Skip to content

സൗപ്തികപർവ്വം – 18

സൗപ്തികപർവ്വം

പുൽപള്ളി – വയനാട്…

    സ്കൂൾ  വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്ന അഭിമന്യു  എന്ന എട്ടാം ക്ലാസുകാരന്റെ മനസ്സ് ശൂന്യമായിരുന്നു.. എന്തു കൊണ്ട് മറ്റു കുട്ടികളെപ്പോലെ ചിരിക്കാനും കളിക്കാനുമൊന്നും തനിക്കു പറ്റുന്നില്ല എന്ന ചോദ്യത്തിന് അവനുത്തരം കണ്ടെത്തി കഴിഞ്ഞു…. അവർക്കുള്ളതോന്നും തനിക്കില്ല… ചോദിക്കുന്നതൊക്കെ വാങ്ങിക്കൊടുക്കുന്ന അച്ഛൻ, സ്നേഹമൂട്ടുന്ന അമ്മ, ഇണങ്ങാനും പിണങ്ങാനും സഹോദരങ്ങൾ.. ഒന്നുമില്ല…

യൂണിഫോമിന്റെ നീല പാന്റ് ഇടാത്തതിന് ഇന്നും ഉഷ ടീച്ചർ ക്ലാസിന്റെ പുറത്തു നിർത്തി..

“കുട്ടികളായാൽ  അനുസരണ വേണം…നിനക്കു മാത്രമെന്താ പ്രത്യേകത? എല്ലാരും യൂണിഫോം ഇട്ടിട്ടല്ലേ വരുന്നത്? സ്വന്തം ഇഷ്ടം നോക്കാനൊന്നും നീ  വളർന്നിട്ടില്ല..”

ടീച്ചർ വഴക്കു പറയുമ്പോൾ  മറ്റു കുട്ടികളുടെ മുഖത്ത് പരിഹാസച്ചിരി  കണ്ടു.. ആകെയുള്ള പാന്റ് ആണിത്.. യൂണിഫോം വാങ്ങാനുള്ള പൈസ ഇല്ല .. തന്റെ അവസ്ഥയൊക്കെ ടീച്ചറോട് പണ്ടേ പറഞ്ഞിട്ടും പിന്നെന്തിന് ഇങ്ങനെ അപമാനിക്കുന്നു?..

സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള നടത്തം അവന് ഏറ്റവും പ്രിയപ്പെട്ടതാണ്… തനിയെ

..വഴിയരികിലെ മരങ്ങളോടും  പൂച്ചെടികളോടും  സംസാരിച്ചു കൊണ്ട്.. ചിലപ്പോൾ പള്ളിയുടെ അടുത്തുള്ള ഗ്രൗണ്ടിൽ പോയി ഇരിക്കും.. അവിടെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടാകും.. ഒന്ന് രണ്ടു പ്രാവശ്യം അവനും  കൂടി… പക്ഷേ പുതിയ ബാറ്റും ബോളും വാങ്ങാനുള്ള പൈസയ്ക്ക് അവന്റെ പങ്ക് ആവശ്യപ്പെട്ടപ്പോൾ മുതൽ കളി  നിർത്തി കാഴ്ചക്കാരൻ ആയി,..

സമപ്രായക്കാരായ കുട്ടികൾ ഒരുപാട് പേരുണ്ടായിരുന്നു അന്നും ഗ്രൗണ്ടിൽ… തണൽ വിരിച്ചു നിൽക്കുന്ന ഒരു കൂറ്റൻ മരത്തിനു കീഴിൽ അവൻ വളരെ  പതിയെ ഇരുന്നു.. അതിന് കാരണവുമുണ്ട്.. പാന്റിന്റെ ബട്ടൻസ് ഏതു നിമിഷവും പൊട്ടും എന്ന നിലയിലാണ്…ശ്രദ്ധിച്ചില്ലെങ്കിൽ നാണം കെടും.. ഇന്ന്   വ്യാഴാഴ്ച ആണല്ലോ  എന്നവൻ ഓർത്തു…സ്വാമിയേട്ടൻ വരുന്ന ദിവസം… അഭിമന്യുവിന്റെ മനസ്സിൽ  കുളിരു വീണു…

ആ നാട്ടിൽ ഡ്രെസ്സുകൾ വീടു തോറും  നടന്നു തവണ വ്യവസ്ഥയിൽ വിളിക്കുന്ന ആളാണ് സ്വാമിനാഥൻ..ഏതു ഡ്രസ്സ്‌ വേണമെങ്കിലും പറഞ്ഞാൽ  അടുത്ത ആഴ്ച്ച വരുമ്പോൾ അയാൾ കൊണ്ട് വരും.. അവിടെയുള്ള മിക്ക വീടുകളിലും സ്വാമിനാഥന്റെ റോസ് നിറത്തിലുള്ള ഒരു കാർഡ് ഉണ്ടാകും.. ഗണപതി ടെക്സ്റ്റെയിൽസ് എന്ന് മുകളിൽ പ്രിന്റ് ചെയ്ത ആ കാർഡിൽ ഓരോ ആഴ്ചയും കൊടുക്കുന്ന കാശ് സ്വാമിനാഥൻ  എഴുതി ചേർക്കും.. പിന്നെ തന്റെ ഡയറിയിലും…. ഒരിക്കലും കണക്കു പറഞ്ഞു വാങ്ങില്ല… എത്രയാണോ കൈയിൽ ഉള്ളത്, അത് കൊടുക്കാം… ആ കാരണത്താൽ തന്നെ  നാട്ടുകാർക്ക് അയാളെ വലിയ കാര്യമാണ്… തമിഴൻ ആണെങ്കിലും മലയാളം നന്നായി സംസാരിക്കും….കുട്ടിക്കാലം മുതൽ കേരളത്തിൽ തന്നെ ജോലി ചെയ്യുന്നതിനാലാണ്…

ഡ്രെസ്സുകൾ നിറച്ച കെട്ട് അയാൾ തുറക്കുന്നത് കാണാൻ തന്നെ അഭിമന്യുവിന് ഒത്തിരി ഇഷ്ടമാണ്..പല തരം വസ്ത്രങ്ങൾ വൃത്തിയായി അടുക്കി വച്ചിട്ടുണ്ടാകും… ശ്രദ്ധാപൂർവം ഓരോന്നും എടുത്ത് ആവശ്യക്കാർക്ക് മുൻപിൽ നിരത്തി വയ്ക്കും…മുറുക്കി ചുവന്ന ചുണ്ടുകളിൽ എന്നും പുഞ്ചിരി ഉണ്ടാകും… അഭിമന്യുവിനെ അയാൾക്ക് ഒരുപാട് ഇഷ്ടമാണ്… അച്ഛനും അമ്മയുമില്ലാത്ത കുട്ടി എന്ന സഹതാപം ആയിരിക്കാം കാരണം… അവന് സ്വന്തമെന്ന് പറയാൻ  അമ്മമ്മ, അതായത് അമ്മയുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു….. മാതാപിതാക്കളെ കണ്ട ഓർമ പോലുമില്ല.. അവന് മൂന്ന് വയസുള്ളപ്പോൾ ഉരുൾ പൊട്ടലിൽ മരിച്ചു എന്നാണ് അമ്മമ്മ പറഞ്ഞിട്ടുള്ളത്… ആ ഒറ്റമുറി വീട്ടിൽ അച്ഛന്റെയോ അമ്മയുടെയോ ഒരു ഫോട്ടോ പോലും ഇല്ല…

“ആരുമില്ലാത്ത കുട്ടിയാ.. എനിക്കെന്തെങ്കിലും  സംഭവിച്ചാൽ ഇവനെങ്ങനെ ജീവിക്കും എന്നാലോചിക്കുമ്പോ നെഞ്ചിൽ തീയാ..”

ചവിട്ടു പടിയിൽ ഇരുന്ന് സ്വാമിയേട്ടൻ കൊടുത്ത മുറുക്കാൻ ചവച്ചു കൊണ്ട് അമ്മമ്മ പറയുന്നത് കേട്ടിട്ടുണ്ട്..

“ഒരുപാട് ആളുണ്ടായിട്ടൊന്നും കാര്യമില്ല അമ്മാ.. നമ്മള് കരയുമ്പോൾ, സാരമില്ല പോട്ടെ എന്ന് ആശ്വസിപ്പിക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ മതി.. പിന്നെ, ഈ ലോകത്ത് എല്ലാവരും തനിച്ചു തന്നെയല്ലേ? ബാക്കിയൊക്കെ വെറും സങ്കൽപം…”

വായിലെ ചുവന്ന  നീര് വെള്ള ഷർട്ടിൽ വീഴാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ഒരു തത്വജ്ഞാനിയെ പോലെ സ്വാമിയേട്ടൻ പറയും…സൂര്യന് താഴെയുള്ള എന്തിനെ കുറിച്ചും സ്വാമിയേട്ടന് അറിയാമെന്ന് അഭിമന്യുവിന് തോന്നിയിട്ടുണ്ട്.. കച്ചവടത്തിന് വേണ്ടി പല നാടുകളിലൂടെയുള്ള അലച്ചിലിനിടയിൽ കരസ്ഥമാക്കിയതാവാം ഈ അറിവുകൾ..

ആ നാട്ടിൽ വന്നാൽ ഏറ്റവും കൂടുതൽ സമയം അയാൾ ഇരിക്കുന്നതും അഭിമന്യുവിന്റെ വീട്ടിലാണ്… ഓണത്തിനോ വിഷുവിനോ മാത്രമേ  അമ്മമ്മ തുണി വാങ്ങാറുള്ളു.. എങ്കിലും എല്ലാ ആഴ്ചയും  സ്വാമിനാഥൻ അവിടെ വന്നു കുശലം പറയും.. കഴിഞ്ഞയാഴ്ച വന്നപ്പോൾ നീല കളർ പാന്റ് കൊണ്ടുവരണം എന്ന് അമ്മമ്മ പറഞ്ഞിരുന്നു… കഠിനമായ ശ്വാസം മുട്ടൽ കുറച്ച് ശമിക്കുമ്പോൾ  വല്ലപ്പോഴും അവർ  കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ രണ്ടുപേരും കഴിയുന്നത്…വാടകയും വീട്ടു സാധനങ്ങൾ വാങ്ങുകയും  ചെയ്താൽ  ഒന്നും മിച്ചമുണ്ടാകില്ല എന്നറിയുന്നതിനാലാണ് യൂണിഫോമിന്റെ കാര്യം പറഞ്ഞ്  അവൻ അമ്മമ്മയെ ബുദ്ധിമുട്ടിക്കാതെയിരുന്നത്… പക്ഷേ ഇപ്പോൾ ക്ലാസിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയതോടെ വേറെ വഴിയില്ലാതായി….

ഗ്രൗണ്ടിന്റെ അങ്ങേയറ്റത്തു തലയിൽ  തുണിക്കെട്ടുമായി സ്വാമിനാഥൻ നടന്നു വരുന്നത് കണ്ടപ്പോൾ അവന്റെ മനസ്സിൽ ആഹ്ലാദം അലതല്ലി… നാണക്കേടിനു അവസാനമായിരിക്കുന്നു.. നാളെ മുതൽ  ആരുടേയും കളിയാക്കൽ  കേൾക്കണ്ട.. കുനിഞ്ഞ തലയുമായി ക്ലാസിനു വെളിയിൽ നിൽക്കുകയും വേണ്ട..

“മോനിന്ന് സ്കൂളിൽ പോയില്ലേ?” സ്വാമിനാഥൻ  ചോദിച്ചു..

“പോയി… അന്ന് പറഞ്ഞത് കൊണ്ടുവന്നോ സ്വാമിയേട്ടാ?”

“പിന്നെ ഞാനത് മറക്കുമോ? വാ  വീട്ടിലേക്ക് പോകാം…”

സ്വാമിനാഥൻ മുന്നിലും അവൻ പിന്നിലുമായി നടന്നു… അവിടുന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നാൽ അവന്റെ വീടെത്തി.. വീതികുറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ സ്വാമിനാഥൻ ചോദിച്ചു..

“നന്നായി പഠിക്കുന്നില്ലേ മോൻ?”

“ആ..”

“പഠിച്ചു കഴിഞ്ഞ് ആരാവാനാ ആഗ്രഹം?”

“സ്വാമിയേട്ടനെ പോലെ “

അയാൾ പൊട്ടിച്ചിരിച്ചു…

“എന്നെപ്പോലെ ആകാനാണോ സ്കൂളിൽ പോകുന്നത്? ഇത് നല്ല തമാശ ..”

“ഞാൻ സത്യമാ പറഞ്ഞേ.. സ്വാമിയേട്ടന് എല്ലായിടത്തും പോകാം… ട്രെയിനിൽ കേറാം… എന്റെ വല്യ ആഗ്രഹമാ തീവണ്ടിയിൽ  പോകുക എന്നത്….”

അയാൾ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു.. പക്ഷേ അഭിമന്യുവിന്റെ വീടിനടുത്തെത്തിയപ്പോൾ ആ  ചിരി നിന്നു.. ഇടവഴിയിലൂടെ  അവന്റെ വീട്ടു മുറ്റത്തേക്ക് ഓടിക്കയറുന്ന നാട്ടുകാരെ കണ്ടപ്പോൾ രണ്ടുപേരുടെയും മനസിൽ അപായമണി അടിച്ചു.

“വേഗം വാ  മോനേ…” സ്വാമിനാഥൻ  ഓടിതുടങ്ങി.. പിന്നാലെ അവനും..

വരാന്തയിലെ  തറയിൽ വിരിച്ച പായയിലേക്ക് അമ്മമ്മയെ അയല്പക്കക്കാർ കിടത്തുന്നതും  ഒരു വെള്ള മുണ്ട് പുതപ്പിക്കുന്നതും കണ്ടപ്പോൾ  സ്വാമിനാഥന്റെ മനസ്സിൽ വേദനയും അഭിമന്യുവിന്  ഒരുതരം മരവിപ്പും അനുഭവപ്പെട്ടു…

“പണീം കഴിഞ്ഞ്, താഴത്തെ  തോട്ടിൽ കാല് കഴുകി കൊണ്ടിരിക്കുകയായിരുന്നു.. പെട്ടെന്നാ കുഴഞ്ഞു  വീണത്..തുണി അലക്കികൊണ്ടിരുന്ന പെണ്ണുങ്ങളുടെ നിലവിളി കേട്ട് ഞങ്ങൾ ഓടിച്ചെന്ന് എടുത്ത് അക്കരെ ആശുപത്രിയിൽ കൊണ്ടുപോയി.. അവിടെത്തുമ്പോഴേക്കും…..”

അയൽക്കാരൻ  കുഞ്ഞാലിക്ക , സ്വാമിനാഥനോട് പറയുന്നത്   അഭിമന്യു കേട്ടു..അമ്മമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ് അവൻ.. ഇപ്പോൾ താൻ തീർത്തും അനാഥനായി  എന്ന സത്യം അവന് മനസിലായി… ഇനി ആരുമില്ല… ആരും.. വീടിന്റെ ഇത്രയും അടുത്ത് താൻ ഉണ്ടായിട്ടും അമ്മമ്മ വീണതും ആശുപത്രിയിൽ കൊണ്ടുപോയതുമൊന്നും താൻ അറിഞ്ഞില്ല.. സ്കൂളിലേക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം കൊള്ളില്ല എന്ന് പറഞ്ഞ് ഇന്ന് രാവിലെ പിണങ്ങിയിട്ടാണ് അവൻ  ഇറങ്ങിയത്,.. അവസാനമായി  ഒന്ന് മിണ്ടാൻ പോലും പറ്റിയില്ലല്ലോ എന്ന ചിന്ത മനസ്സിൽ വന്നപ്പോൾ അവനറിയാതെ  മിഴികൾ തുളുമ്പി….

“ഇങ്ങനെ വച്ചോണ്ടിരുന്നാൽ മതിയോ?”  ഒരാൾ ചോദിച്ചു..

“എവിടെ ദഹിപ്പിക്കും?. ഇത് വാടകവീടല്ലേ?  അതുമാത്രമല്ല  ഇവിടൊട്ട് സ്ഥലവുമില്ല… ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാ ഈ  നാട്ടിൽ ഒരു പൊതു ശ്മശാനം  വേണമെന്ന് പണ്ട് ഞാൻ പറഞ്ഞത്.”

വേറൊരാൾ…

“രാമാ… അതുമിതും പറയാനുള്ള നേരമല്ല  ഇത്.. എന്താണൊരു വഴി? അതാലോചിക്ക്..”

നാട്ടുകാർ കൂടിയാലോചിച്ചു,. ഒടുവിൽ ആ  വാടകവീടിന്റെ പിറകിലെ സ്ഥലത്തിന്റെ ഉടമസ്ഥൻ  ജോണിക്കുട്ടി സന്മനസ്സ് കാട്ടി.. അദ്ദേഹത്തിന്റെ പറമ്പിന്റെ ഒരു കോണിൽ  അഭിമന്യുവിന്റെ ശേഷിച്ച കുടുംബ ബന്ധം എരിഞ്ഞടങ്ങി…

ആളുകളെല്ലാം പിരിഞ്ഞു പോയി. സ്വാമിനാഥനും  പോയേ തീരൂ.. അയാൾ  അവന്റെ അടുത്ത് വന്നിരുന്നു…എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയില്ലായിരുന്നു… എല്ലാം നഷ്ടപ്പെട്ടവനു വാക്കുകളിൽ നിന്നും ഒരിക്കലും ആശ്വാസം കിട്ടില്ല… അയാൾ അവന്റെ കൈ പിടിച്ചമർത്തി…

“തളരരുത്… ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ.. ഇപ്പൊ തളർന്നാൽ  നീ  തോറ്റു പോകും..”

അത്ര മാത്രം പറഞ്ഞു കൊണ്ട് അയാൾ  എഴുന്നേറ്റു നടന്നു…

ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ നിന്ന് പരിഹസിക്കുന്നത് പോലെ അഭിമന്യുവിന് തോന്നിത്തുടങ്ങി…. ആദ്യത്തെ കുറച്ചു ദിവസങ്ങൾ  അടുത്തുള്ളവർ ഭക്ഷണം എത്തിച്ചു… പിന്നെ അത് കുറയാൻ തുടങ്ങി… അവരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവങ്ങളാണ് ചുറ്റും… ഇടയ്ക്കൊരു ദിവസം സ്വാമിനാഥൻ  വന്ന് രണ്ടു ജോഡി ഡ്രസ്സും കുറച്ചു കാശും അവന് നൽകി… ആ പൈസയുടെ കൂടെ  അമ്മമ്മയുടെ പെട്ടിയിൽ ഉണ്ടായിരുന്നതും  ചേർത്തു വാടക കൊടുത്തു.. പിന്നെയൊന്നും അവശേഷിച്ചില്ല…

വിശപ്പ് എന്ന വികാരം മാത്രം ബാക്കിയായപ്പോൾ അടുത്തുള്ള ഒരു തോട്ടത്തിൽ പണിക്ക് പോയിതുടങ്ങി… നാലാമത്തെ  ദിവസം കാലിൽ  മരക്കമ്പ് തറഞ്ഞു കയറി…… മരുന്ന് വച്ചു കെട്ടി തനിക്കു ഈ വിധി തന്ന ദൈവത്തെ പഴിച്ചു കൊണ്ട് വീടിനു മുന്നിൽ ഇരിക്കുമ്പോഴാണ് സ്വാമിനാഥൻ  വീണ്ടും വന്നത്..

അയാൾ അവനെതന്നെ നോക്കി നിന്നു.. അവന്റെ സുന്ദരമായ  മുഖം കരുവാളിച്ചിരുന്നു.. പെട്ടെന്നു പ്രായമായത് പോലെ…സ്കൂളിൽ പോകുന്നത് നിർത്തി എന്നുകൂടി അറിഞ്ഞപ്പോൾ അയാൾക്ക് സങ്കടം സഹിച്ചില്ല…

“മോൻ വല്ലതും കഴിച്ചോ?”

അവൻ ഇല്ല എന്നു തലയാട്ടി.. സ്വാമിനാഥൻ  അടുക്കളയിൽ കയറി  നോക്കി..ഒഴിഞ്ഞ കുറെ പാത്രങ്ങൾ അല്ലാതെ ആഹാരസാധനങ്ങൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല..അയാൾ  കുറച്ചു നേരം ആലോചിച്ചു… പിന്നെ അവന്റെ അടുത്ത് ചെന്നു..

“എന്റെ കൂടെ വരുന്നോ?”

അഭിമന്യു അയാളെ  നോക്കി…

“എവിടേക്ക്?”

“ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക്…”

അവനൊന്നും മിണ്ടിയില്ല.. തീരുമാനങ്ങൾ എടുക്കാൻ പോലുമുള്ള ശേഷി അവനുണ്ടായിരുന്നില്ല എന്നതാണ് സത്യം.

“എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുക്ക്.. ഞാൻ അപ്പുറത്തെ വീട്ടിലുള്ളവരോട് പറഞ്ഞിട്ട് വരാം..”

കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല,..ഒരു ചെറിയ സഞ്ചിയിൽ ഉൾകൊള്ളിക്കാവുന്ന സ്വത്തുമായി  അഭിമന്യു  അയാളുടെ കൂടെ  നടന്നു… ആദ്യം അവന് വയറു നിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു..പിന്നെ യാത്ര തുടങ്ങി.. വയനാട് നിന്ന് കോഴിക്കോട് വരെ  ബസ്സിൽ… അവിടുന്ന് റെയിൽവേ സ്റ്റേഷനിലേക്ക്,.. ജീവിതത്തിൽ ആദ്യമായി അവൻ  ട്രെയിൻ നേരിൽ കാണുകയായിരുന്നു… കൗണ്ടറിൽ ടിക്കറ്റ് വാങ്ങാൻ നിന്ന  സ്വാമിനാഥൻ പറയുന്നത് അവൻ  കേട്ടു..

“രണ്ടു താരാപുരം..” … അവൻ ആ പേര് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു….

ഓടുന്ന ട്രെയിനിന്റെ സൈഡ് സീറ്റിൽ പുറം കാഴ്ചകളിലേക്ക് അത്ഭുതത്തോടെ കണ്ണും നട്ടിരിക്കുമ്പോൾ അഭിമന്യു അറിഞ്ഞില്ല തന്റെ  ജീവിതം മാറ്റിമറിക്കുന്ന ഒരു യാത്രയായിരിക്കും അതെന്ന്..

താരാപുരം…. ഒരു കൊച്ചു നഗരമായിരുന്നു  അത്… ഒരു സൈഡ് മുഴുവൻ ഫാക്ടറികൾ

അതിനടുത്ത് പുഴ.. അതിന്റെ അപ്പുറത്ത് ടൌൺ… പിന്നെ ഹൗസിങ് ഏരിയ. ചെറുതും വലുതുമായ  നിരവധി വീടുകൾ…ഫാക്ടറി ജോലിക്കാരുടെ കോളനി…ജനസംഖ്യയുടെ പകുതിയും തമിഴ്നാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് വന്നവരായിരുന്നു…. ആ കോളനിയിലെ ഒരു ചെറിയ വീട്ടിലേക്കാണ് സ്വാമിനാഥൻ അവനെയും കൊണ്ട് പോയത്…. വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല…

ഒരു കിടപ്പു മുറി, അടുക്കള, ബാത്റൂം. ഇതായിരുന്നു ആ  വീട്… കിടപ്പ് മുറിയുടെ ഒരു വശത്ത്   മരത്തിന്റെ സ്റ്റൂളിൽ ഒരു ചെറിയ വിളക്ക്.. അതിന് പിറകിൽ മഹാലക്ഷ്മിയുടെയും സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും  ഫോട്ടോകൾ..

“ഇനി മുതൽ  ഇതാണ്  മോന്റെ വീട്… സ്കൂളിൽ ചേർത്തു പഠിപ്പിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്.. പക്ഷേ ഇപ്പോൾ നിവൃത്തിയില്ല.. എന്നാലും പട്ടിണി കിടക്കേണ്ടി വരില്ല…”

സ്വാമിനാഥൻ  വ്യസനത്തോടെ പറഞ്ഞു… അന്നാണ്  സ്വാമിനാഥന്റെ  കഥ അവനറിയുന്നത്.. തമിഴ്നാട്ടിലെ കാരക്കുടി ആണ്  സ്വദേശം… അച്ഛന്റെയും അമ്മയുടെയും കൂടെ  നന്നേ ചെറുപ്പത്തിലേ താരാപുരത്ത് വന്നു.. സെപ്റ്റിക് ടാങ്കുകൾ  വൃത്തിയാക്കുന്ന തൊഴിലായിരുന്നു അവർക്ക്… അച്ഛന് വയ്യാതായപ്പോൾ  സ്വാമിനാഥൻ  തുണിക്കച്ചവടത്തിന് ഇറങ്ങി… മാതാപിതാക്കളെ നാട്ടിലേക്ക് തിരിച്ചയച്ച് അയാൾ കേരളത്തിൽ തന്നെ  താമസമാക്കി.. വിവാഹം കഴിച്ചത് തമിഴ്നാട്ടിൽ തന്നെയാണ്…. നാല് വർഷം മുൻപ് അച്ഛനും, ഒന്നര വർഷം മുൻപ് അമ്മയും മരിച്ചു… രോഗിയായ ഭാര്യയുടെ ചികിത്സാചിലവിനു തന്നെ  ബുദ്ധിമുട്ടുകയാണ് ആ  പാവം മനുഷ്യൻ…ഒരു മകളുമുണ്ട്…

                   സ്വാമിനാഥൻ ആദ്യം ചെയ്തത്  അത്യാവശ്യം ഭക്ഷണം പാകം ചെയ്യാൻ അഭിമന്യുവിനെ പഠിപ്പിക്കുക എന്നതാണ്… അതിനു കാരണവും  ഉണ്ട്.. കച്ചവടത്തിനു വേണ്ടിയുള്ള യാത്രക്കിടയിൽ പലപ്പോഴും അയാൾക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാറുണ്ട്… ആ സമയത്ത് അവൻ കഷ്ടപ്പെടരുത്…. അവന് പക്ഷേ അയാൾക്കൊരു ബാധ്യത ആവാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല…ആ നാട്ടിൽ ചെന്നു നാല് മാസം കഴിഞ്ഞപ്പോൾ  അയാളെ പറഞ്ഞു സമ്മതിപ്പിച്ച് അവനും കച്ചവടത്തിനിറങ്ങി… വസ്ത്രങ്ങൾക്ക് പകരം  കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളായിരുന്നു എന്ന് മാത്രം..

രാവിലെ  ഒരുമിച്ചു തന്നെ  രണ്ടുപേരും  ജോലിക്ക് ഇറങ്ങും.. ബസ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും വീടുകളിലുമൊക്കെ  കളിപ്പാട്ടങ്ങളുമായി അവൻ അലഞ്ഞു നടക്കും.. കാര്യമായ വരുമാനം ഒന്നുമുണ്ടാകാറില്ല.. പക്ഷേ കിട്ടുന്നതിനെ കൊണ്ട് വീട്ടിലേക്ക് ആവശ്യമായ  എന്തെങ്കിലും വാങ്ങുന്നതിൽ അവന് അഭിമാനം തോന്നി…

മാസത്തിൽ ഒരു ദിവസം സ്വാമിനാഥൻ അവനെയും കൊണ്ടു ടൗണിൽ പോകും… ഒരു സിനിമ,. ബീച്ചിലൂടെ  കറക്കം.. രാത്രി ഹോട്ടലിൽ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം.. ഇതാണ്  ആ രണ്ടുപേരുടെയും ജീവിതത്തിലെ  ആകെയുള്ള ആഡംബരം…. ചിലപ്പോഴൊക്കെ അയാൾ പഴയ  വീര സാഹസിക കഥകളൊക്കെ പറയും.. മദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ രജനീകാന്തിനെ കാണാൻ വേണ്ടി ഒളിച്ചു കയറി പോലീസ് പിടിച്ചതും  ജയലളിതയുടെ പാർട്ടിക്കാരൻ ആയതിനാൽ  തല്ലു കിട്ടാതെ രക്ഷപ്പെട്ടതും    നാട്ടിലെ സകല പ്രശ്നങ്ങളും ഒത്തു തീർപ്പാക്കാൻ എല്ലാവരും തന്നെ വിളിക്കുന്നതുമെല്ലാം അഭിമാനത്തോടെ പറയുമ്പോൾ  അവൻ ശ്രദ്ധപൂർവം  കേൾക്കും… എല്ലാ കഥകളുടെയും അവസാനം അവനുള്ള ഉപദേശം ആയിരിക്കും…

“നാളെ  നീ ജീവിതത്തിൽ ജയിക്കും…നിനക്കും ഒരുപാട് ആളുകൾ ഉണ്ടാകും..അപ്പൊ എല്ലാർക്കും നല്ലത് ചെയ്യണം.. എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ  അഭിമന്യുവിനെ വിളിക്കാമെന്ന് അവർ ചിന്തിക്കണം.. പണക്കാരൻ ആകുന്നതല്ല,ആരുടെയെങ്കിലും പ്രാർത്ഥനയിൽ നമ്മളും ഉൾപ്പെട്ടാൽ അതു  മതി…”

അഭിമന്യു തലയാട്ടും.. അവന്റെ ഭാവിയെപ്പറ്റി അവന് ശുഭപ്രതീക്ഷയൊന്നും ഇല്ലെങ്കിലും സ്വാമിനാഥന് ഉണ്ടായിരുന്നു… അവനെ കൈപിടിച്ചുയർത്താൻ ആരെങ്കിലും വരുമെന്ന് അയാൾ പ്രത്യാശിച്ചു…

കുറച്ച് നാളുകൾക്ക് ശേഷം ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന വിവരമറിഞ്ഞപ്പോൾ  അയാൾ കാരക്കുടിക്ക് പോയി.. അപ്രതീക്ഷിതമായിരുന്നതിനാൽ  വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചു വയ്ക്കാൻ അയാൾ മറന്നു പോയി… കയ്യിൽ മിച്ചമിരുന്ന പൈസ അയാൾ വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു കൊടുത്തതിനാൽ അഭിമന്യുവിന്റെ നില പരിതാപകരമായി.. കച്ചവടം വളരെ കുറവ്.. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി തുടങ്ങി….

മനസും ശരീരവും ഒരുപോലെ വരണ്ടുപോയ ഒരു ദിവസം.. റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി കച്ചവടം നടത്തി എന്ന പേരിൽ പോലീസുകാരൻ അടിച്ചോടിച്ചതിനെ തുടർന്ന് അവൻ  വീടുകളിലേക്ക് നടന്നു… ആരും കളിപ്പാട്ടങ്ങൾ വാങ്ങിയില്ല.. വിശപ്പുകാരണം തലകറങ്ങി തുടങ്ങി…. അവസാന ശ്രമമെന്ന നിലക്ക് ഒരു വീട്ടിലേക്ക് കയറി കാളിങ് ബെൽ അടിച്ചു.. കുറെ നേരം  നിന്നിട്ടും ആരും വരാതായപ്പോൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതാണ്.. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു.. സുന്ദരിയായ ഒരു യുവതി പുറത്തേക്ക് വന്നു…അവൻ പെട്ടെന്ന് തന്നെ കളിപ്പാട്ടങ്ങൾ സഞ്ചിയിൽ നിന്നെടുത്തു നീട്ടി…

“ഒന്നും തേവയില്ലൈ തമ്പീ…” അവൾ പുഞ്ചിരിയോടെ പറഞ്ഞു..

“എന്തെങ്കിലും ഒന്ന് വാങ്ങ് ചേച്ചീ…പത്തു രൂപയെ ഉള്ളൂ..”

അവൻ അപേക്ഷിച്ചു..

“ആഹാ.. മലയാളി ആയിരുന്നോ? സോറി.. സാധാരണ ഇവിടൊക്കെ വില്പനയ്ക്ക് വരുന്നവരൊക്കെ തമിഴന്മാരാ.. അതാണ് തമിഴ് പറഞ്ഞത്.. കളിപ്പാട്ടം അല്ലാതെ വേറെന്തെങ്കിലും ഉണ്ടോ?”

“ഇല്ല…”

“ഇവിടെ കുട്ടികളൊന്നും ഇല്ല… പിന്നെ വാങ്ങിച്ചിട്ട് എന്തു ചെയ്യാനാ?”

അഭിമന്യുവിന്റെ മുഖം വാടി… അവൻ മെല്ലെ നടക്കാൻ തുടങ്ങി..

“എടോ… പോവല്ലേ… എന്തായാലും ഒരെണ്ണം തന്നേക്ക്..”

അവൾ പുഞ്ചിരിയോടെ പറഞ്ഞു… പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ഒരു ചെറിയ പാവയാണ്  അവൾ എടുത്തത്.. പത്തു രൂപ വാങ്ങി പോക്കറ്റിൽ ഇടുമ്പോൾ അടുത്ത ചോദ്യം വന്നു..

“ഇന്ന് കച്ചവടം കുറവാണോ… സാധനങ്ങൾ നിറയെ ഉണ്ടല്ലോ?”

“ആർക്കും വേണ്ട ചേച്ചീ… റെയിൽവേ സ്റ്റേഷനിൽ കുറെ നേരം നടന്നു…പോലീസിന്റെ അടി കൊണ്ടത് മിച്ചം… ദേ കണ്ടില്ലേ..”

അവൻ തിരിഞ്ഞു നിന്ന് ഷർട് പൊക്കി.. നടുവിന് കുറുകെ മുളവടി കൊണ്ടടിച്ച ചുവന്ന പാട്..

“അയ്യോ… എന്തിനാ അടിച്ചത്?”

“സാധനം വിൽക്കാനെന്ന പേരിൽ ട്രെയിനിൽ കയറുന്നത് മോഷ്ടിക്കാനാണെന്ന് പറഞ്ഞിട്ടാ…”

അവന്റെ കണ്ണുകൾ നിറഞ്ഞു….

“എന്താ മോന്റെ പേര്?”

“അഭിമന്യു..”

“നാടെവിടാ…?”

“വയനാട്..”

“ആഹാ… അവിടുന്ന് എങ്ങനെ ഇവിടെത്തി?”

അവൻ തലകുനിച്ചു നിന്നു..

“ശരി.. പറയാൻ ഇഷ്ടമല്ലെങ്കിൽ വേണ്ട..”

“അങ്ങനൊന്നും ഇല്ല.. കുറച്ചു വെള്ളം തരാമോ?”

അവന്റെ തളർന്ന മുഖത്തേക്ക് അവൾ ഒരുനിമിഷം നോക്കി നിന്നു..

“കേറി വാ..”

“വേണ്ട ചേച്ചീ… ഇവിടെ നിന്നോളാം..”

“ഗമ കാണിക്കാതെ അകത്തേക്ക് വാ..”

അവൾ നിർബന്ധിച്ചപ്പോൾ അഭിമന്യു വീടിനുള്ളിൽ കയറി..ഡൈനിങ് റൂമിൽ അവനെ ഇരുത്തിയ ശേഷം അവൾ അടുക്കളയിൽ പോയി… അഞ്ചു മിനിറ്റിനുള്ളിൽ അവന്റെ മുന്നിൽ ഒരു പ്ളേറ്റിൽ ഭക്ഷണം  എത്തി..

“എനിക്ക് വെള്ളം മാത്രം മതി..”

“അതെന്താ  ഊണ് കഴിച്ചിട്ടാണോ വന്നത്?”

അവനൊന്നും മിണ്ടിയില്ല.. ചോറിന്റെയും കറികളുടെയും മണമടിച്ചപ്പോൾ തന്നെ വായിൽ നിന്നും വെള്ളമൂറി തുടങ്ങിയിരുന്നു..പിന്നെ മടിച്ചില്ല… ആർത്തിയോടെ  കഴിച്ചു…

“ഇവിടെ ആരുടെ കൂടെയാ താമസം?”

കഴിച്ച്  കൈ കഴുകി വന്നപ്പോൾ അവനെ പിടിച്ചിരുത്തി അവൾ ചോദിച്ചു.

“സ്വാമിയേട്ടന്റെ..”

“അത് മോന്റെ ആരാ?”

അവൻ പരുങ്ങി.. എന്ത് പറയണം എന്നറിയില്ല… ഒടുവിൽ തന്റെ കഥകളെല്ലാം അവളോട് വിവരിച്ചു കൊടുത്തു.കഷ്ടിച്ച് പതിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു  കുട്ടിയുടെ അനുഭവങ്ങൾ വേദനയോടെ അവൾ കേട്ടിരിക്കുകയായിരുന്നു..

“ഞാൻ പോട്ടേ ചേച്ചീ…? “

“ഒരു മിനിറ്റ്…” അവൾ അകത്തു പോയി നൂറു രൂപ എടുത്ത് കൊണ്ടുവന്ന് അവന്റെ പോക്കറ്റിൽ വച്ചു കൊടുത്തു..

“വേണ്ട… എനിക്ക് ഭക്ഷണം തന്നില്ലേ? അത് മതി..”

“സാരമില്ല.. കയ്യിൽ വച്ചേക്ക്.. ഇനി എപ്പോൾ വിശന്നാലും  ഇങ്ങോട്ട് വന്നോ.. ചിലപ്പോൾ ഞാൻ ഉണ്ടാകില്ല.. അപ്പുറത്തെ വീട്ടിൽ ഒരു ആന്റിയുണ്ട്.. അവരോട് പറഞ്ഞാൽ മതി.. ഇവിടെ വന്നു ഫുഡ്‌ എടുത്തു തരും..”

അവൻ തലയാട്ടി….

“ചേച്ചിയുടെ പേരെന്താ…?” മടിയോടെ അവൻ ചോദിച്ചു..

“വൈശാലി… ഞാനിവിടുത്തെ സ്കൂളിൽ  ടീച്ചറാ…”

അഭിമന്യു  യാത്ര പറഞ്ഞിറങ്ങി.. പിന്നെ കുറച്ചു ദിവസം കഷ്ടപ്പാട് തന്നെയായിരുന്നു.. വീടിനടുത്തുള്ള കടയിലെ ഫോണിലേക്ക് ഒരു ദിവസം സ്വാമിനാഥൻ  വിളിച്ച് അവനോട് സംസാരിച്ചു.. ഭാര്യ മരിച്ചു പോയെന്നും കുറച്ചു നാളുകൾ കൂടി കഴിഞ്ഞിട്ടേ തിരിച്ചു വരൂ എന്നും അയാൾ പറഞ്ഞു.. അതു വരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി ഉപദേശിക്കുകയും  ചെയ്തു… ഒറ്റയ്ക്കുള്ള ജീവിതം ശീലമായിക്കഴിഞ്ഞതിനാൽ  അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല….

രാവിലെ എഴുന്നേറ്റു കുളിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിക്കും…ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കുടിച്ച് കച്ചവടത്തിന് ഇറങ്ങും…ടൗണിൽ  സായിബാബയുടെ ആശ്രമത്തിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും…. അതുകൊണ്ട് രാത്രിഭക്ഷണത്തിനുള്ള  വക മാത്രം കണ്ടെത്തിയാൽ മതി… ഒരു ദിവസം പതിവ് പോലെ ഉച്ചയ്ക്ക് ആശ്രമത്തിലേക്ക് നടക്കുകയായിരുന്നു അഭിമന്യു.. തലേന്ന് മുതൽ  ആരംഭിച്ച പനിയും ചുമയും കാരണം കച്ചവടത്തിന് പോയിട്ടില്ലായിരുന്നു….പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി..

“അഭിമന്യൂ…”

അവൻ  തിരിഞ്ഞു നോക്കി.. വൈശാലി ടീച്ചർ..

“താനെവിടെ പോകുവാ?”

അവൻ  ആശ്രമത്തിന് നേരെ കൈ  ചൂണ്ടി.. അവന്റെ മുഖത്തു നിന്നും വൈശാലി  കാര്യങ്ങൾ ഗ്രഹിച്ചെടുത്തു….അതുകൊണ്ട് കൂടുതലൊന്നും  ചോദിച്ചില്ല..

“നല്ലയാളാ… താൻ വരുമെന്ന് കരുതി  ഞാനെല്ലാ ദിവസവും ഫുഡ് ഉണ്ടാക്കി വെക്കും… പിന്നെ അങ്ങോട്ട്‌ കണ്ടതേ ഇല്ലല്ലോ… എന്ത് പറ്റി?”

അവനൊന്ന് ചിരിച്ചു…

“വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന് കരുതിയാ ടീച്ചറേ..”

“ഒരുനേരത്തെ ഭക്ഷണം തരുന്നത് എനിക്കൊരു ബുദ്ധിമുട്ടുമില്ല..പിന്നെ സാറിന് ആശ്രമത്തിലെ ആഹാരം മാത്രമേ ഇഷ്ടമാകൂ  എങ്കിൽ ഒന്നും പറയാനില്ല..”

അവനെന്തോ പറയാൻ തുടങ്ങിയതും  ഒരു  ചുമ  വാക്കുകളെ  വിഴുങ്ങി…

“എന്തു പറ്റി മോനേ? സുഖമില്ലേ?”  അവൾ  വേവലാതിയോടെ ചോദിച്ചു..

“ഒന്നുമില്ല… ചെറിയ ചുമ..”

വൈശാലി അടുത്ത് വന്ന് അവന്റെ നെറ്റി തൊട്ടു നോക്കി…

“നല്ല പനിയുണ്ടല്ലോ?.. നീ  വാ..”

തടയും  മുൻപേ അവന്റെ കൈ പിടിച്ച് അവൾ  മുന്നോട്ട് നടന്നു.. ആദ്യം കണ്ട ഓട്ടോയിൽ കയറി  നേരെ ഹോസ്പിറ്റലിലേക്ക്… ഡോക്ടറെ കാണിച്ച്  തിരിച്ച് അതേ ഓട്ടോയിൽ വരുമ്പോൾ അവൻ മെല്ലെ പറഞ്ഞു..

“എന്നെ ആ കോളനിയിൽ ഇറക്കി വിട്ടാമതി  ടീച്ചർ..”

“അത് ഞാൻ തീരുമാനിച്ചോളാം… മിണ്ടാതിരിക്ക് ചെറുക്കാ.”

അവൾ  ദേഷ്യപ്പെട്ടു.. ഓട്ടോ നേരെ പോയത് വൈശാലിയുടെ  വീട്ടിലേക്ക് ആണ്.. അടച്ചിട്ടിരുന്ന ഒരു മുറി തുറന്ന് അവൾ  കട്ടിലിൽ പുതിയ ബെഡ്ഷീറ്റ് വിരിച്ചു…

“ഇവിടെ കിടന്നോ..”

“അയ്യോ അതൊന്നും വേണ്ട..”

“ഡോക്ടർ പറഞ്ഞത്  നീയും കേട്ടതല്ലേ…? റസ്റ്റ്‌ എടുക്കണമെന്ന്… ഈ  വെയിലത്ത് ഒന്നും കഴിക്കാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കൊണ്ടാ അസുഖം പിടിച്ചത്… പറയുന്നത് അനുസരിക്ക്…”

അവൻ മെല്ലെ കിടന്നു.. വൈശാലി ഒരു പുതപ്പെടുത്ത് അവന്റെ കഴുത്തു വരെ പുതപ്പിച്ചു..

“ഞാനിപ്പോ വരാം..” അവൾ  പുറത്തിറങ്ങി..  കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ പൊടിയരിക്കഞ്ഞിയുമായി അവൾ തിരിച്ചെത്തി…

“ഇതൊന്നും വേണ്ട ..”

“ഞാൻ ഒരു ടീച്ചറാ… അനുസരണക്കേട് കാട്ടിയാൽ നല്ല അടി തരും…എഴുന്നേറ്റിരിക്ക് “

അവൾ തന്നെ കഞ്ഞി സ്പൂണിൽ കോരി വായിൽ വച്ചു കൊടുത്തു… അവന്റെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ വൈശാലി അമ്പരന്നു..

“എന്ത് പറ്റി മോനേ..?. എന്തിനാ കരയുന്നെ?”

“ഞാൻ…എനിക്ക് ഇതുവരെ ഇങ്ങനെ ആരും…. “

അവൻ കരഞ്ഞു പോയി.. അവൾ അലിവോടെ സാരിത്തുമ്പ് കൊണ്ടു അവന്റെ കണ്ണുകൾ തുടച്ചു…

“എനിക്കും ഇങ്ങനെ കൊടുക്കാൻ ആരും ഇല്ല.. അതുകൊണ്ടാ നിന്നോട് ഇത്രയും ഇഷ്ടം…”

“ചേച്ചിയുടെ അച്ഛനും അമ്മയുമെല്ലാം എവിടെ?”

“എനിക്ക് നിന്റെ പ്രായമുള്ളപ്പോൾ അമ്മ മരിച്ചു…. അച്ഛൻ വേറെ കല്യാണം കഴിച്ചതോടെ ആ  വീട്ടിൽ നിൽക്കാൻ എനിക്ക് ഇഷ്ടമില്ലാതായി… അങ്ങനെ വീടു വിട്ടിറങ്ങിയതാ..ഒരുപാട് സ്ഥലങ്ങളിൽ ജോലി ചെയ്തു.. ഒടുവിൽ ഇവിടെ എത്തി..”

“അപ്പൊ ഒറ്റയ്ക്കാണോ ഈ  വീട്ടിൽ താമസം?”

“അതെ..”

“പേടി തോന്നാറില്ലേ?”

“എന്തിന്? ആദ്യമൊക്കെ ഉണ്ടായിരുന്നു..പിന്നെ മാറി…പക്ഷേ ചിലപ്പോൾ തോന്നും കൂടെപ്പിറപ്പുകൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്..”

ഒരു നിമിഷം എന്തോ ആലോചിച്ച് അവളൊന്ന് നെടുവീർപ്പിട്ടു… രണ്ടു ഗുളികകൾ കൂടി അവനെ കഴിപ്പിച്ച ശേഷം  പാത്രങ്ങളും എടുത്ത് എഴുന്നേറ്റു..

“കണ്ണടച്ച് ഉറങ്ങിക്കോ…ഞാൻ പുറത്തുണ്ട്..”

“ടീച്ചർ എന്തിനാ എനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നെ?”

അവൻ നിഷ്കളങ്കമായി  ചോദിച്ചു…

“ആരുമില്ലാത്തവരുടെ ദുഃഖം മനസിലാകുന്നത്  കൊണ്ട്..”

അവൾ പറഞ്ഞു…

“ഞാൻ ചേച്ചീ  എന്നു തന്നെ  വിളിച്ചോട്ടെ…?”

അവൻ തെല്ലു മടിയോടെ ചോദിച്ചു…വൈശാലി  അടുത്ത് വന്ന് അവന്റെ കവിളിൽ  തലോടി…

“മതി… ചേച്ചീ എന്ന് വിളിച്ചാൽ മതി…”

ആ മുഖത്തെ പുഞ്ചിരി വേറെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നവൻ ആലോചിച്ചു… പെട്ടെന്ന് തന്നെ ഉത്തരവും കിട്ടി…സ്വാമിയേട്ടന്റെ വീട്ടിൽ… വിളക്കിന് പിറകിലെ ഫോട്ടോയിലെ മഹാലക്ഷ്മിക്കും,  ചേച്ചിക്കും ഒരേ മുഖമാണെന്ന് അത്ഭുതത്തോടെ അവൻ  തിരിച്ചറിയുകയായിരുന്നു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!