ഗന്ധർവ്വൻ – ഭാഗം 15

5206 Views

gandharvan novel aksharathalukal

താലി കഴുത്തിൽ വീഴുന്നതിനു മുൻപേ സാക്ഷയുടെ കൈകൾ അയാളുടെ കൈകൾക്ക് മീതെ അമർന്നു…

“എന്ത് പറ്റി??”

അമ്പരപ്പോടെയുള്ള ചോദ്യമവസാനിയ്ക്കുന്നതിനു മുൻപേ അവൾ പിടഞ്ഞെഴുന്നേറ്റിരുന്നു..

“നിങ്ങൾ…. നിങ്ങൾ മുസ്ലിമാണെന്നല്ലേ പറഞ്ഞത്??”

അവിശ്വസനീയമായ ചോദ്യം…!!

“അത്… എഡോ… താൻ ഹിന്ദുവല്ലേ??? ഇതെങ്കിലും തന്റെ ഇഷ്ടത്തിനൊത്താവട്ടെ എന്നോർത്തു…”

മുഖത്തെ ഭാവഭേദം അയാൾ ഒളിയ്ക്കാൻ ശ്രമിയ്ക്കുന്നതായി തോന്നി…

“അല്ല… പച്ചക്കള്ളം…!! സത്യം പറ ആരാ നിങ്ങൾ??”

“സച്ചു നീ വെറുതെ മണ്ടത്തരം പറയാതെ ഇവിടെ വന്നിരിയ്ക്കൂ.. മുഹൂർത്തം കഴിയുന്നു..”

“നോ… സംസാരത്തിലോ പ്രവൃത്തിയിലോ ഒരു മുസ്ലിമിന്റെ യാതൊരു ഭാവവും നിങ്ങൾക്കില്ല…

മാത്രമല്ല നിങ്ങളുടെ നാവിൻ തുമ്പിൽ നിന്നും ഈശ്വര നാമത്തിന്റെ വരികൾ ഞാനിപ്പോൾ വ്യക്തമായി കേട്ടതാണ്… എനിയ്ക്ക് ഉത്തരം കിട്ടിയേ മതിയാവൂ… “

“ഈശ്വര നാമം ചൊല്ലാൻ ഹിന്ദു ആയെ മതിയാവൂ എന്ന് നിയമം വല്ലതുമുണ്ടോ??

എന്നെ ദേഷ്യം പിടിപ്പിയ്ക്കാതെ പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്…”

അയാളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി…

“എന്നെ വിവാഹം കഴിയ്ക്കുന്നയാൾ ആരാണെന്നറിയാണുള്ള അവകാശം പോലുമില്ലേ എനിയ്ക്ക്??

നേരിട്ടോ അല്ലാതെയോ ഞാനുമായി എന്തോ ബന്ധമുള്ള ആരോ ആണ് നിങ്ങൾ…

ഇതിനു മുൻപെപ്പോഴോ ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്… അന്ന് നിങ്ങളുടെ വീട്ടിൽ വച്ച് കണ്ടപ്പോൾ തന്നെ എന്തോ മുൻപരിചയം തോന്നിയതായിരുന്നു… ചോദിച്ചില്ലെന്നു മാത്രം…”

“സച്ചു പ്ലീസ്…. എന്റെ ക്ഷമ പരീക്ഷിയ്ക്കരുത്… “

ഉത്തരം നൽകാതെ ദേഷ്യത്തോടെ അവളടുത്തുള്ള മുറിയിൽ കയറി കതകടച്ചു…

അയാൾ ഒരുപാട് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല…

അൽപ സമയത്തിന് ശേഷം തന്നെ വിവാഹ വസ്ത്രത്തിൽ നിന്നും ഇട്ടിരുന്ന ചുരിദാർ തന്നെ ധരിച്ചുകൊണ്ട് സച്ചു പുറത്തേക്കിറങ്ങി…

“എനിയ്ക്കീ വിവാഹത്തിന് താൽപര്യമില്ല…!!”

“എടൊ താനൊന്നു കൂളാവ്… നമുക്ക് സംസാരിയ്ക്കാം…”

“വേണമെന്നില്ല ഗസൽ.. നിങ്ങളെപ്പോലൊരു പെരുംകള്ളന്റെ ഭാര്യയായി ആയുഷ്കാലം മുഴുവൻ ജീവിയ്ക്കേണ്ട ഗതികേടൊന്നുമില്ലെനിയ്ക്ക്…”

“തീരുമാനിച്ചോ??”

മറുപടി കൊടുത്തില്ല…

“ശരി എങ്കിൽ അങ്ങനെയാവട്ടെ… ബട്ട് വേറെ ഒരാളുടെ കൂടെ ജീവിയ്ക്കാൻ ഞാൻ നിന്നെ അനുവദിയ്ക്കില്ല…”

“വാട്ട് യൂ മീൻ??”

മറുപടി പറയാതെ അയാൾ അകത്തേയ്ക്ക് ചെന്ന് വസ്ത്രം മാറിയെത്തി…

കൈകളിൽ ഒളിച്ചു വച്ച കത്തി സച്ചുവിനു നേരെ എടുക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ചുവന്ന രാശി നിഴലിട്ടിരുന്നു….

“ഇവിടെയും കൂടെ തോൽക്കാൻ എനിയ്ക്ക് വയ്യ….!!

നമുക്ക് മരിയ്ക്കാം ….”

ഭ്രാന്തമായ ആവേശത്തോടെ അയാൾ പറഞ്ഞ വാക്കുകൾ!!

എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്ന് വിയർത്തു…

“പക്ഷെ അതിനു മുൻപ് നീയറിയണം ഞാനെന്തിനിതൊക്കെ ചെയ്തു കൂട്ടുന്നുവെന്ന്…”

പകച്ചു നിൽക്കുന്ന സച്ചുവിനേയും കൂട്ടി അയാൾ നിഗൂഢതകൾ നിറഞ്ഞ മുറിയിലേയ്ക്ക് നടക്കുമ്പോൾ നിയോഗിച്ചു കൊണ്ടുവന്ന പൂജാരിയും മറ്റും വേഗത്തിൽ ഇറങ്ങിപ്പോവുന്നത് കണ്ടു…

“നീ പറഞ്ഞതെല്ലാം സത്യമാണ്…

ഞാനൊരു മുസ്ലിമല്ല…. “

വല്ലാത്തൊരു നടുക്കം സിരകളിൽ പടർന്നു….

“എന്നെ നിനക്കറിയാമെന്നു പറഞ്ഞതും സത്യമാണ്… കാലമേല്പിച്ച ചെറിയ രൂപമാറ്റം ഒന്നുകൊണ്ടു മാത്രം നിനക്കെന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രം..

ഞാനൊരിയ്ക്കൽ നിന്റെ വീട്ടിൽ വന്നിട്ടുണ്ട്…!!

പേര് വരുൺ…”

വരുൺ…!!

സച്ചു ഓർമകളിൽ ആ പേരിനെ ചികഞ്ഞു…

“ശ്രദ്ധയെ പെണ്ണ് കാണാൻ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു…

ഓർമ കിട്ടുന്നുണ്ടോ??”

ഓർമകളിലൊരു മിന്നൽ പിണർ കടന്നു പോയി….

ശരിയാണ്…!!

ഇയാളാണ് ചേച്ചിയെ ആദ്യമായി പെണ്ണ് കാണാൻ വന്നത്…!!

അതുവരെ സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന വീട്ടിൽ സമാധാനക്കേടിന്റെ വിത്ത് പാകിയത് .. അതിയാളായിരുന്നു…!!

ചേച്ചിയ്ക്ക് വേറെ റിലേഷനുണ്ടെന്നു പറഞ്ഞിട്ടും അതിനൊന്നും വില നൽകാതെ അയാൾ കല്യാണത്തിന് സമ്മതമറിയിച്ചത്…

തൽഫലമായി അച്ഛനോടവൾക്ക് എല്ലാം തുറന്നു പറയേണ്ടി വന്നത്…!!

ഓർമയിലെങ്ങോ നേരിയ വെളിച്ചം പോലെ എല്ലാം തെളിയുന്നുണ്ട്..

ഒരു നോട്ടം മാത്രമേ താനന്നു കണ്ടിരുന്നുള്ളൂ….

പക്ഷെ അന്നത്തേതിനേക്കാൾ പ്രകടമായ വ്യത്യാസമുണ്ടിയാൾക്ക്…

“നിങ്ങൾ ബാങ്ക് മാനേജർ ആയിരുന്നില്ലേ??”

“ആയിരുന്നു… ഇപ്പോഴല്ല…”

ചോദ്യഭാവത്തിൽ നിൽക്കുന്ന സച്ചുവിനെ നോക്കി അയാൾ തുടർന്നു..

“പഠിയ്ക്കുന്ന കാലം തൊട്ടേ മനസ്സിൽ കയറിക്കൂടിയ മോഹമായിരുന്നു നിന്റെ ചേച്ചി…”

അയാൾ ഓർമകളിൽ സ്വയം മറന്നു…

“വർഷങ്ങളോളം ഉള്ളിൽ കൊണ്ട് നടന്നു… എപ്പോഴോ അതവളോട് തുറന്നു പറഞ്ഞിട്ടും യാതൊരു ദയയുമില്ലാതെ അവളത് നിരസിയ്ക്കുകയാണ് ചെയ്തത്..

വീട്ടുകാർ വഴി നേരിട്ട് പ്രൊപോസ് ചെയ്താൽ എല്ലാം ശരിയാവുമെന്നു വെറുതെ കൊതിച്ചു…

അതിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടി അവിടെയെത്തി…

പക്ഷെ….

അവിടെയും നിരാശയായിരുന്നു എന്നെ കാത്തിരുന്നത്….”

അയാൾ ദീർഘ നിശ്വാസത്തോടെ ചേച്ചിയുടെ ഫോട്ടിയിലേയ്ക്ക് മിഴി നട്ടു…

ഷാനുവിന്റെ ചതി മനസ്സിലാക്കി അവൾ തിരിച്ചു വന്നതിനു ശേഷം അച്ഛനവൾക്ക് സമയം നൽകിയിരുന്നു…

അപ്പോഴും ചേച്ചി അച്ഛനോട് ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ..

അത് ആ ബന്ധം വേണ്ടെന്നാണ്…!!

എന്തിനായിരിയ്ക്കും അന്നവളത് പറഞ്ഞത്??

അയാളുടെ ശബ്ദം ചിന്തയെ അകറ്റി..

“എനിയ്ക്ക് ഭീഷണിയായി പ്രാണനെപ്പോലെ അവളുള്ളിൽ കൊണ്ട് നടന്ന പ്രണയത്തെ അവളിൽ നിന്നും പറിച്ചെറിഞ്ഞപ്പോഴും ഒരു നേർത്ത പ്രതീക്ഷ എന്റെ ഉള്ളിലുണ്ടായിരുന്നു…”

“വാട്ട്??? നിങ്ങൾ പറിച്ചെറിഞ്ഞെന്നോ?? അവരെ തമ്മിലകറ്റിയത് നിങ്ങളാണോ??”

അയാളുടെ വാക്കുകളെ വിശ്വസിയ്ക്കാനാവാതെ സച്ചു കണ്ണ് മിഴിച്ചു…

മറുപടിയായി ഒരു പൊട്ടിച്ചിരിയുയർന്നു…

“യെസ്… കാരണം മറ്റെന്തിനേക്കാളും ഞാനവളെ സ്നേഹിച്ചിരുന്നു…

പക്ഷെ….

എന്നെ തോൽപ്പിച്ചു അവൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു…

വിവാഹത്തിനായി വരൻ എത്തുന്ന കാർ ലക്‌ഷ്യം വച്ചു വഴിയരികിൽ കാത്തു നിൽക്കുന്ന എന്നെ തേടിയെത്തിയത് എന്റെ ശ്രദ്ധയുടെ മരണ വാർത്തയായിരുന്നു….”

അയാൾ ഭ്രാന്തനെപ്പോലെ അലറിക്കൊണ്ടു മുഷ്ടി ചുരുട്ടി ഭിത്തിയിലിടിച്ചു….

“നിങ്ങൾ… നിങ്ങളാണോ എന്റെ ചേച്ചിയെയും ഷാനുവിനെയും അകറ്റിയത്???”

സച്ചുവിന്റെ സർവ്വ നിയന്ത്രണവും കൈ വിട്ടു…

അവളുടെ പെട്ടെന്നുള്ള രൂപമാറ്റം അയാളിൽ നേരിയ പതർച്ചയുണ്ടാക്കി…

“നിങ്ങളാണവളെ കൊന്നത്…. എന്റമ്മയെ കൊന്നത്..”

സച്ചുവിന്റെ കണ്ണുകൾ ക്രോധത്തോടെ അയാളിൽ തറച്ചു…

“എന്നിട്ടു താനെന്തു നേടി??? പറയെടോ… ഒരു ഉറുമ്പിനെപ്പോലും നോവിയ്ക്കാത്ത എന്റെ പാവം ചേച്ചിയെ കൊന്നിട്ട് താനെന്തു നേടി??”

സച്ചു ദേഷ്യത്തോടെ അയാളുടെ കോളറിൽ പിടുത്തമിട്ടു…

“തന്റെ സ്വാർത്ഥതയ്ക്കും വിഡ്ഢിത്തത്തിനും എന്റെ ചേച്ചിയ്ക്കൊപ്പം എനിയ്ക്ക് പകരം നൽകേണ്ടി വന്നതെന്താണെന്നറിയോ തനിയ്ക്ക്???

പൊന്നു പോലെ സ്നേഹിച്ച എന്റെ അമ്മയെ… തിരിച്ചു തരാൻ കഴിയോടോ തനിയ്ക്ക്???

അന്ന് തൊട്ടിന്നു വരെ കണ്ണടച്ചാൽ തെളിഞ്ഞു വരുന്നൊരു കാഴ്ചയുണ്ട്…

മച്ചിൽ തൂങ്ങി നിൽക്കുന്ന വെറുങ്ങലിച്ച രൂപം…!!

അത് മറന്നുള്ളൊരു ഉറക്കത്തെ തരാൻ കഴിയോ???

ഞാനും അച്ഛനും അനുഭവിച്ച അപമാനത്തിനും സങ്കടത്തിനും പരിഹാരം കാണാൻ കഴിയോ??

എന്നെന്നേക്കുമായി എനിയ്ക്ക് നഷ്ടപ്പെട്ട സ്നേഹവും കരുതലും എനിയ്ക്ക് തിരിച്ചു തരാൻ കഴിയോ തനിയ്ക്ക്??

പിറക്കും മുൻപേ സ്വന്തം അമ്മയുടെ കൈ കൊണ്ട് മരണം വരിയ്ക്കേണ്ടി വന്ന ആ പിഞ്ചു കുഞ്ഞിന്റെ ആത്മാവിനോട് തനിയ്ക്കെന്തു മറുപടി നൽകാൻ കഴിയും??

പറയെടോ…”

തുടർന്നൊന്നും പറയാനാവാതെ ചങ്ക് പൊട്ടി കരഞ്ഞു പോയിരുന്നു…

“താൻ ചെയ്തു കൂട്ടിയ ക്രൂരതയ്ക്ക് വേണ്ടി എനിയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത് എന്റെ ജീവിതമാണ്…

ആ വീട്ടിനുള്ളിലെ അവസ്ഥയെന്തെന്നറിയോ തനിയ്ക്ക്??

ഇല്ലെങ്കിൽ ഒന്ന് വന്നു നോക്കണം…”

സച്ചുവിന്റെ കൈകൾ വിടുവിയ്ക്കാൻ അയാൾ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു…

“ഇതൊന്നും പോരാഞ്ഞു തനിയ്‌ക്കെന്നെയും വേണം അല്ലെ??        

ആത്മാഭിമാനം എന്നൊന്നുണ്ട്… അതെന്താണെന്നറിയോ തനിയ്ക്ക്??”

മറുപടി നൽകാതെ അയാളവളെ നിർവികാരതയോടെ നോക്കി..

“ഒരു കാര്യം കൂടി എനിയ്ക്കറിയാനുണ്ട്….

എന്നെ പ്രണയിയ്ക്കുന്ന.. ഞാൻ തേടി നടക്കുന്ന ഗന്ധർവ്വൻ….

അതാരാ???”

ചോദ്യം പ്രതീക്ഷിച്ചിട്ടെന്ന പോലെ അയാൾ ഞൊടിയിടയ്ക്കുള്ളിൽ മറുപടി നൽകി…

“അതാണ് യഥാർത്ഥ ഗസൽ… നിനക്ക് കത്തുകളെഴുത്തുന്ന… നീ തേടി നടക്കുന്ന ഗന്ധർവ്വൻ… അയാളുടെ ഐഡന്റിറ്റി ഞാൻ കടമെടുക്കുകയായിരുന്നു….”

“അയാളെവിടെയുണ്ട്‌?? നിങ്ങളും അയാളും തമ്മിലെന്ത് ബന്ധം??”

ചോദ്യം മുഴുമിപ്പിയ്ക്കും മുൻപേ വരുൺ അവളെ പിടിച്ചു മാറ്റി…

“എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയാൽ അതിലെന്താ ഒരു ത്രിൽ ഉള്ളത്??

ഇത് മാത്രം നീയറിയണ്ട…!!

നീ തേടി നടന്ന പ്രണയത്തെ ഒരു നോക്ക് കാണാതെ തന്നെയാവട്ടെ നിന്റെ മരണവും…”

അയാൾ  ചിരിച്ചു…

“അപ്പോൾ എന്നെ കുളത്തിൽ തള്ളിയിട്ടതും നിങ്ങളാണോ??”

“നോ… അതേക്കുറിച്ചൊന്നും എനിയ്ക്കറിയില്ല…”

സംശയത്തിന്റെ മുൾമുനയിൽ നീറുമ്പോഴും അയാളുടെ കയ്യിലെ കത്തി അവളെ ഭയപ്പെടുത്തി…

തന്റെ പ്രതികാരം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പങ്കുവെയ്ക്കപ്പെട്ടിരിയ്ക്കുന്നു…

ചേച്ചിയുടെ മരണത്തിനുത്തരവാദി..

അതിയാളാണ്….!!

ഷാനു അതിനൊരു മാധ്യമമായെന്നു മാത്രം…!!

കണ്മുന്നിൽ നിൽക്കുന്ന രൂപത്തെ കുത്തിക്കീറി രക്തം കുടിയ്ക്കാൻ മനസ്സ് വെമ്പി…

പ്രതീക്ഷിച്ചതിലും അപകടകാരിയാണിയാൾ…!!

സൂക്ഷിച്ചില്ലെങ്കിൽ…!!

അയാൾ വേദനയിലുഴന്നു നിൽപ്പാണ്…

സച്ചു ശബ്ദമുണ്ടാക്കാതെ മുറി വിട്ടിറങ്ങി…

രക്ഷപ്പെടണം…

ഹാളിന്റെ മേശപ്പുറത്തു വച്ച തന്റെ ഫോൺ കയ്യിലെടുത്തു….

ഡിസ്‌പ്ലെയിൽ അനേകം മിസ്സ് കോളുകൾ തെളിഞ്ഞു കിടക്കുന്നു…

അതിൽ അവസാനത്തെതിൽ കണ്ണുടക്കിയപ്പോൾ സ്തംഭിച്ചു നിന്ന് പോയി…

അജു!!!!

അജുവോ??

ഇതെങ്ങിനെ??

പൊടുന്നനെ പിറകിൽ അനക്കം കേട്ടപ്പോൾ സച്ചു ഞെട്ടലോടെ തിരിഞ്ഞു…

കലങ്ങിയ കണ്ണുകളോടെ അയാൾ നോക്കി നിൽക്കുന്നു…

ഏതോ ലഹരി വസ്തുവിന്റെ മനം മടുപ്പിയ്ക്കുന്ന ഗന്ധം…

ഞൊടിയിടയ്ക്കുള്ളിൽ മൂർച്ചയുള്ള കത്തി അയാൾ സച്ചുവിന് നേരെ ഓങ്ങി…

ഒഴിഞ്ഞു മാറിയതോടെ അയാൾ വീണ്ടും വാശിയോടെ അരികിലേയ്ക്കടുത്തു..

ഓടിച്ചെന്നു അടുത്തുള്ള മുറിയിൽ കയറി വാതിലടച്ചു…

എന്ത് ചെയ്യുമെന്നറിയാതെ അവളാകെ ഭയന്നു…

ശരീരമാകെ വിയർത്തൊഴുകി…

വാതിലിൽ ശക്തിയോടെയുള്ള ചവിട്ടൽ ശബ്ദം കേൾക്കുന്നുണ്ട്…

സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മനസ്സാക്ഷി വറ്റിയ കൊലയാളികളുടെ നേർ രൂപമാണിയാൾ…!!

കട്ടിലിനടിയിലേയ്ക്ക് കയറി പതുങ്ങിയിരുന്നിട്ടും കിതപ്പിന്റെ ശബ്ദം അടങ്ങിയിരുന്നില്ല…

മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലാണ് താനിപ്പോൾ…

ക്ഷണിച്ചു വരുത്തിയ വിധിയെ പഴിയ്ക്കാൻ പോലുമാവാതെ സച്ചു തളർന്നു പോയി…

പൊടുന്നനെ ഫോണിലൊരു നമ്പർ  തെളിഞ്ഞു…

മനു..!!

“സച്ചു… നീയെവിടെയാ?? നിനക്കെന്താ പറ്റിയത്??”

ആശങ്കയോടെയുള്ള ചോദ്യം…

“മനൂ… ഞാനിവിടെ കുടുങ്ങിക്കിടക്കുവാ… രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല… അയാളെന്നെ കൊല്ലും…”

തേങ്ങലടക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു…

“ആര്?? നീയെവിടെയാ ??സ്ഥലം പറ..”

അറിയാവുന്ന രീതിയിലെല്ലാം സ്ഥലത്തിന്റെ വിവരം പറഞ്ഞപ്പോഴേയ്ക്കും വാതിൽ ചവിട്ടി തുറക്കപ്പെട്ടിരുന്നു…

സച്ചു ശ്വാസമടക്കി…

മുറിയിലേയ്ക്ക് കയറിയ ആൾ കട്ടിലിന്റെ വിരിപ്പ് നീക്കി ഭ്രാന്തമായി ചിരിച്ചു…

രണ്ടും കല്പിച്ചു അയാളുടെ മുഖം നോക്കി ചവുട്ടി…

അയാൾ തെറിച്ചു വീണതും സച്ചു എഴുന്നേറ്റു പുറത്തേയ്ക്കോടിയതും ഒന്നിച്ചായിരുന്നു…

പുറത്തേക്കിറങ്ങി പ്രധാന വാതിലടച്ചു ഓടാമ്പൽ നീക്കിയതും ബലമുള്ള ഏതോ കരങ്ങൾ മുഖത്തമർന്നതും ഒന്നിച്ചായിരുന്നു…

കനത്ത ഗന്ധം ശ്വാസ നാളത്തിലേയ്ക്ക് ഇരച്ചു കയറി…

കണ്ണുകളടഞ്ഞടഞ്ഞു പോയി…

തളർന്നു വീണ സച്ചുവിനെ ആരോ എതിർ വശത്തു നിർത്തിയിട്ടിരുന്ന വാഹനത്തിൽ കിടത്തി..

അപ്പോഴേയ്ക്കും ഉള്ളിൽ നിന്നും വാതിൽ തുറക്കപ്പെട്ടിരുന്നു…

(തുടരും….)

രചന: swathi k s

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

8 thoughts on “ഗന്ധർവ്വൻ – ഭാഗം 15”

  1. സത്യങ്ങൾ ഇപ്പോഴും ഒരു വെളുത്ത പുകമറ പോലെയാണ്. എപ്പോഴാണ് മറനീക്കി പുറത്ത് വരുക?

Leave a Reply