ഗന്ധർവ്വൻ – ഭാഗം 11

6365 Views

gandharvan novel aksharathalukal

വാതിലിൽ പരിഭ്രാന്തിയോടെയുള്ള പ്രഹരങ്ങൾ…. മുറവിളി ശബ്ദങ്ങൾ…!! കണ്ണ് തുറിച്ചു വിളറി ബലം വച്ച ശരീരത്തോടെ മുൻപിൽ തൂങ്ങിയാടുന്ന സ്ത്രീ രൂപം…!!!

എങ്ങനെയോ ചുമരിനടുത്തേയ്ക്ക് നീങ്ങി മുട്ടുകാലിൽ മുഖം പൂഴ്ത്തി…

അത് ചേച്ചിയാണോ???

ആവാൻ വഴിയില്ല!!

ചേച്ചിയ്ക്കെങ്ങനെ സച്ചുവിനെ ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ കഴിയും??

ശരീരം വല്ലാതെ തളരുന്നുണ്ട്!!

കണ്ടത് സ്വപ്നമാവണേ എന്ന് പ്രാർത്ഥിയ്ക്കാൻ പോലുമുള്ള ആവതില്ല!!

ആരെയൊക്കെയോ വിളിയ്ക്കണമെന്നുണ്ട്….!!

ശബ്ദം കണ്ഠനാളത്തിലെവിടെയോ മരവിച്ചു കിടക്കുകയാണ്!!

മുൻപിൽ കാണുന്ന ദൃശ്യത്തിലേയ്ക്ക് ഒന്ന് കൂടി നോക്കിയാലോ???

വയ്യ!!!

കറുത്ത പുകപടലം പോലെ എന്തോ ഒന്ന് കാഴ്ചയെ മറയ്ക്കുകയാണ്…!!

എങ്ങനെയോ പാടുപെട്ടു അരികിലെ കത്തും പ്രെഗ്നൻസി ടെസ്റ്ററും തപ്പിയെടുത്തു കൈകളിൽ മുറുകെ പിടിച്ചു…

വാതിൽ ചവിട്ടിത്തുറന്നു അകത്തേയ്ക്ക് വന്ന മനു ചേച്ചിയെയും എന്നെയും മാറി മാറി നോക്കി തരിച്ചു നിന്നു….!!

മരവിച്ച ശരീരവുമായി ഞാൻ വേച്ചു വേച്ചെഴുന്നേറ്റു…

അവനു പിറകിലായി ആരൊക്കെയോ മുറിയിലേയ്ക്ക് കടന്നു വന്നിട്ടുണ്ട്….!!

ഒന്നും വ്യക്തമല്ല!!

“എന്നെ… എന്നെ ഒന്ന്… ഇവിടുന്ന് പുറത്തേയ്ക്ക് കൊണ്ടൊവ്വോ…”

താങ്ങിയ കൈകളിലേക്ക് തളർന്നു വീഴുമ്പോൾ ശ്രമപ്പെട്ടു പറഞ്ഞത് അത്രമാത്രമായിരുന്നു…

എതിർത്തൊന്നും പറയാതെ നെഞ്ചോരം ചേർത്ത് പിടിച്ചു തൊട്ടടുത്ത മുറിയിലേയ്ക്ക് കൊണ്ടുവന്നു കിടത്തിയ ആൾ വ്യഗ്രതയോടെ തന്റെ പേര് വിളിയ്ക്കുന്നുണ്ട്….!!

നാനാഭാഗത്തു നിന്നും അലർച്ചകൾ കേൾക്കാം….

പൊടുന്നനെ കണ്ണും കാതും ആരോ കൊട്ടിയടച്ചത് പോലെ….

ചിന്തകളെ മുഴുവനായും കറുത്ത പുകപടലം കവർന്നെടുക്കുമ്പോൾ കയ്യിലെ രഹസ്യം ആരോ അടർത്തി മാറ്റുന്നുണ്ടായിരുന്നു..

തളർച്ചയോടെ കണ്ണുകൾ വലിച്ചു തുറകുമ്പോൾ അരികിലാരൊക്കെയോ ഇരുന്നു കണ്ണീർ വാർക്കുന്നുണ്ട്…

പൊടുന്നനെ നേരത്തെ കണ്ട ദൃശ്യം മനസ്സിലേക്കോടിയെത്തി….

ചേച്ചി!!!

കട്ടിലിൽ നിന്നും സർവ്വ ശക്തിയുമെടുത്തു ചേച്ചിയുടെ മുറിയിലേക്കോടി….

ഇല്ല…!! അവിടെയില്ല!!

ആരൊക്കെയോ വന്നു നോക്കി കണ്ണീരൊപ്പുന്നുണ്ട്!!

ചേച്ചിയെവിടെപ്പോയതാവും??

“ചേച്ചീ….”

ചേച്ചിയെ ഉറക്കെ വിളിച്ചു വീട് മൊത്തം നടന്നു…

അമ്മയെയും അച്ഛനെയും കാണാനില്ലല്ലോ…!!

മൂന്നുപേരും കൂടെ തന്നെ തനിച്ചാക്കി എവിടെയോ പോയതാണ്…!!

സച്ചുവിന് കരച്ചിൽ വന്നു…

“രാവിലെ 8 മണിയ്ക്ക് അന്നപൂർണേശ്വരി ക്ഷേത്രത്തിലേയ്ക് ഒന്നിച്ചു പോവാമെന്നു പറഞ്ഞതായിരുന്നില്ലേ??

കുറച്ചധിക നേരം ഉറങ്ങിപ്പോയെന്നു കരുതി?? ഒന്ന് വിളിച്ചാൽ പോരായിരുന്നോ??”

അരികിലേക്ക് വന്നു മുറിയിലേയ്ക്ക് നിർബന്ധിച്ചു കൊണ്ടുപോവുന്ന അമ്മായിയോടാണ് ദേഷ്യം തീർത്തത്..

ആരൊക്കെയോ തന്നെ നോക്കി അടക്കം പറയുന്നുണ്ട്…

“അമ്മായി… ചേച്ചിയെപ്പോഴാ വരാ ഇനി?? ഇങ്ങോട്ട് വരട്ടെ.. ഞാനിനി മിണ്ടില്ല… നോക്കിക്കോ…”

സാരിത്തലപ്പുകൊണ്ടു മുഖം പൊത്തി അമ്മായി തേങ്ങിക്കരയുന്നുണ്ട്….

“ചേച്ചിയെ… ചേച്ചിയെ ഇപ്പൊ കൊണ്ട് വരും മോളെ….”

പുറത്തെ ആംബുലൻസ് ശബ്ദം കാതിലെത്തിയപ്പോൾ അമ്മായിയുടെ കൈകൾ വിടുവിച്ചു മുറ്റത്തേയ്ക്കോടി….

ആരൊക്കെയോ ചേർന്ന് വെളുത്ത തുണിയിൽപ്പൊതിഞ്ഞു ചേച്ചിയെ അകത്തേയ്ക്ക് കൊണ്ട് വരുന്നുണ്ട്!!

ഓടിച്ചെന്നു അവരോടൊപ്പം സ്‌ട്രെച്ചർ പിടിച്ചപ്പോഴേയ്ക്കും മനു അടർത്തി മാറ്റി അകത്തേയ്ക്ക് കൊണ്ടുപോയി…

“സച്ചു… നീയെന്തൊക്കെയാ ഈ ചെയ്യണേ….”

അവനെ തട്ടിമാറ്റി ഹാളിൽ കൊണ്ട് കിടത്തിയ ചേച്ചിയ്ക്കരികിൽ ചെന്നിരുന്നു…

മൂക്കിലാരോ രണ്ടു വെളുത്ത പഞ്ഞിക്കഷനം വെച്ചിട്ടുണ്ട്…

എന്തിനാ അത്!!

ദേഷ്യത്തോടെ അതെടുത്തു മാറ്റി ചേച്ചിയെ കുലുക്കി വിളിച്ചു…

ചേച്ചി പിണങ്ങിയതാണ്…

കല്യാണത്തിന് സമ്മാനമൊന്നും കൊടുത്തില്ലല്ലോ ഇതുവരെ!!

മുറിയിലേക്കോടിച്ചെന്നു ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ ചെറിയ ബോക്സ് എടുത്തുകൊണ്ട് വന്നു…

ചേച്ചിയെന്താ കരുതിയത് ???

സച്ചു മറന്നു പോയെന്നോ??

“കാശിക്കുഞ്ചി തകർത്തപ്പോൾ കിട്ടിയ കാശിനു വാങ്ങിയതാണ്…  ഇഷ്ടപ്പെട്ടോ നോക്കിക്കേ…”

ചേച്ചി അനങ്ങുന്നില്ല…

വീണ്ടും ദേഷ്യം വരുന്നുണ്ട്!!

“ഇതൊന്നു തുറന്നു നോക്കാനും വയ്യേ നിനക്ക്?? നോക്ക് ചേച്ചി… തുറന്നു നോക്ക്…”

എത്ര കുലുക്കിയിട്ടും കണ്ണ് തുറക്കുന്നേയില്ല…

ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ പറ്റു… ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താൻ കഴിയില്ലല്ലോ…

ചേച്ചിക്കിഷ്ടമുള്ള പാട്ടിന്റെ വരികൾ പതിയെ പാടി…

ഇത് കേട്ടാൽ അവൾക്ക് കണ്ണ് തുറക്കാതിരിയ്ക്കാൻ കഴിയില്ല…

മനു വീണ്ടും വന്നു ബലമായി പിടിച്ചു വലിയ്ക്കുന്നു…

ഈ മനുവിനെന്താ??

പോവാൻ കൂട്ടാക്കിയില്ല…

അമ്മായി വന്നു ചേർത്ത് പിടിയ്ക്കുന്നുണ്ട്…

“ചേച്ചി പോയില്ലേ മോളെ… ഇനി ഒരിയ്ക്കലും തിരിച്ചു വരാനാവാത്ത അത്രയും ദൂരത്തേക്ക്… നമ്മളെയൊക്കെ വിട്ട് ചേച്ചി പോയില്ലേ…”

കേട്ട വാക്കുകൾ കാതുകളിൽ തറച്ചപ്പോൾ സച്ചു വേദനകൊണ്ട് പുളഞ്ഞുപോയി…

“ഇല്ല….എല്ലാരും കൂടെ എന്നെ പറ്റിയ്ക്കാ… ഞാനിത് വിശ്വസിയ്ക്കില്ല…..”

കാതുകൾക്ക് മീതെ കൈകളമർത്തി…

“ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ നിനക്കീ നാടകം… ഇതിലും മീതെ പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് വയ്യ ചേച്ചി…”

ചേച്ചിയുടെ ദേഹത്തേക്ക് ഊർന്നു വീണു പൊട്ടിക്കരഞ്ഞു പോയിരുന്നു..

“എന്നെ തനിച്ചാക്കി എങ്ങോട്ടും പോവില്ലെന്നു ഒരായിരം തവണ പറഞ്ഞിട്ടിപ്പൊ….

ഒരു വാക്ക് പറഞ്ഞൂടായിരുന്നോ നിനക്കെന്നോടെങ്കിലും…

എന്തായാലും നമുക്ക് പരിഹരിയ്ക്കമായിരുന്നില്ലേ ചേച്ചി…”

തേങ്ങൽച്ചീളുകൾ പരിധി വിട്ടുയർന്നു…

ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്…

വിട്ടുമാറാനാവാതെ വീണ്ടും വീണ്ടും അവളിലേക്ക് തന്നെ മുറുകെ ചേർന്ന് കിടന്നു സച്ചു ആർത്തു കരഞ്ഞു…

എന്തൊക്കെയോ കാര്യങ്ങൾ എണ്ണിപ്പറഞ്ഞു വീണ്ടും വീണ്ടും ഒട്ടിച്ചേർന്നു കിടക്കുമ്പോൾ ചേച്ചി എവിടെയും പോയിട്ടില്ലെങ്കിലെന്ന് വൃഥാ കൊതിച്ചു പോയി…

സമയം കടന്നു നീങ്ങും തോറും ആൾപ്രവാഹം കൂടി… അടക്കിയ കരച്ചിൽ ശബ്ദവും സഹതാപം കലർന്ന നോട്ടങ്ങളും അസാഹ്യമായപ്പോൾ സച്ചു പതിയെ എഴുന്നേറ്റു ചേച്ചിയുടെ മുറിയ്ക്കുള്ളിൽ കയറി…

മുറി മുഴുവൻ പരതി നോക്കി… ഇല്ല!! ആ കത്ത് അവിടെയില്ല…

എവിടെയാവും വച്ചതെന്നോർത്തു നോക്കി.

ഇല്ല… ഓർമയില്ല!!

ആരും കാണാതെ മുറിയിലേയ്ക്ക് വന്നു മനു ഒരു കടലാസ് കഷ്ണം കയ്യിൽ വച്ചു…

“അച്ഛനറിഞ്ഞു എല്ലാം… അമ്മയും..”

അമ്പരപ്പോടെ നിൽക്കുന്ന എന്നെ നോക്കി അത്രയും പറഞ്ഞു അവൻ മുറിവിട്ടിറങ്ങി..

വ്യഗ്രതപ്പെട്ടു കടലാസ് തുറന്നു..

സച്ചു…

ഒരിയ്ക്കലും മറക്കാനാവാത്തൊരു ചിത്രത്തെ മോളുടെ മനസ്സിൽ പതിപ്പിച്ചുകൊണ്ടാണ് ചേച്ചി പോവുന്നതെന്നറിയാം… ഇടയ്ക്ക് വച്ച് ഉണർന്നു പോവാതിരിയ്ക്കാൻ മോൾക്ക് തന്ന പാലിൽ ചേച്ചി ഉറക്ക ഗുളിക ചേർത്തിരുന്നു.. എനിയ്ക്കിതല്ലാതെ വേറെ വഴിയില്ല കുട്ടി..

മാപ്പു ചോദിയ്ക്കാനുള്ള അർഹത പോലുമില്ലെനിയ്ക്ക്…

പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ പുതിയൊരു ജീവിതം കാത്തു നിൽക്കുന്നൊരു പാവം മനുഷ്യനെ ചതിയ്ക്കുന്നതിലും ഭേദം ഇതാണെന്നു തോന്നി…

ഒരു തെറ്റും ചെയ്യാത്തൊരു കുഞ്ഞു ജീവനെ അറിഞ്ഞുകൊണ്ട് നോവിയ്ക്കുന്നല്ലോ എന്നൊരു ദുഃഖം മാത്രേ എനിക്കുള്ളൂ… പക്ഷെ ഞാൻ ജീവിച്ചിരിയ്ക്കെ ഇതിനെ ഒറ്റയ്ക്ക് ഇല്ലാതാക്കാൻ ചേച്ചിയ്ക്ക് വയ്യ മോളെ… എത്രയായാലും ഇതെന്റെ കുഞ്ഞല്ലേ?? ഉള്ളിൽ ചേർന്നിരുന്നു അമ്മേ ന്നു വിളിയ്ക്കുന്നത് പോലെ തോന്നാ എനിയ്ക്ക്…

പറ്റിപ്പോയൊരു വലിയ തെറ്റിന്റെ ശിക്ഷയെ സ്വയം സ്വീകരിച്ചു ഞങ്ങളിവിടുന്നു പോവാണ്… അച്ഛനെയും അമ്മയെയും ഒരിയ്ക്കലും വേദനിപ്പിയ്ക്കരുത് ട്ടൊ…. ചേച്ചിയ്ക്കതിനു കഴിഞ്ഞില്ല..

ആരോടും പരാതിയും പരിഭവവുമില്ല.. എന്റെ സച്ചു ഒറ്റയ്ക്കായെന്നുള്ള വേദന മാത്രേ ഉള്ളൂ.. എവിടെ ആയാലും ചേച്ചി മോൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കും…

സമനില കൈവിടാണ്ടിരിയ്ക്കാൻ ദേവിയെന്റെ കുട്ടിയെ തുണയ്ക്കട്ടെ..

കണ്ണീരിൽ കുതിർന്നു മഷി പടർന്ന എഴുത്തു വീണ്ടും വീണ്ടും വായിച്ചു..

ചേച്ചി അവസാനമായി എഴുതിയതാണ്… ഇതിനു ചേച്ചിയുടെ ശ്വാസത്തിന്റെ ഗന്ധമുണ്ട്!!

എത്ര നേരം ഇരുന്നുവെന്നറിയില്ല…

എവിടെ നിന്നോ ഒരു ധൈര്യം വന്നു ചേർന്നത് പോലെ …

കണ്ണ് തുടച്ചു പുറത്തിറങ്ങി…

“അമ്മയും അച്ഛനും എവിടെ??”

മനുവിനോടാണ് ചോദിച്ചത്…

അവൻ അമ്മായിയെ നിസ്സഹായതയോടെ നോക്കി…

“ചോദിച്ചത് കേട്ടില്ലേ???”

ശബ്ദമുയർത്തി…

ആരും മിണ്ടുന്നില്ല…!!

“പറയെടാ…”

മനുവിന്റെ കൈകളിൽ പിടിച്ചു ശക്തിയായി കുലുക്കിക്കൊണ്ടു അലറി…

“അമ്മയ്ക്ക് ചെറിയൊരു തലകറക്കം.. അച്ഛനും അമ്മയും കൂടെ ഡോക്ടറെ കാണാൻ പോയി.. ഇപ്പൊ വരും മോളെ…”

അമ്മായി മുടിയിൽ തലോടി ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു…

“ഏതു ഡോക്റ്റർ?? എവിടെയാണെങ്കിലും ഇത്രയും നേരം നിൽക്കേണ്ട കാര്യമുണ്ടോ?? ഇതൊരു മരണവീടല്ലേ?? ആളുകൾ വരുമ്പോൾ വീട്ടുകാരില്ലെങ്കിൽ??”

വാക്കുകളിൽ മുൻപില്ലാത്ത പക്വത സ്ഥാനം പിടിച്ചിരുന്നോ??

മറുപടി പറയാതെ അമ്മായി വിതുമ്പിക്കരഞ്ഞു…

“എനിയ്‌ക്കെന്റെ അമ്മയെ കാണണം… എന്നെ അങ്ങോട്ട് കൊണ്ട് പോവ്വോ…”

ദൈന്യതയോടെ മനുവിനെ നോക്കിയപ്പോൾ അവനെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ എന്റെ കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു..

“മോനെ… വേണ്ടടാ…”

പിറകിൽ ഓടിയെത്തിയ അമ്മായിയെ അവഗണിച്ചുകൊണ്ട് മനു ബൈക്ക് സ്റ്റാർട്ട് ആക്കി..

“കേറ്…”

സകല മുൻ ദേഷ്യവും മാറ്റി  വച്ച് അവനോടൊപ്പം ചെന്നു…

സിറ്റി ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടന്നെത്തിയത് ഐ.സി.യു വിനു മുൻപിൽ തളർന്നിരിയ്ക്കുന്ന അച്ഛനരികിലാണ്…

“അച്ഛാ…”

എന്റെ വിളി കേട്ട് അച്ഛൻ നിർവികാരതയോടെ കണ്ണ് തുറന്നു…

“അമ്മയെവിടെ??”

ഭയത്തോടെയുള്ള ചോദ്യമവസാനിയ്ക്കുന്നതിനു മുൻപേ നേഴ്സിന്റെ ശബ്ദമെത്തി…

“ഹാർട്ട് അറ്റാക്ക് ആയിട്ട് കൊണ്ട് വന്ന പേഷ്യന്റിന്റെ ആരാ ഉള്ളത്??”

എഴുന്നേറ്റു വാതിലിനരികിലേയ്ക്ക് നടക്കുന്ന അച്ഛനെ അനുഗമിയ്ക്കുമ്പോൾ നെഞ്ചിടിപ്പുയരുന്ന ശബ്ദം വ്യക്തമായി കേട്ടു…

“അറിയിയ്ക്കണ്ടവരെയെല്ലാം അറിയിച്ചോളൂ…”

വല്ലാത്തൊരു നടുക്കം സിരകളിൽ പടർന്നു!!

” ഒന്ന് കാണാൻ പറ്റുമോ??”

സംയമനം വിടാതെയുള്ള അച്ഛന്റെ ചോദ്യം എന്റെ കരച്ചിൽ ശബ്ദത്തിൽ നേർത്തു പോയി..

“വിളിയ്ക്കാം…”

വാതിലടഞ്ഞു…

“എനിയ്ക്കമ്മയെ കാണണം… അവരോടൊന്നു പറ അച്ഛാ… എന്റെ ശബ്ദം കേട്ടാൽ അമ്മയ്ക്ക് വേഗം മാറും… പ്ലീസ് ..”

മനോനില തെറ്റിപ്പോവുമെന്നു തോന്നിയ നിമിഷത്തിൽ അച്ഛനെ പിടിച്ചു കുലുക്കിക്കൊണ്ടാണ് അത്രയും ചോദിച്ചത്…

“വന്നു കണ്ടോളൂ…”

അകത്തു നിന്നും ശബ്ദം കേട്ടതും നിയന്ത്രണം വിട്ടു ഓടുകയായിരുന്നു..

എന്തൊക്കെയോ ചികിത്സാ ഉപകരണങ്ങൾക്ക് നടുവിൽ അമ്മയെ കണ്ടപ്പോൾ നെഞ്ചകം തകർന്നു പോയി…

“അമ്മാ… എന്തിനാമ്മാ ഇവിടൊക്കെ വന്നു കിടക്കുന്നെ?? അമ്മയ്‌ക്കൊന്നൂല്ല.. എണീയ്ക്കമ്മാ.. നമുക്ക് വീട്ടിൽ പോവാം…”

എത്ര ശ്രമിച്ചിട്ടും കണ്ണീരിനെ തടയാൻ കഴിഞ്ഞതേയില്ല…

“സച്ചു… ചേച്ചിയവിടെ തനിച്ചല്ലേ?? അമ്മയില്ലാതെ അവൾക്കൊന്നിനും വയ്യെന്ന് മോൾക്കറിയില്ലേ?? എന്ത് വന്നാലും അച്ഛനെ വേദനിപ്പിയ്ക്കരുത് ട്ടൊ… ഇതിലും കൂടുതൽ സഹിയ്ക്കാൻ ഒരാൾക്കും പറ്റില്ല…”

കിതപ്പോടെ ശബ്ദം വളരെ കുറച്ചാണ് അമ്മ സംസാരിയ്ക്കുന്നത്…

“അമ്മയെന്തൊക്കെയാ പറയണേ?? ഞങ്ങൾക്കെന്തു വിഷമം വന്നാലും അമ്മയല്ലേ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു പരിഹാരം കണ്ടെത്തിത്തരാറ്??

ആ അമ്മയാണോ ഇങ്ങനെ തളർന്നു പോയത്…

അമ്മയല്ലാതെ എനിയ്ക്കാരാ ചോറ് വാരിത്തരാ?? എന്നെ തവിടു കൊടുത്തു വാങ്ങീതാണെന്നു പറഞ്ഞു ആരോടാ വഴക്കു കൂടാ??

അമ്മയില്ലാതെ എനിയ്‌ക്കെന്തിനെങ്കിലും പറ്റോ അമ്മാ??”

കൊച്ചു കുട്ടിയെപ്പോലെ ഓരോന്ന് പറഞ്ഞു  തേങ്ങിക്കരയുമ്പോൾ ചുറ്റുമുള്ള കണ്ണുകൾ നിസ്സഹായതയോടെ പുണരുന്നതറിഞ്ഞു…

“എല്ലാം സഹിയ്ക്കാൻ ന്റെ കുട്ടിയ്ക്ക് കഴിയും…  അമ്മേടെ സച്ചുവിനെ കഴിയൂ…

മോള് കരയരുത്… അമ്മേടേം ചേച്ചീടേം സ്ഥാനം ഏറ്റെടുക്കാൻ സമയായി ന്റെ കുട്ടിയ്ക്ക്…”

തിരിച്ചു പറയാൻ സ്വരുക്കൂട്ടി വച്ചതെല്ലാം അടക്കിയ തേങ്ങൽ സ്വരം കടമെടുത്തിരുന്നു…

“നല്ല കുട്ടിയായിട്ട് അച്ഛൻ പറയുന്നതെല്ലാം കേൾക്കണം.. ചേച്ചി ചെയ്ത പോലെ എന്റെ സച്ചു ഒരിയ്ക്കലും ഞങ്ങളോടും ഈ വീടിനോടും ചതി ചെയ്യരുത്… അമ്മയ്ക്ക് വാക്കു താ..”

മുറുകെപ്പിടിച്ച അമ്മയുടെ കൈകൾ പതിയെ അയഞ്ഞു കിടക്കയിലേക്ക്  വീണു…

അമ്മയുടെ ശബ്ദം എന്നെന്നേക്കുമായി വിട്ടകലുന്നതറിഞ്ഞു..

കരയാൻ പോലുമറച്ചു നിന്ന നിമിഷം!!

ഒരിയ്ക്കലും വിളി കേൾക്കാത്ത അത്രയും ദൂരത്തേക്ക് അമ്മയും പോയെന്ന് വിശ്വസിയ്ക്കാനാവാതെ പകച്ചു നിന്ന ആ നിമിഷത്തെ ഇന്നും ഓർക്കാൻ വയ്യ തനിയ്ക്ക്!!!!

“ചേച്ചി ചെയ്തത് പോലെ സച്ചു ഒരിയ്ക്കലും ചെയ്യില്ലച്ചാ… അമ്മയോടൊന്നു പറ… ഞാനങ്ങനെ ചെയ്യില്ലെന്ന്…”

അച്ഛന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…

മനു എന്നെ അടർത്തി മാറ്റി പുറത്തെ കസേരയിലേക്ക് ബലമായി കൊണ്ട് ചെന്നിരുത്തി…

ഈ നിമിഷം, സങ്കടങ്ങൾ പകുത്തു നൽകി ചേർന്ന് കിടക്കാനുള്ള മടിത്തടം നഷ്ടപ്പെട്ട തീരാ വേദനയിൽ സ്വയം എരിഞ്ഞു തീർന്നിരുന്നെങ്കിലെന്നാശിച്ചു പോയിരുന്നു…

രാവിലെ പിറകെ നടന്നു കോളേജിലേക്ക് വിടാനും ക്ലാസ് വിട്ടു വരുമ്പോൾ ചായയുമായി കാത്തിരിയ്ക്കാനും വഴക്കു പറഞ്ഞു ശാസിച്ചു നേർവഴി കാട്ടാനും സങ്കടം വരുമ്പോൾ ചേർത്ത് പിടിച്ചാശ്വസിപ്പിയ്ക്കാനും തനിക്കിനി ആരുമില്ല!!

ലോകത്തിലെ ഏറ്റവും നല്ല ചേച്ചിയേയും അമ്മയേയും കിട്ടിയെന്നു പറഞ്ഞഹങ്കരിച്ചു നടന്നിരുന്ന സച്ചുവും അവർക്കൊപ്പം മരിച്ചു പോയിരിയ്ക്കുന്നു!!

എല്ലാം ഉള്ളിലൊതുക്കി ജീവച്ഛവമായി നിൽക്കുന്ന അച്ഛന്റെ ക്ഷീണിച്ച രൂപം കന്മുൻപിലൊരു തീരാ വേദനയായി അവശേഷിച്ചിരുന്നില്ലെങ്കിൽ അവർക്കൊപ്പം ആ നിമിഷം തന്നെ ജീവിതം അവസാനിപ്പിച്ചേനെ….!!

വെളുത്ത ആംബുലൻസിൽ വെള്ള പുതപ്പിച്ച രൂപത്തോടൊപ്പം വീടിന്റെ ഗേറ്റ് കടക്കുമ്പോൾ ഇതിനെല്ലാം കാരണക്കാരനായവനോടുള്ള പ്രതികാരം ഉള്ളിൽ കത്തിപ്പടർന്നു തുടങ്ങിയിരുന്നു…

സ്നേഹിയ്ക്കാൻ മാത്രമറിയാവുന്ന അമ്മയെയും ചേച്ചിയെയും ഒരേ ദിവസം തനിയ്ക്ക് നഷ്ടപ്പെടുത്തിയ കൊടും ക്രൂരനായ ആ മനുഷ്യനെ ഒരായിരം വട്ടം ഉള്ളിലിട്ടു പച്ചയ്ക്ക് തീ കൊളുത്തി സച്ചു…

വന്നവരെല്ലാം തന്റെ വിധിയെച്ചൊല്ലി സഹതപിച്ചും വേദനിച്ചും അകന്നു പോവുമ്പോൾ പുതിയൊരു ജീവിത ലക്ഷ്യം ഉള്ളിൽ കുറിച്ച് വച്ചു…

തന്റെ വേദനയുടെ പത്തിരട്ടിയെ അയാൾക്ക് പ്രദാനം ചെയ്യാതെ വിശ്രമമില്ലെന്നു ചേച്ചിയ്ക്ക് മുൻപിൽ പ്രതിജ്ഞയെടുക്കുകയായിരുന്നു…

അച്ഛൻ പരാതിയില്ലെന്നു പറഞ്ഞതിനെത്തുടർന്നു ഒരു കീറി മുറിയ്ക്കൽ ഒഴുവാക്കിയെന്നറിഞ്ഞു…

അത് കൂടിയേ അവൾക്ക് അനുഭവിയ്ക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ…

അതിനെത്തുടർന്നുള്ള പരിഹാസവും വേദനയുമെങ്കിലും സഹിയ്ക്കേണ്ടി വന്നില്ലല്ലോ…

അമ്മയും ചേച്ചിയുമൊഴിഞ്ഞ വീട്ടിൽ ദിവസങ്ങളോളം പരസ്പരം ഒരു വാക്ക് പോലും പറയാതെ ഞാനും അച്ഛനും ജഡാവസ്ഥയിൽ കഴിഞ്ഞ ശപിയ്ക്കപ്പെട്ട നാളുകൾ!!

കണ്ണടച്ചാൽ കേൾക്കുന്ന പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ!!

സമനില കൈവിട്ടു പോവാതെ തരണം ചെയ്യപ്പെട്ട നോവിന്റെ നേരങ്ങൾ!!

എല്ലാമെല്ലാം വീണ്ടും വീണ്ടും ഉള്ളിൽ പിറന്നു വീണു ഹൃദയം പൊള്ളിപ്പഴുത്തു…

കരച്ചിൽ ശബ്ദമേറിയപ്പോൾ ആരോ വിളിയ്ക്കുന്ന ശബ്ദം ചിന്തകളെ കീറി മുറിച്ചു….

അച്ഛനെ കണ്ടപ്പോഴാണ് ചേച്ചിയുടെ മുറിയിലാണെന്നുള്ള സ്വബോധത്തിലേയ്ക്ക് വന്നത്!!

ഇപ്പോഴും തുറക്കാതെ വച്ച വിവാഹ സമ്മാനം മാറോടടക്കിപ്പിടിച്ചു കരയാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായോ??

“എന്തിനാ മോളെ വീണ്ടും വീണ്ടും അതെല്ലാം ഓർത്തു സങ്കടപ്പെടണെ…”

അച്ഛനെ വേദനിപ്പിയ്ക്കാതിരിയ്ക്കാൻ മാത്രം കണ്ണീർ തുടച്ചെഴുന്നേറ്റു…

സങ്കടങ്ങളെ ഉള്ളിലൊതുക്കാൻ വിധി ശീലിപ്പിച്ചതല്ലേ…

ഭക്ഷണം കഴിയ്ക്കാൻ വിളിച്ചുകൊണ്ട് അച്ഛൻ പുറത്തേയ്ക്ക് നടന്നപ്പോൾ ചുവന്ന വട്ടമിട്ടു വച്ച ഫോട്ടോ മേശ വലിപ്പിലിട്ടുകൊണ്ടു സച്ചു പുറത്തേയ്ക്ക് നടന്നു….

മുറിയിൽ സൂക്ഷിച്ചു വച്ച ഇളം നീല മഷിയുള്ള എഴുത്തു കൂമ്പാരങ്ങൾ കനലെരിയുന്ന അടുപ്പിൽ നിക്ഷേപിച്ചുകൊണ്ടു തിരിച്ചു നടക്കുമ്പോൾ ചാരം മൂടിയൊരു പഴയ ലക്ഷ്യത്തെ അവൾ വീണ്ടും ഊട്ടിയുറപ്പിയ്ക്കുകയായിരുന്നു..

(തുടരും….)

(പ്രണയത്തിന് ജീവന്റെയും ജീവിതത്തിന്റെയും വില നൽകുമ്പോൾ നമുക്ക് വേണ്ടി ജന്മമർപ്പിച്ചു ജീവിയ്ക്കുന്നവരുണ്ടെന്നു മറന്നു പോവരുത് … നഷ്ടങ്ങളെ നികത്താനെ കഴിയു… പഴയ രൂപത്തിൽ തിരിച്ചെടുക്കാൻ കഴിയില്ല… കണ്ണില്ലാതായാലെ കണ്ണിന്റെ വിലയറിയൂ എന്ന് കേട്ടിട്ടില്ലേ..)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply