ഗന്ധർവ്വൻ – ഭാഗം 2

3534 Views

gandharvan novel aksharathalukal

“ചേട്ടാ.. ഈ ബുക്ക് അടുത്തൊന്നും ആരും കൊണ്ട് പോയിട്ടില്ലേ??”

ഒത്തിരി തിരഞ്ഞിട്ടും വിവരങ്ങളൊന്നും കിട്ടാഞ്ഞത് അവളെ നിരാശയിലാഴ്ത്തി…

“ഈ ബുക്ക് തന്നെ ഒരു അഞ്ചാറെണ്ണം ഉണ്ട് ഇവിടെ… അതോണ്ടാവും..”

ഒഴുക്കൻ മറുപടി …

“മോളെ.. ആ ഇരിയ്ക്കുന്ന പയ്യൻ കഴിഞ്ഞയാഴ്‌ച ഈ പുസ്തകം ഇവിടിരുന്നു വായിച്ചിരുന്നു…”

പെട്ടെന്നെന്തോ ഓർത്തിട്ടെന്നോണം അയാൾ പറഞ്ഞു..

“ആര്??”

“ദേ ആ റഫറൻസ് ബുക്കിന്റെ ഷെൽഫിനരികിലെ മേശയ്ക്കടുത്ത്..”

അയാൾ പറഞ്ഞു തീരും മുൻപേ സാക്ഷ ഗന്ധർവ്വനെ തേടി നടന്നു കഴിഞ്ഞിരുന്നു…

പക്ഷെ അവിടെയെങ്ങും ആരെയും കാണാൻ കഴിഞ്ഞില്ല..

സാക്ഷയ്ക്ക് ഭ്രാന്ത് പിടിച്ചു..

താൻ തേടിയെത്തുമെന്നു അയാൾ ഊഹിച്ചു കാണണം.. ആരാവും അത്??

യാതൊരു മുൻപരിച്ചയവുമില്ലാത്തൊരാളെക്കുറിച്ചു താനെന്തിനാവും ഇത്രയധികം വ്യാകുലപ്പെടുന്നതെന്നു അവൾക്കൊരെത്തും പിടിയും കിട്ടിയില്ല…

അദൃശ്യനായിരുന്നു സന്ദേശമയയ്ക്കുന്ന ഗന്ധർവ്വനെ നേരിൽ കണ്ടു മുട്ടുന്നൊരു ദിവസത്തെ അത്രയേറെ സ്വപ്നം കണ്ടിരുന്നോ??

ഉണർന്നിരിയ്ക്കുന്ന നിമിഷങ്ങളിലെല്ലാം ഒരു മധുര മന്ദസ്മിതത്തോടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഗന്ധർവ്വനെ ഓരോ നിമിഷവും പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്!!

ഒരുപാടു ചോദ്യങ്ങൾ ചോദിയ്ക്കാനുണ്ട് തനിയ്ക്ക്!!

കുഞ്ഞു കുട്ടികളുടെ കയ്യിൽ പോലും സ്മാർട്ട് ഫോണുകളുള്ള കാലത്തു എന്തിനാണ് ഇത്തരമൊരു വിദ്യ?? അതും തികച്ചും നാടകീയതയോടെ…

ഹരിയെയും അജുവിനെയും കൂട്ടി ക്ലാസിലെ എല്ലാ കുട്ടികളുടെയും കൈയക്ഷരം പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം…

അന്ന് പക്ഷെ പതിവിനു വിപരീതമായി ഗന്ധർവ്വന്റെ കത്ത് വന്നില്ല…

രാത്രി വരെ കാത്തിരുന്നിട്ടും ??

ദിവസേന വന്നെത്തുന്ന ഗന്ധർവന്റെ സന്ദേശം തന്റെ ദിനചര്യയുടെ ഭാഗമായതോർത്തു സാക്ഷയ്ക്ക് അത്ഭുതം തോന്നി…

വീട്ടിൽ വിരുന്നുകാർ വന്നതിന്റെ തിരക്കിലാണ് അച്ഛൻ… സാക്ഷയ്ക്ക് ഒന്നിലും താല്പര്യം തോന്നിയില്ല…

ഗേറ്റിനു ചാരെയുള്ള മാവിന്റെ ഏറ്റവും താഴെയുള്ള തടിച്ച കൊമ്പിൽ കയറി തൂക്കിയിട്ട കാലുകൾ വെറുതെ ആട്ടിക്കൊണ്ടിരുന്നു…

പാദസരത്തിന്റെ നേർത്ത ശബ്ദം നിലാവിലലിഞ്ഞു ചേർന്നു…

“സച്ചൂ…”

ചിന്തകളുടഞ്ഞു…

മനുവാണ്…

തന്നെക്കാളും നാല്‌ വയസ്സിന് മൂത്തതാണെങ്കിലും പേരാണ് വിളിയ്ക്കാറ്… അതിനു കാരണവുമുണ്ട്…

തന്റെ കാര്യത്തിൽ മാത്രം അവനു അമിതാധികാരമാണ്… ഒരേട്ടന്റെ ഗർവ്വോടെ പലയിടത്തു നിന്നും ശാസിച്ചു പിടിച്ചു വലിച്ചുകൊണ്ട് വന്നിട്ടുമുണ്ട്…

അവന് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യാൻ പാടില്ലെന്നൊരു ധാരണയാണെപ്പോഴും…

അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നു പല രീതിയിലും പ്രകടിപ്പിച്ചിട്ടുണ്ട്.. കൂട്ടത്തിലൊന്നാണിതും..

“എന്താ സച്ചൂ ഒരലോചന??”

“ഒന്നൂല്ല…”

അവൾക്ക് മനുവിനോട് ഈർഷ്യ തോന്നി..

“എന്നാൽ എന്റെ ആലോചന പറയട്ടെ??”

പതിവില്ലാത്ത മൃദുത്വം അവന്റെ ശബ്ദത്തിൽ കലർന്നത് പോലെ…

തോന്നലാണോ??

ഞാൻ അവനു നേരെ മുഖം വെട്ടിച്ചു..

“വേറൊന്നുമല്ല.. നമ്മുടെ കല്യാണക്കാര്യം തന്നെ…”

“കല്യാണക്കാര്യോ ??”

“അതെ… അതിനെക്കുറിച്ചു സംസാരിയ്ക്കാനാ ഞാനും അമ്മയും കൂടെ വന്നത്..”

“എനിയ്ക്കിപ്പോ കല്യാണൊന്നും വേണ്ട മനു.. കോഴ്സ് കംപ്ലീറ്റ് ചെയ്യണം… പിന്നെ ജോബ്.. അങ്ങനൊക്കെയാണ് പ്ലാൻ…”

വാക്കുകളിലൂടെ ഒഴിവാക്കാനുള്ള ശ്രമം!!

“അതിനെന്താ… ഉറപ്പിച്ചിടാമല്ലോ… കല്യാണം ഇപ്പൊ വേണ്ട.. അത് പോരെ??”

“വേണ്ട.. എന്തായാലും മനുവിനെ കെട്ടാൻ എനിക്ക് താല്പര്യമില്ല…”

അവന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞില്ലാതായി…

“ഒന്നാമത് നമ്മുടെ കാരക്റ്റർ തമ്മിൽ ചേരില്ല… ഇങ്ങനെ ഭരിയ്ക്കാൻ വരുന്നയാളെ എനിയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാ..”

സാക്ഷ തീർത്തു പറഞ്ഞു…

“ഭരിയ്ക്കെ?? നീയെന്തൊക്കെയാ സച്ചു പറയണേ?? നിന്നോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനങ്ങനൊക്കെ…”

“ഇഷ്ടപ്പെടേണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല… മറ്റൊരു രീതിയിലുള്ള ഇഷ്ടം വേണ്ട…”

“അപ്പൊ നിനക്കിതുവരെ എന്നോടങ്ങനെയൊന്നും”

“ഇല്ല… ഇനി തോന്നാനും പോണില്ല..”

അയാൾ പറഞ്ഞു തീരുന്നതിനു മുൻപേ സാക്ഷയുടെ മറുപടിയെത്തിയിരുന്നു..

വാതിൽക്കൽ തറഞ്ഞു നിൽക്കുന്ന അമ്മായിയെ കണ്ടില്ലെന്നു നടിച്ചു അവളകത്തേയ്ക്ക് കയറിപ്പോയി…

എന്ത് അധികാരത്തിലാണ് എന്നോട് ചോദിയ്ക്കാതെ അയാളെല്ലാം തീരുമാനിയ്ക്കുന്നത്??

ജീവിത കാലം മുഴുവൻ ഒരു ദേഷ്യക്കാരനെ സഹിയ്ക്കാൻ കഴിയുന്നതെങ്ങിനെയാണ്??

ഒരു ഷാൾ ഇട്ടില്ലെങ്കിൽ, ബോയ്‌സിനോട് കൂടുതൽ സംസാരിച്ചാൽ, ത്രിസന്ധ്യയ്ക്ക് ശേഷം പുറത്തു കണ്ടാൽ, എല്ലാത്തിനും ദേഷ്യമാണ് മനുവിന്…

ചിന്തകൾ കടല് പോലെ ഒഴുകി… അടച്ചിട്ട വാതിലിൽ തട്ട് കേട്ടപ്പോഴാണ് മുറി തുറന്നത്..

അച്ഛൻ..

“മോൾക്ക് മനുവിനെ ഇഷ്ടമല്ലേ??”

“അല്ല…”

ഒട്ടും ചിന്തിയ്ക്കേണ്ടി വന്നില്ല..

“അതെന്താ മോളെ??? അവൻ നിന്റെ മുറച്ചെറുക്കനല്ലേ?? പോരാത്തതിന് ഒരു ദുശീലവുമില്ല.. നല്ല ജോലിയുണ്ട്.. നല്ല സ്വഭാവ ഗുണമുണ്ട്.. പിന്നെന്താ?”

“വേണ്ടച്ഛാ… ഒന്നാമത് ഞാൻ മനുവിനെ അങ്ങനെ കണ്ടിട്ടില്ല…ഇനി അതിന് പറ്റില്ല…”

“സച്ചു.. നീ ജനിയ്ക്കുന്നതിനു മുൻപ് അച്ഛൻ മനുവിന്റെ അച്ഛന് കൊടുത്ത വാക്കാ ഇത് പെൺകുഞ്ഞാണെങ്കിൽ ഇവള് നിങ്ങളുടെ വീടിന്റെ വിളക്കാവുമെന്നു…

ഓർമ വച്ച കാലം തൊട്ട് നിന്നേയും മനസ്സിലിട്ടു നടക്കുവല്ലേ അവൻ?? അത് മോൾക്കും അറിയുന്നതല്ലേ??”

അച്ഛന്റെ ശബ്ദത്തിലെ ദയനീയത എന്തുകൊണ്ടോ ഹൃദയത്തെ തൊട്ടു നോവിച്ചുകൊണ്ടിരുന്നു…

“മോളൊന്നു കൂടെ ആലോജിയ്ക്ക്.. സമയമുണ്ടല്ലോ… പ്രായമാവുന്നതല്ലേ ഉള്ളൂ രണ്ടാൾക്കും…”

“എനിക്കിഷ്ടല്ല അത്ര തന്നെ…”

അറിയാതെ വീണ്ടും അതെ ഉത്തരം നാവിൽ നിന്നുതിർന്നു..

അച്ഛന്റെ മുഖത്തെ വരൾച്ച അവളെ അപ്പോഴും വേദനിപ്പിയ്ക്കുന്നുണ്ടായിരുന്നു…

“ഉണ്ടാക്കി വച്ച ഭക്ഷണം പോലും കഴിയ്ക്കാതെ അവര് പോയി…”

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അച്ഛൻ മുറി വിട്ടിറങ്ങി…

അച്ഛൻ പറയുന്നയാളെ മാത്രമേ വിവാഹം കഴിയ്ക്കൂ എന്ന് പ്രതിജ്ഞ ചെയ്തതാണ്…

പക്ഷെ!!

മനസ്സ് ശൂന്യമാണ്… ഒഴിഞ്ഞ പാത്രം പോലെ…

അപ്പോഴും ഒരു പേര് മാത്രം വ്യക്തതയോടെ തെളിഞ്ഞു…

ഗന്ധർവ്വൻ!!

മയക്കത്തിനിടയിലെപ്പോഴോ ഭീകരമായ സ്വപ്നം കണ്ടു!!

വിവാഹ ദിവസം രാവിലെ മച്ചിൽ തൂങ്ങിയാടുന്ന വധുവിന്റെ ശരീരം!!

കണ്ണ് തുറിച്ചു പല്ലും നാവും കടിച്ചു വെറുങ്ങലിച്ച ചേച്ചിയുടെ അവസാന ചിത്രം!!

ഞെട്ടിയുണർന്നപ്പോൾ കിഴക്കു വെള്ള കീറിയിരുന്നു…

ഒന്നേ നോക്കിയിരുന്നുള്ളുവെങ്കിലും ഇപ്പോഴും ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട് ആ ചിത്രം…

ഉള്ളിൽ അടക്കി വച്ചിരുന്ന പകയുടെ നെരിപ്പോടെരിഞ്ഞു.. ഒരിയ്ക്കലും കെടാതെ വീണ്ടും വീണ്ടും അവളത് കത്തിച്ചുകൊണ്ടേയിരുന്നു..

ഒരേ ദിവസം രണ്ടു മരണങ്ങൾ!!

പ്രണനെപ്പോലെ സ്നേഹിച്ച കൂടപ്പിറപ്പും അമ്മയും…

ചിന്തകൾ കാടു കയറിയപ്പോൾ അവളെഴുന്നേറ്റു മുറിയ്ക്കു പുറത്തിറങ്ങി…

കുറച്ചപ്പുറത്തുള്ള അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും അഷ്ടപതി സംഗീതം അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു..

വേഗത്തിൽ കുളിച്ചു മാറ്റി അമ്പലത്തിലേക്ക് ചെന്നു…

മനസ്സിലെ ദ്രവിച്ച ചിന്തകളെ അവിടെ ഉപേക്ഷിച്ചു തിരിച്ചു നടന്നു…

അമ്പലക്കുളത്തിൽ നിറയെ മീനുകളാണ്!!

പടവുകളിറങ്ങി വെള്ളമുള്ള ആദ്യ പടവിലെത്തി…

“അങ്ങോട്ട് പോണ്ട മോളെ.. വഴുക്കലുണ്ടാവും…”

പിറകിൽ ചേച്ചിയുടെ ആകുലത നിറഞ്ഞ ശബ്ദം കേട്ടതു പോലെ തോന്നി…

ചേച്ചി പോയതിൽ പിന്നെ ആദ്യമായാണ് ഇങ്ങോട്ട് വരുന്നതെന്നോർത്തു…

വയലിന് സമീപത്തുകൂടെയുള്ള കുറുക്കു വഴിയിലൂടെയാണ് വീട്ടിലേയ്ക്ക് നടന്നത്..

പൊടുന്നനെയാ ശബ്ദം കാതുകളിലെത്തി!!

എവിടെയോ കേട്ട് മറന്ന കവിതയുടെ വരികൾ!!

മധുരമായ പുരുഷ ശബ്ദത്തിൽ!!

ഗന്ധർവ്വ കവിത!!

തൊട്ടടുത്ത വീട്ടിൽ നിന്നാണ്…

ആ വീടിനു മുകളിൽ പേ ഇൻ ഗസ്റ്റ് ആയി താമസിയ്ക്കുന്ന ആരോ ആണ്!!

മുൻപൊരിയ്ക്കൽ ക്ലാസിൽ പഠിയ്ക്കുന്നൊരു കുട്ടിയ്ക്ക് വേണ്ടി അച്ഛനെ വിട്ടു ചോദിച്ചിരുന്നു ഈ വീട്..

ഉദ്യോഗസ്ഥർക്ക് മാത്രമേ കൊടുക്കൂ എന്നവർ ഉറച്ചു പറഞ്ഞിരുന്നത് ഓർമയിലേയ്ക്ക് വന്നു…

സാക്ഷ രണ്ടും കൽപ്പിച്ചു വീടിനു ഇടതു വശത്തുള്ള കോണിപ്പടികൾ കയറി…

ബാത്‌റൂമിൽ നിന്നാണ് കവിത ഒഴുകിയെത്തുന്നത്…

അവൾ നിമിഷ നേരം കൊണ്ട് മുറി പരിശോധിച്ചു…

നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിരിയ്ക്കുന്ന മേശപ്പുറം…

ചാർജ്ജിലിട്ടിരുന്ന ഫോണിൽ ലോക് ഇല്ലാതിരുന്നത് അത്ഭുതമായി തോന്നി…

നോട്ടിഫിക്കേഷൻ ബാറിൽ വന്നു കിടന്നിരുന്ന എഫ് ബി നോട്ടിഫിക്കേഷൻ തുറന്നു നോക്കി…

ലോഗിൻ ചെയ്തു വച്ചിരുന്ന അക്കൗണ്ടിന്റെ പേര് അവളിൽ നേർത്ത പുഞ്ചിരി സമ്മാനിച്ചു…

ഗാന്ധർവ്വം!!

ഇതുവരെ തനിയ്ക്കയച്ചിരുന്ന എല്ലാ സന്ദേശവും അതിൽ എഴുതി പോസ്റ്റ് ചെയ്തിരുന്നു…

പെട്ടെന്ന് വാതിൽ ബോൾട്ട് നീക്കുന്ന ശബ്ദം കേട്ടു…

എന്ത് ചെയ്യണമെന്നറിയാതെ സാക്ഷ തെല്ലൊന്നു പകച്ചു…

തുറസ്സായ മേശയ്ക്കടിയിലേയ്ക്ക് നൂണ്ടു കയറി അവൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു…

ത്രീ ഫോർത്തും ബനിയനുമാണ് വേഷമെന്നു കഷ്ടിച്ച് മനസ്സിലാക്കി..

മുഖം കാണാൻ കിണഞ്ഞു പരിശ്രമിച്ചതെല്ലാം വിഫലമായി..

ചുമരിന് മീതെ വച്ചിരുന്ന ദേവീ ചിത്രത്തിന് താഴെ ഒരു കുഞ്ഞു ചിരാത് കത്തിച്ചു വച്ച് അയാളെതോ നാമം ചൊല്ലുന്ന ശബ്ദം കേട്ടു..

അല്പം കഴിഞ്ഞു മേശയ്ക്കരികിൽ പിറുപിറുക്കലോടെ

അയാളെന്തോ സഹികെട്ടു തിരയുന്നു…

പെട്ടെന്നാണ് ആ സത്യം അവൾ ഞെട്ടലോടെ ഉൾക്കൊണ്ടത്…

വെപ്രാളത്തിനിടയിൽ അയാളുടെ മൊബൈൽ ഫോണും പിടിച്ചാണ് താൻ മേശയ്ക്കടിയിലൊളിച്ചതെന്നു..

കവിളുകൾക്കിരുവശത്തും വിയർപ്പു ചാലുകൾ രൂപം കൊണ്ടു..

ഒട്ടും നിനയ്ക്കാതെ കയ്യിലിരുന്ന ഫോൺ ഏതോ ഫ്ലൂട്ട് മ്യൂസിക് ശബ്ദത്തോടെ ശബ്ദമുതിർത്തതും അയാൾ ഓടി വന്നു മേശ വിരിപ്പു പൊക്കിയതും ഒന്നിച്ചായിരുന്നു…

(തുടരും…)

രചന: സ്വാതി കെ എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply