Skip to content

സൗപ്തികപർവ്വം – 14

സൗപ്തികപർവ്വം

“ഇത് കുട്ടിക്കളി അല്ല കേട്ടോ?”

മുന്നറിയിപ്പിന്റെ സ്വരത്തിൽ എസ് ഐ  രാജീവ്‌ മേനോൻ പറഞ്ഞു..സത്യപാലന്റെ മുഖത്തെ പുച്ഛം അയാൾക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല..

“കാര്യം നിങ്ങള് കാശ് തരുമ്പോഴൊക്കെ  കൈ നീട്ടി വാങ്ങിയിട്ടുണ്ട്.. സകല കൊള്ളരുതായ്മയ്ക്കും കൂട്ട് നിന്നിട്ടുമുണ്ട്.എന്ന് വച്ച് എന്റെ നിലനിൽപ്പ് കൂടി  നോക്കണ്ടേ?… ആ കമ്മീഷണർ, സി ഐ സാറിനേം എന്നേം നിർത്തിപ്പൊരിച്ചു…ഒരു പെങ്കൊച്ചിനെ കാണാനില്ല എന്ന് പറഞ്ഞു പരാതി  കിട്ടി ഇത്രേം നാള് എന്ത് പുഴുങ്ങുകയായിരുന്നു  എന്നാ ചോദിച്ചത്… “

“സാരമില്ല സാറേ… പോട്ടെ… രണ്ടു പെഗ് അടിച്ചാൽ മാറുന്ന സങ്കടമല്ലേ ഉള്ളൂ? മേലുദ്യോഗസ്ഥന്റെ ചീത്ത കേൾക്കുന്ന ആദ്യത്തെ പോലീസുകാരനൊന്നുമല്ലല്ലോ  സാറ്? പത്താം ക്ലാസ്സ് പോലും പാസാവാത്ത  രാഷ്ട്രീയക്കാരന്റെ തെറികേൾക്കുന്നതിലും അഭിമാനമില്ലേ ഒരു ഐ പി എസ് കാരന്റെ വായിൽ നിന്നും കേൾക്കുന്നത്?..”

“നിങ്ങൾക്ക് ഇങ്ങനൊക്കെ പറയാം… കമ്മീഷണർ ഷബ്‌ന ഹമീദ് നിസാരക്കാരി അല്ല.. രാഖിയുടെ അച്ഛൻ നേരിട്ട് പോയി പരാതി കൊടുത്തതോടെ  ആ പെണ്ണുമ്പിള്ള കലിപ്പിലാ.. ഉത്തരവാദിത്തോടെ ജോലി ചെയ്യാൻ പറ്റില്ലെങ്കിൽ കാക്കി അഴിച്ചു വച്ച് അവരുടെ വീട്ടിലെ പട്ടിയെ നോക്കാൻ  വന്നോളൂ എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു…”

“ആ കിളവന്  ഇതിനൊക്കെയുള്ള ബുദ്ധിയുണ്ടോ?”

“തനിച്ചല്ല… വേറൊരാൾ കൂടെ ഉണ്ടായിരുന്നു. അവരുടെ മുന്നിൽ വച്ചാ  എന്നെ ചീത്ത വിളിച്ചത്?”

“അതാരാണപ്പാ  കേശവന് പുതിയൊരു രക്ഷകൻ?”

സത്യപാലൻ  താടി  ചൊറിഞ്ഞു..

“പേരും നാളും ഒന്നുമറിയില്ല.. പത്തൻപത് വയസ്സ് ഉണ്ടാകും…. അവിടുള്ള എന്റെ ഒരു ഫ്രണ്ടിനോട് അന്വേഷിച്ചപ്പോൾ ഒരു ബ്ലാക്ക് റേഞ്ച് റോവറിലാ വന്നത് എന്നും അറിഞ്ഞു..”

“അത് കൊള്ളാലോ!”

“ഞാനിപ്പോ എന്താ ചെയ്യണ്ടത്?. തൊപ്പി തെറിക്കുന്ന കേസാ…”

സത്യപാലൻ  എഴുന്നേറ്റ് നിന്നു…

“സാർ ധൈര്യമായി കമ്മീഷണറോട് പറ,  ദേവരാജൻ മുതലാളിയുടെ ഏക്കറ് കണക്കിന് പരന്നു കിടക്കുന്ന റബ്ബർ തോട്ടത്തിന് നടുവിലെ ചതുപ്പിൽ  രാഖിയുടെ  അസ്ഥികൂടം കിടപ്പുണ്ടെന്ന്.. ഫോഴ്‌സിനേം കൊണ്ട് വന്നു തോണ്ടി എടുത്തോളാൻ… “

“ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല… “

“ഇതിനും മുൻപ് തൊപ്പി മാത്രമല്ല, തല തന്നെ  തെറിച്ചെക്കാവുന്ന പല ഘട്ടങ്ങളിലും സബ് ഇൻസ്‌പെക്ടർ രാജീവ്‌ മേനോനെ ഞാൻ രക്ഷിച്ചിട്ടുണ്ട്…. അപ്പൊ സ്വാഭാവികമായും  ഞാൻ കുരുങ്ങുന്ന ഒരു കേസ് വരുമ്പോ രക്ഷിക്കാനുള്ള ബാധ്യതയും സാറിനുണ്ട്… അതാണല്ലോ  നാട്ട് നടപ്പ്..?. പിന്നെ സാറിന് വേണമെങ്കിൽ എന്നെ ഒറ്റു കൊടുത്ത് കൈ കഴുകാം.. പക്ഷേ ഒന്നോർക്കണം… വെറുമൊരു എസ് ഐ യിൽ ഒതുങ്ങുന്നതല്ല  സത്യപാലന്റെ സൗഹൃദവലയം… മുകളിലുള്ള പല ഏമാന്മാരും ഞാൻ കൊടുത്ത പെണ്ണും പണവും ആവോളം അനുഭവിച്ചിട്ടുണ്ട്. അവരെന്നെ സഹായിക്കും..”

സത്യപാലൻ  പോക്കറ്റിൽ നിന്ന് ഒരു കെട്ട് കറൻസി  എടുത്ത് മേശപ്പുറത്ത് ഇട്ടു…

“ഇത് പോലെ കയ്യും കണക്കുമില്ലാതെ   തരുന്നത്  കൂടെ  നിൽക്കാനാ… അല്ലാതെ ചുമ്മാ തരാൻ  സാറ് എന്റെ കുഞ്ഞമ്മേടെ മോനൊന്നും അല്ലല്ലോ… ഞാൻ ഇറങ്ങുകയാ… ക്വാർട്ടേഴ്സിൽ ഞാൻ വന്നു കണ്ടത് ആരേലും കമ്മീഷണറോട് പറഞ്ഞാൽ അതും പ്രശ്നമാകും… രാത്രി   ജോസിന്റെ ഫ്ലാറ്റിലോട്ട് വാ.. അവിടുന്ന് ബാക്കി സംസാരിക്കാം…”

ഷർട്ടിന്റെ കൈകൾ തെറുത്ത് കയറ്റിക്കൊണ്ട് സത്യപാലൻ പുറത്തേക്ക് നടന്നു….

**********

തിരമാലകളെ കബളിപ്പിച്ചു കൊണ്ട് ഓടുന്ന ശിവാനിയെയും  നോക്കി പൂഴിമണലിൽ  ഇരുന്ന് ഐസ്ക്രീം നുണയുകയായിരുന്നു അഭിമന്യു.. ബീച്ചിൽ  നല്ല തിരക്കാണ്…. ഒരു സൈഡിൽ കുറെ നാടോടികൾ സർക്കസ് അഭ്യാസം നടത്തുന്നുണ്ട്… കുറെ ഓടി തളർന്ന ശേഷം അവൾ അവന്റെ അരികിൽ വന്നിരുന്നു..

“ഈ കടൽ  ഭയങ്കര സംഭവമാ അല്ലേ? എത്ര കണ്ടാലും മതി വരില്ല..”

“ശരിയാ… പക്ഷെ പോകുന്നെങ്കിൽ തിരുവനന്തപുരത്തു കോവളം ബീച്ചിൽ പോണം.. മദാമ്മമാര് കുട്ടി നിക്കറും ഇട്ടോണ്ട് കിടക്കുന്നത് നോക്കിയിരുന്നാൽ സമയം പോണത് അറിയില്ല…”

“അയ്യേ വൃത്തികെട്ടവൻ…”

“ഇതിലെന്ത് വൃത്തികേട്..? എടീ. നമ്മളുടെ നോട്ടം കൊണ്ട് മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാവത്തിടത്തോളം  ഒരു പ്രശ്നവുമില്ല..”

“അപ്പൊ നീ ഇതൊക്കെ നോക്കാറുണ്ട് അല്ലേ?”

“പിന്നില്ലാതെ? “

“ദൈവമേ.. എത്രയെത്ര ആണ്പിള്ളേര് എന്നെ പ്രപ്പോസ് ചെയ്തതാ… അവരോടൊക്കെ നോ പറഞ്ഞ എനിക്ക് ഇതുപോലൊരു  ആഭാസനെ ആണല്ലോ തന്നത്… വല്ലാത്തൊരു ചതി ആയിപ്പോയി..”

അഭിമന്യു അവളുടെ ചുമലിലൂടെ കൈ ഇട്ടു..

“അതൊക്കെ പണ്ടത്തെ കാലം.. ഞാനിപ്പോ ഡീസന്റ് ആയി… ഇനി അങ്ങനെ വല്ല സീനും  കാണണം എന്ന് തോന്നിയാൽ  നിന്നോട് ചോദിച്ചോളാം .”

“അതും പറഞ്ഞ് ഇങ്ങോട്ട് വാ…”

അവൾ അവന്റെ കൈ പിടിച്ച് ഐസ്ക്രീം വായിലാക്കി..

“അയ്യേ.. നിനക്ക് വേണമെങ്കിൽ ഞാൻ വേറെ വാങ്ങി തരാം…എച്ചിൽ കഴിക്കണ്ട.”

“ഇമ്രാൻ ഹാഷ്മി തോറ്റു പോകുന്ന വിധത്തിൽ കിസ് അടിക്കുമ്പോൾ നിനക്ക് അയ്യേ എന്നൊന്നും തോന്നാറില്ലല്ലോ..?”

“അതില്ല…”

ശിവാനിയുടെ മൊബൈൽ  ശബ്ദിച്ചു..

“മിണ്ടല്ലേ.. മീനു ചേച്ചിയാ…”

അവൾ ഫോൺ  ചെവിയിൽ  വച്ചു..

“ഹലോ  ചേച്ചീ..”

“നീ  എവിടാടീ?”

“ഞാൻ…. ഞാൻ ഇവിടെ ബീച്ചിലുണ്ട്,. “

“തലവേദനിക്കുന്നു എന്നു പറഞ്ഞു ഓഫിസിൽ നിന്ന്മുങ്ങിയിട്ട്  ബീച്ചിൽ പോയി ഇരിക്കുകയാണോ?”

“വീട്ടിലേക്ക് പോകുവായിരുന്നു.. അപ്പൊ ഒരു ഫ്രണ്ട് വിളിച്ച് ഇങ്ങോട്ട് വരാൻ പറഞ്ഞു… അങ്ങനെ വന്നതാ .”

“അതേതാടീ  ഞാൻ അറിയാത്ത ഒരു ഫ്രണ്ട്‌ നിനക്ക്?”

“പണ്ട് സ്കൂളിൽ ഒരുമിച്ചു പഠിച്ചതാ…”

“അപ്പൊ അഭിയോ? അവന്റെ കൂടെയല്ലേ  നീ പോയത്?”

“എന്നെ ഇവിടെ ഇറക്കി വിട്ടു.. എവിടേക്ക് പോയെന്ന് ആർക്കറിയാം.? ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി എന്നു പറഞ്ഞിരുന്നു. അത് പോട്ടെ.. ചേച്ചി ഓഫിസിൽ നിന്നിറങ്ങിയോ?”

“ഇറങ്ങി.. “

“എന്നാൽ ശരി  ചേച്ചീ.. ഞാൻ രാത്രി വിളിച്ചോളാം… ഇവളോട് കുറച്ചു നേരം സംസാരിക്കട്ടെ… കുറെ കാലത്തിനു ശേഷം കാണുന്നതാ…”

“ആയിക്കോട്ടെ… ഫോൺ വയ്ക്കുന്നതിന് മുൻപ് നീയും  നിന്റെ ഫ്രണ്ടും ഒന്ന് തിരിഞ്ഞു നോക്കിക്കേ..”

ശിവാനി  ഞെട്ടലോടെ തിരിഞ്ഞു..കൂടെ തന്നെ അഭിമന്യുവും..പുറകിൽ കുറച്ചു മാറി  മീനാക്ഷിയും  ജിൻസിയും നില്കുന്നത് കണ്ടപ്പോൾ രണ്ടുപേരുടെയും പാതി ജീവൻ പോയി…അഭിമന്യു  പെട്ടെന്നു തന്നെ അവളുടെ ചുമലിൽ നിന്ന് കൈ എടുത്തു… രണ്ടുപേരും ചാടി എഴുന്നേറ്റു..

മീനാക്ഷിയും ജിൻസിയും അടുത്തേക്ക് വന്നു. ജിൻസി ചിരി കടിച്ചമർത്താൻ പാടുപെടുകയാണ്… മീനാക്ഷിയുടെ മുഖത്ത് ഗൗരവം…

“അപ്പോൾ ഇതാണ് നിന്റെ ഫ്രണ്ട് അല്ലേ?”

മറുപടി ഇല്ല.. മീനാക്ഷി അഭിമന്യുവിന്റെ നേരെ തിരിഞ്ഞു..

“എന്താ മോളുടെ പേര്? കല്യാണം കഴിഞ്ഞോ..?. എത്ര കുട്ടികളുണ്ട്?”

“മീനൂ പ്ലീസ്… ” അവൻ ദയനീയമായി അവളെ  നോക്കി..

“എന്തൊരു പറ്റിക്കലായിരുന്നു രണ്ടും ചേർന്ന്? കാണുമ്പോഴൊക്കെ വഴക്ക്… പരസ്പരം കളിയാക്കൽ… ഞാൻ സത്യമായും അതൊക്കെ വിശ്വസിച്ചു പോയി… ചേച്ചിയോ?”

“പിന്നില്ലാതെ..? ” ജിൻസി പറഞ്ഞു…

“എല്ലാവരുടെ മുൻപിലും ശത്രുക്കളെ പോലെ അഭിനയിച്ചിട്ട് ബീച്ചിൽ വന്ന് കെട്ടിപ്പിച്ച് ഇരിക്കുന്നു.. ഒരേ ഐസ്ക്രീം നുണയുന്നു… എത്ര കാലമായി ഇത് തുടങ്ങിയിട്ട്?”

രണ്ടാളും തല കുനിച്ചു നിൽക്കുകയാണ്…

“പറയുന്നോ അതോ  ഞാൻ യദു സാറിനെ വിളിക്കണോ?”

“കുറേ നാളായി…” മറുപടി പറഞ്ഞത് അഭിമന്യു ആണ്..

“എന്നിട്ട് എന്തിനാ എന്നോട് മറച്ചു വച്ചത്…?”

“പറയണമെന്ന് പലവട്ടം ആലോചിച്ചതാ.. പിന്നൊരു മടി…”

“നീയോടീ? ചേച്ചിയും ബെസ്റ്റ് ഫ്രണ്ടും എല്ലാം ഞാനാണെന്ന് പറഞ്ഞിട്ട് ഈ കാര്യം എന്തേ മിണ്ടിയില്ല?”

“ചേച്ചി കളിയാക്കും  എന്നു കരുതി.. “

“ഇടയ്ക്കിടക്ക്  ഓരോ കാരണവും പറഞ്ഞ് നീ  ഇവനേം കൂട്ടി പോകുന്നത് ഇതിനാണല്ലേ?”

“ഒന്ന് നിർത്ത് മീനൂ…”

അഭിമന്യു ഇടപെട്ടു.

“നിന്നോട് പറയാതിരുന്നത് തെറ്റ് തന്നെയാ.. സോറി.. പക്ഷേ ഒരിക്കൽ എന്തായാലും പറയണം എന്നു തന്നെയായിരുന്നു ഞങ്ങളുടെ മനസ്സിൽ… അധികകാലം ഒളിച്ചു വയ്ക്കാൻ പറ്റില്ല എന്ന് ഉറപ്പുണ്ടായിരുന്നു… ഇപ്പൊ അറിഞ്ഞല്ലോ.. ഇനി എന്താ വേണ്ടത്? അതൂടെ പറ..”

മീനാക്ഷി രണ്ടാളെയും മാറി മാറി നോക്കി..

“അതു പറയാം… അതിനു മുൻപ് ഒന്നൂടെ ചോദിക്കാനുണ്ട്… അന്നൊരിക്കൽ നിന്റെ മോന്തയ്ക്ക് പട്ടി മാന്തി എന്ന് പറഞ്ഞല്ലോ? അതേതു പട്ടിയാ…?”

അഭിമന്യു ഒന്ന് ശങ്കിച്ചു.. ശിവാനി  പറയരുതേ എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്..

“പറയെടാ…”

“ദേ.. ഈ പട്ടി തന്നെ..” അവൻ ശിവാനിയെ ചൂണ്ടി..

“ഓക്കേ… ഇപ്പൊ ഏകദേശം കാര്യം മനസിലായി… ചിപ്സ് തിന്നുമ്പോ ചുണ്ടും കടിച്ചു തിന്നുന്നവൾക്ക് എന്തെങ്കിലും പറയാനുണ്ടോ..?”

ശിവാനി കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയെ പോലെ തല താഴ്ത്തി നിൽക്കുകയാണ്..അഭിമന്യു അവളെ  ചേർത്തു പിടിച്ചു..

“അതേയ്, മിസ്സ്‌ മീനാക്ഷി ഹരിദാസ് നിർത്തിക്കേ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ… വെറുമൊരു നേരംപോക്ക് അല്ല,.. അസ്ഥിക്ക് പിടിച്ച പ്രേമം,. ലോകത്ത് ആദ്യത്തെ സംഭവം ഒന്നുമല്ല ഇത്… ആ പേരും പറഞ്ഞ് കളിയാക്കുന്നത് മതി..ഒരു സംശയം ചോദിക്കട്ടെ, ഞങ്ങൾ ഇവിടുണ്ടെന്ന് നിങ്ങളെങ്ങനെ അറിഞ്ഞു?. നാട്ടിലെ ബീച്ചിൽ പോയിരുന്നാൽ പരിചയക്കാർ ആരെങ്കിലും കാണുമെന്നു വച്ചിട്ടാ ഇത്രയും  ദൂരം വന്നത്…”

“ഞങ്ങൾ പിറകെ വന്നതൊന്നുമല്ല…. ഈ  ബീച്ചിന് പുറത്തെ ഫ്ലാറ്റിൽ  ജിൻസിച്ചേച്ചിയുടെ ഒരു ഫ്രണ്ട് താമസിക്കുന്നുണ്ട്.. അവരെ കാണാൻ പോയതാരുന്നു .. അവിടുന്ന് ഇറങ്ങുമ്പോഴാ നിന്റെ കാർ കിടക്കുന്നത് കണ്ടത്… ഇനി കടപ്പുറത്തിരുന്ന് നിങ്ങൾ അടികൂടുന്നുണ്ടാവും എന്ന് പേടിച്ചിട്ട് ഓടി വന്നതാ.. അപ്പോഴല്ലേകാര്യങ്ങളുടെ കിടപ്പ് മനസിലായത്.”

മീനാക്ഷി  ശിവാനിയുടെ കയ്യിൽ പിടിച്ചു വലിച്ച് അടുപ്പിച്ചു..

“കാന്താരിയുടെ നാവ് ഇറങ്ങിപ്പോയോ?”..

അവൾ മിണ്ടിയില്ല… പക്ഷേ ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു..

“സോറി ചേച്ചീ..” കുറ്റബോധം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു..

“സോറിയൊന്നും പറയണ്ട… എന്നോട് മറച്ചു വച്ചതിലുള്ള പരിഭവം മാത്രമേ  ഉള്ളൂ.. സാരമില്ല, പോട്ടെ.. “

“എന്നോടും ക്ഷമിച്ചോ?” അഭിമന്യു ചോദിച്ചു..

“ഇല്ലെടാ.. നിന്നോട് ഒരിക്കലും ക്ഷമിക്കില്ല… എന്റെ വീട്ടിൽ വന്നിട്ട് മൂക്കറ്റം തിന്നു മുടിക്കുന്നതിന്റെ നന്ദിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ നീ  ഇത് തുറന്നു പറയുമായിരുന്നു.”

“ങാ.. തിന്നുന്ന കാര്യം പറഞ്ഞപ്പോഴാ ഓർത്തത്, ഞങ്ങള് വല്ലതും കഴിക്കാൻ പ്ലാൻ ഇടുവാരുന്നു.. നല്ല വിശപ്പ്… വാ  ആ ഹോട്ടലിൽ കിടിലൻ ബിരിയാണി കിട്ടും..”

അവൻ മീനാക്ഷിയെ മുന്നോട്ട് തള്ളി.. പിന്നെ ശിവാനിയെ നോക്കി കണ്ണിറുക്കി..

നാല് പേരും ബീച്ചിന് വെളിയിലേക്ക് നടന്നു…

***********

അഫ്സൽ തന്റെ ആളുകളെ അടിമുടി ഒന്ന് നോക്കി…

“നിന്നെയൊക്കെ വിശ്വസിച്ച് ആ സണ്ണിയോട് ഡയലോഗ് അടിച്ച ഞാൻ മണ്ടനായി….”

“ഇക്കാ… ആ  ചെറുക്കൻ തിരിച്ചടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല..”

“എടാ… പൂച്ച ആയാലും തന്റെ ജീവന് ഭീഷണി വരുമ്പോൾ പുലിയെ പോലെ പ്രതികരിക്കും.. അതുകൂടി അറിയാത്ത  നിന്നെയൊക്കെ കൂടെ നിർത്തിയ എന്നെയാണ് തല്ലേണ്ടത്… “

സണ്ണി ഏർപ്പാടാക്കി കൊടുത്ത രഹസ്യ സങ്കേതത്തിൽ ആയിരുന്നു അവർ…

“വേറെ രണ്ടെണ്ണം കൂടി ഉണ്ടായിരുന്നല്ലോ,? തൃശൂർ നഗരത്തെ കിടുകിടാ വിറപ്പിച്ചിരുന്ന മണിയും  റംഷിയും.. എവിടെ?”

“മണിയുടെ കൈക്ക് വെട്ട് കിട്ടിയിട്ടുണ്ട്.. റംഷിയുടെ മൂക്ക് ആ പന്നൻ കരിങ്കല്ലിന് ഇടിച്ചു തകർത്തു.. രണ്ടാളെയും നാട്ടിലേക്ക് വിട്ടു… ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ..”

“നന്നായി…. ഷാജൂ… ഇനി നീ തത്കാലം നേരിട്ട് ഇറങ്ങേണ്ട… ആ ഡ്രൈവർ നിങ്ങളെ കണ്ടതല്ലേ..? കൊല്ലത്തു നിന്നും മുരുകനും പിള്ളേരും വന്നിട്ടുണ്ട്..ഇനി അവര് നോക്കിക്കോളും… എന്തെങ്കിലും സപ്പോർട് വേണമെങ്കിൽ മാത്രം നീ  കൊടുത്താൽ മതി..”

“അതൊരുമാതിരി മറ്റേ പണി ആയിപ്പോയി ഇക്കാ..ഇനി ക്രെഡിറ്റ്‌ മൊത്തം അവര് കൊണ്ടുപോകും.. “

“എന്നാൽ പിന്നെ നീ  തനിച്ച് ഉണ്ടാക്കെടാ..”

അഫ്സലിന് ദേഷ്യം വന്നു..

“രണ്ടു ശ്രമം പാളിയിട്ടും ആ സണ്ണി ഇപ്പോഴും നമ്മളെ ആട്ടിയിറക്കി വിടാത്തത് അയാൾക് വേറെ വഴിയില്ലാത്തത് കൊണ്ടാ.. കാര്യം നമ്മള് ചെയ്യുന്ന തൊഴിൽ ഇതാണെങ്കിലും  ഇച്ചിരി മനസാക്ഷിയൊക്കെ വേണ്ടേ? നീ അയാളുടെ കാര്യം ഒന്നാലോചിച്ചു നോക്ക്.. അപ്പനെ പടമാക്കി,…  സ്നേഹിച്ച പെണ്ണിനെ ഇപ്പഴും അവന്മാർ കസ്റ്റഡിയിൽ വച്ചോണ്ടിരിക്കുവാ… അവള് ജീവനോടെ ഉണ്ടോന്ന് പോലും അറിയില്ല… ഈ അവസ്ഥയിൽ അയാൾക് സഹായത്തിനു വേറാരുമില്ല..”

അഫ്സൽ എഴുന്നേറ്റു..

“എന്റെ വീട്ടിൽ കേറി തന്തയില്ലായ്മ കാണിച്ചതും  ചേർത്ത് കണക്കു തീർത്തിട്ടേ ഞാൻ തിരിച്ചു പോകൂ… ചങ്കുറപ്പുള്ളവന്മാർ മാത്രം ഇവിടെ നിന്നാൽ മതി..”

അതും പറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി നടന്നു..

***********

മീനാക്ഷിയുടെ  വീട്ടിലായിരുന്നു അഭിമന്യുവും ശിവാനിയും.. അച്ഛനും അമ്മയും മെഡിക്കൽ ചെക്കപ്പിന് പോയിവരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞതിനാൽ  അവൾ പിടിച്ചിരുത്തിയതാണ് രണ്ടാളെയും..

“എടീ… സ്പെഷ്യൽ ഒന്നുമില്ല.. കഞ്ഞിയും പയറുമാണ്… ഉണക്കമീൻ വറുത്തതും ഉണ്ട്.. നീ കഴിക്കുമോ?”

അടുക്കളയിൽ നിന്ന് മീനാക്ഷി വിളിച്ചു ചോദിച്ചു.അവളുടെ ബെഡ്‌റൂമിൽ ഇരുന്ന് പഴയ ആൽബങ്ങൾ നോക്കുകയായിരുന്നു രണ്ടു പേരും..

“രണ്ടു പപ്പടം കൂടി  വേണം..”

ശിവാനി പറഞ്ഞു.

“നോക്കട്ടെ. അഭീ നീയൊന്ന് ഇങ്ങു വന്നേ. ഒരു ചെറിയ പണിയുണ്ട്..”

അഭിമന്യു അടുക്കളയിലേക്ക് പോയി. പിന്നാലെ ശിവാനിയും…

“ആ  തട്ടിൻ പുറത്ത് ഒരു ഭരണിയുണ്ട്.. അതിങ്ങെടുക്ക്..”

ഒരു സ്റ്റൂൾ നീക്കിയിട്ട് അഭി എത്തി വലിഞ്ഞ് ഭരണി  എടുത്തു..

“നല്ല ഭാരം… എന്താടീ  ഇതിനകത്ത്?”

“കാണിച്ചു തരാം.”

മീനാക്ഷി അതിന്റെ അടപ്പ് തുറന്നു…

“ഹായ്… മാങ്ങ ഉപ്പിലിട്ടത്..” ശിവാനിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു..

“എനിക്ക് താ  ചേച്ചീ..” അവൾ  കൈ  നീട്ടി.

“തരാം.. കഞ്ഞി കുടിക്കുമ്പോൾ..”

മീനാക്ഷി  ഒരു വലിയ മാങ്ങ അതിൽ  നിന്നെടുത്തു.. പിന്നെ കുറച്ച് വെള്ളവും.. തവി കൊണ്ട് മാങ്ങ നന്നായി ഉടച്ചു.. മൂന്ന് കാന്താരി മുളകും  ചേർത്തു…രണ്ടുപേരുടെയും വായിൽ  വെള്ളമൂറുന്നുണ്ടായിരുന്നു…

“നോക്കി നില്കാതെ എല്ലാം മേശപുറത്തേക്ക്  കൊണ്ടു വയ്ക്കെടീ… കൊതിയാവുന്നു..”

അഭിമന്യു പറഞ്ഞു.. ശിവാനി  മാങ്ങയാണ് ആദ്യം എടുത്തത്… കഞ്ഞിയും കറിയും എടുത്ത് അഭിമന്യു  പുറകെ പോയി മേശപ്പുറത്ത് വച്ചു.. അവൾ  ചെറിയൊരു മാങ്ങ കഷണം  വായിലേക്കിട്ടു..

“ഒറ്റയ്ക്ക് തിന്നുന്നോ പിശാശേ.. എനിക്കും താ..”

അവൾ പാത്രത്തിൽ വിരൽ മുക്കി അവന്  നീട്ടി.. അവൻ അവളുടെ കൈയിൽ പിടിച്ച് വിരൽ  വായിലേക്ക് വച്ചതും  മീനാക്ഷി അങ്ങോട്ട് വന്നതും ഒന്നിച്ചായിരുന്നു…

“ഹോ…. എനിക്കിതൊക്കെ കാണുമ്പോൾ എരിഞ്ഞു കേറുന്നുണ്ട്…”

“അത്  അസൂയ കൊണ്ടാ…”

“ഞാൻ വല്ലതും പറയും.. മിണ്ടാതെ കഴിച്ചിട്ട് പോകാൻ നോക്ക്…”

ഭക്ഷണം കഴിച്ച ശേഷം മൂവരും  ഉമ്മറത്ത് ഇരുന്നു.

“ആലോചിക്കുമ്പോൾ എനിക്ക് പേടി ഇല്ലാതില്ല..”

ശിവാനി പറഞ്ഞു തുടങ്ങി..

“അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല..”

“ഇതൊക്കെ ആദ്യമേ ചിന്തിക്കണമായിരുന്നു..”

മീനാക്ഷി  ചിരിച്ചു…

“അഭീ… നിന്റെ പ്ലാൻ എന്താ?”

“എനിക്കൊന്നും അറിയില്ല…. ഇഷ്ടപ്പെട്ടു പോയി… അത്യാഗ്രഹം ആണെന്നറിഞ്ഞിട്ട് തന്നെയാ… ഒരനാഥൻ സീതാഗ്രൂപ്പിന്റെ അവകാശിയെ മോഹിക്കുന്നു… എന്തൊരു കോമഡി അല്ലേ? ആൾക്കാർ അറിഞ്ഞാൽ കളിയാക്കും… എന്ത് ചെയ്യാനാ?.. ഇവൾ മനസ്സിൽ അങ്ങ് നിറഞ്ഞു നില്കുവാ… “

“പ്രണയിക്കുന്നതിലൊന്നും തെറ്റില്ലെടാ.. തത്കാലം യദുസാറിനോട് ഇത് മിണ്ടണ്ട… കുറച്ചു കഴിയട്ടെ…. സമയവും സന്ദർഭവും  നോക്കി അവതരിപ്പിക്കാം.. “

അവൻ  തലയാട്ടി…

“കുറച്ചു നാൾ കൂടി രണ്ടും പ്രേമിച്ചു നടന്നോ.. പക്ഷേ ശ്രദ്ധിക്കണം.. ഇവളുടെ അച്ഛന് എല്ലായിടത്തും പരിചയക്കാരാ…”

ശിവാനി  അഭിമന്യുവിന്റെ ദേഹത്തേക്ക് ചാരിയിരിക്കുന്നത് കണ്ടപ്പോൾ മീനാക്ഷിക്ക് മനസ്സിൽ ഒരു കുളിർമ അനുഭവപ്പെട്ടു…

എന്തൊരു ചേർച്ചയാണ് രണ്ടാളും..!വെറും കുട്ടിക്കളി അല്ല അവരുടെ സ്നേഹം എന്നറിയാവുന്നത് കൊണ്ട്, എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും കൂടെ  നിൽക്കണം  എന്ന് അവൾ തീരുമാനിച്ചു….

ഹരിദാസും  ഭാനുമതിയും തിരിച്ചു വന്നതിനു ശേഷമാണ് അഭിമന്യു ശിവാനിയെയും  കൂട്ടി അവിടെനിന്നും ഇറങ്ങിയത്…

“സത്യം പറഞ്ഞാൽ ഈ രാത്രി പുറത്തിറങ്ങാൻ തന്നെ പേടിയാകുന്നു.. ആരോ ആക്രമിക്കാൻ വരുന്ന പോലെ ഒരു തോന്നൽ..”

ശിവാനി  പറഞ്ഞു.

“ഇനി അങ്ങനെ ആരേലും കൊല്ലാൻ വരുന്നുണ്ടെങ്കിൽ അത് നിന്റെ അച്ഛൻ ജൂനിയർ മാൻഡ്രേക് ആയിരിക്കും.. നിന്നെയല്ല, എന്നെ… “

“പോടാ… അങ്ങനൊന്നും ചെയ്യില്ല.. ചിലപ്പോൾ രണ്ടു തല്ലു കിട്ടിയേക്കാം.. നീ സഹിച്ചു പിടിച്ചു നിന്നാൽ മതി.. അവസാനം സങ്കടം തോന്നി അച്ഛൻ സമ്മതിക്കും..”

“ഞാനും കണ്ടതാ..”

“എന്ത്?”

“ദിൽ വാലെ  ദുൽഹനിയ ലേ ജായേങ്കെ.. അവസാനം തല്ലു മുഴുവൻ കൊണ്ട് ഹീറോ ട്രെയിനിൽ പോകുമ്പോ അച്ഛൻ മോളുടെ കൈ  വിടുന്നു… അവൾ ഓടിപ്പോയി ട്രെയിനിൽ കേറുന്നു.. അതല്ലേ.?..പക്ഷേ ഞാൻ ഷാരൂഖ് ഖാനും  നീ കാജലും അല്ല.. നിന്റെ അച്ഛനെ അംരീഷ് പുരിയുമായും താരതമ്യം ചെയ്യാൻ പറ്റില്ല. ആ പുള്ളിക്കാരൻ സിനിമകളിൽ മാത്രമാ വില്ലൻ… നിന്റച്ഛൻ റിയൽ ലൈഫിൽ പക്കാ ക്രിമിനൽ ആണ്…”

“പോടാ.. അങ്ങനൊന്നുമല്ല.. പാവമാ..”

“മാങ്ങാത്തൊലി ആണ്.. പാവങ്ങൾക്ക് എന്തിനാടീ  ഗുണ്ടകൾ? നിന്റെ അച്ഛന്റെ നിഴൽ പോലെ ഒരുത്തൻ കൂടെയുണ്ടാവുമല്ലോ .. എന്തുവാ  അയാളുടെ പേര്, ധനപാലനോ, ശിശുപാലനോ?”

“സത്യപാലൻ..”

“ങാ , ഏതോ ഒരു പാലൻ..  അവനും നിന്റച്ഛനും നടക്കുന്നത് കാണുമ്പോ  കാലനും പോത്തും വരുന്നത് പോലെയാ…മുഖത്തെഴുതി വച്ചിട്ടുണ്ട് ഭൂലോക തെമ്മാടി ആണെന്ന്..”

“അയാളെ എനിക്കും ഏട്ടനും ഇഷ്ടമല്ല.. പക്ഷേ അച്ഛന് വല്യ കാര്യമാ…അച്ഛൻ അമ്മയെ കെട്ടുന്നതിനൊക്കെ വളരെ മുൻപേ അയാൾ അച്ഛന്റെ കൂടെയാ..”

“എന്നാൽ പിന്നെ നിന്റെ അച്ഛന് അയാളെ കെട്ടിയാൽ പോരായിരുന്നോ? അമ്മയുടെ ജീവിതം രക്ഷപെട്ടേനെ.. അത് പോട്ടെ, എന്നെ നിന്റെ അച്ഛൻ തല്ലിയാൽ  ഞാനും  തിരിച്ചു തല്ലും… അതുറപ്പാ…”

“യദുവേട്ടൻ  തല്ലിയാലോ?”

ഒരു നിമിഷം അഭിമന്യു ആലോചിച്ചു..

“ഞാൻ കൊള്ളും… തല്ലാനും കൊല്ലാനും  ഏട്ടന് അവകാശം ഉണ്ട്…”

അവൾ ഗിയർ ലിവറിൽ നിന്നും അവന്റെ കൈ  പിടിച്ചെടുത്ത് ചുംബിച്ചു..

“എന്തൊക്കെ സംഭവിച്ചാലും  ഞാൻ  നിന്റെ കൂടെ ജീവിക്കും… സത്യം.. പോരേ..?”

“തേക്കാതിരുന്നാൽ മതി..”

“ആര്, ഞാനോ? നീ  തേക്കുമോ എന്നാ എന്റെ പേടി.. നിന്റെ നാടും  വീടുമൊന്നും ഇപ്പഴും എനിക്കറിയില്ല.. നീ  മുങ്ങിയാൽ ഞാൻ എവിടെ പോയി തപ്പും?”

“നമുക്കൊരു ദിവസം വയനാട്ടിലേക്ക് പോകാം.. അവിടെ ആരും ഇല്ല, എന്നാലും ചെറുപ്പത്തിൽ ഓടി നടന്ന സ്ഥലങ്ങളൊക്കെ നിനക്ക് കാണിച്ചു തരാം.. പിന്നെ പഴയ കൂട്ടുകാരെയും..”

“എപ്പോൾ?”

“കുറച്ചു ദിവസം കൂടി കഴിയട്ടെ… മീനുവിനെയും ഏട്ടനെയും കൂടെ കൂട്ടാം..”

“അതെന്തിനാ..?”

“എടീ, വയനാട് സൂപ്പർ കാലാവസ്ഥയാ.. അവിടെ നിന്നെ ഒറ്റയ്ക്ക് കൊണ്ടുപോയാൽ കല്യാണത്തിന് മുൻപേ ഹണിമൂൺ ആഘോഷിച്ചു പോകും..”

“അത് ശരിയാ.. ഈയിടെയായി നിനക്ക് കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്..”

അഭിമന്യു ഉറക്കെ ചിരിച്ചു…

“അതുമാത്രമല്ലെടീ…  ഏട്ടനും മീനുവും ഒന്ന് അടുക്കട്ടെ, ചിലപ്പോൾ ആ യാത്രയോട് കൂടി അവരുടെ കാര്യത്തിൽ ഒരു തീരുമാനം ആകും..”

അതൊരു നല്ല ഐഡിയ ആണെന്ന് ശിവാനിക്കും തോന്നി.. മീനാക്ഷിയുടെ മനസ്സിൽ ഇപ്പോഴും പഴയ ബന്ധം ഒരു വേദനയായി കിടക്കുന്നുണ്ട് എന്ന് അവൾക്കറിയാം …

സീതാലയത്തിൽ  കാർ പാർക്ക് ചെയ്യുമ്പോൾ അവൾ അവനോടു പറഞ്ഞു,

“അഭീ… സൂക്ഷിച്ചു പോണേ,.അന്ന് നമ്മളെ ആക്രമിച്ചവന്മാർ ചിലപ്പോൾ എവിടെങ്കിലും കാത്തു നില്കുന്നുണ്ടാകും…”

“നീ  പേടിക്കണ്ട… എനിക്കൊന്നും സംഭവിക്കില്ല.. നമ്മുടെ പിള്ളേരുടെ കല്യാണം കഴിഞ്ഞ് അവരുടെ കുട്ടികളെ കൊഞ്ചിച്ചിട്ടേ ഞാൻ ചാകൂ..”

അവൻ ബൈക്കുമെടുത്തു പുറത്തേക്ക് പോകുന്നത് നോക്കി നിൽകുമ്പോൾ തന്റെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കുന്നതായി അവൾക്ക് തോന്നി..

“ദൈവമേ… എന്റെ അഭിയെ കാത്തു കൊള്ളണമേ.. അവന് ഒരാപത്തും വരുത്തല്ലേ…”

അവൾ മനമുരുകി പ്രാർത്ഥിച്ചു… പക്ഷേ…

ശത്രുക്കൾ അത്തവണ ഉന്നം വച്ചത് അഭിമന്യുവിനെ അല്ല, യദുകൃഷ്ണനെ ആയിരുന്നു…

കോരിച്ചൊരിയുന്ന മഴയിൽ  കൈകൾ പിന്നോട്ട് പിടിച്ചു വച്ച നിലയിലായിരുന്നു യദു… കലുങ്കിൽ ഇടിച്ചു തകർന്ന  നിലയിൽ  അവന്റെ കാർ… വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയായിരുന്നു ആക്രമണം…

“വിടെടാ..” അവൻ കുതറി.. പക്ഷെ രണ്ടു പേർ കൈകളിലും  ഒരാൾ  കഴുത്തിലും ബലമായി  പിടിച്ചതിനാൽ അവന് അനങ്ങാൻ പറ്റിയില്ല.. മുൻപിൽ നിർത്തിയിരുന്ന അംബാസിഡർ കാറിൽ ഇരുന്നയാൾ ഫോൺ എടുത്ത് നമ്പർ ഡയൽ  ചെയ്തു..

“അഫ്സലേ… മുരുകനാണ്… അവനെ പൊക്കിയിട്ടുണ്ട്..”

“തീർത്തേക്ക്…”

അങ്ങേ തലയ്ക്കൽ  നിന്ന് അനുമതി കിട്ടിയ ഉടൻ  അയാൾ മഴയിലേക്ക് ഇറങ്ങി യദുവിന്റെ അടുത്തെത്തി..

“ആരാ  നിങ്ങൾ..? എന്തിനാ എന്നെ?”..

യദു  ചോദിച്ചു…

“ഒരു ചെറിയ ക്വട്ടേഷൻ… മോൻ സഹകരിച്ചാൽ  ഞങ്ങൾ പെട്ടെന്ന് പൊയ്ക്കോളാം..”

മുരുകന്റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു…

“പേടിക്കണ്ട… കുടുംബത്തെ മുഴുവൻ പിന്നാലെ വിടും…..”

ക്രൂരമായ  ചിരിയോടെ  അയാൾ  കത്തി യദുവിന്റെ വയറിലേക്ക് കുത്തിയിറക്കി… അവനൊന്ന് പിടഞ്ഞു..വായ പൊത്തി പിടിച്ചതിനാൽ  ശബ്ദവും പുറത്തു വന്നില്ല..രണ്ടു കുത്തുകൾ കൂടി…. അവന്റെ കണ്ണുകൾ പിന്നിലേക്ക് മറിഞ്ഞു..റോഡരികിലെ പുൽപടർപ്പിലേക്ക് അവനെ അവർ  വലിച്ചെറിഞ്ഞു..

“വാടാ  പോകാം…”

മഴവെള്ളത്തിൽ കത്തിയിലെ ചോര കഴുകി കളഞ്ഞു കൊണ്ട് മുരുകൻ കാറിനു  നേരെ നടന്നു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!