ പ്രതീക്ഷിക്കരുത്…”

മുറുകിയ ശബ്ദത്തിൽ പറഞ്ഞിട്ട് അവൾ  വണ്ടിയിൽ കയറി… പുറകെ മറ്റുള്ളവരും.. ആ വണ്ടി പിന്നിലേക്ക് മറഞ്ഞപ്പോൾ  സന്തോഷ്‌ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..അവന്റെ മനസ്സിൽ നിന്ന് ഭയം  അപ്രത്യക്ഷമായിരുന്നു.. പകരം  ചതുപ്പിന്റെ ആഴങ്ങളിൽ കിടക്കുന്ന ഒരു പെൺകുട്ടിയുടെ അവ്യക്തമായ  രൂപം തെളിഞ്ഞു….

**********

“കൊല്ലണം  എല്ലാത്തിനെയും…”  കയ്യിലിരുന്ന ഗ്ലാസ് നിലത്തേക്ക് ആഞ്ഞെറിഞ്ഞു കൊണ്ട് സണ്ണി അലറി.

“അഫ്സലേ… എത്ര പേരെ വേണമെങ്കിലും ഇറക്കിക്കോ…എത്രയും പെട്ടെന്ന് തന്നെ.”

“സാറ് ഒന്നടങ്ങ്… ലോറി നിറയെ  ആളെ കൂട്ടി പോയി അറ്റാക്ക് ചെയ്യാൻ  ഇത് തെലുങ്ക് സിനിമയൊന്നുമല്ല…”

അഫ്സലിന് ക്ഷമ നശിച്ചു  തുടങ്ങി…

“ഒരു സൈഡിൽ  സത്യപാലനും ഗുണ്ടകളും.. മറു വശത്ത്  ആ  തള്ളയെ കൊല്ലാൻ നോക്കിയത് അന്വേഷിക്കുന്ന പോലീസ്… ഇതൊന്നും പോരാഞ്ഞിട്ട്  രഘുവിനെ പടമാക്കിയത് അന്വേഷിക്കുന്ന തമിഴ്നാട് പോലീസും… ഇതിന്റിടയിൽ  പ്രതികാരത്തിനു ഇറങ്ങുന്നത് പടക്കപ്പുരയിൽ കിടന്ന് ബീഡി കത്തിക്കുന്നത് പോലെയാ…”

“നിനക്കിതൊക്കെ പറയാം… എന്റെ അപ്പച്ചന്റെ ശവം പോലും കിട്ടിയില്ല…”

സണ്ണിയുടെ കണ്ഠമിടറി..

“ഒന്നും തോന്നരുത് സണ്ണി സാറേ… ഫാമിലി സെന്റിമെൻസ് ഒക്കെ ഉള്ളവർ  ഈ പണിക്ക്  നിൽക്കരുതായിരുന്നു.. ഉള്ള എസ്റ്റേറ്റും നോക്കി, ഞായറാഴ്ച കുർബാനയും കൂടി, ഉച്ചയ്ക്ക് രണ്ടു പെഗുമടിച്ചു ചോറും ബീഫും  തിന്ന് കിടന്നുറങ്ങണം…. കളിക്കുന്നത് ആരോടാണെന്നും പാളിപ്പോയാൽ എന്തു സംഭവിക്കുമെന്നും  ആദ്യമേ അറിയാരുന്നല്ലോ?.. അപ്പൊ നേരിടാനുള്ള മനക്കട്ടിയും ഉണ്ടാവണം… ഇപ്പൊ അപ്പനേ പോയുള്ളൂ.. അവന്മാരുടെ മുന്നിൽ ചെന്നു കേറി കൊടുത്താൽ അപ്പന്റെ ബോഡി കിട്ടുന്നതിനു മുൻപ് സാറ് കുഴീൽ കിടക്കും..”

സണ്ണി ഭ്രാന്തനെപ്പോലെ ചുമരിൽ ആഞ്ഞിടിച്ചു..തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാരോ പരിഹസിക്കും പോലെ അവനു  തോന്നി..

“എന്തായാലും  ഞാനും  എന്റെ ചെക്കന്മാരും ഇതിൽ പെട്ടു .. ഏറ്റെടുത്ത ജോലി തീർക്കാതെ തിരിച്ചു തൃശൂർക്ക് പോയാൽ  കെട്യോള് വരെ  കളിയാക്കും.. അതുകൊണ്ട് ഇതിനൊരു അവസാനം കാണും വരെ  ഞാനും  കൂടെയുണ്ടാകും..കുടകിൽ  ഏതോ  ചങ്ങാതി  ഉണ്ടെന്ന് പറഞ്ഞില്ലെ? സാർ അങ്ങോട്ട് മാറിക്കോ… സമയവും സന്ദർഭവും ഒത്തു വന്നാൽ നമുക്ക് പണിയാം… ഇപ്പൊ ഒന്നും നടക്കില്ല.. ടൈറ്റ് സെക്യൂരിറ്റി ആണ്  ദേവരാജനും കുടുംബത്തിനും… പോരാഞ്ഞിട്ട് ഇടുക്കീന്ന് ഒരു കാട്ടുപോത്തിനെ ഇറക്കുമതി  ചെയ്തിട്ടുണ്ട്… കേട്ടിടത്തോളം അവൻ സത്യപാലന്റെ  വേറൊരു പതിപ്പാ… വാസവൻ..”

ആ പേര് സണ്ണി കേട്ടിട്ടുണ്ട്… അഫ്സൽ പറയുന്നതിൽ കാര്യമുണ്ടെന്ന് അവനു തോന്നി… പെട്ടെന്നൊരു ആക്രമണം ആത്മഹത്യയ്ക്ക് തുല്യമാണ്.. കാത്തിരിക്കാം… എല്ലാത്തിനും എണ്ണിയെണ്ണി പകരം ചോദിക്കാൻ ഒരു ദിവസം തനിക്കും  വരും.. അതുവരെ കാത്തിരിക്കാം…. അവൻ  ബാഗ് തുറന്ന് കുറച്ചു നോട്ട് കെട്ടുകൾ എടുത്ത് അഫ്സലിന് നീട്ടി..

“തത്കാലം ഇതു വച്ചോ… നിന്റെ ആളുകളെ യെല്ലാം ഓരോരോ സ്ഥലങ്ങളിൽ താമസിപ്പിക്ക്.. കുറച്ചു ദിവസം എന്നെ തേടി അലഞ്ഞിട്ട് കിട്ടാതെയാകുമ്പോൾ അവന്മാർ അടങ്ങും… ആ  സമയത്ത്  കേറി അടിക്കാം..”

“അതൊക്കെ ഞാൻ നോക്കിക്കോളാം.. സാർ വൈകണ്ട.. ഇപ്പൊ തന്നെ വിട്ടോ.. കുടകിൽ പിള്ളേരെ കൂടെ അയക്കണോ?”

“വേണ്ട… അവിടെ വന്ന് എന്നെ തൊടാൻ  സത്യപാലന് പറ്റില്ല.. അത് നാട് വേറെയാ..”

ബാഗുമെടുത്ത് സണ്ണി പുറത്തേക്ക് നടന്നു.. പിന്നാലെ അഫ്സലും…

*************

യദുകൃഷ്ണന്റെ കേബിനിൽ ഇരിക്കുകയായിരുന്നു മീനാക്ഷി..

“ഇൻഷുറൻസ് കമ്പനിയുടെ  ഡീൽ ഓക്കേ ആണ്.. കോൺട്രാക്ട് സൈൻ ചെയ്യാൻ ബുധനാഴ്ച വരാമെന്ന് മെയിൽ അയച്ചിരുന്നു ..”

യദു സന്തോഷത്തോടെ അവളെ  നോക്കി പറഞ്ഞു..

“ആണോ .. എനിക്കൊരു പേടിയുണ്ടായിരുന്നു സർ… വേറെ രണ്ട് ഏജൻസി അവരുടെ പിന്നാലെ നടന്നിരുന്നു.. “

“എല്ലാം മീനാക്ഷിയുടെയും  ജിൻസിയുടെയും കഴിവാണ്… താങ്ക്സ്..”

“എന്തിന്… ഇതൊക്കെ ഞങ്ങളുടെ ജോലിയല്ലേ..?”

അവൾ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു..

“എടോ ഒരു മിനിറ്റ്..”

അവൾ ചോദ്യഭാവത്തിൽ നോക്കി.

“താനിരിക്ക് കുറച്ചു സംസാരിക്കാനുണ്ട്. അൺ ഒഫീഷ്യൽ…”

എന്താണ് പറയാൻ പോകുന്നതെന്ന് ഊഹമുണ്ടായിട്ടും അവൾ ഇരുന്നു..

“എനിക്ക് തന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു.. ഇപ്പോഴുമുണ്ട്,.. പക്ഷേ അതിന്റെ പേരിൽ തന്നെ ശല്യപ്പെടുത്താൻ ഞാൻ വരാറുണ്ടോ?”

അവൾ ഇല്ലെന്ന് തലയാട്ടി..

“താൻ ശിവാനിയോടും അഭിയോടും കാണിക്കുന്ന അടുപ്പം എന്നോടും ആയിക്കൂടെ… ഒരു നല്ല ഫ്രണ്ട്… അതിൽ ബുദ്ധിമുട്ട് ഉണ്ടോ?”

“അത്,..” അവളൊന്ന് പരുങ്ങി..

“മീനാക്ഷീ… പുറകെ നടന്നു  പ്രേമിക്കാൻ എനിക്ക് വയസ്സ് പതിനാറല്ല.. തന്റെ കഥകളൊക്കെ ഞാൻ അറിഞ്ഞു.. ഇപ്പൊ റെസ്‌പെക്ട് മാത്രമേ ഉള്ളൂ.. അതുകൊണ്ടാ  പണ്ടത്തെ പോലെ ഇടയ്ക്കിടെ തന്നെ വിളിച്ചു ശല്യപ്പെടുത്താത്തത്… പക്ഷേ തന്റെ സൗഹൃദം ഞാൻ ആഗ്രഹിക്കുന്നു.. ഞാൻ, താൻ, ജിൻസി, ശിവ, അഭി… എല്ലാവരും അടിച്ചു പൊളിച്ച്… ആലോചിച്ചു നോക്കിക്കേ.. എന്തു രസമായിരിക്കും..”

അവൾ ചിരിയോടെ അവന്റെ മുഖത്തു കണ്ണു നട്ടു..

“എന്താ ചിരിക്കുന്നെ?”

“പതിനാറു വയസല്ല എന്നു പറഞ്ഞിട്ട് ഇപ്പൊ ആ പ്രായക്കാരനെ പോലെയാ പെരുമാറുന്നത്.. വളർന്നു കൊണ്ടിരിക്കുന്ന ഒരു അഡ്വർടൈസിങ് കമ്പനിയുടെ ഓണർ  ക്ക് സ്റ്റാഫിനെ മാത്രമേ കിട്ടിയുള്ളോ ഫ്രണ്ട്സ് ആയിട്ട്?”

യദു ഒന്ന് പുഞ്ചിരിച്ചു..

“നല്ല ചോദ്യമാണ്.. ബെസ്റ്റ് ഫ്രണ്ട് എന്നു പറയാൻ മാത്രം അധികമാരും എനിക്കും ഇല്ലെടോ…പിന്നെ വെറുമൊരു സ്റ്റാഫ് എന്ന നിലയിലാണോ ഞാൻ നിങ്ങളോട് പെരുമാറുന്നത്? നമുക്ക് കംഫർട്  ആകുന്ന മനുഷ്യരോടല്ലേ അടുക്കാൻ ശ്രമിക്കൂ..?”

“അതല്ല  സർ.. ഓഫിസിൽ  ഞാൻ അങ്ങനെ പെരുമാറിയാൽ സാറിനോട് മറ്റു സ്റ്റാഫിനുള്ള ബഹുമാനം നഷ്ടമാകും,.. അത് വേണ്ട… “

“ഈ കെട്ടിടത്തിനു പുറത്ത് ആകാല്ലോ?”

“ശ്രമിക്കാം…”

“മതി.. പിന്നെ, തനിക്കു സമയം കിട്ടുമ്പോൾ വീട്ടിലേക്ക് ഒന്ന് വരണം.. അമ്മ കാണണം എന്നു പറഞ്ഞു,. നമ്പർ തരാം  വേണമെങ്കിൽ ഒന്ന് വിളിച്ചോ..”

“ഞാൻ വിളിക്കാറുണ്ട്.. ഇന്നലെ രാത്രി വീഡിയോ കാൾ വിളിച്ചു സംസാരിച്ചു.. ശിവയുടെ ഫോണിൽ..'”

“ആഹാ… എന്നോടാരും ഒന്നും പറഞ്ഞില്ല. അപ്പോൾ നിങ്ങളെല്ലാം ഒരു ടീം ആയി അല്ലേ? ഞാൻ പുറത്തും..”

അവൻ പരിഭവിച്ചു.. അവൾ മറുപടി പറയാൻ തുടങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു… റിസീവർ കാതിൽ വച്ചു കൊണ്ട് യദു അവളോട് പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചു..അവൾ  പുറത്തിറങ്ങി തന്റെ സീറ്റിലേക്ക് നടന്നു… ജിൻസി  സമീറയുമായി  എന്തോ സംസാരിക്കുകയായിരുന്നു..

“മീറ്റിംഗ് കഴിഞ്ഞോ  മീനാക്ഷീ?” സമീറ അർത്ഥം വച്ചു ചോദിച്ചു..അവൾ മറുപടി പറഞ്ഞില്ല…

“ഒന്നിടവിട്ട ദിവസങ്ങളിലാ  സ്റ്റാഫ്‌ മീറ്റിംഗ്.. പക്ഷേ പേർസണൽ മീറ്റിംഗ് ദിവസോം നടക്കുണ്ട്…”

“ഉണ്ടല്ലോ.. ഞങ്ങൾ ഒരു ഡേറ്റിംഗിന് പോകാനുള്ള പ്ലാനിങ്ങായിരുന്നു…സമീറക്ക് വല്ല പ്രശ്നവുമുണ്ടോ? ഒരു ജോലി തന്നത് സമയത്തു തീർക്കാൻ പറ്റില്ല, പക്ഷേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എന്താ മിടുക്ക്? അര മണിക്കൂറിനുള്ളിൽ ഞാൻ പറഞ്ഞ വർക്ക്‌ തീർത്തോളണം.. ശിവാനിക്ക് അയച്ചു കൊടുക്കാനുള്ളതാ.. അതിന് പറ്റിയില്ലെങ്കിൽ ഞാൻ റിപ്പോർട്ട്‌ ചെയ്യും.. പിന്നെ ബാക്കിയുള്ള പരദൂഷണം വീട്ടിലിരുന്നാവാം..”

വെപ്രാളത്തോടെ തന്റെ  ചെയറിലേക്ക് ഓടുന്ന സമീറയെ  ജിൻസി സഹതാപത്തോടെ  നോക്കി..

“പാവം.. നീയും  ഞാനും കൂട്ടുകാരികളാണെന്നറിഞ്ഞിട്ടും നിന്നെ പറ്റി എന്നോട് തന്നെ കുറ്റം പറയുന്ന അവളുടെ നിഷ്കളങ്കതയെ ആണ്  നീ അപമാനിച്ചത്… മഹാ പാപീ…”

“കേട്ടിരിക്കാൻ നല്ല സുഖമുണ്ടല്ലേ,.?”

“പിന്നേ…. മനസ്സിന് ഭയങ്കര സന്തോഷം തോന്നും…”

“എന്നാൽ ഇനി അതുണ്ടാവില്ല… സീതാമ്മയുടെ കാല് ശരിയാകുന്നത് വരെ  ശിവയുടെ സ്ഥാനത്തു ഞാനാ… അതിനുള്ള അധികാരം അവളെനിക്ക് തന്നിട്ടുണ്ട്…”

“അവളോ… അതോ  സാറോ?”

“രണ്ടാളും…”

“എന്തുവായിരുന്നു ഡിസ്കഷൻ?”

“ഒന്നൂല്ല… ഫ്രണ്ട്സ് ആയിക്കൂടെ എന്ന്… അഭിയോടും ശിവയോടും  കാണിക്കുന്ന അടുപ്പം മൂപ്പരോട് ഇല്ല എന്നാ  പരാതി..”

“ഉള്ളതല്ലേ..?.”

“ആ , എനിക്കറിയില്ല…”

“അഭിക്ക് എങ്ങനെയുണ്ടെടീ?”

“കുഴപ്പമൊന്നും ഇല്ല… അവൻ ഇവരുടെ വീട്ടിൽ കിടന്ന് ശ്വാസം മുട്ടുവാ… ശിവയുമായി കാണുമ്പോഴൊക്കെ വഴക്ക്,.രണ്ടു ദിവസം കഴിഞ്ഞാൽ  തിരിച്ചു റൂമിലേക്കു പോകുമെന്ന് പറയുന്നുണ്ടായിരുന്നു..”

മീഡിയ ഡിപ്പാർട്മെന്റിലേക്ക് പോകാൻ വേണ്ടി ഫോൺ വന്നപ്പോൾ മീനാക്ഷി അങ്ങോട്ടേക്ക് നടന്നു..

**********

തേനി…. തമിഴ്നാട്

അഴുക്കുവെള്ളം  നിറഞ്ഞ ഒരു ചെറിയ കുളം… അരക്കെട്ട് വരെ  വെള്ളത്തിലേക്കും കാലുകൾ കരയിലേക്കുമായി  ഒരു ചെറുപ്പക്കാരനെ മലർത്തി കിടത്തിയിട്ടുണ്ട്.. രണ്ട് കൈകളും ശരീരത്തോട് ചേർത്തു കെട്ടിയതിനാൽ അവനു എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. മൂക്കിലും ചെവിയിലും വെള്ളം കയറാതിരിക്കാൻ  അവൻ തല പരമാവധി ഉയർത്തി പിടിച്ചു… നാലഞ്ച് പേർ അങ്ങിങ്ങായി നിൽപ്പുണ്ട്… റോഡിൽ നിന്നും ഒരു ഹമ്മർ  അങ്ങോട്ടിറങ്ങി വന്നു.. അതിൽ നിന്നും വാസവനും സത്യപാലനും ഇറങ്ങി..

“കുഞ്ഞുമോനെ…. ഇവനെന്തെങ്കിലും മൊഴിഞ്ഞോ?”

സത്യപാലൻ ചോദിച്ചു..

“രഘു സാറിനെ ഗോഡൗണിൽ കേറി വെട്ടിയത് ഇവൻ തന്നെ എന്നു സമ്മതിച്ചു. ഇവന്റെ കൂടെ മൂന്നാളും കൂടി ഉണ്ടായിരുന്നു.. ആർക്കും പരസ്പരം അറിയില്ല.. പക്ഷേ തിരുനൽവേലിക്കാര് തന്നാ… കോട്ടേഷൻ കൊടുത്ത ആളെ അറിയില്ല.. പണിയും കഴിഞ്ഞ് ബാക്കി കാശ് കൊടുക്കാൻ വന്നത് ഒരു ബൈക്കിൽ ആയിരുന്നത്രെ.. ഹെൽമറ്റും ജാക്കറ്റും ഒക്കെ ഉണ്ടായിരുന്നു.. വേറൊന്നും ഇവന് അറിയില്ല പോലും “..

അവിടെ നില്കുകയായിരുന്ന മൊട്ടത്തലയൻ പറഞ്ഞു…

“എന്നാൽ പിന്നെന്തിനാ സമയം കളയുന്നെ?”

സത്യപാലൻ ആ  ചെറുപ്പക്കാരന്റെ അടുത്തെത്തി..

“തമ്പീ… ഭയപ്പെടാതെ… ഇപ്പൊ മുടിയും… അങ്കെ പോയി വെയിറ്റ് പണ്ണ്… മറ്റവങ്കളെ നാൻ പിന്നാടി അണുപ്പി വിടലാം…”

സത്യപാലൻ  വലത്തെ കാൽ അവന്റെ മുഖത്ത് അമർത്തി.അതോടെ അവന്റെ തല  ചളി വെള്ളത്തിൽ താണു… കുതറിയെങ്കിലും ഫലമുണ്ടായില്ല.. വെള്ളത്തിൽ കുമിളകൾ  പൊന്തി… ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് നിലച്ചു…  സത്യപാലൻ കരയിൽ വന്ന്  വാട്ടർ ബോട്ടിൽ തുറന്ന് കാലിലെ  ചളിയിലേക്ക് ഒഴിച്ചു കഴുകി..

“രണ്ടു മിനിറ്റ് ഈ  വെള്ളത്തിൽ നിന്നപ്പോഴേക്കും ചൊറിച്ചിൽ തുടങ്ങി.. ജലസ്രോതസുകൾ സംരക്ഷിക്കണമെന്ന് പറഞ്ഞാലൊന്നും  നമ്മുടെ ജനങ്ങൾ കേൾക്കില്ല… എന്തൊരു നാടാണ്… ശ്ശെ..”

അയാൾ ബോട്ടിൽ വണ്ടിയിലേക്ക് ഇട്ടു..

“കല്ല് കെട്ടി ഇവനെ  ഇവിടെ തന്നെ താഴ്ത്തിയേക്ക്…”

കുഞ്ഞുമോൻ തലയാട്ടി..

“രഘുവിനെ ആദ്യം കൊല്ലാൻ ശ്രമിച്ചത് സണ്ണി അല്ല.. അതുറപ്പായി..”

സത്യപാലൻ വാസവനെ നോക്കി…

“വേറാരോ പുറകിലുണ്ട്… കണ്ടു പിടിക്കണം.. പോലീസിന്  തിന്നാൻ ഇട്ടു കൊടുക്കരുത്… എനിക്ക് വേണം…”

“ഇനി എന്താ പരിപാടി?” വാസവൻ ചോദിച്ചു.

“സണ്ണിയുടെ പുതിയ കൂട്ടുകാരൻ ആരാന്നാ  പറഞ്ഞത്?”

“അഫ്സൽ… തൃശ്ശൂർക്കാരനാ..”

“നീ  അവന്റെ പിന്നാലെ വിട്ടോ… എന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല.. ഞാൻ അജ്ഞാതനായ  ശത്രുവിനെ  തേടി  പോകുവാ…. എത്രയും പെട്ടെന്ന് എല്ലാം അവസാനിപ്പിക്കണം…മറ്റു ജോലികൾ ഒരുപാട് പെന്റിങ്ങാ…”

ഹമ്മർ  അവരെയും  കൊണ്ട് ആടിയുലഞ്ഞ്  റോഡിലേക്ക് കയറുമ്പോൾ   കുഞ്ഞുമോനും സംഘവും ആ ചെറുപ്പക്കാരന്റെ ശവത്തിന് മീതെ  കരിങ്കല്ലുകൾ വച്ചു കെട്ടി കുളത്തിലേക്ക് ഇടുകയായിരുന്നു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!