ഗന്ധർവ്വന്റെ വീടിനരികിലൂടെയുള്ള പോക്കുവരവുകളെല്ലാം മനപ്പൂർവ്വം ദിശ മാറ്റി…
സ്വയം അയാളിൽ നിന്നും അകലാൻ മനസ്സിനെ ചിട്ടപ്പെടുത്തി…
അനുഭവങ്ങളുടെ ദഹിപ്പിയ്ക്കുന്ന തീച്ചൂളയിൽപെട്ട ഭൂതകാലത്തിന്റെ നൊമ്പരങ്ങളെ മറന്നുകൊണ്ട് താനെപ്പോഴോ ഇളം നീല എഴുത്തുകളിൽ മറ്റൊരു ലോകം കണ്ടെത്തി തുടങ്ങിയിരുന്നു…
വീട്ടിലെ വേദനിപ്പിയ്ക്കുന്ന ഓർമകളിൽ നിന്നുള്ള താത്കാലിക ആശ്വാസമെന്നോണം അയാളിൽ അഭയം തേടിയിരുന്നു…
വിധി തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെ തഴഞ്ഞുകൊണ്ട് അറിയാതെ ഒരു സാധാരണ പെൺകുട്ടിയിലേയ്ക്ക് കൂടുമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു..
മനസ്സിനെ അത്ര വേഗം അയാളിൽ നിന്നും പറിച്ചെടുക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല!!
പക്ഷെ ശ്രമിച്ചേ പറ്റു!!
നിസ്സഹായതയുടെ പല അധ്യായങ്ങൾ താണ്ടി ,തന്നെ മാത്രം പ്രതീക്ഷയർപ്പിച്ചിരിയ്ക്കുന്നൊരു പാവം മനുഷ്യനുണ്ട് വീട്ടിൽ!!
ചേച്ചി പോയ വഴിയേ സച്ചു പോവില്ല!!
നടത്തത്തിന് വേഗത കൂട്ടി…
ഓരോന്ന് ചിന്തിച്ചിരുന്നു ക്ലാസ് വിട്ടു കഴിഞ്ഞു ഒത്തിരി കഴിഞ്ഞാണ് കോളേജിൽ നിന്നിറങ്ങിയത്…
നടവഴികളിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു…
വഴിയോരത്തെ മരക്കൊമ്പിലിരുന്നു പാടാറുള്ള രാപ്പാടിയുടെ ഗാനം കേൾക്കാറായോ എന്ന് വെറുതെ കാതോർത്തു…
“സച്ചു….”
ഗന്ധർവ്വൻ!!
കാൽപാദങ്ങൾ അനുസരണക്കേടോടെ ചലന രഹിതമായി…
“തന്നെയൊന്നു കാണാൻ നേർച്ച നേർന്നു കാത്തു നിൽക്കേണ്ടുന്ന ഗതിയണല്ലോ??”
അയാളുടെ സാമീപ്യം അവളിൽ മുമ്പൊരിയ്ക്കലുമില്ലാത്തൊരു തരം അസ്വസ്ഥതയുളവാക്കി..
“ഇത്രയ്ക്ക് അകൽച്ച കാണിയ്ക്കാനും മാത്രം ഞാനെന്താടോ ഇയാളോട് ചെയ്തത്…?? “
മറുപടി പറയാതെ നടന്നെങ്കിലും അയാൾ എന്തൊക്കെയോ ചോദ്യങ്ങളുമായി പിറകെയെത്തി..
“മതം വേറെയായെന്നുള്ള കുഴപ്പമാണോ തനിയ്ക്ക്?? ഇന്നത്തേക്കാലത്തും ഇങ്ങനൊക്കെ ചിന്തിയ്ക്കണോ സച്ചു??
എന്റെ മനസ്സ് കീഴടക്കിയ സച്ചുവിന്റെ ചിന്തകൾക്കൊരിയ്ക്കലും ഇത്രയും തരം താഴാൻ കഴിയുമായിരുന്നില്ല!!”
അയാളുടെ വാക്കുകളിൽ നിരാശയുണ്ട്…
” പരസ്പരം മറക്കാൻ കഴിയാത്ത വേദനയായി മാറുന്നതിനു മുൻപേ അകലുന്നതാവും നല്ലതെന്ന് തോന്നി…”
സാക്ഷയുടെ ആത്മഗതം അയാളെ ആശയക്കുഴപ്പത്തിലാക്കി..
“ഗസൽ ഇനിയൊരിയ്ക്കലും എന്നെ കാണാൻ വരരുത്… എനിക്കിഷ്ടമല്ല അത്…”
വാക്കുകളിൽ കപട ദേഷ്യത്തിന്റെ മുഖപടമണിഞ്ഞുകൊണ്ടു സച്ചു വേഗത്തിൽ നടന്നകലുമ്പോൾ പിറകിൽ അയാളുടെ പ്രതീക്ഷയറ്റു നിൽക്കുന്ന ചിത്രം മനസ്സിൽ തെളിഞ്ഞു..
തുടർന്നുള്ള ദിവസങ്ങൾ മനസ്സ് ശാശ്വതമല്ലാതെപിടി വിട്ടു തെന്നുന്ന സ്വസ്ഥതക്കേടിനെ പുൽകി…
ഇടയ്ക്കിടെ എടുത്തു വായിച്ചു നോക്കാറുള്ള ഇളം നീല എഴുത്തുകളുടെ അഭാവം വല്ലാത്ത സ്വാധീനം ചെലുത്തിയത് പോലെ…
ഷാനുവിനെക്കുറിച്ചുള്ള അന്വേഷണത്തിനായി അയാളുടെ നാട്ടിൽ പല തവണ ചെന്നിട്ടും നിരാശയായിരുന്നു ഫലം!!
ആ സംഭവത്തോടെ അയാളും കുടുംബവും മറ്റെങ്ങോട്ടോ വീട് മാറി പോയിക്കാണും!!
ഭീരു!!
അവൾക്ക് പുച്ഛം തോന്നി!!
ചേച്ചി പോയത് താൻ നൽകിയ ചതിയുടെ സമ്മാനവുമായാണെന്നു അയാളെപ്പോഴെങ്കിലും അറിഞ്ഞു കാണുമോ??
ഏറെ രഹസ്യമാക്കിയിട്ടും ആരിൽ നിന്നൊക്കെയോ നാട്ടിൽ സംസാരമായ പരസ്യമാണത്!!
അപരന്റെ ദുഃഖത്തെ പ്രതി സന്തോഷിയ്ക്കുന്നതിലും താല്പര്യം മറ്റെന്തിണ്ട്!!
ഇന്നും മാറ്റമില്ലാതെ തുടരുന്നൊരു കൈമാറ്റ പ്രക്രിയയാണത്!!
ഏതു വിധേനയും അയാളെ കണ്ടു പിടിയ്ക്കണം!!
ഈ ജന്മം തന്നെ അയാളോടുള്ള പകയ്ക്കായി ഹോമിച്ചതാണ്!!
ദിവസങ്ങൾക്ക് ശേഷം ആ പഴയ കാവമ്പലത്തിലൊന്നു പോയി…
അന്നത്തെ സംഭവത്തിന് ശേഷം പിന്നീടൊരിയ്ക്കലും വരില്ലെന്ന് കരുതിയതാണ്!!
പക്ഷെ… അതങ്ങനെ ബാക്കി വച്ച് കൂടാ!!
തന്നോട് ശത്രുതയുള്ള ഒരേ ഒരാൾ…
അതും കണ്ടെത്തണമല്ലോ!!
തൊഴുതിറങ്ങുമ്പോൾ ഭയന്നത് പോലെ അരികിൽ ഗന്ധർവ്വനുണ്ട്!!
ഒരു നറു പുഞ്ചിരി മാത്രം നൽകി പിരിഞ്ഞു പോകാൻ വിഫല ശ്രമം നടത്തി നോക്കി…
“തനിയ്‌ക്കെന്താടോ പറ്റിയത്?? താനിങ്ങനെയൊന്നും ആയിരുന്നില്ലല്ലോ??”
ഈ ചോദ്യം പ്രതീക്ഷിച്ചതാണ്!!
“എന്റെ പ്രവൃത്തിയെ എന്ത് പേരിട്ടും വിളിച്ചോളൂ… പക്ഷെ എനിയ്ക്ക് തന്നോടടുക്കാൻ കഴിയാത്ത വിധം ഭീകരമായ കാരണങ്ങളുണ്ട്!!”
മഞ്ഞു കാല പുലരിയുടെ സുഖമുള്ള തണുപ്പ് ശരീരമാകെ പടർന്നിട്ടും മനസ്സ് അസ്വസ്ഥമായിരുന്നു …
“പക്ഷെ സച്ചുവില്ലാത്തൊരു ജീവിതം!! ഇനിയതെനിയ്ക്ക് ചിന്തിയ്ക്കാൻ പോലും കഴിയില്ല!!”
അയാളുടെ ശബ്ദം ആർദ്രമായി..
“അതൊന്നും ഇനി വേണ്ട ഗസൽ… ഞാൻ പോവുന്നു..”
മുൻപോട്ടു നടന്ന സച്ചുവിന്റെ കൈകളിൽ അയാൾ പിടുത്തമിട്ടു അരികിലെ കുളപ്പടവുകൾക്കരികിലേയ്ക്ക് ബലമായി കൊണ്ടുപോയി…
അവൾക്ക് തടയാനാവുന്നതിലും വളരെ മുൻപ് തന്നെ ഗസൽ അവളെ കുളത്തിന്റെ പഴകി പൊട്ടാൻ തുടങ്ങിയ മതിലിനു മീതെ ചേർത്തിരുന്നു…
“കാരണം നീ എന്നെ അറിയുന്നതിലും എത്രയോ മുൻപ് ഈ മുഖം എനിയ്ക്കറിയാം…
എന്റെ പ്രണയത്തിന് നിന്റെ രൂപം കൈ വന്ന നാളുകൾ തൊട്ടു ഞാനുണ്ടായിരുന്നു നിന്റെ പിറകെ… നീയറിയാതെ തന്നെ…!!”
അയാളുടെ വാക്കുകളിൽ മുൻപാരിലും കണ്ടിട്ടില്ലാത്തൊരു തരം ഭ്രാന്തമായ ആവേശം തിളങ്ങി…
“ഒരുമിച്ചു ജീവിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നമുക്കൊരുമിച്ചു മരിയ്ക്കാം സച്ചു… എങ്കിലും ഞാൻ നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല!!”
നേരിയ ഭയം ശരീരത്തെ പുണരുന്നുണ്ടായിരുന്നു…
ചേർത്ത് പിടിച്ച കൈകളെ അടർത്തി മാറ്റാൻ ഏറെ ശ്രമിച്ചിട്ടും പരാജയപ്പെട്ടു!!
“സച്ചു…. നീ നിന്റെ ചേച്ചിയുടെ അതേ പകർപ്പാണ്!! ശരിയ്ക്കും!!
ഇത്രയേറെ രൂപ സാമ്യം!!
ഇത് ഞാനും പ്രതീക്ഷിച്ചിരുന്നതല്ല!!”
ചിന്തകളിലെങ്ങോ സ്വയം നഷ്ടപ്പെട്ടു അയാൾ പറഞ്ഞ വാക്കുകൾ!!
വല്ലാത്തൊരു നടുക്കത്തോടെയുള്ള അവളുടെ നോട്ടം അയാളുടെ കണ്ണുകളിൽ തറഞ്ഞു നിന്നു…
ചേച്ചി!!
“നിങ്ങൾക്കെങ്ങനെ അറിയാം എന്റെ ചേച്ചിയെ???”
പെട്ടെന്നുള്ള ചോദ്യത്തിൽ അയാൾ തെല്ലൊന്നു പതറി…
“പറയെടോ….”
തീയിൽ തൊട്ടതു പോലെ അയാൾ കൈകൾ പിൻവലിച്ചു…
“അത്… അത്‌പിന്നെ.. അന്ന്.. ഞാൻ കണ്ടിട്ടുണ്ട് ചേച്ചിയെ.. മരിച്ചിട്ടിപ്പൊ.. അധിക നാളായില്ലല്ലോ…”
അവളുടെ നോട്ടത്തിൽ അയാൾ നിന്ന് ചൂളി…
“അതിന്… അതിന് നിങ്ങളീ നാട്ടുകാരനല്ലല്ലോ…”
അവിശ്വസനീയമായ ചോദ്യത്തിന് എന്ത് മറുപടി നൽകുമെന്നറിയാതെ അയാൾ നിന്ന് വിയർത്തു…
“അല്ല… പക്ഷെ… ഇവിടെയാണല്ലോ ഒത്തിരി നാളായിട്ട്…”
അയാൾ ചിരിയ്ക്കാൻ ശ്രമിച്ചു…
“ആരാ നിങ്ങള്?? എന്താ നിങ്ങളുടെ ഉദ്ദേശം?? സത്യം പറ…”
അകന്നു മാറിയ ഗന്ധർവ്വനരികിലേയ്ക്ക് നടന്നടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ പേരറിയാത്ത അനേകം ഭാവങ്ങളുടെ സമ്മിശ്രമായ സംഗമം സ്ഫുരിച്ചു …
“സച്ചു… നീയെന്തൊക്കെയാ ചോദിയ്ക്കുന്നത്?? ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും ഒരു ചെറിയ വാചകം മാത്രം എടുത്തുയർത്തി എന്നെ വിലയിരുത്താനാണോ നീ ശ്രമിയ്ക്കുന്നത്??”
“അല്ല… നിങ്ങൾക്ക് മറ്റെന്തോ ഉദ്ദേശമുണ്ട്…
ഗന്ധർവ്വനെന്ന പേരിൽ കൗതുകം ജനിപ്പിയ്ക്കുന്ന കത്തുകളെഴുതി എന്റെ മനസ്സിൽ കുടിയേറി എന്നെ സ്വന്തമാക്കി നിങ്ങൾക്ക് സ്വായത്തമാക്കേണ്ടുന്ന മറ്റെന്തോ ഉണ്ട്!! “
“ഇല്ല… താനെന്നെ തെറ്റിദ്ധരിച്ചതാണ്…!!
ഞാനങ്ങനെയൊന്നും…”
“മതി….!!
ഇനിയൊരക്ഷരം മിണ്ടിപ്പോവരുത്…!!
നിങ്ങളെ… നിങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്ന എന്തോ ഒരു ലക്ഷ്യത്തെ.. ഞാൻ തിരിച്ചറിഞ്ഞില്ല!!
കയ്പ്പേറിയൊരു അനുഭവം മുൻപിലുണ്ടായിട്ടും…!!”
സച്ചുവിന് ഭ്രാന്ത് പിടിയ്ക്കുന്നതായി തോന്നി…
“നിന്റെ മനസ്സിലിപ്പോ നിറയെ സംശയങ്ങൾ മാത്രമാണ്.. അത് തിരുത്താതെ ഞാനിനി നിന്റെ മുൻപിൽ നിന്നിട്ടൊരു കാര്യവുമില്ല…”
അയാൾ ദേഷ്യത്തോടെ പടികൾ ചവിട്ടിക്കേറി നടന്നു പോയി…
അയാൾക്ക് പിറകെ കുളത്തിൽ നിന്നും കയറി സച്ചു വേഗത്തിൽ വീട്ടിലേയ്ക്ക് നടന്നു…
മനസ്സ് നിറയെ നാനാ തരത്തിലുള്ള ചിന്തകൾ നിറഞ്ഞു…
ആരായിരിയ്ക്കും അയാൾ??
ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ട് താനയാളെ!!
പ്രഥമ ദൃഷ്ടിയിലെ അത് ബോധ്യമായതാണ്,!!
ആരായാലും അയാൾക്ക് ചേച്ചിയെ നന്നായി അറിയാം!!
ഒരു പക്ഷെ ഷാനുവിന്റെ അനിയനായിരിയ്ക്കോ??
മുൻപെപ്പോഴോ അയാൾ സഹോദരനെക്കുറിച്ചും മറ്റുമെല്ലാം സംസാരിച്ചിരുന്നതായി ഓർത്തു…
അങ്ങനെയെങ്കിൽ എന്തിനാവും അയാളെന്നെ തേടി വന്നത്??
നിനച്ചിരിയ്ക്കാത്ത മറ്റെന്തോ കാരണം ഇതിനു പിന്നിലുണ്ടെന്നു ഹൃദയം വീണ്ടും വീണ്ടും ആണയിട്ടു!!
വരുന്ന വഴിയ്ക്ക് എതിരെ വരുന്ന ബൈക്ക് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബ്രെക് ചെയ്തു നിന്നു…
സ്വബോധത്തെ തിരിച്ചെടുത്തു നോക്കുമ്പോൾ ചിരിയ്ച്ചുകൊണ്ടു നിൽക്കുന്ന മനുവിനെയാണ് കണ്ടത്!!
” മനോരാജ്യം കണ്ടു നടക്കാതെ വേഗം വീട്ടിപ്പോടി…”
“നിനക്ക് മാറിയോ?? കാല്…”
കാലിലേക്ക് നോക്കിക്കൊണ്ടാണ് ചോദിച്ചത്…
“അതൊക്കെ എപ്പോഴേ മാറി…”
അമ്പരന്നുള്ള ചോദ്യം കേട്ട് മനു ചിരിച്ചു…
മാസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു വീണത്!!
യാത്ര പറഞ്ഞു പോവുമ്പോൾ ഇതുവരെ കാണാത്ത സന്തോഷം അവന്റെ മുഖത്തു കണ്ടു…
ഗേറ്റിനു മുകളിലെ പാലിന്റെ കുപ്പി കയ്യിലെടുത്തു അകത്തേയ്ക്ക് നടക്കവെയാണ് അപ്രതീക്ഷിതമായി ആ എഴുത്തു ശ്രദ്ധയിൽ പെട്ടത്!!
സംശയത്തോടെ എടുത്തു തുറന്നു…
ഇളം നീല നിറമുള്ള വരികൾ!!!
വല്ലാത്ത ഞെട്ടൽ മിന്നൽപ്പിണർ പോലെ ഹൃദയത്തിൽ തറച്ചു…
“ഇനിയും മറഞ്ഞിരിയ്ക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നുന്നു…!!
തേടിപ്പരാജയപ്പെട്ട ദിനങ്ങളെ വിസ്‌മൃതിയിലാഴ്ത്തി സ്വയം ചാർത്തി രസിച്ച പ്രച്ഛന്ന വേഷത്തിന്റെ കാനന ഭാവമഴിച്ചുവച്ച് ആട്ടക്കഥയുടെ ഏഴാം യാമത്തിൽ ഞാൻ നിനക്ക് മുൻപിൽ പ്രത്യക്ഷമാവും!!
– ഗന്ധർവ്വൻ-
സാക്ഷയ്ക്ക് തല കറങ്ങുന്നതായി തോന്നി!!
ശരീരമാകെ വിയർപ്പിൽ കുളിച്ചിരുന്നു…!!
താനിനിയും ഗന്ധർവ്വനെ കണ്ടെത്തിയിട്ടില്ലെന്നോ??
അപ്പോൾ കൂടെയുള്ളത്???
ഈശ്വരാ…!!
അങ്ങനെയെങ്കിൽ ഈ എഴുത്തുകളിലെ വാചകങ്ങളെല്ലാം അയാൾക്കെവിടുന്നു കിട്ടി??
ഗന്ധർവ്വനാണെന്നു പറഞ്ഞു തന്നെ കബളിപ്പിച്ചുകൊണ്ടിരിയ്ക്കുന്നയാൾ…!!!
അയാളാരായിരിയ്ക്കും??
ചിന്തകൾ കാട്ടു തീ പോലെ പടർന്നു…
പൊടുന്നനെ അകത്തു നിന്നും കേട്ട ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി…
ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച്ചയിൽ സച്ചു വായയ്ക്ക് മീതെ കൈകളമർത്തി..
താഴെ വീണുടഞ്ഞു കിടക്കുന്ന ചേച്ചിയുടെ ചിത്രത്തിലേയ്ക്കും ഇളകി വീണ ആണിയിലേയ്ക്കും നോക്കി അവൾ ഭയത്തോടെ നിലത്തിരുന്നു പോയി….!!
(തുടരും….)
രചന: സ്വാതി കെ എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
ദയവു ചെയ്തു horror അക്കല്ലെ pls….
അടുത്ത ഭാഗത്ത് എന്തു സംഭവിക്കും എന്ന് ചിന്തിക്കാനുള്ള ഒരു പഴുതു പോലും ഇല്ലലോ?