പ്രതികാരം : ഒരു പ്രണയ കഥ – 1

12106 Views

പ്രതികാരം : ഒരു പ്രണയ കഥ

‘ഇതാര്…ശ്രീ മോളോ…? ‘

ശ്രീകോവിലിന് മുന്നില്‍ തൊഴുമ്പോഴാണ് പിറകില്‍ നിന്നുള്ള വിളി കേട്ടത്…

തിരിഞ്ഞതും കണ്ടത് ഭദ്രാപ്പച്ചിയെ…

പണ്ട് ‘അശ്രീകരം’ എന്ന് പറഞ്ഞ് ആട്ടിപ്പായിച്ച അവരുടെ ‘ശ്രീമോളേ’ന്നുള്ള വിളി കേട്ട് ചിരിയാണ് വന്നത്….

‘മോളെന്താ സ്വപ്നം കാണുവാണോ..?’

‘ഏയ്..അല്ല അപ്പച്ചീ..പഴയതോരോന്ന് ഒാര്‍ത്തതായിരുന്നു…’

പെട്ടന്നുള്ള എന്‍റെ മറുപടിയില്‍ അവരുടെ മുഖം മങ്ങുന്നത് ഞാന്‍ കണ്ടു…

‘മോളേ…അതു പിന്നെ…’

‘ശരി അപ്പച്ചി…സമയം കിട്ടുമ്പോള്‍ വീട്ടിലേക്ക് വാ…’

അവരോടൊന്നും സംസാരിക്കാന്‍ തോന്നിയില്ല..
വേഗം തൊഴുത് പുറത്തേക്ക് ഇറങ്ങി….

നാടിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല ഈ അഞ്ച് വര്‍ഷത്തില്‍….

മാറ്റങ്ങള്‍ മനുഷ്യര്‍ക്കും അവരുടെ മനസ്സുകള്‍ക്കും മാത്രമായിരുന്നു….അന്നും.. ഇന്നും…

അഞ്ച് വര്‍ഷം മുന്‍പ് ഒരു രാത്രി നാട് വിട്ട് പോകുമ്പോള്‍ ഇനി ഇവിടേക്ക് ഒരു തിരിച്ച് വരവ് ആഗ്രഹിച്ചിരുന്നില്ല…..
പക്ഷേ എന്‍റെ സാഹചര്യങ്ങളാണ് വീണ്ടും എന്നെ ഇവിടെത്തിച്ചത്…

വഴിയില്‍ പലരോടും കുശലം ചോദിച്ച് സമയം വൈകി..

‘ചേച്ചീ…സൂക്ഷിച്ച്..വഴുക്കലുണ്ട്…’

വീടിന്‍റെ പടികെട്ട് കയറുമ്പോള്‍ അപ്പു വിളിച്ച് പറഞ്ഞു..

‘ഡാ..ആപ്ലികേഷന്‍ എന്തായി..ഫീ അടച്ചോ..?’

അവന്‍റെ മുഖം വാടി…

‘ഇനി ഇത് വേണോ ചേച്ചീ…അഞ്ച് വര്‍ഷമായില്ലേ ചേച്ചി..ഇനിയെന്തിനാ ഈ പഠിപ്പൊക്കെ…’

‘പറ്റില്ല അപ്പൂ…എന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടിയാ നീ പഠിപ്പ് ഉപേക്ഷിച്ചത്…ഇനി നിന്‍റെ അവസരമാണ്…’

ഒന്ന് നീട്ടി മൂളി അവന്‍ അകത്തേക്ക് പോയി..

എന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു പഠിക്കാന്‍ മിടുക്കനായിട്ടും പത്തൊന്‍പതാം വയസ്സില്‍ അവന്‍ വിദേശത്തേക്ക് പോയത്…

ഇനി അവന്‍റെ സ്വപ്നങ്ങള്‍ സഫലീകരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്വമാണ്…

‘മോളേ..ശ്രീ… ഹാളിലേക്ക് ഒന്ന് വന്നേ…’

അമ്മയാണ്….
ഒരു ഉച്ചമയക്കത്തിലായിരുന്നു ഞാന്‍…

ഹാളില്‍ ഒരു ബന്ധുക്കളുടെ നീണ്ട നിര….
കൂടെ ഭദ്രാപ്പച്ചിയും ഗോപേട്ടനും..

എന്താ ഇതെന്നറിയാതെ…അമ്പരന്ന് ഞാനും..

ഒരു ചിരിയും മുഖത്ത് ഒട്ടിച്ച് ഇരിക്കുന്ന ഗോപേട്ടനെ കണ്ടപ്പോള്‍ പുശ്ചമാണ് തോന്നിയത്..

‘എന്തേ ഹരീ..ഇവളെ ഇങ്ങനെ നിര്‍ത്താനാണോ നിന്‍റെ ഭാവം..വയസ്സ് ഇരുപത്തിഅഞ്ചാ…’

‘ചേച്ചി എന്താ ഉദ്ദേശിക്കണേ..?’

‘ശ്രീയും ഗോപനുമായുള്ള വിവാഹം…അതങ്ങട് നടത്തിയാലോ..?’

അപ്പച്ചിയുടെ വാക്ക് കേട്ട് ഞാനൊന്ന് ഞെട്ടി അച്ഛന്‍റെ മുഖത്തേക്ക് നോക്കി..

അച്ഛന്‍ ഒന്ന് പുഞ്ചിരിച്ചു…അമ്മയുടെ മുഖത്തും ഒരു ചിരി വിടര്‍ന്നു….

‘ഇതേ ആവശ്യവുമായി അഞ്ച് വര്‍ഷം മുന്‍പ് ഞാന്‍ ചേച്ചിയെ കണ്ടിരുന്നു..അന്ന് ചേച്ചിക്കെന്‍റെ കുട്ടി അശ്രീകരമായിരുന്നു…അഞ്ച് വര്‍ഷത്തിനിപ്പുറവും അവള്‍ക്ക് മാറ്റമില്ല ചേച്ചി..പിന്നെന്താ ചേച്ചിക്ക് ഇന്ന് ഒരു മാറ്റം..?”

അച്ഛന്‍റെ ചോദ്യത്തിന് മുന്‍പില്‍ അപ്പച്ചിയും ഗോപേട്ടനും ഒന്ന് പരുങ്ങി..

‘അത് ഞാന്‍ പറയാം അച്ഛാ..അന്നെന്‍റെ ചേച്ചി ഒന്നുമല്ലായിരുന്നു..ഇന്നതല്ലല്ലോ..അല്ലേ അപ്പച്ചീ..?
ഇത് എന്‍റെ ചേച്ചിയോടുള്ള സ്നേഹമല്ല അച്ഛേ..ശ്രീ നിധി ഐ.എ.എസിന്‍റെ പദവിയോടുള്ള സ്നേഹമാണ്…’

അപ്പുവിന്‍റെ വാക്കുകള്‍ക്ക് കാഠിന്യമേറിയിരുന്നു..
ഇന്ന് ആ പഴയ പത്തൊന്‍പത്കാരനല്ല അവന്‍..ഒരുപാട് മാറിപ്പോയി.. അല്ലെങ്കില്‍ അവന്‍റെ അനുഭവങ്ങള്‍ അവനെ ഇങ്ങനെയാക്കി..

‘അപ്പു പറഞ്ഞത് കേട്ടല്ലോ..പിന്നെ ഇതവളുടെ ജീവിതമാണ്..അവളാണ് തീരുമാനിക്കേണ്ടത്..ശ്രീ.. നീ പറയൂ മോളേ ..’

എല്ലാവരുടെയും നോട്ടം എന്‍റെ നേര്‍ക്കായി…
അച്ഛന്‍റെ ചോദ്യത്തിന് മറുത്തൊന്ന് ആലോചിക്കേണ്ടി വന്നില്ല എനിക്ക്..

‘അപ്പച്ചിക്ക് പോകാം..ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല..’

‘കേട്ടല്ലോ..അവള് പറഞ്ഞത്..അഞ്ച് വര്‍ഷം എന്‍റെ കുട്ടികളുടെ കണ്ണീരിന്‍റെ വിലയാ ഈ ജീവിതം..
അത് നശിപ്പിക്കാനാരും വരണ്ട..”

അച്ഛന്‍റെ സ്വരം ഉയര്‍ന്നു..

എന്തൊക്കയോ പറഞ്ഞ് അപ്പച്ചിയും ബന്ധുക്കളും പോയി..

അപ്പച്ചിയുടെ വരവും ഈ നാടും നടന്നതെല്ലാം വീണ്ടും എന്നെ ഓര്‍മ്മിപ്പിക്കുന്നപോലെ….

‘ചേച്ചി..എന്താ ആലോചിക്കണേ..’

‘ഒന്നുമില്ലെഡാ..പഴയതെന്തൊക്കയോ ഓര്‍ത്തു പോയി..’

‘ചേച്ചീ…ഒരു കാര്യം ചോദിക്കട്ടേ…’

ഞാന്‍ തല ഉയര്‍ത്തി അവനെ നോക്കി..

‘ഒന്ന് പൊയ്ക്കൂടെ..ഒന്ന് കണ്ടൂടെ ചേച്ചിക്ക്..ഒരു തവണ..ഒന്ന് കേട്ടൂടേ പറയാനുള്ളത്..’

‘നിര്‍ത്ത് അപ്പു….’

എന്‍റെ ഭാവമാറ്റം കണ്ട് അവന്‍ ഞെട്ടി..

‘ആരെയാ…ആ ചതിയനേയോ…അതോ…ഒന്നും വേണ്ട അപ്പു..എനിക്ക് അതിനെ പറ്റി ആലോചിക്കാന്‍ സമയമില്ല….’

അപ്പുവിന് മറുപടി കൊടുത്ത് മുറിയിലേക്ക് നടക്കുമ്പോഴും മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു..
പലപ്പോഴും ഞാന്‍ തന്നെ ആലോചിച്ച കാര്യമല്ലേ അപ്പു പറഞ്ഞത്…

എന്നിട്ടും എന്താ പറ്റിയത്…?

ഞാനെന്താ അങ്ങനെയൊക്കെ പറഞ്ഞത്..?

പലതവണ അയാളുടെ ന്യായീകരണം കേള്‍ക്കാന്‍ മനസ്സ് പറഞ്ഞതാണ്..

പക്ഷേ മനസ്സ് പറയുന്നത് കേള്‍ക്കണ ശ്രീ എന്നേ മരിച്ചു…

ഈ ശ്രീക്ക് മനസ്സില്ല…മരവിച്ച് പോയി അത്…

അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ഒന്നും മാഞ്ഞിട്ടില്ല…മറക്കാനായിട്ടില്ല…

വീണ്ടും വീണ്ടും ആ മുഖം മനസ്സിലേക്ക് വരുന്നു…

ഞങ്ങള്‍ക്കെല്ലാം നഷ്ടമാക്കിയ ആ ദിനങ്ങള്‍…

ആ മുഖം…

ഞാനെന്നേക്കാള്‍ ഏറെ സ്നേഹിച്ച ഇന്ന് അതിലധികം വെറുക്കുന്ന മുഖം…

എന്നെ മാത്രമല്ല ഒരു കുടുംബത്തെ ആകെ നശിപ്പിച്ച ആ മനുഷ്യനോടുള്ള പക…

അതാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്…

”ആദിത്യന്‍…”

മറക്കില്ല ഞാന്‍…

ഇനി ശ്രീയുടെ പ്രതികാരം നീ കാണാന്‍ പോകുന്നതേയുള്ളൂ….

(തുടരും…)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply