പ്രതികാരം : ഒരു പ്രണയ കഥ – 2

10851 Views

പ്രതികാരം : ഒരു പ്രണയ കഥ

ഇന്നെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമാണ്…

ഇത്രയും നാളത്തെ കഷ്ടപ്പാടിന് ഫലം കണ്ട ദിവസം..

റെഡിയായി വന്നപ്പോഴേക്കും അച്ഛനും അമ്മയും അമ്പലത്തില്‍ പോയിട്ടെത്തി..

‘മോളിറങ്ങാണോ..?’

‘മ്…ഡ്രൈവര്‍ കുറേ നേരായി വെയിറ്റ് ചെയ്യുന്നു..’

ഞാന്‍ പുറത്തേക്ക് നടന്നു..

‘അയ്യോ..കളക്ടറമ്മേ…നില്‍ക്ക്..ഞാനൊന്ന് പറയട്ടേ…’

അപ്പുവാണ്…

‘അതേ…ഈ ജില്ലയുടെ നിയുക്ത കളക്ടറും സര്‍വ്വോപരി എന്‍റെ ചേച്ചി പെണ്ണുമായ ശ്രീ നിധി ഐ.എ.എസിന് ഈ കുഞ്ഞനുജന്‍റെ വക സല്യൂട്ട്..’

അവന്‍റെ സന്തോഷം കണ്ട് എനിക്കും ചിരി വന്നു..

‘വെരിഗുഡ്..എന്നും ഇതുപോലെ ചിരിക്കണം കേട്ടോ ചേച്ചി കുട്ടി…’

അവന്‍റെ തലയ്കിട്ടൊരു കൊട്ട് കൊടുത്തു കാറില്‍ കയറി…

‘മാഡം…ഓഫീസിലേക്കല്ലേ…’

ഡ്രൈവര്‍ ചോദിച്ചു..

‘സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജ്…അവിടേക്ക് പോകാം..’

എന്‍റെ മറുപടി കേട്ടിട്ട് അതുവരെ നിറഞ്ഞു നിന്ന മൂന്ന് പുഞ്ചിരി പെട്ടന്ന് മാഞ്ഞു…

‘അത് വേണോ മോളേ..വീണ്ടും അതൊക്കെ…’

അമ്മയാണ് ചോദിച്ചതെങ്കിലും അത് മറ്റുള്ളവര്‍ക്കും ഇതേ ചോദ്യമാണുള്ളതെന്ന് അവരുടെ മുഖത്ത് നിന്ന് വ്യക്തമാണ്‌…

‘എന്താ അമ്മേ ഇത്..എല്ലാം മറക്കാനാണോ ഞാന്‍ പഠിച്ചത്..? ആണോ അച്ഛാ..?’

ആരും ഒന്നും മിണ്ടിയില്ല…

‘അച്ഛനല്ലേ പറയാറ്…എത്ര ഉയരത്തിലെത്തിയാലും വന്ന വഴി മറക്കരുതെന്ന്…അതേ ഞാനും ചെയ്യുന്നുള്ളൂ..എവിടെയെല്ലാം അവസാനിച്ചോ..അവിടെ നിന്നും എല്ലാം ഞാന്‍ തുടങ്ങുന്നു…’

എന്‍റെ കണ്ണുകളിലെ തീ കണ്ട് അച്ഛന്‍ പുഞ്ചിരിച്ചു..

‘നീ പോയിട്ടു വാടി കൊച്ചേ…വരുന്നത് വരട്ടേ..ഞങ്ങളുണ്ട് നിന്‍റെ കൂടെ…’

അത് അവരുടെ ആത്മവിശ്വാസമായിരുന്നു..ഇനിയുള്ള പ്രതികാരത്തിന്‍റെ വഴികള്‍ താണ്ടാനുള്ള പ്രചോദനം..

ഓര്‍ഫനേജാകെ മാറിയിരിക്കുന്നു..

മാറ്റമില്ലാത്തത് ”സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജ് ” എന്ന് വല്യ അക്ഷരത്തിലെഴുതിയ തുരുമ്പ് പിടിച്ച ബോര്‍ഡിനും ഓര്‍ഫനേജിനാകെ തണലേകി നില്‍ക്കുന്ന അമ്മൂമ്മ മരത്തിനും മാത്രം…

ബില്‍ഡിംഗുകള്‍ക്കെല്ലാം വയസ്സായിരിക്കുന്നു…

കുട്ടികള്‍ അങ്ങിങ്ങായി ഓടികളിക്കുന്നു…ഒരിക്കല്‍ ഇവിടം ആയിരുന്നല്ലോ ഞങ്ങളുടെയും സ്വര്‍ഗ്ഗം…

‘ആരാ..മനസ്സിലായില്ല..’

പിറകില്‍ നിന്നുള്ള ശബ്ദമാണ് എന്നെ തിരിച്ചെത്തിച്ചത്…

ഒരു തൂവെള്ള കുപ്പായമണിഞ്ഞ സ്ത്രീ ആയിരുന്നു അത്..

‘ഞാന്‍ ശ്രീ നിധി..സിസ്റ്റര്‍ ആഗ്നസ്സ്…?’

അവരെന്‍റെ കാറിലേക്കും എന്‍റെ മുഖത്തേക്കും നോക്കി..

‘പേടിക്കേണ്ട..ഞാനിവിടുത്തെ കളക്ടറാണ്..എനിക്ക് സിസ്റ്റര്‍ ആഗ്നസ്സിനെ ഒന്ന് കാണണം..’

അവരെന്നെ അകത്തേക്ക് കൊണ്ട് പോയി..അവരെന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു…

ഞാന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല..ഞാനാ ബില്‍ഡിംഗികളിലെ ഇരുട്ടില്‍ എന്‍റെ ബാല്യം തിരഞ്ഞുകൊണ്ടിരുന്നു..

‘സിസ്റ്റര്‍ കിടപ്പിലായിട്ട് ഒരു വര്‍ഷമായി…ചെന്നോളൂ മേഡം..’

സിസ്റ്ററമ്മ ഇന്നും ആ പഴയ മുറി ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല…

‘സിസ്റ്ററമ്മേ…’

ഞാന്‍ പതിയെ വിളിച്ചു..
അവര്‍ കണ്ണ് തുറന്നു…

‘എന്നെ മനസ്സിലായോ…’

പതുക്കെ അടുത്ത് ചെന്നിരുന്നു..

‘ശ്രീ മോളേ..നീയല്ലതാരാ എന്നെ സിസ്റ്ററമ്മേന്ന് വിളിക്കാന്‍…’

കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടവരുടെ…കുറ്റബോധം പോലെ..

‘മോളേ..നീയെന്നോട് ക്ഷമിക്കുമോ…അമ്മു..അവള്‍… ഞാന്‍ കൂടി കാരണമല്ലേ..നിനക്കീ ഗതി…’

‘വേണ്ട അമ്മേ…അമ്മയല്ല ഒന്നും ചെയ്തത്..
അതൊന്നും ഓര്‍ക്കണ്ട..’

കാലില്‍ തൊട്ടുവണങ്ങി ഞാന്‍ തുടര്‍ന്നു..

‘ഇന്ന് ഞാന്‍ വന്നത് അനുഗ്രഹത്തിനായാണ്..പുതിയൊരു ജീവിതമാണ്..ഉണ്ടാകണം പ്രാര്‍ത്ഥന..’

മറുപടിക്ക് കാക്കാതെ പുറത്തേക്ക് നടന്നു ഞാന്‍..

‘മോളേ…അവന്‍ തെറ്റ്കാരനാണെന്ന് ഇന്നും ഞാന്‍ കരുതുന്നില്ല…ഒരു തവണ ഒന്ന്..’

വാതില്‍പ്പടിക്കല്‍ കടക്കും മുന്‍പവര്‍ പറഞ്ഞു..

‘കണ്ണ് കൊണ്ട് കണ്ടതിലും വലുതല്ലല്ലോ ഒന്നും…’

പറഞ്ഞ് തീരും മുന്‍പ് ഞാനതും പറഞ്ഞിറങ്ങി പോന്നു…

കാലങ്ങളിത്രയും ആയിട്ടും അയാളാണ് തെറ്റ്കാരനെന്ന് വിശ്വസിക്കാനാര്‍ക്കും കഴിഞ്ഞിട്ടില്ല..

അപ്പുവിനോ സിസ്റ്ററമ്മയ്ക്കോ ആര്‍ക്കും…

പക്ഷേ എനിക്കറിയാം…അയാളിലെ ക്രൂരനെ…

കണ്ണു കൊണ്ട് കണ്ടതാണ്…എന്‍റെ അമ്മു…
മറക്കില്ലൊരിക്കലും…

എല്ലാവരുടെയും ആവശ്യം അയാളെ കാണണമെന്നല്ലേ…

അതും സാധിച്ച് കൊടുക്കാം…

‘ചേട്ടാ…ഒരിടം കൂടി പോകാനുണ്ട്…’

‘എവിടേക്കാണ് മേഡം..’

‘സെന്‍ട്രല്‍ ജയില്‍..’

എന്‍റെ മറുപടിയില്‍ അയാളൊന്ന് ഞെട്ടി എന്നുള്ളത് എനിക്ക് മനസ്സിലായി…

അയാളെ കുറ്റം പറയാനാകില്ല..ഒരു നല്ല ദിവസം ജയിലില്‍ പോകണമെന്ന് പറഞ്ഞാല്‍ ആരാണ് ഞെട്ടാത്തത്…

പക്ഷേ എന്‍റെ ഈ നല്ല ദിനം തുടങ്ങണമെങ്കില്‍…എന്‍റെ വിജയം പൂര്‍ത്തിയാകണമെങ്കില്‍…ആ മുഖം കാണണം..
എന്‍റെ ജീവിതം ചവിട്ടിയെറിഞ്ഞ ആ മുഖം..

”ആദിയേട്ടന്‍…”

അല്ല…

”ആദിത്യന്‍..”

(തുടരും..)

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply