ഗന്ധർവ്വൻ – ഭാഗം 20

6232 Views

gandharvan novel aksharathalukal

ഓരോ പേജിലും വളരെ കുറഞ്ഞ ആത്മഗതങ്ങളായി ഡയറി ചുരുങ്ങി നിൽക്കുന്നു…

ദിവസേന ഡയറിയെഴുതുന്ന സ്വഭാവക്കാരനല്ല അയാൾ…

പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രം വളരെ ചുരുക്കിയ കവിത പോലെ ഒതുക്കിയെഴുതിയ ഡയറി…

അവസാന പേജുകളിലേയ്ക്ക് സാക്ഷ ജിജ്ഞാസയോടെ ദൃഷ്ടി തിരിച്ചു…

“ശരിയായിരുന്നു… എന്റെ ശ്രദ്ധയ്ക്ക് ഒരിയ്ക്കലും അങ്ങനെയാവാൻ കഴിയുമായിരുന്നില്ല… എന്നിട്ടും ഞാനെന്തേ അവളെ സംശയിച്ചു പോയത്??

വരുൺ… അവനാരായിരുന്നു?? എന്തിനായിരുന്നു ഞങ്ങൾക്കിടയിലൊരു ദുശ്ശകുനമായി കടന്നു വന്നത്….??

എന്റെ പ്രണയത്തെ… ഞങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കിയത്….?”

ഒന്നും വ്യക്തമായി മനസ്സിലാവുന്നില്ലല്ലോ…

ആശയക്കുഴപ്പം പുകമറ പോലെ വന്നു പതിച്ചു…

“ഇടവഴിയിലെ പൂത്തുലഞ്ഞ വൃക്ഷച്ചുവടിനരികെ ഇന്ന് വീണ്ടും ചെന്നിരുന്നു… ദിവസങ്ങൾക്ക് ശേഷം… ഒരു നേർത്ത തേങ്ങലോടെ അവളെന്റെ ഇടം കയ്യിൽ ചുറ്റിപ്പിടിച്ചു ചേർന്നിരുന്നു…

ഞങ്ങളെ തനിച്ചാക്കി ഷാനു എന്തിനാ അകന്നതെന്നവൾ കണ്ണുകൾകൊണ്ടു ചോദിച്ചപ്പോൾ മറുപടിയില്ലാതെ ഞാൻ കരഞ്ഞു പോയിരുന്നു… സാരമില്ല ഞാനെങ്ങും പോയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട്  അവളെന്റെ കണ്ണ് തുടച്ചു…

പക്ഷെ… അങ്ങ് ദൂരെ മേഘങ്ങൾക്കിടയിലെവിടെയോ ഒരു പിഞ്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാമായിരുന്നു… ജനിയ്ക്കും മുൻപേ പൊലിഞ്ഞു പോകേണ്ടി വന്ന എന്റെ കുഞ്ഞിന്റെ കരച്ചിൽ…

വരുൺ..!!

പൊറുക്കാൻ കഴിയില്ലെനിയ്ക്ക്… നീ കുറിച്ച് വച്ചോളൂ… ഇന്ന് നിന്റെ അവസാന ദിവസമാണ്… എന്റെയും…”

തുടർന്നുള്ള ഒഴിഞ്ഞ പേജുകൾ വെറുതെ മറിച്ചു നോക്കും തോറും സച്ചുവിന് ഭ്രാന്ത് പിടിയ്ക്കുന്നതായി തോന്നി…

ഇതിനു ശേഷം ഷാനുവും വരുണും തമ്മിൽ കണ്ടു മുട്ടിയിരുന്നോ??

എന്താവും സംഭവിച്ചിട്ടുണ്ടാവുക??

ഓർത്തിട്ടൊരു പിടിയും കിട്ടിയില്ല..

ഇത്രയ്ക്ക് സ്നേഹിച്ചിരുന്നെങ്കിൽ പിന്നെ അയാളെന്തിനാവും ചേച്ചിയെ ഉപേക്ഷിച്ചു കളഞ്ഞത്??

അവരെ പിരിയ്ക്കാൻ എന്ത് കള്ളക്കഥയാവും വരുൺ മെനഞ്ഞെടുത്തത്??

സത്യമറിയണമെങ്കിൽ വരുണിനെ കണ്ടെത്തിയെ തീരു….

ഡയറി മടക്കി വച്ചുകൊണ്ട് അവൾ മുറിയിലെ വെളിച്ചം കെടുത്തി..

നാളെ രാവിലെ വരുണിനെ തേടിയിറങ്ങിയേ മതിയാവൂ… ഇനിയും ഇതിങ്ങനെ നീട്ടിക്കൊണ്ട് പോകുന്നതിൽ അർത്ഥമില്ല…

കിടക്കയിലേയ്‌ക്ക് ചാഞ്ഞു കണ്ണടച്ചുകൊണ്ടു ചിന്തകളെ താത്കാലിക വിസ്‌മൃതിയിൽ ഒഴുക്കി…

അലാറത്തിന്റെ കർണപടമുടച്ചുള്ള ശബ്ദം കേട്ടപ്പോഴാണ് ഞെട്ടിയുണർന്നത്…

എഴുന്നേറ്റു കുളിച്ചു വിളക്ക് തെളിയിച്ചപ്പോഴേയ്ക്കും ഏഴു മണി കഴിഞ്ഞിരുന്നു….

മനുവിനെ മുറിയിൽ കണ്ടില്ല…

ജോഗിംഗിന് പോയിക്കാണണം…

അമ്മായി അടുക്കളയിൽ തിരക്ക് പിടിച്ച പണിയിലാണ്…

അടുത്ത് ചെന്ന് നോക്കി…

“ആഹാ മോളിന്നു നേരത്തെ എഴുന്നേറ്റോ?? “

തിളയ്ക്കുന്ന ചട്ടിയിലേയ്ക്ക് പച്ചക്കറികൾ അരിഞ്ഞിടുന്നതിനിടെ അമ്മായി തെല്ല് അത്ഭുതത്തോടെ ചോദിച്ചു…

മറുപടിയായി വെറുതെ ചിരിച്ചു…

“ഞാൻ അമ്മായിയെ സഹായിയ്ക്കട്ടെ?? “

കാലിന്റെ പെരുവിരലിൽ ഊന്നി നിന്നുകൊണ്ട് തിളച്ചു മറിയുന്ന കഷ്ണങ്ങളെ എണ്ണിക്കൊണ്ടാണ് ചോദിച്ചത്…

“അതിനു മോൾക്ക് വല്ലതും അറിയോ??”

ചിരിച്ചുകൊണ്ടാണ് ചോദ്യം…

“പഠിയ്ക്കാലോ… അമ്മായി പഠിപ്പിച്ചു തരില്ലേ എനിയ്ക്ക്..”

“പിന്നെന്താ.. പഠിപ്പിയ്ക്കാലോ… തല്ക്കാലം മോള് ആ ചായ രണ്ടു ഗ്ലാസ്സിലേയ്ക്കൊഴിച്ചിട്ടു രണ്ടുപേരും കൂടെ കുടിച്ചോളൂ… അവനിപ്പോ എത്തും…”

കറി അടച്ചു വച്ചുകൊണ്ട് അമ്മായി ചൂലെടുത്തു മുറ്റത്തേക്കിറങ്ങി…

ചായ പകർന്നെടുത്തു ഞാൻ ഉമ്മറത്തേയ്ക്ക് നടന്നു…

ജോഗിംഗ് കഴിഞ്ഞു ഷൂ അഴിച്ചുകൊണ്ടിരിയ്ക്കുന്ന മനുവിനരികിൽ ചെന്ന് ചായക്കപ്പു നീട്ടി…

“അമ്മയെവിടെ??”

“അപ്പുറത്തുണ്ട്…”

“ഇതെന്താ പതിവില്ലാതെ നീ ചായയും കൊണ്ട് വന്നത്??”

“അമ്മായി പറഞ്ഞിട്ട്.. അല്ലാതെ സ്വന്തം ഇഷ്ടത്തിന് കൊണ്ട് വന്നതൊന്നുമല്ല..”

“തോന്നി.. നീയുണ്ടാക്കിയതാണോ??”

“അല്ല…”

“ഭാഗ്യം… ഇങ്ങു തന്നേക്കൂ…”

അവൻ ഇരുന്ന ഇരുപ്പിൽ തന്നെ ചൂട് ചായ വാങ്ങി വേഗത്തിൽ കുടിച്ചു..

ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു ഞാൻ അകത്തേയ്ക്ക് നടന്നു…

ഞാനുണ്ടാക്കിയത് കുടിച്ചാൽ എന്താ??

ഹും…!!

ശരിയാക്കി തരുന്നുണ്ട്…

ഇതിപ്പോ കുറെ ആയി സഹിയ്ക്കുന്നു…

“അതേയ്… പല്ലു മുഴുവൻ കടിച്ചു പൊട്ടിയ്ക്കണ്ട… അതോണ്ട് നാലു നേരം വെട്ടി വിഴുങ്ങാനുള്ളതാ…”

മേശപ്പുറത്തു ഗ്ളാസ് വച്ച് മുറിയിലേയ്ക്ക് നടക്കുന്നതിനിടെ അവൻ വീണ്ടും എന്നോടെന്നോണം പറഞ്ഞു…

ഇതിങ്ങനെ വിട്ടാൽ പറ്റില്ല…

ദേഷ്യത്തോടെ അവന്റെ മുറിയിലേയ്ക്ക് കയറിച്ചെന്നു…

“കുറെ നേരായല്ലോ.. നീയാരാണെന്നാ നിന്റെ വിചാരം??”

“ഹലോ… എന്തെങ്കിലും പറയാനുണ്ടെങ്കിൽ പുറത്തു നിന്ന് പറഞ്ഞിട്ട് പോയാൽ മതി… ഇങ്ങോട്ട് കയറരുതെന്നു പറഞ്ഞിട്ടില്ലേ നിന്നോട്..?? ഔട്ട് ഔട്ട്…”

ചൂണ്ടു വിരലുകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടാണ് മനുവത് പറഞ്ഞത്….

“സൗകര്യം ഇല്ലെങ്കിലോ?? നീ പോയി കേസ് കൊടുക്ക്….”

കയ്യിലെ ചയക്കപ്പ് അവന്റെ മുറിയിലെ ടേബിളിൽ വച്ചുകൊണ്ട് ഞാൻ കിടക്കയിലിരുന്നു…

“ഇറങ്ങിപ്പോടീ…”

“നീ പോടാ…”

“ഓഹോ… അത്രയ്ക്കായോ??”

മറുപടിയായി പുച്ഛം നിറഞ്ഞ ഭാവം തൊടുത്തു വിട്ടുകൊണ്ട് ഞാൻ ഇരിപ്പ് തുടർന്നു…

അൽപ നേരം എന്തോ ആലോചിച്ചു നിന്ന ശേഷം മനു വാതിൽ അടച്ചു ബോൾട്ട് നീക്കി…

“എന്തിനാ വാതിൽ അടച്ചത്??”

മുഖത്തെ ദേഷ്യഭാവം പതിയെ ശൃംഗാരത്തിലേയ്ക്ക് തിരിച്ചുകൊണ്ട് അവനെന്റെ നേരെ നടന്നു…

“ഇതൊക്ക നിന്റെ അടവാ.. എനിയ്ക്കറിയാം…”

തറപ്പിച്ചു പറഞ്ഞെങ്കിലും അതേ ഇരിപ്പ് തുടരാൻ ഭയം അനുവദിച്ചില്ല…

“എന്തെ?? ഇരിയ്ക്കുന്നില്ലേ?? അവിടെ ഇരിയ്ക്കെന്നെ…”

അയ്യേ…!!

“പോടോ…”

“ഡോ ന്നോ.. ചേട്ടാന്ന് വിളിയ്ക്ക് മോളെ..”

രംഗം പന്തിയല്ലെന്ന് കണ്ടപ്പോൾ ഞാൻ പതിയെ വാതിലിനടുത്തേയ്ക്ക് നടന്നു..

ഒട്ടും പ്രതീക്ഷിയ്ക്കാതെ അവനെന്റെ കൈകളിൽ പിടുത്തമിട്ടു കിടക്കയിലേയ്ക്ക് വലിച്ചിട്ടപ്പോൾ അല്പം മുൻപ് കൂട്ടി വച്ച ധൈര്യമെല്ലാം ചോർന്നു പോയിരുന്നു..

പിടഞ്ഞെഴുന്നേറ്റു ഞാൻ മുറിയുടെ കോണിലേയ്ക്കൊതുങ്ങി..

“ഇങ്ങോട്ട് വാ മോളെ… ചേട്ടൻ പറയട്ടെ…”

ഛെ!!

ഇതുവരെ കണ്ടിട്ടില്ലാത്ത ഏതൊക്കെയോ ഭാവങ്ങൾ കണ്ണുകളിൽ പ്രകടമാക്കി അവൻ വീണ്ടും വഷള ചിരി ചിരിച്ചു…

“ഞാൻ അമ്മായിയെ വിളിയ്ക്കും… “

“വിളിച്ചോ… മുറി അടച്ചിട്ടിരിയ്ക്കുന്നത് കണ്ടാൽ അമ്മ വേറെന്തെങ്കിലും വിചാരിച്ചോളും…”

ദൈവമേ… ഏതു നേരത്താണാവോ ഇങ്ങോട്ട് കയറി വരാൻ തോന്നിയത്…!!

ഇവനിതെന്തു ഭാവിച്ചാ??

ഞാൻ ചാരി നിന്നിരുന്ന ചുമരിനു മീതെ എനിയ്ക്ക് കുറുകെ രണ്ടു കൈകളും ചേർത്ത് വച്ചുകൊണ്ട് അവനെന്നെ പ്രണയാതുരമായി നോക്കി…

വിയർപ്പു തുള്ളികൾ നെറ്റിയ്ക്കിരു വശത്തും ചാലുകൾ തീർത്തു…

ഹൃദയ മിടിപ്പിന്റെ ശബ്ദം വായുവിൽ ഉയർന്നുകേട്ടുകൊണ്ടിരുന്നു…

എന്റെ മട്ടും ഭാവവും കണ്ടു പൊടുന്നനെ മനു ഉറക്കെ ചിരിയ്ക്കാൻ തുടങ്ങി…

അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി അവൻ ചിരിയടക്കാൻ പാടുപെട്ടു…

ദേഷ്യത്തോടെ അവനെ പിടിച്ചു തള്ളി ഞാൻ വാതിൽ തുറന്നു പുറത്തേയ്ക്ക് നടന്നു…

“ഇത്രയ്ക്ക് ധൈര്യമില്ലെങ്കിൽ വെറുതെ പ്രഹസനത്തിനു നിൽക്കണമായിരുന്നോ??”

പിറകിൽ നിന്നുയർന്ന ചോദ്യം കേട്ടില്ലെന്നു നടിച്ചു ഞാൻ പുറത്തേയ്ക്ക് നടന്നു…

അറിയാവുന്ന ചീത്തയെല്ലാം മനസ്സിൽ വിളിച്ചു കഴിഞ്ഞിരുന്നു…

വൃത്തികെട്ടവൻ…!!

ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴും അവനെന്നെ നോക്കി അടക്കി ചിരിയ്ക്കുന്നത് കണ്ടപ്പോൾ ഉള്ളിലൊതുക്കിയ ദേഷ്യം പുറത്തു വരാതിരിയ്ക്കാൻ ഞാൻ പാടുപെട്ടു…

അവസരം വരട്ടെ…

ഇതിനു പകരം വീട്ടിയേ പറ്റു…

അമ്മായിയെ അല്ലറ ചില്ലറ പണികളിൽ സഹായിച്ചു സമയം കളഞ്ഞു…

അല്പം കഴിഞ്ഞു മനു പുറത്തേയ്ക്ക് പോയപ്പോൾ കൂട്ടുകാരിയുടെ വീട്ടിലേയ്ക്കെന്നു അമ്മായിയോട് കളവ് പറഞ്ഞു ഞാൻ ബാഗുമെടുത്തിറങ്ങി…

വരുണിനെ കണ്ടെത്തിയെ മതിയാവൂ…

അയാൾ താമസിച്ചിടത്തു ചെന്നാൽ ഒരു പക്ഷെ എന്തെങ്കിലും വിവരങ്ങൾ അറിയാൻ സാധിച്ചേക്കും..

അന്ന് അജുവിന്റ പേരും പറഞ്ഞു ഭീഷണിപ്പെടുത്തി വിവാഹം കഴിയ്ക്കാൻ ശ്രമിച്ച ദിവസമാണ് അയാളെ അവസാനമായി കണ്ടത്…

ഓടി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ തന്നെ ബോധം കെടുത്തി അയാളെ അവിടെ നിന്നും മാറ്റിയത് ആരായിരിയ്ക്കും??

എങ്ങോട്ടാവും പിന്നീടയാൾ അപ്രത്യക്ഷനായത്??

ഓരോന്നാലോചിച്ചു നടന്നു അയാൾ താമസിച്ചിരുന്ന വീടിനരികിലെത്തി..

വീട്ടുകാരോട് ചോദിച്ചു നോക്കിയാലോ??

എന്തെങ്കിലും വിവരം കിട്ടാതിരിയ്ക്കില്ല..

കോണിങ് ബെല്ലിൽ വിരലമർത്തുന്നതിന് മുൻപ് വെറുതെ മുകളിലേയ്ക്ക് ദൃഷ്ടിയയച്ചു…

വാതിൽ തുറന്നു കിടക്കുന്നു…!!

വരുൺ ആണെങ്കിലോ??

കയറി നോക്കണോ??

പുതിയ താമസക്കാരാണെങ്കിലോ??

രണ്ടും കൽപ്പിച്ചു പടികൾ വേഗത്തിൽ കയറി…

തുറന്നിട്ട വാതിലിൽ പതിയെ തട്ടി നോക്കി…

അന്ന് കണ്ട വസ്തുക്കളെല്ലാം അതേ അടുക്കു ചിട്ടയോടെ മുറിയിൽ കണ്ടു…

ഇതയാൾ തന്നെ…!!

അകത്തേയ്ക്ക് കയറിയാലോ??

പൊടുന്നനെ ഏതോ ഒരാൾ ഉള്ളിൽ നിന്നും നടന്നു വന്നു…

എന്നെ കണ്ടതും അയാൾ അമ്പരന്നോ??

അയാളോടൊപ്പം പരിചിതമായ പേർഫ്യൂം സുഗന്ധം എന്നെ തേടിയെത്തി…

മുൻപെപ്പോഴാണ് ഈ ഗന്ധം അറിഞ്ഞിട്ടുള്ളത്??

എന്റെ അരികിലെത്തിയിട്ടും ഒന്നും ചോദിയ്ക്കാതെ അയാളെന്നെത്തന്നെ നോക്കി നിന്നു…

കണ്ണുകളിൽ വിഷാദമുണ്ട്…!!

ആരാവുമിത്??

പൊടുന്നനെ ഓർമകളിലൊരു വെള്ളിടി വെട്ടി…

അന്ന് കുളത്തിൽ നിന്നും തന്നെ രക്ഷിച്ചു കര കയറ്റിയ രൂപത്തിന് ഇതേ ഗന്ധമായിരുന്നു..

അന്ന് ക്ലോറോ ഫോം നിറച്ച കർച്ചീഫ് മുഖത്തമരുന്നതിനു തൊട്ടു മുൻപ് ഈ സുഗന്ധം തേടിയെത്തിയിരുന്നു…!!

പിന്നെ…. പിന്നെ…

ദിവസേന തേടിയെത്താറുള്ള ഇളം നീല മഷിയുള്ള എഴുത്തു കൂട്ടങ്ങൾക്കും ഇതേ സുഗന്ധമായിരുന്നു…!!

കണ്ണുനീർ ഉരുണ്ടുകൂടി കാഴ്ച മരവിച്ചു…!!

ഗന്ധർവ്വൻ…!!

താനിത്രയും നാളും തേടി നടന്നിരുന്ന തന്റെ മാത്രം ഗന്ധർവ്വൻ…!!

“സച്ചു…”

അയാളുടെ ശബ്ദം ഒരു മോഹാലസ്യത്തിലെന്നതു പോലെ കേൾക്കാം…!!

ഇതേ സ്വരമാണ് അന്ന് തന്നെ മരണത്തിൽ നിന്നും വലിച്ചു കരയ്‌ക്കെത്തിച്ചപ്പോഴും കാതിൽ മുഴങ്ങിയത്…

അന്ന് ഇതിലേറെ പരിഭ്രാന്തിയുണ്ടായിരുന്നില്ലേ??

ഉണ്ടായിരുന്നു…!!

“ഗ… ഗസൽ??”

ഉത്തരം നൽകാതെ അയാൾ കുനിഞ്ഞ ശിരസ്സോടെ അകത്തേയ്ക്ക് നടന്നു…

“വരൂ…”

അയാൾക്ക് പിറകെ നടന്നു അനുവാദം ചോദിയ്ക്കാതെ തന്നെ കസേരയിലിരുന്നു…

“സുഖമാണോ തനിയ്ക്ക്??”

“മമ്…”

ഉള്ളിലെ നീറ്റൽ നൽകിയ വേദനയിൽ ഞാൻ തളർന്നു പോയി..

“വിവാഹത്തിന് ഞാൻ വന്നിരുന്നു…”

തിരിച്ചെന്തൊക്കെയോ പറയാൻ ആഗ്രഹിച്ചിരുന്നെങ്കിലും തോണ്ടയിലാകെ മരവിപ്പ് പടർന്നിരുന്നു…

ഏറെ നേരം ഞങ്ങൾക്കിടയിൽ നിശ്ശബ്ദത തങ്ങി നിന്നു…

“സച്ചു ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല…”

നനഞ്ഞ മിഴികളുയർത്തി ഞാനയാളെ ദീനമായി നോക്കി…

“ഒരിയ്ക്കലെങ്കിലും എന്റെ കണ്മുന്നിൽ വരാമായിരുന്നില്ലേ?? ഒരു നിഴൽ ദൂരത്തിനപ്പുറം നിശ്ശബ്ദമായി നിന്നാലും ഈ ഗന്ധം ഞാൻ തിരിച്ചറിഞ്ഞേനെ…”

“എന്റെ പ്രതീക്ഷയ്ക്കും കണക്കു കൂട്ടലുകൾക്കുമപ്പുറം മറ്റെന്തൊക്കെയോ സംഭവിച്ചു പോയി…

വിധി നമുക്ക് വേണ്ടി കാത്തു വച്ചിരുന്നത് ഈ വിരഹമാണെന്നു സമാധാനിയ്ക്കാനെ ഇനി നിവർത്തിയുള്ളൂ…”

അയാളെന്നിൽ നിന്നും കണ്ണുകൾ അടർത്തി മാറ്റി…

“ഈ കൂടിക്കാഴ്ച്ച ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല..

അഥവാ കണ്ടു മുട്ടിയാലും ഒരിയ്ക്കലും എന്നെ തിരിച്ചറിയുമെന്നു കരുതിയില്ല…”

മൗനം വീണ്ടും വാക്കുകളിൽ ഒരധികപ്പറ്റായി കടന്നു കയറി…

“അന്നെന്നെ കുളത്തിൽ നിന്ന് രക്ഷിച്ചത് നിങ്ങളല്ലേ??”

“പറയാതെ തന്നെ അതും മനസ്സിലാക്കിയില്ലേ??”

“വരുണും നിങ്ങളും തമ്മിലെന്താണ് ബന്ധം?? കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് അയാളെയായിരുന്നു… രക്ഷപ്പെടുത്തിയതും അയാളാണെന്നു തെറ്റിദ്ധരിച്ചു…”

പെട്ടെന്നുള്ള ചോദ്യത്തിൽ അയാൾ ഞെട്ടിയെന്നു തോന്നി…

“കണ്ടിരുന്നില്ലേ?? റൂംമേറ്റ് ആയിരുന്നു… അടുത്ത സുഹൃത്തും…

തന്നെ അവനെ ഏല്പിച്ചുകൊണ്ടാണ് ഞാൻ പോയത്… നേരിൽ കാണാൻ സമയമായിട്ടില്ലെന്നു കരുതി…

എല്ലാ വിഷയങ്ങളും ഞാൻ അവനോട് പങ്കു വച്ചിരുന്നു.. ചതിയ്ക്കുമെന്നു കരുതിയില്ല…”

കുനിഞ്ഞ ശിരസ്സോടെ അയാൾ നിലത്തേയ്ക്ക് ദൃഷ്ടിയൂന്നി…

“എന്റെ പ്രണയത്തെക്കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ഞാനവനോട് ഒത്തിരി നേരം സംസാരിച്ചിരിയ്ക്കാറുണ്ടായിരുന്നു…

കത്തുകളും നിന്റെ ചിത്രങ്ങളുമെല്ലാം ഞാനവനെ കാണിച്ചിരുന്നു…

ഒരു കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ചതിനു അവൻ തന്ന പ്രത്യുപകാരമായിരുന്നു ഈ ചതി…

ആൾമാറാട്ടം നടത്തി തന്റെ മനസ്സിൽ കുടിയേറിയതും കൊണ്ട് വച്ച കത്തുകൾ എടുത്തു മാറ്റിയതുമെല്ലാം ഏറെ വൈകിയായിരുന്നു ഞാനറിഞ്ഞത്…”

“പിന്നെ നിങ്ങളെന്തിന് അന്നയാളെ രക്ഷിച്ചു?? മനുവിന്റെ കയ്യിൽ കിട്ടിയാൽ അയാളെ വെറുതെ വിടില്ലായിരുന്നു…”

അല്പം ദേഷ്യത്തോടെയുള്ള ചോദ്യത്തിന് വല്ലായ്മയോടെയുള്ള പുഞ്ചിരിയായിരുന്നു തിരിച്ചു കിട്ടിയത്…

“സാഹചര്യം അങ്ങനെയായിയുന്നു…”

“എന്ത് സാഹചര്യം??”

“ഇനിയതെല്ലാം അറിഞ്ഞിട്ടെന്തു പ്രയോജനം?? അവനിനി ഒരിയ്ക്കലും തന്റെ ജീവിതത്തിലേയ്ക്ക് വരില്ല..

ഞാനുറപ്പു തരുന്നു…”

“പറ്റില്ല… എനിയ്ക്കൊരുപാടു കാര്യങ്ങൾ നിങ്ങളിൽ നിന്നറിയാനുണ്ട്…. അറിഞ്ഞിട്ടെ സച്ചു ഇവിടുന്ന് പോവു..”

“മനു അന്വേഷിയ്ക്കില്ലേ??”

“അന്വേഷിയ്ക്കട്ടെ…”

“ചോദിച്ചാൽ എന്ത് മറുപടി പറയും??”

“വരുണെവിടെ?? എനിയ്ക്കയാളെ കാണണം… ഞാൻ അന്വേഷിച്ചു നടക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം അതയാൾക്ക് മാത്രമേ അറിയൂ….”

“വാശിയാണോ??”

“അല്ല… ഇതെന്റെ തീരുമാനമാണ്…”

“ശരി… എങ്കിലെന്റെ കൂടെ വരൂ… ജീവിതത്തിൽ അവസാനമായി ഒരു നോക്ക് കൂടി തനിയ്ക്കയാളെ കാണിച്ചു തരാം..”

ഗസൽ വേഗത്തിൽ പുറത്തിറങ്ങി ബൈക് സ്റ്റാർട്ട് ചെയ്തപ്പോൾ സർവ്വതും മറന്നു ഞാൻ പിൻസീറ്റിൽ കയറി…

കാറ്റിൻ വേഗത്തിൽ ബൈക് ഞങ്ങളെയും വഹിച്ചു മുൻപോട്ടു പോയി…

ഉള്ളിൽ പിറവിയെടുത്ത അനേകം സംശങ്ങളോടെ ഞാൻ അക്ഷമയായി കാത്തിരുന്നു…

(തുടരും….)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply