ഗന്ധർവ്വൻ – ഭാഗം 18

5073 Views

gandharvan novel aksharathalukal

ഓടിവന്നവരാരോ അക്രമകാരിയെ പിടിച്ചു മാറ്റിയപ്പോഴേയ്ക്കും മനു സച്ചുവിനരികിലെത്തിയിരുന്നു..

എത്ര വിളിച്ചിട്ടും അവൾ കണ്ണ് തുറക്കാതിരുന്നത് എല്ലാവരെയും ഭീതിയിലാഴ്ത്തി…

ഞൊടിയിടയ്ക്കുള്ളിൽ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുമ്പോൾ ആരൊക്കെയോ ചേർന്ന് ആ സ്ത്രീയെ വളഞ്ഞിരുന്നു..

സമയം കൊഴിഞ്ഞു വീണുകൊണ്ടിരുന്നു…

മയക്കം വിട്ടുണരുമ്പോൾ കൈത്തണ്ടയിൽ അധികം വലുതല്ലാത്ത വെളുത്ത കെട്ടുണ്ട്..

കിടക്കയുടെ അഗ്രഭാഗത്തുള്ള കമ്പിയിൽ ചേർന്നിരുന്നു മയങ്ങുന്ന മനുവിനെ കണ്ടപ്പോൾ  ചെറുതായൊന്നു മുരടനക്കി…

ഞെട്ടിയുണർന്നു അവനെഴുന്നേറ്റു വന്നപ്പോഴും സച്ചുവിന്റെ കണ്ണുകൾ ഭയത്തോടെ ആരെയോ തിരയുന്നുണ്ടായിരുന്നു..

“എങ്ങനെയുണ്ടിപ്പോ?? ക്ഷീണം തോന്നുന്നുണ്ടോ??”

“അച്ഛൻ??”

“അമ്മാവനെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു… എല്ലാരും കൂടെ ഇവിടെ നിൽക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ.. അവിടെ നൂറു കൂട്ടം കാര്യങ്ങളില്ലേ?”

“ആരായിരുന്നു മനു അത്??”

“ഏത്?? ആ പെണ്ണോ?? അതൊരു ഭ്രാന്തിയാണ്… നിന്റെ കഷ്ടകാലത്തിന് ഓടിക്കയറിയത് ആ മുറിയിലും… ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്…”

മനുവിന്റെ മറുപടി ഒട്ടും തൃപ്തികരമല്ലായിരുന്നു…

“ഭ്രാന്തിയോ?? എനിയ്ക്കങ്ങനെ തോന്നിയില്ലല്ലോ.. എന്തിനാ മനു വെറുതെ കള്ളം പറയണേ?”

ചോദിച്ചതിന് മറുപടിയായി അവനല്പ നേരം മൗനത്തെ സ്വീകരിച്ചു..

“മുറിവ് അധികം ആഴത്തിലല്ല… മൂന്നു സ്റ്റിച്ചുണ്ടെന്നെയുള്ളൂ…  ബിപി വേരിയേഷനുണ്ട്… അതിന്റെയാണ് തലകറക്കം.. റെസ്റ്റെടുത്താൽ മാറിക്കോളും…”

എത്ര നിസ്സാരവൽക്കരിച്ചുകൊണ്ടാണ് മനുവീ കാര്യങ്ങളെല്ലാം പറയുന്നത്??

“അവളെവിടെ?? അവിടുന്ന് രക്ഷപ്പെട്ടോ?? അതോ പോലീസ് കൊണ്ട് പോയോ?? എങ്ങനെയാവും ആരും കാണാതെ വീടിനുള്ളിൽ കയറിക്കൂടിയത്??”

“എന്തൊക്കെ അറിയണം നിനക്ക്?? തൽക്കാലം നീയതൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട.. ഒരു ദുഃസ്വപ്നം കണ്ടെന്നു കൂട്ടിയാൽ മതി..”

മനുവെന്താവും ഇങ്ങനെ സംസാരിയ്ക്കുന്നത്??

ഈ സംഭവങ്ങളുടെ യാഥാർഥ്യം തന്നെ ബാധിയ്ക്കില്ലെന്നാണോ??

അതോ മറ്റെന്തെങ്കിലും ഭീകരത ഒളിഞ്ഞിരിയ്ക്കുന്ന അടുത്ത രഹസ്യമാണോ ഇത്??

പുറത്തു കുത്തേറ്റിരുന്നില്ലേ അപ്പൊ??

വേദന തോന്നുന്നില്ലല്ലോ??

“ഒരു മുറിവേ ഉള്ളോ??”

“എന്തേ??അത് പോരെന്നുണ്ടോ??”

“അല്ല.. വാതിൽ തുറക്കുമ്പോൾ അവളെന്നെ പിറകിൽ നിന്നും കുത്തിയത് പോലെയോ മറ്റോ…”

“കുത്തിയിരുന്നു.. പക്ഷേ ആ കുത്തേറ്റിട്ടില്ല… അപ്പോഴേയ്ക്കും നീ മുൻപോട്ടു വീണിരുന്നില്ലേ?? “

“അപ്പൊ മനുവെങ്ങിനെ കൃത്യ സമയത്തു വീട്ടിലെത്തി?? “

“നീയെന്താ ഡിക്റ്റക്ടീവിന് പഠിക്കുവാണോ?? സംസാരിച്ചു വീണ്ടും ആരോഗ്യസ്ഥിതി വഷളാക്കണ്ട… “

അല്പം നീരസത്തോടെയുള്ള മറുപടി..

“നിന്റെ ക്ഷീണം മാറിയാലുടൻ വീട്ടിലേയ്ക്ക് പോവാം.. ഒരു ചെറിയ മുറിവ് പറ്റിയതിന്റെ പേരിലിനി കല്യാണം മുടക്കണ്ട..”

ഞാനൊന്നും മിണ്ടാൻ പോയില്ല..

തൊട്ടപ്പുറത്തെ ക്ളോക്കിൽ സമയം നാലു മണി കഴിഞ്ഞിരുന്നു…

ചാഞ്ഞിരുന്നു മയങ്ങാനൊരു ശ്രമം നടത്തിയെങ്കിലും എല്ലാം ദീനമായ പരാജയങ്ങൾക്ക് കീഴടങ്ങി..

“സച്ചു.. അമ്മാവൻ..”

നീട്ടിപ്പിടിച്ച ഫോണുമായി മനു വന്നു വിളിച്ചപ്പോൾ ആലോചനാഭാരത്തെ ശാസിച്ചൊതുക്കി…

“ഹലോ.. മോളെ…”

“അച്ഛൻ പേടിയ്ക്കണ്ടാട്ടോ.. എനിയ്ക്കൊരു കുഴപ്പവുമില്ല… ഞങ്ങളങ്ങോട്ടു വരുവാ.. “

സമാധാന വാക്കുകൾ ചൊരിഞ്ഞുകൊണ്ടു ഫോൺ മനുവിന് കൈമാറി..

“അമ്മാവൻ ടെൻഷനാവണ്ട… കല്യാണം പറഞ്ഞുറപ്പിച്ചത് പോലെത്തന്നെ നടക്കും..

ഇനിയൊരു നാണക്കേടിനും പരിഹാസത്തിനും തല കുനിച്ചു കൊടുക്കേണ്ടി വരില്ല..

എല്ലാ പരീക്ഷണങ്ങളും മറി കടന്നു നമ്മളീ വിവാഹം ഗംഭീരമാക്കും… ഇതെന്റെ വാക്കാണ്.. മണവാട്ടിയെ അന്വേഷിയ്ക്കുന്നവരോട് പറഞ്ഞേക്കൂ…”

ഫോൺ വച്ച് മനുവെന്റെ നേരെ തിരിഞ്ഞു…

“പോവാം??”

സമ്മതമെന്നോണം തലയനക്കി ഞാൻ മനുവിനെ അനുഗമിച്ചു..

പോകുന്ന വഴിയിലെല്ലാം മനസ്സാരെയോ ഭയപ്പെട്ടു തിരഞ്ഞു..

പരസ്പരം ബന്ധിയ്ക്കപ്പെടാത്ത എന്തൊക്കെയോ ദുരൂഹതകൾ തന്നെ പിന്തുടരുന്നുണ്ട്…!!

ആരേയൊക്കെയോ സ്നേഹിച്ചതിന്റെ പേരിൽ സമ്മാനമായി കിട്ടിയ മനസമാധാനക്കേട്..

എല്ലാം ചുരുളഴിയുന്നത് വരെ കാത്തിരുന്നെ പറ്റു…

വീട്ടിലാരും കഴിഞ്ഞു പോയ സംഭവത്തെക്കുറിച്ചു തന്നോടൊന്നും പറഞ്ഞില്ലെന്നത് ആശ്ചര്യമായി…

അടുത്ത ബന്ധുക്കൾ മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളു..

പക്ഷെ… എന്തൊക്കെയോ മറ എല്ലാത്തിനും പിന്നിലുണ്ട്…

സമയം കടന്നു പോയി…

ആകാശം കൂരിരുട്ടിൽ നിന്നും പ്രകാശത്തിലേയ്ക്ക് വഴി മാറി…

യാന്ത്രികമായി എന്തൊക്കെയോ കാര്യങ്ങൾ ചുറ്റിലും നടന്നുകൊണ്ടിരുന്നു…

നിമിഷങ്ങൾ കൊഴിയവേ ആരൊക്കെയോ ജലപ്രവാഹം പോലെ വീട്ടിലേയ്ക്കൊഴുകിയെത്തി…

കണ്ടു പരിചയം തോന്നുന്ന ചിലരൊക്കെ ചേർന്ന് കല്യാണപ്പെണ്ണിന്റെ രൂപം പകർന്നു നൽകി…

ആർക്കൊക്കെയോ വേണ്ടി താളം തുള്ളുന്ന കോമാളിയെപ്പോലെ വികാരങ്ങളന്യേ ചമയങ്ങളിൽ മുങ്ങിത്താഴുമ്പോൾ ഉള്ളിൽ നുരഞ്ഞു പൊങ്ങിയിരുന്നത് വെറുപ്പ് മാത്രമായിരുന്നു..

എന്നോട് തന്നെ തോന്നുന്ന ഭീകരമായ വെറുപ്പ്…

ചെയ്തു തീർക്കാൻ ബാക്കി വച്ച നൂറു കൂട്ടം ലക്ഷ്യങ്ങളുടെ ആത്മാക്കൾ നീറ്റലോടെ പുണർന്നുകൊണ്ടിരുന്നു…

അറിയാൻ ബാക്കി വച്ച അനേകമായിരം രഹസ്യങ്ങളുടെ കലവറകൾ എതിരെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ തോന്നി…

ആരും തന്നെ കേൾക്കാനില്ലാത്ത ഭീകരമായ അവസ്ഥയിൽ സ്വയം അകപ്പെട്ടു പോയി..

ഉള്ളിലെ ഭാരം ഇറക്കി വയ്ക്കാൻ… കണ്ട കാര്യങ്ങളും കേട്ട സത്യങ്ങളും തുറന്നു പറയാൻ.. തന്നെ മനസ്സിലാക്കാൻ.. ഒരിറ്റു സാന്ത്വനം പകരാൻ ആരുമില്ലാത്ത ഒറ്റപ്പെടൽ…!!

ഇളം നീല നിറത്തിലുള്ള പ്രണയ ലേഖനങ്ങൾ ഉള്ളിൽ പൊള്ളലേല്പിച്ചുകൊണ്ടിരുന്നു…

വിവാഹത്തിന് മുൻപുള്ള എന്തൊക്കെയോ ചടങ്ങുകൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു…

മാസങ്ങൾക്ക് മുൻപ് ചേച്ചി ബാക്കി വച്ചിട്ട് പോയ എന്തൊക്കെയോ കാര്യങ്ങൾ തന്നാൽ പൂർത്തീകരിയ്ക്കപ്പെടുകയാണെന്നു തോന്നി…

വിവാഹത്തെക്കുറിച്ചു തനിയ്ക്കുമുണ്ടായിരുന്നു നൂറു സ്വപ്നങ്ങൾ…!!

ഒത്തിരി സ്നേഹിയ്ക്കുന്നൊരാൾ പ്രിയപ്പെട്ടവരുടെ മുൻപിൽ വച്ച് താലി ചാർത്തുന്നൊരു സുന്ദരമായ സ്വപ്‌നം…

“മുഹൂർത്തമാവുന്നു.. പെൺകുട്ടിയെ വിളിച്ചോളൂ…”

പരിചയമില്ലാത്ത ശബ്ദമാണ്…

ബന്ധുക്കളാരോ പുഞ്ചിരിയോടെ കയ്യിൽ തന്നൊരു താലവുമായി മണ്ഡപത്തിലേയ്ക്ക് നടന്നു…

ഏതൊക്കെയോ കുട്ടികൾ മനോഹരമായ വസ്ത്രങ്ങളണിഞ്ഞു തുള്ളിച്ചാടി പിറകെയുണ്ട്…

അവരെങ്കിലും സന്തോഷിയ്ക്കട്ടെ…

മണ്ഡപത്തെ വലം വച്ച് മനുവിനരികിൽ ചെന്നിരുന്നു…

നിറഞ്ഞ കണ്ണുകൾ പുകമറ തീർത്തതുകൊണ്ടാവണം അവന്റെ മുഖം വ്യക്തമാവാത്തത്…

അത് നന്നായി….!!

അവന്റെ സന്തോഷം താങ്ങാനുള്ള കെൽപ് ഈ അവസ്ഥയിൽ തനിയ്ക്കുണ്ടാവില്ല….

നാദസ്വര മേളം മുഴങ്ങി…

കഴുത്തിലൊരു മാലയുടെ രൂപത്തിൽ ഭാര്യാപദവി ചുമടേറ്റപ്പെട്ടു…!!

മനുവിന്റെ കയ്യിൽ എന്റെ കൈകൾ ചേർത്ത് വയ്ക്കുമ്പോൾ സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

ഒന്നിച്ചു അനുഗ്രഹം വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ചേച്ചിയുടെ സാന്നിധ്യമായിരുന്നു…

നീ തോറ്റിടത്തു സച്ചു ജയിച്ചിരിയ്ക്കുന്നുവെന്ന് ഉറക്കെ പറയാൻ തോന്നി…!!

ഒത്തിരി സ്നേഹിച്ച കൂടപ്പിറപ്പിന്റെ സമ്മാനമായി ഒട്ടും ആഗ്രഹിയ്ക്കാത്തൊരു ജീവിതം…

ഉള്ളിൽ വെറുപ്പിൽ പൂണ്ട ദേഷ്യം രൂപാന്തരപ്പെട്ടു…

നെറ്റിയിലെ സിന്ദൂരത്തിനു ചുവപ്പു പോരെന്നു തോന്നി…!!

കയ്യിലെ വളകൾക്ക് കിലുക്കവും…

പുതിയ വേഷം തനിയ്ക്കൊട്ടും ചേരുന്നില്ല…

കൂടെയുണ്ടെന്നുള്ള തോന്നലുണ്ടാക്കാതെ മനു മൗനം പൂണ്ടതും സൗകര്യമായി…

അയാളെന്തെങ്കിലും മിണ്ടിയിരുന്നെങ്കിൽ തിരിച്ചു പറഞ്ഞു വഴക്കായേനെ…

അച്ഛന് സന്തോഷമായല്ലോ… തനിയ്ക്കത് മതി…

തന്നെയും മനുവിനെയും വഹിച്ചുകൊണ്ട് വെളുത്ത കാർ അകന്നു പോവുമ്പോൾ വെറുതെയൊന്ന് പിന്തിരിഞ്ഞു നോക്കി…

സ്വപ്ന സാക്ഷാത്കാരത്തിന്റെ കണ്ണ് നീരൊപ്പുന്ന അച്ഛന്റെ ചുറ്റും നിൽക്കുന്ന കൂട്ടുകാർ കൈ വീശി കാണിയ്ക്കുന്നുണ്ട്…

ക്ലാസ്സ് മുഴുവനുമുണ്ട്…

ഇവരൊക്കെ എപ്പോഴാണ് വന്നത്??

ആരെയും കണ്ടിരുന്നില്ലല്ലോ..!!

തീർത്തും അപരിചിതരെപ്പോലെ പരസ്പരം ഒന്നും മിണ്ടാതെ മനുവിന്റെ വീടെത്തി…

അവിടെയും ഒരുപാട് ആളുകളുണ്ട്..

ഉമ്മറ വാതിലിൽ കത്തിച്ച നിലവിളക്കുമായി അമ്മായി കാത്തു നിൽപ്പുണ്ട്…

അത് വാങ്ങി പൂജാമുറി ലക്‌ഷ്യം വച്ച് നടന്നു…

വിളക്ക് വെച്ച് വെറുതെ കണ്ണടച്ചു..

ഒന്നും പ്രാർത്ഥിയ്ക്കാനില്ല തനിയ്ക്ക്..

ഇനിയെന്ത് പ്രാർത്ഥിയ്ക്കാനാണ്??

കാമറയുമായി വന്ന ആളുകൾക്ക് മുൻപിൽ മാത്രം ചിരിയുടെ മുഖം മൂടിയണിഞ്ഞു…

ജീവിതമൊരു നാടക ശാലയാണെന്നു ആരോ പറഞ്ഞത് ഓർമ വന്നു…

നെഞ്ചിനു മീതെ വന്നു കയറിയ ഭാരം വീണ്ടും അധികരിച്ചു…

പുതിയ വസ്ത്രത്തിലേയ്ക്കും ഭാവത്തിലേയ്ക്കും ആരൊക്കെയോ ചേർന്ന് മാറ്റി മറിച്ചു…

റിസപ്‌ഷനെന്നോ മറ്റോ പറഞ്ഞു വീണ്ടും രാത്രി വരെ മറ്റൊരു പ്രദർശനം…!!

എന്തെങ്കിലുമാവട്ടെ…

മനുവിന്റെ കൂട്ടുകാരും സഹപ്രവർത്തകരും സ്റ്റുഡന്റ്സുമെല്ലാം വന്നു പരിചയപ്പെട്ടു…

ജീവിതത്തിലാദ്യമായി അയാൾ പൊട്ടിച്ചിരിയ്ക്കുന്നതും തമാശ പറയുന്നതുമെല്ലാം കണ്ട് ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു പോയി…

താൻ കണ്ടു പരിചയിച്ച ഭീകര രൂപത്തിന് ഇങ്ങനെയുമൊരു മുഖമോ??

സമയം കടന്നു പോയി…

പ്രദർശനമവസാനം കൊണ്ടു…

രാത്രി വന്നെത്തി..

ആളുകളൊഴിഞ്ഞു…

മുറ്റത്തുള്ള മനുവിന്റെ കൂട്ടുകാരൊഴിച്ചാൽ ഞാനും മനുവും അമ്മായിയും ഒന്ന് രണ്ടു പ്രായമായ സ്ത്രീകളും മാത്രമായി അംഗ സംഖ്യ ചുരുക്കപ്പെട്ടു..

പല തരം വസ്ത്രങ്ങൾ എനിയ്ക്ക് വേണ്ടി ഒരുക്കി വച്ചിരുന്നു…

എല്ലാം സിംപിളാണ്…

പറഞ്ഞില്ലെങ്കിലും മനുവിന് തന്റെ ഇഷ്ടങ്ങളെല്ലാം നന്നായി അറിയാം..

തിരിച്ചു അങ്ങനെ അല്ലെങ്കിൽ പോലും…

ക്ഷീണം ശരീരത്തെ വല്ലാതെ ഉലച്ചിരിയ്ക്കുന്നു…

രാവിലെ മുതൽ സ്വസ്ഥമായി ഒന്ന് ഇരുന്നിട്ട് പോലുമില്ല…

മനുഷ്യർ കൊണ്ടാടുന്ന അനാവശ്യ വിവാഹ സംബ്രദായങ്ങളോട് പുച്ഛം തോന്നി…

ഇത്ര ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ചടങ്ങുകൾ എന്തിനാണ് അവലംബിച്ചു പോകുന്നത്??

അതുകൊണ്ടു ആർക്കെന്തു ഗുണം..??

കിടക്ക കണ്ടതും സർവ്വ തളർച്ചയെയും ഇറക്കി വെച്ചു…

കണ്ണുകളടഞ്ഞു പോവുമ്പോൾ സ്വന്തം മുറിയല്ലെന്നുള്ള സത്യം മനപ്പൂർവ്വം മറന്നു…

സൂര്യ രശ്മികൾ ഉറക്കത്തിനു തടസ്സം സൃഷ്ടിച്ചപ്പോഴാണ് കണ്ണ് തുറന്നത്…

ജാലക വാതിൽ കടന്നു വന്ന വെളിച്ചം സമയം ഒരുപാടായെന്നു വീണ്ടും ഓർമിപ്പിച്ചു…

വേഗത്തിൽ പിടഞ്ഞെഴുന്നേറ്റു…

എട്ടര കഴിഞ്ഞിരിയ്ക്കുന്നു…

ആരുമെന്താ തന്നെ വിളിയ്ക്കാതിരുന്നത്??

അമ്മായി എന്ത് കരുതിക്കാണും??

സച്ചുവിന് ജാള്യത തോന്നി…

വേഗത്തിൽ കുളിച്ചു റെഡിയായി അടുക്കളയിലേക്ക് നടന്നു…

കയ്യിലെ മുറിവിന് നേരിയ വേദന തോന്നി…

വീടിനുള്ളിൽ ആരെയും കണ്ടില്ല…

മനുവിന്റെ ബൈക്ക് പുറത്തില്ലായിരുന്നു…

പൂജാ മുറിയിലെ വിളക്കിലെ തിരി കത്തി തീരാറായിട്ടുണ്ട്…

മേശപ്പുറത്തു പുട്ടും കടലക്കറിയും അടച്ചു വച്ചിട്ടുണ്ട്…

അമ്മായിയുടെ പുട്ടും കടലക്കറിയും തനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്…!!

ഇടയ്ക്കിടെ അതിന്റെ രുചി വർണിച്ചു അവരെ സന്തോഷിപ്പിയ്ക്കാറുള്ളത് ഓർമ വന്നു…

പാവം…!!

പുറത്തിറങ്ങി തൊഴുത്തിനരികിലേയ്ക്ക് നടന്നു…

വീടിന്റെ ചായം മാറ്റിയിട്ടുണ്ട്…

വിവാഹമടുപ്പിച്ചു മോഡി പിടിപ്പിച്ചതാവണം…

തൊഴുത്തിൽ നിന്നും ബഹളം കേൾക്കാം…

“മോള് എഴുന്നേറ്റോ??”

കയ്യിലൊരു പാലിന്റെ പാത്രവുമായി അമ്മായി തൊഴുത്തിൽ നിന്നിറങ്ങി വന്നു…

“മെനിഞ്ഞാന്നും ഉറങ്ങിയില്ലല്ലോ.. അതാ അമ്മായി വിളിയ്ക്കാഞ്ഞത്..”

അവർ നെറ്റിയിലെ വിയർപ്പു തുള്ളികൾ സാരിത്തുമ്പു കൊണ്ട് ഒപ്പി..

“വാ അമ്മായി ചായ എടുത്തു തരാം..”

ഒരു ചെറിയ പുല്ലു കെട്ട് പശുക്കുഞ്ഞിനു നേരെ ഇട്ടുകൊടുത്തുകൊണ്ടു ഞാൻ അമ്മായിയുടെ പിറകെ ചെന്നു…

വിളമ്പിത്തന്നു ഞാൻ കഴിയ്ക്കുന്നതും നോക്കി അമ്മായി അരികിലിരുന്നപ്പോൾ എന്തുകൊണ്ടോ അമ്മയെ ഓർത്തു പോയി…

“മനു??”

“അവൻ അമ്പലത്തിലേക്ക് പോയതാ… ഒരു ചുറ്റു വിളക്ക് നേർച്ചയുണ്ടായിരുന്നു…

മോളെ വിളിയ്ക്കണ്ടെന്നു ഞാനാ അവനോട് പറഞ്ഞത്…”

പുറത്തു ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ അമ്മായി എഴുന്നേറ്റു നടന്നു…

കയ്യിലെന്തൊക്കെയോ കവറുമായി അമ്മായി അടുക്കളയിലേക്ക് പോവുന്നതും നോക്കി ഞാൻ ചായ ഗ്ലാസ് ചുണ്ടോട് ചേർത്തു..

മനു അകത്തേയ്ക്ക് കയറി വന്നു എതിരെയുള്ള കസേര വലിച്ചിട്ടുകൊണ്ടു അതിലിരുന്നു…

“ഇന്ന് പുട്ടാണോ??”

അടുക്കള ലക്‌ഷ്യം വച്ചുള്ള ചോദ്യം..

“ആഹ്.. സച്ചൂന് പുട്ടാ ഇഷ്ടം…”

അമ്മായി വേഗത്തിൽ വന്നു ചൂടുള്ള ചായ പകർന്നു മനുവിന് നേരെ നീക്കി വച്ചു…

“എനിയ്ക്ക് തോന്നിയിരുന്നു… അതോണ്ട് ഞാൻ രാമേട്ടന്റെ തട്ടു കടയിൽന്നു കഴിച്ചിട്ടാ വന്നത്…”

അതെന്തിനാണെന്നുള്ള മട്ടിൽ ഞാൻ അവനു നേരെ നോട്ടമെറിഞ്ഞു…

“അവന് പുട്ടൊന്നും ഇഷ്ടല്ല മോളെ.. ദോശ ഇഡ്ഡലി ഒക്കെ ആണ് പ്രിയം.. കൊറേ കാലത്തിന് ശേഷം ഇന്നാ ഇപ്പൊ ഇവിടെ പുട്ട് ഉണ്ടാക്കുന്നത്…”

അമ്മായി എന്നോടായി പറഞ്ഞു…

“ഇനിയിപ്പോ നിന്റെ ഇഷ്ടം മാത്രം നോക്കിയാപ്പോര ഇവിടെ…”

മനുവിനെ താക്കീതു ചെയ്തുകൊണ്ട് അമ്മായി അടുക്കളയിലേക്ക് നടന്നു…

കഴിച്ചു കഴിഞ്ഞു എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ മനുവെന്തോ പോക്കറ്റിൽ നിന്നെടുത്തു എനിയ്ക്ക് നേരെ നീട്ടി…

കൈ നീട്ടി വാങ്ങി നോക്കിയപ്പോൾ കിന്റർ ജോയ്…

“എന്നും കാലത്തു വാങ്ങി പോണത് കാണാലോ… മുടക്കണ്ട…”

മനു ചിരിച്ചുകൊണ്ട് എഴുന്നേറ്റു പോയപ്പോൾ സാമാന്യം നന്നായി ദേഷ്യം വന്നു…

“ഇതെന്താ മോളെ കയ്യിൽ??”

“അത് പിള്ളേർടെ മിട്ടായി ആണ്.. ഇവൾക്ക് അതൊക്കെ തോണ്ടി തിന്നു നടക്കാനാ ഇഷ്ടം… “

ഉമ്മറത്ത് നിന്നും മനു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അമ്മായി ചിരിച്ചു…

ഇത് മനപ്പൂർവ്വം തന്നെ നാണം കെടുത്താനാണ്…

പാത്രം കഴുകി വച്ച് നേരെ ഉമ്മറത്തേയ്ക്കാണ് ചെന്നത്…

സാമാന്യം വലിപ്പമുള്ള ഇംഗ്ലീഷ് പുസ്തകം മടിയിൽ വച്ച് വായിച്ചുകൊണ്ടിരിയ്ക്കുന്ന മനുവിനെ കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു…

“ഞാൻ ചോദിച്ചോ ഇത് വാങ്ങിത്തരാൻ??”

കേട്ട ഭാവം പോലുമില്ല…

“എനിയ്ക്ക് വേണെങ്കിൽ ഞാൻ വാങ്ങും…

എന്റെ കാര്യത്തിൽ ഇട പെടാൻ വരണ്ട…”

മനു കേൾക്കാത്ത ഭാവം നടിച്ചിരിപ്പാണെങ്കിലും പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി…

മുറിയിലേയ്ക്ക് തിരിച്ചു പോയി അൽപ നേരം കഴിഞ്ഞപ്പോൾ മനുവിന്റെ വിളി വന്നു…

നാശം…

സഹികെട്ടു ഉമ്മറത്തേയ്ക്ക് ചെന്നു..

ഉമ്മറത്തിരിയ്ക്കുന്നയാളെ കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ മനുവിനെ നോക്കി…

(തുടരും….)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply