ഗന്ധർവ്വൻ – ഭാഗം 19

7695 Views

gandharvan novel aksharathalukal

ഓർമകളുടെ കുത്തൊഴുക്കിൽപ്പെട്ടു നേരിയ ഭയം അരിച്ചെത്തി…

വിവാഹത്തലേ നാൾ തന്നെ പകയോടെ കൊല്ലാൻ ശ്രമിച്ച സ്ത്രീ കുനിഞ്ഞ ശിരസ്സോടെ ഉമ്മറ തിണ്ണയിലിരിയ്ക്കുന്നു…!!

“ഇവളെ മനസ്സിലായോ നിനക്ക്??”

മനുവിന്റെ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ അവളിൽ നിന്നും പണി പെട്ട് പറിച്ചെടുത്തു…

ദൈവ കടാക്ഷം കൊണ്ട് മാത്രമാണ്  താനന്നു രക്ഷപ്പെട്ടത്…

കയ്യിലെ മുറിവിന്റെ നീറ്റൽ ഇപ്പോഴും വിട്ടു മാറിയിട്ടില്ല…

ജീവിതത്തിലൊരിയ്ക്കലും മറക്കില്ല താനീ മുഖം…

ഇവളെന്തിനാവും വീണ്ടും വന്നത്??

മനുവും ഈ പെണ്ണും തമ്മിലെന്ത് ബന്ധം??

“മറക്കാനിടയുണ്ടാവില്ല…  ഇത് ഫിദ.. എന്റെ സ്റ്റുഡന്റ് ആണ്…”

കാൽപാദം മുതൽ ദേഷ്യം പടർന്നു കയറിയിട്ടും തിരിച്ചൊന്നും മിണ്ടാതെ ഞാനവളെ രൂക്ഷമായി നോക്കി നിന്നു…

“നിന്നോട് ക്ഷമ പറയാനാണ് ഫിദ വന്നിരിയ്ക്കുന്നത്…”

മനുവിന്റെ വാക്കുകൾ അടക്കി വച്ച ദേഷ്യത്തെ പ്രകോപിപ്പിയ്ക്കും വിധമായിരുന്നു….

“ഓഹോ… അപ്പൊ രണ്ടു പേരും ചേർന്നുള്ള പ്ലാൻ ആയിരുന്നു അല്ലെ?? മനുവിന്റെ സംസാരത്തിലെ ഒളിച്ചുകളി കണ്ടപ്പോഴേ എനിയ്ക്ക് തോന്നിയിരുന്നു നിങ്ങൾക്കുമിതിൽ പങ്കു കാണുമെന്ന്…”

എന്റെ വാക്കുകൾ അവളിൽ നേർത്ത തേങ്ങലുണർത്തി…

“എന്തിന്റെ പേരിലായിരുന്നു ഒരു തെറ്റും ചെയ്യാത്ത എന്നോട് നിങ്ങൾ പക തീർത്തത്??

മുൻപൊരിയ്ക്കൽ പോലും നമ്മൾ കണ്ടു മുട്ടിയിട്ടില്ല… എന്നിട്ടും നിങ്ങളെന്നെ കൊല്ലാൻ ശ്രമിയ്ക്കണമെങ്കിൽ വ്യക്തമായ കാരണം അതിനു പിന്നിലുണ്ടാവും….

ഒന്നെനിയ്ക്കറിയാം… മനു പറഞ്ഞത് പോലെ നിങ്ങളൊരു ഭ്രാന്തിയല്ല… പറഞ്ഞതെല്ലാം മനസ്സിൽ തട്ടി പറഞ്ഞ സത്യമായ കാര്യങ്ങളാണെന്നു വ്യക്തമാണ്…

എല്ലാം കൂട്ടി വായിച്ചാൽ അതെത്തി നിൽക്കുന്നത് മനുവിൽ തന്നെയായിരിയ്ക്കും…

യൂ ലവ് ഹിം റൈറ്റ്??”

“നോ…”

അത്രയും നേരം കണ്ണീർ വാർത്തു മിണ്ടാതിരുന്ന പെൺകുട്ടിയുടെ മാറ്റം സച്ചുവിനെ തെല്ല് ഭയപ്പെടുത്തി…

ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു അവൾ സച്ചുവിനരികിലെത്തി….

“കൈപ്പിടിയിൽ നിന്ന് വഴുതി വീണു പോയ പ്രണയ നഷ്ടത്തിന്റെ പേരിൽ തന്നെയാണ് ഞാൻ നിന്നെ കൊല്ലാൻ നോക്കിയത്…

പക്ഷെ അത് മനു സാറിന് വേണ്ടിയായിരുന്നില്ല…”

“പിന്നെ??”

“എല്ലാം ഞാൻ പറയാം… കുറച്ചു സമയം എന്റെ കൂടെയൊന്നു വരാമോ??”

അപേക്ഷാ സ്വരത്തിൽ അത്രയും പറഞ്ഞു അവളെന്റെ കൈകൾ കൂട്ടി പിടിച്ചു..

“പ്ലീസ് സാക്ഷ…”

“എനിയ്ക്കൊന്നും കേൾക്കാനില്ല… എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുട്ടിയൊന്നുമല്ല ഞാൻ…

എല്ലാമെനിയ്ക്ക് മനസ്സിലാവുന്നുണ്ട്…”

ദേഷ്യത്തോടെ കൈ വലിച്ചെടുത്തു മുറിയിലേയ്ക്ക് കയറിപ്പോവുമ്പോൾ പിറകിൽ ദീനമായ വിളി ഉയർന്നു കേട്ടു…

തന്നെ ഉപദ്രവിച്ചിട്ടും ചേർത്ത് പിടിച്ചു സംരക്ഷിയ്ക്കാൻ മാത്രം എന്ത് ബന്ധമാണ് മനുവിന് അവളുമായുള്ളത്??

അന്ന് വീട്ടിൽ നിന്നും അവളെ രക്ഷപ്പെടുത്തിയതും മനുവാണ്…

സംരക്ഷിയ്ക്കാൻ ഒരാളില്ലെങ്കിൽ അവളൊരിയ്ക്കാളും അത്രയും ആളുകളുള്ള വീട്ടിൽ അത്തരമൊരു ദൗത്യവുമായി വരില്ല…

“സച്ചു..”

മനുവാണ്…

നോട്ടത്തിൽ ദേഷ്യം കലർത്തി മനുവിന് നേരെ എറിഞ്ഞു..

“നമുക്കൊരു സ്ഥലം വരെ പോണം..”

“ഞാനില്ല…”

“വന്നേ പറ്റു…

കാരണം നീയന്വേഷിച്ചു നടക്കുന്ന ഏറ്റവും വലിയൊരു ഉത്തരത്തിന്റെ താക്കോലാണ് ഫിദ…

വാശിയും ദേഷ്യവും ഉള്ളിൽ വച്ചിരുന്നാൽ പിന്നീടൊരിയ്ക്കലും നിനക്കാത് കണ്ടെത്താൻ കഴിഞ്ഞുവെന്ന് വരില്ല…”

തിരിച്ചെന്തെങ്കിലും ചോദിയ്ക്കും മുൻപ് മനു പുറത്തു കടന്നിരുന്നു…

മനസ്സാകെ നാനാവിധം ചിന്തകളാൽ കലുഷിതമായി…

എന്താവും മനു പറഞ്ഞതിന്റെ പൊരുൾ??

ഒരായിരം സംശങ്ങളോടെ കയ്യിൽ കിട്ടിയ ഷാൾ വലിച്ചെടുത്തു തോളിലിട്ടു പുറത്തേയ്ക്ക് നടന്നു…

പുറത്തു പോയി വരാമെന്ന് അമ്മായിയോട് പറഞ്ഞു മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ ഫിദയുടെ കണ്ണുകൾ ആശ്വാസത്തോടെ വിടരുന്നത് കണ്ടു…

ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ചു അര മണിക്കൂറിനുള്ളിൽ അപരിചിതമായ ഏതോ സ്ഥലത്തു കാർ നിശ്ചലമായി…

“ഇറങ്ങ്..”

തീവ്രമായ നിശ്ശബ്ദതയെ മനുവിന്റെ ശബ്ദം ഭേദിച്ചു…

കാരുണ്യ മെന്റൽ ഹോസ്പിറ്റൽ…!!

മുൻപിൽ കണ്ട ബോർഡിലെ അക്ഷരങ്ങളെ കൂട്ടിച്ചേർത്തു ഞാൻ മനുവിന്റെ മുഖത്തേയ്ക്ക് നോക്കി…

“വാ…”

ഗൗരവത്തോടെ മനു ഉള്ളിലേയ്‌ക്ക് നടന്നപ്പോൾ ഫിദയ്‌ക്കൊപ്പം ഞാനും അവനെ അനുഗമിച്ചു..

പൊട്ടിച്ചിരികളും പിറു പിറുക്കൽ ശബ്ദവും കാത് തുളച്ചെത്തി…

ആരോഗ്യം ക്ഷയിച്ചു എണ്ണ വറ്റിയ തലമുടിയുമായി മനോരാജ്യം കണ്ടിരിയ്ക്കുന്ന പരിചയമില്ലാത്ത മുഖങ്ങൾ…

എന്തൊക്കെയോ പ്രശ്നങ്ങളുടെ പിടിയിൽ പെട്ട് തളർന്നു വീണു പോയവരാണ്…

ചിന്തകളുടെ അതിപ്രസരമാണ് ഭ്രാന്തെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…

പാവം!!

നടത്തമവസാനിച്ചത് വെളിച്ചം കുറവുള്ള ഒരു സെല്ലിനരികിലായിരുന്നു…

ഉള്ളിലുയർന്ന സർവ സംശയങ്ങളെയും ചിതയിലെരിച്ചു കളഞ്ഞുകൊണ്ടു കണ്ണുകൾ വരവേറ്റത് വെറും നിലത്തിരുന്നു എന്തൊക്കെയോ ചിത്രങ്ങൾ കോറി വരയ്ക്കുന്ന ഒരു മനുഷ്യനെയാണ്…

“ഇയാളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നോക്ക്??”

മുൻപിലെ ഗ്രില്ലിൽ മുറുകെ പിടിച്ചു ഞാൻ അകത്തേയ്ക്ക് ഉറ്റു നോക്കി…

പാറിപ്പറന്ന തല മുടിയും പരിധി കവിഞ്ഞു നീണ്ടു കിടക്കുന്ന താടിയും കുഴിഞ്ഞ കണ്ണുകളുമുള്ള എല്ലുന്തിയ രൂപം എന്നെ നിരാശപ്പെടുത്തി…

മിഴിക്കോണിലെ വറ്റാത്ത നീരുറവയും തറയിൽ വരച്ചു കൂട്ടിയ അവ്യക്തമായ എന്തൊക്കെയോ ചിത്രങ്ങളും കണ്ടു ഞാൻ മനുവിനെ നോക്കി…

ഫിദയുടെ കലങ്ങിയ കണ്ണുകൾ എന്നെ വീണ്ടും ആശയക്കുഴപ്പത്തിലേയ്ക്ക് വലിച്ചിട്ടു…

“ഇയാളെ അറിയോ??”

ഫിദയുടെ നീട്ടിപ്പിടിച്ച ഫോണിലെ പരിചിത മുഖം എന്നെ അഗാധമായ നടുക്കത്തിലാഴ്ത്തി…!!

“ഷാനു??”

“അതെ… ഇത്രയും കാലം നീ ഉള്ളിലിട്ടെരിച്ചു നടന്ന പ്രതികാരത്തിന്റെ ഉറവിടം…!!”

ഓർമയിലെ ചിത്രങ്ങളെ എത്ര തന്നെ പൊടി തട്ടിയെടുത്തിട്ടും കണ്മുന്നിൽ കാണുന്ന രൂപത്തോട് നൂലിഴ പോലും സാമ്യം തോന്നിയില്ല…

“നിനക്ക് മുൻപേ ദൈവം തന്നെ ശിക്ഷ നടപ്പാക്കി…

ജീവിച്ചിരുപ്പുണ്ടെന്നെയുള്ളൂ… മരിച്ചതിന് തുല്യമാണ്.. ഒന്നും ഓർമയില്ല… ആരെയും തിരിച്ചറിയില്ല…”

മനു പറഞ്ഞു നിർത്തിയിട്ടും കേട്ട വാക്കുകളെല്ലാം കാതിൽ വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടിരുന്നു…

മച്ചിൽ തൂങ്ങിയാടുന്ന ചേച്ചിയുടെ അവസാന ചിത്രം….!!

ജീവന് തുല്യം സ്നേഹിച്ച അമ്മയുടെ മരവിച്ച രൂപം…!!

പരിസരം മറന്നു തുരുമ്പിച്ച ഓടാമ്പൽ നീക്കി അകത്തു കയറി അയാളെ പിടിച്ചു ദേഷ്യത്തോടെ തള്ളി…

“പറയെടോ… തനെന്തിനാ എന്റെ ചേച്ചിയെ ചതിച്ചത്?? എന്റമ്മയെ… ഞങ്ങളുടെ വീടിനെ… ഇല്ലാതാക്കിയത്??

കൂടെ കൂട്ടാൻ കഴിയില്ലെങ്കിൽ അവളെ അത്തരമൊരു അവസ്ഥയിലേക്ക് തള്ളി വിട്ടതെന്തിനാ?? പറ…

നിങ്ങളോടൊരു തെറ്റും ചെയ്യാത്ത എന്നെ ഏകാന്തയിലേയ്ക്കും ഒറ്റപ്പെടലിലേയ്ക്കും  പറിച്ചു നട്ടിട്ട് തനിയ്ക്കെന്തായിരുന്നു നേട്ടം…

എനിയ്ക്കറിഞ്ഞേ തീരു…”

“സച്ചു വേണ്ട…. അയാളെ വിട്…”

മനു ദൃതിയിൽ വന്നു പിടിച്ചു മാറ്റിയിട്ടും ദേഷ്യത്തോടെ അയാൾക്ക് നേരെ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു..

ഒരു വർഷത്തോളം ഉള്ളിലിട്ടു കനലെരിച്ച പകയുടെ അവസാന ദിവസമാണിത്…

അയാൾക്ക് വേണ്ടി ഹൃദയത്തിൽ മൂർച്ച കൂട്ടി വച്ച അനേകം വാക്കുകൾ ചുണ്ടിൽ നിന്നിടറി വീണുകൊണ്ടിരുന്നു…

“നിനക്കെന്താ സച്ചു ഭ്രാന്ത് പിടിച്ചൊ??”

മനു ദേഷ്യത്തോടെ പിടിച്ചു മാറ്റി പുറത്തേയ്ക്ക് കൊണ്ട് പോവുമ്പോൾ ചെരിഞ്ഞു വീണ ഷാനുവിനെ പിടിച്ചിരുത്തിക്കൊണ്ട് ആ പെൺകുട്ടി തേങ്ങിക്കരയുന്നുണ്ടായിരുന്നു…

“എന്നെ വിട് മനു എനിയ്ക്കയാളെ കൊല്ലണം… എന്റെ ചേച്ചിയെ കൊന്നതയാളാ…”

മിഴികൾ അനുവാദം കാത്തു നിൽക്കാതെ പെയ്തുകൊണ്ടിരുന്നു..

“നീയെന്താടി ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ?? അയാളുടെ അവസ്ഥ കണ്ടിട്ടും??

തകർച്ചയുടെ അവസാന പടിയിൽ വീണു കിടക്കുന്ന അയാളോടാണോ നിനക്ക് വൈരാഗ്യം തീർക്കേണ്ടത്??

ഓർമ്മകൾ മരിച്ചു വെറും ജീവച്ഛവമായ ഷാനുവിന്റെ സ്മാരകം മാത്രമാണത്…

ഇനിയും അധിക നാളൊന്നും അയാളീ ഭൂമിയിലുണ്ടാവില്ല… ദൈവം അയാൾക്ക് വിധിച്ച ശിക്ഷയെ തിരുത്തിയെഴുതാൻ നിനക്കെന്തധികാരം??”

മനുവിന്റെ കൈകൾ കുതറിയെറിഞ്ഞു വെറും നിലത്തിരുന്നു മുഖം പൊത്തി കരഞ്ഞു പോയിരുന്നു..

ഒരു തെറ്റും ചെയ്യാത്ത തന്റെ പാവം ചേച്ചിയെ കൊന്നിട്ട്… അവളുടെ വയറ്റിലെ കുരുന്നു ജീവനെ ഇല്ലാതാക്കിയിട്ടു… ഒന്നുമറിയാതെ ശാന്തനായി അയാളിവിടെ….

ഭ്രാന്ത് നൽകി ദൈവം അയാളെ അനുഗ്രഹിച്ചതാണ്… ക്രൂരന്മാരായ ആളുകളെ മാത്രം സ്നേഹിയ്ക്കുന്ന ദുഷ്ടനായ ദൈവം…!!

എല്ലാം ഉള്ളിലിട്ടു ഉരുകാൻ സച്ചുവിനെ ബാക്കി വച്ചത് ഇതിനായിരുന്നോ??

“സച്ചു… നീയിങ്ങനെ തളർന്നു പോയാലോ?? രണ്ടു ദുരന്തങ്ങൾ ഒരേ സമയം ഏൽപ്പിച്ച ആഘാതത്തെ അതിജീവിച്ചവളല്ലേ നീയ്…

അയാൾ അർഹിച്ച ശിക്ഷ അയാൾക്ക് കിട്ടിയില്ലേ??

ഉള്ളിലെ പ്രതികാരത്തിന്റെ തിരിയണയ്ക്കാൻ സമയമായെന്നറിയിക്കാനാണ് ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്….

ഉള്ളിലെ കുറ്റ ബോധം അയാളെ ഭ്രാന്തനാക്കിയപ്പോൾ തകർന്നു പോയത് ഒരു തെറ്റും ചെയ്യാത്തൊരു പാവം പെൺകുട്ടിയുടെ ജീവിതമാണ്…

അയാൾക്കും ശ്രദ്ധയ്ക്കും വേണ്ടി ബലിയാടാക്കപ്പെട്ടത് ഫിദയുടെ ജീവിതമാണ് സച്ചു….

അവരുടെ നിക്കാഹിന് ശേഷമാണ് ശ്രദ്ധ നമ്മളെ വിട്ടു പോയതും ഷാനു മാനസിക രോഗിയായി തീർന്നതും…

അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നു നിനക്കറിയണ്ടേ?? അതിനു വേണ്ടിയാണ് ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…

ഫിദയ്ക്ക് മാത്രമേ ആ ചോദ്യത്തിന് ഉത്തരം തരാൻ കഴിയൂ…”

മനു പറഞ്ഞു നിർത്തിയതും ഞാൻ കണ്ണ് തുടച്ചെഴുന്നേറ്റു..

ഇത്രയും കാലം തേടി നടന്ന ഷാനുവിനെ കണ്മുന്നിൽ കാണിച്ചു തന്ന ഫിദ തന്നെ ആ ചോദ്യത്തിനുത്തരവും തരും..

തനിയ്ക്കറിഞ്ഞേ തീരു അത്…

സെല്ലിനുള്ളിലേയ്ക്ക് നടന്നപ്പോൾ ഫിദ ഷാനുവിനരികിൽ നിന്നെഴുന്നേറ്റു…

അയാൾ വീണ്ടും ചിത്രപ്പണികളിൽ മുഴുകിയിട്ടുണ്ടായിരുന്നു…

അവ്യക്തമായ എന്തൊക്കെയോ ചിത്രങ്ങൾ…

കുഞ്ഞുടുപ്പിട്ട ചെറിയ കുഞ്ഞിന്റെ ചിത്രം…!!

അവൾക്ക് ചുറ്റും നിൽക്കുന്ന അച്ഛനും അമ്മയും…

എല്ലാം കരയുന്ന മുഖങ്ങൾ…!!

എഴുതിക്കൂട്ടിയ അനേകം വാക്കുകളിൽ നിന്നും ശ്രദ്ധ എന്ന പേര് മാത്രം കണ്ണിൽ തറച്ചു…

അയാളുടെ സാന്നിധ്യം മടുപ്പുളവാക്കിയപ്പോൾ വേഗത്തിൽ പുറത്തേയ്ക്ക് നടന്നു…

എനിയ്ക്ക് പിറകിൽ ഫിദയും നടന്നെത്തിയിരുന്നു…

“നിക്കാഹ് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇക്ക ഈ കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു കുറെ കരഞ്ഞു….

അപ്പോഴായിരുന്നു ഞാനറിയുന്നത് ചെറുപ്പം മുതൽ സ്വപ്നം കണ്ടതും പ്രണയിച്ചതും ഞാൻ മാത്രമായിരുന്നെന്നു…”

അവൾ ചിരിയ്ക്കാൻ ശ്രമിച്ചു…

ഷാനുക്ക എന്റെ അമ്മായിയുടെ മകനാണ്… കുഞ്ഞിലെ എനിയ്ക്ക് ആളെ ഒത്തിരി ഇഷ്ടായിരുന്നു…

ഇതിനിടയിൽ ശ്രദ്ധയെ പ്രണയിച്ചതൊന്നും ഞങ്ങളാരും അറിഞ്ഞിരുന്നില്ല…

പെട്ടെന്നൊരു ദിവസം നിക്കാഹ് ഉടൻ വേണമെന്നും ദൂരെ ഒരു സ്ഥലത്തേയ്ക്ക് ട്രാൻസ്ഫർ ശരിയായിട്ടുണ്ടെന്നും ഇക്ക തന്നെയാണ് എന്റെ വീട്ടിൽ പറഞ്ഞത്…

ഒന്നുമറിയാതെ ഞാനൊത്തിരി സ്വപ്‌നങ്ങൾ കണ്ടു കൂട്ടിയത് മിച്ചം…

ഒരു ചെറിയ സൂചനയെങ്കിലും തന്നിരുന്നെങ്കിൽ ഞാനീ വിഡ്ഢി വേഷം കെട്ടാൻ നിന്ന് കൊടുക്കില്ലായിരുന്നു…

ചിലപ്പോൾ അവരുടെ പ്രശ്നങ്ങൾക്കിടയിലൊരു മാധ്യമമെന്നോണം ദൈവം കാത്തു വച്ചത് എന്നെയാവും… അല്ലെ??”

മറുപടി പറയാൻ കൂട്ടി വച്ച വാക്കുകൾ ഏതോ നോവിന്റെ കരയെ പുൽകി…

“ഞാൻ കാരണമാണ് ശ്രദ്ധയ്ക്ക് ഈ ഗതി വന്നതെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു…

എല്ലാ സങ്കടങ്ങളും വന്നെത്തി ഒടുക്കം കൊണ്ടത് ഈ സെല്ലിനുള്ളിലാണ്…

നിക്കാഹ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ… വിവാഹം കഴിഞ്ഞില്ലല്ലോ എന്ന് സമാധാനിച്ചു ബാപ്പ എനിയ്ക്ക് വേറെ വിവാഹം തീരുമാനിയ്ക്കാൻ നോക്കിയപ്പോൾ ഞാൻ ഇക്കയുടെ വീട്ടിലേയ്ക്ക് ചെന്നു…

തളർന്നു കിടക്കുന്നൊരു ഉമ്മയുണ്ട് ആ വീട്ടിൽ…

എന്നെ സ്നേഹിയ്ക്കാത്ത ഒരാൾക്ക് വേണ്ടിയാണ് ജീവിതം നശിപ്പിയ്ക്കുന്നതെന്നറിഞ്ഞിട്ടും അയാളിൽ നിന്നും ആകാലനാവാത്ത വിധം ഹൃദയം വേരിറങ്ങിയെന്നും വൈകിയാണ് തിരിച്ചറിഞ്ഞത്..

ഇടയ്ക്കിടെ ഇവിടെ വന്നിരിയ്ക്കും…

പിന്നെ ക്ലാസ്സിൽ പോവുന്നതാണ് ഏക ആശ്വാസം…”

ഒന്ന് നിർത്തി അവൾ വീണ്ടും തുടർന്നു…

“ഇടയ്ക്കെപ്പോഴോ എല്ലാം ഓർത്തു ഭ്രാന്ത് പിടിച്ച ഒരു അവസ്ഥ വന്നിരുന്നു…

ഇക്കയുടെ ഫോണിലെ ചിത്രവും മനു സാറിന്റെ കാമുകിയാണെന്നു പറഞ്ഞു ഫ്രണ്ട്‌സ് കാണിച്ചു തന്ന ചിത്രവും ചേർത്ത് വച്ചുകൊണ്ടാണ് ഞാൻ സാക്ഷയുടെ പിറകെ എത്തിയത്….

എന്റെ ഇക്കയെ ചതിച്ചുകൊണ്ടു ആ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരുയ്ക്കുന്നു എന്നാണു ഞാൻ ചിന്തിച്ചു കൂട്ടിയത്…

സാറിനെ ഇല്ലാതാക്കിയാൽ മാത്രമേ നിന്നെ കൊല്ലാൻ കഴിയൂ എന്നാണ് ഞാൻ ആദ്യം കരുതിയത്…

മനു സാറിന്റെ ബൈക്ക് ആക്സിഡന്റ് ആക്കാനും നിന്നെ കുളത്തിൽ തള്ളിയിടാനും ഞാനാണ് ആളെ ഏർപ്പാടാക്കിയത്…

ആശുപത്രിയിൽ കിടക്കുന്ന സാറിനെ കാണാൻ ചെന്നപ്പോൾ നീ മരിച്ചെന്ന് കരുതി ഞാനെല്ലാം സാറിനോട് തുറന്നു പറഞ്ഞു…

ഷാനു പ്രണയിച്ചത് സാക്ഷയുടെ ചേച്ചിയെ ആണെന്നും ഇത് അനിയത്തി ആണെന്നും സാറെന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല…

മനപ്പൂർവ്വം അവിശ്വസിച്ചതായിരുന്നു…

അന്നത്തേ സംഭവം കഴിഞ്ഞു ഭ്രാന്തിയാണെന്നു പറഞ്ഞു എന്നെ രക്ഷിച്ചതും മനു സാറാണ്…

രണ്ടും രണ്ടാളാണെന്നു എനിയ്ക്കറിയാമായിരുന്നു..

എന്നിട്ടും ഞാൻ മനപ്പൂർവ്വം മറന്നു…

എന്റെ ജീവിതം നശിപ്പിച്ച ആരോടൊക്കെയോ ഉള്ള പക…

ശ്രദ്ധയോടുള്ള പക നിന്നോട് തീർക്കാമെന്നു ഞാൻ വ്യാമോഹിച്ചതാവാം…

എന്നിട്ടും സാർ എന്നോട് ക്ഷമിച്ചു… ഇത്രയൊക്കെ ചെയ്തിട്ടും എനിയ്ക്ക് മാപ്പ് തന്നു..

ഇനിയെനിയ്ക്ക് വയ്യ….!!

ചെയ്തുപോയ എല്ലാ തെറ്റിനും ഞാൻ മാപ്പു ചോദിയ്ക്കുന്നു…

എന്നോട് ക്ഷമിയ്ക്കാൻ ഇയാൾക്ക് കഴിയുമെന്ന് വാക്കു നൽകിയാണ് മനു സാർ എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്…

അത് വിശ്വസിച്ചു ഓടി വന്നതാണ് ഞാൻ… ആരെയും വേദനിപ്പിയ്ക്കാൻ സാക്ഷയ്ക്ക് കഴിയില്ലെന്നും പറഞ്ഞിരുന്നു…”

മനസ്സാകെ അഗാധമായ വേദന പടർന്നു കഴിഞ്ഞിരുന്നു….

വെറുതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു സാരമില്ലെന്നു പറഞ്ഞു വേഗത്തിൽ നടന്നു കാറിൽ കയറി….

അൽപ നേരം അവളോട് സംസാരിച്ച ശേഷം മനു വന്നപ്പോൾ ഒരു ചെറിയ ഡയറി അവന്റെ കയ്യിലുണ്ടായിരുന്നു…

“ഇത് ഷാനുവിന്റെ ഡയറിയാണ്… നിനക്ക് തരാൻ പറഞ്ഞു…

എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം…

അതാണിത്..”

ഡയറി വാങ്ങി ഞാൻ സീറ്റിലേക്ക് ചാഞ്ഞു കണ്ണടച്ചു…

ഉള്ളറിയാത്തൊരാശ്വാസം എല്ലാ ദുഃഖങ്ങൾക്കും മീതെ ആവരണം തീർത്തു…

വലിയൊരു ഭാരം എടുത്തെറിഞ്ഞത് പോലെ..

ഒന്നോർത്താൽ താനും അവളും തമ്മിലെന്താണ് വ്യത്യാസം??

വിധി നൽകിയ വേദനയിൽ പ്രതികാരവുമായി നടന്നിരുന്നതല്ലേ താനും??

ഒരു തെറ്റും ചെയ്യാതെ ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വന്ന രണ്ടുപേർ…

തന്നെക്കാൾ മുൻപേ അവളെത്തി എന്ന് മാത്രം….

“നീയിനി അത് തന്നെ ഓർത്തു കരഞ്ഞിരിയ്ക്കാൻ നിക്കണ്ട..”

മനു താക്കീതെന്നോണം പറഞ്ഞപ്പോൾ കണ്ണ് തുറന്നു മുൻപോട്ടിരുന്നു…

“ഇത്രയൊക്കെ ചെയ്തിട്ടും മനുവിനെന്താ അവളോട് ദേഷ്യം തോന്നാത്തത്??”

” ഞാനവളുടെ ടീച്ചറാണ്…

ചെയ്തു കൂട്ടിയതിനെല്ലാം പകരമെന്നോണം അവളോട് ദേഷ്യം കാണിച്ചാൽ ഞാനും അവളും തമ്മിലെന്താണ് വ്യത്യാസം??

വിദ്യാർത്ഥികളെ നേർവഴിയ്ക്ക് നടത്തേണ്ടവർ അവരുടെ ബുദ്ധിമോശത്തിലേയ്ക്ക് താഴാൻ പാടുണ്ടോ??

ക്ഷമയോടെ അവളെ എല്ലാം സാവധാനം പറഞ്ഞു മനസ്സിലാക്കിയാണ് ഇന്ന് വീട്ടിലേയ്ക്ക് കൊണ്ട് വന്നത്…

നന്നായി പഠിയ്ക്കുന്ന കുട്ടിയാണത്… പതിയെ എല്ലാം മറന്നു പുതിയൊരു ജീവിതത്തിലേയ്ക്ക് എത്തിച്ചേർന്നാൽ മതിയായിരുന്നു…”

തിരിച്ചൊന്നും പറയാനുള്ള ആവതില്ലെന്നു തോന്നിയെനിയ്ക്ക്..

താൻ മനസ്സിലാക്കിയത്തിനുമപ്പുറം ആരൊക്കെയോ ആണ് മനുവെന്നു തോന്നി…

താത്കാലിക മൗനത്തിൽ വാക്കുകളെ ബലിയർപ്പിച്ചു വീണ്ടും ചിന്തകളെ കൂട്ട് വിളിച്ചു…

വണ്ടി പതിയെ നീങ്ങി…

കുറച്ചു സമയത്തിനുള്ളിൽ വീട്ടിലെത്തി..

ഉമ്മറപ്പടിയിൽ അച്ഛനെ കണ്ടപ്പോൾ സകല വേദനയും മറന്നു ഓടിച്ചെന്നു…

എന്തൊക്കെയോ സംസാരിച്ചിരുന്നു എല്ലാ സങ്കടങ്ങളെയും താത്കാലികമായി ആട്ടിയകറ്റി…

ഉച്ചയ്ക്ക് ശേഷം ഏതൊക്കെയോ അകന്ന ബന്ധുക്കളും മറ്റും വന്നു…

എല്ലാവരോടും സംസാരിച്ചിരുന്നു നേരം കടന്നു പോയി…

സന്ധ്യയ്ക്ക് വിളക്ക് വെച്ച് ചെറുപ്പത്തിലെപ്പോഴോ അമ്മ പഠിപ്പിച്ച നാമങ്ങൾ ചൊല്ലി…

പതിവില്ലാത്ത ശീലങ്ങൾ കണ്ടു മനു അന്തം വിട്ടു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ചിരി വന്നു…

ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വയ്ക്കുമ്പോഴായിരുന്നു മനു മുറിയിലേയ്ക്ക് കടന്നു വന്നത്…

മേശ വലിപ്പിലോ മറ്റോ എന്തോ തിരയുന്നതിനിടെ പറയണോ വേണ്ടയോ എന്നാലോജിയ്ച്ച കാര്യം രണ്ടും കല്പിച്ചു പറഞ്ഞു…

“താങ്ക് യൂ മനു..”

“എന്തിന്??”

“അല്ല.. ഇന്ന്…”

“എന്ത്??”

“വെറുതെ…”

ഒന്നിരുത്തി നോക്കിയ ശേഷം മനു മുറി വിട്ടു പോയപ്പോൾ വേണ്ടായിരുന്നെന്നു തോന്നി…

ഛെ!!

മുരടൻ..!!

മനുവിന്റെ സാധനങ്ങളൊന്നും എത്ര നോക്കിയിട്ടും മുറിയിൽ കണ്ടതേയില്ല…

എല്ലാം വൃത്തിയിലും വെടിപ്പിലും എങ്ങോട്ടെങ്കിലും മാറ്റി വച്ച് കാണണം…

നേരം പത്തു മണിയോടടുത്തപ്പോൾ ഉറങ്ങാനുള്ള വട്ടം കൂട്ടി…

മടക്കി വച്ചിരുന്ന ബെഡ് ഷീറ്റെടുത്തു നിലത്തു വിരിച്ചു  തിരിഞ്ഞപ്പോൾ വാതിൽക്കൽ നിൽക്കുന്ന മനുവിനെയാണ് കണ്ടത്..

“ഞാനിവിടെ കിടന്നോളാം…”

“എന്തേ?? കട്ടിലിൽ കിടക്കില്ലേ??”

“ഇല്ല…”

“ഞാനൂഹിച്ചു.. എവിടെയെങ്കിലും കിടന്നോ.. ഞാൻ ഉറങ്ങാൻ പോവാ ഗുഡ് നൈറ്റ്…”

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന എന്നെ അവഗണിച്ചുകൊണ്ട് മനു തൊട്ടടുത്ത മുറിയിലേയ്ക്ക് നടന്നു…

അൽപ നേരം കഴിഞ്ഞു പതിയെ ചെന്ന് നോക്കിയപ്പോൾ കിടക്കയിൽ ചാഞ്ഞിരുന്നു വായിയ്ക്കുന്നത് കണ്ടു…

ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുൻപേ എന്നൊരു പഴഞ്ചോല്ലാണ് ഓർമ വന്നത്….!!

“അത് നിനക്ക് വേണ്ടി ഒരുക്കി വച്ച മുറിയാണ്… എന്നെ പേടിച്ചിനി തറയിലും പാതാളത്തിലുമൊന്നും കിടക്കാൻ നിൽക്കണ്ട…

അവിടേക്ക് ഞാൻ വരില്ല… ഇങ്ങോട്ട് നീയും വരാൻ നിക്കണ്ട.. മനസ്സിലായല്ലോ…

പിന്നെ… എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിയ്ക്കാൻ നിക്കണ്ട… അപ്പുറത്തെ മുറിയിൽ അമ്മയുണ്ടാവും…”

തലയാട്ടി തിരിച്ചു നടന്നു…

ആകെ നാണം കെട്ടു..

ദേഷ്യത്തിൽ കൊഞ്ഞനം കുത്തി മുറിയിലേയ്ക്ക് നടന്നു…

പിറകിൽ മനുവിന്റെ ശകാരം കേട്ടു…

കേട്ട ഭാവം നടിച്ചില്ല..

ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്നു അവൻ ആദ്യമേ കണക്കു കൂട്ടി കാണണം…!!

തറയിലെ ബെഡ് ഷീറ്റ് വലിച്ചെടുത്തു കിടക്കയിലേയ്ക്കിട്ടു ..

എന്തെങ്കിലുമാവട്ടെ…

വാതിലടച്ചു മേശപ്പുറത്തുള്ള ഡയറി കയ്യിലെടുത്തു തുറന്നു…

കസേര വലിച്ചെടുത്തു മേശയ്ക്കരികിൽ വച്ച് ചാഞ്ഞിരുന്നു…

മനസ്സിനെ ഏകാഗ്രമാക്കി…

ചിതറി വീണു കിടക്കുന്ന അക്ഷരക്കൂട്ടുകൾക്കിടയിൽ നിന്നും ഞാനാ പേര് പാടുപെട്ടു തിരഞ്ഞെടുത്തു…

വരുൺ!!

(തുടരും…)

കഥ ഏകദേശം തീരാറായി ട്ടൊ)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply