പ്രതികാരം : ഒരു പ്രണയ കഥ – 6

9613 Views

പ്രതികാരം : ഒരു പ്രണയ കഥ

‘ഡീ…കുന്തം വിഴുങ്ങിയ പോലെ നില്‍ക്കാതെ പോയി ആരാന്ന് നോക്കു..’

‘എനിക്ക് വയ്യ..അത്രയ്ക്കും വയ്യെങ്കില്‍ നോക്ക് പോയി..’

‘ആഹാ..ബെസ്റ്റ്..ഇതെന്‍റെ വീടാണോ..നിന്‍റെയാണോ..?പോയി നോക്കെഡീ..ചക്കപോത്തേ…’

എനിക്ക് അരിശം വരുന്നുണ്ടെങ്കിലും പുറത്തെ മുട്ടലിന് ശക്തി കൂടുന്നത് കണ്ട് തുറക്കാനായി പോയി…

വാതില്‍ തുറന്നതും ആളെ കണ്ട് ആശ്വാസമായി..

അമ്മുവേച്ചി…

‘എന്താ വാവേ ഇവിടൊരു ശബ്ദം..?’

ഞാനവളുടെ കൈയ്യില്‍ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് വന്നു..കതകടച്ചു..

‘എന്താ ഡീ..എന്താ..’

‘ചേച്ചി വാ..ഒരൂട്ടം കാണിച്ചു തരാം..’

അവളെ കൂട്ടി ജനലിനടുത്തേക്ക് വന്നപ്പോള്‍ അവിടെ അവനില്ല…

ഞാനവിടെല്ലാം തപ്പി നടന്നു..

‘നീ എന്താ ഈ നോക്കണേ..?’

‘അത് ഒരു ജന്തു…ഇവിടുണ്ടായിരുന്നതാ…എങ്ങട് പോയീന്ന് പിടി കിട്ടണില്ല…’

‘ജന്തുവോ..എന്താ വട്ടായോ…’

ചേച്ചി എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…

‘ആ ജന്തുവാണോ ഈ ജന്തുവെന്ന് നോക്കിയേ..’
ആദി ബെഡ്ഡിനടിയില്‍ ചാടി വീണു..

പെട്ടന്നുള്ള അവന്‍റെ എന്‍ഡ്രിയില്‍ ഞാന്‍ പേടിച്ച് പിറകോട്ട് പോയി..

ഞെട്ടുമെന്ന് വിചാരിച്ച ചേച്ചി കൂളായിരുന്നു ചിരിക്കുന്നു..

‘ആദിചേട്ടനെ ആണോ ഇവള്‍ ജന്തു എന്ന് വിളിച്ചത്..’

‘ആദി…ചേട്ടനോ…’

‘പിന്നല്ലാതെ അനിയത്തിയുടെ ഭാവി വരനാണേലും പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കണ്ടേ വാവേ…’

അവര്‍ രണ്ടാളും ഇരുന്ന് ചിരിക്കുകയാണ്…
എനിക്കാകെ വട്ടായി…

‘അമ്മു..സസ്പെന്‍സ് പൊട്ടിക്ക്..ഇല്ലേല്‍ ഞാനെന്‍റെ പോത്തിനെ ഭ്രാന്താശുപത്രിയില്‍ കൊണ്ടോകേണ്ടി വരും…’

‘വാവേ..ഞാന്‍ പറയാം..അന്നത്തെ സംഭവത്തില്‍ ആദി എന്നോടും കിച്ചനോടും മാപ്പ് പറഞ്ഞു..ഞങ്ങളുടെ ഇടയിലെ കണ്‍ഫ്യൂഷനും മാറ്റി തന്നു..പോരേ..നീ ചേട്ടനോട് സംസാരിക്കാതെ ഒളിച്ച് കളിക്കുന്നോണ്ട് ഞാന്‍ തന്നാ ഈ വഴി പറഞ്ഞു കൊടുത്തത്…’

ഞാനാകെ ഞെട്ടിപ്പോയി…
ഇതെന്‍റെ അമ്മു ചേച്ചി ആണോ..!

‘അതിന് ഇവന്‍ നമ്മുടെ കുടുംബത്തിന്‍റെ ശത്രുവല്ലേ…എനിക്ക് പറ്റില്ല…’

ഞാന്‍ മുഖം തിരിഞ്ഞ് നിന്നു..ആദി എന്നെ പിടിച്ച് നേരെ നിര്‍ത്തി..

‘ഡീ പോത്തേ..എട്ടാം വയസ്സിലെ ആ സംഭവമാണ് നമ്മുടെ ഇടയില്‍ ശത്രുത ഉണ്ടാക്കിയത്..എനിക്ക് നിന്നെ പണ്ടേ ഇഷ്ടായിരുന്നു…ഉള്ളിലെ വാശി കാരണം പറഞ്ഞില്ല…കിച്ചന്‍റെ കൂടെ നിന്നെ കണ്ടപ്പോള്‍ കണ്‍ട്രോള്‍ പോയെഡി…വീടുകളിലെ ദേഷ്യം നമ്മുടെ ബന്ധം കൊണ്ടില്ലാതാവുകയാണെങ്കില്‍ അത് നല്ലതല്ലേ…’

‘ചേച്ചി ഇതൊക്കെ വിശ്വസിച്ചോ…ഇവന്‍ പ്രതികാരം ചെയ്യുവാണ്..’

പറഞ്ഞു തീരും മുന്‍പ് ഒരടി കവിളത്ത് വീണു..

‘സോറി..അമ്മു..എത്ര പറഞ്ഞാലും മനസ്സിലാകില്ലെങ്കില്‍ ഇതേ പറ്റുള്ളൂ…’

ആദി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു..

എന്‍റെ കണ്ണീന്ന് പൊന്നീച്ച പാറിപ്പോയി..

‘ആദിയേട്ടാ…പ്ലീസ്സ്…ശ്രീ.. മോള്‍ക്കെന്നെ വിശ്വാസമാണോ..?സിസ്റ്ററമ്മയെയോ..?’

ഞാന്‍ തലയാട്ടി..

‘എങ്കില്‍ മോള്‍ക്ക് ആദിയേയും വിശ്വസിക്കാം..എന്നെ പോലെ തന്നെ…’

ഞാനവനെ ഒന്ന് നോക്കി..ദേഷ്യത്തിലാണ്..
‘ഇവനോട് പോകാന്‍ പറ..’

‘ഡീ..അവന്‍.. ഇവന്‍ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ..മര്യദയ്ക്ക് ഏട്ടാന്ന് വിളിക്കെഡി…’

‘എന്‍റെ പട്ടി വിളിക്കും…’

വീണ്ടും അടിയാകും മുന്‍പ് ചേച്ചി അവനെ പറഞ്ഞ് വിട്ടു..

‘ഇക്കണക്കിനാണേല്‍ നിങ്ങള്‍ കാരണം രണ്ട് വീട്ടിലും വീണ്ടും അടിയാകുമാകല്ലോ ഭഗവാനേ..’

ചേച്ചി തലയില്‍ കൈ വച്ച് പോയി…

പിറ്റേന്ന് മുതല്‍ കോളേജില്‍ പോയി തുടങ്ങി..
അങ്ങനെ ഒരു വര്‍ഷം…

ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുടെയും നാളുകള്‍…

പതിയെ എനിക്കും ആദിക്കും ഇടയിലെ അകലങ്ങള്‍ ഇല്ലാതായി…

ഒരു വര്‍ഷം കടന്ന് പോയതറിഞ്ഞില്ല…

ആഘോഷങ്ങളും പരീക്ഷകളും…

അങ്ങനെ വിടപറയലിന്‍റെ നിമിഷം…

ആദി കോളേജില്‍ നിന്നിറങ്ങി..അവന്‍റെ ഫാമിലി ബിസിനസ്സില്‍ ജോയിന്‍ ചെയ്തു…

ഞങ്ങള്‍ സീനിയേര്‍സായി…

ഞങ്ങളുടെ ജൂനിയേര്‍സിന്‍റെ കൂട്ടത്തിലാണ് അവളെ ഞാനാദ്യം കാണുന്നത്..

”കനി”

ആദിയുടെ സഹോദരിയായിട്ടും അടുത്താണ് താമസമെങ്കിലും അവള്‍ പുറത്തായ കൊണ്ട് ഇതുവരെ കണ്ടിട്ടില്ല…

അവളുടെ വരവ് ഒന്നൊന്നര വരവായിരുന്നു..

ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച വരവ്…

‘മോളേ ‘

അച്ഛന്‍റെ വിളിയാണ് എന്നെ ഓര്‍മ്മകളില്‍ നിന്ന് തിരികെ കൊണ്ട് വന്നത്‌….

‘മോളുറങ്ങിയില്ലേ…’

‘ഇല്ല അച്ഛാ..ഓരോന്നോര്‍ത്ത് ഇരുന്നതാ…’

‘അമ്മൂനെ ഓര്‍ത്തോ മോളേ..’

എന്‍റെ കൈയ്യിലെ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു..

എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു..

‘പോട്ടെ..മോള് കിടന്നോ..നാളെ ബലിയിടാന്‍ പോകണ്ടേ…’

അച്ഛന്‍ റൂമില്‍ നിന്ന് പോയി…

നാളെ ബലിയിടണം…

പക്ഷേ അത് കൊണ്ട് ആ ആത്മാക്കള്‍ക്ക് ത്യപ്തി ആകില്ല…പ്രതികാരം ആണ് വേണ്ടത്…

രാവിലെ തന്നെ ബലിത്തറയിലെത്തി…
അപ്പുവായിരുന്നു കര്‍മ്മങ്ങള്‍ ചെയ്തത്…

അച്ഛന്‍ കര്‍മ്മിക്ക് പേരുകള്‍ പറഞ്ഞു കൊടുത്തു…

‘ശ്രീ ധന’
‘കിരണ്‍’
‘സമിത’

നാല് പേരുണ്ടെങ്കിലും ഉദരത്തിലെ നശിച്ചു പോയ എന്‍റെ കുഞ്ഞിനെ കൂടെ കൂട്ടാനൊക്കില്ലാല്ലോ…

‘അച്ഛാ…ഒരു കര്‍മ്മം കൂടി ഉണ്ട്..അത് ഞാന്‍ ചെയ്തോളാം..’

പെട്ടന്നെന്തോ ഓര്‍ത്തപോലെ ഞാന്‍ പറഞ്ഞു..
ഞാന്‍ തറയില്‍ ഇരുന്നു..

‘പേര് പറയൂ…’

‘ആദിത്യന്‍’

ഞാന്‍ പറഞ്ഞ പേര് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി…

‘മോളേ…ജീവിച്ചിരിക്കേ…’

‘അയാള്‍ എന്നേ എനിക്ക് മരിച്ചു കഴിഞ്ഞു..’

പിന്നെ ആരും ഒന്നും മിണ്ടിയില്ല..

ജീവിച്ചിരിക്കേ ഭര്‍ത്താവിന് ബലിയിടുന്ന ഭാര്യ…!

”ഡീ”

പെട്ടന്ന് ഒരലര്‍ച്ച കേട്ടു…

ആരോ കര്‍മ്മത്തിന്‍റെ ദ്രവ്യങ്ങളെല്ലാം ചവിട്ടി തെറിപ്പിച്ചു…

അരാന്ന് കണ്ട് എല്ലാവരുടെയും മുഖം ഞെട്ടി…
ഞാനൊഴികെ….

( തുടരും )

പ്രതികാരം : ഒരു പ്രണയ കഥ മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply