പ്രതികാരം : ഒരു പ്രണയ കഥ – 10

10954 Views

പ്രതികാരം : ഒരു പ്രണയ കഥ

ആരാണെന്നോ …എന്താണെന്നോ അറിയാതെ ഒരാളെ കാണാന്‍ വന്നതിന്‍റെ പരിഭ്രാന്തി ഉണ്ടായിരുന്നു…ആരും കൂടെ ഇല്ല…

അവന്യു ഗാര്‍ഡനില്‍ എത്തിയപ്പോള്‍ അതേ നമ്പറീന്ന് ഫോണ്‍ വന്നു…

നേരെ തടാക കരയില്‍ വരാന്‍ പറഞ്ഞു..അവിടെ വച്ച് കാണാമത്രേ…

ഞാന്‍ വേഗം അങ്ങോട്ട് നടന്നു…

ആളാരാന്നറിയാന്‍ ഒരാകാംക്ഷ…

അവിടെ നീണ്ട ബെഞ്ചിലിരിക്കുന്ന ഒരു രൂപം…

അടുത്തേക്ക് ചെന്ന ആളെ കണ്ട് ഞെട്ടി…

”കരണ്‍”

കിച്ചന്‍റെ മൂത്ത സഹോദരന്‍…

ആകെ ഒന്നോ രണ്ടോ തവണയെ ഇയാളെ കണ്ടിട്ടുള്ളു എങ്കിലും ആ മുഖം വ്യക്തമാണ്…

വീട്ടുകാര്‍ക്കൊക്കെ വെറുക്കപ്പെട്ടവനായിരുന്നുവെങ്കിലും കിച്ചന് ചേട്ടന്‍ ജീവനായിരുന്നു…

‘ശ്രീക്കെന്നെ പരിചയം ഉണ്ടോ..?’

‘കരണ്‍..’

‘ഭാഗ്യം മറന്നില്ലാല്ലോ…! താന്‍ ഇവിടേക്ക് വന്നപ്പോള്‍ തന്നെ കാണാനിരുന്നതാ…’

‘എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..’

ആ കൂടിക്കാഴ്ച്ച വേഗം അവസാനിക്കട്ടെ എന്നാഗ്രഹിച്ചു…

‘തന്നെ ഇവിടേക്ക് കൊണ്ട് വരാന്‍ ഇതേ മാര്‍ഗമുണ്ടൊയുള്ളൂ..എനിക്ക് മറ്റൊന്നാണ് പറയാനുള്ളത്…’

എന്താണെന്നറിയാന്‍ ഞാനാമുഖത്തേക്ക് നോക്കി…

‘നമ്മുടെ ശത്രു ഒന്നാണ്…ആദി..എന്‍റെ കിച്ചനെ കൊന്നവന്‍..നിന്‍റെ ചേച്ചിയെ കൊന്നവന്‍..അവനില്ലാതാകണം..എങ്കിലേ അവരുടെ ആത്മാക്കള്‍ക്ക് ശാന്തി കിട്ടുള്ളു..’

കരണ്‍ പറഞ്ഞത് കേട്ട് ഞാനാകെ വിറങ്ങലിച്ച് പോയി…

‘കൊല്ലാനോ…ആദിയേയോ…’

‘എന്തേ..പഴയ ഭര്‍ത്താവിന്‍റെ ക്രൂരത എല്ലാം മറക്കാനും കഴിഞ്ഞോ കളക്ടറിന്..’

‘ഇല്ല..ഒരിക്കലുമില്ല..എനിക്കും പ്രതികാരം ചെയ്യണം….പക്ഷേ അതൊരിക്കലും മരണത്തിലൂടെയല്ല…അതിന് ഞാന്‍ യോഗ്യയല്ല..’

‘സ്വന്തം ജീവനെ നശിപ്പിച്ചന്‍റെ ജീവന്‍ എടുക്കാന്‍ നീയാണ് അര്‍ഹ…നീയത് ചെയ്തില്ലേലും ഞാനത് ചെയ്യും….അവനിനി മടക്കമില്ല ജയിലിലേക്ക്…മരണം കാത്തിരിപ്പുണ്ട്…’

അത്രയും പറഞ്ഞ് അയാള്‍ നടന്നു പോയി…

കരണ്‍ വന്നുപോയതില്‍ പിന്നെ മനസ്സില്‍ ഒരു തരം പരിഭ്രാന്തിയായിരുന്നു…

അയാള്‍ ആദിയെ എന്തെങ്കിലും ചെയ്യുമോ എന്നൊരു പേടി…

‘അവനെന്ത് സംഭവിച്ചാലും എനിക്കെന്താ’ എന്ന് സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല…

ഉള്ളിലെവിടെയോ ഒരു സ്നേഹത്തിന്‍റെ അംശം ഉണ്ടോ..?

പാടില്ല..എന്‍റെ ചേച്ചി.. കുഞ്ഞ്..കിച്ചന്‍…പക്ഷേ അയാളുടെ ജീവന് ഒന്നും പറ്റരുത്…

ആകെ ധര്‍മ്മ സങ്കടത്തിലായി ഞാന്‍…
അവസാനം ആദിയെ കാണാന്‍ തന്നെ തീരുമാനിച്ചു…

വരേണ്ട സ്ഥലവും സമയവും മെസേജയച്ചു..

ചതിയാണോ അതോ ശരിയാണോ എന്നറിയില്ല..എന്നിലൂടെ ആര്‍ക്കും ഒന്നും വരരുത്…

***************************************************

വളരെ അപ്രതീക്ഷിതമായി ശ്രീയുടെ മെസേജ് എന്നെ സന്തോഷിപ്പിച്ചു…

എങ്ങനെ അവളെ കണ്ട് കാര്യങ്ങള്‍ പറയുമെന്ന് കരുതിയപ്പോഴാണ് അവളിങ്ങോട്ട് കാണണം എന്ന് പറയുന്നത്…

പക്ഷേ കനി…

അവളുടെ കണ്ണെങ്ങനെ വെട്ടിക്കും..ഞാനെവിടെ പോയാലും അവളെന്നെ പിന്തുടരും..അതെന്‍റെ ശ്രീക്ക് അപകടം തന്നെയാണ്…

അപ്പോഴാണ് കുറച്ച് ബന്ധുക്കള്‍ കയറി വന്നത്…
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്…!

ഇനി അവരെ സല്‍ക്കരിക്കേണ്ടത് കൊണ്ട് അവള്‍ക്ക് വരാനാകില്ല…

പക്ഷേ പുറത്തേക്ക് കടക്കും മുന്‍പ് അവളെന്നെ കണ്ടു..

‘ഏട്ടനിതെങ്ങോട്ടാ…?’

‘ഓര്‍ഫനേജ് വരെ ഒന്ന് പോയേച്ചും വരാം…നീ വരുന്നോ…?’

ഉത്തരം നേരത്തെ കണ്ടെത്തിയത് കൊണ്ട് അവള്‍ക്ക് സംശയം തോന്നാതെ രക്ഷപെട്ടു..
അവളകത്തേക്ക് പോയി…

അധികം ചോദ്യത്തിന് നില്‍ക്കാതെ നേരെ കോഫി ഷോപ്പിലെത്തി…

ശ്രീ നേരത്തെ എത്തിയിട്ടുണ്ട്..

‘കുറേ നേരമായോ വന്നിട്ട്…’

അവളൊന്ന് മൂളി…

‘എന്താ…കാണണമെന്ന് പറഞ്ഞത്..’

കുറേ നേരത്തെ മൗനത്തിന് ശേഷം ഞാന്‍ പറഞ്ഞു തുടങ്ങി..

‘കരണ്‍…കിച്ചന്‍റെ ചേട്ടന്‍…തന്‍റെ ജീവന് ആപത്തുണ്ട്…’

അവളത് പറഞ്ഞതും മനസ്സില്‍ വല്ലാത്തൊരു സന്തോഷമായിരുന്നു.

ആ മനസ്സില്‍ എവിടെയോ എനിക്ക് ഒരിത്തിരി സ്നേഹമുണ്ടെന്നൊരു തോന്നല്‍…

‘തന്നോട് സ്നേഹമുണ്ടായിട്ടല്ല ഇതു പറഞ്ഞത്..ആ കുടും ബത്തിന്‍റെ അവസാനം ആശ്രയം ആണ് കരണ്‍.ആ കുടുംബത്തിന് ഇനിയും ഒന്നും താങ്ങാനാവില്ല..അതും തന്നെ പോലെ നീചനായ ഒരുത്തനെ കൊന്നതിന് അവരിനിയും കഷ്ടപെടരുത്…’

അവളുടെ വാക്കുകള്‍ കഠാരപോലെ നെഞ്ചിലേക്കാഴ്ന്നിറങ്ങി…

‘എനിക്കും കുറച്ച് കാര്യം പറയാനുണ്ട്…’

‘എനിക്ക് സമയമില്ല..’

‘പ്ലീസ്സ്…അഞ്ച് വര്‍ഷം മുന്‍പ് നടന്നതിന്‍റെ സത്യം നീ അറിയണം…’

‘കനിയാണത് ചെയ്തത് എന്നല്ലേ…ഇനിയും ഉണ്ടോ നുണ കഥകള്‍…അന്നു തന്നെ കനി എന്നോടിത് പറഞ്ഞിരുന്നു നീ ഇതും പറഞ്ഞ് വരുമെന്ന്…അതോടെയാ തന്നെ ഞാനിത്രയ്ക്കും വെറുക്കുന്നത്…’

അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി…

കനി…എന്‍റെ അനുജത്തി…അവളെന്തിനെന്നോടിങ്ങനെ ചെയ്തത്…ഞങ്ങളെ അകറ്റിയതെന്തിനാ..?

ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍…അതിനെല്ലാം മറുപടി തരാന്‍ കഴിയുന്നത് ഒരാള്‍ക്കാണ്…

കനിക്ക്..

***********************************************

എന്‍റടുത്ത് ആ കഥകള്‍ ഏല്‍ക്കാത്തത് കൊണ്ടാണ് ആദി അവിടെ നിന്നും പോയത് എന്നെനിക്കറിയാം…

അന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സംഭവിച്ചതിന്‍റെ പിറ്റേ ദിവസം കനി എന്നെ കാണാന്‍ വന്നു…

‘എല്ലാം ആദിയാണ് ചെയ്തത് ..അവന് ഞങ്ങളുടെ കുടുംബത്തോടുള്ള പകയ്ക്ക് അവള്‍ക്കും കൂട്ട് നില്‍ക്കേണ്ടി വന്നുവെന്നും ആദിയെ രക്ഷപെടുത്തണം’

എന്ന് പറയാന്‍…

അനുജത്തിയുടെ സ്നേഹമായിരുന്നു അവളുടെ വാക്കുകളില്‍…

ആ നിമിഷം വരെ ആദിയുടെ ഭാഗത്തു നിന്നും കൂടി ചിന്തിച്ച ഞാന്‍ ആ ഒരൊറ്റ വെളിപ്പെടുത്തലോടെയാണ് ആദിക്കെതിരെ ഞാന്‍ മൊഴി നല്‍കിയത്..

തെളിവില്ലാതെ കനി രക്ഷപെട്ടു…

എന്നിട്ടും ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കഥകള്‍ പറഞ്ഞുള്ള വരവ് എന്തിനാണ്…

വീണ്ടും പഴയത് ഓര്‍മ്മകള്‍ കണ്ടെത്തി വേദനിപ്പിക്കാനോ…?

*******************************************

‘കനീ….’

വീട്ടില്‍ വന്ന് കയറിയതും ഞാനലറി…

‘എന്താഡാ…’

അച്ഛനാണ്…

‘കനിയെവിടെ..?’

‘എന്താ ഏട്ടാ…എന്തിനാ അലറുന്നത്…?’

‘നിനക്ക് ഒന്നും അറിയില്ലല്ലേ….’

അവളുടെ കഴുത്തിന് കയറിപ്പിടിച്ചുകൊണ്ട് ചോദിച്ചു…

‘ഡാ…അവളെ വിടെഡാ…നിനക്കെന്താ വട്ടായോ….’

അച്ഛനെന്നെ തടഞ്ഞു…അമ്മ ഓടി വന്നു…

‘ അതെ…എനിക്ക് ഭ്രാന്താ…. ഇവളാ കാരണം…..എന്തിനാ ഡി എന്നോടിത് ചെയ്തത്..?എന്‍റെ ജീവിതം തകര്‍ത്തത് കൊണ്ട് നിനക്കെന്താ നേട്ടം…’

അവളുടെ കഴുത്തീന്ന് പിടി വിട്ട്കൊണ്ട് ഞാന്‍ ചോദിച്ചു..

‘ഓഹോ…അവളെ കണ്ടു അല്ലേ…
എല്ലാം അറിഞ്ഞല്ലേ…’

അവളുടെ ചിരി കണ്ട് കൊല്ലാനുള്ള ദേഷ്യമാണ് വന്നത്….

‘ചിരിക്കാതെ ഡി…പണ്ടേ ശ്രീയെ നിനക്കിഷ്ടമല്ലായിരുന്നു…പക്ഷേ നീ എന്‍റെ ജീവിതം തകര്‍ത്തതെന്തിനാ…ഞാന്‍ നിന്‍റെ സ്വന്തം ചോരയല്ലേ…?’

‘ഒരു മിനിറ്റ്…നീ എന്‍റെ ചോരയാണെന്നോ…? കണ്ട കുപ്പത്തൊട്ടിയില്‍ വല്ല വ്യത്തികെട്ടവരുടെയും ചോരയില്‍ പിറന്ന നീ എങ്ങനെ എന്‍റെ ചോരയാകും….?’

(തുടരും)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply