ഓടിച്ചെന്നു ജനലിനപ്പുറത്തേയ്ക്ക് ദൃഷ്ടിയയച്ചെങ്കിലും നിരാശയായിരുന്നു ഫലം…
ഭയം കൊടുമ്പിരി കൊണ്ടു…
അയാൾ….!!
അയാൾ തന്റെ പിറകെ തന്നെയുണ്ട്..!!
പിന്നെ എന്തിനാവും അന്ന് തന്നെ കൊല്ലാതെ വിട്ടത്??
ആരാവും തന്നെ രക്ഷിച്ചത്??
ഇതിനിടയിൽ വന്നിരുന്നെന്നു താൻ വിശ്വസിയ്ക്കുന്ന മൂന്നാമൻ… അയാളായിരിയ്ക്കുമോ ഇത്രയും നാളും തേടി നടന്നിരുന്ന ഗന്ധർവ്വൻ??
ആയിരുന്നെങ്കിൽ എന്തുകൊണ്ട് കണ്മുന്നിൽ വന്നില്ല??
വരുണും ഗന്ധർവ്വനും തമ്മിലെന്ത് ബന്ധം??
എല്ലാരും എന്തൊക്കെയോ തന്നിൽ നിന്നും മറച്ചു പിടിയ്ക്കുന്നുണ്ട്…
സച്ചു ദേഷ്യത്തോടെ ജനലിനരികിലെ പൂക്കൾ പുറത്തേയ്ക്ക് തട്ടിയെറിഞ്ഞുകൊണ്ടു ജനൽപ്പാളി വലിച്ചടച്ചു…
വീണ്ടും ചിന്തകൾ വള്ളിപ്പടർപ്പു പോലെ പടർന്നു കയറാൻ തുടങ്ങിയപ്പോൾ അവൾ ആലസ്യത്തോടെ കിടക്കയിലേക്ക് ചാഞ്ഞു…
“സച്ചൂ…”
മനു!!
“അമ്മാവൻ പറഞ്ഞത് സത്യമാണോ??”
പതിവില്ലാത്ത സന്തോഷം അവൻറെ മുഖത്തുണ്ട്..
“എന്നെ വിവാഹം കഴിയ്ക്കാമെന്നു നീ സമ്മതിച്ചോ??”
മറുപടിയായി ഒരു നറുപുഞ്ചിരി പകരം നൽകി…
” വെറുപ്പാണെന്നു പറഞ്ഞിട്ട്??”
മനുവിന്റെ ചോദ്യങ്ങളെ നേരിടാനുള്ള ചങ്കൂറ്റമെല്ലാം എവിടെയോ നഷ്ടമായത് പോലെ തോന്നി അവൾക്ക്…
“ഇപ്പോ വെറുപ്പൊന്നുമില്ല മനു.. എനിയ്ക്ക് സമ്മതമാണ്..”
“ശരിയ്ക്കും??”
“ഒരു കാര്യം മാത്രമേ എനിയ്ക്ക് മനുവിനോട് ആവശ്യപ്പെടാനുള്ളൂ.. എന്റെ കൂട്ടുകാരെ പിരിയാൻ മാത്രം എന്നോട് പറയരുത്…
വേറെ എന്തും ഞാൻ അനുസരിച്ചോളാം…”
വാക്കുകൾ അളന്നു തിട്ടപ്പെടുത്തി നൽകിക്കൊണ്ട് മുറി വിട്ടിറങ്ങി…
അയാളോട് സംസാരിയ്ക്കുമ്പോൾ വല്ലാത്ത ശ്വാസം മുട്ടൽ തേടിയെത്തുന്നു…
അന്ന് ചേച്ചി പറഞ്ഞ വാക്കുകളുടെയെല്ലാം അർത്ഥം മനസ്സിലാവുന്നത് ഇപ്പോഴാണ്..
മനസ്സൊരാൾക്ക് സമർപ്പിച്ചു കഴിഞ്ഞാൽ മറ്റൊരാളുടെ സാമീപ്യം പോലും വെറുപ്പുളവാക്കും..
ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹ നിശ്ചയം മംഗളമായി കഴിഞ്ഞു…
അടുത്ത ബന്ധുക്കളും അയൽക്കാരും എന്റെയും മനുവിന്റെയും കൂട്ടുകാരും മാത്രമുള്ളൊരു ചെറിയ ചടങ്ങ്…
മനുവിന്റെ പേരെഴുതിയ മോതിരം വിരലിൽ പൊള്ളലോടെ ചേർന്ന് കിടന്നു…
അച്ഛൻ അടുത്തില്ലാത്ത നേരത്തെല്ലാം അതെടുത്തു മാറ്റി വയ്ക്കും…
ഒരല്പമെങ്കിലും ആശ്വാസം കിട്ടുന്നത് അപ്പോൾ മാത്രമായിരുന്നു…
വിവാഹ തിയതി അടുക്കും തോറും മനസ്സിന്റെ പിടച്ചിലും കൂടി വന്നു…
ഗന്ധർവ്വൻ…!!
ഹൃദയത്തിലെവിടെയോ പതിഞ്ഞതാണാ പേര്…!!
എവിടെയായിരിയ്ക്കും അയാൾ??
പൂർണമായ അവകാശം മനുവിന് തീറെഴുതി കൊടുക്കും മുൻപ് ഒരു നോക്ക് കാണാനെങ്കിലും കണ്മുൻപിൽ വന്നിരുന്നെങ്കിൽ…
അവസാന സമ്മാനമായി ഒരു നാലു വരി കവിത തന്നിരുന്നെങ്കിൽ…
അത് മാത്രം മതിയായിരുന്നു തനിയ്ക്ക്….
എല്ലാം മനുവിനോടു തുറന്നു പറഞ്ഞാലോ എന്ന് ഇടയ്ക്കിടെ ആലോചിയ്ക്കാറുണ്ട്…
അച്ഛന്റെ സന്തോഷം കാണുമ്പോൾ വേണ്ടെന്ന് വയ്ക്കും…
ക്ലാസിൽ പോവുന്നത് മാത്രമായിരുന്നു ഏക സമാധാനം…
കൊണ്ട് പോവുന്നതും തിരിച്ചു കൊണ്ട് വരുന്നതും കടമ നിർവ്വഹണം കണക്കെ മനു ഏറ്റെടുത്തപ്പോഴും എതിർത്തൊന്നും പറയാൻ തോന്നിയില്ല…
പക്ഷെ അയാളോടുള്ള സംസാരം മാത്രം ഒരു ചോദ്യോത്തര പയറ്റു കണക്കെ ചുരുക്കപ്പെട്ടു…
ദിവസങ്ങൾ കൊഴിയും തോറും മനുവിന്റെ ഉത്സാഹവും കുറഞ്ഞു വരുന്നതായി തോന്നി…
തോന്നലാവും…!!
ഒരിയ്ക്കൽ ക്‌ളാസ് കഴിഞ്ഞു വരുന്ന വഴി മനു പതിവില്ലാതെ വണ്ടിയുടെ ദിശ മാറ്റിയപ്പോഴായിരുന്നു ദിവസങ്ങൾക്ക് ശേഷം ആദ്യമായി അയാളോട് അങ്ങോട്ട് മിണ്ടുന്നത്…
എവിടെയ്ക്കാണെന്നു ഒരായിരം തവണ ചോദിച്ചിട്ടും കേട്ട ഭാവം പോലും നടിയ്ക്കാതെ അപരിചിതമായ കുറുക്കു വഴികളിലൂടെ അവൻ വാഹനത്തെ നിയന്ത്രിച്ചു…
ശാന്തമായൊഴുകുന്ന പുഴക്കരയിലെ ചെറിയ അമ്പലത്തിനടുത്തു നിർത്തി ഇറങ്ങാൻ നിർദ്ദേശം തന്നപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ അത്ഭുതപ്പെട്ടു…
“നമ്മളൊക്കെ കുട്ടികളായിരിയ്ക്കുമ്പോൾ ഒരിയ്ക്കൽ വന്നിട്ടുണ്ടിവിടെ… ഓർക്കുന്നുണ്ടോ??”
ഉള്ളിലെവിടെയോ ചന്ദന നിറമുള്ള പറ്റുപാവാടക്കാരിയെയും അവളുടെ കൈ പിടിച്ചു നടക്കുന്ന നിക്കറുകാരനെയും ഓർമ വന്നു…
“അന്നൊന്നും നിനക്കെന്നോടൊരു വൈരാഗ്യവുമില്ലായിരുന്നു..”
മനു വെറുതെ ചിരിയ്ക്കാൻ ശ്രമിച്ചു..
“പിന്നീടെപ്പോഴോ ഞാൻ പോലുമറിയാതെ നീയെന്നിൽ നിന്നും ഒരുപാട് ദൂരേയ്ക്ക് പോയി..
എന്റെ സ്നേഹത്തെ അധികാരമായും സംരക്ഷണത്തെ ഭരണമായും നിനക്ക് തോന്നാൻ തുടങ്ങി…
പക്ഷെ അന്നൊക്കെ വഴക്കിടാനെങ്കിലും നീയെന്നോട് സംസാരിയ്ക്കാറുണ്ടായിരുന്നു…
ഓർമ വയ്ക്കുന്നതിന് മുൻപേ ഉള്ളിൽ പതിഞ്ഞു പോയതുകൊണ്ടാവണം ഈ രൂപമല്ലാതെ മറ്റാരേയും ഞാൻ കണ്ടിരുന്നില്ല…
ആർക്കും ഈ നെഞ്ചിനുള്ളിലേയ്ക്ക് കയറാനും കഴിഞ്ഞിട്ടില്ല…”
“നമുക്ക് പോവാം മനു…”
“നിന്നോട് സ്വസ്ഥമായി സംസാരിയ്ക്കനാണ് ഞാനിങ്ങോട്ടു വന്നത്…”
അയാളുടെ വാക്കുകളിൽ വിരക്തി തോന്നിയെങ്കിലും പിന്നീടൊന്നും പറഞ്ഞില്ല…
“വിരലിലെണ്ണാവുന്ന ദിവസം മാത്രമേ ഇനി വിവാഹത്തിനുള്ളു… അതിനു മുൻപ് ഒരു കാര്യം നിന്റെ നാവിൽ നിന്ന് തന്നെ എനിയ്ക്ക് കേൾക്കണം..”
എന്താണെന്നുള്ള ഭാവത്തിൽ സച്ചു അയാളെ നോക്കി..
“നീ മറ്റാരെയെങ്കിലും പ്രണയിയ്ക്കുന്നുണ്ടോ??”
അയാളുടെ ചോദ്യമുണ്ടാക്കിയ നടുക്കം മുഖത്തു പ്രതിഫലിയ്ക്കാതിരിയ്ക്കാൻ പാടുപെട്ടു…
“അതെന്താ മനു അങ്ങനെ ചോദിച്ചത്??”
“ചോദിച്ചതിന് മറുപടി പറയൂ…”
“അങ്ങനെയൊന്നുമില്ല..”
“ആ മറുപടിയിൽ തന്നെയുണ്ടല്ലോ ചില സൂചനകൾ…”
“മനുവിന് വെറുതെ തോന്നുന്നതാണ്.. ഞാൻ ആരെയും പ്രണയിച്ചിട്ടില്ല…”
തീർത്തു പറയുമ്പോൾ അറിയാതെ മിഴിക്കോണുകളിൽ നനവ് പടർന്നു..
അഥവാ സത്യം പറഞ്ഞാലും ചൂണ്ടി കാണിച്ചു കൊടുക്കാൻ തനിയ്ക്കൊരാളില്ലല്ലോ…
വെളിച്ചത്തെ പ്രണയിച്ച ഈയാം പാറ്റയേക്കാൾ മണ്ടിയാണ് താൻ..
വ്യക്തതയില്ലാത്തൊരു പ്രണയത്തിന്റെ പിടിയിലമർന്നു സ്വയം ഹോമിച്ചു ജീവിതം നശിപ്പിയ്ക്കുന്നവൾ…
“ഉണ്ടെങ്കിൽ തുറന്നു പറഞ്ഞോളൂ… അല്ലാതെ ഉള്ളിൽ ഒരാളെ വച്ചുകൊണ്ട് ആർക്കൊക്കെയോ വേണ്ടി മറ്റൊരാളെ സ്നേഹിയ്ക്കാൻ ആർക്കും കഴിയില്ല സച്ചു…
ഒരുപാട് വട്ടം ശ്രമിച്ചു പരാജയപ്പെട്ടൊരാളാണ് പറയുന്നത്..
നിനക്ക് വേണമെങ്കിൽ ഇപ്പോഴും തീരുമാനം മാറ്റാം… അമ്മാവനോട് ഞാൻ പറയാം…”
“വേണ്ട… ഞാൻ പൂർണ മനസ്സോടെ തന്നെയാണ് വിവാഹത്തിനു സമ്മതിച്ചത്..”
“പിന്നെന്താ ഈ അവഗണനയുടെയെല്ലാം അർത്ഥം?? അതുകൂടി പറഞ്ഞു താ എനിയ്ക്ക്..”
“മനുവിനെ അക്സപ്റ്റ് ചെയ്യാൻ എനിയ്ക്ക് കുറച്ചു സമയം തന്നാൽ മതി… സാവധാനം എല്ലാ ആശയക്കുഴപ്പങ്ങളും മാറുമായിരിയ്ക്കും…”
“അപ്പോഴും നിനക്കൊരു ഉറപ്പുമില്ല അല്ലെ??”
“മനു പ്ലീസ്…”
“ശരി… നിന്റെ ഉള്ളറിയാൻ ഞാൻ ശ്രമിച്ചില്ല എന്നൊരു പഴി കേൾക്കേണ്ടി വരാതിരിയ്ക്കാനാണ് ഇങ്ങോട്ട് കൊണ്ട് വന്നത്…
വിവാഹത്തിന് മുൻപ് എപ്പോൾ വേണമെങ്കിലും നിനക്ക് പിൻമാറാം.. പ്രജ്ഞയറ്റൊരു ജീവിതമാണ് എനിയ്ക്കൊപ്പം ജീവിയ്ക്കാൻ പോവുന്നതെങ്കിൽ അതു ഞാനും ആഗ്രഹിയ്ക്കുന്നില്ല…”
വിളറിയ ചിരി തിരിച്ചു നൽകുമ്പോഴും മനസ്സ് മറ്റെന്തിലോ ചുവടു തെറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു…
പക്ഷെ മനുവിന്റെ സ്നേഹം ഒരു കവചമെന്നോണം തനിയ്ക്ക് അത്യാവശ്യണിപ്പോൾ…
വിവാഹത്തലേന്നു കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാമായി പ്രതീക്ഷിച്ചതിലും കൂടുതൽ ആഘോഷപൂർണമായിരുന്നു വീട്…
അമ്മയുണ്ടായിരുന്നെങ്കിൽ എന്ത് മാത്രം സന്തോഷിച്ചിരുന്നേനെ!!
ഉറങ്ങാൻ പോവുന്നതിനു തൊട്ടു മുൻപ് വരെ ഒട്ടും പരിചയമില്ലാത്ത ഏതോ മുഖത്തെ തേടുകയായിരുന്നു…
നിറഞ്ഞ കണ്ണുകളുമായി ആരെങ്കിലും തന്നെ ദീനമായി നോക്കുന്നുണ്ടോ??
അറിഞ്ഞിട്ടുണ്ടാവും…. മനപ്പൂർവ്വം അകന്നു മാറുന്നതാവാനെ വഴിയുള്ളൂ…
ഉള്ളിലെ സങ്കടം ആരോടും പങ്കു വയ്ക്കാൻ പോലുമാവാതെ വീർപ്പു മുട്ടി…
തിളങ്ങുന്ന കല്ല് പതിപ്പിച്ച മനോഹരമായ പാർട്ടി വെയറിൽ നിന്നു രക്ഷ നേടി പഴയ വസ്ത്രമെടുത്തു ധരിച്ചു കിടക്കയിൽ വന്നു കിടന്നു…
ബന്ധുക്കളിലാരോ ഇളം ചൂടുള്ള പാലിന്റെ ഗ്ലാസ് കൊണ്ട് വന്നു നിർബന്ധിച്ചു കുടിപ്പിച്ചു പുറത്തേയ്ക്ക് പോയി…
അമ്മയില്ലാത്ത കുട്ടിയാണെന്നു സഹതാപത്തോടെ ആത്മഗതം ചെയ്തുകൊണ്ട് അവർ പോവുന്നത് നോക്കി സച്ചു നിർവികാരയായിരുന്നു…
എത്ര വട്ടം കേട്ടാലും വീണ്ടും അത് കേൾക്കുമ്പോൾ ദേഷ്യമാണ് വരുന്നത്…
തന്നെ നോക്കി ഇത്തരം പദപ്രയോഗങ്ങൾ ഉരുവിടുന്നതിലൂടെ അവർക്കെന്തു മനസ്സമാധാനമാണ് കിട്ടുന്നത്??
സ്വന്തം കാര്യം നോക്കിയാൽ പോരെ??
അത്തരം സിംപതികളൊന്നും പണ്ടേ ഇഷ്ടമല്ല തനിയ്ക്ക്…
പുറത്തു നിലയ്ക്കാത്ത പാട്ടും സംസാരവും കേൾക്കുന്നുണ്ട്…
അടിപൊളി ഗാനങ്ങളിൽ നിന്നും റൊമാന്റിക് മെലഡികളിലേയ്ക്ക് പാട്ടുകലെപ്പോഴോ ഗതി മാറിയിട്ടുണ്ട്..
ഒത്തിരി നേരം ഒരേ നിൽപ്പ് നിന്നതിന്റെ ക്ഷീണത്തിൽ മയക്കത്തിന്റെ അലകൾ കണ്ണുകളെ മുറുകെ പുണർന്നു…
ആരോ പിറകിൽ നിന്നും ശക്തിയായി തള്ളുന്നതും ഓടി മറയുന്നതും വെള്ളത്തിനടിയിൽ നില കിട്ടാതെ ആഴ്ന്നു പോവുന്നതും വീണ്ടും സ്വപ്നമായി കണ്മുന്നിൽ കണ്ടപ്പോഴാണ് ഞെട്ടിയുണർന്നത്…
സമയം രണ്ടു മണിയോടടുത്തിരുന്നു…
ലൈറ്റണച്ചു വാതിൽ ചാരിയിട്ടുണ്ട്…
ആരാണാവോ…
പാട്ടിന്റെ ശബ്ദം ഇനിയും നിലച്ചിട്ടില്ല…
പാചകപ്പുരയിൽ പച്ചക്കറി നുറുക്കലും തേങ്ങ ചിരകലുമെല്ലാം തകൃതിയായി നടക്കുന്നുണ്ടാവും…
വെറുതെ എഴുന്നേറ്റു വാതിൽ വലിച്ചതും നേരിയ നടുക്കം ഉള്ളിലൂടെ കടന്നു പോയി….
ലോക് ചെയ്തിട്ടുണ്ട്…
അതും മുറിയ്ക്കകത്തു നിന്ന്…!!
കിടക്കുന്നത് വരെ താൻ വാതിലടച്ചിരുന്നില്ല….!!
പിന്നെ???
മറ്റാരോ മുറിയ്ക്കകത്തുണ്ട്!!
ഈശ്വരാ…!!
കൈകാലുകളിൽ നേരിയ തളർച്ച തോന്നി…
വേഗത്തിൽ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു മുറിയിലാകമാനം കണ്ണോടിച്ചു….
ഇല്ല… ആരുമില്ല…
പിന്നെങ്ങനെ??
വാതിൽ ബോൾട്ടിനു നേരെ കയ്യുയർത്തിയപ്പോഴാണ് ഏതോ കരങ്ങൾ മുഖത്തമർന്നത്..
ശബ്ദിയ്ക്കരുത്….!!
സ്ത്രീ ശബ്ദം…!!
ശ്രമപ്പെട്ടു കുതറി മാറി തിരിഞ്ഞതും കയ്യിൽ നീട്ടിപ്പിടിച്ച കത്തി കണ്ടു ഞാൻ ഭയത്തോടെ കിടക്കയ്ക്കരികിലേയ്ക്ക് നീങ്ങി…
“ആരാ??”
മുഖം മറച്ചിരുന്ന ഷാളിനുള്ളിലൂടെ കലങ്ങിയ കണ്ണുകൾ രോക്ഷത്തോടെ എന്നിൽ തറച്ചു…
“നിങ്ങൾക്കെന്താ വേണ്ടത്??”
ഭയത്തോടെയുള്ള ചോദ്യങ്ങൾ അവർ കേൾക്കുന്നില്ലെന്നു തോന്നി…
ഭയം തീപ്പൊരികൾ കണക്കെ പാറി വീണുകൊണ്ടിരുന്നു…
നിമിഷങ്ങൾക്കുള്ളിൽത്തന്നെ അത് ഉള്ളിൽ വീണ് ആളിപ്പടർന്നിരുന്നു…
“നിനക്കെന്നെ അറിയില്ല അല്ലെ??”
ദേഷ്യത്തോടെ മുഖം മറച്ചിരുന്ന ഷാൾ വലിച്ചു മാറ്റിക്കൊണ്ട് അവളെന്റെ നേരെ നടന്നടുത്തു…
ഇതിനു മുൻപ് ഒരിയ്ക്കൽ പോലും താനീ മുഖം കണ്ടിട്ടില്ല…!
“ആരാ നിങ്ങള്?? “
“നീ കാരണം ജീവിതം നഷ്ടപ്പെട്ടൊരു പെണ്ണ്… ഇതിലും കൂടുതൽ വിശദീകരിയ്ക്കാൻ എനിയ്ക്കറിയില്ല…”
വീശിയ കത്തി മുനമ്പിൽ നിന്നും പാട് പെട്ട് തെന്നി നീങ്ങുമ്പോൾ ഒന്നും മനസ്സിലാവാതെ അവളമ്പരന്നു പോയി…
“നിങ്ങളെന്തൊക്കെയാണീ പറയുന്നത്?? ഇതിനു മുൻപ് നിങ്ങളെ ഞാൻ കണ്ടിട്ട് പോലുമില്ല..
പിന്നെങ്ങനെയാണ് ഒരു പരിചയവുമില്ലാത്തൊരാളുടെ ജീവിതം ഞാൻ കാരണം നശിയ്ക്കുന്നത്??”
“നിന്റെ അഭിനയ മികവ് മറ്റാരേക്കാളും നന്നായി അറിയാടി എനിയ്ക്ക്… നീ ഇങ്ങനെയെ പറയു എന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ വന്നത്..”
“നോ… നിങ്ങൾ തെറ്റിദ്ധരിച്ചതാണ്…”
“നിനക്ക് ആയുസ്സിനു നീളം കൂടുതലാണ്… അല്ലെങ്കിൽ അന്ന് കുളത്തിൽ കിടന്നു തന്നെ നിന്റെ ശവം കിട്ടുമായിരുന്നു…”
മിന്നൽ പിണർ പോലെ കാതിൽ പതിച്ച വാക്കുകൾ!
“നിന്റെ രക്ഷകനെയും ഒരു ബൈക് ആക്സിഡന്റിന്റെ രൂപത്തിൽ പറഞ്ഞയയ്ക്കാമെന്നു കരുതി… പക്ഷെ അതിസാഹസികമായി നിങ്ങൾ രണ്ടുപേരും എന്റെ ലക്ഷ്യത്തിൽ നിന്നും വഴുതി മാറി…”
താൻ കുളത്തിൽ വീണതും മനുവിന് ആക്സിഡന്റ് സംഭവിച്ചതും ഒരേ സമയമായിരുന്നു!!!
അതിനു പിന്നിൽ ഈ സ്ത്രീയായിരുന്നോ??
പക്ഷെ എന്തിന്??
വിയർപ്പു ചാലുകൾ ശരീരമാകെ പടർന്നൊഴുകി..
“പക്ഷെ.. ഇനി ഞാൻ നിന്നെ വെറുതെ വിടില്ല…
എന്റെ ജീവിതം തകർത്തിട്ടു നീയങ്ങിനെ സുഖിച്ചു ജീവിയ്ക്കണ്ട…
ഞാനത് സമ്മതിക്കില്ല…”
ദേഷ്യത്തോടെ വീശിയ കത്തിപ്പിടിയിൽ നിന്നും ഇത്തവണ തെന്നി മാറാൻ കഴിഞ്ഞില്ല…
ഉന്നം പിഴച്ചു കൈയ്ക്ക് മീതെ കത്തിയുടെ മൂർച്ച പതിഞ്ഞു…
സാഹചര്യം തന്റെ കൈപ്പിടിയിൽ നിൽക്കില്ലെന്നു ബോധ്യമായപ്പോഴേയ്ക്കും സർവ ശക്തിയുമെടുത്തു അച്ഛനെ വിളിച്ചു..
പുറത്തെ പാട്ടിന്റെ ശബ്ദത്തിൽ അതെല്ലാം നേർത്തു പോയെന്ന് തോന്നി…
രക്തം ഉതിർന്നു വീഴുന്ന ഇടതു കൈ മുറുകെ പിടിച്ചു മുറിയുടെ വാതിൽ ലക്ഷ്യമാക്കി കുതിച്ചു…
അസാമാന്യ ശക്തിയോടെ ആ സ്ത്രീ പിറകെ ഓടിയെത്തി..
ബോൾട്ട് നീക്കിയപ്പോഴേയ്ക്കും പിറകിൽ നിന്നും പുറത്തെവിടെയോ കുത്തേറ്റിരുന്നു…
വാതിൽ തുറന്നു ഞരക്കത്തോടെ വീണതും പുറത്തു നിന്നും ഓടി വരുന്ന മനുവിനെയാണ് കണ്ടത്…
ഇളം ചൂടുള്ള കണ്ണുനീരിനോടൊപ്പം മിഴികളടഞ്ഞു പോവുമ്പോൾ വീറോടെയുള്ള കത്തിപ്പിടി തന്നെ ലക്ഷ്യം വച്ച് വന്നു കഴിഞ്ഞിരുന്നു…
(തുടരും….)
(നബി: ഒരു മനസുഖം)
രചന: സ്വാതി കെ എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
എന്താണ് സംഭവിക്കുന്നത്? ഇനിയും ഒന്നും വെളിപ്പെടുത്താറായില്ലേ?