Skip to content

സൗപ്തികപർവ്വം – 7

സൗപ്തികപർവ്വം

സീതാലയത്തിന്റെ മുറ്റത്തേക്ക് അഭിമന്യുവിന്റെ സ്കൂട്ടർ കയറിയപ്പോൾ യദുകൃഷ്ണൻ  ഗാർഡനിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു…

“ഗുഡ്മോർണിംഗ് സാർ…”

“ഗുഡ്മോർണിംഗ്…ഞായറാഴ്ച വിളിച്ചത് ബുദ്ധിമുട്ടായോ അഭീ?”

“ഏയ് ഇല്ല… വേറെ പരിപാടി ഒന്നുമില്ല,. റൂമിൽ കിടന്ന് ഫോണിൽ കളിക്കും.. കൂടെയുള്ള ഹിന്ദിക്കാർക്കൊന്നും ഇന്ന് ലീവില്ല… ഞാൻ തനിച്ചാ,..”

“ശിവാനിക്ക് ഒരിടം വരെ പോണം.. എനിക്ക് സമയമില്ല… അതോണ്ടാ തന്നെ വിളിച്ചത്.. ഓഫിസ് ഡ്രൈവറായി ജോലിക്ക് കേറിയിട്ട് ഞങ്ങളുടെ പേർസണൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ദേഷ്യം തോന്നരുത്..’

“ഒരിക്കലും ഇല്ല സർ… അന്ന് സാർ പറഞ്ഞില്ലേ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന്..? ഞാൻ അങ്ങനെ തന്നാ വിശ്വസിക്കുന്നെ… അതുകൊണ്ട് സന്തോഷമേ ഉള്ളൂ…”

സീതാ ലക്ഷ്മി അങ്ങോട്ട് വന്നു..

“ശിവ എഴുന്നേറ്റില്ലേ അമ്മേ?”

“കുളിക്കുകയാ.. ഇതാരാ കണ്ണാ?”

“ഇത് അഭിമന്യു… പുതിയ സ്റ്റാഫാ… ശിവയ്ക്ക് അമ്പലത്തിൽ പോണമെന്നു പറഞ്ഞില്ലേ.?.. ഇവൻ കൊണ്ടു വിട്ടോളും..”

“മോൻ വാ  ഞാൻ ചായ എടുക്കാം..”

സീതാലക്ഷ്മി അഭിമന്യുവിനോട് പറഞ്ഞു..

“വേണ്ട.. ഞാൻ കുടിച്ചിട്ടാ വന്നേ..”

“അത് സാരമില്ല… അങ്ങോട്ട് കേറിയിരിക്ക്..”

അവർ അകത്തേക്ക് നടന്നപ്പോൾ അഭിമന്യു മടിച്ച് അവിടെ തന്നെ നിന്നു..

“അമ്മ പറഞ്ഞത് അനുസരിക്ക് അഭീ…കുറെ ദൂരം വണ്ടി ഓടിക്കാനുള്ളതല്ലേ..”

യദു  നിർബന്ധിച്ചപ്പോൾ  അഭിമന്യു ഉമ്മറത്തേക്ക് കയറിയിരുന്നു…ഇപ്പൊ വരാമെന്നു പറഞ്ഞ്  യദു അടുക്കളയിലേക്ക് നടന്നു…

“കണ്ണാ നീ അറിഞ്ഞോ?.. നമ്മുടെ സത്യന്റെ അനിയനെ ആരോ കൊന്നു.. തമിഴ്നാട്ടിൽ വച്ച്.”

സീതാലക്ഷ്മി ചോദിച്ചു…

“ഉവ്വ്.. പത്രത്തിലുണ്ട്… അച്ഛൻ അങ്ങോട്ടേക്ക് പോയോ?”

“ങാ… കാര്യം അറിഞ്ഞയുടൻ പോയി… വല്ലാത്ത കഷ്ടമായിപ്പോയി..ഒരാളെ ചുട്ടു കൊല്ലുക എന്നൊക്കെ പറഞ്ഞാൽ എന്തൊരു ക്രൂരതയാ…. മനുഷ്യന്മാർ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?”

“അതൊക്കെ പോലീസ് നോക്കിക്കോളും… അമ്മ അഭിക്ക് വല്ലതും കഴിക്കാൻ കൊടുക്ക്.. ഞാൻ പോയി റെഡി ആവട്ടെ.. “

ഇഡലിയും സാമ്പാറും ചട്ണിയും  ഡൈനിങ് ടേബിളിൽ വച്ച് സീതാലക്ഷ്മി  അഭിമന്യുവിനെ വിളിച്ചു.. അവൻ നിരസിച്ചെങ്കിലും സ്നേഹപൂർണമായ  അവരുടെ നിർബന്ധത്തിന് മുന്നിൽ കീഴടങ്ങി.. കഴിച്ചു കൊണ്ടിരിക്കവേ ശിവാനി താഴേക്ക്  വന്നു..ചിത്രപ്പണികളുള്ള സെറ്റ് സാരിയും  പച്ച ബ്ലൗസുമാണ് വേഷം.. അഭിമന്യുവിനെ മൈൻഡ് ചെയ്യാതെ  അവൾ അടുക്കളയിലേക്ക് പോയി..

“എങ്ങനുണ്ട്.. കൊള്ളാമോ?”

“തല തോർത്തിയില്ലെടീ? മുടിയിൽ നിറയെ വെള്ളമാണല്ലോ?”

സീതാലക്ഷ്മി ശാസിച്ചു..

“അതൊക്കെ മതി… ഞാൻ പോകുവാ… മീനാക്ഷി ചേച്ചി ടൗണിൽ കാത്തു നിൽപ്പുണ്ട്..”

അവരുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട്  അവൾ പുറത്തിറങ്ങിയപ്പോഴേക്കും അഭിമന്യുവും അങ്ങോട്ട് എത്തി… ശിവാനി കീ അവനു നീട്ടി… അതു വാങ്ങി അവൻ കാർ സ്റ്റാർട്ട്‌  ചെയ്തു.. ശിവാനി പിന്നിൽ കയറി ഇരുന്നു..

“എങ്ങോട്ടാ.?” അവൻ ചോദിച്ചു…

“ആദ്യം ടൗണിലേക്ക് പോ… അവിടെത്തിയിട്ട് പറയാം..” ഗൗരവത്തിൽ  അവൾ മറുപടി നൽകി..അഭിമന്യു കാർ റോഡിലേക്ക് ഇറക്കി… ടൗണിൽ എത്തും വരെ  രണ്ടാളും ഒന്നും മിണ്ടിയില്ല.. അവൻ ഡ്രൈവിങ്ങിലും അവൾ ഫോണിലും ശ്രദ്ധിച്ചു..

ബസ്റ്റാൻഡിന്റെ അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു..

“ആ ഫാർമസിയുടെ മുന്നിലൊന്ന് നിർത്ത്.. മീനാക്ഷി ചേച്ചി അവിടെ ഉണ്ടാകും..”

അവൻ അവിടെ ഓരം ചേർത്ത് നിർത്തി… റോസ് നിറത്തിലുള്ള സാരിയും ധരിച്ച്  മീനാക്ഷി വേറെങ്ങോട്ടോ നോക്കി നിൽക്കുകയാണ്.. അഭിമന്യു ഹോൺ അടിച്ചപ്പോൾ അവൾ കാർ കണ്ട് വേഗത്തിൽ വന്നു ഡോർ  തുറന്നു..

“ഗുഡ്മോർണിംഗ് മാഡം..”

“ഗുഡ്മോർണിംഗ് ചേച്ചീ.. കേറ്.. പോകാം “

മീനാക്ഷി അകത്തു കയറി അഭിമന്യുവിനെ നോക്കി ചിരിച്ചു..

“ഗുഡ്മോർണിംഗ് അഭീ…”

“ഗുഡ്മോർണിംഗ് മാഡം.. അല്ല… മീനാക്ഷീ..”

അവൻ  കാർ മുന്നോട്ട് എടുത്തു…

“എവിടേക്കാ?”

” കാര്യമ്പള്ളി എന്ന സ്ഥലം അറിയുമോ?”

ശിവാനി ചോദിച്ചു…

“വലിയ പരിചയമൊന്നുമില്ല… ചോയിച്ചു ചോയിച്ചു പോവാം…”

“താൻ പിന്നെന്തു ഡ്രൈവറാ?”

“മാഡത്തിന് സുൽത്താൻ ബത്തേരി അറിയുമോ? പുൽപള്ളി അറിയുമോ?, മാനന്തവാടി അറിയുമോ? കല്പറ്റ അറിയുമോ?”

“ഇല്ല.. എന്തേ?”

“ഇതൊക്കെ എനിക്കറിയാം… എന്റെ നാടാണ്… പക്ഷേ മാഡത്തിന് സ്വന്തം നാട്ടിലെ സ്ഥലം പോലും അറിയില്ല… ലോകത്തിൽ എല്ലാം അറിയാവുന്നവരായി ആരുമില്ല മാഡം..”

“താനൊന്ന് വണ്ടിയെടുക്ക്… ഇപ്പൊ തന്നെ വൈകി..”

അവൾ അസ്വസ്ഥയായി.. അഭിമന്യു  റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുന്നത് കണ്ടപ്പോ അവൾ വീണ്ടും ചോദിച്ചു..

“താനെന്താ ഈ കാണിക്കുന്നേ? ഒന്ന് വേഗം വിട്..”

“മാഡത്തിന്റെ സൗന്ദര്യം ആസ്വദിക്കാനൊന്നുമല്ല.. പിന്നാലെ വരുന്ന വണ്ടി കാണാനാ… ഇതൊക്കെ ശരിക്ക് വയ്ക്കാത്തത് കൊണ്ടാ എന്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്..”

അവന്റെ സംസാരം കേട്ട് ചിരി വന്നെങ്കിലും മീനാക്ഷി അതടക്കി…

“കുരിശാകുമെന്ന് ഏട്ടനോട് പറഞ്ഞതാ… കേൾക്കണ്ടേ…”

ശിവാനി പിറുപിറുത്തു…

ഒന്നര മണിക്കൂറോളം ഓടിയ ശേഷമാണ് കാര്യമ്പള്ളി എത്തിയത്… ഒരു കുഗ്രാമം.. രണ്ടോ മൂന്നോ ചെറിയ കടകൾ  ഉള്ള ഒരു കവലയിൽ വണ്ടി നിർത്തി  അഭിമന്യു തിരിഞ്ഞിരുന്നു…

“ഇതാണ് സ്ഥലം എന്ന് തോന്നുന്നു.. ഇനിയെങ്ങോട്ടാ? “

ശിവാനി  വിൻഡോ ഗ്ലാസ് താഴ്ത്തി  തല പുറത്തേക്കിട്ടു.. കാർ കണ്ടിട്ടാവണം, അവിടെ ഇരുന്ന ഒരാൾ  നോക്കുന്നുണ്ട്…

“ചേട്ടാ… ഇവിടൊരു ദേവി ക്ഷേത്രമില്ലേ? അവിടേക്ക് എങ്ങനാ പോകുന്നെ?”

അവൾ ചോദിച്ചു… അയാൾ  കാറിനടുത്തേക്ക് വന്നു..

“നേരെ പോയിട്ട് ഇടത്തോട്ട് ഒരു റോഡുണ്ട്… അത് അവസാനിക്കുന്നത് തോട്ടിൻ കരയിലാ… അവിടുന്ന് ഒരു പത്തു മിനിറ്റ് നടന്നാൽ  ക്ഷേത്രത്തിലെത്താം…”

അയാൾ പറഞ്ഞ വഴിയിലൂടെ  അഭിമന്യു  കാറോടിച്ചു…. പൊട്ടിപ്പൊളിഞ്ഞ  റോഡാണ്.. ഇരു വശവും പടുക്കൂറ്റൻ തേക്ക് മരങ്ങൾ… കുറച്ച് മുന്നോട്ട് പോയപ്പോൾ റോഡ് അവസാനിച്ചു… അവിടെ ഒരു തോട് ഒഴുകുന്നുണ്ട്…അപ്പുറം കടക്കാൻ  വീതി കുറഞ്ഞ ഒരു പാലം.. കാർ  അവിടെ ഒതുക്കി നിർത്തി മൂന്ന് പേരും ഇറങ്ങി…

“ഞാൻ വരണോ?”  അഭിമന്യു ചോദിച്ചു.

ശിവാനി ആലോചിക്കുന്നത് കണ്ടപ്പോൾ മീനാക്ഷി വേഗം പറഞ്ഞു.

“വാ… “

അവൻ കാർ ലോക്ക് ചെയ്തു മുന്നിൽ നടന്നു… പിറകെ അവരും… കുറെ നടന്നപ്പോൾ   ക്ഷേത്രകവാടം കണ്ടു… അതിനടുത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ  അവർ ചെരിപ്പുകൾ അഴിച്ചു വച്ചു…

“അഭി  വരുന്നില്ലേ?” മീനാക്ഷി അവനെ നോക്കി..

“ഇല്ല… നിങ്ങള് പോയി വാ… ഞാനിവിടെ ഇരുന്നോളാം.”

അവർ രണ്ടു പേരും അകത്തു കയറി… വളരെ ചെറിയൊരു അമ്പലമാണത്… വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… പ്രാർത്ഥിച്ച ശേഷം   പൂജാരിയുടെ അടുത്തു ചെന്നു സംസാരിച്ചു.. അമ്മാവന്റെ പേര് പറഞ്ഞപ്പോൾ തന്നെ  അദ്ദേഹത്തിന് ആളെ മനസ്സിലായി…

“നാരായണന്  ഇപ്പോ എങ്ങനുണ്ട് കുട്ട്യേ?”

“കുറവുണ്ട്…. പക്ഷേ ക്ഷീണം വിട്ടുമാറുന്നില്ല “

“ഇതാരാ? കൂട്ടുകാരിയാ?”

“കൂട്ടുകാരിയും ചേച്ചിയും എല്ലാമാണ്.”

ശിവാനി ചിരിച്ചു… പ്രസാദവും  വാങ്ങി അവർ രണ്ടുപേരും അവിടെ ഇരുന്നു..

“ദാരിക നിഗ്രഹത്തിന് ശേഷം  കോപം  തണുത്ത് ഭക്തരെ  അനുഗ്രഹിക്കുന്ന ദേവിയാണത്രെ ഇവിടുത്തെ പ്രതിഷ്ഠ..”

അവൾ പറയുന്നത്  മീനാക്ഷി താല്പര്യത്തോടെ കേട്ടിരുന്നു…..

“ഇവിടെ വന്ന്  പ്രാർത്ഥിച്ചാൽ, ആ  ആഗ്രഹം സത്യസന്ധവും  മറ്റാരെയും നോവിക്കാത്തതും ആണെങ്കിൽ എത്രയും പെട്ടെന്ന് നടക്കുമെന്നാ  വിശ്വാസം.. അമ്മാവൻ പറഞ്ഞതാണ്….”

അവൾ മീനാക്ഷിയുടെ കണ്ണുകളിലേക്ക് നോക്കി..

“ചേച്ചിയുടെ ജീവിതത്തിലെ വലിയ ആഗ്രഹമെന്താ?”

“എനിക്കങ്ങനെ പ്രത്യേകിച്ച് ആഗ്രഹം ഒന്നുമില്ല… എന്റെ അച്ഛനും അമ്മയും എന്നും സന്തോഷമായിരിക്കണം…”

“വളച്ചു കെട്ടാതെ ഞാനൊരു കാര്യം പറഞ്ഞോട്ടെ…?”

“മാഡം പറഞ്ഞോ..”

“എന്റെ ഏട്ടന് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്… “

പ്രതീക്ഷിച്ചതിനാലാവാം , മീനാക്ഷിയുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല..

“അങ്ങനെ പെൺകുട്ടികളുടെ പിറകെ നടക്കുന്ന ആളൊന്നുമല്ല ഏട്ടൻ.. ഈ  നിമിഷം വരെ  എന്നോടൊന്നും തുറന്നു സമ്മതിച്ചിട്ടുമില്ല… പക്ഷേ ആ മനസ്സ് എനിക്ക് കാണാം….”

മീനാക്ഷി  കേട്ടിരിക്കുകയാണ്..

“ചേച്ചി ഒന്നും പറഞ്ഞില്ല..”

“ഞാനെന്തു പറയാനാ? ഒരാൾക്ക് നമ്മളെ ഇഷ്ടപ്പെടാൻ  നമ്മുടെ സമ്മതം വേണ്ട.. പക്ഷേ അത് തിരിച്ച് ഉണ്ടാവണം എന്ന് പ്രതീക്ഷിക്കരുത്…എനിക്ക് സാറിനെ ബഹുമാനമാണ്… അല്ലാതെ വേറൊരു തരത്തിലുള്ള  ഇഷ്ടമൊന്നുമില്ല…സാറിനോടെന്നല്ല, ആരോടും.. “

നിരാശ പുറത്തു കാണിക്കാതെ ശിവാനി ഒന്ന് ചിരിച്ചു..

“ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. ചേട്ടനു വേണ്ടി അനിയത്തി ബ്രോക്കർ പണിയെടുക്കുന്നു എന്ന് ചിന്തിച്ചേക്കല്ലേ… എനിക്കും ചേച്ചിയെ ഒരുപാട് ഇഷ്ടമാ.. സീതാലയത്തിലേക്ക് വലതുകാൽ വച്ചു വരുന്ന പെണ്ണ് ചേച്ചി ആയിരിക്കണം എന്നാഗ്രഹിച്ചു… സാരമില്ല.. പക്ഷേ എനിക്ക് പ്രതീക്ഷ ഉണ്ട്.. ഏതെങ്കിലും ഒരു നാൾ  ചേച്ചിയുടെ തീരുമാനം മാറിയാലോ..”

“അതുണ്ടാവുമെന്ന് തോന്നുന്നില്ല മാഡം.. എനിക്കതിനു എന്റേതായ കാരണങ്ങളുണ്ട്..”

“ശരി… വേറൊന്നും വേണ്ട.. മാഡം എന്ന് വിളിക്കാതിരുന്നൂടെ? അറ്റ് ലീസ്റ്റ് എന്നെയൊരു ഫ്രണ്ട് ആയി കാണ്.. എനിക്ക് അടുത്ത കൂട്ടുകാരായി ആരുമില്ല..എനിക്ക് വേണ്ടി അതെങ്കിലും ചെയ്യ്..”

ശിവാനി ചുണ്ടുകൾ കൂർപ്പിച്ചു നീങ്ങിയിരുന്നു… മീനാക്ഷി  കുറച്ചു നേരം  മിണ്ടാതിരുന്ന ശേഷം  അവളുടെ കയ്യിൽ പിടിച്ചു…

“ഞാൻ… ഞാനെന്താ പിന്നെ വിളിക്കേണ്ടേ?”

“ശിവാ  എന്ന് വിളിച്ചോ… എടീ  എന്ന് വിളിച്ചോ..”

“എന്നാൽ  ശിവാ… പോകാം… എനിക്ക് വിശക്കുന്നു.. രാവിലെ ഒന്നും കഴിച്ചില്ല..”

പുറത്തിറങ്ങും മുൻപ് മീനാക്ഷി  ശിവാനിയോട് പറഞ്ഞു..

“എനിക്കൊരു ഉപകാരം ചെയ്യാമോ?മനസ്സിൽ  വല്ല ആഗ്രഹങ്ങളും ഉണ്ടെങ്കിൽ അതൊഴിവാക്കാൻ സാറിനോട് പറയണം.. “

“ഏറ്റു… . പക്ഷേ പ്രപ്പോസൽ നിരസിക്കുന്നതിന്റെ കാരണം എന്നോട് പറഞ്ഞൂടെ?”

“പറയാം… പിന്നീട് ഒരിക്കൽ…”

“മതി… വാ പോകാം..”

പുറത്തിറങ്ങുമ്പോൾ അഭിമന്യു ആരോടോ ഉറക്കെ ഹിന്ദിയിൽ സംസാരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ അവൻ ഫോൺ  പോക്കറ്റിൽ ഇട്ടു..

” ഹിന്ദിയൊക്കെ അറിയാമോ?” മീനാക്ഷി ചോദിച്ചു..

“കുറച്ച്… കൂടെ താമസിക്കുന്നവൻ ഹിന്ദിക്കാരനാ.. അവനിന്ന് നേരത്തെ വന്നു.. എന്തു കറിയാ ഉണ്ടാക്കേണ്ടത് എന്ന് ചോദിക്കാൻ വിളിച്ചതാ.. കേട്ടാൽ തോന്നും അവനു  നൂറു കൂട്ടം കറികൾ ഉണ്ടാക്കാനറിയാമെന്ന്… ഒന്നുകിൽ പരിപ്പ് അല്ലെങ്കിൽ ഉരുളക്കിഴങ്ങ്..ഇതാണവന്റെ  മെനു…”

“തനിക്കു കുക്കിങ് അറിയില്ലേ?”

“ഉവ്വ്… ഓരോ ദിവസം ഓരോരാളുടെ ഊഴമാണ്…”

മീനാക്ഷി ഇലക്കീറിലെ പ്രസാദം അവനു നീട്ടി…കുറി തൊട്ടതിന് ശേഷം അവർ   തിരിച്ചു നടന്നു…. തോടിന്റെ അടുത്തെത്തിയപ്പോൾ ശിവാനി  വെള്ളത്തിലേക്ക് ഇറങ്ങി…

“ഇങ്ങോട്ട് വാ  ചേച്ചീ… നല്ല തണുപ്പ്…”

അവൾ മീനാക്ഷിയെ വിളിച്ചു.

“ഞാനില്ല… “

“ഈ പിശാശ്  ചേച്ചി എന്നാണോ വിളിക്കുന്നെ?”

അഭിമന്യു പതിയെ ചോദിച്ചു…

“ആള് പാവമാ…” മീനാക്ഷി പറഞ്ഞു.

“പിന്നേ.. പാവം… ആ സാറിന്റെയും അമ്മയുടെയും ഒരു ഗുണവും ഇതിന് കിട്ടിയിട്ടില്ല… എനിക്ക് തോന്നുന്നത്  ആശുപത്രിയിലെ നഴ്സിന് മാറിപ്പോയതാണെന്നാ..”

“നീയൊന്ന് മിണ്ടാതിരുന്നേ അഭീ.. അവള് കേട്ടാൽ പിന്നെ അതു മതി… ഉള്ള ജോലി കളയണ്ട..”

കുറച്ചു നേരം കൂടി  വെള്ളത്തിൽ കളിച്ച ശേഷം  ശിവാനി കയറി  വന്നു…അഭിമന്യു  വേഗം പാലത്തിലൂടെ നടന്ന് കാറിൽ കയറി  സ്റ്റാർട്ട്‌ ചെയ്തു… ആ  ഗ്രാമം വിട്ട് തിരിച്ചു പോകുമ്പോൾ അവരുടെ  കാറിന്റെ  കുറച്ചു പിറകിലായി  ഒരു ജീപ്പ് പിന്തുടരുന്നുണ്ടായിരുന്നു… സണ്ണി കൊണ്ടുവന്ന ഗുണ്ടകൾ.. അതിലൊരാൾ  ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു..

“അഫ്സലിക്കാ… ഇപ്പൊ പണിഞ്ഞാലോ?”

“വേറാരാ  വണ്ടിയിലുള്ളത്…?”

“കമ്പനിയിലെ ഒരു പെണ്ണും പിന്നെ ഡ്രൈവറും..”

“എന്നാൽ ഇപ്പൊ വിട്ടേക്കെടാ മോനേ… തീർക്കുന്നെങ്കിൽ മൂന്നെണ്ണത്തിനേം തീർക്കേണ്ടി വരും… അതൊക്കെ പുലിവാലാ… സണ്ണി സാറിനോട്‌ ചോദിക്കാതെ ചെയ്യണ്ട… തത്കാലം  നീ പിന്നാലെ പൊക്കോ….”

ലൈൻ കട്ടായി… മരണം പുറകെ ഉണ്ടെന്നറിയാതെ  മീനാക്ഷിയുടെ ചുമലിൽ തല  വച്ച് ശിവാനി ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു…

*************

രഘുവിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞു… ഈറൻ  മാറാതെ  സത്യപാലൻ ഒരേ ഇരിപ്പാണ്… ദേവരാജനും ജോസും അടുത്തേക്ക് ചെന്നു..

“സത്യാ,..”  ദേവരാജൻ വിളിച്ചു…അയാൾ  ഞെട്ടി എണീറ്റു..

“ജോസേ… അവന്മാരുടെ വണ്ടി നമ്പർ തന്നിരുന്നല്ലോ എന്തായി?”

“രണ്ടും ഫേക്ക് ആണ് സത്യാ…” ജോസ് നിരാശയോടെ പറഞ്ഞു..

“ഞാൻ പ്രതീക്ഷിച്ചതാ… പക്ഷേ ഇത്തവണ ഒരു ചെറിയ തുമ്പ് കിട്ടിയിട്ടുണ്ട്… വന്നത് മലയാളികളോ തമിഴന്മാരോ അല്ല.. നോർത്ത് ഇന്ത്യക്കാരാ..”

സത്യപാലൻ  ഒരു ചുരുട്ട് കത്തിച്ചു…. എന്നിട്ട് ദേവരാജനെ നോക്കി…

“അവരെ ഇങ്ങോട്ട് കൊണ്ടുവരുന്ന ചില ഏജന്റ്മാരുണ്ട് കേരളത്തിൽ.. ഒരുത്തനെ ഒഴിയാതെ  ഞാൻ പൊക്കാൻ പോകുവാ…”

അയാൾ  പുക ആഞ്ഞു വലിച്ചു..

“ഞാനായിരുന്നു അവന്മാരുടെ ലക്ഷ്യം… തോൽകുമെന്നായപ്പോൾ രക്ഷപ്പെടാൻ വേണ്ടിയാ രഘുവിനെ…. ഇതാര് ചെയ്യിച്ചതായാലും  അവന്റെയൊക്കെ കുടുംബത്തിൽ ജീവനുള്ള എല്ലാത്തിനെയും ചുട്ടു കരിക്കും ഞാൻ..”

അതൊരു പ്രതിജ്ഞ ആയിരുന്നു… എന്തെങ്കിലും തീരുമാനിച്ചാൽ  അതു നടത്തി കഴിഞ്ഞു മാത്രമേ  സത്യപാലൻ  വിശ്രമിക്കൂ എന്ന് ജോസിനും ദേവരാജനും അറിയാം…. അന്തരീക്ഷത്തിന്  ചൂട് പിടിക്കുന്നത് പോലെ അവർക്ക് തോന്നി…

***********

ഒരു മീറ്റിംഗ് കഴിഞ്ഞു  പുറത്തിറങ്ങുകയായിരുന്നു  യദുകൃഷ്ണനും  ജിൻസിയും…മീനാക്ഷിയെയും കൂട്ടി ശിവാനി  പുതിയ ഓഫിസിന്റെ  ജോലികൾ എന്തായെന്ന് നോക്കാൻ പോയിരിക്കുകയാണ്…

“ജിൻസീ… എനിക്ക് കുറച്ചു  സംസാരിക്കാനുണ്ട്…”

യദുവിന്റെ  മുഖത്ത് ഗൗരവമായിരുന്നു…

“എന്താണ് സാർ?” അവൾ  വേവലാതിയോടെ  ചോദിച്ചു…

“വരൂ… പറയാം…”  അവൻ  അടുത്തുള്ള കോഫി  ഷോപ്പിലേക്ക് നടന്നു… പരിഭ്രമത്തോടെ ജിൻസിയും…രണ്ട് കോഫിക്ക് ഓർഡർ  ചെയ്തിട്ട് യദു  അവളെ  നോക്കി..

“എന്നെ കുറിച്ച് ജിൻസിക്ക് എന്താണഭിപ്രായം…?”

“അങ്ങനെ ചോദിച്ചാൽ…”  അവളൊന്നു പതറി.

“ഞാനൊരു   വുമനൈസർ  ആണെന്ന് തോന്നുന്നുണ്ടോ?”

“അയ്യോ ഇല്ല..”

“കമ്പനിയിലെ  ഏതെങ്കിലും സ്റ്റാഫ് എന്നെ കുറിച്ച് പരാതി പറയുന്നുണ്ടോ? ഐ മീൻ  എന്റെ പെരുമാറ്റത്തെ പറ്റി?”

അവൾ  ഇല്ലെന്നു തലയാട്ടി..

“ഞാനൊരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്… എനിക്കൊരുപാട് പെൺ സുഹൃത്തുക്കളും ഉണ്ട്.. പക്ഷേ മനസ്സിൽ ആദ്യമായി  ഒരിഷ്ടം തോന്നിയത്  മീനാക്ഷിയോടാ… അവൾ കൂടെയുള്ളപ്പോഴൊക്കെ വല്ലാത്തൊരു സന്തോഷം. അതെന്നും ഉണ്ടാവണമെന്ന് ആഗ്രഹിച്ചു.. തുറന്ന് പറയാൻ  ധൈര്യമില്ലാഞ്ഞിട്ടല്ല… പേരന്റ്സിനെ കൂട്ടി അവളുടെ  വീട്ടിൽ പോയി പെണ്ണ് ചോദിക്കാനും  അറിയാം… കുറച്ചു കഴിയട്ടെ  എന്ന് വച്ചു… പക്ഷേ ശിവ  അവളോട്‌ ഇതേപറ്റി സംസാരിച്ചു… എന്റെ സമ്മതത്തോടെ അല്ല കേട്ടോ… അപ്പൊ മീനാക്ഷി പറയുകയാ  അവളെ  ശല്യം ചെയ്യരുതെന്ന്…”

“അങ്ങനെ മീനു പറഞ്ഞോ?”

“നോ.. ബട്ട്‌ അവൾ പറഞ്ഞതിന്റെ അർത്ഥം അതായിരുന്നു… ഇറ്റ്സ് ഓക്കേ… എന്നാലും എന്നെ വേണ്ടാ എന്ന് വെക്കാൻ ഒരു കാരണം  ഉണ്ടാവില്ലേ? എനിക്കവളോട് നേരിട്ടു ചോദിക്കാം. അത് ചിലപ്പോൾ വേദനിപ്പിച്ചേക്കാം എന്ന് കരുതിയാ  ജിൻസിയോട് സംസാരിക്കുന്നത്… നിങ്ങൾ രണ്ടും നല്ല സുഹൃത്തുക്കൾ അല്ലേ? “

കോഫി വന്നു…. ജിൻസി അതും പിടിച്ചു കുറച്ചു നേരം  ആലോചിച്ചു…

“സർ  പറഞ്ഞത്  നേരാ… വര്ഷങ്ങളായി  എനിക്കവളെ അറിയാം …. “

“ദെൻ  പ്ലീസ് ടെൽ  മീ…. മീനാക്ഷിക്ക് വേറെ അഫയർ ഉണ്ടോ?..”

“ഉണ്ടായിരുന്നു…. ഇപ്പോഴില്ല… പക്ഷേ ആ  വേദനയിൽ  നിന്നും ഇന്നുമവൾ പുറത്തു വന്നിട്ടില്ല… ഏല്പിച്ച ജോലികൾ  ആത്മാർത്ഥമായി ചെയ്യുന്ന, ചുറുചുറുക്കോടെ  ഓടി നടക്കുന്ന , തമാശകൾ പറഞ്ഞു മറ്റുള്ളവരെ  ചിരിപ്പിക്കുന്ന മീനാക്ഷിയെ മാത്രമേ  എല്ലാവരും കണ്ടിട്ടുള്ളു.. അവളുടെ  വീട്ടുകാർ ഉൾപ്പെടെ… പക്ഷേ അവളുടെ വേദന അറിയുന്നത്  എനിക്ക് മാത്രമാ… സമനില തെറ്റുമെന്ന അവസ്ഥ വന്നപ്പോൾ അവളെയും കൂട്ടി സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോയത് ഞാനാ… “

യദു അവിശ്വസനീയതയോടെ  ജിൻസിയെ നോക്കിയിരുന്നു..

“അവൾ പഠിപ്പ് കഴിഞ്ഞ് ജോലി അന്വേഷിച്ചു നടക്കുന്ന കാലത്ത് തുടങ്ങിയ റിലേഷൻഷിപ്പ് ആയിരുന്നു… ഒരു സാധാരണ ബസ് കണ്ടക്ടർ… പത്തനംതിട്ടയാണ്  വീട്..പക്ഷേ ഇവിടാ താമസം… വീട്ടിൽ പറയത്തക്ക ആരുമില്ല, വല്ലപ്പോഴും പോയി വരും… ബേബി സാറിന്റെ കമ്പനിയിൽ ജോലി കിട്ടിയ ശേഷം ഇവൾ വരുന്ന ബസിൽ അവൻ ജോലി ചെയ്യാൻ തുടങ്ങി… ആരെയും അത്ഭുതപ്പെടുത്തുന്ന ഒരാത്മബന്ധമായിരുന്നു അത്… മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഒന്ന്…”

ജിൻസി മുന്നിലെ ഗ്ലാസിൽ നിന്നും ഒരിറക്ക് വെള്ളം കുടിച്ചു..

“വിവാഹമോചനം കഴിഞ്ഞ, അവളെക്കാൾ പ്രായകൂടുതലുള്ള  ഒരാളോടുള്ള പ്രണയം… ഞാൻ പോലും അവളെ  നിരുത്സാഹപ്പെടുത്താൻ നോക്കി..”

“വെയിറ്റ്,.. ജിൻസി എന്താ പറഞ്ഞത്… അയാൾ?”

യദു ഇടയിൽ  കയറി…

“അതെ  സർ.. അവൻ വിവാഹിതനായിരുന്നെന്നും  ഡിവോഴ്സിന് ശേഷം ഭാര്യ കുട്ടിയേയും കൂട്ടി വേറെ ഏതോ സ്ഥലത്താണെന്നും ഇവളോട് തുറന്നു പറഞ്ഞിരുന്നു.. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ഒറ്റപ്പെട്ടു പോയ ഒരുത്തനോടുള്ള ഇഷ്ടം ഭ്രാന്തമായ പ്രണയമായി മാറുകയായിരുന്നു… സ്വന്തമായി ബിസിനസ്‌ തുടങ്ങിയിട്ട് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാമെന്ന് അവൻ വാക്ക് കൊടുത്തു… ഇവളും  സാമ്പത്തികമായി സഹായിച്ചു….പക്ഷേ ദൈവാനുഗ്രഹം കൊണ്ട് ഒരു ദിവസം സത്യം പുറത്തു വന്നു. അവന്റെ ഡിവോഴ്സ് കഴിഞ്ഞിട്ടൊന്നുമുണ്ടായിരുന്നില്ല.. ഭാര്യയും  മോനും അവന്റെ വീട്ടിൽ തന്നെയാ  താമസം…..”

“എന്നിട്ട്?”  യദു ചോദിച്ചു..

“കള്ളങ്ങൾ പറഞ്ഞു പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അവസാനം അവനെല്ലാം സമ്മതിച്ചു.. ആറു വർഷത്തോളം  ചതിക്കപ്പെടുകയായിരുന്നു  എന്ന തിരിച്ചറിവ് ഏതൊരാളെയും തകർക്കില്ലേ? മീനുവും അങ്ങനെ തന്നെ…പക്ഷേ രോഗിയായ അച്ഛനെയും അമ്മയെയും ഒന്നുമറിയിക്കാതെയിരിക്കാൻ അവൾ  അഭിനയിച്ചു…. ഇപ്പഴും അഭിനയിച്ചു കൊണ്ടിരിക്കുന്നു…”

ജിൻസി എഴുന്നേറ്റു..

“അവളെ വെറുതെ വിട്ടേക്ക് സർ… അവളുടെ കണ്ണീരിന്റെ ചൂട്  ഇന്നും എന്റെ നെഞ്ചിലുണ്ട്… ഒരുപാട് കഷ്ടപ്പെട്ടിട്ടാ ഇന്നീ കാണുന്ന നിലയിലേക്ക് അവളെ  ഞാൻ കൊണ്ടുവന്നത്… സാറിന്റെ സ്നേഹം ആത്മാർത്ഥമായിരിക്കും.. പക്ഷേ വഞ്ചിച്ചിട്ടും ഇന്നും അവനെ മനസ്സിൽ നിന്നടർത്തിക്കളയാൻ അവൾക്കു പറ്റിയിട്ടില്ല… ആദ്യം അതിനു സാധിക്കട്ടെ.. അപ്പോഴും സർ അവളെ  ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാനും  കൂടെ  നിൽക്കാം.”

അവൾ  യാത്ര പറഞ്ഞിറങ്ങി.  മുന്പിലെ തണുത്തുറഞ്ഞ കോഫിയിൽ  നോക്കിയിരിക്കവേ എന്തിനോ തന്റെ ഹൃദയം നോവുന്നത് യദുകൃഷ്ണൻ അറിഞ്ഞു…

************

ശിവാനിയും  മീനാക്ഷിയും  പുതിയ ഓഫിസിൽ  നിന്നിറങ്ങി കാറിനടുത്തു എത്തിയപ്പോൾ അഭിമന്യു അവിടെ ഉണ്ടായിരുന്നില്ല.. മീനാക്ഷി  ഫോണെടുത്തു അവനെ വിളിച്ചു ബെൽ അടിയുന്നുണ്ട് പക്ഷേ എടുക്കുന്നില്ല..

“നാശം… ഇവൻ എങ്ങോട്ട് പോയതാ?”

ശിവാനിക്ക് നല്ല ദേഷ്യം വന്നു… അഞ്ചു മിനിട്ട് കൂടി കഴിഞ്ഞപ്പോൾ  മെല്ലെ നടന്നു വരുന്ന അഭിമന്യുവിനെ കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിയായി…

“എവിടെപ്പോയതാ? എത്ര നേരമായി ഞങ്ങൾ കാത്തു നില്കുന്നു..?”

“ഞാനൊന്ന് മുള്ളാൻ പോയതാ.. ഇവിടടുത്തെങ്ങും അതിനു സൗകര്യം കിട്ടിയില്ല..”

“തന്റെ ഫോൺ എവിടെ?”

“കാറിലുണ്ട്..”

“പോകുമ്പോ ഫോണും കൊണ്ട് പൊയ്ക്കൂടേ?”

“എന്തിന്? മുള്ളുന്നത് വിഡിയോ എടുക്കാനാണോ? എന്റെ കൊച്ചേ, ഞാനുമൊരു മനുഷ്യനാ… രാവിലെ തൊട്ട് നിങ്ങളുടെ കൂടെ  അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്… ഞാനീ നിമിഷം വരെ  ഒരു വസ്തു കഴിച്ചിട്ടില്ല…. കുറെ വെള്ളം കുടിച്ചു.. അതുകൊണ്ട് മൂത്രമൊഴിക്കാൻ  മുട്ടി… ബാത്റൂം അന്വേഷിച്ചു നടന്നപ്പോൾ ഇച്ചിരി  ലേറ്റായി… അതിനു മാപ്പ്… എഗ്രിമെന്റിൽ  ഡ്യൂട്ടി ടൈമിൽ മുള്ളാൻ പാടില്ല എന്നൊരു വരി കൂടി  എഴുതി  ചേർത്തോ….”

അവനും  നല്ല ദേഷ്യം വന്നു…

“സാരമില്ല.. പോട്ടെ ശിവാ….. അഭീ  നീ  വണ്ടിയെടുക്ക്… ഇനി ബാങ്കിലേക്ക് കൂടി  പോകണം..”

മീനാക്ഷി രണ്ടുപേരെയും തണുപ്പിക്കാൻ  ശ്രമിച്ചു… അവൻ  ശിവാനിയെ  ഒന്ന് നോക്കി  അകത്തു കയറി  വണ്ടി സ്റ്റാർട്ട്‌ ചെയ്തു..ബാങ്കിലെത്തിയപ്പോൾ ശിവാനി ഒന്നും മിണ്ടാതെ  ഇറങ്ങിപ്പോയി..

“നീ  പോയി വല്ലതും കഴിച്ചിട്ട് വാ.. സോറി.. രാവിലത്തെ തിരക്കിനിടയിൽ  ഞാനത് ചോദിക്കാൻ വിട്ടു പോയതാ..”

മീനാക്ഷി പറഞ്ഞു..

“എന്റെ വയറു  നിറഞ്ഞു.. ആ  കുരിപ്പിന് എന്നെ ഇഷ്ടമല്ല… ഓരോ കാരണങ്ങൾ ഉണ്ടാക്കുകയാ… വേണ്ടെങ്കിൽ പറഞ്ഞു വിടണം.. ഇവൾക്കൊക്കെ പണത്തിന്റെ അഹങ്കാരമാ  മീനൂ…”

“നീ അത് വിട്ടേക്ക്… ഞാനല്ലേ പറയുന്നത്.. പോയി എന്തെങ്കിലും കഴിക്ക്… ഫോൺ എടുക്കാൻ മറക്കരുത്…”

അവൾ ബാങ്കിലേക്ക് കയറി…

“അവനോട് ഫുഡ് കഴിച്ചിട്ട് വരാൻ പറയാരുന്നു..”

ടോക്കൺ എടുത്തിട്ട് ചെയറിൽ ഇരിക്കുമ്പോൾ ശിവാനി പറഞ്ഞു..

“അതെ… നീ പിന്നെന്താ ഒന്നും മിണ്ടാതെ പോയത്…? “

“എന്താണെന്നറിയില്ല ചേച്ചീ… എനിക്കവനെ കാണുമ്പോൾ ചൊറിഞ്ഞു വരും.. പ്രത്യേകിച്ച് കാരണമൊന്നുമില്ല.. എന്നോട് അവന് പുച്ഛം ആണെന്നൊരു തോന്നൽ..”

മീനാക്ഷിക്ക് ചിരി വന്നു..

“നിങ്ങൾ രണ്ടും കണക്കാ…ചെറിയ കുട്ടികളെപ്പോലെ… അവൻ കഴിക്കാൻ പൊയ്ക്കോളും… ഞാൻ പറഞ്ഞിരുന്നു.. ഇനി അതാലോചിച്ചു  ടെൻഷനടിക്കണ്ട..”

“ടെൻഷനോ? ആർക്ക്? എനിക്കങ്ങനൊന്നും ഇല്ല… പിന്നെ മാനുഷികമായ ഒരു പരിഗണന .. അത്രേ ഉള്ളൂ…. ചേച്ചി അവന്റെ സംസാരം  ശ്രദ്ധിച്ചോ? ഒരു ബഹുമാനവും ഇല്ല..ഒന്നുമില്ലേലും അവൻ എന്റെ സ്റ്റാഫ് അല്ലേ?”

“ഓരോരുത്തരുടെ സ്വഭാവവും വ്യത്യസ്തമല്ലേ ശിവാ?. അങ്ങനെ നോക്കിയാൽ ഞാനും നിന്റെ സ്റ്റാഫ്‌ ആണല്ലോ..?”

“അങ്ങനെ പറയരുത്…ചേച്ചി എന്റെ മുത്തല്ലേ..?”

അവൾ കൊഞ്ചലോടെ മീനാക്ഷിയുടെ താടിയിൽ  പിടിച്ചു,..

“വിട് പെണ്ണേ.. എല്ലാരും നോക്കുന്നു.. ഇത് തന്നെയാ പറഞ്ഞത് നിനക്കു കുട്ടിക്കളി മാറിയില്ല എന്ന്..”

സ്‌ക്രീനിൽ അവരുടെ നമ്പർ തെളിഞ്ഞപ്പോൾ മീനാക്ഷി എഴുന്നേറ്റ് കൗണ്ടറിലേക്ക് നടന്നു…

ഈ  സമയത്ത്   ബാങ്കിന് മുന്നിലുള്ള ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കുകയായിരുന്നു അഭിമന്യു… അതെ ഹോട്ടലിൽ എതിരെ ഇരുന്ന ഒരാൾ  മൊബൈൽ  ക്യാമെറയിൽ അവന്റെ ചിത്രങ്ങൾ പകർത്തി… പിന്നെ പുറത്തേക്ക് ഇറങ്ങി ഫോൺ ചെവിയിൽ  വച്ചു…

“സാറേ… ഫോട്ടോ ഞാൻ അയച്ചിട്ടുണ്ട്… ഇവനാ  അവളുടെ ഡ്രൈവർ..”

“ഞാൻ കണ്ടു…. ഇനിയെന്തായാലും അവളെ ഒറ്റയ്ക്ക് കിട്ടാൻ സാധ്യത ഇല്ല.. ഇവനേം  ചേർത്ത് തീർത്തേക്ക്… ബാക്കി വരുന്നിടത്തു വച്ചു കാണാം…”

സണ്ണി ഫോൺ കട്ടു ചെയ്ത് ദീർഘമായി ഒന്നു ശ്വസിച്ചു…. ഇനി കാത്തിരിപ്പാണ്.. ദേവരാജന്റെ മകളുടെ മരണ വാർത്തയ്ക്കായുള്ള കാത്തിരിപ്പ്.. അവൻ  ഗൂഡമായി ഒന്ന് പുഞ്ചിരിച്ചു., സത്യപാലൻ ശത്രു സംഹാരത്തിന് ഒരുങ്ങിയിറങ്ങിയത് അറിയാതെയുള്ള ചിരി…..

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!