ഒരു ഞായറാഴ്ച്ച ദിവസം.. അവധിആയതിനാൽ മീനാക്ഷി അടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയി.. തൊഴുത് ഇറങ്ങി ബാഗിൽ സൈലന്റ് മോഡിൽ ഇട്ട ഫോണെടുത്തു നോക്കി. ജിൻസിയുടെയും യദുകൃഷ്ണന്റെയും മിസ്സ്ഡ് കാൾസ് കിടപ്പുണ്ട്.. ആദ്യം അവൾ യദുവിനെ വിളിച്ചു…
“മീനാക്ഷി തിരക്കിലാണോ?” അവന്റെ ചോദ്യം കേട്ടു..
“അമ്പലത്തിൽ വന്നതാ..”
“സോറി.. ഞാൻ ബുദ്ധിമുട്ടിച്ചു അല്ലേ?”
“ഏയ് ഇല്ല സർ…”
“വിളിച്ച കാര്യം പറയാം…. നാളെ ഞാൻ ലീവ് ആയിരിക്കും. രാജേട്ടനും ഉണ്ടാവില്ല.. ഒരു ക്ലയന്റ് വരും.. താനൊന്ന് ഡീൽ ചെയ്യണം.. ഡീറ്റെയിൽസ് ഞാൻ അയച്ചു തരാം.. “
“ഓക്കേ സർ ..ചെയ്യാം..”
“ഇന്നെന്തെങ്കിലും വിശേഷമുണ്ടോ? അമ്പലത്തിലാണുള്ളത് എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ..”
“അങ്ങനൊന്നുമില്ല.. ഇന്ന് ലീവല്ലേ , അതോണ്ട് വന്നതാ…”
“ഒറ്റയ്ക്കാണോ?”
“അതെ..”
“എന്നാൽ ശരി… നടക്കട്ടെ.. നാളെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി…”
അവൻ ഫോൺ വച്ചതിനു ശേഷം അവൾ ജിൻസിയെ വിളിച്ചു..
“എടീ നിന്നെ സാറ് വിളിച്ചാരുന്നോ?”
“ഉവ്വ്… ഇപ്പൊ വച്ചതേ ഉള്ളൂ..”
“എന്താ കാര്യം..”
“നാളെ ലീവാണെന്ന് പറയാനാ “
“അത് എന്നോട് പറഞ്ഞാൽ പോരേ? നിന്നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്നും പറഞ്ഞ് എന്നെ വിളിച്ചിരുന്നു… ഇത് കാര്യം അതൊന്നുമല്ല… പുള്ളിക്ക് നിന്റെ ശബ്ദം കേൾക്കാതിരിക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നു..”
“ചേച്ചി എന്നെകൊണ്ട് തെറി വിളിപ്പിക്കരുത്..”
“ഉള്ളതാ കൊച്ചേ…. ഞാനും കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു… നിന്നോട് സംസാരിക്കുമ്പോൾ അങ്ങേരുടെ മുഖത്ത് ഒരു വെട്ടം തെളിയുന്നുണ്ട്..”
“ഞാൻ പണിയും കളഞ്ഞു വീട്ടിലിരിക്കേണ്ടി വരുമോ?”
“എന്തിന്? ഞാൻ നിന്നെ മാഡം എന്ന് വിളിക്കേണ്ടി വരുമോ എന്നാ ഇപ്പോഴത്തെ പേടി..”
“ചേച്ചിക്ക് വീട്ടിൽ ഒരു ജോലിയുമില്ലേ? രാവിലെ തന്നെ ആളെ കളിയാക്കാൻ ഇറങ്ങിയിരിക്കുകയാണോ?”
“ശ്ശെടാ… ഞാൻ കാര്യം പറഞ്ഞതാ… മറ്റന്നാൾ നീ പുള്ളി അറിയാതെ ഒന്ന് വാച്ച് ചെയ്തോ… അപ്പൊ മനസിലാകും…”
“ഒന്ന് ഫോൺ വച്ചിട്ട് പോയേ… “
ഉറക്കെ ചിരിച്ചു കൊണ്ട് ജിൻസി ഫോൺ വച്ചു.. അവൾ പറഞ്ഞത് ശരിയാണെന്ന് മീനാക്ഷിക്ക് അറിയാമായിരുന്നു.. യദുകൃഷ്ണൻ സാർ തന്നോട് സംസാരിക്കുമ്പോൾ ആ ശബ്ദം വല്ലാതെ മൃദുലമാകും… മറ്റാരോടും കാണിക്കാത്ത ഒരു കെയറിങ് ഫീൽ ചെയ്യുന്നുണ്ട്… സാറിന്റെ അടുപ്പം സമീറയിൽ ഈർഷ്യ ഉണ്ടാക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു.. അതപകടമാണ്.. പുതിയ ഓഫീസ് തുറന്നാൽ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് അങ്ങോട്ട് മാറുന്നതാണ് ഉചിതം.. അവൾ തീരുമാനിച്ചു..
വീടിനു മുൻപിലെത്തിയപ്പോൾ ചെടികളുടെ ചുവട് വൃത്തിയാക്കുകയായിരുന്ന ഹരിദാസ് അവളെ നോക്കി ചിരിച്ചു..
“നിന്റെ കൃഷ്ണൻ എന്തു പറഞ്ഞെടീ?”
“കൂടെ തന്നെ നിന്നോളാം എന്ന് വാക്ക് തന്നു.. പോരേ?”
അയാൾ എഴുന്നേറ്റു കൈ കഴുകി…
“അത് മതി.. ഒടുക്കം രാധയെ ഉപേക്ഷിച്ചു പോയ പോലെ ആകരുത്..”
“ആര് പറഞ്ഞു ഉപേക്ഷിച്ചു പോയെന്ന്? ഒരു തരത്തിൽ പറഞ്ഞാൽ രാധയും കൃഷ്ണനും രണ്ടല്ല, ഒന്ന് തന്നെയാ… “
ഒരു മാവിൻതൈയും കൊണ്ട് ഭാനുമതി അങ്ങോട്ട് വന്നു..
“അടിപൊളി… നിരീശ്വരവാദി ആയ അച്ഛനും കൃഷ്ണഭക്തയായ മകളും… ഏതേലും ചാനലിൽ വിളിച്ചു പറഞ്ഞ് ഒരു സംവാദത്തിനു ഏർപ്പാടാക്കിയാലോ?”
“അച്ഛന് ഈയിടെയായി കളിയാക്കൽ കൂടുന്നുണ്ട്.. ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ വേണ്ട… പക്ഷേ വിശ്വസിക്കുന്നവരെ കളിയാക്കരുത്…”
അവൾ മുഖം കൂർപ്പിച്ചു… ഹരിദാസ് അടുത്ത് വന്ന് അവളുടെ ചുമലിലൂടെ കയ്യിട്ടു..
“ആരാ പറഞ്ഞത് എനിക്ക് വിശ്വാസമില്ലെന്ന്? ഞാൻ വിശ്വസിക്കുന്നുണ്ട്.. ദൈവത്തെ കണ്ടിട്ടുമുണ്ട്.. പണ്ട് ഗൾഫിൽ , പട്ടിണി കിടന്നപ്പോൾ സ്വന്തം ആഹാരം പകുത്തു തന്ന കോഴിക്കോട്ടുകാരൻ ഹംസക്കയുടെ രൂപത്തിൽ… അസുഖം ബാധിച്ചു തിരിച്ചു വരാൻ ടിക്കറ്റെടുക്കാൻ പോലും കാശില്ലാതെ കരഞ്ഞപ്പോൾ സ്വന്തം മാല വിറ്റ പൈസക്ക് ടിക്കറ്റും കുറച്ച് സാധനങ്ങളുമൊക്കെ വാങ്ങി തന്ന് എന്നെ യാത്രയാക്കിയ ആന്ധ്രപ്രദേശ്കാരി മേരി ചേച്ചിയുടെ രൂപത്തിൽ,… ഇവിടെ വന്നതിനു ശേഷം നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും അവഗണനയുമേറ്റ് തകർന്നപ്പോൾ കൂടെ നിന്ന് ധൈര്യം തന്ന നിന്റെ അമ്മയുടെ രൂപത്തിൽ,.. ഇപ്പൊ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ ഞങ്ങളെ സംരക്ഷിക്കുന്ന നിന്റെ രൂപത്തിൽ…. ഇതൊക്കെയാ ഞാൻ കണ്ട ദൈവങ്ങൾ…”
മീനാക്ഷിക്ക് വേദന തോന്നി…പക്ഷേ അതുള്ളിൽ ഒതുക്കി അവൾ ദേഷ്യപ്പെട്ടു..
“ഇത് കണ്ടോ അമ്മേ…? എന്തു പറഞ്ഞു തുടങ്ങിയാലും അവസാനം അച്ഛൻ സെന്റിയിലേ നിർത്തൂ. “
“എപ്പോഴും അങ്ങനെ തന്നെയല്ലേ?.രണ്ടും അകത്തേക്ക് പോയേ… ചായ എടുത്തു വച്ചിട്ടുണ്ട്…”
“അമ്മ കഴിച്ചോ?”
“ഞാൻ വന്നോളാം… ഈ മാവിൻ തൈ ഒന്ന് നടട്ടെ… അപ്പുറത്തെ സരോജിനി ചേച്ചി തന്നതാ..”
ഭാനുമതി മതിലിന്റെ അരികിലേക്ക് നടന്നു.. അവർ അകത്തേക്കും..
***********
ലൈഫ് ലൈൻ ഹോസ്പിറ്റൽ സേലം…
പാർക്ക് ചെയ്ത ആംബുലൻസിൽ ചാരി നിന്ന് ചുരുട്ട് വലിക്കുകയാണ് സത്യപാലൻ.. സെക്യൂരിറ്റി അങ്ങോട്ടേക്ക് ഓടി വന്നു..
“ഇങ്കെ സ്മോക്ക് പണ്ണ കൂടാത്..”
അയാൾ പറഞ്ഞു… സത്യപാലൻ അത് കേട്ടതായി ഭാവിച്ചില്ല..
“ഉങ്കിട്ട താനേ സൊന്നത്? കാതിൽ വീഴലയാ?”
അയാൾ ദേഷ്യത്തോടെ സത്യപാലന്റെ ഷർട്ടിൽ പിടിച്ചു..ചുരുട്ട് കടിച്ചു പിടിച്ചു കൊണ്ട് തന്നെ സത്യപാലൻ അയാളുടെ കൈയിലേക്കും മുഖത്തേക്കും നോക്കി..
“കൈ എടുക്കെടാ..” അയാൾ മുരണ്ടു… ആ ശബ്ദവും ചുവന്ന കണ്ണുകളും അയാളെ ഒരു രാക്ഷസനെ പോലെ തോന്നിച്ചു…ജോസ് അവിടെത്തി….
“അണ്ണാ… പ്ലീസ്.. നീങ്ക പോ…” ജോസ് സെക്യൂരിറ്റിയോട് അപേക്ഷിച്ചു…
“സത്യാ.. നീ അകത്തേക്ക് വാ… ഡോക്ടർ വിളിക്കുന്നു..”
ചുരുട്ട് നിലത്തേക്ക് തുപ്പി സെക്യൂരിറ്റിയെ അടിമുടി നോക്കി സത്യപാലൻ ഹോസ്പിറ്റലിനു അകത്തേക്ക് നടന്നു..
“അയാളുടെ അവസ്ഥ കുറച്ചു മോശമാണ്..”
ഡോക്ടർ സുദർശൻ പറഞ്ഞു..
“കൊല്ലാൻ വേണ്ടി തന്നെ ചെയ്തതാ… വെട്ടുകളൊക്കെ പക്കാ പ്രൊഫഷണൽ..പിന്നെ…”
സത്യപാലൻ കൈ ഉയർത്തി തടഞ്ഞു..
“ഒരൊറ്റ ഉത്തരം മാത്രമേ വേണ്ടൂ ഡോക്ടറേ… എന്റെ അനിയൻ ജീവിക്കുമോ അതോ മരിക്കുമോ?”
ഡോക്ടർ ഒന്ന് പതറി…
“അത്,.. സീ… മൂന്ന് സർജറി ഇപ്പൊ കഴിഞ്ഞു… ജീവന് തത്കാലം കുഴപ്പമൊന്നുമില്ല എന്ന് വിശ്വസിക്കാം.. പക്ഷേ എപ്പോൾ കണ്ണു തുറക്കും, എപ്പോൾ സംസാരിക്കും, എപ്പോൾ എഴുന്നേറ്റ് നടക്കും ,.. ഈ കാര്യങ്ങളിലൊന്നും ഉത്തരം തരാൻ എനിക്ക് കഴിയില്ല..”
“മതി… താങ്ക്സ്.”
സത്യപാലൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു..പിന്നാലെ ജോസും..
“നമുക്ക് ചെന്നൈയിലെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റിയാലോ സത്യാ?”
ജോസ് ചോദിച്ചു..
“വേണ്ട.. തത്കാലം ഇവിടെ കിടക്കട്ടെ..പിന്നെ ആലോചിക്കാം..”
സത്യപാലൻ ജോസിന്റെ നേരെ തിരിഞ്ഞു നിന്നു..
“ആരാണ് ചെയ്തതെന്ന് എന്തെങ്കിലും വിവരം കിട്ടിയോടാ?”
“ഇല്ല.. പോലീസിന് പുറമെ നമ്മുടെ ആളുകളും അന്വേഷിക്കുന്നുണ്ട്… ബഹളം കേട്ട് വന്ന അവിടുത്തെ താമസക്കാരാ ഹോസ്പിറ്റലിൽ എത്തിച്ചത്… അവർ ആരെയും കണ്ടില്ല… കനാലിന്റെ കരയിലെ വീട്ടിലെ ഒരു പയ്യൻ , ആരൊക്കെയോ ഓടുന്നത് കണ്ടു. പിന്നെ ഒരു കാർ പോകുന്നതും… പക്ഷേ ആളെ വ്യക്തമായില്ല..”
“ഏതു കാറാണെന്ന് കണ്ടോ?”
“അതൊന്നും അവനറിയില്ല… ചോദിച്ചു.. കുറേ കാറിന്റെ ഫോട്ടോസും കാണിച്ചു കൊടുത്തു.. പക്ഷേ അവനു ഒന്നും ഉറപ്പില്ല… നല്ല ഇരുട്ട് ആയിരുന്നു..”
സത്യപാലൻ വിദൂരതയിലേക്ക് നോക്കി നിന്നു…
“ആദ്യം ഡോക്ടർ റഫീഖ് അലി… പിന്നെ രഘു…കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ നമുക്ക് പുറകെ ആരോ ഉണ്ട്…”
“നീയെന്താ സത്യാ പറഞ്ഞു വരുന്നത്?”
“അതെ… കഞ്ചാവ് ലോബികൾ തമ്മിലുള്ള പ്രശ്‍നം അല്ല… ലക്ഷങ്ങളുടെ കഞ്ചാവ് ഗോഡൗണിൽ ഉണ്ടായിട്ടും ഒരു കെട്ട് പോലും നഷ്ടമായിട്ടില്ല.. അവന്റെ പൈസയോ, സ്വർണമോ നഷ്ടപ്പെട്ടിട്ടില്ല… ഒരു തെളിവ് പോലുമില്ലാതെ, കൊല്ലണമെന്ന ഉദ്ദേശത്തോടെ പണിതിട്ട് പോയി….”
അയാൾ ഇടതു കൈയിലെ ചൂണ്ടുവിരൽ നെറ്റിയിൽ അമർത്തി..
“നമുക്കെതിരെ എന്തോ ഒരുങ്ങുന്നുണ്ട് “.
“ആര്?” ജോസ് പേടിയോടെ ചോദിച്ചു.
“അറിയില്ല… കണ്ടു പിടിക്കണം… എന്നിട്ട് ഓരോ കോശങ്ങളിലും വേദന നിറച്ചു കൊണ്ട് കൊല്ലണം.. ഇനിയൊരാൾ നമുക്ക് നേരെ വരരുത്.. ശത്രുസ്ഥാനത്ത് നില്കാൻ സാധ്യത ഉള്ളവരുടെ ഒരു ലിസ്റ്റ് എടുക്കണം.. ആരെയും വിട്ടു പോകരുത്.. നമ്മുടെ മാത്രമല്ല, രഘുവിന്റെയും ..”
ജോസ് തലയാട്ടി… സത്യപാലന്റെ ഫോൺ അടിച്ചു… ദേവരാജനാണ്…
“സത്യാ.. രഘുവിന് എങ്ങനെയുണ്ട്?”
“ഒന്നും പറയാറായിട്ടില്ല…”
“ഞാനങ്ങോട്ടു വരണോ..?”
“വേണ്ട മുതലാളീ… വന്നിട്ട് കാര്യമില്ല.. കാണാൻ പറ്റത്തൊന്നുമില്ല..”
“ആളെ കിട്ടിയോ?”
“അന്വേഷിക്കുന്നുണ്ട്…”
“ഉം… എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം.. മേട്ടുപ്പാളയത്തെ അയ്യനാറും പിള്ളേരും അങ്ങോട്ട് വരുന്നുണ്ട്.ഒരു സഹായത്തിന്..”
“ആയിക്കോട്ടെ…”
“എന്നാൽ ശരി.. ഞാനൊന്ന് ഡൽഹി വരെ പോകുകയാ… എന്തുണ്ടെങ്കിലും വിളിച്ചറിയിക്കണം…”
ഫോൺ പോക്കറ്റിലിട്ട് സത്യപാലൻ ജോസിനെ നോക്കി…
“ഞാൻ അവന്റെ ഗോഡൗണിൽ പോയിട്ട് വരാം.. നീ ഇവിടെ തന്നെ ഉണ്ടാകണം.. കുറച്ചു ദിവസം നിനക്ക് ജോലി കൂടും… നാട്ടിലെ കാര്യങ്ങളും ഇതിനൊപ്പം നീ തന്നെ കൈകാര്യം ചെയ്യണം… രഘുവിനെ ഈ നിലയിലാക്കിയവനെ തീർത്തിട്ടേ എനിക്ക് വിശ്രമമുള്ളൂ…”
ശപഥം പോലെ പറഞ്ഞിട്ട് അയാൾ ഹോസ്പിറ്റലിനു പുറത്തേക്കിറങ്ങി..
*********
“ഒന്നര മണിക്കൂറായി ചമഞ്ഞൊരുങ്ങുന്നു.. ഇനിയും കഴിഞ്ഞില്ലേ?”
യദുകൃഷ്ണന്റെ ക്ഷമ നശിച്ചു..
“കഴിഞ്ഞു ഏട്ടാ… ഇച്ചിരി ലിപ്സ്റ്റിക്ക് കൂടെ..”
കണ്ണാടിക്ക് മുൻപിലിരുന്ന ശിവാനി വിളിച്ചു പറഞ്ഞു…
“ഒരുക്കം കണ്ടാൽ നിന്റെ വിവാഹം ആണെന്ന് തോന്നുമല്ലോ… ഒന്ന് വേഗം വാടീ… കെട്ടു കഴിയും മുൻപെങ്കിലും അവിടെത്തണം…”
യദുവിന്റെ കൂട്ടുകാരന്റെ വിവാഹമാണ്… കുടുംബസമേതം പോകാൻ ക്ഷണിച്ചിരുന്നു. പക്ഷേ ദേവരാജൻ ഡൽഹിക്കും, ചേട്ടൻ നാരായണന് സുഖമില്ലാത്തത് കൊണ്ട് സീതാലക്ഷ്മി തറവാട്ടിലേക്കും പോയി…
പതിനഞ്ചു മിനിറ്റിനു ശേഷമാണ് ശിവാനി പുറത്തേക്ക് വന്നത്.. മയിൽപീലി കളറുള്ള സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു….
“കൊള്ളാമോ?”
“സൂപ്പർ…പൊക്കിയെടുത്ത് തറവാട്ടിലെ പാടത്തു കൊണ്ടു വയ്ക്കാം..”
“അയ്യട… അസൂയ… ഇത്രേം സുന്ദരിയായ അനിയത്തിയെ കിട്ടിയതിനു ദൈവത്തോട് നന്ദി പറ… അവിടെ വരുന്ന ഏതേലും ചുള്ളൻ ചെക്കൻ കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വരണമെങ്കിൽ കുറച്ചൊക്കെ ഒരുങ്ങണം…”
“അങ്ങനെ ഏതേലും കഷ്ടകാലം പിടിച്ചവൻ അവിടുണ്ടെങ്കിൽ അവനെ രക്ഷിക്കാൻ ആർക്കുമാവില്ല.. നീയൊന്നു വന്നേടീ… ഇപ്പൊ തന്നെ വൈകി..”
അവൻ കാർ കീയുമെടുത്ത് പുറത്തിറങ്ങി.ടൗണിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം .. എല്ലാം കഴിഞ്ഞ് രണ്ടര മണിയോടെ യദുവും ശിവാനിയും അവിടുന്ന് ഇറങ്ങി… അവളുടെ മാല മാറ്റിവാങ്ങാൻ വേണ്ടി ജ്വല്ലറിയിൽ പോയി.. അര മണിക്കൂറോളം അവിടെയും ചിലവഴിച്ചു..
“നീ കാറിലിരിക്ക്… ഞാനൊരു മൊബൈൽ ചാർജർ വാങ്ങിയിട്ട് വരാം…”
യദു പറഞ്ഞു..
“. എനിക്കൊരു ഷൂ വാങ്ങണം.. ഞാനാ കടയിലേക്ക് പോകുകയാ..”
അവൾ റോഡിന്റെ എതിർ വശത്തുള്ള ഷോപ്പ് ചൂണ്ടി…
“കീ താ.. ഞാൻ കാറെടുക്കാം “
“ഒന്ന് പോയേ… ആദ്യം ലൈസൻസ് കിട്ടട്ടെ… എന്നിട്ട് ടൗണിലൂടെ ഓടിക്കാം…”
“ഞാൻ ശ്രദ്ധിച്ചോളാം… ഏട്ടൻ താ… അവിടെ പോയി വാങ്ങിച്ച ഉടൻ ഇങ്ങോട്ടേക്ക് വരാം..”
അവളുടെ നിർബന്ധം സഹിക്ക വയ്യാതെ യദു കീ കൊടുത്തു… സന്തോഷത്തോടെ അതും വാങ്ങി അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് ഇറക്കി.. വൺ വേ ആണ്… കുറച്ചു മുന്നോട്ട് പോയി സിഗ്നലിൽ നിന്നു യൂ ടേൺ എടുത്ത് അവൾ തിരിച്ചു വന്ന് പാർക്കിങ്ങിൽ വണ്ടി നിർത്തി കടയിൽ കയറി… ഷൂ വാങ്ങി ഇറങ്ങിയപ്പോഴേക്കും റോഡ് മുറിച്ചു കടന്ന് യദു അവിടെത്തി… അവനെക്കാൾ മുൻപേ അവൾ ഡ്രൈവിംഗ് സീറ്റിൽ കയറി…
“നീ മാറിക്കേ…”
“വേണ്ട.. ഞാൻ തന്നെ ഓടിച്ചോളാം..”
“ശിവാ… തമാശ കളിക്കല്ലേ… ചെക്കിങ് ഉണ്ടാകും…”
“സാരമില്ല… ഇനി പോലീസ് പിടിച്ചാൽ അച്ഛന്റെ പേര് പറഞ്ഞോളാം… എന്നിട്ടും വിട്ടില്ലെങ്കിൽ ഞാൻ ഫൈൻ അടച്ചോളും..”
അവൾ വിട്ടുകൊടുത്തില്ല.. യദു ദേഷ്യത്തിൽ കാറിൽ കയറി ഡോർ വലിച്ചടച്ചു…
“അങ്ങനെ വഴിക്ക് വാ… ഇപ്പൊ ഈ തിരക്കിലൂടെ ഓടിച്ചു പഠിച്ചാലെ, ലൈസൻസ് കിട്ടിയ ശേഷം സ്വന്തം കാറ് വാങ്ങി പേടിയില്ലാതെ ഓടിക്കാൻ പറ്റൂ..”
കാർ റിവേഴ്സ് ഗിയറിലിട്ട് അവൾ വിജയഭാവത്തിൽ ചിരിച്ചു.. പക്ഷേ അവളുടെ ചിരിക്ക് ഒരു നിമിഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ… പിന്നിലേക്കെടുത്തപ്പോൾ കാറിന്റെ വേഗം കൂടി.. പടക്കം പൊട്ടുന്നതു പോലൊരു ശബ്ദം കേട്ടു… കാർ എന്തിലോ ഇടിച്ചതാണ്…. രണ്ടു പേരും ഒരുപോലെ ഞെട്ടി… യദുകൃഷ്ണൻ ഗ്ലാസ് താഴ്ത്തി തല വെളിയിലിട്ട് പിറകിലേക്ക് നോക്കി… ചുവപ്പ് നിറത്തിലുള്ള ഒരു സ്കൂട്ടറും ഒരാളും റോഡിൽ വീണു കിടക്കുന്നു…
“ദൈവമേ … പണിയായി…” അവൻ തലയിലടിച്ചു…ശിവാനി സ്റ്റീയറിങ്ങും പിടിച്ചിരുന്നു വിയർക്കുകയാണ്…
“വണ്ടി ഒതുക്കിയിടെടീ…” അവൻ ശബ്ദമുയർത്തി.അവൾ ഒരു വിധത്തിൽ കാർ സൈഡിലേക്ക് നിർത്തി.. യദു ചാടിയിറങ്ങി.. അവൻ അടുത്തെത്തുമ്പോഴേക്കും അയാൾ റോഡിൽ നിന്ന് എഴുന്നേറ്റ് സ്കൂട്ടർ പിടിച്ചു നേരെയാക്കി… ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു…അപ്പോഴേക്കും ശിവാനിയും അങ്ങോട്ട് ഓടിയെത്തി..സുന്ദരനായ ഒരു ചെറുപ്പക്കാരൻ.. നീല ജീൻസും ഓറഞ്ചു നിറത്തിലുള്ള ഷർട്ടുമാണ് വേഷം…
“വല്ലതും പറ്റിയോ?”
യദുകൃഷ്ണൻ വെപ്രാളത്തോടെ ചോദിച്ചു..
“തനിക്ക് കണ്ണില്ലേടോ? എവിടെ നോക്കിയാ വണ്ടിയെടുക്കുന്നെ?”
അവൻ ദേഷ്യത്തിൽ യദുവിനെ നോക്കി.. അപ്പോഴാണ് ശിവാനിയുടെ കൈയിലെ കാർ കീ അവൻ കണ്ടത്..
“ആഹാ… അപ്പൊ ഇതാണല്ലേ കാറോടിച്ച മുതൽ ?.. എവിടുന്നാ താൻ ഡ്രൈവിംഗ് പഠിച്ചത്? കാറും വാങ്ങി റോട്ടിലേക്ക് ഇറങ്ങിക്കോളും ആളെ കൊല്ലാൻ…”
അവൻ ഉറക്കെ പറഞ്ഞു.. ആൾകാർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ശിവാനിക്ക് അതുവരെയുണ്ടായ പേടി മാറി ദേഷ്യം വന്നു..
“തനിക്കതിനു ഒന്നും പറ്റിയില്ലല്ലോ..? ഒരു വണ്ടി റിവേഴ്സ് വരുന്നത് കണ്ടാൽ സ്ലോ ആക്കണം എന്നുപോലും അറിയാത്ത താനാണോ എന്നെ പഠിപ്പിക്കാൻ വരുന്നേ?”
“ശിവാ.. നിർത്ത്..”
യദു തടഞ്ഞു…എന്നിട്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു… അവൻ ആരെയും ശ്രദ്ധിക്കാതെ സ്കൂട്ടർ പരിശോധിക്കുകയാണ്…. മഡ്ഗാർഡ് ഒടിഞ്ഞിട്ടുണ്ട്… കുറച്ചു പെയിന്റും പോയിട്ടുണ്ട്…
“എടോ തനിക്ക് എന്തെങ്കിലും പറ്റിയോ.? ആദ്യം അതു നോക്ക്..”
“എന്റെ വണ്ടിയുടെ കോലം കണ്ടോ? “
“അതൊക്കെ നമുക്ക് ശരിയാക്കാം… തനിക്കു വേദനയോ മറ്റോ ഉണ്ടോ…?”
അവന്റെ ഇടതു കാൽ മുട്ടിൽ ജീൻസ് റോഡിലുരഞ്ഞു കീറിയിട്ടുണ്ട്.. അതിലൂടെ രക്തം ഒഴുകുന്നത് യദു കണ്ടു…
“ബ്ലീഡിങ് ഉണ്ടല്ലോ.. താൻ വാ.. ഹോസ്പിറ്റലിൽ പോകാം “
അപ്പോഴാണ് ആ ചെറുപ്പക്കാരൻ അത് ശ്രദ്ധിച്ചത്…
“അയ്യോ.. എന്റെ ജീൻസ്… ആയിരത്തി ഇരുന്നൂറ് രൂപ കൊടുത്ത് വാങ്ങിച്ചതാ… രണ്ടാഴ്ചപോലുമായിട്ടില്ല..”
അവൻ സങ്കടപ്പെടുന്നത് കണ്ടപ്പോൾ ശിവാനി ചിരി കടിച്ചമർത്തി… ശരീരം നോവുന്നതിലല്ല അവനു പ്രശ്നം… ഡ്രസ്സ് കീറിയതാണ്…
“തൃപ്തിയായല്ലോ…” അവൻ കോപത്തോടെ ശിവാനിയെ നോക്കി..
“ശ്ശെടാ… ഇതെന്തൊരു കുരിശ്? തന്റെ വണ്ടി ശരിയാക്കി തരാമെന്നും ഹോസ്പിറ്റലിൽ എത്തിക്കാമെന്നും പറഞ്ഞില്ലേ? ഇനി തനിക്ക് എന്താ വേണ്ടേ? പോലീസിനെ വിളിക്കണോ? എന്നാൽ വിളിക്ക് “
ശിവാനിയുടെ ക്ഷമ നശിച്ചു…
രണ്ടു ലോഡിങ് തൊഴിലാളികൾ അങ്ങോട്ട് വന്നു..
“ദേവരാജൻ സാറിന്റെ മക്കളല്ലേ?”
അതിലൊരാൾ ചോദിച്ചു.. യദുകൃഷ്ണൻ അതെ എന്നർത്ഥത്തിൽ തലയാട്ടി..
“അനിയാ നിനക്ക് കേസ് ആക്കണമെന്ന് നിർബന്ധമാണെങ്കിൽ ചെയ്തോ.. പക്ഷേ ഇത് വല്യ ടീമാ… ചുമ്മാ പുറകെ നടക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല.. “
അതിലൊരാൾ ആ ചെറുപ്പക്കാരനെ അനുനയിപ്പിക്കാൻ ശ്രമിച്ചു..
“ഈ നാട്ടിൽ പാവങ്ങൾക്ക് ജീവിക്കണ്ടേ? എന്റെ വണ്ടി, എന്റെ ജീൻസ്… ഇതിനൊക്കെ ആര് സമാധാനം പറയും?”
“ഞാൻ സമാധാനം പറഞ്ഞോളാം… താൻ വന്ന് കാറിൽ കേറ്… നമുക്ക് ഹോസ്പിറ്റലിൽ പോകാം..”
യദു അവനെ ആശ്വസിപ്പിച്ചു… എന്നിട്ട് ലോഡിങ് തൊഴിലാളികളെ നോക്കി.
“ചേട്ടാ.. ഒരു ഹെല്പ് ചെയ്യാമോ? ഈ സ്കൂട്ടർ ഏതെങ്കിലും വർക്ക്‌ഷോപ്പിൽ എത്തിക്കാൻ പറ്റുമോ?”
“അതിനെന്താ കുഞ്ഞേ… ആ വളവിൽ ഒരു റിപ്പയറിങ് കടയുണ്ട്… ഞാൻ എത്തിച്ചോളാം..”
അയാൾ വാക്ക് കൊടുത്തു..
“അത് ഓക്കേ ആയി.. ഇനി താൻ വാ..” യദു അപേക്ഷ പോലെ ആ ചെറുപ്പക്കാരനോട് പറഞ്ഞു.. ഒന്ന് മടിച്ചു നിന്ന ശേഷം അവൻ സ്കൂട്ടറിന്റെ സീറ്റ് ഉയർത്തി ഒരു ബാഗ് എടുത്തു.. അതിനു ശേഷം ചാവി ലോഡിങ് കാരന് നീട്ടി..
“ചേട്ടാ, ശ്രദ്ധിക്കണം കേട്ടോ..”
“ആയിക്കോട്ടെ… നീ ഇപ്പൊ അവരുടെ കൂടെ പോ..”
അവൻ മുടന്തികൊണ്ട് കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയറി.. യദു ഡ്രൈവിംഗ് സീറ്റിലും ശിവാനി പുറകിലും ഇരുന്നു..
“തന്റെ പേരെന്താ..?”
“അഭിമന്യു…” കർച്ചീഫ് എടുത്ത് കാൽമുട്ടിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു….
“വീട് ഇവിടെ അടുത്താണോ?”
“അല്ല… വയനാട് ആണ്.. ഇവിടെ വാടകയ്ക്ക് താമസിക്കുന്നു…”
“എന്താ ജോലി?”
“ഏട്ടൻ ഇയാളെ ഇന്റർവ്യൂ ചെയ്യാതെ ഏതേലും ഹോസ്പിറ്റലിൽ എത്തിച്ച് ശല്യം ഒഴിവാക്കാൻ നോക്ക്..”
ശിവാനി പുറകിൽ നിന്നും ഉറക്കെ പറഞ്ഞു..
“ബ്രദറേ… ഏതാ ഈ പിശാശ്? “
അഭിമന്യു നിഷ്കളങ്കമായി ചോദിച്ചു… യദു അറിയാതെ ചിരിച്ചു പോയി..
“പിശാശ് തന്റെ….. വെറുതെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..”
അവൾ ചൂടായി..
“എന്നാൽ പറ.. കേട്ടിട്ട് തന്നെ കാര്യം…”
അവൻ പിറകോട്ടു തിരിഞ്ഞിരുന്നു..
“വണ്ടിയിടിച്ചു കൊല്ലാൻ നോക്കിയതും പോരാഞ്ഞിട്ട് ശല്യം ഒഴിവാക്കണം അല്ലേ? പത്തുകിലോ പുട്ടി മുഖത്തു തേച്ച് ഇറങ്ങിക്കോളും….”
“ഏട്ടാ… ഇയാളോട് മിണ്ടാതിരിക്കാൻ പറ..”
“ഇത് നിങ്ങളുടെ അനിയത്തിയാണോ..?”
അവന്റെ നോട്ടം യദുവിന്റെ നേർക്കായി..
“അതെ… എന്തേ?”
“നിങ്ങളെപ്പോലെ ഒരാൾക്ക് ഇതുപോലൊരെണ്ണം അനിയത്തിയോ?. കഴിഞ്ഞ ജന്മത്തിൽ നിങ്ങളെന്തോ വല്യ പാപം ചെയ്തിട്ടുണ്ട് “
“എനിക്കെന്താടോ കുഴപ്പം..? “
ശിവാനി രൂക്ഷമായി അവനെ നോക്കി..
“അഭിമന്യു എന്ന് പേരും ദുര്യോധനന്റെ സ്വഭാവവും..”
അവൾ പിറുപിറുത്തു…ചിരിച്ചാൽ അവളുടെ ദേഷ്യം വർധിക്കും എന്നറിയുന്നത് കൊണ്ട് യദുകൃഷ്ണൻ മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു…
സാരമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല…കാൽമുട്ടിലും ഇടതു കയ്യിലും തൊലി പോയിട്ടുണ്ട്..മുറിവുകളിൽ മരുന്ന് വച്ചു കെട്ടി ഹോസ്പിറ്റലിൽ നിന്ന് അവരിറങ്ങി.. വീർപ്പിച്ച മുഖവുമായി ശിവാനി കാറിനടുത്തു നിന്നതേയുള്ളൂ…
“തനിക്കെവിടാ പോകേണ്ടത്? ഞാൻ കൊണ്ടു വിടാം..”
യദു ചോദിച്ചു..
“വിമൻസ് കോളേജിന്റെ പിറകിലെ ക്വാർട്ടേഴ്സിലാണ് താമസം,.”
അഭിമന്യു പറഞ്ഞു…
കാർ അങ്ങോട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു..
“തന്റെ ജോലി എന്താണെന്ന് പറഞ്ഞില്ല?” യദുകൃഷ്ണൻ ഓർമിപ്പിച്ചു… അഭിമന്യു കയ്യിലെ ബാഗ് തുറന്ന് ഒരു പുസ്തകം എടുത്ത് അവനെ കാണിച്ചു…
“ഡ്രോയിങ് ബുക്കാ… കുട്ടികൾക്ക് ഉള്ളത്.. ഇതിന്റെ സെയിൽസ് ആണ്… തലവേദന കാരണം ഇന്ന് നേരത്തെ മതിയാക്കി റൂമിലേക്ക് പോകുകയായിരുന്നു..അപ്പോഴാ..”
അവൻ നിർത്തി… യദുവിനു സങ്കടം തോന്നി…
“ആ സ്കൂട്ടർ സെക്കൻഡ് ഹാൻഡ് ആണ്.. പക്ഷേ എനിക്കത് ബെൻസ് കാറിനു തുല്യമാ… കുറേ കാലം രാവും പകലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശിനു വാങ്ങിയതാണ്… അതോണ്ടാ ദേഷ്യപ്പെട്ടത്.. നിങ്ങൾക്ക് വിഷമമായെങ്കിൽ സോറി…”
“ഏയ്.. തെറ്റ് ഇവളുടെ ഭാഗത്താ.. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് വേറൊന്നും സംഭവിച്ചില്ലല്ലോ… അതു തന്നെ ഭാഗ്യം…”
ശിവാനി അവരെ ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു… വിമെൻസ് കോളേജിന്റെ വലിയ മതിൽക്കട്ടിനു പിറകിൽ നാലഞ്ച് ക്വാർട്ടേഴ്‌സുകൾ ഉണ്ട്.. എല്ലാത്തിലും അന്യസംസ്ഥാന തൊഴിലാളികൾ ആണ് താമസം… രണ്ടാമത്തെ കെട്ടിടത്തിനു മുൻപിലെത്തിയപ്പോൾ അഭിമന്യു കാർ നിർത്താൻ പറഞ്ഞു.
“ഇതാണ്…”
“ഇവിടെ മലയാളികൾ ആരുമില്ലേ?”
“ഇല്ല… ഇവരൊക്കെ ഒറീസക്കാരാ… ഹോട്ടലിലും മറ്റുമൊക്കെ പണിയെടുക്കുന്നവർ ..”
“താനെങ്ങനെ ഇവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്യുന്നു?”
യദുകൃഷ്ണൻ അത്ഭുതപ്പെട്ടു..
“ഈ നഗരത്തിൽ ഇതിലും കുറഞ്ഞ വാടകയ്ക്ക് ഒരു മുറി കിട്ടാൻ പാടാണ്… പിന്നെ ഇവന്മാർ കുഴപ്പമൊന്നുമില്ല… സ്നേഹമുണ്ട്.. മലയാളികളെക്കാൾ വിശ്വസിക്കാം…”
അഭിമന്യു ഒന്ന് ചിരിക്കാൻ ശ്രമിച്ചു…
“അകത്തേക്ക് വിളിച്ച് ചായ തരണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ നിങ്ങളെപ്പോലുള്ളവർക്ക് വരാൻ പറ്റിയ ഒരിടമല്ല ഇത്….”
“എനിക്കങ്ങനത്തെ പ്രശ്നമൊന്നും ഇല്ല
എന്നാലും ഇപ്പൊ വേണ്ട… പോയിട്ട് തിരക്കുണ്ട്..”
യദു പേഴ്സ് തുറന്ന് ഏതാനും നോട്ടുകൾ എടുത്ത് അവനു നീട്ടി..
“വേണ്ട…” അവൻ തടഞ്ഞു… യദു ബലമായി അതവന്റെ പോക്കറ്റിൽ വച്ചു..
“ജീൻസ് കീറിയില്ലേ? പുതിയൊരെണ്ണം വാങ്ങിക്കോ…”
ഒരു വിസിറ്റിംഗ് കാർഡ് കൂടി അവന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു..
“എന്റെ നമ്പർ അതിലുണ്ട്… എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.. തന്റെ സ്കൂട്ടർ ശരിയായാൽ പോയി എടുത്തോ… കാശൊക്കെ ഞാൻ കൊടുത്തോളാം…”
“നിങ്ങളുടെ പേര് ചോദിക്കാൻ വിട്ടു പോയി..”
“ഞാൻ യദുകൃഷ്ണൻ… ഇത് ശിവാനി.. സീത അഡ്വർടൈസിങ് ഏജൻസി നടത്തുന്നു…”
“നേരത്തെ ആ ചേട്ടൻ ദേവരാജൻ എന്ന് പറഞ്ഞത്, സീതാഗ്രൂപ്പിന്റെ ഓണർ ആണോ”
“അതെ.. ഞങ്ങളുടെ അച്ഛനാ…”
“ഒരുപാട് കേട്ടിട്ടുണ്ട്… നിങ്ങളുടെ ഫിനാൻസിന്റെ ഓഫിസിലൊക്കെ ഞാൻ സെയിൽസിനു പോയിട്ടുണ്ട്,.. ബുദ്ധിമുട്ടിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു..”
“ഒരു ബുദ്ധിമുട്ടും ഇല്ല… താൻ പോയി റസ്റ്റ് എടുക്ക്.. നാളെ വേദനയോ മറ്റോ ഉണ്ടായാൽ എന്നെ വിളിക്കണം… മടിക്കരുത്..”
അവൻ തലകുലുക്കി. എന്നിട്ട് പുറത്തിറങ്ങി..
“ഒരപേക്ഷ ഉണ്ട്… അനിയത്തിയോട് ആദ്യം കാർ വീട്ടുമുറ്റത്തിട്ട് ഓടിച്ചു പഠിക്കാൻ പറ.. എന്നിട്ട് റോഡിലേക്ക് ഇറക്കിയാൽ മതി.. ഇല്ലേൽ നിങ്ങൾക്ക് ഇതുപോലെ ഓരോരുത്തരേം എടുത്ത് ഹോസ്പിറ്റലിൽ പോകാനേ നേരം കാണൂ…”
എന്തോ പറയാനോങ്ങിയ ശിവാനിയെ യദു കണ്ണുകൾ കൊണ്ട് തടഞ്ഞു.. അഭിമന്യു മുടന്തികൊണ്ട് നടന്നപ്പോൾ ഒരു ഹിന്ദിക്കാരൻ ഓടി വന്നു അവനെ താങ്ങിപ്പിടിച്ചു നടത്തി…
“പാവം…” യദു അറിയാതെ പറഞ്ഞു..
“അത്ര പാവമൊന്നും അല്ല… അവനെക്കാൾ വല്യ നാക്കാ..”
“മര്യാദക്ക് ജോലി ചെയ്തു ജീവിച്ചോണ്ടിരുന്ന ഒരുത്തനെ ഈ കോലത്തിലാക്കിയപ്പോൾ നിനക്ക് സമാധാനമായോടീ?”
“ഏട്ടൻ പറയുന്നത് കേട്ടാൽ ഞാൻ വേണമെന്ന് വച്ചു ചെയ്തത് പോലാണല്ലോ..”
“ഞാൻ പറഞ്ഞാൽ കൂടിപ്പോകും.. ഇതോടെ നിർത്തി.. ഇനി നീ സ്റ്റീയറിങ് തൊടില്ല.”
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും ഇനി മിണ്ടിയാൽ ഏട്ടന്റെ കയ്യിൽ നിന്നും നല്ലത് കിട്ടുമെന്ന് ഉറപ്പുണ്ടായതിനാൽ ഹെഡ്സെറ്റ് ചെവിയിൽ തിരുകി ശിവാനി സീറ്റിലേക്ക് ചാരിയിരുന്നു…യദു കാർ അവിടെ വച്ചു തിരിച്ചു വീട്ടിലേക്ക് യാത്രയായി…
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission