Skip to content

സൗപ്തികപർവ്വം – 24

സൗപ്തികപർവ്വം

കാലൊച്ച  കേട്ട് മീനാക്ഷി  വായന  നിർത്തി തലയുയർത്തി  നോക്കി.. മുറ്റത്തേക്ക് നടന്നു വരുന്ന  അഭിമന്യു..അവൾ എഴുന്നേറ്റു…ഷൂസ് അഴിച്ചു വച്ച്  അവൻ ഉമ്മറത്തു കയറി..

“അച്ഛനും അമ്മയും?”

“ഉറങ്ങി… ഹോസ്പിറ്റലിൽ പോയി വന്നപ്പോഴേക്കും ഒത്തിരി വൈകി.. നല്ല ക്ഷീണം ഉള്ളത് കൊണ്ട് പെട്ടെന്ന് കിടന്നു..”

മീനാക്ഷി അടുക്കളയിലേക്ക് നടന്നു. പിന്നാലെ അഭിമന്യുവും… ചോറും കറികളും  അവന്റെ മുന്നിൽ വച്ചിട്ട് അവളും  ഇരുന്നു..

“നീ കഴിച്ചോടീ?”

“ഉം..”

അവൻ കഴിച്ചു തീരുന്നത് വരെ അവൾ  നോക്കി ഇരുന്നു… അതിന് ശേഷം പാത്രങ്ങൾ എടുത്ത് സിങ്കിൽ ഇട്ടു.. അവൻ കൈ കഴുകി  ലീവിങ് റൂമിൽ ഇരുന്നു.. അടുത്ത് തന്നെ  അവളും…

“മീനൂ…”  നീണ്ട മൗനത്തിനു ശേഷം  അഭിമന്യു വിളിച്ചു… അവൾ  മുഖമുയർത്തി നോക്കി..

“എന്നോട് ദേഷ്യമുണ്ടോ?”

“ഇല്ല..എന്തിന്? “

“കൂടെ നിന്ന് ചതിച്ചതിന്..”

“അഭീ… നിനക്ക് നിന്റേതായ കാരണങ്ങൾ ഉണ്ടാവും.. ഞാനതിലൊന്നും അഭിപ്രായം പറയില്ല.. എന്നാലും നെഞ്ചു പൊട്ടുന്ന വേദന തോന്നിയിട്ടുണ്ട്,.. ചിരിയും കളിയും കുസൃതികളും നിറഞ്ഞ ആ ജീവിതം ഇനി ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ കരഞ്ഞിട്ടുണ്ട്…”

അവൻ തല താഴ്ത്തി ഇരുന്നു…

“നീ അനുഭവിച്ചതൊക്കെ ആർക്കും താങ്ങാനാവാത്തത് തന്നെയാണ്… നിന്റെ പ്രതികാരത്തിൽ ന്യായവും ഉണ്ട്.. പക്ഷേ നീ  ഒന്നോർത്തിട്ടുണ്ടോ… അവർ  സ്വന്തം ലാഭത്തിന് വേണ്ടി കൊച്ചു കുട്ടികളുടെ ശരീരം ഉപയോഗിച്ചു… നീയോ? നിന്റെ ലക്ഷ്യത്തിന് വേണ്ടി ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിച്ചു,… ശരീരത്തിന് ഏറ്റ മുറിവുകൾ കാലം മായ്ച്ചേക്കാം… പക്ഷേ മനസ്സ് തകർന്നാൽ അതു സഹിക്കാൻ പറ്റില്ലെടാ… ഞാൻ ആ വേദന അനുഭവിച്ചതാ… അതുകൊണ്ട് തന്നെ ശിവാനിയെ മറ്റാരെക്കാളും എനിക്ക് മനസിലാകും…”

അഭിമന്യു ഒന്നും മിണ്ടിയില്ല..

“ഒരു തെറ്റും ചെയ്യാത്ത നിന്റെ ചേച്ചിയോടും മാധവേട്ടനോടും അവർ കാണിച്ച അതേ ക്രൂരതയല്ലേ  നീ ശിവാനിയോട് കാണിക്കുന്നത്? അവളുടെ അച്ഛനോടുള്ള പക മനസിലാക്കാം… അവളെന്തു തെറ്റ് ചെയ്തു? നീ കണ്ണേട്ടന്റെയും സീതാമ്മയുടെയും  എന്റെയുമൊക്കെ മുന്നിൽ അഭിനയിച്ചതിന് കുറ്റം പറയുന്നില്ല.. പക്ഷേ ശിവാനി… ആ കണ്ണീരിന് നിന്റെ നഷ്ടങ്ങളുടെ അത്ര തന്നെ  വിലയുണ്ട്…”

“മീനൂ… നീ പറഞ്ഞതൊക്കെ സത്യമാണ്… പ്രതികാരം ചെയ്യാൻ വേണ്ടി തന്നെയാ ഞാൻ എല്ലാവരുടെയും ജീവിതത്തിൽ  ഇടിച്ചു കയറിയത്.. അതിനുള്ള വഴികളായിരുന്നു നിങ്ങൾ എല്ലാവരും… ശിവയോടുള്ള അടുപ്പവും അങ്ങനെ തന്നെ ആയിരുന്നു.. പക്ഷേ എപ്പോഴോ അതു മറന്ന് ഞാനവളെ സ്നേഹിച്ച് തുടങ്ങി… എന്നാൽ ഇപ്പോൾ അതു ഞാനായിട്ട് തന്നെ വേണ്ടെന്നു വയ്ക്കുകയാ… സ്വന്തം അച്ഛനെ കൊല്ലാൻ വന്നവനെ ഉൾകൊള്ളാൻ ആർക്കും കഴിയില്ല…”

അവൻ  എഴുന്നേറ്റ് പുറത്തിറങ്ങി… മീനാക്ഷി ഓടി ചെന്ന് കയ്യിൽ പിടിച്ചു..

“അഭീ… കൂടപ്പിറപ്പിന്റെ സ്നേഹം ഞാൻ നിനക്കും, നീ എനിക്കും തന്നിട്ടുണ്ട്.. ആ  സ്വാതന്ത്ര്യത്തിൽ ചോദിക്കുകയാ… ഇതെല്ലാം നിർത്തിക്കൂടെ? നിന്റെ കഥകളൊക്കെ അറിഞ്ഞിട്ടും ഇത് പറയുന്നത്  തെറ്റാണെന്ന് അറിയാം…. എന്നാലും.. നമുക്ക് ഇവരെ നിയമത്തിനു വിട്ടു കൊടുത്താൽ പോരേ?. ചോരക്കളി  വേണോ? കൊന്നു തള്ളി നേടുന്ന വിജയത്തിന് എന്തർത്ഥമാണുള്ളത്..?”

അവൻ ഒന്ന് ചിരിച്ചു…

“താരാപുരത്ത്  കാമഭ്രാന്ത് പിടിച്ച കുറേ പട്ടികളാൽ  തകർന്നു പോയ പത്തോളം പെൺകുട്ടികൾ ഉണ്ടായിരുന്നു.. അതിൽ പലരും  ഇത്രയും വർഷം കഴിഞ്ഞിട്ടും ആ ഷോക്കിൽ നിന്ന് പുറത്തു വന്നിട്ടില്ല… എന്റെ കുഞ്ഞനിയത്തി അനിത… പന്ത്രണ്ടു വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സെക്സ് എന്താണെന്ന് പോലും അറിയാത്ത പ്രായം… രക്തത്തിൽ കുളിച്ചു മരണം കാത്തു കിടന്ന അവൾ അവസാനമായി വിളിച്ചത് “അണ്ണാ ” എന്നാണ്… പിന്നെ ഒരു ബന്ധവും ഇല്ലാഞ്ഞിട്ടും സ്വന്തം പോലെ, ഒരു കുറവും വരുത്താതെ  എന്നെ സ്നേഹിച്ച മാധവേട്ടനും വൈശാലി ചേച്ചിയും.. ചേച്ചിയുടെ വയറ്റിലെ, ഞങ്ങൾ എല്ലാവരുടെയും സ്വപ്നമായിരുന്ന കുഞ്ഞ്.. ഇവരോട് നീതി കാണിക്കാത്ത നിയമത്തിൽ  ഞാൻ വിശ്വസിക്കണോ? ഇല്ല മീനൂ…ഒരിക്കലും ഇല്ല… ഇതൊക്കെ അവസാനിക്കണമെങ്കിൽ  ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ ദേവരാജനും സൈന്യവും… ആരെങ്കിലും മരിച്ചു വീഴണം. അതു വരെ  തുടരും …. താരാപുരത്തെ  വീടിന് മുൻപിൽ കാടുപിടിച്ചു കിടക്കുന്ന അസ്ഥിത്തറ ഉണ്ട്… എന്റെ ചേട്ടന്റെയും ചേച്ചിയുടെയും… പിന്നെ ഒരു കൊച്ചു കുഴിമാടത്തിൽ ഞങ്ങളുടെ വാവയും… ഇവരെയൊക്കെ  വേരോടെ നശിപ്പിച്ച ശേഷം എനിക്ക് അവിടെ പോയി ഒരു വിളക്ക് കൊളുത്തണം, എന്നിട്ട് അഭിമാനത്തോടെ പറയണം, ഒരിക്കൽ നിഷേധിക്കപ്പെട്ട നീതി  ഞാൻ നേടിയെടുത്തെന്ന്.. അതിന് വേണ്ടി മാത്രമാ  ഇത്രയും വർഷമായി ജീവിക്കുന്നത് തന്നെ… തടയരുത്… ഇനി ചിലപ്പോൾ ഒരു കൂടിക്കാഴ്ച്ച ഉണ്ടായെന്നു വരില്ല…. “

അവൻ മുറ്റത്തിറങ്ങി ഇരുളിലേക്ക് മറഞ്ഞു… ഒഴുകിയിറങ്ങിയ  കണ്ണുനീർ തുടച്ച് മീനാക്ഷി അവിടെ ഇരുന്നു.. അതു വരെ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന പുസ്തകത്തിലെ വരികളിൽ അവളുടെ കണ്ണുകളുടക്കി…

‘യുദ്ധത്തിന്റെ വിജയലഹരിയിൽ  മതിവിട്ടുറങ്ങിയിരുന്ന പാണ്ഡവ പക്ഷക്കാരെ ഇരുട്ടിന്റെ മറവിൽ  കൂമന്മാർ കാക്കക്കൂട്ടത്തെയെന്നവണ്ണം  അവർ ആക്രമിച്ചു..കിരീടാവകാശികളായ ദ്രൗപതിയുടെ അഞ്ചു പുത്രന്മാരും ധൃഷ്ടദ്യുമ്‌നനും ശിഖണ്ഡിയും കൊല്ലപ്പെട്ടു..പടനിലം മുഴുവൻ  തിരഞ്ഞിട്ടും പാണ്ഡവരെ കണ്ടെത്താൻ കഴിഞ്ഞില്ല..തീയിൽ പെട്ട് സകലരും മരിക്കട്ടെ എന്ന ദുഷ്ടചിന്തയിൽ പടകുടീരങ്ങൾക്ക്  തീയിട്ടാണ് അവർ മടങ്ങിയത്…പ്രതികാരമടങ്ങിയ സംതൃപ്തിയിൽ അവർ  അത്യാസന്ന നിലയിൽ ചേറ്റിൽ പൂണ്ടു കിടന്ന ദുര്യോധനന്റെ  സമീപത്തേക്ക് ചെന്നു..അവരെ കണ്ടതും  ദുര്യോധനന്റെ തളർന്ന മുഖത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പ്രകടമായി..

അശ്വത്ഥാമാവ് പറഞ്ഞു : ഞങ്ങൾ  കൊന്നു…ധൃഷ്ടധ്യുമ്‌നനും അവന്റെ പുത്രന്മാരും ശിഖണ്ഡിയും പാഞ്ചാലിയുടെ അഞ്ചു പുത്രന്മാരും എന്റെ കയ്യാൽ തന്നെ  അവസാനിച്ചു..

അതു കേട്ടതും  സന്തോഷത്തോടെ  ദുര്യോധനൻ പ്രതിവചിച്ചു..

‘വളരെ  നന്നായി അശ്വത്ഥാമാവേ..നിന്റെയീ വാക്കുകൾ കേട്ട് എനിക്ക് വളരെ സന്തോഷം തോന്നുന്നു.ഭീഷമർക്കും ദ്രോണർക്കും ചെയ്യാൻ കഴിയാത്തതാണ്  നീ  ചെയ്തത്.കർണനെക്കാൾ  വീരനാണ് നീ..പാണ്ഡവ വംശത്തിനു അറുതി വരുത്തിയ വീരാ..നിന്നെ എത്ര പ്രശംസിച്ചാലും എനിക്ക്  മതി വരില്ല.’

മഹാഭാരതം- സൗപ്തിക പർവം   അധ്യായം  നാല്..

അവൾ പുസ്തകം അടച്ചു വച്ചു… ആദ്യമായി  ഓഫിസിലേക്ക് വന്ന പുഞ്ചിരിക്കുന്ന മുഖമുള്ള അഭിമന്യു  അല്ല ഇപ്പോൾ… അടങ്ങാത്ത പകയുമായി പാണ്ഡവശിബിരത്തിലേക്ക് ഇരച്ചു കയറിയ അശ്വത്ഥാമാവ്…. അവനെ തടയാൻ ആർക്കും സാധിക്കില്ല… കുറ്റപ്പെടുത്താനും കഴിയില്ല… മീനാക്ഷി കണ്ണുകൾ ഇറുക്കിയടച്ച്  പിന്നോട്ട് ചാരിയിരുന്നു….

*************

മൊബൈലിൽ അഭിമന്യുവിന്റെ ഫോട്ടോ നോക്കിയിരിക്കുകയായിരുന്നു ശിവാനി..പണ്ടൊരിക്കൽ ഓഫീസിൽ വച്ചെടുത്തതാണ്.. മീനാക്ഷിയുടെ ചെയറിൽ ഇരുന്ന്  ജിൻസിയോട് എന്തോ തമാശ പറയുകയാണ് അവൻ.. അടുത്ത ഫോട്ടോ ഒരു സെൽഫി ആയിരുന്നു. കാറിനുള്ളിൽ നിന്നെടുത്തത്.. തന്റെ കവിളിൽ ചുംബിക്കുന്ന അഭിമന്യു…ഒരു കരച്ചിൽ അവളുടെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നു…എന്തിനായിരുന്നു അഭീ  നീ എന്നോടിങ്ങനെ ചെയ്തത്?എന്നോട് കാണിച്ച സ്നേഹം വെറും അഭിനയമായിരുന്നോ? എങ്ങനെ മനസ്സ് വന്നെടാ  നിനക്ക്…?

അവൾ നിശബ്ദം കരഞ്ഞു… യദുകൃഷ്ണൻ അവളുടെ അരികിൽ വന്നിരുന്നു…

“മോളേ ശിവാ..”

അവൾ  മുഖം തുടച്ചു കൊണ്ട് എഴുന്നേറ്റു.

“എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം  എന്ന് ഏട്ടനും അറിയില്ല… പക്ഷേ നീ ഇതേ ഇരിപ്പ് തുടർന്നാൽ  കാണുന്ന അമ്മയുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? ആ പാവം ആകെ തകർന്നിരിക്കുകയാണ്… ഒരുവശത്ത് അച്ഛൻ… ഇപ്പുറത്ത് നീ…”

“എനിക്ക് ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല ഏട്ടാ… നമ്മുടെ അഭി… “

ശിവാനി   യദുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല മോളേ… പക്ഷേ സത്യം ഉൾകൊണ്ടല്ലേ പറ്റൂ.. നിന്നെ അവർ കൊണ്ടുപോയ ദിവസമാണ്  മീനാക്ഷി  അഭിയും നീയുമായുള്ള ബന്ധത്തെ കുറിച്ച് എന്നോട് പറഞ്ഞത്… ഒത്തിരി സന്തോഷം തോന്നി.. അവനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക്.. “

യദുവിന്റെ ശബ്ദത്തിൽ വേദന  നിറഞ്ഞു..

“അഭിമന്യു എഴുതിയ കഥയിലെ അഭിനേതാക്കൾ ആയിരുന്നു നമ്മൾ എന്നറിഞ്ഞപ്പോൾ അവനോട് ദേഷ്യം തോന്നിയതാ.. പക്ഷേ അവൻ അനുഭവിച്ചതൊക്കെ വച്ചു നോക്കുമ്പോൾ നമ്മളോട് കാണിച്ചതിൽ തെറ്റ്‌ പറയാൻ പറ്റുമോ ശിവാ? നമ്മുടെ അച്ഛൻ കാരണം എത്ര പേരുടെ ജീവിതമാ നശിച്ചേ?  ആ പാപത്തിന്റെ പങ്കു പറ്റി വളർന്നവരല്ലേ  ഞാനും  നീയുമൊക്കെ?..”

“ഇതിന്റെ അവസാനം എന്തായിരിക്കും?”

“അറിയില്ല… ഒരു യുദ്ധമാണ് നടന്നു കൊണ്ടിരിക്കുന്നത്.. ആരു ജയിക്കുമെന്ന് പറയാൻ എനിക്ക് കഴിയില്ല..”

“ആര് ജയിച്ചാലും തോറ്റാലും നഷ്ടം നമുക്കല്ലേ ഏട്ടാ.?”

അവളെ ആശ്വസിപ്പിക്കാൻ യദുവിന്റെ പക്കൽ  വാക്കുകളൊന്നും ഉണ്ടായിരുന്നില്ല.. കുറച്ച് നേരം കൂടി അവിടിരുന്ന ശേഷം അവൻ ശിവാനിയെ നിർബന്ധിച്ചു പുറത്തേക്ക് കൂട്ടി കൊണ്ടുപോയി… മുറ്റത്ത്  അമ്മയും അമ്മാവൻ നാരായണനും  ഇരിക്കുന്നുണ്ടായിരുന്നു.. സീതാലയത്തിൽ നിന്ന് ഇറങ്ങിയപ്പോൾ നേരെ തറവാട്ടിലേക്കാണ് അവർ  വന്നത്…..

“കണ്ണാ.. അച്ഛനെകുറിച്ച് ഒന്നന്വേഷിക്കണേ..”

അപേക്ഷ പോലെ സീതാലക്ഷ്‌മി പറഞ്ഞു..

“എന്തിന്? അച്ഛന്റെ കൂടെ സത്യപാലനും, എന്തിനും തയ്യാറായ  ആളുകളും ഉണ്ട്..”

യദുവിന്റെ സ്വരം കടുത്തു..

“ആ മനുഷ്യനെ കുറിച്ച് വേവലാതിപ്പെടാൻ അമ്മയ്ക്ക് എങ്ങനെ കഴിയുന്നു? “

അവർ  പതിയെ എഴുന്നേറ്റ് അവന്റെ കൈയിൽ പിടിച്ചു..

“അത് എന്റെ  കുഴപ്പമല്ല കണ്ണാ… എത്ര ക്രൂരനായാലും  ദ്രോഹി ആയാലും ഒരിക്കൽ സ്നേഹിച്ച പുരുഷൻ നശിക്കുന്നത് ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല… മോനേ… നീ പറ്റുമെങ്കിൽ അഭിയെ ഒന്ന് കാണണം.. അവന്റെ പ്രതികാരാഗ്നിയിൽ എല്ലാം വെന്തു വെണ്ണീറായിക്കോട്ടെ.. പക്ഷേ അച്ഛന്റെ ജീവൻ മാത്രം ബാക്കി വയ്ക്കാൻ അമ്മയ്ക്ക് വേണ്ടി അപേക്ഷിക്കണം… ആയുസ്സ് തീരും വരെ  അദ്ദേഹം ജയിലിൽ കിടന്നാലും എനിക്ക് പ്രശ്നമില്ല.. പക്ഷേ ജീവനോടെ ഉണ്ടായാൽ മതി..”

യദുകൃഷ്ണൻ ഒന്നും മിണ്ടാതെ  പുറത്തേക്ക് പുറത്തിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു…

**************

നെന്മാറ – പാലക്കാട്‌…

     ജനൽ കമ്പിയിൽ പിടിച്ച്,   പരന്നു കിടക്കുന്ന പാടത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്  സത്യപാലൻ.. വാസവൻ ഇനിയില്ല എന്ന സത്യം ഉൾകൊള്ളാൻ പ്രയാസമായിരുന്നു. വലം കൈ ആണ്  അഭിമന്യു വെട്ടി മാറ്റിയത്..പോലീസ് അന്വേഷിക്കുന്ന കുറ്റവാളി കൊല്ലപ്പെട്ട നിലയിൽ  എന്നായിരുന്നു പത്രങ്ങളിലും ചാനലുകളിലും വാർത്ത.. ഫാമും അത് നിൽക്കുന്ന സ്ഥലവും ബിനാമി പേരിലായത് കൊണ്ട് മുതലാളി ഇത്തവണ പെട്ടില്ല.. രേഖകളിൽ  തെലുങ്കനായ ശ്രീനിവാസൻ ആണ്  സ്ഥലമുടമ.. അയാളെ കണ്ടെത്താൻ കേരളാപോലീസ് ഒത്തിരി വിയർക്കും…ഫോൺ ബെൽ അടിച്ചു… ദേവരാജനാണ്..

“സത്യാ… നീ എവിടെയാ?”

“പാലക്കാട്..”

“ഇങ്ങോട്ട് വരുന്നില്ലേ? വാസവനെ കാണണ്ടേ  നിനക്ക്.?”

“വേണ്ട..  എനിക്കത് കാണാൻ വയ്യ..പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇടുക്കിക്ക് കൊണ്ടു പോകാനുള്ള ഏർപ്പാട് ജോസ് ചെയ്യും.. അവന്റെ പ്രായമായ  തള്ള അവിടുണ്ട്… കുറച്ച് കാശ് കൊടുക്കണം.. ചത്തത് നമുക്ക് വേണ്ടിയാ..”

“അതൊക്കെ ചെയ്യാം.. നീ പെട്ടന്ന് ഇങ്ങോട്ട് വാ…”

ദേവരാജന്റെ ശബ്ദത്തിൽ കുറച്ച് ഭയം ഉള്ളത് പോലെ അയാൾക്ക് തോന്നി… അന്നത്തെ വാക്കേറ്റത്തിന് ശേഷം ദേവരാജന്റെ സ്വഭാവം മയപ്പെട്ടിരുന്നു.. കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന തിരിച്ചറിവാണ് കാരണം..

“ഞാൻ മോർച്ചറിയിൽ പോയിരുന്നു…കണ്ടാൽ സഹിക്കില്ലെടാ.. ഇത്രയും ബ്രൂട്ടലായി ഒരാളെ കൊല്ലാൻ ആ  ചെറുക്കന് പറ്റുമോ? “

സത്യപാലൻ ഉറക്കെ ചിരിച്ചു.

“നീയെന്താ ചിരിക്കുന്നെ?”

“എല്ലാത്തിനും കൂട്ടു നിൽക്കുക എന്ന കുറ്റം മാത്രം ചെയ്ത വാസവനെ ഇങ്ങനെ കൊന്നെങ്കിൽ, എല്ലാം ചെയ്യിച്ച മുതലാളിയെയും  ചെയ്ത  എന്നെയും ഒക്കെ അവൻ  എങ്ങനാ കൊല്ലുക എന്ന് ചിന്തിച്ചു പോയി. നമ്മുടെ മുൻപിൽ ഒറ്റ വഴിയേ ഉള്ളൂ.. എത്രയും പെട്ടെന്ന് അവനെ തീർക്കുക. ഇല്ലെങ്കിൽ ഈ ലോകത്ത് ഇന്നേവരെ ആർക്കും കിട്ടാത്ത അത്രയും ദാരുണമായ മരണം ആയിരിക്കും നമ്മുടേത്..”

“എല്ലായിടത്തും തേടുന്നുണ്ട്…. അവനെ കിട്ടും…”

“ഞാനിന്ന് രാത്രി അവിടെത്തും… ബാക്കി നേരിട്ട് സംസാരിക്കാം.. മുതലാളി ഫോൺ വച്ചോ..

ഫോൺ  പോക്കറ്റിൽ ഇട്ട് സത്യപാലൻ തിരിഞ്ഞപ്പോൾ കയ്യിൽ ഒരു കപ്പ് ചായയുമായി  മുന്നിൽ ഷീബ…കുളി കഴിഞ്ഞ് തോർത്ത്‌ മുടിയിൽ ചുറ്റി വച്ചിട്ടുണ്ട്..

“കുടിക്ക്.” അവൾ  കപ്പ് നീട്ടി. സത്യപാലൻ അത് വാങ്ങി മേശപ്പുറത്തു വച്ചു.. പിന്നെ അവളുടെ അരക്കെട്ടിൽ പിടിച്ച് അടുപ്പിച്ചു..

“നിനക്ക് എന്നെ കൊല്ലാൻ തോന്നുന്നില്ലേ?”

“എന്തിന്?”

“നിന്റെ ജീവിതം നശിപ്പിച്ചതിന്..”

“തോന്നിയിരുന്നു… പക്ഷേ ഇപ്പോൾ ഇല്ല..”

“കാരണം?”

“അറിയില്ല..”

അവളുടെ മുടിയിൽ നിന്ന് ചുമലിലേക്ക് ഇറ്റു വീണ വെള്ളത്തുള്ളികൾ അയാൾ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു….

“ഇതിന്റെ പേരാണ് സ്റ്റോക് ഹോം സിൻ ഡ്രോം.. ബന്ദിയാക്കി വച്ചവരോട് തോന്നുന്ന ഇഷ്ടം..”

ഷീബ    അയാളുടെ മുഖത്ത് വിരലോടിച്ചു..

“അല്ല.. നിങ്ങൾക്ക് എന്നെ കൊല്ലാൻ കഴിയുമായിരുന്നു.. അല്ലെങ്കിൽ മറ്റുള്ളവർക്ക് കടിച്ചു കീറാൻ ഇട്ടു കൊടുക്കാമായിരുന്നു… അതൊന്നും ചെയ്യാതെ  എനിക്കും അപ്പനും ഇവിടെ അഭയം  തന്നു.. മുടങ്ങാതെ ചിലവിനുള്ള കാശും എത്തിക്കുന്നു.. സ്വന്തം  ജീവൻ രക്ഷിക്കാൻ ഓടിപ്പോയ കാമുകനെക്കാൾ  നല്ലവനാ  നിങ്ങൾ…”

സത്യപാലൻ അവളെ  കട്ടിലിലേക്ക് തള്ളിയിട്ടു… പിന്നെ അടുത്തിരുന്നു..

“നിനക്കെന്നോട് പ്രേമമാണോ?”

ഷീബ  മറുപടി പറയാതെ അയാളുടെ കണ്ണിൽ തന്നെ നോക്കി..

“എനിക്ക് പെണ്ണ് എന്ന് പറഞ്ഞാൽ വെറുമൊരു ശരീരം മാത്രമാ.. പണം കൊടുത്തും ബലം പ്രയോഗിച്ചും  ആഗ്രഹിച്ച ഏതൊരുത്തിയെയും കിടപ്പറയിൽ എത്തിച്ചിട്ടുണ്ട്.. എന്റെ മുന്നിൽ  ധൈര്യത്തോടെ  നിന്ന് എന്തു വേണമെങ്കിലും ചെയ്തോ എന്ന് വെല്ലുവിളി പോലെ പറഞ്ഞ നിന്നോട് ഇച്ചിരി ബഹുമാനം തോന്നിയിരുന്നു.. പൈങ്കിളി പ്രേമത്തിന്റെ പേരിൽ അത് കളയരുത്… കൂടെ കിടക്കാൻ തോന്നുമ്പോ ഞാൻ വരും.. നിന്നെ മടുക്കുമ്പോൾ ഒഴിവാക്കുകയും  ചെയ്യും… കൂടുതലൊന്നും പ്രതീക്ഷിക്കണ്ട… ബന്ധങ്ങളുടെ  കെട്ടുപാടുകൾ സത്യപാലന് ഇഷ്ടമല്ല.. “

അവൾ അതിനും മറുപടി പറഞ്ഞില്ല.. അവളുടെ നോട്ടം നേരിടാനാവാതെ വന്നപ്പോൾ സത്യപാലൻ എഴുന്നേറ്റു.

“നിന്റെ മറ്റവൻ  സണ്ണിയെ, ഞാൻ കാണാൻ പോയിരുന്നു.. കൊല്ലണമെന്ന് കരുതി തന്നെയാ.. പക്ഷേ അവനിപ്പോ ശവത്തിനു തുല്യമാ.തലച്ചോറൊഴികെ വേറൊന്നും വർക്ക് ചെയ്യുന്നില്ല.. എന്നെങ്കിലും എഴുന്നേറ്റു നടക്കാനാവട്ടെ. അപ്പൊ ഞാൻ അവനെ തീർക്കും.”

ഷീബ അതു കേൾക്കാൻ താല്പര്യമില്ലാത്തതു പോലെ മുഖം തിരിച്ചു..

“നിന്റെ തന്ത എവിടെടീ?”

“ടൗണിൽ പോയതാ.. കുറച്ചു സാധനങ്ങൾ വാങ്ങാൻ..”

അയാൾ പോക്കറ്റിൽ നിന്ന് ഒരു നോട്ട് കെട്ട് എടുത്ത് കട്ടിലിൽ ഇട്ടു.. പിന്നെ ഒരു എ ടി എം കാർഡും..

“ഞാൻ ഇനി കുറച്ച് നാൾ ഇങ്ങോട്ട് വരില്ല.. കാശിനു ആവശ്യം വന്നാൽ  ഇത് ഉപയോഗിച്ചോ… പിൻ നമ്പർ അതിന്റെ പുറത്തെഴുതിയിട്ടുണ്ട്..”

“എവിടെ പോകുകയാ?”.. ഷീബ  എഴുന്നേറ്റുകൊണ്ട് ചോദിച്ചു..

“പുലി വേട്ടയ്ക്ക്..”.. അയാൾ അവളുടെ  ചുണ്ടിൽ അമർത്തി കടിച്ചു… പിന്നെ പുറത്തേക്കിറങ്ങി…കാർ ഓടിച്ചു കൊണ്ടിരിക്കെ ഫോൺ ബെൽ അടിച്ചു… ജോസ് ആണ്..

“പറയെടാ .”

“നീ എവിടെയാ?”.. ജോസിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം.

“പാലക്കാട് നിന്നും വന്നോണ്ടിരിക്കുന്നു..”

“കൊള്ളാം.. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ  ചക്രവർത്തിയെ പോലെ ഇവിടെ മൊത്തം നശിക്കുമ്പോഴും  നീയാ  പിഴച്ചവളുടെ കൂടെ കിടക്കാൻ പോയതാ  അല്ലേ?”

“കാര്യം പറയെടാ പുല്ലേ”.. സത്യപാലൻ ദേഷ്യപ്പെട്ടു..

“റബ്ബർതോട്ടത്തിൽ  പോലീസ് റെയ്ഡ് നടന്നോണ്ടിരിക്കുകയാ… ആ  ചതുപ്പ് മുഴുവൻ  തപ്പാനുള്ള  സകല  സജ്ജീകരണങ്ങളുമായിട്ടാ വന്നത്..”

സത്യപാലന്റെ കാൽ ബ്രെക്കിൽ ആഞ്ഞമർന്നു..

“ഇതെന്താ നമ്മൾ അറിയാഞ്ഞത്? എസ് ഐ രാജീവ്‌ മേനോൻ ഒന്നും പറഞ്ഞില്ലല്ലോ?”

“അയാള് ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല സത്യാ.. വിളിച്ചിട്ട് എടുക്കുന്നില്ല.. കമ്മീഷണർ നേരിട്ട് വന്നെന്നാ  അറിഞ്ഞത്…”

അഭിമന്യുവിന്റെ കെണി… സത്യപാലന്റെ മനസ്സ് മന്ത്രിച്ചു… ഇടം വലം  നീങ്ങാൻ കഴിയാത്ത വിധമാണ് അവൻ കുരുക്ക് മുറുക്കിയിരിക്കുന്നത്…

“എന്ത് ചെയ്യും?”  ജോസിന്റെ ചോദ്യം..

“നിന്റെ മറ്റവന്മാരെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ? മധുവും അളിയൻ സന്തോഷും?”

“എന്തിനാ… അവന്മാരെ തട്ടിയിട്ട് അടുത്ത കുരിശ് എടുത്ത് തലയിൽ വയ്ക്കാനാണോ?”

“അല്ല.. എന്തൊക്കെ പോലീസുകാരോട് പറഞ്ഞു  എന്നറിയാനാ..”

“അവരൊക്കെ മുങ്ങി… വീട്ടിലെ ആടിനെയും പശുവിനെയും  വരെ  മാറ്റിയിട്ടുണ്ട്… എങ്ങോട്ടാ പോയതെന്ന് അറിയില്ല.”

“ജോസേ.. മുതലാളി അറിഞ്ഞോ?”

“ഇതു വരെ ഇല്ല… ഞാൻ വിളിച്ചപ്പോൾ മൂപ്പര് ഹോസ്പിറ്റലിൽ ബിപി ചെക്ക് ചെയ്യാൻ പോയിരിക്കയാ.. ഇപ്പോൾ പറഞ്ഞാൽ  ചിലപ്പോൾ അറ്റാക്ക് വന്ന് തട്ടിപ്പോകും..”

“നീയിപ്പോ എവിടാ?”

“വാസവന്റെ ബോഡി ഏറ്റെടുക്കാൻ പോകുകയാ.. മോർച്ചറിയിലേക്ക്..”

“എടാ പന്ന…” സത്യപാലൻ തെറി വിളിച്ചു..

“നീ അരിയാഹാരം തന്നെയാണോ കഴിക്കുന്നേ?”

“എന്താ സത്യാ?”

“നിന്റെ അപ്പൂപ്പന്റെ കോണകം കണ്ടെത്താനുള്ള സേർച്ച്‌ അല്ല അവിടെ നടക്കുന്നത് … രാഖിയുടെ ശവത്തിനു വേണ്ടിയാ… ദേവരാജൻ മുതലാളിയുടെ പ്രോപ്പർട്ടി ആണെങ്കിലും അവിടെ താമസിച്ചിരുന്നത് ഞാനാ.. പിന്നെ ഇടക്കൊക്കെ നീയും… ഇത്രയും ചെയ്ത അഭിമന്യു എന്തായാലും അത്യാവശ്യം സാക്ഷികളെയൊക്കെ പോലീസിന് ഇട്ട് കൊടുത്തിട്ടുണ്ടാകില്ലേ?”

“നീ പറഞ്ഞു വരുന്നത്..?” പേടിയോടെ ജോസ് ചോദിച്ചു..

“നമ്മൾ കുടുങ്ങും… ആ പെണ്ണിന്റെ അസ്ഥികൂടം കിട്ടിയാൽ ആദ്യം പോലീസ് തേടുന്നത് നമ്മളെയായിരിക്കും… ചുമ്മാ അവന്മാരുടെ അണ്ണാക്കിൽ കേറിക്കൊടുക്കാൻ നില്കാതെ  എങ്ങോട്ടെങ്കിലും മാറിക്കോ.. വാസവന്റെ  ബോഡി നാട്ടിലെത്തിക്കാൻ വേറെ ആരെയെങ്കിലും ഏർപ്പാടാക്കിയാൽ മതി… ഈ  സിമ്മും ഫോണും ഇനി ഉപയോഗിക്കേണ്ട..എവിടെ വച്ചു മീറ്റ് ചെയ്യാം എന്ന് ഞാൻ ആലോചിച്ചിട്ട് അറിയിക്കാം . നീ മുതലാളിയോട് കാര്യം പറ.. അതറിഞ്ഞിട്ട് അങ്ങേര് ചത്തു പോണെങ്കിൽ പോട്ടെ..”

സത്യപാലൻ  കാറിൽ നിന്ന് പുറത്തിറങ്ങി.. ഫോൺ  തുറന്ന് സിം എടുത്ത് ഒടിച്ചു കളഞ്ഞു.. പിന്നെ എന്തോ ആലോചിച്ച ശേഷം ആ  ഫോൺ  റോഡരികിൽ കണ്ട പൊട്ടക്കിണറ്റിൽ ഇട്ടു.. തിരിച്ച് വണ്ടിയിൽ കയറി  വേറൊരു മൊബൈൽ എടുത്തു.. അതിൽ ഷീബയുടെ നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അത് കാളിങ്ങിൽ ഇട്ടു..

“ഇങ്ങോട്ടൊന്നും ചോദിക്കണ്ട.. നിന്റെ മേശപ്പുറത്തെ ഡയറിയിൽ ഞാനൊരു അഡ്രെസ്സ് എഴുതി വച്ചിട്ടുണ്ട്… എടുക്കാനുള്ളത് എടുത്തിട്ട് ഇപ്പോൾ തന്നെ അവിടേക്ക് പൊയ്ക്കോ… ബാങ്കിൽ നിന്ന് അത്യാവശ്യം കാഷ്  വലിച്ചിട്ട് ആ  എ ടി എം  കാർഡ് നശിപ്പിച്ചേക്ക്… വേണ്ടതൊക്കെ ഞാൻ എത്തിക്കാം..”

ഫോൺ വച്ച ശേഷം അയാൾ അരിശത്തോടെ സ്റ്റിയറിങ്ങിൽ ആഞ്ഞിടിച്ചു…

************

ചതുപ്പിലെ  വെള്ളവും ചളിയുമെല്ലാം ശ്രദ്ധപൂർവം  നീക്കം ചെയ്തു കഴിയാറായി . പോലീസ് ഉദ്യോഗസ്ഥരും  ഫോറൻസിക് വിദഗ്ദരും ചാനലുകാരുമെല്ലാം  ആകാംക്ഷയോടെ നോക്കി നില്കുന്നുണ്ട്.. പിന്നെ നാട്ടുകാരും….. കമ്മീഷണർ  ഷബ്‌ന ഹമീദ് മൊബൈലിൽ നോക്കികൊണ്ട് ഒരു റബ്ബർ മരത്തിൽ ചാരിയിരുന്നു..

“ഇരുട്ടും മുൻപ് വലതും  നടക്കുമോ?”

അവൾ  ചോദിച്ചു..

“തീർച്ചയായും മാഡം… അടിത്തട്ടിൽ എത്തിക്കഴിഞ്ഞു..”

സർക്കിൾ ഇൻസ്‌പെക്ടർ ദിനേശ് കുമാർ വിനയത്തോടെ പറഞ്ഞു .. എവിടെ നിന്നോ  എസ് ഐ  രാജീവ്‌ മേനോൻ ഓടിയെത്തി കിതപ്പോടെ  അവരെ സല്യൂട്ട് ചെയ്തു..

“ആ വലതു ഭാഗത്തായിട്ട് എടുത്തോ… കുഴിക്കുമ്പോൾ ശ്രദ്ധിക്കണം..മറ്റ് റബ്ബറിന്റെ വേരൊന്നും മുറിച്ചേക്കരുത്..”

ഷബ്‌ന അയാളോട് പറഞ്ഞു.. രാജീവിന് കാര്യം മനസിലായില്ല..

“എന്താ മാഡം?”

“ഓ.. സ്ഥലം എസ് ഐ ആയിരുന്നോ? ഞാൻ കരുതി റബ്ബറിന് കുഴി കുത്താൻ വന്ന ആളാണെന്ന്..”

പരിഹാസം മനസ്സിലായ മറ്റു പോലീസുകാർ ചിരി കടിച്ചമർത്തുന്നത് രാജീവ്‌ കണ്ടു.. ഷബ്‌ന എഴുന്നേറ്റു അയാളുടെ മുന്നിൽ നിന്നു…

“ഇത് തന്റെ സ്റ്റേഷൻ പരിധിയിൽ അല്ലേ?”

“യെസ് മാഡം..”

“രാഖിയുടെ തിരോധനത്തിൽ  സീതാ ഗ്രൂപ്പിലെ പലർക്കും പങ്കുണ്ട് എന്ന് സംശയിക്കുന്നതായി അവളുടെ അച്ഛൻ ഈയിടെ ഒരു പരാതി തന്നിരുന്നു. അതിന്റെ ഒരു കോപ്പി എസ് ഐ സാറിന് ഞാൻ കൊടുത്തയച്ചായിരുന്നു… കിട്ടിയോ?”

“യെസ് മാഡം..”

“എന്നിട്ടത് പുഴുങ്ങി തിന്നോ?”

അയാൾ  മിണ്ടിയില്ല..

“താൻ ആള് മിടുക്കനാ രാജീവേ.. ദേവരാജനുമായി  തനിക്കുള്ള അടുപ്പം ഞാൻ അറിഞ്ഞെന്നും , തന്റെ ഫോൺകാളുകൾ ഞാൻ ചോർത്താൻ സാധ്യത ഉണ്ടെന്നും മനസിലാക്കിയ ശേഷം അവരു വിളിച്ചിട്ട് ഫോൺ അറ്റൻഡ് ചെയ്തില്ലല്ലോ… ഗുഡ്.. പക്ഷേ കാൾ ഹിസ്റ്ററി ഞാൻ പൊക്കി.. അതിനുള്ള അവാർഡ് തനിക്കു കിട്ടും.. പേടിക്കണ്ട..”

“മാഡം… ഞാൻ… എനിക്കവരോട് അങ്ങനൊന്നും..”

“അയ്യോ, സാർ ഇപ്പൊ നിന്ന് വിയർക്കണ്ട.. എൻക്വയറിക്ക് വിളിപ്പിക്കും.. അപ്പൊ പറഞ്ഞാൽ മതി… “

“മാഡം… കിട്ടി.” ചതുപ്പിൽ നിന്ന് ഒരാൾ  വിളിച്ചു പറഞ്ഞു .. ഷബ്‌ന അങ്ങോട്ട് ഓടി..

അരമണിക്കൂർ കൂടി കഷ്ടപ്പെട്ടിട്ടാണ് അവരത്  ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് എത്തിച്ചത്… ഒരു കോൺഗ്രീറ്റ് ബീമിൽ  പ്ലാസ്റ്റിക് കയറ് കൊണ്ടും ചങ്ങല കൊണ്ടും ബന്ധിക്കപ്പെട്ട നിലയിൽ  അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങൾ… ദ്രവിച്ചു തുടങ്ങിയ ലതർ ബാഗ്.. ചെരിപ്പ്,. മൊബൈൽ ഫോണിന്റെ പാതി… ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന, വൃദ്ധനായ അച്ഛന്റെ പ്രതീക്ഷയായിരുന്ന  ഒരു പെൺകുട്ടി.. രാഖി.. അവളുടെ ശേഷിപ്പുകളായിരുന്നു അത്…..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!