ഗന്ധർവ്വൻ – ഭാഗം 22

12806 Views

gandharvan novel aksharathalukal

ഈശ്വരാ….!!!

കണ്ണുകളെ വിശ്വസിയ്ക്കാമോ???

ഈ പേന…!!

ഇതെങ്ങിനെ മനുവിന്റെ പോക്കറ്റിൽ വന്നു??

ഗസൽ സമ്മാനിച്ചതാവുമോ???

ഇനിയൊരുപക്ഷെ മനുവാണോ യഥാർത്ഥ ഗന്ധർവ്വൻ???

അപ്പോപ്പിന്നെ ഗസൽ…. അയാളാരാവും???

എല്ലാ ചോദ്യങ്ങളുമൊടുങ്ങിയെന്നു ആശ്വസിച്ചിടത്തു നിന്നും വീണ്ടുമൊരു മനസ്സമാധാനക്കേട് ഉടലെടുക്കുകയാണോ???

സച്ചു കിടക്കയിലേയ്ക്കമർന്നു മുട്ടുകാലിൽ മുഖം പൂഴ്ത്തി….

ഇത്രയും കാലം തേടി നടന്നത് മനുവിനെയായിരുന്നുവെങ്കിൽ കയ്യിലുള്ളത് കാണാമറയത്ത് തേടിയലഞ്ഞ കസ്തൂരി മാനിനോളം ചെറുതായിപ്പോയിരിയ്ക്കുന്നു താൻ…

ഒരിയ്ക്കലെങ്കിലും ഈ മുറിയോ മനുവിനെയോ ശ്രദ്ധിച്ചിരുന്നെങ്കിൽ എല്ലാ സങ്കടങ്ങളെയും എന്നെ താഴിട്ടു ബന്ധിയ്ക്കാമായിരുന്നു….!!

തനിയ്ക്കെങ്ങനെ പറ്റി ഈ അബദ്ധം…??

“ഡീ…..”

പൊടുന്നനെ കാതു തുളച്ചെത്തിയ ശബ്ദത്തിൽ ചിന്തകൾ വെന്തു വെണ്ണീറായി…

“നിനക്ക് തോന്നുമ്പോൾ കേറി നിരങ്ങാൻ ഇതെന്താ സത്രമോ??”

മറുപടി പറയുന്നതിന് പകരം കയ്യിലെ പേനയെടുത്തുയർത്തുകയായിരുന്നു ചെയ്തത്…

“ഇതെവിടുന്നു കിട്ടി മനുവിന്???”

“നിനക്ക് കിട്ടിയത് എന്റെ പോക്കറ്റിൽ നിന്നല്ലേ?? ആരോട് ചോദിച്ചിട്ടാ അതിലൊക്കെ കയ്യിട്ടു വാരിയത്??”

“എവിടുന്നു കിട്ടിയതാണെന്നു പറ ആദ്യം..

ഈ കളർ പൊതുവെ ആരും ഉപയോഗിയ്ക്കറില്ലല്ലോ… “

“സ്ഥിര പാത വിട്ടു സഞ്ചരിയ്ക്കുന്നവന്റെ പ്രവൃത്തികളും ചിട്ടകളും വ്യത്യസ്ഥമാവുമെന്നു കൂട്ടിക്കോ…”

“അതിനർത്ഥം ഇത് മനു സ്ഥിരം ഉപയോഗിയ്ക്കുന്നതാണെന്നാണോ??”

“നിനക്കിപ്പോ ഇത് വേണം… അത്രയല്ലേ ഉള്ളൂ… എടുത്തോ…”

“മനു എഴുതോ??”

“ഇല്ലടി.. വെറുതെ കാഴ്ചയ്ക്ക് വയ്ക്കാലോ എന്നോർത്തു വാങ്ങിച്ചതാ…

അവൾടെ ഒരു ഇന്റർവ്യൂ…

ഒന്നിറങ്ങി തന്നാൽ വല്യ ഉപകാരം ആയേനെ… എനിയ്ക്കൊന്നു ഡ്രസ് മാറണം… ഒരിടം വരെ പോകാനുള്ളതാ…”

മനു കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപേ മുറി വിട്ടിറങ്ങി…!!

ഇങ്ങനെ അമ്പിനും വില്ലിനും അടുക്കാത്തയാളുടെ അരികിൽ നിന്നെങ്ങിനെ യാഥാർഥ്യമറിയും??

ആൽബവുമെടുത്തു അടുക്കള ലക്ഷ്യമാക്കി നടന്നു…

വാതിൽപ്പടിയിലിരുന്നു ചൂലുണ്ടാക്കാനായി തെങ്ങോല ചീന്തുന്ന അമ്മായിയുടെ അരികിൽ സൗമ്യതയോടെ ചെന്നിരുന്നു….

“കഴിഞ്ഞോ വഴക്ക്??”

“ഏയ്.. വഴക്കൊന്നുമല്ല അമ്മായി.. ഞങ്ങള് വെറുതെ….”

മറുപടിയെ അമ്മായി ചിരിച്ചുകൊണ്ടുള്ള മൂളലിൽ ഒതുക്കി…

“ഇതില് ഞാൻ കണ്ടിട്ടില്ലാത്ത ആരൊക്കെയോ ഉണ്ടല്ലോ… ഇതൊക്കെ ആരാണെന്നു പറഞ്ഞു തരോ??”

ഗസൽ ഉൾപ്പെടുന്ന ഒരു ഗ്രൂപ് ഫോട്ടോ തൊട്ടു കാണിച്ചുകൊണ്ടാണ് ചോദിച്ചത്…

പുരികം ചുളിച്ചു കണ്ണു ചെറുതാക്കി സൂക്ഷ്മതയോടെ നോക്കി അമ്മായി നിരശാഭാവമണിഞ്ഞു…

“അതൊക്കെ അവന്റെ കൂട്ടുകാരാ മോളെ… എല്ലാരേയും ഒന്നും ഞാനറിയില്ല… കുറേപേരു വന്നിട്ടുണ്ടായിരുന്നല്ലോ അന്ന്…”

കത്തിയുടെ ചലനം ശ്രദ്ധിച്ചു കാൽച്ചുവട്ടിൽ കിടന്ന പൂച്ചക്കുട്ടിയെ ഓടിച്ചു വിട്ടുകൊണ്ടാണ് ദേഷ്യത്തെ കടിച്ചമർത്തിയത്…

“അമ്മേ… ഞാനിറങ്ങുവാണെ…”

പിറകിൽ മനുവിന്റെ ശബ്ദം കേട്ടിട്ടും ഞാൻ തിരിഞ്ഞു നോക്കിയില്ല…

“എന്തെങ്കിലും വാങ്ങാനുണ്ടോ??”

“മോൾക്കെന്തെങ്കിലും വേണോ…”

“ആ അവൾക്ക് വല്ല കളർ പെന്നോ ഓലപ്പീപ്പിയോ ഒക്കെ ആവും വേണ്ടത്…”

“എനിക്കൊന്നും വേണ്ട…”

അല്പം ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് എഴുന്നേറ്റു മുറിയിലേയ്ക്ക് നടന്നു…

ബൈക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കാതിലെത്തിയപ്പോൾ എന്തോ ഓർത്തു സച്ചു ഉമ്മറത്തേയ്ക്കോടി…

“അതേയ്… വരുമ്പോ ഒരു ഗന്ധർവ്വനെ കൊണ്ടു വരോ???”

ഓടിക്കിതച്ചു ഉമ്മറത്തിണ്ണയിലിരുന്നുകൊണ്ടാണ് ചോദിച്ചത്…

“ഗന്ധർവ്വനോ?? “

“അതേ.. കവിത എഴുതുന്ന ഗന്ധർവ്വൻ…. വെറും കവിത പോരാ.. പ്രണയതീവ്രമായ നാലുവരിക്കവിത… കിട്ടോ ഒരെണ്ണത്തിനെ….??”

മനുവിന്റെ മുഖത്തൊരു ഞെട്ടൽ പ്രതീക്ഷിച്ചുവെങ്കിലും  പുച്ഛമാണ് പകരം കിട്ടിയത്…

“ആഹ് കിട്ടും… മേലോട്ട് നോക്കി വാ പൊളിച്ചു നിന്നോ… കുറച്ചു കഴിയുമ്പോ കിട്ടിക്കോളും…”

മനുവിന്റെ ബൈക്ക് ഗേറ്റ് കടന്നു പോവുന്നതും നോക്കി ഞാൻ അൽപ നേരം ഒരേ ഇരിപ്പ് തുടർന്നു….

എങ്ങനെ കണ്ടു പിടിയ്ക്കും…???

കുത്തിന് പിടിച്ചു ചോദിയ്ക്കേണ്ടി വരും..

നീയാണോടാ ഗന്ധർവ്വനെന്നു…..

ലക്ഷണം കണ്ടിട്ടു ഗന്ധർവ്വനെന്ന പേരു പോലും ആദ്യമായി കേൾക്കുന്ന മട്ടുണ്ട്….

പതിവില്ലാതെ അജുവിന്റെ കോൾ കണ്ടപ്പോൾ സന്തോഷത്തോടെ കാതോരം ചേർത്തു…

“ഡീ… നമ്മടെ പഠിപ്പി രാഹുൽ നെറ്റ് കോളിഫൈ ചെയ്തു….”

“ഐവാ… പൊളി….”

“അവന്റെ ട്രീറ്റാ ഇന്ന്… പെട്ടെന്ന് നമ്മടെ സ്ഥിരം കൂൾബാറിലോട്ടു വെച്ചു പിടിച്ചോ… എല്ലാരും ഉണ്ട്…”

കേട്ട പാതി കേൾക്കാത്ത പാതി ഡ്രസ്സ് മാറ്റി ഓട്ടമായിരുന്നു….

രാഹുലിനെ അടപടലം പൂട്ടി ഉച്ചയ്ക്ക് മുൻപേ വീട്ടിലേയ്ക്ക് പോകാൻ നിൽക്കവെയാണ് മനുവിനോട് പറഞ്ഞില്ലെന്ന ബോധം വന്നത്….

മനു എത്തിക്കാണല്ലേ എന്നാത്മാർത്ഥമായി പ്രാർത്ഥിച്ചു അജുവിന്റെ ബൈക്കിനു പിറകിൽ കയറിയിരുന്നു….

എത്രയും പെട്ടെന്ന് വീട്ടിലെത്തണം… അതാണ് ലക്ഷ്യം…

പോകുന്ന വഴിയിൽ ഉന്നം തെറ്റാതെ വന്നു പെട്ടത് വീടിനടുത്തുള്ള അയൽക്കാരി ചേച്ചിയുടെ മുൻപിലും….

പൊരി വെയിലിൽ തളർന്നു ആൽത്തറയിൽ വിശ്രമിച്ചുകൊണ്ടിരുന്ന സ്ത്രീ ഞങ്ങളെ കണ്ടപ്പോൾ ഇടവഴിയ്ക്ക് കുറുകെ നിൽപ്പുറപ്പിച്ചു…

ഗത്യന്തരമില്ലാതെ അജുവിന് വണ്ടി നിർത്തേണ്ടിയും വന്നു…

“എന്താടി കൊച്ചേ… കെട്ട് കഴിഞ്ഞിട്ടും ഇവമ്മാർടെ പിന്നിൽ തന്നെ ആണല്ലോ നീയ്… നിന്റെ ഭർത്താവ് അറിഞ്ഞായിരുന്നോ ഇത് വല്ലതും???”

പുച്ഛത്തോടെയുള്ള ചോദ്യത്തിനു മുൻപിൽ സച്ചു കുഴങ്ങിയിരുന്നു..

“കല്യാണം കഴിഞ്ഞാലെങ്കിലും നന്നാവുമെന്നു കരുതി… അതെങ്ങിനെയാ ചേച്ചിയെ കണ്ടിട്ടല്ലേ അനിയത്തി പഠിയ്ക്കൂ…”

എന്തോ എതിർത്തു പറയാനാഞ്ഞ അജുവിനെ ഞാൻ മനപ്പൂർവ്വം തടഞ്ഞു….

എന്തെങ്കിലും വായിൽ നിന്ന് വീണ് പോയാൽ അയൽക്കൂട്ടത്തിൽ പൊടിപ്പും തൊങ്ങലും വച്ചു പറയാൻ മിടുക്കിയാണ് മുൻപിൽ നിൽക്കുന്നത്…

ഉള്ളിലെ ദേഷ്യം മുഴുവൻ കണ്ണുനീരായി കുമിഞ്ഞു കൂടാൻ തുടങ്ങിയപ്പോൾ ഞാൻ താഴെയിറങ്ങി…

പൊടുന്നനെയാണ് ദൂരെ നിന്നും വരുന്ന മനുവിനെ കണ്ടത്….

ഭയം സിരകളിൽ പടർന്നു….!!!

മനു അരികിലെത്തിയതും ആ സ്ത്രീ വീണ്ടും തുടങ്ങി…

“എന്നാലും എന്റെ മോനെ… നിനക്കീ ഗതി വന്നു പോയല്ലോ… വേറെ എത്ര ബന്ധം കിട്ടുമായിരുന്നു നിനക്ക്….”

കാര്യം ഗ്രഹിച്ചിട്ടെന്നോണം മനു അവരെ നോക്കി നേരിയ ചിരിയോടെ ചോദിച്ചു…

“അതിനിപ്പോ ഈ ബന്ധത്തിലെന്താണാവോ കുഴപ്പം???”

“കണ്ടില്ലേ ?? എപ്പോഴും ഓരോ ചെക്കമ്മാരുടെ പിറകിലാ പെണ്ണ്… രാത്രിയെന്നോ പകലെന്നോ ധാരണയില്ലാതെ ഇങ്ങനെ അഴിഞ്ഞാടി നടന്നാൽ ആർക്കാ അതിന്റെ ദോഷം???”

“എന്തായാലും ചേച്ചിയ്ക്കല്ലല്ലോ… ഇവളെന്നോട് പറഞ്ഞിട്ടാണ് പോയത്…. പിന്നൊരു കാര്യം ഇതെന്റെ ഭാര്യയാ…ഇവളുടെ എന്തു കാര്യവും എന്നെ മാത്രം ബോധിപ്പിച്ചാൽ മതിയാവും…

പിന്നെ.. എനിയ്ക്കില്ലാത്ത വിഷമം എന്റെ കാര്യത്തിൽ ആർക്കും വേണ്ട…. മനസ്സിലായല്ലോ..”

“അല്ല മോനെ… ഞാൻ പറഞ്ഞു വന്നത്…”

“സ്വന്തം വീട്ടിലെ ചോർച്ചയടച്ചിട്ടു അന്യന്റെ വീട്ടിലെ കുഴി നികത്താൻ പോയെപ്പോരെ ചേച്ചി… “

പിറു പിറുത്തുകൊണ്ടു അവർ നടന്നു പോയപ്പോൾ മനു എന്റെ നേരെ തിരിഞ്ഞു…

“വഴിയിലൂടെ നടന്നു പോവുമ്പോ പല ജന്തുക്കളും കാണും… അതിനെയൊക്കെ എറിഞ്ഞോടിച്ചിട്ടെ പോവുള്ളൂ എന്നു പറഞ്ഞാൽ ഒരിയ്ക്കലും എത്തേണ്ടിടത്തു എത്തില്ല… അത് മനസ്സിലാക്കാതെ നിന്നു മോങ്ങാൻ നാണമില്ലേ നിനക്ക്???”

എന്റെ തല താഴ്ന്നിരുന്നു….

“തള്ളയ്ക്ക് പണ്ടേ ഇവളെ കാണുമ്പോ ഒരു ചൊറിച്ചിലാ….”

അജു മനുവിനോടെന്നോണം പറഞ്ഞു….

“നിന്നെ വിളിയ്ക്കുന്നതിനു മുൻപ് ഞാൻ മനുവിനെ വിളിച്ചിരുന്നു… കൂട്ടിക്കൊണ്ടു പൊയ്ക്കോളാൻ സമ്മതിച്ചിട്ടാണ് വിളിച്ചത്…”

വിശ്വസിയ്ക്കാൻ പ്രയാസം തോന്നിപ്പോയി….

“അപ്പൊ ശരി അളിയാ… എടുത്തോണ്ട് പോയ സാധനം തിരിച്ചേല്പിച്ചിട്ടുണ്ടെ.. ഞാൻ പോവാണ്…”

അജു ബൈക്ക് തിരിച്ചു….

“വീട്ടിൽ കേറീട്ടു പോടാ….”

“പിന്നെ വരാം… കുറച്ചു തിരക്കാ…”

അജു പോയപ്പോൾ ഞാൻ വീണ്ടും മനുവിനെ നോക്കി….

“നിനക്കിനി ഇൻവിറ്റേഷൻ തരണോ??? കേറടി…”

ആശ്വാസത്തോടെ പിറകിൽ കയറി… മനസ്സു ശാന്തമായിരുന്നു… വല്ലാത്തൊരു സുരക്ഷിതത്വം എന്നെ പൊതിഞ്ഞു….

എന്നെ ഗേറ്റിനു മുൻപിലിറക്കി ഇപ്പൊ വരാമെന്നു പറഞ്ഞു മനു വീണ്ടും എങ്ങോട്ടോ പോയി…

ബാഗ്‌ ഉള്ളിൽ വച്ചു വീണ്ടും സംശയങ്ങളുമായി അടുക്കള ലക്ഷ്യം വച്ചു നടന്നു….

“മനു കവിത എഴുതോ അമ്മായി??”

“ഇതൊന്നും ഇതുവരെ ആയിട്ടു അറിയില്ലേ മോൾക്ക്?? ഇവിടുത്തെ ലൈബ്രറിയിൽ ഉണ്ടല്ലോ അവനെഴുതിയ പുസ്തകങ്ങളൊക്കെ…

പണ്ട് സ്കൂളിലൊക്കെ പഠിയ്ക്കുമ്പോ ഒരുപാട് സമ്മാനങ്ങളൊക്കെ കിട്ടീട്ടുണ്ട് അവന്… എല്ലാം ആ മുറിയിൽ പൊടി പിടിച്ചു കിടപ്പുണ്ട്…”

അമ്മായിയുടെ മുഖത്തു അഭിമാനത്തിന്റ രശ്മികൾ തെളിഞ്ഞു കണ്ടു…

മനുവിന്റെ മുറിയിലേയ്ക്ക് നടന്നു പരിശോധന നടത്തി ഒടുവിൽ അടച്ചു പൂട്ടിയ പെട്ടിയ്ക്കുള്ളിൽ പൊടി പിടിച്ചു കിടക്കുന്ന ട്രോഫികൾ കൺ കോണിൽ തടഞ്ഞു…

എല്ലാം കവിതാ രചനയ്ക്ക് കിട്ടിയ ബഹുമതികൾ…

ആരും പറഞ്ഞില്ലല്ലോ തന്നോട്….!!

സ്വമേധയാ എല്ലാം തുടച്ചു മിനുക്കി ഹാളിലെ ഷോ കെയ്‌സിൽ അടുക്കി വച്ചു…

ഇനി കണ്ടെത്തേണ്ടുന്നത് തനിയ്ക്കെഴുതിയ കവിതകളാണ്….!!

പ്രണയം ചാലിച്ച ഗദ്യ വരികൾ…!!

അടുക്കി വച്ചിരിയ്ക്കുന്ന പുസ്തകങ്ങൾക്കിടയിൽ ഏകാഗ്രതയോടെ പരിശോധന നടത്തിയിട്ടും തേടിയതൊന്നും കണ്ടു കിട്ടാതെ നിരാശയ്ക്ക് കീഴങ്ങേണ്ടി വന്നു…

അടച്ചു പൂട്ടിയ അലമാര തുറക്കാനൊരു പാഴ്ശ്രമം നടത്തി നോക്കി…

അവസാന ആശ്രയമെന്നോണം വലിച്ചു തുറന്ന മേശവലിപ്പിലെ കാഴ്ച എന്നിൽ നേരിയ ഞെട്ടലുണർത്തി…!!

അന്ന് ഗസലിന്റെ വീട്ടിൽ കണ്ട അതേ പുസ്തകങ്ങളും സിനിമാ കാസറ്റുകളും…!!

അന്നാ വീടിനുള്ളിൽ അകപ്പെട്ടു പോയ ദിവസം ഇതെല്ലാം കണ്ടു അതിശയിച്ചിരുന്നു…!!

ഇതൊക്കെ മനുവിനെങ്ങിനെ കിട്ടി???

ഇപ്പോൾ ഗസൽ തന്നു വിട്ടതും മനുവിന്റെ പുസ്തകങ്ങളാണോ???

ആശയക്കുഴപ്പം മുൾക്കിരീടം പോലെ ശിരസ്സിൽ തറച്ചു…

വീണ്ടുമൊരു പുകമറ കണ്മുന്നിൽ രൂപം കൊണ്ടിരിയ്ക്കുന്നു…!!

വകഞ്ഞു മാറ്റി മുൻപോട്ടു നടക്കാൻ കഴിഞ്ഞെങ്കിൽ വേനലൊഴിഞ്ഞെത്തിയ ആദ്യ മഴയിലെന്ന പോലെ ഉള്ളൊന്നു തണുത്തേനെ….

പുറത്തു ബൈക്കിന്റെ ശബ്ദം കേട്ടു…

സച്ചു വേഗത്തിൽ അടുക്കളയിലേക്ക് നടന്നു…

“അമ്മേ… ഇതാരാ ഈ ട്രോഫികളെല്ലാം ഇവിടെക്കൊണ്ടു വച്ചത്???”

സാമാന്യം ഉച്ഛത്തിലുള്ള ചോദ്യം…!!

സാരിത്തലപ്പിൽ കൈ തുടച്ചുകൊണ്ടു ചെന്ന അമ്മായി സന്തോഷത്തോടെ നോക്കി നിൽക്കുന്നത് കണ്ടു..

“നന്നായിട്ടുണ്ട്…. അല്ലെ മോനെ…”

“നിന്റെ കര വിരുതാണോ ഇത്??”

അതുവഴി മുറിയിലേയ്ക്ക് പോകാനൊരുങ്ങിയ എനിയ്ക്ക് നേരെ വീണ്ടും ചോദ്യങ്ങളെത്തി…

“ഏത്?? ഞാൻ ഇങ്ങോട്ട് വന്നിട്ടേയില്ല…. എനിയ്ക്കറിയില്ല..”

“ഓഹ്… അപ്പോപ്പിന്നെ എല്ലാരും കൂടി തന്നത്താൻ കുളിച്ചൊരുങ്ങി കേറി വന്നിരുന്നതാവും…”

“ആവും….”

മറുപടി കാക്കാതെ മുറി ലക്ഷ്യം വച്ചു നടന്നു..

ചിന്തക്കൂടിനുള്ളിൽ സമയത്തെ ബലികഴിച്ചൊരു നീണ്ട വൈകുന്നേരവും രാവോടടുത്തു…

രാത്രി ഭക്ഷണത്തിനു ശേഷം മനു മുറിയിലേയ്ക്ക് പോവുന്നതിന് തൊട്ടു മുൻപ് അവന്റെ കട്ടിലിനടിയിൽ ശബ്ദമുണ്ടാക്കാതെ ഒളിച്ചിരുന്നു…

എഴുതുന്നുണ്ടോ എന്നറിയണം..

അഥവാ ആ അലമാര തുറക്കുകയാണെങ്കിൽ ബാക്കി വച്ച തിരച്ചിലുകളെ വെട്ടം കാണിച്ചേ മതിയാവൂ…

കണക്കു കൂട്ടലുകൾക്ക് വിപരീതമായി മുറിയടച്ചു ലോക്ക് ചെയ്ത് ഏതോ പുസ്തകവുമായി അവൻ മേശയ്ക്കരികിലിരുന്നു വായന തുടങ്ങി…

സമയം കടന്നു പോയി…

ഉത്സാഹം പാടെ കെട്ടു…

ഉറക്കം കൺപോളകളെ പതിയെ തലോടി…

വന്ന ലക്ഷ്യം മറന്നു പതിയെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു….

അർധ രാത്രിയിലെങ്ങോ ബോധം തെളിഞ്ഞപ്പോഴാണ് കട്ടിലിനടിയിലാണെന്നുള്ള ഓർമ വന്നത്….

മുറിയിൽ അരണ്ട വെളിച്ചം മാത്രം…!!

ഏതോ പഴയ മലയാളം പാട്ട് പതിഞ്ഞ ശബ്ദത്തിൽ കേൾക്കാം….

ഈശ്വരാ…!!!

മനു ഉറങ്ങിക്കാണുമോ???

കട്ടിലിനടിയിൽ നിന്നും നൂണ്ടിറങ്ങി കിടക്കയിലേക്ക് പാളി നോക്കി…

ഭാഗ്യം… !!

കണ്ണുകൾക്ക് മീതെ കൈത്തണ്ട വച്ചുറങ്ങുന്ന മനുവിനെ കണ്ടപ്പോൾ ശ്വാസം നേരെ വീണു…

കാലടി ശബ്ദം കേൾപ്പിയ്ക്കാതെ പതിയെ ചെന്നു വാതിലിന്റെ ബോൾട്ട് നീക്കാൻ തുടങ്ങിയതും ചുമലിൽ നനുത്ത കര സ്പർശമറിഞ്ഞു….

ഹൃദയമിടിപ്പ് ക്രമാതീതമായുയർന്നു…!!

യാന്ത്രികമായി ഇടതുകൈ നെറ്റിയിലമർന്നു…

പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നു…!!

ചുണ്ടിൽ ഇളിഞ്ഞ ചിരി വരുത്തി തിരിഞ്ഞപ്പോൾ ആക്കിയ ഭാവത്തോടെ നിൽക്കുന്ന മനുവിനെയാണ് കണ്ടത്…

“എവിടെപ്പോവാ???”

അടക്കം പറയുന്ന ശബ്ദത്തിലാണ് ചോദ്യം….

“അത്…. അത് പിന്നെ…”

“എന്താണാവോ ഉദ്ദേശം??”

“അത് മനു… ഞാൻ… വെറുതെ ഒരു രസത്തിന്…”

“രസത്തിന്..??”

“അത്… ഒറ്റയ്ക്ക് കിടക്കാൻ പേടിച്ചപ്പോ… നോക്കിയപ്പോ… മനു ഉറങ്ങുന്നത് കണ്ടപ്പോ…”

“നീ ആദ്യം ഏതെങ്കിലും ഒന്ന് ഉറപ്പിയ്ക്ക്… എന്നിട്ട് പറ…”

മനു ലൈറ്റ് തെളിച്ചു പാട്ട് ഓഫ് ചെയ്തു കട്ടിലിലിരുന്നു..

“നേരത്തെ നോക്കിയപ്പോ നല്ല ഉറക്കമായിരുന്നു… അതാ വിളിയ്ക്കാഞ്ഞത്….”

ഛേ!!!

ആകെ നാണക്കേടായി…

“ഞാൻ പൊക്കോട്ടെ???”

“എങ്ങോട്ട്??? അവിടെ നിക്ക്… എന്തിനാ പതുങ്ങി ഇരുന്നതെന്നു പറ ആദ്യം…”

എന്തു മറുപടി പറയും…???

മനു തെറ്റിദ്ധരിച്ചു കാണും…!!

“പിള്ളേർക്ക് കളിയ്ക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോന്ന് തപ്പി വന്നതാണോ??”

എന്തു മറുപടി പറയുമെന്നറിയില്ല…!!!

എല്ലാം ചോദിച്ചാലോ???

ശബ്ദവീചികൾ തൊണ്ടക്കുഴി വിട്ടു ഓടിയൊളിച്ചെന്നു തോന്നിപ്പോയി അവൾക്ക്….

“ആലോചിച്ചു കഴിഞ്ഞെങ്കിൽ കാര്യം പറ കൊച്ചേ… എനിയ്ക്ക് ഉറങ്ങാനുള്ളതാ…”

“അത് പിന്നെ… മനു എഴുതുന്നത് കാണാൻ… അമ്മായി പറഞ്ഞു നന്നായി എഴുതുമെന്ന്…”

“എഴുതുന്നത് കാണാൻ പാതിരാത്രി കട്ടിലിനടിയിൽ ഒളിച്ചെന്നു പറഞ്ഞാൽ വിശ്വസിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്….

ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ പതുങ്ങിയിരിയ്ക്കുന്നത് കള്ളന്മാരാ….”

ഉള്ളിലെ നാണക്കേടും ജാള്യതയും നേരിയ ദേഷ്യത്തിനു വഴി മാറുന്നതറിഞ്ഞു….

“ഓഹോ… അങ്ങനെയാണെങ്കിൽ സത്യം പറയാനെനിയ്ക്ക് മനസ്സില്ലെങ്കിലോ… ഇയാളെന്താണെന്നു വച്ചാൽ വിചാരിച്ചോ…. ഞാൻ പോവാ….”

“അവിടെ നിന്നേ…. അങ്ങനങ്ങു പോയാലോ…”

“അങ്ങനങ്ങു പോണില്ല… ഇവിടെത്തന്നെ അങ്ങു കിടന്നേക്കാം…”

തിരിച്ചു പറയാൻ നാവെടുത്തു വളയ്ക്കുന്നതിനു മുൻപേ ചാടിക്കേറി ബെഡിൽ കണ്ണടച്ചു കിടക്കുന്ന സച്ചുവിനെ നോക്കി മനു അന്തം വിട്ടു നിന്നു….

“ഡീ…”

“വേണെങ്കിൽ അപ്പുറത്തു വല്ലോം കേറി കിടന്നുറങ്ങാൻ നോക്കെഡോ…”

ദേഷ്യത്തോടെ വാതിൽ വലിച്ചു തുറന്നു അമർത്തി ചവുട്ടി തന്റെ മുറിയിലേയ്ക്ക് പോവുന്ന മനുവിനെ നോക്കി സച്ചു പുതപ്പു തല വഴി മൂടി…

കിഴക്കു വെളിച്ചമെത്തുന്നതിനു മുൻപേ ഉറക്കം വിട്ടുണർന്നു….

മനു തന്റെ മുറിയിൽ കൂർക്കം വലിച്ചുറങ്ങുന്നത് കണ്ടപ്പോൾ ചിരി വന്നു പോയി…

വേഗത്തിൽ കുളിച്ചു വെളിച്ചം വന്നു തുടങ്ങിയപ്പോൾ തന്നെ അമ്പലത്തിലേക്കൊരുങ്ങി…

ഉറക്കമുണർന്നു വരുന്ന അമ്മായിയോട് യാത്ര പറഞ്ഞു അന്നപൂർണേശ്വരി ക്ഷേത്രം ലക്ഷ്യമാക്കി നടന്നു….

ഉള്ളറിയാതെ പ്രാർഥിച്ചത് മുഴുവൻ ഒന്നു മാത്രമായിരുന്നെന്നു സ്വയം അതിശയിച്ചു പോയി…

ഗന്ധർവ്വൻ മനു ആയിരുന്നെങ്കിലെന്നു….!!!

എന്തേ തനിയ്ക്കിപ്പോ ഇങ്ങനൊരു മനം മാറ്റം???

ആവോ…. അറിയില്ല..

പ്രഭാത ഭക്ഷണത്തിനു മുൻപേ വീടെത്തി….

“കേട്ടോ അമ്മേ… ഇവിടെ ഇന്നലെ ഒരു കള്ളി കേറി…”

നെയ്യൊഴിച്ചു മൊരിച്ചെടുത്ത ദോശ സാമ്പാറിൽ മുക്കി വായിലേക്ക് വയ്ക്കുന്നതിനിടെയാണ് എതിർ വശത്തു നിന്നു മനുവിന്റെ ശബ്ദം കേട്ടത്…

“കള്ളിയോ??”

“ആഹ്… ഒരു കള്ളിപ്പൂച്ച… എന്റെ കട്ടിലിനടിയിൽ പതുങ്ങിയിരുന്ന് ഉറങ്ങുവാ…”

“ആഹ് അത് ചിലപ്പോ ജനലിനുള്ളിലൂടെയോ മറ്റോ വന്നതാവും….”

ദേഷ്യത്തോടെ ഞാൻ മനുവിനെ നോക്കി പല്ലു ഞെരിച്ചു….

“ആട്ടെ… നീയിന്നലെ സച്ചുവിന്റെ മുറിയിലാണോ കിടന്നത്…???”

അപ്രതീക്ഷിതമായ ചോദ്യത്തിൽ മനുവൊന്നു പതറിയപ്പോഴേയ്ക്കും രംഗം മുതലെടുത്തു ഞാൻ ഇടയ്ക്ക് കയറി….

“അവിടെ പൂച്ച ഉണ്ടെന്നും പറഞ്ഞു എന്റെ കൂടെ വന്നു കിടന്നതാ അമ്മായി… സത്യായിട്ടും പൂച്ചയെ കണ്ടു പേടിച്ചിട്ടാ… അല്ലെ മനു??

എന്നിട്ടില്ലേ??

അല്ലെങ്കിൽ വേണ്ട… ബാക്കി കഥ അങ്ങോട്ടു പറഞ്ഞു കൊടുക്ക് മനു…”

പ്ളേറ്റിൽ കുത്തി വരച്ചുകൊണ്ടു  മനുവിനെ നോക്കി നാണിച്ചൊരു ചിരിയും വച്ചു കൊടുത്തു….

കുടിച്ചു കൊണ്ടിരുന്ന ചായ നെറുകയിൽ കയറി മനു അന്തം വിട്ടു എന്നെ നോക്കി…

മനുവിന്റെ രണ്ടു കണ്ണുകളും ഉരുണ്ടു പ്ളേറ്റിൽ വീഴാൻ പാകത്തിലായത് കണ്ടപ്പോൾ എനിയ്ക്ക് സംതൃപ്തി തോന്നി….

“ഇങ്ങനെ നോക്കല്ലേ മനുഷ്യാ… എനിയ്ക്ക് നാണാ…”

“അയ്യേ….!!! ഇവള് വെറുതെ പറയാ അമ്മേ… കള്ളി…”

“എന്ത് കള്ളം?? അമ്മായി കണ്ടതല്ലേ മനുവിനെ രാവിലെ…??? ഒന്നു പോ മനു അവിടുന്ന്…”

വീണ്ടും നാണം…

“ഈ പിള്ളേർടെ ഒരു കാര്യം…”

അമ്മായി ചിരിച്ചുകൊണ്ട് പ്ളേറ്റുമെടുത്തു അടുക്കളയിലേക്ക് നടന്നു…

മനുവിന്റെ മുഖഭാവം കണ്ടു ഞാൻ ഊറി ചിരിച്ചു…

“എന്നെ ചൊറിഞ്ഞാൽ ഞാൻ കേറി മാന്തും… ഞാൻ ലാലേട്ടൻ ഫാനാ…”

“എണീറ്റ് പോടീ….”

ചുറ്റുപാട് പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞാൻ അടുക്കള ലക്ഷ്യം വച്ചു നടന്നു…

അല്പം കഴിഞ്ഞു മുറിയിലേയ്ക്ക് നടന്നപ്പോൾ

എന്നെ കാത്തെന്നോണം മനു അക്ഷമനായി മുറിയിരിയ്ക്കുന്നുണ്ടായിരുന്നു…

“എന്താ നിന്റെ പ്രശ്നം???”

“പ്രശ്‌നം ഗുരുതരം….”

“തമാശ വിട് സച്ചു… എന്താ നിന്റെ ഉദ്ദേശം?? അത് പറ ആദ്യം….

എന്റെ നിഴൽ വെട്ടം കണ്ടാൽ റെഡ് സിഗ്നൽ കാണിയ്ക്കുന്നയാളായിരുന്നല്ലോ???

ആ നിനക്കെന്താ ഇത്ര പെട്ടെന്നൊരു ഭാവമാറ്റം??”

“കാരണമുണ്ട്… ഞാനാഗ്രഹിയ്ക്കുന്നൊരുത്തരം നിങ്ങളിൽ നിന്നറിയാനുണ്ടെനിയ്ക്ക്…. ക്ഷമയോടെ പറഞ്ഞു തരുമെന്നുറപ്പുണ്ടെങ്കിൽ മാത്രം…”

“എന്താ അത്???”

വേഗത്തിൽ നടന്നു വിവാഹാൽബമെടുത്തു മനുവിന് നേരെ തുറന്നു…

ഗസലിനോടൊപ്പമുള്ള വിവാഹ ചിത്രം നീട്ടിപ്പിടിച്ചുകൊണ്ടു വീണ്ടും തുടർന്നു…

“ഇതു ഗസൽ അല്ലെ???”

“അതേ…”

“ഇയാളെ എങ്ങനെ അറിയാം മനുവിന്??? എന്താ നിങ്ങൾ തമ്മിലുള്ള ബന്ധം???”

ചോദ്യമവസാനിച്ചതും മനുവിന്റെ പൊട്ടിച്ചിരി മുറിയിൽ മുഴങ്ങിയതും ഒന്നിച്ചായിരുന്നു….

(തുടരും…..)

[ഒരു വാക്ക്….

അനിയത്തിയാക്കിയതിന് ചേച്ചിയാക്കിയതിന്.. മകളാക്കിയതിനു… സുഹൃത്താക്കിയതിന്… കട്ടയ്ക്ക് കൂടെ നിന്നതിന്… എന്നെ എഴുതാൻ പ്രേരിപ്പിയ്ക്കുന്ന കരുത്തായതിന്.. സ്നേഹം കൊണ്ട് കണ്ണ് നനയിച്ചതിനു… കേവലമൊരു നന്ദി വാക്കു പറഞ്ഞവസാനിപ്പിയ്ക്കുന്നതെങ്ങിനെയാണ്… ഇതിലും മീതെ യാതൊരു അംഗീകാരവും എനിയ്ക് കിട്ടാനില്ലെന്നു ഉള്ളിൽ തട്ടി തന്നെ പറയട്ടെ… ഈ സ്നേഹത്തിനും സപ്പോർട്ടിനും പകരം തരാൻ ഗന്ധർവ്വന്റെ ക്ളൈമാക്സും കുറെ സ്നേഹവും മാത്രമേ എന്റെ  കൈവശമുള്ളൂ… അവസാന ട്വിസ്റ്റിന്റെ പൊളിച്ചെഴുത്തിനായി കാത്തിരിയ്ക്കുമെന്നു വിശ്വസിച്ചുകൊണ്ടു താത്കാലിക അടിവരയിടുന്നു…

ഒരായിരം സ്നേഹത്തോടെ സ്വാതി….]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ഗന്ധർവ്വൻ – ഭാഗം 22”

  1. സച്ചു ഇങ്ങിനെ ഉത്സാഹിക്കുമ്പോൾ മനസ്സ് നിറയുന്നു. സത്യത്തിൽ ഇവരിങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളും ആയി അവസാനിക്കാതെ പോയെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  2. അടിപൊളി സ്റ്റോറി 😘😍🔥എന്റെ favourite 💞ഗന്ധർവ്വൻ മനു ആവണം എന്നാണ് എന്റെ ആഗ്രഹം ❤️അവർ തമ്മിൽ നല്ല ചേർച്ച💞❤️ഇനിയെല്ലാം കാത്തിരുന്നു കാണാം❤️❤️ ചേച്ചീ ഡെ വലിയ ഫാൻ ആണ്❤️😍ഇത് ചേച്ചീ കാണുവോന്നറിയില്ല… ചേച്ചി നല്ല അടിപൊളി എഴുത്തുകാരി ആണ് ❤️വല്ലാത്ത ഒരു മനോഹാരിത ചേച്ചിടെ എഴുത്തുകൾക്കുണ്ട്😍

Leave a Reply