Skip to content

സൗപ്തികപർവ്വം – 3

സൗപ്തികപർവ്വം

വൈകിട്ട് പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ക്ഷീണിതയായിരുന്നു.. മൂന്ന്  മീറ്റിംഗുകൾ, അതോടൊപ്പം  ഓഫിസിലെ ജോലികളും… ജിൻസി അന്ന് ലീവായിരുന്നു… ബസ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ യദുകൃഷ്ണന്റെ കാർ അടുത്തു വന്നു നിന്നു.,.

“മീനാക്ഷീ… കേറിക്കോ…”

അവൻ തല പുറത്തേക്കിട്ടു…

“വേണ്ട സർ.. നടക്കാവുന്ന ദൂരമല്ലേ ഉള്ളൂ..”

“എടോ അര മണിക്കൂർ ജോലി കൂടെ ഉണ്ട്… ഒരു ചെറിയ മീറ്റിംഗ്… ഇപ്പൊ വിളിച്ചതാ… പുള്ളിയെ നാളെ കിട്ടില്ല… താനും കൂടെ വാ…”

അവൾ വാച്ചിൽ നോക്കി…ഇപ്പൊൾ തന്നെ ലേറ്റ് ആണ്… മീറ്റിംഗ് കഴിയുമ്പോൾ ലാസ്റ്റ് ബസ് പോകും… ടൗണിൽ നിന്ന് അര മണിക്കൂറോളം യാത്ര ചെയ്താലാണ് വീടെത്തുക..

“വൈകിയാൽ  ഞാൻ കൊണ്ടു വിട്ടോളാം.. ഒന്ന് കേറെടോ…”

അവൻ പിന്നെയും നിർബന്ധിച്ചപ്പോൾ അവൾ കയറി…..

“മീനാക്ഷിയുടെ വീട്ടിൽ ആരൊക്കെയുണ്ട്?”

കാറോടിച്ചു കൊണ്ടിരിക്കെ യദുകൃഷ്ണൻ ചോദിച്ചു…

“അച്ഛനും അമ്മയും  പിന്നെ ഞാനും..”

“സഹോദരങ്ങൾ ആരുമില്ലേ?”

“ഇല്ല…”

“അപ്പൊ ബോറിങ് ആയിരിക്കുമല്ലോ…”

“ഏയ്… അതൊന്നുമില്ല…”  അവൾ ചിരിച്ചു..

“കുട്ടിക്കാലത്ത് സങ്കടം തോന്നിയിരുന്നു.. അച്ഛന് ഗൾഫിലായിരുന്നു ജോലി… വീട്ടിൽ ഞാനും അമ്മയും മാത്രം.. പിന്നെ അതങ്ങു ശീലമായി..”

“ഞാനും ഏറെക്കുറെ ആ അവസ്ഥയിൽ തന്നായിരുന്നെടോ… ബോർഡിങ്ങിൽ നിന്ന് വല്ലപ്പോഴുമാ വീട്ടിൽ വരുന്നേ…. തിരിച്ചു പോകുമ്പോൾ കരയും… അമ്മയ്ക്ക് ഞങ്ങളെ വിടാൻ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ അച്ഛന് നിർബന്ധം… അന്നൊന്നും ഒന്നിച്ചു ജീവിക്കാൻ പറ്റാത്തത് കൊണ്ടാവും ഇപ്പൊ  ഞാനും ശിവാനിയും ഇത്രയും അടുത്തത് … അതു പോട്ടെ, ശിവാനിയെ തനിക്ക് ഇഷ്ടപ്പെട്ടോ?”

“ഉവ്വ്… മാഡം സ്മാർട്ട്‌ ആണ്… കാര്യങ്ങളൊക്കെ എന്നോട് ചോദിച്ചു മനസ്സിലാക്കി…പുതിയ സ്റ്റാഫിനെ ഇന്റർവ്യൂ ചെയ്യാൻ ഞാനും കൂടെ വേണമെന്ന് പറഞ്ഞു…”

“തന്നെ അവൾക്ക് ബോധിച്ച മട്ടാ… ഇന്നലെ  തന്നെ പറ്റി കുറേ സംസാരിച്ചു…”

“വിരോധമില്ലെങ്കിൽ ഞാനൊന്നു ചോദിച്ചോട്ടെ?”

“എന്താടോ?”

“സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് തോന്നാൻ എന്താ കാരണം?.. അച്ഛന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തിയാൽ മതിയായിരുന്നല്ലോ?”

ഒരു നിമിഷം അവനൊന്നും മിണ്ടിയില്ല… ചോദിക്കണ്ടായിരുന്നു എന്ന് മീനാക്ഷിക്ക് തോന്നി…

“സോറി സർ..”

“എന്തിന്…? ഈ ചോദ്യം ഒരുപാട് കേട്ടതാണല്ലോ എന്നാലോചിക്കുകയായിരുന്നു… പണ്ട് എന്റെ അച്ഛനെ എല്ലാരും രഹസ്യമായി വിളിച്ചിരുന്നത് ബ്ലേഡ് ദേവൻ എന്നാ.. പലിശക്ക് പണം കൊടുക്കലായിരുന്നു ജോലി… പിന്നെ അങ്ങ് വളർന്നു… പക്ഷേ ആ വളർച്ചയ്ക്ക് പിന്നിൽ ഒരുപാട് പേരുടെ കണ്ണുനീർ ഉണ്ടെന്ന് വൈകിയാണ് അറിഞ്ഞത്… ഞാനത് ആവർത്തിക്കേണ്ടല്ലോ എന്ന് കരുതി… അത്രേ ഉള്ളൂ…..”

അവൾ കേട്ടിരിക്കുകയാണ്.

“എനിക്ക് ഇത് എങ്ങനെയെങ്കിലും വിജയിപ്പിക്കണം… ഈ ഏജൻസി വാങ്ങാനുള്ള പൈസ അച്ഛന്റെയാ… അത് തിരിച്ചു കൊടുക്കണം… അതാണ് സ്വപ്നം..”

“അപ്പൊ അച്ഛനുമായി വഴക്കാണോ?”

യദുകൃഷ്ണൻ പൊട്ടിച്ചിരിച്ചു..

“അങ്ങനെ ഒന്നും ഇല്ല… മൂപ്പര് പ്രത്യേക ടൈപ്പാ… എന്റെ ഓർമയിൽ  എന്നോടോ ശിവയോടോ സ്നേഹത്തിൽ സംസാരിച്ചിട്ടേയില്ല… വേണ്ടതൊക്കെ ചെയ്തു തരും… നല്ല വിദ്യാഭ്യാസവും തന്നു.. മനസ്സിൽ സ്നേഹമുണ്ടാകും. പക്ഷേ പ്രകടിപ്പിക്കില്ല… മൂപ്പരുടെ ഫസ്റ്റ് പ്രയോരിറ്റി എന്നത് ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിക്കൽ മാത്രമാണ്..”

മീനാക്ഷിക്ക് അത്ഭുതം തോന്നി….. വെറുമൊരു ജോലിക്കാരിയായ തന്നോട് ഇതൊക്കെ  തുറന്ന് പറയാൻ ഈ മനുഷ്യന് എങ്ങനെ കഴിയുന്നു..?.

ഹൈവേ പാലസ് റെസ്റ്റോറന്റിൽ വച്ചായിരുന്നു മീറ്റിംഗ്… അര മണിക്കൂറിനുള്ളിൽ അത് കഴിഞ്ഞു…

“വാ, ഞാൻ തന്നെ വീട്ടിൽ  വിടാം..”

പുറത്തിറങ്ങിയപ്പോൾ യദുകൃഷ്ണൻ പറഞ്ഞു..

“വേണ്ട സർ… ബസിനു സമയമാകുന്നതേ ഉള്ളൂ…”

“സാരമില്ല… താൻ കേറ്..”

വേറെ വഴിയില്ലാതെ അവൾ കയറി….

“ഈ വർക്ക്‌ കിട്ടുമായിരിക്കും അല്ലേ സർ?”

“ഉറപ്പില്ല…. അയാൾ വിളിക്കാമെന്നല്ലേ പറഞ്ഞത്?.. നോക്കാം…”

“ഉം…”

“തനിക്കൊരു സ്കൂട്ടർ വാങ്ങിക്കൂടെ? എന്തിനാ ഇത്രേം ദൂരം  ബസിൽ യാത്ര ചെയ്യുന്നെ?”

“അയ്യോ, എനിക്ക് പേടിയാ…. ബസിലാ സുഖം… ചാരിയിരുന്ന് കാറ്റും കൊണ്ട് പോകാലോ…”

“തനിക്ക് കാറോടിക്കാൻ അറിയാമോ? “

“ലൈസൻസ് എടുത്തിട്ടുണ്ട്… പക്ഷേ അങ്ങനെ ഓടിക്കാറൊന്നുമില്ല…”

“ശിവാനി കാറ് വാങ്ങണമെന്ന് പറഞ്ഞു ബഹളം വയ്ക്കുന്നുണ്ട്…”

“മാഡത്തിന് ലൈസൻസ് ഇല്ലേ?”

“ഒരിക്കൽ ടെസ്റ്റിന് പോയി കിട്ടിയില്ല.. ഇനി രണ്ടു ദിവസം കഴിഞ്ഞ് ഉണ്ടെന്ന് കേട്ടു..”

നാട്ടിലെ ജങ്ഷനിൽ എത്തിയപ്പോൾ അവൾ പറഞ്ഞു,…

“ആ വലത്തോട്ടുള്ള റോഡ്..”

അവൻ കാർ തിരിച്ചു…. റോഡിന്റെ ഇടതു വശം  കണ്ണെത്താ ദൂരത്തോളം  പരന്നു കിടക്കുന്ന പാടം… ഇടതു വശത്ത് കവുങ്ങിൻതോട്ടം…കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ അവൾ  കൈ ചൂണ്ടി…

“അതാണ്‌ വീട്..”

യദുകൃഷ്ണൻ കാർ നിർത്തി… ഒരു ചെറിയ വീട്.. റോഡിൽ നിന്ന് മുറ്റം വരെ  രണ്ടു വശത്തും  ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്…

“സാറ് വാ… ചായ കുടിച്ചിട്ട് പോകാം..”

“ഇപ്പൊ വേണ്ട…”

“അത് പറഞ്ഞാൽ പറ്റില്ല.. ഇവിടം വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകുന്നത് മോശമാ…”

“എന്നിട്ടല്ലെടോ…. എനിക്ക്  അമ്മയേയും കൂട്ടി ഒരിടം വരെ പോകാനുണ്ട്… വീട്ടിലെത്തി ഫ്രഷാകുമ്പോഴേക്ക് വൈകും.. ഞാൻ വേറൊരു ദിവസം തീർച്ചയായും വരാം…”

അവൻ പുഞ്ചിരിയോടെ പറഞ്ഞു… കാർ അകലുന്നതു നോക്കി കുറച്ച് നേരം നിന്ന ശേഷം അവൾ  വീട്ടിലേക്ക് നടന്നു.

**********

“സത്യാ… നമ്മുടെ  റഫീഖ് ഡോക്ടറെ ആരോ തട്ടി… അറിഞ്ഞിരുന്നോ?”

ജോസ് ചോദിച്ചു… സത്യപാലന്റെ വീടിനു മുന്നിൽ ഇരിക്കുകയായിരുന്നു അവർ,.സമയം രാത്രി എട്ടു മണി..

“ഇല്ല.. എപ്പോ?”

ഗ്ലാസിൽ പകർന്ന മദ്യം  ജോസിന് നേരെ അയാൾ നീട്ടി…

“രണ്ടു ദിവസം മുൻപ് … ഗുണ്ടൽപേട്ടിൽ വച്ചാ.. കയ്യിലേം കാലിലേം ഞരമ്പ് മുറിച്ചു വിട്ടു….ആര്, എന്തിന് എന്നൊന്നും അറിയില്ല…”

“കഷ്ടമായിപ്പോയല്ലോ…?”

“എന്തേ, നിനക്ക് സങ്കടമുണ്ടോ?”

“പിന്നല്ലാതെ… ആ  നാറിക്ക്   ഞാനൊരു  ഡീൽ ഒപ്പിച്ചു കൊടുത്തിരുന്നു… എനിക്കതിൽ നിന്ന് ഒരു രൂപ കമ്മീഷൻ കിട്ടിയിട്ടില്ല… പകരം ഒരു ഓഫർ തന്നു.. അവന്റെ കുടുംബത്തിലെ തന്നെ ഏതോ പെണ്ണാ. പതിനാറ് വയസ്സ്.. കുടകിലെ എസ്റ്റേറ്റിൽ എത്തിച്ചു വിളിക്കാമെന്ന് പറഞ്ഞിട്ട് പോയവനാ… അതോർത്താ  വിഷമം..”

“അത് നമുക്ക് ഇനിയും എത്തിക്കാലോ ? അതിന് അവന്റെ  ആവശ്യമുണ്ടോ?”

ജോസ് അശ്ലീലചിരിയോടെ  പറഞ്ഞു… എന്നിട്ട് മദ്യം ഒറ്റ വലിക്ക് കുടിച്ചു…

“എന്നാലും ആരായിരിക്കും സത്യാ, അയാളെ  തീർത്തത്?”

“ആരായാലും മിടുക്കനാ… വെരി ബ്രില്ല്യന്റ്…”

“അതെന്താ നീ അങ്ങനെ പറഞ്ഞേ?”

ജോസ്  സത്യപാലന്റെ മുഖത്തേക്ക് നോക്കി… അയാൾ ഒരു ചുരുട്ടിനു തീ കൊളുത്തി ആഞ്ഞു വലിച്ചു…

“നീ  അയാളുടെ  ഗുണ്ടൽപ്പെട്ടിലെ വീട് കണ്ടിട്ടുണ്ടോ?”

“ഇല്ല…”

“ഞാൻ പോയിട്ടുണ്ട്… വീടിനു മുന്നിലെ പൂകൃഷിക്ക് രാത്രിയിൽ കാവലിനു ആളുണ്ടാകും… അവരുടെയൊക്കെ കണ്ണു വെട്ടിച്ച് അയാളെ തീർക്കണമെങ്കിൽ  കൊന്നവൻ പണി അറിയുന്നവനാ… നീ പറഞ്ഞതനുസരിച്ച്, കയ്യിലും കാലിലും മുറിവുണ്ടാക്കിയാണ് കൊന്നതെങ്കിൽ, തീർച്ചയായും മരണം ഉറപ്പാക്കും വരെ  അവൻ അവിടെ ഇരുന്നിട്ടുണ്ടാകും… അതായത്  വെറുമൊരു കൊലയല്ല  ലക്ഷ്യം… പ്രതികാരം… പക…. അതു മാത്രമല്ല,… മക്കളുടെ നിർബന്ധം കൊണ്ട്, ഇവിടുത്തെ പരിപാടിയൊക്കെ മതിയാക്കി അയാൾ  വിദേശത്തു അവരുടെ കൂടെ ഇനിയുള്ള കാലം ജീവിക്കാനുള്ള തയ്യാറെടുപ്പ് ആയിരുന്നു… അതൊക്കെ അറിഞ്ഞിട്ട് തന്നെയാവണം  ആളെ  തട്ടിയത്…. സോ, അവൻ ആരു തന്നെ ആയാലും  ബുദ്ധിമാനാണ്…”

“എന്നാലും അതാരായിരിക്കും “?  ജോസ് ഒന്നാലോചിച്ചു…

“പണം കൂടുംതോറും ശത്രുക്കളും വർദ്ധിക്കും.എനിക്കും നിനക്കുമൊക്കെ ഇതുപോലെ ആരെങ്കിലും ഉണ്ടാകും…”

“ചുമ്മാ പേടിപ്പിക്കല്ലേ സത്യാ… അതു പോട്ടെ.. മുതലാളിയുടെ മോൻ സ്വന്തമായി  ബിസിനസ് തുടങ്ങിയെന്നു കേട്ടു.. ഉള്ളതാണോ?”

“ഉം.. ആ  ചെക്കന് ഭ്രാന്താണ്…എല്ലാ കുടുംബത്തിലും ഉണ്ടാകുമല്ലോ ഇതുപോലൊരെണ്ണം…. അങ്ങേർക്കു തീരെ താല്പര്യമില്ല.. പക്ഷേ ഭാര്യയുടെ  നിർബന്ധം കൊണ്ട് സമ്മതിച്ചു… ഇതൊന്നും  അധിക കാലം മുന്നോട്ട് പോകില്ലെടാ….എല്ലാം നശിപ്പിച്ച് ഒടുവിൽ നമ്മടെ അടുത്ത് തന്നെയെത്തും…”

റബ്ബർതോട്ടത്തിലൂടെ  ഒരു ബൈക്ക് അങ്ങോട്ട് വന്നു.. അതിൽ നിന്ന് മധുവും  സന്തോഷും ഇറങ്ങി..

“പോയ കാര്യം എന്തായി മധൂ…?”

ജോസ് ചോദിച്ചു…മധു  കയ്യിലിരുന്ന പൊതി അയാൾക്ക് നൽകി..

“മുതലും പലിശയുമുണ്ട്… ആദ്യമൊക്കെ കുറേ സങ്കടം പറച്ചിലായിരുന്നു… സത്യപാലൻ സാർ നേരിട്ടു വരുമെന്ന് പറഞ്ഞപ്പോ അവന്മാർ പേടിച്ചു… അര മണിക്കൂറിനുള്ളിൽ കാശ് കയ്യിൽ കിട്ടി..”

സത്യപാലൻ  സന്തോഷിനെ തന്നെ നോക്കിയിരിക്കുകയാണ്…

“ഇവനേതാടാ?” പരുക്കൻ ശബ്ദത്തിൽ  സത്യപാലൻ ചോദിച്ചു..

“എന്റെ അളിയനാ സാറേ..”  മധു വിനയത്തോടെ പറഞ്ഞു..

“വിശ്വസിക്കാൻ കൊള്ളാവോ? “

“വിശ്വസിക്കാൻ കൊള്ളാത്തവന്മാരെ ഞാൻ കൂടെ കൂട്ടുമെന്ന്  സാറിന് തോന്നുന്നുണ്ടോ?”

“എന്താടാ നിന്റെ പേര്?”

ചോദ്യം തന്നോടാണെന്ന് മനസിലായപ്പോൾ സന്തോഷിന്റെ ശരീരം വിറച്ചു…

“സന്തോഷ്‌….”   അവൻ പറഞ്ഞൊപ്പിച്ചു.. അയാളുടെ കഴുകൻകണ്ണുകൾ തന്റെ മനസ്സിലുള്ളത് വരെ വായിച്ചെടുക്കും എന്നവന് തോന്നി…സത്യപാലൻ  ജോസിന്റെ കയ്യിൽ നിന്നും  പണമടങ്ങിയ കവർ  വാങ്ങി… അതിൽ നിന്ന് ഒരു നോട്ട്കെട്ട് എടുത്ത് മധുവിന്റെ നേർക്ക് എറിഞ്ഞു..

“എസ് ഐ രാജീവ്‌ മേനോൻ ക്വാർട്ടേഴ്സിൽ ഉണ്ടാകും.. ഇതയാളുടെ അണ്ണാക്കിൽ തള്ളിയേക്ക്.. കാശ് കൊടുത്ത് കഴിഞ്ഞിട്ട്  ജോസിനെ വിളിക്കണം..”

മധു  തലയാട്ടി.. എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… സന്തോഷ്‌ പിറകിൽ കയറി..

“അയാള് മനുഷ്യൻ തന്നാണോ?”  തിരിച്ചു വരുമ്പോൾ സന്തോഷ്‌ ചോദിച്ചു..

“രൂപം മാത്രമേ മനുഷ്യന്റേതുള്ളൂ… “

“എന്തൊരു നോട്ടമാ… ഞാൻ ശരിക്കും പേടിച്ചു പോയി.. ഇയാൾക്ക് കുടുംബക്കാരൊന്നുമില്ലേ?”

“അതൊന്നും അറിയില്ല.. ഒരനിയൻ ഉണ്ട്.രഘു…. ഇയാളുടെ അതേ സ്വഭാവമാ.. പക്ഷേ ദേവരാജൻ മുതലാളിക്ക് വേണ്ടിയല്ല ജോലി ചെയ്യുന്നത്.. തമിഴ്നാട്ടിലോ മറ്റോ ആണ്…കഞ്ചാവിന്റെ പരിപാടി..ഒരിക്കലേ ഞാൻ കണ്ടിട്ടുള്ളൂ…പിന്നെ ഇവന്മാരെ പറ്റി കൂടുതൽ ചികഞ്ഞാൽ എന്റെ പടം ഭിത്തിയിൽ തൂങ്ങും.. അതോണ്ട് പിന്നെ മിനക്കെട്ടിട്ടില്ല.. അളിയന് അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ചിരിച്ചോണ്ട് നിൽക്കുന്ന ഒരു കളർഫോട്ടോ ഇപ്പോഴേ എടുത്തു വച്ചോ..”

“അയ്യോ.. പേടിപ്പിക്കാതെ അളിയാ.. ഞാൻ വെറുതെ ചോദിച്ചതാ…”

റബ്ബർതോട്ടത്തിന് നടുവിലുള്ള വിജനമായ മൺപാതയിലൂടെ  അവരുടെ ബൈക്ക് പാഞ്ഞു പോയി…

**************

“ആ ചേച്ചി കൊള്ളാം അല്ലേ ഏട്ടാ?”

ശിവാനി ചോദിച്ചു.. യദുകൃഷ്ണന്റെ മുറിയിൽ കട്ടിലിൽ ഇരിക്കുകയാണ് രണ്ടുപേരും..

“അവള് സൂപ്പറാ.. ഒരു കാര്യം ഒരിക്കൽ പറഞ്ഞു കൊടുത്താൽ മതി.”

“ഏട്ടൻ ആരെയാ ഉദ്ദേശിച്ചത്?”

“നീ മീനാക്ഷിയെ കുറിച്ചല്ലേ പറഞ്ഞേ?”

ശിവാനി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..

“എന്ന് ഞാൻ പറഞ്ഞോ? ഓഫിസിൽ വേറെയും പെൺകുട്ടികൾ ഇല്ലേ? ഏട്ടന്റെ മനസ്സിൽ ആ പേര് വരാനെന്താ കാരണം? “

“ഒരു കാരണവുമില്ല… എനിക്ക് അങ്ങനെ തോന്നി..”

“സത്യം പറ … ബിസിനസ്‌ തുടക്കത്തിൽ തന്നെ പൂട്ടിക്കാനുള്ള പരിപാടി വല്ലോം നോക്കുന്നുണ്ടോ?”

“ദേ ശിവാ… നീ എന്റെ കയ്യിൽ നിന്നു മേടിക്കും…”

യദുവിന് ദേഷ്യം വന്നു..

“പിന്നേ…. സത്യം പറയുമ്പോൾ ചൂടായിട്ട് കാര്യമില്ല സഹോദരാ.. ഞാൻ കുറേ ദിവസമായി ശ്രദ്ധിക്കുന്നു… എന്തിനും, ഏതിനും മീനാക്ഷി…ഞാനൊരുത്തി ആ ഓഫീസിൽ ഉണ്ടെന്ന വിചാരം പോലുമില്ല..”

അവൻ  ശിവാനിയുടെ അടുത്തേക്ക് ചേർന്നിരുന്ന് ചുമലിലൂടെ കയ്യിട്ടു…

“എനിക്ക് വേറെ ഉദ്ദേശമൊന്നുമില്ലെടീ…അവളൊരു നല്ല കുട്ടിയാ… ആത്മാർത്ഥമായി ജോലി ചെയ്യുന്നു..ആൾക്കാരോടൊക്കെ സംസാരിക്കാൻ നല്ല കഴിവുമുണ്ട്… ആ  ഓൺലൈൻ ടാക്സി സെർവീസിന്റെ ആഡ് കയ്യിൽ നിന്നു പോയി എന്നുറപ്പിച്ചതാ… മീനാക്ഷിയുടെ മിടുക്ക് കൊണ്ട് മാത്രമാ  കിട്ടിയത്…”

“ഞാൻ വെറുതെ പറഞ്ഞതാ ..മനസ്സിൽ എന്താണെന്നറിയാൻ… ഏട്ടൻ വാ.. എനിക്ക് വിശക്കുന്നു.. വല്ലതും കഴിക്കാം…”

രണ്ടുപേരും താഴേക്ക് ഇറങ്ങി ചെന്നു.. ഡൈനിങ്റൂമിൽ  സീതാലക്ഷ്മി ഭക്ഷണം മേശപ്പുറത്ത് എടുത്തു വയ്ക്കുകയാണ്…

“അച്ഛൻ വന്നില്ലേ അമ്മേ?”

കസേരയിൽ ഇരുന്ന് കൊണ്ട് യദുകൃഷ്ണൻ ചോദിച്ചു..

“വന്നു.. കുളിക്കുകയാ.. നിങ്ങള്  കഴിക്ക്..”

അവർ ഭക്ഷണം കഴിച്ചു  കഴിയാറായപ്പോഴാണ്  ദേവരാജൻ അങ്ങോട്ട് വന്നത്…ഒരു മുണ്ട് മാത്രമാണ് വേഷം… കഴുത്തിലെ തടിച്ച സ്വർണമാല തിളങ്ങുന്നു…

“എങ്ങനെയുണ്ട് പുതിയ  ബിസിനസ്‌ ഒക്കെ?”

“നന്നായി പോകുന്നുണ്ട്,…. കുറേ വർക്കുകൾ കിട്ടി…”

യദുകൃഷ്ണൻ  വിനയത്തോടെ മറുപടി നൽകി.

“ഉം… ഇന്നും ചിലർ എന്നോട് ചോദിച്ചു, എന്തിനാ  ദേവരാജന്റെ  മോൻ ഈ പണിക്കിറങ്ങിയതെന്ന്… അവരെ കൊണ്ട് ചിരിപ്പിക്കാതിരുന്നാൽ കൊള്ളാം…”

“നിങ്ങളെന്തിനാ ദേവേട്ടാ എപ്പോഴും ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ? അവർ ചെറിയ കുട്ടികളൊന്നുമല്ല…”

സീതാലക്ഷ്മി  രക്ഷയ്ക്ക് എത്തി..

“എനിക്ക് വിഷമമുണ്ടെടീ…. ഇത്രേം ബിസിനസുകൾ ഞാനൊറ്റയ്ക്കാ നടത്തുന്നെ… എനിക്കൊരു സഹായത്തിന് നില്കാതെ ഇവരുടെ ഇഷ്ടത്തിന് ഓരോന്ന് തുടങ്ങി..  ഞാൻ ചത്തതിന് ശേഷമെങ്കിലും ഇതൊക്കെ ഇവര് രണ്ടും നടത്തിയാൽ മതിയാരുന്നു…”

ഇനിയും അവിടിരുന്നാൽ ശരിയാവില്ല എന്ന് തോന്നിയതോടെ  യദുവും ശിവാനിയും മെല്ലെ എഴുന്നേറ്റു കൈ കഴുകി അവരവരുടെ മുറികളിലേക്ക് പോയി..

അച്ഛന്റെ വാക്കുകൾ അവനെ അലട്ടിക്കൊണ്ടിരുന്നു… ഒരാവേശത്തിന് തുടങ്ങിയതാണ്… പുതിയ വർക്കുകൾ വരുംതോറും പേടിയാകുന്നു… പറഞ്ഞ സമയത്ത് തീർത്തു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്തു ചെയ്യും? പോരാത്തതിന് നല്ല മത്സരവുമുണ്ട്…  സ്പാർക്ക് എന്ന ഏജൻസിയാണ് അതിൽ വലിയ തലവേദന….. എങ്ങനെയെങ്കിലും പൊരുതി ജയിച്ചേ തീരൂ….

അവൻ കണ്ണുകൾ അടച്ചു കിടന്നു..മീനാക്ഷിയുടെ രൂപം മനസ്സിലേക്ക് കടന്നു വരുന്നത് അത്ഭുതത്തോടെ അവനറിഞ്ഞു…. ശിവാനി പറഞ്ഞത് സത്യമാണ്.. കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ  അവൾ ജീവിതത്തിന്റെ ഭാഗമായത് പോലൊരു തോന്നൽ… അവളുടെ സാമീപ്യം സന്തോഷവും  ആശ്വാസവും ഒരുപോലെ നൽകുന്നു…. മേക്കപ്പൊന്നും ഉണ്ടാവാറില്ലെങ്കിലും അതീവ സുന്ദരി…. ആ കണ്ണുകളിലെ തിളക്കം വാക്കുകൾക്കതീതമാണ്…ഇതുവരെ ഒരു പെൺകുട്ടിയിലും കാണാത്ത എന്തോ പ്രത്യേകത അവളിൽ ഉണ്ട്… അതെന്താണ്?

ഉത്തരം തേടികൊണ്ട് യദുകൃഷ്ണൻ  തന്റെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു….

************

മേച്ചേരി- സേലം  ഡിസ്ട്രിക്ട് – തമിഴ്നാട്..

രാത്രി പത്തരയായി…സായി ബാബ  ടെമ്പിളിന്റെ ഇടതുവശത്തേക്കുള്ള റോഡിൽ രഘുവിന്റെ  ബൊലേറോ പ്രവേശിച്ചു… ഇരുവശവും  ആസ്ബറ്റൊസ് ഷീറ്റുകൾ മേഞ്ഞ വീടുകളാണ്… അര കിലോമീറ്റർ ഓടിയ ശേഷം   ഒരു ചെറിയ ഗോഡൗണിനു മുന്നിൽ അവൻ വണ്ടി നിർത്തി ഇറങ്ങി.. അവിടെ ബഞ്ചിൽ കിടക്കുകയായിരുന്ന ഒരാൾ ഓടി അടുത്തേക്ക് വന്നു..

“വണക്കം സാർ..”

“കറുപ്പയ്യാ,..ലോഡ് വന്താച്ചാ? ” രഘു ചോദിച്ചു..

“ആമാ  സാർ.. കൊഞ്ചം നേരത്തുക്ക് മുന്നാടി താൻ വന്തേ… ഉങ്കൾക് ഫോൺ പണ്ണേൻ… ആനാൽ കിടക്കവേ ഇല്ലൈ…”

“ചാർജ് ഇല്ലൈ.. ഉൻ ഫോണ് കൊട്..”

കറുപ്പയ്യ അരയിൽ നിന്നു ഫോണെടുത്തു രഘുവിനു  നീട്ടി. അവൻ അതു വാങ്ങി ഒരു നമ്പർ ഡയൽ ചെയ്തു…

“ചേട്ടാ…ഇതു ഞാനാ  രഘു…”

“നീ എവിടെ പോയി കിടക്കുകയാടാ? എത്ര നേരമായി വിളിക്കുന്നു..?”

അപ്പുറത്തു സത്യപാലന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടു..

“ഫോൺ സ്വിച്ച് ഓഫ്‌ ആയിപ്പോയി.. ഇപ്പൊ ഇവിടെത്തി കറുപ്പയ്യയുടെ ഫോണിൽ നിന്നാ വിളിക്കുന്നെ?”

“ലോഡും കൊണ്ട് വന്നവന്മാർ എനിക്ക് ഫോൺ ചെയ്തു പരാതി പറഞ്ഞു…അവന്മാർ അവിടേതോ ലോഡ്ജിൽ ഉണ്ട്.. പൈസ മുഴുവൻ കൊടുത്തേക്ക്.. ഒന്നും ബാക്കി വയ്ക്കണ്ട… “

“ഞാനവരെ വിളിച്ചോളാം…”

“ഇടുക്കിയിലെ വാസവന്റെ നമ്പർ ഞാൻ നിനക്ക് അയച്ചു തരാം.. അടുത്ത ലോഡിന്റെ കാര്യമൊക്കെ ഇനി നീ നേരിട്ടായിക്കോ.. ദേവരാജൻ മുതലാളിക്ക് ചെറിയ സംശയം വന്നിട്ടുണ്ട്,.. എന്നോട് ചോദിച്ചു, സൈഡ് ബിസിനസ് നടത്തുന്നുണ്ടോ എന്ന്…”

“അങ്ങേരോട് പോകാൻ പറ ചേട്ടാ… നമുക്കെന്തെങ്കിലും ലാഭം വേണ്ടേ?.. എന്നും ചേട്ടന് അയാളുടെ നിഴലായി ജീവിച്ചാൽ മതിയോ?”

“അതല്ലെടാ,.. മൂപ്പരെ വെറുപ്പിക്കാൻ പറ്റില്ല.. തത്കാലം എല്ലാം ഒന്നൊതുക്കി വയ്ക്കാം… പോരാഞ്ഞിട്ട് ഇവിടുള്ള കാര്യങ്ങൾ നോക്കാൻ തന്നെ എനിക്ക് സമയം കിട്ടുന്നില്ല.. “

“ഒക്കെ ചേട്ടന്റെ ഇഷ്ടം…”

“നീയിനി എപ്പോഴാ ഇങ്ങോട്ട്? “

“കുറച്ചു കഴിയട്ടെ… ഇപ്പൊ ഉത്സവസീസണാ.. ഞാനിവിടെ ഇല്ലെങ്കിൽ ഒന്നും നടക്കില്ല… “

“ശരി. എന്നാൽ നീ വച്ചോ.. എനിക്ക് ചെറിയ പണിയുണ്ട്…”

സത്യപാലന്റെ അരികിൽ നിന്നും  അവ്യക്തമായ ഒരു സ്ത്രീ ശബ്‌ദം കേട്ടപ്പോൾ ഒരു ചിരിയോടെ  രഘു ഫോൺ കട്ട് ചെയ്ത് കറുപ്പയ്യക്ക് കൊടുത്തു..അകത്തു കയറി  കഞ്ചാവിന്റെ കെട്ടുകൾ പരിശോധിച്ചു…. അതിനു ശേഷം തന്റെ ഫോൺ അവിടെ ചാർജ് ചെയ്യാൻ വച്ച് പുറത്തിറങ്ങി..

“കറുപ്പയ്യാ… സരക്ക്  വാങ്ങിയിട്ട് വാ..” അഞ്ഞൂറിന്റെ നോട്ടുകൾ അവൻ  അയാൾക്കു കൊടുത്തു..

“ഇപ്പൊ എല്ലാം ക്ലോസ് ആയിരിക്കും സർ.. ബ്രാണ്ടി പൊതുമാ? അത് പക്കത്തു തെരുവിൽ ബ്ലാക്കിന് കിടയ്ക്കും..”

“പോതും… ഏതാവത് സാപ്പാടും വാങ്ങിട്.”

കറുപ്പയ്യ സൈക്കിളും എടുത്ത് പോയപ്പോൾ രഘു  ആ ബഞ്ചിൽ ഇരുന്ന് ഒരു സിഗരറ്റ് കത്തിച്ചു…പെട്ടെന്ന് പിന്നിൽ ഒരനക്കം… അവൻ ഞെട്ടി തിരിഞ്ഞു… മുയലിനെ പോലെ ഒരാൾ കുതിച്ചു പാഞ്ഞു വരുന്നു… അവൻ എഴുന്നേൽക്കും മുൻപ് അയാളുടെ കൈയിലെ അരിവാൾ അവന്റെ നേരെ പാഞ്ഞു… രഘു തലയൊന്നു വെട്ടിച്ചു.. മുടിയിലൂടെ അത് ഒരു സീൽകാരത്തോടെ കടന്നു പോയി… അവൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ ആഞ്ഞു ചവിട്ടി…ബഞ്ചിന്റ കൂടെ അവനും നിലത്തു വീണു…

രഘു പിടഞ്ഞെണീറ്റു…. ഗോഡൗണിനകത്ത് ആയുധങ്ങളുണ്ട്.. അങ്ങോട്ട് ഓടിയാലോ എന്ന് ചിന്തിക്കുന്നതിനിടെ  ഇരുട്ടിൽ നിന്നു മൂന്നു പേര് കൂടി പ്രത്യക്ഷപ്പെട്ടു.. എല്ലാവരും തോർത്ത്‌ ചുറ്റികെട്ടി മുഖം മറച്ചിട്ടുണ്ട്.. ഒരാളുടെ കയ്യിൽ വാൾ.. മറ്റു രണ്ടു പേരുടെ കൈയിൽ കമ്പി വടികൾ.. അവർ ചുവടുകൾ ശ്രദ്ധയോടെ വച്ച് രഘുവിനു ചുറ്റും നിന്നു.. നാല് പേരുടെയും നടുവിലാണ് അവനിപ്പോൾ… ആദ്യം വന്നയാൾ അരിവാളിൽ പിടി മുറുക്കി… പൊരുതി ജയിക്കുക അസാധ്യമാണ് എന്ന് രഘുവിനു തോന്നി.. നിരായുധനാണ് താൻ.. ഉറക്കെ അലറിയാൽ  ആ തെരുവിലുള്ളവർ ഉണർന്ന് വന്ന് രക്ഷിക്കും..അല്ലെങ്കിൽ കറുപ്പയ്യ വരുന്നത് വരെ ഇവരെ പിടിച്ചു നിർത്തണം…

“യാരാടാ നീങ്കെ?”  അവൻ ഉറക്കെ ചോദിച്ചു..മറുപടി ഇല്ല.. അരണ്ട വെളിച്ചത്തിൽ അവൻ ഓരോരുത്തരെയും നോക്കി.. കണ്ടിട്ട് തമിഴന്മാർ തന്നെയാണ്.. ഈ നാട്ടിൽ തനിക്ക് ഏതാ ശത്രുക്കൾ? ആലോചിട്ട് അവനെത്തുംപിടിയും കിട്ടിയില്ല… പൊടുന്നനെ പിന്നിൽ നിന്നായാൾ ചലിക്കുന്നത് പോലെ തോന്നിയപ്പോൾ രഘു അങ്ങോട്ടേക്ക് തിരിഞ്ഞു.. അതൊരു മോശം തീരുമാനമായിരുന്നു… ആ നിമിഷം തന്നെ മറ്റൊരാളുടെ കമ്പി വടി അവന്റെ കവിളിൽ പതിച്ചു.. ഒരു മരവിപ്പ്… പല്ലുകൾ ഇളകിപ്പോയത് അവനറിഞ്ഞു… നിന്ന നിൽപ്പിൽ അവൻ ഒന്നാടി….. അടുത്ത അടി തലയ്ക്കു പിന്നിലായിരുന്നു… അരിവാളിന്റെ അഗ്രം വയറിന്റെ  ഇടതു വശം മുതൽ വലതു വശം വരെ  കീറിമുറിച്ചു കൊണ്ട് കടന്നു പോയി.. അവൻ നിലത്തേക്ക് കമഴ്ന്നു വീണു.. കമ്പി വടികളും വാളുകളും പലതവണ അന്തരീക്ഷത്തിൽ ഉയർന്നു താണു..മുന്പിലെ വീട്ടിലെ ലൈറ്റ് തെളിഞ്ഞപ്പോൾ അതിലൊരാൾ മറ്റുള്ളവരെ തടഞ്ഞു.

“പോതും… കലമ്പലാം…”

നിമിഷാർദ്ധം കൊണ്ട് നാലുപേരും ഇരുളിലേക്ക് മറഞ്ഞു…ഗോഡൗണിന് പിന്നിലെ അഴുക്ക് വെള്ളമൊഴുകുന്ന കനാലിന്റെ കരയിലൂടെ നാല് പേരും വളരെ വേഗം ഓടി.. അവിടെ ഉയരത്തിൽ വളർന്ന വേപ്പ് മരത്തിനു കീഴിൽ  ഒരു പഴയ അംബാസിഡർ കാർ നിർത്തിയിട്ടുണ്ട്… ഒരാൾ അതിന്റെ ഡിക്കി തുറന്ന് ഒരു ചാക്കെടുത്തു. ആയുധങ്ങളെല്ലാം അതിൽ ഇട്ട് തിരിച്ചു വച്ച ശേഷം  കാർ ഒരു മുരൾച്ചയോടെ റോഡിലേക്ക് കയറി  പാഞ്ഞു പോയി….. ഒമലൂർ  പെട്രോൾ പമ്പിനു എതിർവശത്തുള്ള റോഡരികിൽ   ഒരു യമഹ  എം ടി  ഫിഫ്റ്റീൻ ബൈക്ക് നിർത്തിയിട്ടുണ്ട്..ബ്ലാക്ക് ഹെൽമറ്റും ബ്ലാക്ക് ജാക്കറ്റും ധരിച്ച ഒരാൾ അതിൽ ഇരിപ്പുണ്ട്.കാർ അതിനു സമാന്തരമായി നിന്നു…ബൈക്കിൽ ഇരുന്നയാൾ  ഒരു പ്ലാസ്റ്റിക് ബാഗ് കാറിനകത്തേക്ക് ഇട്ടു.. നാൾവർ സംഘത്തിലെ ഒരാൾ അതു തുറന്നു.. കറൻസിനോട്ടുകൾ ഭംഗിയായി  കെട്ടി വച്ചിട്ടുണ്ട്….

“താങ്ക്സ്….” അയാൾ പറഞ്ഞു..മറുപടിയൊന്നും പറയാതെ  ബൈക്ക് പൊടിമണ്ണ് പറത്തികൊണ്ട് മുന്നോട്ട് കുതിച്ചു….നാല് കിലോമീറ്റർ കൂടി പോയ ശേഷം ആ ബൈക്ക് ഓരം ചേർത്തു നിർത്തി അയാൾ ഇറങ്ങി ഹെൽമെറ്റ്‌ ഊരിയെടുത്തു… ഒരു പെൺകുട്ടി ആയിരുന്നു അത്.. അവൾ തന്റെ തലമുടി  വലതു കൈകൊണ്ട് ഒന്നൊതുക്കി… എന്നിട്ട് ഫോണെടുത്തു ഡയൽ ചെയ്തു കാതോട്  ചേർത്തു…

ഇങ്ങ് കേരളത്തിൽ  ചാറ്റൽ മഴകൊണ്ട് നില്കുകയായിരുന്ന ഒരാളുടെ പോക്കറ്റിൽ മൊബൈൽ വൈബ്രേറ്റ് ചെയ്തു…

“പറഞ്ഞോ…”

“രഘുവിനെ ഞാനെടുത്തു..”

“വാട്ട്‌?”  അയാൾ അവിശ്വസനീയതയോടെ ചോദിച്ചു..

“യെസ്..”

“തീർന്നോ?”

“തീർന്നിരിക്കും…”

“ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് ചെയ്യാനാണെങ്കിൽ  ഞാനെന്തിനാ… നിങ്ങൾ തന്നെ ആയിക്കോ..”

“എത്ര നാളായി കാത്തിരിക്കുന്നു.. ഇനി വയ്യ..”

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..

“കാത്തിരിക്കേണ്ടി വരും…. ഇനിയുമൊരുപാട് നാൾ കാത്തിരിക്കേണ്ടി വരും.. പക്ഷേ അന്തിമ വിജയം നമുക്കായിരിക്കും..അതിന് ഞാൻ പറഞ്ഞത് അനുസരിക്കണം… പറ്റില്ലെങ്കിൽ നമുക്ക് ഇവിടെ നിർത്താം.. “

അവൾ ഒന്നും മിണ്ടിയില്ല..

“ഒന്നും പറയാനില്ലേ?” പരുഷമായ സ്വരത്തിൽ അയാൾ ചോദിച്ചു..

“സോറി… അവനെ കണ്ടിട്ട് സഹിച്ചില്ല… ഇവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നു, നീതി നിഷേധിക്കപ്പെട്ട നമ്മൾ  ഉറക്കമില്ലാതെ ഇങ്ങനെ… അതോർത്തപ്പോൾ നിയന്ത്രണം വിട്ടു..”

“ആരാ ചെയ്തത്?”

“തിരുനൽവേലിക്കാരാ… എന്റെ ഒരു ഫ്രണ്ട് ഏർപ്പാടാക്കി തന്നത്… വിശ്വസിക്കാം.. ആർക്കു വേണ്ടി എന്നൊന്നും അവർക്കറിയില്ല.”

“ഇതുകൊണ്ട് ഉണ്ടാവുന്ന ദോഷം എന്താണെന്ന് ചിന്തിച്ചോ? എല്ലാവരും അലേർട് ആകും.. അത് നമ്മളെ ബാധിക്കും..  അവനല്ല നമ്മുടെ ലക്ഷ്യം….മേലിൽ ആവർത്തിക്കരുത്..”

“ഉം…”

“എന്നാൽ വച്ചോ… എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ… ഇനി ഇവിടെ മതി. എനിക്ക്  എത്താൻ പറ്റുന്നിടത്ത്..”

അവൾ  കാൾ കട്ട് ചെയ്ത് സിം പുറത്തെടുത്തു  ഒടിച്ചു കളഞ്ഞു.. പിന്നെ ഹെൽമെറ്റ്‌ വച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. ഇങ്ങ്  അയാളും  അതേ പോലെ സിം കാർഡ് ഊരിയെടുത്ത് വായിലിട്ട് ചവച്ചു… അയാളുടെ  എതിർ വശത്തെ  മതിൽകെട്ടിലെ അക്ഷരങ്ങൾ മിന്നലിന്റെ വെളിച്ചത്തിൽ തിളങ്ങി..

“സീതാലയം..” ഒന്നുകൂടി ആ വീടിനെ നോക്കിയ ശേഷം മുഖത്തു വീണ മഴത്തുള്ളികൾ  തുടച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സൗപ്തികപർവ്വം – 3”

Leave a Reply

Don`t copy text!