ചേച്ചിയെന്തെങ്കിലും സൂചന നൽകുന്നതാവുമോ??
അങ്ങനെയെങ്കിൽ എന്തായിരിയ്ക്കും അത്??
ഒട്ടും ശുഭകരമല്ലാത്ത എന്തൊക്കെയോ ചിലത് തന്റെ ജീവിതത്തിൽ സംഭവിയ്ക്കാൻ പോകുന്നുവെന്നൊരു തോന്നൽ!!
ഇതുവരെയില്ലാത്ത ഭയത്തിന്റെ ജ്വാലകൾ മനസ്സിൽ വന്നു മൂടി…
ആരൊക്കെയോ ചേർന്ന് തന്നെ മനപ്പൂർവ്വം കബളിപ്പിയ്ക്കുകയാണ്!!!
മണ്ടിയാക്കുകയാണ്!!
അറിയാതെയെങ്കിലും പ്രണയിച്ചു പോയത് തന്റെ ഹൃദയം കവർന്ന എഴുത്തുകളെ മാത്രമാണ്….!!
അതിന്റെ ചുവടു പിടിച്ചുകൊണ്ടു അതെഴുതിയ കൈകളെയാണ്…!!
ആ ചിന്തകളെയും വരികളെയുമാണ്..!!
അതിനൊരു മുഖം ലഭിച്ചപ്പോൾ പ്രണയം അയാളിലേയ്ക്കും വഴി മാറിയെന്നുള്ളത് ശരി തന്നെ!!
പക്ഷെ….
സത്യമറിഞ്ഞപ്പോൾ….!!
ആരോ നിയന്ത്രിയ്ക്കുന്ന ചരടിനൊപ്പം തുള്ളുന്ന പാവയോളം ചെറുതായിപ്പോയിരിയ്ക്കുന്നു…!!!
മനസ്സുകൊണ്ടാണെങ്കിലും വഴിപ്പെട്ടു പോയത് ഒരേയൊരാൾക്കാണ്…!!
ഗന്ധർവ്വൻ!!
അത് മറ്റാരോ ആണെങ്കിൽ… തന്റെ പ്രണയവും അയാളിൽ മാത്രം അടിയറവു പറഞ്ഞതാണ്….!!
അയാളിൽ മാത്രം…!!
ഒന്നും വേണ്ടായിരുന്നു….!!
എഴുത്തിനു പിന്നിൽ ഒളിച്ചിരിയ്ക്കുന്നയാളുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചു യാതൊരു ധാരണയുമില്ലാതിരുന്നിട്ടും മനസ്സിനെ നിയന്ത്രിച്ചില്ല!!
അറിഞ്ഞുകൊണ്ട് ചെയ്തുപോയ അബദ്ധം!!
കണ്ണുനീരിൽ ഒഴുക്കിക്കളഞ്ഞ ദിനങ്ങളെയെല്ലാം ഇത്ര വേഗത്തിൽ മറവിയ്ക്ക് വിട്ടു കൊടുക്കാൻ എങ്ങനെ കഴിഞ്ഞു തനിയ്ക്ക്….??
വേണ്ട!!
സച്ചു ആരെയും പ്രണയിക്കില്ല…!!
പക്ഷെ… എല്ലാത്തിനും പിറകിൽ മറഞ്ഞിരിയ്ക്കുന്ന അജ്ഞാതനായൊരാൾ…!!
അയാളെ കണ്ടെത്തിയെ മതിയാവൂ!!
തന്റെ ഉള്ളിൽ കിടന്നു വീർപ്പു മുട്ടുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം!!
അതയാളുടെ നാവിൻ തുമ്പിലാണ്!!
എല്ലാ മറകളും നീങ്ങുന്ന അവസാന ദിനം…!!
അന്നവസാനിപ്പിയ്ക്കും സകലതും…
അയാളെ കണ്ടെത്തുന്ന ദിവസം ആ മുഖത്തു നോക്കി ചോദിയ്ക്കാനുണ്ട് ചിലത്….!!!
“സച്ചൂ… എന്താ അവിടെ??”
അച്ഛന്റെ ശബ്ദം കേട്ടപ്പോഴാണ് സ്ഥലകാല ബോധം കൈവന്നത്…!!
നിലത്തു വീണു ചിതറിയ ചില്ല് കഷ്ണങ്ങൾ പെറുക്കുന്നതിനിടയിലെപ്പോഴോ കൈ മുറിഞ്ഞിരിയ്ക്കുന്നു…
അച്ഛൻ കാണാതെ വേഗത്തിൽ എല്ലാമെടുത്തു പുറത്തേയ്ക്ക് നടന്നു…
പിറ്റേന്ന് കോളേജിലേക്ക് പോവുമ്പോൾ മനപ്പൂർവ്വം ഹരിയെ കൂട്ട് വിളിച്ചു…
എന്തോ ഒരു ധൈര്യക്കുറവ്…
തനിച്ചാകുമ്പോൾ മാത്രം തേടി വരുന്ന കാലൊച്ചകൾ….!!
പ്രണയത്തേക്കാളേറെ ഭ്രാന്തമായ ആവേശം വഴിഞ്ഞൊഴുകുന്ന മിഴികൾ….!!
എല്ലാമെല്ലാം ഭയാജനകമാം വിധം അലട്ടിക്കൊണ്ടിരിയ്ക്കുന്നു..
സ്വയം എടുത്തു ചാർത്തിയ പ്രണയിനിയുടെ പട്ടം തലയ്ക്ക് മീതെ കൂർത്ത ആഗ്രത്തോടെ തൂങ്ങിയാടുകയാണ്…!!
ഏതു നിമിഷവും അതറ്റു വീണേക്കാം….
ഒരാഴ്ച്ചത്തോളം അയാളുടെ കണ്ണ് വെട്ടിച്ചു കഴിച്ചു കൂട്ടി….!!
മനപ്പൂർവ്വം പിടി കൊടുത്തില്ലെന്നു പറയുന്നതാവാം കൂടുതൽ ശരി…
എഴുതിത്തീർക്കാനുള്ള റെക്കോർഡുകളുടെ കൂമ്പാരത്തിൽ പാതി പ്രയാസപ്പെട്ടു മുഴുമിപ്പിച്ചു ഉറങ്ങാൻ വട്ടം കൂട്ടിയപ്പോഴേയ്ക്കും നേരം പുലർച്ചെ രണ്ടു മണിയോടടുത്തിരുന്നു…
ചെവിയിൽ തിരുകി വെച്ചിരുന്ന ഹെഡ് സെറ്റ് അഴിച്ചെടുത്തു മേശപ്പുറത്തു നിക്ഷേപിച്ചു കിടക്ക വിരിപ്പെടുത്തു കുടഞ്ഞു വിരിയ്ക്കുമ്പോഴാണ് തുറന്നു കിടക്കുന്ന ജനൽ ശ്രദ്ധിച്ചത്…
എഴുതുന്ന തിരക്കിനിടയിൽ അടയ്ക്കാൻ മറന്നിരിയ്ക്കുന്നു…
പുറത്തെ നിലാവിലേയ്ക്ക് മിഴികളൂന്നി…
ഏറെ പ്രിയമുള്ള ഏതോ പുഷ്പത്തിന്റെ ഹൃദ്യമായ സുഗന്ധം…!!
ഹിമകണവും പേറിയെത്തിയ തണുത്ത കാറ്റ്…
തുറന്നു കിടക്കുന്ന ജാലകവാതിലിനായി നീട്ടിയ കൈകൾ ചെന്ന് തൊട്ടത് മാർദ്ദവമുള്ള എന്തോ ഒന്നിൽ…
വലിച്ചെടുത്തു നോക്കിയപ്പോഴേയ്ക്കും തൊണ്ടയിലെ നീരുറവ പാതിയും വറ്റിയിരുന്നു…
ഒന്നിച്ചു ചേർത്ത് കെട്ടിയ അനേകം ചെമ്പകപ്പൂക്കൾ…
ഇതെങ്ങനെ ??
ഭയം വീണ്ടും കാരിരുമ്പ് കണക്കെ ശക്തിയായി പ്രഹരിച്ചു…
മനസ്സിനെ നിയന്ത്രിച്ചു വീണ്ടു ജനാലയടയ്ക്കാൻ വിറയോടെ നീട്ടിയ കൈകളിൽ പൊടുന്നനെ ഒരു പിടുത്തം വീണു…!!
ഭയം മരവിപ്പായി ശരീരത്തെ പൊതിഞ്ഞു…
തൊട്ടടുത്ത മുറിയിലുള്ള അച്ഛനെ വിളിയ്ക്കാൻ വിഫല ശ്രമം നടത്തിയെങ്കിലും തളർന്നു തുടങ്ങിയ നാവിനു മുൻപിൽ പരാജയം സമ്മതിയ്ക്കേണ്ടി വന്നു…
കണ്മുന്നിലേയ്ക്ക് വന്നയാളുടെ പരിചിത രൂപം കണ്ടപ്പോൾ സച്ചു വിളറി വെളുത്തു പോയി…
ഗസൽ!!!
വിളറി നിൽക്കുന്ന സച്ചുവിനെ നോക്കി അയാൾ വശ്യമായി പുഞ്ചിരിച്ചു…
ഭയവെറുപ്പുകളാൽ സമ്പന്നമായ ഏതോ വികാരം അവളുടെ കാലടികളെ തളർത്തി…
“എന്താടോ ഇങ്ങനെ അന്തം വിട്ടു നോക്കുന്നത്?? ആദ്യമായി കാണുന്നത് പോലെ…”
ഹൃദയത്തുടിപ്പിന്റെ സ്വരം നിശ്ശബ്ദതയ്‌ക്കൊരു അലങ്കാരമെന്നോണം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…
“എത്ര നേരമായെന്നോ ഞാൻ തന്നെയും നോക്കിയുള്ള നിൽപ്പ് തുടങ്ങിയിട്ട്…
പക്ഷെ കാത്തുനിൽപ്പ് ഒട്ടും മുഷിപ്പായി തോന്നിയില്ല…
പൂക്കൾ ഇഷ്ടായോ?? വാട്ടം തട്ടാതെ സൂക്ഷിച്ചതാണ്…”
വലതു കൈത്തടം ഒരിയ്ക്കലും വലിച്ചെടുക്കാനാവാത്ത വിധം അയാളിൽ കുരുങ്ങിക്കിടക്കുന്നതുപോലെ തോന്നി..!!
“വിടരും മുൻപേ പറിച്ചെടുക്കുന്നതാണ് എനിക്കിഷ്ടം.. അതിനോളം സൗരഭ്യം, പൂർണതയെത്തി മോചനം കാത്തു നിൽക്കുന്ന പൂക്കൾക്ക് കിട്ടില്ല…”
അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ആസക്തി തിളങ്ങി…!!
“എന്താ മിണ്ടാത്തത്?? എന്നോട് ദേഷ്യമാണോ??”
ഈ പിണക്കം മാറാനുള്ളൊരു സമ്മാനവുമായാണ് ഞാൻ വന്നിരിയ്ക്കുന്നത്…”
പ്രണയ ഭാവത്തോടെ അയാൾ കൈകൾക്ക് മീതെ അധരങ്ങളമർത്തിയതും വാതിലിൽ മുട്ട് കേട്ടതും ഒരുമിച്ചായിരുന്നു…
പെട്ടെന്നുള്ള ഞെട്ടലിൽ അയാളുടെ പിടി അയഞ്ഞതും ഞാൻ സർവ ശക്തിയുമെടുത്തു കൈകൾ വലിച്ചെടുത്തു വാതിൽക്കലേയ്ക്കോടി…
“എന്താ മോളെ… ഇത്ര സമയമായിട്ടും ഉറങ്ങിയില്ലേ??”
“അത്… ഇപ്പോഴാ എഴുതിക്കഴിഞ്ഞത്….”
ശബ്ദത്തിലെ വിറയൽ അച്ഛനറിയുമോ എന്ന് ഭയന്നിരുന്നു..
“ജലനടച്ചില്ലേ ഇത് വരെ?? വല്ല ഇഴജന്തുക്കളും കയറിക്കൂടുമെന്നു പറഞ്ഞിട്ടില്ലേ നിന്നോട്??എത്ര തവണ പറഞ്ഞാലും ആശ്രദ്ധയാണീ കുട്ടിയ്ക്ക്…”
അച്ഛൻ ശാസനയോടെ ചെന്ന് ജനൽ ബന്ധിയ്ക്കുമ്പോൾ അയാൾ നിന്നിടം ശൂന്യമായിരുന്നു…
“നേരത്തെ എഴുതി വയ്ക്കാൻ പറഞ്ഞാൽ കേൾക്കില്ല…
സമയം എത്രയായെന്നു വല്ല നിശ്ചയമുണ്ടോ നിനക്ക്??
മതി… കിടന്നുറങ്ങിക്കോളൂ…”
ഒന്നും മിണ്ടാതെ ചുമരിനരിക് പറ്റി ചേർന്ന് കിടന്നു…
ലൈറ്റണച്ചു അച്ഛൻ വാതിൽ ചാരി മടങ്ങിയപ്പോൾ അടിച്ചമർത്തിയ ഭയം പതിന്മടങ്ങായി തിരിച്ചു വന്നിരുന്നു…
എത്ര വിലക്കിയിട്ടും കണ്ണുകൾ വീണ്ടും ജനലിനപ്പുറത്തെ നിഴലിനെത്തേടി…
വെപ്രാളത്തിനിടയിലെപ്പോഴോ പിടി വിട്ടു താഴെ വീണ ചെമ്പക പൂക്കളുടെ ഗന്ധം ശ്വാസത്തെ ആക്രമിച്ചുകൊണ്ടിരുന്നു…
ചിന്തകളപഹരിച്ച നിദ്രാദേവിയുടെ കടാക്ഷം തിരിച്ചു കിട്ടിയപ്പോഴേയ്ക്കും നേരം പുലർന്നിരുന്നു…
“മോളെ… കണ്ണ് തുറക്ക്…”
അച്ഛന്റെ തുടരെയുള്ള ശബ്ദം കാതുകളിലെത്തിയപ്പോഴാണ് പ്രയാസപ്പെട്ടു മിഴികൾ തുറന്നത്…
പതിവില്ലാത്ത ക്ഷീണം തോന്നി…
“ഇത് കുടിയ്ക്ക്…”
ആവി പറക്കുന്ന ഗ്ലാസ് നീട്ടിക്കൊണ്ടാണ് പറയുന്നത്…
സച്ചുവിനൊന്നും മനസ്സിലായില്ല…
ഒട്ടും പതിവില്ലാത്ത ശീലങ്ങൾ??
അച്ഛനിതെന്തു പറ്റി ആവോ??
എഴുന്നേറ്റിരിയ്ക്കാൻ വയ്യ!!
എന്തോ ഒരു വല്ലായ്‌ക തോന്നുന്നുണ്ട്…
“ഇത് കുടിച്ചിട്ട് കുറവില്ലെങ്കിൽ ആശുപത്രിയിൽ പോവാം നമുക്ക്…”
ആവലാതി നിറഞ്ഞ വാക്കുകൾക്ക് അകമ്പടിയെന്നോണം അച്ഛൻ പുറം കൈകൾ നെറ്റിയിലമർത്തി നോക്കുന്നുണ്ട്…
നല്ല ചൂടുണ്ട്… കിടക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ… മഞ്ഞു കൊള്ളരുതെന്നു പറഞ്ഞാൽ കേൾക്കില്ല..”
സച്ചു തളർച്ചയുടെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു…
തുളസിയുടെയും ചുക്കിന്റെയും കുരുമുളകിന്റെയുമെല്ലാം സമ്മിശ്രമായ ഗന്ധം…!!
കുടിച്ചു കഴിഞ്ഞാൽ അൽപ നേരത്തേയ്ക്കൊരു വല്ലാത്ത പുകച്ചിലാണ്…!!
അച്ഛനെ ഭയന്ന് പകുതിയോളം കണ്ണും പൂട്ടി കുടിച്ചിറക്കി എന്ന് പറഞ്ഞാൽ മതിയല്ലോ….
തലേന്ന് രാത്രിയിലെ സംഭവം വീണ്ടും ഓർമയിലേക്ക് വന്നു..!!
ശരീരത്തെ പൊള്ളിയ്ക്കുന്ന കൊടും താപമായി ഉള്ളിൽ അവശേഷിയ്ക്കുന്ന ഭയത്തിന്റെ ഉറവിടം….!!
ഗസൽ….!!
എന്തിനാണ് താനയാളെ ഇത്രയേറെ ഭയപ്പെടുന്നത്???
അറിയില്ല….
നിയന്ത്രണാതീതമായ ഹൃദയത്തോട് ചോദിച്ചാൽ ഉത്തരം കിട്ടില്ലല്ലോ…
ഒന്നറിയാം..!!
ഭയക്കുന്നത് അയാളുടെ ചെയ്തികൾക്ക് പിന്നിൽ മറഞ്ഞിരിയ്ക്കുന്ന രഹസ്യത്തെയാണ്…!!
ഓരോന്നോർത്തു വീണ്ടും ഉറങ്ങിപ്പോയതറിഞ്ഞില്ല….
മയക്കത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ സമയം നാല് മണിയോടടുത്തിട്ടുണ്ട്…
ചൂട് വിട്ടു മാറിയിരുന്നു…
ഒന്ന് രണ്ടു ദിവസങ്ങളെ പനിയുടെ പേര് പറഞ്ഞു മുറിയ്ക്കുള്ളിൽത്തന്നെ ഒതുക്കിയപ്പോഴേയ്ക്കും മടുത്തു പോയിരുന്നു…
ചിന്തകളുടെ അഗ്നിയിൽ മെരുക്കിയെടുത്ത അനേകം തീരുമാനങ്ങളർപ്പിച്ച ധൈര്യം സ്വയം പകർന്നു…
കോളേജിലേക്ക് തനിച്ചു യാത്രയാവുമ്പോൾ വഴിയരികിൽ കാത്തു നിൽക്കുന്നയാളുടെ വാക്കുകളെ മുറിച്ചു കീറാനുള്ള ആയുധമാക്കി പഴയ സച്ചുവിനെ വാർത്തെടുത്തിരുന്നു…
“ഞാൻ കരുതി സച്ചു വഴി മാറ്റിയിട്ടുണ്ടാവുമെന്ന്…”
അയാൾ ആശ്വാസത്തോടെ ചിരിച്ചു..
“എന്ത് കാര്യത്തിന്?? “
ഉള്ളിലെ വെറുപ്പ് വാക്കുകളിൽ പ്രകടമാക്കി…
“അല്ല… ഈയിടെയായി സ്ഥിരം തേടിയെത്തലുകളെയെല്ലാം ഒഴിവാക്കലുകളിലേയ്ക്ക് ഗതിമാറ്റം ചെയ്തിരിയ്ക്കുകയാണല്ലോ…”
എത്രത്തോളം മാന്യതയാണിയാൾ വാക്കുകളിൽ കൊണ്ട് നടക്കുന്നത്…!!
അയാളുടെ അഭിനയം സച്ചുവിനെ ദേഷ്യത്തിന്റെ കൊടുമുടിയിലെത്തിച്ചു…
“സീ… നിങ്ങളോട് സംസാരിയ്ക്കാൻ താൽപര്യമില്ലെന്ന് ഞാനൊരിയ്ക്കൽ പറഞ്ഞതാണ്…
വീണ്ടും വീണ്ടും എന്റെ പിറകെ നടന്നു ശല്യം ചെയ്യുന്നത് മാന്യതയാണെന്നു തോന്നുന്നുണ്ടോ??”
“ശല്യമോ??? മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ എന്നോടുള്ള പെരുമാറ്റം…??”
അയാളുടെ വാക്കുകളിൽ രസക്കേടുണ്ട്…
മറുപടി കൊടുക്കാൻ തോന്നിയില്ല…
എല്ലാമറിഞ്ഞിട്ടും മണ്ടനെപ്പോലെ നടിയ്ക്കുന്നവർക്കു മുൻപിൽ വീണ്ടുമൊരു വിവരണത്തിന്റെ ആവശ്യമെന്താണ്??
“നിനക്ക് തോന്നുന്നത് പോലെ എടുക്കാനും തട്ടാനുമുള്ള കളിപ്പാട്ടമാണ് ഞാനെന്ന് കരുതിയോ??”
താഴ്ന്നു തരുന്നതിനും ഒരു അതിരുണ്ട്…”
അയാളുടെ ശൗര്യം സച്ചുവിനെ തെല്ലും ഭയപ്പെടുത്തിയില്ല…
“എല്ലാ കാലത്തും ഒരാളെ മണ്ടിയാക്കാമെന്നു ധരിയ്ക്കരുത് ഗസൽ..
നിങ്ങളെന്നെ പറഞ്ഞു പറ്റിച്ചു വശത്താക്കിയിരുന്ന നാളുകളെല്ലാം കഴിഞ്ഞു പോയി…
മറ്റാരുടെയോ വേഷമെടുത്തണിഞ്ഞുകൊണ്ടുള്ള നാടകം ഇനി നടക്കുമെന്ന് കരുതണ്ട…
ഞാനുമായുള്ള ബന്ധവും ഈ നിമിഷം അവസാനിപ്പിച്ചോളൂ… ഇല്ലെങ്കിൽ എനിയ്ക്കെന്നെത്തന്നെ സ്വയം മറക്കേണ്ടി വരും…”
“ഒഴിഞ്ഞു പോവാൻ തയ്യാറാല്ലെങ്കിലോ??”
ഇടതു കയ്യിൽ പിടി മുറുക്കിയുള്ള ചോദ്യം..
ദേഷ്യത്തോടെ അയാളുടെ കരണം പുകച്ചുകൊണ്ടു തിരിച്ചു നടക്കുമ്പോൾ അനുവാദമില്ലാതെ ദേഹത്ത് തൊടരുതെന്നു താക്കീതു നൽകിയിരുന്നു…
പകയോടെ ഉറ്റു നോക്കുന്ന കണ്ണുകളെ പുച്ഛത്തോടെ അവഗണിച്ചു യാത്രയാവുമ്പോൾ വാക്കുകളിലൂടെ മനസ്സും ബലപ്പെട്ടു…
ഇനിയൊരു ഒളിച്ചോട്ടത്തിനു വയ്യ…
നേരിടാനുറച്ചു തന്നെ തുനിഞ്ഞിറങ്ങിയതാണ്…
ഒന്ന് രണ്ടു ദിവസത്തേയ്ക്ക് വഴിയരികിലെ കാത്തു നിൽപ്പുണ്ടായില്ല…!!
കാണാതായപ്പോൾ അയാൾ പിന്മാറിയെന്നാശ്വസിച്ചു…
പക്ഷെ….!!
ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ മുൻപരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന വാട്ട്സ്ആപ്പ് സന്ദേശം കണ്ടു… തുറന്നു നോക്കിയപ്പോൾ സർവ നാഡികളും തളർന്നു നിന്ന്പോയി…
റോഡരികിൽ രക്തം വാർന്നു കിടക്കുന്ന അജുവിന്റെ ചിത്രം…!!
അല്പം മുൻപ് തന്നെ ജങ്ഷനിൽ കൊണ്ടുവിട്ടു മടങ്ങിയതാണവൻ….!!
ഈശ്വരാ…..!!
അതേ നമ്പറിൽ നിന്നും വന്ന ഫോൺ കോൾ വെപ്രാളത്തോടെ അറ്റൻഡ് ചെയ്തപ്പോൾ മറു തലയ്ക്കൽ അയാളായിരുന്നു…
“ഹലോ…ചിത്രം കണ്ടോ??”
“എന്റെ അജുവിനെന്താ പറ്റിയത്…”
“ചെറിയൊരു ആക്സിഡന്റ്… അത്രേയുള്ളൂ…”
“ഗസൽ പ്ലീസ്… ദൈവത്തെ ഓർത്തു അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോ…”
കരച്ചിലിന്റെ അകമ്പടിയോടെയുള്ള യാചന മുഴക്കമുള്ള അട്ടഹാസത്തിലമർന്നു പോയി…
“താനിങ്ങനെ അപ്സെറ്റ് ആയാലോ?? ഒന്ന് കൂളാവെടോ…”
“എന്നോടുള്ള ദേഷ്യം എന്നോട് തീർത്താൽ പോരെ… ഒന്നുമറിയാത്ത ആ പാവത്തിന്റെ ജീവിതം വച്ച് കളിയ്ക്കുന്നതെന്തിനാ??”
“ആദ്യം ആ കരച്ചിലൊന്നു നിർത്ത്..
നമുക്ക് സമാധാനപരമായി സംസാരിയ്ക്കാം എന്താ പോരെ…”
“ദയവ് ചെയ്ത് അവനെയൊന്നു ഹോസ്പിറ്റലിലെത്തിയ്ക്ക്… അത് കഴിഞ്ഞിട്ടാവാം എല്ലാം…”
രക്തം വാർന്നൊഴുകുന്ന അജുവിന്റ രൂപം ഓർക്കും തോറും കരച്ചിൽ ശബ്ദമേറി…
“ഹോസ്പിറ്റലിൽ കൊണ്ട് പോവാനൊന്നും എനിയ്ക്ക് വയ്യ… ആൾ സഞ്ചാരം കുറഞ്ഞ വഴിയാണ്.. ആരെങ്കിലും വരുമ്പോൾ കാണും… അപ്പൊ കൊണ്ട് പോവുമായിരിയ്ക്കും… “
“പ്ലീസ്… ഞാനെന്തു വേണമെങ്കിലും ചെയ്യാം…”
എത്ര ശ്രമിച്ചിട്ടും കണ്ണീരിനെ തടയിടാൻ കഴിഞ്ഞില്ല…
“അത്രയ്ക്ക് ഇഷ്ടമാണോ കൂട്ടുകാരനെ?? അത് കൊള്ളാലോ..”
വീണ്ടും ചിരിയുയർന്നു…
“പ്ലീസ് ഗസൽ…”
തേങ്ങൽച്ചീളുകളേറ്റു തളർന്ന സ്വരം…!!
“താനിത് തന്നെ പറഞ്ഞുകൊണ്ടിയ്ക്കാണല്ലോ..
ശരി ശരി…
ആ ബാഗ് നിൽക്കുന്നിടത്തു വച്ചിട്ട് ഞാൻ പറയുന്ന സ്ഥലത്തേയ്ക്ക് വന്നോളൂ…”
“വരാം… പക്ഷെ അജുവിനെ രക്ഷിയ്ക്കണം…”
“ഞാൻ പറയുന്നിടത്തു താനെത്തുന്ന നിമിഷം അജു ഹോസ്പിറ്റലിലെത്തും… വാക്ക്…
വേറെ ആരോടും ഒന്നും പറയാൻ നിക്കണ്ട… മനസ്സിലായില്ലേ??”
“ശരി…”
നിസ്സഹായതയുടെ മുൾമുനമ്പിൽ കാലിടറി നിൽക്കുന്നൊരവസ്ഥ…!!
ഏതപകടത്തിലേയ്ക്കയാലും അറിഞ്ഞുകൊണ്ട് പോയെ മതിയാവൂ….!!
അത്രയ്ക്ക് ഗതികെട്ടു പോയി….!!
അയാൾ അയച്ച ലൊക്കേഷൻ നോക്കി അറിയാത്ത സ്ഥലത്തേയ്ക്ക് ബസ്സ് കയറുമ്പോഴും കണ്ണുകൾ പെയ്‌ത് തോർന്നിരുന്നില്ല…
കൂടെ പിറന്നില്ലെന്നേയുള്ളൂ….!!
പെങ്ങളെന്നു വിളിച്ചു അവൻ ചേർത്ത് പിടിയ്ക്കുമ്പോൾ അനുഭവിയ്ക്കാറുള്ള സുരക്ഷിതത്വം…!!
തന്റെ മുഖമൊന്നു വാടിയാൽ പോലും സഹിയ്ക്കാൻ പറ്റാത്തവനാണ്…!!
താൻ കാരണം അജുവിനെന്തെങ്കിലും സംഭവിച്ചാൽ…!!
ഓർക്കാൻ കൂടി വയ്യ….!!
പത്തു മിനിറ്റ് കൊണ്ട് ബസ്സിറങ്ങി അയാൾ പറഞ്ഞ സ്ഥലത്തേയ്ക്ക് നടക്കുമ്പോൾ ഉള്ളിൽ നേരിയ ഭയം താവളമടിച്ചിരുന്നു….
കൂട്ടുകാരിയുടെ വീട്ടിലാണെന്നും ചില നോട്ടുകൾ എഴുതാനുണ്ടെന്നും വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞു…
അതും അയാളുടെ നിർദ്ദേശ പ്രകാരം തന്നെ….
ഇടുങ്ങിയതും കാടു പിടിച്ചതുമായ വഴിയേ നടന്നു ചെറിയൊരു ഗസ്റ്റ് ഹൌസിന് മുൻപിലെത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു…
അകത്തു കയറിയതും വലിയ ശബ്ദത്തോടെ വാതിലടഞ്ഞു…
ഭയം എവിടെ നിന്നോ അരിച്ചെത്തി…
പകച്ചു നിൽക്കുന്ന എന്റെ കയ്യിൽ നിന്നും ആരോ പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി…
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിയോടെ നിൽക്കുന്ന ഗസലിനെയാണ് കണ്ടത്…
“അജുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയോ??”
മറുപടിയായി മുഴക്കമുള്ള അട്ടഹാസം മുറിയിൽ മുഴങ്ങിക്കേട്ടു…
“കൊണ്ട് പോയി…. പക്ഷെ ജീവൻ ഇപ്പോഴും എന്റെ കയ്യിൽ തന്നെയാണ്…
ഞാനാരാ എന്താ എന്നെല്ലാം അറിയുന്നതിന് മുൻപേ കൊമ്പു കോർത്തത് തന്നെ ബുദ്ധിമോശം….
ബട്ട് എല്ലാം ഈ നിമിഷം മറക്കാൻ ഞാൻ തയ്യാറാണ്…
എന്റെ ദേഹത്ത് കൈ വച്ചതു പോലും…
താനൊന്നു മനസ്സ് വച്ചാൽ നമുക്ക് അജുവിനെ രക്ഷിയ്ക്കാം..”
അമ്പരന്നു നിൽക്കുന്ന സച്ചുവിന് മുൻപിലേക്ക് ചുവന്ന നിറത്തിലുള്ള പട്ടു സാരിയും ആഭരണങ്ങളും നീക്കി വച്ചുകൊണ്ട് അയാൾ ക്രൂരമായി പുഞ്ചിരിച്ചു…
(തുടരും….)
രചന: സ്വാതി കെ എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. മുന്നോട്ടുളള ഗതിയെക്കുറിച്ച് ഒരു ഊഹവുമില്ല.