പ്രതികാരം : ഒരു പ്രണയ കഥ – 13

9731 Views

പ്രതികാരം : ഒരു പ്രണയ കഥ

അതിരാവിലെ കുളിച്ചു റെഡിയായി വരുന്നതിനിടയിൽ ശ്രീ ഒരു പത്തു പ്രാവശ്യമെങ്കിലും ചോദിച്ചിടുണ്ട് എവിടെക്കാണെന്ന്….

ഒരു സർപ്രൈസ് പോലും കാത്തിരിക്കാൻ അവൾക്കു വയ്യ…പക്ഷെ ഞാൻ കാത്തിരുന്നില്ലേ ഇത്രയും നാൾ…

‘ഡീ റെഡിയായോ…? ‘

‘ഞാനെപ്പോഴേ റെഡി….. ‘

അതിനിടയിൽ കാറിൽ കേറി ഇരിപ്പുണ്ട് ആള്…
കാർ മുന്നോട്ടു പോകും തോറും ശ്രീ സർപ്രൈസ് പറയാൻ പറഞ്ഞു ശല്യം തുടങ്ങി….

ദേഷ്യം വന്നുതുടങ്ങി…

‘നിനക്ക് ഇത്തിരി നേരമെങ്കിലും ആ വാ അടച്ചു വെക്കാൻ പറ്റുമോ…? ‘

എന്റെ വാക്ക് കേട്ടു അവൾ തിരിഞ്ഞിരുന്നു…

‘സോറി ഡി മോളേ…. പിണങ്ങല്ലേ… സർപ്രൈസ് ഇപ്പോഴേ എങ്ങനാ പറയുന്നേ… ‘

‘പറയണ്ട… എനിക്ക് ഉറക്കം വരുന്നു… ‘

‘ദൂരം കുറെ ഉണ്ട്… നീ ഉറങ്ങിക്കോ… ഞാൻ സമയം ആകുമ്പോൾ വിളിക്കാം… ‘

പറഞ്ഞു തീരും മുമ്പേ ഉറങ്ങാൻ തുടങ്ങി പെണ്ണ്… എനിക്കങ്ങനെ മറക്കാൻ ഒക്കില്ലല്ലോ….
വേദനകൾ മാത്രം തന്ന അഞ്ചു വർഷങ്ങൾ….

ചെറുപ്പത്തിൽ തന്നെ വേദനകൾ മാത്രമായിരുന്നു കൂട്ടുകാർ… അച്ഛനും അമ്മയ്ക്കും അനാഥനായ എന്നോട് തോന്നിയ കാരുണ്യമാണ് എന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞത് ഇന്നും ഇന്നലെയും അല്ല എനിക്കൊരു അനിയത്തി ഉണ്ടായ അന്നാണ് അച്ഛമ്മ അത് പറഞ്ഞെന്നെ അകറ്റാൻ തുടങ്ങിയത്…

എല്ലാം അറിഞ്ഞിട്ടും അച്ഛന്റെയും അമ്മയുടെയും കനിയുടെയും സ്നേഹത്തിന് മുന്നില്‍ ആ വേദനകള്‍ മറന്നു…

പക്ഷേ കാലക്രമേണ ഞാനൊരു അനാഥനാണ് അവളുടെ ചേട്ടനല്ല എന്ന ബോധം കനിയുടെ ഉള്ളില്‍ കുത്തിവയ്ക്കാന്‍ അച്ഛമ്മയ്ക്കായി..കൂടെ അച്ഛമ്മയോടൊപ്പം തറവാട്ടില്‍ നിന്ന് പഠിക്കാന്‍ പോയതോടെ ഞങ്ങള്‍ക്കിടയില്‍ ദൂരം കൂടി….

ഓര്‍ഫനേജില്‍ വച്ചാണ് ഞാന്‍ ആദ്യമായി ശ്രീയേയും അമ്മുവിനേയും ആദ്യമായി കാണുന്നത്…അവിടെ വച്ചുണ്ടായ പ്രശ്നത്തിന് ശേഷമാണ് ശ്രീയും ഞാനും ശത്രുക്കളായിമാറുന്നത്….

അന്നും അമ്മു എന്നോട് വളരെ സൗഹ്യദമായി പെരുമാറിയിരുന്നു…പക്ഷേ എന്നോ അവളോടുള്ള പക എന്നോ ഉള്ളില്‍ സ്നേഹമായി മാറിയിരുന്നു…അവളെ കമന്‍റടിച്ച ചെറുക്കനെ നടുറോഡിലിട്ട് തല്ലിയപ്പോള്‍ അവളുടെ കണ്ണില്‍ ഞാന്‍ തെമ്മാടിയായി…

അവളൊരുപാട് അകന്നെങ്കിലും എന്നും വഴിയരികില്‍ വച്ചു കാണുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ടായിരുന്നു അമ്മു….

അമ്മുവും ശ്രീയും എന്‍റെ കോളേജിലേക്കാണ് വരുന്നത് എന്നറിഞ്ഞ അന്ന് ഞാനൊരുപാട് സന്തോഷിച്ചെങ്കിലും അവളെന്നെ മൈന്‍റ് പോലും ചെയ്തില്ല….

അതിനിടയില്‍ എന്‍റെ കൂട്ടുകാര്‍ അവളെ എന്‍റെ ശത്രുവെന്ന് തെറ്റിദ്ധരിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചു…

അതറിഞ്ഞ ഞാൻ നേരിട്ട് അല്ലാതെ അമ്മുവിനെ അറിയിച്ചു… അവളൊന്നും ചെയ്തില്ല… പക്ഷെ കിച്ചൻ കറക്റ്റ് സമയത്തു ശ്രീയെ രക്ഷിച്ചു…

അന്നുമുതൽ കിച്ചൻ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയി… പക്ഷെ അവരുടെ സൗഹൃദം എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു…

അതുകൊണ്ടാണ് അന്ന് അവൻ അവളോട്‌ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാനങ്ങനെ പ്രതികരിച്ചത്….

എന്നാൽ അതെന്റെ തെറ്റിദ്ധാരണ ആണെന്ന് അറിഞ്ഞപ്പോൾ ഞാനാണ് ഏറ്റവും സന്തോഷിച്ചതും…

വളരെ സന്തോഷത്തോടെ വിവാഹവും കഴിഞ്ഞതോടെ എല്ലാം നന്നായി അവസാനിച്ചു എന്ന് കരുതിയ ഞാൻ ഇതിനിടയിൽ നടന്ന പലതും അറിയാൻ വൈകി പോയി……

“ബെസ്റ്റ്… എന്നെ വിളിച്ചോളാം എന്ന് പറഞ്ഞിട്ട് നിങ്ങൾ കാറിൽ കിടന്നുറങ്ങുവാന്നോ..? ‘

അവളെന്നെ വിളിച്ചുണർത്തിയപ്പോളാണ് ഞാൻ ചിന്തകൾ വിട്ടുണർന്നത്…

‘എന്തോ ചിന്തിച്ചുറങ്ങി പോയതാ ഡീ…. ഇറങ്ങി വാ… ഇതാണ് സ്ഥലം… ‘

‘ഇത് ഞങ്ങടെ പഴയ തറവാടല്ലേ… ഇവിടെന്താ..? ‘

അവളെന്നെ സൂക്ഷിച്ചു നോക്കി…

“മറന്നോ ഇവിടെ നമ്മളെ കാത്തു രണ്ട് പേരില്ലേ… നമ്മുടെ അമ്മുവും കിച്ചനും … കാണണ്ടേ അവരെ….? ‘

‘ആദിക്ക് വിഷമം ആകുമെന്നു കരുതിയാണ് ഞാന്‍ ഇവിടേക്ക് വരാഞ്ഞത്….’

അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു അവളേം കൊണ്ടു അകത്തേക്ക് നടന്നു..

അന്ന് കിച്ചനേം അമ്മൂനേം ഒരിടത്തു സംസ്‍കാരം നടത്താൻ വാശിപിടിച്ചതു ശ്രീ ആണ്.. ജീവിതത്തിൽ ഒരുമിക്കാൻ കഴിയാത്തവർ മരണത്തിലെങ്കിലും ഒരുമിക്കട്ടെ എന്നുള്ള അവളുടെ ആഗ്രഹമാണ് അവരുടെ തറവാട്ടിൽ സംസ്‍കാരം നടത്തിയത്…

നാട്ടിൽ വന്നിട്ട് ഇതുവരെ ഇവിടെ വരാൻ അവൾക് പറ്റിയില്ല… അവളുടെ പ്രതികാരത്തിനു ശേഷമേ ഇവിടേക്ക് വരുള്ളൂ എന്ന അവളുടെ പ്രതിജ്ഞ ഇന്ന് നിറവേറ്റാനാണ് ഇവിടേക്ക് വന്നത്…

അകത്തു തൊടിയിലേക്ക് നടക്കുമ്പോഴും ശ്രീ കരയുന്നുണ്ടായിരുന്നു.. അവളുടെ കൈകൾ മുറുകി പിടിച്ചു ഞാനവളെ അമ്മുവും കിച്ചനും ഉറങ്ങുന്നിടത്തേക്ക് കൊണ്ടു പോയി…

കുറെ നേരം അവളെന്തൊക്കെയോ പറഞ്ഞു..
ചേച്ചിയോട് പരിഭവവും പിണക്കങ്ങളും..
ഞാനവളെ ശല്യം ചെയ്യാതെ മാറി നിന്നു… പെട്ടന്ന്
പൊട്ടിക്കരയാൻ തുടങ്ങിയ അവളെ പിടിച്ചു കൊണ്ടുവന്നു കാറിൽ ഇരുത്തി….

‘എന്താ ഡോ ഇത് താനിങ്ങനെ കരയാതെ… കുറച്ചു നേരം റെസ്റ് ചെയൂ… ‘

‘ആദി എങ്ങോട്ടാ… ‘

‘എനിക്കും അവരോടു പറയണം… കനി ചെയ്ത തെറ്റിന് മാപ്പ്… ‘

അവളൊന്നും പറഞ്ഞില്ല.. ഞാൻ വീണ്ടും തൊടിയിലേക്ക് നടന്നു…

അവിടെ അവർ ഉറങ്ങുന്ന മണ്ണിൽ എത്തിയപ്പോൾ ഒന്ന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്… വിജയിച്ചവന്റെ ചിരി…..

‘അമ്മു… കിച്ചാ…. ഇന്ന് ഞാൻ എന്റെ പ്രതികാരം പൂർത്തിയാക്കി… അഞ്ചു വർഷം എന്റെ ജീവിതം തകർക്കാൻ കാരണക്കാരായ മൂന്നു ജന്മങ്ങൾ ഇന്ന് ഭൂമിയിൽ ഇല്ല… കനിയെ കൂടി നിങ്ങളുടെ അടുത്തേക്ക് അയച്ചിട്ടുണ്ട് ഞാൻ…ഇനി എനിക്ക് ജീവിക്കണം…. ‘

ആ മണ്ണിൽ കുനിഞ്ഞിരുന്നു ഞാൻ…

‘പലതും അറിയാൻ ഞാൻ വൈകി പോയി… അല്ലെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു…
അന്ന് ഞങ്ങളുടെ ബെഡ് റൂമിലെ ദൃശ്യങ്ങൾ എനിക്ക് ആരോ അയച്ചു തന്നിട്ട് ശ്രീയെ ഡിവോഴ്സ് ചെയാൻ ആവശ്യപ്പെട്ടു..
അത് ഞാൻ അവളെ അറിയിച്ചില്ല.. പക്ഷെ ഞാൻ അതിന്റെ റൂട്ട് തപ്പി പോയി അത് നശിപ്പിക്കാന്‍ എനിക്കായി…
ആ അന്വേഷണം അവസാനിച്ചതു നിന്നിലായിരുന്നു അമ്മു… പക്ഷെ ഞാൻ വിശ്വസിച്ചില്ല.. കാരണം ഒറ്റയ്ക്കത് ചെയ്യാന്‍ അമ്മുവിനാകില്ല…കൂടെ ഉള്ളതാരാന്ന് കണ്ടെത്തണമായിരുന്നു എനിക്ക്….അതിനു ശേഷം ഗർഭിണിയായ ശ്രീ നിന്റെ വീട്ടിൽ വച്ച് സ്റ്റെപ്പിൽ നിന്നും വീണു… അവിടെനിന്നും എനിക്ക് മനസിലായി അവൾ അപകടത്തിൽ ആണെന്ന്….

പക്ഷെ കനിയെ ഞാൻ തെറ്റിദ്ധരിച്ചു..അവള് മാത്രമല്ല ശ്രീക്ക് ശത്രു എന്ന് അന്ന് നിന്റെം കിച്ചനും സംസാരിക്കുന്നത് കേട്ടതോടെയാണ്‌….ചെറുപ്പം മുതൽ നിനക്ക് വെറുപ്പായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ടവളായ ശ്രീയെ…നീ എന്നെ ഇഷ്ടപെട്ടിരുന്നു..പക്ഷെ എനിക്കു ശ്രീയെ ആണിഷ്ടം എന്നറിഞ്ഞപ്പോൾ മുതൽ നീ എന്നിൽ നിന്നും അകറ്റാൻ നോക്കി അതിനു കൂട്ട് ശ്രീയെ സ്നേഹിച്ച കിച്ചനും….
ഞങ്ങളുടെ മുന്‍പില്‍ നല്ലവരാകാന്‍ നിങ്ങള്‍ ഒരു പ്രണയ നാടകം കളിച്ചു…ഇതിനിടയില്‍ കിച്ചനെ സ്നേഹിച്ച കനിയും…അവള്‍ക്ക് കിട്ടാത്തത് ആര്‍ക്കും കിട്ടരുതെന്ന അവളുടെ വാശി…
കനിക്കും വേണ്ടത് ശ്രീയുടെയും നിങ്ങളുടെയും ജീവൻ…
ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങളെ കൂട്ടി യാത്രയ്ക്ക് പോയത് ഞാൻ വെച്ച കെണി ആയിരുന്നു…
ശ്രീയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാന്‍…
നിങ്ങൾ തിരികെ വരുമ്പോൾ ഒരു ആക്‌സിഡന്റിലൂടെ എന്‍റെ കൈകൊണ്ട് എന്റെ കുഞ്ഞിനെ കൊന്നു ഞങ്ങളെ അകറ്റാമെന്നു സ്വപ്നം കണ്ടു..
കനി ഒരുക്കിയ കെണിക്ക് മുൻപേ നിങ്ങൾക്ക് ഞാൻ സ്ലോ പോയ്സൺ നൽകി മരണത്തിലേക്ക് പറഞ്ഞു വിട്ടിരുന്നു…പാവം കനി..ഒന്നും അറിയാതെ അവള്‍ വീണ്ടും നിങ്ങളെ കൊന്നു…ഇന്ന് അവളും മരണത്തിനു കീഴടങ്ങി…പക്ഷേ എനിക്കെന്‍റെ കുഞ്ഞിനെ നഷ്ടമായി…

കണ്ണുകള്‍ പെട്ടന്ന് ഈറനണിഞ്ഞു… പക്ഷേ
ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ തുടർന്നു..

‘കരണ്‍ ശരിക്കും ഒരു പാവം തന്നെയാണ് കിച്ചാ…അവനെ ഞാന്‍ രക്ഷിക്കും…കനി…അവളെനിക്ക് തീരാ നഷ്ടം തന്നെയാണ്…പക്ഷേ അവള്‍ ജീവിച്ചിരുന്നാല്‍ എന്‍റെ ശ്രീയുടെ മാത്രമല്ല എന്‍റെ അച്ഛന്‍റെയും അമ്മയുടെയും ജീവന്‍ നഷ്ടമാകും..അവളതിന് പലതവണ ശ്രമിച്ചു കഴിഞ്ഞു…എനിക്കവരെ കൂടി നഷ്ടമാക്കാന്‍ വയ്യ….അതുകൊണ്ടാണ് കരണിനെ ആ തെളിവ് കാണിച്ചത്….അഞ്ച് വര്‍ഷം മുന്‍പെനിക്കിതാവാമായിരുന്നു…പക്ഷേ ഞാനറിയാതെ എന്‍റെ കുഞ്ഞിനെ ഈ കൈകൊണ്ട് കൊല്ലേണ്ടി വന്നു..അതിനുള്ള ശിക്ഷയാണ് ആ ജയിലറയിലെ എന്‍റെ ജീവിതം…’

ഒരു നിമിഷം ഒന്ന് തിരിഞ്ഞു നിന്നു…

‘ഇനി എനിക്ക് ജീവിക്കണം ഈ പുനര്‍ജന്മം..എന്‍റെ ശ്രീക്കൊപ്പം…വീണ്ടും ഞങ്ങള്‍ക്ക് ദൈവം തരാന്‍ പോകുന്ന പൊന്നോമനയ്ക്കൊപ്പം…ഒരു കാര്യത്തില്‍ സന്തോഷമുണ്ട്…ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ശ്രീ അവളുടെ സ്വപ്നം നേടി…ഇപ്പോള്‍ ഞാനിതൊന്നും അവളോട് പറയില്ല…ജീവിതഭാരങ്ങള്‍ ഒഴിഞ്ഞ് മരണത്തിലേക്കടുക്കുമ്പോള്‍ പറയും…അതുവരെ അവളുടെ മനസ്സില്‍ നിങ്ങള്‍ നന്മയുള്ളവരായി ഇരിക്കട്ടേ…’

‘ആദീ…..വരുന്നില്ലേ….’

ശ്രീയാണ്….

‘ദാ…വരണെഡീ…നീ അവിടിരിക്ക്…’

അവളോടവിടിരിക്കാന്‍ പറഞ്ഞു…

‘ശരി…ഇനി ചെന്നില്ലേല്‍ പെണ്ണിങ്ങോട്ട് വരും..ഇനി ഒരിക്കലും ഇവിടേക്കൊരു വരവുണ്ടാകില്ല… ഒരുമിക്കരുതെന്നാഗ്രഹിച്ച നിങ്ങളുടെ അവളുടെ കൈയ്യും പിടിച്ച് വന്നതോടെ എന്‍റെ പ്രതികാരം തീര്‍ന്നു…ഗുഡ് ബൈ….’

തിരികെ പോകുമ്പോള്‍ തല എന്‍റെ തോളില്‍ ചായ്ച്ച് ഇരിക്കുന്ന ശ്രീയേയും അവളുടെ ഉദരത്തില്‍ വളരുന്ന ഞങ്ങളുടെ സ്വപ്നത്തേയും ഓര്‍ത്തപ്പോള്‍ മനസ്സില്‍ സന്തോഷമായിരുന്നു….

എത്ര പ്രിയപ്പെട്ടവരായാലും എന്‍റെ ജീവിതം കൊണ്ട് പന്താടുമ്പോള്‍ നശിപ്പിക്കേണ്ടി വരും….

കാരണം ഈ പ്രതികാരം എന്‍റെ പ്രണയത്തിനെ തിരികെ കിട്ടാനായിരുന്നു…അത് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ആയിരുന്നു……

”’ ഞാന്‍ ഈ കഥയിലെ നായകനോ വില്ലനോ എന്നറിയില്ല….പക്ഷേ കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാന്‍ ഏതൊരു നായകനും വില്ലനാകേണ്ടി വരും….”’

കാരണം ഇതെന്‍റെ പ്രതികാരമാണ്…

അല്ല

ഇതെന്‍റെ പ്രണയമാണ്….

”ആദീടെ പ്രണയം…”

(ശുഭം….)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply