Skip to content

ഏഴാംജന്മം – ഭാഗം 15

ezham janmam malayalam novel

✍️ Rincy Prince

നിർത്താതെ ഉള്ള ഫോൺ ബെൽ കേട്ടാണ് അരുന്ധതി അടുക്കളയിൽ നിന്നും വരുന്നത്,

ഫോണെടുത്തതും അപ്പുറത്തു നിന്നും കേട്ട വാർത്ത അരുന്ധതിയെ ഞെട്ടിക്കുന്നതായിരുന്നു,

“എന്താ മോളെ എന്തുപറ്റി അരുന്ധതിയുടെ മുഖത്തെ ഞെട്ടൽ കണ്ടുകൊണ്ട് ദേവയാനി ചോദിച്ചു,

“ശ്രീക്ക് എന്തോ അപകടം പറ്റി എന്ന്, ഹോസ്പിറ്റലിന്ന് വിളിച്ചത്, അവൻറെ കാർ ആക്സിഡൻറ് ആയി എന്ന്

“അയ്യോ എൻറെ മോൻ…

ദേവയാനി മാറത്ത് കൈവച്ചു

“നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാം അരുന്ധതി,

“ശരി അമ്മേ ഞാൻ മോളോട് ഒന്ന് പറയട്ടെ,

കമ്പനിയിൽ നിന്നും വന്ന ശേഷം വീട്ടിലേക്ക് ഫോൺ വിളിച്ച് അമ്മയോട് ഏറെനേരം സംസാരിച്ചു കഴിഞ്ഞ് മുറിയിൽ വന്ന് എന്തൊക്കെയോ ആലോചിച്ചിരുന്നത് ആയിരുന്നു മൈഥിലി, എപ്പോഴോ കണ്ണുകളിൽ ഉറക്കം കയറി,

തുടരെത്തുടരെയുള്ള ഡോറിൽ ഉള്ള മുട്ട് കേട്ടാണ് അവൾ കണ്ണ് തുറക്കുന്നത്,

വാതിൽ തുറന്നപ്പോൾ മുന്നിൽ പരിഭ്രമിച്ച മുഖവുമായി നിൽക്കുന്ന അരുന്ധതിയെ കണ്ട് അവൾ ഒന്ന് ഭയന്നു,

“എന്താ അമ്മേ?

“മോളെ ശ്രീയുടെ വണ്ടി ആക്സിഡൻറ് ആയി എന്ന്, ഹോസ്പിറ്റലിന്ന് വിളിച്ചു, പേടിക്കാൻ മാത്രം ഒന്നുമില്ല, നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം,

“അയ്യോ അമ്മേ റാമിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

“ഇല്ല മോളെ പേടിക്കാൻ മാത്രം ഒന്നുമില്ല എന്ന് വിളിച്ചപ്പോൾ പറഞ്ഞത്,

“നമുക്ക് വേഗം പോകാം അമ്മ,

“അതെ മോളെ, മോള് റെഡിയായി വാ,

അറിയാതെ മൈഥിലിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ടായിരുന്നു,

എന്തോ ആപത്തു വരാൻ പോകുന്നത് പോലെ തനിക്ക് തോന്നിയത് ആയിരുന്നു ,പക്ഷേ,

ഇത്ര പെട്ടെന്ന് അത് സംഭവിക്കുമെന്ന് കരുതിയിരുന്നില്ല,

അവനെ ഒറ്റയ്ക്കാക്കി തിരിച്ചു വരാൻ തോന്നിയ സമയത്തെ അവൾ ശപിച്ചു ,

അങ്ങോട്ടുള്ള യാത്ര അവൾക്ക് വല്ലാത്ത അസ്വസ്ഥത പകർന്നു, ശ്രീറാമിനെ കാണാനും അവൻറെ അരികിൽ ഇരിക്കാനും അവളുടെ മനസ്സ് കൊതിച്ചു,

ക്യാഷ്വാലിറ്റിയിലേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു റിസപ്ഷനിൽ നിൽക്കുന്ന ശ്രീറാമിന്റെ സെക്രട്ടറിയെ,

“പേടിക്കാൻ മാത്രം ഒന്നുമില്ല,

വണ്ടിയുടെ കിടപ്പ് കണ്ടാൽ ആരും രക്ഷപ്പെട്ടില്ല എന്ന് തോന്നൂ,

പക്ഷേ ശ്രീ സാറിന് കാലിനു ഒരു ഉളുക്ക് മാത്രമേ ഉള്ളൂ പൊട്ടൽ പോലുമില്ല,

അരുന്ധതിയുടെ മുഖത്തേക്ക് നോക്കി ശ്രീറാമിന്റെ സെക്രട്ടറി പറഞ്ഞു,

അരുന്ധതി ക്കും ദേവയാനിക്കു ശ്വാസം നേരെ വീണു, പക്ഷേ മൈഥിലിയുടെ മനസ്സു മാത്രം പ്രക്ഷുബ്ധമായിരുന്നു, അവൾ അവനെ കാണാനായി കാണാനായി കൊതിച്ചു,

“സാർ മേഡത്തെ അന്വേഷിച്ചിരുന്നു,

മൈഥിലിയുടെ മുഖത്തേക്ക് നോക്കി അയാൾ അത് പറഞ്ഞപ്പോൾ 100 നിലാ ചന്ദ്രനുദിച്ച പോലെയായിരുന്നു അവളുടെ മനസ്സിൽ,

“സാർ റൂമിൽ ഉണ്ട് മുകളിലെ ആദ്യത്തെ മുറി,

ഓടുകയായിരുന്നു മൈഥിലി,

അവിടെ ബെഡിൽ ഇരിക്കുന്ന ശ്രീറാമിനെ കണ്ടപ്പോൾ അവൾക്ക് ഓടിച്ചെന്ന് വാരിപ്പുണരാൻ ആണ് തോന്നിയത് ,

“റാം ,

ഇടർച്ച യോടെ അവൾ വിളിച്ചു

“മൈഥിലി തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ,

അവൻറെ ആ ചോദ്യത്തിന് അർത്ഥം മനസ്സിലാവാതെ അവൾ അവനെ തന്നെ നോക്കി,

“എനിക്കെന്ത് കുഴപ്പം വരാനാണ് റാം ?

“അല്ല താനല്ലേ വണ്ടി ഓടിച്ചിരുന്നത്,

“റാം എന്തൊക്കെയാ ഈ പറയുന്നത്,

ഞാൻ വീട്ടിൽ ആയിരുന്നില്ലേ,

ഞാൻ പറഞ്ഞതല്ലേ നമുക്ക് ഒരുമിച്ചു പോയാൽ മതിയെന്ന്,

അപ്പോൾ റാമല്ലേ നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞുവിട്ടത് പിന്നെ നമ്മൾ ഒരുമിച്ച് ആയിരുന്നു എന്ന് പറയുന്നത് എന്താ,

“അപ്പൊ താൻ അല്ലേ വീട്ടിൽ ഇരുന്നിട്ട് സമാധാനം കിട്ടുന്നില്ല എന്ന് പറഞ്ഞു തിരിച്ചു വന്നത്,

“എന്തൊക്കെ റാം ഈ പറയുന്നത് വിവരം അറിയുമ്പോൾ ഞാൻ വീട്ടിലായിരുന്നു,

ഞാൻ തിരിച്ച് രാവിലെ ഓഫീസിലേക്ക് വന്നിട്ടില്ല,

അവളുടെ ആ വെളിപ്പെടുത്തൽ അവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയിരുന്നു,

“അപ്പോൾ ആരായിരുന്നു എൻറെ കൂടെ ഉണ്ടായിരുന്നത്,

ഒരു നടുക്കത്തോടെയാണ് അവൻറെ ചോദ്യം മൈഥിലി കേട്ടത്,

അറിയാതെ അവളുടെ മനസ്സിൽ ശിവദയുടെ മുഖം തെളിഞ്ഞുവന്നു,

“മോനെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ,

ദേവയാനിയുടെ ചോദ്യമാണ് രണ്ടുപേരെയും ചിന്തകളിൽ നിന്നും ഉണർത്തിയത്,

“ഇല്ല അച്ഛമ്മേ കാലിന് ചെറിയൊരു ഉളുക്ക് ഉണ്ട്,

അത് ഒരാഴ്ചകൊണ്ട് മാറുംന്ന് ഡോക്ടർ പറഞ്ഞത്,

കുറച്ചുനേരം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാൻ പറ്റും,

വീട്ടിലേക്ക് വന്ന ശ്രീറാമിനെ കാണാനായി ഭട്ടതിരി റൂമിലേക്ക് വന്നു,

മൈഥിലി അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു,

“കാലിന് വേദനയുണ്ടോ,

“സാരമില്ല തിരുമേനി,

പക്ഷേ……

“പറയാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം,

ഈ അപകടമുണ്ടാക്കിയത് അവളാണ് ശിവദ,

എന്നുവെച്ചാൽ അവൾ നിങ്ങളെ ഭയക്കാൻ തുടങ്ങി എന്ന അർത്ഥം,

മൈഥിലിയുടെ രൂപത്തിൽ ഇയാളുടെ അടുത്ത് വന്നത് ശിവദയാണ്,

ശ്രീറാമിന് കാര്യമായ അപകടം ഒന്നും ഉണ്ടായില്ല എന്ന് പറയുമ്പോൾ തന്നെ മനസ്സിലായില്ലേ, അവളുടെ ലക്ഷ്യം ശ്രീറാമിന്റെ ജീവൻ അല്ല,

അവളുടെ ഉദ്ദേശം നാളത്തെ നിങ്ങളുടെ യാത്ര മുടക്കുക എന്നുള്ളതാണ്,

ഇതൊരു ഏലസ് ആണ്,

ഞാൻ പൂജിച്ചതാണ്, രണ്ടുപേരും ഇത് വലം കൈയിൽ അണിയണം, നഷ്ടപ്പെടാതെ നോക്കണം,

ഇത് നിങ്ങളുടെ കയ്യിൽ ഉള്ള കാലത്തോളം ശിവദക്ക് നിങ്ങളുടെ അരികിൽ എത്താൻ സാധിക്കില്ല,

ഭട്ടതിരി നീട്ടിയ ഏലസ് മൈഥിലി വാങ്ങി,

ശ്രീറാമിനെ കൈയിൽ കെട്ടി കൊടുത്തു ,മറ്റേത് അവൾ സ്വന്തം കയ്യിലും കെട്ടി,

“പിന്നെ മൂന്നു ദിവസം വ്രതം എടുക്കുന്നതിന് പകരം ഇന്നുമുതൽ വ്രതം എടുത്തോളൂ,

ഒരാഴ്ച കഴിയുമ്പോൾ രണ്ടാളും ഒരുമിച്ച് തിരിച്ചങ്കോട്ടേക്ക് പോണം,

“ശരി തിരുമേനി,

ഭട്ടതിരി പോയതിനുശേഷം മൈഥിലി ശ്രീറാമിന് അരികിലിരുന്ന് അവൻറെ കാലിലേക്ക് നോക്കി,

“എന്താടോ ഇത് തൻറെ കണ്ണു നിറഞ്ഞല്ലോ,

ഇത്രയേ ഉള്ളോ,

ജേർണലിസ്റ് മൈഥിലി മാധവൻ തമ്പി,

“ഞാനിപ്പോൾ ഒരു ഭാര്യ മാത്രമാണ് റാം,

നമ്മുടെ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ റാമിന് ഇങ്ങനെ സംഭവിക്കുമ്പോൾ എനിക്കത് സഹിക്കാൻ ബുദ്ധിമുട്ടുണ്ട്,

“ഇതിപ്പോ എന്താണ് നമുക്ക് രണ്ടാൾക്കും അറിയാമല്ലോ, അതിനു മാത്രം ഒന്നും പറ്റില്ലല്ലോ കാലിനു ചെറിയൊരു ഉളുക്ക്,

അതിപ്പോൾ ഒരാഴ്ച കഴിയുമ്പോൾ മാറും,

താനിവിടെ എൻറെ അടുത്ത് ഇരിക്കു,

നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ അവൻ അരികിലേക്ക് ഇരുന്നു,

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി,

അവളുടെ മനസ്സിൽ അടക്കിവച്ച പ്രണയം തിരതല്ലുന്നത് അവനു മനസ്സിൽ ആയി,

അനുസരണയില്ലാതെ അവളുടെ കണ്ണുകൾ ഒഴുകുകയായിരുന്നു,

അവൻ മൃദുവായി അവളുടെ തലമുടി ഇഴകളിൽ തലോടി,

ഒരു തേങ്ങലോടെ അവൾ അവൻറെ മാറിലേക്ക് ചാഞ്ഞു,

ആ നെഞ്ചിൽ കുറുകിയിരിക്കുന്നു,

ഒരു സംരക്ഷണം എന്നോണം,

“പെണ്ണേ എനിക്ക് വ്രതമാണ്, നീയെൻറെ വ്രതം തെറ്റിക്കുമോ?

അവളുടെ കൈകൾ മുറുകെ പിടിച്ച് അവൻ പറഞ്ഞു,

” എനിക്ക് ഇങ്ങനെ ഇരുന്നാൽ മതി, ഇങ്ങനെ ഇരുന്നാൽ മാത്രം മതി,

ഈ നെഞ്ചിൽ ചേർന്ന്,

“എനിക്കും

അവളെ നെഞ്ചിലേക്ക് ചേർത്ത് അവൻ പറഞ്ഞു,

അവളുടെ കണ്ണുനീർ ചൂട് അവന്റെ നെഞ്ചിൽ ഒലിച്ചു ഇറങ്ങുന്നത് അവൻ അറിയുന്നുണ്ടായിരുന്നു,

അവൻ അവളുടെ മുഖം തിരിച്ച് അവന് അഭിമുഖമായി ഇരുത്തി,

ഉറവ പൊട്ടിയൊഴുകുന്നു കണ്ണുകളിലേക്ക് ഒന്ന് അവൻ നോക്കി,

പുറത്ത് ചെറുതായി മഴ ചാറാൻ തുടങ്ങി,

ഇത് എന്താ കാലം തെറ്റി ഒരു മഴ,

ശ്രീറാം പറഞ്ഞു,

“കാലം തെറ്റിയതല്ല, എൻറെ മനസ് കരയുന്നത് അറിഞ്ഞു പ്രകൃതി പെയ്യുന്നതാണ്,

“ഓഹോ

അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു,

“ഇത്ര കാലത്തിനിടയ്ക്ക് ഞാൻ മനസ്സ് നിറഞ്ഞു സ്നേഹിച്ചത് ഈ ആളെ മാത്രം ആണ്, ആദ്യം കണ്ട നാൾ മുതൽ മനസ്സിൽ നിറഞ്ഞു നിന്ന മുഖം ആണ് ഇത്,

വേറെ മുഖവും ഇന്നോളം ഈ മനസ്സിൽ കയറിയിട്ടില്ല, ഞാനത് ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം,മറ്റാരോടും ഇത്ര ആഴത്തിൽ വേരിറങ്ങിയ ഒരു ഹൃദയബന്ധം തോന്നിയിട്ടില്ല,

അവളെ നെഞ്ചോട് ഒന്നുകൂടി മുറുക്കി പിടിച്ചു ശ്രീറാം,

“എനിക്കറിയാം ആദ്യകാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു, എന്നോട് ഒരു അടങ്ങാത്ത പ്രണയം നിൻറെ മനസ്സിൽ ഉണ്ടെന്ന്,

അതൊരു പക്ഷേ നമ്മുടെ ജന്മാന്തര ബന്ധം കൊണ്ടായിരിക്കും,

പ്രകടിപ്പിച്ചെങ്കിലും ആദ്യം മുതൽ എൻറെ മനസ്സിലും നിറഞ്ഞുനിന്ന മുഖമായിരുന്നു നിൻറെ,

നിന്നോട് മാത്രേ സ്നേഹം കൊണ്ട് വീർപ്പുമുട്ടി ഞാൻ പിണങ്ങി നടന്നിട്ടുള്ളൂ,

പോയ ജന്മങ്ങളിൽ എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയില്ല,പക്ഷേ ഈ ജന്മം നിന്നെ എന്നിൽ നിന്ന് അകറ്റാൻ ഒരു ശക്തിക്കും സാധിക്കില്ല, അനുവദിക്കില്ല ഞാൻ,

അവൾ അവനെ ഒന്നുകൂടി ഇറുകി പുണർന്നു,.

“എൻറെ ഹൃദയത്തോടു ആഴ്ന്നിറങ്ങിയ റാം എന്ന എൻറെ പ്രണയം, നിങ്ങൾ എനിക്ക് സമ്മാനിച്ച ഈ സീമന്തരേഖയിലെ ചുവപ്പ്, അതിനോളം വില ഉള്ള ഒന്നും ഇന്ന് എൻറെ ജീവിതത്തിൽ ഒന്നിനും ഞാൻ കാണുന്നില്ല, , എന്നും എന്റെ നെറ്റിതടത്തിൽ ഈ ചുവപ്പ് ഉദിച്ചു നിൽക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ,എന്റെ മരണം വരെ, ഒരിക്കലും എനിക്ക് പരിചയം ഇല്ലാത്ത ദുഃഖങ്ങളും, ആകുലതകളും എനിക്കു സമ്മാനിക്കാൻ ഈ മുഖത്തിന് മാത്രമേ സാധിക്കൂ,

എൻറെ നേർക്ക് വെറുപ്പോടെ ദേഷ്യത്തോടെ നോക്കിയ ഓരോ നോട്ടത്തിലും ഞാൻ പറയുന്നത് ഒരിക്കലെങ്കിലും നിങ്ങളെ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം ആയിരുന്നു,

ആ മനസ്സിൽ എനിക്കല്ലാതെ മറ്റാർക്കും സ്ഥാനം ഉണ്ടാകരുത് എന്നുള്ള എൻറെ സ്വാർത്ഥത,

എന്നോട് സംസാരിക്കാൻ മടിക്കുമ്പോൾ വിവാഹത്തിന് സമ്മതമല്ലെന്ന് പറയുമ്പോൾ ഒക്കെ ഉരുകുക ആയിരുന്നു ഞാൻ,

അന്നാദ്യമായി സംവൃതയെ പറ്റി എന്നോട് പറഞ്ഞപ്പോൾ എൻറെ മനസ്സിൽ നാമ്പിട്ട ഒരു കുഞ്ഞ് അസൂയ അതെൻറെ വലിയ സ്വാർത്ഥ ആയിരുന്നു,

പിന്നീട് തിരുമേനിയിൽ നിന്നും കഴിഞ്ഞ ജന്മത്തിൽ ശിവദക്ക് ദേവനോടുള്ള പ്രണയം അറിഞ്ഞപ്പോളും എന്റെ മനസ്സിൽ ഈ സ്വാർത്ഥത ഉടലെടുത്തു,

എന്നും ഈ ഹൃദയത്തിന് അവകാശം പറയാൻ ഞാൻ മാത്രം മതി എന്നുള്ള ഒരു കുഞ്ഞു സ്വാർത്ഥത,

പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കരഞ്ഞിരുന്നു,

“മതി ഇനി കരയരുത്,

“ഞാൻ റാമിന് കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം,

അവൾ കണ്ണു തുടച്ച് എഴുന്നേറ്റു,

“ഇപ്പോൾ താൻ ഒന്നും എടുക്കണ്ട ഇവിടെ കുറച്ചു നേരം എൻറെ അടുത്ത് ഇരിക്ക്,

അവളെ അവന് അരികിലേക്ക് പിടിച്ച് ഇരുത്തി,

അലിവോടെ ആ മുടിയിൽ തഴുകി,

“ഒരുപാട് വേദനിപ്പിച്ചു ഞാൻ തന്നെ അല്ലേ,

“ഇല്ലാ റാം,

എന്നോട് എത്ര വെറുപ്പ് ആണെന്ന് പറഞ്ഞാലും ആ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു മനസ്സ് ,

*****

ഒരാഴ്ച കൊണ്ട് തന്നെ റാമിന്റെ കാല് ശരിയായിരുന്നു,

പിറ്റേന്ന് തിരിച്ചങ്കോട്ടേക്കുള്ള യാത്രയ്ക്കായി ഇരുവരും തയ്യാറായിരുന്നു,

ഈ ദിവസങ്ങളിൽ മൈഥിലിയും റാമും പരസ്പരം മനസ്സ് കൊണ്ട് വല്ലാതെ അടുത്തിരുന്നു,

കാറിലായിരുന്നു രണ്ടുപേരും യാത്ര,

സ്റ്റീരിയോ യിൽ നിന്നും പ്രണയഗാനം ഒഴുകിവന്നു,

“ഇനിയും പൊഴിയാത്ത ഒരു നീർമാതളമലരിൽ

പ്രണയം എഴുതി മറഞ്ഞൊരെൻ പ്രിയസഖീ,

പുനർജനി തേടുന്ന നീലാംബരികളിൽ

പാതിയറ്റ പ്രണയചിന്തുകൾ നിൻറെ ഗന്ധമേറി കാത്തിരിക്കുന്നു”

“ഈ കവിത അത്രയ്ക്ക് ഇഷ്ടമാണോ?

മൗനത്തിനു വിരാമമിട്ടുകൊണ്ട് മൈഥിലി ചോദിച്ചു,

“ഒരുപാട് ഇഷ്ടമാണ്,

പ്രണയത്തിൻറെ രാജകുമാരിയുടെ കവിതയല്ലേ,

മാധവിക്കുട്ടിയുടെ എല്ലാ രചനകളും എനിക്കിഷ്ടമാണ്,

നിറഞ്ഞ ഒരു പുഞ്ചിരി മാത്രമായിരുന്നു അതിന് മറുപടിയായി മൈഥിലി നൽകിയത്,

തമിഴ്നാട്ടിൽ എത്തിയതിനുശേഷം വണ്ടി ഈറോഡിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞപ്പോൾ ഒരു ചെറിയ ഗ്രാമത്തിലേക്ക് കടന്നു,

മൈഥിലി കൗതുകത്തോടെ ആ കാഴ്ചകൾ കണ്ടു,

“നാമക്കൽ”

അവൾ സ്ഥലപ്പേര് വായിച്ചു,

അവിടെ നിന്നും പെട്ടെന്ന് തന്നെ തിരിച്ചങ്ങോട്ടേക്ക് എത്തി, തിരിച്ചങ്ങോട്ട് നഗരത്തിൽ നിൽക്കുമ്പോൾ തന്നെ കാണാം ക്ഷേത്രകവാടം,

വണ്ടി കൊണ്ട് നിർത്തുമ്പോൾ തന്നെ കാണാമായിരുന്നു ഏകദേശം ഒരു കിലോമീറ്ററോളം ഉയരമുള്ള ഒരു കുന്നിൻറെ മുകളിൽ തമിഴ് വാസ്തുശില്പകലയിൽ നിർമ്മിച്ച കോവിൽ,

“ഇറങ്ങിക്കോ ഇതുതന്നെയാ സ്ഥലം,

ശ്രീറാം മൈഥിലിയോടെ പറഞ്ഞു അവൻ ഇറങ്ങി,

സമീപത്തുകൂടെ ഒഴുകുന്ന കാവേരി നദിയിലെ ആയിരുന്നു മൈഥിലിയുടെ ശ്രദ്ധ,

“കുന്നിൻ മുകളിലാണ് ക്ഷേത്രം വാ…..

അവൻ മൈഥിലിയുടെ കൈ പിടിച്ചു നടന്നു,

കുറച്ചു നടന്നു ചെന്നപ്പോൾ തന്നെ കണ്ടു മലയടിവാരത്ത് നിന്നും കുന്നിൻമുകളിലെ ക്ഷേത്രത്തിലേക്കുള്ള പടികൾ,

“1206 പടികൾ താണ്ടി വേണം മുകളിലെത്താൻ,

ചിരിയോടെ ശ്രീറാം പറഞ്ഞു,

മൈഥിലി അമ്പരപ്പിൽ അവനെ നോക്കി,

“വാടോ ഇതൊക്കെ ഒരു രസമല്ലേ,

അവർ കൈകൾ കൂട്ടിപ്പിടിച്ച് പടവുകൾ കയറാൻ തുടങ്ങി,

“ഇവിടെ ശിവനും പാർവതിയും മറ്റൊരു പേരിൽ ആണ് അറിയപ്പെടുന്നത്,

മൊധൊരുഭാഗരും ഭാഗംപിരിയലമ്മയും,

ഒരിക്കലും വേർ പിരിയാതിരിക്കാൻ ശിവൻ തൻറെ ഇടതു ഭാഗം ഭാര്യ പാർവതി ക്ക് ഇവിടെ വച്ചാണ് നൽകിയത് എന്നാണ് പറയുന്നത്,

ശിവൻ ഇല്ലാതെ ശക്തിയില്ല ശക്തിയില്ലാതെ ശിവനും എന്ന് ഉറക്കെ ഘോഷിക്കുന്ന പുണ്യസ്ഥലം,

അത് പറഞ്ഞ് അവൻ അവളുടെ കയ്യിൽ ഒന്നുകൂടി അമർത്തി പിടിച്ചു,

അവർ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു,

ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് അവിടുത്തെ പ്രധാന ഗോപുരമാണ്,

അഞ്ചു നിലകളുള്ള ഈ ഗോപുരം വടക്ക് ഭാഗത്തേക്ക് ദർശനമായാണ് നിൽക്കുന്നത്,

ക്ഷേത്രത്തിനു ചുറ്റുമായി ധാരാളം മണ്ഡപങ്ങൾ കാണാൻ സാധിക്കുമായിരുന്നു,

പടി മുഴുവൻ നടന്നെത്തുന്ന ഭക്തർ ഇവിടെ വിശ്രമം കണ്ടെത്തുന്നു,

കുറച്ചുനേരം വിശ്രമിച്ചതിനു ശേഷം ഇരുവരും ക്ഷേത്ര ദർശനത്തിനായി നടന്നു,

ആറടി ഉയരമുള്ള ആ പ്രതിഷ്ഠ യിലേക്ക് നോക്കി രണ്ടുപേരും,

വലതുഭാഗം പുരുഷ രൂപവും ഇടതുഭാഗം സ്ത്രീ രൂപവുമാണ്, രണ്ടുപേരും കണ്ണുകളടച്ച് പ്രാർത്ഥിച്ചു അനുഗ്രഹത്തിനായി,

ഈ ജന്മം തങ്ങളെ തമ്മിൽ പിരിക്കരുത് എന്ന് രണ്ടുപേരും മനസ്സുരുകി പ്രാർത്ഥിച്ചു ,

ആ ശക്തി അവർക്ക് അനുഗ്രഹം ചൊരിഞ്ഞത് അവർ രണ്ടുപേരും അറിഞ്ഞിരുന്നില്ല,

തിരിച്ചുള്ള യാത്രയിൽ രണ്ടുപേരുടെയും മനസ്സ് സ്വസ്ഥമായിരുന്നു,

കാറ് ഒഴിഞ്ഞ മാനം പോലെ,

ഇടയ്ക്ക് പുറത്ത് മഴ പെയ്യുന്നത് കണ്ട് മൈഥിലി ശ്രീറാമിനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു,

“എന്തേ

“നമുക്കൊന്നു മഴനനഞ്ഞാലോ റാം,

“തൻറെ ഇഷ്ടം, ഇറങ്ങു,

ശ്രീറാം വണ്ടി നിർത്തിയതും അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി മഴ ആവോളം ആസ്വദിച്ചു,

അവൻ കാറിലിരുന്ന് അത് കണ്ടു ചിരിച്ചു,

“ഇങ്ങനെ മസിലുപിടിച്ച് ഇരിക്കാതെ ഇറങ്ങി വാ റാം,

ഇതൊക്കെ ഒരു രസമല്ലേ,

ഡ്രൈവിംഗ് സീറ്റിൽ നിന്നും മൈഥിലി അവനെ പുറത്തേക്ക് ഇറക്കി,

രണ്ട് സൈഡിലും പച്ചവിരിച്ച പാടങ്ങൾ ആയിരുന്നു അതിനാൽ മഴ നന്നായി ആസ്വദിക്കാൻ സാധിക്കുമായിരുന്നു,

പാടത്തിനു നടുവിൽ കൂടി റോഡ് നീണ്ടുകിടക്കുന്നു ,ടാർ ചെയ്തിട്ടില്ല അതാണ് ഭംഗി,

ശക്തിയായി പെയ്തമഴയിൽ ശ്രീറാമിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുകയായിരുന്നു മൈഥിലി,

അവൻ മറ്റു കയ്യാൽ അവളെ ചുറ്റിപ്പിടിച്ചിരുന്നു,

മൈഥിലി ആകെ നനഞ്ഞു കുളിച്ചു നില്ക്കു കയായിരുന്നു,

അവളുടെ ചുവന്ന മൂക്കുകുത്തി യിൽ തട്ടി വെള്ളത്തുള്ളികൾ ചിതറി,

ശ്രീറാമിൻറെ വെളുത്ത ഷർട്ട് മഴയിൽ നനഞ്ഞ് ശരീരത്തോട് ഒട്ടി കിടന്നു,

അവൻറെ വലതുകൈയ്യിലെ പച്ച കുത്തിയ ശിവലിംഗം കാണാമായിരുന്നു ആ നനഞ്ഞ ഷർട്ടിന് ഇടയിലൂടെ,

അവൾ അതിലേക്ക് തന്നെ നോക്കി,

പെട്ടെന്ന് ആകാശം വിണ്ടുകീറി ഒരിടിവെട്ടി,

അവൾ അവനെ ഒന്നുകൂടി ചുറ്റിവരിഞ്ഞു,

മഴയുടെ തണുപ്പിലും രണ്ടു പേരുടെയും കണ്ണുകൾ തമ്മിലുടക്കി,

വെള്ള കളറിലെ ഷിഫോൺ സാരിയിൽ നനഞ്ഞൊട്ടി നിൽക്കുന്ന മൈഥിലിയെ നോക്കി ഒരു നിമിഷം ശ്രീറാം നിന്നു,

ചില സമയത്ത് നമ്മൾ പറയുന്നത് മനസ്സ് കേൾക്കാതെ വരും, വികാരം വിചാരത്തെ കീഴടക്കും,

അവൻറെ കൈകൾ അറിയാതെ അവളുടെ നേരെ ഉയർന്നു,

ഒരു കൈകൊണ്ട് നനഞ്ഞ മുഖത്തോട് ഒട്ടിനിൽക്കുന്ന മുടികൾ മെല്ലെ നീക്കി,

സീമന്ത രേഖയിൽ നിന്നും ഒലിച്ചു തുടങ്ങിയ സിന്ദൂരം കൈകൾകൊണ്ട് തണലാക്കി,

വെള്ളത്തുള്ളികൾ ഒഴുകിപ്പരന്ന ഇടുപ്പിൽ കൂടി മറുകൈ ചുറ്റി തന്നോട് ചേർത്തു,

വെള്ളം വീണു ഒഴുകുന്ന ആ ചുണ്ടുകൾ ലക്ഷ്യമാക്കി ആ മുഖം വന്നപ്പോൾ പൊടുന്നനെ മൈഥിലി അവൻറെ ചുണ്ടുകൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു,

“വ്രതം,

“ശോ,….എന്തൊരു കഷ്ട്ടം ആണ്

അവൻ കണ്ണടച്ച് മുഖം ചുളിച്ചു പറഞ്ഞു,

“ഇതാ ഞാൻ നിന്നോട് നേരത്തെ പറഞ്ഞത്, മഴ നനയാൻ ഒന്നും ഞാനില്ലന്ന്,

അവൾ ചിരിക്കാൻ തുടങ്ങി,

“വാ പോകാം….

കാറിലേക്ക് കയറി ഇരുന്ന മൈഥിലിയ്ക്ക് നനഞ്ഞൊട്ടി ഇരിക്കുന്ന തന്നെ നോക്കുന്ന ഇന്ന് ശ്രീറാമിനെ കണ്ടപ്പോൾ അപ്പോൾ ചമ്മൽ തോന്നി,

“എന്തിനാ നാണിക്കുന്നത്, ഞാൻ ഇതിലും നല്ല അടിപൊളി കോസ്റ്റ്യൂംൽ നിന്നെ കണ്ടതല്ലേ കുളത്തിൽ വെച്ച്,

“പോടാ,

അവൾ അവൻറെ കയ്യിൽ നുള്ളി,

രണ്ട് ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം നനഞ്ഞ കോഴികളെപ്പോലെ കയറി വരുന്ന ശ്രീറാമിനെയും മൈഥിലിയേയും കണ്ടു ദേവയാനിയും അരുന്ധതിയും അമ്പരന്നു,

“ഇതെന്താ മക്കളെ നിങ്ങൾ മഴ നനഞ്ഞോ?

“ഇയാൾക്ക് മഴനനയണം എന്ന് ഒരു ആഗ്രഹം അത് സാധിച്ചു കൊടുത്തു,

“രണ്ടാളും അകത്ത് പോയി കുളിച്ചിട്ടു വാ, പനി പിടിപ്പിക്കേണ്ട

കുളികഴിഞ്ഞ് ഉമ്മറത്തേക്ക് വന്നു ശ്രീറാമും മൈഥിലിയും ഇരുന്നു,

“എങ്ങനെയുണ്ടായിരുന്നു ക്ഷേത്രദർശനം ഒക്കെ,

ദേവയാനി തിരക്കി,

“നല്ല അനുഭവമായിരുന്നു അച്ഛമ്മേ,

“സന്ധ്യക്ക് ഒരു പൂജ ഉണ്ടെന്ന് ഭട്ടതിരി പറഞ്ഞിരുന്നു,

ഇന്ന് തന്നെ നിങ്ങൾ നിലവറയിൽ കയറണം അത്രേ,

അരുന്ധതി പറഞ്ഞു,

എല്ലാവരും സന്ധ്യയോടെ അടുത്തപ്പോൾ പത്തായപ്പുര യിലേക്ക് നടന്നു,

“നന്നായി പ്രാർത്ഥിച്ചോ രണ്ടാളും, ഭട്ടതിരി ചോദിച്ചു

“ഉവ്വ് തിരുമേനി,

നിറഞ്ഞ മനസ്സോടെയാണ് ശ്രീറാം അത് പറഞ്ഞത് എന്ന് അയാൾക്ക് മനസ്സിലായി ,

“നിലവറയിൽ കയറുന്നതിനു മുൻപ് അതിനെപ്പറ്റി ഞാൻ ചെറിയൊരു ധാരണ നൽകാം,

രണ്ടുപേരും അക്ഷമരായി ഭട്ടതിരിയുടെ വാക്കുകൾക്കായി കാതോർത്തു,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!