“എന്താ ഇത്??”
സച്ചുവിന്റെ ചോദ്യം അയാൾക്കിഷ്ടപ്പെട്ടില്ലെന്നു തോന്നി..
“കണ്ടിട്ട് മനസ്സിലായില്ലേ?? “
“ഇതെന്തിനാണെന്നാ ചോദിച്ചത്..”
അവളുടെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടു..
“നാളെ രാവിലെ ഒൻപത് മണിയ്ക്ക് മുൻപ് ഒരു നല്ല മുഹൂർത്തമുണ്ട്… ഇത് കൊണ്ടുപോയി ഭദ്രമായി വച്ചോളൂ… പുലർച്ചയാവുമ്പോൾ മണവാട്ടിയെ ഒരുക്കാൻ ആള് വരും…”
“നോ…!! അത് നടക്കില്ല… നിങ്ങളെപ്പോലൊരു ഭ്രാന്തനെ വിവാഹം ചെയ്യാൻ മാത്രം അധഃപതിച്ചു പോയിട്ടില്ല ഞാൻ…!!”
ദേഷ്യത്തോടെയുള്ള പ്രതികരണം അയാളിൽ വീണ്ടും ചിരിയുണർത്തി..
“ഓക്കേ ദെൻ.. ഞാൻ നിർബന്ധിയ്ക്കുന്നില്ല..
ഇപ്പോത്തന്നെ പൊയ്ക്കോളൂ… പക്ഷെ ഈ പടിയിറങ്ങുന്ന നിമിഷം തന്റെ കൂട്ടുകാരനെ എന്നെന്നേക്കുമായി മറക്കണം… !! “
വൈദ്യുതിയേറ്റത് പോലെ തരിച്ചു നിൽക്കുന്ന സച്ചുവിന് നേരെ അയാൾ പുച്ഛത്തോടെ നടന്നടുത്തു..
“സുഹൃത്തിന്റെ ജീവനേക്കാൾ സ്വന്തം ജീവിതത്തിനു വില കല്പിച്ചതിന്റെ സമ്മാനമായി നിനക്ക് ശിഷ്ടകാലം ജീവിയ്ക്കാം…
അവന്റെ ചലനമറ്റ ശരീരത്തിന് മുൻപിൽ നിന്ന് കരയുമ്പോൾ നിന്റെ സ്വാർത്ഥതയെച്ചൊല്ലി പരിതപിയ്ക്കരുത്…
നിനക്കതിനുള്ള അർഹതയുണ്ടാവില്ല…!!”
അയാളുടെ വാക്കുകളോരോന്നും ഹൃദയത്തിൽ തറച്ചപ്പോൾ ഏതോ യജ്ഞ ഭൂമിയിലെ ഹോമാകുണ്ഡത്തിൽ സ്വയം ജ്വലിയ്ക്കുകയാണെന്നു തോന്നി..!!
“ഈയൊരു രാത്രി കൂടി നിനക്ക് സമയമുണ്ട്…
നിന്റെ തീരുമാനത്തിന് ഒരു ജീവന്റെ വിലയുണ്ടെന്നു മറക്കണ്ട…”
കയ്യിലെ പുടവ അരികിലെ മേശപ്പുറത്തു വച്ച് അയാൾ വാതിൽ തുറന്നു പുറത്തേയ്ക്ക് നടന്നു…
സച്ചുവിന് തല കറങ്ങി…
വെറും നിലത്തു തളർന്നിരിയ്ക്കുമ്പോൾ ഒരായിരം കാര്യങ്ങൾ ശരമാരി പോലെ മനസ്സിലേക്ക് പാഞ്ഞെത്തി…
ആശുപത്രിക്കിടക്കയിലെ അമ്മയുടെ വാക്കുകൾ… അച്ഛന്റെ ജഡ സമാനമായ രൂപം…
എല്ലാത്തിനും മീതെ അജുവിന്റ ചിരിയ്ക്കുന്ന മുഖം…!!
നിനക്ക് ഞങ്ങളില്ലെടീന്ന് അവനിടക്കിടെ ചോദിയ്ക്കാറുണ്ട്…
ഒരു മൊട്ടു സൂചി പോലും കൊള്ളാതെ പൊന്നു പോലെ നോക്കാറുണ്ട്…
ഒരാങ്ങളയുടെ ഗർവ്വോടെ തല്ലു കൂടാറുണ്ട്..
എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചു തരാറുണ്ട്….
ഒരു നിമിഷം അവനെ മറന്നു ജീവിതത്തെ തിരഞ്ഞെടുത്തു പോയാൽ??
സൗഹൃദത്തെ സ്വാർത്ഥതയ്‌ക്ക് ബലിയർപ്പിയ്ക്കുന്ന നന്ദികേട്…
ഓർക്കാൻ പോലും വയ്യ അത്…!!
പാടില്ല…
അമ്മയ്ക്ക് തന്നെ മനസ്സിലാവും…!!
അച്ഛനും…
തന്റെ നിസ്സഹായത അയാൾക്കൊരു ജീവിതവും സ്വപ്ന സാക്ഷാത്കാരവുമാവുമ്പോൾ രക്ഷപ്പെടുന്നത് കൂടപ്പിറപ്പിനെപ്പോലെ സ്നേഹിയ്ക്കുന്ന കൂട്ടുകാരനാണ്…!!
തനിയ്ക്കത് മതി….
എന്നും മറ്റുള്ളവർക്ക് വേണ്ടി സർവ്വതും ത്യജിച്ചിട്ടേയുള്ളൂ…
വീടിനു വേണ്ടി സ്വഭാവത്തെ… അച്ഛന് വേണ്ടി പ്രണയത്തെ…
എന്തിന്…?? പ്രണനേക്കാൾ മൂല്യം നൽകിയ ചേച്ചിയുടെ ബുദ്ധിമോശത്തിന്റെ അടിയന്തര ഫലമായി അമ്മയെ വരെ തനിയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നില്ലേ??
ആ സച്ചുവിനാണോ സ്വന്തം ഭാവിയെക്കുറിച്ചു ഭയം??
ഒന്നുറക്കെ കരഞ്ഞാൽ പോലും ആരും കേൾക്കാനില്ലാത്ത വിജനമായ പ്രദേശത്തു തനിച്ചാണെന്നറിഞ്ഞിട്ടും സച്ചുവിന് തെല്ലും ഭയം തോന്നിയില്ല…
എത്ര നേരം ഒരേ ഇരുപ്പ് ഇരുന്നെന്നറിയില്ല…
തണുപ്പിനൊപ്പം പരിചയമില്ലാത്ത ഏതൊക്കെയോ ജീവികളുടെ ശബ്ദവും അരിച്ചെത്തി…
വാതിൽ പൂട്ടിയിട്ടാണോ അയാൾ പോയതെന്ന് പരിശോധിയ്ക്കാൻ തോന്നിയില്ല…!!
തന്റെ നിസ്സഹായതയെത്തന്നെ താഴാക്കി മാറ്റി ബന്ധിച്ചതാണല്ലോ…
പോകാനൊരു വാഹനം തന്നാൽ പോലും തനിയ്ക്കയാളെ വിട്ടു പോകാൻ കഴിയില്ല…
സമയം കരിയിലകൾ കണക്കെ പാറി വീണുകൊണ്ടേയിരുന്നു…
പുറത്തൊരു ബൈക്കിന്റെ ശബ്ദം കേട്ടു…
കയ്യിലൊരു കവറുമായി അയാൾ വാതിൽ തുറന്നു അകത്തു കയറി…
“ഒറ്റയ്ക്കിരുന്നു മുഷിഞ്ഞോ??”
അത്യധികം പ്രണയാർദ്രമായ ചോദ്യം..!!
സച്ചുവിനയാളുടെ തിരുമുഖം നോക്കി കാർക്കിച്ചു തുപ്പാൻ തോന്നിപ്പോയി…!!
ഒരു മനുഷ്യന് ഇത്രയും നാണം കെടാൻ കഴിയുന്നതെങ്ങിനെയാണ്??
“എനിയ്ക്ക് കുറച്ചു ജോലിയുണ്ടായിരുന്നു… അതാ വൈകിയത്…”
അയാൾ ക്ഷമാപണമെന്നോണം സച്ചുവിനെ നോക്കി…
“എന്തിനാ തണുപ്പത്തു നിലത്തിരിയ്ക്കുന്നത്??
അപ്പുറത്തേയ്ക്കൊന്നും പോയി നോക്കിയില്ലേ?? അവിടെ തനിയ്ക്കൊരു റൂമുണ്ട്.. പോരാത്തതിന് ഇത്രയും കസേരകളില്ലേ ഇവിടെ?? എന്നിട്ടും??”
അയാളുടെ ഓരോ ചോദ്യവും തന്റെ സംയമനം നഷ്ടപ്പെടുത്തിയേക്കുമെന്നവൾ ഭയന്നു…
“വിശക്കുന്നില്ലേ?? ഉച്ചയ്ക്ക് കഴിച്ചതല്ലേ??
എഴുന്നേറ്റു വന്ന് ഇത് കഴിയ്ക്കൂ…
ബിരിയാണിയാണ്… ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലേ??”
കയ്യിലെ പൊതി മേശപ്പുറത്തു വച്ച് അയാൾ അടുക്കളയിലേക്ക് പോയപ്പോൾ സച്ചുവിന് കരച്ചിലടക്കാനായില്ല…
എന്തൊരു ദുഷ്ടനാണിയാൾ…!!
തന്നെക്കാണാതെ ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കാതെ അന്വേഷിച്ചു നടക്കുന്നൊരു പാവം മനുഷ്യനെ ഇയാൾ മനപ്പൂർവ്വം മറന്നതാണോ??
കയ്യിൽ ഒരു ചില്ല് പാത്രവും ഗ്ലാസുമായി തിരിച്ചു വരുമ്പോഴും സച്ചു വെറും നിലത്തു ആലോചനയിൽ മുഴുകിയിരിപ്പാണ്..
“എഴുന്നേറ്റില്ലേ ഇതുവരെ?? താനെന്താടോ ഇങ്ങനെ?? വന്നു കഴിയ്ക്ക്… പട്ടിണി കിടക്കാൻ ഞാൻ സമ്മതിക്കില്ല..”
“എനിയ്ക്ക് വേണ്ട…”
സച്ചു അയാളിൽ നിന്നും മുഖം വെട്ടിച്ചു…
അതിനു മറുപടിയായി ഭക്ഷണം വിളമ്പി വച്ചുകൊണ്ട് അയാൾ സച്ചുവിനെ ബലമായി പിടിച്ചെഴുന്നേല്പിച്ചു കസേരയിലിരുത്തി…
“എന്നോടുള്ള ദേഷ്യത്തിന് പട്ടിണി കിടക്കണ്ട… നാളേക്ക് വയ്യാതാവും.. നല്ല കുട്ടിയായിട്ട് കഴിയ്ക്ക്…”
“അല്ലെങ്കിലും ഞാനിപ്പോ നിങ്ങളുടെ അടിമയാണല്ലോ… നിങ്ങൾ പറയുന്നതിനനുസരിച്ചു താളം തുള്ളാൻ വിലയ്ക്ക് വാങ്ങിയതാണല്ലോ എന്നെ..”
മറുപടിയായി വീണ്ടും അട്ടഹാസമുയർന്നപ്പോൾ സച്ചു വെറുപ്പോടെ ചെവി പൊത്തി..
“തനിയ്ക്ക് ദേഷ്യം കൂടുതലാണ്… സാരമില്ല.. അത് ഞാൻ മാറ്റിയെടുത്തോളാം.. ഇപ്പൊ ഇത് കഴിയ്ക്ക്… “
തൊട്ടരികിലായി മേശയ്ക്കു മീതെ ഇരു കൈകളും വച്ച് അയാൾ സച്ചുവിന്റെ ഭാവങ്ങൾ നിരീക്ഷിച്ചു…
“എല്ലാത്തിനും ഒരു പരിധിയുണ്ട് ഗസൽ.. എന്നെ ഈ അവസ്ഥയിലാക്കിയിട്ടു നിങ്ങൾക്കെങ്ങനെ ഇതിനൊക്കെ കഴിയുന്നു?? ഒരു മനുഷ്യനും ഇത്രയ്ക്ക് തരം താഴാൻ കഴിയില്ല…!!”
“ഭക്ഷണം തരുന്നത് ഒരു തരം താഴ്ന്ന പ്രവൃത്തിയാണോ?? ഒന്നും തന്നില്ലെങ്കിലാണ് ഇങ്ങനെ പറയുന്നതെങ്കിൽ ഓക്കേ… ഇതെന്ത് വിരോധാഭാസമാണ്??”
അയാൾ അരികിലെ കസേര വലിച്ചെടുത്തു അതിലിരുന്നു..
“സച്ചു കഴിച്ചിട്ടെ ഞാൻ പോവുന്നുള്ളു…”
മുൻപിലെ ഇളം ചൂട് വെള്ളം നിറച്ചു വച്ച ഗ്ലാസ്സെടുത്തു അയാൾക്ക് നേരെ ശക്തിയോടെ ഒഴിച്ചുകൊണ്ടാണ് അതിനു മറുപടി നൽകിയത്….
ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യത്തെ കണ്ണുകളടച്ചു വച്ച് ഒതുക്കിയ ശേഷം അവളുടെ മുൻപിലെ ആഹാരം അയാൾ മൂടി വച്ചു…
“കുറച്ചു കഴിയുമ്പോൾ വിശക്കും… അപ്പൊ കഴിച്ചാൽ മതി…”
അകത്തെ മുറിയിലേയ്ക്ക് പോയി മറ്റൊരു ഷർട്ടെടുത്തണിഞ്ഞുകൊണ്ടു വീണ്ടും തിരിച്ചു വന്നപ്പോൾ സച്ചു ഇരുന്നിടം ശൂന്യമായിരുന്നു…
പുറത്തെ മഞ്ഞിലേയ്ക്ക് കണ്ണുകൾ നട്ടു തേങ്ങുന്ന സച്ചുവിനെ കണ്ടിട്ടും അയാളിൽ ഭാവഭേദമൊന്നുമുണ്ടായില്ല…
“താനിതെന്തു ഭാവിച്ചാ?? ഇതൊന്നും പോരാഞ്ഞിട്ടാണോ മഞ്ഞു കൊള്ളുന്നത്??”
“ഒന്ന് പോയിത്തരോ??”
“പോകാം… പക്ഷെ അതിനു മുൻപ് അകത്തേയ്ക്കൊന്നു കയറിയാൽ സൗകര്യമായിരുന്നു…”
അൽപ നേരം കാത്തു നിന്നിട്ടും പ്രതികരണമില്ലാത്തത് അയാളെ ചൊടിപ്പിച്ചെന്നു തോന്നി..
പ്രതികരിയ്ക്കനാവും മുൻപ് തന്നെ അവളെ എടുത്തുയർത്തി അയാൾ മുറിയിൽ കൊണ്ട് ചെന്ന് നിർത്തി…
സച്ചു ദേഷ്യത്തോടെ അയാളെ ചുമരിനടുത്തേയ്ക്ക് തള്ളി…
എന്തോ കുസൃതിയൊപ്പിച്ച ഭാവത്തിൽ അയാൾ ചിരിയോടെ മുറി വിട്ടു പോയപ്പോൾ അവൾ ഭ്രാന്തമായി കിടക്ക വിരിയും തലയിണയുമെല്ലാം വലിച്ചെടുത്തു നിലത്തെറിഞ്ഞു…
വീണ്ടും സമയം കടന്നു പോയി…
കരച്ചിലടക്കി മുറി വിട്ടു പുറത്തേക്കിറങ്ങിയപ്പോൾ അയാൾ പോയിരുന്നു…
രാത്രിയുടെ നിശ്ശബ്ദതയിൽ ചീവീടുകളുടെ കൂട്ട നിലവിളി ഉയർന്നു കേട്ടു…
എല്ലാ ലൈറ്റുകളും തെളിച്ചുകൊണ്ട് സച്ചു വെറുതെ അവിടമെല്ലാം നടന്നു നോക്കി…
അയാളെക്കുറിച്ചുള്ള എന്തെങ്കിലും സൂചന തനിക്ക് കിട്ടാതിരിയ്ക്കില്ല…
ഒറ്റ നില മാത്രമായിരുന്നെങ്കിലും ധാരാളം മുറികളുള്ള വിശാലമായ വീടായിരുന്നു അത്…
കാലത്തിന്റെ പഴക്കം ചുമരുകളിൽ നേരിയ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്…
എല്ലാ മുറികളും തിരഞ്ഞിട്ടും പ്രത്യേകിച്ചൊന്നും കണ്ടു കിട്ടിയില്ല…
അടച്ചിട്ടിരിയ്ക്കുന്ന ഒരു മുറി മാത്രം എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിഞ്ഞില്ല…
ഹെയർ പിൻ ഉപയോഗിച്ച് പൂട്ട് തുറക്കുന്ന ജാലവിദ്യ മുൻപെങ്ങോ കൂട്ടുകാരിൽ നിന്നും തമാശയ്ക്ക് പഠിച്ചത് നേരിയ ഓർമ വന്നു…
ഒരുപാട് നേരത്തെ ശ്രമഫലമായി അത് തുറക്കുമ്പോൾ അകത്തു നിന്നും എന്തെങ്കിലും തെളിവ് കിട്ടണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചത് ചേച്ചിയോടായിരുന്നു..
ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു മുറിയിലേയ്ക്ക് പ്രവേശിച്ചപ്പോൾ വല്ലാത്തൊരു ഞെട്ടൽ ഉള്ളിലൂടെ കടന്നു പോയി…!!
ചുമരിൽ അങ്ങിങ്ങായി പതിച്ചു വച്ചിരിയ്ക്കുന്ന ചിത്രങ്ങൾക്ക് പരിചിതമായ മുഖം….!!
ചേച്ചി???
സച്ചുവിന് തൊണ്ട വരളുന്നത് പോലെ തോന്നി…
എല്ലാം ചേച്ചിയറിയാതെ പകർത്തിയ ചിത്രങ്ങളാണെന്നു വ്യക്തം…
ഇത്രയും മനോഹരിയായി ചേച്ചിയെ മറ്റൊരു ഫോട്ടോയിലും കണ്ടിട്ടില്ലെന്നോർത്തു…
അന്ന് കുളപ്പടവിൽ വച്ച് ഗസൽ പറഞ്ഞ കാര്യങ്ങൾ കാതുകളിൽ മുഴങ്ങി…
ദൈവമേ….!!
ഇയാൾ ചേച്ചിയെ പ്രണയിച്ചിരുന്നോ??
ഏതോ സിനിമാ രംഗത്തെ അനുസ്മരിപ്പിയ്ക്കും വിധമുള്ള ദൃശ്യങ്ങൾ!!
പൊതിയഴിയ്ക്കാത്ത അനേകം സമ്മാനങ്ങൾ അടുക്കി വച്ചിരിയ്ക്കുന്ന മേശ വലിപ്പ്…
ഏതോ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അടുക്കി വച്ച അലമാര…
നിഗൂഢതകൾ മാത്രം ഒളിച്ചു വച്ച മുറി…!!
ആശയക്കുഴപ്പങ്ങളുടെ പറുദീസയിൽ അകപ്പെട്ടു പോയ നീണ്ട നിമിഷങ്ങൾ…
എത്ര ചിന്തിച്ചിട്ടും അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല…
അയാളുടെ എല്ലാ പ്രവൃത്തിയിലും എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ട്…
ദുരീകരിയ്ക്കാനാവാത്ത നൂറായിരം സംശങ്ങളോടെ നാളെ താനയാളുടെ വധുവാകും…!!
ഭ്രാന്തിന്റെ മരകമായൊരു തലം…!!
അതാണയാൾ…
ശത്രുവിന് പോലും ഇത്തരമൊരു ഗതിയുണ്ടാവരുത്….
ഒരു പോള കണ്ണടച്ചില്ല…
രാത്രി പുലർന്നു…
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ സച്ചു മനപ്പൂർവ്വം ചുമരിലെ ഒരു ചിത്രത്തെ കയ്യിലെടുത്തു…
മുറിയുടെ വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന ഗസലിനെ മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചുകൊണ്ടു അവൾ ആ ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു…
“ആരോട് ചോദിച്ചിട്ടാ നീയീ മുറി തുറന്നത്??”
ദേഷ്യത്തോടെ ആ ചിത്രം പിടിച്ചു വാങ്ങിക്കൊണ്ടാണ് അയാളത് ചോദിച്ചത്…
“ആരോടെങ്കിലും ചോദിച്ചിട്ടാണോ നിങ്ങളോരോന്നു ചെയ്തു കൂട്ടുന്നത്??”
മറുപടി അയാളെ അലോസരപ്പെടുത്തിയെന്നു തോന്നി
“നിങ്ങളെന്റെ ചേച്ചിയെ പ്രണയിച്ചിരുന്നോ??
പ്രണയമല്ല… കാമം… അതാവും കൂടുതൽ ചേർച്ച…!!
ചേച്ചിയല്ലെങ്കിൽ അനിയത്തി… അതാണല്ലോ നിങ്ങളുടെ നയം… ഇതിനേക്കാൾ ഭംഗിയായി നിങ്ങളുടെ ചെയ്തികളെ നാമധേയം ചെയ്യാൻ എനിയ്ക്കറിയില്ല…”
പറഞ്ഞവസാനിപ്പിച്ചതും അയാളുടെ കൈത്തടം കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു…
“ഒരക്ഷരം നീയിനി ശബ്ദിച്ചു പോവരുത്….”
പകച്ചു നിൽക്കുന്ന സച്ചുവിനെ ചേർത്ത് പിടിച്ചുകൊണ്ടു മറുപടി പറയുമ്പോൾ ആദ്യമായി അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു…
“എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നിനക്ക് കിട്ടും…
ഒന്ന് മാത്രം മനസ്സിലാക്കിക്കൊള്ളൂ..
ഈ മുഖം കാണാതെ എനിക്കിനി ജീവിയ്ക്കാൻ കഴിയില്ല…
നിന്നെ നഷ്ടപ്പെടാതിരിക്കാൻ ഞാനെന്തും ചെയ്യും…”
പുറത്തു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അയാൾ സച്ചുവിന്റെ കൈകളിൽ മുറുകെ പിടിച്ചു പുറത്തേയ്ക്ക് നടന്നു…
എന്തൊക്കെയോ ചായങ്ങൾ മുഖത്തു പുരട്ടിയ ഒരു ഹിന്ദിക്കാരിയുടെ കൈകളിൽ എന്നെ ഏൽപ്പിച്ചു അയാളവരോട് എന്തൊക്കെയോ പറഞ്ഞു…
അൽപ സമയത്തിനുള്ളിൽ തന്നെ അവരെന്നെ മണവാട്ടിയുടെ രൂപത്തിലേക്ക് അണിയിച്ചൊരുക്കി…
കണ്ണാടിയിൽ കണ്ട രൂപത്തെ അതിശയത്തോടെ നോക്കുമ്പോൾ ഇത് താൻ തന്നെയാണോ എന്ന് വിസ്മയിച്ചു പോയിരുന്നു…
വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് ആ സ്ത്രീ ചെന്ന് തുറന്നപ്പോൾ എന്നെക്കാളധികം ആശ്ചര്യം അയാളുടെ മുഖത്തു കണ്ടു…
ആ പാവം അച്ഛന്റെ സ്വപ്നത്തെ അന്യനായൊരു ഭ്രാന്തന്റെ മോഹത്തിന് തീറെഴുതിക്കൊടുക്കേണ്ടി വരുന്ന ഗതികേട്…
ഇതിനെല്ലാം അനുഭവിയ്ക്കാതെ ഇയാൾ ഇവിടുന്നു പോവില്ല….
മനസ്സറിഞ്ഞു ശപിച്ചു…
കസവു മുണ്ടും ഷർട്ടും ധരിച്ചു അയാളെന്നെയും കൂട്ടി ഹാളിലേക്ക് നടന്നു..
ഒരു വിവാഹത്തിന്റെ സജ്ജീകരങ്ങൾ അവിടെ ചെയ്തു കഴിഞ്ഞിരുന്നു…
സച്ചുവിന്റെ കലങ്ങിയ കണ്ണുകളെ മനപ്പൂർവ്വം അവഗണിച്ചുകൊണ്ട് അയാൾ തിരുമേനിയുടെ എതിർ വശത്തിരുന്നു…
“സമയമാവുന്നു…”
കണ്ണീർ വാർക്കുന്ന സച്ചുവിനെ നോക്കി അയാൾ അക്ഷമയോടെ പറഞ്ഞു…
യാചനാഭവത്തിൽ നോക്കുന്ന സച്ചുവിന്റെ കണ്ണുകളെ നേരിടാനാവാതെ അയാൾ ദൃഷ്ടി തിരിച്ചു…
നിവൃത്തിയില്ലാതെ അയാൾക്കരികിൽ ചെന്നിരുന്നപ്പോഴും മനസ്സുകൊണ്ട് അവളേറെ അകലെയായിരുന്നു…
“എനിയ്ക്കൊരിയ്ക്കലും നിങ്ങളെ സ്നേഹിയ്ക്കാനാവില്ല… ഒരിക്കലും…”
ശബ്ദം കുറച്ചു അവളയാളുടെ കാതോരം മന്ത്രിച്ചു…
യാതൊരു ഭാവഭേദവുമില്ലാതെ മഞ്ഞച്ചരടിൽ കോർത്ത താലി മാലയുയർത്തി അയാൾ സച്ചുവിനു നേരെ നീട്ടിയപ്പോൾ അവൾ വെറുപ്പോടെ കണ്ണുകളടച്ചു…
(തുടരും….)
രചന: swathi k s
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ആകെ നിഗൂഡതകൾ ആണല്ലോ? ഞങ്ങൾക്ക് മുന്നിൽ രഹസ്യങ്ങൾ കെട്ടഴിക്കാറായില്ലേ???