Skip to content

സൗപ്തികപർവ്വം – 16

സൗപ്തികപർവ്വം

“മീനാക്ഷീ…” യദുകൃഷ്ണന്റെ വിളി കേട്ട് അവൾ ഞെട്ടിയുണർന്നു.. ഹോസ്പിറ്റൽ മുറിയിലാണ് താനെന്നും , യദുവിന്റെ ബെഡിലേക്ക് തലവച്ചു ഉറങ്ങി പോയെന്നും മനസിലായതോടെ അവൾക്ക് ചമ്മൽ തോന്നി..

“സോറി സർ….”

“ഹേയ്.. സാരമില്ല.. രാത്രി മുഴുവൻ ഉണർന്നിരുന്ന് ഓഫിസിലെ പെന്റിങ് വർക്കുകൾ ചെയ്യുന്നുണ്ട് എന്നെനിക്ക് അറിയാം..”

“അങ്ങനൊന്നും ഇല്ല സർ.. ശിവയെ സഹായിക്കുന്നു എന്ന് മാത്രം..”

അവൾ പുഞ്ചിരിച്ചു.

“അഭി എവിടെ?”

“കോഴിക്കോട് ഓഫീസ് വരെ പോയതാ… രാത്രിയിലെ വരൂ..”

യദുവിന്റെ മുഖം കണ്ടപ്പോൾ അവന് എന്തോ ആവശ്യമുണ്ടെന്ന് അവൾക്ക് തോന്നി…

“എന്താ സർ..?”

“ഒന്നുമില്ല.. അച്ഛൻ പുറത്തുണ്ടോ?”

“ഇല്ല ഫിനാൻസിലേക്ക് പോയി.”

“ശരി… താനൊന്ന് നഴ്സിനെ വിളിക്ക്…”

“എന്താ കാര്യമെന്ന് പറ..”

“അത്…. എനിക്കൊന്ന് ടോയ്‌ലെറ്റിൽ പോണം..”

മീനാക്ഷി അറിയാതെ ഉറക്കെ ചിരിച്ചു പോയി.

“ഇതാണോ? എന്നോട് പറഞ്ഞൂടെ?. വാ.. ഞാൻ ഹെല്പ് ചെയ്യാം..”

അവൾ  അവനെ പതിയെ  പിടിച്ച് എഴുന്നേൽപ്പിച്ചു.. യദുവിന് നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അവന്റെ ഇടതു കൈ  തന്റെ ചുമലിലൂടെ ഇട്ട് അവൾ  നടത്തിച്ചു.. ടോയ്‌ലെറ്റിന്റെ അകത്ത് അവനെ കയറ്റിയ ശേഷം അവൾ  വാതിൽ ചാരി…തിരിച്ചിറങ്ങുമ്പോൾ  ഉടുമുണ്ട് ലൂസ് ആയി.. പരിഭ്രമത്തോടെ അവൻ മുണ്ടിൽ പിടിച്ചു അതോടെ  ശരീരത്തിന്റെ ബാലൻസ് തെറ്റി വീഴാനാഞ്ഞു..മീനാക്ഷി അവനെ  ചേർത്തു പിടിച്ച് നിർത്തി.. പിന്നെ മുണ്ട് ശരിക്കും ഉടുപ്പിച്ചു..പിന്നെ ബെഡിൽ കിടത്തി…

“താങ്ക്സ്..”

“എന്തിന്…? അതിന്റെയൊന്നും ആവശ്യമില്ല.”

പെട്ടെന്ന് യദു  അവളുടെ കയ്യിൽ പിടിച്ചു..

“മീനൂ.”

“എന്താ സർ.?”

“നിന്റെ മനസ്സിൽ ഇത്തിരിയെങ്കിലും ഇഷ്ടം എന്നോട് തോന്നുന്നുണ്ടോ?”

അപ്രതീക്ഷിതമായ ചോദ്യം… എന്തുപറയണം എന്നവൾക്ക് അറിയില്ല..

“നാളുകൾ  ഏറെയായി ഞാനിവിടെ കിടക്കുന്നു.. സമയം കിട്ടുമ്പോഴൊക്കെ താൻ ഓടി വരും.. ഇവിടുത്തെ കാര്യങ്ങളും   ഓഫിസ് ജോലിയും എന്തിന് എന്റെ വീട്ടുകാര്യങ്ങൾ വരെ  കൃത്യമായി ചെയ്യുന്നുണ്ട്…. പക്ഷെ അതൊക്കെ ഞങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന് മനസിലാക്കാം.. പക്ഷെ ഞാൻ ഉറങ്ങി കിടക്കുമ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്നതും കരയുന്നതുമൊക്കെ എന്തിനാ?”

മീനാക്ഷിക്ക് എന്തു പറയണം  എന്നറിയില്ലായിരുന്നു…നിഷേധിക്കാൻ പറ്റാത്തതാണ് യദുവിന്റെ വാക്കുകൾ.. പലപ്പോഴും ഇതിനുള്ളിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്.. എന്തിനാണെന്ന് അവൾക്കു തന്നെ അറിയില്ലായിരുന്നു..

“മീനൂ…”

“ഉം?”

“ഇഷ്ടം ഉണ്ടെന്നറിയാം.. അലനെ സ്നേഹിച്ചത് പോലെ നിനക്ക് വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ലായിരിക്കും.. പക്ഷേ നീ അടുത്തുണ്ടാവുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന ഒരു സന്തോഷം ഉണ്ട്.. അതെന്നും വേണമെന്ന ആഗ്രഹവും ഉണ്ട്..”

അനുവാദം കൂടാതെ പുറത്തേക്കൊഴുകുന്ന കണ്ണുനീർ അവൾ  പുറം കൈയാൽ തുടച്ചു കളഞ്ഞ് അവനെ  നോക്കി..

“ഞാനൊരു സാധാരണ പെണ്ണാ… എന്തു പ്രത്യേകതയാ എന്നിൽ സർ കണ്ടത് എന്നറിയില്ല.. ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ ഒരു കാലം ഉണ്ടായിരുന്നു.. അത് പരിധികൾ വിട്ടതിനാലാവാം ദൈവം തട്ടിക്കളഞ്ഞത്.. സർ പറഞ്ഞത് ശരിയാണ്. ഇച്ചായന്റെ സ്ഥാനത്തു വേറൊരാളെ സങ്കൽപിക്കാൻ പോലും പറ്റുന്നില്ല… അതാണ് എന്റെയും വിഷമം.. സാറിനെ എനിക്ക് ഇഷ്ടമാ.. പക്ഷേ അത് തിരിച്ചു തരാൻ പറ്റുമോ എന്നറിയില്ല… അതോർക്കുമ്പോൾ നെഞ്ചു പിടയും… കരഞ്ഞു പോകും…. ഒരിക്കൽ കൂടി  സ്വപ്‌നങ്ങൾ കാണാൻ പേടിയാണ് സർ… അതു കൈവിട്ട് പോകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല,…”

യദുകൃഷ്ണൻ അവളുടെ  കൈയിൽ മൃദുവായി  തലോടി..

“മീനൂ..ആരും ആർക്കും പകരമാവില്ല  എന്ന സത്യമൊക്കെ എനിക്കറിയാം.. പക്ഷേ എത്രനാൾ നീയിങ്ങനെ?..നിന്നെ ചതിച്ചവൻ  എവിടെയോ സുഖമായി കഴിയുമ്പോൾ  നീ ഇവിടെ നീറിജീവിക്കേണ്ട ആവശ്യമുണ്ടോ?”

“അതുമാത്രം അല്ലല്ലോ സർ പ്രശ്നം?  എന്റേത് ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി ആണ്.. സാറിന്റെയോ? ദേവരാജൻ മുതലാളി ഇതിനു സമ്മതിക്കുമോ? ജോലിക്ക് വന്നിട്ട് ബോസിനെ വളച്ചെടുത്തവൾ  എന്ന ചീത്തപ്പേര് എനിക്ക് വേണ്ട,.”

“നീയൊന്ന് അടുത്ത് വരാമോ?”  അവൻ  ചോദിച്ചു…

“എന്താ..?”

“ഇങ്ങോട്ട് വാ.. ചെവിയിൽ പറയാം..എനിക്ക് എഴുന്നേൽക്കാൻ വയ്യാത്തത് കൊണ്ടാ..”

അവൾ  അവന്റെ മുഖത്തിന് അടുത്ത് ചെന്നു… പെട്ടെന്ന് യദു  തന്റെ കൈകൾ അവളുടെ ശരീരത്തിന്  ചുറ്റും കൊരുത്തു.. പിന്നെ പ്രയാസപ്പെട്ട് തല ഉയർത്തി അവളുടെ  നെറ്റിയിൽ ചുംബിച്ചു… താൻ എന്തുകൊണ്ട് പിന്നോട്ട് മാറിയില്ല  എന്ന് അവൾ  അത്ഭുതപ്പെട്ടു…

“എനിക്ക് സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരമ്മയുണ്ട്.. അനിയത്തിയുണ്ട്.. പക്ഷേ എനിക്ക് വേണ്ടി മറ്റൊരു പെണ്ണ് കരയുന്നുണ്ടെങ്കിൽ അവൾ എന്റെയാ.. എന്റെ മാത്രം… കൈവിട്ട് കളയാൻ  വിഡ്ഢിയല്ല യദുകൃഷ്ണൻ… നിന്നെ ഒരാൾ  ചതിച്ചിട്ട് പോയി എങ്കിൽ അതിനർത്ഥം അയാൾ നിന്നെ അർഹിക്കുന്നില്ല എന്നാണ്… നീയല്ല  തോറ്റത്, അവനാ.. അങ്ങനെ ഒരാൾക്ക്‌ വേണ്ടി കരയാൻ  ഇനി നിന്നെ ഞാൻ വിടില്ല.. ലോകം മുഴുവൻ എതിർത്താലും  മീനാക്ഷിഹരിദാസ്  യദുവിന്റേതാണ്…”

അവളുടെ മിഴിനീർ തുള്ളികൾ  അവന്റെ മുഖത്തു പതിച്ചു… യദു അവളെ തന്റെ മാറിലേക്ക് ചായ്ച്ചു കിടത്തി.. അതോടെ  നിയന്ത്രണം വിട്ട് അവൾ പൊട്ടിക്കരഞ്ഞു.. അവൻ അവളുടെ മുടിയിൽ അരുമയായി തലോടിക്കൊണ്ടിരുന്നു….

************

“മാഡത്തിന്റെ സംശയം ശരിയാണ് .. കേശവേട്ടൻ പരാതി കൊടുത്തതിനു ശേഷം കുറച്ചു തമിഴന്മാർ  റബ്ബർ തോട്ടത്തിൽ പണിക്കു വന്നിരുന്നു.. എനിക്ക് തോന്നുന്നത് രാഖിയുടെ  ഡെഡിബോഡിയുടെ അവശിഷ്ടങ്ങൾ മാറ്റാനാണെന്നാ… പക്ഷേ അപ്പോഴാ ദേവരാജൻ മുതലാളിയുടെ  മോൻ ഹോസ്പിറ്റലിൽ ആയത്… അതോടെ അവന്മാർ തിരിച്ചു പോയി.. പണി എടുത്തില്ല.. വല്ലപ്പോഴും സത്യപാലൻ ആ  വീട്ടിൽ വരും…”

സന്തോഷ്‌ പറയുന്നത് ദുർഗ്ഗ കേട്ടിരിക്കുകയാണ്… റെയിൽവേസ്റ്റേഷനിലെ പാർക്കിങ്ങിൽ വച്ചായിരുന്നു അവരുടെ കൂടിക്കാഴ്ച..

“വാസവൻ ഇടുക്കിയിൽ നിന്ന് കുറച്ച് ആൾക്കാരെ കൊണ്ടു വന്ന് ഒരു വാടകവീട്ടിൽ താമസിപ്പിച്ചിട്ടുണ്ട്… കണ്ടാലറിയാം  കുഴപ്പക്കാരാണെന്ന്… എന്തോ പ്ലാൻ ഉണ്ട്.. പക്ഷേ അതെന്താണെന്ന് എനിക്കും അറിയില്ല..”

“സാരമില്ല സന്തോഷേ… ഞങ്ങൾ കണ്ടു പിടിച്ചോളാം…താങ്ക്സ്…”

ദുർഗ്ഗ ഒരു കവർ അവന് നീട്ടി..

“ഇതെന്താ?”

“കുറച്ചു ക്യാഷ് ആണ്..”

സന്തോഷ്‌ ഒന്ന് ചിരിച്ചു..

“ഇത് വാങ്ങിയാൽ ഞാനീ  ചെയ്യുന്നതിന് അർത്ഥം ഇല്ലാതാവും..നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ  എന്റെ മക്കളെ ആരും ഉപദ്രവിക്കാതെ നോക്കിയാൽ മതി… ഇന്നത്തെ കാലത്ത് അച്ഛനും ആങ്ങളമാരും  ഉള്ള പെൺകുട്ടികൾ പോലും സുരക്ഷിതരല്ല..”

“ഒന്നും സംഭവിക്കില്ല സന്തോഷേ… നഷ്ടങ്ങളുടെ  വില  ശരിക്കും അറിയാവുന്നവരാ  ഞങ്ങൾ…താൻ ധൈര്യമായി പൊയ്ക്കോ…”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. പിന്നെ എന്തോ ഓർത്തപോലെ അവളെ  നോക്കി..

“എനിക്കൊരു സംശയം ഉണ്ട്… ചിലപ്പോൾ തോന്നലാകും…”

“പറഞ്ഞോ…”

“ആ  റബ്ബർ തോട്ടത്തിലെ വീട്ടിൽ ഒരു പെണ്ണ് ഉണ്ടോ എന്ന്.. സത്യപാലൻ  ടൗണിലെ ടെക്സ്റ്റെയിൽസ് ഷോപ്പിൽ നിന്ന് കുറച്ചു ലേഡീസ് ഡ്രസ്സ്‌, ഇന്നർവിയർസ് അടക്കം  വാങ്ങിക്കൊണ്ട് പോകുന്നത് ഞാൻ കണ്ടു… അയാൾക്കിവിടെ ഭാര്യയൊന്നും ഇല്ലല്ലോ.. ഞാനാണ്  വീട്ടിൽ കൊണ്ടു വിട്ടത്.. അര മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ കൂടെ തന്നെ  ട്രാവൽസിന്റെ ഓഫിസിലേക്ക് വന്നു.. പക്ഷെ തിരിച്ചു വരുമ്പോൾ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല…”

“നമുക്ക് നോക്കാം.. താൻ പൊയ്ക്കോ..”

അവന്റെ ബൈക്ക് റോഡിലേക്ക് ഇറങ്ങിയപ്പോൾ ദുർഗ്ഗ  തന്റെ  കാറിനു അടുത്തെത്തി.. അതിനുള്ളിൽ അഭിമന്യു  കണ്ണുമടച്ചു ഇരിപ്പുണ്ട്…

“അഭീ… നിന്റെ ഊഹം ശരിയാണ്.. ഷീബ  ആ  വീട്ടിൽ ഉണ്ടാവാനാണ്  സാധ്യത..”

“തോന്നി.. “

“എന്തു ചെയ്യും? അവളെ  രക്ഷിച്ചാലോ?”

“അത് റിസ്ക്ക് ആണ്… പാളിപ്പോയാൽ സത്യപാലൻ അവളെ കൊല്ലും… എന്നിട്ട് നമ്മുടെ തലയിൽ  ഇടും..”

“മനസിലായില്ല..” ദുർഗ നെറ്റി ചുളിച്ചു..

“തെളിവുകൾ നശിപ്പിക്കാൻ മിടുക്കനാണ് അയാൾ… ആ  വീട്ടിൽ നിന്ന് അവളെ ആരെങ്കിലും കണ്ടെത്തിയാൽ അയാളും  ദേവരാജനും കുടുങ്ങുമെന്ന് ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ അയാൾക്ക് ഉണ്ട്…. നമ്മൾ രക്ഷിച്ച ഉടൻ  വേറെ എവിടെങ്കിലും വച്ച് അവളെ  തീർക്കും.. പേര് നമുക്ക് കിട്ടും…”

“എന്നാലും, ഒരു പെൺകുട്ടി അല്ലേ? അയാളെ പോലൊരുത്തൻ എന്തൊക്കെ ചെയ്യുമെന്ന് നിനക്കു ചിന്തിക്കാമല്ലോ?”

അഭിമന്യു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“ഒരു യുദ്ധമാകുമ്പോൾ നിരപരാധികളും  നശിക്കും.. അത് തടയാൻ ആർക്കുമാകില്ല…. ഇപ്പോൾ അവൾക്ക് ജീവനെങ്കിലും ഉണ്ട്..രാഖിയുടെ കേസ് എപ്പോ വേണമെങ്കിലും തന്റെ നേരെ തിരിഞ്ഞെക്കാമെന്ന് ഉറപ്പുള്ള സത്യപാലൻ  ഷീബയെ കൂടി കൊന്ന് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കില്ല… “

ദുർഗ്ഗ തലയാട്ടി..

“സ്വാമിയേട്ടൻ എവിടെ?”

“അപ്പുറത്തുണ്ട്.”

അഭിമന്യുവിന്റെ ഫോൺ അടിച്ചു.. ശിവാനിയാണ്..

“പറഞ്ഞോ പിശാശേ…”

“നീ  എവിടാ അഭീ..?”

“കോഴിക്കോട് നിന്നും വരുവാ..”

“ഇരുട്ടുന്നതിന് മുൻപ് റൂമിൽ പൊയ്ക്കോളണം.”

“ആയിക്കോട്ടെ… നീ വല്ലതും കഴിച്ചോടീ?”

“ഉം…”

“വേറെന്താ?”

“അഭീ….”

“എന്താടീ?”

“നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നെടാ..”

“ങേ , ഇന്നലെ വൈകിട്ട് വരെ  ഞാൻ സീതാലയത്തിൽ ഉണ്ടായിരുന്നല്ലോ..?”

“അപ്പോൾ അമ്മയും അടുത്തുണ്ടായിരുന്നില്ലേ? എനിക്ക് നിന്റെ കൂടെ എവിടെങ്കിലും ഇരിക്കണം . ഞാനും  നീയും മാത്രം..”

“കുറച്ചു ദിവസം ക്ഷമിക്ക്.. നിന്റെ അച്ഛൻ ജൂനിയർ മാൻഡ്രേക്കിന്റെ ഗുണ്ടകൾ ഈ സമയത്ത് കൂടെ വരും.. അവന്മാരുടെ മുന്നിൽ വച്ച് കെട്ടിപ്പിടിക്കാനോ ഉമ്മ

വയ്ക്കാനോ പറ്റില്ലല്ലോ..?”

“അതും ശരിയാ..”

“എടീ  അയാള് സത്യത്തിൽ  ദാവൂദ് ഇബ്രാഹിമിന്റെ ഇരട്ട സഹോദരനോ മറ്റോ ആണോ? എവിടെ നോക്കിയാലും ശത്രുക്കൾ… പക്ഷേ കിട്ടുന്നത് മുഴുവൻ ബാക്കി ഉള്ളവർക്ക്.. അങ്ങേര് ഹാപ്പി ആയി സത്യപാലന്റെ തോളത്തു കേറി നടക്കുന്നു… ഇതുപോലത്തെ തന്ത എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ തല്ലി കൊന്നേനെ…”

“പോടാ  പട്ടീ…”അവൾ  ചിരിക്കുന്ന ശബ്ദം കേട്ടു..

“ശിവാ,. ഹോസ്പിറ്റലിൽ ആരാനുള്ളത്?”

“മീനു ചേച്ചി ഉണ്ട്. വൈകുന്നേരം ഞാനും അമ്മയും പോകും..”

“എന്തായാലും  ഏട്ടന് കുത്തു കിട്ടിയത് കൊണ്ട് ഒരു ഗുണം ഉണ്ടായി… എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ  ആശുപത്രിയിൽ നിന്ന് ഇറങ്ങും മുൻപ് അവര് രണ്ടും സെറ്റ് ആകും..”

“നടക്കുമോ?”

“ചാൻസ് ഉണ്ട്..”

“അഭീ  ഞാൻ വെക്കുവാണേ…. അമ്മ വിളിക്കുന്നുണ്ട്…ശ്രദ്ധിച്ചു വാ .”

അവൻ ഫോൺ പോക്കറ്റിലേക്ക് ഇട്ടു. ദുർഗ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്..

“എന്താ?”

“നിന്റെ മാറ്റം… നീ  നന്നായി അഭിനയിക്കാൻ പഠിച്ചു..”

“ജീവിതം അങ്ങനെ ആക്കിയതല്ലേ? നമ്മൾ ആഗ്രഹിച്ചതാണോ ഇതൊക്കെ?”

“ആ കുട്ടി നിന്നെ സ്നേഹിക്കുന്നുണ്ട്.. ഭ്രാന്തമായി.. അല്ലേ..?”

“ഉം.”

“തെറ്റാണെന്ന് തോന്നുന്നുണ്ടോ നിനക്ക്?”

“ഭഗവാൻ ശ്രീകൃഷ്ണൻ പങ്കെടുത്ത മഹാഭാരതയുദ്ധത്തിൽ പോലും ചതിയും വഞ്ചനകളും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ? ഇത് ചെകുത്താന്മാർ തമ്മിലുള്ള പോരാട്ടമാണ്..നീതി, ന്യായം ഇതിനൊന്നും ഒരു പ്രസക്തിയുമില്ല..”

“അഭീ… നീ അവളെ പ്രണയിക്കുന്നുണ്ടോ?”

“നമുക്ക് ആ  വിഷയം  വിടാം.”

“പറഞ്ഞിട്ട് പോടാ..”

“ദുർഗ്ഗാ പ്ലീസ്..”

“നോ… എനിക്ക് അറിയണം..”

അവൻ  ദേഷ്യത്തോടെ അവളെ  നോക്കി..

“അതെ… എനിക്ക് അവളെ  ഇഷ്ടമാണ്.. പക്ഷേ അതിനേക്കാൾ മുകളിൽ  നില്കുന്നത് എന്റെ പ്രതികാരദാഹമാ… “

അവൻ ഡോർ തുറന്ന് പുറത്തിറങ്ങി..

“ഞാൻ പോകുന്നു.. സ്വാമിയേട്ടനോട് ഏല്പിച്ച കാര്യം രണ്ടു ദിവസത്തിനകം  നടത്തിയിരിക്കണം..”

ട്രെയിനിറങ്ങി വരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് അവൻ ലയിച്ചു ചേരുന്നത് ദുർഗ നോക്കി നിന്നു..

************

മുന്നിലെ  ഭക്ഷണപ്പൊതിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഷീബ.. അത് മുറിയിൽ കൊണ്ട് വച്ച് സത്യപാലൻ പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞു.. വിശപ്പും ദാഹവുമൊക്കെ വിട്ടകന്നിട്ട് നാളേറെയായി.. ഇപ്പോൾ അനുഭവപ്പെടുന്ന ഒരേയൊരു വികാരം വെറുപ്പ് മാത്രമാണ്.. മാറ്റാരോടും അല്ല… അവളോട് തന്നെ…

വാതിൽ തുറന്ന് സത്യപാലൻ അകത്തേക്കു കയറി  വന്നു.. അവൾ നിർവികാരതയോടെ  നോക്കി..

“നീയെന്താടീ ഒന്നും കഴിക്കാത്തെ?”

അയാൾ  ചോദിച്ചു. അവളൊന്നും മിണ്ടിയില്ല..

“നിന്റെ നാവിറങ്ങി പോയോ?”

“വേണ്ടാഞ്ഞിട്ട്… നിങ്ങൾക്ക് കടിച്ചു കീറാനുള്ള ആരോഗ്യമൊക്കെ ഈ ശരീരത്തിന് ഇപ്പോഴുമുണ്ട്..”

സത്യപാലൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.. ആ കണ്ണുകളിൽ ഇപ്പോൾ ഭയം കാണാറില്ല… എന്തിനും തയ്യാറാണെന്ന ഭാവം മാത്രം..

“വേഗം കഴിച്ചിട്ട് പുറത്തേക്ക് വാ.. ഞാൻ നിന്നെ കൊണ്ട് വിടാം..”

“എങ്ങോട്ട്?”

“നിന്റെ വീട്ടിലേക്ക്.. അല്ലാതെങ്ങോട്ടാ..? ഇനി നിന്നെക്കൊണ്ട് എനിക്കൊരു കാര്യവുമില്ല.. ആ പട്ടീടെ മോൻ നിന്നെ രക്ഷിക്കാൻ വരുമെന്ന് വെറുതെ പ്രതീക്ഷിച്ചു.. ഇനി അവന്റെ തള്ളയെ ഇവിടെ പിടിച്ചു കൊണ്ട് വന്നാലും അവൻ വരില്ല…”

ഷീബ പുച്ഛത്തോടെ ചിരിച്ചു..

“നിങ്ങള് ചവച്ചു തുപ്പിയ ഞാൻ എന്റെ നാട്ടിൽ എങ്ങനെ ജീവിക്കും? ഒരു വേശ്യ ആയി അല്ലെ? “

” കൂടുതൽ ഡയലോഗ് അടിച്ചാൽ നിന്നെ കൊന്ന് ഇവിടെ തന്നെ കുഴിച്ചു മൂടും ഞാൻ.. “

“സമ്മതമില്ലാതെ ആദ്യമായി എന്റെ ദേഹത്ത് തൊട്ട അന്ന് നിങ്ങൾ എന്നെ കൊന്നു കഴിഞ്ഞു…ഇനിയെനിക്ക് ആ പേടി ഇല്ല..”

അവൾ അയാളുടെ നേരെ മുന്നിൽ പോയി കൈകൾ മാറിൽ കെട്ടി നിന്നു.. എരിയുന്ന ചുരുട്ട് സത്യപാലൻ അവളുടെ കണ്ണുകൾക്ക് നേരെ അടുപ്പിച്ചു.. പക്ഷേ അവൾ ഇമ  ചിമ്മാതെ അയാളെ  തന്നെ  നോക്കി…

“നീ  വാ… പോകാം “

“എങ്ങോട്ടാണെന്ന് പറ..”

അയാൾ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു,.. പിടി വിടാതെ  തന്നെ  ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു ചെവിയിൽ  വച്ചു..

“ജോസേ… പിള്ളേര് ആരെയെങ്കിലും ഇങ്ങോട്ട് അയക്കണം… ഈ പെണ്ണിനെ പാലക്കാട്  എത്തിക്കാനാ.. സേഫ് ആയിട്ട്… കേട്ടല്ലോ? സേഫ് ആയിട്ട്…”

ഫോൺ തിരിച്ചു പോക്കറ്റിൽ ഇട്ട് സത്യപാലൻ  അവളുടെ കവിളിൽ ഒന്നുകൂടി മുറുക്കി പിടിച്ചു..

“നിന്റെ തന്തയെയും അങ്ങോട്ടേക്ക് പറഞ്ഞു  വിടാം… നിന്നെ ഇത്രേം നാൾ ഉപയോഗിച്ചതിലുള്ള കുറ്റബോധവും കോപ്പും ഒന്നുമല്ല,  മുന്നിൽ നിന്ന് ഭയമില്ലാതെ സംസാരിക്കുന്നവരെ സത്യപാലന് ബഹുമാനമാ.. മരിക്കാൻ മടിയില്ലാത്ത നിന്നെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല.. അതുകൊണ്ട് മാത്രം…. പാലക്കാട് പൂട്ടിക്കിടക്കുന്ന ഒരു വീട് ഉണ്ട്.. അവിടെ പോയി താമസിച്ചോ.. ഇനി എന്നെ കൊന്നിട്ട് സണ്ണി അവിടെ വരുവാണെങ്കിൽ  നിനക്ക് അവന്റെ കൂടെ ജീവിക്കാം..”

അയാൾ അവളെ പിറകിലേക്ക് തള്ളി… പിന്നെ പുറത്തേക്കിറങ്ങി…

*************

” ഞാനിതു കുറെ ആയി കാണുന്നു.. മിണ്ടാതിരുന്നു എന്നേ ഉള്ളൂ.. “

ദേവരാജൻ കോപത്തോടെ പറഞ്ഞു..

“ആ പെണ്ണ് അവന്റെ ഓഫിസിലെ വെറുമൊരു ജോലിക്കാരിയല്ലേ? എന്തിനാ ഇത്രയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത്?..”

സീതാലക്ഷ്മി ഗുളികകൾ വായിട്ട് ഒരു കവിൾ വെള്ളം കുടിച്ചു..

“കണ്ണന് അവളെ  ഇഷ്ടമാ… വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്.. അതു തന്നെ കാരണം..”

കൂസലില്ലാത്ത ഉത്തരം കേട്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു..

“ഞാനിതിനു സമ്മതിക്കുമെന്ന് നിനക്കു തോന്നുണ്ടോ  സീതേ?  ദേവരാജന്റെ  മോന് കിട്ടിയ ബന്ധം കൊള്ളാം..!”

“നിങ്ങൾ എന്നെ കല്യാണം കഴിക്കാൻ ആലോചിച്ചു വന്നപ്പോൾ എന്റെ ഏട്ടൻ എതിർത്തതാണല്ലോ? എന്നിട്ടും  വിവാഹം നടന്നില്ലേ? കാരണം  നിങ്ങൾക്ക് എന്നെയും എനിക്ക് നിങ്ങളെയും ഇഷ്ടപ്പെട്ടു… അതുപോലെ തന്നെ ഇതും.. ഒന്നിച്ചു ജീവിക്കേണ്ടത് അവരാണ്.. കൊച്ചു കുട്ടികളൊന്നുമല്ല പേടിപ്പിച്ചു മനസ്സ് മാറ്റാൻ..”

“അന്നത്തെ അവസ്ഥയിൽ അല്ല ഞാൻ ഇന്ന്… എനിക്കൊരു അന്തസ് ഉണ്ട്…ഈ കുടുംബത്തിൽ വരാനുള്ള എന്തു യോഗ്യത ആണവൾക്ക് ഉള്ളത്?”

“അതിന് ദേവേട്ടൻ അല്ലല്ലോ കെട്ടുന്നത്? കണ്ണനല്ലേ? അവനിന്ന് സ്വന്തമായി ഒരു ബിസിനസ്‌ ഉണ്ട്.. തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയും ഉണ്ട്.. പിന്നെ അവളുടെ യോഗ്യത… അതിപ്പോൾ കാണിച്ചു തരാം..”

സീതാലക്ഷ്മി ഫോണെടുത്ത് മീനാക്ഷിയെ  വിളിച്ചു… എന്നിട്ട് സ്പീക്കറിൽ ഇട്ടു..

“ഹലോ  അമ്മേ… സോറി.. ഞാൻ കുറച്ചു തിരക്കിലായിരുന്നു.. കുളിച്ചിട്ട് വിളിക്കാമെന്ന് കരുതി..”

“സാരമില്ല മോളേ..”

“അമ്മ ഫുഡ് കഴിച്ചോ?”

“കഴിച്ചു..”

“മെഡിസിനോ?”

“ദാ, ഇപ്പൊ കഴിച്ചതെ ഉള്ളൂ..”

“നാളെയല്ലേ  ചെക്കപ്പിന് പോകേണ്ടത്? അഭി രാവിലെ വരും..ശിവയോട് യദു സാറിന്റെ അടുത്ത് ഇരിക്കാൻ പറ.ഞാൻ ഓഫിസിൽ  നിന്ന് ഉച്ചയ്ക്ക് ഇറങ്ങി അങ്ങോട്ട് പൊയ്ക്കോളാം..”

“ശരി  മോളേ… നീ വല്ലതും കഴിച്ചോ?”

“ഇല്ലമ്മാ.. കഴിച്ചോളാം…”

“എന്നാൽ മോള് കഴിച്ചിട്ട് ഉറങ്ങിക്കോ.. രാവിലെ വിളിക്കാം..”

അവർ ഫോൺ കട്ട് ചെയ്ത് ദേവരാജനെ  നോക്കി..

“ഇതാണവളുടെ യോഗ്യത… ഞാൻ ഏല്പിച്ച ജോലിയൊന്നുമല്ല.. അവളെല്ലാം അറിഞ്ഞു ചെയ്യും.. ദേവേട്ടൻ എന്നോട് ചോദിച്ചോ ഭക്ഷണം കഴിച്ചോ എന്ന്? എനിക്ക് നാളെ ഹോസ്പിറ്റലിൽ പോകേണ്ട കാര്യം അറിയാമോ?. ഇല്ല.. അതിനൊന്നും ദേവേട്ടന് സമയമില്ല… ഞാൻ പരാതി പറയുന്നതല്ല… ബിസിനസും  ശത്രുക്കൾക്കെതിരെയുള്ള പടയൊരുക്കവും നടത്തുന്നതിനിടയിൽ കുടുംബം എന്നത് ദേവേട്ടൻ മറന്നു.. സ്വന്തം താല്പര്യങ്ങൾ മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു  ദേവേട്ടാ… കുട്ടികളെ അവരുടെ വഴിക്ക് വിട്ടേക്ക്..”

അവർ കട്ടിൽ കയറി കിടന്നു… ദേവരാജന് ഒന്നും പറയാൻ പറ്റിയില്ല… ജീവിതത്തിൽ ആദ്യമയാണ് സീതാലക്ഷ്മി  എതിർത്തു സംസാരിക്കുന്നത്… യദുവിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം തന്നോട് ഉള്ള എല്ലാവരുടെയും പെരുമാറ്റത്തിൽ പുച്ഛം കലർന്നത് പോലെ അയാൾക്ക്  തോന്നി… അതിനനുവദിക്കരുത് .. ദേവരാജൻ  അജയ്യനാണ്… ആരുടെ മുൻപിലും തോൽക്കില്ല.. അത് ശത്രുക്കളായാലും സ്വന്തം കുടുംബം ആയാലും,.. അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..

അതേ  സമയം…. സീതാ ട്രാവൽസിന്റെ സ്ലീപ്പർ ബസ് ടൗണിൽ നിന്ന്  ചെന്നൈയിലേക്ക് ഉള്ള യാത്ര തുടങ്ങിയിരുന്നു..യാത്രക്കാരൊക്കെ അവരവരുടെ സീറ്റിൽ ആണെന്ന് ഉറപ്പ് വരുത്തി രാജേഷ്, ഡ്രൈവർ ദാമുവിന്റെ അടുത്ത് വന്നിരുന്നു…

“ദാമുവേട്ടാ ആൾകാർ കുറവാണല്ലോ..?”

“എപ്പഴും ഒരുപോലെ ആവില്ലല്ലോ.. നമ്മുടെ ഡെലിവറിബോയ് കേറിയില്ലേ? “

“ഉണ്ട്… ഫാമിലി ആയി പോകുന്നത് കണ്ടാൽ ആർക്കും സംശയം തോന്നില്ല. നമുക്കല്ലേ അറിയൂ.., “

രാജേഷ് ചിരിച്ചു.. സത്യപാലന്റെ അറിവോടെ വാസവൻ തമിഴ്‌നാട്ടിലേക്ക് കഞ്ചാവ് കടത്തുന്നത് സീതാ ട്രാവൽസ് വഴിയാണ്… കുടുംബം എന്ന വ്യാജേന  ഒരു സ്ത്രീയും പുരുഷനും  കുട്ടിയും കയറും.. അവരുടെ ബാഗുകളിൽ ആണ് കടത്തുന്നത്… ആർക്കും സംശയം തോന്നില്ല…അഥവാ  വഴിയിൽ ശക്തമായ  ചെക്കിങ് ഉണ്ടെങ്കിൽ പോലീസിൽ ജോലി ചെയ്യുന്ന സത്യപാലന്റെ ആളുകൾ മുന്നറിയിപ്പ് കൊടുക്കും.. അതോടെ  ആ കുടുംബം വഴിയിൽ എവിടെങ്കിലും ഇറങ്ങും..

പിന്നിൽ ഒരു സൈറൺ  ശബ്ദം കേട്ട് ദാമു  ഗ്ലാസ്സിൽ നോക്കി…

“പൊലീസാണല്ലോടാ..”

“സൈഡ് കൊടുത്ത് വിട്… ഇല്ലേൽ ആ പേരും പറഞ്ഞ് പെറ്റി അടിക്കും…”

ദാമു  ബസ് സ്ലോ ചെയ്ത് സൈഡ് ഒതുക്കി… മുന്നിൽ കയറിയ പോലീസ് ജീപ്പ് റോഡിന് കുറുകെ നിന്നു.. മറ്റൊരു ജീപ്പ് കൂടി  അങ്ങോട്ട് വന്നു…

“പണി ആണല്ലോ രാജേഷേ… എക്സ്സൈസും ഉണ്ട്….നീയൊന്ന് വാസവൻ സാറിനെ വിളിക്ക്..”

ജീപ്പിൽ നിന്നും പോലീസുകാരും  എക്സൈസു കാരും ഇറങ്ങി ബസിനു അടുത്തെത്തി ഡോറിൽ  തട്ടി… രാജേഷ് തുറന്നു .. രണ്ടു പേർ അകത്തു കയറി.. യാത്രക്കാരിൽ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്നു..

“ലഗേജ്‌ ബോക്സ്‌ തുറന്നേ..” ഒരു പോലീസുകാരൻ  പറഞ്ഞു..

“എന്താ സർ കാര്യം?” രാജേഷ് ചോദിച്ചു.

“കാര്യം പറഞ്ഞാലേ  നീ  തുറക്കൂ?”

അവൻ ഒന്നും മിണ്ടാതെ  ചാവിയുമെടുത്തു പുറത്തിറങ്ങി ബോക്സ്‌ തുറന്നു… ഉറക്കം  ഞെട്ടിയ  യാത്രക്കാരിൽ ചിലർ പുറത്തേക്ക് വന്നു കാര്യമന്വേഷിച്ചു… എക്സ്സൈസുകാർ ബാഗുകൾ ഓരോന്നായി പുറത്തേക്ക് എടുത്തു വയ്ക്കുകയാണ്…

“സാറേ.. നേരം വൈകുന്നു… എന്താ കാര്യമെന്നു പറ… ഇതൊക്കെ യാത്രക്കാരുടെ പേർസണൽ സാധനങ്ങളാ… ചുമ്മാ വലിച്ച് വാരി ഇടാനൊന്നും പറ്റില്ല..”

പോലീസ് ഉദ്യോഗസ്ഥൻ  രാജേഷിന്റെ ഷർട്ടിനു കുത്തിപ്പിടിച്ച് ബസിന്റെ ബോഡിയിൽ ചേർത്ത് വച്ചു ഞെരിച്ചു..

“പുന്നാരമോനേ… ചുമ്മാതൊന്നുമല്ലെടാ.. നിന്റെ വണ്ടിയിൽ കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഇൻഫർമേഷൻ കിട്ടിയിട്ട് തന്നെയാ ഈ  സേർച്ച്‌..പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള ഓർഡറാ… നാവടക്കി നിന്നേക്കണം..ഇല്ലേൽ ജനമൈത്രി ഞാനങ്ങു മറക്കും…”

സാറേ… ഒന്നിങ്ങോട്ട് വന്നേ… എക്സൈസുകാരിൽ ഒരാൾ  വിളിച്ചപ്പോൾ എല്ലാവരും അങ്ങോട്ട് ചെന്നു.. ബ്രൗൺ കളറിലുള്ള  സാമാന്യം വലിയൊരു പെട്ടി.

“ഇതിൽ നിന്നും  എന്തോ നാറ്റം വരുന്നു…”

പോലീസ് ഉദ്യോഗസ്ഥൻ  രാജേഷിനെ നോക്കി..

“ഇതാരുടെ പെട്ടിയാടാ?”

അവൻ അമ്പരപ്പോടെ നിൽക്കുകയാണ്..

“അറിയില്ല സർ.”

ചെകിടടച്ചുള്ള ഒരടി… കാഴ്ച മങ്ങുന്നത് പോലെ രാജേഷിനു തോന്നി..

“അറിയില്ലെന്നോ? യാത്രക്കാരുടെ ലഗേജ്‌ കയറ്റുമ്പോൾ നീ കണ്ടില്ലേ?”

“അപ്പോൾ ഇത് ഉണ്ടായിരുന്നില്ല സർ.”

“ഓ… ഓടുന്ന ബസിന്റെ ബോക്സ്‌ തുറന്ന് പെട്ടി തനിയെ കയറിയതായിരിക്കും അല്ലേ?.. പാസ്സഞ്ചേഴ്‌സിനെ മുഴുവൻ പുറത്തേക്ക് വിളിക്ക്.”

പോലീസുകാർ ബസിൽ കയറി  യാത്രക്കാരെ മുഴുവൻ പുറത്തിറക്കി നിരത്തി നിർത്തിച്ചു..

“ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം… ഈ പെട്ടിയുടെ ഉടമസ്ഥൻ ആരാ?”

ആളുകൾ പരസ്പരം നോക്കി..

“ആളില്ലാത്ത പെട്ടിയോ?  എടോ അത് തുറക്ക്…”

എക്സ്സൈസുകാരൻ പണിപ്പെട്ട്  ലോക്ക് തകർത്തു പെട്ടി തുറന്നു.അസഹ്യമായ ദുർഗന്ധം പുറത്തേക്ക് പരന്നു.. എല്ലാവരും മൂക്ക് പൊത്തി… അതിലേക്ക് നോക്കിയ എക്സ്സൈസുകാരൻ ഒരലർച്ചയോടെ പിറകോട്ടു മാറി…ഓഫിസറും മറ്റു പോലീസുകാരും  അതിലേക്ക് നോക്കി.. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ജീർണിച്ച ഒരു ശവ ശരീരം…എത്തി വലിഞ്ഞു നോക്കി ആ കാഴ്ച കണ്ട യാത്രക്കാരിൽ ചിലർ മാറി  നിന്ന് ഒക്കാനിച്ചു…

“എന്താടാ ഇത്? “കർച്ചീഫ് കൊണ്ട് മൂക്ക് പൊത്തി ഓഫിസർ  രാജേഷിനോട് ചോദിച്ചു… അവനൊന്നും മനസിലായില്ല.. അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ അടിച്ചു.. വാസവൻ ആണ്… സംസാരിക്കാൻ പോലും കഴിയാതെ  രാജേഷ്  ബസ്സിന്റെ ചവിട്ടു പടിയിലേക്ക് തളർന്നിരുന്നു,..

(തുടരും )..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!