ഗന്ധർവ്വൻ – ഭാഗം 3

5491 Views

gandharvan novel aksharathalukal

മേശയ്ക്കു താഴെയുള്ള ഒട്ടും പ്രതീക്ഷിയ്ക്കാത്ത കാഴ്ച കണ്ടു പകച്ചു നിൽക്കുകയാണ് ഗന്ധർവ്വൻ…

സാക്ഷ തോളിൽ നിന്നും ഷോൾ വലിച്ചെടുത്തു മുഖം പൊത്തി  വേഗത്തിൽ മേശയ്ക്കടിയിൽ നിന്നും മുൻപോട്ടു കുതിച്ചു…

അങ്കലാപ്പിനിടയിൽ ഫോൺ താഴെ വയ്ക്കാൻ മറന്നിരുന്നു…

അപ്രതീക്ഷിതമായാണത് സംഭവിച്ചത്!!

തൊട്ടടുത്ത കസേരയിൽ കാലുടക്കി തെറിച്ചു നിലത്തേക്ക് വീണു…

കാല് ചതിച്ചു…

മുഖമടച്ചുള്ള വീഴ്‍ച്ച!!

കയ്യിലെ മൊബൈൽ ഫോൺ വീഴ്ചയിൽത്തന്നെ തെറിച്ചു തറയിൽ വീണിരുന്നു…

ആദ്യ കണ്ടുമുട്ടൽ തന്നെ ഇത്രത്തോളം നാണം കെട്ടതായിത്തീരുമെന്നാര് കണ്ടു!!

ജാള്യത കൊണ്ട് തൊലിയുരിഞ്ഞു…

തൊട്ടടുത്ത് പകച്ചു നിൽക്കുന്ന ഗന്ധർവ്വനെക്കുറിച്ചോർത്തപ്പോൾ സാക്ഷയ്ക്ക് കരച്ചിൽ വന്നു…

പരസഹായം കൂടാതെ എഴുന്നേൽക്കാൻ പറ്റുമായിരുന്നെങ്കിൽ ഓടിച്ചെന്നു വല്ല കൊക്കയിലും ചാടിയേനെ!!

അന്നപൂർണേശ്വരിയാണേ സത്യം!!

കമിഴ്ന്നു കിടക്കുന്ന തന്നെ നോക്കി പിറകിൽ ഗന്ധർവ്വൻ എന്തൊക്കെയോ പറയുന്നുണ്ട്…

പെട്ടെന്നാണ് ആ ബുദ്ധി തോന്നിയത്!!

എന്തും വരട്ടെ എന്ന് തന്നെ കരുതി കണ്ണടച്ച് കിടന്നു…

പെട്ടെന്നുള്ള വീഴ്ചയിൽ ബോധം പോയതാവുമെന്നു ഗന്ധർവ്വനും കരുതിക്കോട്ടെ…

പണ്ട് സ്‌കൂളിൽ പോവാൻ മടിയുള്ള ദിവസങ്ങളിൽ സ്ഥിരം പയറ്റുന്ന പതിനെട്ടാമടവാണ്…

പത്തു മണിയ്ക്ക് വച്ച അലാറം ചെവിയ്ക്ക് പിറകിൽ ശബ്ദമുണ്ടാക്കുന്നത് വരെ പ്രാണൻ പോയാലും കണ്ണ് തുറക്കൂല..

ഒത്തിരി വിളിച്ചിട്ടും പ്രതികരണമില്ലാത്തത് ഗന്ധർവ്വനെ ഭയപ്പെടുത്തിയെന്നു തോന്നി!!

തോളുകൾക്ക് മീതെ നനുത്ത കര സ്പർശം…

പേടികൊണ്ടു അയാളുടെ കൈകൾ തണുത്തു മരവിച്ചിരുന്നു…

സാക്ഷയ്ക്ക് ചിരി വന്നു…

പാവം!!

“ഹലോ… കുട്ടി…”

വീണ്ടും തന്നെ ഉണർത്താനുള്ള കഠിന ശ്രമം..

ഒടുവിൽ നിലത്തു നിന്നും കോരിയെടുത്തു കട്ടിലിലേക്ക് കിടത്തി..

തന്റെ മുഖം കണ്ടപ്പോൾ അയാൾ ചെറുതായൊന്നു ഞെട്ടിയോ??

പണിപെട്ടുള്ള ഒളിഞ്ഞു നോട്ടത്തിനിടെ കണ്ടതാണ്..

തോന്നലല്ല!!

ഗന്ധർവ്വൻ ശരിയ്ക്കുമൊന്നു ഞെട്ടിയിരിയ്ക്കുന്നു…

തൊട്ടടുത്ത ജഗ്ഗിൽ നിന്നും വെള്ളമെടുത്തു ഒന്ന് രണ്ടു തവണ മുഖത്തു കുടഞ്ഞിട്ടും യാതൊരു വിധ മാറ്റവും കാണാനായില്ല…

“സ.. ച്ചു….”

ഇടറിയ ശബ്ദം…

സാക്ഷ ശരിയ്ക്കും അമ്പരന്നു…

ഈ പേര് ഇയാൾക്കെങ്ങിനെ കിട്ടി??

അടുത്ത കൂട്ടുകാരും വീട്ടിലുള്ളവരും മാത്രമേ അങ്ങനെ വിളിയ്ക്കാറുള്ളൂ..

ഒരു കാര്യം മാത്രം വ്യക്തമാണ്…

ഇയാൾക്ക് തന്നെ നന്നായി അറിയാം!!

മുൻപെങ്ങോ കണ്ടിട്ടുണ്ട് താനീ മുഖം!!

പക്ഷെ എപ്പോഴാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല..

സാക്ഷ വല്ലാത്ത ആശയക്കുഴപ്പത്തിലായി..

“ഈശ്വരാ… സച്ചു… കണ്ണ് തുറക്ക് സച്ചു…”

ആശങ്ക നിറഞ്ഞ സ്വരം…

അടുത്തിരുന്ന ഏതോ ഗുളിക വെള്ളത്തിൽ പൊടിച്ചു കലക്കി അയാൾ പതിയെ വായിലേയ്ക്കൊഴിച്ചു…

വയ്യായ്ക വരുമ്പോൾ അച്ഛൻ തരാറുള്ള ആയുർവ്വേദ മരുന്നിന്റെ അതേ ഗന്ധം!!

ഗോരോചനാധി!!

സാക്ഷയ്ക്ക് ദേഷ്യം വന്നു…

ബോധം പോയ ആളുടെ വായിലേക്ക് ഇത് കലക്കിപ്പാരേണ്ട കാര്യമെന്താ ഇയാൾക്ക്!!

പെട്ടെന്നുള്ള വെപ്രാളത്തിൽ ഇയാൾക്കിനിയും ഓരോ മണ്ടത്തരം  തോന്നല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു..

അസഹ്യമായ കയ്പ്പ്…

ഇറക്കാനും തുപ്പാനും വയ്യാത്ത നിസ്സഹായമായ അവസ്ഥ!!

എന്ത് ചെയ്യും??

ഗന്ധർവ്വനാണെങ്കിൽ കരച്ചിലിന്റെ വക്കിലെത്തി നിൽക്കുന്നു…

പെട്ടെന്നാണ് അയാളുടെ ഫോൺ ബെല്ലടിച്ചത്…

ഗന്ധർവ്വൻ അതുമെടുത്തു അകത്തേയ്ക്ക് നടന്നു…

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്!!

സാക്ഷ കണ്ണ് തുറന്നു എഴുന്നേറ്റിരുന്നു..

പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ കേൾക്കുന്നുണ്ട്..

എഴുന്നേറ്റു കോണിപ്പടിയിറങ്ങാനും തിരിഞ്ഞു നോക്കാതെ വീട്ടിലേക്കോടാനും അത്രയും സമയം ധാരാളമായിരുന്നു…

ഗേറ്റ് കടന്നപ്പോഴായിരുന്നു ശ്വാസം നേരെ വീണത്…

വായിലെ കൈപ്പുള്ള ദ്രാവകം തുപ്പിക്കളഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നി…

അച്ഛൻ രാവിലെ എങ്ങോട്ടോ പോവുമെന്നു പറഞ്ഞിരുന്നു… പുറത്തു ചെരുപ്പ് കാണാനില്ല.. പോയിക്കണണം…

ഓടിച്ചെന്നു ജഗ്ഗിലെ വെള്ളം പകുതിയിലേറെയും കുടിച്ചു തീർത്തു നോക്കുമ്പോൾ അന്തം വിട്ടു പരസ്പരം നോക്കുന്ന കൂട്ടുകാരെയാണ് കണ്ടത്…

“എന്താടി???”

നാലുപേരുടെയും ഒരേപോലുല്ല ശബ്ദം…

“നീയെന്തിനാ ചെരിപ്പൊക്കെ കയ്യിൽ പിടിച്ചു ഓടിയത്??”

ഹരിയാണ്…

“അത് പിന്നെ വരുന്ന വഴിയ്ക്ക് ഒരു പട്ടി…”

ഇവമ്മാർക്ക് വരാൻ കണ്ടൊരു സമയം… മനസ്സിലോർത്തു..

“അളിയാ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ടല്ലോ…”

ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ!!

“സത്യം പറഞ്ഞോ.. നീ ആരെ പീഡിപ്പിച്ചു വരുന്ന വഴിയാ??”

അവമ്മാര് വിടാൻ ഭാവമില്ല…

“പീഡിപ്പിച്ചത് നിന്റെ…”

ഞാൻ പരമാവധി ദേഷ്യം മുഖത്തു വരുത്തി…

ചുമരിലിരിയ്ക്കുന്ന കണ്ണാടി തൂക്കിയെടുത്തു എന്റെ മുഖത്തിനു നേരെ വച്ച് അജു പുരികം വളച്ചു..

അപ്രതീക്ഷിതമായി കണ്ണാടിയിൽ കണ്ട രൂപം കണ്ടു ഞാൻ പകച്ചു…

മുഖമടച്ചുള്ള വീഴ്ച്ചയിൽ കീഴ്ചുണ്ടിന്റെ ഇടതു വശം തിണർത്തിരുന്നു…

സാമാന്യം വലിപ്പത്തിലൊരു മുഴ നെറ്റിയിൽ നീലിച്ചു കിടക്കുന്നു…

“ഡീ… സത്യം പറഞ്ഞോ…”

“അത് പിന്നെ… നിങ്ങള് ക്ലാസിൽ പോയിട്ട് വാ.. ഞാൻ വൈകുന്നേരം പറയാം…”

ഞാൻ അവമ്മാരെ വല്ല വിധേനയും ആശ്വസിപ്പിയ്ക്കാൻ നോക്കി…

“നിന്നെ കൂട്ടിക്കൊണ്ടു പോവാനാ ഞങ്ങള് വന്നേ.. ഇത്രയും നേരം കാത്തു നിന്നിട്ട് ഒരു മാതിരി പരിപാടി കാണിക്കല്ലേ…”

“അതല്ലടാ… ഞാനിന്ന് വരുന്നില്ല… ഈ കോലത്തിലെങ്ങിനെയാ…”

“ഓഹ് അതാണോ കാര്യം…ഓക്കേ.. എന്നാപ്പിന്നെ നമുക്ക് നാളെ പോവാം..”

കൂട്ടത്തിലൊരുത്തൻ ഫോണെടുത്തു അഞ്ചാമനെക്കൂടി വിളിച്ചു വീട്ടിലേയ്ക്ക് വരുത്തി…

വട്ടമേശ സമ്മേളനത്തിനൊടുവിൽ കുറ്റ സമ്മതം നടത്തി കീഴടങ്ങേണ്ടി വന്നു…

പറഞ്ഞു കഴിഞ്ഞതും എല്ലാം കൂടെ ഇരുന്നും കിടന്നും നിലത്തു വീണും ചിരിയോട് ചിരി…

കയ്യിൽ കിട്ടിയത് മുഴുവനെടുത്തു തലങ്ങും വിലങ്ങും തല്ലിയിട്ടും അവമ്മാര് ചിരി നിർത്താനുള്ള ഭാവമില്ല…

“ഇനി ചിരിച്ചാൽ ഞാൻ കരയും നോക്കിക്കോ…”

അവസാനത്തെ അടവ് പയറ്റി നോക്കി…

സ്വിച്ചിട്ട പോലെ എല്ലാരും ചിരി നിർത്തിയെങ്കിലും രണ്ടു സെക്കന്റിന്‌ ശേഷം പരസ്പരം നോക്കി അവര് പിന്നെയും ചിരി തുടർന്നു…

നേരത്തെയുണ്ടായ നാണക്കേടോർത്തപ്പോൾ എനിയ്ക്ക് സാമാന്യം നന്നായി കരച്ചിലും വന്നു..

ഓടിപ്പോയി കിടക്കയിലേയ്ക്ക് വീണു… അവമ്മാരുടെ കളിയാക്കലിനേക്കാൾ ഗന്ധർവ്വൻ എന്ത് വിചാരിച്ചിരിയ്ക്കും എന്നുള്ള ചിന്തയായിരുന്നു മനസ്സ് നിറയെ…

അൽപ സമയം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാരും മുറിയിലെത്തി…

എന്നെ സമാധാനിപ്പിയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഞാൻ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു…

വാതിൽക്കൽ മനു പ്രത്യക്ഷപ്പെട്ടതും ഞങ്ങളെ നിരീക്ഷിയ്ക്കുന്നതും കഷ്ടകാലത്തിന് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല…

വാവിട്ടു കരയുന്ന എന്നെയും ചുറ്റും കൂടിയിരിയ്ക്കുന്നവൻമ്മാരെയും മാറി മാറി നോക്കവേ അയാളുടെ മുഖത്തെ പേശികൾ വരിഞ്ഞു മുറുകി…

അവമ്മാരുടെ സോറി പറച്ചിലും എന്റെ കരച്ചിലും മുഖത്തിന്റെ കോലവും എല്ലാം കൂടെ കണ്ടു കോപത്തിന്റെ ഉന്നതിയിലെത്തി നിൽക്കുന്ന മനുവിനെ പെട്ടെന്നാണ് ഞാൻ കണ്ടത്…

“നീയൊക്കെക്കൂടെ എന്താടാ എന്റെ പെണ്ണിനെ ചെയ്തത്??”

പരിസരം വിറയ്ക്കുന്ന അലർച്ചാ സ്വരം…

മുണ്ട് മടക്കിക്കുത്തി അകത്തേയ്ക്ക് കയറിയ മനുവിനെ നോക്കി ഞാൻ സ്തബ്ധയായി നിന്നു…

(തുടരും…)

രചന:സ്വാതി കെ എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply