ഗന്ധർവ്വൻ – ഭാഗം 16

5833 Views

gandharvan novel aksharathalukal

തണുപ്പുള്ള ജലം മുഖത്തു വീണപ്പോഴാണ് കണ്ണ് തുറന്നത്…

അരികിലിരുന്നാരോ തന്റെ പേര് വിളിയ്ക്കുന്നുണ്ട്…

കണ്ണുകൾ ശ്രമപ്പെട്ടു വലിച്ചു തുറന്നു..

മുൻപിൽ കത്തിയുമായി ഭീകര രൂപം….!!

അലർച്ചയോടെ എഴുന്നേറ്റു മുറിയുടെ കോണിലേയ്ക്ക് ഒതുങ്ങി ചേർന്നു…

“സച്ചൂ…. ഇത് ഞാനാ മനു..”

ശബ്ദം കേട്ടപ്പോൾ കണ്ണിനു മീതെ അമർത്തിയ കൈകൾ മാറ്റി നോക്കി..

“എന്താടി?? “

മനു അങ്കലാപ്പോടെ നോക്കുന്നുണ്ട്..

അപ്പോൾ അയാളെവിടെപ്പോയിരിയ്ക്കും??

കണ്ണുകളാൽ ചുറ്റും പരതി…

താനിതെവിടെയാണ്???

നേരത്തെ അയാൾ തനിയ്ക്ക് വേണ്ടി ഒരുക്കിയ മുറിയിലാണെന്നു വ്യക്തമായി…

ആരാണ് തന്നെ ഈ കിടക്കയിൽ കൊണ്ട് വന്നു കിടത്തിയത്??

എന്തായിരുന്നു സംഭവിച്ചത്??

ഞൊടിയിടയ്ക്കുള്ളിൽ ഓർമകളിലൊരു ഓട്ട പ്രദക്ഷിണം നടത്തി..

വാതിലടച്ചപ്പോൾ ഏതോ കരങ്ങൾ മുഖത്തമർന്നിരുന്നു…

അത്രയേ തനിയ്ക്കോർമയുള്ളു…

പിന്നീടെന്താവും സംഭവിച്ചിട്ടുണ്ടാവുക??

“എന്താടി?? എന്താ സംഭവിച്ചത്?? നീയെങ്ങിനെയാ ഈ ആൾപ്പാർപ്പില്ലാത്ത വീട്ടിലെത്തിപ്പെട്ടത്??”

മനു അരികിലേക്ക് നടന്നെത്തി..

കരച്ചിലടക്കാനായില്ല….

“അയാളെന്നെ കൊല്ലും മനു… എനിയ്ക്ക് പേടിയാണ്…”

“ആര്?? ആരുടെ കാര്യമാ നീയീ പറയണേ??”

“ആദ്യം എന്റെ ചേച്ചിയെ കൊന്നു.. ഇപ്പൊ എന്നെയും..”

അടുത്ത വാക്ക് പറയാൻ തുടങ്ങുന്നതിന് മുൻപേ മുറിയുടെ പുറത്തൊരു ശബ്ദം കേട്ടു…

ഭീതിയോടെ മനുവിന്റെ കയ്യിൽ പിടുത്തമിട്ടു അവന്റെ പിറകിലേക്ക് വലിഞ്ഞു..

മുറിയിലേയ്ക്ക് കടന്നു വന്നയാളെക്കണ്ട് അവളാകമാനം നടുങ്ങി…

അജു…!!

സർവ തളർച്ചയും മറന്ന്‌ അവനരികിലേയ്ക്ക് ഓടുകയായിരുന്നു…

“അജു?? നീയെന്താ ഇവിടെ??? നിനക്കൊന്നും പറ്റിയില്ലേ അപ്പൊ??”

അതിശയത്തോടെ അവന്റെ ദേഹത്ത് വിരലോടിച്ചുകൊണ്ടാണ് ചോദിച്ചത്…

ഒന്നും മനസ്സിലാവാതെ അവൻ ബാക്കിയുള്ളവരുടെ മുഖത്തേയ്ക്ക് നോക്കുന്നത് കണ്ടു…

“എന്താടി??”

അവൻ അമ്പരപ്പോടെ രണ്ടു കൈകളിലും ചേർത്ത് പിടിച്ചു..

“പറ…”

ദേഷ്യത്തോടെയുള്ള ചോദ്യം…

“വാ…”

എല്ലാവരെയും തള്ളി മാറ്റി ദുരൂഹത നിറഞ്ഞ മുറി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു…

മുൻപ് കണ്ട ദൃശ്യങ്ങളിലൊന്നു പോലും അവശേഷിപ്പിയ്ക്കാതെ ശൂന്യത ആവാഹിച്ചു നിൽക്കുന്ന മുറി..!!

വിശ്വസിയ്ക്കാനാവാതെ സച്ചുവിന്റെ ദേഹം തളർന്നു പോയിരുന്നു…

ഒന്നും അവശേഷിച്ചിരുന്നില്ല…

ചുമരിൽ ചിത്രങ്ങളില്ല… തുറന്നു കിടന്ന ഷെൽഫിൽ മുൻപ് കണ്ടതൊന്നുമില്ല…

ഭ്രാന്തിയെപ്പോലെ അവിടെയെല്ലാം തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം..

എല്ലാം എവിടെപ്പോയി??

കാണുന്നതെല്ലാം സ്വപ്നമാണോ എന്നറിയാൻ കൈത്തണ്ടയിൽ നുള്ളി നോക്കി…

സത്യമാണ്…!!

ഈശ്വരാ…

കബളിപ്പിച്ചിരിയ്ക്കുന്നത് സ്വന്തം കണ്ണുകളാണ്…!!

കണ്ടത് മുഴുവൻ സ്വപ്നമായിരുന്നോ??

ആക്സിഡന്റായി കിടക്കുന്ന അജു… ചേച്ചിയുടെ ചിത്രം പതിപ്പിച്ച ചുമരുകൾ… വരുൺ… !!!

എല്ലാമെല്ലാം കണ്മുന്നിൽ കണ്ട കള്ളങ്ങളോ??

ഇരുകൈ കൊണ്ടും തല അമർത്തിപ്പിടിച്ചു ചുമർ ചാരി നിന്ന് പോയി…

ആരോ വന്നു ചേർത്ത് പിടിച്ചപ്പോഴാണ് ചിന്തകൾ കവർന്ന സ്വബോധം തിരിച്ചെത്തിയത്…

ഹരിയാണ്…

നനഞ്ഞ കൺപീലിയുയർത്തി അവനെ നോക്കിയപ്പോൾ എന്തൊക്കെയോ ഊഹിച്ച മട്ടിൽ അവൻ സരമില്ലെന്നു കണ്ണടച്ച് കാണിച്ചു…

കണ്ണ് തുടച്ചു അവനെന്നെയും കൂട്ടി പുറത്തേയ്ക്ക് നടക്കുമ്പോൾ നിർത്തിയിട്ട കാറിൽ മനുവും അജുവും കാത്തിരിയ്ക്കുന്നുണ്ടായിരുന്നു…

വണ്ടിയിൽ കയറിയിരുന്നു നടന്നതെല്ലാം അവരോടു പറയുമ്പോൾ സഹചര്യത്തെളിവുകളെല്ലാം നഷ്ടപ്പെടുത്തിയതാരാണെന്നു മാത്രം ഒരൂഹവും കിട്ടിയില്ല….

“അയാൾ നിനക്കയച്ച ഫോട്ടോ ഒന്ന് കാണിച്ചേ.. നോക്കട്ടെ എന്താ സംഭവമെന്ന്..”

കണ്ണ് തുടച്ചു ഫോണെടുത്തു തുറന്നത് അതിലും വലിയ നടുക്കത്തിലേയ്ക്കായിരുന്നു…

ഫോണിലെ സകല ഡാറ്റകളും ആരോ നശിപ്പിച്ചിരിയ്ക്കുന്നു…!!

മെമ്മറി കാർഡ് പോലും ആരോ എടുത്തു മാറ്റിയിട്ടുണ്ട്…!!

ആരും ഒരക്ഷരം മിണ്ടുന്നില്ല…!!

സച്ചുവിന് വീണ്ടും കരച്ചിൽ വന്നു…

അവർ തന്നെ വിശ്വസിച്ചിട്ടില്ലെങ്കിൽ??

വരുന്ന വഴിയിൽ ആരും പരസ്പരം ഒന്നും സംസാരിച്ചില്ലെന്നത് അവളെ വല്ലാതെ അലോസരപ്പെടുത്തി…

ഗന്ധർവ്വൻ… അല്ല… വരുൺ താമസിച്ചിരുന്ന സ്ഥലത്തേയ്ക്കാണ് മനു വണ്ടി കൊണ്ട് ചെന്ന് നിർത്തിയത്…

വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു…

വീട്ടുടമയെ കണ്ടപ്പോൾ കാര്യമന്വേഷിച്ചു…

താമസമൊഴുവാക്കി നാട്ടിലേയ്ക്ക് പോയിട്ട് മൂന്നാലു ദിവസമായെന്നായിരുന്നു മറുപടി…

എല്ലാ വഴികളും അടഞ്ഞിരിയ്ക്കുന്നു…

എവിടെയോ മറഞ്ഞിരുന്നുകൊണ്ടു അയാളെല്ലാം വീക്ഷിയ്ക്കുന്നുണ്ടാവും…!!

അങ്ങനെയെങ്കിൽ ഏതു നിമിഷവും താൻ കൊല്ലപ്പെടാം…!!

മരിയ്ക്കാൻ ഭയമുണ്ടായിട്ടല്ല.. അച്ഛനെക്കുറിച്ചോർക്കുമ്പോൾ…

“ഇതിനു മുൻപൊരു തവണയും നീയിതുപോലെ പാതിരായ്ക്ക് ഇറങ്ങിപ്പോയിരുന്നല്ലോ അല്ലെ?? അതും ഏതോ ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിലേയ്ക്കായിരുന്നല്ലോ…??”

മനുവിന്റെ ശബ്ദം നേരിയ നടുക്കമുണ്ടാക്കി…

പ്രേതബാധയുണ്ടെന്നു പറയപ്പെടുന്നൊരു വീട്ടിൽ ഒരു രാത്രി തനിച്ചു താമസിയ്ക്കാൻ ഒരിയ്ക്കൽ പോയിരുന്നു… വീടിനടുത്തുള്ള പൊടിപ്പിള്ളേരുമായി ബെറ്റ് വച്ചാണ് അന്നങ്ങനെ ചെയ്തത്….

അന്ന് ചേച്ചിയുണ്ടായിരുന്നു… അവളോട് പറഞ്ഞിട്ടാണ് പോയതെന്നോർത്തു…

“അന്നും തിരഞ്ഞു പിടിച്ചത് ഞാൻ തന്നെയായിരുന്നു… ഓർക്കുന്നുണ്ടോ നീയ്??”

ഞാനൊന്നും മിണ്ടിയില്ല…

“അന്ന് കൂട്ട് നിൽക്കാൻ ഒരുത്തി കൂടി ഉണ്ടായിരുന്നു… ഇന്നിപ്പോൾ അതില്ല… ആ പ്രായമായ മനുഷ്യനെ വേദനിപ്പിച്ചു മതിയായില്ലേ നിനക്ക്??”

“മനു എന്നെയൊന്നു വിശ്വസിയ്ക്ക് “

“പറയുന്ന കാര്യങ്ങളിലെല്ലാം മറ്റുള്ളവർക്ക് വിശ്വസിയ്ക്കാൻ പാകത്തിൽ എന്തെങ്കിലും ചേർത്ത് വയ്ക്കണം… അല്ലാതെ ഏതോ സിനിമാ കഥ പോലെ ഓരോന്ന് പറയാൻ നിക്കണ്ട വെറുതെ…”

മനു എന്തിനാണ് ഇത്രയും ദേഷ്യപ്പെടുന്നതെന്നു മനസ്സിലായില്ല…

ആർക്കും തന്നെ മനസ്സിലാവില്ല…!!

എന്നും തോൽക്കുന്നത് സച്ചുവാണ്…!!

“അല്ലെങ്കിൽ അജുവിന് ആക്സിഡൻ്റ്റ് ആയെന്നറിഞ്ഞാൽ നീയാദ്യം ചെയ്യേണ്ടിയിരുന്നത് അവനെ ഒന്ന് വിളിച്ചു നോക്കുക എന്നതായിരുന്നു…

നാഴികയ്ക്ക് നാല്പത് വട്ടം വേണ്ടതിനും വേണ്ടാത്തത്തിനുമൊക്കെ വിളിയ്ക്കാറുള്ളതാണല്ലോ…??

നീയെന്താ മണ്ടിയാണോ??”

എതിർത്ത് പറയാൻ തന്റെ കയ്യിൽ വാക്കുകളില്ല…

അപ്പോഴത്തെ വെപ്രാളത്തിൽ താൻ അജുവിനെ വിളിച്ചില്ല… ഛെ!!

ശരിയാണ്… ചില സമയങ്ങളിൽ നമ്മളെല്ലാം യുക്തിയ്ക്ക് നിരക്കാതെ പ്രവൃത്തിച്ചു പോവാറുണ്ട്…

പിന്നീടതോർക്കുമ്പോൾ അന്നെന്തേ നമ്മളങ്ങനെ ചെയ്തതെന്ന് വ്യാകുലപ്പെടാറുമുണ്ട്…

ഇവിടെയും തനിയ്ക്ക് അതാണോ സംഭവിച്ചത്…??

സ്നേഹിയ്ക്കുന്നവർക്ക് മുൻപിൽ താനെന്നും മണ്ടിയാണ്…

വീടെത്തിയിരുന്നു…

പതിവില്ലാതെ അജുവും ഹരിയും ഞങ്ങൾക്കൊപ്പം അകത്തേയ്ക്ക് വന്നപ്പോൾ എനിയ്‌ക്കെന്തോ പന്തികേട് തോന്നി…

അച്ഛനെ അവിടെ മുഴുവൻ തിരഞ്ഞിട്ടും കണ്ടില്ല…

മനുവിനോട് ചോദിച്ചപ്പോൾ അവന്റെ വീട്ടിലാണെന്നാണ് പറഞ്ഞത്..

വേഗം പോയി കുളിച്ചു വസ്ത്രം മാറിയെത്തി…

“മനു… അച്ഛനോട് ഇങ്ങോട്ട് വരാൻ പറഞ്ഞോ??”

“നമുക്ക് അങ്ങോട്ട് പോവാം… അവിടാകുമ്പോൾ അമ്മയുണ്ടല്ലോ.. നിനക്കെന്തെങ്കിലും കഴിയ്ക്കണ്ടേ??”

മറുപടി ഒട്ടും തൃപ്തികരമായില്ല…

അജുവും ഹരിയും എന്തോ മറയ്ക്കുന്നത് പോലെ ഒന്നും സംസാരിയ്ക്കാതെ നിൽപ്പാണ്…

നേരിയ ഭയം തോന്നി…

പ്രതീക്ഷകളെ കാറ്റിൽ പറത്തി വണ്ടി ചെന്ന് നിന്നത് ഹോസ്പിറ്റലിനു മുൻപിൽ….!!!

നെഞ്ചിടിപ്പ് പതിന്മടങ്ങു ശക്തിയായി ഉയർന്നു…

ഐ സി യു വിനു മുൻപിലെത്തിയപ്പോൾ ശരീരമാകെ മരവിച്ചത് പോലെ തോന്നി…

“ഹാർട്ടിനു ചെറിയ കംപ്ലൈന്റ് ആണെന്നാ ഡോക്റ്റർ പറഞ്ഞത്… അമ്മാവൻ നേരത്തെ ഇവിടുത്തെ പേഷ്യന്റ് ആയിരുന്നത്രെ…”

ഇടിമുഴക്കം പോലെ കാതിൽ പതിഞ്ഞ വാക്കുകൾ…!!

“നിനക്കറിയമായിരുന്നോ??”

ഇല്ലെന്നു തലയാട്ടുമ്പോൾ വീണു പോവാതിരിയ്ക്കാൻ പാടുപെട്ടു..

“നിന്നെ കാണാതായ ഷോക്ക് ആണ്.. നെഞ്ച് വേദന വന്നപ്പോൾ തന്നെ ഇങ്ങോട്ടു കൊണ്ട് വന്നു…”

എല്ലാം തലയിളക്കി കേൾക്കുമ്പോൾ കരയാൻ പോലും മറന്നു പോയിരുന്നു….

മനു ദേഷ്യപ്പെട്ടതിന്റെ കാരണം വ്യക്തമായി…

ഇതേ ഹോസ്പിറ്റലിൽ വച്ചാണ് അമ്മയും…!!

ഇപ്പോൾ താൻ കാരണം അച്ഛനും!!

അയാളിൽ നിന്നും രക്ഷപ്പെട്ടു വന്നതെന്തിനായിരുന്നു??

കാത്തിരിയ്ക്കുന്ന ഭീകരമായ അനാഥത്വത്തെ സ്വീകരിയ്ക്കാനോ??

ഒറ്റ കുത്തിനു എല്ലാം അവസാനിയ്ക്കുമായിരുന്നെങ്കിൽ…

പുറത്തേയ്ക്ക് വന്ന ഡോക്റ്റർ മനുവിനെ വിളിച്ചുകൊണ്ട് നടന്നപ്പോൾ വരണ്ടെന്നു വിലക്കിയിട്ടും കൂടെ ചെന്നു…

അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ട്…!!

ഒന്നും കേൾക്കാൻ വയ്യ തനിയ്ക്ക്…!!

രണ്ടു മൂന്നു ദിവസം ഒബ്സർവേഷനിൽ കിടക്കട്ടെ എന്നു പറഞ്ഞത് മാത്രം കേട്ടു….

അവസാനം പറഞ്ഞതും…

ഒട്ടും ടെൻഷൻ കൊടുക്കരുത്… ഇനിയൊരു ടെൻഷൻ കൂടി താങ്ങാൻ ആൾക്ക് കെൽപ്പുണ്ടാവില്ല…

സൊ… ബീ കെയർ ഫുൾ…”

ഡോക്റ്ററുടെ മുറി വിട്ടിറങ്ങുമ്പോഴും മനസ്സ് സമധാനപ്പെട്ടിരുന്നില്ല…

അച്ഛൻ പഴയത് പോലെ വീട്ടിലെ ചാരുകസേരയിൽ കിടക്കുന്നത് കണ്ടാലേ തനിയ്ക്ക് ആശ്വാസമാവൂ…

കയറി കണ്ടു കൊള്ളാൻ സിസ്റ്റർ പറഞ്ഞപ്പോൾ അന്നത്തെപ്പോലെ ഉള്ളിലേയ്ക്ക് ഓടിയില്ല…

നടന്നെത്തുമ്പോൾ അച്ഛൻ കണ്ണ് തുറന്നു കിടപ്പുണ്ട്…

മുഖം തുടച്ചു അരികിൽ ചെന്നു…

“ആഹാ ഫുൾ സെറ്റപ്പിൽ ആണല്ലോ കിടത്തം…”

ഉള്ളു പുകച്ചുകൊണ്ടു മുഖത്തു കള്ളച്ചിരി വരുത്തി…

“എന്റെ പൊന്നച്ഛാ ഞാൻ അന്നത്തെപ്പോലെ പ്രേതമുണ്ടോന്നു നോക്കാൻ പോയതല്ലേ??

അപ്പോഴേയ്ക്കും ആ പേരും പറഞ്ഞു ഇങ്ങോട്ടു വരേണ്ട കാര്യമുണ്ടായിരുന്നോ??

തൊടിയിലെ പയറും ചേനയും മത്തനുമൊക്കെ ആര് നനയ്ക്കുമെന്നാ?? എന്നെക്കൊണ്ടൊന്നും വയ്യ കേട്ടോ.. വേഗം വന്നാൽ അതൊന്നും വാടിപ്പോവാതെ കിട്ടും…”

അച്ഛന്റെ മുഖത്തു നേരിയ ചിരി വിടർന്നു…

“അച്ഛന് ഒന്നുമില്ലെന്ന്‌ ഡോക്റ്റർ പറഞ്ഞല്ലോ…

ഇനിയിപ്പോ ചുമ്മാ ഇവിടെക്കിടക്കണമെങ്കിൽ മൂന്നു ദിവസം കിടന്നോട്ടെ എന്നും പറഞ്ഞു..”

പറയുന്നതും മനസ്സിലുള്ളതും രണ്ടാണെന്നു കേൾവിക്കാർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം അഭിനയ ചാരുതയുണ്ടെന്നതിൽ അവളത്ഭുതപ്പെട്ടു…

“പക്ഷെ ഉടനെ വാർഡിലോട്ടു മാറ്റും… അത് വരെയേ ഉണ്ടാവൂ ഈ എസിയിലുള്ള സുഖവാസം..”

തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ബെഡിൽ വച്ച കയ്യിൽ നേർത്ത സ്പർശമറിഞ്ഞു…

കുനിഞ്ഞു നിന്ന് കാതുകൾ ചുണ്ടോടടുപ്പിച്ചു ശ്രദ്ധിച്ചു..

“മോള് പേടിച്ചു പോയോ?? “

ചങ്കിൽ പിടഞ്ഞൊതുങ്ങിയ ഗദ്ഗദം കണ്ണിമകളെ ഭേദിച്ചു….

“അച്ഛനൊന്നുല്ല സച്ചു… മോളെ ഒറ്റയ്ക്കാക്കി ഞാനെങ്ങോട്ടും പോവില്ല…”

“ഞാനിനി അച്ഛനെ വിട്ട് എങ്ങും പോവില്ല.. എന്നോട് ക്ഷമിക്കച്ചാ..”

തളർന്ന കൈകൾ കൂട്ടിപ്പിടിച്ചു മുഖത്തമർത്തി തേങ്ങുമ്പോൾ വീണ്ടും ആ നാലു വയസ്സുകാരി പൊട്ടിക്കുട്ടിയായി മാറുകയായിരുന്നു…

മൂന്നു ദിവസങ്ങൾ പതുക്കെ കടന്നു പോയി….

മനുവും അമ്മായിയും കൂടെയുണ്ടെന്നുള്ളതായിരുന്നു ആശ്വാസം…

ക്ലാസ് ഇല്ലാത്ത സമയങ്ങളിലെല്ലാം ഓരോന്ന് പറഞ്ഞുകൊണ്ട് എന്റെ വിഷമത്തെ അകറ്റാൻ നിഴൽ പോലെ അവമ്മാരും…

വീടെത്തി ഒരാഴ്ചയോളം അച്ഛനെ അനങ്ങാൻ പോലും സമ്മതിച്ചിട്ടില്ല…

നിർബന്ധിച്ചു പറമ്പിലെ കാര്യങ്ങൾ നോക്കാനും മറ്റും ഒരാളെ ഏല്പിച്ചതിന്റെ പിണക്കമുണ്ടായിരുന്നു അച്ഛന്….

ദിവസങ്ങൾ കടന്നു പോയി…

ഭയന്നത് പോലെ ആരും ഉപദ്രവിയ്ക്കാൻ എത്തിയിരുന്നില്ല….

ഗന്ധർവ്വന്റെ എഴുത്തുകളും മുടങ്ങി..

പുറമെ അയാളോട് ദേഷ്യമായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിലിരുന്നുകൊണ്ടു ആരോ അയാളെ അഗാധമായി പ്രണയിച്ചിരുന്നു…

കണ്ടെത്തണമെന്ന് ആഗ്രഹിച്ചിരുന്നു…

“സച്ചൂ… ഇവിടെ വരൂ…”

ചാരു കസേരയിൽ നിന്നുയർന്ന വിളിയുടെ തുമ്പു ചേർന്നുകൊണ്ടു ഉമ്മറത്തേയ്ക്ക് നടന്നു….

“മോളോട് പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് അച്ഛൻ വിളിച്ചത്…”

എന്താണെന്ന ഭാവത്തിൽ പുരികം ചുളിച്ചുകൊണ്ടു അടുത്തുള്ള തിണ്ണയിലിരുന്നു…

“അച്ഛനിനി എത്ര നാളാണെന്നറിയില്ല മോളെ… എന്തെങ്കിലും സംഭവിച്ചു പോവുന്നതിനു മുൻപ് എന്റെ കുട്ടിയെ സുരക്ഷിതമായ കൈകളിൽ ഏല്പിയ്ക്കണമെന്നുണ്ട്…”

വല്ലാത്തൊരു ഞെട്ടൽ ഉടലിനെ കവർന്നു…

“ഇന്നലെയും മോൾടെ അമ്മ സ്വപ്നത്തിൽ വന്നിരുന്നു… കണ്ണടയുന്നതിനു മുൻപ് നാലാളറിഞ്ഞു ഈ ചടങ്ങു നടത്താൻ പറഞ്ഞു… “

ഉള്ളു വിങ്ങി… എന്ത് പറയണമെന്നറിയില്ല….

“അച്ഛൻ നോക്കിയിട്ട് മനുവിനെക്കാൾ യോഗ്യനായൊരാൾ വേറെയില്ല മോളെ…

മാത്രവുമല്ല വിവാഹം കഴിഞ്ഞാലും മോൾക്ക് ഇവിടെത്തന്നെ നിൽക്കാലോ.. അച്ഛന് അവിടെയും വന്നു നിൽക്കാം…

അന്യർക്ക് കൊടുത്തു കഴിഞ്ഞാൽ അച്ഛന്റെ കാലം കഴിഞ്ഞാലും എന്റെ മോൾക്കൊരു വിഷമം വന്നാൽ ചോദിയ്ക്കാൻ വരാൻ പോലും ആരുമുണ്ടാവില്ല…”

“പക്ഷെ അച്ഛാ…”

“ജീവിതം തോൽവികൾ മാത്രം സമ്മാനിച്ച് തകർത്തു കളഞ്ഞൊരു കിളവന്റെ അവസാനത്തെ ആഗ്രഹമാണെന്നു കരുതിയെങ്കിലും മോളിതു സമ്മതിയ്ക്കണം..”

ഇനിയൊരു ടെൻഷൻ കൂടി താങ്ങാനുള്ള കരുത്തില്ലെന്നു പറഞ്ഞ ഡോക്ടറുടെ വാക്കുകൾ ഓർമ വന്നു…

ഇത്രയും വേദനയോടെ അച്ഛൻ തന്നോടൊന്നും ഇതിനു മുൻപ് ആവശ്യപ്പെട്ടിട്ടില്ല…

“മനു ഒരു കോളേജ് അധ്യാപകനല്ലേ?? നിന്നോട് കുറച്ചു ഗൗരവം കാണിയ്ക്കുന്നത് ചേച്ചിയെപ്പോലൊരു ഗതി വരാതിരിയ്ക്കാനല്ലേ??

അവൻ നല്ലവനാ… കുഞ്ഞു നാളു തൊട്ട് ഒരാളെത്തന്നെ സ്നേഹിച്ചു കാത്തിരിയ്ക്കാൻ അവനു കഴിഞ്ഞിട്ടുണ്ടെങ്കിൽ പൊന്നു പോലെ നോക്കാനും അവനു കഴിയും…

അച്ഛന് ഉറപ്പുണ്ട് മോളെ… ഇതിലും സുരക്ഷിതമായൊരു ജീവിതം എന്റെ കുട്ടിയ്ക്ക് കിട്ടില്ല…”

“എനിയ്ക്ക് സമ്മതമാണച്ചാ… അച്ഛൻ എന്താണെന്നു വച്ചാൽ തീരുമാനിച്ചോളൂ….”

മുഖത്തു കപടമായ ചിരി വരുത്തി അകത്തേയ്ക്ക് നടക്കുമ്പോൾ മനസ്സു ശൂന്യമായിരുന്നു….

അച്ഛന് വേണ്ടി ഇതേ തനിയ്ക്ക് ചെയ്യാനുള്ളൂ…

ഈ ഒരു കാര്യമെങ്കിലും തനിയ്ക്ക് ചെയ്തെ പറ്റു….

മനുവിനെ അങ്ങനെ കാണാൻ കഴിയില്ലെങ്കിൽ പോലും സച്ചുവിന് മറ്റൊരു വഴിയുമില്ല…

കണ്ണ് തുടച്ചു മുറിയിലേയ്ക്ക് കയറുമ്പോൾ തുറന്നിട്ട ജനാലയ്ക്കരികിൽ ഒരു കൂട്ടം ചെമ്പക പൂക്കളുണ്ടായിരുന്നു….

ഏറെ പ്രിയമുള്ള സുഗന്ധവുമായി അതവളെയും കാത്തിരിയ്ക്കുകയായിരുന്നു…

(തുടരും….)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ഗന്ധർവ്വൻ – ഭാഗം 16”

  1. കുരുക്കുകൾ മുറുകുകയാണോ അതോ അയയുകയാണോ? എത്രയും പെട്ടെന്ന് എല്ലാം എല്ലാവർക്കും മുന്നിലുള്ള പുകമറ നീക്കിക്കൂടെ?

Leave a Reply