Skip to content

സൗപ്തികപർവ്വം – 11

സൗപ്തികപർവ്വം

ദേവരാജൻ  അസ്വസ്ഥനായിരുന്നു..സീതാലയത്തിൽ  തന്റെ ഓഫിസ് റൂമിൽ ആയിരുന്നു അയാളും സത്യപാലനും..

“സത്യാ… മാസങ്ങൾ കുറെ ആയി ഇതിന്റെ പിന്നാലെ നടക്കുന്നു… സണ്ണിയെ കിട്ടിയില്ല.. വേറാരോ നമ്മളെ പണിയാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു കുറെ നാൾ അതു കണ്ടുപിടിക്കാൻ പോയി… ഇപ്പൊ ഒരനക്കവും ഇല്ല..”

അയാൾ  കഷണ്ടിത്തല  തടവി. സത്യപാലൻ കേട്ടു നിന്നതേയുള്ളൂ..

“ഇതിനു വേണ്ടി മിനക്കെട്ടത് കൊണ്ട് എത്ര ലക്ഷം രൂപ നഷ്ടമായെന്നു നിനക്കറിയോ?.. നീ ഇല്ലാത്തതിനാൽ  പലിശ പോലും തരാൻ മടിയാ  ചില  തെണ്ടികൾക്ക്..ഒരു ബാർ വാങ്ങിയിട്ട് രണ്ട് മാസമായി… അതൊന്ന് മര്യാദയ്ക്ക് നടത്താൻ പറ്റുന്നില്ല.. എല്ലാത്തിനും ഞാനൊരുത്തനല്ലേ ഓടാനുള്ളൂ..?”

ദേവരാജൻ സെറ്റിയിൽ ഇരുന്നു…

“തത്കാലം നമുക്കിതൊന്നു നിർത്താം.. പൂർണമായിട്ടല്ല,  നമ്മൾ  തിരച്ചിൽ നിർത്തി എന്ന് ചിന്തിച്ച്  സണ്ണിയും വേറെ ആരേലും  ശത്രുക്കൾ ഉണ്ടെങ്കിൽ അവരും  പുറത്തേക് വരും. അപ്പോൾ പിടിക്കാം.. വാസവൻ ഇവിടെ തന്നെ  നിൽക്കട്ടെ.. നീ  ബിസിനസ്‌ ഒന്ന് ശ്രദ്ധിക്ക്…”

സത്യപാലൻ  ശരി എന്ന മട്ടിൽ തലയാട്ടി കൊണ്ട് പുറത്തേക്ക് വന്നു…

മുറ്റത്ത് ജീപ്പിന് ചാരി  വാസവൻ  നില്കുന്നുണ്ടായിരുന്നു..

“മുതലാളി  എന്തു പറഞ്ഞു?”

“പറയാം.. നീ വണ്ടിയെടുക്ക്…”

ജീപ്പ് ഓടിക്കൊണ്ടിരിക്കെ സത്യപാലൻ   ഡാഷ് ബോർഡിൽ ആഞ്ഞിടിച്ചു…

“അങ്ങേർക്ക് ബിസിനസ് ആണ് പ്രധാനം.. എല്ലാം തല്കാലത്തേക് നിർത്തി വച്ചോളാൻ..”

“അങ്ങനെ പറഞ്ഞോ?” വാസവൻ അമ്പരന്നു..

“ഉം.. പറഞ്ഞു… നഷ്ടം എനിക്ക് മാത്രമാ.. രഘു…. അങ്ങേർക്കോ? ഒരു കാർ.. പിന്നെ പെണ്ണുമ്പിള്ളയെ ഹോസ്പിറ്റലിൽ കിടത്തിയതിന്റെ  ചിലവ്.. അത്രെയേ ഉള്ളൂ..”

“എന്നിട്ട് സാറെന്തു പറഞ്ഞു? “

“ഞാനൊന്നും മിണ്ടിയില്ല.. പക്ഷേ എനിക്ക് അറിയാം എന്ത് ചെയ്യണമെന്ന്.. നീ തത്കാലം ഇവിടെ തന്നെ  നിൽക്ക്..”

“കഞ്ചാവ് വിളവെടുപ്പിന്റെ സമയമാ..”.

“അതിനു ഉണ്ണി ഇല്ലേടാ അവിടെ? അത് മതി..”

“ഇനിയിപ്പോ അടുത്ത പരിപാടി എന്താ?”

“എനിക്ക് സണ്ണിയെ വേണം … കൂടാതെ  രഘുവിനെ കൊല്ലാൻ ആദ്യം കൊട്ടേഷൻ കൊടുത്തത് ആരാണെന്നും അറിയണം.. “

“അഫ്സലിന്റെ ചാവക്കാട്ടെ വീട് പിള്ളേര് കണ്ടുപിടിച്ചു. അവനവിടെ പോയിട്ട് കുറെ ആയി.. വീട്ടിൽ ഭാര്യയും  മൂന്ന് പൊടി പിള്ളേരും മാത്രമേ ഉള്ളൂ..അവരെയൊന്നു  ഞോണ്ടിയാൽ അവൻ പറന്നെത്തും..പക്ഷേ തൃശൂർ നമുക്ക് ഗ്രൗണ്ട് സപ്പോർട് കുറവാ..”

“വാസവാ…. പണ്ട് നീയും  ഞാനും  ആന്ധ്രാപ്രദേശിലെ കടപ്പയിൽ പോയി ഒരുത്തനെ പൂളിയിട്ട് വന്നത്  ഓർമ്മയുണ്ടോ? അത് ഗ്രൗണ്ട് സപ്പോർട്ട് ഉണ്ടായിട്ടാണോ?. അഫ്സലിന് മാത്രമേ അറിയൂ  സണ്ണി എവിടെ ഉണ്ടെന്ന്.. പറഞ്ഞത് മനസ്സിലായോ?”

“ചെയ്യാം…”

“എന്നാൽ വണ്ടി നേരെ ഗ്രേസ് ബാറിലേക്ക് വിട്ടോ… അത് വാങ്ങിയിട്ട് മര്യാദക്ക് നോക്കി നടത്തുന്നില്ല എന്നാ മുതലാളിയുടെ പരാതി… ഞാനൊന്ന് ജോസിനെ വിളിക്കട്ടെ..”

വാസവൻ  ജീപ്പിന്റെ വേഗം കൂട്ടി..

*************

“എനിക്കെന്തോ ആ  പെണ്ണിനെ അത്ര ബോധിച്ചില്ല..”

യദുകൃഷ്ണൻ  അതൃപ്‌തി പ്രകടിപ്പിച്ചു…

“അവൾക്കെന്താ കുഴപ്പം? അത്യാവശ്യം അറിയപ്പെടുന്ന മോഡൽ ആണ്.. “

ശിവാനി  ചോദിച്ചു…

“അതല്ല  ശിവാ… അവളുടെ ചിരിക്ക് ഒരു ഒറിജിനാലിറ്റി ഇല്ല.. നമുക്ക് വേറെ ആരെയെങ്കിലും നോക്കിയാലോ?.. മീനാക്ഷിയും  ജിൻസിയും എന്തു പറയുന്നു?”

ടൗണിലെ ഒരു റെസ്റ്റോറന്റിൽ ആയിരുന്നു എല്ലാവരും.. പുതിയ പരസ്യ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ഓഫിസിൽ വച്ച് ഒരു തീരുമാനം ആകാഞ്ഞതിനാൽ  ഇങ്ങോട്ട് വന്നതാണ്…

“സർ പറഞ്ഞതിൽ കാര്യമുണ്ട് ശിവാ..”

മീനാക്ഷി സംസാരിച്ചു തുടങ്ങി..

“ആ കുട്ടി സുന്ദരിയാണ്.. എക്സ്പീരിയൻസ് ഉണ്ട്.. പക്ഷേ നമുക്ക് വേണ്ടത് ജസ്റ്റ്‌ ഒരു സ്മൈൽ മാത്രമാണ്.. ആത്മാർത്ഥതയുള്ള ഒരു ചിരി… ആ  ഒരു ഫീൽ  കിട്ടുന്നില്ല…”

“എന്നാൽ ചേച്ചി ചെയ്തോ.. നല്ല ഭംഗിയുള്ള ചിരിയല്ലേ?”

“അതേടീ…. ഇനി അതും  എന്റെ തലയിൽ വച്ചു കെട്ട്…”

“അഭീ… നീയെന്താ  ആലോചിക്കുന്നെ? എന്തേലും അഭിപ്രായം പറയെടാ…”

യദു അഭിമന്യുവിനെ നോക്കി.. അവൻ ചിന്തയിൽ  നിന്നുണർന്നു..

“എന്താ?”

“നീ  ഈ ലോകത്ത് ഒന്നുമല്ലേ?”

“കേൾക്കുന്നുണ്ട്… പക്ഷേ ഇതിലൊന്നും അഭിപ്രായം പറയാൻ മാത്രം വെറുമൊരു ഡ്രൈവർ ആയ ഞാൻ വളർന്നിട്ടില്ല,. അതോണ്ട് വേറെ എന്തൊക്കെയോ ആലോചിക്കുവാരുന്നു…”

“ഇതാണെനിക്ക് ഇഷ്ടപ്പെടാത്തത് ” യദുവിന് ദേഷ്യം വന്നു..

“നിന്റെ ഈ കോംപ്ലക്സ് എടുത്തു കളയാൻ കുറെ പറഞ്ഞതാ…”

“ശരി.. ഇപ്പൊ നിങ്ങളുടെ പ്രശ്നമെന്താ..?”

മീനാക്ഷി  മുന്നിൽ ഇരുന്ന പേപ്പർ അവന് നൽകി..

“ഇതാണ്  തീം… വായിച്ചിട്ട് പറ.”

അഭിമന്യു ശ്രദ്ധപൂർവം  വായിച്ചു… എന്നിട്ട് എല്ലാവരെയും ഒന്ന് നോക്കി…

“ആകർഷകമായ, പുഞ്ചിരിക്കുന്ന ഒരു മുഖം… അതാണ്‌  വേണ്ടത്… അല്ലേ?”

“യെസ്… ഞങ്ങൾ  കുറെ മോഡൽസിനെ ട്രൈ ചെയ്തു.. പക്ഷേ ഒന്നും തൃപ്തിയാകുന്നില്ല…നിനക്ക് എന്തേലും ഐഡിയ  തോന്നുന്നുണ്ടോ?”

യദു ആകാംക്ഷയോടെ അവനെ  നോക്കി..

“ഇച്ചിരി ആലോചിക്കാൻ സമയം  താ..”

“സമയം കിട്ടിയാൽ ഇവനങ്ങു കണ്ടു പിടിക്കും..”

ശിവാനി പതിയെ പറഞ്ഞത് കേട്ട് മീനാക്ഷി  അവളുടെ കൈയിൽ നുള്ളി..

“ശരി  എല്ലാവരും ഇന്ന് രാത്രി ആലോചിക്ക്… എന്നിട്ട് നാളെ ഒരു തീരുമാനത്തിൽ എത്താം..”

യദു പറഞ്ഞു… അവർ എഴുന്നേറ്റു.. ആർട്ട് ഡിപ്പാർട്മെന്റന്റെയും ക്രീയേറ്റീവ് ഡിപ്പാർട്മെന്റിന്റെയും ചുമതലകൾ  വഹിക്കുന്ന രണ്ടു യുവാക്കളും  മീറ്റിംഗിന് ഉണ്ടായിരുന്നു.. അവർ യാത്ര പറഞ്ഞു  പോയി..

“മീനാക്ഷിയും  ജിൻസിയും കേറിക്കോ..ബസ് സ്റ്റാൻഡിൽ  വിടാം..”

കാറിന്റെ അടുത്ത് എത്തിയപ്പോൾ യദുകൃഷ്ണൻ പറഞ്ഞു.. എല്ലാവരും കയറി.. പുതിയൊരു ടയോട്ട പ്രാഡോ ആണ്  ആ  ആക്സിഡന്റിന് ശേഷം  ഉപയോഗിക്കുന്നത്..

“സാറിന്റെ അച്ഛന്റെ പട്ടാളത്തെ ഇപ്പൊ കാണാറില്ലല്ലോ.? അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിയാൽ  പിന്നാലെ വരാറുണ്ട്..”

അഭിമന്യു ചോദിച്ചു..

“അവന്മാരെ ഒഴിവാക്കാൻ ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ലെടാ… ഞാനും ഇവളും കുറെ പണിപ്പെട്ടു.. നമ്മളെ ഒരാൾ കൊല്ലാൻ തീരുമാനിച്ചാൽ  എത്ര ആളുകൾ കൂടെയുണ്ടായാലും അവരത്  ചെയ്യും.. എത്രകാലം  സെക്യൂരിറ്റിയെ കൂടെ  നിർത്തും?..പക്ഷേ ഇപ്പഴും എവിടുന്നെങ്കിലും വാച്ച് ചെയ്യുന്നുണ്ടാകും.. പുറകെ വരുന്നില്ല എന്നേയുള്ളൂ..”

“അതും ശരിയാ.. പക്ഷേ ഇത്രേം നാളായിട്ടും പോലീസിന് ഒരു തുമ്പും കിട്ടിയില്ല എന്നാലോചിക്കുമ്പോഴാ ദേഷ്യം… മറ്റ് രാജ്യങ്ങളിലൊക്കെ കുറ്റകൃത്യം നടന്നാൽ  പെട്ടെന്ന് കണ്ടു പിടിക്കും… അത് എത്ര ബുദ്ധിയുള്ള ക്രിമിനൽ ആണെങ്കിലും..”

“അതിന് താനേത് രാജ്യത്താ പോയത്?”

ശിവാനി  ചോദിച്ചു..

“ഇതൊക്കെ അറിയാൻ  ആ  രാജ്യത്ത് പോയി താമസിക്കണോ? വേൾഡ് ട്രേഡ് സെന്റർ തകരുന്നത്  മാഡം കണ്ടത് അതിന്റെ ചോട്ടിൽ പോയിട്ടൊന്നുമല്ലല്ലോ??”

അതോടെ ശിവാനി അടങ്ങി..ബസ്റ്റാന്റിലേക്ക് പോകാതെ  അഭിമന്യു  വേറൊരു റോഡിലേക്ക് കാർ കയറ്റി..

“എങ്ങോട്ടാ.. അഭീ? “

“പറയാം…”

ഏകദേശം ഒരു കിലോമീറ്റർ കൂടി  പോയപ്പോൾ ആ  റോഡ് പുഴക്കരയിൽ  എത്തി.. ഒരു പഴയ ബോട്ട്ജട്ടി …. അവിടെ ഒരു തട്ടുകട ഉണ്ട്… അതിന്റെ അരികിൽ കാർ നിർത്തി അഭിമന്യു എല്ലാവരെയും നോക്കി..

“ഓരോ ചായ കുടിച്ചാലോ? ഫൈവ്സ്റ്റാർ ഒന്നുമല്ല.. പക്ഷേ ഇവിടുത്തെ ചായക്ക് പ്രത്യേക രുചിയാണ്..”

“എനിക്ക് വേണ്ട.., ” ശിവാനിയുടെ മറുപടി പെട്ടെന്നായിരുന്നു..

“മാഡത്തിനോട് അല്ല.. ബാക്കിയുള്ള മനുഷ്യന്മാരോടാണ്..”

“അതെന്താ  ഞാൻ മനുഷ്യരുടെ കൂട്ടത്തിൽ പെടില്ലേ?”

അവൾ ഒരു പോരിന് റെഡി ആയി..

“ശിവാ , വഴക്ക്  വേണ്ട,.”  യദു  തടഞ്ഞു… എന്നിട്ട് അഭിയെ നോക്കി.

“നീ  ഒരു ചായ കുടിക്കാനായി മാത്രം ഞങ്ങളെ ഇവിടെ കൊണ്ടുവന്നതല്ല  എന്ന് മനസിലായി..എന്താടാ  കാര്യം?”

“അതൊക്കെ പറയാം… വാ..”

അഭിമന്യു പുറത്തിറങ്ങി.. പിന്നാലെ മറ്റുള്ളവരും..മീനാക്ഷി ശിവാനിയെ പിടിച്ചു വലിച്ച് ഇറക്കി… കടയിൽ  നിന്നും ഒരു സ്ത്രീ അഭിമന്യുവിനെ കണ്ടപ്പോൾ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി വന്നു..

“അഭീ… രണ്ടുദിവസമായല്ലോ കണ്ടിട്ട്?”

“കുറച്ചു തിരക്കായിരുന്നു ചേച്ചീ…”

“ഇവരൊക്കെ ആരാ..”

“എല്ലാരും വേണ്ടപ്പെട്ടവരാ… വിശദമായി പരിചയപ്പെടുത്താൻ സമയമില്ല.. എല്ലാവർക്കും സ്പെഷ്യൽ ചായ എടുത്തോ..”

കടയോട്  ചേർന്ന് ഒരു ടാർപായ വലിച്ചു കെട്ടിയിട്ടുണ്ട്.. പഴയ രണ്ടു മേശയും  ഏതാനും കസേരകളും… എല്ലാവരും അവിടെ ഇരുന്നു..

“എന്റെ ഭാര്യ എന്ത്യേ ചേച്ചീ?”

അഭിമന്യു ചോദിച്ചു…

“ഇപ്പൊ ഇവിടുണ്ടായിരുന്നു…കുളിച്ചിട്ട് വരാൻ ഞാൻ പറഞ്ഞു വിട്ടതാ..”

അവർ എല്ലാവർക്കും ചായ കൊണ്ട് വന്നു കൊടുത്തു..

“കഴിക്കാനെന്താ  വേണ്ടത്?”

“പരിപ്പ് വട  എടുത്തോ..”

ചൂട് പരിപ്പ് വടയും മുൻപിൽ എത്തി..

“ഇത് ജയ ചേച്ചി… ഞാൻ മിക്കവാറും രാത്രി ഇവിടെ വന്നു ഭക്ഷണം കഴിക്കാറുണ്ട്… കലർപ്പില്ലാത്ത നാടൻ ഫുഡാ.. ദോ.. ആ കാണുന്നതാ  ചേച്ചീടെ വീട്..”

യദു അവൻ കൈ ചൂണ്ടിയിടത്തേക്ക് നോക്കി.. റോഡിന്റെ എതിർ വശത്ത്  ഓടിട്ട ഒരു കൊച്ചു വീട്… അവർ ചായ കുടിച്ചു തീരാറായപ്പോൾ   ഒരു  കൊച്ചു പെൺകുട്ടി ആ  വീട്ടിൽ നിന്നും കടയിലേക്ക് ഓടി വന്നു..

“ആഹാ .. വന്നോ?… എത്ര നേരമായി കാത്തു നിൽക്കുന്നു…?”

അഭിമന്യു അവളെ എടുത്തുയർത്തി….

“ഇവരൊക്കെ നിന്നെ കാണാൻ വന്നതാ.. ഇനി പറ , എപ്പോഴാ  നമ്മുടെ കല്യാണം..?”

അവൾ നാണത്തോടെ  മുഖം പൊത്തി…

“ഇവള് മരുന്നൊക്കെ കഴിക്കാറില്ലേ ചേച്ചീ?”

“ഭയങ്കര മടിയാ… പിന്നാലെ നടക്കണം..”

“അത് മോശമാ, അമ്മ പറയുന്നത് അനുസരിക്കണം  കേട്ടല്ലോ…?”

അവൾ തലയാട്ടി…

“സാറിന്റെ ഫോൺ ഒന്ന് തരാവോ? എന്റെ ഫോണിന്റെ ക്യാമറ ക്ലാരിറ്റി കുറവാ..ഇവളുടെ ഒരു ഫോട്ടോ എടുക്കട്ടെ…”

യദുകൃഷ്ണൻ ഫോൺ  നീട്ടി.. അവൻ അതും വാങ്ങി കുഞ്ഞിനേയും കൊണ്ട് പുഴക്കരയിൽ  നിർത്തി കുറെ ഫോട്ടോ എടുത്തു..

“എത്രയായി?”

യദു പേഴ്‌സ് തുറന്ന് പൈസ എടുത്ത് ജയയുടെ അടുത്തെത്തി..

“വേണ്ട സാറേ… ” അവർ  തടഞ്ഞു..

“വാങ്ങിക്കോ  പൂത്ത കാശുകാരാ… ഇരട്ടി വാങ്ങിക്കോ..”

അങ്ങോട്ടേക്ക് വന്ന അഭിമന്യു പറഞ്ഞു..

“പോടാ… നിനക്കു വേണ്ടപ്പെട്ടവർ എന്നല്ലേ പറഞ്ഞത്… അതുകൊണ്ട് ഇതിനു പൈസ വാങ്ങുന്നില്ല..”

“ഏയ്.. അത് ശരിയാവില്ല… നിങ്ങള് വാങ്ങണം.. ഇല്ലേൽ നഷ്ടമാവില്ലേ?”

യദു പറഞ്ഞതും  സങ്കടത്തിൽ ജയ അവന്റെ മുഖത്തേക്ക് നോക്കി..

“കണക്ക് നോക്കുവാണേൽ ഇവന് ഞാൻ അങ്ങോട്ടാ പൈസ കൊടുക്കാനുള്ളത്..എന്റെ കുഞ്ഞിന്….”

അവർ പറഞ്ഞു മുഴുമിക്കും മുൻപിൽ അഭിമന്യു ഇടയിൽ കയറി..

“മതി.. നിർത്ത്… ശോകം  ഈ സിറ്റുവേഷന് ചേരില്ല… കഥയൊക്കെ പോകുന്നവഴിക്ക് ഞാൻ പറഞ്ഞു കൊടുത്തോളാം…”

അവൻ പോക്കറ്റിൽ നിന്നു കാശ് എടുത്ത് കുഞ്ഞിന്റെ കൈയിൽ പിടിപ്പിച്ചു. എന്നിട്ട് ആ കവിളിൽ ഒരു ഉമ്മയും നൽകി.

“ഞാൻ നാളെ വരാട്ടോ… “

യാത്ര പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്ത ശേഷം അഭിമന്യു  യദുവിനെ നോക്കി..

“സാറിന് വേണ്ടത്  ഭംഗിയുള്ള ഒരു ചിരി അല്ലേ? ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ള പുഞ്ചിരി ഈ കുഞ്ഞിന്റെയാ.. അത് ആ ഫോണിലുണ്ട്…..”

യദു  ഫോട്ടോസ് എടുത്ത് സൂം  ചെയ്തു.. ശരിയാണ്.. മനോഹരമായ, നിഷ്കളങ്കമായ  പുഞ്ചിരി… അവൻ ഫോൺ മീനാക്ഷിക്ക് കൈ മാറി .. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി..

“ജാനകി എന്നാ അവളുടെ പേര്.. ഏഴു വയസ്സ് ആകുന്നതേ ഉള്ളൂ.. ഹൃദയത്തിന് ഒരു കംപ്ലയിന്റ് ഉണ്ട്… ഇവിടെ നിർമല ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് നടക്കുകയാ..”

“ആ ചേച്ചിക്ക് വേറാരുമില്ലേ? “

ജിൻസി ചോദിച്ചു..

“കെട്ടിയോൻ ഉപേക്ഷിച്ചു പോയി.. മറ്റ് ബന്ധുക്കളൊന്നും തിരിഞ്ഞു നോക്കാറില്ല… പിന്നെ സഹായിക്കാൻ  തയ്യാറായി ഒരുപാട് ആളുകൾ വരുന്നുണ്ട്.. പക്ഷേ അവർക്കൊക്കെ വേണ്ടത് വേറെ ചിലതാ… അങ്ങനൊരു വഴി  സ്വീകരിക്കാൻ താല്പര്യം ഇല്ലാത്തതിനാലും, ആത്മഹത്യ ചെയ്യാൻ മനസ്സില്ലാത്തത് കൊണ്ടും ചേച്ചി  ഒരുപാട് കഷ്ടപ്പെട്ട് ഇപ്പൊ ഈ കട നടത്തുന്നു… എനിക്ക് കുറച്ച് നാളത്തെ പരിചയമേ ഉള്ളൂ.. പക്ഷേ പൊരുതി ജീവിക്കുന്നത് കൊണ്ടാവും അവരോട് ബഹുമാനമാ..”

“നീ കാശ് കൊടുത്ത് സഹായിക്കാറുണ്ട് അല്ലേ?”

യദുവിന്റെ ചോദ്യം കേട്ട് അവൻ  ചിരിച്ചു..

“ഞാൻ ആർക്കു വേണ്ടിയാ സമ്പാദിക്കുന്നത്? സ്വന്തം എന്ന് പറയാൻ ആരുമില്ല…  എന്നെ കൊണ്ട് പറ്റുന്നത് ചെയ്യുന്നു.. ആർകെങ്കിലും ഉപകാരപ്പെടുമ്പോഴല്ലേ ജീവിതത്തിന് ഒരർത്ഥമുള്ളൂ…”

കാർ ബസ്റ്റാന്റിന് അടുത്തെത്തി…മീനാക്ഷിയും  ജിൻസിയും ഇറങ്ങി..

“വീട്ടിലെത്തുന്നത് വരെ അവനോടു വഴക്കിടരുത്..”

മീനാക്ഷി ശിവാനിയ്ക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു.

“ആലോചിക്കാം.. ചേച്ചി എപ്പോഴാ വീട്ടിലേക്ക്? അമ്മ ചോദിക്കുന്നുണ്ടായിരുന്നു..”

“രണ്ടു ദിവസം കഴിയട്ടെ..”

അവൾ ജിൻസിയെയും വിളിച്ച് സ്റ്റാൻഡിന്റെ അകത്തേക്ക് നടന്നു.. യദുകൃഷ്ണൻ അത് നോക്കി ഇരിക്കുകയായിരുന്നു..

“മീനാക്ഷി, സാറിന് നല്ല ചേർച്ചയാ..”

അഭിമന്യു പറഞ്ഞു..

“നീയും കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.. പൂർത്തിയായി… ഒന്ന് പോയേടാ… എല്ലാരും കളിയാക്കി  എനിക്ക് തന്നെ ഇപ്പൊ തോന്നുകയാ  ഞാൻ ഒരു പൈങ്കിളി കാമുകനാണെന്ന്…”

“അപ്പൊ സാറിന്റെ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു അല്ലേ?”

കള്ളത്തരം കണ്ടുപിടിച്ച മട്ടിൽ അഭിമന്യു അവനെ നോക്കി…

“ആഗ്രഹിച്ചിട്ട് എന്തുകാര്യം?. ഞാനതൊക്കെ വിട്ടു… ഇനി ഈ ഇരിക്കുന്ന എന്റെ അനിയത്തിയെ ആരെ കൊണ്ടെങ്കിലും കെട്ടിക്കണം… അതു മാത്രമേ ആഗ്രഹം എന്ന് പറയാനുള്ളൂ…”

ബോട്ടിൽ തുറന്ന് യദു കുറച്ചു വെള്ളം കുടിച്ചു..

“അതു വേണോ സാറേ…? ഏതെങ്കിലും ചെറുപ്പക്കാരന്റെ ജീവിതം  നശിപ്പിച്ചിട്ട് സാറിന് എന്തു കിട്ടാനാ..?.”

യദുകൃഷ്ണൻ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ചപ്പോൾ വായിലെ വെള്ളം മുഴുവൻ പുറത്തേക്ക് തെറിച്ചു…അതോടെ ശിവാനിയുടെ നിയന്ത്രണം വിട്ടു..

“കുറെ നാളായി ഞാനിതു സഹിക്കുന്നു. തനിക്കെന്തിന്റെ കുഴപ്പമാ? തലയിൽ കേറ്റി വയ്ക്കാൻ ആളുണ്ടെന്ന് കരുതി  എന്നോട് കളിക്കാൻ വരല്ലേ…”

“ശിവാ… അവനൊരു തമാശ പറഞ്ഞതല്ലെ..? നീ  ചൂടാവണ്ട..”

“സ്വന്തം പെങ്ങളെ ഇൻസൾട്ട് ചെയ്യുന്നത് കേട്ട് കിണിക്കുന്ന ഒരു ചേട്ടൻ…. എന്നോട് മിണ്ടിപ്പോകരുത്..”

അവൾ മുഖം വീർപ്പിച്ചിരുന്നു..

“സോറി മാഡം… എന്റെ വിവരക്കേട് കൊണ്ട് വല്ല സത്യവും അറിയാതെ  വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ മാഡം എന്നോട് ക്ഷമിക്കണം…”

കൃത്രിമ വിനയം നടിച്ചു അഭിമന്യു പറഞ്ഞു..

“തനിക്കുള്ളത് ഞാൻ പിന്നെ തന്നോളാം..”

“രണ്ടാളും  നിർത്തിക്കേ… അഭീ.. നീ  വണ്ടിയെടുക്ക്…”

കാർ സീതാലയത്തിൽ  എത്തിയപ്പോൾ ശിവാനി ദേഷ്യം മുഴുവൻ കാലുകളിലേക്ക് ആവാഹിച്ച് ചവിട്ടികുലുക്കി അകത്തേക്ക് പോയി..

“സോറി.. ഞാൻ തമാശ പറഞ്ഞതാ… “

“അതു പതിവുള്ളതല്ലേ…? നീ കാരണം  ഞാനും പെട്ടു.. ഇനി ഈ പിണക്കം മാറ്റാൻ കുറെ കഷ്ടപ്പെടണം..ശരിക്കും നിങ്ങൾ തമ്മിൽ കഴിഞ്ഞ ജന്മത്തിൽ എന്തോ ഇഷ്യൂ ഉണ്ടായിട്ടുണ്ട്…”

“എനിക്കും തോന്നാറുണ്ട് സർ.. മാഡത്തെ കാണുമ്പോ നാവ് ചൊറിഞ്ഞു വരും… സാറിന്റെയും അമ്മയുടെയും സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നേൽ എന്നെ ചവിട്ടി കൂട്ടി വെളിയിൽ എറിഞ്ഞേനെ…”

“ഞങ്ങൾ ഇതൊക്കെ തമാശയായിട്ടേ എടുക്കുന്നുള്ളൂ… അതു പോട്ടെ, വേറൊരു കാര്യം പറയാനുണ്ട്.. “

യദുകൃഷ്ണൻ പേഴ്‌സ് തുറന്നു കുറച്ച് നോട്ടുകൾ അവന്റെ കൈയിൽ വച്ചു..

“ഇത് ആ ചായക്കടയിലെ ചേച്ചിക്ക് കൊടുത്തേക്ക്.. എന്റെ വക..”

“അതൊന്നും വേണ്ട സർ… ചേച്ചി വാങ്ങില്ല.. ഞാൻ തന്നെ കുറെ നിർബന്ധിച്ചിട്ടും വഴക്ക് പറഞ്ഞിട്ടുമൊക്കെയാ വാങ്ങാറ്..”

“നിന്റെ വകയായി കൊടുത്താൽ മതി.. നിർമല ഹോസ്പിറ്റലിൽ അല്ലേ ട്രീറ്റ്മെന്റ്?”

“അതെ..”

“എന്റെ ചില പരിചയക്കാർ അതിന്റെ മാനേജ്മെന്റിൽ ഉണ്ട്… എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് ഞാനൊന്ന് നോക്കട്ടെ… നീ പറഞ്ഞത് പോലെ മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴല്ലേ  ജീവിതത്തിനു ഒരർത്ഥമുള്ളു..”

“അത് ഞാൻ പറഞ്ഞതൊന്നുമല്ല… എവിടെയോ കേട്ടതാ… ഒരവസരം വന്നപ്പോൾ എടുത്തു പ്രയോഗിച്ചു അത്രേ ഉള്ളൂ… എന്തായാലും സാറിന് പുണ്യം കിട്ടും..”

“അഭീ… നിനക്ക് സർ വിളി ഒഴിവാക്കാൻ പറ്റുമോ? “

“ഞാൻ പിന്നെന്തു വിളിക്കും?”

“ഏട്ടാ എന്ന് വിളിച്ചൂടെ? നിന്നെക്കാൾ മൂന്ന് വയസിനു മൂത്തതാണ് ഞാൻ..”

“ശീലമായത് മാറ്റാൻ ഇച്ചിരി ബുദ്ധിമുട്ടാണ്. എന്നാലും ശ്രമിക്കാം.. സാറിന്റെ… അല്ല, ഏട്ടന്റെ അച്ഛൻ ഇവിടെ ഉണ്ടോ?”

“ഇല്ല.. കാർ കാണുന്നില്ലല്ലോ,. രാത്രിയാകും വരാൻ..”

“എന്നാൽ ഞാൻ അമ്മയെ  ഒന്ന് കാണട്ടെ..”

“എന്റെ അച്ഛൻ ഉണ്ടെങ്കിൽ എന്താ പ്രശ്നം?”

“എനിക്ക് പേടിയാ.. മൂപ്പരെ കാണുമ്പോൾ വിജയ് അഭിനയിച്ച  വേട്ടയ്ക്കാരൻ പടമില്ലേ? അതിലെ വില്ലനെ പോലെയുണ്ട്.. ആ നോട്ടം കാണുമ്പോ തന്നെ കാല് വിറയ്ക്കും..”

“എന്റെ പൊന്നോ…  നമിച്ചു..”

യദുകൃഷ്ണൻ  തൊഴുതു…

“നീ അമ്മയുടെ അടുത്തേക്ക് വിട്ടോ.. ഞാനൊന്ന് ഫ്രഷ് ആയിവരാം.. എന്തെങ്കിലും കഴിച്ചിട്ട് നീ പോയാൽ മതി..”

രണ്ടുപേരും വീടിനകത്തേക്ക് കയറി..

**************

 റോഡരികിൽ  ചെറിയൊരു ആൾക്കൂട്ടം.. ഒരു വൃദ്ധൻ  അവിടെ വീണു കിടപ്പുണ്ട്..

“ഒന്ന് വിളിച്ചു നോക്ക്.”

ഒരാൾ പറഞ്ഞു…

“അനക്കമൊന്നുമില്ല… തൊട്ടു കഴിഞ്ഞാൽ പണിയാകും.. പോലീസിനെ  വിളിച്ചാലോ?”

മറ്റൊരാളുടെ അഭിപ്രായം…

“എസ്ക്യൂസ്‌മി…”  ഒരു പെൺശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.. സുന്ദരിയായ ഒരു പെൺകുട്ടി… കൂടെ വേറെ രണ്ടു പേരും,…  അവൾ  വീണുകിടക്കുന്ന ആളുടെ അടുത്ത് ഇരുന്ന് കുലുക്കി വിളിച്ചു..

“നല്ല വെള്ളമാണെന്ന് തോന്നുന്നു.. കുറെ നേരമായി ഇതേ കിടപ്പ്..”

ഒരു ചെറുപ്പക്കാരൻ  പറഞ്ഞത് കേട്ട് പെൺകുട്ടിയുടെ കൂടെ വന്നയാൾ  അവനെ രൂക്ഷമായി നോക്കി..

“നീ കണ്ടോടാ  ഇദ്ദേഹം കള്ളു കുടിക്കുന്നത് ? നാളെ നിന്റെ അച്ഛൻ ഇതുപോലെ വീണു കിടന്നാലും  നോക്കി നിന്ന് കമന്റടിച്ചോണം… ഇവിടെ കൂടി നിൽക്കുന്ന ഒരുത്തനും ഇദ്ദേഹത്തെ ഒന്നാശുപത്രിയിൽ എത്തിക്കാൻ തോന്നിയില്ലല്ലോ..?”

അയാളുടെ  വാക്കുകൾക്ക് മറുപടി കൊടുക്കാൻ പലർക്കും തോന്നിയെങ്കിലും ബലിഷ്ടമായ ആ ശരീരവും തീഷ്ണമായ നോട്ടവും അവരെ തടഞ്ഞു..

“സ്വാമിയേട്ടാ… വെള്ളം…” പെൺകുട്ടി കൈ  നീട്ടി… അയാൾ  വാട്ടർ ബോട്ടിൽ അവൾക്കു നൽകി… അവൾ കുറച്ചു വെള്ളം മുഖത്തു തളിച്ചപ്പോൾ ആ  വൃദ്ധൻ ഒന്ന് ഞരങ്ങി…അവൾ കൂടെ വന്നവരെ  നോക്കി…

“ഹോസ്പിറ്റലിൽ എത്തിക്കണം..”

അവർ അയാളെ എടുത്ത് അവിടെ നിർത്തിയിട്ടിരുന്ന റേഞ്ച് റോവറിൽ കയറ്റി..

വണ്ടി ഓടിക്കൊണ്ടിരിക്കവേ അയാൾ പ്രയാസപ്പെട്ട് കണ്ണ് തുറന്നു… താൻ ഒരു പെൺകുട്ടിയുടെ മടിയിലാണ്  കിടക്കുന്നതെന്നറിഞ്ഞപ്പോൾ എഴുന്നേൽക്കാൻ ശ്രമിച്ചു..

“കിടന്നോ… എഴുന്നേൽക്കണ്ട,.”

അവൾ ഭംഗിയായി പുഞ്ചിരിച്ചു…

‘ഏയ്… കുഴപ്പമില്ല  മോളേ… “

അയാൾ  എഴുന്നേറ്റ് ഇരുന്നു,..

“വെള്ളം കുടിക്ക്..”

അവളുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി അയാൾ ആർത്തിയോടെ കുടിച്ചു…

“കേശവേട്ടന് എന്തു പറ്റിയതാ?”

അവളുടെ ചോദ്യം കേട്ടപ്പോൾ വൃദ്ധൻ ഒന്നമ്പരന്നു…

“എന്റെ പേരെങ്ങനെ??”

“അതൊക്കെ അറിയാം…”

“എനിക്കൊന്നുമില്ല കുഞ്ഞേ…. നടന്നു പോകുമ്പോ തല കറങ്ങി… എവിടെങ്കിലും ഇരിക്കാമെന്ന് ഓർത്തപ്പോഴേക്കും വീണു പോയി…”

“ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി?”

അവളുടെ ചോദ്യത്തിന് ഉത്തരം നൽകാതെ അയാൾ  ശിരസ് കുനിച്ചു ഇരുന്നു..

“സ്വാമിയേട്ടാ.”  അവളുടെ വിളിയുടെ അർത്ഥം മനസിലായ പോലെ മുൻസീറ്റിൽ ഇരുന്നയാൾ  തലയാട്ടി.പിന്നെ ഡ്രൈവർക്ക് എന്തോ നിർദേശം നൽകി.. വണ്ടി സാമാന്യം വലിയൊരു  റെസ്റ്റോറന്റിന് മുന്നിൽ നിന്നു…

“വാ  ഇറങ്ങ്..” അവൾ  കേശവന്റെ  കയ്യിൽ പിടിച്ചു… അകത്തു കയറി  കസേരയിൽ  ഇരുന്നതിന് ശേഷം അവൾ  ചോദിച്ചു…

“എന്താ കഴിക്കാൻ വേണ്ടത്?”

“എന്തെങ്കിലും കിട്ടിയാൽ മതി  മോളേ..”

അപ്പവും മുട്ടകറിയും  കഴിക്കുന്ന രീതിയിൽ  നിന്നു തന്നെ  ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് അവൾക്ക് മനസിലായി..

“മോളേതാ? ഇതിനു  മുൻപ് കണ്ടിട്ടില്ലല്ലോ? എന്നെ എങ്ങനെ അറിയാം?”

പുറത്തിറങ്ങിയ ശേഷം അയാൾ ചോദിച്ചു.

“സ്വന്തം മോള് ആണെന്ന് കരുതിക്കോ “

അവളുടെ വാക്കുകൾ കേട്ടപ്പോൾ അയാളുടെ മുഖത്ത് നിന്ദ നിറഞ്ഞു..

“സ്വന്തം മോള്…എന്നെ ഈ അവസ്ഥയിൽ ആക്കിയിട്ട് ആരുടെയോ കൂടെ പോയവൾ…”

നിറഞ്ഞു വന്ന കണ്ണുകൾ  മുഷിഞ്ഞ മുണ്ടിന്റെ അറ്റം കൊണ്ട് അയാൾ തുടച്ചു..

“എനിക്ക് പഠിച്ച് ഡോക്ടർ ആവണം അച്ഛാ എന്ന് പറഞ്ഞപ്പോൾ  അഭിമാനം തോന്നി.. എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നറിയാം… അതോണ്ടാ.. കിടപ്പാടം പണയം വച്ച്  കടം വാങ്ങിയത്… അവളുടെ അമ്മയെ അടക്കം ചെയ്ത മണ്ണാ നഷ്ടമായത്… ഈ പാപമൊക്കെ തലയിൽ വച്ചിട്ട് അവൾ എങ്ങനെ ഗതിപിടിക്കാനാ..?”

“അരുത്… രാഖി ഒരു തെറ്റും ചെയ്തിട്ടില്ല..”

ആ പെൺകുട്ടി കേശവനെ തടഞ്ഞു..

“എല്ലാം ഞാൻ പറയാം.. പക്ഷേ ഇപ്പൊഴല്ല.. പിന്നീട്…. അതുവരെ അവളെ ശപിക്കരുത്..കേശവേട്ടൻ വാ..”

“എങ്ങോട്ടാ കുഞ്ഞേ,..? ഞാൻ ഇവിടുന്ന് പൊയ്ക്കോളാം.. ഭക്ഷണം വാങ്ങി തന്നതിന് നന്ദിയുണ്ട്… കുറെ പേരോട് കൈ  നീട്ടി.. ആദ്യമൊക്കെ ചിലർ പത്തോ ഇരുപതോ ഒക്കെ തരും .. പിന്നെ ആട്ടി പായിക്കാൻ തുടങ്ങി… ജോലി ചെയ്യാനുള്ള ആരോഗ്യവും ഇല്ല…”

“പാതി വഴിയിൽ ഉപേക്ഷിക്കാനല്ല, കേശവേട്ടനെ തേടി  ഞാൻ വന്നത്…”

അവളുടെ ശബ്ദം ഉറച്ചതായിരുന്നു..

വണ്ടി നേരെ പോയത്  ആശ്രയ  അഗതി മന്ദിരത്തിലേക്ക് ആയിരുന്നു… ഫോർമാലിറ്റിസ് എല്ലാം പൂർത്തിയാക്കി നിറഞ്ഞ ചിരിയോടെ  അവൾ  അയാളുടെ മുന്നിലെത്തി..

“ഇവിടെ കേശവേട്ടന് ഒരുപാട് കൂട്ടുകാരൊക്കെ ഉണ്ട്… ഒരു കുറവും വരില്ല… ഞാൻ ഇടയ്ക്ക് വന്നു കണ്ടോളാം.. ഒന്നുമാലോചിച്ചു മനസ്സ് വിഷമിപ്പിക്കണ്ട.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവരോട് പറഞ്ഞാൽ എന്നെ വിളിച്ചു തരും..”

“മോളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…? എവിടുന്നോ വന്നു… എന്നെ സഹായിച്ചു… ആരാ എന്താ ഒന്നും എനിക്ക് അറിയില്ല..”

അയാൾ വിഷാദത്തോടെ അവളെ നോക്കി.

“അതിനൊക്കെ ഇനിയും ഒരുപാട് സമയമുണ്ട്… ഇനി അങ്ങോട്ട് തനിച്ചാണ് എന്ന ചിന്ത  വേണ്ട… ഞാനുണ്ട്… വിശദമായി പിന്നെ പറയാം..”

“മോളുടെ പേരെങ്കിലും പറ?”

“ദുർഗ്ഗ…”

അവൾ  അതേ ചിരിയോടെ തിരിഞ്ഞു നടന്നു,..

“രാഖിക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോട് സൂചിപ്പിക്കാമായിരുന്നു…”

വണ്ടി ഓടിക്കൊണ്ടിരിക്കവേ കൂടെയുള്ളയാൾ  ദുർഗ്ഗയോട് പറഞ്ഞു…

“ഇപ്പൊ വേണ്ട എന്ന് തോന്നി… അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ അവസ്ഥകൂടി  നോക്കണ്ടേ സ്വാമിയേട്ടാ? കുറച്ചു നാൾ കഴിയട്ടെ… എന്നിട്ട് കേശവേട്ടനെ കൊണ്ട് പോലീസിൽ ഒരു പരാതി കൊടുപ്പിക്കണം.മകളുടെ തിരോധനത്തിൽ സംശയം ഉണ്ടെന്ന് പറഞ്ഞ്…അന്വേഷണം പുരോഗമിക്കുമ്പോൾ നമ്മൾ തന്നെ ഓരോ തുമ്പ് പോലീസിന് ഇട്ട് കൊടുക്കും… “

“അടുത്തത് എന്താ..? “

“അറിയില്ല.. എനിക്ക് നിർദേശം ഒന്നും കിട്ടിയില്ല… കുറച്ചു ദിവസം കൂടി കാത്തിരിക്കാനാ മെസ്സേജ് വന്നത്,..”

“വല്ലാതെ നീണ്ടു പോകുന്നോ എന്നാണ് എന്റെ സംശയം..”

അവൾ സീറ്റിൽ ചാരിയിരുന്ന് അയാളെ നോക്കി..

“ഒരു ദിവസം കൊണ്ട് ദേവരാജനെയും കുടുംബത്തെയും സത്യപാലനെയും  എല്ലാം നശിപ്പിക്കാൻ അറിയാഞ്ഞിട്ടാണോ സ്വാമിയേട്ടാ?.. നമുക്ക് അതല്ല  വേണ്ടത്.. ഇതുവരെ സ്വരുക്കൂട്ടി വച്ചതെല്ലാം ഓരോന്നായി നഷ്ടപ്പെടുന്നത് അവർ നിസ്സഹായതയോടെ  കണ്ടു നിൽക്കണം.. അതിനു ശേഷമേ  ജീവനെടുക്കൂ… അതും  ക്രൂരമായി….”

അയാൾ ഒന്നും മിണ്ടിയില്ല…. ദുർഗ്ഗ കണ്ണുകൾ ഇറുക്കിയടച്ചു…

“സമ്പത്തും കുടുംബവും എല്ലാം നഷ്ടപ്പെട്ട് തെരുവിൽ  നിൽക്കുന്ന ദേവരാജനും.. കൊന്നു തരണേ എന്ന് യാചിക്കുന്ന സത്യപാലനും… ആ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്… പക്ഷേ വൈകില്ല.. അതുറപ്പാണ്… ദേവരാജനുള്ള അടുത്ത അടി നാളെ  കിട്ടും…. വെയിറ്റ് ആൻഡ് സീ,..”

റേഞ്ച് റോവറിനുള്ളിൽ നിശബ്ദത പരന്നു.. ഭയപ്പെടുത്തുന്ന നിശബ്ദത….

(തുടരും )…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!