” ആ വട്ടനെ അല്ലാതെ വേറാരെയും ഏട്ടന് കിട്ടിയില്ലേ? “
ശിവാനി ദേഷ്യപ്പെട്ടു.. രാവിലെ അവളും യദുവും ഓഫിസിൽ എത്തിയപ്പോൾ അഭിമന്യു കാത്തിരിക്കുന്നുണ്ടായിരുന്നു… എഴുന്നേറ്റു നിന്ന് യദുവിനോട് ഗുഡ്മോർണിംഗ് പറഞ്ഞെങ്കിലും ശിവാനിയെ അവൻ നോക്കിയത് പോലുമില്ല.. അതവൾക്ക് കുറച്ചിൽ ആയെന്നും, അതിന്റെ പ്രതികരണമാണ് ഇതെന്നും യദുകൃഷ്ണന് മനസ്സിലായി..
“ശിവാ.. അതൊരു പാവത്താനാ.. നീ അന്നത്തെ സംഭവം ഇനിയും മറന്നിട്ടില്ല.. അതാണ് ദേഷ്യം..”
“അതെ… എന്റെ മുഖത്ത് നോക്കി പിശാശ് എന്ന് വിളിച്ച ആദ്യത്തെ ആളാ അവൻ .. ഞാനത് മറക്കില്ല..”
“അത് സത്യമല്ലേ?”
“ഏട്ടൻ എന്തെങ്കിലും പറഞ്ഞോ?”..
“ഒന്നുമില്ല.. അവൻ അങ്ങനെ വിളിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞതാ..”
അവൾ യദുവിനെ രൂക്ഷമായി ഒന്ന് നോക്കി…പിന്നെ മുഖം വീർപ്പിച്ചിരുന്നു.. അവൻ ചെയറിൽ നിന്നെണീറ്റ് അവളുടെ അടുത്തേക്ക് പോയി…
“മോളേ… എനിക്ക് അവൻകുഴപ്പക്കാരനായിട്ട് തോന്നുന്നില്ല.. ഇനി അങ്ങനെ ആണെങ്കിൽ നമുക്ക് ഒഴിവാക്കാമല്ലോ..”
ശിവാനി ഒന്നും മിണ്ടിയില്ല…
“ഇവിടെന്തായാലും ഒരു ഡ്രൈവർ വേണം… പക്ഷേ മറ്റു ജോലികൾ കൂടി ചെയ്യാൻ പറ്റുന്ന ഒരാൾ ആയിരിക്കണം… അഭിമന്യു സ്മാർട്ട് ആണ്…നമുക്ക് കുറച്ച് ദിവസം ഒന്ന് നോക്കാം…”
“എന്തേലും ചെയ്യ്… “
അവൾ മുഖത്ത് നോക്കാതെ പറഞ്ഞു…യദുകൃഷ്ണൻ ഇന്റർകോം എടുത്ത് ചെവിയിൽ വച്ചു..
“മീനാക്ഷീ… അവിടെ ഒരാൾ ഇരിക്കുന്നില്ലേ? അവനെ ഇങ്ങോട്ട് പറഞ്ഞു വിട്…”
“അതിനും മീനാക്ഷി…. ഞാനത്ര മണ്ടിയൊന്നും അല്ല… എനിക്ക് എല്ലാം മനസിലാവുന്നുണ്ട്…”
ശിവാനി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി…
“എന്ത് മനസിലാവുന്നുണ്ടെന്ന്?”
“റിസപ്‌ഷനിൽ ശ്വേത എന്നൊരു കുട്ടിയെ അപ്പോയിന്റ് ചെയ്തിട്ടുണ്ടല്ലോ.. അവളെ വിളിച്ചാൽ പോരേ? “
അതു ശരിയാണല്ലോ എന്ന് അപ്പോഴാണ് യദു ചിന്തിച്ചത്.. ചമ്മൽ മറയ്ക്കാൻ അവൻ മുന്നിലെ പേപ്പറിൽ കണ്ണു നട്ടു…
കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ തട്ടു കേട്ടു…അഭിമന്യു ആണ്..
“കേറി വാടോ “
അവൻ അകത്തു കയറി, കയ്യിലെ ഫയൽ മേശപ്പുറത്ത് വച്ചു…
“താനിരിക്ക്..”
അവൻ ശങ്കയോടെ ശിവാനിയെ നോക്കി..
“വേണ്ട സർ…”
“അയ്യോ… എന്തൊരു വിനയം….” ശിവാനി പിറുപിറുത്തു…
“ഹാ… ഇരിക്കെടോ…” യദു പിന്നെയും പറഞ്ഞപ്പോൾ അവൻ പതിയെ ഇരുന്നു..
“അപ്പൊ അഭീ… ഈ കമ്പനിയിൽ ജോലി ചെയ്യാൻ തനിക്കു സമ്മതമല്ലേ?”
“അതെ സാർ… “
“എന്നാൽ ഐശ്വര്യമായിട്ട് സൈൻ ചെയ്തോ..”
പുഞ്ചിരിച്ചു കൊണ്ട് യദുകൃഷ്ണൻ ഒരു പേപ്പർ അവന്റെ മുന്നിലേക്ക് നീക്കി.. അഭിമന്യു അതെടുത്തു വായിച്ചു നോക്കി.. എന്നിട്ട് ഒപ്പിട്ടു…
“ശിവാ… വണ്ടിയുടെ കീ അവനു കൊടുക്ക്..”
ശിവാനി പാതി മനസ്സോടെ ഫോർച്യൂണറിന്റെ കീ അവനു നീട്ടി…
“സൂക്ഷിച്ചു ഓടിക്കണം… വിലകൂടിയ കാറാ..”
അവൾ ഓർമിപ്പിച്ചു…
“എങ്ങനെ.. ? മാഡം ഓടിച്ചത് പോലെയാണോ?”
ഒരു നിമിഷം പോലും വൈകാതെ അവൻ മറുപടിയും കൊടുത്തു… പൊട്ടിവന്ന ചിരിയടക്കാൻ യദു നന്നേ പാടുപെടുന്നത് കൂടി കണ്ടപ്പോൾ ദേഷ്യം കൊണ്ട് ശിവാനിയുടെ മുഖം ചുവന്നു…
“പിന്നെ, കാറിനെ കുറിച്ചോർത്തു മാഡം ടെൻഷനടിക്കണ്ട… കെ ആർ ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ..? കോയമ്പത്തൂരിലെ വലിയ ബിസിനസുകാരാണ്… അതിന്റെ ഓണർ ബഷീറിക്കയുടെ ഡ്രൈവർ ആയിരുന്നു കുറച്ചു കാലം… ആ വണ്ടി ഇതിനേക്കാൾ കോസ്റ്റ്ലി ആണ്… റോൾസ് റോയ്‌സ് ഗോസ്റ്റ്…”
അവിടെ നിന്നാൽ വല്ലതും വിളിച്ചു പറഞ്ഞു പോകും എന്ന് തോന്നിയപ്പോൾ ശിവാനി എഴുന്നേറ്റ് പുറത്തേക്ക് വേഗത്തിൽ നടന്നു..
“മാഡത്തിന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.. സോറി സർ… ഇതാണെന്റെ കുഴപ്പം.. നാവ് നിയന്ത്രിക്കാൻ പറ്റൂല.. അറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞു പോകും…”
അഭിമന്യു സങ്കടപ്പെട്ടു…
“ഏയ്.. അത് സാരമില്ല.. എനിക്കും ഓപ്പൺ ആയി സംസാരിക്കുന്നവരെയാ ഇഷ്ടം… പക്ഷേ മറ്റുള്ളവരെ അത് വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം… പിന്നെ ശിവയുടെ കാര്യം.. അവളും തന്നെ പോലെയാണ് … ഓരോന്ന് വിളിച്ചു പറയുമെങ്കിലും ആള് പാവമാ..”
യദുകൃഷ്ണൻ ഒന്ന് നിർത്തി….
“അഭീ…. ഈ കമ്പനിയിലെ എല്ലാവരും ഒരു കുടുംബം പോലെയാ… താനും ഇപ്പോൾ ഇവിടുത്തെ ഒരംഗം ആണ്… എന്തു പ്രശ്നമുണ്ടായാലും നേരിട്ട് എന്നോട് പറയണം… “
അവൻ തലയാട്ടി…യദു എഴുന്നേറ്റ് അവനു ഷേക്ഹാൻഡ് നൽകി..
“ആദ്യത്തെ ജോലി റെഡി ആണ്.. ഒരു കവർ തരും.. അത് എത്തിക്കേണ്ട അഡ്രസ്സും പറഞ്ഞു തരും…പോയി വാ…”
അഭിമന്യു പുറത്തിറങ്ങി… ആരോടാണ് ചോദിക്കേണ്ടത് എന്നവന് അറിയില്ലായിരുന്നു.. തൊട്ടടുത്ത കേബിനിൽ ശിവാനി ആരോടോ ഫോണിൽ സംസാരിക്കുകയാണ്.. അവൻ ചുറ്റും നോക്കി… സ്ത്രീകളും പുരുഷന്മാരുമായി കുറേ ആളുകൾ ജോലിയിൽ മുഴുകിയിരിക്കുന്നുണ്ട്… നേരത്തെ തന്നോട് സംസാരിച്ച പെൺകുട്ടിയെ കണ്ടപ്പോൾ അവൻ ആശ്വാസത്തോടെ അങ്ങോട്ട് നടന്നു..
“എസ്ക്യൂസ് മീ മാഡം…”
മീനാക്ഷി തലയുയർത്തി..
“സാറ് പറഞ്ഞു എന്തോ തരുമെന്ന്… ആരോടാ ചോദിക്കേണ്ടത് എന്നറിയില്ല.”
അവൾ ഒരു കവർ അവന് കൊടുത്തു..
“അഭിമന്യുവിന്റെ നമ്പർ പറ.. ലൊക്കേഷനും അഡ്രസ്സും ഞാൻ അയച്ചു തരാം..”
അവൻ നമ്പർ പറഞ്ഞു കൊടുത്തു..
“വാട്സാപ്പിൽ ഇട്ടിട്ടുണ്ട്..”
“ഓക്കേ മാഡം,.. ആ ജോലി കഴിഞ്ഞാൽ ഞാൻ മാഡത്തെ വിളിച്ചാൽ മതിയോ? അതോ സാറിനെയോ?”
“എന്നെ വിളിച്ചാൽ മതി.. സർ ചിലപ്പോൾ ബിസി ആയിരിക്കും..”
“ശരി മാഡം..”
“ഇയാള് ഈ മാഡം വിളി ഒന്ന് നിർത്താമോ? ഞാനും തന്നെപോലൊരു സ്റ്റാഫാ… എന്റെ പേര് മീനാക്ഷി.. അങ്ങനെ വിളിച്ചാൽ മതി..”
അവളൊന്നു ചിരിച്ചു.
“എന്നാൽ അഭിമന്യു പോയിട്ട് വാ..”
അവൻ സന്തോഷത്തോടെ പുറത്തേക്ക് നടക്കുന്നതും നോക്കി നിൽക്കവേ ശിവാനി അവളുടെ അടുത്തെത്തി..
“അവൻ പോയോ?”
“പോയി ..”
“ഒരു പിരി ലൂസാ…ഇടയ്ക്കൊന്ന് ശ്രദ്ധിക്കണം..”
“ഏയ്.. അങ്ങനെ തോന്നുന്നില്ല.. സാറിന്റെ സെലക്ഷൻ തെറ്റില്ല എന്നാ എന്റെ വിശ്വാസം…”
“അതറിയാം.. ഞാനത് കണ്ടോണ്ട് നിൽക്കുവാണല്ലോ..”
ശിവാനി എന്താനുദ്ദേശിച്ചത് എന്ന് മനസിലാവാൻ രണ്ടു നിമിഷമെടുത്തു.. പക്ഷെ അവളത് അറിയാത്ത ഭാവം നടിച്ചു.
“കുറച്ചു മെയിൽ ചെക്ക് ചെയ്തു റീപ്ലൈ അയക്കാനുണ്ട്.. ചേച്ചി ബിസിയാണോ?”
“അല്ല.. ഞാൻ ചെയ്തോളാം..”
“ജിൻസി ചേച്ചി എവിടെ?”
“മുകളിലുണ്ട്..”
ശിവാനി മുന്നോട്ട് നടന്നു.. പിന്നെ തിരിഞ്ഞു നിന്നു…
“ഞായറാഴ്ച എന്തെങ്കിലും പ്ലാൻ ഉണ്ടോ?”
“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല… എന്തേ?”
“നമുക്കൊരിടം വരെ പോയാലോ? വല്യമ്മാവൻ പറഞ്ഞ ഒരു ക്ഷേത്രമുണ്ട്.. ഒറ്റയ്ക്ക് പോകാൻ ഒരു മൂഡില്ല.. ചേച്ചിക്ക് വരാൻ പറ്റുമോ?”
“അതിനെന്താ മാഡം.. ഞാനെത്തിക്കോളാം..”
ശിവാനി ഒന്ന് പുഞ്ചിരിച്ച് അവളുടെ ക്യാബിനിലേക്ക് കയറി. രാജ്‌കുമാർ അവിടുത്തെ സേവനം മതിയാക്കി പോയശേഷം ആ ക്യാബിനും അയാളുടെ ചുമതലകളും കൂടി ശിവാനി ഏറ്റെടുത്തിരുന്നു..
“എന്താണ് മീനു മാഡം ഒരാലോചന..?”
പിന്നിൽ നിന്നും ജിൻസി ചോദിച്ചു..
“ഒന്നുമില്ല..”
“എടീ പുതിയ ഡ്രൈവർ വന്നെന്നു കേട്ടു..എവിടെ?”
“ജോലി തുടങ്ങി… ഒരിടം വരെ വിട്ടേക്കുവാ..”
“ആളെങ്ങനെ? “
“കണ്ടിട്ട് പാവമാണെന്നാ തോന്നുന്നേ.. ആർക്കറിയാം… ഓരോരുത്തരുടെ സ്വഭാവം മനസിലാക്കി വരുന്നതേ ഉള്ളൂ..”
“അതെന്താടീ അങ്ങനെ പറഞ്ഞത്?”
ജിൻസി ആശ്ചര്യത്തോടെ അവളെ നോക്കി..
“യദു സാർ എന്നോട് സംസാരിക്കുന്നതും അടുപ്പം കാട്ടുന്നതും ശിവാനി മാഡത്തിന് ഇഷ്ടമാകുന്നില്ല എന്ന് തോന്നുന്നു.”
“നിന്നോട് വല്ലതും ചോദിച്ചോ?”
“അങ്ങനൊന്നുമില്ല.. എന്തോ അർത്ഥം വച്ചു സംസാരിക്കുന്നു..”
“അത് സാരമില്ല.. നിന്റെ മനസ്സിൽ ഒന്നുമില്ലല്ലോ?”
“എന്ത്? ഒരു തേങ്ങയുമില്ല..”
“ഉണ്ടായാലും കുഴപ്പമില്ലെടീ… “
“ദേ.. എന്നെകൊണ്ട് ഒന്നും പറയിക്കല്ലേ.. മനുഷ്യൻ ഭ്രാന്ത് പിടിച്ചു നില്കുകയാ… കൈയിൽ കിട്ടി എന്ന് വിചാരിച്ച ഒരു വർക്ക് പോയി.. ഞാൻ മാക്സിമം ശ്രമിച്ചതാ… നടന്നില്ല.. ആദ്യമായിട്ടാണ് ഇങ്ങനെ..”
“അത് വിട്ടേക്കെടീ… സാറിനും മാഡത്തിനും അറിയാല്ലോ… പിന്നെന്താ?”
“എന്നാലും…”
“ഒരെന്നാലും ഇല്ല.. നിനക്ക് ചായ വേണോ..?
“വേണം.. തലവേദനിക്കുന്നു..”
“എന്നാൽ വാ..”
അവിടെ സജ്ജീകരിച്ച ചെറിയ കിച്ചണിലേക്ക് ജിൻസി നടന്നു. തന്റെ മൊബൈലുമെടുത്ത് മീനാക്ഷിയും.. ചായ തയ്യാറാക്കി കുടിച്ചു കൊണ്ടിരിക്കവേ അവളുടെ ഫോണിലേക്ക് യദു വിളിച്ചു..
“മീനാക്ഷി കിച്ചണിൽ ഉണ്ടോ?”
“ഉണ്ട് സർ…”
“വിരോധമില്ലെങ്കിൽ എനിക്കൊരു ബ്ലാക്ക് ടീ കൊണ്ടുതരാമോ? പ്ലീസ്?”
“ഷുവർ..”
ഫോൺ കട്ട് ചെയ്ത ശേഷം അവൾ അരിശത്തോടെ നിലത്തു ആഞ്ഞു ചവിട്ടി..
“എന്താടീ?”
“ഞാനങ്ങേരുടെ കെട്ട്യോളാണോ? ചായ വേണമത്രേ..”
“ചിലപ്പോൾ കെട്ട്യോൾ ആക്കാൻ പ്ലാൻ കാണും..”
“അത് മനസ്സിലിരിക്കത്തെയുള്ളൂ… അഞ്ചു മിനിറ്റ് കൂടുമ്പോൾ ഓരോ കാരണമുണ്ടാക്കി വിളിക്കുന്നതൊന്നും എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല… വേറെ വല്ല ജോലിയും കിട്ടിയാൽ ഞാനിവിടുന്നു പോകും.”
“മണ്ടത്തരം പറയല്ലേ പെണ്ണേ..”
ജിൻസി ശാസിച്ചു..
“പുള്ളി അങ്ങനെ ഒലിപ്പീര് പാർട്ടി ആണെന്നൊന്നും എനിക്ക് തോന്നുന്നില്ല..ഇവിടെ ഞാനുൾപ്പെടെ വേറെ ഏഴു സ്ത്രീകളുണ്ടല്ലോ… ഞങ്ങളോടാരോടും ഇങ്ങനെ പെരുമാറുന്നില്ല.. നിന്നോടുള്ള ഇഷ്ടം ആത്മാർത്ഥമായിരിക്കും… “
“പിന്നേ.. ആത്മാർത്ഥത… ഇതൊക്കെ കുറേ കണ്ടതാ.. പ്രണയം,.. മണ്ണാങ്കട്ട… ആ വാക്കിനോട് പുച്ഛമാണ്..ചേച്ചിക്ക് അറിയാത്തതൊന്നും അല്ലല്ലോ..”
അവളുടെ കണ്ഠമിടറി… മറക്കാൻ ശ്രമിക്കുന്ന ഭൂതകാലം തികട്ടി വരുന്നത് അവളെപ്പോലെ ജിൻസിയും അറിഞ്ഞു…
“മീനൂ… വേണ്ട…ഒന്നും ഓർക്കണ്ട… അതൊക്കെ കഴിഞ്ഞതാ…. നീ തത്കാലം സാറിന് ചായ കൊണ്ടു കൊടുക്ക്.. നമുക്ക് പിന്നെ സംസാരിക്കാം..”
മുഖം കഴുകി തുടച്ച് ചായയുമായി മീനാക്ഷി യദുകൃഷ്ണന്റെ അടുത്തേക്ക് പോയി…
***********
“അഫ്സലേ…. നീ വിചാരിക്കുമ്പോലെ നിസ്സാരക്കാരല്ല സീതാഗ്രൂപ്പ്..”
സണ്ണി ഓർമിപ്പിച്ചു. അവന്റെ മുന്നിലിരുന്ന ചെറുപ്പക്കാരൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..
“അതെന്തൂട്ട് വർത്താനാ സണ്ണി സാറേ…? ആദ്യായിട്ടൊന്നുമല്ലല്ലോ ഞാനൊരു പണി ഏറ്റെടുക്കുന്നത്?”
“എടാ.. അതല്ല.. എന്തെങ്കിലും പിഴവ് പറ്റിയാൽ ദേവരാജൻ നിന്റെയും എന്റെയുമൊക്കെ മൂന്ന് തലമുറയെ വരെ നശിപ്പിക്കും…”
“സാറ് കഥപറച്ചിൽ നിർത്തീട്ട് ആ ഗഡിയുടെ ഡീറ്റെയിൽസ് താ…സമയവും സന്ദർഭവും ഒത്തു വന്നാൽ പണി കഴിഞ്ഞു ഞങ്ങള് പോവും..”
ദേവരാജന് എതിരായി പോരാടാൻ തൃശൂരിൽ നിന്നും സണ്ണി കൊണ്ടുവന്നതാണ് അഫ്സലിനെയും അവന്റെ എട്ടു പേരടങ്ങുന്ന സംഘത്തെയും.. ചോര കണ്ട് അറപ്പു മാറിയ ക്രിമിനൽസ് ആണ് എല്ലാവരും.പഴുതുകളില്ലാത്ത പ്ലാൻ തയ്യാറാക്കി മതി ആക്രമണം എന്ന് സണ്ണി തീരുമാനിച്ചു… രണ്ടു പേർ സീതാലയവും , രണ്ടു പേർ ദേവരാജനെയും രണ്ടു പേർ യദുവിനെയും മറ്റു രണ്ടു പേർ ശിവാനിയെയും തങ്ങളുടെ നിരീക്ഷണവലയത്തിന് ഉള്ളിലാക്കി… സണ്ണിയുടെ ആളുകൾ സത്യപാലന്റെയും ജോസിന്റെയും പിറകിലും ഉണ്ടായിരുന്നു.. ഇങ്ങനെ ഒരപകടത്തെ പറ്റി ദേവരാജൻ ചിന്തിക്കുക ഇല്ല എന്ന് സണ്ണി ഉറച്ചു വിശ്വസിച്ചു….
എല്ലാം ഏർപ്പാടാക്കി അവൻ വീട്ടിൽ എത്തുമ്പോൾ തോമസ് കാത്തിരിക്കുന്നുണ്ടായിരുന്നു..
“എന്തായി മോനേ?”
അയാൾ ആകാംക്ഷയോടെ ചോദിച്ചു..
“റെഡിയാണ് അപ്പച്ചാ… നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്.. “
“സൂക്ഷിക്കണം.” തോമസ് പിന്നെയും ഓർമിപ്പിച്ചു..
“അറിയാം… ഇവന്മാരും മോശമൊന്നുമല്ല.. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് ക്വട്ടേഷൻ ഏറ്റെടുത്ത് ചെയ്തിട്ടുള്ളവരാ…. ഇതും ചെയ്യും.. അപ്പച്ചൻ മനസമാധാനമായി ഉറങ്ങിക്കോ.എത്രയും പെട്ടെന്ന് നമുക്ക് നഷ്ടമായതൊക്കെ തിരിച്ചു കിട്ടും.. സീതാഗ്രൂപ്പിന്റെ കാലം കഴിയാൻ പോവുകയാ..”
അയാളെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും സണ്ണിയുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു… സത്യപാലൻ കളത്തിൽഇറങ്ങിയാൽ സർവ നാശമായിരിക്കും ഫലം….. ജീവിതത്തിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ക്രൂരൻ സത്യപാലനാണ്.. കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്നവൻ.. ചെകുത്താൻ പോലും ഭയന്നു വിറക്കുന്ന തരത്തിലാണ് എതിരാളികളെ അയാൾ അവസാനിപ്പിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്… അങ്ങനെ ഒരാൾ സേനാനായകനായുള്ള ദേവരാജനെ നശിപ്പിക്കാൻ ഈ എട്ടു പേരെക്കൊണ്ട് സാധിക്കില്ല… അതിനു വേറെ ആളുകളെ ഇറക്കുന്നതാണ് ബുദ്ധി… മനസ്സിൽ കരുക്കൾ നീക്കിക്കൊണ്ട് സണ്ണി മുറിയിലേക്ക് നടന്നു…
***********
“ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ…”
സത്യപാലൻ മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിച്ചു… രഘു കിടക്കുന്ന ഹോസ്പിറ്റലിൽ ആയിരുന്നു അയാളും ദേവരാജനും…
“ആരാ ചെയ്തതെന്ന് ഒരു പിടിയുമില്ല… പോലീസും നമ്മുടെ ആളുകളും രാവും പകലും അന്വേഷിച്ചു.. കാര്യമുണ്ടായില്ല… ഇനി ഒരേയൊരു വഴി രഘുവിന് ബോധം തെളിഞ്ഞ് അവനോടു ചോദിക്കുക എന്ന് മാത്രമാ…”
ദേവരാജൻ അയാളുടെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ ശ്രമിച്ചു…
“സത്യാ…. നീയൊന്ന് സമാധാനപ്പെട്..”
“എങ്ങനെ…? മുതലാളി അവന്റെ കിടപ്പ് കണ്ടോ… ചിലപ്പോൾ മരണം വരെ കോമയിലായിരിക്കുമെന്നാ ഡോക്ടർ പറയുന്നത്.. ഇനി അഥവാ കണ്ണു തുറന്നാലും എഴുന്നേൽക്കാനോ, എന്തിന്, ഒരു വിരല് പോലും അനക്കാൻ പറ്റില്ല.. ചിലപ്പോൾ തോന്നും അവനെ ഞാൻ തന്നെ അങ്ങ് കൊന്നാലോ എന്ന്… എന്തിനാ ഇങ്ങനെ നരകിക്കാൻ വിടുന്നെ..”?
സത്യപാലന്റെ ശബ്ദത്തിൽ ആദ്യമായാണ് വേദനകലരുന്നതെന്ന് ദേവരാജൻ അറിഞ്ഞു….
“നമുക്ക് കുറച്ചൊന്നു കാത്തിരിക്കാം…നമ്മൾ ശത്രുവിനെ തേടി അലയേണ്ട ആവശ്യമില്ല…അവരുടെ അടുത്ത ലക്ഷ്യം നീയോ ഞാനോ ആയിരിക്കും…തീർച്ചയായും അവർ വരും.
മുന്നിൽ കിട്ടിയാൽ എന്താണ് വേണ്ടതെന്നു നിന്നോട് പറഞ്ഞു തരേണ്ടല്ലോ…?”
അതു ശരിയാണെന്ന് സത്യപാലനും തോന്നി..
“നീ തത്കാലം ഇവനെ നാട്ടിലെ ഏതെങ്കിലും നല്ല ഹോസ്പിറ്റലിലേക്ക് എത്തിക്ക്… ഇനി കളി അവിടെ വച്ചാകാം.”
സത്യപാലന്റെ മനസ്സ് അപ്പോഴും ശത്രുക്കളുടെ മുഖം തേടി അലയുകയായിരുന്നു.. രണ്ടു ദിവസത്തിന് ശേഷം എറണാകുളത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് രഘുവിനെയും കൊണ്ടുള്ള ആംബുലൻസ് യാത്ര തിരിച്ചു… സത്യപാലനും ഒരു നഴ്‌സും ആംബുലൻസിൽ.. അയാളുടെ മഹേന്ദ്ര താർ തൊട്ടു മുന്നിൽ…. അതിൽ അനുയായികൾ നാല് പേർ…. സമയം രാത്രി പതിനൊന്നു കഴിഞ്ഞു…അരിയനൂർ കഴിഞ്ഞ് ഏകദേശം വിജനമായ ഹൈവെയിലൂടെ നല്ല വേഗതയിൽ പോകുകയാണ് രണ്ടു വാഹനങ്ങളും… പെട്ടെന്ന്…
ഇടതു വശത്തുള്ള റോഡിൽ നിന്നും ഒരു പിക്ക് അപ്പ് വാൻ റോഡിലേക്ക് കുതിച്ചു കയറി… അത് രണ്ടു വാഹനങ്ങളുടെയും മുന്നിൽ ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ട് ഓടി തുടങ്ങി…. പൊടുന്നനെ അതിന്റെ പിറകിലിരുന്ന രണ്ടു പേർ എഴുന്നേറ്റ് നിന്നു.. കയ്യിലിരുന്ന മുട്ടകൾ അവർ താറിന്റെ ഫ്രണ്ട് ഗ്ലാസിലേക്ക് എറിഞ്ഞു..അതോടെ ഡ്രൈവറുടെ നിയന്ത്രണം വിട്ടു…. പാമ്പിനെ പോലെ ഒന്ന് പുളഞ്ഞ ശേഷം റോഡരികിലുള്ള ആൽമരത്തിലേക്ക് ആ വണ്ടി ഇടിച്ചു നിന്നു .. പിന്നിലുള്ള ആംബുലൻസ് സഡൻ ബ്രേക്ക് ഇട്ടു…. ടയർ കരിഞ്ഞ മണവും പുകയും അവിടെങ്ങും പരന്നു…
കൊടുവാളുകളുമായി പിക്ക് അപ്പിൽ നിന്നു നാലു പേർ ചാടിയിറങ്ങുന്നത് സത്യപാലൻ കണ്ടു.. നേഴ്സ് ഉറക്കെ കരയുകയാണ്…
“മിണ്ടാതിരിയെടീ പന്ന……” സത്യപാലൻപച്ച തെറി വിളിച്ചു…ആ സാധു സ്ത്രീ ഭയന്നു വിറച്ചു വായ പൊത്തി… ബാക്ക് ഡോർ തുറന്നു അയാൾ പുറത്തിറങ്ങി.. ഇടിച്ചു തകർന്ന തന്റെ വാഹനത്തെ നോക്കി ഉറക്കെ ചോദിച്ചു…
“ചാകാത്ത ആരേലും ഉണ്ടോടാ…?”
അനുയായികളിൽ രണ്ടു പേർ കഷ്ടപ്പെട്ട് ഇറങ്ങി വന്നു…
“ഡ്രൈവർക്ക് അനക്കമൊന്നുമില്ല സാറേ… സതീശന്റെ കാല് കുരുങ്ങികിടക്കുവാ…”
“അത് പിന്നെ നോക്കാം.. ടൂൾസ് എടുത്തോ.. ഇവന്മാരിൽ ഒരുത്തൻ പോലും തിരിച്ചു പോകരുത്..”
സത്യപാലൻ ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ചിട്ടു… അരയിലെ ബെൽറ്റ് ഒന്നുകൂടി മുറുക്കി.. അയാളുടെ ആളുകൾ വണ്ടിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ എടുത്ത് അങ്ങോട്ടേക്ക് വന്നു..
“കുറച്ചു നാളായി തേടി നടക്കുന്നു… വാടാ.. “
അയാൾ അലറി… പെട്ടെന്ന് പിന്നിലൊരു ശബ്ദം സത്യപാലൻ തിരിഞ്ഞു… ഒരു വാഹനം ചീറിപ്പാഞ്ഞു വരികയാണ്.. അയാൾ ആംബുലൻസിന്റെ മുൻപിലേക്ക് ചാടിയത് കൊണ്ടു മാത്രം ഇടിച്ചില്ല…. റോഡിലൊന്ന് വട്ടം കറങ്ങി ബ്ലാക്ക് കളർ സ്കോർപിയോ നിന്നു… അതിൽ നിന്നും മാരകയുധങ്ങളുമായി നാല് പേർ കൂടി ഇറങ്ങി.. പിന്നെയൊരു പോരാട്ടമായിരുന്നു… രണ്ടു മിനിറ്റ് കൊണ്ട് സത്യപാലന്റെ ആളുകൾ നിലം പതിച്ചു.. പക്ഷെ അയാൾ ഭയം ലവലേശം ഇല്ലാതെ പൊരുതി… ഒരാളെ കയ്യിലും അരക്കെട്ടിലുമായി പിടിച്ച് തലക്കുമുകളിൽ ഉയർത്തി അയാൾ വലിച്ചെറിഞ്ഞു… കൊണ്ടും കൊടുത്തും കീഴടങ്ങാൻ കൂട്ടാക്കാതെ അയാൾ ഒരു രാക്ഷസനെ പ്പോലെ അട്ടഹസിച്ചു… എതിരാളിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ വാൾ കൊണ്ട് അയാൾ തലങ്ങും വിലങ്ങും വെട്ടി…
നൂറു മീറ്റർ ഇപ്പുറം ഒരു ഇന്നോവ ലൈറ്റുകൾ ഓഫ് ചെയ്തു നിർത്തിയിട്ടുണ്ടായിരുന്നു.. അതിലിരുന്ന ഒരാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു..
“മാഡം.. നിങ്ങൾ വേറെ ആരെയെങ്കിലും വിട്ടിരുന്നോ?”
“നോ… വൈ? വാട്ട് ഹാപ്പൻഡ്?” അപ്പുറത്തെ സ്ത്രീ ശബ്ദത്തിലെ അമ്പരപ്പ് കാറിലിരുന്ന എല്ലാവരും വ്യക്തമായി കേട്ടു..
“ഇവിടൊരു അറ്റാക്ക് നടന്നോണ്ടിരിക്കുകയാണ്… ഏതാ ടീം എന്നറിയില്ല.. ഞങ്ങൾ സത്യപാലനെ ഫോളോ ചെയ്യുകയായിരുന്നു… ഹൈവെയിൽ വച്ചാ…”
അപ്പുറത്ത് ഒരു നിമിഷം നിശബ്ദത..
“നിങ്ങളവിടുന്ന് വിട്ടോ… അവൻ കാണരുത്..”
“ഓക്കേ മാഡം…” അയാൾ ഫോൺ കട്ട് ചെയ്ത് ഡ്രൈവറെ നോക്കി.
“പോകാം.. ഇടത്തോട്ട് കേറിക്കോ… വില്ലേജിലൂടെ വളഞ്ഞു ചുറ്റി ഈറോഡ് വഴി ഹൈവേ പിടിക്കാം… നേരെ പോയാൽ ഏതേലും ക്യാമറയിൽ പെടും….”
അയാൾ കാർ സ്റ്റാർട്ട് ചെയ്തു ലൈറ്റ് ഓണാക്കാതെ പോക്കറ്റ് റോഡിലേക്ക് പതിയെ തിരിച്ചു…
ഇപ്പുറം യുദ്ധസമാനമായിരുന്നു… ഇരു കക്ഷങ്ങളിലും രണ്ടുപേരെ ഇറുക്കി ഞെരിച്ചു കൊണ്ട് സത്യപാലൻ മുരണ്ടു..
“ആരാണ് അയച്ചതെന്നു പറഞ്ഞാൽ അധികം വേദനിപ്പിക്കാതെ കൊല്ലാം.. പറയെടാ…”
ശ്വാസം കിട്ടാതെ അവർ പിടയുകയാണ്… വീണു കിടന്നതിൽ ഒരാൾ എഴുന്നേറ്റ് സ്കോർപിയോയുടെ പിൻ ഡോർ തുറക്കുന്നത് സത്യപാലൻ കണ്ടു.. എന്തോ തന്റെ നേരെ പറന്നുവരുന്നത് കണ്ടപ്പോൾ കയ്യിലിരുന്നവരെ നിലത്തേക്കിട്ട് അയാൾ ഒഴിഞ്ഞു മാറി.. ആംബുലൻസിന്റെ ബോഡിയിൽ തട്ടിചിതറിയത് ചെറിയ പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയ പെട്രോൾ ആണെന്നറിഞ്ഞപ്പോൾ സത്യപാലൻ പകച്ചു… പിന്നെയും ഒന്നിന് പിറകെ മറ്റൊന്നായി പത്തെണ്ണം കൂടി പറന്നു വന്നു.. അയാൾ തന്റെ ദേഹം വെട്ടിക്കുംതോറും ഓരോന്നും പോയി വീണത് ആംബുലൻസിലേക്കാണ് ..അതിലെ ഡ്രൈവരും നഴ്‌സും ഇരുട്ടിലേക്ക് ഓടി മറഞ്ഞു…
ഒരു തീ പന്തം കൂടി പറന്നു വന്നു… സെക്കന്റുകൊണ്ട് ആംബുലൻസിനെ അഗ്നി വിഴുങ്ങി…
“രഘൂ….” സത്യപാലൻ അലറിവിളിച്ചു കൊണ്ട് പിന്നിലേക്കോടി… അകത്തു കയറാൻ പറ്റാത്ത വിധം തീ പടർന്നു പിടിച്ചെങ്കിലും അയാൾ അതിനു ശ്രമിച്ചു… പെട്രോൾ നിറച്ച ബീയർ ബോട്ടിലുകൾ കൂടി പറന്നു വന്നു ആബുലൻസിനുള്ളിൽ പൊട്ടിചിതറിയതോടെ അതൊരു തീ ഗോളമായി മാറി… ദൂരെ പോലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റ് തെളിഞ്ഞപ്പോൾ വീണു കിടന്നവരെ വലിച്ച് അകത്തിട്ട് സ്കോർപിയോയും പിക്ക് അപ്പ് വാനും മുന്നോട്ട് കുതിച്ചു…
**********
“നിന്നോട് പറഞ്ഞതല്ലെടാ നായേ സൂക്ഷിക്കണമെന്ന്…”
തോമസ് സണ്ണിയുടെ കവിളിൽ ആഞ്ഞടിച്ചു…
“ചെയ്യുന്ന പണി വെടിപ്പായി ചെയ്യണം… അതിനു കഴിവില്ലാത്തവൻ മിനക്കെടരുത്..”
അയാൾ കിതച്ചു കൊണ്ട് നിലത്തേക്കിരുന്നു..
“പറ്റിപ്പോയതാ അപ്പച്ചാ… നല്ലൊരു ചാൻസ് ആണല്ലോ എന്ന് കരുതിയാ സ്കെച് ഇട്ടത്..പക്ഷെ…”
തോമസ് പുച്ഛത്തോടെ അവനെ നോക്കി..
“എത്രപേരാ പോയത്?”
“പത്ത്…. ബീഹാറികളാ..”
“പത്തു പേര് ഒരുമിച്ചു ശ്രമിച്ചിട്ടും സത്യപാലനെ തീർക്കാൻ പറ്റിയില്ല… എന്നിട്ട് ശവം പോലെ കിടന്ന അവന്റെ അനിയനെ കൊന്നെന്ന് എന്റെ മുന്നിൽ വന്നു ഞെളിഞ്ഞു നിന്നു പറയാൻ നിനക്ക് ഉളുപ്പില്ലേ… ത്ഫൂ..”
അയാൾ കാറിതുപ്പി…
“നീ നോവിച്ചു വിട്ടത് മരണത്തെയാ… സണ്ണീ… ജീവിതത്തിൽ വല്ല ആഗ്രഹങ്ങളും ബാക്കിയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സാധിച്ചോ… രഘുവിന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞാലുടൻ സത്യപാലൻ വേട്ടയ്ക്കിറങ്ങും… നമ്മളിലേക്ക് എത്താൻ അധികം സമയമെടുക്കില്ല..”
അയാളുടെ ശബ്ദത്തിൽ ഭീതി കലർന്നു…
“അപ്പച്ചൻ ചുമ്മാ നെഗറ്റീവ് അടിക്കല്ലേ.. അതിനും മുൻപ് ഞാൻ അവനെ തീർക്കും..”
തോമസ് എഴുന്നേറ്റ് വന്ന് സങ്കടത്തോടെ സണ്ണിയുടെ കവിളിൽ തലോടി…
“ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും സാധിക്കില്ല… നിന്റെ കുഴിമാടത്തിൽ മണ്ണ് വാരിയിടാനുള്ള ദുർവിധി എനിക്ക് ഉണ്ടാക്കിയിട്ടേ അവൻ എന്നെ തീർക്കൂ…”
സണ്ണി കോപത്തോടെ അയാളുടെ കൈ തട്ടിയെറിഞ്ഞു…
“സ്വന്തം മോനെ വിശ്വാസമില്ലാത്ത തന്ത..!! നിങ്ങളെന്റെ അപ്പൻ തന്നെയാണോ? വേണ്ട…. ഞാനായിട്ട് തുടങ്ങി വച്ചതെല്ലാം ഭംഗിയായി അവസാനിപ്പിച്ചിട്ടേ ഇനിയീ പടി ചവിട്ടൂ….. അതിനിടയിൽ ചാവാനാ വിധിയെങ്കിൽ സന്തോഷമേ ഉള്ളൂ…”
സണ്ണി വെട്ടിത്തിരിഞ്ഞു പുറത്തേക്ക് നടന്നു..
(തുടരും )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
കർണൻ സൂര്യപുത്രൻ Novels
ഇവിടെ കൂടുതൽ വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission