Skip to content

ഗന്ധർവ്വൻ – ഭാഗം 21

gandharvan novel aksharathalukal

വാഹനം നിശ്ചലമാവുന്നത് വരെ തമ്മിലൊന്നും സംസാരിയ്ക്കാനില്ലാത്ത അപരിചിതരെപ്പോലെ നിശ്ശബ്ദതയിൽ മുഴുകി…

എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ കെട്ടുപിണഞ്ഞു..

സമയം ധൃതിയിൽ കടന്നു പോയി…

മുൻപൊരിയ്ക്കലും കണ്ടിട്ടില്ലാത്ത ഏതോ വീടിനു മുൻപിലാണ് എത്തിച്ചേർന്നത്…

ആശങ്കയോടെ ഗസലിനെ അനുഗമിയ്ക്കുമ്പോൾ ഭയം മുള്ളാണി കണക്കെ തറച്ചുകൊണ്ടിരുന്നു…

വാതിലിലോ കോണിങ് ബെല്ലിലോ ഒന്ന് സ്പർശിയ്ക്കുക കൂടി ചെയ്യാതെ അയാൾ അകത്തേയ്ക്ക് ചുവടു വച്ചപ്പോൾ അത്ഭുതം വീണ്ടും എന്നെ തേടിയെത്തി…

സാമാന്യം വലിപ്പമുള്ളൊരു ഇരുനില വീട്…

വൃത്തിയുള്ള മുറ്റവും മനോഹരമായ ഉൾവശവും…

അല്പം പ്രായമുള്ളൊരു സ്ത്രീ അടുക്കളയിൽ നിന്നിറങ്ങി വന്നു…

“ആരാ മോനെ ഇത്??”

“വരുണിന്റെ ഫ്രണ്ടാ… അവനെ കാണണമെന്നു വാശി പിടിച്ചപ്പോൾ കൂട്ടിക്കൊണ്ടു വരേണ്ടി വന്നു..”

ആ സ്ത്രീ നനഞ്ഞ മിഴികളോടെ എന്റെ മുഖത്തേക്ക് നോക്കി….

“വേണ്ടാത്ത ശീലങ്ങളുപേക്ഷിയ്ക്കാൻ എത്ര പറഞ്ഞതാണെന്നറിയോ അവനോട്… കേട്ടില്ല.. ആരു പറഞ്ഞാലും കേൾക്കില്ലല്ലോ… എല്ലാം സ്വന്തം ഇഷ്ടത്തിന് നടക്കണമെന്ന് വാശിയാണെപ്പോഴും…”

അവർ ഉതിർന്നു വീണ കണ്ണീർ തുടച്ചു…

ഒന്നും മനസ്സിലാവാതെ ഞാൻ ഗസലിനെ തുറിച്ചു നോക്കി…

“ഞങ്ങളവനെയൊന്ന് കണ്ടിട്ട് വരാം അമ്മേ…”

ഗസൽ എന്നെയും കൂട്ടി മുറിയിലേയ്ക്ക് നടന്നു…

വൃത്തിയായി സൂക്ഷിച്ചിരുന്ന മുറിയിലേയ്ക്കാണ് അയാൾക്കൊപ്പം ചെന്നെത്തിയത്…

കിടക്കയിൽ മയക്കത്തിലാണ്ട് കിടക്കുന്ന വരുണിനെ കണ്ടപ്പോൾ നടുക്കത്തോടെ ഞാൻ വാതിൽക്കൽ തറഞ്ഞു നിന്നു പോയി…

താടിയും മുടിയുമെല്ലാം നഷ്ടപ്പെട്ടു മെലിഞ്ഞുണങ്ങിയ രൂപം…

“എന്താടോ അവിടെത്തന്നെ നിൽക്കുവാണോ??”

“എന്താ ഇത്?? “

“താൻ വാ പറയാം…”

“ഇയാൾക്കെന്താ ഗസൽ??  എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല”

“സച്ചു അറിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്..

ഇത്രയൊക്കെ ദ്രോഹം എന്നോട് ചെയ്തിട്ടും ഞാനെന്തിനാണ് ഇവനെ രക്ഷിച്ചതെന്നു ചോദിച്ചില്ലേ??

ഹീ ഇസ് എ ക്യാൻസർ പേഷ്യൻറ്….

ദിനങ്ങളെണ്ണി മരണത്തെ കാത്തിരിയ്ക്കുന്നൊരു രോഗിയാണ് വരുൺ..”

സച്ചുവിന്റെ മുഖഭാവം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടു അയാൾ വീണ്ടും തുടർന്നു…

“ലഹരി പദാർത്ഥങ്ങളുടെ അമിതോപയോഗം… ശ്രദ്ധയുടെ മരണ ശേഷം അതൊന്നുകൂടി അധികരിച്ചു….

ട്രീറ്റ്മെന്റിൽ നിന്നുള്ള ഒളിച്ചോട്ടത്തിനിടെയാണ് ഞാനുമായി പരിചയത്തിലാവുന്നത്…

സിനിമാ മോഹിയാണെന്നും എഴുത്തുകാരനാണെന്നുമാണ് എന്നോട് പറഞ്ഞിരുന്നത്….

വളരെ വേഗം ഞങ്ങൾ സുഹൃത്തുക്കളായി… താമസവും ഒന്നിച്ചായി..

എന്നെക്കുറിച്ചെല്ലാം ഞാൻ പറഞ്ഞിട്ടും അവനെല്ലാം മനപ്പൂർവ്വം ഒളിച്ചു…

ഞാനറിയാതെ എന്റെ പ്രണയം കവർന്നു…

എന്റെ ജീവിതം വിരഹത്തിലേയ്ക്ക് പറിച്ചു നട്ടു…

ഇടക്കിടെ വീട്ടിലേയ്ക്കെന്നും പറഞ്ഞു പോകുന്നതെല്ലാം ലഹരി വസ്തുക്കൾ തേടിയുള്ള യാത്രയായിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്…

അന്നു സച്ചുവിനെ ഭീഷണിപ്പെടുത്തി കൊണ്ടു പോയ ദിവസം രാത്രി വരുണിനെ തേടി വീട്ടുകാർ എത്തിയപ്പോഴാണ് അന്നാദ്യമായി ഞാനെല്ലാ സത്യങ്ങളും മനസ്സിലാക്കുന്നത്..

ഇനിയും ട്രീറ്റ്മെന്റ് വൈകിയാൽ അതു കൂടുതൽ അപകടം ചെയ്യുമെന്ന് അവർ പറഞ്ഞപ്പോൾ പോലും എന്നോട് ചെയ്ത ചതിയെക്കുറിച്ചു ഞാൻ അറിഞ്ഞിരുന്നില്ല…

അവനെ തിരഞ്ഞു ഞാൻ അവന്റെ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് അതുവഴി ഓടി വരുന്ന രണ്ടുപേരെ കണ്ടത്….

അവരെ പിടിച്ചു നിർത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഞാനറിയാത്ത മറ്റെന്തൊക്കെയോ സംഭവിയ്ക്കുന്നുണ്ടെന്നു ബോധ്യമായിരുന്നു…

ഏതോ ഒരു പെണ്കുട്ടിയെ അവൻ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാൻ നോക്കുന്നുവെന്നു കേട്ടപ്പോഴും തന്നെ ഞാനവിടെ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

വണ്ടി പുറത്തു നിർത്തി ഞാൻ അകത്തേയ്‌ക്ക് കടക്കാനൊരുങ്ങുമ്പോഴാണ് സച്ചു ഓടിയെത്തിയത്…

വരുണെത്തിയാൽ തന്നെ രക്ഷിയ്ക്കാൻ കഴിഞ്ഞേക്കുമോ എന്നുള്ള ഭയം കൊണ്ടാണ് വരുണിനു വേണ്ടി കരുതിയ ക്ളോറോഫോം ഉപയോഗിച്ചു സച്ചുവിനെ ബോധം കെടുത്തി കാറിൽ കിടത്തിയത്…

വാതിൽ തുറന്നെത്തിയ വരുൺ എന്നെക്കണ്ട് പതറി…

എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞെന്നു പറഞ്ഞിട്ടും അവനെന്റെ കൂടെ വരാൻ കൂട്ടാക്കിയില്ല…

ഭ്രാന്തമായി എല്ലാ കാര്യങ്ങളും അവനെന്നോട് തുറന്നു പറഞ്ഞപ്പോൾ തകർന്നു പോകാതെ ഞാനെങ്ങനെയോ പിടിച്ചു നിന്നു…

കാരണം എവിടെയാണെങ്കിലും അവനെ കൂട്ടിക്കൊണ്ടു വരാമെന്നു വാക്കു കൊടുത്തുകൊണ്ടായിരുന്നു തേടിയിറങ്ങിയത്…

ഒടുക്കം ബലം പ്രയോഗിച്ചു ബോധം കെടുത്തിയാണ് ഞാൻ അവനെ കൂട്ടിക്കൊണ്ടു വന്നു വീട്ടിൽ കാത്തിരുന്നവരെ ഏൽപ്പിച്ചത്…

അതിനിടയിൽ അവിടെയുള്ള തെളിവുകളെല്ലാം ഞാൻ മാറ്റി… ഉടനെ ആരെങ്കിലും എത്തുമെന്നെനിയ്ക്ക് തീർച്ചയുണ്ടായിരുന്നു… സച്ചുവിനെ മുറിയിൽ ചെന്നു കിടത്തി ഞാൻ വേഗത്തിൽ തിരിച്ചു പോന്നു…

വരുന്ന വഴിയിൽ മനുവിനെയും തന്റെ കൂട്ടുകാരെയും കണ്ടിരുന്നു…”

ഉള്ളിലെ തീച്ചൂട് പുറത്തു കാണിയ്ക്കാതെ ഗസൽ   വാടിയടർന്ന ചിരി സമ്മാനിച്ചപ്പോൾ  വല്ലാത്തൊരു വിങ്ങൽ എന്നെ ശ്വാസം മുട്ടിച്ചു…

“നീയുണർന്നോ…”

വരണ്ട ചോദ്യം കാതിൽ പതിഞ്ഞപ്പോൾ ഞാൻ വരുണിനെ നോക്കി….

എന്നെ കണ്ടിട്ടും പ്രത്യേകിച്ചു ഭാവഭേദമൊന്നും അയാളിൽ കണ്ടില്ല….

“നിങ്ങളെപ്പോ എത്തി??”

വളരെ താഴ്ന്ന ശബ്ദത്തിലുള്ള ചോദ്യം…

“കുറച്ചു സമയമായി….

ഇവൾക്ക് നിന്നോടെന്തോ ചോദിയ്ക്കാനുണ്ടെന്നു  നിർബന്ധം പിടിച്ചപ്പോൾ….”

“എന്താ??”

അയാൾ തീർത്തും നിർവ്വികരതയോടെ എന്നെ കേൾക്കാൻ തയ്യാറായി…

“ഞാൻ ഷാനുവിനെ കണ്ടിരുന്നു…. “

“ഞാനെങ്ങിനെയാണ് അവരെ അകറ്റിയതെന്നറിയണം അല്ലെ…??”

ഉള്ളിലെ ദേഷ്യത്തെ ശാസിച്ചൊതുക്കിക്കൊണ്ടു ഞാൻ തലയാട്ടി….

“എത്ര കെട്ടുറപ്പുള്ള ബന്ധങ്ങളാണെങ്കിലും സംശയത്തിന്റെ തീപ്പൊരി വീണാൽ പുകഞ്ഞു തീരും…

വിശ്വാസം ആനത്തലയോളമുണ്ടെങ്കിലും തെറ്റിദ്ധാരണ വന്നു കഴിഞ്ഞാൽ അതു ദുരീകരിയ്ക്കാത്തിടത്തോളം ബന്ധങ്ങളുടെ തെളിച്ചം മങ്ങും…

ഞാനും അതേ ചെയ്തുള്ളൂ..”

“മനസ്സിലായില്ല…”

“ശ്രദ്ധയും ഞാനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും ഞങ്ങൾ വിവാഹം കഴിയ്ക്കാൻ പോകുന്നുവെന്നും ഞാനയാളെ ധരിപ്പിച്ചു…

ആദ്യമൊന്നും വിശ്വസിച്ചില്ലെങ്കിലും ഞാൻ മെനഞ്ഞെടുത്ത തെളിവുകളും സ്‌ക്രീൻ ഷോട്ടുകളുമുപയോഗിച്ചു ഞാനയാളെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചു…

അച്ഛന്റെ തടവിലായ ശ്രദ്ധയ്ക്ക് ഷാനുവിനെ കാണാനോ സംസാരിയ്ക്കാനോ കഴിയാത്ത പക്ഷം എന്റെ ഭാഗം ജയിക്കുമെന്ന് എനിയ്ക്കറിയാമായിരുന്നു….

സ്‌കൂളിലും അവളെ കാണാതായതോടെ അയാളുടെ സംശയം ബലപ്പെട്ടു…

എത്ര വിളിച്ചിട്ടും അറ്റൻഡ് ചെയ്യപ്പെടാതെ സ്വിച്ച് ഓഫായ മൊബൈൽ ഫോണും അവൾ ചതിച്ചെന്നുള്ളതിനുള്ള തെളിവായി മാറി…

ഇതിനിടയിൽ  അവളെ കാണാൻ ഒരു ദിവസം ഷാനു വീട്ടിൽ വന്നിരുന്നു… ആളെ മനസ്സിലായ നിന്റെ ‘അമ്മ അവനെ അപമാനിച്ചു ഇറക്കി വിട്ടു…

എല്ലാം എന്റെ കണക്കു കൂട്ടലുകൾക്കനുസരിച്ചു വന്നു ഭവിച്ചു…

ശ്രദ്ധയുടെ വിവാഹത്തിന് മുൻപേ തന്റെ വിവാഹം നടത്തുമെന്ന് അയാൾക്ക് വാശിയായി..

നിക്കാഹിന്റെ അന്നാണ് ശ്രദ്ധ അയാളുടെ വീട്ടിലെത്തിയത്….

അവളുടെ മൗനം വീണ്ടും എന്റെ രക്ഷയായി….

എന്തെങ്കിലുമൊരു വാക്ക് അവളന്നു പറഞ്ഞിരുന്നെങ്കിൽ ഷാനു എന്റെ ചതി മനസ്സിലാക്കിയേനെ…

പക്ഷെ അപ്പോഴൊന്നും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെക്കുറിച്ചു ഞാനും ഷാനുവും അറിഞ്ഞിരുന്നില്ല……

ഇങ്ങനെയൊക്കെ സംഭവിയ്ക്കുമെന്നു എന്തെങ്കിലുമൊരു സൂചന കിട്ടിയിരുന്നെങ്കിൽ ഞാനൊരുപക്ഷെ എന്റെ പ്രണയത്തെ ത്യജിച്ചേനെ….

അവൾക്ക് വേണ്ടി ഞാൻ  ഇടക്കിടെ വാങ്ങി വയ്ക്കാറുള്ള സമ്മാനപ്പൊതികളും വസ്ത്രങ്ങളുമെല്ലാമാണ് അന്ന് നീയവിടെ കണ്ടത്…

അതെല്ലാം മുകളിലത്തെ മുറിയിൽ ഭദ്രമായി വച്ചിട്ടുണ്ട്…”

അയാൾ ആയാസത്തോടെ ശ്വാസമെടുത്തുകൊണ്ടു ചുമച്ചു….

അൽപ നേരം നിശ്ശബ്ദമായിരുന്നുകൊണ്ടു വീണ്ടും അതേ നിർവികാരതയോടെ അയാൾ തുടർന്നു….

“അന്ന് അജുവാണെന്നു പറഞ്ഞു ഞാൻ നിനക്കയച്ചത് അവന്റെ ഫോട്ടോ അല്ല…

അതേ ഷർട്ട് ധരിച്ച മറ്റൊരാൾ… ഹെൽമെറ്റ് ഉള്ളതുകൊണ്ട് നീ തിരിച്ചറിയില്ലെന്നു ഉറപ്പുണ്ടായിരുന്നു….

നിന്റെ ഫോണിലെ സകല ഡാറ്റകളും നശിപ്പിച്ചതും ഞാനാണ്….

എന്റെ മുഖത്തടിച്ച ദേഷ്യത്തിൽ എല്ലാം ഞാൻ പ്ലാൻ ചെയ്തുണ്ടാക്കിയതാണ്….”

വർധിച്ച കോപം എന്നെ വല്ലാതെ പിടിച്ചുലച്ചു….

ഇടക്കിടെ വേദനയോടെയുള്ള അയാളുടെ പിടച്ചിൽ എന്നിൽ ക്രൂരമായ ആനന്ദം പടർത്തി…

“വീണ്ടും ആരെയും ഉപദ്രവിയ്ക്കാൻ വരാൻ എന്റെ ഈ ശരീരത്തിന് കെല്പില്ല… കഴിയുമെങ്കിൽ നിന്റെ പകയുരുക്കിയ ആയുധമെടുത്തു ഒന്ന് കൊന്നു താ… ഇരുപക്ഷവും എല്ലാമൊടുങ്ങി ശാന്തമാവട്ടെ….”

“നിങ്ങളെ കാണാൻ ഷാനു വന്നിരുന്നോ??

“ഒരിയ്ക്കൽ….

അന്ന് പക്ഷെ ഞാൻ ഗുരുതര നിലയിൽ ഐ സി യൂ വിലായിരുന്നു….

ദൈവത്തിന്റെ വിധി നടപ്പാകട്ടെ എന്നോർത്തു കാണും…

പിന്നീടൊരിയ്ക്കൽ പോലും അയാളെ കണ്ടിട്ടില്ല…”

“നമ്മൾ അവസാനമായി കണ്ട ദിവസത്തിനു ശേഷം എന്റെ മുറിയുടെ ജനവാതിലിൽ കണ്ട ചെമ്പക പൂക്കളോ???”

” അവസാന സമ്മാനമായി അതവിടെ കൊണ്ടു വയ്ക്കാൻ ഏല്പിച്ചതും ഞാനാണ്…. പിന്നീടൊരിയ്ക്കലും ഞാൻ നിന്നെ കാണില്ലെന്ന് ഗസലിന് വാക്കു കൊടുത്തിരുന്നു….

അവന്റെ ഹൃദയ നന്മയ്ക്ക് അത്രയെങ്കിലും തിരിച്ചു നൽകണമെന്ന് തോന്നി…

പക്ഷെ സാക്ഷാ….

ഞാൻ ഒരിയ്ക്കൽ പോലും നിന്നെ സ്നേഹിച്ചിട്ടില്ല….

നിനക്ക് ശ്രദ്ധയാവാൻ കഴിയുമെന്ന് വ്യാമോഹിച്ചിരുന്നു…

നിന്നിലൂടെ അവളെ തിരിച്ചുകൊണ്ടുവരാൻ കൊതിച്ചിരുന്നു…

പക്ഷെ നിനക്കൊരിയ്ക്കലും അവളാവാൻ കഴിയില്ല…

ഒരാളെപ്പോലെയാവാൻ ഒരാൾക്കെ കഴിയൂ….

ഈ കിടപ്പിൽ കിടന്നും ഞാനവളെ കാണുന്നുണ്ട്….

മരണത്തിലൂടെ ഞങ്ങളൊന്നിയ്ക്കും വരെ ഞാനാ സങ്കല്പ ലോകത്തിൽ അവളോടൊപ്പം കഴിയും…”

“എനിയ്ക്ക് സന്തോഷമായി… ഞാനേറ്റവും ആഗ്രഹിച്ച അവസ്ഥയിൽ നിങ്ങളെ കാണാൻ കഴിഞ്ഞല്ലോ…

ഒരു മരുന്നിനും സാന്ത്വനിപ്പിയ്ക്കാൻ കഴിയാത്ത ഈ വേദന നിങ്ങളുടെ അവസാന ദിനങ്ങളെ അനശ്വരമാക്കട്ടെ…. “

അയാൾ തിരിച്ചെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ ആ വീട് വിട്ടിറങ്ങിയിരുന്നു….

ചായയുമായി മേശയ്ക്കരികിൽ കാത്തിരുന്ന ആ അമ്മയുടെ പിൻവിളി അവഗണിച്ചുകൊണ്ട് ഗേറ്റ് കടന്നു ഓടുകയായിരുന്നു….

ഇത്രയേറെ ദ്രോഹങ്ങൾ ചെയ്തിട്ടും ഗസൽ ഇപ്പോഴും സുഹൃത്തിനെ സ്നേഹിയ്ക്കുന്നു…

അയാൾക്ക് മുൻപിൽ വച്ചു ക്രൂരതയുടെ മുഖം മൂടിയണിയാൻ വയ്യ തനിയ്ക്ക്..

ആദ്യം കണ്ട ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു.

ഉള്ളിലെന്തൊക്കെയോ സങ്കടങ്ങൾ പുകഞ്ഞു കത്തി കണ്ണീരായൊഴുകി…

ദൈവം അയാൾക്ക് വിധിച്ച ശിക്ഷയെക്കാൾ കൂടുതലായി തനിയ്ക്കിനി ഒന്നും ചെയ്യാനില്ല…

ഓരോ നിമിഷവും വേദന തിന്ന് തിന്നയാൾ മരണം വരിക്കട്ടെ….!!

ഷാനുവും അതു തന്നെയാവും കരുതിയിട്ടുണ്ടാവുക….

തന്റെ ശത്രു ലിസ്റ്റിലുള്ള രണ്ടു പേരും ദൈവത്തിന്റെ ശിക്ഷ സ്വീകരിച്ചു മരണത്തെ കാത്തു കഴിയുന്നു…

ഒരുപക്ഷേ കണ്ണടയും വരെ അച്ഛന് സന്തോഷിയ്ക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിക്കൊള്ളട്ടെ എന്നു ദൈവം കരുതിക്കാണും..

വീട്ടു മുറ്റത്തെത്തുമ്പോൾ മനു അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു..

“എവിടെയായിരുന്നു??”

“ഫ്രണ്ടിന്റെ വീട്ടിൽ….”

“ഏത് ഫ്രണ്ട്??”

“എന്റെ ഫ്രണ്ട്സിനെ മുഴുവൻ മനുവിന് അറിയോ??”

“നീ കരഞ്ഞോ??”

“ഇല്ല….”

“എന്തോ കിട്ടീട്ടുണ്ടല്ലോ?? എന്താടി??”

“എന്താണെങ്കിലും തനിയ്ക്ക് നഷ്ടമൊന്നും ഇല്ലല്ലോ… കൂടുതൽ ഭരിയ്ക്കാൻ വരണ്ട…”

ദേഷ്യത്തോടെ മുറിയിലേയ്ക്ക് നടക്കുമ്പോൾ മനു സംശയത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

എത്രയോ നേരം മൂകമായി കണ്ണീർ വാർത്തു….

ഒട്ടും നിനയ്ക്കാത്തൊരു ജീവിതം തന്റെ ഇഷ്ടങ്ങളെ ത്യജിച്ചുകൊണ്ടു ജീവിയ്ക്കേണ്ടി വരുന്ന ഗതികേട്….

ഗസൽ കയ്യെത്തും ദൂരത്തുള്ളപ്പോൾ മനുവിനെ സ്നേഹിയ്ക്കാൻ കഴിയില്ല തനിയ്ക്ക്…

എത്രയും പെട്ടെന്ന് ഇവിടെ നിന്നും കുതറിയോടി അയാളിലെത്തിച്ചേരാൻ മനസ്സ് വെറുതെ കൊതിച്ചു….

അന്നത്തെ ദിവസം മുഴുവൻ തല വേദനയെന്നും മറ്റും പറഞ്ഞു മുറിയിൽ കഴിച്ചു കൂട്ടി..

മനു പലതവണ വന്നു വിളിച്ചെങ്കിലും മനപ്പൂർവ്വം ഒഴിഞ്ഞു മാറി…

ഇളം നീല മഷികളോടുള്ള പ്രണയം മനുവിനോടുള്ള ദേഷ്യമായി പരിണമിയ്ക്കുകയായിരുന്നു….

അന്നത്തെ ദിവസത്തെ എങ്ങനെയോ തള്ളി നീക്കി പിറ്റേ ദിവസം ഗസലിനെ തേടിയിറങ്ങി…

പൂട്ടിയിട്ടിരിയ്ക്കുന്ന വാതിൽ എന്നിൽ വല്ലാത്ത വേദന സമ്മാനിയ്ക്കുകയാണുണ്ടായത്…

“ആരാ??”

പിറകിലെ ശബ്ദം കേട്ടപ്പോൾ കണ്ണു തുടച്ചു തിരിഞ്ഞു…

“സാക്ഷയാണോ??”

“അതേ…”

“ഗസൽ വെക്കേറ്റ് ചെയ്തു പോയി… ഇത് കുട്ടിയ്ക്ക് തരാൻ പറഞ്ഞിരുന്നു…”

അവർ തന്ന പുസ്തകക്കെട്ടുകൾ വാങ്ങി നിരാശയോടെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ കണ്ണുകൾ സ്വയമറിയാതെ പെയ്യുന്നുണ്ടായിരുന്നു….

“മോളെ ദേ കല്യാണ ആൽബം… ഇപ്പൊ കൊണ്ടു വന്നു തന്നതെ ഉള്ളൂ… “

വീടുത്തിയപ്പോഴേയ്ക്കും അമ്മായി ആൽബം കൊണ്ടു വന്നു കയ്യിൽ തന്നു…

അലക്ഷ്യമായി അത് മേശപ്പുറത്തു വച്ചു നടക്കുമ്പോൾ മനു എന്നെ പിന്തുടർന്നെത്തിയിരുന്നു…

“എന്താ നിന്റെ പ്രശ്നം??”

“ഒന്നൂല്ല….”

“പറ… രണ്ടു ദിവസമായി ഞാൻ ശ്രദ്ധിയ്ക്കുന്നു…”

“എനിയ്ക്ക് ഡിവോഴ്‌സ് വേണം… എന്താ തരാൻ കഴിയോ മനുവിന്??”

“തരാം… ഇപ്പൊ വേണോ അതോ ??”

“ഇതാണ് പറഞ്ഞത്… മനുവിനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്….”

ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടച്ചു…

അയാൾ തന്നു വിട്ട പുസ്തകങ്ങൾ പതിയെ എടുത്തു നിവർത്തി നോക്കി.

മനോഹരമായ ഒരു കവിതാ പുസ്തകത്തിന് മീതേയുള്ള എഴുത്തുകാരന്റെ പേരു വായിച്ചപ്പോൾ തെല്ലൊന്നു അമ്പരന്നു….

മനു കൃഷ്ണൻ…..!!!

മനു കവിതയെഴുതുമോ???

ആരും പറഞ്ഞില്ലല്ലോ ഇതുവരെ??

വല്ലാത്തൊരു ഞെട്ടൽ ഉള്ളിലൂടെ കടന്നു പോയി….

ഗസലിന് നേരത്തെ മനുവിനെ അറിയാമായിരുന്നോ????

മനുവിന് വേണ്ടിയാണോ അയാൾ അകന്നു പോയത്????

ഓടിച്ചെന്നു വിവാഹ ആൽബം തുറന്നപ്പോൾ മനുവിനോട് ചേർന്നു നിൽക്കുന്ന ഗസലിനെ കണ്ടതും ഒന്നും മനസ്സിലാവാതെ ഞാൻ അത്ഭുതപ്പെട്ടു……

മനു കാണാതെ അയാളുടെ മുറിയിൽ കയറി തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ കിടന്നിരുന്ന പേന എടുത്തതും അഗാധമായ നടുക്കത്തോടെ ഞാൻ ചുമർ ചാരി നിന്നു പോയി….

ഇളം നീല മഷിയുള്ള പേന….!!!!!

(തുടരും….)

(തീരാറായി…. എല്ലാ സംശയവും തീർന്നില്ലേ?? മനുവിന്റെയും ഗസലിന്റെയും കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം… അതോടെ കഥ തീരും… കുറച്ചുകൂടി കാത്തിരിയ്ക്കണെ…)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ഗന്ധർവ്വൻ – ഭാഗം 21”

  1. മനു തന്നെയാണ് ഗന്ധർവ്വൻ എന്നത് കല്യാണസമയത്ത് മനസ്സിലായി.കാരണം അവർക്ക് പ്രത്യേക മുറികൾ ഉണ്ടായിരുന്നു. മനുവിന്റെ മുറിക്കകത്ത് കയറാൻ സച്ചുവിനെ സമ്മതിച്ചിരുന്നില്ല.
    ഇപ്പോഴാണ് ആശ്വാസമായത് പ്രതീക്ഷിച്ച പോലൊരു പര്യവസാനം. ഇഷ്ടായി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഒത്തിരി നന്ദി മനുവിനെ എന്തുകൊണ്ടോ വിഷമിപ്പിക്കാൻ കഴിയില്ലായിരുന്നു ഇങ്ങനൊരു പര്യവസാനത്തിനായി കാത്തിരിക്കുന്നു

  3. Super😍😍😍😍❤️❤️Appo ee manu aano aa varikalude udama❤️gazal aa varikal avalkk ethicha doothan maathramaano…Waiting❤️❤️

  4. Manu anu gandarvan ennu novel inte thudakkam muthale oru thonnal ayirunnu… Ath sathyamakatte❤️avar orumikkatte… Cheruppam muthal Manu inu SACHU jeevananu

Leave a Reply

Don`t copy text!