Skip to content

ഗന്ധർവ്വൻ – ഭാഗം 1

gandharvan novel aksharathalukal

“നിങ്ങൾക്ക് നാണമുണ്ടോ സ്വന്തം മോളെ നട്ടപ്പാതിരയ്ക്ക് അഴിഞ്ഞാടാൻ വിട്ടിട്ട് ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങാൻ??”

“മനു.. ഞാൻ പറയുന്നതൊന്നു കേൾക്ക് …പ്ലീസ്..”

സാക്ഷയുടെ ശബ്ദത്തിലെ ദൈന്യത അയാളുടെ ദേഷ്യത്തെ വീണ്ടും പടുത്തുയർത്തി..

“നീയൊന്നും പറയണ്ടടീ…

ഞാനപ്പഴേ പറഞ്ഞതാ… അറ്റ്ലീസ്റ്റ് ഒരു പെൺകുട്ടിയെങ്കിലും ഉള്ള ക്ലാസ്സിലേക്ക് മാറ്റാമെന്ന്… ആര് കേൾക്കാൻ!! അനുഭവിച്ചോ എല്ലാരും കൂടെ!! ഒടുക്കം ചീത്തപ്പേര് കേൾപ്പിയ്ക്കുമ്പോ എന്നെ വിളിച്ചേക്കരുത്!!”

“ഇതിന് മാത്രം ഞാനെന്തു തെറ്റ് ചെയ്തെന്നാ നീ പറയണേ?? ഫ്രണ്ട്സിന്റെ കൂടെ ഒരു സെക്കൻഡ് ഷോ യ്ക്ക് പോവുന്നത് അത്ര വലിയ തെറ്റാണോ??”

“പാതിരാത്രി കണ്ട ചെക്കമ്മാർടെ ബൈക്കിൽ വീട്ടിൽ പറയാതെ സിനിമയ്ക്ക് പോവ്വാ.. അവിടെക്കിടന്നു തോന്നിവാസം കാണിയ്ക്കാ.. ഇതൊക്കെ മഹത്തായ കാര്യമാണെന്നാവും!!”

മനു അവളെ നോക്കി പുച്ഛത്തിന്റെ നിറയൊഴിച്ചു!!

“ഞാനെന്തു തോന്നിവാസം കാണിച്ചെന്നാ പറയുന്നേ?? അവരെന്റെ ഫ്രണ്ട്സാ!! ഇന്നേവരെ മോശമായിട്ട് ഒരു നോട്ടം പോലും എന്നെ നോക്കിയിട്ടില്ല ആരും…

അച്ഛനോട് പറയാതെ പോയത് തെറ്റാ… അതിനപ്പുറം ഞാനൊരു തെറ്റും ചെയ്തിട്ടില്ല…”

“നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല… നിന്റെ എല്ലാ തോന്നിവാസത്തിനും വളം വച്ച് മിണ്ടാതെ നോക്കി നിൽക്കുന്ന അമ്മാവനെ പറഞ്ഞാ മതിയല്ലോ..!!”

ഞെട്ടലോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്ന അച്ഛനെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു അവൻ ബൈക് സ്റ്റാർട്ട് ആക്കി..

“മോളെ കയ്യോടെ കൂട്ടിക്കൊണ്ടു വന്നത് തെറ്റായെങ്കിൽ അവിടെത്തന്നെ കൊണ്ട് വിട്ടേക്കാം… എല്ലാം കഴിഞ്ഞു നേരം വെളുക്കുമ്പോ അവമ്മാര് തന്നെ കൊണ്ട് വിട്ടോളും…!!”

“നിർത്തെഡാ… ഇനിയെന്റെ ഫ്രണ്ട്സിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോവരുത്…”

“ഞാനൊന്നും പറയുന്നില്ല.. അച്ഛനും മോളും കൂടെ എന്താന്ന് വച്ചാൽ ആയിക്കോ…”

ദേഷ്യം കടിച്ചമർത്തി നിൽക്കുന്ന എന്നെ ഒന്ന് കൂടെ കനപ്പിച്ചു നോക്കിക്കൊണ്ടു മനു വേഗത്തിൽ ബൈക്കുമായി ഗേറ്റ് കടന്നു പോയി..

“അച്ഛാ… സത്യായിട്ടും അവൻ പറഞ്ഞത് പോലൊന്നും…”

മുഴുമിപ്പിയ്ക്കുന്നതിനു മുൻപേ അച്ഛൻ അകത്തേയ്ക്ക് നടന്നു കഴിഞ്ഞിരുന്നു…

സാക്ഷ കരച്ചിലിന്റെ വക്കിലെത്തി!!

പാതിയടഞ്ഞു കിടന്നിരുന്ന ഗേറ്റ് ചേർത്തടച്ചു ഓടാമ്പൽ നീക്കിക്കൊണ്ടു അവൾ അകത്തേയ്ക്ക് കയറി…

അമ്മയുടെ ഫോട്ടോയുടെ താഴെ ചുവന്ന വിളക്കെരിഞ്ഞു കത്തുന്നുണ്ട്…

“എന്റെ മോളൊരിയ്ക്കലും അച്ഛനെ വേദനിപ്പിയ്ക്കരുത്… ചേച്ചി ചെയ്ത പോലെ എന്റെ സച്ചു ഒരിയ്ക്കലും ഞങ്ങളോടും ഈ വീടിനോടും ചതി ചെയ്യരുത്… അമ്മയ്ക്ക് വാക്കു താ..”

ആശുപത്രിക്കിടക്കയിൽ നിന്നും മുറുകെപ്പിടിച്ച അമ്മയുടെ കൈകൾ പതിയെ അയഞ്ഞു കിടക്കയിലേക്ക്  വീണപ്പോൾ അച്ഛന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞതോർമ വന്നു!!

“ചേച്ചി ചെയ്തത് പോലെ സച്ചു ഒരിയ്ക്കലും ചെയ്യില്ലച്ചാ… അമ്മയോടൊന്നു പറ… ഞാനങ്ങനെ ചെയ്യില്ലെന്ന്…”

“സച്ചൂ…”

പിറകിലെ ശബ്ദം ചിന്തകളെ മുറിച്ചു…

“അച്ഛാ… ഞാൻ… മനുവിനെപ്പോലെ അച്ഛനും എന്നെ തെറ്റിദ്ധരിച്ചോ…”

അവൾ വിതുമ്പലടക്കാൻ പണിപെട്ടു!!

മറുപടിയായി അയാൾ പതിയെ പുഞ്ചിരിച്ചു…

“മോള.. നിനക്ക് തന്ന ഫ്രീഡം അച്ഛന്റെ വിശ്വാസമാണ്… അതൊരിയ്ക്കലും ന്റെ കുട്ടി തകർക്കില്ലെന്നറിയാം..

അതോണ്ടണല്ലോ അത്രയും ആൺകുട്ടികളുള്ള  ക്ലാസ്സിൽ നീയൊരൊറ്റ പെൺകുട്ടി മാത്രമാണെന്നറിഞ്ഞിട്ടും പഠിയ്ക്കാൻ ഞാൻ സമ്മതിച്ചത്…

പക്ഷെ മറ്റുള്ളവർ അത് ഏത് കണ്ണിൽ കാണുമെന്നു കൂടി നോക്കണം… കോളേജ്‌ സമയം കഴിഞ്ഞിട്ടുള്ള ഈ കറക്കം.. അതിനി വേണ്ട മോളെ… പ്രേത്യേകിച്ചു ഈ രാത്രിയിലെ കറക്കം…

ആൾക്കാരുടെ മുന്നിൽ മക്കളെ വളർത്താനറിയാത്ത ഒരച്ഛനായി ഒരിയ്ക്കൽ കൂടി തല കുനിച്ചു നിൽക്കാൻ എനിയ്ക്ക് വയ്യാത്തോണ്ടാ…”

അവസാന വാചകത്തിലെ ഇടർച്ച സാക്ഷയുടെ ഹൃദയത്തെ എരിച്ചമർത്തി..

തിരിഞ്ഞും മറിഞ്ഞും കിടന്നെപ്പോഴോ ഉറങ്ങിപ്പോയി…

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു…

ആരൊക്കെയോ സംസാരിയ്ക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്…

നേരം പത്തു മണിയോടടുത്തിരുന്നു..

വേഗത്തിൽ ഫ്രെഷായി ഉമ്മറത്തേയ്ക്ക് ചെന്നു…

തന്റെ ഗ്യാങിലെ താനൊഴികെയുള്ള അഞ്ചെണ്ണം ഉമ്മറത്ത് വട്ടം കൂടിയിട്ടുണ്ട്..

കാര്യമായ ചർച്ചയാണ്…

” അവളൊരു പൂതി പറഞ്ഞപ്പോ ഞങ്ങളും അത്രയ്‌ക്കൊന്നും ആലോചിച്ചില്ല അച്ഛാ…”

ഹരിയാണ്…

“അല്ലെങ്കിലും അച്ഛനോട് പറയാതെയാണ് വരുന്നതെന്ന് അവള് ഞങ്ങളോട് പറഞ്ഞിട്ടില്ലാരുന്നു… അല്ലെടാ അജു..”

“അതെ.. പറഞ്ഞിരുന്നെങ്കിൽ ഞങ്ങള് കൊണ്ടോവില്ലാരുന്നു…”

അജു വിപിനെ പിന്താങ്ങി…

“പെങ്ങമ്മാര് ഒരു ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽപ്പിന്നെ ഞങ്ങളൊക്കെ അങ്ങളമാരാണെന്നും പറഞ്ഞു നടക്കുന്നതെന്തിനാന്നും ഓർത്തു കൊണ്ടോയതാ ഇതിനെ… ഇതിങ്ങനെ ഒരു ദുരന്തമായി മാറുമെന്ന് ആരോർത്തു..”

ജോയൽ കയ്യിലെ ചായ ഗ്ലാസ്സ്‌ കാലിയാക്കി തിണ്ണയുടെ മീതെ വച്ചു..

“സത്യത്തിൽ മനു അത്രേം സീൻ ഉണ്ടാക്കേണ്ട കാര്യമൊന്നും ഇല്ലാരുന്നു അച്ഛാ… അവൻ സച്ചുവിന്റെ കസിൻ ആയോണ്ടാ ഞങ്ങളൊന്നും മിണ്ടാതിരുന്നത്…”

ജിത്തുവിന്റെ ശബ്ദത്തിൽ ചെറിയ വല്ലായ്മ തോന്നി…

“സാരമില്ല മക്കളെ… ഇനി ഇതാവർത്തിയ്ക്കാഞ്ഞാ മതി…”

ഇന്നലത്തെ ദേഷ്യം മുഴുവൻ അവമ്മാര് തണുപ്പിച്ചെന്നു മനസ്സിലായപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി…

“വാതിലിന്റെ പിന്നീന്നു ഇങ്ങു പോര്.. ഇവിടിപ്പോ സീനൊന്നുല്ല…”

അജുവിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ പതിയെ അച്ഛന്റെ ചാരു കസേരയ്ക്കരികിൽ ചെന്നിരുന്നു…

ഉള്ളിലെന്തു സങ്കടമുണ്ടെങ്കിലും അഞ്ചു മിനിറ്റ് നേരത്തെ സംസാരത്തിലൂടെ പോലും തുടച്ചു നീക്കാൻ കഴിവുള്ളവമ്മാരാണ്…

ഒത്തിരി നേരം സംസാരിച്ചിരുന്ന ശേഷം അവമ്മാര് പോയപ്പോൾ ഞാൻ പതിയെ പുറത്തേക്കിറങ്ങി…

അധികം വലുതല്ലാത്ത പഴയ തറവാട് വീടാണ് ഞങ്ങളുടേത്… വീടിനു പിറകിൽ പരന്നു കിടക്കുന്ന പാടമാണ്…

ഇടയ്ക്കിടെ സിമന്റ് സ്ലാബുകൾക്ക് കീഴെ ഒതുക്കത്തിലൊഴുകുന്ന തോടുകളുണ്ട്…

ഒത്ത നടുവിൽ കൈകൾ വിടർത്തി നിൽക്കുന്ന കോലം… അതിനു മുകളിൽ പരദൂഷണത്തിലേർപ്പെട്ടിരിയ്ക്കുന്ന കാക്കകളും..

കുറച്ചപ്പുറത്തു ഇടവിളകളുടെ ഘോഷമാണ്… ചീര പയർ തുടങ്ങിയ പച്ചക്കറികളും അതിൽപ്പെടും…

പരിസരത്തെ തോടുകളിലൊന്നിലെ തണുത്ത വെള്ളത്തിലേക്ക് കാലു വച്ചുകൊണ്ട് സാക്ഷ വെറുതേയിരുന്നു..

ദിവസവും ഒരു നേരമെങ്കിലും വന്നിരിയ്ക്കാറുണ്ടിവിടെ…

മനസ്സിനെ താണുപ്പിയ്ക്കുന്ന ഇടങ്ങളാണ്!!

വെയിൽനാളങ്ങൾക്ക് ശക്തിയേറിയപ്പോൾ അവൾ അലസമായി എഴുന്നേറ്റു വയൽക്കരയിലെ മാവിൻ ചുവട്ടിൽ അഴിച്ചു വച്ചിരുന്ന ചെരുപ്പിനടുത്തേയ്ക്ക് നടന്നു…

ചെരുപ്പിനുള്ളിൽ ഭദ്രമായി മടക്കി വച്ചിരുന്ന വെളുത്ത കടലാസിൽ നോട്ടമുടക്കിയപ്പോൾ എന്തുകൊണ്ടോ മനസ്സൊന്നു പിടഞ്ഞു…

വീണ്ടും!!

മരത്തിന്റെ തായ് വേരുകളിൽ ചാഞ്ഞിരുന്നുകൊണ്ട്. അവളത് വേഗത്തിൽ തുറന്നു…

“നീ നനഞ്ഞ മഴയിൽ ഞാൻ പെയ്തു തീർത്തതും ഒടുവിലാലസ്യമോടെ നമ്മൾ കണ്ടു തീർത്ത സ്വപ്നങ്ങളിലൊന്നായിരുന്നു…

ഉണരാനാഗ്രഹിയ്ക്കാത്ത എന്റെ സ്വപ്ന മരീചികയിൽ നമ്മളിന്നും നമ്മെ പുണർന്നു പെയ്യുന്നു…         

                    -ഗന്ധർവ്വൻ-

കയ്യിലെ കത്തു ചുരുട്ടി മടക്കി സാക്ഷ ചുറ്റും നോക്കി…

എത്രയാലോജിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല!!

ആരായിരിയ്ക്കും??

കുറച്ചു മാസങ്ങളായി ദിവസേന ആരോ തന്നെ ലക്ഷ്യം വച്ച് കവിതയെഴുതുന്നു….

പ്രണയം ചാലിച്ച ഗദ്യ കവിതകൾ!!

താൻ പോലുമറിയാതെ നോട്ടമെത്തുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ എന്നും ഓരോ എഴുത്തുകൾ പ്രത്യക്ഷപ്പെടും!!

ചില ദിവസങ്ങളിൽ കോളേജിൽ വച്ച്.. ചിലപ്പോൾ വീട്ടിൽ വച്ച്.. അതുമല്ലെങ്കിൽ പുറത്തെവിടെയെങ്കിലും വച്ച്…

കണ്ണ് തെറ്റുന്ന നേരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കത്തുകൾ!!

ഇളം നീല മഷികൊണ്ടു മാത്രം എഴുതാറുള്ള പ്രണയം ചാലിച്ച വരികൾ…

ഇതിനു മുൻപൊന്നും അത്തരം മഷിയിൽ ആരും എഴുതി കണ്ടിട്ടുമില്ല…

ഗന്ധർവ്വൻ!!

ആരാണെന്നോ എന്താണ് ഉദ്ദേശമെന്നോ തനിയ്ക്കറിയില്ല!!

കണ്ടെത്താനുള്ള ശ്രമങ്ങൾ ദിവസം ചെല്ലും തോറും പരാജയപ്പെട്ടുകൊണ്ടിരുന്നു…

സാക്ഷ വീട്ടിലേയ്ക്ക് ചെന്ന് കയ്യിലെ കടലാസ് മറ്റു കടലാസ് കൂട്ടങ്ങൾക്കിടയിലേയ്ക്ക് നിക്ഷേപിച്ചു…

പിറ്റേന്ന് ക്ലാസ്സിൽ ചെന്ന് ആദ്യം പറഞ്ഞതും ഈ കത്തിന്റെ കാര്യമാണ്…

“എന്നാലും ഏത് മണ്ടനാവും ഇവൾക്ക് എഴുത്തെഴുതുന്നതെന്നാ ഞാനോർക്കുന്നത്…”

ഹരി കളിയാക്കി ഉറക്കെ ചിരിച്ചു..

“ഒന്നെങ്കിൽ ആരോ ഇവളെ ഇട്ടു കളിപ്പിയ്ക്കുന്നതാവും… അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രേമ രോഗി…”

അഭിപ്രായങ്ങൾ എന്നത്തേയും പോലെ അധികരിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല..

പ്രണയാഭ്യർഥനകൾ പലതും വന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കൗതുകം തോന്നിപ്പിയ്ക്കുന്ന രീതിയിൽ ഇതാദ്യമായിരുന്നു…

ക്‌ളാസ് കഴിഞ്ഞു തന്നെ വീട്ടിൽ കൊണ്ട് വിട്ട് ജിത്തു മടങ്ങി…

സന്ധ്യയാവും മുൻപേ തൊട്ടടുത്ത വായന ശാലയിൽ പുസ്തകമെടുക്കാൻ ചെന്നു…

നഷ്ടപ്പെട്ട നീലാംബരി തിരഞ്ഞെടുത്തു പുറത്തിറങ്ങി…

ഒരിയ്ക്കൽ വായിച്ചതാണ്… ഒന്നുകൂടെ ഓർമ പുതുക്കണം…

ഇന്ന് തന്നെ വായന തുടങ്ങണമെന്നു മനസ്സിലുറച്ചു…

വയൽക്കരയിലെ മൂവാണ്ടൻ മാവ് ലക്ഷ്യമാക്കി നടക്കവേ വെറുതെ പേജുകൾ മറിച്ചു നോക്കി…

വല്ലാത്തൊരു ഞെട്ടൽ ശരീരത്തിലൂടെ കടന്നു പോയി…

ഹൃദയ സ്പർശികളായ വരികൾ മാത്രം ഇളം നീല മഷികൊണ്ടു അടയാളപ്പെടുത്തി വച്ചിരിയ്ക്കുന്നു!!,

ഇളം നീല മഷി!!

വന്ന വഴികളിലൂടെ ലൈബ്രറി ലക്‌ഷ്യം വച്ച് വേഗത്തിൽ തിരിച്ചു നടന്നു…

“ചേട്ടാ.. ഇതിനു മുൻപ് ഈ പുസ്തകം ആരാ എടുത്തത്??”

“എന്തിനാ മോളെ..??”

“ഒരു അത്യാവശ്യ കാര്യത്തിനാ… “

“ഈ രജിസ്റ്റർ നോക്കിക്കോളു… ഇതിലുണ്ടാവും…”

നീക്കിയിട്ട രജിസ്റ്റർ ബുക്ക് പ്രതീക്ഷയോടെ മറിയ്ക്കുമ്പോൾ ഹൃദയ മിടിപ്പ് ശക്തിയോടെ ഉയരുന്നത് അവളറിയുന്നുണ്ടായിരുന്നു….

(തുടരും…)

രചന: സ്വാതി കെ എസ്

(പുതിയൊരു തുടർക്കഥാ പരീക്ഷണം കൂടി നിങ്ങൾക്കായി തുടങ്ങുന്നു… ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അഭിപ്രായമറിയിയ്ക്കണേ..)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!