Skip to content

അമ്മുക്കുട്ടി – 1

അമ്മുക്കുട്ടി മലയാളം നോവൽ

“അമ്മുക്കുട്ടി… ആ പേന ഇവിടെ താ…. ”

” ഇല്ല തരൂലാ…. ”

” പറഞ്ഞത് അനുസരിക്ക് അമ്മു…… ”

” നന്ദാ… രാവിലെ തന്നെ ആ വട്ടി പെണ്ണിനോട് കിടന്ന് ഗുസ്തി പിടിക്കാതെ നീ കോളേജിൽ പോകാൻ നോക്കുന്നുണ്ടോ…. ”

പിന്നിൽ നിന്ന് അമ്മയായിരുന്നു അത് പറഞത്….
എന്റെ സർവ്വനാഡീ ഞരമ്പുകളും വലിഞ് മുറുകുന്നുണ്ടായിരുന്നു….

” അമ്മയോട് പലയാവർത്തി ഞാൻ പറഞ്ഞിട്ടുണ്ട്… അവളെ വട്ടി പെണ്ണെന്നൊന്നും വിളിക്കരുതെന്ന്…. ”

“പിന്നെ ബുദ്ധിക്ക് സ്ഥിരതയില്ലാതെ കാളകളിച്ച് നടക്കുന്ന അവളെ ഞാനെന്തോ വിളിക്കണം കൊച്ച് തമ്പുരാട്ടീന്നോ…. ”

ഒരു നിമിഷം അമ്മയ്ക്കു മുമ്പിൽ എന്റെ മറുപടി മൗനമായ് മാറി………ചങ്കിലൊരു നീറ്റല് പോലെ തോന്നി… അമ്മയും ഒരു സ്ത്രീയല്ലേ… ഓന്തിനേക്കാൾ വേഗത്തിൽ അമ്മയ്ക്കെങ്ങനെ നിറം മാറാൻ കഴിയുന്നു….. പണ്ടമ്മ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ…

തൊണ്ടക്കുഴിയിൽ നിന്നും നാവിൻ തുമ്പിലേക്കൊഴുകിയെത്തിയ ചോദ്യങ്ങളത്രയും പാതിവഴിയിൽ വിഴുങ്ങി, ഒന്നും മിണ്ടാതെ അമ്മയ്ക്കു മുൻമ്പിൽ നിന്നു കൊടുത്തത് ഞാൻ കോളേജിലേക്ക് പോയി കഴിഞ്ഞാൽ അച്ഛൻ പറമ്പിലേക്ക് വല്ല പണിക്കും പോകും പിന്നെ ഈ വീട്ടിൽ അമ്മയും അമ്മുവും മാത്രമേ ഉണ്ടാകു എന്നോർത്താണ്….
ഇപ്പോ ഞാനെന്തേലും പറഞ്ഞാൽ ഞാൻ പോയി കഴിഞ് ഇതിൻെറ പേരും പറഞ്ഞ് അമ്മയാ പാവത്തിനെ ഒന്നും രണ്ടും പറഞ്ഞോണ്ട് വീണ്ടുo ഉപദ്രവിക്കും……..

”നന്ദാ… ഇന്നാ പേന… ”

കൈയ്യിലിരുന്ന ചുവന്ന മഷിപ്പേന എനിക്ക് നേരെ നീട്ടികൊണ്ടാണ് അമ്മു അങ്ങനെ പറഞ്ഞത്…..

” എന്റമ്മൂ.. എന്തേലും കാര്യം ഉണ്ടാക്കി എന്നും എന്നെ ഈ വീടിനു ചുറ്റും ഇട്ടോടിക്കാതെ നിനക്ക് സമാധാനം ആകില്ലാ അല്ലേ……

ഇപ്പോ അമ്മേടെ വായിലിരിക്കുന്നെ എല്ലാം കേട്ടപ്പോ നിനക്ക് സമാധനമായോ…..”

അമ്മയോടുണ്ടായിരുന്ന ദേഷ്യമായിരുന്നു അമ്മൂനോട് വഴക്കായ് പറഞ്ഞു തീർത്തത്…..
പാവം കുട്ടി…

8.30 ക്ക് ഇവിടുന്നൊരു ബസ്സുണ്ട്.. അതിനാണ് സാധാരണ കോളേജിലേക്ക് പോകാറ്….
ഒന്നേകാൽ മണിക്കൂറ് ദൂരം ഉണ്ട് ഇവിടുന്ന് കോളേജിലേക്ക്…
അത്രേം ദൂരം കാറ് ഡ്രൈവ് ചെയ്ത് പോകാനുള്ള മടിക്കാണ് യാത്ര ബസ്സിലാക്കിയത്…

ക്ലോക്കിൽ മണി 7 അടിച്ചു…..

ഈ അമ്മു ഇതെവിടെ പോയി കിടക്കുവാണോ എന്തോ…… ഞാൻ വഴക്ക് പറഞ്ഞേന്റെ വിഷമം ആകും…

“അമ്മു……..അമ്മൂ…… ”

തെക്കേ തൊടിയിലെ മാവിൻ ചുവട്ടിൽ വന്ന് തടിക്ക് കൈയ്യും കൊടുത്ത് ഇരിപ്പാണ് ആള്…..
ഞാൻ എന്ന് വഴക്ക് പറഞ്ഞാലും അവളിവിടെയാണ് വന്നിരിക്കാറ്…..

“അമ്മൂസേ……”

ഞാനവളുടെ തോളിൽ കൈവെച്ച് പതിയെ വിളിച്ചു….

“നന്ദൻ..നന്ദനെന്നെ വഴക്ക് പറഞ്ഞില്ലേ…. ഇനിയെന്നോട് മിണ്ടണ്ട…….”

“വാ അകത്തോട്ട് പോകാം…… ”

” വേണ്ട.. ഞാൻ വരുന്നില്ല…. ”

” പറയുന്നെ അനുസരിക്ക് അമ്മു….. ഞാൻ വൈകിട്ട് വരുമ്പോ ചോക്ലേറ്റ് വാങ്ങിത്തരാം…..”

ചോക്ലേറ്റെന്ന് കേട്ടതും അവളുടെ മുഖം കുറച്ചൂടി വിടർന്നു……
കൈ രണ്ടും ഉയർത്തി പത്ത് വിരലും നിവർത്തി കണിച്ചപ്പഴേ എനിക്ക് കാര്യം മനസ്സിലായി 10 ചോക്ലേറ്റ് വേണം….. ഞാൻ തലക്കലുക്കി സമ്മതിച്ചു……

“അമ്മു ടി വി യും നോക്കി നിക്കാതെ നീ വന്ന് പല്ല് തേക്കുന്നുണ്ടോ…… ”

പേസ്റ്റ് തേച്ച ബ്രഷ് അവൾക്ക് നേരെ നീട്ടി ഞാനവളെ ഉന്തി തള്ളി ബാത്റൂമിൽ കൊണ്ട് നിർത്തി……

കുഞ്ഞു കുട്ടികളുടെ മനസ്സാണ് അവൾക്കിപ്പോൾ….

ടിവിയും ഓഫ് ചെയ്ത് കോളേജിൽ ഇട്ടോണ്ട് പോകാനുള്ള ഷർട്ടും പാന്റും തേയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ…….

” നന്ദാ പല്ല് തേച്ചു കഴിഞ്ഞു…… ”

“ഞാൻ വരുവാ ഇപ്പോ കുളിപ്പിക്കാം,,,, ”

“അമ്മു ഇന്ന് പച്ചയാണോ മഞയാണോ വേണ്ടത്….. ”

” നന്ദാ എനിക്കിന്ന് ചുവന്ന ഉടുപ്പ് മതി….. ”

” ഞാൻ നോക്കീട്ട് കാണുന്നില്ല… അമ്മു നീ തന്നെ വന്ന് എടുക്ക്……”

അതും പറഞ്ഞാ ൻ ബാത്റൂമിലേക്ക് നടന്നു…… അവള് ബാത്റൂമിൽ നിന്ന് മുറിയിലേക്കും…..

” നന്ദാ…..”

അമ്മൂന്റെ നീട്ടിയുള്ള വിളി കേട്ടാണ് ഞാൻ റൂമിലേക്ക് വീണ്ടും വന്നത്…..
കൈയ്യിലൊരു ചുവന്ന ചുരിദാറ് പിടിച്ചിട്ടുണ്ട്

“ഇതാ എന്റെ ചുവന്ന ഉടുപ്പ്…നന്ദൻ കണ്ടോ…… ”

പക്ഷേ എന്റെ കണ്ണുകൾ നീണ്ടുപോയത് നിലത്തേക്കായിരുന്നു…..
ആ അലമാരിയിൽ ഉണ്ടായിരുന്ന അവളുടെ സകല തുണികളും വലിച്ച് നിലത്തിട്ടിരിക്കുന്നു…..

കണ്ടപ്പോൾ ദേഷ്യം ഇരച്ചു കേറി വന്നെങ്കിലും നിഷ്കളങ്കമായ് എന്നെ നോക്കി പുഞ്ചിരിച്ച് നിൽക്കുന്ന കുട്ടിത്തമുള്ള അമ്മൂന്റെ മുഖം കണ്ടപ്പോ മറുത്തൊന്നും പറയാൻ തോന്നിയില്ല……

ആദ്യത്തെ കപ്പ് വെള്ളം ദേഹത്തേക്കൊഴിച്ചപ്പോൾ അവളെന്നെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു….

മൂന്നു മാസമായ് അമ്മു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അന്ന് തൊട്ടിന്നോളം കുളിപ്പിക്കുമ്പോഴുള്ള ഈ കെട്ടിപ്പിടുത്തം പതിവുള്ളതാണ്……

” നന്ദാ… തണുക്കുന്നു….. ”

“കുളിച്ചു കഴിയുമ്പോ ഈ തണുപ്പൊക്കെ മാറുട്ടോ…… ”

അതും പറഞ് അവളെ കുളിപ്പിച്ച് തല തോർത്തി റൂമിൽ കൊണ്ടു വന്നിരുത്തി…. മേശവലിപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം വിരൽ തുമ്പിലെടുത്ത് അവളുടെ സീമന്തരേഖയിലൊരു കുറി വരച്ചു……

അവൾക്ക് കഴിക്കാനുള്ള ദോശ കുഞ്ഞു കഷ്ണങ്ങളാക്കി നുറുക്കി ചട്നിയും ചേർത്ത് പ്ലേറ്റിലാക്കി ഒരു ഗ്ലാസ്സ് പാലും കൊണ്ട് കൊടുത്തിട്ട് അത് കഴിക്കാൻ പറഞ്ഞിട്ടാണ് ഞാൻ കുളിക്കാൻ പോയത്…..

കുളി കഴിഞ്ധൃതിയിയിൽ ഡ്രസ്സ് മാറുന്നതിനിടയിൽ അമ്മുവലിച്ച് നിലത്തിട്ടതുണികളോരോന്നും അലമാരയിലേക്ക് കുത്തി തിരുകി വെയ്ക്കാനും ഞാൻ മറന്നിരുന്നില്ല…..

സമയം 8.15 കഴിഞ്ഞിരുന്നു….. ഇനി വൈകിയാൽ ബസ് പോകും…..

“അമ്മേ ഞാനിറങ്ങുവാ…. ”
അടുക്കളയിലേക്ക് നോക്കി ഞാനുറക്കെ വിളിച്ചു പറഞ്ഞു…..

ഉമ്മറത്തെ ചാരുകസേരയിൽ എന്തൊക്കയോ ഓർത്ത് അച്ഛൻ കിടപ്പുണ്ടായിരുന്നു….

“അച്ഛാ പോയ്ട്ട് വരാം…..”

“നിനക്ക് പോകാനുള്ള നേരം ആയോ നന്ദാ…… ”

” ആകുന്നച്ഛാ…. ”

അപ്പോഴേക്കും ഉടുത്തിരുന്ന സെറ്റും മുണ്ടിന്റെ തുമ്പിൽ നനഞ്ഞ കൈ തുടച്ചു കൊണ്ട് അമ്മയും ഉമ്മറത്തേക്ക് വന്നു……

“അമ്മൂ……..: ”

ഞാനുറക്കെനീട്ടി വിളിച്ചു…..
അപ്പോഴേക്കും അവളെന്റെ അടുത്തേക്ക് വന്ന് ചേർന്ന് നിന്നു…..
ഇടതു കൈയ്യിലേക്ക് ബാഗ് മാറ്റിപ്പിടിച്ച് വലം കൈ അവളുടെ തോളിലൂടെ ഇട്ട് ഞാനൊന്നു ടെ അവളെ എന്നിലേക്ക് ചേർത്തു….

അതുവരെയുണ്ടായിരുന്ന പുഞ്ചിരി മാഞ് അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ട് മൂടി….. ഞാനത് കണ്ടിട്ടും കാണത്തത് പോലെ ഭാവിച്ചു….

അമ്മൂന്റെ ചെവിയിൽ മെല്ലെ പറഞ്ഞു…..

“ഇന്നലത്തെ പോലെ കോഴിക്കൂട് ആരും കാണാതെ പോയി തുറക്കരുത് കേട്ടോ…..
പിള്ളാരുടെ കൂടെ കളിക്കാനൊന്നും ഇറങ്ങി പോകല്ല് കേട്ടോ….
പിന്നെ അമ്മയോട് തല്ല് പിടിക്കാൻ പോകല്ലേ….. ”

” ഇല്ല….നന്ദനെനിക്ക് ചോക്ലേറ്റ് വാങ്ങിത്തരുവോ…. ”

ഞാനവളുടെ നെറ്റിയിലേക്കും ആ നീളൻ കണ്ണുകളിലേക്കും മാറി മാറിയൊന്ന് അമർത്തി ചുംബിച്ചു……

ഗേറ്റം കടന്ന് ഞാൻ നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു…

“നന്ദാ 10 ചോക്ലേറ്റ് വേണേ…. ”

തലയാട്ടി സമ്മതിച്ചു കൊണ്ട് ഞാൻ വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു…..

ചെന്ന് നിന്നതും ബസ് വന്നു……

സ്കൂൾ കുട്ടികളൊക്കെ കയറാൻ തുടങ്ങുന്നതേയുള്ളു അത് കൊണ്ട് തന്നെ തിരക്കും കുറവായിരുന്നു….

ബസിന്റെ കമ്പിയിൽ പിടിച്ച് ബാഗും തോളിലിട്ട് ലയ നിൽപ്പുണ്ടായിരുന്നു….

ഓടികൊണ്ടിരിക്കുന്ന ബസ്സിലൂടെ നടന്നവൾ എൻയെടുത്തേക്ക് വരുന്നുണ്ട്….

” നന്ദേട്ടാ ഈ ബാഗൊന്ന് പിടിക്കുവോ…. ”

ഒന്നും മിണ്ടാതെ ഞാനാ ബാഗ് വാങ്ങി മടിയിലേക്ക് വച്ചു….

അവളുടെ മുഖത്തിപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമുണ്ടായിരുന്നു…..

സാധാരണ ഇങ്ങനെ ബാഗുമായ് വരുമ്പോൾ എന്റെ വായിലിരിക്കുന്നതെല്ലാം അവൾ കേൾക്കാറുണ്ട്…..
ഇന്ന് ഞാനും മറുത്തൊന്നും പറയാൻ പോയില്ല… പലയാവർത്തി പറഞ്ഞ് പറഞ്ഞു ഞാനും മടുത്തിരുന്നു….

ബസിന്റെ ജനവാതിലിലൂടെ പുറത്തേക്ക് കണ്ണും നട്ട് പതിവുകാഴ്ചകളെ തന്നെ വീണ്ടും കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സ് നിറയെയും അമ്മുവും അവളുടെ നിഷകളങ്കമായ ചില കുസൃതികളും മാത്രമായിരുന്നു…..

കണ്ടക്ടർ ബെല്ലടിച്ചു കൊണ്ട് കോളേജ് പടി എന്നാക്ക വിളിച്ചു പറഞ്ഞപ്പോഴാണ് ഞാനുണർന്നത്….

ലയക്ക് ബാഗ് തിരികെ കൊടുത്ത് പുൽത്തകിടിക്കിടയിലൂടെയുള്ള തറയോട് പകിയ വഴിയിലൂടെ ഞാൻ ധൃതിയിൽ മുന്നോട്ടേക്ക് നടന്നു…

” നന്ദേട്ടാ ”

ലയയായിരുന്നു അത്…. കേട്ടിട്ടും കേൾക്കാത്തത് പോലെ ഞാൻ വേഗo നടന്നു….

രജിസ്റ്ററിൽ ഒപ്പ് വെച്ച് സ്റ്റാഫ് റൂമിലെ എന്റെ ചെയറിൽ വന്നിരുന്നു….

10 മണിക്കാണ് ക്ലാസ്സ് തുടങ്ങുന്നത്…. പഠിപ്പിക്കാനുള്ള ഭാഗങ്ങൾ ഒന്ന് നോക്കാനായ് ഞാൻ മേശവലിപ്പിലിരുന്ന പ്രോഗ്രാമിങ്ങിന്റെ കട്ടി ബുക്കെടുത്തു….

“ഗുഡ് മോർണിംഗ് നന്ദേട്ടാ…. ”

ബുക്കിൽ മുഖമുയർത്തി ഞാൻ നേരെ നോക്കിയത് ലയയുടെ മുഖത്തേക്ക്…..

” നന്ദേട്ടാ എനിക്കൊരു സംശയം….. പ്രോഗ്രാമിങ്ങിൽ നമ്മള് ഫോർ ലൂപ്പ് കൊടുക്കുന്ന തേ….. ”

“ലയ സംശയമൊക്കെ ക്ലാസ്സിൽ വന്നിട്ട് തീർത്ത് തരാം…. പിന്നെ ഈ നന്ദേട്ടാന്നൊള്ള വിളി വേണ്ട…… മുറച്ചെറുക്കനും അമ്മാവന്റെ മോളും ഒക്കെയങ്ങ് വീട്ടിൽ ഇവിടെ ഞാൻ നിന്റെ സാറാണ്……
നിനക്ക് ഞാൻ പറയുന്നതൊക്കെ മനസ്സിലാവുന്നുണ്ടല്ലോ അല്ലേ….”

അവള് മറുത്തൊന്നും പറയാതെ വന്ന വഴിയേ തിരിഞ്ഞു നടന്നു……

ഫസ്റ്റ് അവർ ക്ലാസ് തേർഡ് ഇയർ ബി എസ് സി കമ്പ്യൂട്ടർ സയൻസിലാണ്.. ലയയുടെ ക്ലാസ്സിൽ…..

എക്സപ്ഷൻ ഹാന്റിലിങ്ങിന്റെ നീണ്ട പ്രോഗ്രാം ബോർഡിലേക്കെഴുതി തിരിഞ്ഞു നോക്കുമ്പോൾ ലയയുടെ കണ്ണുകളെന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു…..

പുസ്തകം പോലും തുറക്കാതെ എന്നെ തന്നെ നോക്കി കൊണ്ട് താടിക്കു കൈയ്യും കൊടുത്തിരിക്കുകയാണവൾ….

പ്രോഗ്രാം എക്സ്പ്ലെയിൻ ചെയ്തു തീർന്നപ്പോഴേക്കും ബെല്ലടിച്ചിരുന്നു….

ബുക്കുമെടുത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും

” നന്ദേട്ടാ ഒരു സംശയം…. ”

ബുക്കു പോലും തുറക്കാതെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവൾക്ക് സംശയം….

പക്ഷേ നന്ദേട്ടാനുള്ള അവളുടെ ആ വിളിയിൽ ക്ലാസ്സിലാകമാനം ഒരു കൂട്ടച്ചിരിയുയർന്നു…….

എന്റെ വിവാഹം കഴിഞ്ഞിട്ടും ലയ എന്തിനാണ് വീണ്ടുമെന്നെ പിൻതുടരുന്നത് അതൊരു ഉത്തരമില്ലാ ചോദ്യമായ് എന്നിൽ മാത്രം നിലനിന്നു…..

ഇനിയുള്ള രണ്ടവർ ഫ്രീയായത് കൊണ്ട് ഞാൻ നേരെ ലൈബ്രറിയിലേക്ക് നടന്നു…..

അവിടിക്കുമ്പോൾ ഒരാശ്വാസമാണ്……

കുട്ടികളുടെ രചനകൾക്ക് മാത്രമായൊരിടമുണ്ട് ലൈബ്രറിയിൽ……

വർഷങ്ങൾക്കു മുമ്പ് അമ്മു എഴുതിവച്ചിരുന്ന രണ്ടു മൂന്ന് നോവലുകൾ പൊടി തട്ടിയെടുത്തു…..
അവളുടെ കൈപ്പടയിൽ അവൾ കോർത്തിണക്കിയ അക്ഷരങ്ങൾ…….
ആ അക്ഷരങ്ങൾക്കിടയിലൂടെയായിരുന്നല്ലോ അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും…..

അമ്മുക്കുട്ടിയെന്ന തൂലികനാമമുള്ള മുഖമില്ലാത്ത എഴുത്തുകാരി കോളേജ് ക്യാൻറീനിലെയും സ്റ്റാഫ് റൂമിലെ അദ്ധ്യാപകർക്കിടയിലെയും വിദ്യാർത്ഥികൾക്കിടയിലെയും സംസാരവിഷയമായ് മാറിയത് അവളുടെ ആദ്യ എഴുത്തിലൂടെയായിരുന്നു….

ദാവണി പെണ്ണിന്റെ ജീവിതവും പ്രണയും അവളുടെ തൂലിക തുമ്പിലൂടെ ഇഴഞ്ഞു നീങ്ങിയപ്പോൾ അറിയാതെപ്പോഴോ ഞാനും അതിന്റെ വായനക്കാരനായ് മാറിയിരുന്നു….

എല്ലാവർക്കുമൊപ്പം മുഖമില്ലാത്ത ആ എഴുത്തുകാരിയെ തേടി ഞാനും ഇറങ്ങി….

“നന്ദൻ സാർ…..”

മനസ്സിലേക്കൊഴുകിയെത്തിയ ഓർമ്മകൾക്കൊരു വിശ്രമം നൽകി ആരാ വിളിച്ചതെന്നറിയാൻ………ഞാൻ പതിയെ തിരിഞ്ഞു നോക്കി……..

(തുടരും)

അമ്മുക്കുട്ടി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

അമ്മുക്കുട്ടിയെ നിങ്ങൾക്കിഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു……..
വായിച്ച് ഇഷ്ടായാൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാരും ശ്രമിക്കണേ…….

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി.

3.8/5 - (66 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!